വിധിയോട് വിരോധമരുത്

സംതൃപ്തമായ ജീവിതത്തിന് ഭീമമായ പണം ചെലവഴിച്ച് പരിശീലനത്തിന് പോകുന്നത് നാം പലരിലും കാണുന്നു. മനസ്സംഘര്‍ഷങ്ങളില്ലാതെ ജീവിക്കാനുള്ള ഒറ്റമൂലി പരസ്യങ്ങള്‍, വിവിധ കോഴ്‌സുകളും പാക്കേജുകളും. പരസ്പരമുള്ള സംസാരങ്ങളില്‍ മിക്കതും അസന്തുലിത മനസ്സിന്റെ നൊമ്പരങ്ങളാണ്. ജീവിത പരീക്ഷണങ്ങളില്‍ ചൈതന്യം ചോര്‍ന്നുപോയവര്‍. ശാരീരികാരോഗ്യം ശക്തമാണെങ്കിലും തകര്‍ന്ന മനസ്സുകളുടെ ഉടമകളായി ജീവിക്കുന്നു.

ജീവിതത്തില്‍ ഭൗതികാഭിവൃദ്ധിയും 'ഐശ്വര്യ മാനദണ്ഡങ്ങളും' ധാരാളമുണ്ടെങ്കിലും കൊച്ചു കൊച്ചു തിക്താനുഭവങ്ങളില്‍ അസ്വസ്ഥരാകുന്ന മനുഷ്യര്‍. ദൈവവിശ്വാസം വഴി ലഭ്യമാവേണ്ട നിര്‍ഭയത്വം നഷ്ടപ്പെട്ട് കണ്ണുനീര്‍ വാര്‍ത്ത് കഴിയുന്നവര്‍. എല്ലാവരും വിധിയോട് വിരോധം തീര്‍ത്തും പഴിച്ചും കാലചക്രം മുന്നോട്ട് തിരിക്കുകയാണ്.

കഴിഞ്ഞ മാസം കൂടുതല്‍ സമയവും ചെലവഴിക്കേണ്ടി  വന്നത് രോഗം, ആശുപത്രി തുടങ്ങിയ മേഖലകളിലായിരുന്നു. അപൂര്‍വം ആളുകള്‍ മാത്രമാണ് തികഞ്ഞ മനസ്സമാധാനം അനുഭവിക്കുന്നവരായിട്ടുള്ളത്. പരിവേദനങ്ങളും പരാതികളുമാണ് കൂടുതല്‍. പരമദയാലുവായ സ്രഷ്ടാവിന്റെ പരിപക്വമായ നിശ്ചയങ്ങളോട് പുഞ്ചിരിക്കാന്‍ മനശ്ശക്തിയുള്ളവര്‍ തുലോം പരിമിതം. 'എന്തിന് എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നു' വെന്നാണ് മുഖങ്ങള്‍ അധികവും വിളിച്ചുപറയുന്നത്.

നാഥനെ തിരിച്ചറിയുകയാണ് മനസ്സമാധാനത്തിന്റെ മുഖ്യഘടകം. ജീവിതത്തിലെ പരീക്ഷണങ്ങളിലാണ് സമാധാനത്തിന് പകിട്ട് കുറയുന്നത്. അത് കൊണ്ടുതന്നെ പരീക്ഷണങ്ങള്‍ എന്തുകൊണ്ട്? എന്ന് ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്. സ്രഷ്ടാവിനെ ശരിയായി ഗ്രഹിക്കുകയല്ലാത്ത മറ്റു 'ഒറ്റമൂലി'കളെല്ലാം സ്ഥായിയായ പരിഹാര മാര്‍ഗങ്ങളല്ല.

ഇമാം ഗസ്സാലി(റ) ഇഹ്‌യാ ഉലുമുദ്ദീനില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. 'അല്ലാഹുവിനെ അറിയുക' മുസ്‌ലിമിന്റെ ബാധ്യതയാണ്. പക്ഷേ, അവന്‍ അറിയാതെ പോകുന്ന അല്ലാഹുവിന്റെ അതിപ്രധാന നാമവിശേഷമാണ് 'റബ്ബ്' എന്നത്. 'റബ്ബി'ന്റെ അകംപൊരുള്‍ ശരിയായി ഗ്രഹിക്കുന്നതോടെ അസന്തുഷ്ടി അകറ്റാന്‍ സാധിക്കും.''

~ഒരു മനുഷ്യനെ ഘട്ടം ഘട്ടമായി വളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ് 'തര്‍ബിയത്ത്'. മനുഷ്യന് ആവശ്യമാകുന്നതും തിരസ്‌ക്കരിക്കേണ്ടതും എന്താണെന്ന ആത്യന്തിക ജ്ഞാനം സ്രഷ്ടാവിന് മാത്രമേയുള്ളൂ. ആ തീരുമാനം പക്ഷെ, മനുഷ്യന് അടിസ്ഥാനപരമായി അപാകമോ അപകടമോ അനീതിയോ വരുത്തുന്നതുമല്ല (4:40, 10:44, 16:118, 29:40). പരമ പരിപൂര്‍ണമായ നടപടിക്രമങ്ങളേ പരമകാരുണികനില്‍ നിന്ന് ഉണ്ടാവുകയുള്ളൂ. ന്യൂനത അണു അളവ് നാഥന്റെ സംവിധാനങ്ങളിലോ തീരുമാനങ്ങളിലോ കാണുകയില്ല. (27:88, 67:3)

അസന്തുഷ്ടിയോ അസ്വസ്ഥതയോ പകരാത്ത നിശ്ചയങ്ങളാണ് മനുഷ്യജീവിതത്തില്‍ 'വിധി'യായി അനുഭവിക്കാനുള്ളത്. മനുഷ്യനെ അസന്തുലിതനാക്കി കഷ്ടനഷ്ടങ്ങളിലും കഠിന പ്രയാസങ്ങളിലും ആനന്ദം അനുഭവിക്കുന്ന 'സാഡിസ്റ്റ്' സമീപനമാണ് കരുണാവാരിധിയായ സ്രഷ്ടാവില്‍ നിന്ന് ഉണ്ടാവുന്നത് എന്ന് എങ്ങനെയാണ് ഒരു ദൈവവിശ്വാസിക്ക് ഓര്‍ക്കാന്‍ പോലും കഴിയുക?!

ലഭ്യതയിലും തിരസ്‌കാരത്തിലും ദൈവകാരുണ്യ സ്പര്‍ശം കൃത്യമാണ്. അതുകൊണ്ടുതന്നെ മനുഷ്യന് അസ്വസ്ഥത ആവശ്യമില്ല. ജീവിതപരീക്ഷണങ്ങള്‍ക്ക് പരിഹാരമാണ് തേടേണ്ടത്. മനുഷ്യന് നല്‍കേണ്ടത് നല്‍കിയും നിഷേധിക്കേണ്ടത് തടഞ്ഞും ഘട്ടം ഘട്ടമായി വളര്‍ത്തി വികസിപ്പിച്ച് മരണവും പുനര്‍ജീവനവും വിചാരണം ക്രമപ്പെടുത്തി സ്വര്‍ഗാവകാശിയാക്കി മാറ്റുകയെന്ന അതി മഹത്തായ ധര്‍മമാണ് 'റബ്ബില്‍' നിന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. 

പ്രസ്തുത സ്വര്‍ഗപ്രവേശന വഴികള്‍ ഒട്ടും ക്ലേശങ്ങളില്ലാത്ത സഞ്ചാരപാതയാവുകയില്ല. ഭൗതിക ക്ലേശങ്ങള്‍ താല്‍ക്കാലികമാണ്. ആത്യന്തികവും ശാശ്വതവുമായ ക്ലേശജീവിതത്തിലേക്ക് 'ഇഷ്ടദാസന്' വിലക്കേര്‍പ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് നാം ഈ ലോകത്ത് അനുഭവിക്കുന്ന പരീക്ഷണങ്ങള്‍. ജീവിത വിപത്തുകള്‍ പ്രദാനം ചെയ്യുന്ന നന്മകളുടെ സദ്‌വഴി തിരിച്ചറിയുന്നത് വിശ്വാസി മാത്രമായിരിക്കും. കിടുകിടാ വിറപ്പിക്കപ്പെടാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും ദൈവിക തീരുമാനത്തില്‍ തികഞ്ഞ സംതൃപ്തിയോടെ ക്ഷമയവലംബിക്കുക വഴി, തിന്മകള്‍ കഴുകിയെടുക്കാനും നന്മകള്‍ നട്ടുവളര്‍ത്താനും സാധിക്കുന്ന അത്ഭുതവിദ്യയാണ് വിശ്വാസിയില്‍ രൂപപ്പെടുന്നത്.

'വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. എല്ലാ കാര്യവും അവന് (ഗുണപ്രദമായി) നന്മയാണ്. സന്തോഷ കാര്യങ്ങളില്‍ നാഥനോട് കൃതാര്‍ഥതയും സന്താപനങ്ങളില്‍ സംതൃപ്തിയോടെ ക്ഷമിച്ചും അവനത് നേടിയെടുക്കുന്നു.'' ഒരു മുള്ള് തറയ്ക്കുന്നത് പോലും (ഇപ്രകാരം ഗുണപ്രദമാക്കാം) ഇത് വിശ്വാസിക്ക് മാത്രമേ നേടിയെടുക്കാനാവൂ. (ഹദീസ്)

ഒരു വ്യക്തിയോട് പരമമായ സ്‌നേഹവും പരിഗണനയും ഉള്ള ഒരാള്‍ക്ക് മാത്രമേ അപരന്റെ ഉയര്‍ച്ചക്കും ഗുണത്തിനും വേണ്ടി അധ്വാനിക്കാനാവൂ. അടിമകളോട് അതിരറ്റ വാത്സല്യവാനായ സ്രഷ്ടാവ് എങ്ങനെയാണ് ഒരാളെ ജീവിതത്തിന്റെ മഹാ കയങ്ങളിലേക്ക് തള്ളിവിടുന്നത് (2:143, 207, 3:130, 16:7, 47). എന്നാല്‍ തന്റെ അടിമയുടെ വിശ്വാസദാര്‍ഢ്യതയും ജീവിത വിശുദ്ധിയുടെ താല്പര്യവും പരിശോധിക്കുന്നതിന് (47:31) പരീക്ഷണങ്ങള്‍ ഉണ്ടായിരിക്കും.

ഏറ്റവും കൂടുതല്‍ ആലോചനയും കൃത്യതയും ഉപയോഗിക്കുമാറുള്ള കണക്കുകള്‍ നല്‍കി, ഒരധ്യാപകന്‍ തന്റെ ഇഷ്ടപ്പെട്ട വിദ്യാര്‍ഥിയെ 'പരീക്ഷിക്കുന്നത്' അവനോടുള്ള വിരോധം കൊണ്ടായിരിക്കുമോ? അതോ വളര്‍ച്ചയുടെ പടവുകള്‍ ധൈഷണിക മികവോടെ എത്തിപ്പിടിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടോ? ശക്തമായ പേമാരി വര്‍ഷിക്കുന്നിന് മുന്‍പ് പ്രകമ്പനം കൊള്ളുന്ന ഇടിമിന്നലുകളും ഇടിനാദവും ആവശ്യമില്ലേ? പേറ്റുനോവനുഭവിക്കുന്നത് ഒരു സൃഷ്ടിപ്പിന്റെ സല്‍വൃത്താന്തമല്ലേ? ഇരുമ്പ് ചുട്ടുപഴുക്കുമ്പോഴാണല്ലോ പുതിയ രൂപത്തിലേക്ക് അതിനെ സുഗമമായി ക്രമപ്പെടുത്താനാവുന്നത്?

പരീക്ഷണങ്ങള്‍ വിധിയുടെ ക്രൂരവിരനോദങ്ങളല്ല. പകിട്ടാര്‍ന്ന വിജയത്തിലേക്ക് ഇഷ്ടദാസനെ പടിപടിയായി വളര്‍ത്തിയെടുക്കാനുള്ള അനുഗ്രഹങ്ങളാണ്. മതബന്ധം ശക്തമാവുന്നതിനനുസൃതമായി പരീക്ഷണങ്ങള്‍ വര്‍ധിക്കാം. പ്രവാചകന്‍ കഠിനമായി പരീക്ഷിക്കപ്പെട്ടത് ദൈവഭക്തി കുറഞ്ഞതുകൊണ്ടായിരുന്നില്ലല്ലോ. 'അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെടുമ്പോള്‍ അവരില്‍ പരീക്ഷണങ്ങള്‍ നല്‍കാതിരിക്കില്ല'(ഹദീസ്) എന്ന് തിരുവചനം പഠിപ്പിക്കുന്നു. താല്‍ക്കാലിക ഭൗതിക ജീവിതത്തിലെ തിക്താനുഭവങ്ങളാണ് അനശ്വര ജീവിതത്തിലേക്ക് ഒരാളെ അനുഗ്രഹീതനാക്കുന്നത്. ശാശ്വതമായതിലാണല്ലോ മനുഷ്യന്‍ അസ്വസ്ഥനാവേണ്ടത്! (32:21)

പരീക്ഷണങ്ങളോട് പുഞ്ചിരിക്കാനും രോഗങ്ങളെ ആത്യന്തികമായി അനുഗ്രഹങ്ങളാക്കി കാണാനുമുള്ള, വിശ്വാസം വഴിയുള്ള സദ്‌വിചാരമാണ് ഒരു വിശ്വാസിയുടെ ജീവിതത്തിന് കരുത്തേകുന്നത്. റബ്ബിന്റെ തീരുമാനങ്ങളെ നിറഞ്ഞനുഭവിക്കാനുള്ള സന്തുലിത മനസ്സാണ് ജീവിതത്തെ സമാധാന ഭരിതമാക്കുന്നത്.

By ജാബിർ അമാനി

സിഹ്‌റും ഹഖീഖത്തും

1. അല്ലാഹു സിഹ്‌റ് നിരോധിച്ചത് യാഥാര്‍ഥ്യം ഉള്ളതു കൊണ്ടാണെങ്കില്‍ ശിര്‍ക്ക് നിരോധിച്ചതും യാഥാര്‍ഥ്യമുള്ളതുകൊണ്ടാണോ?

2. യാഥാര്‍ഥ്യമുള്ള കാര്യങ്ങളെ അല്ലാഹു നിര്‍ത്തുകയും വിജയിപ്പിക്കുകയും ചെയ്യും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അത് ശ്രദ്ധിക്കുക.

''സത്യം (യാഥാര്‍ഥ്യം) വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു എന്നും നീ പറയുക.'' (ഇസ്‌റാഅ് 81)
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا

മേല്‍ വചനത്തില്‍ പറഞ്ഞത് ഏഴ് മഹാ പാപങ്ങളില്‍ പെട്ട ശിര്‍ക്കിനെ സംബന്ധിച്ചാണ്. ശിര്‍ക്കിന് യാഥാര്‍ഥ്യവുമായി ബന്ധമില്ല. അത് നശിച്ചുപോകും എന്നാണ് മേല്‍ വചനത്തിന്റെ താല്പര്യം. ഏഴ് മഹാ പാപങ്ങളില്‍ പെട്ട സിഹ്‌റിനെ സംബന്ധിച്ചും, അതിന് യാഥാര്‍ഥ്യമില്ല എന്നാണ് അല്ലാഹു അരുളിയത്. അതിപ്രകാരമാണ്.

a. ''സാഹിര്‍ എവിടെച്ചെന്നാലും വിജയിക്കുന്നതല്ല.'' (ത്വാഹ 69)
وَلا يُفْلِحُ السَّاحِرُ حَيْثُ أَتَى

b. ''നിങ്ങള്‍ ഈ കൊണ്ടുവന്നത് സിഹ്‌റാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചുകളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല. തീര്‍ച്ച''(യൂനുസ് 81)
مَا جِئْتُم بِهِ السِّحْرُ إِنَّ اللّهَ سَيُبْطِلُهُ إِنَّ اللّهَ لاَ يُصْلِحُ عَمَلَ الْمُفْسِدِينَ

c. ''സത്യനിഷേധികള്‍ പറഞ്ഞു: ഇവര്‍ കള്ളവാദിയായ ഒരു സാഹിറാകുന്നു''(സ്വാദ് 4).
وَقَالَ الْكَافِرُونَ هَذَا سَاحِرٌ كَذَّابٌ

3. നബി(സ)യുടെ വചനം സിഹ്‌റിന് യാഥാര്‍ഥ്യമില്ല എന്നാണ് പഠിപ്പിക്കുന്നത്. അത് ശ്രദ്ധിക്കുക:

''മുഴുകുടിയന്‍ സ്വര്‍ഗത്തില്‍ കടക്കുന്നതല്ല. സിഹ്‌റില്‍ വിശ്വസിക്കുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല'' (അല്‍ബാനി: സില്‍സിലത്തുല്‍ അഹാദീസിസ്സാനീഹ 2:189, ഇബ്‌നു ഹിബ്ബാന്‍ 1381 മുസ്‌നദു അഹ്മദ് 4:399)

4. സിഹ്‌റിന് 'യാഥാര്‍ഥ്യമില്ല' എന്ന് സംശയരഹിതമായി തെളിയിക്കുന്ന മൂന്ന് ഖുര്‍ആന്‍ വചനമാണ് മേലെ കൊടുത്തത്. സാഹിര്‍ എവിടെ ചെന്നാലും പരാജയപ്പെടും എന്നാണ്. യൂനുസ് 81-ാം വചനത്തില്‍ അല്ലാഹു അരുളിയത്. സിഹ്‌റിനെ നാം പൊളിച്ചു കളയുമെന്നും അത് ഫലം ചെയ്യുകയില്ല എന്നുമാണ്. സ്വാദ് 4-ാം വചനത്തില്‍ അല്ലാഹു അരുളിയത് സാഹിര്‍ നുണയനാണ് എന്നാണ്. അല്‍ബാനിയടക്കം സ്വഹീഹായി അംഗീകരിക്കപ്പെട്ട ഹദീസിലൂടെ നബി(സ) പഠിപ്പിച്ചത് സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന് വിശ്വസിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നുമാണ്.

5. അല്ലാഹുവും റസൂലും ഖണ്ഡിതമായ നിലയില്‍ സിഹ്‌റിന് യാഥാര്‍ഥ്യമില്ല എന്ന് പഠിപ്പിച്ചിട്ടും, അല്ലാഹുവിനെയും റസൂലിനെയും മനഃപ്പൂര്‍വം എന്തിനാണ് ഇവര്‍ എതിര്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സിഹ്‌റു ഫലിക്കും എന്ന പ്രചാരണം കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിന് എന്ത് മെച്ചമാണ് ലഭിക്കാന്‍ പോകുന്നത്?

6. സിഹ്‌റിന് ഹഖീഖത്തുണ്ട് എന്ന വാദക്കാര്‍ യഹൂദികളും നസ്വാറാക്കളും.
താഴെ വന്ന ഖുര്‍ആന്‍ വചനവും അതിന്റെ വ്യാഖ്യാനവും ശ്രദ്ധിക്കുക.

''വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ കണ്ടില്ലേ? അവര്‍ 'ജിബ്ത്തി'ലും 'ത്വാഗൂത്തി'ലും വിശ്വസിക്കുന്നു''(നിസാഅ് 51)
أَلَمْ تَرَ إِلَى الَّذِينَ أُوتُواْ نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ

i. ഇവിടെ വേദത്തില്‍ നിന്നും ഒരു വിഹിതം നല്‍കപ്പെട്ടവര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വേദക്കാരായ യഹൂദരും ക്രിസ്ത്യാനികളുമാണ്.

ii. അവര്‍ ജിബ്ത്തിലും (ക്ഷുദ്രവിദ്യ) ത്വാഗൂത്തിലും (ദുര്‍മൂര്‍ത്തികള്‍) വിശ്വസിക്കുന്നു എന്ന വചനത്തിലെ 'ജിബ്ത്തു' കൊണ്ടുദ്ദേശിക്കുന്നത് സിഹ്‌റാണ്. ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തി:

'' 'അല്‍ജിബ്ത്ത്' എന്നതുകൊണ്ടുദ്ദേശിക്കുന്നത് സിഹ്‌റാണ്. ഉമര്‍(റ) ഇബ്‌നു അബ്ബാസ്(റ) ഇക്‌രിമി(റ) സഈദുബ്‌നുല്‍ ജുബൈര്‍(റ) എന്നിവരെല്ലാം 'ജിബ്ത്തിന്' സിഹ്‌റ് എന്നാണ് വ്യാഖ്യാനം നല്‍കിയത്.''(ഇബ്‌നു കസീര്‍ 1:626).

അപ്പോള്‍ യഹൂദരും ക്രിസ്ത്യാനികളും സിഹ്‌റിന് ഹഖീഖത്തുണ്ട് എന്നു വിശ്വസിച്ചിരുന്നു എന്നാണ് മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനവും അതിന്റെ വ്യാഖ്യാനം നമ്മെ പഠിപ്പിച്ച സ്വഹാബാക്കളും വിശദീകരിക്കുന്നത്. അല്ലാഹുവും റസൂലും (സ) അവരെപ്പോലെ നാം ആകരുത് എന്നു പറഞ്ഞ് വിസ്മരിക്കാന്‍ പറ്റാത്ത കാര്യമാണ്. അപ്പോള്‍ സിഹ്‌റിന് ഹഖീഖത്തുണ്ട് എന്ന വാദം മുസ്‌ലിംകളുടേതല്ല.

7. ഇനി നബി(സ) പഠിപ്പിച്ചതും സാഹിര്‍ പറയുന്നതിന് ഹഖീഖത്ത് നല്‍കാന്‍ പാടില്ല എന്നാണ്. അത് ശ്രദ്ധിക്കുക:
''നബി(സ) അരുളി. വല്ലവനും ഒരു ജ്യോത്സ്യന്റെയോ, സാഹിറിന്റെയോ അടുക്കല്‍ ചെല്ലുകയും അവന്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും നബി(സ)ക്ക് ഇറക്കപ്പെട്ട (ദൗത്യത്തില്‍) അവന്‍ ആശ്വസിച്ചു'' (ബസ്സാര്‍- സ്വഹീഹായ പരമ്പരയോടെ) അപ്പോള്‍ സാഹിറിന്റെ വര്‍ത്തമാനത്തിന് ഹഖീഖത്ത് (വിശ്വാസ്യത) നല്‍കാന്‍ പാടില്ല എന്നാണ് മേല്‍ ഹദീസും കല്പിക്കുന്നത്.

8. സിഹ്‌റിന് ഹഖീഖത്ത് ഇല്ല എന്നു പറഞ്ഞ പണ്ഡിതന്മാര്‍:

I. സൂറത്ത് അമ്പിയാഇലെ 3-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി(റ):
''സാധുതയോ യാഥാര്‍ഥ്യമോ ഇല്ലാത്ത പൊടിപ്പും തൊങ്ങലും വെച്ച എല്ലാറ്റിനും സിഹ്‌റെന്നു പറയും'' (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍: അമ്പിയാഅ് 3)

II. സൂറത്ത് അന്‍ആം 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു ജരീറുത്ത്വബ്‌രി(റ):
''സിഹ്‌റ് എന്നാല്‍ ഹഖീഖത്തോ സാധുതയോ ഇല്ലാത്ത കാര്യമാണ് (തഫ്‌സീര്‍ ജാമിഉല്‍ ബയാന്‍, അന്‍ആം 7)

III. ഇമാം നവവി: ''നമ്മുടെ കൂട്ടുകാരില്‍ പെട്ട അബൂ ജഅ്ഫറുല്‍ ഉസ്തുര്‍ബാദി(റ)യുടെ അഭിപ്രായത്തില്‍ സിഹ്‌റിന് ഹഖീഖത്തോ പ്രതിഫലനമോ ഇല്ല എന്നാണ്.'' (മജ്മൂഅ്ശറഹുല്‍ മുഹദ്ദബ് 19:240)

IV. സൂറത്ത് ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം റാസി (റ) രേഖപ്പെടുത്തി.
''ഖൈറാകട്ടെ ശര്‍റാകട്ടെ സാഹിറിന് അവന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധ്യമല്ലെന്നതിന് ഈ വചനം തെളിവാണ്''(തഫ്‌സീറുല്‍ കബീര്‍: ത്വാഹ 69)

V. സൂറത്തുല്‍ ബഖറയിലെ 102-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തി.
''സിഹ്‌റ് എന്നത് യാതൊരു വിധ പ്രയോജനം ചെയ്യാത്തതും ദീനില്‍ ഉപദ്രവമുണ്ടാക്കുന്നതുമായ കര്‍മമാണ്.''(ഇബ്‌നു കസീര്‍: അല്‍ബഖറ 102)

VI. സൂറത്ത് ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം അഹ്മദു മുസ്തഫല്‍ മറാഗി(റ)യുടെ വിശദീകരണം ശ്രദ്ധിക്കുക.
''ഖൈറാകട്ടെ ശര്‍റാകട്ടെ സാഹിറിന് സിഹ്‌റുകൊണ്ട് തന്റെ ലക്ഷ്യം ലഭ്യമാക്കാന്‍ സാധ്യമല്ല.''
(തഫ്‌സീറുല്‍ മറാഗീ: ത്വാഹ 69)

VII. ഇമാം അബൂഹനീഫ(റ)യുടെ അഭിപ്രായം ഇമാം ശൗക്കാനി(റ) രേഖപ്പെടുത്തി: ''ഇമാം അബൂഹനീഫ(റ)യും മുഅ്ത്തസലിയാക്കളും സിഹ്ര്‍ എന്നത് അടിസ്ഥാനമില്ലാത്ത വഞ്ചനാപരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു'' (ഫത്ഹുല്‍ ഖദീര്‍ 6:153)

VIII. സൂറത്ത് ഹൂദ് 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ സിഹ്‌റ് അടിസ്ഥാനമില്ലാത്ത വഞ്ചനയാണെന്ന് ഇമാം നവവി(റ)യും, ഇമാം അഹ്മദ് സ്വാവി(റ)യും രേഖപ്പെടുത്തിയിട്ടുണ്ട്.

IX. നബി(സ)ക്ക് ചില തോന്നലുകള്‍ മാത്രമാണ് സംഭവിച്ചത്. താഴെ വരുന്ന ഹദീസ് ശ്രദ്ധിക്കുക.

''ആയിശ(റ) പ്രസ്താവിച്ചു: നബി(സ)ക്ക് സിഹ്‌റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് ഭാര്യമാരുടെ അടുത്തേക്ക് പോകാത്ത അവസ്ഥയില്‍ പോയി എന്ന് തോന്നുകയുണ്ടായി'' (ബുഖാരി, മുസ്‌ലിം).

മേല്‍ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇബ്‌നുല്‍ ഖയ്യീം(റ) വിന്റെ പ്രസ്താവന ശ്രദ്ധിക്കുക:
''ഖാളീ ഇയാള്(റ) പറഞ്ഞു: നബി(സ)ക്ക് ഹഖീഖത്തില്ലാത്ത ചില തോന്നലുകള്‍ ഉണ്ടാവുകയാണ് ചെയ്തത് (സാദുല്‍ മആദ് 4:127).

X. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ പ്രസ്താവനയും കൂടി ശ്രദ്ധിക്കുക:

''സിഹ്‌റിന്റെ ഹഖീഖത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ ഭിന്നിച്ചിരിക്കുന്നു. സിഹ്‌റ് എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. അതിന് യാതൊരു വിധ ഹഖീത്തും ഇല്ല. ശാഫിഈ മദ്ഹഹിലെ അബൂ ജഅ്ഫറുല്‍ ഉസ്തുര്‍ബാദി(റ)യും ഹനഫീ മദ്ഹബിലെ അബൂബക്കര്‍ റാസി(റ)യും ഇബ്‌നുഹസ്മും (റ) ഒരു വിഭാഗം പണ്ഡിതന്മാരും സിഹ്‌റിന് ഹഖീഖത്തില്ല എന്ന പക്ഷക്കാരാണ്'' (ഫത്ഹുല്‍ ബാരി 13:144)

ചുരുക്കത്തില്‍ സിഹ്‌റിന് ഹഖീഖത്തില്ല എന്നത് മുഅ്തസലി പക്ഷക്കാരുടെ മാത്രം അഭിപ്രായമല്ല. മറിച്ച്, ഖുര്‍ആനും സുന്നത്തും അഹ്‌ലുസ്സുന്നയുടെ വലിയ ഒരു വിഭാഗം പണ്ഡിതന്മാരും രേഖപ്പെടുത്തിയതാണ് മുകളില്‍ നാം സൂചിപ്പിച്ചത്. ആയതിനാല്‍ അനാവശ്യമായ തര്‍ക്കം ഒഴിവാക്കി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക.

അല്ലാഹു അനുഗ്രഹിക്കട്ടെ.

പികെ മൊയ്തീന്‍ സുല്ലമി, കുഴിപ്പുറം

സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗം |

നബി(സ)യുടെ ശിഷ്യന്മാരായ സ്വഹാബികളും ആദര്‍ശനിഷ്ഠയോടെ അവരെ അനുധാവനം ചെയ്ത അടുത്ത തലമുറകളും ഉള്‍പ്പെടുന്ന സച്ചരിതരായ മുന്‍ഗാമികള്‍ 'അസ്സലഫുസ്സ്വാലിഹ്' എന്ന പേരില്‍ അറിയപ്പെടുന്നു. എക്കാലത്തെയും മുസ്‌ലിം പണ്ഡിതന്മാരില്‍ ഭൂരിഭാഗം അവരെ ആദരപൂര്‍വമാണ് അനുസ്മരിച്ചിട്ടുള്ളത്. അവരാണ് സത്യമതത്തിന് ജീവിതത്തിലൂടെ സാക്ഷ്യം വഹിച്ചത്. അവരുടെ ധര്‍മസമരവും ത്യാഗപരിശ്രമങ്ങളും കൊണ്ടാണ് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആദര്‍ശസമൂഹം ലോകത്ത് നിലനിന്നത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അവരെ ഇപ്രകാരം പ്രശംസിച്ചിരിക്കുന്നു.

"മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍നിന്നും ആദ്യമായി മുന്നോട്ടുവന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെക്കുറിച്ച് അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം" (വി.ഖു 9:100)

നബി(സ)യുടെ മക്കാ ജീവിതകാലത്ത് തന്നെ അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കുകയും ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും ജീവിതരംഗങ്ങളിലാകെ പ്രാവര്‍ത്തികമാക്കുകയും തുടര്‍ന്ന് സ്വദേശം വെടിഞ്ഞ് മദീനയിലേക്ക് പോവുകയും ചെയ്തവരാണ് മുഹാജിറുകള്‍. അവര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കി പിന്തുണച്ച മദീനീ നിവാസികളായ സത്യവിശ്വാസികളാണ് അന്‍സ്വാറുകള്‍. അവര്‍ക്ക് അല്ലാഹു നല്‍കിയ ജീവിതസൗകര്യങ്ങളില്‍ നിന്നെല്ലാം ഒരുപങ്ക് അവര്‍ മുഹാജിറുകള്‍ക്ക് നല്‍കി. മുഹാജിറുകളില്‍ ഓരോരുത്തര്‍ക്ക് അന്‍സ്വാറുകളില്‍ ഓരോരുത്തരെ നബി(സ) സഹോദരന്മാരായി നിശ്ചയിച്ചു. അന്‍സ്വാറുകള്‍ പലപ്പോഴും സ്വന്തം ആവശ്യങ്ങളേക്കാള്‍ മുഹാജിറുകളായ സഹോദരന്മാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിനെ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രശംസിച്ചിട്ടുമുണ്ട്.

പ്രവാചക ശിഷ്യന്മാരുടെ പാത സദ്‌വൃത്തതയോടെ പിന്തുടര്‍ന്നവരും അല്ലാഹുവിന്റെ പ്രീതി ലഭിച്ചവരാണെന്ന് 9:100 സൂക്തത്തില്‍ നിന്ന് വ്യക്തമാകുന്നു. അല്ലാഹുവിന്റെയും പ്രവാചകന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പരമാവധി സൂക്ഷ്മതയോടെ ജീവിതത്തില്‍ പകര്‍ത്തിയതുകൊണ്ടാണ് അവര്‍ അല്ലാഹുവിന് പ്രിയപ്പെട്ടവരായത്.

മതവിധികള്‍ ഗ്രഹിക്കാനും, നിയമങ്ങളുടെ വിശദാംശങ്ങള്‍ നിര്‍ധാരണം ചെയ്യാനും സച്ചരിതരായ മുന്‍ഗാമികള്‍ അവലംബിച്ചിരുന്നത് ഏതൊക്കെ പ്രമാണങ്ങളെയാണെന്ന് ഹദീസുകളില്‍ നിന്നും ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും ഗ്രഹിക്കാം. വിശുദ്ധ ഖുര്‍ആനിലെ 4:59 സൂക്തത്തില്‍ കല്‍പിച്ചിട്ടുള്ള പ്രകാരം, ഒരു വിഷയത്തില്‍ തര്‍ക്കമോ സംശയമോ ഉണ്ടായാല്‍ അവര്‍ ആദ്യമായി പരിശോധിച്ചിരുന്നത് അത് സംബന്ധിച്ച് അല്ലാഹു എന്ത് പറഞ്ഞിട്ടുണ്ടെന്നായിരുന്നു. പിന്നീട് അവര്‍ നോക്കിയിരുന്നത് ആ വിഷയത്തില്‍ വിശ്വസ്തര്‍ മുഖേന ഉദ്ധരിക്കപ്പെട്ട പ്രവാചകമാതൃക ഉണ്ടോ എന്നായിരുന്നു. അത് സംബന്ധിച്ച് ഖുര്‍ആനിലോ നബിചര്യയിലോ വ്യക്തമായ തെളിവൊന്നും കണ്ടില്ലെങ്കില്‍ നബി(സ) പഠിപ്പിച്ച പ്രകാരം ഇജ്തിഹാദ് (മതഗവേഷണം/സത്യാന്വേഷണം) നടത്തുകയാണ് അവര്‍ ചെയ്തിരുന്നത്.

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹു അനുസരിക്കണം. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കണം. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കണം. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും" (വി.ഖു 4:59)

അല്ലാഹുവിലേക്ക് മടക്കുക എന്നതിന്റെ വിവക്ഷ സംശയമോ തര്‍ക്കമോ ഉള്ള വിഷയത്തെക്കുറിച്ച് അല്ലാഹുവിന്റെഗ്രന്ഥമായ ഖുര്‍ആനില്‍ സുവ്യക്തമായ പരാമര്‍ശമോ സൂചനയോ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. റസൂലിലേക്ക് മടക്കുക എന്നാല്‍ അദ്ദേഹത്തിന്റെ വാക്കിലോ പ്രവൃത്തിയിലോ നടപടികളിലോ ആ വിഷയകമായി വല്ല തെളിവുമുണ്ടോ എന്ന് നോക്കുകയാണ്. സ്വഹാബികളുടെ കാലത്ത് ഖുര്‍ആനല്ലാത്ത യാതൊരു ഇസ്‌ലാമിക ഗ്രന്ഥവും ഉണ്ടായിരുന്നില്ല. അതിനാല്‍ മതവിധികള്‍ കണ്ടെത്താന്‍ മറ്റൊരു ഗ്രന്ഥവും അവര്‍ പരിശോധിച്ചിരുന്നില്ല. നബി(സ)യുടെ വാക്കുകള്‍ നേരില്‍ കേട്ടവരും നടപടികള്‍ നേരില്‍ കണ്ടവരുമാണ് അവര്‍. അതിനാല്‍ അവരില്‍ അധികപേരും നബിവചനങ്ങള്‍ രേഖപ്പെടുത്തുകയോ പ്രവാചക നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. എന്നാലും തങ്ങളുടെ കര്‍മാനുഷ്ഠാനങ്ങളും ധാര്‍മിക നിലപാടുകളും പ്രവാചകമാതൃകയനുസരിച്ചായിരിക്കണമെന്ന് അവര്‍ സ്വയം നിഷ്‌കര്‍ഷിച്ചിരുന്നു. അതിന് സ്വന്തം അറിവിനെയും മറ്റു സ്വഹാബികളില്‍ നിന്ന് ലഭിച്ച വിവരങ്ങളെയുമാണ് അവര്‍ അവലംബിച്ചിരുന്നത്.

സ്വഹാബികളുടെ ചര്യ

ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍നിന്നും നേരിട്ട് മതവിധി ഗ്രഹിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അവയുടെ അടിസ്ഥാനത്തില്‍ ഇജ്തിഹാദ് (മതഗവേഷണം/സത്യാന്വേഷണം) നടത്താനുള്ള പ്രവാചകനിര്‍ദേശം സ്വഹാബികള്‍ പലപ്പോഴും പ്രാവര്‍ത്തികമാക്കിയിരുന്നു. അപാരമായ പാണ്ഡിത്യമുള്ളവര്‍ക്ക് മാത്രമേ ഇജ്തിഹാദിന് അര്‍ഹതയുള്ളൂ എന്ന് അവര്‍ കരുതിയിരുന്നില്ല. ആത്മാര്‍ഥമായി സത്യാന്വേഷണം നടത്തുന്നവര്‍ക്ക് അബദ്ധം സംഭവിച്ചാലും അവര്‍ പ്രതിഫലാര്‍ഹരാണെന്ന പ്രവാചകാധ്യാപനമാണ് സ്വഹാബികള്‍ക്കും പില്‍ക്കാലത്തെ സത്യാന്വേഷികള്‍ക്കും പ്രചോദകമായത്.

സ്വഹാബികളില്‍ അനേകം പേരുടെ ജീവിതചര്യ ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും രേഖപ്പെട്ടുകിടക്കുന്നുണ്ട്. ഇവരുടെ തൊട്ടടുത്ത തലമുറയായ താബിഉകളില്‍ പലരുടെയും ചരിത്രവിവരണങ്ങളും ഇതുപോലെ ലഭ്യമാണ്. ഇവരാരെങ്കിലും അല്ലാഹുവല്ലാത്ത വല്ലവരോടും പ്രാര്‍ഥിച്ചിരുന്നതായി വിശ്വസനീയമായ ചരിത്രരേഖകളിലൊന്നും കാണുന്നില്ല. രോഗശമനത്തിനോ അപകടമുക്തിക്കോ ആഗ്രഹസാഫല്യത്തിനോ വേണ്ടി അവര്‍ മുഹമ്മദ് നബി(സ)യോടോ മുന്‍പ്രവാചകന്മാരോടോ പ്രാര്‍ഥിച്ചതായി വിശ്വസനീയമായ യാതൊരു ചരിത്രരേഖയിലും ഉദ്ധരിക്കപ്പെട്ടിട്ടില്ല.

സ്വഹാബികളുടെ കാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഒരിടത്തും ജാറം/ദര്‍ഗ സ്ഥാപിക്കപ്പെട്ടിട്ടില്ല. അവരില്‍ സ്വാഭാവിക മരണമടഞ്ഞവരുടെയോ രക്തസാക്ഷിത്വം വരിച്ചവരുടെയോ പേരില്‍ സച്ചരിതരായ ഖലീഫമാരോ അവരുടെ പ്രതിനിധികളോ ഒരിക്കലും ശവകുടീരം നിര്‍മിച്ചിട്ടില്ല. സച്ചരിതരായ പൂര്‍വികരാരും ആണ്ടുനേര്‍ച്ച എന്നൊരു ആരാധന ഖബ്‌റിടത്തിലോ മറ്റെവിടെയെങ്കിലുമോ നടത്തിയതായി പ്രാമാണികമായ യാതൊരു ഇസ്‌ലാമിക ഗ്രന്ഥത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മൗലിദ്, റാതീബ്, സ്വലാത്ത് വാര്‍ഷികം, മജ്‌ലിസുന്നൂര്‍ എന്നിങ്ങനെയുള്ള അനുഷ്ഠാനങ്ങളും സലഫുസ്സ്വാലിഹുകളുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ല.

ഏതെങ്കിലും ഇമാമോ ശൈഖോ രചിച്ച ഗ്രന്ഥമാണ് ഇസ്‌ലാമിലെ അനിഷേധ്യ പ്രമാണമെന്ന് വാദിക്കുന്ന ആരും സച്ചരിതരായ മുന്‍ഗാമികളുടെ കാലത്ത് ഉണ്ടായിരുന്നില്ല. വിശുദ്ധ ഖുര്‍ആനും നബി(സ)യില്‍നിന്ന് വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ട ഹദീസുകളും മാത്രമാണ് ആ മുന്‍ഗാമികള്‍ തെറ്റുപറ്റാത്ത പ്രമാണമായി ഗണിച്ചത്. സച്ചരിതരായ മുന്‍ഗാമികളില്‍ ചിലര്‍ ഖുര്‍ആനും നബിചര്യയും വിശദീകരിക്കുന്നതും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മതനിയമങ്ങള്‍ വിവരിക്കുന്നതുമായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് ദൈവികമായ അപ്രമാദിത്വമോ അനിഷേധ്യമായ പ്രാമാണികതയോ ഉണ്ടെന്ന് അവരാരും അവകാശപ്പെട്ടിട്ടില്ല.

ഫിഖ്ഹില്‍ (ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍) വിപുലമായ പഠനം നടത്തിയ നാലു ഇമാമുകളില്‍ ഓരോരുത്തരുടെ അഭിപ്രായങ്ങള്‍ക്ക് അനിഷേധ്യമായ ആധികാരികത കല്പിക്കുന്ന ധാരാളം മുഖല്ലിദുകള്‍ (അനുകര്‍ത്താക്കള്‍) പില്‍ക്കാലത്ത് ഉണ്ടായെങ്കിലും, ആ ഇമാമുകളെല്ലാം ശിഷ്യന്മാരെ ഉപദേശിച്ചത്, തങ്ങളുടെ അഭിപ്രായം നബിചര്യയ്ക്ക് എതിരാണെന്ന് വ്യക്തമാവുകയാണെങ്കില്‍ അത് തള്ളിക്കളഞ്ഞ് നബിചര്യയനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ്. മാലിക്ക്, അബൂഹനീഫ, ശാഫിഈ, അഹ്മദുബ്‌നുഹമ്പല്‍ എന്നീ നാലു ഇമാമുകളും സച്ചരിതരായ പൂര്‍വികരുടെ മാര്‍ഗത്തില്‍ തന്നെയാണെന്നത്രെ പ്രമാണങ്ങള്‍ സംബന്ധിച്ച അവരുടെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്. അവരാരും ബോധപൂര്‍വം ഖുര്‍ആനിനോ നബിചര്യയ്‌ക്കോ വിപരീതമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. പ്രമാണങ്ങളില്‍ നിന്ന് മതവിധികള്‍ നിര്‍ധാരണം ചെയ്യുന്ന രീതിയിലാണ് ഇവരുടെ സമീപനങ്ങള്‍ അല്‍പസ്വല്‍പം വ്യത്യസ്തമായിട്ടുള്ളത്.

മദ്ഹബ് ഇമാമുകള്‍ സലഫിന്റെ മാര്‍ഗത്തില്‍

നാല് മദ്ഹബ് ഇമാമുകള്‍ മാത്രമല്ല, അവരുടെ സമകാലികരും പിന്‍ഗാമികളുമായ പ്രമുഖ ഫിഖ്ഹ് പണ്ഡിതന്മാരില്‍ പലരും ഇജ്തിഹാദും ഗ്രന്ഥരചനയും നടത്തിയിട്ടുള്ളത് സച്ചരിതരായ പൂര്‍വികര്‍ ചെയ്തതുപോലെ ഖുര്‍ആനും നബിചര്യയും പ്രമാണമാക്കിക്കൊണ്ടാണ്. ഹദീസ് ക്രോഡീകരണ രംഗത്ത് പ്രവര്‍ത്തിച്ച പ്രമുഖരും പ്രധാന ഹദീസ് സമാഹാരങ്ങള്‍ രചിച്ചവരും പ്രമാണങ്ങളുടെ കാര്യത്തില്‍ ഇതേ നിലപാട് തന്നെയാണ് പുലര്‍ത്തിയത്. അവരില്‍ ഒരാള്‍ പോലും പരേതരോട് പ്രാര്‍ഥിച്ചതായോ ജാറം നിര്‍മിച്ചതായോ ആണ്ടുനേര്‍ച്ച നടത്തിയതായോ മൗലീദ്-റാതിബ്-മാലകള്‍ ഉരുവിട്ടതായോ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടില്ല.

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും രക്ഷാകര്‍തൃത്വത്തെയും അധികാരാവകാശങ്ങളെയും ഗുണനാമങ്ങളെയും വിശേഷണങ്ങളെയും മറ്റും സംബന്ധിച്ച് അല്ലാഹുവും റസൂലും നല്‍കിയ വിവരങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുകയാണ് സ്വഹാബികളും തൊട്ടടുത്ത തലമുറകളും ചെയ്തത്. പില്‍ക്കാലത്ത് രംഗത്തുവന്ന മുഅ്തസില, ശീഅ, ഖദ്‌രിയ്യ, ജബ്‌രിയ്യ, മുര്‍ജിഅ, അശ്അരിയ്യ, സൂഫിയ്യ വിഭാഗങ്ങള്‍ ദൈവിക വിഷയങ്ങളെ സംബന്ധിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങളും വ്യാഖ്യാനങ്ങളും സച്ചരിതരായ മുന്‍ഗാമികള്‍ ഗ്രഹിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

അല്ലാഹു പ്രശംസിച്ച സച്ചരിതരായ മുന്‍ഗാമികളുടെ വിശ്വാസാചാരങ്ങള്‍ക്ക് വിരുദ്ധമായ ആശയഗതികള്‍ നമ്മെ സന്മാര്‍ഗത്തിലെത്തിക്കുകയില്ല എന്ന കാര്യം സുവിദിതമാകുന്നു. അഖീദയുടെ (വിശ്വാസത്തിന്റെ) കാര്യത്തില്‍ സ്വഹാബികളുടെ നിലപാടെന്തായിരുന്നുവെന്ന് ഹദീസ്-ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല. അതാണ് മാതൃകാപരമായിട്ടുള്ളത്. അത് അവഗണിച്ചുകൊണ്ട്, പില്‍ക്കാലത്ത് ആരെങ്കിലും രചിച്ച അഖീദാ ഗ്രന്ഥം അന്യൂന പ്രമാണമായി സ്വീകരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഒട്ടും ന്യായമല്ല. അല്ലാഹുവെ മാത്രമാണ് ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യേണ്ടത് എന്ന യാഥാര്‍ഥ്യം അനേകം ആയത്തുകളും ഹദീസുകളും കൊണ്ട് സ്ഥിരപ്പെട്ടതാണ്. സ്വഹാബികളാരും അതിന് വിപരീതം പ്രവര്‍ത്തിച്ചതായി തെളിഞ്ഞിട്ടില്ല. അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്കും അവന്‍ കേള്‍ക്കുന്നതെല്ലാം കേള്‍ക്കാനും അവന്‍ കാണുന്നതെല്ലാം കാണാനും അവന്‍ അറിയുന്നതെല്ലാം അറിയാനും, അവന്‍ പ്രവര്‍ത്തിക്കുന്നത് പോലെ പ്രവര്‍ത്തിക്കാനും കഴിയുമെന്ന് വാദിച്ചുകൊണ്ട് പുണ്യാത്മാക്കളോട് പ്രാര്‍ഥിക്കുന്നതിന് ന്യായം കണ്ടെത്തുന്നവര്‍ സച്ചരിതരായ മുന്‍ഗാമികളുടേതിന് വിരുദ്ധമായ മാര്‍ഗത്തിലാണെന്ന് വ്യക്തമാകുന്നു.

സ്രഷ്ടാവിലുള്ള വിശ്വാസവും അദ്വൈതവും

സ്രഷ്ടാവ് മാത്രമാണ് ലോകരക്ഷിതാവും ലോകരുടെ ആരാധ്യനും. സൃഷ്ടികളാരും ഈ സ്ഥാനത്തിന് അര്‍ഹരല്ല. അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് സ്പഷ്ടമാകുന്ന കാര്യമാണിത്. ''അവന് പുറമെ പല ദൈവങ്ങളെ അവര്‍ സ്വീകരിച്ചിരിക്കുന്നു. ആ ദൈവങ്ങള്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയായിരുന്നു. മരണമോ ജീവിതമോ ഉയിര്‍ത്തെഴുന്നേല്‍പോ അവരുടെ അധീനത്തിലല്ല''(വി.ഖു 25:3)

''അല്ലാഹുവിന് പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുകയാകുന്നു.''(വി.ഖു 16:20)

ഈ പരമ സത്യത്തെ അട്ടിമറിച്ചുകൊണ്ട് സ്രഷ്ടാവും സൃഷ്ടികളും രണ്ടല്ല ഒന്നു തന്നെയാണെന്നും, ഭൗതിക ലോകം അല്ലാഹുവിന്റെ 'മദ്വ്ഹര്‍' (പ്രത്യക്ഷം, Manifestation) ആണെന്നും, എന്തൊന്നിനെ ആരാധിച്ചാലും അത് അല്ലാഹുവിനുള്ള ആരാധന തന്നെയാണെന്നും വാദിച്ചുകൊണ്ട് ഇസ്‌ലാമിലെ ഏക ദൈവത്വത്തെ കീഴ്‌മേല്‍ മറിക്കുകയാണ് സൂഫികളില്‍ അധിക വിഭാഗങ്ങളും ചെയ്തത്. തൗഹീദിനെ മാറ്റിമറിച്ചുകൊണ്ട് ഇവര്‍ അവതരിപ്പിച്ച 'വഹ്ജതുല്‍ വുജൂദ്' (അദ്വൈതം) എന്ന ആശയം സ്വഹാബികള്‍ സ്വീകരിച്ച അഖീദയ്ക്ക് കടക വിരുദ്ധമത്രെ. ഇവരുടെ വീക്ഷണപ്രകാരം ഇബ്‌ലീസിനെയോ ദജ്ജാലിനെയോ ആരാധിച്ചാലും അതൊന്നും തൗഹീദിന് വിരുദ്ധമാവുകയില്ല.

ശീആക്കളില്‍ ചില വിഭാഗങ്ങള്‍ അലിയ്യുബ്‌നു അബീത്വാലിബ് പ്രവാചകനാണെന്നോ ദൈവാവതാരമാണെന്നോ വാദിക്കുന്നു. അവരില്‍ മിക്കവരുടെയും അഭിപ്രായപ്രകാരം ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിനെയും രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബിനെയും ശപിക്കുക എന്നത് മതപരമായ ബാധ്യതയത്രെ. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദത്തിലൂടെ മുഅ്തസില വിഭാഗക്കാര്‍ അബ്ബാസിയ ഖലീഫമാരുടെ കാലത്ത് മുസ്‌ലിം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. അല്ലാഹുവിന്റെ അസ്തിത്വത്തെയും ഗുണനാമങ്ങളെയും കുറിച്ച് ഖുര്‍ആനിലും പ്രബലമായ ഹദീസിലുമുള്ള പല പ്രമാണങ്ങള്‍ക്കും സ്വന്തമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയാണ് അശ്അരികള്‍ ചെയ്തത്. ഖദ്‌രിയാ വിഭാഗം അല്ലാഹുവിന്റെ വിധിയെ നിഷേധിച്ചു. ജബ്‌രിയാ വിഭാഗം മനുഷ്യരുടെ ഇച്ഛാസ്വാതന്ത്ര്യത്തെ തന്നെ നിഷേധിക്കുകയാണ് ചെയ്തത്. അല്ലാഹുവിന്റെ വിധിയുടെ കാര്യത്തില്‍ ഒരുതരം സന്ദേഹവാദമാണ് മുര്‍ജ്അ: വിഭാഗത്തിനുണ്ടായിരുന്നത്. പില്‍ക്കാലത്ത് മദ്ഹബീ പക്ഷപാതിത്വം നിമിത്തം ഒരു മദ്ഹബുകാര്‍ മറ്റു മദ്ഹബുകാരനായ ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കാന്‍ വൈമനസ്യം കാണിക്കുന്ന അവസ്ഥ സംജാതമായതിനാല്‍ പരിശുദ്ധ ഹറമുകളില്‍ നാല് ഇമാമുകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങിയത് ഇസ്‌ലാമിക ഐക്യത്തിന് വലിയ തടസ്സമായി ഭവിക്കുകയുണ്ടായി.

ഇത്തരം ആദര്‍ശവ്യതിയാനങ്ങളും ജീര്‍ണതകളും ബാധിക്കാത്തവരായിരുന്നു സച്ചരിതരായ മുന്‍ഗാമികള്‍. സ്വന്തം അഭിപ്രായങ്ങളെക്കാളും സമകാലികരുടെ ചിന്താഗതികളെക്കാളും അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും വാക്കുകള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതായിരുന്നു അവരുടെ നിലപാടിന്റെ മൗലികത. പില്‍ക്കാലത്ത് വ്യതിചലിച്ചുപോയ ഒട്ടേറെ വിഭാഗങ്ങളുണ്ടാവുകയും അവ  പല സമൂഹങ്ങളില്‍ സ്വാധീനം നേടുകയും ചെയ്തിട്ടുണ്ടെങ്കിലും സലഫിന്റെ നിലപാടില്‍ ഉറച്ചു നിന്നവര്‍ എല്ലാ കാലത്തും കുറച്ചൊക്കെ ഉണ്ടായിരുന്നു. അവര്‍ ചിലപ്പോള്‍ അഹ്‌ലുസ്സുന്ന എന്ന പേരിലും മറ്റു ചിലപ്പോള്‍ സലഫികള്‍ എന്ന പേരിലും അറിയപ്പെട്ടു.

മദ്ഹബ് പക്ഷപാതികളുടെ ബാഹുല്യം

എന്നാല്‍ സച്ചരിതരായ മുന്‍ഗാമികളുടെ കാലത്തിനു ശേഷം മിക്ക കാലഘട്ടങ്ങളിലും ഖുര്‍ആനും ഹദീസും പ്രമാണമായി സ്വീകരിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. ഫിഖ്ഹിലെയും അഖീദയിലെയും മദ്ഹബ് ഗ്രന്ഥങ്ങള്‍ പ്രമാണമാക്കി ജീവിച്ചാലേ മോക്ഷം ലഭിക്കൂ എന്ന് വാദിക്കുന്നവര്‍ക്കായിരുന്നു മുന്‍തൂക്കം. ഖുര്‍ആനും പ്രബലമായ ഹദീസുകളും വിശ്വാസത്തിനും കര്‍മത്തിനും അടിസ്ഥാനമാക്കണമെന്ന് പറയുന്നവര്‍ പിഴച്ച പുത്തന്‍ പ്രസ്ഥാനക്കാരാണ് എന്നായിരുന്നു മദ്ഹബ് പക്ഷപാതികളുടെ എക്കാലത്തെയും പ്രചാരവേല. സുഊദി ഭരണകൂടം മക്കയിലെയും മദീനയിലെയും വിഭാഗീയമായ മദ്ഹബീ ജമാഅത്തുകള്‍ മാറ്റി ഖുര്‍ആനും നബിചര്യയു മനുസരിച്ചുള്ള ഏകീകൃത ജമാഅത്ത് ഏര്‍പ്പെടുത്തിയതോടെയാണ് ഇതിന് അല്പം മാറ്റം വന്നത്. മനുഷ്യന്‍ എഴുതിയുണ്ടാക്കിയ വലിയ കിതാബുകളെക്കാള്‍ യഥാര്‍ഥ വലുപ്പമുള്ളത് അല്ലാഹുവിന്റെ ഗ്രന്ഥത്തിനാണ് എന്ന ചിന്ത സമീപകാലത്ത് മുസ്‌ലിം ലോകത്ത് അംഗീകാരം നേടിക്കൊണ്ടിരിക്കുന്നുണ്ട്.

എന്നാലും സലഫിസം എന്നാല്‍ ഭീകരവാദമാണെന്ന ദുഷ്പ്രചാരണം ഒരു ഭാഗത്തും, സലഫികള്‍ റസൂലി(സ)ന്റെയും സ്വഹാബികളുടെയും മാര്‍ഗത്തിനെതിരായ പുത്തന്‍ പ്രസ്ഥാനമാണെന്ന ദുരാരോപണം മറ്റൊരു ഭാഗത്തും സജീവമാണ്. കേരളത്തിലെ സലഫീ പണ്ഡിതന്മാര്‍ എക്കാലത്തും തീവ്രവാദങ്ങളെയും ഭീകര പ്രവര്‍ത്തനങ്ങളെയും ചാവേര്‍ ആക്രമണങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അല്ലാഹു പ്രശംസിച്ച മുന്‍ഗാമികളുടെ കാലശേഷം മതത്തില്‍ പുതുതായി നിര്‍മിച്ചുണ്ടാക്കിയ ബിദ്അത്ത് (അനാചാരം) കളെയും സലഫികള്‍ നിശിതമായി വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. ഈ യാഥാര്‍ഥ്യം ഇനിയും മനസ്സിലാക്കാത്ത ജനലക്ഷങ്ങള്‍ ഇവിടെയുണ്ട്. അവര്‍ക്കത് പ്രമാണബദ്ധമായി ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിന് ഊര്‍ജിത ശ്രമം അനുപേക്ഷ്യമാകുന്നു.  

By ചെറിയമുണ്ടം അബ്ദുല്‍ഹമീദ്

•┈┈┈┈•✿❁✿•┈┈┈┈•
ശബാബ് വാരിക
2017 ഏപ്രിൽ 28

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts