ആത്മാഹുതി ആയുധമാക്കുന്നവര്‍

ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്ന് മെഡിക്കല്‍ സംഘത്തിനു ബോധ്യം വന്നാല്‍, മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ ജീവന്റെ നേരിയ തുടിപ്പിനു വേണ്ടി കാത്തുനില്ക്കണമോ, വെന്റിലേറ്ററില്‍ നിന്ന് മാറ്റാമോ? മെഡിക്കല്‍ എത്തിക്‌സില്‍ ചര്‍ച്ച വരുന്നു. വേദനകളും കഷ്ടപ്പാടുകളും ഏറെ സഹിച്ച് തിരിച്ചുവരവിന്റെ ഒരു പ്രതീക്ഷയുമില്ലാതെ, തനിക്കും കുടുംബത്തിനും സമൂഹത്തിനും ഭാരത്തിനുമേല്‍ ഭാരമായിക്കഴിയുന്ന ഒരാളെ ദയാവധത്തിനു വിധേയമാക്കാമോ? ശരിയുത്തരം ഇതുവരെ കിട്ടിയില്ല. മനുഷ്യജീവനു വില കല്പിക്കുന്ന മാനവികതയുടെ മകുടോദാഹരണമാണ് ഇവിടെയെല്ലാം നാം കാണുന്നത്. ഡ്രൈവറുടെ അശ്രദ്ധമൂലം ഒരാള്‍ മരിക്കാനിടയായാല്‍, കെട്ടിടം പണിക്കിടയില്‍ സംവിധാനങ്ങളുടെ അപര്യാപ്തതയാല്‍ തൊഴിലാളിക്ക് ജീവഹാനി സംഭവിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കാന്‍ നിയമമുണ്ടിവിടെ. മനുഷ്യജീവന്റെ വില തന്നെയാണ് ഇവിടെ മര്‍മം. ആത്മ പ്രതിരോധത്തിനിടയിലോ യാദൃച്ഛികതയിലുണ്ടാവുന്ന അബദ്ധത്തിലോ അല്ലാതെ ഒരു മനുഷ്യനെ മറ്റൊരാള്‍ വധിച്ചുകളഞ്ഞാല്‍ ഘാതകവധം (കാപിറ്റല്‍ പണിഷ്‌മെന്റ്) നടപ്പാക്കണമെന്ന് നമ്മുടെ നാട്ടില്‍ നിയമമുണ്ട്. ജീവന്റെ വിലയും സമൂഹത്തിന്റെ നിലനില്പും ആണതിന്റെ നിദാനം. വധശിക്ഷ സാങ്കേതികമായി എടുത്തുകളഞ്ഞ രാജ്യങ്ങളില്‍ പോലും മനുഷ്യവധം നിസ്സാരമായി കാണുന്നില്ല. മതങ്ങള്‍ പൊതുവിലും ഇസ്‌ലാം വിശേഷിച്ചും ജീവന് ഏറെ വില കല്പിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യവധം ഏറ്റവും വലിയ പാതകതമായി കാണുന്നു. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഘാതകവധം നിര്‍ണിത ശിക്ഷാവിധിയായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

വീക്ഷണവ്യത്യാസം ഏറെയില്ലാത്ത കാര്യമാണിത്. എന്നിരിക്കെ ബോധപൂര്‍വം ആസൂത്രണങ്ങള്‍ നടത്തി ചില ഓപ്പറേഷനുകളിലൂടെ ഒരാളെ വകവരുത്തുന്നത് എന്തുമാത്രം ഭീകരമാണ്! എന്നാല്‍ ഇത്തരം ഓപ്പറേഷനുകളും മനുഷ്യവധവും 'തൊഴിലാ'യി സ്വീകരിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വാടകക്കൊലയാളികളും ക്വട്ടേഷന്‍ സംഘങ്ങളും നിറഞ്ഞിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. ഇതെല്ലാം കണ്ടും കേട്ടും വായിച്ചും മനസ്സ് മരവിച്ചിട്ടോ എന്തോ അവനവനോടു തന്നെ വൈരാഗ്യം തോന്നി സ്വയം കൊല നടത്തുന്ന സംഭവങ്ങള്‍ കൂടി വരികയാണെന്ന് തോന്നുന്നു. ജീവിത നിലവാരം വികസിത രാജ്യങ്ങളുടെ വിതാനത്തിലേക്കെത്തി നില്ക്കുന്ന പ്രബുദ്ധ സാക്ഷര കേരളമാണത്രേ ആത്മഹത്യാ നിരക്കില്‍ മുന്‍പന്തിയില്‍! കടുത്ത മാനസിക സമ്മര്‍ദങ്ങള്‍, മാനസിക രോഗങ്ങള്‍, തുടങ്ങിയവ ആത്മഹത്യാ പ്രവണത സൃഷ്ടിക്കുന്ന ഘടകങ്ങളാണെന്നു പറയാം. എന്നാല്‍ സ്വന്തം ജീവിതത്തിനോ ജീവന്നോ ഒരു വിലയും കല്പിക്കാതെ ആത്മാഹുതി ആയുധമാക്കുന്ന പ്രവണത നാട്ടില്‍ നടമാടുന്നുവോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെയും പാമ്പാടി നെഹ്‌റു കോളെജിലെ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥിയുടെയും ആത്മഹത്യകള്‍ നാടിനെ നടുക്കിയതും സമൂഹത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതുമായ സംഭവമാണ്. ചാതുര്‍വര്‍ണ്യകാലത്തെപ്പോലും പിന്നിലാക്കുന്ന തരത്തില്‍ ജാതീയതയുടെ വെറിപൂണ്ട അധികാരികളുടെ കരാള ഹസ്തത്തില്‍ നിന്നുള്ള മോചനമായിരുന്നു ദളിതു വിദ്യാര്‍ഥി വെമുലയുടെ ആത്മഹത്യയിലൂടെ ലോകം വായിച്ചെടുക്കുന്നത്. അച്ഛനമ്മമാരേക്കാള്‍ സ്‌നേഹവായ്‌പോടെ പെരുമാറേണ്ട അധ്യാപകരുടെ കിരാതത്വവും പണക്കൊതിയുടെ മനുഷ്യരൂപമായ അണ്‍എയ്ഡഡ് മാനേജ്‌മെന്റിന്റെ കടുംപിടുത്തവുമാണ് പാമ്പാടി നെഹ്‌റു കോളെജിലെ ജിഷ്ണു പ്രണോയ് സ്വന്തം ജീവനൊടുക്കാന്‍ കാരണമത്രെ. ഈ രണ്ടു കുട്ടികളും അളക്കാന്‍ കഴിയാത്തത്ര മാനസിക പിരിമുറുക്കത്തിനടിപ്പെട്ടിരുന്നു എന്നത് നേരാണ്. എന്നാല്‍ പ്രതിഭാധനന്മാരായ ആ ഭാവിപൗരന്മാര്‍ക്ക് ആത്മാഹുതിയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നുവോ? അനീതിയുടെയും അന്യായത്തിന്റെയും വിവേചനത്തിന്റെയും ഇരകള്‍ ആണെങ്കില്‍ പോലും പഠനം മുടങ്ങിയാലും ജീവന്‍ രക്ഷപ്പെടണമെന്നുള്ള സഹജബോധമെങ്കിലും ഇവര്‍ക്കില്ലാതെ പോയോ? അവരെ കുറ്റപ്പെടുത്തിക്കൂടാ. ഇത്തരം സാഹചര്യങ്ങള്‍ തരണം ചെയ്യേണ്ടിവരുന്നവര്‍ക്ക് സ്ഥൈര്യം പകരുവാന്‍ ആരുണ്ട്? സമൂഹത്തിന് അതിന് ബാധ്യതയുണ്ട്. നവ തലമുറയ്ക്ക് ദിശാബോധം നല്‌കേണ്ടവര്‍ അവരെ കുറ്റപ്പെടുത്തുന്നു; വല്ലാതെ.

മേല്‍ പറഞ്ഞ അവസ്ഥയ്ക്ക് ഒരു മറുവശമുണ്ട്. നീതിക്കുവേണ്ടി അധികൃത സ്ഥാനങ്ങളില്‍ കെഞ്ചിക്കെഞ്ചി 'കാലുപിടിച്ചാലും മുഖത്തു ചവിട്ടുന്ന' പ്രവണതയ്‌ക്കെതിരെ എവിടെയും പരാതി പറയാനില്ലാതെ വരുമ്പോള്‍ സ്വയം കീഴടങ്ങി നിഷ്‌കാസിതനാവുക എന്നതാണ് നാം ഇവിടെ കണ്ടത്. അതു സംഭവിച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും കണ്ണുതുറന്നു. ചെവി വട്ടം പിടിച്ചു. കാര്യങ്ങള്‍ ശ്രദ്ധിച്ചു. അധികാരികള്‍ എത്തിനോക്കി. പക്ഷേ, നേരം വൈകിപ്പോയിരുന്നു. ഉത്തരവാദപ്പെട്ടവരുടെ അവഗണനയും അനങ്ങാപ്പാറ നയവുമല്ലേ തിരുവനന്തപുരം ലോഅക്കാദമിയില്‍ ഒരുത്തന്‍ സ്വയം തൂക്കുകയറുമായി മരത്തില്‍ കയറിയിരുന്നത്? മറ്റൊരുത്തന്‍ പെട്രോള്‍ കാനുമായി റോന്തു ചുറ്റിയത്? ജീവന്‍ കൊണ്ട് കളിക്കുകയോ? ജീവന്‍ സമരായുധമാക്കുകയോ? ജീവന്‍ കൊടുത്തെങ്കിലേ ആവശ്യങ്ങള്‍ക്കു നേരെ കണ്ണു തുറക്കൂ എന്ന 'സന്ദേശ'മാണോ അധികാരികള്‍ കൈമാറുന്നത്?

ഇത് താഴേക്ക് ഇറങ്ങിവരുന്നു. വളരെ ചെറിയ കാര്യങ്ങള്‍ക്കു പോലും ആത്മാഹുതി നടത്തുകയോ ആത്മഹത്യാ ഭീഷണി മുഴക്കുകയോ ചെയ്യുന്ന കൗമാരം നമ്മെ ഭീതിപ്പെടുത്തുന്നു. അരുത് മക്കളേ, ജീവന് വിലമതിക്കാനാവില്ല, എന്ന് പറയാന്‍ ആളുണ്ടാവണം. ക്രൈം എപ്പിസോഡുകള്‍ പ്രചരിപ്പിക്കുന്നതിനു പകരം മീഡിയ നവതലമുറയ്ക്ക് ധര്‍മബോധം നല്കി മനോബലം കൊടുക്കണം. വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ ജീവിത ലക്ഷ്യത്തെപ്പറ്റി അവബോധം നല്കണം. രക്ഷിതാക്കള്‍, അധ്യാപകര്‍, അധികൃതര്‍, സമൂഹം, മീഡിയ  എല്ലാവരും ഒത്തൊരുമിച്ച് നീങ്ങണം. നേതാവ് ആശുപത്രിയിലെത്തിയാല്‍ പുറത്ത് ആത്മഹത്യ നടക്കുന്നത് രാഷ്ട്രീയമല്ല, പോഴത്തമാണെന്ന് ഉദ്‌ബോധനം നല്കണം. ഇത്തരം കാര്യങ്ങളിലാവട്ടെ നമ്മുടെ പ്രബുദ്ധത.

© ശബാബ് • Shabab

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts