ഉര്‍വതുബ്‌നു സുബൈര്‍ : പരീക്ഷണപഥങ്ങളില്‍ പുഞ്ചിരിയോടെ

സായാഹ്‌ന സൂര്യന്റെ പൊന്‍കിരണങ്ങളേറ്റ്‌ വിശുദ്ധ കഅ്‌ബാലയം വെട്ടിത്തിളങ്ങുന്നു. കഅ്‌ബയുടെ പരിശുദ്ധമായ പരിസരം മന്ദമാരുതന്റെ തലോടലേറ്റ്‌ ആനന്ദം കൊള്ളുകയാണ്‌. റസൂലിന്റെ(സ) സഹാബികളില്‍ ജീവിച്ചിരിപ്പുള്ളവരും പ്രമുഖ താബിഉകളും കഅ്‌ബ ത്വവാഫ്‌ ചെയ്‌തുകൊണ്ടിരിക്കുന്നു. തക്‌ബീര്‍, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു.

കഅ്‌ബയുടെ തിരുമുറ്റത്ത്‌ കൂട്ടം കൂട്ടമായി ജനങ്ങള്‍ വട്ടമിട്ടിരിക്കുന്നു. അതിന്റെ ഉന്നതമായ ഗാംഭീര്യത്തില്‍ ലയിച്ച്‌ അവരുടെ ദൃഷ്‌ടികള്‍ പുളകം കൊള്ളുന്നു. അനാവശ്യമോ പാപമോ അല്ലാത്ത ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണവര്‍.

റുക്‌നുല്‍ യമാനിയുടെ ഭാഗത്ത്‌ നാല്‌ ചെറുപ്പക്കാര്‍ വട്ടമിട്ടിരിക്കുന്നു. അബ്‌ദുല്ലാഹിബ്‌നു സുബൈര്‍, മുസ്‌അബ്‌ ബിന്‍ സുബൈര്‍, സഹോദരന്‍ ഉര്‍വതുബ്‌നു സുബൈര്‍, അബ്‌ദുല്‍ മലിക്‌ബ്‌നു മര്‍വാന്‍ എന്നിവരാണവര്‍.

വളരെ ശാന്തരും സൗമ്യരുമായി അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്‌ ഒരാള്‍ പറഞ്ഞു: ``നമ്മള്‍ ഭാവിയില്‍ ആരാകണമെന്ന സങ്കല്‌പം നമുക്ക്‌ ഇവിടെ വെച്ച്‌ പരസ്‌പരം പങ്കുവെക്കാം!''

അതോടെ അദൃശ്യലോകത്ത്‌ അവരുടെ മോഹങ്ങള്‍ വട്ടമിട്ട്‌ പറക്കാന്‍ തുടങ്ങി. അവരുടെ സ്വപ്‌നങ്ങള്‍ പച്ചപിടിച്ച മോഹങ്ങളില്‍ ചുറ്റിക്കറങ്ങി.

അനന്തരം അബ്‌ദുല്ലാഹിബ്‌നുസ്സുബൈര്‍ പറഞ്ഞു: ``ഹിജാസ്‌ അധീനപ്പെടുത്തി ഖിലാഫത്ത്‌ സ്ഥാപിക്കണമെന്നാണ്‌ എന്റെ ആഗ്രഹം''

``കൂഫയും ബസ്വറയും കീഴ്‌പ്പെടുത്തണം. എന്നോട്‌ എതിര്‍ക്കുന്ന ഒരു ശക്തിയും അവിടെ ഉണ്ടാവരുതെന്നാണ്‌ എന്റെ മോഹം'' -മുസ്‌അബ്‌ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

``നിങ്ങള്‍ രണ്ടുപേരും അതില്‍ സംതൃപ്‌തരാണല്ലോ? എന്നാല്‍ എനിക്ക്‌ സംതൃപ്‌തി കൈവരണമെങ്കില്‍ ലോകം മുഴുവന്‍ എന്റെ കീഴില്‍ വരണം. മുആവിയയുടെ ശേഷം ഖിലാഫത്ത്‌ പദവി എനിക്കു ലഭിക്കുകയും വേണം'' -മര്‍വാന്‍ തന്റെ ആഗ്രഹം വെട്ടിത്തുറന്നു പറഞ്ഞു

ഉര്‍വ നിശബ്‌ദനായി ഇരുന്നു. ഒന്നും സംസാരിച്ചില്ല. ഉര്‍വയുടെ നേരെ തിരിഞ്ഞ്‌ അവര്‍ ചോദിച്ചു: ``ഉര്‍വ, നീ അഭിപ്രായം പറഞ്ഞില്ലല്ലോ? നിന്റെ ആഗ്രഹം ആരാകണമെന്നാണെന്ന്‌ വ്യക്തമായി പറയൂ.''

``ഭൗതിക ജീവിതത്തില്‍ നിങ്ങള്‍ പ്രകടിപ്പിച്ച ആഗ്രഹങ്ങളില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ കാരുണ്യം ചൊരിയട്ടെ. എന്നാല്‍ എന്റെ ആഗ്രഹം ഞാന്‍ പറയാം: റബ്ബിന്റെ കിതാബും തിരുനബിയുടെ സുന്നത്തും മതവിധികളും ജനങ്ങള്‍ എന്നില്‍ നിന്നു മനസ്സിലാക്കുന്ന കര്‍മനിരതനായ ഒരു പണ്ഡിതനായിത്തീരണമെന്നാണ്‌ എന്റെ താല്‌പര്യം.''

കാലം കറങ്ങിക്കൊണ്ടിരുന്നു. യസീദ്‌ ബിന്‍ മുആവിയയുടെ മരണശേഷം അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ ഖലീഫയായി ബൈഅത്ത്‌ ചെയ്യപ്പെട്ടു. ഹിജാസ്‌, ഈജിപ്‌ത്‌, യമന്‍, ഇറാഖ്‌ എന്നീ പ്രദേശങ്ങളില്‍ ഭരണം നടത്തി. പണ്ട്‌ മോഹങ്ങള്‍ അയവിറക്കിയ കഅ്‌ബയുടെ പരിസരത്ത്‌ നിന്ന്‌ ഏതാനും വാര അകലെ വെച്ച്‌ അദ്ദേഹം വധിക്കപ്പെടുകയും ചെയ്‌തു.

മുസ്‌അബ്‌ ബിന്‍ സുബൈര്‍ സഹോദരന്‍ അബ്‌ദുല്ലയുടെ പ്രതിനിധിയായി ഇറാഖില്‍ ഭരണം നടത്തി. അതിന്റെ പ്രതിരോധ മാര്‍ഗത്തില്‍ അദ്ദേഹവും വധിക്കപ്പെട്ടു.

പിതാവിന്റെ മരണശേഷം ഭരണം അബ്‌ദുല്‍ മാലിക്‌ ബിന്‍ മര്‍വാനില്‍ ചെന്നുചേര്‍ന്നു. അബ്‌ദുല്ലാഹിബ്‌നു സുബൈറിനെയും സഹോദരന്‍ മുസ്‌അബ്‌ ബിന്‍ സുബൈറിനെയും വധിച്ച ശേഷം മുസ്‌ലിംകളില്‍ ഐക്യം നിലവില്‍ വന്നു. തന്റെ കാലത്തെ ഏറ്റവും വിസ്‌തൃതമായ ഒരു പ്രദേശത്തിന്റെ ശക്തനായ ഭരണകര്‍ത്താവായിത്തീര്‍ന്നു അദ്ദേഹം.

അപ്പോള്‍, ഉര്‍വയുടെ കാര്യം എന്തായി? നമുക്ക്‌ ഉര്‍വയുടെ പൂര്‍വകാലത്തു നിന്നുതന്നെ തുടങ്ങാം.

മാതൃകയ്‌ക്കായി ഉറ്റുനോക്കുന്നവരും അവരെ വഴിതെറ്റിക്കുന്നവരും

യൗവ്വനത്തിന്റെ കരുത്തില്‍ സര്‍വരെയും ധിക്കരിക്കുകയും സകല ദുര്‍വൃത്തികളിലും മുഴുകുകയും അവിഹിതമാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുകയും ചെയ്‌ത ആളുകള്‍ പോലും മധ്യവയസ്സിലെത്തുമ്പോള്‍ ആത്മാര്‍ഥമായി തന്നെ ആഗ്രഹിക്കാറുണ്ട്‌; തങ്ങളുടെ മക്കള്‍ അനുസരണശീലമുള്ളവരും സദ്‌വൃത്തരും ആയിക്കാണണമെന്ന്‌, അവര്‍ കള്ളന്മാരോ പിടിച്ചുപറിക്കാരോ ആയിക്കാണരുതെന്നും. പക്ഷേ, അവരില്‍ പലരുടെയും ആഗ്രഹം സഫലമാകാറില്ല. ആധുനിക യുഗത്തില്‍ വിശേഷിച്ചും. പുതിയ തലമുറയില്‍ ഗണ്യമായ ഒരു ഭാഗം കൂടുതല്‍ കടുത്ത ധിക്കാരത്തിലേക്കും നിഷേധത്തിലേക്കും വഴുതിപ്പോയിക്കൊണ്ടിരിക്കുകയാണ്‌.

സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്‌കാരം വിലക്കപ്പെട്ട കനികള്‍ മുഴുക്കെ വാരിവിഴുങ്ങലാണെന്നത്രെ അവരുടെ ജീവിതവീക്ഷണം. അവരില്‍ പലരും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി മാറുന്നു. ചിലരെങ്കിലും എച്ച്‌ ഐ വിയുടെ വാഹകരുമാകുന്നു. ലഹരിദ്രവ്യത്തിന്‌ പണമുണ്ടാക്കാന്‍ വേണ്ടി ചിലര്‍ പോക്കറ്റടിയും ഭവനഭേദനവും പിടിച്ചുപറിയുമൊക്കെ പരീക്ഷിക്കുന്നു. അഡിക്‌ഷന്‍ അവരെ അതിന്‌ നിര്‍ബന്ധിതരാക്കുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. കുറ്റകൃത്യങ്ങളിലേക്ക്‌ കുതിച്ചുചാടാന്‍ മനസ്സ്‌ സമ്മതിക്കാത്തവര്‍ കുടുംബത്തില്‍ നിന്ന്‌ കിട്ടുന്നതൊക്കെ വിറ്റു തുലയ്‌ക്കുകയോ ചൂതാട്ടത്തിന്റെ വഴി തെരഞ്ഞെടുക്കുകയോ ചെയ്യുന്നു.

അടിപൊളി ജീവിതത്തിന്റെ ആകര്‍ഷണവലയത്തിലാണ്‌ ഒട്ടേറെ ചെറുപ്പക്കാര്‍ ചെന്നുപെടുന്നത്‌. ഏറ്റവും വിലകൂടിയതും ഏറ്റവും മോടിയുള്ളതുമൊക്കെ അനുഭവിക്കുന്നതും ശേഖരിക്കുന്നതും ഒരു ലഹരിയായി മാറിയാല്‍ അവരും അവിഹിതമാര്‍ഗങ്ങള്‍ പലതും പരീക്ഷിക്കാന്‍ നിര്‍ബന്ധിതരായിത്തീരും. അഴിമതിയും കോഴയും കൃത്രിമങ്ങളും ഉള്‍പ്പെടെ പണമുണ്ടാക്കാന്‍ പലപല വഴികള്‍ അവര്‍ തേടും. ലക്ഷങ്ങളുടെയും കോടികളുടെയും വെട്ടിപ്പുകളും തട്ടിപ്പുകളും നടത്തി ഭോഗാസക്തിയുടെ തീരങ്ങള്‍ തേടി അവര്‍ നടക്കുന്നു. പെണ്‍വാണിഭങ്ങളും പ്രകൃതിവിരുദ്ധ റാഞ്ചലുകളുമൊക്കെ സംഘടിപ്പിക്കുന്നതില്‍ ഇവര്‍ മുഖ്യ പങ്കുവഹിക്കുന്നു. ഇവരില്‍ ചിലര്‍ പോലീസിലും രാഷ്‌ട്രീയത്തിലുമൊക്കെ സ്വാധീനം നേടി തിളങ്ങാന്‍ തുടങ്ങുമ്പോള്‍ ചില ചെറുപ്പക്കാര്‍ അവരെ വീരനായകന്മാരായി മനസ്സാ വരിക്കുന്ന അവസ്ഥ വരുന്നു. ഒരു നിലയില്‍ മദ്യ-മയക്ക്‌ ആസക്തിയെക്കാള്‍ അപകടകരവും സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതുമത്രെ ഇത്‌.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts