കൃഷി ഒരു പുണ്യകര്‍മമാണ്‌

കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്‌കര്‍മമായും ഇസ്‌ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള കൃഷിയില്‍ ഒന്നാണെന്ന തിരിച്ചറിവ്‌ ഇസ്‌ലാം വിശ്വാസികള്‍ക്ക്‌ നല്‌കുന്നുണ്ട്‌. ``ഒരാള്‍ ഒരു ചെടി നട്ടുവളര്‍ത്തി. അതിലുണ്ടായ കായ്‌കനികള്‍ മൃഗങ്ങളോ പക്ഷികളോ തിന്നാല്‍ പോലും അത്‌ നട്ടുവളര്‍ത്തിയവന്‌ പ്രതിഫലം കിട്ടിക്കൊണ്ടേയിരിക്കും'' എന്ന നബിവചനം കൃഷിയുടെ ആത്മീയഭാവം വ്യക്തമാക്കുന്നു.

ഒരു വൃക്ഷത്തൈ നടാന്‍ പോവുമ്പോഴാണ്‌ പ്രപഞ്ചത്തിന്റെ അന്ത്യം സംഭവിക്കുന്നതെങ്കില്‍ പോലും, തൈ നട്ടിരിക്കണമെന്ന പ്രവാചകന്റെ ആഹ്വാനം എത്ര ശ്രദ്ധേയമാണ്‌? ഭൂമിയിലെ ഭക്ഷ്യലഭ്യത നിലനിര്‍ത്താനും ഭൂമിയെ ഹരിതാഭമാക്കാനും ഓരോരുത്തരും കടപ്പെട്ടവരാണെന്ന്‌ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നു.

മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഉല്‌പാദിപ്പിക്കാനുള്ള ശേഷി അല്ലാഹു ഭൂമിക്ക്‌ നല്‌കിയിട്ടുണ്ട്‌. എല്ലാവര്‍ക്കും അന്നം നല്‌കുക എന്നത്‌ അല്ലാഹു ഏറ്റെടുത്ത ബാധ്യതയുമാണ്‌. അല്ലാഹു പറയുന്നു: ``ഭൂമിയില്‍ യാതൊരു ജീവിയും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെയില്ല; അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്‌പഷ്‌ടമായ ഒരു രേഖയിലുണ്ട്‌.'' (വി.ഖു 11:6)

എന്നാല്‍ അലസനായി ഒരിടത്തിരുന്നാല്‍ അന്നം അവനെ തേടിവരികയില്ല. തന്റെ കഴിവും ആരോഗ്യവും ഉപയോഗിച്ച്‌ ഭൂമിയില്‍ അവന്‍ അധ്വാനിക്കണം. നിലമുഴുത്‌ വിത്തിറക്കുക, വെള്ളവും വളവും നല്‌കി സംരക്ഷിക്കുക തുടങ്ങി പ്രാഥമികമായ എല്ലാ പ്രവൃത്തികളും മനുഷ്യന്‍ ആസൂത്രിതമായും ശാസ്‌ത്രീയമായും നിര്‍വഹിക്കണം. തന്റെ നിയന്ത്രണത്തില്‍പ്പെടാത്ത കാര്യങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ശരിയായ ഫലപ്രാപ്‌തിക്ക്‌ വേണ്ടി പ്രാര്‍ഥിച്ച്‌ കൊണ്ടിരിക്കുകയും വേണ്ടതുണ്ട്‌.

മനുഷ്യന്‍ മണ്ണില്‍ പണിയെടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. കൃഷിക്കാവശ്യമായ വെള്ളം അല്ലാഹുവാണ്‌ ഇറക്കിത്തരുന്നത്‌. വിത്തുകള്‍ മുളപ്പിക്കുന്നതും ഭൂമി പിളര്‍ത്തി അവയെ പുറത്ത്‌ കൊണ്ടുവരുന്നതും അവന്‍ തന്നെ. അവയെ വളര്‍ത്തി പൂവും കായും നല്‌കി, പൂര്‍ണതയിലെത്തിക്കുന്നതിലും മനുഷ്യന്‌ കാര്യമായ പങ്കില്ല. അവയുടെ നാശത്തെ തടഞ്ഞുനിര്‍ത്താനും ഒരു പരിധി വരെ മാത്രമേ മനുഷ്യനാവൂ. ഇതെല്ലാം ഉള്‍ക്കൊണ്ട്‌ കൊണ്ടായിരിക്കണം ഒരു കര്‍ഷകന്‍ പ്രവര്‍ത്തിക്കേണ്ടത്‌ എന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അല്ലാഹു പറയുന്നു: ``ധാന്യങ്ങളും വിത്തുകളും പിളര്‍ത്തി മുള പുറത്തുകൊണ്ടുവരുന്നവനാകുന്നു അല്ലാഹു; നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെയും ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്തുകൊണ്ടുവരുന്നു'' (വി.ഖു 6:95). ``നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തന്ന, ആകാശത്ത്‌ നിന്നു വെള്ളമിറക്കി, അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കാനുള്ള കായ്‌കനികള്‍ ഉല്‌പാദിപ്പിച്ച്‌ തരികയും ചെയ്‌ത നാഥനെ (നിങ്ങള്‍ ആരാധിക്കുക). ഇതെല്ലാം അറിഞ്ഞുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്മാരെ ഉണ്ടാക്കരുത്‌'' (വി.ഖു 2:22). ``നിങ്ങള്‍ അശേഷം ചിന്തിച്ചിട്ടില്ലയോ? നിങ്ങള്‍ വിതയ്‌ക്കുന്ന വിത്ത്‌; അതില്‍ നിന്ന്‌ വിള മുളപ്പിക്കുന്നത്‌ നിങ്ങളാണോ, അതോ നാമാണോ മുളപ്പിക്കുന്നത്‌? നാം വിചാരിക്കുകയാണെങ്കില്‍ ഈ വിളകളെ ഉണങ്ങിയ താളുകളാക്കുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. നമ്മുടെ മേല്‍ കടം കേറിയല്ലോ, അല്ല നാം ഭാഗ്യഹീനരായിപ്പോയല്ലോ എന്നിങ്ങനെ.'' (അല്‍വാഖിഅ 63-67)

ഇസ്‌ലാമിന്റെ കാര്‍ഷിക സംസ്‌കാരം

പ്രാര്‍ഥനാപൂര്‍വം വിത്തിറക്കുക, ക്ഷമയോടെ പരിചരിക്കുക, പ്രതീക്ഷാപൂര്‍വം കാത്തിരിക്കുക, വിളവുണ്ടായാല്‍ നിശ്ചിത ശതമാനം സകാത്ത്‌ നല്‌കുക, പ്രാര്‍ഥനാപൂര്‍വം ഭക്ഷിക്കുക, വിളവ്‌ കുറയുകയോ നശിക്കുകയോ ചെയ്‌താല്‍ അല്ലാഹുവിന്റെ വിധിയില്‍ ക്ഷമിക്കുക, വീണ്ടും പ്രാര്‍ഥനയോടെയും പ്രതീക്ഷയോടെയും കൃഷിചെയ്യുക തുടങ്ങിയവ ഇസ്‌ലാം പഠിപ്പിക്കുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണ്‌. കാര്‍ഷിക പ്രവൃത്തിയോട്‌ തികഞ്ഞ ആത്മാര്‍ഥതയും ഗുണകാംക്ഷയും പുലര്‍ത്തുക, കുതന്ത്രം പ്രയോഗിച്ചോ മറ്റോ അന്യായമായി കൈവശപ്പെടുത്തിയ ഭൂമിയില്‍ കൃഷി ചെയ്യാതിരിക്കുക, അല്ലാഹു ഹറാമാക്കിയ വിഭവങ്ങള്‍ക്കു വേണ്ടി കൃഷി നടത്താതിരിക്കുക, മറ്റുള്ളവര്‍ക്ക്‌ ദ്രോഹമുണ്ടാക്കാതിരിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇസ്‌ലാം കൃഷിയുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുന്നുണ്ട്‌.

തന്റെ കൃഷിയും തോട്ടവും തനിക്ക്‌ ലഭിച്ച വിളവും തന്റെ അധ്വാനത്തിന്റെ ഫലം മാത്രമല്ലെന്നും അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഫലമാണെന്നുമുള്ള തിരിച്ചറിവ്‌ കര്‍ഷകനുണ്ടാവണം. അഹങ്കാരത്തോടെ തന്റെ തോട്ടത്തില്‍ വന്ന്‌ സ്വത്തിനെക്കുറിച്ച്‌ വീമ്പ്‌ പറഞ്ഞ ഒരാളുടെ തോട്ടം അല്ലാഹു നശിപ്പിച്ച സംഭവം ഖുര്‍ആന്‍ സൂറതുല്‍ കഹ്‌ഫില്‍ (32 മുതല്‍ 44 വരെയുള്ള വചനങ്ങളില്‍) വിവരിക്കുന്നു.

സമൃദ്ധമായ വിളവ്‌ തരാന്‍ കഴിവുള്ള രക്ഷിതാവിന്‌ ഏത്‌ നിമിഷവും അവ ഇല്ലായ്‌മ ചെയ്യാനും കഴിയും എന്ന ബോധവും വിനയവും കര്‍ഷകനുണ്ടായിരിക്കണം. അല്ലാഹു പറയുന്നു: ``ഐഹിക ജീവിതത്തിന്റെ ഉപമ ഇങ്ങനെയാണ്‌. ആകാശത്തു നിന്ന്‌ നാം മഴ വര്‍ഷിപ്പിച്ചിട്ട്‌ മനുഷ്യരും കന്നുകാലികളും ഭക്ഷിക്കുന്ന പലതരം സസ്യങ്ങള്‍ അതുകൊണ്ട്‌ ഭൂമിയില്‍ ഇടകലര്‍ന്നുണ്ടായി. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിഞ്ഞു. അത്‌ ഭംഗിയായി നില്‌ക്കുകയും അത്‌ കരസ്ഥമാക്കാന്‍ സാധിച്ചുവെന്ന്‌ അതിന്റെ ഉടമസ്ഥര്‍ക്ക്‌ തോന്നുകയും ചെയ്‌തപ്പോള്‍, പെട്ടെന്ന്‌ രാത്രിയോ പകലോ ആ കൃഷിഭൂമിക്ക്‌ നമ്മുടെ കല്‌പന എത്തുകയും തലേ ദിവസം അവിടെ അങ്ങനെ ഒരു കൃഷിയില്ലാതിരുന്ന മട്ടില്‍ അതിനെ ഉന്മൂലനാശം വരുത്തുകയും ചെയ്‌തു. ചിന്തിക്കുന്നവര്‍ക്ക്‌ ഇപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (വി.ഖു 10:24)

``അവന്റെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു; അപ്പോള്‍ അതില്‍ ചെലവിറക്കിയതിനെക്കുറിച്ച്‌ ദു:ഖിച്ച്‌ അവന്‍ രണ്ട്‌ കൈകളം മലര്‍ത്തുന്നു; തോട്ടങ്ങളാകട്ടെ അവയുടെ പന്തലുകളോടു കൂടി വീണടിഞ്ഞ്‌ കിടക്കുകയാണ്‌. എന്റെ നാഥനോട്‌ മറ്റാരെയും ഞാന്‍ പങ്ക്‌ ചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നവന്‍ വിലപിക്കുന്നു.'' (വി.ഖു 18:42)

ശൈഖുല്‍ അസ്‌ഹര്‍ അലി ത്വന്‍ത്വാവി പറയുന്നു: ``സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌, കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ദൈവഭക്തി കൂടിയവരാവും എന്നാണ്‌. അവര്‍ കൂടുതല്‍ ദൈവത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കും. കാരണം നിലമുഴുത്‌, വിത്തിറക്കി, പരിചരിച്ച്‌, ഫലം പ്രതീക്ഷിച്ചിരിക്കുന്ന സ്വഭാവം അവരെ കൂടുതല്‍ അല്ലാഹുവിലേക്ക്‌ അടുപ്പിച്ചുകൊണ്ടിരിക്കും.'' (ഹദീസുല്‍ ഖുര്‍ആനിവസുന്ന: അനിസ്സിറാഅ:)

തൊഴിലെടുത്ത്‌ ജീവിക്കുന്നതിനെ ഇസ്‌ലാം അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു. അനുവദനീയമായ ജീവിതവഹകള്‍ കണ്ടെത്തേണ്ടതിനായി പരിശ്രമിക്കേണ്ടത്‌ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ കടമയാണെന്ന്‌ നബി(സ) ഉണര്‍ത്തുന്നുണ്ട്‌. പ്രവാചകന്റെ കാലത്ത്‌ മദീനയില്‍ ധാരാളമായി കൃഷിയുണ്ടായിരുന്നു. മക്കയില്‍ നിന്നും ഹിജ്‌റ വന്ന മുഹാജിറുകളെ, അന്‍സാറുകള്‍ തങ്ങളുടെ കൃഷിയില്‍ പങ്കാളികളാക്കിയ ചരിത്രം നമുക്കു കാണാം.

പകലിനെ ജീവിതവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള സമയമായി നിശ്ചയിച്ച്‌ തന്നത്‌ ഒരനുഗ്രഹമായി അല്ലാഹു എടുത്തുപറയുന്നു (അന്നബഅ്‌ 11). സഞ്ചരിക്കാനും കാര്‍ഷിക വൃത്തിക്കും അനുഗുണമാം വിധം ഭൂമിയെ സൃഷ്‌ടിച്ചതും അല്ലാഹു ഓര്‍മപ്പെടുത്തുന്നു. ``അവനാണ്‌ നിങ്ങള്‍ക്ക്‌ ഭൂമിയെ വശപ്പെടുത്തിത്തന്നത്‌. അതിന്റെ മാറിലൂടെ നടന്നുകൊള്ളുവിന്‍, ദൈവത്തിന്റെ വിഭവം ഭുജിച്ചുകൊള്ളുവിന്‍, അവനിലേക്ക്‌ നിങ്ങള്‍ തിരിച്ച്‌ ചെല്ലേണ്ടതുമുണ്ട്‌.'' (മുല്‍ക്ക്‌ 15)

ഖുര്‍ആനില്‍ വചനങ്ങളില്‍

സസ്യശാസ്‌ത്ര ശാഖയുമായി ബന്ധപ്പെട്ട വചനങ്ങള്‍ ഖുര്‍ആനില്‍ നൂറിലേറെ സ്ഥലങ്ങളില്‍ കാണാം. സര്‍അ്‌ (കൃഷി) എന്ന പദവും അതില്‍ നിന്ന്‌ ഉത്ഭൂതമാകുന്ന രൂപങ്ങളും പതിനാല്‌ സ്ഥലങ്ങളിലുണ്ട്‌. പഴങ്ങള്‍, കായ്‌കനികള്‍ എന്നിവയെക്കുറിച്ച്‌ അറുപത്തി നാല്‌ സ്ഥലങ്ങളിലും മരത്തെക്കുറിച്ച്‌ ഇരുപത്തഞ്ച്‌ സ്ഥലങ്ങളിലും പരാമര്‍ശം കാണാം. ധാന്യങ്ങളെക്കുറിച്ച്‌ പന്ത്രണ്ട്‌ സ്ഥലത്തും ഇലകളെക്കുറിച്ച്‌ മൂന്ന്‌ സ്ഥലത്തും പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇരുപത്തഞ്ചില്‍ പരം സസ്യങ്ങളുടെ പേര്‌ പരാമര്‍ശിച്ച ഖുര്‍ആന്‍ പച്ചക്കറികള്‍, കാലിത്തീറ്റ എന്നിവയെയും പരാമര്‍ശിക്കുന്നുണ്ട്‌.

സസ്യങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കാര്‍ഷിക വിളകള്‍, കാലിത്തീറ്റ, ഇലകള്‍, പഴങ്ങള്‍, മരങ്ങള്‍, ഫലവര്‍ഗങ്ങള്‍ എന്നിവക്ക്‌ പുറമെ ഇരുപത്തഞ്ചോളം സസ്യങ്ങളുടെ പേരുകളും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ഈത്തപ്പന, ഒലീവ്‌, മുന്തിരി, മാതളം, അത്തി, ഇലന്ത, മന്ന, കാറ്റാടി, ഹംത്വ്‌ കര്‍പ്പൂരം, ഇഞ്ചി, പയര്‍, ഉള്ളി, വെളുത്തുള്ളി, കക്കരി, വാഴ, ചുരയ്‌ക്ക, കടുക്‌, തുളസി, സഖൂം, ളരീഅ്‌, തുബാ എന്നീ സസ്യങ്ങളെ ഖുര്‍ആന്‍ പ്രത്യേകം പേരെടുത്ത്‌ പറയുന്നുണ്ട്‌.

അല്ലാഹുവിന്റെ ഏകത്വവും കൃഷിയും

സ്രഷ്‌ടാവിന്റെ ഏകത്വവും മഹത്വവും ബോധ്യപ്പെടാന്‍ ഉപകരിക്കുന്ന ഒരു പ്രവര്‍ത്തനമായി ഖുര്‍ആന്‍ കൃഷിയെ പരിചയപ്പെടുത്തുന്നത്‌ കാണാം. വരണ്ടുണങ്ങിയ മണ്ണില്‍ മഴ വര്‍ഷിപ്പിക്കുന്നതും അവിടെ സസ്യലതാദികള്‍ വളര്‍ത്തി മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും ലഭ്യമാക്കുന്നതും സ്രഷ്‌ടാവല്ലാതെ മറ്റാരെങ്കിലുമാണോ എന്ന്‌ ഖുര്‍ആന്‍ ചോദിക്കുന്നു. ``കരയിലെയും കടലിലെയും അന്ധകാരത്തില്‍ നിങ്ങള്‍ക്ക്‌ വഴികാണിക്കുന്നതാരാകുന്നു? തന്റെ മഴയാകുന്ന അനുഗ്രഹത്തിന്റെ മുന്നില്‍ കാറ്റുകളെ സുവാര്‍ത്തയായി അയക്കുന്നവന്‍ ആരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം ഇതിനുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അത്യുന്നതനത്രെ അല്ലാഹു.'' ``സൃഷ്‌ടി ആരംഭിക്കുന്നവനും പിന്നീടതാവര്‍ത്തിക്കുന്നവനും ആരാകുന്നു? വിണ്ണില്‍ നിന്നും മണ്ണില്‍ നിന്നും നിങ്ങള്‍ക്ക്‌ അന്നം തരുന്നവനാരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം ഉണ്ടോ? പറയൂ: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ തെളിവ്‌ കൊണ്ടുവരൂ'' (വി.ഖു 27:63,64)

``എന്നാല്‍ നിങ്ങള്‍ കൃഷിചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത്‌ മുളപ്പിച്ച്‌ വളര്‍ത്തുന്നത്‌? അതോ നാമാണോ ഉല്‌പാദിപ്പിക്കുന്നത്‌?'' (വി.ഖു 56:63-64)

ഒരു ദൈവികദൃഷ്‌ടാന്തം

ഒരേ മണ്ണില്‍ ഒരേ വെള്ളവും വളവും സ്വീകരിച്ച്‌ വളരുന്ന വ്യത്യസ്‌ത സസ്യങ്ങള്‍ രുചിഭേദങ്ങളിലും ഗുണങ്ങളിലും വര്‍ണങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നത്‌ മനുഷ്യനെ ചിന്തിപ്പിക്കേണ്ടതാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ``ഭൂമിയില്‍ തൊട്ടു തൊട്ടുകിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന്‌ പല ശാഖകളായി വളരുന്നതും വേറെ വേറെ മുരടുകളില്‍ നിന്ന്‌ വളരുന്നതുമായ ഈത്തപ്പനകളുണ്ട്‌. ഒരേ വെള്ളം കൊണ്ടാണ്‌ അത്‌ നനയ്‌ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനേക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌.'' (വി.ഖു 13:4)

മഹത്തായ അനുഗ്രഹം

മാനവ സമൂഹത്തിന്‌ അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ട ഒന്നായി കൃഷിയെ അല്ലാഹു എടുത്തുപറയുന്നു. മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും ജീവിതവും നിലനില്‌പും ഭൂമിയില്‍ അവന്‍ നടത്തുന്ന കൃഷിയുമായി ബന്ധപ്പെട്ടത്‌ കൂടിയാണ്‌. പഴവര്‍ഗങ്ങളും ധാന്യങ്ങളും ഇതര കായ്‌കനികളും മനുഷ്യജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളില്‍ പെട്ടതാണല്ലോ. അല്ലാഹു പറയുന്നു: ``മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്ന്‌ ചിന്തിച്ചുനോക്കട്ടെ, നാം ശക്തിയായി വെള്ളം ചൊരിഞ്ഞ്‌ കൊടുത്തു; പിന്നീട്‌ നാം ഭൂമിയെ പിളര്‍ത്തിക്കൊടുത്തു, എന്നിട്ടതില്‍ ധാന്യവും മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതൂര്‍ന്നു നില്‌ക്കുന്ന തോട്ടങ്ങളും പഴവര്‍ഗങ്ങളും പുല്ലും നാം മുളപ്പിച്ചു; നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.'' (വി.ഖു 80:24-32)

``അങ്ങനെ ആ വെള്ളം കൊണ്ട്‌ നാം നിങ്ങള്‍ക്ക്‌ ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അവയില്‍ നിങ്ങള്‍ക്ക്‌ ധാരാളം പഴങ്ങളുണ്ട്‌. അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.'' (വി.ഖു 23:19)

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‌

ഏതൊരു രാജ്യവും ഭക്ഷ്യസുരക്ഷ കൈവരിക്കാനും ദാരിദ്ര്യത്തില്‍ നിന്ന്‌ കരകയറാനും ആ രാജ്യത്തെ ഭൂമി ഉല്‌പാദനക്ഷമമായിരിക്കേണ്ടതുണ്ട്‌. നാട്ടില്‍ സമൃദ്ധി നിറയ്‌ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളിലൊന്നാണ്‌ കൃഷി. ഭക്ഷ്യധാന്യങ്ങളുടെ ഉല്‌പാദനവും സൂക്ഷിപ്പും ഏതൊരു രാജ്യവും പ്രോത്സാഹിപ്പിക്കും.

യൂസുഫ്‌ നബി(അ)യുടെ കാലത്ത്‌ ഈജിപ്‌തിനെ കടുത്ത ഭക്ഷ്യക്ഷാമത്തില്‍ നിന്നും രക്ഷിച്ചത്‌ ആസൂത്രണത്തോടെയുള്ള കൃഷിയും ധാന്യങ്ങളുടെ സൂക്ഷിപ്പുമായിരുന്നുവെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ഫലസ്‌തീനടക്കമുള്ള സമീപരാജ്യങ്ങള്‍ കടുത്ത ക്ഷാമത്തിനും ദാരിദ്ര്യത്തിനും വിധേയമായപ്പോള്‍ ഈജിപ്‌ത്‌ പിടിച്ചുനിന്നത്‌ യൂസുഫ്‌(അ) നിര്‍ദേശിച്ച പ്രകാരമുള്ള കൃഷി മുഖേനയായിരുന്നു.

ഏഴ്‌ മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്ത ഏഴ്‌ പശുക്കളെ തിന്നുന്നതും ഏഴ്‌ പച്ചക്കതിരുകളും ഉണങ്ങിയ കതിരുകളും രാജാവ്‌ സ്വപ്‌നം കണ്ടു; ഇതിനെ വ്യാഖ്യാനിച്ച്‌ യൂസുഫ്‌(അ) പറഞ്ഞു: ``നിങ്ങള്‍ ഏഴു കൊല്ലം തുടര്‍ച്ചയായി കൃഷിചെയ്യുക; എന്നിട്ട്‌ നിങ്ങള്‍ കൊയ്‌തെടുത്തതില്‍ നിന്ന്‌ ഭക്ഷിക്കേണ്ടതൊഴിച്ച്‌ ബാക്കിയുള്ളത്‌ അവയുടെ കതിരില്‍ തന്നെ സൂക്ഷിക്കുക. പിന്നീടതിന്‌ ശേഷം പ്രയാസകരമായ ഏഴ്‌ വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ചുവെച്ചിട്ടുള്ളതിനെയെല്ലാം തിന്ന്‌ തീര്‍ക്കുന്നതാണ്‌, നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന്‌ അല്‌പമൊഴികെ.'' (വി.ഖു 12:47,48)

കൃഷിയും മനുഷ്യപ്രകൃതിയും

കാര്‍ഷിക വിളകളോടുള്ള മനുഷ്യന്റെ അദമ്യമായ താല്‌പര്യം അവന്റെ പ്രകൃതിയില്‍ നിക്ഷിപ്‌തമാണെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. കൃഷി, കാലിവളര്‍ത്തല്‍ എന്നിവ പുരാതന കാലം മുതല്‍ വരുമാനത്തിനുള്ള മാര്‍ഗമായി കണ്ടതു പോലെ ആനന്ദത്തിന്റെയും ആത്മനിര്‍വൃതിയുടെയും വഴിയായും സ്വീകരിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു: ``ഭാര്യമാര്‍, മക്കള്‍, കുന്നുകൂട്ടിയ സ്വര്‍ണവും വെള്ളിയും, മേത്തരം കുതിരകള്‍, നാല്‌ക്കാലികള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്‌ടപ്പെട്ട വസ്‌തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോക ജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു മനുഷ്യര്‍ക്ക്‌ ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.'' (വി.ഖു 3:14)

ഉപമകളിലൂടെ

ഉപമകളും ഉദാഹരണങ്ങളും പറഞ്ഞാണ്‌ ഖുര്‍ആന്‍ ഒട്ടേറെ കാര്യങ്ങള്‍ വിവരിക്കുന്നത്‌. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഉദാഹരണങ്ങളാണ്‌ സഹായിക്കുക. കൃഷിയുമായി ബന്ധമുള്ള ധാരാളം ഉപമകള്‍ ഖുര്‍ആനില്‍ നിറഞ്ഞുനില്‌ക്കുന്നുണ്ട്‌. നന്മയുടെ വഴിയില്‍ ധനം ചെലവഴിക്കുന്നതിനെ ഖുര്‍ആന്‍ ഉപമിക്കുന്നത്‌ കാണുക:

``അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത്‌ ഒരു ധാന്യമണിയോടാകുന്നു. അത്‌ ഏഴ്‌ കതിരുകള്‍ ഉല്‌പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്‌ ധാന്യമണികളും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക്‌ ഇരട്ടിയായി നല്‌കുന്നു. അല്ലാഹു ഏറെ കഴിവും അറിവും ഉള്ളവനാണ്‌.'' (വി.ഖു 2:261)

സദ്‌വൃത്തരായ സത്യവിശ്വാസികളെ ഉപമിച്ചുകൊണ്ട്‌ അല്ലാഹു പറയുന്നു: ``അതാണ്‌ തൗറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ; ഇഞ്ചീലില്‍ അവരുടെ ഉപമ ഇങ്ങനെയാകുന്നു: ഒരു വിള അത്‌ അതിന്റെ കൂമ്പ്‌ പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്‌ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൗതുകം തോന്നിച്ചുകൊണ്ട്‌ അതിന്റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നു നിന്നു.'' (വി.ഖു 48:29)

ഏകദൈവവിശ്വാസത്തെയും സത്യവിശ്വാസത്തെയും അല്ലാഹു നല്ല ഫലവൃക്ഷത്തോടുപമിക്കുമ്പോള്‍ ശിര്‍ക്കിനെയും സത്യനിഷേധിയെയും ദുര്‍ബലവും ഫലശൂന്യവുമായ മരത്തോടാണ്‌ ഉപമിക്കുന്നത്‌. ``അല്ലാഹു നല്ല വചനത്തിന്‌ എങ്ങനെയാണ്‌ ഉപമ നല്‌കിയിരിക്കുന്നത്‌ എന്ന്‌ നീ കണ്ടില്ലേ? അത്‌ ഒരു നല്ല മരം പോലെയാകുന്നു; അതിന്റെ മുരട്‌ ഉറച്ചുനില്‌ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച്‌ അത്‌ എല്ലാ കാലത്തും ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക്‌ ആലോചിച്ച്‌ മനസ്സിലാക്കാനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു; ഭൂതലത്തില്‍ നിന്ന്‌ അത്‌ പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്‌ യാതൊരു നിലനില്‌പുമില്ല. (ഖു 14:24-26)

ഭൗതിക ജീവിതത്തിന്റെ ക്ഷണികത ബോധ്യപ്പെടുത്താന്‍ സസ്യങ്ങളെയാണ്‌ അല്ലാഹു ഉദാഹരിക്കുന്നത്‌. ഒരു മഴ പെയ്യുമ്പോഴേക്ക്‌ മുളച്ചുപൊങ്ങി വളര്‍ന്ന്‌ ഏതാനും ദിവസം വെയിലേല്‌ക്കുമ്പോള്‍ ഉണങ്ങിപ്പോകുന്ന സസ്യങ്ങളെപ്പോലെ കുറഞ്ഞകാലം മാത്രമാണ്‌ ഐഹിക ജീവിതം. അല്ലാഹു പറയുന്നു: ``നബിയേ നീ അവര്‍ക്ക്‌ ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക; ആകാശത്ത്‌ നിന്ന്‌ നാം വെള്ളമിറക്കി; അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടതൂര്‍ന്ന്‌ വളരുന്നു; താമസിയാതെ അത്‌ കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു. (വി.ഖു 18:50)

ആഹാര സ്രോതസ്സ്‌

ഭൂമിയില്‍ വൈവിധ്യമാര്‍ന്ന സസ്യങ്ങളും ഫലവര്‍ഗങ്ങളും അല്ലാഹു ഉല്‌പാദിപ്പിച്ചത്‌ തന്റെ അടിമകളുടെ അന്നത്തിന്‌ വേണ്ടിയാണെന്ന്‌ അല്ലാഹു അറിയിക്കുന്നു. മനുഷ്യരുടെ മാത്രമല്ല, പക്ഷിമൃഗാദികളുടെ ഭക്ഷണവും കൂടി കണക്കിലെടുത്താണ്‌ അല്ലാഹു വിവിധ വസ്‌തുക്കള്‍ ഭൂമിയില്‍ ഉണ്ടാക്കുന്നത്‌. അല്ലാഹു പറയുന്നു: ``ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഉത്തമമായ ഭക്ഷണവും ലഹരിയും ഉണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്‌ടാന്തമുണ്ട്‌ (നഹ്‌ല്‍ 67). ``പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും ഈത്തപ്പനകളും വിവിധ തരം കനികളുള്ള കൃഷികളും പരസ്‌പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്‌ടിച്ചുണ്ടാക്കിയതവനാകുന്നു. അവയോരോന്നും കായ്‌ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതിന്റെ വിളവെടുപ്പു ദിവസം അതിന്റെ ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കില്ല (6:141). ``വരണ്ട ഭൂമിയിലേക്ക്‌ നാം വെള്ളം കൊണ്ടുചെല്ലുകയും അതുമൂലം ഇവരുടെ കാലികള്‍ക്കും ഇവര്‍ക്കുതന്നെയും തിന്നാനുള്ള കൃഷി നാം ഉല്‌പാദിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ ഇവര്‍ കണ്ടില്ലേ? അവര്‍ എന്നിട്ടും കണ്ടറിയുന്നില്ലേ? (വി.ഖു 32:27)

സ്വര്‍ഗത്തിലും നരകത്തിലും

സ്വര്‍ഗനിവാസികള്‍ക്ക്‌ ലഭിക്കുന്ന സ്വാദിഷ്‌ടമായ ഭക്ഷണത്തെക്കുറിച്ചും നരകക്കാരുടെ കഠിനമായ ശിക്ഷയെ കുറിച്ചും പരാമര്‍ശിക്കുന്നിടത്ത്‌ മരങ്ങളും വിശിഷ്ടമായ പഴവര്‍ഗങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നു. ആദം നബി(അ)യെയും ഹവ്വാബീവിയെയും സ്വര്‍ഗത്തില്‍ താമസിപ്പിച്ചപ്പോള്‍ ഒരു മരത്തിന്റെ ഫലമൊഴികെ മറ്റേത്‌ പഴവും കായ്‌കനികളും തിന്നാന്‍ അനുവാദം നല്‌കിയിരുന്നു: ``നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്ത്‌ നിന്ന്‌ സുഭിക്ഷമായി തിന്നുകൊള്ളുക; എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌.'' (വി.ഖു 2:35)

സ്വര്‍ഗക്കാര്‍ക്ക്‌ ലഭിക്കുന്ന പരസ്‌പര സാദൃശ്യമുള്ളതും രുചിവൈവിധ്യങ്ങള്‍ നിറഞ്ഞതുമായ പഴങ്ങളെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നു: ``അതിലെ ഓരോ കനിയും ഭക്ഷിക്കുവാനായി നല്‌കപ്പെടുമ്പോള്‍ `ഇതിനു മുമ്പ്‌ തങ്ങള്‍ക്ക്‌ നല്‌കപ്പെട്ടത്‌ തന്നെയാണല്ലോ ഇതും' എന്നായിരിക്കും അവര്‍ പറയുക. വാസ്‌തവത്തില്‍ പരസ്‌പരം സാദൃശ്യമുള്ള നിലയില്‍ അവര്‍ക്കത്‌ നല്‌കപ്പെടുകയാണുണ്ടായത്‌. (വി.ഖു 2:25)

അതേസമയം നരകവാസികള്‍ക്ക്‌ ലഭിക്കുന്ന ശിക്ഷയുടെ ഭാഗമായി സഖൂം വൃക്ഷത്തെയും ളരീഅ്‌ ചെടിയേയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ``അതാണോ വിശിഷ്‌ടമായ സല്‍ക്കാരം? അതല്ല സഖൂം വൃക്ഷമാണോ? തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്കു ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നരകത്തിന്റെ അടിയില്‍ മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌. അതിന്റെ കുല പിശാചുകളുടെ തലപോലിരിക്കും. തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറയ്‌ക്കുന്നതായിരിക്കും (വി.ഖു 37:62-66). ``ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല; അത്‌ പോഷണം നല്‌കുന്നതോ വിശപ്പടക്കുന്നതോ അല്ല''(വി.ഖു 88:6,7). വളരെ കൈപ്പുള്ള ഒരു ചെടിയാണ്‌ ളരീഅ്‌.

വെട്ടിനിരത്തലും കൊലപാതകവും വിളകള്‍ നശിപ്പിക്കുന്നതിനെ

വിളകള്‍ നശിപ്പിക്കുന്നതിനെയും മനുഷ്യരെ കൊല്ലുന്നതിനെയും ഒരേ വചനത്തിലാണ്‌ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്‌. ചില അധികാരികള്‍ ഭൂമിയില്‍ സൃഷ്‌ടിക്കുന്ന കുഴപ്പങ്ങളുടെ ഭാഗമായാണ്‌ ഖുര്‍ആന്‍ വിളനശീകരണവും കൊലപാതകവും ഒന്നിച്ച്‌ പറയുന്നത്‌. ഇത്‌ കൃഷി നശിപ്പിക്കുന്നതിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു: ``അവന്‌ അധികാരം കിട്ടിയാല്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്നതിന്‌ വേണ്ടിയും അതിലെ വിളവുകളെയും മനുഷ്യവംശത്തെയും നശിപ്പിക്കാന്‍ വേണ്ടിയും അവന്‍ ഓടിനടക്കുന്നതാണ്‌. നശീകരണമാകട്ടെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല'' (വി.ഖു 2:205). യുദ്ധസമയത്ത്‌ പോലും ശത്രുക്കളുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കരുതെന്ന്‌ നബി(സ) യോദ്ധാക്കള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‌കിയിരുന്നു.

പുനരുത്ഥാനം ഒരു സത്യം

മരിച്ച്‌ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന മുഴുവന്‍ മനുഷ്യരെയും ഒരു നാള്‍ അല്ലാഹു പുനര്‍ജീവിപ്പിക്കുന്നതാണ്‌. ഖുര്‍ആന്‍ ഊന്നിപ്പറയുന്ന ഈ യാഥാര്‍ഥ്യം വ്യക്തമാവാന്‍, ഊഷരഭൂമിയില്‍ മഴവെള്ളമെത്തിയാല്‍ മുളച്ചുപൊങ്ങുന്ന സസ്യങ്ങളെ കുറിച്ച്‌ ആലോചിച്ചാല്‍ തന്നെ മതി. അല്ലാഹു പറയുന്നു: ``നിശ്ചയമായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു. അവര്‍ക്കൊരു ദൃഷ്‌ടാന്തമുണ്ട്‌. നിര്‍ജീവമായ ഭൂമി, അതിന്‌ നാം ജീവന്‍ നല്‌കുകയും അതില്‍ നിന്ന്‌ നാം ധാന്യം ഉല്‌പാദിപ്പിക്കുകയും ചെയ്‌തു. എന്നിട്ട്‌ അതില്‍ നിന്നാണവര്‍ ഭക്ഷിക്കുന്നത്‌.'' (വി.ഖു 36:32,33)

കാര്‍ഷിക വിളകളും സക്കാത്തും

കാര്‍ഷിക വിളകള്‍ക്ക്‌ വിളവെടുപ്പ്‌ സമയത്ത്‌ തന്നെ സകാത്ത്‌ നല്‌കണമെന്ന്‌ ഖുര്‍ആന്‍ പറയുന്നു: ``അവയോരോന്നും കായ്‌ക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ഫലങ്ങള്‍ തിന്ന്‌ കൊള്ളുക; വിളവെടുപ്പ്‌ ദിവസം അതിന്റെ ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്‌ടപ്പെടുകയേ ഇല്ല'' (വി.ഖു 6:141)

പച്ചപിടിച്ചുനില്‌ക്കുന്ന കൃഷിയും തോട്ടങ്ങളും മനുഷ്യരുടെ മനസ്സിനെ കുളിരണിയിക്കുന്നതും കണ്ണുകള്‍ക്ക്‌ കുളിര്‍മ നല്‌കുന്നതുമാണ്‌. സസ്യങ്ങളെയും ചെടികളെയും ഇഷ്‌ടപ്പെടുക മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ ഖുര്‍ആന്‍ കൃഷിയെയും കാര്‍ഷിക വൃത്തിയെയും കര്‍ഷകനെയും വളരെയധികം പരാമര്‍ശിക്കുന്നത്‌. എല്ലാം സ്രഷ്‌ടാവിനെ മനസ്സിലാക്കാനും അവന്‌ നന്ദി കാണിക്കാനും ഉപകരിക്കണമെന്നാണ്‌ ഖുര്‍ആനിന്റെ താല്‌പര്യം.

by പി അബ്‌ദു സലഫി @ശബാബ് വാരിക

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts