വീട്‌ നിര്‍മാണത്തിലെ ഇസ്‌ലാമിക മൂല്യങ്ങള്‍

ഏതാനും ദിവസം മുന്‍പ്‌ നടന്ന ഒരു അനുഭവം പങ്കുവയ്‌ക്കട്ടെ. വീട്ടാവശ്യത്തിന്‌ ഇറക്കിയ മണലില്‍ നിന്ന്‌ അയല്‍വാസിക്ക്‌ അല്‌പം വായ്‌പയായി വേണം. അതിന്നായി ഗുഡ്‌സ്‌ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത്‌ നിര്‍ത്തി ഡ്രൈവര്‍ എന്റെ വീടൊന്ന്‌ വീക്ഷിച്ചു. അടുത്ത്‌ പരിചയമില്ലെങ്കിലും ഇന്നാട്ടുകാരന്‍ തന്നെ. മുസ്‌ലിമാണ്‌ കക്ഷി. എന്നോടൊരു ചോദ്യം: ഇവിടെ ആര്‍ക്കെങ്കിലും അസുഖമുണ്ടാവാറുണ്ടോ? ഞാന്‍ ആശ്ചര്യപ്പെട്ടു. ഇയാള്‍ ഓട്ടോ ഡ്രൈവറോ ഹെല്‍ത്ത്‌വര്‍ക്കറോ?! ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: പ്രത്യേകിച്ച്‌ അസുഖമൊന്നും ആര്‍ക്കുമില്ല. അദ്ദേഹം വിടാന്‍ ഭാവമില്ല. ``ലക്ഷണം കണ്ടാല്‍ അസുഖം ഉണ്ടാവാതിരിക്കാന്‍ വഴിയില്ല. കാരണം കന്നിമൂലയ്‌ക്കാണ്‌ കക്കൂസ്‌.''

ഓ, ആതാണ്‌ കാര്യം. ഞാന്‍ പറഞ്ഞു: ``സഹോദരാ, ആ അസുഖം ഈ വീട്ടിലുണ്ടാവില്ല. കക്കൂസ്‌ നില്‍ക്കുന്ന സ്ഥാനമനുസരിച്ച്‌ ഈ വീട്ടില്‍ രോഗം വരില്ല. കാരണം ഞങ്ങള്‍ക്ക്‌ അല്ലാഹുവില്‍ വിശ്വാസമുണ്ട്‌. കക്കൂസും പരിസരവും വൃത്തികേടായിക്കിടക്കുകയാണെങ്കില്‍ അസുഖം വരാം.''

ഗുഡ്‌സ്‌കാരന്‍ വിടുന്നില്ല. കന്നി മൂലയ്‌ക്ക്‌ കക്കൂസ്‌ നിര്‍മിക്കുകയും അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്‌തിട്ട്‌ അത്‌ പൊളിച്ചുമാറ്റിയപ്പോള്‍ അസുഖം മാറിയ ഏതാനും പേരുടെ പട്ടിക അയാള്‍ നിരത്തി. എന്റെ അടുത്ത ചോദ്യം: ഇതാരാ പറഞ്ഞത്‌? ഡോക്‌ടറോ, എന്‍ജിനീയറോ, മുഹമ്മദ്‌ നബിയോ അതോ ആശാരിയോ? മറുപടി: അതെനിക്കറിയില്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മലബാറിലെ ജനങ്ങളുടെ പൊതുവിശ്വാസത്തിന്റെ ഭാഗമാണിത്‌. (തെക്കന്‍ കേരളത്തിലോ മറ്റെവിടെയെങ്കിലുമോ ഇത്തരം വിശ്വസമുണ്ടോ എന്നറിയില്ല). വീട്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ നിലനില്‌ക്കുന്ന നിരവധി അന്ധവിശ്വാസങ്ങളില്‍ ഒന്നാണിത്‌. ഇതര സമുദായങ്ങളിലെ അന്ധവിശ്വാസങ്ങള്‍ മുസ്‌ലിംകളിലേക്ക്‌ നടത്തിയ അധിനിവേശത്തിന്റെ മികച്ച ഉദാഹരണമാണിത്‌. നമസ്‌കാരം, നോമ്പ്‌ തുടങ്ങിയ കര്‍മങ്ങള്‍ക്കപ്പുറം ഇസ്‌ലാമിന്‌ വ്യക്തമായ ജീവിതവീക്ഷണവും സംസ്‌കാരവുമുണ്ട്‌ എന്ന കാര്യത്തിലുള്ള അജ്ഞതയുടെ ആഴം കാണിക്കുന്ന നിരവധി കാര്യങ്ങളിലൊന്നാണിത്‌. ഒരു സത്യവിശ്വാസി എന്ന നിലയില്‍ `വാസ്‌തുവിദ്യ'യുമായി ബന്ധപ്പെട്ട്‌ എന്തെല്ലാം ശ്രദ്ധിക്കണമെന്നും നാം തിരിച്ചറിയേണ്ടതില്ലേ?

ആഹാരം പോലെ തന്നെ, മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്‌ ആവാസത്തിന്നൊരു കേന്ദ്രമെന്നത്‌. ഇതര ജന്തുക്കളില്‍ നിന്ന്‌ മനുഷ്യന്‍ വ്യതിരിക്തനാകുന്ന ഒരു ഘടകമാണ്‌ വീട്‌ എന്ന സങ്കല്‌പം. പക്ഷി മൃഗാദികളും ഉരഗങ്ങളും പ്രത്യുല്‍പാദനത്തിനു വേണ്ടി മാത്രം ഇണയെ തേടുന്നു. ആവശ്യം കഴിഞ്ഞാല്‍ ഇണകള്‍ വേര്‍പിരിയുന്നു. മുട്ടയിടാന്‍ വേണ്ടി കൂടുണ്ടാക്കുന്നു. കുഞ്ഞുങ്ങള്‍ക്ക്‌ പറക്കമുറ്റിയാല്‍ ആ കൂടുപേക്ഷിക്കുന്നു. കൂടുനിര്‍മാണം സഹജമായ ജന്മബോധമാണ്‌. അമ്മക്കിളി കുഞ്ഞിനെ കൂടുനിര്‍മാണം പഠിപ്പിക്കുന്നില്ല. ആയിരം കൊല്ലം മുന്‍പുള്ള കാക്കക്കൂടും ഈ `ഐ ടി യുഗ'ത്തിലെ കാക്കക്കൂടും ഒരുപോലെ! മനുഷ്യനോ... ആലോചിക്കേണ്ടതില്ലേ? കൂട്ടുജീവിതത്തിന്‌ ഒരു ആജീവനാന്ത ഇണയെ തേടുന്നു (വിവാഹം). മാതാപിതാക്കളും മക്കളും പേരമക്കളുമായി ബന്ധങ്ങള്‍ മുറിയാതെ, കുടുംബമായി കഴിയുന്നു. കുടുംബജീവിതത്തിന്റെ സ്വകാര്യതയ്‌ക്കു വേണ്ടി വീടു നിര്‍മിക്കുന്നു. അതില്‍ സ്ഥിരതാമസമാക്കുന്നു. അന്തിയുറങ്ങാനോ പ്രജനന പ്രക്രിയയ്‌ക്കോ വേണ്ടി മാത്രമല്ല; വീട്‌ കുടുംബത്തിന്റെ ആവാസകേന്ദ്രമാണ്‌.

മനുഷ്യബുദ്ധിയുടെ പ്രവര്‍ത്തനത്താല്‍ വികസിപ്പിച്ചെടുത്ത അനേകം ശാസ്‌ത്രശാഖകളിലൊന്നാണ്‌ വാസ്‌തുവിദ്യ അഥവാ ആര്‍ക്കിടെക്‌ചര്‍ (Art of building Construction). സിവില്‍ എന്‍ജിനീയറിംഗ്‌ ബി ആര്‍ക്ക്‌, എന്‍ജിനീയറിംഗ്‌ ഡിപ്ലോമ തുടങ്ങി നിരവധി വിദ്യാഭ്യാസ തലങ്ങള്‍ കെട്ടിട നിര്‍മാണരംഗത്ത്‌ നിലവിലുണ്ട്‌. ഒരു കെട്ടിടം-വീടായാലും അല്ലെങ്കിലും-നിര്‍മിക്കാനുദ്ദേശിക്കുന്നവര്‍ ഇത്തരം സാങ്കേതിക വിദഗ്‌ധരുടെ സഹായം തേടുന്നു. മനുഷ്യചരിത്രത്തില്‍ പാര്‍പ്പിട നിര്‍മാണത്തില്‍ വന്ന പരിവര്‍ത്തനങ്ങള്‍ വിസ്‌മയാവഹമാണ്‌. അളയില്‍ (ഗുഹ) താമസിച്ചിരുന്ന ആദിവാസി മുതല്‍ ആധുനിക പഞ്ചനക്ഷത്ര ഭവനങ്ങളില്‍ താമസിക്കുന്നവര്‍ വരെയുള്ള പരിവര്‍ത്തനം ഭൗതിക പുരോഗതിയുടെ നിദര്‍ശനങ്ങളിലൊന്നാണ്‌.

എന്നാല്‍ ഈ രംഗത്ത്‌ വിശ്വാസപരമായ ഒരു സമാന്തര ചാനല്‍ ഉണ്ട്‌. ഹൈന്ദവ വിശ്വാസപ്രകാരം ദേവന്മാരുടെ ശില്‌പിയായ വിശ്വകര്‍മാവിന്റെ പിന്‍മുറക്കാരാണ്‌ വിശ്വകര്‍മര്‍ അഥവാ ആശാരിമാര്‍. വിശ്വം (ലോകം) നിര്‍മിക്കുന്ന ദേവന്റെ ഭൂമിയിലെ പ്രതിരൂപമോ പ്രതിപുരുഷനോ ആണ്‌ വിശ്വകര്‍മര്‍ എന്നാണ്‌ സങ്കല്‌പം. (ആശാരിപ്പണി ഈയടുത്തകാലം വരെ ഒരു ജാതി വിഭാഗത്തിന്റെ കുലത്തൊഴിലായിരുന്നുവല്ലോ. കാലം മാറി. ആശാരിയുടെ മക്കള്‍ സര്‍ക്കാര്‍ ജോലിയും മറ്റും തേടിപ്പോയി. ഇതരവിഭാഗങ്ങളില്‍ പെട്ടവര്‍ ജാതിമത ഭേദമില്ലാതെ വരുമാന മേന്മ കണ്ട്‌ ആശാരിപ്പണിയിലേക്ക്‌ നീങ്ങി; എങ്കിലും സാമ്പ്രദായിക ആശാരിമാര്‍ കുറ്റിയറ്റു പോയിട്ടില്ല). മരപ്പണിയും കൂട്ടുകയറ്റലും കോണ്‍ക്രീറ്റിനും ഇന്‍ഡസ്‌ട്രിയല്‍ വര്‍ക്കിനും വഴിമാറിയെങ്കിലും ഭവനനിര്‍മാണരംഗത്ത്‌ നിലനില്‌ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക്‌ കുറവുവന്നു കാണുന്നില്ല.

സ്ഥാനം നോക്കല്‍, കുറ്റിയടിക്കല്‍, കട്ടിലവയ്‌ക്കല്‍ തുടങ്ങിയവ ആത്മീയ പ്രധാനമായ കര്‍മങ്ങളായി കാണുകയും അവയ്‌ക്കൊക്കെ കാര്‍മികന്മാരെ കണ്ടെത്തുകയും ചെയ്യുന്നത്‌ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം. അതിന്‌ പ്രമാണങ്ങളുടെയോ ശാസ്‌ത്രീയ തത്വങ്ങളുടെയോ പിന്‍ബലമില്ല. വീട്‌ നിര്‍മാണത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? ജലലഭ്യത, യാത്രാസൗകര്യം, പള്ളി സൗകര്യം, മക്കളുടെ വിദ്യാഭ്യാസത്തിന്‌ പ്രാഥമിക വിദ്യാലയങ്ങളുടെ സാമീപ്യം, ഒരുവിധം നല്ല അയല്‍പക്കം. ഏതാണ്ടിത്രയൊക്കെ ഉണ്ടെങ്കില്‍ അനുയോജ്യമായ സ്ഥലം ആണെന്ന്‌ പറയാം.

ഈ സ്ഥലത്ത്‌ എവിടെയാണ്‌ വീടിന്റെ `സ്ഥാനം'? കൂടുതല്‍ അധ്വാനം കൂടാതെ തറകെട്ടാന്‍ പറ്റുന്നത്‌ എവിടെയാണോ അവിടെ വീടുവയ്‌ക്കാം. ഈ `സ്ഥാനം' നോക്കലില്‍ ഒരു ആത്മീയ ഘടകവും ഇല്ല. ആശാരിയോ പൂജാരിയോ തങ്ങള്‍പാപ്പയോ വേണ്ട. സ്ഥാനത്തിന്റെ നിര്‍ണായക ഘടകം വീട്ടുടമയും അദ്ദേഹത്തിന്റെ കുടുംബവുമാണ്‌. ഇനി വീട്‌ എങ്ങനെയായിരിക്കണം? തന്റെ സാമ്പത്തിക ശേഷിക്കനുസരിച്ചേ നിര്‍മാണപദ്ധതി പാടുള്ളൂ. മുറികള്‍ക്കകത്ത്‌ കാറ്റും വെളിച്ചവും കിട്ടണം. ആറുമാസം മഴ പെയ്യുന്ന കേരളത്തിന്റെ നിര്‍മിതിയല്ല മണല്‍കാറ്റടിക്കുന്ന മരുഭൂമിയിലും ഹിമപാതമുള്ള ഗിരിശൃംഗങ്ങളിലും ഭൂകമ്പസാധ്യതകളുള്ള ജപ്പാന്‍ പോലുള്ള പ്രദേശങ്ങളിലും വീടിനു വേണ്ടത്‌. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വാസിയെന്നോ അവിശ്വാസിയെന്നോ മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ സ്വീകരിക്കേണ്ട കാര്യങ്ങളാണ്‌.

എന്നാല്‍ മുസ്‌ലിം എന്ന നിലയില്‍ നാം വീടുനിര്‍മിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം. വീടുനിര്‍മാണത്തിലും ധൂര്‍ത്ത്‌ പാടില്ല. ആവശ്യത്തിലേറെയുള്ള വീടിന്റെ മുറികള്‍ പിശാചിന്റെ കേന്ദ്രമാണ്‌. വീടിനുള്ളില്‍ നമസ്‌കാരത്തിന്‌ പ്രത്യേകം ഇടം കരുതിവയ്‌ക്കുന്നത്‌ അഭികാമ്യമാണ്‌. വീടിനകത്ത്‌ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാതെ വീട്‌ ശ്‌മശാനമാക്കരുത്‌. ദൈവത്തില്‍ ഭരമേല്‍പിക്കുന്ന പ്രാര്‍ഥനയോടെ നിത്യവും വീടുവിട്ടിറങ്ങണം. ദൈവാനുഗ്രഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ടും വീടെന്ന അഭയകേന്ദ്രത്തിന്‌ അനുഗ്രഹം ചൊരിയണമെന്ന്‌ പ്രാര്‍ഥിച്ചുകൊണ്ടും വീട്ടില്‍ പ്രവേശിക്കണം. (ഗൃഹപ്രവേശമല്ല; നിത്യപ്രവേശം). ഇതെല്ലാം പ്രവാചകന്‍(സ) പഠിപ്പിച്ച മര്യാദകളാണ്‌. ഇതിലപ്പുറം വച്ചുപുലര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ ഇസ്‌ലാമിനന്ന്യമാണ്‌.

കന്നി മൂലയ്‌ക്ക്‌ (തെക്കുപടിഞ്ഞാറ്‌) കുറ്റിയടിച്ച്‌ തേങ്ങയുടച്ച്‌ വെറ്റിലവച്ച്‌ പുണ്യകര്‍മം ചെയ്‌തിട്ടേ പഴയ ആശാരിമാര്‍ വീടിന്‌ സ്ഥാനമുറപ്പിക്കൂ. മുസ്‌ലിംകളുടെ വീടിനും. നിര്‍മാണം കഴിഞ്ഞാല്‍ കുറ്റിപ്പൂജ (കുറ്റൂസ എന്ന്‌ പാഠഭേദം) നടത്തിയേ ഗൃഹപ്രവേശം നടത്തൂ. കെട്ടിടനിര്‍മാണം പൂര്‍ത്തിയായാല്‍ വാസ്‌തുദേവനെ ഉദ്ദേശിച്ച്‌ തച്ചന്മാര്‍ നടത്തുന്ന പൂജ എന്നാണ്‌ `കുറ്റിപൂജ' യുടെ അര്‍ഥമെന്ന്‌ ശ്രീകണ്‌ഠേശ്വരം (ശബ്‌ദതാരാവലി) സാക്ഷ്യപ്പെടുത്തുന്നു. എത്രയോ സുഹൃത്തുക്കള്‍ തങ്ങളുടെ ഗൃഹപ്രവേശം നിശ്ചയിച്ചപ്പോള്‍ സ്വകാര്യമായി, നല്ല ഉദ്ദേശ്യത്തോടെ, ചോദിക്കുന്നു; എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? സുബ്‌ഹിക്ക്‌ പോകണമെന്നുണ്ടോ? ആദ്യം പാല്‍ കാച്ചണമെന്നുണ്ടോ?

അന്ധമായ വിശ്വാസങ്ങളും അബദ്ധ ധാരണകളുമാണിതെല്ലാം. സമൂഹസ്വാധീനത്തിന്റെ സമ്മര്‍ദമാണ്‌ ഈ സംശയങ്ങള്‍. ഇസ്‌ലാമിക ദൃഷ്‌ട്യാ നല്ല സമയമെന്നോ ചീത്ത സമയമെന്നോ ഉള്ള സങ്കല്‌പമില്ല. ശകുനവും ദുശ്ശകുനവും ഇല്ല. നമുക്ക്‌ സൗകര്യപ്പെടുന്ന ദിവസം, സൗകര്യപ്പെടുന്ന സമയത്ത്‌, ബിസ്‌മി ചൊല്ലി പുതിയ വീട്ടില്‍ താമസം തുടങ്ങുക. വീട്ടിലേക്ക്‌ കടന്നുചെല്ലുമ്പോള്‍, എല്ലാ ദിവസവും പ്രാര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ച ദുആ ചൊല്ലുക. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ സദ്യയുണ്ടാക്കി സന്തോഷത്തില്‍ പങ്കാളികളാക്കാം. കെട്ടിക്കുടുക്കുകളോ സങ്കീര്‍ണതകളോ ഇല്ലാത്ത ഇസ്‌ലാമിന്റെ സുതാര്യ സമീപനത്തെ ഇറക്കുമതി ചെയ്‌ത അന്ധവിശ്വാസങ്ങളില്‍ കെട്ടി ദുര്‍ഗ്രഹവും ദുസ്സഹവും ആക്കാതിരിക്കുക.

ഗുഡ്‌സ്‌ ഡ്രൈവര്‍ പറഞ്ഞ തരത്തില്‍ യാതൊരാശങ്കയും മുസ്‌ലിമിന്‌ ആവശ്യമില്ല. നന്മതിന്മകള്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്ന വിധിവിശ്വാസമുള്ള മുസ്‌ലിമിന്‌ ആശാരിക്കണക്കിലെ ചെകുത്താന്‍ ദോഷത്തെ ഭയക്കേണ്ടതില്ല എന്ന്‌ തിരിച്ചറിയുക. ഇസ്‌ലാമിക വിശ്വാസമേത്‌, കടന്നുകൂടിയതേത്‌ എന്ന്‌ വിവേചിച്ചറിയുക. ഇല്ലെങ്കില്‍ പനി വരുമ്പോഴേക്ക്‌ ആശങ്കയാല്‍ മനസ്സ്‌ തളരും. കക്കൂസിന്റെ സ്ഥാനത്തില്‍ ശ്രദ്ധിക്കേണ്ടത്‌ സാനിറ്റേഷന്‍ ശരിയായ വിധത്തിലാണോ, വെയ്‌സ്റ്റ്‌ ടാങ്ക്‌ കിണറില്‍ നിന്ന്‌ ആവശ്യമായ അകലത്തിലായിട്ടില്ലേ എന്നൊക്കെയാണ്‌. കന്നിമൂലയിലോ അഗ്നിമൂലയിലോ എവിടെയാണ്‌ സൗകര്യമെങ്കില്‍ അവിടെ കക്കൂസ്‌ നിര്‍മിക്കാം.

കിണറിന്റെ കാര്യവും തഥൈവ. ശാസ്‌ത്രീയമായി ജലലഭ്യത കണ്ടെത്താന്‍ ഇന്ന്‌ സംവിധാനമുണ്ട്‌. ചില പ്രത്യേക രക്തഗ്രൂപ്പുള്ളവര്‍ക്ക്‌ ജലലഭ്യത അറിയാന്‍ കഴിയുമത്രേ. ചിരപരിചിതമായി വിദഗ്‌ധര്‍ക്ക്‌ ഭൂമിയുടെ കിടപ്പുകണ്ടാല്‍ കുറേയൊക്കെ ജലലഭ്യത ഊഹിക്കാന്‍ കഴിയൂ. എന്നാല്‍ തങ്ങള്‍ക്കും പൂജാരിക്കും അതില്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല. ചില നാട്ടിലൊക്കെ `കുറ്റിയടി തങ്ങന്മാര്‍' ഉണ്ട്‌. ഓരോ കുറ്റിയടിക്കും അഞ്ഞൂറും ആയിരവും വീമ്പുവാക്കും; വെള്ളം കണ്ടാലും കണ്ടില്ലെങ്കിലും.

`സ്ഥാനം' ശരിയല്ല എന്ന തെറ്റായ ധാരണ പരത്തി എത്രയോ വീടുകളുടെ കക്കൂസും പൂമുഖവും അടുക്കളയുമെല്ലാം പൊളിച്ച്‌ മാറ്റിപ്പണിതത്‌ ഈ ലേഖകനറിയാം. നിര്‍ഭാഗ്യവശാല്‍ മുജാഹിദുകള്‍ പോലും! എല്ലാം കഷ്‌ടപ്പെട്ട്‌ വീടുപണി പൂര്‍ത്തിയാക്കുന്ന ഇടത്തരക്കാരും! അന്ധവിശ്വാസം കൈവെടിയുക. ഇസ്‌ലാമിന്റെ ലളിതവും സുതാര്യവുമായ സംസ്‌കാരവും അന്യൂനമായ ഏകദൈവവിശ്വാസവും കൈമുതലാക്കി ജീവിക്കുക. അതിലാണ്‌ വിജയം.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts