പരിസര മലിനീകരണവും വിശ്വാസികളും

കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. ഇന്ന്‌ ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ പലതും പലതരം കൃത്രിമങ്ങള്‍ക്ക്‌ വിധേയമായിട്ടുള്ളതാണ്‌. മില്ലുകളില്‍ നെല്ല്‌ പുഴുങ്ങുന്നത്‌ അമോണിയ ചേര്‍ത്ത വെള്ളത്തിലാണെന്ന്‌ ചില ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ കാണുന്നു. പല അരികളും നിറത്തിനും മിനുസത്തിനുംവേണ്ടി

പോളിഷ്‌ ചെയ്യുന്നു. ഗോഡൗണുകളില്‍ അരിച്ചാക്കുകള്‍ക്കിടയില്‍ കീടനാശിനികള്‍ വിതറുന്നു. കൃത്യവലുപ്പത്തിലുള്ള കല്ലുകള്‍ അരിയില്‍ കലര്‍ത്തല്‍ ഒരു വ്യവസായമാക്കിയിട്ടുള്ളവര്‍ ഉണ്ടത്രെ. ധാരാളം കല്ലുള്ള അരിച്ചാക്കിന്മേല്‍ `സ്റ്റോണ്‍ലെസ്‌' എന്ന്‌ വലിയ അക്ഷരത്തില്‍ എഴുതിയതും നമുക്ക്‌ കാണാന്‍ കഴിയും. പയര്‍വര്‍ഗങ്ങളിലെ കൃത്രിമങ്ങളുടെ കാര്യവും ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമല്ല. അരോഗദൃഢഗാത്രരായ ചെറുപ്പക്കാരെ ഇതൊന്നും വളരെ ഗുരുതരമായി ബാധിച്ചില്ലെന്ന്‌ വരാം. എന്നാല്‍ കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും രോഗികള്‍ക്കും ഇതൊക്കെ ഗുരുതരമായ പ്രശ്‌നങ്ങള്‍ വരുത്തിവെക്കുക തന്നെ ചെയ്യും.

റെഡിമെയ്‌ഡ്‌ ഭക്ഷ്യവസ്‌തുക്കളുടെ നില ഇതിനേക്കാള്‍ പരിതാപകരമാണ്‌. അവയില്‍ ചേര്‍ക്കുന്ന കൃത്രിമ രുചിദായിനികളും കൃത്രിമ നിറങ്ങളും അഴുകാതിരിക്കാന്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളും വിഷമയമാണെന്ന കാര്യം ഇന്ന്‌ പരക്കെ അറിയപ്പെട്ടതാണ്‌. പാചകത്തിന്‌ ഉപയോഗിക്കുന്ന എണ്ണകളില്‍ പലതും രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ `റിഫൈന്‍' ചെയ്‌തവയാണ്‌. പലതിലും വന്‍തോതില്‍ മായം ചേര്‍ക്കുന്നുമുണ്ട്‌. പാചകത്തിന്‌ ഒരിക്കല്‍ ഉപയോഗിച്ച എണ്ണ ഒഴിവാക്കാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ വഴിവെക്കുന്നു. ഹോട്ടലുകളിലാകട്ടെ `അജിനാമോട്ട' എന്ന വിഷ പദാര്‍ഥം ചേര്‍ത്ത്‌ ഭക്ഷണങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നത്‌ പതിവ്‌ പരിപാടിയായിട്ടുണ്ട്‌.

പച്ചക്കറികളും പഴങ്ങളുമാണ്‌ താരതമ്യേന സുരക്ഷിതമായ ഭക്ഷണമെന്ന്‌ പലരും കരുതുന്നു. ഒരളവോളം അത്‌ ശരിയുമാണ്‌. എന്നാല്‍ രാസവസ്‌തുക്കളുടെയും കീടനാശിനികളുടെയും സാന്നിധ്യം അവയ്‌ക്കും ഏറെ അപചയം വരുത്തിയിട്ടുണ്ട്‌. ഇതിന്റെയൊന്നും അംശം ഉള്‍പ്പെട്ടിട്ടില്ലാത്ത വിഭവങ്ങള്‍ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നതാണ്‌ ഇന്നത്തെ അവസ്ഥ. കായ്‌കനികളില്‍ നേരിട്ട്‌ കീടനാശിനി പ്രയോഗിക്കാതിരിക്കാന്‍ ചുരുക്കം ചില കര്‍ഷകര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും `വ്യാവസായിക' കര്‍ഷകരില്‍ ഭൂരിഭാഗവും അങ്ങനെയല്ല. വിത്തിറക്കുന്നതിന്റെ മുമ്പ്‌ മണ്ണില്‍ തുടങ്ങുന്ന കീടനാശിനി പ്രയോഗം വിളവെടുപ്പിന്റെ ഏതാനും ദിവസം മുമ്പുവരെ അവര്‍ തുടരുന്നു. കൃഷിയിടങ്ങളുടെ പരിസരത്തുള്ളവരുടെ ജലസ്രോതസ്സുകള്‍ പോലും അവര്‍ വിഷലിപ്‌തമാക്കുന്നു. ചില പഴങ്ങളില്‍ `ഭംഗിയായി' പഴുപ്പിക്കാന്‍ കര്‍ഷകരും വ്യാപാരികളും ഉപയോഗിക്കുന്നത്‌ ഒരു ഉഗ്രവിഷപദാര്‍ഥമാണെന്നതും ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു.

വ്യവസായശാലകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങിയവ വായുവും വെള്ളവും മണ്ണും മലിനമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. വ്യാവസായശാലകള്‍ പുറത്തുവിടുന്ന മാലിന്യങ്ങളുടെ കൂട്ടത്തില്‍ ജീവിവര്‍ഗങ്ങളെ അത്യന്തം ഗുരുതരമായി ബാധിക്കുന്ന പലതരം വിഷാംശങ്ങള്‍ ഉള്‍പ്പെടുന്നു. നദികളിലേക്കും കടലിലേക്കും മാലിന്യങ്ങള്‍ പുറംതള്ളാന്‍ തങ്ങള്‍ക്ക്‌ അനിഷേധ്യമായ അവകാശമുണ്ടെന്ന ഭാവമാണ്‌ പല വ്യവസായ ഉടമകള്‍ക്കും. പലതരം വിഷപദാര്‍ഥങ്ങളും മണ്ണില്‍ ലയിച്ചുചേരാത്ത പ്ലാസ്റ്റിക്‌ പോലുള്ള വസ്‌തുക്കളും നദീ തീരങ്ങള്‍ക്കടുത്തുള്ള ജലസ്രോതസ്സുകളില്‍ എത്തിച്ചേരുകയും ലക്ഷക്കണക്കിലാളുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ചുരുക്കം ചില സ്വകാര്യ വ്യവസായശാലകള്‍ നടത്തുന്ന മലിനീകരണത്തിന്നെതിരില്‍ ജനകീയ സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പല വന്‍കിട വ്യവസായ ശാലകളുടെയും ഭീമമായ അളവിലുള്ള ഉച്ചിഷ്‌ടങ്ങള്‍ നദികളിലേക്കും കടലിലേക്കും ഒഴുക്കിവിടുന്ന ഏര്‍പ്പാട്‌ നിര്‍ബാധം തുടരുകയാണ്‌. ആശുപത്രികള്‍ ഒരു ഭാഗത്ത്‌ ആളുകളെ ആരോഗ്യത്തിലേക്ക്‌ നയിക്കുമ്പോള്‍ അവയിലെ ജൈവ- അജൈവ ഉച്ചിഷ്‌ടങ്ങള്‍ കുറെ പേരുടെ കുടിനീര്‍ വിഷമയമാക്കുന്നുണ്ട്‌. മെഡിക്കല്‍ കോളെജിലെയും ചില വന്‍കിട ആശുപത്രികളിലെയും ഉച്ചിഷ്‌ടങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌. പുകനിയന്ത്രണത്തിനുള്ള നിയമങ്ങള്‍ നിലവിലുണ്ടായിട്ടും പെരുകുന്ന വാഹനങ്ങള്‍ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ്‌ അനുസ്യൂതം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്‌. വായുവും വെള്ളവും മണ്ണും വിഷലിപ്‌തമാക്കിക്കൊണ്ടേയിരിക്കുന്ന ജീവിതവ്യവഹാരങ്ങള്‍ അനുസ്യൂതം തുടരുകയാണെങ്കില്‍ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഭൂമിയുടെ പല ഭാഗങ്ങളും മനുഷ്യവാസയോഗ്യമല്ലാതായിത്തിരുമെന്നാണ്‌ ചില പരിസ്ഥിതി ശാസ്‌ത്രജ്ഞര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്‌.

ഈ പ്രശ്‌നങ്ങളുടെ നേരെ ഏറ്റവും ശരിയായ നിലപാട്‌ പുലര്‍ത്താന്‍ ബാധ്യസ്ഥരാണ്‌ മുസ്‌ലിംകള്‍. കാരണം, അവര്‍ ജീവിതത്തിന്റെ എല്ലാ തലങ്ങളും ശുദ്ധീകരിക്കേണ്ടവരാണ്‌. താന്‍ കഴിക്കുന്ന ഭക്ഷണം മാലിന്യവും വിഷാംശവും ഇല്ലാത്തതാണെന്ന്‌ ഉറപ്പുവരുത്തുന്നത്‌ പോലെ താന്‍ മറ്റുള്ളവര്‍ക്ക്‌ നല്‌കുന്ന ഭക്ഷ്യവസ്‌തുക്കളും സംശുദ്ധമാണെന്ന്‌ ഓരോ സത്യവിശ്വാസിയും ഉറപ്പുവരുത്തേണ്ടതാണ്‌. ഈമാനിന്റെ അനിവാര്യതാല്‌പര്യമാണ്‌ അമാനത്ത്‌ അഥവാ വിശ്വസ്‌തത. ഒരാള്‍ തന്റെ ബന്ധുമിത്രാദികളെ വിവാഹത്തിനോ വിരുന്നിനോ ക്ഷണിച്ചിട്ട്‌ അവര്‍ക്കയാള്‍ നല്‌കുന്നത്‌ വിഷമയമായ കൃത്രിമ വര്‍ണങ്ങളോ അജിനാമോട്ട എന്ന ടേസ്റ്റിംഗ്‌ പൗഡറോ ചേര്‍ത്ത ഭക്ഷണമാണെങ്കില്‍ ആ സല്‍ക്കാരം വിശ്വാസത്തിനും വിശ്വസ്‌തതയ്‌ക്കും നിരയ്‌ക്കാത്തതാണ്‌. യഥാര്‍ഥ വിശ്വാസികളെന്ന്‌ സ്വയം കരുതുന്ന ഹോട്ടലുകാരും ബേക്കറിക്കാരും സൂക്ഷ്‌മമായിത്തന്നെ ആത്മപരിശോധന നടത്തേണ്ടതുണ്ട്‌; തങ്ങള്‍ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ വിശ്വാസത്തിനും വിശ്വസ്‌തതയ്‌ക്കും നിരയ്‌ക്കുന്നത്‌ തന്നെയാണോ എന്ന്‌.

ചില ഹോട്ടലുടമകള്‍ തങ്ങള്‍ക്കുള്ള ഭക്ഷണം വീട്ടില്‍ നിന്ന്‌ ഹോട്ടലിലേക്ക്‌ വരുത്തുകയാണ്‌ പതിവ്‌. ഹോട്ടല്‍ ഭക്ഷണം ആമാശയത്തിലെത്തിയാല്‍ ഉണ്ടാകാനിടയുള്ള അനര്‍ഥങ്ങളെ സംബന്ധിച്ച ആശങ്ക നിമിത്തമാണിത്‌. പക്ഷേ, മറ്റുള്ളവരുടെ ആമാശയത്തെ സംബന്ധിച്ച്‌ അവര്‍ക്ക്‌ യാതൊരു ഉത്‌കണ്‌ഠയുമില്ല. ചില പച്ചക്കറി കര്‍ഷകര്‍ സ്വന്തം ആവശ്യത്തിന്‌ രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നു. വില്‌ക്കാനുള്ളതാകട്ടെ അത്‌ രണ്ടും ഉപയോഗിച്ചും. വിഷാംശങ്ങള്‍ തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന്‌ അവര്‍ക്ക്‌ വ്യക്തമായ ധാരണയുണ്ട്‌. എന്നാല്‍ ഉപഭോക്താക്കളുടെ ആരോഗ്യം അവര്‍ക്കൊരു പ്രശ്‌നമല്ല. പൊതുസ്ഥലങ്ങളില്‍ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന പലരും സ്വന്തം വീടും പരിസരവും വൃത്തിയുള്ളതായിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നു. പരിസരമലിനീകരണത്തില്‍ റിക്കാര്‍ഡ്‌ ഭേദിക്കുന്ന വ്യവസായികള്‍ അവരുടെ മണിമന്ദിരങ്ങള്‍ പഞ്ചനക്ഷത്ര നിലവാരത്തില്‍ വൃത്തിയായും ഭംഗിയായും പരിരക്ഷിക്കുന്നു. സ്വന്തം താല്‌പര്യത്തിന്‌ സര്‍വത്ര മുന്‍ഗണന നല്‌കുന്ന ആളുകള്‍ ഇങ്ങനെയൊക്കെ ആകുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ തനിക്ക്‌ ശുദ്ധവായുവും ശുദ്ധജലവും വൃത്തിയുള്ള പരിസരവും ഇഷ്‌ടപ്പെടുന്നതുപോലെ മറ്റുള്ളവര്‍ക്കും അതൊക്കെ ലഭ്യമായിരിക്കണമെന്ന്‌ ആഗ്രഹിക്കാന്‍ ആദര്‍ശപരമായ ബാധ്യതയുള്ള സത്യവിശ്വാസികളും ആ സ്വാര്‍ഥികളെപ്പോലെ ആവുകയാണെങ്കില്‍ പിന്നെ എന്താണ്‌ വിശ്വാസത്തിന്റെ വ്യതിരിക്തത? വിശുദ്ധിയും വിശ്വസ്‌തതയും വേണ്ടെന്ന്‌ വെച്ചാലും വിശ്വാസം അന്യൂനമായി നിലനില്‌ക്കുമെന്നാണ്‌ നാം കരുതുന്നതെങ്കില്‍ അത്‌ വ്യാമോഹമാകാനാണ്‌ സാധ്യത.

from Shabab Editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts