സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗം |

നബി(സ)യുടെ ശിഷ്യന്മാരായ സ്വഹാബികളും ആദര്‍ശനിഷ്ഠയോടെ അവരെ അനുധാവനം ചെയ്ത അടുത്ത തലമുറകളും ഉള്‍പ്പെടുന്ന സച്ചരിതരായ മുന്‍ഗാമികള്‍ 'അസ്സലഫുസ്സ്വാലിഹ്' എന്ന പേരില്‍ അറിയപ്പെടുന്നു. എക്കാലത്തെയും മുസ്‌ലിം പണ്ഡിതന്മാരില്‍ ഭൂരിഭാഗം അവരെ ആദരപൂര്‍വമാണ് അനുസ്മരിച്ചിട്ടുള്ളത്. അവരാണ് സത്യമതത്തിന് ജീവിതത്തിലൂടെ സാക്ഷ്യം വഹിച്ചത്. അവരുടെ ധര്‍മസമരവും ത്യാഗപരിശ്രമങ്ങളും കൊണ്ടാണ് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആദര്‍ശസമൂഹം ലോകത്ത് നിലനിന്നത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അവരെ ഇപ്രകാരം പ്രശംസിച്ചിരിക്കുന്നു.

"മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍നിന്നും ആദ്യമായി മുന്നോട്ടുവന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെക്കുറിച്ച് അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം" (വി.ഖു 9:100)

നബി(സ)യുടെ മക്കാ ജീവിതകാലത്ത് തന്നെ അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കുകയും ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും ജീവിതരംഗങ്ങളിലാകെ പ്രാവര്‍ത്തികമാക്കുകയും തുടര്‍ന്ന് സ്വദേശം വെടിഞ്ഞ് മദീനയിലേക്ക് പോവുകയും ചെയ്തവരാണ് മുഹാജിറുകള്‍. അവര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കി പിന്തുണച്ച മദീനീ നിവാസികളായ സത്യവിശ്വാസികളാണ് അന്‍സ്വാറുകള്‍. അവര്‍ക്ക് അല്ലാഹു നല്‍കിയ ജീവിതസൗകര്യങ്ങളില്‍ നിന്നെല്ലാം ഒരുപങ്ക് അവര്‍ മുഹാജിറുകള്‍ക്ക് നല്‍കി. മുഹാജിറുകളില്‍ ഓരോരുത്തര്‍ക്ക് അന്‍സ്വാറുകളില്‍ ഓരോരുത്തരെ നബി(സ) സഹോദരന്മാരായി നിശ്ചയിച്ചു. അന്‍സ്വാറുകള്‍ പലപ്പോഴും സ്വന്തം ആവശ്യങ്ങളേക്കാള്‍ മുഹാജിറുകളായ സഹോദരന്മാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിനെ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രശംസിച്ചിട്ടുമുണ്ട്.

പ്രവാചക ശിഷ്യന്മാരുടെ പാത സദ്‌വൃത്തതയോടെ പിന്തുടര്‍ന്നവരും അല്ലാഹുവിന്റെ പ്രീതി ലഭിച്ചവരാണെന്ന് 9:100 സൂക്തത്തില്‍ നിന്ന് വ്യക്തമാകുന്നു. അല്ലാഹുവിന്റെയും പ്രവാചകന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പരമാവധി സൂക്ഷ്മതയോടെ ജീവിതത്തില്‍ പകര്‍ത്തിയതുകൊണ്ടാണ് അവര്‍ അല്ലാഹുവിന് പ്രിയപ്പെട്ടവരായത്.

മതവിധികള്‍ ഗ്രഹിക്കാനും, നിയമങ്ങളുടെ വിശദാംശങ്ങള്‍ നിര്‍ധാരണം ചെയ്യാനും സച്ചരിതരായ മുന്‍ഗാമികള്‍ അവലംബിച്ചിരുന്നത് ഏതൊക്കെ പ്രമാണങ്ങളെയാണെന്ന് ഹദീസുകളില്‍ നിന്നും ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും ഗ്രഹിക്കാം. വിശുദ്ധ ഖുര്‍ആനിലെ 4:59 സൂക്തത്തില്‍ കല്‍പിച്ചിട്ടുള്ള പ്രകാരം, ഒരു വിഷയത്തില്‍ തര്‍ക്കമോ സംശയമോ ഉണ്ടായാല്‍ അവര്‍ ആദ്യമായി പരിശോധിച്ചിരുന്നത് അത് സംബന്ധിച്ച് അല്ലാഹു എന്ത് പറഞ്ഞിട്ടുണ്ടെന്നായിരുന്നു. പിന്നീട് അവര്‍ നോക്കിയിരുന്നത് ആ വിഷയത്തില്‍ വിശ്വസ്തര്‍ മുഖേന ഉദ്ധരിക്കപ്പെട്ട പ്രവാചകമാതൃക ഉണ്ടോ എന്നായിരുന്നു. അത് സംബന്ധിച്ച് ഖുര്‍ആനിലോ നബിചര്യയിലോ വ്യക്തമായ തെളിവൊന്നും കണ്ടില്ലെങ്കില്‍ നബി(സ) പഠിപ്പിച്ച പ്രകാരം ഇജ്തിഹാദ് (മതഗവേഷണം/സത്യാന്വേഷണം) നടത്തുകയാണ് അവര്‍ ചെയ്തിരുന്നത്.

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹു അനുസരിക്കണം. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കണം. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കണം. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും" (വി.ഖു 4:59)

അല്ലാഹുവിലേക്ക് മടക്കുക എന്നതിന്റെ വിവക്ഷ സംശയമോ തര്‍ക്കമോ ഉള്ള വിഷയത്തെക്കുറിച്ച് അല്ലാഹുവിന്റെഗ്രന്ഥമായ ഖുര്‍ആനില്‍ സുവ്യക്തമായ പരാമര്‍ശമോ സൂചനയോ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. റസൂലിലേക്ക് മടക്കുക എന്നാല്‍ അദ്ദേഹത്തിന്റെ വാക്കിലോ പ്രവൃത്തിയിലോ നടപടികളിലോ ആ വിഷയകമായി വല്ല തെളിവുമുണ്ടോ എന്ന് നോക്കുകയാണ്. സ്വഹാബികളുടെ കാലത്ത് ഖുര്‍ആനല്ലാത്ത യാതൊരു ഇസ്‌ലാമിക ഗ്രന്ഥവും ഉണ്ടായിരുന്നില്ല. അതിനാല്‍ മതവിധികള്‍ കണ്ടെത്താന്‍ മറ്റൊരു ഗ്രന്ഥവും അവര്‍ പരിശോധിച്ചിരുന്നില്ല. നബി(സ)യുടെ വാക്കുകള്‍ നേരില്‍ കേട്ടവരും നടപടികള്‍ നേരില്‍ കണ്ടവരുമാണ് അവര്‍. അതിനാല്‍ അവരില്‍ അധികപേരും നബിവചനങ്ങള്‍ രേഖപ്പെടുത്തുകയോ പ്രവാചക നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. എന്നാലും തങ്ങളുടെ കര്‍മാനുഷ്ഠാനങ്ങളും ധാര്‍മിക നിലപാടുകളും പ്രവാചകമാതൃകയനുസരിച്ചായിരിക്കണമെന്ന് അവര്‍ സ്വയം നിഷ്‌കര്‍ഷിച്ചിരുന്നു. അതിന് സ്വന്തം അറിവിനെയും മറ്റു സ്വഹാബികളില്‍ നിന്ന് ലഭിച്ച വിവരങ്ങളെയുമാണ് അവര്‍ അവലംബിച്ചിരുന്നത്.

സ്വഹാബികളുടെ ചര്യ

ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍നിന്നും നേരിട്ട് മതവിധി ഗ്രഹിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അവയുടെ അടിസ്ഥാനത്തില്‍ ഇജ്തിഹാദ് (മതഗവേഷണം/സത്യാന്വേഷണം) നടത്താനുള്ള പ്രവാചകനിര്‍ദേശം സ്വഹാബികള്‍ പലപ്പോഴും പ്രാവര്‍ത്തികമാക്കിയിരുന്നു. അപാരമായ പാണ്ഡിത്യമുള്ളവര്‍ക്ക് മാത്രമേ ഇജ്തിഹാദിന് അര്‍ഹതയുള്ളൂ എന്ന് അവര്‍ കരുതിയിരുന്നില്ല. ആത്മാര്‍ഥമായി സത്യാന്വേഷണം നടത്തുന്നവര്‍ക്ക് അബദ്ധം സംഭവിച്ചാലും അവര്‍ പ്രതിഫലാര്‍ഹരാണെന്ന പ്രവാചകാധ്യാപനമാണ് സ്വഹാബികള്‍ക്കും പില്‍ക്കാലത്തെ സത്യാന്വേഷികള്‍ക്കും പ്രചോദകമായത്.

സ്വഹാബികളില്‍ അനേകം പേരുടെ ജീവിതചര്യ ഹദീസ് ഗ്രന്ഥങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും രേഖപ്പെട്ടുകിടക്കുന്നുണ്ട്. ഇവരുടെ തൊട്ടടുത്ത തലമുറയായ താബിഉകളില്‍ പലരുടെയും ചരിത്രവിവരണങ്ങളും ഇതുപോലെ ലഭ്യമാണ്. ഇവരാരെങ്കിലും അല്ലാഹുവല്ലാത്ത വല്ലവരോടും പ്രാര്‍ഥിച്ചിരുന്നതായി വിശ്വസനീയമായ ചരിത്രരേഖകളിലൊന്നും കാണുന്നില്ല. രോഗശമനത്തിനോ അപകടമുക്തിക്കോ ആഗ്രഹസാഫല്യത്തിനോ വേണ്ടി അവര്‍ മുഹമ്മദ് നബി(സ)യോടോ മുന്‍പ്രവാചകന്മാരോടോ പ്രാര്‍ഥിച്ചതായി വിശ്വസനീയമായ യാതൊരു ചരിത്രരേഖയിലും ഉദ്ധരിക്കപ്പെട്ടിട്ടില്ല.

സ്വഹാബികളുടെ കാലത്ത് ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഒരിടത്തും ജാറം/ദര്‍ഗ സ്ഥാപിക്കപ്പെട്ടിട്ടില്ല. അവരില്‍ സ്വാഭാവിക മരണമടഞ്ഞവരുടെയോ രക്തസാക്ഷിത്വം വരിച്ചവരുടെയോ പേരില്‍ സച്ചരിതരായ ഖലീഫമാരോ അവരുടെ പ്രതിനിധികളോ ഒരിക്കലും ശവകുടീരം നിര്‍മിച്ചിട്ടില്ല. സച്ചരിതരായ പൂര്‍വികരാരും ആണ്ടുനേര്‍ച്ച എന്നൊരു ആരാധന ഖബ്‌റിടത്തിലോ മറ്റെവിടെയെങ്കിലുമോ നടത്തിയതായി പ്രാമാണികമായ യാതൊരു ഇസ്‌ലാമിക ഗ്രന്ഥത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മൗലിദ്, റാതീബ്, സ്വലാത്ത് വാര്‍ഷികം, മജ്‌ലിസുന്നൂര്‍ എന്നിങ്ങനെയുള്ള അനുഷ്ഠാനങ്ങളും സലഫുസ്സ്വാലിഹുകളുടെ കാലത്ത് നിലവിലുണ്ടായിരുന്നില്ല.

ഏതെങ്കിലും ഇമാമോ ശൈഖോ രചിച്ച ഗ്രന്ഥമാണ് ഇസ്‌ലാമിലെ അനിഷേധ്യ പ്രമാണമെന്ന് വാദിക്കുന്ന ആരും സച്ചരിതരായ മുന്‍ഗാമികളുടെ കാലത്ത് ഉണ്ടായിരുന്നില്ല. വിശുദ്ധ ഖുര്‍ആനും നബി(സ)യില്‍നിന്ന് വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ട ഹദീസുകളും മാത്രമാണ് ആ മുന്‍ഗാമികള്‍ തെറ്റുപറ്റാത്ത പ്രമാണമായി ഗണിച്ചത്. സച്ചരിതരായ മുന്‍ഗാമികളില്‍ ചിലര്‍ ഖുര്‍ആനും നബിചര്യയും വിശദീകരിക്കുന്നതും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മതനിയമങ്ങള്‍ വിവരിക്കുന്നതുമായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് ദൈവികമായ അപ്രമാദിത്വമോ അനിഷേധ്യമായ പ്രാമാണികതയോ ഉണ്ടെന്ന് അവരാരും അവകാശപ്പെട്ടിട്ടില്ല.

ഫിഖ്ഹില്‍ (ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍) വിപുലമായ പഠനം നടത്തിയ നാലു ഇമാമുകളില്‍ ഓരോരുത്തരുടെ അഭിപ്രായങ്ങള്‍ക്ക് അനിഷേധ്യമായ ആധികാരികത കല്പിക്കുന്ന ധാരാളം മുഖല്ലിദുകള്‍ (അനുകര്‍ത്താക്കള്‍) പില്‍ക്കാലത്ത് ഉണ്ടായെങ്കിലും, ആ ഇമാമുകളെല്ലാം ശിഷ്യന്മാരെ ഉപദേശിച്ചത്, തങ്ങളുടെ അഭിപ്രായം നബിചര്യയ്ക്ക് എതിരാണെന്ന് വ്യക്തമാവുകയാണെങ്കില്‍ അത് തള്ളിക്കളഞ്ഞ് നബിചര്യയനുസരിച്ച് പ്രവര്‍ത്തിക്കണമെന്നാണ്. മാലിക്ക്, അബൂഹനീഫ, ശാഫിഈ, അഹ്മദുബ്‌നുഹമ്പല്‍ എന്നീ നാലു ഇമാമുകളും സച്ചരിതരായ പൂര്‍വികരുടെ മാര്‍ഗത്തില്‍ തന്നെയാണെന്നത്രെ പ്രമാണങ്ങള്‍ സംബന്ധിച്ച അവരുടെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്. അവരാരും ബോധപൂര്‍വം ഖുര്‍ആനിനോ നബിചര്യയ്‌ക്കോ വിപരീതമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. പ്രമാണങ്ങളില്‍ നിന്ന് മതവിധികള്‍ നിര്‍ധാരണം ചെയ്യുന്ന രീതിയിലാണ് ഇവരുടെ സമീപനങ്ങള്‍ അല്‍പസ്വല്‍പം വ്യത്യസ്തമായിട്ടുള്ളത്.

മദ്ഹബ് ഇമാമുകള്‍ സലഫിന്റെ മാര്‍ഗത്തില്‍

നാല് മദ്ഹബ് ഇമാമുകള്‍ മാത്രമല്ല, അവരുടെ സമകാലികരും പിന്‍ഗാമികളുമായ പ്രമുഖ ഫിഖ്ഹ് പണ്ഡിതന്മാരില്‍ പലരും ഇജ്തിഹാദും ഗ്രന്ഥരചനയും നടത്തിയിട്ടുള്ളത് സച്ചരിതരായ പൂര്‍വികര്‍ ചെയ്തതുപോലെ ഖുര്‍ആനും നബിചര്യയും പ്രമാണമാക്കിക്കൊണ്ടാണ്. ഹദീസ് ക്രോഡീകരണ രംഗത്ത് പ്രവര്‍ത്തിച്ച പ്രമുഖരും പ്രധാന ഹദീസ് സമാഹാരങ്ങള്‍ രചിച്ചവരും പ്രമാണങ്ങളുടെ കാര്യത്തില്‍ ഇതേ നിലപാട് തന്നെയാണ് പുലര്‍ത്തിയത്. അവരില്‍ ഒരാള്‍ പോലും പരേതരോട് പ്രാര്‍ഥിച്ചതായോ ജാറം നിര്‍മിച്ചതായോ ആണ്ടുനേര്‍ച്ച നടത്തിയതായോ മൗലീദ്-റാതിബ്-മാലകള്‍ ഉരുവിട്ടതായോ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടില്ല.

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും രക്ഷാകര്‍തൃത്വത്തെയും അധികാരാവകാശങ്ങളെയും ഗുണനാമങ്ങളെയും വിശേഷണങ്ങളെയും മറ്റും സംബന്ധിച്ച് അല്ലാഹുവും റസൂലും നല്‍കിയ വിവരങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുകയാണ് സ്വഹാബികളും തൊട്ടടുത്ത തലമുറകളും ചെയ്തത്. പില്‍ക്കാലത്ത് രംഗത്തുവന്ന മുഅ്തസില, ശീഅ, ഖദ്‌രിയ്യ, ജബ്‌രിയ്യ, മുര്‍ജിഅ, അശ്അരിയ്യ, സൂഫിയ്യ വിഭാഗങ്ങള്‍ ദൈവിക വിഷയങ്ങളെ സംബന്ധിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങളും വ്യാഖ്യാനങ്ങളും സച്ചരിതരായ മുന്‍ഗാമികള്‍ ഗ്രഹിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

അല്ലാഹു പ്രശംസിച്ച സച്ചരിതരായ മുന്‍ഗാമികളുടെ വിശ്വാസാചാരങ്ങള്‍ക്ക് വിരുദ്ധമായ ആശയഗതികള്‍ നമ്മെ സന്മാര്‍ഗത്തിലെത്തിക്കുകയില്ല എന്ന കാര്യം സുവിദിതമാകുന്നു. അഖീദയുടെ (വിശ്വാസത്തിന്റെ) കാര്യത്തില്‍ സ്വഹാബികളുടെ നിലപാടെന്തായിരുന്നുവെന്ന് ഹദീസ്-ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന് ഗ്രഹിക്കാന്‍ പ്രയാസമില്ല. അതാണ് മാതൃകാപരമായിട്ടുള്ളത്. അത് അവഗണിച്ചുകൊണ്ട്, പില്‍ക്കാലത്ത് ആരെങ്കിലും രചിച്ച അഖീദാ ഗ്രന്ഥം അന്യൂന പ്രമാണമായി സ്വീകരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഒട്ടും ന്യായമല്ല. അല്ലാഹുവെ മാത്രമാണ് ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യേണ്ടത് എന്ന യാഥാര്‍ഥ്യം അനേകം ആയത്തുകളും ഹദീസുകളും കൊണ്ട് സ്ഥിരപ്പെട്ടതാണ്. സ്വഹാബികളാരും അതിന് വിപരീതം പ്രവര്‍ത്തിച്ചതായി തെളിഞ്ഞിട്ടില്ല. അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്കും അവന്‍ കേള്‍ക്കുന്നതെല്ലാം കേള്‍ക്കാനും അവന്‍ കാണുന്നതെല്ലാം കാണാനും അവന്‍ അറിയുന്നതെല്ലാം അറിയാനും, അവന്‍ പ്രവര്‍ത്തിക്കുന്നത് പോലെ പ്രവര്‍ത്തിക്കാനും കഴിയുമെന്ന് വാദിച്ചുകൊണ്ട് പുണ്യാത്മാക്കളോട് പ്രാര്‍ഥിക്കുന്നതിന് ന്യായം കണ്ടെത്തുന്നവര്‍ സച്ചരിതരായ മുന്‍ഗാമികളുടേതിന് വിരുദ്ധമായ മാര്‍ഗത്തിലാണെന്ന് വ്യക്തമാകുന്നു.

സ്രഷ്ടാവിലുള്ള വിശ്വാസവും അദ്വൈതവും

സ്രഷ്ടാവ് മാത്രമാണ് ലോകരക്ഷിതാവും ലോകരുടെ ആരാധ്യനും. സൃഷ്ടികളാരും ഈ സ്ഥാനത്തിന് അര്‍ഹരല്ല. അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് സ്പഷ്ടമാകുന്ന കാര്യമാണിത്. ''അവന് പുറമെ പല ദൈവങ്ങളെ അവര്‍ സ്വീകരിച്ചിരിക്കുന്നു. ആ ദൈവങ്ങള്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയായിരുന്നു. മരണമോ ജീവിതമോ ഉയിര്‍ത്തെഴുന്നേല്‍പോ അവരുടെ അധീനത്തിലല്ല''(വി.ഖു 25:3)

''അല്ലാഹുവിന് പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുകയാകുന്നു.''(വി.ഖു 16:20)

ഈ പരമ സത്യത്തെ അട്ടിമറിച്ചുകൊണ്ട് സ്രഷ്ടാവും സൃഷ്ടികളും രണ്ടല്ല ഒന്നു തന്നെയാണെന്നും, ഭൗതിക ലോകം അല്ലാഹുവിന്റെ 'മദ്വ്ഹര്‍' (പ്രത്യക്ഷം, Manifestation) ആണെന്നും, എന്തൊന്നിനെ ആരാധിച്ചാലും അത് അല്ലാഹുവിനുള്ള ആരാധന തന്നെയാണെന്നും വാദിച്ചുകൊണ്ട് ഇസ്‌ലാമിലെ ഏക ദൈവത്വത്തെ കീഴ്‌മേല്‍ മറിക്കുകയാണ് സൂഫികളില്‍ അധിക വിഭാഗങ്ങളും ചെയ്തത്. തൗഹീദിനെ മാറ്റിമറിച്ചുകൊണ്ട് ഇവര്‍ അവതരിപ്പിച്ച 'വഹ്ജതുല്‍ വുജൂദ്' (അദ്വൈതം) എന്ന ആശയം സ്വഹാബികള്‍ സ്വീകരിച്ച അഖീദയ്ക്ക് കടക വിരുദ്ധമത്രെ. ഇവരുടെ വീക്ഷണപ്രകാരം ഇബ്‌ലീസിനെയോ ദജ്ജാലിനെയോ ആരാധിച്ചാലും അതൊന്നും തൗഹീദിന് വിരുദ്ധമാവുകയില്ല.

ശീആക്കളില്‍ ചില വിഭാഗങ്ങള്‍ അലിയ്യുബ്‌നു അബീത്വാലിബ് പ്രവാചകനാണെന്നോ ദൈവാവതാരമാണെന്നോ വാദിക്കുന്നു. അവരില്‍ മിക്കവരുടെയും അഭിപ്രായപ്രകാരം ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിനെയും രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്താബിനെയും ശപിക്കുക എന്നത് മതപരമായ ബാധ്യതയത്രെ. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദത്തിലൂടെ മുഅ്തസില വിഭാഗക്കാര്‍ അബ്ബാസിയ ഖലീഫമാരുടെ കാലത്ത് മുസ്‌ലിം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. അല്ലാഹുവിന്റെ അസ്തിത്വത്തെയും ഗുണനാമങ്ങളെയും കുറിച്ച് ഖുര്‍ആനിലും പ്രബലമായ ഹദീസിലുമുള്ള പല പ്രമാണങ്ങള്‍ക്കും സ്വന്തമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയാണ് അശ്അരികള്‍ ചെയ്തത്. ഖദ്‌രിയാ വിഭാഗം അല്ലാഹുവിന്റെ വിധിയെ നിഷേധിച്ചു. ജബ്‌രിയാ വിഭാഗം മനുഷ്യരുടെ ഇച്ഛാസ്വാതന്ത്ര്യത്തെ തന്നെ നിഷേധിക്കുകയാണ് ചെയ്തത്. അല്ലാഹുവിന്റെ വിധിയുടെ കാര്യത്തില്‍ ഒരുതരം സന്ദേഹവാദമാണ് മുര്‍ജ്അ: വിഭാഗത്തിനുണ്ടായിരുന്നത്. പില്‍ക്കാലത്ത് മദ്ഹബീ പക്ഷപാതിത്വം നിമിത്തം ഒരു മദ്ഹബുകാര്‍ മറ്റു മദ്ഹബുകാരനായ ഇമാമിനെ തുടര്‍ന്ന് നമസ്‌കരിക്കാന്‍ വൈമനസ്യം കാണിക്കുന്ന അവസ്ഥ സംജാതമായതിനാല്‍ പരിശുദ്ധ ഹറമുകളില്‍ നാല് ഇമാമുകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത ജമാഅത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങിയത് ഇസ്‌ലാമിക ഐക്യത്തിന് വലിയ തടസ്സമായി ഭവിക്കുകയുണ്ടായി.

ഇത്തരം ആദര്‍ശവ്യതിയാനങ്ങളും ജീര്‍ണതകളും ബാധിക്കാത്തവരായിരുന്നു സച്ചരിതരായ മുന്‍ഗാമികള്‍. സ്വന്തം അഭിപ്രായങ്ങളെക്കാളും സമകാലികരുടെ ചിന്താഗതികളെക്കാളും അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും വാക്കുകള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതായിരുന്നു അവരുടെ നിലപാടിന്റെ മൗലികത. പില്‍ക്കാലത്ത് വ്യതിചലിച്ചുപോയ ഒട്ടേറെ വിഭാഗങ്ങളുണ്ടാവുകയും അവ  പല സമൂഹങ്ങളില്‍ സ്വാധീനം നേടുകയും ചെയ്തിട്ടുണ്ടെങ്കിലും സലഫിന്റെ നിലപാടില്‍ ഉറച്ചു നിന്നവര്‍ എല്ലാ കാലത്തും കുറച്ചൊക്കെ ഉണ്ടായിരുന്നു. അവര്‍ ചിലപ്പോള്‍ അഹ്‌ലുസ്സുന്ന എന്ന പേരിലും മറ്റു ചിലപ്പോള്‍ സലഫികള്‍ എന്ന പേരിലും അറിയപ്പെട്ടു.

മദ്ഹബ് പക്ഷപാതികളുടെ ബാഹുല്യം

എന്നാല്‍ സച്ചരിതരായ മുന്‍ഗാമികളുടെ കാലത്തിനു ശേഷം മിക്ക കാലഘട്ടങ്ങളിലും ഖുര്‍ആനും ഹദീസും പ്രമാണമായി സ്വീകരിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. ഫിഖ്ഹിലെയും അഖീദയിലെയും മദ്ഹബ് ഗ്രന്ഥങ്ങള്‍ പ്രമാണമാക്കി ജീവിച്ചാലേ മോക്ഷം ലഭിക്കൂ എന്ന് വാദിക്കുന്നവര്‍ക്കായിരുന്നു മുന്‍തൂക്കം. ഖുര്‍ആനും പ്രബലമായ ഹദീസുകളും വിശ്വാസത്തിനും കര്‍മത്തിനും അടിസ്ഥാനമാക്കണമെന്ന് പറയുന്നവര്‍ പിഴച്ച പുത്തന്‍ പ്രസ്ഥാനക്കാരാണ് എന്നായിരുന്നു മദ്ഹബ് പക്ഷപാതികളുടെ എക്കാലത്തെയും പ്രചാരവേല. സുഊദി ഭരണകൂടം മക്കയിലെയും മദീനയിലെയും വിഭാഗീയമായ മദ്ഹബീ ജമാഅത്തുകള്‍ മാറ്റി ഖുര്‍ആനും നബിചര്യയു മനുസരിച്ചുള്ള ഏകീകൃത ജമാഅത്ത് ഏര്‍പ്പെടുത്തിയതോടെയാണ് ഇതിന് അല്പം മാറ്റം വന്നത്. മനുഷ്യന്‍ എഴുതിയുണ്ടാക്കിയ വലിയ കിതാബുകളെക്കാള്‍ യഥാര്‍ഥ വലുപ്പമുള്ളത് അല്ലാഹുവിന്റെ ഗ്രന്ഥത്തിനാണ് എന്ന ചിന്ത സമീപകാലത്ത് മുസ്‌ലിം ലോകത്ത് അംഗീകാരം നേടിക്കൊണ്ടിരിക്കുന്നുണ്ട്.

എന്നാലും സലഫിസം എന്നാല്‍ ഭീകരവാദമാണെന്ന ദുഷ്പ്രചാരണം ഒരു ഭാഗത്തും, സലഫികള്‍ റസൂലി(സ)ന്റെയും സ്വഹാബികളുടെയും മാര്‍ഗത്തിനെതിരായ പുത്തന്‍ പ്രസ്ഥാനമാണെന്ന ദുരാരോപണം മറ്റൊരു ഭാഗത്തും സജീവമാണ്. കേരളത്തിലെ സലഫീ പണ്ഡിതന്മാര്‍ എക്കാലത്തും തീവ്രവാദങ്ങളെയും ഭീകര പ്രവര്‍ത്തനങ്ങളെയും ചാവേര്‍ ആക്രമണങ്ങളെയും ശക്തിയുക്തം എതിര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അല്ലാഹു പ്രശംസിച്ച മുന്‍ഗാമികളുടെ കാലശേഷം മതത്തില്‍ പുതുതായി നിര്‍മിച്ചുണ്ടാക്കിയ ബിദ്അത്ത് (അനാചാരം) കളെയും സലഫികള്‍ നിശിതമായി വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. ഈ യാഥാര്‍ഥ്യം ഇനിയും മനസ്സിലാക്കാത്ത ജനലക്ഷങ്ങള്‍ ഇവിടെയുണ്ട്. അവര്‍ക്കത് പ്രമാണബദ്ധമായി ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിന് ഊര്‍ജിത ശ്രമം അനുപേക്ഷ്യമാകുന്നു.  

By ചെറിയമുണ്ടം അബ്ദുല്‍ഹമീദ്

•┈┈┈┈•✿❁✿•┈┈┈┈•
ശബാബ് വാരിക
2017 ഏപ്രിൽ 28

വിനയമാണ് വിജയം

ഉത്തമ മനുഷ്യന്റെ ഉന്നത ഗുണങ്ങളില്‍പെട്ട ഒരു സ്വഭാവ വിശേഷമാണ് വിനയം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അഹങ്കാരം, ധാര്‍ഷ്ട്യം, പിടിവാശി തുടങ്ങിയ മാനുഷികമായ സ്വഭാവദൂഷ്യങ്ങളില്‍ നിന്ന് മോചനം നേടുമ്പോള്‍ കിട്ടുന്ന ഫലമാണ് വിനയഭാവം. സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ ഉന്നതരോട് കാണിക്കേണ്ട 'ഭവ്യത'യല്ല വിനയം. അശരണരും ഏഴകളും കൈമുതലാക്കേണ്ട ഭാവവുമല്ല വിനയം. ഉന്നത സ്ഥാനങ്ങളില്‍, പ്രത്യേകിച്ചും അധികാരസ്ഥാനങ്ങളില്‍ ഉള്ളവരില്‍ നിന്നുള്‍പ്പെടെ എല്ലാവരില്‍നിന്നും പ്രസരിക്കേണ്ട ഒരു പെരുമാറ്റ മേന്‍മയാണ് വിനയം. വിനയമാണ് യഥാര്‍ഥ വിജയം. പക്ഷേ, നമ്മുടെ വിജയനില്‍(മുഖ്യമന്ത്രി) ആ വിനയം കടുകിട കാണുന്നില്ല എന്നാണ് സമകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. നാടുഭരിക്കുന്ന ഭരണാധികാരികള്‍ ഏറെ വിനയം കാണിക്കേണ്ടതുണ്ട്. 'വിനീതനായ ഞാന്‍' എന്ന വെറുംവാക്ക് പ്രസംഗത്തില്‍ പറയുന്നത് വിനയമെന്ന സ്വഭാവഗുണത്തെ ഇകഴ്ത്തലാണ്.

ജിഷ്ണു പ്രണോയ് എന്ന ഒരു കോളെജ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് പോലീസും ബന്ധപ്പെട്ട അധികാരികളും ആവശ്യമായ അന്വേഷണവും അനിവാര്യമായ അനന്തര നടപടികളും ചെയ്യുന്നതില്‍ അക്ഷന്തവ്യമായ വീഴ്ചവരുത്തി എന്ന് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മനസ്സിലായി. നിറവ്യത്യാസമില്ലാതെ എല്ലാ പത്രങ്ങളും ചാനലുകളും അത് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് മാത്രം അത് മനസ്സിലായില്ല. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും അച്ഛനും അനുജത്തിയും അമ്മാവനും വ്രണിത ഹൃദയവുമായി ഉന്നതാധികാരികളെ കണ്ട് സങ്കടം ബോധിപ്പിക്കാനായി ഭരണസിരാകേന്ദ്രത്തിലെത്തിയപ്പോള്‍, പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നുമില്ലാതെ ഡിജിപി ഓഫീസ് പരിസരം യുദ്ധഭൂമിയാക്കിയത് പോലീസാണ്. ഈ സംഭവവികാസങ്ങള്‍ക്കുനേരെ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി വിജയന്റെ സമീപനം ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പിടിവാശിയുടെയും മകുടോദാഹരണമായിരുന്നു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍പോലും വസ്തുതകള്‍ മനസ്സിലാക്കി സന്ദര്‍ഭത്തിന്റെ തേട്ടം ഉള്‍ക്കൊണ്ട് പ്രതികരിച്ചുവെങ്കിലും മുഖ്യമന്ത്രിയില്‍ വിനയത്തിന്റെ ഒരംശംപോലും കണ്ടില്ല. ധാര്‍ഷ്ട്യത്തിന്റെ ഏകമുഖശബ്ദം സെക്രട്ടറിയേറ്റിനെക്കൊണ്ടംഗീകരിപ്പിച്ച് പുറത്തിറക്കിയ 'പാര്‍ട്ടി നയവിശദീകരണം' അതിലേറെ കെണിയായി. ഓര്‍ക്കുക, പിണറായിയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും കേരളത്തിന്റെ മുഖ്യമന്ത്രിയും ഒരേ വ്യക്തിത്വമല്ല തേടുന്നത്.

കേരളക്കാര്‍ക്കറിയാവുന്ന ഈ സമകാല സംഭവം ഓര്‍മയില്‍ കൊണ്ടുവന്നത് ചില പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്ന രീതികള്‍ ശ്രദ്ധയില്‍പെടുത്താനാണ്. ഒരു ഫോണ്‍കോളില്‍ തീരാവുന്ന, ഒരു കൂടിക്കാഴ്ചയില്‍ തൃപ്തിവരാവുന്ന, ഒരു ചര്‍ച്ചയില്‍ പരിഹരിക്കപ്പെടാവുന്ന ചെറുകാര്യങ്ങള്‍ അതിസങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്കെത്തിക്കുന്നതിന്റെ ഒരു കാരണം അധികാര സ്ഥാനത്തുള്ളവരുടെ പെരുമാറ്റ ദൂഷ്യവും പിടിവാശിയുമാണ്. ഒട്ടും വിനയം കലരാത്ത ഭാഷ്യവുമാണ്. ഇത് ഇവിടെ മാത്രമുള്ളതല്ല. കേന്ദ്രഭരണം കൈയാളുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ പല നിലപാടുകളും ധാര്‍ഷ്ട്യത്തിന്റെ പ്രതിരൂപങ്ങളായിരുന്നു. കണ്‍മുന്നില്‍വെച്ച് സ്ത്രീകള്‍ അപമാനിക്കപ്പെട്ടിട്ടും ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രി, രാജസദസ്സില്‍വെച്ച് പാണ്ഡവ പത്‌നിയെ വസ്ത്രാക്ഷേപം നടത്തിയ ദുശ്ശാസനനെ ഒന്നു ശാസിക്കുകപോലും ചെയ്യാത്ത പുരാണ കഥയിലെ ധൃതരാഷ്ട്രരെപ്പോലെ ആയിപ്പോയി. ഭരണാധികാരികള്‍ തങ്ങളുടെ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ പ്രജകളോട് താത്പര്യമുള്ളവരും അവരോട് വിനയത്തിന്റെ ശൈലിയില്‍ പെരുമാറുന്നവരുമാവണം. വിനയം വിജയമാണ്. ഒരു ക്ഷമാപണം ഒരു യുദ്ധത്തേക്കാള്‍ ഫലപ്രദമായേക്കാം. ചരിത്രം സാക്ഷിയാണ്.

ഏത് കാലത്തേക്കും മാതൃകയായി ലോകം പുകഴ്ത്തിയ നീതിയുടെ പര്യായമായ ഭരണാധികാരി ഖലീഫ ഉമര്‍ വിനയംകൊണ്ട് ഭരണം നടത്തിയ കര്‍ക്കശക്കാരനായിരുന്നു. ഉമറി(റ)ന് മൂന്നുതരം വ്യക്തിത്വങ്ങളുണ്ടെന്ന് പറയാം. ഖത്ത്വാബിന്റെ മകന്‍ ഉമര്‍ ജാഹിലിയ്യ അറബികള്‍ക്കിടയിലെ ധിക്കാരിയും പോക്കിരിയും കഠിനഹൃദയനുമായിരുന്നു. നാവിനോടൊപ്പം ഉറയില്‍ നിന്ന് വാളും പുറത്തുവന്നിരുന്ന ഉമറി(റ)ന്റെ ആര്‍ദ്രതയേശാത്ത മനസ്സിലേക്ക് യാദൃച്ഛികമായി ഇസ്‌ലാമിന്റെ സന്ദേശം കടന്നുചെന്നു. പിതാമഹന്മാരുടെ വിശ്വാസത്തെ ചോദ്യം ചെയ്ത മുഹമ്മദിനെ വകവരുത്താന്‍വേണ്ടി ഉറയില്‍ നിന്നെടുത്ത വാള്‍, വിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കാനിടയായ സന്ദര്‍ഭത്തില്‍ തന്നെ മുഹമ്മദിന്റെ സംരക്ഷണത്തിനുവേണ്ടി വിനിയോഗിക്കാന്‍ ഉമര്‍ തയ്യാറായി. ഉമറി(റ)ന്റെ വ്യക്തിത്വത്തിന്റെ രണ്ടാംഭാഗം ആരംഭിക്കുകയായിരുന്നു. ഇസ്‌ലാമെന്ന മഹിതമായ ആശയത്തിന്റെ അഭ്യുന്നതിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഉമറെന്ന സ്വഹാബി ആത്മാര്‍ഥമായ കര്‍ക്കശക്കാരനായിരുന്നു. ഒന്നാം ഖലീഫ അബൂബക്‌റി(റ)ന്റെ വിയോഗത്തോടെ മുസ്‌ലിം സമൂഹത്തിന്റെയും മദീന ആസ്ഥാനമായ രാഷ്ട്രത്തിന്റെയും ഭരണനേതൃത്വത്തിലെത്തിയപ്പോള്‍ ഉമറി(റ)ന്റെ വ്യക്തിത്വത്തിന്റെ മൂന്നാമത്തെ ഭാഗം അനാവരണം ചെയ്യപ്പെടുകയായിരുന്നു. അഥവാ ആര്‍ദ്രമായ മനസ്സും വിനയമുള്ള സ്വഭാവവും പ്രജകളെ കേള്‍ക്കാനുള്ള സന്മനസ്സും പിഴവുകള്‍ തിരുത്താനുള്ള ആര്‍ജവവും ഒത്തിണങ്ങിയ വിനീതനായിരുന്നു വിജയിയായ ഖലീഫ ഉമര്‍(റ).

ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഒരു ഗൃഹനാഥന്‍ മുതല്‍ രാഷ്ട്രത്തലവന്‍ വരെ ഭരണാധികാരികളാണ്. ഭരണം ഉത്തരവാദിത്തമാണ്; അലങ്കാരമല്ല. വിജയം വിനയത്തിനാണ്; അഹങ്കാരത്തിനല്ല. ഉത്തരവാദിത്തം ചോദ്യം ചെയ്യപ്പെടുന്നതാണെന്ന പ്രവാചക താക്കീതാണ് വിശ്വാസിയെ ഉത്തമ നേതാവാക്കി മാറ്റുന്നത്. അതെ, വിശ്വാസമാണ് മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത്.                   
•┈┈┈┈•✿❁✿•┈┈┈┈•

എഡിറ്റോറിയൽ,
ശബാബ് • Shabab
2017 ഏപ്രിൽ 21 വെള്ളി

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts