ഖുര്‍ആനിന്റെ വിശേഷണങ്ങള്‍

ശംസുദ്ദീന്‍ പാലക്കോട്‌ 

 വിശുദ്ധ ഖുര്‍ആനിന്‌ ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌. അന്തിമ വേദഗ്രന്ഥത്തെപ്പറ്റി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദം ഖുര്‍ആന്‍ എന്നാണ്‌. വായന, വായിക്കപ്പെടുന്നത്‌, വായിക്കപ്പെടേണ്ടത്‌ എന്നെല്ലാമാണ്‌ ഇതിന്നര്‍ഥം. മുസ്‌ലിംകള്‍ സാധാരണ ഉപയോഗിക്കുന്ന `മുസ്‌ഹഫ്‌' എന്ന പദം `ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം' എന്ന അര്‍ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌. രണ്ടു ചട്ടക്കുള്ളില്‍ സൂക്ഷിക്കപ്പെട്ട പുസ്‌തകം അഥവാ വിജ്ഞാനം എന്ന അര്‍ഥമാണ്‌ മുസ്‌ഹഫിനുള്ളത്‌. `ഖുര്‍ആന്‍' ദൈവികവചനങ്ങളും `മുസ്‌ഹഫ്‌' ഖുര്‍ആന്‍ അക്ഷരങ്ങളില്‍ വായിക്കാവുന്ന വിധം സൂക്ഷിച്ചുവെക്കാന്‍ വേണ്ടി മനുഷ്യരുണ്ടാക്കിയ ഒരു ഭൗതിക ക്രമീകരണവുമാണ്‌. അതിനാല്‍ മുസ്‌ഹഫ്‌ എന്നത്‌ ഖുര്‍ആനിന്റെ വിശേഷണമോ അതിന്റെ പര്യായപദമോ അല്ല, ഖുര്‍ആനിന്‌ ഖുര്‍ആനില്‍ തന്നെ സൂചിക്കപ്പെട്ട ചില സുപ്രധാന വിശേഷണങ്ങളാണ്‌ ചുവടെ:


കിതാബുന്‍ മുബീന്‍ (സുവ്യക്ത ഗ്രന്ഥം)

 ``അലിഫ്‌ ലാം റാ... സുവ്യക്തമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ. നിങ്ങള്‍ ഗ്രഹിക്കുന്നതിനു വേണ്ടി അത്‌ അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു ഗ്രന്ഥമായി നാം അവതരിപ്പിച്ചിരിക്കുന്നു.'' (യൂസുഫ്‌ 1,2) ബലാഗുന്‍ (വ്യക്തമായ ഉദ്‌ബോധനം) ``ഇത്‌ മനുഷ്യര്‍ക്കുവേണ്ടിയുള്ള വ്യക്തമായ ഒരു ഉദ്‌ബോധനമാകുന്നു. ഇത്‌ മുഖേന അവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‌കപ്പെടേണ്ടതിനും അവന്‍ ഒരാരാധ്യന്‍ മാത്രമാണെന്ന്‌ അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്മാര്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള ഉത്‌ബോധനം.'' (ഇബ്‌റാഹീം 52)

മുഹൈമിന്‍ (കാത്തുരക്ഷിക്കുന്നത്‌)

 (നബിയേ) താങ്കള്‍ക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചതനുസരിച്ച്‌ വിധി കല്‌പിക്കുക. നിനക്ക്‌ വന്നുകിട്ടിയ സത്യത്തെ വിട്ട്‌ നീ അവരുടെ തന്നിഷ്‌ടങ്ങളെ പിന്‍പറ്റിപ്പോകരുത്‌.'' (മാഇദ 48)

 അഹ്‌സനുല്‍ ഹദീസ്‌ (ഉത്തമമായ വര്‍ത്തമാനം)

 ``അല്ലാഹുവാണ്‌ ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക്‌ പരസ്‌പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട്‌ അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ അനുസ്‌മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു.'' (സുമര്‍ 23)

 മൗഇദ്വത്തുന്‍ (സദുപദേശം)

 ``മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന്‌ ശമനവും നിങ്ങള്‍ക്ക്‌ വന്നു കിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാണത്‌.'' (യൂനുസ്‌ 57) ശിഫാഉന്‍ (ശമനം) ``സത്യവിശ്വാസികള്‍ക്ക്‌ ശമനവും കാരുണ്യവുമായിട്ടുള്ളത്‌ ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക്‌ അത്‌ നഷ്‌ടമല്ലാതെ മറ്റൊന്നും വര്‍ധിപ്പിക്കുന്നില്ല.'' (ഇസ്‌റാഅ്‌ 82)

ഹുദന്‍ (സന്മാര്‍ഗം)

 ``ജനങ്ങള്‍ക്ക്‌ സന്മാര്‍ഗമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളുമായി വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍'' (അല്‍ബഖറ:185).

ഇതിനു പുറമെ ഖുര്‍ആന്‍ സൂക്ഷ്‌മത പാലിക്കുന്നവര്‍ക്ക്‌ സന്മാര്‍ഗമാണെന്ന്‌ 2:2ലും സത്യവിശ്വാസികള്‍ക്ക്‌ സന്മാര്‍ഗമാണെന്ന്‌ 10:57 ലും സദ്‌വൃത്തര്‍ക്ക്‌ സന്മാര്‍ഗമാണെന്ന്‌ 31:3ലും അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്‌. ``നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള വ്യക്തമായ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്റെ തെളിവുകളെ നിഷേധിച്ചു തള്ളുകയും അവയില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും ചെയ്‌തവനേക്കാള്‍ കടുത്ത അതിക്രമി ആരുണ്ട്‌?'' (അന്‍ആം 157)

ബുര്‍ഹാന്‍ (ന്യായപ്രമാണം) 

 ``മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക്‌ ഇറക്കിത്തന്നിരിക്കുന്നു.'' (നിസാഅ്‌ 174). `ന്യായപ്രമാണം' എന്ന്‌ ഇവിടെയും വ്യക്തമായ പ്രമാണം (ബയ്യിനത്തുന്‍) എന്ന്‌ 7:157 ലും അല്ലാഹു ഖുര്‍ആനിനെ വിശേഷിപ്പിച്ചിട്ടുണ്ട്‌. 

റൂഹുന്‍ (ചൈതന്യവത്തായ സന്ദേശം)

 ``അപ്രകാരം നാം നിനക്ക്‌ നമ്മുടെ കല്‌പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനംചെയ്‌തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന്‌ നിനക്കറിയുമായിരുന്നില്ല. പക്ഷെ, അതിനെ നാം ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്മാരില്‍ നിന്ന്‌ നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം വഴികാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‌കുന്നത്‌.'' (ശൂറാ 52)

 തന്‍സീലുന്‍ (അവതരിപ്പിക്കപ്പെട്ടത്‌)

 ``തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) ലോകരക്ഷിതാവിനാല്‍ അവതരിപ്പിക്കപ്പെട്ടത്‌ തന്നെയാകുന്നു. വിശ്വസ്‌താത്മാവ്‌ (ജിബ്‌രീല്‍) നിന്റെ ഹൃദയത്തില്‍ അതും കൊണ്ടവതരിച്ചിരിക്കുന്നു. നീ താക്കീതു നല്‌കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ അത്‌. സ്‌പഷ്‌ടമായ അറബിഭാഷയിലാണ്‌ അത്‌ അവതരിപ്പിച്ചത്‌.'' (ശുഅറാ 192-195)

 അലിയ്യുന്‍ ഹകീം (വിജ്ഞാനസമ്പന്നവും ഉന്നതവുമായത്‌

) ``തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ). അത്‌ ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാണ്‌.'' (സുഖ്‌റുഫ്‌ 4) 

ഹിക്‌മത്തുന്‍ ബാലിഗത്തുന്‍ (പരിപൂര്‍ണമായ വിജ്ഞാനം) ``നിഷേധത്തില്‍ നിന്ന്‌ ഒഴിഞ്ഞുനില്‌ക്കാന്‍ പര്യാപ്‌തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. അതെ, പരിപൂര്‍ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്‌തമാകുന്നില്ല.'' (ഖമര്‍ 45)

 ലാറയ്‌ബഫീഹി (സംശയരഹിതമായത്‌)

 ``അലിഫ്‌, ലാം, മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്ക്‌ മാര്‍ഗദര്‍ശകമത്രെ അത്‌.'' (അല്‍ബഖറ 1,2). ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്ന കാര്യത്തില്‍ സംശയമില്ല. ഖുര്‍ആനു തുല്യം ഖുര്‍ആന്‍ മാത്രം എന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ടുവരാനോ നിര്‍മിച്ചുണ്ടാക്കാനോ ലോകാവസാനം വരെ ലോകത്താര്‍ക്കും സാധ്യമല്ല എന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം മനുഷ്യരെ സംബന്ധിച്ചും മനുഷ്യരുള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെക്കുറിച്ചും സത്യമാണെന്ന കാര്യത്തിലും സംശയമില്ല. ഖുര്‍ആനിന്റെ മാര്‍ഗദര്‍ശനം സ്വീകരിച്ചുകൊണ്ട്‌ ഒരാള്‍ ജീവിച്ചാല്‍ അയാള്‍ വിജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ ദിവ്യഗ്രന്ഥം ലോകാവസാനം വരെ നിലനില്‍ക്കുമെന്ന കാര്യത്തിലും വായിക്കപ്പെട്ടുകൊണ്ടേയിരിക്കുമെന്ന കാര്യത്തിലും സംശയമില്ല. ഇങ്ങനെ ഒട്ടനവധി അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ `സംശയരഹിതമായ ഗ്രന്ഥം' എന്ന വിശേഷണം.

 ഇനിയുമുണ്ട്‌ ഖുര്‍ആനിന്‌ വിശേഷണങ്ങള്‍ ധാരാളം. പരസ്‌പരം സാദൃശ്യമുള്ള വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നത്‌ എന്ന അര്‍ഥത്തിലുള്ള മുതശാബിഹ്‌ എന്നും (39:23) ആവര്‍ത്തിച്ചുവരുന്ന വചനങ്ങള്‍ എന്ന അര്‍ഥത്തിലുള്ള മസാനിയ എന്നും (39:23) ഖുര്‍ആനില്‍ പരാമര്‍ശം കാണാം.പ്രതാപമുള്ള ഖുര്‍ആന്‍ അഥവാ ഖുര്‍ആനുന്‍ മജീദ്‌ (ബുറൂജ്‌ 21), ആദരണീയമായ ഖുര്‍ആന്‍ അഥവാ അല്‍ഖുര്‍ആനുല്‍ കരീം (വാഖിഅ 77), യുക്തിഭദ്രമയ ഖുര്‍ആന്‍ അഥവാ അല്‍ഖുര്‍ആനുല്‍ ഹകീം (യാസീന്‍ 2), അറബിഭാഷയിലുള്ള ഖുര്‍ആന്‍ അഥവാ ഖുര്‍ആനന്‍ അറബിയ്യല്‍ (യൂസുഫ്‌ 2) എന്നിങ്ങനെ ഖുര്‍ആനിനെ വിശേഷിപ്പിച്ച പ്രയോഗങ്ങളും ഖുര്‍ആനില്‍ കാണാം.

 അറബി സാഹിത്യത്തില്‍ മികവ്‌ പുലര്‍ത്തുന്നവരെ കണ്ടെത്താന്‍ സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിക്കുകയും ഏറ്റവും സാഹിത്യസമ്പുഷ്‌ടമായ രചനകളെയും രചയിതാക്കളെയും ആദരിക്കുകയും അറബിസാഹിത്യത്തിലുള്ള മികവിന്റെ കാര്യത്തില്‍ ദുരഭിമാനം നടിക്കുകയും ചെയ്‌തിരുന്ന ഒരു കാലഘട്ടത്തിലാണ്‌ അറബി മാതൃഭാഷയായി സംസാരിക്കുന്ന മുഹമ്മദ്‌ നബിയിലൂടെ അല്ലാഹു അറബി ഭാഷയിലുള്ള ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്‌. ഖുര്‍ആന്‍ മുഹമ്മദിന്റെ സൃഷ്‌ടിയാണ്‌ എന്ന്‌ പറയുന്നവരെ `എങ്കില്‍ ഇതുപോലൊരു രചന നിങ്ങള്‍ക്കെന്തുകൊണ്ട്‌ കൊണ്ടുവരാന്‍ കഴിയുന്നില്ല' എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിലൂടെ ഖുര്‍ആന്റെ ശത്രുക്കളെ ഖുര്‍ആന്‍ ഉത്തരം മുട്ടിക്കുന്നു.

 വിശുദ്ധ ഖുര്‍ആനില്‍ അഞ്ച്‌ സ്ഥലത്ത്‌ ഇത്‌ അറബിഭാഷയിലുള്ള ഖുര്‍ആനാണ്‌ എന്ന്‌ അല്ലാഹു ആവര്‍ത്തിക്കുന്നുണ്ട്‌. അറബി ഭാഷയിലുള്ള ഈ ഖുര്‍ആന്‍ മുഹമ്മദിന്റെ സ്വന്തം സംഭാവനയാണെങ്കില്‍ അതേ അറബിഭാഷ തന്നെയാണല്ലോ നിങ്ങളും സംസാരിക്കുന്നത്‌. ഇതുപോലൊരു ഖുര്‍ആന്‍, അല്ലെങ്കില്‍ ഇതിലുള്ളത്‌ പോലുള്ള പത്ത്‌ സൂറത്തുകള്‍, അല്ലെങ്കില്‍ ഒരു സൂറത്ത്‌ എങ്കിലും നിങ്ങള്‍ കൊണ്ടുവരൂ എന്ന ഖുര്‍ആന്റെ വെല്ലുവിളി ഖുര്‍ആന്‍ വിമര്‍ശകരായ അറബി ഭാഷാപടുക്കള്‍ക്കും അറബി സാഹിത്യ വിശാരദന്മാര്‍ക്കും ഇതുവരെ സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമത്രെ. ഖുര്‍ആനിന്റെ പദപരവും ഭാഷാപരവുമായ സവിശേഷതകളും വിശേഷണങ്ങളുമാണ്‌ മുകളില്‍ വിവരിച്ചത്‌. ഖുര്‍ആനിന്‌ ആന്തരികമായ ഒട്ടേറെ സവിശേഷതകളുണ്ട്‌. അവയില്‍ ചിലത്‌ ചുവടെ ചേര്‍ക്കുന്നു.

 ഏവര്‍ക്കും സുഗ്രാഹ്യം:

ഖുര്‍ആന്‍ കേവല പാരായണം നിര്‍വഹിച്ച്‌ പ്രതിഫലംനേടാന്‍ മാത്രമായി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല. പഠിച്ച്‌ അനുധാവനം ചെയ്യുകയും ജീവിതത്തില്‍ ആചരിക്കുകയും ചെയ്യേണ്ട ഗ്രന്ഥമാണത്‌. ജീവിതത്തിന്റെ ഏത്‌ നിലവാരത്തിലുള്ളവര്‍ക്കും സുഗ്രാഹ്യമാണ്‌ ഖുര്‍ആനിന്റെ ആശയ ദര്‍ശനങ്ങള്‍. അവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുംവിധം അല്ലാഹു ഖുര്‍ആനിനെ എളുപ്പമാക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഖുര്‍ആന്‍ പഠിച്ച്‌ മനസ്സിലാക്കാന്‍ തയ്യാറുണ്ടോ എന്നാണ്‌ മനുഷ്യരാശിയോട്‌ അല്ലാഹുവിന്റെ ചോദ്യം. അല്ലാഹുവിന്റെ ശക്തമായ ഈ ചോദ്യം സൂറതുഖമറില്‍ നാല്‌ സ്ഥലത്ത്‌ അല്ലാഹു ആവര്‍ത്തിച്ചിട്ടുണ്ട്‌. (17,22,32,40 സൂക്തങ്ങള്‍ കാണുക) 

നിത്യമായ പുതുമ: ആവര്‍ത്തിത പാരായണത്തിലൂടെ മടുപ്പും ചടപ്പും അനുഭവപ്പെടുന്നതാണ്‌ ലോകത്തിലെ എല്ലാ പുസ്‌തകങ്ങളും. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഓരോ തവണ വായിക്കുമ്പോഴും ആവര്‍ത്തിച്ച്‌ പഠിക്കുമ്പോഴും അതില്‍ നവ്യമായ ഒരനുഭൂതിയും പുതിയ അറിവുകളും നമുക്ക്‌ ലഭിക്കുന്നതാണ്‌. ഖുര്‍ആന്‍ ആവര്‍ത്തിച്ച്‌ വായിക്കുകയും ആവര്‍ത്തിച്ച്‌ പഠിച്ച്‌ മടുപ്പ്‌ അനുഭവപ്പെട്ട്‌ ഖുര്‍ആന്‍ പാരായണവും ഖുര്‍ആന്‍ പഠനവും നിര്‍ത്തിയ ആളുകളെ കാണുക പ്രയാസമായിരിക്കും.

 ജീവിതത്തെ മാറ്റിപ്പണിയും: ജീവിതത്തെ ഗുണപരമായ ദിശയിലേക്ക്‌ തിരിച്ചുവിടുകയും ജീവിതത്തെത്തന്നെ മാറ്റിപ്പണിയുകയും ചെയ്യുന്ന `ദിവ്യശക്തി'യുള്ള ഗ്രന്ഥമാണ്‌്‌ വിശുദ്ധ ഖുര്‍ആന്‍. ഗതകാലത്തും സമകാലത്തും ഇതിന്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ``തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും അവക്രമായതിലേക്ക്‌ നയിക്കുന്നു'' എന്ന്‌ ഖുര്‍ആന്‍ (ഇസ്‌റാഅ്‌ 9) സൂചിപ്പിച്ചത്‌ ഈ കാര്യമാണ്‌. ജീവിതത്തിന്റെ അര്‍ഥവും പ്രത്യേകതയും മതത്തിന്റെ `വിലയും നിലയും' അറിയാതെ അലസജീവിതവും കേവല ജന്തുസഹജമായ ജീവിതവും നയിക്കുന്നവരെ ഖുര്‍ആനിലെ ഏതെങ്കിലും ഒരായത്ത്‌ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സൂറത്ത്‌ അത്ഭുതകരമായ മനപ്പരിവര്‍ത്തനത്തിലേക്ക്‌ നയിച്ചതിന്‌ ചരിത്രത്തിലും സംഭവ ലോകത്തും എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്‌. 

കാലഹരണപ്പെടാത്ത ഗ്രന്ഥം: ലോകമുള്ളിടത്തോളം കാലം ആദിമശുദ്ധിയോടെ തനി സ്വരൂപത്തില്‍ നിലനില്‌ക്കുന്ന ഒരേയൊരു ഗ്രന്ഥം വിശുദ്ധഖുര്‍ആന്‍ മാത്രമാണ്‌. ഖുര്‍ആനിന്റെ വ്യാഖ്യാനങ്ങളില്‍ മാത്രമാണ്‌ നിക്ഷിപ്‌ത താല്‌പര്യക്കാര്‍ കൈകടത്തി വികലമാക്കുക. ഖുര്‍ആന്റെ `ടെക്‌സ്റ്റില്‍' തൊടാന്‍ ഇന്നേവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. ആരെങ്കിലും അതിന്‌ മുതിര്‍ന്നാല്‍ അത്‌ വിജയിക്കാനും പോകുന്നില്ല. കാരണം ഒറിജിനലും ഡ്യൂപ്ലിക്കേറ്റുകളും വേര്‍തിരിച്ചറിയപ്പെടുകയും പിടിക്കപ്പെടുകയും ചെയ്യുന്ന സുരക്ഷാ സംവിധാനം ഖുര്‍ആന്റെ സംരക്ഷണത്തിനായി അല്ലാഹു സംവിധാനിച്ചിട്ടുണ്ട്‌. ``ഈ ഉദ്‌ബോധനം (ഖുര്‍ആന്‍) നാമാണ്‌ അവതരിപ്പിച്ചത്‌. നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്യും'' എന്ന്‌ ഖുര്‍ആന്‍ (ഹിജ്‌ര്‍ 19) ഖണ്ഡിതമായി പറഞ്ഞതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാം: കാലമേറെ കഴിഞ്ഞാലും കാലഹരണപ്പെടാത്ത ഒരേയൊരു ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാകുന്നു. ഈ വിശേഷണം ഖുര്‍ആനല്ലാത്ത മറ്റൊരു `പുസ്‌തക'ത്തിനും ചേരുകയുമില്ല. 

അല്ലാഹുവിന്റെ വചനം: മുകളിലെഴുതിയ എല്ലാ സവിശേഷതകളെയും വിശേഷണങ്ങളെയും അന്വര്‍ഥമാക്കുന്ന ഖുര്‍ആനിന്റെ ഏറ്റവും വലിയ വിശേഷണവും സവിശേഷതയുമാണ്‌ അത്‌ അല്ലാഹുവിന്റെ വചനമാണെന്നത്‌. ഖുര്‍ആന്‍ ഇക്കാര്യം കൃത്യമായും വ്യക്തമായും സൂചിപ്പിച്ച മൂന്ന്‌ സന്ദര്‍ഭങ്ങള്‍ അല്‍ബഖറ 15, തൗബ 6, ഫത്‌ഹ്‌ 15 എന്നിവയാണ്‌. ലോകത്ത്‌ ഇന്ന്‌ കാണുന്ന സകല പുസ്‌തകങ്ങളും ഉള്‍ക്കൊള്ളുന്നത്‌ മനുഷ്യവചനങ്ങളും മനുഷ്യചിന്തകളുമാണ്‌. വേദഗ്രന്ഥങ്ങളായി അറിയപ്പെടുന്നവ തന്നെയും മനുഷ്യരുടെ കൈകടത്തലുകള്‍ കൊണ്ട്‌ വികൃതമാക്കപ്പെട്ട വികൃതരൂപങ്ങളാണ്‌. എന്നാല്‍ ലോകത്തെല്ലായിടത്തും ഒരേ ഭാഷയില്‍ ഒരു പുസ്‌തകം വായിക്കപ്പെടുന്നത്‌ ദൈവവചനമായി ഇന്നും നിലനില്‍ക്കുന്ന, എന്നെന്നും നിലനില്‍ക്കുമെന്നുറപ്പുള്ള വിശുദ്ധഖുര്‍ആന്‍ മാത്രമാണ്‌. അറിവുകളുടെയും അത്ഭുതങ്ങളുടെയും കലവറയായ ഇങ്ങനെയൊരു ഗ്രന്ഥം കാണാതെയും ഉള്ളടക്കം ഗ്രഹിക്കാതെയും ജീവിച്ചുമരിച്ചുപോകുന്നവരുടെ ജീവിതവും മരണവും എത്രമേല്‍ സഹതാപാര്‍ഹം!

 ``ഇത്‌ (ഖുര്‍ആന്‍) ഒരു പിശാചിന്റെ വചനമല്ല. എന്നിട്ട്‌ നിങ്ങള്‍ (ഇത്‌ ശ്രദ്ധിക്കാതെ) എങ്ങോട്ടാണ്‌ പോകുന്നത്‌? നേരെ ചൊവ്വെ ജീവിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഇത്‌ ഉദ്‌ബോധനമാണ്‌.'' (വി.ഖു 21:25-27)

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts