വായുവില്‍ പറക്കുന്ന അപകടസന്ദേശങ്ങള്‍

വൈകി വിവാഹമുറപ്പിച്ച ഒരു പെണ്‍കുട്ടി, തന്റെ അനുജത്തിക്ക്‌ തമാശ രൂപേണ ഒരു എസ്‌ എം എസ്‌ അയക്കുന്നു. ``വൃദ്ധ വിവാഹം.'' അത്‌ വായിക്കുന്ന അനുജത്തിയുടെ ഭര്‍ത്താവ്‌ കോപിഷ്‌ഠനാകുന്നു. വിവാഹാലോചന നടത്തുകയും അതുറപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്‌ത അയാള്‍ വരന്റെ കുടുംബത്തെ വിളിച്ചറിയിക്കുന്നു. ഈ വിവാഹം നടക്കില്ല. വൈകിയ വേളയില്‍ ഒരു പെണ്‍കുട്ടിക്ക്‌ നടന്നു കിട്ടേണ്ടിയിരുന്ന നിക്കാഹ്‌ അതോടെ മുടങ്ങുന്നു. വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള ഒരു കുടുംബത്തില്‍ ഈയിടെ നടന്ന അനുഭവമാണ്‌ ഇത്‌.

നമ്മുടെ വായു മണ്ഡലങ്ങളിലൂടെ തലങ്ങും വിലങ്ങും സെക്കന്റുകള്‍ വച്ച്‌ പാഞ്ഞുകൊണ്ടിരിക്കുന്ന എസ്‌ എം എസ്സ്‌ (short message service) സന്ദേശങ്ങള്‍ എത്രമാത്രം അപകടകരമായ രൂപഭാവം ആര്‍ജിക്കുന്നു എന്ന്‌ തിരിച്ചറിയാന്‍ മുകളില്‍ വിവരിച്ച സംഭവം തന്നെ ധാരാളം. ദോഷകരവും നിര്‍ദോഷകരവുമായ മൊബൈല്‍ എസ്‌ എം എസ്സുകള്‍ നമ്മെ ഉറക്കമുണര്‍ത്തുകയും ഉറക്കം കെടുത്തുകയുമൊക്കെ ചെയ്‌തുകൊണ്ടിരിക്കുന്ന സാങ്കേതികപ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുകയാണിപ്പോള്‍.

മൊബൈല്‍ ഫോണുകളുടെ ഉപയോഗം വ്യാപകമായി മാറിയതോടെയാണ്‌ നമുക്കിടയില്‍ എസ്‌ എം എസ്സുകളും വര്‍ധിച്ചുവന്നത്‌. തുടക്ക കാലത്ത്‌ അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കപ്പെട്ടിരുന്ന എസ്‌ എം എസ്സുകള്‍ പ്രധാനമായും രണ്ടു വിധത്തില്‍ സാങ്കേതികമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വ്യക്തി മറ്റു വ്യക്തിക്കോ വ്യക്തികള്‍ക്കോ അയയ്‌ക്കുന്ന എസ്‌ എം എസ്സുകള്‍ പി പി വിഭാഗത്തിലും മെസ്സെജ്‌ സെന്ററുകളില്‍ നിന്നു കമ്പനികളോ മൊബൈല്‍ ദാതാക്കളോ അയക്കുന്ന വ്യാപക എസ്‌ എം എസ്സുകള്‍ സി ബി വിഭാഗത്തിലും പെടുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വര്‍ഷത്തില്‍ കേവലം 2000 കോടി എസ്സ്‌ എം എസ്സുകളാണ്‌ ലോകത്തെമ്പാടും അയക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന്‌ അത്‌ നാല്‌പതിനായിരം കോടിയിലെത്തി നില്‌ക്കുകയാണ്‌. തെക്കുകിഴക്കന്‍ ഏഷ്യയിലാണ്‌ ഏറ്റവും കൂടുതല്‍ എസ്‌ എം എസ്സുകള്‍ പറന്നുനടക്കുന്നതത്രേ! തൊട്ടുപിന്നില്‍ യൂറോപ്പും. അമേരിക്കന്‍ ഐക്യനാടുകളില്‍ എസ്‌ എം എസ്സിനോടുള്ള പ്രിയം അത്രക്കില്ലെങ്കിലും എണ്ണം വര്‍ധിച്ചുവരുന്നതായാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

സാങ്കേതികതയുടെ വളര്‍ച്ച നമ്മുടെ ധാര്‍മിക ബോധത്തെ അതിന്റെ ആരൂഢമായ തായ്‌വേരുകളില്‍ നിന്നാണ്‌ പലപ്പോഴും പിഴുതെറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ ലാഘവത്തോടെ വായിച്ചുതള്ളേണ്ട അറിവല്ല. ഇന്റര്‍നെറ്റ്‌ വലകളെക്കാളേറെ നമ്മുടെ സമൂഹത്തില്‍ അതിവേഗം പ്രാപ്യമായ സാങ്കേതികതയാണല്ലോ മൊബൈല്‍ ഫോണുകള്‍. മൊബൈല്‍ ഫോണുകള്‍ക്കിടയിലെ നിശ്ശബ്‌ദനായ കൊലയാളിയായി എസ്‌ എം എസ്സുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്നത്‌ പലരും തിരിച്ചറിയാതെ പോവുകയാണ്‌. ഇന്റര്‍നെറ്റുകളും മറ്റും സമൂഹത്തില്‍ ധാര്‍മികബോധമുള്ള വിഭാഗം ജാഗ്രതയോടെ നിരീക്ഷിക്കുമ്പോഴും എസ്‌ എം എസ്സുകള്‍ സര്‍വസ്വതന്ത്രനായി വിലസുകയാണ്‌ നമുക്കിടയില്‍. സമൂഹത്തിലെ കൗമാരപ്രായക്കാര്‍ക്കിടയില്‍ പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മാധ്യമങ്ങള്‍ പടച്ചുവിട്ടിരിക്കുന്ന ജുഗുപ്‌സാവഹമായ സിദ്ധാന്തങ്ങള്‍ക്ക്‌ എസ്‌ എം എസ്സുകള്‍ ഇന്ന്‌ പ്ലാറ്റ്‌ഫോം ഒരുക്കിക്കൊടുക്കുന്നുണ്ട്‌.

മൊബൈല്‍ ഫോണിലൂടെയുള്ള ശബ്‌ദകോളുകള്‍ നിരീക്ഷിക്കപ്പെടാന്‍ സാധ്യത കൂടുതലായതിനാല്‍ ഇന്ന്‌ കൗമാരക്കാര്‍ തെറ്റായ സഞ്ചാരങ്ങള്‍ക്കുള്ള ഉപാധിയായി ഉപയോഗിക്കുന്നത്‌ എസ്‌ എം എസ്സുകളെയാണ്‌. മൊബൈല്‍ നമ്പറുകളില്‍ സ്‌ത്രീശബ്‌ദം തിരയുന്ന കൂട്ടരും തുടക്കത്തില്‍ നിര്‍ദോഷകരമായ എസ്‌ എം എസ്‌ പറത്തിവിടുന്നു. മറുപടി അനുകൂലമാവുമ്പോള്‍ ഒരു പുതിയ `ബന്ധം' നാമ്പിടുകയായി. സ്‌ത്രീകള്‍ക്കിടയില്‍ ഇങ്ങനെ വ്യാപകമാവുന്ന എസ്‌ എം എസ്സുകള്‍ നമ്മുടെ ധാര്‍മിക ചുറ്റുപാടുകളില്‍ വിഷപദാര്‍ഥങ്ങളാണ്‌ തൊടുത്തുവിടുന്നത്‌. എസ്‌ എം എസ്സിനു വേണ്ടി മാത്രമുള്ള പുതിയ ഭാഷകള്‍ ഇംഗ്ലീഷിലും മലയാളത്തിലും രൂപപ്പെട്ടുകഴിഞ്ഞു. വ്യംഗ്യാര്‍ഥമുള്ള പദങ്ങള്‍ ലൈംഗിക അരാജകത്വത്തിനുള്ള താവളങ്ങള്‍ തേടി തരംഗങ്ങളായി പടര്‍ന്നുപന്തലിക്കുമ്പോള്‍ നമ്മുടെ കുടുംബബന്ധങ്ങള്‍ പുതിയ പ്രതിസന്ധികളിലേക്ക്‌ ആടിയുലഞ്ഞ്‌ നിപതിക്കുന്നതാണ്‌ കാണുന്നത്‌!

എസ്‌ എം എസ്സുകളിലെ ഭാഷ പലപ്പോഴും തെറ്റായ അര്‍ഥങ്ങളോടെ വായിക്കപ്പെടുന്നത്‌ അടുത്ത കാലത്തുണ്ടായ കുടുംബപ്രശ്‌നങ്ങളില്‍ ഒരു ചര്‍ച്ചാഘടകമായി മാറിയിരിക്കുന്നു. മലയാളത്തില്‍ അയക്കപ്പെടുന്നവ പ്രത്യേകിച്ചും. ഇംഗ്ലീഷ്‌ മലയാളത്തില്‍ അയക്കപ്പെട്ട ഒരു സന്ദേശം ``ഉറങ്ങിയോ, ഒരു കാര്യം പറയാനുണ്ടായിരുന്നു... ഉമ്മ... ഉമ്മറത്തുള്ള ചെരിപ്പെടുത്ത്‌ അകത്തു വെക്കാന്‍ മറക്കരുത്‌.'' ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്‌ വന്ന ഈ സന്ദേശം പകുതി വായിച്ചപ്പോഴേക്കും തെറ്റിദ്ധരിച്ച ഭാര്യ, ഭര്‍ത്താവിന്റെ രഹസ്യകാമുകിയെപ്പറ്റിയറിയാന്‍ തുനിഞ്ഞിറങ്ങുന്നതോടെ വിശ്വാസദൃഢതയുള്ള ഒരു കുടുംബത്തിലാണ്‌ സംശയത്തിന്റെ പുഴുക്കുത്തുകള്‍ വീണത്‌! ഇങ്ങനെ എത്രയെത്ര അപകടകാരികളായ സന്ദേശങ്ങള്‍.

മതമേഖലയില്‍ ഹദീസുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന എസ്‌ എം എസ്സുകള്‍ പലപ്പോഴും വാറോലകളെയാണ്‌ വായുവില്‍ പറത്തിവിടുന്നത്‌. `അവസാനത്തെ ബസ്സ്‌' എന്ന പേരില്‍ മയ്യിത്ത്‌ കട്ടിലിന്റെ ചിത്രം സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുത്ത ഒരു സഹോദരന്‍ ഔചിത്യബോധത്തെക്കുറിച്ച്‌ അധികം ചിന്തിക്കാതിരുന്ന ശുദ്ധഹൃദയനായിരുന്നു. എന്നാല്‍ ഗൗരവമേറിയ ബിസിനസ്‌ ചര്‍ച്ചയിലേര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തായ വ്യവസായി തനിക്ക്‌ അഞ്ചു പ്രാവശ്യം നിരന്തരം ലഭിച്ച ഈ `അടിയന്തിര സന്ദേശ'ത്തില്‍ ക്ഷുഭിതനായപ്പോള്‍ സുഷിരങ്ങള്‍ വീണത്‌ നിര്‍മലമായൊരു സുഹൃദ്‌ ബന്ധത്തിന്നായിരുന്നു. ഇംഗ്ലീഷിനെ മലയാളത്തില്‍ വളച്ചൊടിച്ച്‌ കുഴച്ച്‌, ഗഗനത്തിലേക്കയക്കുന്ന സന്ദേശങ്ങള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും ചില്ലറയല്ല.

അടുത്ത കാലത്തായി മൊബൈല്‍ ദാതാക്കളായ കമ്പനികളും പുതിയ അശ്ലീലങ്ങളെ അച്ചുനിരത്തിവിടുന്നത്‌ ഏറിവരികയാണ്‌. ഇത്തരം സി ബി സന്ദേശങ്ങളില്‍ പലപ്പോഴും കാമുകിയെക്കുറിച്ചും ഭാര്യയുടെ പ്രണയാധിക്യത്തിന്റെ തോതളക്കുന്ന ജാതകക്കുറിപ്പുകളെക്കുറിച്ചുമാണ്‌ വിവരിക്കപ്പെടുന്നത്‌. മറുപടി അയക്കുന്നവന്റെ പോക്കറ്റ്‌ ഓരോ ഇംഗ്ലീഷ്‌ ലിപികള്‍ക്കൊപ്പം ചോര്‍ന്നുപോവുന്നു എന്നതാണ്‌ രസകരമായ സത്യം. റിയാലിറ്റിഷോകള്‍ കോടിക്കണക്കിനു ജനങ്ങളില്‍ നിന്ന്‌ ഇങ്ങനെ കവര്‍ന്നെടുക്കുന്ന ശതകോടി രൂപകളുടെ കണക്കുകള്‍ ആദായനികുതിയുടെ ശീതളിമയില്‍ ഭരണകൂടത്തിനു പോലും ഹൃദയം കുളിര്‍പ്പിക്കുന്നതായിമാറുന്നു! ഇത്തരം കവര്‍ച്ചകള്‍ക്കെതിരായി നിയമനിര്‍മാണം നടത്തേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു താനും!

`കോടികളുടെ ലോട്ടറികള്‍ താങ്കള്‍ക്കു ലഭിച്ചിരിക്കുന്നു' എന്ന പേരില്‍ അന്താരാഷ്‌ട്ര സന്ദേശങ്ങള്‍ ചിലര്‍ക്കു ലഭിക്കുന്നുണ്ട്‌. പണം പിടുങ്ങാനുള്ള ഇത്തരം വലകളില്‍ കുടുങ്ങരുതെന്ന റിസര്‍വ്‌ ബാങ്ക്‌ സന്ദേശങ്ങളും അടുത്ത കാലത്ത്‌ ഇറങ്ങിയിരുന്നു.

എസ്‌ എം എസ്സുകളും ഫോണ്‍ സന്ദേശങ്ങളും അത്യാവശ്യ വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതിക സൗകര്യങ്ങളാണെന്ന്‌ മറന്നുപോകുന്നവരാണ്‌ നമ്മില്‍ പലരും. തങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ എസ്‌ എം എസ്സിന്റെ അപകടച്ചുഴിയിലേക്ക്‌ ഒലിച്ചിറങ്ങുന്നത്‌ തടയിടേണ്ടവരാകട്ടെ വേണ്ടത്ര ജാഗരൂകരുമല്ല! വേണ്ടപ്പെട്ടവരുടെ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ ചോര്‍ത്താവുന്ന സൗകര്യപ്രദമാവുന്ന സോഫ്‌റ്റ്‌വെയറുകള്‍ ഇന്ന്‌ ലഭ്യമാണ്‌. പ്രായപൂര്‍ത്തിയാകാത്തവരോ ഫോണ്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളവരോ ഇത്തരം സോഫ്‌റ്റ്‌വെയറുകള്‍ വഴി നിരീക്ഷിക്കപ്പെടുന്നത്‌ നിയമപരമായി കുറ്റകരമല്ല.

സാങ്കേതികത നമ്മുടെ മനസ്സുകളെ അവിശുദ്ധമാക്കാതിരിക്കാന്‍ മതത്തെ പരിചയിക്കേണ്ടവരാണ്‌ മുസ്‌ലികള്‍. അല്ലാഹുവിന്റെ മഹത്തായ ജ്ഞാനത്തിന്റെ ആഴക്കടലുകള്‍ക്കിടയിലെ കേവലം അണുകണങ്ങള്‍ മാത്രമാണ്‌ നമ്മുടെ ചുറ്റിലും അതിശീഘ്രം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ എന്ന തിരിച്ചറിവ്‌ നമുക്കുണ്ടാവേണ്ടതുണ്ട്‌. സൗകര്യങ്ങള്‍ നമ്മെ ദുഷിച്ച ലോകത്തേക്ക്‌ കൈപിടിച്ചു നടത്താവുന്ന മലിനമായ സാമൂഹിക ചുറ്റുപാടുകളും നമുക്കുണ്ടെന്ന്‌ നാം മനസ്സിലാക്കണം. എസ്‌ എം എസ്സുകളില്‍ നിന്നുടലെടുക്കുന്ന ചില തമാശകള്‍ സ്വന്തം ജീവിതമോ അന്യരുടെ ജീവിതമോ അപകടപ്പെടുത്തിയേക്കാം. എസ്‌ എം എസ്സുകള്‍ നന്മയില്‍ പങ്കാളിയാവേണ്ട സന്ദേശ സഹായിയാവണം, തിന്മയുടെ അതിപ്രസരം ചുറ്റുപാടുകളെ മലിനമാക്കുമ്പോള്‍ സൂക്ഷ്‌മതയുടെ കവചമണിയേണ്ടവരാണല്ലോ വിശ്വാസികള്‍.


by KP Khalid @ Shabab Weekly

ശരീഅത്ത്‌ നിയമങ്ങളുടെ മാനവികമുഖം

ശരീഅത്ത്‌ എന്ന അറബി പദത്തിന്‌ ജലാശയം, ജലാശയത്തിലേക്കുള്ള പാത, ജലപാനത്തിനുള്ള സ്ഥലം, നടപടിക്രമം, ദൈവിക നിയമം, നിയമം എന്നിങ്ങനെ പല അര്‍ഥങ്ങളുമുണ്ട്‌. ഇസ്‌ലാമിക ശരീഅത്ത്‌ എന്നു പറയുമ്പോഴും എല്ലാവരും ഉദ്ദേശിക്കുന്നത്‌ ഒരേ അര്‍ഥമല്ല. വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ നബിവചനങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്ന മതനിയമം അഥവാ വിധിവിലക്കുകള്‍ എന്ന അര്‍ഥത്തിലാണ്‌ നബി(സ)യുടെ
ശിഷ്യന്മാരും തൊട്ടടുത്ത തലമുറകളിലുള്ള സത്യവിശ്വാസികളും ശരീഅത്ത്‌ എന്ന പദം പ്രയോഗിച്ചുപോന്നത്‌. മുസ്‌ലിംസമൂഹത്തില്‍ വ്യത്യസ്‌ത മദ്‌ഹബുകള്‍ പ്രാമുഖ്യം നേടിയതിനു ശേഷം ശരീഅത്തിന്റെ വ്യാവഹാരിക അര്‍ഥം മദ്‌ഹബീ ഫിഖ്‌ഹിലെ (കര്‍മശാസ്‌ത്രത്തിലെ) മതവിധികള്‍ എന്നായി മാറുകയുണ്ടായി. ഇന്ത്യയെപ്പോലെ പല നാടുകളിലും ഭരണപരമായ പ്രാബല്യമുള്ള ശരീഅത്ത്‌ നിയമം, വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ ചില വിഷയങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ്‌.

മുസ്‌ലിം വ്യക്തി നിയമങ്ങളുടെ പ്രമാണങ്ങളായി വിവിധ മദ്‌ഹബുകാരുടെ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളെ പരിഗണിക്കുക എന്നതാണ്‌ ഇന്ത്യയിലെ അഭിഭാഷകരും ന്യായാധിപന്മാരും നിയമജ്ഞരും പിന്തുടരുന്ന കീഴ്‌വഴക്കം. എന്നാലും വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ സ്ഥിരപ്പെട്ട വിഷയം ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടില്ലെങ്കിലും അതനുസരിച്ച്‌ വിധിക്കുന്നതിന്‌ നീതി പീഠങ്ങള്‍ക്ക്‌ നിയമപരമായ തടസ്സമില്ലെന്നത്രെ ശാബാനു കേസിലെ സുപ്രീംകോടതി വിധിയില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

ഖുര്‍ആനില്‍ പറഞ്ഞ മതാഇനെ ആജീവനാന്ത ജീവനാംശമായി കോടതി വ്യാഖ്യാനിച്ചതിനോട്‌ മുസ്‌ലിം പണ്ഡിതന്മാരും മതസംഘടനകളും വിയോജിപ്പ്‌ പ്രകടിപ്പിച്ചുവെങ്കിലും ശരീഅത്ത്‌ നിയമങ്ങളുടെ ആധാരമായി വിശുദ്ധ ഖുര്‍ആനിനെ കോടതി പരിഗണിച്ചത്‌ തര്‍ക്കവിഷയമാവുകയുണ്ടായില്ല. മതവിധികള്‍ക്ക്‌ ഖുര്‍ആനിലെ പ്രമാണമാക്കാന്‍ മുജ്‌തഹിദുകളായ ഇമാമുകള്‍ക്ക്‌ മാത്രമേ അര്‍ഹതയുള്ളൂവെന്നും മറ്റുള്ളവരൊക്കെ മദ്‌ഹബനുസരിച്ച്‌ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളെയാണ്‌ മതവിധികള്‍ ഗ്രഹിക്കാന്‍ അവലംബിക്കേണ്ടതെന്നും യാഥാസ്ഥിതിക പണ്ഡിതന്മാര്‍ പറയാറുണ്ടെങ്കിലും മുസ്‌ലിം സമൂഹ മനസ്സാക്ഷി ആത്യന്തിക പ്രമാണങ്ങളായി വിശുദ്ധ ഖുര്‍ആനിനെയും പ്രവാചകചര്യയെയും തന്നെയാണ്‌ പരിഗണിക്കുന്നത്‌ എന്നത്രെ ഇതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌.

ശരീഅത്തിനെ മുഴുവന്‍ ജീവിതമേഖലകളിലേക്കുള്ള നിയമം എന്ന അര്‍ഥത്തിലെടുത്താലും കുടുംബ നിയമം എന്ന പരിമിതമായ അര്‍ഥത്തില്‍ പരിഗണിച്ചാലും അത്‌ ആധുനികയുഗത്തിന്‌ ഇണങ്ങുന്നതാണോ എന്നത്‌ വിവാദമാക്കാന്‍ പല വിഭാഗങ്ങള്‍ നിരന്തരം ശ്രമിച്ചുപോന്നിട്ടുണ്ട്‌. സംഘപരിവാറും യുക്തിവാദികളും കമ്യൂണിസ്റ്റുകളും മുസ്‌ലിംസമൂഹത്തിലെ ചില മോഡേണിസ്റ്റുകളുമാണ്‌ മുസ്‌ലിം വ്യക്തിനിയമം മാറ്റി എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമായ ഏക സിവില്‍കോഡ്‌ നടപ്പിലാക്കണമെന്ന്‌ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്‌. മനുസ്‌മൃതിയിലെ നിയമങ്ങള്‍ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുടെയും മേല്‍ നടപ്പാക്കണമെന്നാണ്‌ സവര്‍ണ ഫാസിസ്റ്റുകളുടെ ആഗ്രഹമെങ്കിലും ഹിന്ദുക്കളില്‍ തന്നെ ബഹുഭൂരിപക്ഷം കാലോചിതമല്ലാത്ത ആ നിയമസംഹിത അപ്പടി നടപ്പാക്കുന്നതിനെ അനുകൂലിക്കില്ലെന്ന്‌ അറിയാവുന്നതിനാല്‍ അവരിപ്പോള്‍ ആവശ്യപ്പെടുന്നത്‌ ഒരു സെക്യുലര്‍ സിവില്‍ നിയമമാണ്‌.

ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും രാഷ്‌ട്രീയ കക്ഷികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിയമജ്ഞര്‍ക്കും അത്തരമൊരു മതനിരപേക്ഷ നിയമത്തിന്റെ കാര്യത്തില്‍ യോജിക്കാന്‍ കഴിയുമോ? അത്‌ ക്ഷിപ്രസാധ്യമല്ലെന്ന്‌ ഉറപ്പാണ്‌. മതപരമോ ദൈവികമോ ആയ അടിസ്ഥാനമില്ലാത്ത ഒരു സെക്യുലര്‍ നിയമത്തെ പല മതവിഭാഗങ്ങളും അലംഘ്യമായി കരുതാന്‍ ഇടയില്ല. ഏത്‌ വിഷയത്തിലും ലോകരക്ഷിതാവിന്റെ ഹിതം മാനിച്ച്‌ ജീവിക്കാന്‍ ബാധ്യസ്ഥരായ മുസ്‌ലിംകള്‍ക്ക്‌ വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമായ മനുഷ്യനിര്‍മിത നിയമങ്ങള്‍ പിന്‍പറ്റാനാവില്ല. അതിനാല്‍ മറ്റുള്ളവര്‍ക്കെല്ലാം സ്വീകാര്യമായ ഒരു നിയമം ആവിഷ്‌കരിക്കാന്‍ സാധിച്ചാല്‍ പോലും മുസ്‌ലിംകള്‍ക്ക്‌ ദൈവിക നിയമം പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണം. അതിന്‌ വിരുദ്ധമായ ഒരു നിയമം മുസ്‌ലിംകളുടെ മേല്‍ അടിച്ചേല്‌പിക്കുന്നത്‌ ഭരണഘടന ഉറപ്പ്‌ നല്‌കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായിരിക്കും.

ഈ വിഷയം മുസ്‌ലിംകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ശരീഅത്ത്‌ വിരുദ്ധര്‍ പല ന്യായങ്ങള്‍ ഉന്നയിക്കാറുണ്ട്‌. നിയമങ്ങളില്‍ കാലോചിതമായ മാറ്റംവരുത്താന്‍ എല്ലാ വിഭാഗങ്ങളും സമ്മതിക്കുമ്പോള്‍ മുസ്‌ലിംകള്‍ മാത്രം പഴഞ്ചന്‍ നിയമം അപ്പടി നിലനിര്‍ത്തണമെന്ന്‌ ശഠിക്കുന്നത്‌ ശരിയല്ലെന്നാണ്‌ ഒരു ന്യായം. രാഷ്‌ട്രത്തിന്‌ ഒരു ഏകീകൃത സിവില്‍ കോഡ്‌ ആവിഷ്‌കരിക്കാന്‍ ശ്രമിക്കേണ്ടതാണെന്ന്‌ ഭരണഘടനയില്‍ തന്നെ അനുശാസിച്ചിരിക്കെ അതിന്‌ തടസ്സംനില്‌ക്കുന്ന നിലപാട്‌ മുസ്‌ലിംകള്‍ ഉപേക്ഷിക്കണമെന്നാണ്‌ മറ്റൊരു ന്യായം. ഒരു സെക്യുലര്‍ രാഷ്‌ട്രത്തില്‍ മതം പൗരന്മാരുടെ സ്വകാര്യജീവിതത്തില്‍ ഒതുങ്ങി നില്‌ക്കേണ്ടതാണെന്ന്‌ വേറെയൊരു ന്യായം. പല മുസ്‌ലിം രാഷ്‌ട്രങ്ങളും ശരീഅത്ത്‌ നിയമം ഭേദഗതി ചെയ്‌തിരിക്കെ ഇന്ത്യന്‍ മുസ്‌ലിംകള്‍ മാത്രം അനാവശ്യമായ കാര്‍ക്കശ്യം പുലര്‍ത്തുകയാണ്‌ എന്നാണ്‌ മറ്റൊരു ന്യായം. മുസ്‌ലിം സമുദായത്തില്‍ തന്നെ ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്ന പലരും ഉണ്ടല്ലോ എന്നതും ഒരു ന്യായം.

കാലോചിതമായതും കാലഹരണപ്പെട്ടതും വേര്‍തിരിച്ച്‌ നിര്‍ണയിക്കുക ഏറെ സങ്കീര്‍ണമാണ്‌. വിവാഹം എന്ന ഏര്‍പ്പാട്‌ തന്നെ കാലഹരണപ്പെട്ടുകഴിഞ്ഞുവെന്നും, അത്‌ ലൈംഗിക സാഫല്യത്തിന്‌ തടസ്സമാണെന്നും, ആവര്‍ത്തന വിരസമായ ലൈംഗികത ജീവിതസാക്ഷാത്‌കാരം തന്നെ അസാധ്യമാക്കുന്നു എന്നും വാദിക്കുന്ന കുറേ പേര്‍ ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്‌. കേരളത്തിലെ ചില ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അത്തരം ചില ബുദ്ധിജീവികളുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കാണാറുണ്ട്‌.

പാശ്ചാത്യ രാജ്യങ്ങളില്‍ ബഹുഭൂരിപക്ഷം പേരും കൗമാരപ്രായത്തില്‍ തന്നെ ബോയ്‌ഫ്രന്റ്‌-ഗേള്‍ ഫ്രന്റ്‌ കളി അഥവാ ഡെയ്‌റ്റിംഗ്‌ തുടങ്ങുന്നു. വിവാഹവും ഗര്‍ഭധാരണവും ഒഴിവാക്കി ഈ ഘട്ടത്തില്‍ `സെയ്‌ഫ്‌ സെക്‌സ്‌' ആസ്വദിക്കാന്‍ വളരുന്ന തലമുറയെ സഹായിക്കുകയാണ്‌ അവിടങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം സാര്‍വത്രികമാക്കിയിട്ടുള്ളതിന്റെ ലക്ഷ്യം. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ മറ്റു ചിലര്‍ വിവാഹത്തിലോ സഹവാസക്കരാറിലോ ഏര്‍പ്പെടുന്നു. മറ്റു ചിലരാകട്ടെ, ആയുഷ്‌കാലം മുഴുവന്‍ സ്വതന്ത്രരതി തുടരാന്‍ തീരുമാനിക്കുന്നു. അതിനിടയില്‍ പിതൃത്വം അജ്ഞാതമായ കോടിക്കണക്കിന്‌ കുഞ്ഞുങ്ങള്‍ ജന്മം കൊള്ളുന്നു. ഈ ജീവിതരീതിയാണ്‌ അത്യന്താധുനികമെന്ന്‌ കരുതുന്നവരുടെ സംഖ്യ പാശ്ചാത്യലോകത്ത്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. തങ്ങളുടെ സന്തതികള്‍ക്ക്‌ പന്ത്രണ്ടോ പതിമൂന്നോ വയസ്സാകുമ്പോഴേക്ക്‌ ലൈംഗിക തോഴനെയോ തോഴിയെയോ കിട്ടിയില്ലെങ്കില്‍ ഉല്‍ക്കണ്‌ഠാഭരിതരാകുന്ന രക്ഷിതാക്കള്‍ അമേരിക്കയിലും യൂറോപ്പിലും ധാരാളം ഉണ്ടത്രെ!

വിവാഹത്തിനും വ്യഭിചാരത്തിനും ഒരുപോലെ സാധുത നല്‌കുകയും, സമൂഹം മൊത്തത്തില്‍ തന്നെ `ഫാദര്‍ലെസ്‌' ആകുന്നതില്‍ അസാംഗത്യം തോന്നാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക്‌ മുസ്‌ലിംകള്‍ മാറണമെന്നാണ്‌ ശരീഅത്ത്‌ വിമര്‍ശകര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ധര്‍മച്യുതി ഒട്ടും അനുവദിക്കാത്ത ദൈവിക നിയമത്തെക്കുറിച്ച്‌ അവരുമായി ചര്‍ച്ച ചെയ്‌തിട്ട്‌ കാര്യമായ പ്രയോജനമുണ്ടാകുമെന്ന്‌ തോന്നുന്നില്ല. കാലവും ലോകവും ഏങ്ങനെയൊക്കെ മാറിയാലും വ്യഭിചാരം നിഷിദ്ധവും വിവാഹം അംഗീകൃതവുമായിരിക്കുക എന്ന അവസ്ഥക്ക്‌ മാറ്റംവരുത്തുന്ന കാര്യം ആദര്‍ശപ്രതിബദ്ധതയുള്ള മുസ്‌ലിംകള്‍ക്ക്‌ ആലോചിക്കാനാവില്ല.

ശരീഅത്ത്‌ നിയമങ്ങളെ വിമര്‍ശിക്കുന്നതില്‍ ബഹുഭൂരിപക്ഷഭാഗവും മുഹമ്മദ്‌ നബി(സ)യെ ദൈവദൂതനായോ വിശുദ്ധ ഖുര്‍ആനിനെ ദൈവിക ഗ്രന്ഥമായോ അംഗീകരിക്കാത്തവരാണ്‌. അതുകൊണ്ട്‌ തന്നെ ഖുര്‍ആനിലും നബിവചനങ്ങളിലും വ്യക്തമാക്കപ്പെട്ട നിയമങ്ങള്‍ എക്കാലത്തും എല്ലാവര്‍ക്കും ബാധകമാണെന്ന്‌ പറയുന്നത്‌ അവര്‍ക്ക്‌ സ്വീകാര്യമായി തോന്നാതിരിക്കുക സ്വാഭാവികമാണ്‌. കാലത്തിനും ലോകത്തിനുമനുസരിച്ച്‌ നിയമവും മാറുക എന്നതേ അവര്‍ക്ക്‌ യുക്തിസഹമായി തോന്നുകയുള്ളൂ. എന്നാലും ലോകസമൂഹങ്ങള്‍ക്കിടയില്‍ നിലവിലുള്ള വ്യക്തി-കുടുംബ നിയമങ്ങളെ വസ്‌തുനിഷ്‌ഠമായ ഒരു താരതമ്യപഠനത്തിന്‌ വിധേയമാക്കാന്‍ ശ്രമിച്ചാല്‍ ഇസ്‌ലാമിക നിയമം തികച്ചും മൗലികവും അനിതരവുമാണെന്ന്‌ അവര്‍ക്ക്‌ കണ്ടെത്താനാകും.

മുഹമ്മദ്‌നബി(സ) ജീവിച്ച കാലത്ത്‌ വിവിധ ലോകസമൂഹങ്ങളില്‍ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ ഏത്‌ തരത്തിലുള്ളതായിരുന്നുവെന്ന്‌ വിജ്ഞാനകോശങ്ങളില്‍ നിന്നും നിയമഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കാം. മാതാപിതാക്കളുടെ സ്വത്തില്‍ നിന്ന്‌ സ്‌ത്രീകള്‍ക്ക്‌ അനന്തരാവകാശം നല്‌കുന്ന നിയമം അക്കാലത്ത്‌ ഒരു രാഷ്‌ട്രത്തിലും ഉണ്ടായിരുന്നില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ (4:7) അനന്തരാവകാശത്തെ സംബന്ധിച്ച്‌ പ്രതിപാദനം തുടങ്ങുന്നതു തന്നെ, മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും നിശ്ചിത വിഹിതമുണ്ട്‌ എന്ന്‌ വ്യക്തമാക്കിക്കൊണ്ടാണ്‌. അക്കാലത്ത്‌ എല്ലാ സമൂഹങ്ങളിലും പുരുഷമേധാവിത്വം കൊടികുത്തി വാഴുകയായിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത്‌ ഇപ്രകാരം: ``സ്‌ത്രീകള്‍ക്ക്‌ (ഭര്‍ത്താക്കന്മാരോട്‌) ബാധ്യതകള്‍ ഉള്ളതു പോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌'' (വി.ഖു 2:228). ``അവരോട്‌ (ഭാര്യമാരോട്‌) നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതാണ്‌. ഇനി നിങ്ങള്‍ക്ക്‌ അവരോട്‌ വെറുപ്പ്‌ തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക:) നിങ്ങള്‍ ഒരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍, അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്‌തെന്ന്‌ വരാം.'' (വി.ഖു 4:9)

മുഹമ്മദ്‌ നബി(സ)യുടെ ചരിത്രം അമുസ്‌ലിംകളായ ധാരാളം ചരിത്രകാരന്മാര്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹം അറേബ്യക്ക്‌ പുറത്ത്‌ എവിടേക്കും യാത്ര ചെയ്‌തിട്ടില്ല. നിരക്ഷരനായിരുന്ന അദ്ദേഹം നിയമസംഹിതകളൊന്നും വായിച്ചുപഠിച്ചിട്ടില്ല. അക്കാലത്തെ നിയമജ്ഞരുമായൊന്നും അദ്ദേഹം സമ്പര്‍ക്കം സ്ഥാപിച്ചിട്ടില്ല. എന്നാല്‍ ലോകരക്ഷിതാവ്‌ തനിക്ക്‌ നല്‌കിയ വെളിപാടിന്റെ ഭാഗമായി അദ്ദേഹം മാനവരാശിക്ക്‌ മുമ്പാകെ അവതരിപ്പിച്ച നിയമങ്ങള്‍ അക്കാലത്ത്‌ ഗ്രീസിലും റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലും പ്രാബല്യത്തിലിരുന്ന നിയമങ്ങളെക്കാള്‍ ഏറെ മികവുറ്റതായിരുന്നു. ഇസ്‌ലാമിലെ അനന്തരാവകാശനിയമങ്ങള്‍ ഉദാഹരണമായെടുക്കാം. ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്ത്‌ ഏതൊക്കെ അവകാശികള്‍ക്ക്‌ എത്ര അംശം വീതം ഭാഗിച്ചു കൊടുക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായത്തിലെ കേവലം മൂന്നു സൂക്തങ്ങളിലാണ്‌ (11,12,176) വിവരിച്ചിരിക്കുന്നത്‌. പില്‍ക്കാലത്ത്‌ ഇസ്‌ലാമിലെ അനന്തരാവകാശനിയമം സംബന്ധിച്ച്‌ നൂറുകണക്കിന്‌ പേജുള്ള ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ആ ഗ്രന്ഥങ്ങളിലുള്ളതിന്റെയെല്ലാം രത്‌നച്ചുരുക്കം ആ മൂന്നു ഖുര്‍ആന്‍ സൂക്തങ്ങളിലുണ്ട്‌. മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, ആണ്‍മക്കള്‍, പെണ്‍മക്കള്‍, മാതാവൊത്ത സഹോദരങ്ങള്‍, പിതാവും മാതാവുമൊത്ത സഹോദരങ്ങള്‍, പിതാവൊത്ത സഹോദരങ്ങള്‍ എന്നിവരുടെയെല്ലാം അനന്തരാവകാശ വിഹിതങ്ങള്‍ ആ സൂക്തങ്ങളില്‍ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. ഇതുപോലെ സംക്ഷിപ്‌തവും ഇത്രയേറെ നിയമവിശദാംശങ്ങള്‍ അടങ്ങിയതുമായ വചനങ്ങള്‍ പ്രശസ്‌ത നിയമഗ്രന്ഥങ്ങളിലൊന്നും നമുക്ക്‌ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പതിനാലു നൂറ്റാണ്ട്‌ മുമ്പ്‌ അറേബ്യയിലെ ഒരു നിരക്ഷരന്‌ സര്‍വജ്ഞനായ ലോകരക്ഷിതാവ്‌ വെളിപ്പെടുത്തിക്കൊടുത്തിട്ടല്ലാതെ ഈ സൂക്തങ്ങള്‍ സ്വയം രചിക്കാന്‍ കഴിയുമായിരുന്നില്ല എന്ന്‌ വസ്‌തുതകള്‍ സൂക്ഷ്‌മവിശകലനത്തിന്‌ വിധേയമാക്കുന്ന ആര്‍ക്കും ബോധ്യമാകും.

ഇപ്പോള്‍ കുറെ വിമര്‍ശകര്‍ ഇസ്‌ലാമിക നിയമങ്ങളില്‍ പുരുഷാധിപത്യത്തിന്റെ സ്വാധീനം പ്രകടമാണെന്നും അത്‌ ആധുനിക ലോകവീക്ഷണത്തിനും സാര്‍വലൗകിക നീതിക്കും നിരക്കാത്തതാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ മൗലികത മനസ്സിലാക്കാത്ത ചില മുസ്‌ലിം ബുദ്ധിജീവികളും ആ പക്ഷത്ത്‌ ചേരുകയോ അവരുടെ ചുവട്‌ പിടിച്ച്‌ നൂതനവ്യാഖ്യാനങ്ങളുമായി രംഗത്ത്‌ വരുകയോ ചെയ്യുന്നുണ്ട്‌. അല്ലാഹുവോ അവന്റെ റസൂലോ(സ) പുരുഷന്മാരോടും സ്‌ത്രീകളോടും അനീതി കാണിക്കുകയില്ല എന്ന്‌ ബോധ്യമുള്ള സത്യവിശ്വാസികള്‍ യാഥാര്‍ഥ്യം ഗ്രഹിക്കുകയും വിമര്‍ശകര്‍ക്കും സംശയാലുക്കള്‍ക്കും അത്‌ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യേണ്ടതുണ്ട്‌.

പുരുഷന്റെ മേല്‍ സ്‌ത്രീയുടെയോ സ്‌ത്രീയുടെ മേല്‍ പുരുഷന്റെയോ ആധിപത്യം സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശമല്ല ഇസ്‌ലാമിക പ്രമാണങ്ങളിലുള്ളത്‌. ഭര്‍ത്താവ്‌, ഭാര്യ എന്നീ പദങ്ങളില്‍ അടങ്ങിയിട്ടുള്ള ആധിപത്യത്തിന്റെ ധ്വനി പോലും ഇസ്‌ലാമിന്‌ അന്യമാണ്‌. ഇണ എന്നര്‍ഥമുള്ള സൗജ്‌ എന്ന പദം തന്നെയാണ്‌ ദമ്പതികളിരുവരെ കുറിക്കാനും വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്‌. മനുഷ്യരെ ഇണകളായി സൃഷ്‌ടിച്ചത്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനു വേണ്ടിയാണെന്നും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവെക്കല്‍ കൊണ്ടാണ്‌ അത്‌ സാധ്യമാവുകയെന്നും അത്‌ അല്ലാഹുവിന്റെ ഒരു ദൃഷ്‌ടാന്തമാണെന്നും 30:12 സൂക്തം വ്യക്തമാക്കുന്നു.

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാരസ്‌പര്യം കൊണ്ട്‌ കുടുംബജീവിതം സമാധാന നിര്‍ഭരമാക്കുക എന്നത്‌ അധികാര സംസ്ഥാപനത്തിന്റെ പ്രശ്‌നമല്ല. അതൊരു നിയമപ്രശ്‌നം പോലുമല്ല. മാനവിക ധര്‍മത്തിന്റെ ഉദാത്തമായ സാക്ഷാത്‌കാരമാണത്‌. അത്യധികം സ്‌നേഹവും കാരുണ്യവും പകര്‍ന്നുതരുന്ന ജഗന്നിയന്താവിന്റെ മാര്‍ഗദര്‍ശനം കലവറ കൂടാതെ സ്വീകരിക്കുന്നവര്‍ക്ക്‌ മാത്രമേ ഈ സാക്ഷാത്‌കാരം സാധ്യമാകൂ. നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിക്കുന്നവര്‍ എത്രമാത്രം പ്രഗത്ഭരാണെങ്കിലും ദിവ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശീതളച്ഛായയിലേക്ക്‌ ദമ്പതികളെ ആനയിക്കാന്‍ അവര്‍ക്ക്‌ കഴിയില്ല.

കുടുംബബന്ധം കൂട്ടിയിണക്കുക എന്ന മഹത്തായ ധര്‍മത്തെ സംബന്ധിച്ച്‌ പ്രാവചകതിരുമേനി(സ) പഠിപ്പിച്ചത്‌ അത്‌ സഹായസഹകരണങ്ങളുടെ പകരം വെക്കലായാല്‍ പോരെന്നാണ്‌. എന്റെ ബന്ധു അല്ലെങ്കില്‍ ജീവിതപങ്കാളി എന്നോട്‌ നന്നായി പെരുമാറിയാല്‍ ഞാന്‍ അങ്ങോട്ടും നന്നായി പെരുമാറും, ഇങ്ങോട്ട്‌ പെരുമാറ്റം മോശമായാല്‍ അങ്ങോട്ടും പെരുമാറ്റം മോശമാകും എന്ന നിലപാടാണ്‌ പകരംവെക്കല്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടത്‌. തുടര്‍ന്ന്‌ നബി(സ) ഉണര്‍ത്തിയത്‌ ബന്ധം വിച്ഛേദിച്ചവരോടു പോലും നന്നായി പെരുമാറുന്നതാണ്‌ കുടുംബബന്ധം കൂട്ടിയിണക്കുന്നതിന്റെ ശരിയായ മാതൃക എന്നത്രെ. ശുദ്ധശുഭ്രമായ ധര്‍മബോധത്തിന്റെ ഈ വിതാനത്തിലേക്ക്‌ മാനവരെ നയിക്കാന്‍ സ്‌നേഹസ്വരൂപനായ ലോകരക്ഷിതാവിലുള്ള അഗാധമായ വിശ്വാസം മാത്രമേ പര്യാപ്‌തമാവുകയുള്ളൂ. നിയമജ്ഞരുടെയും നീതിപാലകരുടെയും കഴിവിനതീതമാണ്‌ മനുഷ്യബന്ധങ്ങളുടെ ഈ ഉദാത്തീകരണം.

കുടുംബജീവിതവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ എല്ലാ ദൈവികനിയമങ്ങളും പ്രഥമമായും പ്രധാനമായും മുസ്‌ലിംകള്‍ വിശ്വാസപ്രചോദിതരായി ഏറ്റെടുക്കാനും നിറവേറ്റാനുമുള്ളതാണ്‌. അങ്ങനെ ചെയ്യാത്തവരുടെ കാര്യത്തില്‍ മാത്രമാണ്‌ ഭരണപരമായ നിയമങ്ങളും ചട്ടങ്ങളും വേണ്ടിവരുന്നത്‌. നിയമജ്ഞരും രാഷ്‌ട്രതന്ത്രജ്ഞരുമാണ്‌ ഇതിന്റെയൊക്കെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നത്‌. മാനുഷികമായ പരിമിതികളും സ്ഥലകാല സാഹചര്യങ്ങളുടെ സ്വാധീനവും നിമിത്തം അവരുടെ ഭാഗത്തു നിന്ന്‌ വല്ല വീഴ്‌ചകളും സംഭവിച്ചുകൂടായ്‌കയില്ല. എന്നാല്‍ അതിന്റെ പേരില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നത്‌ ഒട്ടും ന്യായമല്ല. ഉദാഹരണമായി മുത്വലാഖിന്റെ കാര്യമെടുക്കാം. ഒറ്റയിരിപ്പില്‍ എത്ര ത്വലാഖ്‌ ചൊല്ലിയാലും അത്‌ ഒരു ത്വലാഖായി മാത്രമാണ്‌ നബി(സ)യും ഒന്നാം ഖലീഫ അബൂബക്കറും(റ) ഗണിച്ചിരുന്നതെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ കാണാം.

എന്നാല്‍ അതിനെതിരായ നിലപാടാണ്‌ പല പണ്ഡിതന്മാരും പില്‍ക്കാലത്ത്‌ സ്വീകരിച്ചത്‌. ഇന്ത്യയെപ്പോലുള്ള ചില നാടുകളില്‍ നിയമജ്ഞരും ന്യായാധിപന്മാരും ഈ പണ്ഡിതന്മാരില്‍ ചിലരുടെ ഗ്രന്ഥങ്ങള്‍ അവലംബിക്കാറുണ്ട്‌. അതുകൊണ്ടു തന്നെ ചില സന്ദര്‍ഭങ്ങളില്‍ കോടതിവിധി പ്രവാചകാധ്യാപനത്തിന്‌ വിരുദ്ധമാകാനുള്ള സാധ്യത നിലനില്‌ക്കുന്നുണ്ട്‌. അതിനുള്ള പരിഹാരം പേഴ്‌സണല്‍ ലോ (വ്യക്തിനിയമം) പ്രമാണബദ്ധമാക്കുകയാകുന്നു.

നീതി പാലിക്കാന്‍ കഴിയില്ലെന്ന്‌ ആശങ്കയുള്ളവര്‍ ഏകഭാര്യാത്വം സ്വീകരിക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (4:3) അനുശാസിച്ചിട്ടുണ്ട്‌. പക്ഷെ, നീതിനിഷ്‌ഠയില്ലാത്ത ആളുകള്‍ ഒന്നിലേറെ വിവാഹം കഴിക്കുന്ന സമ്പ്രദായം ഇവിടെ അഭംഗുരം തുടരുകയാണ്‌. ഖുര്‍ആനില്‍ നിഷ്‌കര്‍ഷിച്ച നീതി ഉറപ്പ്‌ വരുത്താന്‍ ഉതകുന്ന നിയമങ്ങളും ചട്ടങ്ങളും ഇന്ത്യയില്‍ ഇല്ലാത്തതാണ്‌ അതിന്‌ കാരണം. വ്യക്തിനിയമം തികച്ചും പ്രമാണബദ്ധമാക്കുക തന്നെയാണ്‌ ഇതിനുമുള്ള പരിഹാരം. അനാഥപൗത്രന്റെ അനന്തരാവകാശ പ്രശ്‌നത്തിനും ഖുര്‍ആനിക അധ്യാപനങ്ങളില്‍ പരിഹാരമുണ്ട്‌. അത്‌ നടപ്പാക്കാന്‍ പാകത്തില്‍ നിയമങ്ങളും ചട്ടങ്ങളും ക്രമപ്പെടുത്താത്തതിനാല്‍ അനാഥ പൗത്രന്‌ അര്‍ഹമായത്‌ ലഭിക്കാത്ത അവസ്ഥയുണ്ട്‌. ഇതിനും മാറ്റമുണ്ടാവുക തന്നെ വേണം. ഇതുപോലെ വേറെയും പ്രശ്‌നങ്ങളുണ്ടാകാം. ഉത്തരവാദപ്പെട്ട മതപണ്ഡിതന്മാരും നിയമജ്ഞരും രാഷ്‌ട്രതന്ത്രജ്ഞരും ചേര്‍ന്ന്‌ വിഷയം സമഗ്രമായി പഠിച്ചാല്‍ ദൈവിക നിയമത്തിന്റെ ചൈതന്യം രാഷ്‌ട്രനിയമത്തില്‍ പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന്‌ പ്രത്യാശിക്കാവുന്നതാണ്‌.

പല സന്ദര്‍ഭങ്ങളിലും സ്‌ത്രീക്ക്‌ പുരുഷനെപ്പോലെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി അധ്വാനിക്കാന്‍ കഴിയില്ല എന്ന കാര്യം സുവിദിതമാണ്‌. അതിനാല്‍ കുടുംബച്ചെലവും സംരക്ഷണബാധ്യതയും പൂര്‍ണമായി പുരുഷന്‍ വഹിക്കണമെന്ന്‌ അല്ലാഹു വിധിച്ചിരിക്കുന്നു. ഭാര്യയുടെയും മക്കളുടെയും ചെലവുകള്‍ മാത്രമല്ല, അധ്വാനിക്കാന്‍ കഴിവോ ആസ്‌തിയോ ഇല്ലാത്ത പിതാവിന്റെയും മാതാവിന്റെയും അനാഥരായ സഹോദരീ സഹോദരന്മാരുടെയും സംരക്ഷണബാധ്യതയും ആരോഗ്യമുള്ള പുരുഷനാണ്‌ വഹിക്കേണ്ടത്‌. സ്‌ത്രീയുടെ മേല്‍ ആരെയും സംരക്ഷിക്കേണ്ട ബാധ്യത ഇസ്‌ലാം ചുമത്തിയിട്ടില്ല. ഇതും പുരുഷാധിപത്യമായി വല്ലവരും ഗണിക്കുന്നുവെങ്കില്‍ അവര്‍ക്ക്‌ ഗുരുതരമായ വീക്ഷണവൈകല്യം ഉണ്ടെന്നേ പറയാനൊക്കൂ. ബാധ്യതയും അവകാശവും പരസ്‌പരബന്ധമുള്ള കാര്യങ്ങളാണ്‌.

കുടുംബത്തില്‍ എല്ലാവരുടെയും ജീവിതച്ചെലവ്‌ വഹിക്കാന്‍ ബാധ്യതയുള്ള ആള്‍ക്കും അത്തരം യാതൊരു ബാധ്യതയുമില്ലാത്ത ആള്‍ക്കും കുടുംബസ്വത്തില്‍ തുല്യവിഹിതം നല്‌കണമെന്ന്‌ പറയുന്നത്‌ തികഞ്ഞ അനീതിയായിരിക്കും. എല്ലാ വിഷയത്തിലും കണിശമായ നീതി നിര്‍ദേശിക്കുന്ന അല്ലാഹു അനീതിക്ക്‌ കൂട്ടുനില്‌ക്കുമെന്ന്‌ പ്രതീക്ഷിക്കാവുന്നതല്ല. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഇസ്‌ലാമിക നിയമം പാലിക്കപ്പെടുന്ന സമൂഹത്തില്‍ സ്‌ത്രീക്ക്‌ സ്വന്തം ജീവിതച്ചെലവോ കുടുംബാംഗങ്ങളുടെ ജീവിതച്ചെലവോ വഹിക്കേണ്ടിവരികയുള്ളൂ. ഇത്‌ പരിഗണിച്ചാകാം മകന്റെ/സഹോദരന്റെ വിഹിതത്തിന്റെ പകുതി മകള്‍ക്ക്‌/സഹോദരിക്ക്‌ നല്‌കാന്‍ ഖുര്‍ആനില്‍ അനുശാസിച്ചത്‌.

കുടുംബസ്വത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി സ്‌ത്രീകള്‍ യാതൊന്നും ചെയ്യാത്ത സാഹചര്യം പരിഗണിച്ചുള്ളതാണ്‌ സ്‌ത്രീയുടേതിന്റെ ഇരട്ടി അനന്തരാവകാശം പുരുഷന്‌ നല്‌കാനുള്ള ഇസ്‌ലാമിക നിയമമെന്നും, സ്‌ത്രീകളും പുരുഷന്മാരെപ്പോലെ ജോലി ചെയ്‌ത്‌ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ആധുനിക യുഗത്തില്‍ ആ നിയമം അപ്രസക്തമാണെന്നും ചിലര്‍ വാദിക്കാറുണ്ട്‌.

കുടുംബച്ചെലവുകള്‍ മുഴുവന്‍ പുരുഷനാണ്‌ വഹിക്കേണ്ടതെന്നും സ്വത്തും വരുമാനവുമുള്ള സ്‌ത്രീകള്‍ പോലും സ്വന്തം ധനം ഭര്‍ത്താവിനോ മക്കള്‍ക്കോ വേണ്ടി ചെലവഴിക്കാന്‍ ബാധ്യസ്ഥരല്ലെന്നുമുള്ള ഇസ്‌ലാമിക നിലപാട്‌ കാലഹരണപ്പെട്ടതാണെന്ന്‌ ഇവര്‍ വാദിക്കാറില്ല എന്നത്‌ ശ്രദ്ധേയമാണ്‌. സഹോദരനും സഹോദരിയും തുല്യമായി അധ്വാനിക്കുകയോ തുല്യനിലയില്‍ പണം മുടക്കി ബിസിനസ്‌ നടത്തുകയോ ചെയ്‌തിട്ട്‌ ഉണ്ടായ ആസ്‌തി ഭാഗിക്കുന്നത്‌ 2:1 എന്ന അനുപാദത്തിലായിരിക്കണമെന്ന്‌ ഇസ്‌ലാമില്‍ നിയമമില്ല. ആ ആസ്‌തി ഇരുവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്‌. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ മരിക്കുമ്പോള്‍ വിട്ടേച്ചുപോയ സ്വത്ത്‌ ആണ്‍-പെണ്‍ അവകാശികള്‍ എങ്ങനെ ഭാഗിച്ചെടുക്കണമെന്നതാണ്‌ ഇസ്‌ലാമിക അനന്തരാവകാശ നിയമത്തിലെ പ്രതിപാദ്യം.

മരിച്ചുപോയ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും അവര്‍ ജീവിച്ചിരിക്കുമ്പോള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായിരുന്ന പുരുഷ അവകാശിക്കും അത്തരം ബാധ്യതയൊന്നും ഇല്ലാതിരുന്ന പെണ്‍ അവകാശിക്കും തുല്യവിഹിതമല്ല നല്‌കേണ്ടതെന്ന്‌ നീതിബോധമുള്ള ആര്‍ക്കും ബോധ്യമാകും. സ്വാഭാവികനീതിയാണ്‌ അനന്തരാവകാശ വിഹിതത്തിലെ സ്‌ത്രീ-പുരുഷ ഭേദത്തിന്‌ നിദാനം. ഇനി വല്ല അസാധാരണ സാഹചര്യത്തിലും സ്വത്ത്‌ എല്ലാ മക്കള്‍ക്കും തുല്യമായി വീതിച്ചുകൊടുക്കലാണ്‌ നീതിയുടെ താല്‌പര്യമെന്ന്‌ പിതാവിനോ മാതാവിനോ ബോധ്യപ്പെടുകയാണെങ്കില്‍ ഇഷ്‌ടദാനത്തിലൂടെയോ വസ്വിയ്യത്തിലൂടെയോ ആ താല്‌പര്യം അവര്‍ക്ക്‌ നിറവേറ്റാവുന്നതാണ്‌. മാതാപിതാക്കളുടെ സാമ്പത്തിക വളര്‍ച്ചയില്‍ ആണ്‍മക്കളും പെണ്‍മക്കളും തുല്യ പങ്കുവഹിക്കുകയോ, മാതാപിതാക്കള്‍ക്ക്‌ ഇരുവിഭാഗവും തുല്യ അളവില്‍ സേവനങ്ങള്‍ അര്‍പ്പിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ ഇതിനുദാഹരണമാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ മക്കളില്‍ ആരോടും ഒട്ടും അനീതി കാണിക്കാന്‍ പാടില്ലെന്ന്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും പ്രവാചക നിര്‍ദേശങ്ങളില്‍ നിന്നും സ്‌പഷ്‌ടമാകുന്നു.

വിശുദ്ധ ഖുര്‍ആനിലും തികച്ചും വിശ്വസ്‌തരായ വ്യക്തികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസുകളിലും വ്യക്തമാക്കപ്പെട്ട നിയമങ്ങള്‍ മാത്രമേ പ്രമാദമുക്തമായും കാലാതിവര്‍ത്തിയായും പരിഗണിക്കപ്പെടേണ്ടതുള്ളൂ എന്ന യാഥാര്‍ഥ്യം ശരീഅത്തിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ആരും വിസ്‌മരിക്കരുത്‌. മുഹമ്മദ്‌ നബി(സ)ക്ക്‌ ശേഷമുള്ള ഏത്‌ പണ്ഡിതന്റെയും നിയമജ്ഞന്റെയും അഭിപ്രായങ്ങളില്‍ ശരിയും തെറ്റുമുണ്ടാകാം.

ശരീഅത്ത്‌ നിയമത്തിന്റെ പേരില്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികളിലും തെറ്റുപറ്റാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ദൈവികനിയമം വ്യാഖ്യാനിക്കുന്നവരുടെയും നടപ്പാക്കുന്നവരുടെയും അബദ്ധങ്ങളും വീഴ്‌ചകളും ഇസ്‌ലാമിനെ ഇകഴ്‌ത്താന്‍ ന്യായമാകാവുന്നതല്ല. ശരീഅത്ത്‌ നിയമങ്ങള്‍ ക്രോഡീകരിച്ച ഗ്രന്ഥകര്‍ത്താക്കളുടെ നിഗമനങ്ങളും നിരീക്ഷണങ്ങളും കാലഹരണപ്പെടാന്‍ സാധ്യതയുണ്ട്‌. ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കും ഹദീസുകള്‍ക്കും വ്യാഖ്യാതാക്കള്‍ നല്‌കിയ വിശദീകരണങ്ങളിലും മാനുഷികമായ തെറ്റുകള്‍ വന്നുകൂടായ്‌കയില്ല. എന്നാല്‍ ദൈവികവചനങ്ങളും അല്ലാഹു ബോധനം നല്‌കിയതിന്റെ അടിസ്ഥാനത്തില്‍ നബി(സ) പറഞ്ഞ വാക്കുകളും കാലാതിവര്‍ത്തിയും തെറ്റുകള്‍ക്ക്‌ അതീതവുമായിരിക്കും.

ബുദ്ധി പാശ്ചാത്യര്‍ക്ക്‌ പണയപ്പെടുത്തിയ ചില ആളുകള്‍ക്ക്‌ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ പോലും കാലഹരണപ്പെട്ടതാണെന്ന്‌ തോന്നാം. യഥാര്‍ഥത്തില്‍ അത്‌ അവരുടെ കാഴ്‌ചപ്പാടിലെ വൈകല്യം മാത്രമാണ്‌. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാലത്താണ്‌ മുഹമ്മദ്‌ നബി(സ) ``മാന്യന്മാരല്ലാതെ സ്‌ത്രീകളെ ആദരിച്ചിട്ടില്ല; നീചന്മാരല്ലാതെ സ്‌ത്രീകളെ അപമാനിച്ചിട്ടില്ല'' (ഇബ്‌നുമാജ) എന്ന്‌ പ്രഖ്യാപിച്ചത്‌. വനിതാവിമോചനം, സ്‌ത്രീശാക്തീകരണം തുടങ്ങിയ ശബ്‌ദങ്ങള്‍ ലോകം കേള്‍ക്കാന്‍ തുടങ്ങുന്നതിന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ സ്‌ത്രീയെ ആദരിക്കല്‍ മാന്യതയുടെ മാനദണ്ഡമായി നിര്‍ണയിക്കാന്‍ മുഹമ്മദ്‌ നബി(സ)യല്ലാതെ മറ്റാരെങ്കിലും പഠിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ആധുനികതയുടെ വക്താക്കളില്‍ നിന്നും അതുപോലൊരു വചനം ലോകം കേട്ടിട്ടില്ല. കുടുംബജീവിതത്തെ മാന്യതയുടെ പാരസ്‌പര്യമാക്കുക എന്ന കാലഹരണപ്പെടാത്ത ആശയമാണ്‌ ശരീഅത്ത്‌ നിയമങ്ങളുടെ സാരസര്‍വസ്വം.


by ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts