ആഘോഷാവസരങ്ങളും മതമൈത്രിയും

അന്‍വര്‍ അഹ്‌മദ്‌ 

 മതമൈത്രിക്ക്‌ പേര്‌ കേട്ട ദേശമാണ്‌ കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ്മള്‍ മതസാഹോദര്യത്തിന്റെ മഹിത മാതൃകകള്‍ തീര്‍ത്തു. അമ്പലവും പള്ളിയും ചര്‍ച്ചും ചേര്‍ന്ന്‌ നില്‍ക്കുന്ന ചിത്രങ്ങള്‍ കേരളത്തിന്റെ സവിശേഷതയായി ആഘോഷിക്കപ്പെട്ടു. ഓരോ മതവിശ്വാസിയും അവനവന്റെ വിശ്വാസം സൂക്ഷിച്ചുകൊണ്ട്‌ തന്നെ മറ്റുള്ളവന്റെ മതത്തെയും വിശ്വാസ ആചാരങ്ങളെയും ആദരവോടെ കണ്ടു. ഈ മഹത്തായ പൈതൃകം നഷ്‌ടപ്പെടുകയാണോ? സമീപകാലത്തെ കേരള അനുഭവങ്ങള്‍ അങ്ങനെ ഭയപ്പെടുത്തുന്നില്ലേ? മുസ്‌ലിംകള്‍ പൊതുജീവിതവുമായി സംലയിക്കാത്ത പ്രത്യേക ജനുസ്സാണെന്ന ഒരു ധാരണ പ്രബലമാകുന്നുണ്ടോ? മുസ്‌ലിംകള്‍ രാഷ്‌ട്രീയമായും സാമൂഹ്യമായും ഉയര്‍ന്ന പദവികളില്‍ എത്തിച്ചേരുമ്പോള്‍ അത്‌ അപകടകരമായ ഒരു പ്രവണതയായി വിലയിരുത്തപ്പെടുന്നതിന്റെ കാരണമെന്താണ്‌? മുസ്‌ലിംകള്‍ മാറ്റങ്ങളോടു പിന്തിരിഞ്ഞു നില്‍ക്കുന്ന പിന്തിരിപ്പന്മാരും അപരിഷ്‌കൃതരുമാണെന്ന പൊതുബോധം ശക്തിപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? ഒരു കുറ്റവാളി ഗോത്രം കണക്കെ മുസ്‌ലിംസമൂഹം അപരവല്‍കരിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്‌? 

 ഈ ചോദ്യങ്ങള്‍ ഇതിനകം പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌.ആഗോള വ്യാപകമായി വളര്‍ന്നു വന്നിട്ടുള്ള ഇസ്‌ലാമോഫോബിയയും അതിന്റെ പ്രായോജകരായ അമേരിക്കന്‍ സാമ്രാജ്യത്വവുമാണ്‌ ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങളുടെ പിന്നിലെ ശക്തികള്‍ എന്ന്‌ സാമാന്യമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. ഇത്‌ ശരിയാണുതാനും. എന്നാല്‍ ഇതോടൊപ്പം മുസ്‌ലിംകള്‍, തങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള പ്രവര്‍ത്തനങ്ങളോ പ്രതികരണങ്ങളോ ഈ അപരവല്‍കരണത്തിന്‌ കാരണമായി വരുന്നുണ്ടോ എന്ന്‌ ചിന്തികേണ്ടതല്ലേ? ഒരു ബഹുസ്വര സമൂഹത്തില്‍ സൂക്ഷിക്കേണ്ട സാംസ്‌കാരിക മര്യാദകള്‍ പാലിക്കാന്‍ ഇസ്‌ലാം മുസ്‌ലിംകളെ പഠിപ്പിക്കുന്നുണ്ട്‌. മറ്റുള്ള മതസ്ഥരെയും തങ്ങളുടെ ജനതയായി പരിഗണിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നു. ജൂതരും ക്രിസ്‌ത്യാനികളും അടങ്ങുന്ന മദീനാനിവാസികളെ സ്വന്തം ജനത എന്ന്‌ വിശേഷിപ്പിച്ചു കൊണ്ട്‌ പ്രവാചകന്‍ തയ്യാറാക്കിയ മദീനകരാര്‍ ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക്‌ മികച്ച രേഖയാണല്ലോ. ഇതര മതക്കാരെ അവര്‍ അവരായിരിക്കെ തന്നെ ഉള്‍ക്കൊള്ളാന്‍ മുസ്‌ലിംകള്‍ തയാറാണെന്ന പ്രഖ്യാപനം ആണല്ലോ മദീന കരാര്‍. ഒരു ജനത എന്ന നിലയില്‍ തദ്ദേശവാസികളുമായി നാട്ടിന്റെ സുരക്ഷയുടെയും സുഭിക്ഷതയുടെയും പുരോഗതിയുടെയും കാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ മദീന മുസ്‌ലിംകള്‍ സന്നദ്ധമായി. മനുഷ്യരുടെ ഭൗതിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം തേടിയുള്ള ശ്രമങ്ങളിലും സമരങ്ങളിലും മതം പരിഗണിക്കേണ്ടതില്ലെന്ന പാഠമാണ്‌ അവര്‍ ഉള്‍ക്കൊണ്ടത്‌. അതിനാല്‍ ജൂതരും ക്രിസ്‌ത്യാനികളും മുസ്‌ലിംകളും അടങ്ങുന്ന മദീനാസമൂഹം പൗരകടമകള്‍ നിര്‍വഹിക്കുന്ന കാര്യത്തില്‍ തോളുരുമ്മി നിന്നു. ആഭ്യന്തര സുരക്ഷ, ജനങ്ങളുടെ ആരോഗ്യം, ആഹാരം, കൃഷി, കച്ചവടം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അവര്‍ ഒന്നിച്ചുപൊരുതി. മാത്രമല്ല, അറേബ്യന്‍ ജനത എന്ന നിലയിലും അറബിഭാഷ സംസാരിക്കുന്ന സമൂഹം എന്ന നിലയിലുമുള്ള സാംസ്‌കാരിക വിനിമയങ്ങള്‍ അവരില്‍ ശക്തമായ ഒരു പൊതുമണ്ഡലം രൂപപ്പെടുത്തി. 

 ഭൗതിക ജീവിതപ്രശ്‌നങ്ങള്‍, പൗരരാഷ്‌ട്രീയം, മലയാള ഭാഷ, കേരളദേശം തുടങ്ങിയ ഏകകങ്ങള്‍ മുന്‍നിര്‍ത്തി ശക്തമായ ഒരു പൊതുമണ്ഡലം നമുക്കുണ്ട്‌. പക്ഷേ, അതിനെ യുക്തിപൂര്‍വം പ്രയോജനപ്പെടുത്താന്‍ മുസ്‌ലിംകള്‍ക്ക്‌ സാധിക്കുന്നുണ്ടോ? ഇല്ലെന്നുള്ളതാണ്‌ വാസ്‌തവം. പൗരപ്രശ്‌നങ്ങളില്‍ ഇടപെട്ടു തങ്ങളുടേതായ പങ്കുനിര്‍വഹിക്കാന്‍ െ്രെകസ്‌തവസഭയും അതിന്റെ നേതൃത്വവും ശ്രമിക്കുന്നുണ്ട്‌. ഏറ്റവും ചുരുങ്ങിയത്‌ ക്രിസ്‌ത്യന്‍ കുടിയേറ്റ മേഖലകളിലും തീരദേശങ്ങളിലുമെങ്കിലും പൊതു ജീവിതപ്രശ്‌നങ്ങളില്‍ അവര്‍ നിരതമാകുന്നു. എന്നാല്‍ മുസ്‌ലിംകളുടെ സംഘടിത മതനേതൃത്വവും സംഘടനകളും കേവലം സമുദായ പ്രശ്‌നങ്ങള്‍ എന്നതിലുപരി പൊതുപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മടിക്കുന്നു. പൊതു വിദ്യാലയങ്ങളില്‍ ശിരോവസ്‌ത്രം അണിയാനുള്ള സ്വാതന്ത്ര്യം, വെള്ളിയാഴ്‌ചകളില്‍ പരീക്ഷ നടത്തരുതെന്ന ആവശ്യം, പെരുന്നാള്‍ ദിനങ്ങളിലെ അവധി തുടങ്ങിയ കൊച്ചു കൊച്ചു കാര്യങ്ങളില്‍ മാത്രം മുസ്‌ലിംനേതൃത്വത്തിന്റെ ശ്രദ്ധ ചുരുങ്ങി പോകുന്നു. അങ്ങനെ വിശാലമായ പൊതു മണ്ഡലത്തില്‍ മുസ്‌ലിംസാന്നിധ്യം അദൃശ്യമായി തീര്‍ന്നിരിക്കുന്നു. ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്ന പൊതു തിന്മകള്‍ക്കെതിരെ ജനകീയ അഭിപ്രായരൂപീകരണം നടത്തുന്നതില്‍ പോലും നാം പരാജയപ്പെടുകയല്ലേ? 

 തങ്ങള്‍ അപരവല്‍കരിക്കപ്പെടുന്നു എന്ന്‌ സങ്കടപ്പെടുന്നതിനു മുമ്പ്‌, പൊതു സമൂഹത്തില്‍ മുന്‍നിരയില്‍ നില്‍ക്കാന്‍ നാം ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ടോ എന്ന്‌ ശാന്തമായി ആലോചിക്കേണ്ടിയിരിക്കുന്നു. പൊതുമണ്ഡലങ്ങളില്‍ നിന്നു പരമാവധി അകന്നുകഴിയുകയും സ്വയം ഉള്‍വലിയുകയും ചെയ്‌തു കൊണ്ടിരിക്കെ, മറ്റുള്ളവര്‍ അവഗണിക്കുന്നു എന്ന്‌ പരിതപിക്കുന്നതില്‍ അര്‍ഥമില്ലല്ലോ. മുസ്‌ലിം സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ മുസ്‌ലിം സംഘടനകള്‍ സജീവമാണ്‌. എന്നാല്‍, ആ സജീവത പലപ്പോഴും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള സല്‍പ്പേര്‌ കളങ്കപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌ എന്നതാണ്‌ സത്യം. മറ്റുള്ളവരില്‍ ആകട്ടെ, സംശയവും തെറ്റിധാരണയും ഭയവും വളര്‍ത്തുകയും ചെയ്യുന്നു. പള്ളികളും മതസ്ഥാപനങ്ങളും നിര്‍മ്മിക്കുമ്പോള്‍ ആവശ്യത്തെക്കാള്‍ സങ്കുചിത മാത്സര്യങ്ങളാണോ മേല്‍ക്കൈ നേടുന്നത്‌ എന്ന്‌ ആത്മപരിശോധന അനിവാര്യാണ്‌. ഓരോ ഗ്രാമപ്രദേശങ്ങളിലും വിവിധ മതവിശ്വാസികള്‍ ചേര്‍ന്നുള്ള പലവിധ കൂട്ടായ്‌മകള്‍ കേരളത്തില്‍ നിലനിന്നിരുന്നു. എന്നാല്‍ അത്തരം മതേതര കൂട്ടായ്‌മകള്‍ അടുത്ത കാലത്തായി ഇല്ലാതായി കൊണ്ടിരിക്കുകയാണ്‌. മതാടിസ്ഥാനത്തിലുള്ള വിദ്യാലയങ്ങള്‍ വളരുന്നത്‌ സമുദായത്തിന്‌ കൂടുതല്‍ അവസരങ്ങള്‍ നല്‌കിയിട്ടുണ്ടാകാമെങ്കിലും മതാന്തര ബന്ധങ്ങളെ അത്‌ സാരമായി ബാധിക്കുന്നു എന്ന നിരീക്ഷണം തള്ളിക്കളയാനാകില്ല. മുസ്‌ലിംകള്‍ക്കിടയില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ വളര്‍ന്നു വന്നിട്ടുള്ള തീവ്ര നിലപാടുകളും നമ്മുടെ പൊതു മണ്ഡലവുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ന്യൂനപക്ഷ തീവ്രവാദം പോലെ മതവിഷയങ്ങളിലെ അനാവശ്യ കാര്‍ക്കശ്യങ്ങളും ഇക്കാര്യത്തില്‍ തുല്യ പങ്കുവഹിച്ചിട്ടുണ്ട്‌. 

അന്യ ദൈവങ്ങളെ അവഹേളിക്കുന്നതും അന്യമത വിശ്വാസികളുടെ അഭിമാനത്തിന്‌ ക്ഷതമേല്‌പ്പിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. എന്നാല്‍, മതത്തിന്റെ ആന്തരിക നന്മകള്‍ ഗ്രഹിക്കാതെ, അക്ഷരങ്ങളില്‍ ചുരുങ്ങിക്കൂടിയുള്ള വ്യാഖ്യാനങ്ങള്‍ ഇസ്‌ലാമിനെ കുറിച്ച്‌ സമൂഹത്തില്‍ അവമതിപ്പ്‌ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. തങ്ങളുടെ ആഭ്യന്തര മതവേദികളില്‍ പിന്തുടരുന്ന ചിട്ടവട്ടങ്ങള്‍ പൊതുസമൂഹവുമായി പങ്കിടുന്ന വേദികളിലും അനുവര്‍ത്തിക്കെണ്ടതുണ്ടോ, അങ്ങനെ അനുവര്‍ത്തിക്കാന്‍ സാധിക്കാത്ത വേദികളില്‍ നിന്നു മാറിനില്‍ക്കുകയാണോ വേണ്ടത്‌ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇനിയും വ്യക്തത ആവശ്യമാണ്‌. മുസ്‌ലിംകള്‍ ന്യൂനപക്ഷങ്ങള്‍ ആയിരിക്കുന്ന സന്ദര്‍ഭത്തില്‍ അയവുള്ള ഒരു കര്‍മശാസ്‌ത്രം ആവശ്യമാണെന്ന ചിന്ത ഉയര്‍ന്നു വരുന്നുണ്ടെങ്കിലും കേരള പണ്ഡിതന്മാര്‍ ഇനിയും അത്‌ ഗൗരവമായി എടുത്തിട്ടില്ല. ആഘോഷാവസരങ്ങളെ മതാന്തര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്താവുന്നതാണ്‌. മതാഘോഷങ്ങള്‍ക്ക്‌ വിശ്വാസപരമായ മാനം ഉള്ളത്‌ പോലെ സാമൂഹ്യമായ പ്രയോജനങ്ങള്‍ കൂടി ഉണ്ട്‌. 

ഹൈന്ദവ െ്രെകസ്‌തവ വിശ്വാസികളെ, അവര്‍ ആ മതക്കാര്‍ ആയിരിക്കെ തന്നെ ഈദ്‌ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കഴിയും. ഈദുഗാഹുകളിലും വീടുകളിലും അവര്‍ക്ക്‌ കൂടി അവസരങ്ങള്‍ ഒരുക്കുകയും ഈദിന്റെ ആഹ്ലാദ സന്ദര്‍ഭങ്ങളില്‍ അവരെ കൂടി ഭാഗവാക്കാക്കുകയും ആകാം. അവരുടെ ആഘോഷ വേളകളിലും, അതിന്റെ സാമൂഹ്യമായ പ്രയോജനങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കണം. മുസ്‌ലിംകള്‍ക്ക്‌ തങ്ങളുടെ വിശ്വാസത്തിനും സംസ്‌കാരത്തിനും പോറല്‍ ഏല്‍ക്കാത്ത വിധം തന്നെ ഇതര ആഘോഷങ്ങളെ പ്രയോജനപ്പെടുത്തേണ്ടതെങ്ങനെ എന്ന്‌ മതപണ്ഡിതന്മാര്‍ മാര്‍ഗനിര്‍ദേശം നല്‍കേണ്ടതുണ്ട്‌. അറേബ്യന്‍ നാടുകളില്‍ നിന്നു വ്യത്യസ്‌തമായി, ബഹുമത സംസ്‌കാര സാന്നിധ്യമുള്ള കേരളത്തില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും സല്‍പ്പേര്‌ ഉണ്ടാക്കുകയും ഇസ്‌ലാമിന്റെ മഹത്വം പ്രകാശനം ചെയ്യുകയും ചെയ്യാന്‍ സാധിക്കണമെങ്കില്‍ തത്വദീക്ഷയും ദീര്‍ഘവീക്ഷണവും ക്ഷമയുമുള്ള നിലപാടുകള്‍ കൈകൊള്ളാന്‍ മുസ്‌ലിംകള്‍ പാകപ്പെടണം. നാം പൊതുസമൂഹത്തിന്റെ ഭാഗമാണെന്നും പൗരസാമൂഹിക കടമകള്‍ നിര്‍വഹിക്കുന്നതില്‍ നമ്മള്‍ മുന്നില്‍ വേണമെന്നും തിരിച്ചറിയണം. അല്ലാത്തിടത്തോളം ഒരു വിലാപ സമുദായമായിരിക്കാനേ നമുക്ക്‌ യോഗമുണ്ടാകൂ!

from shabab weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts