ദാനത്തിന്റെ ദോഷകരമായ പരിണതികള്‍

ദാനം അത്യന്തം ശ്രേഷ്‌ഠമായ ആരാധനാ കര്‍മമാണ്‌. ദാനം ലഭിക്കുന്നവര്‍ക്ക്‌ അവരുടെ അടിയന്തരാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അത്‌ ഉപയുക്തമാകുന്നു. ദാനം നല്‌കുന്നവര്‍ക്കാകട്ടെ അത്‌ മുഖേന അവരുടെ സമ്പത്തിനും മനസ്സിനും വിശുദ്ധി കൈവരുന്നു. അവര്‍ക്ക്‌ വളര്‍ച്ചയും വികാസവും ഉണ്ടാകുമെന്ന്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌. ഈ വാഗ്‌ദാനം ഇഹലോകത്തേക്കും പരലോകത്തേക്കും ബാധകമായിട്ടുള്ളതാണ്‌. ദാനം നല്‌കുന്നവര്‍ക്ക്‌ ഇഹലോകത്ത്‌ അഭിവൃദ്ധിയുണ്ടാകുമെന്ന്‌ മുമ്പ്‌ പലര്‍ക്കും ബോധ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ക്ഷേമധനതത്വശാസ്‌ത്രം അതൊരു യാഥാര്‍ഥ്യമാണെന്ന്‌ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്‌.

ഇത്ര മഹത്തായ സല്‍കര്‍മം ആര്‍ക്കെങ്കിലും ദോഷകരമായി പരിണമിക്കുമോ എന്ന്‌ സംശയിക്കുന്നവരുണ്ടാകും. എന്നാല്‍ ദാനം നല്‌കുന്നവരുടെയും വാങ്ങുന്നവരുടെയും നിലപാട്‌ നന്നായാല്‍ മാത്രമേ അത്‌ ഇരുവിഭാഗത്തിനും ഗുണകരമാവുകയുള്ളു എന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. ദാനം നല്‌കുന്നവര്‍ക്ക്‌ അത്‌ ദോഷകരമായിത്തീരുന്ന സാഹചര്യങ്ങളെപ്പറ്റി പല ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശമുണ്ട്‌.

``സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തു പറഞ്ഞുകൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്‌ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവ്‌ ചെയ്യുന്നവനെപ്പോലെ നിങ്ങള്‍ ആകരുത്‌. അവനെ ഉപമിക്കാവുന്നത്‌ മുകളില്‍ അല്‌പം മണ്ണ്‌ മാത്രമുള്ള ഒരു മിനുസമുള്ള പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല.'' (2:264)

ദാനം ലഭിച്ചവരെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ശല്യപ്പെടുത്തുക, ഇന്നവര്‍ക്ക്‌ ഇത്രയൊക്കെ ദാനം നല്‌കിയെന്ന്‌ ആരോടെങ്കിലും പറയുക ഇതൊക്കെ ദാനത്തിന്റെ പ്രതിഫലം നഷ്‌ടപ്പെടാന്‍ മാത്രമല്ല, അല്ലാഹുവിന്റെ ശിക്ഷ ലഭിക്കാനും കാരണമായേക്കും. അല്ലാഹുവിന്റെ പ്രതിഫലം മാത്രം ലക്ഷ്യമാക്കി ചെയ്യേണ്ട സല്‍കര്‍മം ജനങ്ങളെ കാണിച്ച്‌ മാന്യതയും പ്രശംസയും നേടാന്‍ വേണ്ടി ചെയ്യുക എന്നത്‌ നബി(സ) ചെറിയ ശിര്‍ക്ക്‌ എന്ന്‌ വിശേഷിപ്പിച്ച കുറ്റമാണ്‌. അല്ലാഹുവിന്റെ പ്രീതി തേടുന്നതിന്‌ പകരം മനുഷ്യരുടെ പ്രീതി തേടുന്നത്‌ ഒരര്‍ഥത്തില്‍ അവരെ അല്ലാഹുവിന്‌ തുല്യമാക്കുന്ന നടപടി ആയതിനാലാണ്‌ നബി(സ) അതിനെ ശിര്‍ക്കിന്റെ (ബഹുദൈവത്വത്തിന്റെ) വകുപ്പിലേക്ക്‌ ചേര്‍ത്തത്‌. ജനങ്ങളെ കാണിക്കാന്‍ വേണ്ടി സല്‍കര്‍മം ചെയ്യുന്നതിനെ വിശുദ്ധ ഖുര്‍ആന്‍ 4:38, 4:142, 107:6 എന്നീ സൂക്തങ്ങളിലും ആക്ഷേപിച്ചിട്ടുണ്ട്‌.

ദാനം നല്‌കുന്നവര്‍ അത്‌ നല്‌കപ്പെടുന്നവരില്‍ നിന്ന്‌ പ്രതിഫലമോ സഹായമോ കൃതജ്ഞതയോ കാംക്ഷിക്കാതെ അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ``പരിശുദ്ധി നേടാന്‍ തന്റെ ധനം നല്‌കുന്ന ഏറ്റവും സൂക്ഷ്‌മതയുള്ള വ്യക്തി അതില്‍ നിന്ന്‌ (നരകത്തില്‍ നിന്ന്‌) അകറ്റി നിര്‍ത്തപ്പെടും. പ്രത്യുപകാരം നല്‌കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല. തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി തേടുക എന്നതല്ലാതെ. വഴിയെ അവന്‍ സംതൃപ്‌തനാകും'' (വി.ഖു 92:17-21). അഗതികള്‍ക്ക്‌ ആഹാരം നല്‌കുന്നവരുടെ നിലപാടെന്തായിരിക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: ``ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്‌ക്കും തടവുകാരനും അവരത്‌ നല്‌കുകയും ചെയ്യും. (അവര്‍ പറയും:) അല്ലാഹുവിന്റെ പ്രീതിക്ക്‌ വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്ക്‌ ആഹാരം നല്‌കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്ന്‌ യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.'' (വി.ഖു 76:8,9)

നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ സമൂഹത്തിലെ ധര്‍മിഷ്‌ഠരില്‍ പലരും ജനസമ്മതിക്കാണ്‌ അല്ലാഹുവിന്റെ പ്രീതിയെക്കാള്‍ മുന്‍ഗണന നല്‌കുന്നത്‌. ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ ചിലര്‍ പോലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സേവനങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ജനങ്ങളുടെ അംഗീകാരത്തിന്‌ മുന്തിയ പരിഗണന നല്‌കുന്നതായി തോന്നുന്നു. പ്രശസ്‌തി കാംക്ഷിക്കുന്നവരെ അല്ലാഹു പരലോകത്ത്‌ അപമാനിതരാക്കുമെന്ന്‌ സൂചിപ്പിക്കുന്ന ഹദീസ്‌ ദീനീരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെല്ലാം ഗൗരവപൂര്‍വം വിലയിരുത്തേണ്ടതാണ്‌. മതരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ചിലര്‍ രാഷ്‌ട്രീയത്തിലിറങ്ങിയപ്പോള്‍ തങ്ങള്‍, മുമ്പ്‌ ദാനധര്‍മങ്ങളും സേവനങ്ങളും ചെയ്‌തത്‌ എടുത്തുപറഞ്ഞ്‌ വോട്ട്‌ ചോദിക്കുന്ന പ്രവണത വ്യാപകമായിട്ടുണ്ട്‌. ഈ നിലപാട്‌ വ്യക്തികളുടെ ഭാഗത്തു നിന്നുണ്ടായാലും സംഘങ്ങളില്‍ നിന്നുണ്ടായാലും അത്‌ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ വിരുദ്ധമത്രെ.

സകാത്തിന്റെയും സ്വദഖയുടെയും ഗുണഭോക്താക്കളുടെ ഭാഗത്തു നിന്നും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായ പല നടപടികളുമുണ്ടാകുന്നുണ്ട്‌. പ്രയാസങ്ങളും വിഷമകളും പെരുപ്പിച്ചു പറഞ്ഞും ഇല്ലാത്ത കഷ്‌ടപ്പാടുകള്‍ പറഞ്ഞുണ്ടാക്കിയും ദാനധര്‍മങ്ങളില്‍ പങ്കുപറ്റുന്ന ഒട്ടേറെ പേരുണ്ട്‌. അവരില്‍ പലരും ഇങ്ങനെ കിട്ടുന്ന പണം ദുര്‍വ്യയം ചെയ്യുന്നുമുണ്ട്‌. യഥാര്‍ഥത്തില്‍ ദാരിദ്ര്യമുള്ള പലര്‍ക്കും സകാത്തോ സ്വദഖയോ ലഭിക്കാതെ പോവുകയും ചെയ്യുന്നു. തൊഴിലെടുത്ത്‌ ജീവിക്കാന്‍ കഴിവുള്ളവര്‍ക്ക്‌ ദാനം ധാരാളമായി ലഭിക്കുന്നതിനാല്‍ അവര്‍ മടിയന്മാരും സ്ഥിരമായി ദാനത്തെ ആശ്രയിച്ചു ജീവിക്കുന്നവരും ആയിത്തീരുന്ന സ്ഥിതിവിശേഷവും നിലനില്‌ക്കുന്നുണ്ട്‌. അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ്‌ ഇതെല്ലാം.

ജനങ്ങളോട്‌ യാചിച്ചുനടക്കാതെ മാന്യത പുലര്‍ത്തുന്ന യഥാര്‍ഥ ദരിദ്രന്മാര്‍ക്ക്‌ ദാനം നല്‌കുന്നതിനെയാണ്‌ അല്ലാഹുവും റസൂലും(സ) പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌. ``നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത്‌ നല്ലതു തന്നെ. എന്നാല്‍ നിങ്ങളത്‌ രഹസ്യമാക്കുകയും ദരിദ്രര്‍ക്ക്‌ കൊടുക്കുകയുമാണെങ്കില്‍ അതാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്മകളെയും അത്‌ മാച്ചുകളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്‌മമായി അറിയുന്നവനാകുന്നു.'' (വി.ഖു 2:271)

``ഭൂമിയില്‍ സഞ്ചരിച്ച്‌ ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്‍ക്ക്‌ വേണ്ടി (നിങ്ങള്‍ ധനവ്യയം ചെയ്യുക) പരിചയമില്ലാത്തവര്‍ (അവരുടെ) മാന്യത കണ്ട്‌ അവര്‍ ധനികരാണെന്ന്‌ ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട്‌ നിനക്ക്‌ അവരെ തിരിച്ചറിയാം. അവര്‍ ജനങ്ങളോട്‌ ചോദിച്ചു വിഷമിക്കുകയില്ല. നല്ലതായ എന്തൊന്ന്‌ നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത്‌ നന്നായി അറിയുന്നവനാകുന്നു.'' (വി.ഖു 2:273)

തൊഴിലെടുത്ത്‌ ജീവിക്കാന്‍ കഴിവുള്ളവര്‍ അത്‌ വേണ്ടെന്ന്‌ വെച്ച്‌ ജനങ്ങളുടെ സഹായം തേടുന്നത്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. കഷ്‌ടപ്പെടുന്നവരുടെ ആവശ്യത്തിനു വേണ്ടി ധനശേഖരണം നടത്തുന്നവര്‍ ആവശ്യത്തില്‍ കൂടുതല്‍ തുക സ്വരൂപിക്കരുതെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്‌. രണ്ടാം ഖലീഫ ഉമറിന്റെ(റ) കാലത്ത്‌ സകാത്ത്‌ വാങ്ങാന്‍ ആളില്ലാതായത്‌ എല്ലാവരും സമ്പന്നരായിത്തീര്‍ന്നതു കൊണ്ടല്ല. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാര്‍ഗമുണ്ടെങ്കില്‍ ദാനം സ്വീകരിക്കാവുന്നതല്ല എന്ന നിലപാട്‌ എല്ലാവരും അംഗീകരിച്ചതുകൊണ്ടാണ്‌.

ദാനം നല്‌കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും ഭാഗത്തു നിന്ന്‌ അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമായ നിലപാടുകളും നടപടികളും ഉണ്ടാകാതിരിക്കാനും ദാനത്തിന്റെ യഥാര്‍ഥ ചൈതന്യം സമൂഹത്തില്‍ നിലനില്‌ക്കാനും ഇസ്‌ലാമിക പ്രബോധകരുടെ ജാഗ്രതയും ബോധവല്‌കരണവും അനുപേക്ഷ്യമാകുന്നു. വ്യക്തികളുടെ പ്രകടനപരതയും പ്രത്യുപകാര മോഹവും മാത്രമല്ല ദാനത്തെയും സേവനത്തെയും സംബന്ധിച്ച സംഘടനകളുടെ അവകാശവാദങ്ങളും തഖ്‌വയുടെയും ഇഖ്‌ലാസിന്റെയും താല്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ വിലയിരുത്തപ്പെടേണ്ടതുണ്ട്‌.


from Editorial @ Shabab

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts