സത്യപ്രബോധകര്‍ വിക്ഷുബ്‌ധരും അക്ഷമരുമാകാതിരിക്കാന്‍

ഭൗതികമായ യാതൊരു നേട്ടവും ആഗ്രഹിക്കാതെ ജനങ്ങളെ സത്യവിശ്വാസത്തിലേക്കും സദാചാരനിഷ്‌ഠയിലേക്കും ക്ഷണിക്കുന്ന പ്രബോധകര്‍ തീര്‍ച്ചയായും പ്രവാചകന്മാരുടെ പാതയിലാണ്‌. ഇസ്‌ലാമും മുസ്‌ലിംകളും അതിരൂക്ഷമായി വിമര്‍ശിക്കപ്പെടുകയും മുസ്‌ലിംകളില്‍ പലരും തങ്ങളുടെ ചെയ്‌തികളിലൂടെ ഇസ്‌ലാമിന്റെ പ്രതിച്ഛായ വികലമാക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മനസ്സ്‌ മടുക്കാതെ നിരാശപ്പെടാതെ സത്യാദര്‍ശത്തിന്റെ പ്രസാരണരംഗത്ത്‌ ഉറച്ചുനില്‍ക്കുന്ന നിശ്ചയദാര്‍ഢ്യമുള്ള പ്രബോധകര്‍ പ്രവാചകന്മാരിലെ `ഉലുല്‍അസ്‌മി'ന്റെ പാരമ്പര്യമാണ്‌ പിന്തുടരുന്നതെന്ന്‌ പറയാം. സത്യപ്രബോധന രംഗത്ത്‌ പതറാത്ത ദൃഢനിശ്ചയത്തോടെ ഉറച്ചുനിന്നതു കൊണ്ടാണ്‌ പ്രവാചകശ്രേഷ്‌ഠന്മാര്‍ `ഉലുല്‍അസ്‌മ്‌' എന്ന സ്ഥാനപ്പേരിന്‌ അര്‍ഹരായിത്തീര്‍ന്നത്‌. നിശ്ചയദാര്‍ഢ്യമുള്ള പ്രവാചകശ്രേഷ്‌ഠന്മാരുടെ മഹദ്‌ഗുണങ്ങളെ അനുധാവനം ചെയ്യുന്നതിന്‌ പ്രത്യേക പ്രസക്തിയുണ്ട്‌. അവരുടെ ഒരു മഹദ്‌ഗുണത്തിന്‌ വിശുദ്ധ ഖുര്‍ആനില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്‌. ``ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്മാര്‍ ക്ഷമിച്ചതുപോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന്‌ നീ ധൃതി കാണിക്കരുത്‌.'' (വി.ഖു 46:35)

ജനങ്ങളെ സത്യത്തിലേക്ക്‌ വീണ്ടും വീണ്ടും ക്ഷണിച്ചിട്ടും അവര്‍ വിമുഖത കാണിച്ച്‌ പിന്മാറുകയാണെങ്കില്‍ പല പ്രബോധകരും അക്ഷമരാകും. അത്‌ ഒട്ടൊക്കെ സ്വാഭാവികമാണ്‌. തികഞ്ഞ ആത്മാര്‍ഥതയോടും ഗുണകാംക്ഷയോടും കൂടി ഉല്‍ബോധനം നടത്തിയിട്ടും ജനങ്ങള്‍ വിശ്വസിക്കാതിരുന്നപ്പോള്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ പോലും മനഃപ്രയാസമുണ്ടായിട്ടുണ്ട്‌. അതിനെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അദ്ദേഹത്തോട്‌ ഇപ്രകാരം ഉണര്‍ത്തുന്നു: ``അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞുപോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദു:ഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം'' (വി.ഖു. 18:6). എല്ലാവരെയും ബലാല്‍ക്കാരമായി വിശ്വാസികളാക്കുക എന്നത്‌ അല്ലാഹുവിന്റെ പദ്ധതിയല്ല. ``നിന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകാന്‍ നീ നിര്‍ബന്ധം ചെലുത്തുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക്‌ അല്ലാഹു നികൃഷ്‌ടത വരുത്തിവെക്കുന്നതാണ്‌.'' (വി.ഖു 10:99,100)

സത്യവും ധര്‍മവും സ്വീകരിക്കണമെന്നും അസത്യവും അധര്‍മവും തിരസ്‌കരിക്കണമെന്നുള്ള ബോധം അല്ലാഹു മനുഷ്യപ്രകൃതിയില്‍ തന്നെ സന്നിവേശിപ്പിച്ചിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആനിലെ 91:8 സൂക്തത്തില്‍ ഇത്‌ സംബന്ധിച്ച പരാമര്‍ശം കാണാം. പക്ഷെ, ഭൗതിക പ്രമത്തമായ ജീവിതം നയിക്കുന്നവരുടെ മനസ്സില്‍ നിന്ന്‌ ഈ ബോധം പലപ്പോഴും മറഞ്ഞുപോകും. ഇങ്ങനെ വിസ്‌മൃതിയിലും അശ്രദ്ധയിലും കഴിയുന്നവരെ ബോധവത്‌കരിക്കുന്നതിനു വേണ്ടിയാണ്‌ അല്ലാഹു പല കാലങ്ങളില്‍ പല സമൂഹങ്ങളിലേക്ക്‌ പ്രവാചകന്മാരെ നിയോഗിച്ചത്‌. പ്രവാചകന്മാരുടെ പാരമ്പര്യമാണ്‌ പ്രബോധകര്‍ പിന്തുടരുന്നത്‌. സത്യം സ്വീകരിക്കാന്‍ അല്ലാഹു ആരെയും നിര്‍ബന്ധിതരാക്കിയിട്ടില്ലാത്തതു പോലെ ആരുടെ മേലും നിര്‍ബന്ധം ചെലുത്താന്‍ പ്രവാചകന്മാരെയോ പ്രബോധകരെയോ അനുവദിച്ചിട്ടുമില്ല. എന്നാല്‍ സ്വന്തം പ്രകൃതിയെക്കുറിച്ചോ പ്രവാചകന്മാരുടെ സന്ദേശങ്ങളെക്കുറിച്ചോ ഒട്ടും ചിന്തിക്കാന്‍ തയ്യാറാകാത്തവര്‍ പരലോകത്ത്‌ നിന്ദ്യതയും ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന്‌ 10:100 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു.

ദൈവിക ശിക്ഷയില്‍ നിന്ന്‌ മനുഷ്യരെ രക്ഷിക്കാന്‍ പ്രവാചകന്മാരോ പ്രബോധകന്മാരോ വിചാരിച്ചാല്‍ മാത്രം സാധിക്കുകയില്ല, സത്യാന്വേഷണവാഞ്‌ഛ ഒരോ മനുഷ്യന്റെയും മനസ്സില്‍ നിന്ന്‌ ആവിര്‍ഭവിക്കേണ്ടതാണ്‌. സത്യത്തോട്‌ സ്വന്തം നിലയില്‍ ആഭിമുഖ്യം കാണിക്കുന്നവരെയാണ്‌ അല്ലാഹു നേര്‍വഴിയിലേക്ക്‌ നയിക്കുന്നത്‌. സത്യം എത്തിച്ചുകൊടുക്കാന്‍ മാത്രമേ സന്ദേശവാഹകര്‍ക്ക്‌ സാധിക്കുകയുള്ളൂ. സത്യത്തിലേക്ക്‌ മനസ്സ്‌ തുറപ്പിക്കുക എന്നത്‌ അവരുടെ കഴിവില്‍ പെട്ടതല്ല. സത്യസന്ദേശമെത്തിക്കുക എന്ന ബാധ്യത മാത്രമേ അല്ലാഹുവിന്റെ ദൂതന്‌/ദൂതന്മാര്‍ക്ക്‌ ഉള്ളൂ എന്ന്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ)യോട്‌ അല്ലാഹു പറഞ്ഞത്‌ ഇപ്രകാരമാകുന്നു: ``തീര്‍ച്ചയായും നിനക്ക്‌ ഇഷ്‌ടപ്പെട്ടവരെ നിനക്ക്‌ നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്മാര്‍ഗം പ്രാപിക്കുന്നവരെ സംബന്ധിച്ച്‌ അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു.'' (വി.ഖു 28:56)

സന്മാര്‍ഗം അറിയിച്ചുകൊടുക്കുക മാത്രമാണ്‌ നമ്മുടെ ബാധ്യതയെന്നും ജനങ്ങളെ സന്മാര്‍ഗത്തിലാക്കുക എന്നത്‌ നമ്മുടെ കഴിവില്‍ പെട്ടതല്ലെന്നും വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള പ്രബോധകന്‌ അക്ഷമയോ നിരാശയോ ഉണ്ടാകാവുന്നതല്ല. മുഹമ്മദ്‌ നബി(സ)യുടെ വിശ്വസ്‌തത അറബികള്‍ക്ക്‌ പരക്കെ അറിയാവുന്നതായിട്ടും അദ്ദേഹത്തിന്റെ സ്വഭാവമഹിമ അനിതരമായിട്ടും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ ധാരാളം പേര്‍ അദ്ദേഹത്തെ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്‌തിരുന്നുവെന്നാണല്ലോ ഖുര്‍ആനില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും വ്യക്തമാകുന്നത്‌. അല്ലാഹുവിന്‌ ഏറ്റവും പ്രിയപ്പെട്ട പ്രവാചകനു പോലും പ്രബോധിത ജനതയില്‍ നിന്ന്‌ വേദനിപ്പിക്കുന്ന പെരുമാറ്റമാണ്‌ അഭിമുഖീകരിക്കേണ്ടിവന്നതെങ്കില്‍ സാധാരണക്കാരായ പ്രബോധകര്‍ നിരന്തരമായി അധിക്ഷേപത്തിനും പരിഹാസത്തിനും ഇരയാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. സദ്‌ഗുണങ്ങളുടെ ജീവിക്കുന്ന മാതൃകകളായിട്ടും പ്രവാചകശിഷ്യന്മാര്‍ക്ക്‌ കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നുവെങ്കില്‍ പല ദൗര്‍ബല്യങ്ങളും പോരായ്‌മകളുമുള്ള ഇന്നത്തെ പ്രബോധകര്‍ വിമര്‍ശന വിധേയരാകുന്നത്‌ നമ്മെ അമ്പരപ്പിക്കേണ്ടതില്ല. പക്ഷേ, ഇക്കാലത്തെ പ്രബോധകരില്‍ കുറച്ചുപേര്‍ മാത്രമേ ഈ യാഥാര്‍ഥ്യത്തെക്കുറിച്ച്‌ തികച്ചും ബോധവാന്മാരാകുന്നുള്ളൂ. പല പ്രബോധകരും ജനങ്ങളുടെ നിഷേധാത്മക നിലപാടു കണ്ട്‌ നിരാശപ്പെട്ട്‌ അക്ഷമരോ വിക്ഷുബ്‌ധരോ ആയിത്തീരുന്നു. തികഞ്ഞ ക്ഷമയും സമചിത്തതയും കൊണ്ട്‌ അവര്‍ക്കും അവരുടെ പ്രബോധിതര്‍ക്കും ലഭിക്കാനിടയുള്ള അര്‍ഘമായ നേട്ടങ്ങള്‍, നഷ്‌ടപ്പെടുകയായിരിക്കും ഇതിന്റെ അനന്തരഫലം.

`അവരുടെ കാര്യത്തിന്‌ നീ ധൃതികാണിക്കരുത്‌' എന്ന്‌ 46:35 സൂക്തത്തില്‍ അനുശാസിച്ചതിന്‌ രണ്ട്‌ അര്‍ഥതലങ്ങളുണ്ടാകാം. ഒന്ന്‌, ഇപ്പോള്‍ സത്യനിഷേധികളായി തുടരുന്നവര്‍ തന്നെ ആസന്ന ഭാവിയിലോ, വിദൂരഭാവിയിലോ ദൈവികമതത്തിന്റെ മൗലികത ഗ്രഹിച്ച്‌ യഥാര്‍ഥ വിശ്വാസികളായിത്തീരാന്‍ സാധ്യതയുണ്ട്‌. ഏതെങ്കിലും നിമിത്തത്താല്‍ ഒരു നിഷേധി ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മാറി ചിന്തിക്കാനും തല്‍ഫലമായി അല്ലാഹു അവന്റെ മനസ്സിനെ ഇസ്‌ലാമിലേക്ക്‌ തുറന്നുകൊടുക്കാനും സാധ്യതയുണ്ട്‌. ``അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും, അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്‌തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പോലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്‌മരണയില്‍ നിന്ന്‌ അകന്ന്‌ ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ'' (വി.ഖു 39:22). നിഷേധിയുടെ മനസ്സിലേക്ക്‌ സത്യപ്രകാശത്തിന്റെ കിരണങ്ങള്‍ കടന്നുചെല്ലുന്നത്‌ പ്രബോധകന്‍ ആഗ്രഹിക്കുന്ന സമയത്താകണമെന്നില്ല. അതിനാല്‍ അയാള്‍ അക്ഷമനും അസ്വസ്ഥനുമാകുന്നതിന്‌ അര്‍ഥമില്ല.

രണ്ട്‌, ആര്‍ജവത്തോടും പക്വതയോടും കൂടെ പ്രബോധനം നടത്തിയിട്ടും ജനങ്ങള്‍ പരിഹാസവും അധിക്ഷേപവും ദ്രോഹങ്ങളും തുടരുമ്പോള്‍ മനസ്സ്‌ മടുത്തിട്ട്‌, അക്രമികളായ നിഷേധികള്‍ക്ക്‌ പെട്ടെന്ന്‌ ദൈവികശിക്ഷ വന്നുഭവിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ ചില പ്രബോധകര്‍ ആഗ്രഹിച്ചുപോകാനിടയുണ്ട്‌. ഈ ആഗ്രഹം തെറ്റാണ്‌. ഇഹലോകത്തായാലും പരലോകത്തായാലും ആരെ ശിക്ഷിക്കണമെന്നും ആര്‍ക്ക്‌ മാപ്പ്‌ നല്‍കണമെന്നും തീരുമാനിക്കുന്നത്‌ അല്ലാഹുവാണ്‌. ആളുകളുടെ കാര്യത്തില്‍ നമ്മുടെ ഹിതം നടപ്പാകണമെന്ന്‌ ശഠിക്കുന്നതിനു പകരം അല്ലാഹുവിന്റെ ഹിതം മാനിക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികളും സ്‌ത്യപ്രബോധകരും ചെയ്യേണ്ടത്‌. ഈ വിഷയകമായി ഈസാനബി(അ) പറയുന്ന വാക്ക്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം എടുത്തുകാണിക്കുന്നു: ``നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ ദാസന്മാരാണല്ലോ. നീ അവര്‍ക്ക്‌ പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും'' (വി.ഖു 5:118)


from shabab editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts