ആശ്വാസം വിലയ്‌ക്കു വാങ്ങുന്നവര്‍

ക്‌ടോബര്‍ ഒന്ന്‌ ലോകാടിസ്ഥാനത്തില്‍ വൃദ്ധദിനമായി ആചരിക്കുക്കുകയുണ്ടായി. സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധതിരിയണമെന്ന്‌ ദേശീയ സര്‍ക്കാറുകളോ അന്താരാഷ്‌ട്രവേദികളോ ഉദ്ദേശിക്കുന്ന സംഗതികള്‍ക്ക്‌ വേണ്ടിയാണ്‌ ദിനാചരണങ്ങള്‍ സംഘടിപ്പിക്കുന്നത്‌. പത്രത്തിലെ ഒരു കോളം വാര്‍ത്തയിലോ സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഏതെങ്കിലും പരിപാടികളിലോ ഇത്തരം `ആചരണദിനങ്ങള്‍' ഒതുങ്ങുന്നു.

വാര്‍ധക്യം ഒരു രോഗമല്ല. ചെറുപ്രായത്തില്‍ മരിച്ചുപോകാത്ത ഏതൊരു മനുഷ്യനും കടന്നു പോകേണ്ട, ജീവിതത്തിന്റെ ഒരു ഘട്ടമാണത്‌. വാര്‍ധക്യകാലത്ത്‌ ജീവിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക്‌ വാര്‍ധക്യ പെന്‍ഷന്‍ നല്‌കി സര്‍ക്കാറുകള്‍ സഹായിക്കാറുണ്ട്‌.
തീവണ്ടി യാത്രാനിരക്കില്‍ വൃദ്ധജനങ്ങള്‍ക്ക്‌ ഇളവുണ്ട്‌. വാഹനങ്ങളില്‍ `സീനിയര്‍ സിറ്റിസണ്‍സ്‌' റിസര്‍വേഷന്‍ സീറ്റുകള്‍ ഉണ്ട്‌. ഔപചാരികമായി ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളാണിതൊക്കെ.

ഒരു മനുഷ്യായുസ്സ്‌ ജീവിച്ച്‌ ഊര്‍ജം നഷ്‌ടപ്പെട്ട്‌ ഒരിടത്ത്‌ ഒതുങ്ങിക്കൂടുകയാണ്‌ വാര്‍ധക്യത്തിന്റെ സ്ഥിതി. ജരാനരകള്‍ ബാധിച്ച്‌, കാഴ്‌ച കുറഞ്ഞ്‌, തൊലി ചുക്കിച്ചുളിഞ്ഞ്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്ത `വൃദ്ധരെ' എങ്ങനെ `കൈകാര്യം' ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ നിലപാടും കാഴ്‌ചപ്പാടും ആവശ്യമാണ്‌. ഭൗതിക കാഴ്‌ചപ്പാടനുസരിച്ച്‌ ഉല്‌പാദനക്ഷമമല്ലാത്തവ നശിപ്പിച്ചുകളയുകയാണ്‌ വേണ്ടത്‌. വാഹനങ്ങള്‍ കാലമേറെയായാല്‍ കിട്ടാവുന്ന പാര്‍ട്‌സ്‌ എടുത്ത്‌ ബാക്കി ഇരുമ്പുവിലക്ക്‌ തൂക്കിവില്‌ക്കുന്നു. വളര്‍ത്തുമൃഗങ്ങളെ അറുത്ത്‌ ഭക്ഷിക്കുന്നു. കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നു.... എന്നാല്‍ `കാലഹരണ'പ്പെട്ട മനുഷ്യരെയോ? ഭൗതികതയ്‌ക്ക്‌ ഉത്തരം നല്‌കാന്‍ കഴിയില്ല. രാഷ്‌ട്രീയത്തിന്റെ കാഴ്‌ചപ്പാടിലും പ്രത്യേകിച്ച്‌ ഉത്തരമൊന്നുമില്ല.

മനുഷ്യത്വത്തിന്റെ വിലയറിയുന്നത്‌ ഇവിടെയാണ്‌. മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിക്കുന്ന മതങ്ങള്‍ പ്രസക്തമാവുന്നത്‌ ഈ സന്ദര്‍ഭത്തിലാണ്‌. മനുഷ്യന്‌ സ്രഷ്‌ടാവ്‌ നല്‌കിയ മതം ഈ രംഗത്തും വ്യക്തമായ ദിശാബോധം നല്‌കുന്നു. മനുഷ്യന്‍ ഇതരജന്തുക്കളില്‍ നിന്നും വ്യത്യസ്‌തമായി ജീവിതചക്രം എങ്ങനെയെന്ന്‌ ആലോചിക്കാന്‍ ബാധ്യസ്ഥനാണ്‌. മനുഷ്യബന്ധങ്ങള്‍ക്ക്‌ വിലകല്‌പിക്കുന്ന മതമൂല്യങ്ങളില്‍ നിന്ന്‌ ചിന്തിക്കുമ്പോള്‍ ഈ പ്രശ്‌നം വളരെ പ്രയാസരഹിതമായി കാണാം. വിശുദ്ധഖുര്‍ആന്‍ പറയുന്നത്‌ എത്ര ശ്രദ്ധേയമാണ്‌: ``അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്‌ടിച്ചത്‌. അവന്‍ നിങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു. പലതും അറിഞ്ഞതിനു ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം.''(16:70). പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച ഈ വ്യവസ്ഥ നാം കണ്ടുകൊണ്ടിരിക്കുന്നു.

ഏതാണീ അവശനായ മനുഷ്യന്‍? അശക്തനായി ഒന്നുമറിയാതെ ഭൂമിയില്‍ പിറന്നുവീണവന്‍ തന്നെ. ഖുര്‍ആന്‍ പറയുന്നു: ``നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌, നിങ്ങള്‍ക്ക്‌ യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങള്‍ക്ക്‌ അവന്‍ കേള്‍വിയും കാഴ്‌ചയും ഹൃദയങ്ങളും നല്‌കുകയും ചെയ്‌തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി''(16:78).

മനുഷ്യജീവിതത്തിന്റെ അനിതരമായ പരിണാമഘട്ടങ്ങള്‍ ജന്തുവര്‍ഗത്തില്‍ നിന്ന്‌ മനുഷ്യനെ വ്യതിരിക്തനാക്കുന്നു. സ്വന്തമായി ആഹാരം തേടാനും കൂടുണ്ടാക്കാനും ശത്രുക്കളില്‍ നിന്ന്‌ രക്ഷനേടാനുമുള്ള അറിവോടെയാണ്‌ ജന്തുക്കള്‍ പിറക്കുന്നത്‌. മനുഷ്യരോ? യാതൊന്നും അറിയാത്ത നിലയിലും! മനുഷ്യന്റെ സവിശേഷമായ ഒരു പ്രത്യേകത ഇനി പറയുന്നു: ``അല്ലാഹു നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക്‌ പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും വിശിഷ്‌ട വസ്‌തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‌കുകയും ചെയ്‌തിരിക്കുന്നു.''(16:72) മഹത്തരമായ മനുഷ്യബന്ധങ്ങള്‍! ഇതാണ്‌ മനുഷ്യനെ മനുഷ്യനാക്കിയത്‌.

ഒന്നുമില്ലാത്ത, ഒന്നിനും കഴിയാത്ത മനുഷ്യക്കുഞ്ഞിനെ, ശക്തനും സമൂഹത്തിന്‌ കൊള്ളാവുന്നവനും ആക്കിത്തീര്‍ക്കുന്നത്‌ അവന്റെ മാതാപിതാക്കളാണ്‌. ഒരു ജൈവപ്രക്രിയ എന്ന മൃഗഗുണത്തിനപ്പുറം മാനുഷികമായ സോദ്ദേശപരിചരണം. ഇങ്ങനെയുള്ള മാതാപിതാക്കളോട്‌ വലിയ കടപ്പാട്‌ മനുഷ്യനുണ്ട്‌. ഖുര്‍ആന്‍ പറയുന്നു: ``മനുഷ്യന്‌ തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‌കിയിരിക്കുന്നു. ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ്‌ മാതാവ്‌ അവനെ ഗര്‍ഭം ചുമന്നുനടന്നത്‌. അവന്റെ മുലകുടി നിറുത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ.''(31:14)

ഈ മനുഷ്യന്‍ വളര്‍ന്ന്‌ ശക്തനും ബോധവാനും ആയിത്തീരുമ്പോഴേക്ക്‌ മാതാപിതാക്കള്‍, വാര്‍ധക്യം ബാധിച്ച്‌ മൂലയ്‌ക്കിരിപ്പായിക്കാണും. ആ ബന്ധങ്ങള്‍ സുദൃഢമാകുന്നതിവിടെയാണ്‌. തന്റെ കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധനായ മനുഷ്യന്‍, തന്നെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളുടെ പരിചരണത്തിലും ശുശ്രൂഷയിലും ജാഗരൂകനായിരിക്കണമെന്ന്‌ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നു. ഒരു ഭാഗത്ത്‌ ഒന്നുമറിയാത്ത, ലോകം കണ്ടിട്ടില്ലാത്ത കുഞ്ഞ്‌; മറുഭാഗത്ത്‌ അറിവിന്റെ നിറവും ലോകവിജ്ഞാനവും ആര്‍ജിച്ചശേഷം ദുര്‍ബലമായി, ഓര്‍മ നശിച്ച്‌, ഒന്നുമറിയാത്ത അവസ്ഥയിലേക്ക്‌ മടങ്ങിയ മാതാപിതാക്കള്‍. സ്രഷ്‌ടാവായ ദൈവത്തോട്‌ നന്ദികാണിക്കുന്നതോടൊപ്പം മാതാപിതാക്കളെ ശുശ്രൂഷിക്കലും മനുഷ്യന്റെ ബാധ്യതയാണ്‌ എന്ന്‌ വിശദീകരിച്ച ഖുര്‍ആന്‍, ബന്ധവിശുദ്ധിയുടെ ബലിഷ്‌ഠകവചമാണ്‌ സമൂഹസൃഷ്‌ടിയുടെ അടിത്തറ എന്ന്‌ വ്യക്തമാക്കുകയാണ്‌. ഓരോ മനുഷ്യന്റെയും ആത്മസായൂജ്യവും ആധ്യാത്മിക ലോകവും കുടികൊള്ളുന്നത്‌ പോലും ഈ വിശുദ്ധബന്ധത്തിലാണ്‌ എന്ന്‌ പ്രവാചകന്‍(സ) പഠിപ്പിച്ചു.

ഹൃദയമുള്ള ഏതൊരു മനുഷ്യനെയും ആര്‍ദ്രമാക്കുന്ന തരത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം അല്ലാഹു വിശദമാക്കുന്നു: ``തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. മാതാപിതാക്കളില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ `ഛെ' എന്ന്‌ പറയുകയോ അവരോട്‌ കയര്‍ക്കുകയോ അരുത്‌. അവരോട്‌ നീ നല്ല വാക്കുപറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക്‌ നീ അവരിരുവര്‍ക്കും താഴ്‌ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവരിരുവരും എന്നെ പോറ്റി വളര്‍ത്തിയതുപോലെ ഇവരോട്‌ നീ കരുണകാണിക്കേണമേ എന്ന്‌ നീ പറയുകയും ചെയ്യുക.''(17: 23,24)

വിശുദ്ധമായ മനുഷ്യബന്ധത്തിന്റെ ഊടും പാവും വെച്ച്‌ ഇഴചേര്‍ത്തിണക്കിയതാണ്‌ നാമിവിടെ കണ്ടത്‌. `മാതാപിതാക്കളുടെ തൃപ്‌തിയിലാണ്‌ ദൈവത്തിന്റെ തൃപ്‌തി, അവരുടെ കോപത്തില്‍ ദൈവകോപവും' എന്ന്‌ നബി(സ) പറഞ്ഞതും ഇതു തന്നെ. വിശുദ്ധഖുര്‍ആന്‍ പരിപൂര്‍ണമാക്കിയ ഇക്കാര്യത്തില്‍ മറ്റു മതങ്ങളുടെയും നിലപാട്‌ വ്യത്യസ്‌തമല്ല. വൃദ്ധദിനത്തോടനുബന്ധിച്ച്‌ `വൃദ്ധപരിചരണ കേന്ദ്രങ്ങളില്‍' നിന്നുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ലജ്ജാഭാരത്താല്‍ നമ്മുടെ ശിരസ്സു കുനിയേണ്ടതാണ്‌. വൃദ്ധസദനങ്ങളിലും ഹെല്‍പ്‌ ഏജന്റ്‌ സെന്ററുകളിലും പെയിംഗ്‌ ഗസ്റ്റായി ജീവിക്കുന്ന `സീനിയര്‍ സിറ്റിസണ്‍സി'നെപ്പറ്റിയുള്ള വാര്‍ത്തകള്‍ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്‌.

ഇവരൊക്കെ ആരുടെയെങ്കിലും അച്ഛനോ അമ്മയോ ആണല്ലോ. കുറേപേരുടെ മുത്തച്ഛനും മുത്തശ്ശിയുമാണല്ലോ. എന്നിട്ടെന്തുകൊണ്ട്‌ ഇവര്‍ ജീവിക്കാന്‍ ഇത്തരം കേന്ദ്രങ്ങളിലെത്തി? ആരോരുമില്ലാത്ത, അശക്തരായ വൃദ്ധജനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ സദനങ്ങള്‍ നിര്‍മിച്ച്‌ ആശ്വാസമേകുന്നത്‌ തികച്ചും ശ്ലാഘനീയം. എന്നാല്‍ സമൃദ്ധിയുടെ നിറവിലും കുടുംബത്തിന്റെ തികവിലും ഇവര്‍ എങ്ങനെ നിരാശ്രയരായി. ആള്‍ക്കൂട്ടത്തിലും ഇവര്‍ തനിച്ചായതെങ്ങനെ? ഉപഭോഗസംസ്‌കാരത്തിന്റെയും ആധുനിക മനുഷ്യന്റെ സമ്പാദനത്വരയുടെയും ഫലമായി നെട്ടോട്ടം നടത്തുമ്പോള്‍ മാതാപിതാക്കള്‍ ഭാരമാവുകയോ? മനുഷ്യബന്ധങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്ത നരാധമര്‍ തനിക്കും വരാനുള്ള ഗതിയാണിതെന്ന്‌ ഓര്‍ക്കാതിരിക്കുകയോ? അതോ മാതാവിന്റെ വക്ഷസ്‌തടത്തില്‍ ഹൃദയശബ്‌ദം കേട്ടുറങ്ങേണ്ട കുഞ്ഞിനെ `ക്രഷില്‍' ചേര്‍ത്ത്‌ ഫീസുംകൊടുത്ത്‌ പണമുണ്ടാക്കാന്‍ പോയ സംസ്‌കൃതിക്ക്‌ കിട്ടിയ തിരിച്ചടിയോ?

നമ്മുടെ മാതാവും പിതാവും ഒരിക്കലും ഒരു വൃദ്ധസദനത്തില്‍ വാര്‍ധക്യം കഴിച്ചുകൂട്ടിക്കൂടാ. അത്തുംപത്തും ആയ വൃദ്ധ മാതാപിതാക്കള്‍ പലതും പറഞ്ഞേക്കാം. നമ്മള്‍ ഒന്നുമറിയാത്ത കാലത്ത്‌ അവരുടെ മുഖത്ത്‌ തുപ്പിക്കാണും! മടിയില്‍ കാഷ്‌ടിച്ചുകാണും! ഇല്ലേ? വയസ്സായ ഉമ്മാക്ക്‌, ഉപ്പാക്ക്‌ മക്കളോ പേരമക്കളോ നല്‌കുന്ന ഒരു തുടം കഞ്ഞിവെള്ളം, ഹോംനഴ്‌സ്‌ വര്‍ഷങ്ങളോളം കൊടുക്കുന്ന അമൃതിനെക്കാള്‍ (അങ്ങനെ ഒന്നുണ്ടെങ്കില്‍) ആയിരം മടങ്ങ്‌ വിലപ്പെട്ടതാണ്‌. മക്കളുടെ ഒരു സ്‌പര്‍ശം ആയിരം സൂപ്പര്‍സ്‌പെഷ്യാലിറ്റിയെക്കാള്‍ അമൂല്യമാണ്‌. ഇതിലൂടെ ലഭിക്കുന്ന ആത്മനിര്‍വൃതി ഭൂമിയില്‍ വിലകൊടുത്തുവാങ്ങാന്‍ കഴിയില്ല. ഉമ്മയുടെ മുലപ്പാലിലൂടെ കുഞ്ഞ്‌ ആര്‍ജിച്ചത്‌ കരുത്തും ആരോഗ്യവും മാത്രമല്ല, വ്യക്തിത്വവും ആത്മഹര്‍ഷവും നിര്‍ഭയത്വവും ജീവിതവും കൂടിയായിരുന്നു. ഇതാണ്‌ നാം തിരിച്ചുകൊടുക്കേണ്ടത്‌.


by Abdul Jabbar @ shabab

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts