പെരുകുന്ന മാനവിക പ്രശ്‌നങ്ങള്‍

കേരളീയര്‍ ഒരു ആധുനിക സമൂഹമായിക്കഴിഞ്ഞു എന്നതിന്റെ അനിഷേധ്യമായ തെളിവുകളിതാ: ഒന്ന്‌, ആധുനിക ആഡംബരോപാധികള്‍ വാങ്ങിക്കൂട്ടുന്നതില്‍ കേരള ജനത ഇന്ത്യയിലെ മറ്റു ജനവിഭാഗങ്ങളെ അപേക്ഷിച്ച്‌ വളരെ മുമ്പിലാകുന്നു. പതിനായിരക്കണക്കില്‍ രൂപ വിലയുള്ള ടീവിയും ഫ്രിഡ്‌ജും വാഷിങ്‌മെഷീനും മറ്റു ഒട്ടേറെ ആധുനിക ഉപകരണങ്ങളും മിക്ക മലയാളികളുടെ വീടുകളിലും ഇന്നു കാണാം. സാമ്പത്തിക സുസ്ഥിതിയില്ലാത്തവരും തവണ വ്യവസ്ഥയിലും മറ്റുമായി ഇതൊക്കെ സ്വന്തമാക്കുന്നു. ഇതൊന്നും ഇല്ലാത്തവര്‍ യാതൊന്നിനും കൊള്ളാത്തവരാണെന്ന്‌ പുതിയ തലമുറയ്‌ക്ക്‌ തോന്നുന്നു. ഇത്തരമൊരു ധാരണ സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാണ്‌ ഉപകരണനിര്‍മാതാക്കള്‍ സൃഷ്‌ടിക്കുന്ന പരസ്യപ്രളയം. ജീവിതത്തിെന്റ ആത്യന്തികലക്ഷ്യം തന്നെ ഇതൊക്കെ സ്വായത്തമാക്കലാണെന്ന്‌ പലരും കരുതുന്നു. ഭൗതിക പ്രമത്തരായ സുഖലോലുപര്‍ മാത്രമല്ല, മതവിശ്വാസവും

ഭക്തിയുമുള്ള കുറെ പേരും ഈ കൂട്ടത്തിലുണ്ട്‌.

ടൂവീലറുകളില്‍ ചെത്തി നടക്കുന്നവരും അത്യാവശ്യമില്ലെങ്കില്‍ പോലും കാറുകള്‍ വാങ്ങുന്നവരും കാറുകളുടെ ബ്രാന്‍ഡുകളും മോഡലുകളും മാറ്റിമാറ്റി പരീക്ഷിക്കുന്നവരും മലയാളികള്‍ക്കിടയില്‍ മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച്‌ വളരെ കൂടുതലാകുന്നു. ചികിത്സയും പ്രസവവുമെല്ലാം ഏറ്റവും മികച്ച സ്വകാര്യ ആശുപത്രികളില്‍ തന്നെയാകണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നവരും അതിനു വേണ്ടി കിട്ടാവുന്നിടത്ത്‌ നിന്നെല്ലാം കടംവാങ്ങുന്നവരും ഇവിടെ ധാരാളമുണ്ട്‌. മക്കളെ ഏറ്റവും കൂടിയ ഡൊണേഷനും ഫീസും വാങ്ങുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്നതിന്റെ പേരില്‍ അഭിമാനം കൊള്ളുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാകുന്നു.

സുഖാഡംബരങ്ങളും സാങ്കേതിക പുരോഗതിയും ആഗോളവത്‌കരണത്തിന്റെയും സാംസ്‌കാരിക അധിനിവേശത്തിന്റെയും ഫലമായി വളര്‍ന്നുവന്ന ഉദാരലൈംഗിക വീക്ഷണവും കൂടി മനുഷ്യബന്ധങ്ങളെയും ഏറെ സങ്കീര്‍ണമാക്കിയിരിക്കുന്നു. സ്വന്തം ജീവിതം പരമാവധി സുഖവും ആസ്വാദ്യവുമാകുമ്പോള്‍ ഒട്ടൊക്കെ തൃപ്‌തിപ്പെടുകയും ചില്ലറ പ്രയാസങ്ങള്‍ നേരിടുമ്പോഴേക്ക്‌ മനസ്സ്‌ സംഘര്‍ഷനിര്‍ഭരമാവുകയും ചെയ്യുന്ന അവസ്ഥയിലാണ്‌ എല്ലാവരും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പെരുമാറ്റം ഈ മാനസികാവസ്ഥക്ക്‌ അനുപൂരകമാണെങ്കില്‍ അവരെ സ്‌നേഹിക്കുകയും അല്ലെങ്കില്‍ അവരെ വെറുക്കുകയും ചെയ്യുക എന്നതാണ്‌ ഇന്ന്‌ പ്രകടമാകുന്ന പ്രവണത. ഇതരരുടെ മനപ്രയാസവും വിഷമവും വിലയിരുത്താന്‍ ആരും സന്നദ്ധരാകാത്ത സാഹചര്യത്തില്‍ സ്‌നേഹത്തിന്റെ പാരസ്‌പര്യം കുടുംബത്തിലോ സമൂഹത്തിലോ സ്ഥാപിതമാകുന്നില്ല.

ആഡംബര പ്രമത്തതയും ലൈംഗിക സ്വാതന്ത്ര്യവാദവും കൂടി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അപരിഹാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതാണ്‌ എല്ലാ ആധുനിക സമൂഹങ്ങളിലുമെന്ന പോലെ മലയാളി സമൂഹത്തിലും നാം കാണുന്നത്‌. കടക്കെണിയും കുടുംബത്തകര്‍ച്ചയും സൃഷ്‌ടിക്കുന്ന മനോരോഗങ്ങളും ഭോഗാസക്തമായ ജീവിതത്തിലേക്കുള്ള എളുപ്പവഴിയായി കാണുന്ന മോഷണവും ഭവനഭേദനവും കവര്‍ച്ചയും കൊലപാതകങ്ങളും വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളും അവിഹിത വേഴ്‌ചകളും സൃഷ്‌ടിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളും കൂടി സമൂഹത്തെ അപരിഹാര്യമായ പ്രതിസന്ധികളിലേക്ക്‌ തള്ളിവിടുന്നു.

നാം ഒരു ആധുനിക സമൂഹമായി മാറിക്കഴിഞ്ഞുവെന്ന്‌ അഭിമാനിക്കുന്നതോടൊപ്പം ആധുനിക ജീവിതത്തിന്റെ ഉപോല്‌പന്നങ്ങളായ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനും നമുക്ക്‌ കഴിയണം. ജീവിതം ആധുനികമാകുന്നതിന്റെ തിളക്കത്തെ നിഷ്‌പ്രഭമാക്കുന്നതാണ്‌ കുറ്റകൃത്യങ്ങളുടെ വര്‍ധനയും തലമുറകളുടെ മാനസിക വൈകല്യങ്ങളും എയ്‌ഡ്‌സ്‌ ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങളും ചികിത്സാജന്യവും അല്ലാത്തതുമായ ശമനാതീത രോഗങ്ങളും കുടുംബശൈഥില്യവും എല്ലാ പ്രായക്കാര്‍ക്കുമിടയില്‍ പെരുകുന്ന ആത്മഹത്യയുമെല്ലാം.

ഇവിടത്തെ രാഷ്‌ട്രീയ സംവിധാനവും വിദ്യാഭ്യാസക്രമവും സാമൂഹ്യക്ഷേമ പദ്ധതികളും സമൂഹത്തെ ആധുനീകരിക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിക്കുന്നുണ്ട്‌. മാധ്യമങ്ങളാവട്ടെ സകല ആധുനിക പ്രവണതകളും സമൂഹത്തിലേക്ക്‌ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നുമുണ്ട്‌. എന്നാല്‍ ആധുനികതയുടെ ഉപോല്‌പന്നങ്ങളായ സങ്കീര്‍ണ മാനവിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി ഒരു മേഖലയിലും ആത്മാര്‍ഥവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടക്കുന്നില്ല. തലമുറകളെ ഉപഭോഗഭ്രമത്തില്‍ നിന്ന്‌ മോചിപ്പിക്കാന്‍ ശ്രമിച്ചാല്‍ കുത്തക വ്യവസായികളും വ്യാപാരികളും പിണങ്ങിയേക്കുമെങ്കിലും മാനവിക മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്‌ട്രമീമാംസകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും ഉപഭോഗഭ്രമത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ തലമുറകളെ ബോധവത്‌കരിക്കേണ്ട ബാധ്യതയുണ്ട്‌. ഒട്ടേറെ ക്രിമിനല്‍കുറ്റങ്ങളും ആത്മഹത്യകളും മറ്റു മാനവിക ദുരന്തങ്ങളും തടയാന്‍ ഈ ബോധവത്‌കരണം ഉപകരിക്കും. ഭരണരംഗത്തെ ചില നഷ്‌ടങ്ങള്‍ ഒഴിവാക്കാനും ഇത്‌ സഹായകമാകും.

കാലത്തിനും ലോകത്തിനുമൊപ്പം പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതിനു വേണ്ടി അത്യാധുനിക വിജ്ഞാനീയങ്ങളും ശാസ്‌ത്രസാങ്കേതിക വിദ്യകളും അവര്‍ക്ക്‌ പകര്‍ന്നുകൊടുക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെങ്കിലും അവരെ ദൗര്‍ബല്യങ്ങളില്‍ നിന്നും ചാപല്യങ്ങളില്‍ നിന്നും അവിശുദ്ധ ലൈംഗിക ബന്ധങ്ങളില്‍ നിന്നും മുക്തരാക്കി ഉത്തമ പൗരന്മാരാക്കി വളര്‍ത്തിക്കൊണ്ടുവരുന്ന വിഷയത്തിന്‌ ഉന്നത വിദ്യാലയങ്ങളോ കലാലയങ്ങളോ വലിയ ഊന്നലൊന്നും നല്‌കുന്നില്ല.

കുടുംബത്തില്‍ നിന്ന്‌ വേണ്ടത്ര സ്‌നേഹവും കാരുണ്യവും ലഭിക്കാത്തതിനാലും ദൃശ്യമാധ്യമങ്ങള്‍ ചെലുത്തുന്ന ദുസ്സ്വാധീനത്താലും കുട്ടികളുടെ, വിശിഷ്യാ കൗമാരപ്രായക്കാരുടെ മനസ്സ്‌ കൂടുതല്‍ ബലഹീനവും സംഘര്‍ഷ നിര്‍ഭരവും ആയിക്കൊണ്ടിരിക്കുകയാണ്‌. രക്ഷിതാക്കളില്‍ പലരും ഇതിനെ സംബന്ധിച്ച്‌ വേണ്ടത്ര ബോധവാന്മാരല്ല. ആണെങ്കിലും അവര്‍ക്ക്‌ തനിയെ ആ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചിരുന്നു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിദ്യാഭ്യാസ-മനശ്ശാസ്‌ത്ര വിദഗ്‌ധര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‌കുകയും ചെയ്‌താല്‍ ഒട്ടേറെ കുട്ടികളെ മനോ-ശാരീരികവും സാമൂഹികവുമായ ദുരന്തങ്ങളില്‍ നിന്നും ആത്മഹത്യയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കാം.

ഭൗതിക ഭരണകൂടങ്ങള്‍ക്കും സെക്യുലര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വഹിക്കാന്‍ കഴിയുന്നതിനെക്കാള്‍ വലിയ പങ്കാണ്‌ പള്ളിമഹല്ലുകള്‍ക്കും മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തിത്വങ്ങളുടെ വീണ്ടെടുപ്പ്‌ എന്ന വിഷയത്തില്‍ നിര്‍വഹിക്കാവുന്നത്‌. മഹല്ല്‌ സംവിധാനം കുറ്റമറ്റതാണെങ്കില്‍ കുടുംബബന്ധങ്ങളിലെ സങ്കീര്‍ണതകളും കൗമാരപ്രായക്കാരുടെ ചാപല്യങ്ങളും കുറെക്കൂടി സൂക്ഷ്‌മമായി വിലയിരുത്താനും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്‌ത്‌ പരിഹാരം കണ്ടെത്താനും കഴിയും. വിശ്വാസി സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ്‌ പള്ളി മഹല്ല്‌ എന്നതിനാല്‍ പ്രശ്‌നങ്ങള്‍ തൃണമൂല

തലത്തില്‍ കൈകാര്യം ചെയ്യുക എളുപ്പമായിരിക്കും. അറബി-ഇസ്‌ലാമിക കലാലയങ്ങളിലെ അധ്യാപകര്‍ മനസ്സുവെച്ചാല്‍ വ്യക്തിപരമായ സ്വാധീനം കൊണ്ടും മതമൂല്യങ്ങളെ സംബന്ധിച്ച ബോധവത്‌കരണം കൊണ്ടും കൗമാരത്തെ സംഘര്‍ഷമുക്തമാക്കാന്‍ സാധിക്കുമെന്ന്‌ പ്രത്യാശിക്കാം. ഏതായാലും വളരുന്ന തലമുറയുടെ അടിസ്ഥാന മാനവിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ മുന്‍ഗണന നല്‌കാതെ പരീക്ഷാവിജയം മാത്രം ലക്ഷ്യമാക്കി നടത്തുന്ന വിദ്യാഭ്യാസം നാട്ടിനും സമൂഹത്തിനും പ്രത്യാശക്ക്‌ വക നല്‌കുന്നതല്ല; വിശിഷ്യാ അത്യന്തം സങ്കീര്‍ണമായ ആധുനിക സാഹചര്യത്തില്‍.


editorial from shabab weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts