തട്ടിപ്പുകള്‍ക്കെതിരില്‍ നിസ്സംഗത പുലര്‍ത്തുകയോ?

മാധ്യമങ്ങളില്‍ നിറയെ പരസ്യങ്ങളാണ്‌. വാര്‍ത്തകളേക്കാള്‍ വളരെ കൂടുതല്‍ പരസ്യങ്ങള്‍. വാര്‍ത്തകളെ സംബന്ധിച്ച്‌ മാധ്യമങ്ങള്‍ അവകാശവാദമുന്നയിക്കാറുണ്ട്‌; വസ്‌തുനിഷ്‌ഠമായും സത്യസന്ധമായും മാത്രമേ റിപ്പോര്‍ട്ട്‌ ചെയ്യൂ എന്ന്‌. വാര്‍ത്തകളെ രാഷ്‌ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും മറ്റും നിശിതമായ നിരൂപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കാറുണ്ട്‌. എന്നാല്‍ വാര്‍ത്തകളിലെ ശരിയും തെറ്റും വേര്‍തിരിക്കുന്നതു പോലുള്ള വല്ല ഏര്‍പ്പാടുകളും പരസ്യങ്ങളുടെ കാര്യത്തില്‍ നടക്കാറുണ്ടോ? പരസ്യത്തിലൂടെ പരിചയപ്പെടുത്തുന്ന സാധനത്തിന്റെയോ സേവനത്തിന്റെയോ മൂല്യം സംബന്ധിച്ച യാതൊരു വിലയിരുത്തലും ആവശ്യമില്ലെന്നാണ്‌ പല മാധ്യമങ്ങളുടെയും നിലപാട്‌. എക്കാലത്തും മാധ്യമങ്ങള്‍ക്ക്‌ പരസ്യം വകയില്‍ ഭീമമായ വരുമാനമുണ്ടാക്കിക്കൊടുത്തിട്ടുള്ളവരാണ്‌ സിനിമാ നിര്‍മാതാക്കള്‍. നല്ല സിനിമയുടെ പരസ്യം മാത്രമേ പ്രസിദ്ധീകരിക്കൂ എന്ന്‌ ഒരു മാധ്യമവും ഒരിക്കലും നിഷ്‌കര്‍ഷിച്ചിട്ടില്ല. കൗമാരക്കാരെയും യുവജനങ്ങളെയും പലതരത്തില്‍ വഴിതെറ്റിക്കുന്ന ചേരുവകള്‍ പല സിനിമകളിലും ധാരാളമുണ്ടായിട്ടും അവയുടെ പരസ്യം പ്രസിദ്ധീകരിക്കുന്നത്‌ അധാര്‍മികമാണെന്ന്‌ മാധ്യമ നടത്തിപ്പുകാരില്‍ ഭൂരിഭാഗത്തിനും തോന്നിയിട്ടില്ല.

ജനങ്ങള്‍ക്ക്‌ അഭൂതപൂര്‍വമായ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കുന്ന നിക്ഷേപ പദ്ധതികളെ സംബന്ധിച്ച പരസ്യ വകയില്‍ കോടികളാണ്‌ മാധ്യമങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌. മിക്കപ്പോഴും അത്തരം നിക്ഷേപ പദ്ധതികളുടെ നടത്തിപ്പുകാരും അവരുടെ പരസ്യം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും ഒഴികെ ആ പദ്ധതികളുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും കനത്ത നഷ്‌ടമാണ്‌ സംഭവിക്കുന്നത്‌. നിക്ഷേപകരുടെ പണം ചുരുങ്ങിയ കാലം കൊണ്ട്‌ അനേകം മടങ്ങാക്കി തിരിച്ചുകൊടുക്കുമെന്നാണ്‌ മാധ്യമങ്ങളിലെ വമ്പന്‍ പരസ്യങ്ങളിലൂടെ `സുവര്‍ണ സംരംഭകര്‍' ജനങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തത്‌. ആട്‌ വളര്‍ത്തലിലൂടെയും തേക്ക്‌-മാഞ്ചിയം പ്ലാന്റേഷനുകളിലൂടെയും മറ്റും ഇങ്ങനെയുള്ള ഇരട്ടിപ്പിക്കല്‍ സാധിക്കുകയില്ലെന്ന്‌ രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിജീവികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റും അറിയാമായിരുന്നു. എന്നിട്ടും സകല മാധ്യമങ്ങളും കറക്കു കമ്പനികളുടെ പരസ്യങ്ങള്‍ മുഖേന ലാഭമുണ്ടാക്കുകയും ചൂഷകന്മാരുടെ കൂട്ടിക്കൊടുപ്പുകാരാവുകയുമാണ്‌ ചെയ്‌തത്‌.

ജനങ്ങളുടെ ലാഭമോഹത്തെ തന്ത്രപരമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ ഏറെ കബളിപ്പിക്കപ്പെടുന്നത്‌ മെലിഞ്ഞുപോയതില്‍ ആധിപൂണ്ടവരെ തടിമാടന്മാരാക്കാമെന്നും, പൊണ്ണത്തടി കൊണ്ട്‌ പൊറുതിമുട്ടിയവരെ അതിവേഗം കൃശഗാത്രരാക്കി ആശ്വസിപ്പിക്കാമെന്നും ലൈംഗികശേഷി വിസ്‌മയകരമാം വിധം വര്‍ധിപ്പിച്ച്‌ ആനന്ദിപ്പിക്കാമെന്നും ഓഫര്‍ ചെയ്യുന്ന ഔഷധപ്പരസ്യങ്ങളിലൂടെയാണ്‌. ഇത്തരം `മാസ്‌മരിക മരുന്നുകള്‍' ഒന്നുകില്‍ ഫലശൂന്യമോ അല്ലെങ്കില്‍ ഗുരുതരമായ വിപരീത ഫലങ്ങള്‍ ഉളവാക്കുന്നവയോ ആണെന്ന യാഥാര്‍ഥ്യം ആരോഗ്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും അറിയാം. ഫാര്‍മസിസ്റ്റുകള്‍ പലരും ഈ യാഥാര്‍ഥ്യം നന്നായി അറിയുന്നവരാണ്‌. മാധ്യമരംഗത്തും ഇതൊക്കെ അറിയുന്നവര്‍ കുറവല്ല. ആരോഗ്യ പ്രസിദ്ധീകരണങ്ങളുടെ കാര്യം വളരെ വിചിത്രമാണ്‌. ഇത്തരം ഔഷധങ്ങളുടെ നിഷ്‌ഫലതയെയോ ദോഷഫലങ്ങളെയോ സംബന്ധിച്ചുള്ള ലേഖനങ്ങളും അവയുടെ ആകര്‍ഷകമായ പരസ്യങ്ങളും ഒന്നിച്ച്‌ പ്രസിദ്ധീകരിച്ചുകൊണ്ട്‌ അവ ആശയവൈരുധ്യത്തിന്റെ നിദര്‍ശനങ്ങളായി വര്‍ത്തിക്കുന്നു. ബോധവത്‌കരിക്കുന്ന ലേഖനങ്ങളും കബളിപ്പിക്കുന്ന പരസ്യങ്ങളും എങ്ങനെ സമന്വയിപ്പിക്കാമെന്ന പ്രശ്‌നം ഇത്തരം പ്രസിദ്ധീകരണങ്ങളുടെ നടത്തിപ്പുകാരെ അലോസരപ്പെടുത്തുന്നേയില്ല.

സ്റ്റിറോയ്‌ഡുകള്‍ (ഉത്തേജക ഔഷധങ്ങള്‍) ഉള്‍പ്പെടെയുള്ള ചില രാസച്ചേരുവകള്‍ക്കും ചില ഹോര്‍മോണുകള്‍ക്കും ശരീരഘടനയില്‍ വിസ്‌മയകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. പല വിധത്തില്‍ അവയെ ശരീരഭാരം അല്‌പസ്വല്‌പം കൂട്ടാനോ കുറയ്‌ക്കാനോ വേണ്ടി ഉപയോഗിക്കാം. ഉത്തേജകങ്ങള്‍ സ്വഭാവികമായിത്തന്നെ ലൈംഗികശേഷിയെയും ഒരളവോളം ഉത്തേജിപ്പിക്കും. പക്ഷെ, ഇവയെല്ലാം ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നവയാണ്‌. ഉത്തേജകങ്ങള്‍ പതിവായി ഉപയോഗിച്ചാല്‍ കുറച്ചുകാലം കൊണ്ട്‌ അസ്ഥികള്‍ തീരെ ദുര്‍ബലമായിപ്പോകുന്ന ഓസ്റ്റിയോ പോറൊസിസ്‌ എന്ന രോഗമായിരിക്കും ഫലം എന്ന യാഥാര്‍ഥ്യം വൈദ്യശാസ്‌ത്രലോകത്ത്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. ഹോര്‍മോണുകളുടെ അമിതോപയോഗം പുരുഷന്മാര്‍ക്ക്‌ പ്രോസ്റ്റേറ്റ്‌, വൃഷണങ്ങള്‍ എന്നീ അവയവങ്ങളിലും സ്‌ത്രീകള്‍ക്ക്‌ അണ്ഡാശയം, ഗര്‍ഭാശയം എന്നീ അവയവങ്ങളിലും കാന്‍സറിന്‌ നിമിത്തമാകുന്നതായി വ്യാപകമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വളരെ ചുരുങ്ങിയ അളവില്‍ മാത്രമേ ഉത്തരവാദിത്തബോധമുള്ള ഭിഷഗ്വരന്മാര്‍ ഉത്തേജകങ്ങളും ഹോര്‍മോണുകളും ഉപയോഗിച്ചു ചികിത്സിക്കാറുള്ളൂ.

മാസ്‌മരിക മരുന്നുകളില്‍ പലതിന്റെയും നിര്‍മാതാക്കള്‍ ചെയ്യുന്നത്‌ ഉത്തേജകങ്ങളോ ഹോര്‍മോണുകളോ അപകടകരമായ അളവില്‍ ഔഷധച്ചേരുവയില്‍ ഉള്‍ക്കൊള്ളിക്കുകയും അത്‌ ജനങ്ങളില്‍ നിന്നും അധികൃതരില്‍ നിന്നും മറച്ചുവെച്ച്‌, ഔഷധച്ചെടികളില്‍ നിന്ന്‌ ആയൂര്‍വേദ വിധിപ്രകാരം നിര്‍മിക്കുന്ന, ദോഷഫലങ്ങള്‍ ഒട്ടുമില്ലാത്ത മരുന്നാണെന്ന്‌ പരസ്യപ്പെടുത്തുകയുമാണ്‌. യഥാര്‍ഥ ആയൂര്‍വേദത്തില്‍ ഇത്തരം കൃത്രിമങ്ങള്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ അതിന്റെ വക്താക്കള്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്‌. തട്ടിപ്പുകാര്‍ ആയുര്‍വേദത്തിന്‌ അപഖ്യാതിയുണ്ടാക്കുന്നു എന്നതിനേക്കാള്‍ വളരെ ഗൗരവമുള്ള വിഷയമാണ്‌ മാസ്‌മരിക മരുന്നുകള്‍ കഴിച്ച്‌ പതിനായിരിക്കണക്കിലാളുകള്‍ ഗുരുതരമായ ആരോഗ്യപ്രതിസന്ധിയില്‍ അകപ്പെടുന്നത്‌.

യഥാര്‍ഥ വിശ്വാസികള്‍ ഏത്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും സത്യത്തിനു വേണ്ടി നിലകൊള്ളാനും തട്ടിപ്പുകളെയും കൃത്രിമങ്ങളെയും എതിര്‍ക്കാനും ബാധ്യസ്ഥരാണ്‌. എന്നാല്‍ മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിശ്വാസികളെല്ലാം തട്ടിപ്പുകാരെ തുറന്നു കാണിക്കാനോ നന്നെ ചുരുങ്ങിയത്‌ അവരുടെ പരസ്യങ്ങളെ നിരാകരിക്കാനെങ്കിലുമോ തയ്യാറുണ്ടോ? മെഡിക്കല്‍ സ്റ്റോറുകാരില്‍ അധികപേരും മാസ്‌മരിക മരുന്നുകള്‍ ജനങ്ങളുടെ ആരോഗ്യം അപകടപ്പെടുത്തുന്നവയാണെന്ന യാഥാര്‍ഥ്യം അറിയുന്നവരാണ്‌. പക്ഷെ, ലാഭം സുപ്രധാന ലക്ഷ്യമായി കരുതുന്നതിനാല്‍ മാസ്‌മരിക മരുന്നുകളുടെ പ്രലോഭനത്തില്‍ നിന്ന്‌ മുക്തരാകാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. എന്നാല്‍ വിശ്വാസികളായ വ്യാപാരികള്‍-അവര്‍ വില്‍ക്കുന്നത്‌ ആയുര്‍വേദ മരുന്നുകളാണെങ്കിലും അലോപ്പതി-ഹോമിയോപ്പതി-യൂനാനി ഔഷധങ്ങളാണെങ്കിലും ജനങ്ങളുടെ പണം വെറുതെ നഷ്‌ടപ്പെടുത്തിക്കളയുകയും അവരുടെ ആരോഗ്യം അപകടപ്പെടുത്തുകയും ചെയ്യുന്ന ഏര്‍പ്പാടില്‍ പങ്കാളികളാവുകയില്ല എന്ന നിഷ്‌കര്‍ഷ പുലര്‍ത്തുക തന്നെ വേണം. ഈ രംഗത്ത്‌ മതപ്രബോധകരുണ്ടെങ്കില്‍ അവരുടെ ബാധ്യത ഭാരിച്ചതാണ്‌. സകല ഇടപാടുകളിലും സത്യസന്ധത പുലര്‍ത്താനും സത്യവാന്മാരുടെ കൂട്ടത്തിലായിരിക്കാനുമാണല്ലോ ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്‌.


from Shabab Editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts