അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെ

അല്ലാഹുവോ റസൂലോ നിര്‍ദേശിക്കാത്ത ഒരു `നൂതന മതാചാരം' മുസ്‌ലിം സമൂഹത്തില്‍ വ്യാപകമാവുകയാണ്‌. അത്‌ ആഴത്തില്‍ വേരോടാന്‍ വേണ്ടി ഒരു വിഭാഗം അഹോരാത്രം പരിശ്രമിക്കുന്നതിന്റെ ഭാഗമാണ്‌ ഇന്ന്‌ നാട്ടില്‍ കാണപ്പെടുന്ന മീലാദ്‌ കാമ്പയിന്‍. നബി(സ) ഒരിക്കല്‍ പോലും ചെയ്‌തു കാണിക്കുകയോ നിര്‍ദേശിക്കുകയോ സ്വഹാബിമാര്‍ അനുഷ്‌ഠിക്കുകയോ ചെയ്യാത്ത ഒരാചാരമാണ്‌ നബിജയന്തി. മുസ്‌ലിംസമൂഹത്തിന്‌ ആഘോഷമായി നബി(സ) നിര്‍ദേശിക്കുകയും മാതൃക കാണിക്കുകയും ചെയ്‌ത രണ്ട്‌ പെരുന്നാള്‍ സുദിനങ്ങള്‍ ആഘോഷിക്കുന്നതിനെക്കാള്‍ എത്രയോ കേമമായി പ്രവാചകജയന്തി ആഘോഷിക്കുന്ന ആളുകള്‍ ഓരോവര്‍ഷവും തങ്ങളുടെ ആഘോഷരീതികളില്‍ വൈവിധ്യങ്ങള്‍ അവതരിപ്പിക്കാന്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നത്‌ കാണാം. മീലാദ്‌ നൈറ്റ്‌, മീലാദ്‌ മീറ്റ്‌, മീലാദ്‌ ഫെസ്റ്റ്‌ തുടങ്ങിയ വ്യത്യസ്‌തമായ പേരുകളില്‍ ഒരുതരം മത്സര ബുദ്ധിയോടെ ഇറക്കിക്കൊണ്ടിരിക്കുന്ന വാള്‍പോസ്റ്ററുകളില്‍ ചിലതില്‍ പ്രത്യേക പ്രമേയങ്ങളും ശീര്‍ഷകങ്ങളും നല്‍കിക്കാണാം.

ഇത്തരത്തിലുള്ള ചില പോസ്റ്ററുകളില്‍ കണ്ട ഒരു പ്രമേയവാക്യം ഇങ്ങനെയാണ്‌: `നബിയിലൂടെ അല്ലാഹുവിലേക്ക്‌.' സത്യവിശ്വാസിക്ക്‌ ഞെട്ടലുളവാക്കുന്ന ഒരു വാചകമാണിത്‌. വിഗ്രഹങ്ങളിലൂടെയും മരിച്ചുപോയ മഹത്തുക്കളിലൂടെയും അല്ലാഹുവിലേക്കടുക്കാന്‍ കര്‍മങ്ങള്‍ ചെയ്‌തിരുന്ന സമൂഹത്തോട്‌ ആശയപരമായി പടപൊരുതി `അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെ' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ ജീവിച്ചു മരിച്ചുപോയ അന്ത്യപ്രവാചകന്റെ പേരില്‍ അദ്ദേഹം പഠിപ്പിച്ച അടിസ്ഥാനാദര്‍ശത്തിന്‌ കടകവിരുദ്ധമായ ആദര്‍ശം പ്രചരിപ്പിക്കുന്നത്‌ എന്തുമാത്രം അപരാധമാണ്‌! ഇത്‌ കേവലം ഒരു പോസ്റ്റര്‍ വാക്യമല്ല. തലമുറകളിലേക്ക്‌ പകരുന്ന തെറ്റായ ഒരു സന്ദേശമാണ്‌. മുസ്‌ലിംസമൂഹം ജാഗ്രത പുലര്‍ത്തിയേ പറ്റൂ.

പ്രവാചക പിതാവായ ഇബ്‌റാഹീം(അ) വിഗ്രഹാരാധനയില്‍ മുഴുകിയ, തന്റെ സമൂഹത്തില്‍ നിരന്തരമായ സംവേദനത്തിലൂടെയും ധൈഷണിക സംവാദത്തിലൂടെയും ഏകദൈവവിശ്വാസത്തിന്റെ (തൗഹീദ്‌) സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഒരു കാര്യം വിശുദ്ധഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌: ``തീര്‍ച്ചയായും ഞാന്‍ ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ചവനിലേക്ക്‌ ഋജുമനസ്‌കനായിക്കൊണ്ട്‌ എന്റെ മുഖം തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല''(6:69). അദ്ദേഹത്തിന്റെ ആ പ്രഖ്യാപനം അനശ്വരമാക്കിക്കൊണ്ട്‌ നിത്യവും നിര്‍ബന്ധമായി അഞ്ചുതവണ ഓരോ വിശ്വാസിയും തന്റെ നമസ്‌കാരത്തില്‍ അതാവര്‍ത്തിക്കണമെന്ന്‌ നബി(സ) പഠിപ്പിക്കുന്നു. വജ്ജഹ്‌തു വജ്‌ഹിയ ലില്ലദീ ഫത്വറസ്സമാവാതി വല്‍ അര്‍ദ്വ ഹനീഫന്‍.... എന്നിട്ട്‌ ആ പ്രവാചകനെത്തന്നെ അല്ലാഹുവിലേക്കുള്ള മാധ്യമമായി സ്വീകരിക്കുകയോ?

ജനങ്ങളിലേക്ക്‌ അല്ലാഹു തന്റെ ദൗത്യവുമായി പറഞ്ഞയച്ച ദൂതനും സന്ദേശവാഹകനുമാണ്‌ പ്രവാചകന്‍(സ). അത്‌ അല്ലാഹു നിശ്ചയിച്ച ഒരു വ്യവസ്ഥയാണ്‌. അഥവാ മനുഷ്യരില്‍ നിന്നു തന്നെ തെരഞ്ഞെടുത്ത ദൂതന്‍ (റസൂല്‍) മുഖേന മനുഷ്യരെ നേര്‍മാര്‍ഗത്തിലേക്ക്‌ നയിക്കുക എന്നത്‌. അത്‌ ഖുര്‍ആന്‍ എടുത്തുപറയുന്നു: ``അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്‌ടാന്തങ്ങള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക്‌ വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ (അല്ലാഹു).'' (62:2)

എന്നാല്‍ ഈ ദൂതന്‍ പഠിപ്പിച്ചതെന്താണ്‌? ഇടയാളന്മാരോ മധ്യവര്‍ത്തികളോ ഇല്ലാതെ ഓരോ മനുഷ്യനും നേര്‍ക്കുനേരെ അല്ലാഹുവിലേക്കടുക്കണമെന്ന്‌. ബഹുദൈവാരാധകരായ സമൂഹങ്ങള്‍ പ്രവാചകന്മാരോട്‌ തങ്ങളുടെ ശിര്‍ക്ക്‌ ന്യായീകരിച്ചത്‌ ഖുര്‍ആന്‍ വിവരിക്കുന്നു: ``അറിയുക, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്‌ നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌.'' (39:3)

അപ്പോള്‍ മനുഷ്യരിലേക്ക്‌ അല്ലാഹു ദൂതന്മാരെ നിശ്ചയിക്കുന്നു. എന്നാല്‍ ആ ദൂതന്മാരിലൂടെയല്ല അല്ലാഹുവിലേക്കടുക്കുന്നതും അവനോട്‌ പ്രാര്‍ഥിക്കുന്നതും. മനുഷ്യര്‍ അല്ലാഹുവിലേക്ക്‌ നേര്‍ക്കുനേരെയാണ്‌ അടുക്കേണ്ടത്‌. നബിയിലൂടെ അല്ലാഹുവിലേക്ക്‌ എന്ന മുദ്രാവാക്യം ഇസ്‌ലാമിനന്യമാണ്‌. മറ്റൊരു കാര്യവും കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു സന്ദേശം നല്‍കുന്നത്‌ എങ്ങനെയാണ്‌? അതിനു മൂന്നു മാര്‍ഗങ്ങള്‍ അല്ലാഹു അവലംബിക്കാറുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: ``(നേരിട്ടുള്ള) ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ ഒരു ദൂതനെ അയച്ച്‌ അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത്‌ ആ ദൂതന്‍ ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട്‌ സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യനും ഉണ്ടാവുകയില്ല'' (42:51). ജിബ്‌രീല്‍(അ) എന്ന മലക്ക്‌ മുഖേനയാണ്‌ മുഹമ്മദ്‌ നബി(സ)ക്ക്‌ വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള വഹ്‌യുകള്‍ നല്‍കിയത്‌.

അല്ലാഹു നബി(സ)ക്ക്‌ സന്ദേശം നല്‍കാന്‍ മലക്ക്‌ എന്ന മാധ്യമം ഉപയോഗിച്ചത്‌ അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയനുസരിച്ചാണ്‌. എന്നാല്‍ നബി(സ)യോ മറ്റു പ്രവാചകരോ ആ മലക്ക്‌ മുഖേനയല്ല അല്ലാഹുവിനോട്‌ പ്രാര്‍ഥിച്ചതും അല്ലാഹുവിലേക്കടുത്തതും. അതുപോലെ അല്ലാഹു പ്രവാചകന്‍ മുഖേന നമുക്ക്‌ സന്മാര്‍ഗം എത്തിച്ചു. എന്നാല്‍ തിരിച്ച്‌ അല്ലാഹുവിനെ സമീപിക്കുന്നത്‌ ആ പ്രവാചകന്‍ മുഖേനയല്ല. നേര്‍ക്കുനേരെയാണ്‌. പ്രവാചകനെ അല്ലാഹു ദൂതന്‍ എന്ന അര്‍ഥത്തിലുള്ള റസൂല്‍ എന്ന്‌ വിശേഷിപ്പിച്ചതു പോലെ (62:2) പ്രവാചകന്‌ അല്ലാഹുവിന്റെ ദൗത്യമെത്തിച്ച മലക്കിനെയും സന്ദേശവാഹകന്‍ എന്ന അര്‍ഥത്തില്‍ റസൂല്‍ (81:19) എന്നാണ്‌ വിശേഷിപ്പിച്ചത്‌. എന്നാല്‍ മലക്കിനെയോ പ്രവാചകനെയോ അല്ലാഹുവിലേക്ക്‌ അടുക്കാനുള്ള മധ്യവര്‍ത്തിയോ മാധ്യമമോ ആയി സങ്കല്‍പിച്ചാല്‍ അത്‌ ബഹുദൈവാരാധന(ശിര്‍ക്ക്‌)യായി. റസൂലിനോടോ മലക്കിനോടോ പാപമോചനത്തിന്നര്‍ഥിച്ചു കൂടാ. സ്വര്‍ഗപ്രവേശം ആവശ്യപ്പെട്ടുകൂടാ. മനുഷ്യന്റെ ആത്മാവിനെ പിടിക്കാന്‍ (മരണം) ഏല്‌പിക്കപ്പെട്ട മലക്കിനോട്‌ ദീര്‍ഘായുസ്സ്‌ നല്‍കാന്‍ പ്രാര്‍ഥിച്ചാല്‍ ശിര്‍ക്കാകുന്നതു പോലെ നേര്‍മാര്‍ഗം കാണിച്ചുതരാന്‍ അല്ലാഹു നിശ്ചയിച്ച പ്രവാചകന്മാരോട്‌ `നേര്‍മാര്‍ഗത്തിലാക്കണേ' എന്ന്‌ പ്രാര്‍ഥിച്ചാല്‍ അതും ശിര്‍ക്കായിത്തീരുന്നു. ഇത്‌ നബിമാരെയും മലക്കുകളെയും ഇകഴ്‌ത്തലല്ല, അല്ലാഹുവിനെ മഹത്വപ്പെടുത്തലാണ്‌.

from SHABAB EDITORIAL

പ്രവാചകനിന്ദയും പ്രവാചകസ്‌നേഹവും

അനുപമായ പ്രവാചക വ്യക്തിത്വത്തെയും ദൈവവചനങ്ങളായ വിശുദ്ധ ഖുര്‍ആനിനെയും അവമതിച്ചുകൊണ്ട്‌ ഒന്നുരണ്ട്‌ പതിറ്റാണ്ടു മുമ്പ്‌ ഒരു മലയാളി യുക്തിവാദി ഒരു വിമര്‍ശനപഠനം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. മലയാളക്കരയിലെ മുസ്‌ലിംകള്‍ അതിനെ ധൈഷണികമായി നേരിട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മുസ്‌ലിം നാമധാരി വിശുദ്ധ ഖുര്‍ആനിനെയും പ്രവാചക വചനങ്ങളെയും `ചെകുത്താന്റെ വാക്കുകള്‍' ആയി ചിത്രീകരിച്ചുകൊണ്ട്‌ രചന നടത്തി. തീവ്രവാദിയായ ഒരു ഭരണാധികാരി അദ്ദേഹത്തെ വധാര്‍ഹനായി പ്രഖ്യാപിച്ചതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം ആ നാലാംകിട സാഹിത്യം വിശ്വോത്തരമായിത്തീര്‍ന്നു! ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രവാചക വ്യക്തിത്വത്തെ തേജോഹത്യ ചെയ്യാന്‍ വേണ്ടി ഡെന്മാര്‍ക്കിലെ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ക്കെതിരെ ലോകത്താകമാനം പ്രതിഷേധം അടിച്ചുവീശി. ഈയിടെ ഒരു കോളെജധ്യാപകന്‍ `പഠനപ്രവര്‍ത്തന'ത്തിനുള്ള മാധ്യമമായി പ്രവാചകനിന്ദ ഉപയോഗിച്ചതും അനന്തരപ്രശ്‌നങ്ങളും നമ്മുടെ മുന്നിലുണ്ട്‌.

അല്ലാഹുവിന്റെ സന്ദേശത്തെയും സന്ദേശവാഹകനെയും (റസൂല്‍) ആയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ എതിരാളികള്‍ ഏതു കാലത്തും ചെയ്‌തുപോന്നതാണ്‌ പ്രവാചകനിന്ദ എന്നത്‌. നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‌ക്കുന്നു. സമകാല സംഭവങ്ങളായ ചിലത്‌ സൂചിപ്പിച്ചുവെന്നു മാത്രമേയുള്ളൂ. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത്‌ ഒന്നുകില്‍ ഇതര മതവിശ്വാസികളായ തീവ്രവാദികളോ അല്ലെങ്കില്‍ മതനിഷേധികളായ യുക്തിവാദികളോ ആണ്‌. ഏതെങ്കിലും തരത്തില്‍ പെട്ട ഒരാള്‍ മുഹമ്മദ്‌ നബി(സ)യെ ഇകഴ്‌ത്താന്‍ ശ്രമിക്കുന്നത്‌ ഒരു സത്യവിശ്വാസിക്ക്‌ സഹിക്കാനാവില്ല. വിശ്വാസികള്‍ക്ക്‌ പ്രവാചകനുമായി അത്രമാത്രം ആത്മബന്ധമുണ്ട്‌ എന്നതാണതിനു കാരണം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാള്‍ അടുത്ത ആളാകുന്നു.

അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളാകുന്നു'' (35:6). എങ്ങനെയാണ്‌ ഈ അടുപ്പവും കടപ്പാടും പാലിക്കപ്പെടേണ്ടത്‌ എന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി സ്‌മരിക്കുകയും ചെയ്യുന്നവര്‍ക്ക്‌'' (35:21). ``നിങ്ങള്‍ക്ക്‌ റസൂല്‍ നല്‌കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. ഏതൊന്നില്‍ നിന്ന്‌ റസൂല്‍ നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ വിട്ടുനില്‌ക്കുകയും ചെയ്യുക'' (59:7). അഥവാ സത്യവിശ്വാസി തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നത്‌ പ്രവാചകന്റെ ജീവിത മാതൃകയനുസരിച്ചാണ്‌ എന്നര്‍ഥം.
ഈ ദൗത്യം വളരെ കൃത്യമായി പാലിച്ചവരായിരുന്നു റസൂലിന്റെ അനുചരന്മാര്‍ അഥവാ സ്വഹാബികള്‍. അവര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒപ്പിയെടുത്തു സ്വാംശീകരിച്ചു. തങ്ങളുടെ ജീവനെക്കാള്‍ അവര്‍ പ്രവാചകനെ സ്‌നേഹിച്ചു; ആദരിച്ചു. അദ്ദേഹത്തിനെതിരെ വന്ന ആക്ഷേപ ശരങ്ങള്‍ക്ക്‌ മറുപടി പറയുക മാത്രമല്ല, അദ്ദേഹത്തിനു നേരെ വന്ന അസ്‌ത്രങ്ങള്‍ സ്വദേഹം കൊണ്ട്‌ തടുത്തു. പിന്മുറക്കാരായ നമ്മുടെ മുന്നില്‍ പ്രവാചകന്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹം കാണിച്ചുതന്ന ജീവിതമാതൃക (സുന്നത്ത്‌) അനശ്വരമായി നിലനില്‌ക്കുന്നു. അത്‌ പിന്‍പറ്റുകയും അതിന്റെ മഹത്വങ്ങള്‍ ലോകത്തിനു കാണിച്ചുകൊടുക്കുകയും ആ അനുപമ വ്യക്തിത്വത്തിനു നേരെ വരുന്ന നിന്ദാ ശരങ്ങള്‍ സമചിത്തത കൈവിടാതെ നേരിടുകയും വേണം.

നിര്‍ഭാഗ്യവശാല്‍ ജാജ്ജ്വലമായ ആ ജീവിതസരണിയിലൂടെ മുന്നോട്ടുനീങ്ങാന്‍ പ്രവാചകന്റെ അനുയായികള്‍ക്കു തന്നെ സാധിക്കുന്നില്ല. ഇസ്‌ലാം എന്നത്‌ പാരമ്പര്യവും നാട്ടുനടപ്പുമാണ്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ച മുസ്‌ലിം ഭൂരിപക്ഷത്തിന്‌ നബിചര്യ എന്താണെന്ന്‌ അജ്ഞാതമാണ്‌. എന്നാല്‍ ഏതെങ്കിലും ഭാഗത്തുനിന്ന്‌ പ്രവാചകനിന്ദ ഉണ്ടായി എന്നു കേട്ടാല്‍ വൈകാരികമായി പ്രതികരിക്കാന്‍ അവര്‍ മുന്നോട്ടുവരുന്നു. ഇത്‌ വലിയ വിരോധാഭാസമാണ്‌.

പ്രവാചകനെ സ്‌നേഹിക്കുക എന്നാല്‍ അദ്ദേഹത്തെ ശരിയാംവണ്ണം പിന്‍പറ്റലാണ്‌ എന്ന സത്യം മനസ്സിലാക്കാതെ ഇതര മതക്കാരും മറ്റു ചില പ്രസ്ഥാനക്കാരും തങ്ങളുടെ ആചാര്യന്മാരോടു പുലര്‍ത്തുന്ന ബന്ധമാണ്‌ അന്ത്യപ്രവാചകനോട്‌ ചില മുസ്‌ലിംകള്‍ പുലര്‍ത്തുന്നത്‌. ഭാഗ്യന്തരേണ ഈ നിലപാട്‌ പ്രവാചക സ്‌നേഹത്തിനുപകരം പ്രവാചക നിന്ദയായിത്തീരുകയാണെന്ന വസ്‌തുത അവരറിയാതെ പോകുന്നു.

അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ റബീഉല്‍ അവ്വല്‍ മാസത്തില്‍ മുസ്‌ലിം സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രവാചക ജയന്തി ആഘോഷം. മുഹമ്മദ്‌ നബി(സ) ജീവിതത്തിലൊരിക്കലും തന്റെ ബെര്‍ത്ത്‌ഡേ ആഘോഷിച്ചിട്ടില്ല. പ്രവാചകനെ ജീവനെക്കാള്‍ സ്‌നേഹിച്ച ഖലീഫമാരോ സ്വഹാബികളോ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ആചരിച്ചില്ല. സ്വഹാബിമാരില്‍ നിന്ന്‌ നേരിട്ട്‌ ദീന്‍ പഠിച്ച സച്ചരിതരായ മുന്‍ഗാമികള്‍ (സലഫുസ്സ്വാലിഹ്‌) ജന്മദിനാഘോഷം എന്തെന്നറിഞ്ഞിട്ടില്ല. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ മുസ്‌ലിം സമൂഹത്തെ വൈജ്ഞാനികമായി നയിച്ചവരും പില്‍ക്കാലത്ത്‌ മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെട്ടവരുമായ മഹാന്മാരോ അവരുടെ ശിഷ്യരോ ഈ നൂതനകര്‍മം ചെയ്‌തിട്ടില്ല.

പ്രവാചക വിയോഗം കഴിഞ്ഞ്‌ നൂറ്റാണ്ടുകള്‍ക്കു ശേഷം ഉണ്ടായ നബിദിനാഘോഷം എന്ന നൂതനാചാരം പുണ്യകരമായ മത കര്‍മമാണെന്ന രീതിയില്‍ ചിലര്‍ അനുഷ്‌ഠിക്കുന്നത്‌ ഖേദകരമാണ്‌. ഇത്തരം പുതിയ മതാചാരങ്ങള്‍ക്കാണ്‌ ബിദ്‌അത്ത്‌ എന്ന്‌ സാങ്കേതികമായി പറയപ്പെടുന്നത്‌. ബിദ്‌അത്തുകള്‍ വഴികേടിലാണ്‌ എന്നാണ്‌ പ്രവാചകന്റെ മുന്നറിയിപ്പ്‌. സമൂഹത്തില്‍ കാണുന്നത്‌ വിവേചനമില്ലാതെ വാരിപ്പുണരുന്ന മുസ്‌ലിം സമുദായത്തോട്‌ ഇക്കാര്യത്തില്‍ സ്‌നേഹബുധ്യാ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ്‌ പ്രബോധകന്മാരുടെ ബാധ്യത.

from SHABAB editorial

മനസ്സ്‌ കുറ്റമറ്റതാക്കാന്‍

``നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുവിന്‍. തീര്‍ച്ചയായും സംസാരങ്ങളില്‍ ഏറ്റവും വ്യാജമായത്‌ ഊഹമത്രെ.''
(ബുഖാരി, മുസ്‌ലിം)

``കേള്‍ക്കുന്നതെല്ലാം പറയുക എന്നത്‌ തന്നെ മതിയാകുന്നതാണ്‌ ഒരാള്‍ കളവ്‌ പറയുന്നവനായിത്തീരാന്‍.''
(മുസ്‌ലിം)

ഒരു സത്യവിശ്വാസി തന്റെ കാതും നാവും മനസ്സും അപഭ്രംശത്തില്‍ നിന്ന്‌ കാത്തുസൂക്ഷിക്കണമെന്നുണര്‍ത്തുന്ന നബിവചനങ്ങളാണ്‌ മുകളിലുദ്ധരിച്ചത്‌. ഊഹവും പരദൂഷണവും പരസ്‌പര പൂരകങ്ങളാണ്‌. സംസാരം പരദൂഷണമാകുമ്പോള്‍ പറയുന്ന നാവും കേള്‍ക്കുന്ന കാതും ഒരേസമയം കുറ്റത്തില്‍ പങ്കുവഹിക്കുന്നു.

പരദൂഷണം കേള്‍ക്കാന്‍ നിര്‍ബന്ധിതരായ വ്യക്തികള്‍ക്ക്‌ താന്‍ കേട്ട കാര്യത്തെപ്പറ്റി സ്വന്തമായ ഒരന്വേഷണത്തിലൂടെയും കുറ്റവിമുക്തി നേടാവുന്നതാണ്‌. കേട്ട കാര്യങ്ങള്‍ അന്വേഷണത്തിലൂടെ സത്യമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ആ വ്യക്തിയെ നേരില്‍ കണ്ട്‌ തെറ്റ്‌ തിരുത്താന്‍ ഗുണദോഷിക്കുകയാണ്‌ വേണ്ടത്‌. ബന്ധപ്പെട്ട വ്യക്തി കുറ്റക്കാരനല്ലെന്ന്‌ കണ്ടാല്‍ പരദൂഷണം പറഞ്ഞ്‌ തന്നെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തിനെ തിരുത്താനും സാധിക്കണം.

വ്യക്തികളെപ്പറ്റി തെറ്റായ ധാരണകളുണ്ടാക്കി വ്യക്തിബന്ധം തകര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്‌. രാഷ്‌ട്രീയവൈരവും പാര്‍ട്ടി പക്ഷപാതിത്വവും ഇതിന്‌ നിമിത്തമായി വര്‍ത്തിക്കുന്നു. തന്റെ പാര്‍ട്ടിക്കാരനും കക്ഷിക്കാരനുമാണ്‌ മറ്റൊരാളെപ്പറ്റി ദുഷിച്ച്‌ സംസാരിക്കുന്നതെങ്കില്‍ അത്‌ കണ്ണടച്ച്‌ വിശ്വസിക്കുകയും അതേറ്റു വിളിക്കുകയും ചെയ്യുന്നു. ഓരോ കക്ഷിയും തങ്ങളുടെ എതിരാളിയെ ഇവ്വിധം ചെളിവാരിയെറിയുന്ന കാഴ്‌ച എത്രയോ ഉണ്ട്‌. മറ്റൊരാളെ ദുഷിച്ച്‌ പറയുകയും അത്‌ കണ്ണടച്ച്‌ വിശ്വസിക്കുകയും ചെയ്യുന്നവര്‍ അതിന്റെ ഇസ്‌ലാമിക നിയമങ്ങള്‍ പലപ്പോഴും ഗൗനിക്കാറില്ല.

പരദൂഷണവും ഊഹാപോഹങ്ങളും കൊണ്ട്‌ നാവും കാതും മനസ്സും മലിനമാക്കിയവര്‍ ഇഹത്തിലും പരത്തിലും നഷ്‌ടക്കാരായിരിക്കുമെന്നാണ്‌ മതപ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഇത്തരക്കാര്‍ ഇഹലോകത്ത്‌ ചെയ്‌ത സല്‍കര്‍മങ്ങള്‍ പരലോകത്ത്‌ വെച്ച്‌ തന്റെ പ്രതിയോഗികള്‍ക്ക്‌ വീതിച്ചുകൊടുത്ത്‌ പാപ്പരായിത്തീരുന്ന ദയനീയാവസ്ഥയെപ്പറ്റി നബിവചനങ്ങളിലുണ്ട്‌.

ബനുല്‍മുസ്‌തലഖ്‌ യുദ്ധം കഴിഞ്ഞ്‌ വിജയശ്രീലാളിതരായി തിരിച്ചെത്തിയ മുസ്‌ലിംകള്‍ കപടവിശ്വാസികള്‍ പ്രചരിപ്പിച്ച അപവാദകഥയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ. യാത്രാമധ്യേ വഴിയില്‍ ഒറ്റപ്പെട്ടുപോയ പ്രവാചകപത്‌നി ആഇശ(റ)യെ പ്രവാചകശിഷ്യനും സൈന്യത്തിന്റെ നിരീക്ഷകനുമായ സ്വഫ്‌വാന്‍(റ) കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു എന്ന സ്വാഭാവികമായ ഒരു സംഭവത്തെ കപടവിശ്വാസികള്‍ ഊഹാധിഷ്‌ടിതമായി നോക്കിക്കാണുകയും ദുഷിച്ച വ്യാഖ്യാനം നല്‌കി പ്രചരിപ്പിക്കുകയും ചെയ്‌തു.

ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്‌മത പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്‌. കപടവിശ്വാസികള്‍ ബോധപൂര്‍വം രൂപപ്പെടുത്തിയ അപവാദക്കഥയില്‍ വിശ്വസിക്കുന്നവര്‍ സ്വഹാബികളിലുണ്ടായി. ഊഹം, അപവാദം, പരദൂഷണം എന്നിവയുടെ കെണിയില്‍ കുടുങ്ങുമ്പോള്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അല്ലാഹു സത്യവിശ്വാസികളെ അറിയിച്ചിട്ടുണ്ട്‌. (വി.ഖു. 24:11-24)

സംശുദ്ധ മനസ്സുമായി ദൈവസന്നിധിയിലെത്തുന്നവര്‍ക്ക്‌ മാത്രമേ പരലോകത്ത്‌ രക്ഷപ്പെടാനാവൂ എന്ന്‌ ഇബ്‌റാഹീം നബി(അ)യുടെ ഒരു പ്രാര്‍ഥനയിലൂടെ ഖുര്‍ആന്‍ അടിവരയിടുന്നു: ``അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‌പ്‌ ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത്‌, കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം.'' (വി.ഖു. 26:87-89)

കുറ്റമറ്റ ഹൃദയമുണ്ടാകണമെങ്കില്‍ പരദൂഷണം പറയുന്നതില്‍ നിന്ന്‌ നാവിനെയും കേള്‍ക്കുന്നതില്‍ നിന്ന്‌ കാതിനെയും ഊഹാപോഹങ്ങള്‍ കുത്തിനിറക്കുന്നതില്‍ നിന്ന്‌ മനസ്സിനെയും സംരക്ഷിച്ചുനിര്‍ത്തണം. ``സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്തുവന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്‌ക്ക്‌ നിങ്ങള്‍ ആപത്ത്‌ വരുത്തുകയും എന്നിട്ട്‌ അതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.'' (ഹുജുറാത്ത്‌ 49)

``തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.''(നജ്‌മ്‌ 28)

ദൈവബോധവും പരലോകചിന്തയുമുള്ള സത്യവിശ്വാസികള്‍ ഇഹപരജീവിതം ദുഷ്‌കരമാക്കുന്ന ഊഹം, അപവാദം, പരദൂഷണം എന്നീ ദുര്‍ഗുണങ്ങളില്‍ നിന്നകന്ന്‌ മനസ്സിനെ കുറ്റമറ്റതാക്കാന്‍ ശ്രമിക്കുക.

from Shabab Hadees Paadam

ലജ്ജയെന്ന കവചം ഭേദിക്കാതിരിക്കുക

സമൂഹജീവിയാണ്‌ മനുഷ്യന്‍. സമൂഹത്തിലെ ഒരംഗമെന്ന നിലയില്‍ ഓരോ വ്യക്തിയും ഇതര മനുഷ്യരോട്‌ എങ്ങനെ വര്‍ത്തിക്കണമെന്ന രീതിശാസ്‌ത്രത്തിന്റെ ആകെത്തുകയാണ്‌ സ്വഭാവ-സംസ്‌കാര മര്യാദകള്‍. മതങ്ങളാണ്‌ ഇവയുടെ സ്രോതസ്സ്‌. ശാസ്‌ത്രീയ നിരീക്ഷണങ്ങള്‍ക്കോ ഭൗതിക പ്രത്യയശാസ്‌ത്രങ്ങള്‍ക്കോ സാംസ്‌കാരിക രംഗത്ത്‌ നല്‍കാനൊന്നുമില്ല. ഇസ്‌ലാം ഇതിന്റെ ഏറ്റവും ഉത്തമവും ഉത്തുംഗവുമായ നിലവാരം മനുഷ്യരുടെ മുന്നില്‍ വയ്‌ക്കുന്നു. അചഞ്ചലമായ വിശ്വാസം, വിശ്വാസത്തില്‍ നിന്ന്‌ ഉത്ഭൂതമാകുന്ന കര്‍മാനുഷ്‌ഠാനങ്ങള്‍, തജ്ജന്യമായ മഹത്തായ സ്വഭാവം എന്നീ മൂന്നു ഘടകങ്ങളാണ്‌ മതമെന്ന്‌ സാമാന്യമായി പറയാം.

ഇത്തരത്തിലുള്ള സ്വഭാവമര്യാദകളാണ്‌ മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന്‌ വ്യതിരിക്തനാക്കുന്നത്‌. മനുഷ്യനെ മനുഷ്യനാക്കുന്ന ഉത്‌കൃഷ്‌ട സ്വഭാവങ്ങളിലൊന്നാണ്‌ ലജ്ജ. സ്വകാര്യതകള്‍ കാത്തുസൂക്ഷിക്കാനും മാനവികത സംരക്ഷിക്കാനും ഏറ്റവും ആവശ്യമായ ഒരു ഗുണവിശേഷവും കൂടിയാണ്‌ ലജ്ജ. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്കും നഗ്നതകളിലേക്കും എത്തിനോക്കാനോ തന്റെ സ്വകാര്യതകള്‍ പ്രദര്‍ശിപ്പിക്കാനോ ലജ്ജ എന്ന ഗുണുള്ള ആളുകള്‍ മുതിരുകയില്ല. ആശാസ്യമല്ലാത്ത കാര്യങ്ങള്‍ സമൂഹമധ്യത്തില്‍ വരാതിരിക്കാനുള്ള പ്രധാന കാരണം മനുഷ്യരുടെ ലജ്ജാശീലമാണ്‌.

വിവേകമെത്തിയിട്ടില്ലാത്ത പിഞ്ചുകുട്ടികള്‍ക്ക്‌ ലജ്ജ എന്നൊരു വികാരമില്ല. അതുകൊണ്ട്‌ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ത്യാജ്യഗ്രാഹ്യബോധമോ വിവേചനമോ കാണില്ല. എന്നാല്‍ നിഷ്‌കളങ്കമായ ആ കുരുന്നുകളുടെ ഏതുതരം ചെയ്‌തികളും നമുക്ക്‌ വിമ്മിട്ടമോ അലോസരമോ ഉണ്ടാക്കില്ല. നഗ്നത വെളിപ്പെടുത്തുക, പരസ്യമായി മലമൂത്ര വിസര്‍ജനം നടത്തുക, പരിസരബോധമില്ലാതെ സംസാരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലജ്ജയില്ലാത്തവന്റെ പ്രവൃത്തികളാണെങ്കിലും പിഞ്ചുകുഞ്ഞുങ്ങളാണെങ്കില്‍ അതില്‍ ആര്‍ക്കും വിഷമമില്ല. വിവേകത്തിനു ശേഷം പ്രായാധിക്യമെത്തി വീണ്ടും കുട്ടിത്തത്തിന്റെ ചേഷ്‌ടകള്‍ കാണിക്കുന്ന പടുവൃദ്ധരില്‍ നിന്ന്‌ ലജ്ജാവിഹീനമായ പ്രവൃത്തികള്‍ കാണുമ്പോള്‍ മുതിര്‍ന്നവര്‍ സഹതപിക്കുകയും അവരെ അതില്‍ നിന്ന്‌ യഥോചിതം വിലക്കുകയും ചെയ്യുന്നു. ബുദ്ധിഭ്രംശം മൂലം മാനസിക രോഗങ്ങള്‍ക്കടിപ്പെട്ട മനുഷ്യര്‍ക്ക്‌ മറ്റു പല മാനവിക ഗുണങ്ങളുമെന്ന പോലെ ലജ്ജ എന്ന വികാരവും നഷ്‌ടപ്പെടുന്നു. അതുകൊണ്ടാണ്‌ വിവേകമുള്ളവര്‍ അത്‌ രോഗമായി കണ്ട്‌ അവരെ ചികിത്സിക്കാന്‍ മുതിരുന്നത്‌. പിഞ്ചുകുഞ്ഞിനും പടുവൃദ്ധനും മാനസികരോഗിക്കും നിയമങ്ങള്‍ ബാധകമാവുകയോ അവര്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇസ്‌ലാമിന്റെ ദൃഷ്‌ടിയിലും അവര്‍ കുറ്റക്കാരല്ല.

എന്നാല്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അടിമകളായി ബുദ്ധിഭ്രംശം വിലയ്‌ക്കു വാങ്ങുന്നവര്‍ക്കും ലജ്ജ എന്ന വികാരം നഷ്‌ടപ്പെടുന്നു. സ്വബോധം നഷ്‌ടപ്പെടുന്നതിനാല്‍ സമൂഹത്തില്‍ വെച്ച്‌ ഏതുതരം ചേഷ്‌ടകളും അവര്‍ നിര്‍ലജ്ജം ചെയ്‌തുകൂട്ടും. താന്‍ എന്തു പറയുന്നുവെന്നോ ആരോട്‌ പറയുന്നുവെന്നോ താന്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌ സമൂഹത്തില്‍ എന്ത്‌ പ്രത്യാഘാതമാണ്‌ ഉണ്ടാവുന്നതെന്നോ ചിന്തിക്കാന്‍ കഴിയാത്ത മദ്യാസക്തര്‍ തികച്ചും കുറ്റവാളികളും ശിക്ഷിക്കപ്പെടേണ്ടവരുമായി കണക്കാക്കപ്പെടുന്നത്‌ ഇത്‌ അവരുടെ സ്വന്തം കാരണങ്ങളാല്‍ ആര്‍ജിച്ച തിന്മയായതുകൊണ്ടാണ്‌.

ഒരു കുഞ്ഞ്‌ മുതിര്‍ന്നു വരുന്നതിന്നനുസരിച്ച്‌ അവനില്‍ ലജ്ജാബോധവും വളര്‍ന്നുവരുന്നു. കാരണം ഇത്‌ മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ഒരു ഗുണമാണ്‌. വിവസ്‌ത്രമാക്കപ്പെടുമ്പോള്‍ ലജ്ജ തോന്നുന്നത്‌ ഈ നൈസര്‍ഗികബോധം കൊണ്ടാണ്‌. പ്രകൃതി വിശേഷം അടിസ്ഥാനഗുണമായി കാണുന്ന മതമാണ്‌ ഇസ്‌ലാം. ലജ്ജയുടെ കാര്യത്തിലും അങ്ങനെ തന്നെ. നബി(സ)പറയുന്നു: ``ഈമാന്‍ എഴുപതില്‍പരം ശാഖകളാണ്‌. അവയിലേറ്റവും ശ്രേഷ്‌ഠം ഏകദൈവവിശ്വാസവും ഏറ്റവും താഴ്‌ന്നത്‌ വഴിയില്‍ നിന്ന്‌ ഉപദ്രവം നീക്കലുമാണ്‌. ലജ്ജ ഈമാനിന്റെ ഒരു ഭാഗമാണ്‌.''. മനുഷ്യന്റെ നല്ല നടപ്പുകളിലെല്ലാം ഈമാന്‍ പ്രതിഫലിക്കുന്നു എന്നര്‍ഥം. അപ്പോള്‍ ലജ്ജയില്ലാതാകുന്നത്‌ ഈമാനിന്റെ കുറവായി ഗണിക്കേണ്ടിവരും. മനുഷ്യന്‍ പല തിന്മകളും ചെയ്യാതിരിക്കാന്‍ ഒരു കാരണം ലജ്ജാബോധമാണ്‌. മതവിശ്വാസമോ സാംസ്‌കാരിക ചിന്തയോ ഒന്നുമില്ലെങ്കിലും ഒരു സാമൂഹ്യബോധമെന്ന നിലയില്‍ ലജ്ജ മനുഷ്യനെ തിന്മകളില്‍ നിന്ന്‌ പ്രതിരോധിക്കുന്നു. സ്വകാര്യമായി തെറ്റു ചെയ്യുന്നവര്‍ പോലും പകല്‍ മാന്യന്മാരാകുന്നതിന്റെ പിന്നുള്ളത്‌ ലജ്ജ എന്ന കവചമാണ്‌. അതാണ്‌ നബി(സ) പറഞ്ഞത്‌. ``നിനക്ക്‌ ലജ്ജയില്ലെങ്കില്‍ നിനക്കിഷ്‌ടമുള്ളത്‌ ചെയ്‌തോളൂ.'' എന്തും ചെയ്യാനുള്ള അനുവാദമല്ല; ലജ്ജയില്ലാതായാല്‍ ഉണ്ടാകാവുന്ന പരിണതിയാണ്‌ റസൂല്‍(സ) മുന്നറിയിപ്പ്‌ തരുന്നത്‌.

മനുഷ്യന്റെ ജന്മബോധവും ഇസ്‌ലാമിന്റെ സംസ്‌കാരവുമായ ലജ്ജാബോധം മനുഷ്യനില്‍ നിന്ന്‌ പതുക്കെപ്പതുക്കെ എടുത്തുമാറ്റപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷം നമുക്കു ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നു. കലയും സാഹിത്യവുമെന്ന പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മിക്ക സംഗതികളും മനുഷ്യനെ ലജ്ജയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നവയാണ്‌. മീഡിയ, പ്രത്യേകിച്ചും ദൃശ്യമീഡിയ, നമുക്കു മുന്നില്‍ വിളമ്പിത്തരുന്നതില്‍ മുച്ചൂടും നിര്‍ലജ്ജമായ പരിപാടികളാണ്‌. സിനിമയും സീരിയലും സംവേദനത്തിനുപകരിക്കുന്ന ഉത്തമ മാധ്യമമാണെന്നിരിക്കെ അവയെ ദുരുപയോഗപ്പെടുത്തി അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിച്ച്‌ പ്രേക്ഷക മനസ്സില്‍ നിന്ന്‌ ലജ്ജ എന്ന വികാരം തന്നെ നഷ്‌ടപ്പടുത്തുകയാണ്‌. കുടുംബത്തോടൊപ്പം കാണാന്‍ പറ്റാത്തതും കുട്ടികള്‍ കാണാന്‍ പാടില്ലാത്തതുമായ സിനിമകള്‍ മുന്‍കാലങ്ങളില്‍ `എ' എന്ന പേരില്‍ മാറ്റിനിര്‍ത്തിയിരുന്നത്‌ ഈ സാമൂഹ്യബോധം മൂലമായിരുന്നു. പക്ഷേ, ഫലം പൂര്‍ണമായും നെഗറ്റീവ്‌ ആയിരുന്നു. സകലമാന വേര്‍തിരിവും അതിലംഘിച്ച്‌ പുറത്തിറങ്ങുന്ന സിനിമകളും പൊതുസ്ഥലങ്ങളില്‍ കൊത്തിവച്ച ശില്‌പങ്ങളും വഴിയിലുടനീളം കാണുന്ന അശ്ലീല പോസ്റ്ററുകളും കണ്ടുകണ്ട്‌ -ഒഴിഞ്ഞുമാറാന്‍ കഴിയാഞ്ഞ്‌- അശ്ലീലതകള്‍ക്കു നേരെ ഒരുതരം നിസ്സംഗത മനുഷ്യരില്‍ വന്നുചേര്‍ന്നിരിക്കുകയാണ്‌. ലജ്ജ എന്ന കവചപാളിക്ക്‌ ഓട്ട വീണാല്‍ സാംസ്‌കാരികത്തകര്‍ച്ചയായിരിക്കും ഫലം. ഈയൊരു ദുരവസ്ഥയിലേക്ക്‌ സമൂഹം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഇതിന്നെതിരെ ബോധവത്‌കരണം നടത്തുക, വിശ്വാസത്തിന്റെ രക്ഷാകവചം തേടുക എന്നത്‌ മാത്രമാണ്‌ നമുക്ക്‌ മുന്നിലുള്ള പോംവഴി.

വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്തട്ടെ. അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്‌താലും അത്‌ ബഹുദൈവാരാധന (ശിര്‍ക്ക്‌) ആയിത്തീരുന്നു. അഭൗതികമായ നേട്ടം പ്രതീക്ഷിക്കാതെ ജനപ്രീതി നേടാന്‍ വേണ്ടി നന്മ ചെയ്യുമ്പോള്‍ അത്‌ ഗോപ്യമായ ശിര്‍ക്ക്‌ (ശിര്‍ക്കുല്‍ഖഫിയ്യ്‌), ചെറിയശിര്‍ക്ക്‌ (ശിര്‍ക്കുല്‍അസ്വ്‌ഗര്‍) നബി(സ) വിശേഷിപ്പിച്ചു. അതിന്റെ നേര്‍വിപരീതം ശ്രദ്ധിക്കുക. അല്ലാഹു കാണുമല്ലോ എന്ന ചിന്തയാല്‍ തെറ്റില്‍ നിന്ന്‌ മാറിനില്‍ക്കുന്നത്‌ വലിയ പുണ്യം ജനങ്ങള്‍ കാണുന്നത്‌ ഭയന്ന്‌-ലജ്ജയാല്‍-തിന്മ ചെയ്യാതിരിക്കുന്നതും വ്യക്തിക്കും സമൂഹത്തിനും ഗുണകരമാണ്‌. അതാണല്ലോ അത്‌ ഈമാനില്‍ പെട്ടതാണ്‌ എന്ന്‌ നബി(സ) പ്രോത്സാഹിപ്പിക്കാന്‍ കാരണം. നമ്മുടെ പിന്‍തലമുറ ലജ്ജയില്ലാത്തവരാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

from shabab editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts