വ്യക്തിത്വ വികസനവും ആസക്തിയില്‍ നിന്നുള്ള വീണ്ടെടുപ്പും

നോരോഗചികിത്സാ കേന്ദ്രങ്ങളിലും മദ്യ-മയക്കു മരുന്ന്‌ ആസക്തിയില്‍ നിന്ന്‌ മോചനമരുളുന്ന ചികിത്സാ കേന്ദ്രങ്ങളിലും ചെറുപ്പക്കാരായ മുസ്‌ലിംകള്‍ വന്‍തോതില്‍ എത്തിച്ചേരുന്ന പ്രതിഭാസം മുസ്‌ലിം സംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സത്വര ശ്രദ്ധപതിയേണ്ട ഒരു വിഷയമാകുന്നു. പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ചില സെക്യുലര്‍ സന്നദ്ധ സംഘടനകള്‍ ഈ വിഷയകമായി ചില സേവനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും പ്രശ്‌നത്തിന്റെ വ്യാപ്‌തിയും സങ്കീര്‍ണതയും പരിഗണിക്കുമ്പോള്‍ അതൊക്കെ തികച്ചും ശുഷ്‌കമാകുന്നു. അതിനാല്‍ സമൂഹത്തിന്റെ അഭ്യുദയത്തില്‍ താല്‌പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ വിഷയകമായി ഭാരിച്ച ഉത്തരവാദിത്വമുണ്ട്‌.

എന്തുകൊണ്ട്‌ ഇത്രയധികം ചെറുപ്പക്കാര്‍ മദ്യ-മയക്കുമരുന്നു ആസക്തിയിലേക്ക്‌ വഴുതിവീഴുന്നു എന്നതാണ്‌ ആദ്യമായി വിലയിരുത്തപ്പെടേണ്ടത്‌. ശുഭാപ്‌തി വിശ്വാസത്തോടെ ജീവിത പ്രശ്‌നങ്ങളെ നേരിടുന്നതില്‍ എന്തൊക്കെയോ വിഷമതകള്‍ അനുഭവപ്പെടുന്ന യുവാക്കളാണ്‌ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ അമരുന്നവരില്‍ അധികവും. മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളല്ല ഈ വിഷമതകള്‍ക്ക്‌ കാരണം. ചിലര്‍ മയക്കുമരുന്നിന്‌ അടിമപ്പെട്ടതിനാല്‍ മനോരോഗികളായിത്തീരുന്നുണ്ടെങ്കിലും മനോരോഗം നിമിത്തം ലഹരിയിലേക്ക്‌ ആകൃഷ്‌ടരാകുന്നവര്‍ വളരെ കുറവാണ്‌. ശാരീരിക വൈകല്യങ്ങളുള്ള എത്രയോ പേര്‍ ശുഭാപ്‌തി വിശ്വാസത്തോടെ ജീവിത പ്രശ്‌നങ്ങളെ നേരിടുന്നതായി കാണാം. സൂക്ഷ്‌മ നിരീക്ഷണത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്‌, വ്യക്തിത്വവികസനത്തിന്റെ കാര്യത്തിലുള്ള ചില അപര്യാപ്‌തതകളാണ്‌ കൗമാരപ്രായക്കാര്‍ക്ക്‌ വിനയാകുന്നത്‌ എന്നത്രെ. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും യഥോചിതം സ്‌നേഹവും പിന്തുണയും ലഭിച്ചാലേ ഇളംതലമുറയ്‌ക്ക്‌ ജീവിതത്തെ യാഥാര്‍ഥ്യബോധത്തോടും ആത്മവിശ്വാസത്തോടും കൂടി നേരിടാന്‍ കഴിയൂ. എന്നാല്‍ മുസ്‌ലിം സമൂഹത്തിലെ പുതുതലമുറയില്‍ ഒരു വലിയ വിഭാഗത്തിന്‌ മാതാപിതാക്കളുടെ സ്‌നേഹം വേണ്ടത്ര ലഭിക്കുന്നില്ല എന്നതാണ്‌ സത്യം.

കുട്ടികളുമായി സ്‌നേഹത്തിന്റെ പാരസ്‌പര്യം സ്ഥാപിച്ചു നിലനിര്‍ത്തേണ്ടതിനു പകരം അവരെക്കൊണ്ടുള്ള `ശല്യം' എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള വഴികള്‍ തേടുകയാണ്‌ പല രക്ഷിതാക്കളും ചെയ്യുന്നത്‌. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക്‌ തൃപ്‌തികരമായ ഉത്തരം നല്‌കുക, അവരുടെ ജിജ്ഞാസ വളര്‍ത്തുക, അവരുടെ പ്രശ്‌നങ്ങള്‍ സൂക്ഷ്‌മമായി വിലയിരുത്തുക, അവരുടെ ഉല്‍കണ്‌ഠകള്‍ക്ക്‌ പരിഹാരമുണ്ടാക്കുക, അവരുടെ നല്ല പെരുമാറ്റങ്ങെളയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുക, അവരുടെ ദുശ്ശീലങ്ങളെ സദുപദേശങ്ങളിലൂടെ മാറ്റിയെടുക്കുക എന്നിങ്ങനെ കുട്ടികളുടെ വ്യക്തിത്വം യഥോചിതം വളര്‍ത്തിയെടുക്കാന്‍ വേണ്ടി രക്ഷിതാക്കള്‍ നിര്‍വഹിക്കേണ്ട ബാധ്യതകള്‍ ഒട്ടൊക്കെ വിസ്‌മരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നവരാണ്‌ മിക്ക മുസ്‌ലിം രക്ഷിതാക്കളും. കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആവശ്യത്തിലേറെ ഉത്‌കണ്‌ഠ പുലര്‍ത്തുന്ന രക്ഷിതാക്കള്‍ പോലും അവരുടെ വ്യക്തിത്വത്തെ സമ്പുഷ്‌ടമാക്കുന്ന വിഷയത്തില്‍ തികഞ്ഞ ഉദാസീനത കാണിക്കുന്നു.

പിതാക്കള്‍ ഗള്‍ഫിലും മാതാക്കള്‍ നാട്ടിലുമാകുന്ന സാഹചര്യമാണല്ലോ പല മുസ്‌ലിം കുടുംബങ്ങളിലുമുള്ളത്‌. ഒരു കുട്ടിയുടെ വ്യക്തിത്വം ലക്ഷണയുക്തമാക്കുന്നതില്‍ പിതാവ്‌ വഹിക്കേണ്ട ബാധ്യത ഈ സാഹചര്യത്തില്‍ വിസ്‌മരിക്കപ്പെടുന്നു. വല്ലപ്പോഴും ലീവില്‍ വരുന്ന സമയത്ത്‌ പോലും പല പിതാക്കളും ജോലിത്തിരക്കിലായിരിക്കും. അതിനാല്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തിലും കുട്ടികള്‍ക്ക്‌ പക്വമായ നേതൃത്വമോ മാര്‍ഗദര്‍ശനമോ ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നു. ചുരുങ്ങിയ ഇടവേളകള്‍ ഒഴിച്ചുള്ളപ്പോഴെല്ലാം ഏകാന്തജീവിതം നയിക്കേണ്ടിവരുന്ന മാതാക്കളാകട്ടെ മക്കള്‍ക്ക്‌ സ്‌നേഹത്തിന്റെ നൈരന്തര്യം ഉറപ്പ്‌ വരുത്താന്‍ അശക്തരായിരിക്കുകയും ചെയ്യും. കുടുംബഘടനയില്‍ വേണ്ട അളവില്‍ സ്‌നേഹവും കാരുണ്യവും ലഭിക്കുന്നവര്‍ക്ക്‌ മാത്രമേ കുടുംബാംഗങ്ങള്‍ക്ക്‌ അത്‌ തിരിച്ചുനല്‌കാന്‍ കഴിയുകയുള്ളൂ. പിതാക്കള്‍ വഹിക്കേണ്ട ശിക്ഷണത്തിന്റെയും ശാസനയുടെയും ബാധ്യതകള്‍ നിറവേറ്റാന്‍ മിക്ക മാതാക്കള്‍ക്കും കഴിയില്ല എന്ന കാര്യം സുവിദിതമാകുന്നു.

പിതാക്കള്‍ നാട്ടിലും വീട്ടിലും ഉണ്ടായിട്ടും മക്കളുടെ വ്യക്തിത്വവികസനത്തില്‍ നിര്‍ണായകമായ പങ്കൊന്നും വഹിക്കാത്ത അവസ്ഥയും വ്യാപകമായി കാണപ്പെടുന്നു. കാലത്ത്‌ കുട്ടികള്‍ ഉണരുന്നതിന്‌ മുമ്പ്‌ വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങുകയും കുട്ടികള്‍ ഉറങ്ങിയതിനു ശേഷം മാത്രം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യുന്ന ധാരാളം രക്ഷിതാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്‌. മക്കളുടെ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ കുളിര്‍മ അനുഭവിക്കാനോ അവരുടെ മനസ്സുകള്‍ക്ക്‌ മൂല്യങ്ങളുടെ കരുത്ത്‌ പകര്‍ന്ന്‌ കൊടുക്കാനോ അവസരം ലഭിക്കാത്ത ഈ രക്ഷിതാക്കള്‍ മക്കള്‍ക്ക്‌ അരിയും തുണിയും എത്തിച്ചുകൊടുക്കുന്നതോടെ തങ്ങളുടെ ബാധ്യത തീര്‍ന്നുവെന്ന്‌ വിശ്വസിക്കുന്നു. മതാവിനും പിതാവിനും ഔദ്യോഗിക കൃത്യാന്തര ബാഹുല്യമുള്ളതിനാലും പണത്തിന്‌ ക്ഷാമമില്ലാത്തതിനാലും മക്കളെ പബ്ലിക്‌ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ ചേര്‍ക്കുന്നവരും രക്ഷാകര്‍തൃത്വത്തിന്റെ പ്രധാന ബാധ്യതകള്‍ വിസ്‌മരിക്കുക തന്നെയാണ്‌ ചെയ്യുന്നത്‌.

കലവറയില്ലാത്ത സ്‌നേഹദാനവും ഉത്തമശിക്ഷണവുമാണ്‌ രക്ഷാകര്‍തൃത്വത്തിന്റെ ശോഭനവശങ്ങള്‍. സ്‌നേഹദാനം സ്വന്തം ബാധ്യതയായി കരുതുന്ന രക്ഷിതാവിന്റെ ഉദ്ദേശശുദ്ധിയോടെയുള്ള ശാസനകള്‍ കുട്ടികള്‍ ശിരസ്സാവഹിക്കും. തനിക്ക്‌ മതിയായ സ്‌നേഹം നല്‌കാത്ത, തനിക്ക്‌ ഒട്ടൊക്കെ അപരിചിതനായ, തന്റെ ഭാവനകള്‍ക്ക്‌ അതീതനായ പിതാവ്‌ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഉഗ്രശാസകനായി രംഗത്ത്‌ വന്നാല്‍ കുട്ടി ഒരുവേള ഭയപ്പെട്ടേക്കാമെങ്കിലും ഗുണകാംക്ഷാനിര്‍ഭരമായ ഒരു സേവനമായി ആ ശാസനയെ പരിഗണിക്കുകയില്ല. ഈ കാര്യം ഇനിയും കൂടുതല്‍ വിശദീകരിക്കുന്നില്ല. സ്‌നേഹദാരിദ്ര്യവും ഉചിതമായ ശിക്ഷണത്തിന്റെ അഭാവവും നമ്മുടെ കുടുംബങ്ങളില്‍ എത്രമാത്രം പ്രകടമാണെന്നും അത്‌ കുട്ടികളുടെ വ്യക്തിത്വവികാസത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സൂചിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

രക്ഷാകര്‍തൃത്വത്തിന്റെ മഹനീയ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ എല്ലാ രക്ഷിതാക്കളും വിജയിക്കുമെന്ന്‌ പ്രതീക്ഷിച്ചിട്ട്‌ കാര്യമില്ല. എന്നാല്‍ രക്ഷിതാക്കളുടെ വീഴ്‌ചകള്‍ ഒരളവോളം പരിഹരിക്കാന്‍ മഹല്ലുതലത്തില്‍ രൂപപ്പെടുത്തുന്ന സംവിധാനങ്ങള്‍ പ്രയോജനപ്പെട്ടേക്കും. ഒരു കുടുംബത്തിലെ പുതിയ തലമുറയുടെ കാര്യത്തില്‍ കുടുംബനാഥന്‌ പുലര്‍ത്താന്‍ കഴിയുന്ന ശ്രദ്ധ മഹല്ല്‌ നേതൃത്വത്തിന്റെ കഴിവിന്‌ അതീതമാണെങ്കിലും ഒരു മഹല്ലിലെ പുതിയ തലമുറയ്‌ക്ക്‌ ദിശാബോധം നല്‌കാന്‍ ഒട്ടൊക്കെ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുടുംബത്തില്‍ നിന്നോ മഹല്ല്‌ നേതൃത്വത്തില്‍ നിന്നോ വിദ്യാലയത്തില്‍ നിന്നോ ഉചിതമായ സ്‌നേഹവും പിന്തുണയും ശിക്ഷണവും ലഭിച്ചില്ലെങ്കില്‍ കുട്ടികള്‍ കപട സ്‌നേഹം നല്‌കുന്ന ചില കേന്ദ്രങ്ങളിലേക്ക്‌ ആകൃഷ്‌ടരാകും. സിഗരറ്റ്‌ വലിച്ചു രസിക്കാനോ പാന്‍പരാഗ്‌ ചവച്ചു ഹരം കൊള്ളാനോ അല്‌പം കഞ്ചാവടിച്ച്‌ മയങ്ങാനോ വിശേഷാവസരങ്ങളില്‍ അല്‌പം മദ്യം കഴിച്ച്‌ മിനുങ്ങാനോ കമ്പനി തേടുന്നവര്‍ കാണിക്കുന്ന സ്‌നേഹത്തില്‍ പതിയിരിക്കുന്ന അപകടം സ്‌നേഹദാരിദ്ര്യം അനുഭവിച്ചു വളര്‍ന്ന, ശരിയായ ശിക്ഷണം ലഭിച്ചിട്ടില്ലാത്ത കൗമാരപ്രായക്കാര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയില്ല. മാത്രമല്ല സ്‌നേഹശൂന്യതയാല്‍ മരുഭൂമിയായ കുടുംബത്തിന്‌ പകരം പുകയുടെയും ലഹരിയുടെയും കമ്പനിയില്‍ അവര്‍ മരുപ്പച്ച കണ്ടെത്തിയെന്നും വരും.

പല മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും വിശിഷ്യാ ഉന്നത വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും പരിസരങ്ങളില്‍ മയക്കുമരുന്നു റാക്കറ്റുകള്‍ സജീവവും ശക്തവുമാണ്‌. എത്രയോ ചെറുപ്പക്കാരെ ഈ കശ്‌മലന്മാര്‍ അഡിക്‌റ്റുകളോ മനോരോഗികളോ ആക്കി മാറ്റുന്നു. ചില രക്ഷിതാക്കള്‍ ഭീമമായ തുക ചെലവാക്കി ചികിത്സിച്ച്‌ അവരുടെ മക്കളെ വീണ്ടെടുക്കുന്നു. നിത്യദാരിദ്ര്യത്തില്‍ കഴിയുന്ന രക്ഷിതാക്കള്‍ അത്‌ ആലോചിക്കാന്‍ പോലും കഴിയാതെ ആകുലപ്പെടുന്നു. ഈ റാക്കറ്റുകള്‍ക്കെതിരില്‍ ചിലപ്പോള്‍ മതരാഷ്‌ട്രീയ സംഘടനകള്‍ ശബ്‌ദമുയര്‍ത്താറുണ്ടെങ്കിലും ആക്രമണവും വധഭീഷണിയും ഭയന്ന്‌ അവര്‍ ക്രമേണ പിന്‍വലിയുന്ന അവസ്ഥയാണ്‌ പലപ്പോഴും കാണപ്പെടുന്നത്‌. ഈ അവസ്ഥ സമൂഹത്തിന്‌ വന്‍ ദുരന്തം മാത്രമല്ല നാണക്കേടും കൂടിയാണ്‌. റാക്കറ്റുകള്‍ എത്ര ഹുങ്ക്‌ കാണിച്ചാലും ഒരു ഉത്തമ സമൂഹത്തിന്റെ ഇച്ഛാശക്തിയെ കീഴ്‌പ്പെടുത്താന്‍ മാത്രമുള്ള കരുത്തൊന്നും അവയ്‌ക്കില്ല. മുസ്‌ലിം സംഘടനകളും മഹല്ല്‌ ഭാരവാഹികളും എല്ലാ നല്ല മനുഷ്യരുടെയും സഹകരണം തേടിക്കൊണ്ട്‌ സമൂഹത്തിന്റെ പൊതുശത്രുക്കളായ മയക്ക്‌-ലഹരി വ്യാപാരികളെ നേരിടാന്‍ തയ്യാറായാല്‍ അത്‌ ഇഹത്തിലും പരത്തിലും മഹത്തായ സല്‍ഫലങ്ങള്‍ നേടിത്തരുമെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. തലമുറകള്‍ക്ക്‌ സല്‍ബുദ്ധിയുണ്ടാക്കാന്‍ പ്രതിജ്ഞാബദ്ധരായ പ്രബോധകര്‍, തലമുറകളുടെ വിശേഷബുദ്ധി ചോര്‍ത്തുന്ന കശ്‌മലന്മാര്‍ക്കെതിരായ പോരാട്ടത്തിന്‌ വലിയ പ്രാധാന്യം തന്നെ കല്‌പിക്കേണ്ടതുണ്ട്‌.

from editorial @ shabab weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts