പ്രവാചക തിരുശേഷിപ്പുകളും ബര്‍കത്തെടുക്കലും

നിരവധി ആള്‍ദൈവങ്ങളും വ്യാജസിദ്ധന്മാരും കള്ളപുരോഹിതന്മാരും വിലസുന്ന ഈ നാട്ടില്‍ പുതിയൊരു മുടി ദൈവത്തെക്കൂടി പ്രതിഷ്‌ഠിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കാന്തപുരവും കൂട്ടരും. എന്നാല്‍ ഇ കെ സുന്നികളടക്കം പലരും വാദിക്കുന്നത്‌, കാന്തപുരത്തിന്റെ കൈവശമുള്ളത്‌ നബി(സ)യുടെ മുടിയല്ല, ആണെന്ന്‌ വാദമുണ്ടെങ്കില്‍ സ്വഹീഹായ പരമ്പരകള്‍ കൊണ്ട്‌ തെളിയിക്കണം എന്നാണ്‌. അത്‌ തെളിഞ്ഞാല്‍ ഇന്ന്‌ മുടിയുടെ പേരില്‍ കാന്തപുരം കാണിക്കുന്ന അനാചാരങ്ങള്‍ സാധുവാകും. ഇതേ വാദം തന്നെയാണ്‌ ഈ അടുത്ത കാലത്ത്‌ രംഗപ്രവേശം ചെയ്യുകയും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ കടുത്ത ഖുറാഫാത്തുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന നവയാഥാസ്ഥിതികരുടേതും.

അവരുടെ ഈയിടെയിറങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇത്‌ വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌ കാന്തപുരം കൈവശം വെച്ചുകൊണ്ടിരിക്കുന്ന അര മീറ്ററില്‍ അധികം നീളമുള്ള ചെമ്പിച്ച മുടി നബിയുടേത്‌ തന്നെയാണോ മറ്റാരുടെതോ എന്നല്ല. മറിച്ച്‌, പ്രസ്‌തുത മുടി നബി(സ)യുടേത്‌ ആണെങ്കില്‍ പോലും അതുകൊണ്ട്‌ ബര്‍കത്തെടുക്കാം എന്ന്‌ ഖുര്‍ആനിലോ സ്വഹീഹായ ഹദീസുകളിലോ വന്നിട്ടുണ്ടോ എന്നതാണ്‌.

എന്താണ്‌ ബര്‍കത്തെടുക്കല്‍? മലയാള ഭാഷയില്‍ അതിന്റെ അര്‍ഥം `അനുഗ്രഹം തേടല്‍' എന്നാണ്‌. അഥവാ `ഒരു വ്യക്തിയില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ അദൃശ്യമായ നിലയില്‍ ഉപകാരം കരസ്ഥമാക്കുക' എന്നതാണ്‌ ബര്‍കത്തെടുക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. നബി(സ)യുടെ തിരുശേഷിപ്പുകളായ മലം, മൂത്രം, നഖം, വിയര്‍പ്പ്‌, മുടി, വസ്‌ത്രം തുടങ്ങിയ നബി(സ) കഴുകിക്കളയുകയോ ഒഴിവാക്കുകയോ ചെയ്‌തിട്ടുള്ള വസ്‌തുക്കള്‍ക്ക്‌ മറ്റുള്ളവര്‍ക്ക്‌ ബര്‍കത്ത്‌ (അനുഗ്രഹം) നല്‍കുകയെന്നത്‌ സാധാരണ നിലയില്‍ സാധ്യമല്ല. മറിച്ച്‌, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത്‌ ഒരു വസ്‌തുതയാണ്‌.

അദൃശ്യമായ നിലയില്‍ ബര്‍കത്ത്‌ നല്‍കുന്നവന്‍ അല്ലാഹുവാണ്‌. `നബി(സ)ക്കു പോലും സ്വന്തം ശരീരത്തിന്‌ ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ സാധ്യമല്ല' എന്നാണ്‌ സൂറത്ത്‌ അഅ്‌റാഫ്‌ 188-ാം വചനത്തിലും സൂറതുല്‍ ജിന്ന്‌ 21-ാം വചനത്തിലും ജനങ്ങളോട്‌ പറയാന്‍ അല്ലാഹു നബി(സ)യോട്‌ കല്‌പിക്കുന്നത്‌. പിന്നെയെങ്ങനെയാണ്‌ അവിടുത്തെ നിര്‍ജീവങ്ങളായ ശേഷിപ്പുകള്‍ക്ക്‌ ബര്‍കത്ത്‌ നല്‍കാന്‍ സാധിക്കുക?!

നബി(സ)യുടെ തിരുശേഷിപ്പുകള്‍ കൊണ്ട്‌ ബര്‍കത്തെടുക്കാം എന്ന്‌ സ്ഥാപിക്കാറുള്ളത്‌ അവിടുത്തെ മുഅ്‌ജിസാതുകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌. യഥാര്‍ഥത്തില്‍ മുഅ്‌ജിസാത്തുകള്‍ എന്നത്‌ പ്രവാചകന്മാരുടെ കഴിവില്‍പെട്ടതോ അവര്‍ ഉദ്ദേശിക്കുമ്പോള്‍ നടപ്പില്‍ വരുത്താവുന്ന കാര്യങ്ങളോ അല്ല. മറിച്ച്‌, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ പ്രവാചകന്മാര്‍ക്ക്‌ അത്‌ വെളിപ്പെടുത്താന്‍ സാധിക്കൂ. ഇത്‌ വിശുദ്ധ ഖുര്‍ആനില്‍ പരന്നു കിടക്കുന്ന വസ്‌തുതയാണ്‌. ഉദാഹരണം: ബദ്‌ര്‍യുദ്ധ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍(അ) നബി(സ)യുടെ അടുക്കല്‍ വന്ന്‌ ഇപ്രകാരം കല്‌പിക്കുന്നു: `ഒരുപിടി മണ്ണെടുത്ത്‌ മുശ്‌രിക്കുകളായ ശത്രുക്കളിലേക്ക്‌ എറിയുക' നബി(സ) അപ്രകാരം എറിയുകയും യുദ്ധരംഗത്തുള്ള മുഴുവന്‍ ശത്രുക്കള്‍ക്കും കണ്ണ്‌ കാണാത്ത അവസ്ഥയുണ്ടാകുകയും പലവഴിക്കും ഓടുകയും ചെയ്‌തു. എന്നാല്‍ ഈ ഏറിനെപ്പറ്റി അല്ലാഹു പറഞ്ഞത്‌ ഇപ്രകാരമാണ്‌: ``നീ എറിഞ്ഞ സമയത്ത്‌ നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ്‌ എറിഞ്ഞത്‌' (അന്‍ഫാല്‍ 17).

അഥവാ നബി(സ)യുടെ കഴിവുകൊണ്ടോ കയ്യിന്റെ ശക്തികൊണ്ടോ അല്ല എറിയാന്‍ കഴിഞ്ഞത്‌. മറിച്ച്‌, അല്ലാഹുവിന്റെ കഴിവുകൊണ്ടാണ്‌ എന്ന്‌ ബോധ്യപ്പെടുത്തുകയാണ്‌. ഇക്കാര്യം അല്ലാഹു മുഅ്‌ജിസാത്തുകള്‍ നല്‍കി അനുഗ്രഹിച്ച മുഴുവന്‍ പ്രവാചകന്മാരെക്കൊണ്ടും അവന്‍ പറയിപ്പിച്ചിട്ടുമുണ്ട്‌. സൂറത്ത്‌ ഇബ്‌റാഹീമിലെ പ്രവാചകന്മാരുടെ പ്രസ്‌താവന അപ്രകാരമാണ്‌: ``അല്ലാഹുവിന്റെ സമ്മതം കൂടാതെ നിങ്ങള്‍ക്ക്‌ യാതൊരുവിധ ദൃഷ്‌ടാന്തവും കൊണ്ട്‌ വന്നുതരാന്‍ ഞങ്ങളാല്‍ സാധ്യമല്ല'' (ഇബ്‌റാഹീം 11). അപ്പോള്‍ പ്രവാചകന്റെ തിരുശേഷിപ്പുകള്‍ക്ക്‌ ബര്‍കത്തുണ്ട്‌ എന്ന്‌ സ്ഥാപിക്കാന്‍ മുഅ്‌ജിസാത്തുകളെ ദുരുപയോഗം ചെയ്യല്‍ വിവരക്കേടും മുഅ്‌ജിസാതുകളെ നിസ്സാരപ്പെടുത്തലുമാണ്‌.

നബി(സ)യുടെ സ്ഥാനവും വ്യക്തിത്വവും നിലകൊള്ളുന്നത്‌ അവിടുത്തെ തിരുശേഷിപ്പുകളായ മലം, മൂത്രം, വിയര്‍പ്പ്‌, വസ്‌ത്രം, മുടി, നഖം എന്നിവയിലൊന്നുമല്ല. മറിച്ച്‌, നുബുവ്വത്തിലും രിസാലത്തിലുമാണ്‌. പ്രവാചകന്റെ പ്രത്യേകതകള്‍ ആത്മീയങ്ങളാണ്‌. മുഅ്‌ജിസത്ത്‌, വഹ്‌യ്‌, ഇസ്വ്‌മത്ത്‌, നുബുവ്വത്ത്‌, വേദഗ്രന്ഥം എന്നിവകളൊക്കെയാണത്‌. നബി(സ) സമുദായത്തിനു വേണ്ടി ഉപേക്ഷിച്ചുപോയത്‌ മലവും മൂത്രവും മുടിയും വിയര്‍പ്പുമല്ല. മറിച്ച്‌, ഖുര്‍ആനും സുന്നത്തുമാണ്‌. അവകള്‍ മുറുകെ പിടിക്കാനാണ്‌ നമ്മോടുള്ള കല്‍പന: ``രണ്ട്‌ കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ശേഷിപ്പായി വെച്ചിരിക്കുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴച്ചുപോകുന്നതല്ല. അല്ലാഹുവിന്റെ കിതാബും അവന്റെ ദൂതന്റെ ചര്യയുമാണവ.'' (മാലിക്‌)

നബി(സ)യുടെ ഭൗതികാവസ്ഥ നമ്മെ പോലെതന്നെയാണ്‌. അവിടുത്തെ ഭൗതികമായ ശരീരത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നതോ, കഴുകിക്കളയുന്നതോ ആയിട്ടുള്ള വസ്‌തുക്കള്‍ക്ക്‌ ബര്‍ക്കത്തുണ്ട്‌ എന്ന്‌ ജല്‍പിക്കുന്നവര്‍ താഴെ വരുന്ന വചനത്തിന്‌ എന്ത്‌ സ്ഥാനമാണ്‌ കൊടുക്കുക. അല്ലാഹു നബി(സ)യോട്‌ പറയാന്‍ കല്‌പിക്കുന്നത്‌ ഇപ്രകാരമാണ്‌: ``നബിയേ പറയുക. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു'' (അല്‍കഹ്‌ഫ്‌ 110). മേല്‍വചനത്തെ ഇമാം റാസി വിശദീകരിക്കുന്നത്‌ ശ്രദ്ധിക്കുക: ``അല്ലാഹു എനിക്ക്‌ അവനല്ലാതെ ആരാധ്യനില്ല എന്ന ബോധനം നല്‍കി എന്നതൊഴിച്ചാല്‍ യാതൊരുവിധ വിശേഷണ ഗുണങ്ങളിലും എന്റെയും നിങ്ങളുടെയും ഇടയില്‍ യാതൊരു വ്യത്യാസവുമില്ല.'' (തഫ്‌സീറുല്‍കബീര്‍ 11/159).

മാത്രമല്ല, ഞാനൊരു മനുഷ്യന്‍ മാത്രമാണ്‌, ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌ എന്ന നിലയിലും ധാരാളം സ്വഹീഹായ നബിവചനങ്ങള്‍ വന്നിട്ടുണ്ട്‌. ഇനി നബി(സ) തന്റെ വിയര്‍പ്പെടുക്കാന്‍ അനുവദിച്ചതും മുടിവിതരണം പറഞ്ഞതും അവകള്‍ ബര്‍കത്ത്‌ നല്‍കും എന്ന നിലയിലല്ല. അപ്രകാരം എന്റെ മുടിക്കും വിയര്‍പ്പിനും ബര്‍ക്കത്തുണ്ടെന്ന്‌ അവിടുന്ന്‌ പറഞ്ഞിട്ടുമില്ല. മറിച്ച്‌, പ്രവാചകസ്‌നേഹവും, ചില വസ്‌തുക്കള്‍ നജസല്ല എന്ന്‌ പഠിപ്പിക്കാനുമാണ്‌ നബി(സ) അപ്രകാരം അനുവദിച്ചതും കല്‌പിച്ചതും. അതും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ്‌.

ഈ വിഷയത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള പല റിപ്പോര്‍ട്ടുകളും നിര്‍മ്മിതമോ ദുര്‍ബലമോ ആയിട്ടുള്ളതാണ്‌. നബി(സ)യുടെ തിരുശേഷിപ്പുകള്‍ കൊണ്ട്‌ ബര്‍കത്തെടുക്കാം എന്ന്‌ പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്‌ എന്നാണ്‌ വാദമെങ്കില്‍ അത്തരം വാദങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണ്‌. കാരണം ഖുര്‍ആനിനും സുന്നത്തിനും എതിരില്‍ വിവിധ കാലഘട്ടങ്ങളില്‍ പല പണ്ഡിതന്മാരും പലതും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌. അതൊന്നും നാം അംഗീകരിക്കാറില്ലല്ലോ. ഉദാഹരണത്തിന്‌ ഫത്‌ഹുല്‍മുഈന്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം: ``അഹ്‌മദുബ്‌നു ഹന്‍ബലിന്റെ അഭിപ്രായപ്രകാരം മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രം മറച്ചു നമസ്‌കരിച്ചാല്‍ നമസ്‌കാരം സ്വഹീഹാകും. ഔറത്ത്‌ എന്ന്‌ പറയുന്നത്‌ മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രമാണ്‌.'' (ഫത്‌ഹുല്‍ മുഈന്‍, പേ 343). മേല്‍ രേഖപ്പെടുത്തിയത്‌ നാം അംഗീകരിക്കാത്തത്‌ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായതുകൊണ്ടാണ്‌.

അതുപോലെ കോടിക്കണക്കില്‍ വരുമാനം ലഭിക്കുന്ന റബ്ബര്‍ പോലുള്ള പല നാണ്യവിളകള്‍ക്കും ഹനഫീ മദ്‌ഹബ്‌ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ്‌ മൂന്ന്‌ മദ്‌ഹബുകളിലും സകാത്തില്ല (ഫിഖ്‌ഹുസ്സുന്ന). ഖുര്‍ആനില്‍ ആദായത്തിനു വേണ്ടി ഉല്‍പാദിപ്പിക്കപ്പെടുന്ന എല്ലാ വസ്‌തുക്കള്‍ക്കും സകാത്ത്‌ നിര്‍ബന്ധമാണ്‌. (അല്‍ബഖറ 267, അന്‍ആം 141) ഇതുപോലെ നിരവധി പണ്ഡിതാഭിപ്രായങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി വന്നിട്ടുണ്ട്‌. ഒരഭിപ്രായം ഖുര്‍ആനിനും സമുന്നത്തിനും എതിരാണെങ്കില്‍ അത്‌ നബി(സ)യുടെ, സ്വഹാബിയുടെ അഭിപ്രായമായിരുന്നാല്‍ പോലും ശരി അത്‌ സ്വീകാര്യമല്ലെന്ന്‌ ശറഹുമുസ്‌ലിം 155ലും, അല്‍മുസ്‌ത്വസ്വ്‌ഫാ 1262ലും ജംഉല്‍ ജവാമിഅ്‌ 2/370ലും കാണാം. മേല്‍പറഞ്ഞ മൂന്ന്‌ ഗ്രന്ഥങ്ങളും ശാഫിഈ മദ്‌ഹബ്‌ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ളവയാണ്‌.

നാല്‌ ഖലീഫമാരുള്‍പ്പെടെ പ്രമുഖരായ സ്വഹാബികളാരും തന്നെ നബി(സ)യുടെ മുടി, വിയര്‍പ്പ്‌ എന്നിവകള്‍ കൊണ്ട്‌ ബര്‍കത്തെടുത്തതായി രേഖയില്ല. നബി(സ) ബര്‍കത്തെടുക്കാന്‍ കല്‍പിച്ചതായും രേഖയില്ല. പിന്നെ എന്തിനാണ്‌ നബി(സ) ഹജ്ജതുല്‍ വിദാഇല്‍ തന്റെ മുടി വിതരണം ചെയ്യാന്‍ അബൂത്വല്‍ഹത്‌(റ)വിനോട്‌ കല്‍പിച്ചത്‌. മേല്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ``മനുഷ്യന്റെ മുടി ശുദ്ധമാണ്‌ എന്നതാണ്‌ ഈ ഹദീസില്‍ നിന്നും ലഭിക്കുന്നത്‌. അല്ലാ എന്നുണ്ടെങ്കില്‍ അവരത്‌ സൂക്ഷിച്ചുവെക്കുമായിരുന്നില്ല'' (ഫത്‌ഹുല്‍ബാരി 1/510). അദ്ദേഹം വീണ്ടും രേഖപ്പെടുത്തുന്നു: ``ഈ ഹദീസില്‍ മനുഷ്യന്റെ മുടി ശുദ്ധമാണ്‌ എന്ന്‌ തെളിവുണ്ട്‌. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അപ്രകാരം പ്രസ്‌താവിച്ചിരിക്കുന്നു. നാം അംഗീകരിച്ചിട്ടുള്ളതും അപ്രകാരം തന്നെ'' (ഫത്‌ഹുല്‍ബാരി 1/511).

നബി(സ) തന്റെ മുടി വിതരണം ചെയ്യാന്‍ കല്‌പിച്ചതിന്റെ മറ്റൊരു കാരണവുംകൂടി അദ്ദേഹം രേഖപ്പെടുത്തുന്നു: ``ഏതൊരു നേതാവിനെയാണ്‌ ജനങ്ങള്‍ ഇപ്രകാരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന്‌ ശത്രുക്കള്‍ക്ക്‌ തോന്നാന്‍ വേണ്ടിയാണ്‌ നബി(സ) തന്റെ മുടി വിതരണം ചെയ്യാന്‍ കല്‌പിച്ചത്‌. (ഫത്‌ഹുല്‍ബാരി 7/231). ചുരുക്കത്തില്‍ നബി(സ) തന്റെ മുടി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത്‌ മനുഷ്യമുടി നജസല്ല, ശുദ്ധമാണ്‌ എന്ന്‌ സ്വഹാബത്തിനെ പഠിപ്പിക്കാനും നബി(സ)യോടുള്ള മതിപ്പും സ്‌നേഹവും വര്‍ധിപ്പിക്കാനുമായിരുന്നു. നബി(സ)യെ സ്‌നേഹിച്ചാല്‍ ബര്‍ക്കത്ത്‌ ലഭിക്കുന്നത്‌ പരലോകത്ത്‌ വെച്ചാണെന്ന്‌ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

by പി കെ മൊയ്‌തീന്‍ സുല്ലമി @ ശബാബ്

സന്താന നിയന്ത്രണവും പ്രപഞ്ചത്തിന്റെ സന്തുലനവും

അത്യത്ഭുതകരമാണ്‌ പ്രപഞ്ചത്തിന്റെ ഘടനയും സംവിധാനങ്ങളും. അന്യൂനമായ സൃഷ്‌ടിപ്പ്‌. ഏറ്റക്കുറച്ചിലുകളോ താളഭംഗമോ ഇല്ല. കണിശവും വ്യവസ്ഥാപിതവുമായ ക്രമീകരണം. സൃഷ്‌ടികളെ വിന്യസിക്കുന്നതിലും സൃഷ്‌ടിക്കുന്നതിലും മാത്രമല്ല, അവയുടെ ധര്‍മനിര്‍വഹണ രീതികള്‍, ജൈവികപ്രവര്‍ത്തനങ്ങള്‍, പരസ്‌പരാശ്രിതത്വം തുടങ്ങി ഉപജീവനം വരെയുള്ള ക്രമീകരണങ്ങള്‍ അദ്വിദീയമാണ്‌.

ദൈവനിഷേധികളും ധിക്കാരികളുമല്ലാതെ ഒരാളുംപ്രപഞ്ചത്തിലെ ഈ അന്യൂന സംവിധാനങ്ങളില്‍ വിസ്‌മയിക്കാതിരിക്കില്ല.

``പരമകാരുണികന്റെ സൃഷ്‌ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നില്‍ നീ ദൃഷ്‌ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?''(വി.ഖു 67:3). ``എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു'' (27:88). ``അങ്ങനെ നാം എല്ലാം നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍'' (77:23). ``അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക. സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌ത (രക്ഷിതാവിന്റെ) വ്യവസ്ഥ നിര്‍ണയിച്ച്‌ മാര്‍ഗദര്‍ശനം നല്‍കിയവനുമായ (രക്ഷിതാവ്‌.'' (വി.ഖു 87:1-3)

അന്യൂനമായ പ്രാപഞ്ചിക ക്രമീകരണത്തിന്റെ ഭാഗമാണ്‌ ഭൂമിയിലെ സന്തുലിതാവസ്ഥ. വ്യത്യസ്‌തമായ സന്തുലന സംവിധാനങ്ങള്‍ സ്രഷ്‌ടാവ്‌ തയ്യാറാക്കിയിട്ടുണ്ട്‌. മനുഷ്യരുടെ മാത്രമല്ല, എല്ലാ ജൈവവസ്‌തുക്കളുടെയും സുരക്ഷിതത്വത്തിനും സുഗമമായ വളര്‍ച്ചയ്‌ക്കും ഉപോല്‍പലകമാകുന്ന ക്രമീകരണങ്ങള്‍. ജീവികളുടെ വലുപ്പവ്യത്യാസങ്ങള്‍, ശക്തി വ്യത്യാസങ്ങള്‍ എന്നിവ മറ്റു ജീവികളുടെ ജീവന്‌ ഭീഷണിയല്ല. വലിയ മൃഗത്തിന്റെ ഭക്ഷണം ഇര തേടിപ്പിടിക്കുന്ന ചെറിയ ജീവികളാവാം എന്നിരിക്കിലും അത്തരം ജീവികള്‍ അതുവഴി വംശനാശത്തിന്‌ കാരണമായിട്ടില്ല. മനുഷ്യനൊഴികെ മറ്റു പല ജീവികളുടെയും ഭക്ഷണം ഇര തേടിപ്പിടിക്കുന്ന ചെറുജീവികളാണ്‌. ഇത്‌ പക്ഷേ പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ ഭാഗമാണ്‌. പ്രപഞ്ചത്തിന്റെ നിയതമായ താളത്തിനോ വളര്‍ച്ചയ്‌ക്കോ ഇവ തടസ്സമല്ലെന്ന്‌ മാത്രമല്ല, സന്തുലിതാവസ്ഥക്ക്‌ അനിവാര്യവുമാണ്‌.

സസ്യങ്ങള്‍, മാംസം എന്നിവ മനുഷ്യന്റെ മുഖ്യ ഭക്ഷണങ്ങളാണ്‌. അഹിതവും അഹിതവുമായ വിഭവചൂഷണം മനുഷ്യന്‌ ഏറെ ഭീഷണിയും ഭീതിയും പ്രദാനം ചെയ്‌തിട്ടുണ്ട്‌. സ്രഷ്‌ടാവ്‌ ഏര്‍പ്പെടുത്തിയ `സന്തുലിതാവസ്ഥയില്‍', `വികസനം'(?) ലക്ഷ്യംവെച്ച്‌ മനുഷ്യന്‍ ചെയ്‌ത കടന്നാക്രമണമാണ്‌ ഇതിന്‌ പ്രധാന കാരണം. ഭൂമിയിലെ ഒരു ജീവിയുടെ ജനനവും മറ്റൊരു ജീവിക്ക്‌ ഭീഷണിയല്ല. പ്രത്യുല്‍പാദനത്തില്‍ പോലും സന്തുലിതാവസ്ഥ ദൈവം ക്രമീകരിച്ചിട്ടുണ്ട്‌. `പന്നിപ്പേറും ആനപ്പേറും' തമ്മിലെ വ്യത്യാസം നോക്കൂ. വലിയ സമയവ്യത്യാസങ്ങള്‍ അവയുടെ പ്രത്യുല്‍പാദനത്തില്‍ ഉണ്ട്‌. ഒരു ശതാബ്‌ദത്തില്‍ ഒരിക്കല്‍പോലും ആന പ്രസവിക്കണമെന്നില്ല. (12 വര്‍ഷത്തില്‍ ഒരു തവണ -ശരാശരി കണക്ക്‌). ഉഗ്രവിഷമുള്ള പാമ്പുകളുടെ കാര്യവും തഥൈവ. ചില ജീവികളുടെ കുഞ്ഞുങ്ങള്‍ അപൂര്‍വമായി മാത്രമേ അതിജീവനശേഷി നേടുകയുള്ളൂ. ഗര്‍ഭകാലദൈര്‍ഘ്യം വര്‍ധിപ്പിച്ചും രണ്ട്‌ പ്രസവങ്ങള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചും സ്രഷ്‌ടാവ്‌ പ്രപഞ്ചത്തില്‍ സന്തുലിതാവസ്ഥ ക്രമീകരിച്ചിട്ടുണ്ട്‌.

ശാക്തിക സന്തുലിതാവസ്ഥ പ്രപഞ്ചത്തില്‍ ദൃശ്യമാണ്‌. ചെറുജീവികള്‍ക്ക്‌ ശക്തികൊണ്ടല്ല, മറ്റേതെങ്കിലും സവിശേഷ ഉപായങ്ങള്‍ കൊണ്ടാണ്‌ സംരക്ഷണം നല്‍കുന്നത്‌. മാനവ ചരിത്രത്തില്‍ പോലും ശാക്തിക സന്തുലിതാവസ്ഥയുണ്ട്‌. പ്രപഞ്ചത്തില്‍ ഈ സന്തുലിതാവസ്ഥ നിലനില്‍ക്കാതെ വരുന്നത്‌ സംസ്‌കാരങ്ങളുടെയും അനുബന്ധ ആരാധനാകേന്ദ്രങ്ങളുടെയും നാശത്തിന്‌ കളമൊരുക്കുമെന്ന്‌ ചരിത്രത്തെ സാക്ഷി നിര്‍ത്തി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്‌. (22:40, 2:251)

``മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസി മഠങ്ങളും ക്രിസ്‌തീയ ദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.'' ഭൂമിയിലെ ജൈവസമ്പത്ത്‌ അത്യന്തം ബൃഹത്തായതാണ്‌. അസംഖ്യം ജീവജാതികള്‍, അതിലേറെ അവയുടെ എണ്ണവും. കണ്ടെത്തിയതും കണ്ടെത്താത്തതും എത്രയെത്രെ! നശിച്ച്‌ മണ്ണായി മാറിയതും ജീവിക്കുന്നവയും ജീവിക്കാനുള്ളവയും ഈ കൊച്ചുഗോളത്തില്‍ തന്നെ; മുക്കാല്‍ ഭാഗത്തിലധികം വെള്ളമുള്ള ഈ ജലഗോളത്തില്‍. അവയുടെ എല്ലാ നിയോഗങ്ങളും പ്രവര്‍ത്തനവും വിഹാരവും ഇവിടെതന്നെ. അതിനെല്ലാം പാകപ്പെടുത്തിയതാണ്‌ ഭൂമി. ഭൂമിയുടെ അടിസ്ഥാന ഭാഗങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കേടുവരുത്താത്തിടത്തോളം കാലം പ്രപഞ്ചം ഈ ധര്‍മം നിര്‍വഹിക്കുക തന്നെ ചെയ്യും.

ജീവിച്ചവരെയും മരിച്ചവരെയും ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ്‌ ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ചിട്ടുള്ളതെന്ന്‌ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഭൂമിയുടെ ഈ ദൗത്യനിര്‍വഹണത്തിന്‌ ജീവികളുടെ എണ്ണത്തിലോ ഇനങ്ങളിലോ നിയന്ത്രണമേല്‍പ്പെടുത്തിയിട്ടില്ല. ഒരു ധര്‍മദര്‍ശനത്തിലും ഏതെങ്കിലും ഒരു ജീവിവര്‍ഗത്തിന്റെ എണ്ണം ഇത്രയേ പാടുള്ളൂവെന്ന നിര്‍ദേശം നമുക്ക്‌ കാണാന്‍ സാധ്യമല്ല. മനുഷ്യന്‍ അവന്റെ ചൂഷണ മനസ്ഥിതികൊണ്ട്‌ സ്വയമേവ പ്രഖ്യാപിച്ചതല്ലാതെ. മനുഷ്യരെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഈ പ്രപഞ്ചത്തിന്‌ സാധ്യമാവില്ലെന്ന വിഡ്‌ഢിത്വത്തെ ചോദ്യം ചെയ്യുന്നു, ഖുര്‍ആന്‍. ``ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ? മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും. അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ നാം വെക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്ക്‌ നാം സ്വഛജലം കുടിക്കാന്‍ തരികയും ചെയ്‌തിരിക്കുന്നു. അന്നേ ദിവസം നിഷേധിച്ച്‌ തള്ളിയവര്‍ക്കാകുന്നു നാശം.'' (വി.ഖു 77:25-27)

ഭക്ഷണം സ്രഷ്‌ടാവിന്റെ ബാധ്യത

പ്രപഞ്ചത്തില്‍ പിറവിയെടുക്കുന്ന ഏതൊരു ജീവിക്കും രണ്ട്‌ കാര്യങ്ങള്‍ തന്റെ ബാധ്യതയായി സ്രഷ്‌ടാവ്‌ ഏറ്റിരിക്കുന്നു. ഒന്ന്‌, ജീവന്‍ നശിക്കുന്നതു വരെയുള്ള അവയുടെ പ്രവര്‍ത്തനം. മതവ്യത്യാസമില്ലാതെ മനുഷ്യര്‍ക്ക്‌ അവരവരുടെ ശാരീരിക ധര്‍മങ്ങള്‍ വ്യവസ്ഥാപിതമായി നിര്‍വഹിക്കാന്‍ സാധിക്കുന്നത്‌ അതുകൊണ്ടാണ്‌. ദഹനവ്യവസ്ഥ, പ്രത്യുല്‌പാദന വ്യവസ്ഥ പേശീ-നാഡീ സംവിധാനങ്ങള്‍ തുടങ്ങി അത്യത്ഭുതകരമായ ശരീരത്തിലെ സംവിധാനങ്ങള്‍ ക്രമതടസ്സം കൂടാതെ നിര്‍വഹിച്ചുതരികയെന്നത്‌ സ്രഷ്‌ടാവ്‌ സ്വയം ഏറ്റെടുത്ത ബാധ്യതയും നമുക്ക്‌ നല്‍കുന്ന അനുഗ്രഹവുമാണ്‌. നമ്മുടെ നിര്‍വഹണത്തില്‍ സംഭവിക്കുന്ന അപാകതകള്‍ വഴിയല്ലാതെ അവയ്‌ക്ക്‌ ഒരു തടസ്സവും സംഭവിക്കുകയില്ല തന്നെ.

രണ്ട്‌, ജീവിക്കാനാവശ്യമായ ഉപജീവനോപാധികള്‍. സ്രഷ്‌ടാവിന്റെ നാമവിശേഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ റബ്ബ്‌ (ഘട്ടംഘട്ടമായി വളര്‍ത്തിയെടുക്കുന്നവന്‍), റാസിഖ്‌ (ഉപജീവനം നല്‍കുന്നവന്‍), ഖബീര്‍, ബസ്വീര്‍ (ജാഗ്രതയോടെ നിരീക്ഷിക്കുകയും സൂക്ഷ്‌മമായി അറിയുകയും ചെയ്യുന്നവന്‍) തുടങ്ങിയവ.

ഖുര്‍ആന്‍ പറയുന്നു: ``ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പു സ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്‌പഷ്‌ടമായ ഒരു രേഖയില്‍ ഉണ്ട്‌.''(11:6) ``സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്‌. അല്ലാഹുവാണ്‌ അവയ്‌ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവനാണ്‌ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.'' (29:60)

ഈ ഉപജീവനം എല്ലാ ജീവികള്‍ക്കും ഒരേ തരത്തിലോ സ്വഭാവത്തിലോ അല്ല നല്‍കിയിരിക്കുന്നത്‌. ജീവികളുടെ കഴിവുകള്‍, രീതികള്‍ വ്യത്യസ്‌തമാണല്ലോ. എല്ലാവര്‍ക്കും ഒരേപോലെ എല്ലാം നല്‍കുകയെന്നതല്ല നീതി. ആവശ്യമുള്ളത്‌ ആവശ്യമായ സമയത്തും അളവിലും നല്‍കുകയാണ്‌. അതത്രെ സന്തുലിതമായ സംവിധാനവും. സന്താനങ്ങളുടെ ഏറ്റക്കുറച്ചില്‍ ഈ സന്തുലിതാവസ്ഥയെ തകര്‍ക്കുകയില്ല. ഉപഭോഗത്തിന്റെ ധാരാളിത്വം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. ചരിത്രം അതിന്‌ സാക്ഷിയാണ്‌. ദാരിദ്ര്യമല്ല ഐശ്വര്യവും സമ്പല്‍സമൃദ്ധിയുമാണ്‌ മാനവചരിത്രത്തില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടുള്ളത്‌. സ്വജനപക്ഷപാതിത്വവും അഴിമതിയും കൊള്ളയും ദാരിദ്ര്യത്തിന്റെ സൃഷ്‌ടിയല്ല; സമൃദ്ധിയുടേതാണ്‌.

``അല്ലാഹു തന്റെ ദാസന്മാര്‍ക്ക്‌ ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ അവന്‍ ഒരു കണക്കനുസരിച്ച്‌ താന്‍ ഉദ്ദേശിക്കുന്നത്‌ ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനും കണ്ടറിയുന്നവനും ആകുന്നു'' (42:27). ``അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്കുവെച്ചുകൊടുക്കുന്നത്‌? നാമാണ്‌ ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ച്‌ കൊടുക്കുന്നത്‌.''(43:32)

പ്രഥമ വീക്ഷണത്തില്‍ ഉപജീവനത്തിലെ വ്യത്യസ്‌തതകളുടെ ലക്ഷ്യം കണ്ടെത്താനാവില്ല. എന്നാല്‍ സ്ഥിതി സമത്വവും സാമൂഹിക സുരക്ഷിതത്വവും പരസ്‌പരാശ്രിതത്വവും പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയും ഈ വ്യത്യസ്‌തതയിലും വൈവിധ്യങ്ങളിലുമാണ്‌ കുടികൊള്ളുന്നത്‌. ആഹാരവസ്‌തുക്കളുടെ ഉപയോഗക്രമത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അമിതാഹാരവും അഹിതാഹാരവും നിഷിദ്ധമാക്കുകയും ചെയ്‌തിട്ടുള്ള സ്രഷ്‌ടാവ്‌, പക്ഷേ ഭക്ഷ്യ വിഭവങ്ങളുടെ പേരിലുള്ള ആശങ്ക ആവശ്യമില്ലെന്ന്‌ ഖണ്ഡിതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ആദ്യാഹാരമായ മുലപ്പാല്‍ തന്നെ നോക്കാം. അത്‌ രണ്ട്‌ കുട്ടികളില്‍ പരിമിതമല്ലല്ലോ, ആവശ്യാനുസരണം മാതാവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. മനുഷ്യേതര ജീവിവര്‍ഗങ്ങളിലും രണ്ടിലധികം സന്താനങ്ങളില്ലേ, അവകള്‍ക്കിടയില്‍ ഉപജീവനരംഗത്ത്‌ വല്ല അസന്തുലിതാവസ്ഥയും കണ്ടെത്തിയിട്ടുണ്ടോ?

പ്രപഞ്ചത്തില്‍ വിഭവനഷ്‌ടം സംഭവിക്കുമെന്ന്‌ പേടിച്ചും അസംഖ്യം സൃഷ്‌ടികള്‍ക്ക്‌ ഉപജീവനം തടസ്സപ്പെടുമെന്ന്‌ കരുതിയും സന്താനനിയന്ത്രണത്തിന്‌ ആഹ്വാനം ചെയ്യുന്നവര്‍ തിരിച്ചറിയാതെ പോകുന്നത്‌ ഭൂമിയുടെ പ്രകൃതമാണത്‌. സ്രഷ്‌ടാവിന്‌ സൃഷ്‌ടികളുടെ എണ്ണവണ്ണങ്ങളുടെ പേരില്‍ ഉപജീവനത്തിലോ വിഭവ വിന്യാസത്തിലോ ആശങ്കയില്ലെന്നിരിക്കെ, സൃഷ്‌ടികള്‍ ആശങ്കാകുലരാകുന്നത്‌ എന്തുമാത്രം അല്‍പത്തമാണ്‌!

ഉപജീവനത്തിന്റെ മാര്‍ഗം തേടുന്നവര്‍ക്ക്‌ ദൈവം അത്‌ തടയാറില്ല. അലസതയും അഹങ്കാരവും നിഷേധവും വഴി പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ലഭ്യമാവാതിരിക്കുന്നതിന്‌ ഇനിമേല്‍ ജനിക്കേണ്ടതില്ലെന്ന തിട്ടൂരം ലളിതമായി പറഞ്ഞാല്‍ ശുദ്ധ ഭോഷ്‌കാണ്‌! പ്രഭാതത്തില്‍ കൂടുവിടുന്ന പറവകള്‍ക്ക്‌ സമൃദ്ധമായി ഭക്ഷണം ലഭ്യമാകുന്നത്‌ അധ്വാനത്തിലൂടെയും അന്വേഷണത്തിലൂടെയുമാണ്‌. എന്നാല്‍ ജൈവദൗത്യം നിര്‍വഹിക്കാന്‍ കിലോമീറ്ററുകള്‍, ദിനങ്ങളോളം ആകാശ വിഹായസ്സില്‍ സഞ്ചരിക്കുന്ന ദേശാടനപക്ഷികള്‍ക്ക്‌ ശരീരം തളരാതെ ആവശ്യമായ ഊര്‍ജം പ്രദാനംചെയ്യുന്നതും സ്രഷ്‌ടാവ്‌ തന്നെ.

1965ല്‍ ലോക ഭക്ഷ്യകൃഷി സംഘടനയുടെ (FAO) ഡയറക്‌ടര്‍ ജനറല്‍ ഡോക്‌ടര്‍ ബി ആര്‍ സെന്‍, രണ്ടാം ലോക ജനസംഖ്യാ സമ്മേളനത്തില്‍ ചെയ്‌ത പ്രസംഗം ശ്രദ്ധേയമാണ്‌: ``ഉല്‌പാദനം വര്‍ധിപ്പിക്കുന്നതിലും വ്യവസ്ഥപ്പെടുത്തുന്നതിലും മനുഷ്യര്‍ കാണിച്ച അലസതയും അമാന്തവും ആസൂത്രണമില്ലായ്‌മയുമാണ്‌ ഭക്ഷ്യപ്രശ്‌നങ്ങളുടെ മൂലകാരണം. ഇവയുടെ പരിഹാരമാണ്‌ ആദ്യം കാണേണ്ടത്‌. ജനസംഖ്യാ വര്‍ധനവിന്റെ പരിഹാരമല്ല.''

സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുന്ന രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളോട്‌ കിടമാത്സര്യം നടത്താ നും വിഭവങ്ങള്‍ കൊള്ളയടിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. വികസ്വര രാഷ്‌ട്രങ്ങളിലെ സുഖിയന്മാര്‍ തീന്‍മേശയില്‍ അലങ്കാരത്തിന്‌ വെക്കുന്ന ഭക്ഷണ വിഭവങ്ങള്‍ മാത്രം മതിയാവും പല രാജ്യങ്ങളിലെയും പട്ടിണിക്ക്‌ പരിഹാരമേകാന്‍. ലോകം ഉപയോഗിക്കാതെ നശിപ്പിച്ചുകളയുന്ന `അധികഭക്ഷണം' കൊണ്ട്‌ മാത്രം ദരിദ്ര രാജ്യങ്ങളുടെ ഭക്ഷ്യക്കമ്മി പരിഹരിക്കാവുന്നതേയുള്ളൂ. ഖുര്‍ആന്റെ ഒരു പ്രഖ്യാപനം ഇങ്ങനെ: ``നിങ്ങള്‍ക്ക്‌ അല്ലാഹു നല്‌കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവഴിക്കുവീന്‍ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍, അവിശ്വാസികള്‍ വിശ്വാസികളോട്‌ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‌കുമായിരുന്ന ആളുകള്‍ക്ക്‌ ഞങ്ങള്‍ ഭക്ഷണം നല്‌കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാവുന്നു.'' (36:47)

ഭൂമിയില്‍ ദൈവസൃഷ്‌ടിയാവാനുള്ള മഹാസൗഭാഗ്യം ചെറുതല്ല. മഹത്തായ സൗഭാഗ്യമാണ്‌ സന്താനസൗഭാഗ്യം എന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. സന്താന സൗഭാഗ്യം മുഖേന ദമ്പതികളിലും കുടുംബങ്ങളിലുമുണ്ടാകുന്ന വിഷമതകള്‍ ഈ സൗഭാഗ്യത്തിന്റെ ആഴവും അര്‍ഥവും വര്‍ധിപ്പിക്കുന്നു.

ഭിന്ന ശേഷികളും സാധ്യതകളുമുള്ള മനുഷ്യവംശത്തിന്റെ തുടര്‍ച്ച പ്രജനന സംവിധാനത്തില്‍ നിക്ഷിപ്‌തമാണ്‌. മകനോ മകളോ ആകാനുള്ള അതിമഹത്തായ ദൈവകാരുണ്യം ലഭ്യമായവര്‍, മാതാവും പിതാവുമാകാനുള്ള മറ്റുള്ളവരുടെ അവകാശത്തെ വെല്ലുവിളിക്കുന്നത്‌ എന്തുമാത്രം ധിക്കാരമാണ്‌. പ്രപഞ്ചം വിശാലമാണെന്നിരിക്കെ മനുഷ്യന്‍ കൂടുതല്‍ സ്വാര്‍ഥനാവുകയാണ്‌.

സന്താന നിയന്ത്രണം?

ഇസ്‌ലാം ഈ വിഷയം അതീവ ഗൗരവത്തോടെ കാണുന്നു. ദാരിദ്ര്യം ഭയന്ന്‌, വിഭവനഷ്‌ടം മുന്നില്‍ കണ്ട്‌ മനുഷ്യജന്മത്തിന്‌ തടസ്സങ്ങളുന്നയിക്കുന്നത്‌ മഹാപാതകമായി ഖുര്‍ആന്‍ പരിഗണിക്കുന്നു. ജീവിച്ചിരിക്കുന്ന സന്താനങ്ങളെയോ ജീവിക്കാനിരിക്കുന്നവരെയോ ഒരു തരത്തിലുമുള്ള `കൊല'ക്ക്‌ വിധേയമാക്കരുതെന്ന്‌ ശക്തമായി താക്കീത്‌ നല്‌കുകയാണ്‌ ഇസ്‌ലാം. ``ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‌കുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ (യുദ്ധം പ്രതിക്രിയാശിക്ഷ പോലുള്ള സന്ദര്‍ഭങ്ങള്‍) നിങ്ങള്‍ ഹനിച്ച്‌ കളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി, അവന്‍ നിങ്ങള്‍ക്ക്‌ നല്‌കിയ ഉപദേശമാണത്‌ (6:151)

ഈ വചനത്തിലെ മിന്‍ ഇംലാക്വ്‌ എന്ന പദപ്രയോഗം നിലവിലുള്ള ദാരിദ്ര്യ ഭീഷണി നിമിത്തം കൊല്ലരുത്‌ എന്ന സൂചനയും മറ്റൊരു വചനത്തില്‍ (17:31) ദാരിദ്ര്യമുണ്ടാകുമെന്ന ഭയത്താല്‍ കൊല്ലരുത്‌ (ഖശ്‌യത്തി ഇംലാക്വിന്‍) എന്ന താക്കീതും നല്‍കുന്നു. ``ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‌കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31)

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജന്മാവകാശം നിഷേധിച്ച്‌ സ്വന്തം ജീവിതം സുഖകരമാക്കണമെന്ന ദുര്‍മോഹമാണ്‌ സന്താനഹത്യയിലും നിയന്ത്രണത്തിലുമുള്ളത്‌. പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ വഴി ഭാവിയില്‍ വരാനുള്ള ബാധ്യതകളില്‍ ആശങ്കപ്പെട്ട്‌ ഭ്രൂണഹത്യ യില്‍ അഭയം തേടുന്നവര്‍ ഉറ്റാലോചിക്കേണ്ട വചനമാണിത്‌. പിറക്കാനുള്ളവരുടെ ജനനം തടസ്സപ്പെടുത്തിയാല്‍ ജനിച്ചവര്‍ക്ക്‌ പ്രശ്‌നങ്ങള്‍ വരില്ലെന്ന്‌ ആരാണ്‌ ഉറപ്പുനല്‌കിയത്‌? സന്താനങ്ങള്‍ വഴി വന്നുചേരുമെന്ന്‌ ആശങ്കിക്കുന്ന `ഭാരിച്ച ബാധ്യതകള്‍' അവരുടെ അസാന്നിധ്യത്തിലും നല്‌കാന്‍ സര്‍വശക്തന്‌ സാധ്യമല്ലെന്ന്‌ നിനച്ചിരിക്കുകയാണോ?

ഇബ്‌നുമസ്‌ഊദ്‌(റ) പറയുന്നു: പാപങ്ങളില്‍ വെച്ച്‌ ഏറ്റവും വമ്പിച്ചത്‌ ഏതാണെന്ന്‌ ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: നിന്നെ സൃഷ്‌ടിച്ചത്‌ അല്ലാഹുവായിരിക്കെ, നീ അവന്ന്‌ സമന്മാരെ ഏര്‍പ്പെടുത്തലാണ്‌. പിന്നെ ഏതാണെന്ന്‌ ഞാന്‍ ചോദിച്ചു. നിന്റെ സന്താനം നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന്‌ നീ അതിനെ കൊല ചെയ്യലാണ്‌.''(ബുഖാരി, മുസ്‌ലിം)

സന്താന നിയന്ത്രണത്തിന്‌ നിയമപരിരക്ഷ ഉറപ്പാക്കുകയും ഗര്‍ഭഛിദ്രം ഉദാരമാക്കുകയും ചെയ്യുക വഴി പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയില്‍ മനുഷ്യര്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ലോകത്ത്‌ സന്താന നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മാനവ വിഭവശേഷിയുടെ മാന്ദ്യംമൂലം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബ സംവിധാനങ്ങളെ തകര്‍ത്തെറിയുക വഴി വന്നുചേര്‍ന്ന മഹാദുരന്തങ്ങള്‍ക്കും സ്‌ത്രീ-പുരുഷ അനുപാത വ്യത്യാസം വരുത്തിയ അപരിഹാര്യമായ അസന്തുലിതാവസ്ഥയ്‌ക്കുമൊക്കെ മനുഷ്യനിര്‍മി ത നിയമങ്ങള്‍ തന്നെയാണ്‌ കാരണക്കാരന്‍.

വിഭവ നഷ്‌ടമോ ഉപജീവനത്തെ കുറിച്ച ആശങ്കയോ നിമിത്തം വിവാഹബന്ധത്തില്‍ നിന്ന്‌ പിന്മാറുന്ന സമീപനവും ഇസ്‌ലാം പ്രോത്സാഹപ്പിക്കുന്നില്ല. ധര്‍മനിഷ്‌ഠയില്‍ കുടംബജീവിതം നയിക്കുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ മഹാ ഔദാര്യത്തിന്റെ ഭാഗമായി ഐശ്വര്യം പ്രദാനംചെയ്യുമെന്ന്‌ മതം പഠിപ്പിക്കുന്നു. ഭാര്യയുടെ അനാരോഗ്യം പോലുള്ള കാരണങ്ങളാല്‍ സന്താനനിയന്ത്രണം അനിവാര്യമാണെന്ന്‌ വരുന്ന ഘട്ടത്തില്‍ അത്‌ ചെയ്യുന്നതിന്‌ മതം എതിരല്ല. മറിച്ച്‌ അനാവശ്യമായ ആശങ്കയുടെ നൂലിഴകളില്‍ ജനന നിയന്ത്രണം `ആസൂത്രണം' ചെയ്യുന്നതാണ്‌ ഇസ്‌ലാം വിലക്കുന്നത്‌.

പ്രപഞ്ചത്തിലെ സംവിധാനങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‌പിനും വളര്‍ച്ചക്കും ഉപയോഗപ്പെടുത്താനാണ്‌. അവയെ വ്യവസ്ഥപ്പെടുത്തി ഉപയോഗക്ഷമമാക്കേണ്ട ബാധ്യത മനുഷ്യനില്‍ നിക്ഷിപ്‌തമാണ്‌. ഈ ദൗത്യനിര്‍വഹണത്തില്‍ നിന്ന്‌ പിന്‍മാറുകയും കൃഷിയോഗ്യ ഭൂമിയെ ചതുപ്പു നിലങ്ങളും കോണ്‍ക്രീറ്റ്‌ കാടുകളുമാക്കി വരുംതലമുറക്ക്‌ മരണക്കെണിയൊരുക്കുകയും ചെയ്യുന്നതിനെ ഖുര്‍ആന്‍ ഗൗരവത്തോടെ താക്കീത്‌ നല്‌കുന്നു. ഒരുവേള, ധാര്‍മിക ബോധം നഷ്‌ടമായ അധികാര കേന്ദ്രങ്ങള്‍ ഭൂമിയില്‍ ഇത്തരം നാശങ്ങള്‍ക്ക്‌ പ്രേരണയേകുമെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌. ``ചില ആളുകളുണ്ട്‌. ഐഹിക ജീവിതത്തില്‍ അവരുടെ സംസാരം നിനക്ക്‌ കൗതുകം തോന്നിക്കും അവരുടെ ഹൃദയശുദ്ധിക്ക്‌ അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്‌തവത്തില്‍ അവര്‍ സത്യത്തിന്റെ കഠിന വൈരികളത്രെ. അവര്‍ക്ക്‌ അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിളയും ജീവനും നശിപ്പിക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്‌ടപ്പെടുന്നതല്ല.'' (വി.ഖു 2:204-205)

by ജാബിര്‍ അമാനി @ ശബാബ് വാരിക

വേഷം, ഫാഷന്‍, ഇസ്‌ലാം

ഒരാളുടെ വേഷവിധാനം കണ്ടാല്‍ അയള്‍ ഏതു രാജ്യക്കാരനാണെന്നു മാത്രമല്ല, ഏതു നാട്ടുകാരനാണെന്നും ഏറെക്കുറെ മനസ്സിലാക്കാന്‍ സാധിക്കുന്നു. താന്‍ ജീവിക്കുന്ന പ്രദേശത്തിന്റെയും കാലാവസ്ഥയുടെയും സംസ്‌കൃതിയുടെയും പാരമ്പര്യത്തിന്റെയും ഒരു പരിധി വരെ വിശ്വാസത്തിന്റെയും പ്രതിഫലനം

വസ്‌ത്രധാരണത്തില്‍ പ്രകടമാകുന്നു എന്നാണല്ലോ ഇതിന്നര്‍ഥം. എന്നാല്‍ ഈ പാരമ്പര്യങ്ങളും നാഗരികതകളും ഒരു മാറ്റവും വരാതെ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ഒരു സംഗതിയല്ല. ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികാസങ്ങള്‍ക്കനുസരിച്ച്‌, മറ്റെല്ലാ ജീവിതസൗകര്യങ്ങളിലുമെന്ന പോലെ വസ്‌ത്രങ്ങളിലും വലിയ മാറ്റങ്ങള്‍ കടന്നുവന്നു. ആയിരം കൊല്ലം മുമ്പുണ്ടായിരുന്ന `വസ്‌ത്ര'ങ്ങളും ഇന്നത്തേതും താതമ്യപ്പെടുത്തിയാല്‍ അത്ഭുതാവഹമായ പരിവര്‍ത്തനങ്ങള്‍ വന്നതായി കാണാം. എന്നാല്‍ വസ്‌ത്രമെന്ന ആശയം യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നു. ഭക്ഷണം, പാര്‍പ്പിടം, എന്നിവ പോലെ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്‌ വസ്‌ത്രം.

വസ്‌ത്രം ഒരു ഭൗതിക വസ്‌തുവാണെങ്കിലും വസ്‌ത്രധാരണം ഒരാശയമാണ്‌. മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന്‌ വേര്‍തിരിക്കുന്ന വിവിധ ഘടകങ്ങളില്‍ ഒന്നാണ്‌ വസ്‌ത്രധാരണം. നഗ്നത മറയ്‌ക്കുക എന്നാണതിന്റെ പ്രാഥമികാവശ്യം. എന്താണ്‌ നഗ്നത? അതും മനുഷ്യന്റെ പ്രത്യേകതയാണ്‌. ശരീരത്തിലെ ഗോപ്യസ്ഥാനങ്ങള്‍ മറ്റുള്ളവരില്‍ നിന്ന്‌ മറച്ചുവെക്കുക; മറ്റുള്ളവര്‍ അത്‌ കാണുമ്പോള്‍ ലജ്ജ തോന്നുക. ഇത്‌ മനുഷ്യ പ്രകൃതിയാണ്‌. അതിനുള്ള പ്രതിവിധി അതു മറച്ചുവെക്കലാണ്‌. അതു മറച്ചുവെക്കാന്‍ എന്തുപയോഗിക്കണം? അത്‌ മനുഷ്യ പുരോഗതിക്കും നാഗരികതക്കും മനുസരിച്ച്‌ മാറ്റങ്ങള്‍ വരും. ഈ പ്രകൃതി യാഥാര്‍ഥ്യം ഏറ്റവും ബുദ്ധിപരമായും പ്രായോഗികമായും അംഗീകരിക്കുകയും അത്‌ നിയമമായി നിഷ്‌കര്‍ഷിക്കുകയും ചെയ്‌തത്‌ ഇസ്‌ലാമാണ്‌. മറ്റേതൊരു മതത്തിലും ഭൗതിക ഇസങ്ങളിലും വസ്‌ത്രധാരണം നിഷ്‌കൃഷ്‌ട നിയമമായി ഇല്ല. ചില സ്ഥാന വസ്‌ത്രങ്ങളെപ്പറ്റിയുള്ള സങ്കല്‍പങ്ങളോ പാരമ്പര്യ ധാരണകളോ മാത്രമേ കാണുന്നുള്ളൂ.

ആദിപിതാവിന്‌ (മനുഷ്യവര്‍ഗത്തിന്‌) ഭൂമിയിലിറങ്ങേണ്ടി വന്നപ്പോള്‍ നഗ്‌നതാബോധമുണ്ടായി എന്നും നഗ്നത വെളിവാകാന്‍ കാരണക്കാരന്‍ പിശാചാണെന്നും വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു. ``അങ്ങനെ അവരിരുവരെയും വഞ്ചനയിലൂടെ അവന്‍ (പിശാച്‌) തരംതാഴ്‌ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന്‌ രുചി നോക്കിയതോടെ അവര്‍ക്ക്‌ അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത്‌ അവരിരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി.'' (വി.ഖു. 7:22)

ആദിപിതാവായ ആദമിന്‌ നഗ്‌നതാ ബോധമുണ്ടായപ്പോള്‍ ഒരു ആന്തരികബോധമെന്ന നിലയ്‌ക്കാണ്‌ സ്വര്‍ഗവൃക്ഷത്തിലെ ഇലകള്‍ പറിച്ച്‌ നഗ്‌നത മറച്ചത്‌. ആദം സന്തതികളായ മനുഷ്യര്‍ക്ക്‌ നഗ്‌നത മറയ്‌ക്കല്‍ നിയമമായി നിശ്ചയിച്ചിരിക്കുന്നു. ``ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്‌ക്കാനുതകുന്ന വസ്‌ത്രം നല്‍കിയിരിക്കുന്നു.'' (7:26) ആദിമനുഷ്യന്‍ ഇലകള്‍ കൊണ്ട്‌ നഗ്‌നത മറച്ചു. വനാന്തരങ്ങളില്‍ കഴിഞ്ഞിരുന്ന ഋഷിമാരും മറ്റും മരവുരി ഉടുത്തിരുന്നതായി പുരാണങ്ങളില്‍ കാണുന്നു ഇന്നും വസ്‌ത്രനിര്‍മാണത്തിന്‌ മനുഷ്യന്‍ ആശ്രയിക്കുന്നത്‌ ചെടികളെയും മരങ്ങളെയും തന്നെ. നാഗരിക സമൂഹങ്ങളില്‍ രാസമിശ്രിതങ്ങള്‍ ചേര്‍ത്ത കൃത്രിമ വസ്‌ത്രങ്ങളും നിര്‍മിച്ചുവരുന്നു. വസ്‌ത്രത്തിന്റെ വസ്‌തു ഇങ്ങനെയാണെങ്കിലും വസ്‌ത്രത്തിന്റെ ആവശ്യകതയെന്താണെന്നത്‌ നാം തിരിച്ചറിയണം. പ്രാഥമികാവശ്യം നഗ്‌നത മറയ്‌ക്കലാണെങ്കിലും മനുഷ്യന്‌ അലങ്കാരമായും വ്യക്തിത്വത്തിന്റെ നിദാനമായും ചില പ്രത്യേക ചിഹ്‌നമായും വസ്‌ത്രം നിലകൊള്ളുന്നു. ഇക്കാര്യവും അല്ലാഹു സൂചിപ്പിക്കുന്നു. ``മനുഷ്യര്‍ക്ക്‌ നഗ്‌നത മറയ്‌ക്കാനും മറ്റ്‌ അലങ്കാരങ്ങള്‍ക്കുമായിട്ടാണ്‌ അല്ലാഹു വസ്‌ത്രം ഒരുക്കിത്തന്നിരിക്കുന്നത്‌'' എന്ന്‌ ഖുര്‍ആനില്‍ (7:26) വ്യക്തമാക്കുന്നു. വസ്‌ത്രം മനുഷ്യന്‌ അലങ്കാരമാണെന്ന്‌ പറഞ്ഞ ഉടനെ വസ്‌ത്രത്തെ ആലങ്കാരികമായി പ്രയോഗിച്ചുകൊണ്ട്‌ ഖുര്‍ആന്‍ നമ്മുടെ ചിന്തയെ തട്ടിയുണര്‍ത്തുന്നതു നോക്കൂ: ``ധര്‍മനിഷ്‌ഠയാകുന്ന വസ്‌ത്രമാകട്ടെ, അതാണ്‌ കൂടുതല്‍ ഉത്തമം.'' (അതേ സൂക്തം)

ദൈവഭക്തിയുടെ ഭാഗമാണ്‌ വസ്‌ത്രം ധരിക്കല്‍ എന്നു പറഞ്ഞ ഉടനെ `പിശാച്‌ നിങ്ങളനെ നഗ്‌നരാക്കി നിര്‍ത്താനാണ്‌ ശ്രമിക്കുന്നത്‌' എന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആധുനിക ഫാഷനെന്ന വ്യാജേന വസ്‌ത്രത്തിന്റെ പേരില്‍ ഇന്ന്‌ ചിലര്‍ കാട്ടിക്കൂട്ടുന്നത്‌ തോന്നിവാസങ്ങളാണ്‌. ഓരോ കാലത്തും വസ്‌ത്രങ്ങളുടെ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാലിന്ന്‌ ഫാഷന്‍ ഡിസൈനിംഗ്‌ ഒരു പ്രൊഫഷനാണ്‌. അതില്‍ ഡിഗ്രിയും ഡിപ്ലോമയും മറ്റും വന്നുകഴിഞ്ഞു. പ്രമുഖ വസ്‌ത്ര നിര്‍മാണ കമ്പനികള്‍ വന്‍ തുക ശമ്പളം നല്‍കി ഫാഷന്‍ ഡിസൈനര്‍മാരെ നിയമിച്ച്‌ തങ്ങളുടെ ബിസിനസ്‌ സാമ്രാജ്യം വികസിപ്പിക്കുന്നു. ദൃശ്യ ശ്രാവ്യ മീഡിയയിലൂടെ കോടികള്‍ ചെലവഴിച്ച്‌ നിത്യവും പരസ്യം ചെയ്യുന്നത്‌ പുതിയ പുതിയ ഫാഷനുകള്‍. മാറുന്ന ഓരോ ഫാഷന്റെയും പിന്നാലെ ജനം ഓടിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സാധാരണ കാര്യങ്ങളാണല്ലോ എന്നായിരിക്കും പലരുടെയും ചിന്ത. `എന്നാല്‍ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും' എന്നു പറഞ്ഞതു പോലെ `അഴിച്ചിട്ടതിനൊക്കുമോ ഉടുത്തിരിക്കിലും' എന്ന തരത്തിലേക്ക്‌ ഫാഷന്‍ തരം താഴ്‌ന്നുകൊണ്ടിരിക്കുന്നു. വസ്‌ത്രമെന്നത്‌ ഒരാദര്‍ശമായി `വാനരാനുകരണം' പോലെ വാരിപ്പുണരേണ്ടതുണ്ടോ എന്ന്‌ ഒരല്‍പനേരം ആലോചിക്കുന്നത്‌ ഉചിതമായിരിക്കും.

മുസ്‌ലിംകള്‍ക്ക്‌ പ്രത്യേകമായി ഒരു വസ്‌ത്രമില്ല. ഏതെങ്കിലും ബ്രാന്റഡ്‌ വസ്‌ത്രങ്ങള്‍ക്ക്‌ ഇസ്‌ലാമിന്റെ പാറ്റന്റുമില്ല. എന്നാല്‍ വസ്‌ത്രത്തിന്‌ വ്യക്തമായ മാര്‍ഗനിര്‍ദേശം ഇസ്‌ലാം വരച്ചു കാണിച്ചിട്ടുണ്ട്‌. `പുരുഷന്‌ പട്ട്‌ നിഷിദ്ധം. വെള്ള വസ്‌ത്രം അഭികാമ്യം. ഞെരിയാണിക്ക്‌ താഴെ വസ്‌ത്രം ഇഴഞ്ഞുകൂടാ. സ്‌ത്രീകള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരിക്കണം. തലയിലിടുന്ന വസ്‌ത്രം മാറിടത്തിലൂടെ താഴ്‌ത്തിയിടണം.' വസ്‌ത്രത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമിന്റെ പ്രാഥമിക നിഷ്‌കര്‍ഷയാണിത്‌.

`ആണും പെണ്ണും വേര്‍തിരിച്ചറിയാത്ത വസ്‌ത്രമാകരുത്‌. സ്‌ത്രീ പുരുഷവേഷം കെട്ടരുത്‌; മറിച്ചും. തൊലി മറഞ്ഞിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങള്‍ വ്യക്തമായി കാണത്തക്ക വിധം ഇടുങ്ങിയതോ ശരീരം നിഴലിച്ചുകാണുന്നതോ ആകരുത്‌.' ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഏതു ഫാഷന്‍ വസ്‌ത്രവും മുസ്‌ലിംകള്‍ക്കണിയാം. മൂക്കും മുഖവും പോലും മറയ്‌ക്കുന്ന പുരുഷനും മാറും വയറും മറയ്‌ക്കാത്ത പെണ്ണും ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കിതു ഭൂഷണമല്ല. ആണിന്റേതിനേക്കാള്‍ ആകര്‍ഷകമാണ്‌ പെണ്‍ സൗന്ദര്യമെന്നത്‌ ഒരു പരമാര്‍ഥമാണ്‌. സൗന്ദര്യ പ്രകടനമോ സൗന്ദര്യ മത്സരമോ ഇസ്‌ലാം അംഗീകരിക്കുന്നില്ല.

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം അടിസ്ഥാനപരമായി അംഗീകരിക്കുന്നതോടൊപ്പം മക്കള്‍ക്ക്‌ -വിശിഷ്യാ പെണ്‍മക്കള്‍ക്ക്‌ - ടീവിയില്‍ കണ്ട ഡ്രസ്‌ തന്നെ വാങ്ങിക്കൊടുക്കുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമിനെ കളിയാക്കുകയാണ്‌. ബോഡിഷെയ്‌പ്‌, സ്‌കിന്‍ കംഫര്‍ട്ട്‌ എന്നൊക്കെ പറയുന്നത്‌ തൊലിയോടൊട്ടി നില്‍ക്കുന്ന, കട്ടി കുറഞ്ഞ `ശീലയുറ'കളാണ്‌. ഈ വസ്‌ത്രമെനിക്കു വേണ്ട എന്നു പറയാന്‍ ആര്‍ജവം കാണിക്കാത്തവന്‍ ഇസ്‌ലാമിക സംസ്‌കാരത്തെ കരിതേക്കുകയാണ്‌. കുഞ്ഞുടുപ്പുകളുടെ കാര്യമാണ്‌ ഏറെ സങ്കടം. അരയ്‌ക്കു താഴെ ചെറിയൊരു തുണിയും അരയ്‌ക്കു മീതെ കഴുത്തിലേക്കൊരു ചരടും കെട്ടിയാല്‍ ഒരു `ഫാഷന്‍ കുഞ്ഞുടുപ്പാ'യി. ഇത്‌ വൃത്തികേടാണെന്ന്‌ വിളിച്ചുപറയാന്‍ നിത്യവും പള്ളിയില്‍ വരുന്നവര്‍ക്കെങ്കിലും തോന്നാതിരുന്നാല്‍ കഷ്‌ടമാണ്‌.

കാല്‍സറായിയും ഷര്‍വാണിയും മാത്രമാണ്‌ ഇസ്‌ലാമിക വസ്‌ത്രമെന്ന്‌ മുസ്‌ലിംകള്‍ക്കിടയില്‍ ചിലര്‍ ധരിച്ചുവശായിട്ടുണ്ട്‌. എന്നാല്‍ ഏതു വൃത്തികേടിനും മുന്നില്‍നില്‍ക്കാന്‍ മടിക്കാത്ത ഒരു വിഭാഗം വേറെയുമുണ്ട്‌. ഇത്‌ രണ്ടും അമിതമാണ്‌. അടിസ്ഥാന ആശയത്തില്‍ നിന്നുകൊണ്ട്‌ കാലത്തിനൊത്ത ഫാഷനോ നാടിനൊത്ത വസ്‌ത്രമോ ധരിക്കാവുന്നതാണ്‌. വിദ്യാലയങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ യൂനിഫോം ആകാവുന്നതാണ്‌. ഏതുതരം വസ്‌ത്രം തെരഞ്ഞെടുത്താലും മേനി മറയുന്നതും മാന്യത സ്‌ഫുരിക്കുന്നതും വ്യക്തിത്വം നിലനില്‍ക്കുന്നതും ആയിരിക്കണം. മൂത്രമൊഴിക്കാനോ സുജൂദ്‌ ചെയ്യാനോ കഴിയാത്ത തരത്തില്‍ ഇടുങ്ങിയ വസ്‌ത്രം ഇസ്‌ലാമികമല്ല. ഒറത്ത്‌ മറയാന്‍ പര്യാപ്‌തമല്ലാത്ത വസ്‌ത്രം മുസ്‌ലിം ധരിച്ചുകൂടാ. പുരുഷന്മാരില്‍ ചിലര്‍ നമസ്‌കാര നേരത്ത്‌ മാത്രം വസ്‌ത്രം ഞെരിയാണിക്ക്‌ മേല്‍ കയറ്റിവെക്കുന്നു. നമസ്‌കാരം കഴിഞ്ഞാല്‍ നിലത്ത്‌ വലിച്ചിഴയ്‌ക്കുന്നു. ഇത്‌ അനിസ്‌ലാമികമാണ്‌.

നബിയുടെ രണ്ട്‌ താക്കീതുകള്‍ ഏതു ഫാഷന്‍മാളില്‍ കയറുമ്പോഴും ഓര്‍മ വെക്കുക: ``ഉടുവസ്‌ത്രം അഹംഭാവപൂര്‍വം നിലത്തു വലിച്ചിഴച്ചു നടക്കുന്നവനെ പുനരുത്ഥാന ദിവസം അല്ലാഹു കടാക്ഷിക്കുകയില്ല.'' ``വസ്‌ത്രം ധരിച്ചിട്ടും നഗ്‌നകളായി ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന സ്‌ത്രീകള്‍ക്ക്‌ നാശം.''

ഇസ്‌ലാം പഴഞ്ചനല്ല. ആധുനികതയ്‌ക്കും ഫാഷനും എതിരല്ല. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നില്ല. എന്നാല്‍ അടിസ്ഥാനപരമായ നൈതിക മൂല്യങ്ങള്‍ അനുയായികള്‍ക്ക്‌ നിഷ്‌കര്‍ഷിക്കുന്നു. മൂല്യങ്ങളുടെ നിലപാടുതറയില്‍ നിന്നുകൊണ്ട്‌ സ്വതന്ത്രമായി ജീവിക്കാം. ഒരു നിയന്ത്രണത്തിനും വിധേയമാകാത്ത സര്‍വ തന്ത്ര സ്വതന്ത്ര്യമല്ല മുസ്‌ലിമിന്റെ ജീവിതം.

from ശബാബ് എഡിറ്റോറിയല്‍

കൃഷി ഒരു പുണ്യകര്‍മമാണ്‌

കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്‌കര്‍മമായും ഇസ്‌ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള കൃഷിയില്‍ ഒന്നാണെന്ന തിരിച്ചറിവ്‌ ഇസ്‌ലാം വിശ്വാസികള്‍ക്ക്‌ നല്‌കുന്നുണ്ട്‌. ``ഒരാള്‍ ഒരു ചെടി നട്ടുവളര്‍ത്തി. അതിലുണ്ടായ കായ്‌കനികള്‍ മൃഗങ്ങളോ പക്ഷികളോ തിന്നാല്‍ പോലും അത്‌ നട്ടുവളര്‍ത്തിയവന്‌ പ്രതിഫലം കിട്ടിക്കൊണ്ടേയിരിക്കും'' എന്ന നബിവചനം കൃഷിയുടെ ആത്മീയഭാവം വ്യക്തമാക്കുന്നു.

ഒരു വൃക്ഷത്തൈ നടാന്‍ പോവുമ്പോഴാണ്‌ പ്രപഞ്ചത്തിന്റെ അന്ത്യം സംഭവിക്കുന്നതെങ്കില്‍ പോലും, തൈ നട്ടിരിക്കണമെന്ന പ്രവാചകന്റെ ആഹ്വാനം എത്ര ശ്രദ്ധേയമാണ്‌? ഭൂമിയിലെ ഭക്ഷ്യലഭ്യത നിലനിര്‍ത്താനും ഭൂമിയെ ഹരിതാഭമാക്കാനും ഓരോരുത്തരും കടപ്പെട്ടവരാണെന്ന്‌ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നു.

മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഉല്‌പാദിപ്പിക്കാനുള്ള ശേഷി അല്ലാഹു ഭൂമിക്ക്‌ നല്‌കിയിട്ടുണ്ട്‌. എല്ലാവര്‍ക്കും അന്നം നല്‌കുക എന്നത്‌ അല്ലാഹു ഏറ്റെടുത്ത ബാധ്യതയുമാണ്‌. അല്ലാഹു പറയുന്നു: ``ഭൂമിയില്‍ യാതൊരു ജീവിയും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെയില്ല; അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്‌പഷ്‌ടമായ ഒരു രേഖയിലുണ്ട്‌.'' (വി.ഖു 11:6)

എന്നാല്‍ അലസനായി ഒരിടത്തിരുന്നാല്‍ അന്നം അവനെ തേടിവരികയില്ല. തന്റെ കഴിവും ആരോഗ്യവും ഉപയോഗിച്ച്‌ ഭൂമിയില്‍ അവന്‍ അധ്വാനിക്കണം. നിലമുഴുത്‌ വിത്തിറക്കുക, വെള്ളവും വളവും നല്‌കി സംരക്ഷിക്കുക തുടങ്ങി പ്രാഥമികമായ എല്ലാ പ്രവൃത്തികളും മനുഷ്യന്‍ ആസൂത്രിതമായും ശാസ്‌ത്രീയമായും നിര്‍വഹിക്കണം. തന്റെ നിയന്ത്രണത്തില്‍പ്പെടാത്ത കാര്യങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ശരിയായ ഫലപ്രാപ്‌തിക്ക്‌ വേണ്ടി പ്രാര്‍ഥിച്ച്‌ കൊണ്ടിരിക്കുകയും വേണ്ടതുണ്ട്‌.

മനുഷ്യന്‍ മണ്ണില്‍ പണിയെടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. കൃഷിക്കാവശ്യമായ വെള്ളം അല്ലാഹുവാണ്‌ ഇറക്കിത്തരുന്നത്‌. വിത്തുകള്‍ മുളപ്പിക്കുന്നതും ഭൂമി പിളര്‍ത്തി അവയെ പുറത്ത്‌ കൊണ്ടുവരുന്നതും അവന്‍ തന്നെ. അവയെ വളര്‍ത്തി പൂവും കായും നല്‌കി, പൂര്‍ണതയിലെത്തിക്കുന്നതിലും മനുഷ്യന്‌ കാര്യമായ പങ്കില്ല. അവയുടെ നാശത്തെ തടഞ്ഞുനിര്‍ത്താനും ഒരു പരിധി വരെ മാത്രമേ മനുഷ്യനാവൂ. ഇതെല്ലാം ഉള്‍ക്കൊണ്ട്‌ കൊണ്ടായിരിക്കണം ഒരു കര്‍ഷകന്‍ പ്രവര്‍ത്തിക്കേണ്ടത്‌ എന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അല്ലാഹു പറയുന്നു: ``ധാന്യങ്ങളും വിത്തുകളും പിളര്‍ത്തി മുള പുറത്തുകൊണ്ടുവരുന്നവനാകുന്നു അല്ലാഹു; നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെയും ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്തുകൊണ്ടുവരുന്നു'' (വി.ഖു 6:95). ``നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തന്ന, ആകാശത്ത്‌ നിന്നു വെള്ളമിറക്കി, അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കാനുള്ള കായ്‌കനികള്‍ ഉല്‌പാദിപ്പിച്ച്‌ തരികയും ചെയ്‌ത നാഥനെ (നിങ്ങള്‍ ആരാധിക്കുക). ഇതെല്ലാം അറിഞ്ഞുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്മാരെ ഉണ്ടാക്കരുത്‌'' (വി.ഖു 2:22). ``നിങ്ങള്‍ അശേഷം ചിന്തിച്ചിട്ടില്ലയോ? നിങ്ങള്‍ വിതയ്‌ക്കുന്ന വിത്ത്‌; അതില്‍ നിന്ന്‌ വിള മുളപ്പിക്കുന്നത്‌ നിങ്ങളാണോ, അതോ നാമാണോ മുളപ്പിക്കുന്നത്‌? നാം വിചാരിക്കുകയാണെങ്കില്‍ ഈ വിളകളെ ഉണങ്ങിയ താളുകളാക്കുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. നമ്മുടെ മേല്‍ കടം കേറിയല്ലോ, അല്ല നാം ഭാഗ്യഹീനരായിപ്പോയല്ലോ എന്നിങ്ങനെ.'' (അല്‍വാഖിഅ 63-67)

ഇസ്‌ലാമിന്റെ കാര്‍ഷിക സംസ്‌കാരം

പ്രാര്‍ഥനാപൂര്‍വം വിത്തിറക്കുക, ക്ഷമയോടെ പരിചരിക്കുക, പ്രതീക്ഷാപൂര്‍വം കാത്തിരിക്കുക, വിളവുണ്ടായാല്‍ നിശ്ചിത ശതമാനം സകാത്ത്‌ നല്‌കുക, പ്രാര്‍ഥനാപൂര്‍വം ഭക്ഷിക്കുക, വിളവ്‌ കുറയുകയോ നശിക്കുകയോ ചെയ്‌താല്‍ അല്ലാഹുവിന്റെ വിധിയില്‍ ക്ഷമിക്കുക, വീണ്ടും പ്രാര്‍ഥനയോടെയും പ്രതീക്ഷയോടെയും കൃഷിചെയ്യുക തുടങ്ങിയവ ഇസ്‌ലാം പഠിപ്പിക്കുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണ്‌. കാര്‍ഷിക പ്രവൃത്തിയോട്‌ തികഞ്ഞ ആത്മാര്‍ഥതയും ഗുണകാംക്ഷയും പുലര്‍ത്തുക, കുതന്ത്രം പ്രയോഗിച്ചോ മറ്റോ അന്യായമായി കൈവശപ്പെടുത്തിയ ഭൂമിയില്‍ കൃഷി ചെയ്യാതിരിക്കുക, അല്ലാഹു ഹറാമാക്കിയ വിഭവങ്ങള്‍ക്കു വേണ്ടി കൃഷി നടത്താതിരിക്കുക, മറ്റുള്ളവര്‍ക്ക്‌ ദ്രോഹമുണ്ടാക്കാതിരിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇസ്‌ലാം കൃഷിയുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുന്നുണ്ട്‌.

തന്റെ കൃഷിയും തോട്ടവും തനിക്ക്‌ ലഭിച്ച വിളവും തന്റെ അധ്വാനത്തിന്റെ ഫലം മാത്രമല്ലെന്നും അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഫലമാണെന്നുമുള്ള തിരിച്ചറിവ്‌ കര്‍ഷകനുണ്ടാവണം. അഹങ്കാരത്തോടെ തന്റെ തോട്ടത്തില്‍ വന്ന്‌ സ്വത്തിനെക്കുറിച്ച്‌ വീമ്പ്‌ പറഞ്ഞ ഒരാളുടെ തോട്ടം അല്ലാഹു നശിപ്പിച്ച സംഭവം ഖുര്‍ആന്‍ സൂറതുല്‍ കഹ്‌ഫില്‍ (32 മുതല്‍ 44 വരെയുള്ള വചനങ്ങളില്‍) വിവരിക്കുന്നു.

സമൃദ്ധമായ വിളവ്‌ തരാന്‍ കഴിവുള്ള രക്ഷിതാവിന്‌ ഏത്‌ നിമിഷവും അവ ഇല്ലായ്‌മ ചെയ്യാനും കഴിയും എന്ന ബോധവും വിനയവും കര്‍ഷകനുണ്ടായിരിക്കണം. അല്ലാഹു പറയുന്നു: ``ഐഹിക ജീവിതത്തിന്റെ ഉപമ ഇങ്ങനെയാണ്‌. ആകാശത്തു നിന്ന്‌ നാം മഴ വര്‍ഷിപ്പിച്ചിട്ട്‌ മനുഷ്യരും കന്നുകാലികളും ഭക്ഷിക്കുന്ന പലതരം സസ്യങ്ങള്‍ അതുകൊണ്ട്‌ ഭൂമിയില്‍ ഇടകലര്‍ന്നുണ്ടായി. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിഞ്ഞു. അത്‌ ഭംഗിയായി നില്‌ക്കുകയും അത്‌ കരസ്ഥമാക്കാന്‍ സാധിച്ചുവെന്ന്‌ അതിന്റെ ഉടമസ്ഥര്‍ക്ക്‌ തോന്നുകയും ചെയ്‌തപ്പോള്‍, പെട്ടെന്ന്‌ രാത്രിയോ പകലോ ആ കൃഷിഭൂമിക്ക്‌ നമ്മുടെ കല്‌പന എത്തുകയും തലേ ദിവസം അവിടെ അങ്ങനെ ഒരു കൃഷിയില്ലാതിരുന്ന മട്ടില്‍ അതിനെ ഉന്മൂലനാശം വരുത്തുകയും ചെയ്‌തു. ചിന്തിക്കുന്നവര്‍ക്ക്‌ ഇപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (വി.ഖു 10:24)

``അവന്റെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു; അപ്പോള്‍ അതില്‍ ചെലവിറക്കിയതിനെക്കുറിച്ച്‌ ദു:ഖിച്ച്‌ അവന്‍ രണ്ട്‌ കൈകളം മലര്‍ത്തുന്നു; തോട്ടങ്ങളാകട്ടെ അവയുടെ പന്തലുകളോടു കൂടി വീണടിഞ്ഞ്‌ കിടക്കുകയാണ്‌. എന്റെ നാഥനോട്‌ മറ്റാരെയും ഞാന്‍ പങ്ക്‌ ചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നവന്‍ വിലപിക്കുന്നു.'' (വി.ഖു 18:42)

ശൈഖുല്‍ അസ്‌ഹര്‍ അലി ത്വന്‍ത്വാവി പറയുന്നു: ``സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌, കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ദൈവഭക്തി കൂടിയവരാവും എന്നാണ്‌. അവര്‍ കൂടുതല്‍ ദൈവത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കും. കാരണം നിലമുഴുത്‌, വിത്തിറക്കി, പരിചരിച്ച്‌, ഫലം പ്രതീക്ഷിച്ചിരിക്കുന്ന സ്വഭാവം അവരെ കൂടുതല്‍ അല്ലാഹുവിലേക്ക്‌ അടുപ്പിച്ചുകൊണ്ടിരിക്കും.'' (ഹദീസുല്‍ ഖുര്‍ആനിവസുന്ന: അനിസ്സിറാഅ:)

തൊഴിലെടുത്ത്‌ ജീവിക്കുന്നതിനെ ഇസ്‌ലാം അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു. അനുവദനീയമായ ജീവിതവഹകള്‍ കണ്ടെത്തേണ്ടതിനായി പരിശ്രമിക്കേണ്ടത്‌ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ കടമയാണെന്ന്‌ നബി(സ) ഉണര്‍ത്തുന്നുണ്ട്‌. പ്രവാചകന്റെ കാലത്ത്‌ മദീനയില്‍ ധാരാളമായി കൃഷിയുണ്ടായിരുന്നു. മക്കയില്‍ നിന്നും ഹിജ്‌റ വന്ന മുഹാജിറുകളെ, അന്‍സാറുകള്‍ തങ്ങളുടെ കൃഷിയില്‍ പങ്കാളികളാക്കിയ ചരിത്രം നമുക്കു കാണാം.

പകലിനെ ജീവിതവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള സമയമായി നിശ്ചയിച്ച്‌ തന്നത്‌ ഒരനുഗ്രഹമായി അല്ലാഹു എടുത്തുപറയുന്നു (അന്നബഅ്‌ 11). സഞ്ചരിക്കാനും കാര്‍ഷിക വൃത്തിക്കും അനുഗുണമാം വിധം ഭൂമിയെ സൃഷ്‌ടിച്ചതും അല്ലാഹു ഓര്‍മപ്പെടുത്തുന്നു. ``അവനാണ്‌ നിങ്ങള്‍ക്ക്‌ ഭൂമിയെ വശപ്പെടുത്തിത്തന്നത്‌. അതിന്റെ മാറിലൂടെ നടന്നുകൊള്ളുവിന്‍, ദൈവത്തിന്റെ വിഭവം ഭുജിച്ചുകൊള്ളുവിന്‍, അവനിലേക്ക്‌ നിങ്ങള്‍ തിരിച്ച്‌ ചെല്ലേണ്ടതുമുണ്ട്‌.'' (മുല്‍ക്ക്‌ 15)

ഖുര്‍ആനില്‍ വചനങ്ങളില്‍

സസ്യശാസ്‌ത്ര ശാഖയുമായി ബന്ധപ്പെട്ട വചനങ്ങള്‍ ഖുര്‍ആനില്‍ നൂറിലേറെ സ്ഥലങ്ങളില്‍ കാണാം. സര്‍അ്‌ (കൃഷി) എന്ന പദവും അതില്‍ നിന്ന്‌ ഉത്ഭൂതമാകുന്ന രൂപങ്ങളും പതിനാല്‌ സ്ഥലങ്ങളിലുണ്ട്‌. പഴങ്ങള്‍, കായ്‌കനികള്‍ എന്നിവയെക്കുറിച്ച്‌ അറുപത്തി നാല്‌ സ്ഥലങ്ങളിലും മരത്തെക്കുറിച്ച്‌ ഇരുപത്തഞ്ച്‌ സ്ഥലങ്ങളിലും പരാമര്‍ശം കാണാം. ധാന്യങ്ങളെക്കുറിച്ച്‌ പന്ത്രണ്ട്‌ സ്ഥലത്തും ഇലകളെക്കുറിച്ച്‌ മൂന്ന്‌ സ്ഥലത്തും പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇരുപത്തഞ്ചില്‍ പരം സസ്യങ്ങളുടെ പേര്‌ പരാമര്‍ശിച്ച ഖുര്‍ആന്‍ പച്ചക്കറികള്‍, കാലിത്തീറ്റ എന്നിവയെയും പരാമര്‍ശിക്കുന്നുണ്ട്‌.

സസ്യങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കാര്‍ഷിക വിളകള്‍, കാലിത്തീറ്റ, ഇലകള്‍, പഴങ്ങള്‍, മരങ്ങള്‍, ഫലവര്‍ഗങ്ങള്‍ എന്നിവക്ക്‌ പുറമെ ഇരുപത്തഞ്ചോളം സസ്യങ്ങളുടെ പേരുകളും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ഈത്തപ്പന, ഒലീവ്‌, മുന്തിരി, മാതളം, അത്തി, ഇലന്ത, മന്ന, കാറ്റാടി, ഹംത്വ്‌ കര്‍പ്പൂരം, ഇഞ്ചി, പയര്‍, ഉള്ളി, വെളുത്തുള്ളി, കക്കരി, വാഴ, ചുരയ്‌ക്ക, കടുക്‌, തുളസി, സഖൂം, ളരീഅ്‌, തുബാ എന്നീ സസ്യങ്ങളെ ഖുര്‍ആന്‍ പ്രത്യേകം പേരെടുത്ത്‌ പറയുന്നുണ്ട്‌.

അല്ലാഹുവിന്റെ ഏകത്വവും കൃഷിയും

സ്രഷ്‌ടാവിന്റെ ഏകത്വവും മഹത്വവും ബോധ്യപ്പെടാന്‍ ഉപകരിക്കുന്ന ഒരു പ്രവര്‍ത്തനമായി ഖുര്‍ആന്‍ കൃഷിയെ പരിചയപ്പെടുത്തുന്നത്‌ കാണാം. വരണ്ടുണങ്ങിയ മണ്ണില്‍ മഴ വര്‍ഷിപ്പിക്കുന്നതും അവിടെ സസ്യലതാദികള്‍ വളര്‍ത്തി മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും ലഭ്യമാക്കുന്നതും സ്രഷ്‌ടാവല്ലാതെ മറ്റാരെങ്കിലുമാണോ എന്ന്‌ ഖുര്‍ആന്‍ ചോദിക്കുന്നു. ``കരയിലെയും കടലിലെയും അന്ധകാരത്തില്‍ നിങ്ങള്‍ക്ക്‌ വഴികാണിക്കുന്നതാരാകുന്നു? തന്റെ മഴയാകുന്ന അനുഗ്രഹത്തിന്റെ മുന്നില്‍ കാറ്റുകളെ സുവാര്‍ത്തയായി അയക്കുന്നവന്‍ ആരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം ഇതിനുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അത്യുന്നതനത്രെ അല്ലാഹു.'' ``സൃഷ്‌ടി ആരംഭിക്കുന്നവനും പിന്നീടതാവര്‍ത്തിക്കുന്നവനും ആരാകുന്നു? വിണ്ണില്‍ നിന്നും മണ്ണില്‍ നിന്നും നിങ്ങള്‍ക്ക്‌ അന്നം തരുന്നവനാരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം ഉണ്ടോ? പറയൂ: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ തെളിവ്‌ കൊണ്ടുവരൂ'' (വി.ഖു 27:63,64)

``എന്നാല്‍ നിങ്ങള്‍ കൃഷിചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത്‌ മുളപ്പിച്ച്‌ വളര്‍ത്തുന്നത്‌? അതോ നാമാണോ ഉല്‌പാദിപ്പിക്കുന്നത്‌?'' (വി.ഖു 56:63-64)

ഒരു ദൈവികദൃഷ്‌ടാന്തം

ഒരേ മണ്ണില്‍ ഒരേ വെള്ളവും വളവും സ്വീകരിച്ച്‌ വളരുന്ന വ്യത്യസ്‌ത സസ്യങ്ങള്‍ രുചിഭേദങ്ങളിലും ഗുണങ്ങളിലും വര്‍ണങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നത്‌ മനുഷ്യനെ ചിന്തിപ്പിക്കേണ്ടതാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ``ഭൂമിയില്‍ തൊട്ടു തൊട്ടുകിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന്‌ പല ശാഖകളായി വളരുന്നതും വേറെ വേറെ മുരടുകളില്‍ നിന്ന്‌ വളരുന്നതുമായ ഈത്തപ്പനകളുണ്ട്‌. ഒരേ വെള്ളം കൊണ്ടാണ്‌ അത്‌ നനയ്‌ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനേക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌.'' (വി.ഖു 13:4)

മഹത്തായ അനുഗ്രഹം

മാനവ സമൂഹത്തിന്‌ അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ട ഒന്നായി കൃഷിയെ അല്ലാഹു എടുത്തുപറയുന്നു. മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും ജീവിതവും നിലനില്‌പും ഭൂമിയില്‍ അവന്‍ നടത്തുന്ന കൃഷിയുമായി ബന്ധപ്പെട്ടത്‌ കൂടിയാണ്‌. പഴവര്‍ഗങ്ങളും ധാന്യങ്ങളും ഇതര കായ്‌കനികളും മനുഷ്യജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളില്‍ പെട്ടതാണല്ലോ. അല്ലാഹു പറയുന്നു: ``മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്ന്‌ ചിന്തിച്ചുനോക്കട്ടെ, നാം ശക്തിയായി വെള്ളം ചൊരിഞ്ഞ്‌ കൊടുത്തു; പിന്നീട്‌ നാം ഭൂമിയെ പിളര്‍ത്തിക്കൊടുത്തു, എന്നിട്ടതില്‍ ധാന്യവും മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതൂര്‍ന്നു നില്‌ക്കുന്ന തോട്ടങ്ങളും പഴവര്‍ഗങ്ങളും പുല്ലും നാം മുളപ്പിച്ചു; നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.'' (വി.ഖു 80:24-32)

``അങ്ങനെ ആ വെള്ളം കൊണ്ട്‌ നാം നിങ്ങള്‍ക്ക്‌ ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അവയില്‍ നിങ്ങള്‍ക്ക്‌ ധാരാളം പഴങ്ങളുണ്ട്‌. അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.'' (വി.ഖു 23:19)

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‌

ഏതൊരു രാജ്യവും ഭക്ഷ്യസുരക്ഷ കൈവരിക്കാനും ദാരിദ്ര്യത്തില്‍ നിന്ന്‌ കരകയറാനും ആ രാജ്യത്തെ ഭൂമി ഉല്‌പാദനക്ഷമമായിരിക്കേണ്ടതുണ്ട്‌. നാട്ടില്‍ സമൃദ്ധി നിറയ്‌ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളിലൊന്നാണ്‌ കൃഷി. ഭക്ഷ്യധാന്യങ്ങളുടെ ഉല്‌പാദനവും സൂക്ഷിപ്പും ഏതൊരു രാജ്യവും പ്രോത്സാഹിപ്പിക്കും.

യൂസുഫ്‌ നബി(അ)യുടെ കാലത്ത്‌ ഈജിപ്‌തിനെ കടുത്ത ഭക്ഷ്യക്ഷാമത്തില്‍ നിന്നും രക്ഷിച്ചത്‌ ആസൂത്രണത്തോടെയുള്ള കൃഷിയും ധാന്യങ്ങളുടെ സൂക്ഷിപ്പുമായിരുന്നുവെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ഫലസ്‌തീനടക്കമുള്ള സമീപരാജ്യങ്ങള്‍ കടുത്ത ക്ഷാമത്തിനും ദാരിദ്ര്യത്തിനും വിധേയമായപ്പോള്‍ ഈജിപ്‌ത്‌ പിടിച്ചുനിന്നത്‌ യൂസുഫ്‌(അ) നിര്‍ദേശിച്ച പ്രകാരമുള്ള കൃഷി മുഖേനയായിരുന്നു.

ഏഴ്‌ മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്ത ഏഴ്‌ പശുക്കളെ തിന്നുന്നതും ഏഴ്‌ പച്ചക്കതിരുകളും ഉണങ്ങിയ കതിരുകളും രാജാവ്‌ സ്വപ്‌നം കണ്ടു; ഇതിനെ വ്യാഖ്യാനിച്ച്‌ യൂസുഫ്‌(അ) പറഞ്ഞു: ``നിങ്ങള്‍ ഏഴു കൊല്ലം തുടര്‍ച്ചയായി കൃഷിചെയ്യുക; എന്നിട്ട്‌ നിങ്ങള്‍ കൊയ്‌തെടുത്തതില്‍ നിന്ന്‌ ഭക്ഷിക്കേണ്ടതൊഴിച്ച്‌ ബാക്കിയുള്ളത്‌ അവയുടെ കതിരില്‍ തന്നെ സൂക്ഷിക്കുക. പിന്നീടതിന്‌ ശേഷം പ്രയാസകരമായ ഏഴ്‌ വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ചുവെച്ചിട്ടുള്ളതിനെയെല്ലാം തിന്ന്‌ തീര്‍ക്കുന്നതാണ്‌, നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന്‌ അല്‌പമൊഴികെ.'' (വി.ഖു 12:47,48)

കൃഷിയും മനുഷ്യപ്രകൃതിയും

കാര്‍ഷിക വിളകളോടുള്ള മനുഷ്യന്റെ അദമ്യമായ താല്‌പര്യം അവന്റെ പ്രകൃതിയില്‍ നിക്ഷിപ്‌തമാണെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. കൃഷി, കാലിവളര്‍ത്തല്‍ എന്നിവ പുരാതന കാലം മുതല്‍ വരുമാനത്തിനുള്ള മാര്‍ഗമായി കണ്ടതു പോലെ ആനന്ദത്തിന്റെയും ആത്മനിര്‍വൃതിയുടെയും വഴിയായും സ്വീകരിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു: ``ഭാര്യമാര്‍, മക്കള്‍, കുന്നുകൂട്ടിയ സ്വര്‍ണവും വെള്ളിയും, മേത്തരം കുതിരകള്‍, നാല്‌ക്കാലികള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്‌ടപ്പെട്ട വസ്‌തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോക ജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു മനുഷ്യര്‍ക്ക്‌ ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.'' (വി.ഖു 3:14)

ഉപമകളിലൂടെ

ഉപമകളും ഉദാഹരണങ്ങളും പറഞ്ഞാണ്‌ ഖുര്‍ആന്‍ ഒട്ടേറെ കാര്യങ്ങള്‍ വിവരിക്കുന്നത്‌. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഉദാഹരണങ്ങളാണ്‌ സഹായിക്കുക. കൃഷിയുമായി ബന്ധമുള്ള ധാരാളം ഉപമകള്‍ ഖുര്‍ആനില്‍ നിറഞ്ഞുനില്‌ക്കുന്നുണ്ട്‌. നന്മയുടെ വഴിയില്‍ ധനം ചെലവഴിക്കുന്നതിനെ ഖുര്‍ആന്‍ ഉപമിക്കുന്നത്‌ കാണുക:

``അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത്‌ ഒരു ധാന്യമണിയോടാകുന്നു. അത്‌ ഏഴ്‌ കതിരുകള്‍ ഉല്‌പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്‌ ധാന്യമണികളും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക്‌ ഇരട്ടിയായി നല്‌കുന്നു. അല്ലാഹു ഏറെ കഴിവും അറിവും ഉള്ളവനാണ്‌.'' (വി.ഖു 2:261)

സദ്‌വൃത്തരായ സത്യവിശ്വാസികളെ ഉപമിച്ചുകൊണ്ട്‌ അല്ലാഹു പറയുന്നു: ``അതാണ്‌ തൗറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ; ഇഞ്ചീലില്‍ അവരുടെ ഉപമ ഇങ്ങനെയാകുന്നു: ഒരു വിള അത്‌ അതിന്റെ കൂമ്പ്‌ പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്‌ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൗതുകം തോന്നിച്ചുകൊണ്ട്‌ അതിന്റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നു നിന്നു.'' (വി.ഖു 48:29)

ഏകദൈവവിശ്വാസത്തെയും സത്യവിശ്വാസത്തെയും അല്ലാഹു നല്ല ഫലവൃക്ഷത്തോടുപമിക്കുമ്പോള്‍ ശിര്‍ക്കിനെയും സത്യനിഷേധിയെയും ദുര്‍ബലവും ഫലശൂന്യവുമായ മരത്തോടാണ്‌ ഉപമിക്കുന്നത്‌. ``അല്ലാഹു നല്ല വചനത്തിന്‌ എങ്ങനെയാണ്‌ ഉപമ നല്‌കിയിരിക്കുന്നത്‌ എന്ന്‌ നീ കണ്ടില്ലേ? അത്‌ ഒരു നല്ല മരം പോലെയാകുന്നു; അതിന്റെ മുരട്‌ ഉറച്ചുനില്‌ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച്‌ അത്‌ എല്ലാ കാലത്തും ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക്‌ ആലോചിച്ച്‌ മനസ്സിലാക്കാനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു; ഭൂതലത്തില്‍ നിന്ന്‌ അത്‌ പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്‌ യാതൊരു നിലനില്‌പുമില്ല. (ഖു 14:24-26)

ഭൗതിക ജീവിതത്തിന്റെ ക്ഷണികത ബോധ്യപ്പെടുത്താന്‍ സസ്യങ്ങളെയാണ്‌ അല്ലാഹു ഉദാഹരിക്കുന്നത്‌. ഒരു മഴ പെയ്യുമ്പോഴേക്ക്‌ മുളച്ചുപൊങ്ങി വളര്‍ന്ന്‌ ഏതാനും ദിവസം വെയിലേല്‌ക്കുമ്പോള്‍ ഉണങ്ങിപ്പോകുന്ന സസ്യങ്ങളെപ്പോലെ കുറഞ്ഞകാലം മാത്രമാണ്‌ ഐഹിക ജീവിതം. അല്ലാഹു പറയുന്നു: ``നബിയേ നീ അവര്‍ക്ക്‌ ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക; ആകാശത്ത്‌ നിന്ന്‌ നാം വെള്ളമിറക്കി; അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടതൂര്‍ന്ന്‌ വളരുന്നു; താമസിയാതെ അത്‌ കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു. (വി.ഖു 18:50)

ആഹാര സ്രോതസ്സ്‌

ഭൂമിയില്‍ വൈവിധ്യമാര്‍ന്ന സസ്യങ്ങളും ഫലവര്‍ഗങ്ങളും അല്ലാഹു ഉല്‌പാദിപ്പിച്ചത്‌ തന്റെ അടിമകളുടെ അന്നത്തിന്‌ വേണ്ടിയാണെന്ന്‌ അല്ലാഹു അറിയിക്കുന്നു. മനുഷ്യരുടെ മാത്രമല്ല, പക്ഷിമൃഗാദികളുടെ ഭക്ഷണവും കൂടി കണക്കിലെടുത്താണ്‌ അല്ലാഹു വിവിധ വസ്‌തുക്കള്‍ ഭൂമിയില്‍ ഉണ്ടാക്കുന്നത്‌. അല്ലാഹു പറയുന്നു: ``ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഉത്തമമായ ഭക്ഷണവും ലഹരിയും ഉണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്‌ടാന്തമുണ്ട്‌ (നഹ്‌ല്‍ 67). ``പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും ഈത്തപ്പനകളും വിവിധ തരം കനികളുള്ള കൃഷികളും പരസ്‌പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്‌ടിച്ചുണ്ടാക്കിയതവനാകുന്നു. അവയോരോന്നും കായ്‌ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതിന്റെ വിളവെടുപ്പു ദിവസം അതിന്റെ ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കില്ല (6:141). ``വരണ്ട ഭൂമിയിലേക്ക്‌ നാം വെള്ളം കൊണ്ടുചെല്ലുകയും അതുമൂലം ഇവരുടെ കാലികള്‍ക്കും ഇവര്‍ക്കുതന്നെയും തിന്നാനുള്ള കൃഷി നാം ഉല്‌പാദിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ ഇവര്‍ കണ്ടില്ലേ? അവര്‍ എന്നിട്ടും കണ്ടറിയുന്നില്ലേ? (വി.ഖു 32:27)

സ്വര്‍ഗത്തിലും നരകത്തിലും

സ്വര്‍ഗനിവാസികള്‍ക്ക്‌ ലഭിക്കുന്ന സ്വാദിഷ്‌ടമായ ഭക്ഷണത്തെക്കുറിച്ചും നരകക്കാരുടെ കഠിനമായ ശിക്ഷയെ കുറിച്ചും പരാമര്‍ശിക്കുന്നിടത്ത്‌ മരങ്ങളും വിശിഷ്ടമായ പഴവര്‍ഗങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നു. ആദം നബി(അ)യെയും ഹവ്വാബീവിയെയും സ്വര്‍ഗത്തില്‍ താമസിപ്പിച്ചപ്പോള്‍ ഒരു മരത്തിന്റെ ഫലമൊഴികെ മറ്റേത്‌ പഴവും കായ്‌കനികളും തിന്നാന്‍ അനുവാദം നല്‌കിയിരുന്നു: ``നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്ത്‌ നിന്ന്‌ സുഭിക്ഷമായി തിന്നുകൊള്ളുക; എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌.'' (വി.ഖു 2:35)

സ്വര്‍ഗക്കാര്‍ക്ക്‌ ലഭിക്കുന്ന പരസ്‌പര സാദൃശ്യമുള്ളതും രുചിവൈവിധ്യങ്ങള്‍ നിറഞ്ഞതുമായ പഴങ്ങളെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നു: ``അതിലെ ഓരോ കനിയും ഭക്ഷിക്കുവാനായി നല്‌കപ്പെടുമ്പോള്‍ `ഇതിനു മുമ്പ്‌ തങ്ങള്‍ക്ക്‌ നല്‌കപ്പെട്ടത്‌ തന്നെയാണല്ലോ ഇതും' എന്നായിരിക്കും അവര്‍ പറയുക. വാസ്‌തവത്തില്‍ പരസ്‌പരം സാദൃശ്യമുള്ള നിലയില്‍ അവര്‍ക്കത്‌ നല്‌കപ്പെടുകയാണുണ്ടായത്‌. (വി.ഖു 2:25)

അതേസമയം നരകവാസികള്‍ക്ക്‌ ലഭിക്കുന്ന ശിക്ഷയുടെ ഭാഗമായി സഖൂം വൃക്ഷത്തെയും ളരീഅ്‌ ചെടിയേയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ``അതാണോ വിശിഷ്‌ടമായ സല്‍ക്കാരം? അതല്ല സഖൂം വൃക്ഷമാണോ? തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്കു ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നരകത്തിന്റെ അടിയില്‍ മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌. അതിന്റെ കുല പിശാചുകളുടെ തലപോലിരിക്കും. തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറയ്‌ക്കുന്നതായിരിക്കും (വി.ഖു 37:62-66). ``ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല; അത്‌ പോഷണം നല്‌കുന്നതോ വിശപ്പടക്കുന്നതോ അല്ല''(വി.ഖു 88:6,7). വളരെ കൈപ്പുള്ള ഒരു ചെടിയാണ്‌ ളരീഅ്‌.

വെട്ടിനിരത്തലും കൊലപാതകവും വിളകള്‍ നശിപ്പിക്കുന്നതിനെ

വിളകള്‍ നശിപ്പിക്കുന്നതിനെയും മനുഷ്യരെ കൊല്ലുന്നതിനെയും ഒരേ വചനത്തിലാണ്‌ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്‌. ചില അധികാരികള്‍ ഭൂമിയില്‍ സൃഷ്‌ടിക്കുന്ന കുഴപ്പങ്ങളുടെ ഭാഗമായാണ്‌ ഖുര്‍ആന്‍ വിളനശീകരണവും കൊലപാതകവും ഒന്നിച്ച്‌ പറയുന്നത്‌. ഇത്‌ കൃഷി നശിപ്പിക്കുന്നതിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു: ``അവന്‌ അധികാരം കിട്ടിയാല്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്നതിന്‌ വേണ്ടിയും അതിലെ വിളവുകളെയും മനുഷ്യവംശത്തെയും നശിപ്പിക്കാന്‍ വേണ്ടിയും അവന്‍ ഓടിനടക്കുന്നതാണ്‌. നശീകരണമാകട്ടെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല'' (വി.ഖു 2:205). യുദ്ധസമയത്ത്‌ പോലും ശത്രുക്കളുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കരുതെന്ന്‌ നബി(സ) യോദ്ധാക്കള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‌കിയിരുന്നു.

പുനരുത്ഥാനം ഒരു സത്യം

മരിച്ച്‌ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന മുഴുവന്‍ മനുഷ്യരെയും ഒരു നാള്‍ അല്ലാഹു പുനര്‍ജീവിപ്പിക്കുന്നതാണ്‌. ഖുര്‍ആന്‍ ഊന്നിപ്പറയുന്ന ഈ യാഥാര്‍ഥ്യം വ്യക്തമാവാന്‍, ഊഷരഭൂമിയില്‍ മഴവെള്ളമെത്തിയാല്‍ മുളച്ചുപൊങ്ങുന്ന സസ്യങ്ങളെ കുറിച്ച്‌ ആലോചിച്ചാല്‍ തന്നെ മതി. അല്ലാഹു പറയുന്നു: ``നിശ്ചയമായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു. അവര്‍ക്കൊരു ദൃഷ്‌ടാന്തമുണ്ട്‌. നിര്‍ജീവമായ ഭൂമി, അതിന്‌ നാം ജീവന്‍ നല്‌കുകയും അതില്‍ നിന്ന്‌ നാം ധാന്യം ഉല്‌പാദിപ്പിക്കുകയും ചെയ്‌തു. എന്നിട്ട്‌ അതില്‍ നിന്നാണവര്‍ ഭക്ഷിക്കുന്നത്‌.'' (വി.ഖു 36:32,33)

കാര്‍ഷിക വിളകളും സക്കാത്തും

കാര്‍ഷിക വിളകള്‍ക്ക്‌ വിളവെടുപ്പ്‌ സമയത്ത്‌ തന്നെ സകാത്ത്‌ നല്‌കണമെന്ന്‌ ഖുര്‍ആന്‍ പറയുന്നു: ``അവയോരോന്നും കായ്‌ക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ഫലങ്ങള്‍ തിന്ന്‌ കൊള്ളുക; വിളവെടുപ്പ്‌ ദിവസം അതിന്റെ ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്‌ടപ്പെടുകയേ ഇല്ല'' (വി.ഖു 6:141)

പച്ചപിടിച്ചുനില്‌ക്കുന്ന കൃഷിയും തോട്ടങ്ങളും മനുഷ്യരുടെ മനസ്സിനെ കുളിരണിയിക്കുന്നതും കണ്ണുകള്‍ക്ക്‌ കുളിര്‍മ നല്‌കുന്നതുമാണ്‌. സസ്യങ്ങളെയും ചെടികളെയും ഇഷ്‌ടപ്പെടുക മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ ഖുര്‍ആന്‍ കൃഷിയെയും കാര്‍ഷിക വൃത്തിയെയും കര്‍ഷകനെയും വളരെയധികം പരാമര്‍ശിക്കുന്നത്‌. എല്ലാം സ്രഷ്‌ടാവിനെ മനസ്സിലാക്കാനും അവന്‌ നന്ദി കാണിക്കാനും ഉപകരിക്കണമെന്നാണ്‌ ഖുര്‍ആനിന്റെ താല്‌പര്യം.

by പി അബ്‌ദു സലഫി @ശബാബ് വാരിക

നമസ്‌കാരത്തിന്റെ സൂക്ഷ്‌മാര്‍ഥങ്ങള്‍

ദൈവസാമീപ്യവും ദൈവപ്രീതിയും നേടി ഇഹപരവിജയങ്ങള്‍ കൈവരിക്കാന്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക്‌ നിയമമാക്കിയ ആരാധനകളുടെ (ഇബാദത്ത്‌) കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ നമസ്‌കാരം. അത്‌ ഇസ്‌ലാമിക ജീവിതത്തിന്റെ മുഖ്യസ്‌തംഭവും മുസ്‌ലിമിന്റെ സത്വപ്രകാശനവുമാണ്‌. ഒരു മനുഷ്യനും ശിര്‍ക്കിനുമിടയില്‍ (മറ്റൊരു റിപ്പോര്‍ട്ടില്‍ കുഫ്‌റിനുമിടയില്‍) നമസ്‌കാരമുപേക്ഷിക്കല്‍

മാത്രമേയുള്ളൂ എന്ന പ്രവാചകവചനം അതിന്റെ അനിവാര്യതയും സര്‍വ പ്രാധാന്യവും വ്യക്തമാക്കുന്നു. ഇത്രയും മഹത്തായ ഈ ഇബാദത്ത്‌ വെറും ചടങ്ങും ഔപചാരികമായ അനുഷ്‌ഠാനവും അല്ല; ആയിക്കൂടാ. അതില്‍ ഭൗതികവും ആത്മീയവും വ്യക്തിപരവും സാമൂഹികവും പ്രത്യക്ഷവും പരോക്ഷവുമായ നിരവധി അര്‍ഥതലങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അന്തര്‍ലീനമായിരിക്കുന്നു.

ലക്ഷ്യം

നമസ്‌കാരത്തിന്റെ പരമലക്ഷ്യം എന്താണ്‌? അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ പറയുന്നു: ``....എന്നെ ഓര്‍മിക്കാന്‍ വേണ്ടി നീ നമസ്‌കാരം നിലനിര്‍ത്തുക.'' (ത്വാഹാ 14)

നമസ്‌കാരത്തിന്റെ ഉദ്ദിഷ്‌ടലക്ഷ്യം ദൈവസ്‌മരണയും അതിലൂടെ അല്ലാഹുവുമായുള്ള നിരന്തരമായ ബന്ധവും നിലനിര്‍ത്തലായതിനാല്‍, അത്‌ ഒരു മുസ്‌ലിം തന്റെ ജീവിതത്തില്‍ നിര്‍വഹിക്കുന്ന ഏറ്റവും പുണ്യകരവും ശ്രേഷ്‌ഠവുമായ കര്‍മമായിത്തീരുന്നു. കാരണം, ജീവിതത്തിലെ മറ്റെല്ലാറ്റിനേക്കാളും വലിയ, ഏറ്റവും മഹത്തായ കാര്യം അല്ലാഹുവിനെ ഓര്‍മിക്കുക എന്നതാണെന്ന്‌ അവന്‍ നമ്മെ അറിയിച്ചിട്ടുണ്ട്‌. (അന്‍കബൂത്ത്‌ 45)

അതുകൊണ്ട്‌ ഒരു സത്യവിശ്വാസിയുടെ ജീവിതവിജയത്തിന്റെ മുഖ്യനിദാനം നമസ്‌കാരത്തിന്റെ ഭക്തിപൂര്‍ണവും ആത്മാര്‍ഥവുമായ നിര്‍വഹണമാണ്‌. ``തങ്ങളുടെ നമസ്‌കാരത്തില്‍ ഭയഭക്തിയുള്ള സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു...''(മുഅ്‌മിനൂന്‍ 12) ഈ ആശയം ഖുര്‍ആനില്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌.

ചൈതന്യം

എല്ലാ ഇബാദത്തുകളുടെയും ചൈതന്യമായിരിക്കേണ്ടത്‌ ഇഹ്‌സാന്‍ ആണ്‌. അതിനെ നബി(സ) ഒരു ഹദീസില്‍ ഇങ്ങനെ നിര്‍വചിക്കുന്നു: ``ഇഹ്‌സാന്‍ എന്നാല്‍ അല്ലാഹുവിനെ നീ കാണുന്നുവെന്ന പോലെ അവനെ നീ ആരാധിക്കുകയെന്നതാണ്‌. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടല്ലോ.'' അതായത്‌, സദാസമയവും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ്‌ നാം എന്ന ദൃഢമായ ബോധം. ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഈ ഗുണം ഏറ്റവുമധികം പ്രകടമാകുന്നത്‌ നമസ്‌കാരത്തിലാണ്‌. അതുകൊണ്ട്‌, തന്റെ കണ്‍മുമ്പിലുണ്ട്‌ എന്ന മാനസിക ഭാവത്തോടെ ഭയഭക്തിയോടെ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യവിശ്വാസി സ്വാഭാവികമായും അല്ലാഹു ഇഷ്‌ടപ്പെടാത്ത പാപകൃത്യങ്ങളില്‍ നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും വിട്ടുനിന്നു വിശുദ്ധമായ ഒരു ജീവിതം നയിക്കാന്‍ പരമാവധി ശ്രമിക്കാതിരിക്കില്ല. അതാണ്‌ അല്ലാഹു പറയുന്നത്‌: ``....നിശ്ചയം, നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത്‌ ഏറ്റവും മഹത്തായത്‌ തന്നെയാകുന്നു...'' (അന്‍കബൂത്ത്‌ 45). നമസ്‌കാരത്തിന്റെ ലക്ഷ്യവും ചൈതന്യവും എന്താണെന്ന്‌ ഈ വചനം ചുരുങ്ങിയ വാക്കുകളിലൂടെ നമുക്ക്‌ വ്യക്തമാക്കിത്തരുന്നു. ഒരാള്‍ തന്റെ വീട്ടിന്റെ മുമ്പിലൂടെ ഒഴുകുന്ന ഒരു നദിയില്‍ നിന്ന്‌ എല്ലാ ദിവസവും അഞ്ചുനേരം കുളിക്കുകയാണെങ്കില്‍ അയാളുടെ ശരീരം എത്രമാത്രം വൃത്തിയുള്ളതായിരിക്കുമോ, അതുപോലെ അഞ്ചുനേരം നമസ്‌കരിക്കുന്ന മനുഷ്യന്‍ പാപമാലിന്യങ്ങളില്‍ നിന്ന്‌ ശുദ്ധനായിരിക്കും എന്ന പ്രസിദ്ധമായ നബിവചനവും ഇവിടെ ഓര്‍ക്കുക.

മനസ്സിന്റെ ശാന്തിക്ക്‌

നമസ്‌കാരത്തില്‍ നിന്നുളവാകുന്ന മറ്റൊരു മഹത്തായ നേട്ടം, അത്‌ വിശ്വാസിയുടെ മനസ്സിനെ ശാന്തവും ശക്തവും ദൃഢവുമാക്കി മാറ്റുന്നു എന്നതാണ്‌. കാരണം, നമസ്‌കാരം ഏറ്റവും ഉദാത്തവും ചിരസ്ഥായിയുമായ ദൈവസ്‌മരണയാണ്‌. ദൈവസ്‌മരണ മനസ്സിനെ ശാന്തവും സ്വസ്ഥവുമാക്കാന്‍ പര്യാപ്‌തമാണ്‌. അല്ലാഹു പറയുന്നു: ``....അറിയുക, അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടാണ്‌ ഹൃദയങ്ങള്‍ ശാന്തമാകുന്നത്‌.'' (റഅ്‌ദ്‌ 28)

നമസ്‌കാരം കൊണ്ട്‌ ലഭ്യമാകുന്ന ഈ മനശ്ശാന്തി സത്യവിശ്വാസിയില്‍ മാനസിക സന്തുലിതത്വവും വൈകാരിക പക്വതയും വളര്‍ത്തുന്നു. പൊതുവെ മനുഷ്യരില്‍ കാണപ്പെടുന്ന ഉത്‌കണ്‌ഠകളെയും അസ്വസ്ഥതകളെയും അരക്ഷിതത്വബോധത്തെയും സ്വാര്‍ഥതയെയും സങ്കുചിതത്വത്തെയും അതിജയിക്കാന്‍ അത്‌ അവനെ പ്രാപ്‌തനാക്കുന്നു. അതാണ്‌ ഈ ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നത്‌:

``നിശ്ചയം, മനുഷ്യന്‍ അത്യധികം അക്ഷമനായി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. തിന്മ ബാധിച്ചാല്‍ അവന്‍ പരിഭ്രാന്തനും നന്മ കൈവന്നാല്‍ (അത്‌ സ്വന്തമാക്കി മറ്റുള്ളവരില്‍ നിന്നും) തടഞ്ഞുവെക്കുന്നവനും ആകുന്നു- തങ്ങളുടെ നമസ്‌കാരത്തില്‍ സ്ഥിരനിഷ്‌ഠയുള്ളവരായ നമസ്‌കാരക്കാരൊഴികെ......'' (മആരിജ്‌ 19-22)

ശക്തിയുടെ സ്രോതസ്സ്‌

നമസ്‌കാരം ജീവിതത്തില്‍ എപ്പോഴെങ്കിലും നിര്‍വഹിക്കേണ്ട ഒരു കര്‍മമല്ല; ഒരു മുസ്‌ലിം പ്രായപൂര്‍ത്തി എത്തിയതു മുതല്‍ മരണംവരെ ജീവിതത്തിലുടനീളം ഓരോ ദിവസവും നിശ്ചിത സമയങ്ങളില്‍ നിര്‍വഹിക്കേണ്ട ഒരു ഇബാദത്താണ്‌. ``നിശ്ചയം, നമസ്‌കാരം സത്യവിശ്വാസികള്‍ക്ക്‌ സമയം നിര്‍ണയിക്കപ്പെട്ട ഒരു ബാധ്യതയാകുന്നു'' (നിസാഅ്‌ 103).

നമസ്‌കാര നിര്‍വഹണത്തില്‍ പാലിക്കേണ്ട ഈ നൈരന്തര്യവും സ്ഥിരനിഷ്‌ഠയും സത്യവിശ്വാസിയില്‍ ക്ഷമയുടെയും സഹനത്തിന്റെയും മനസ്ഥൈര്യത്തിന്റെയും ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ജീവിതത്തിലെ ഏത്‌ പ്രതിസന്ധികളെയും ശാന്തതയോടെയും ധീരതയോടെയും ആത്മസംയമനത്തോടുംകൂടി അഭിമുഖീകരിക്കാന്‍ അത്‌ അവനെ പ്രാപ്‌തനാക്കുന്നു. അല്ലാഹു പറയുന്നു: ``നിങ്ങള്‍ സഹനവും നമസ്‌കാരവും കൊണ്ട്‌ (അല്ലാഹുവിന്റെ) സഹായംതേടുക...''(ബഖറ 45)

ഓരോ ദിവസവും നിശ്ചിതമായ അഞ്ചു സമയങ്ങളില്‍ -സമയചംക്രമണത്തിന്റെ അഞ്ച്‌ സംക്രമണഘട്ടങ്ങളില്‍ -കൃത്യമായി നമസ്‌കരിക്കുന്ന ഒരു മുസ്‌ലിം പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും താളക്രമത്തിനൊപ്പം തന്റെ ജീവിതത്തെ ക്രമീകരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌, ജീവിതത്തില്‍ കൃത്യനിഷ്‌ഠയുടെയും അച്ചടക്കത്തിന്റെയും ക്രമത്തിന്റെയും വ്യവസ്ഥയുടെയും നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അവനെ സഹായിക്കുന്നു.

ആത്മീയാനുഭൂതി

നമസ്‌കാരം ശാരീരികമായ ഒരു ആരാധനാകര്‍മമാണെങ്കിലും അതില്‍ ശരീരം മാത്രമല്ല, നമസ്‌കരിക്കുന്നവന്റെ ആത്മാവും മനസ്സും ബുദ്ധിയുമെല്ലാം ഒരുമിച്ചു ഭാഗഭാക്കാവുന്നു. എല്ലാ ലൗകിക ചിന്തകളില്‍ നിന്നും സ്വത്വത്തെ വിച്ഛേദിച്ചുകൊണ്ട്‌ പൂര്‍ണമായ ജാഗ്രതയോടും മനസ്സാന്നിധ്യത്തോടും ദൈവഭയത്തോടും കൂടി നിര്‍ദിഷ്‌ടമായ പ്രാര്‍ഥനകളിലൂടെയും ദൈവസ്‌മരണാ വചനങ്ങളിലൂടെയും മാറിമാറിവരുന്ന ചലനങ്ങളിലൂടെയും തന്റെ നമസ്‌കാരത്തില്‍ സത്യവിശ്വാസി അല്ലാഹുവുമായി കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു.

നമസ്‌കാരത്തിലെ ഓരോ പ്രവര്‍ത്തനത്തിലൂടെയും പ്രാര്‍ഥനോച്ചാരണത്തിലൂടെയും ചിന്തയിലൂടെയും ദൈവത്തോടുള്ള പരമമായ വിധേയത്വവും കീഴ്‌വണക്കവും ഭയഭക്തികളും അവന്‍ പ്രഖ്യാപിക്കുന്നു. ഈ ദൈവവിധേയത്വവും സാമീപ്യവും സാഷ്‌ടാംഗ പ്രണാമത്തില്‍ (സുജൂദ്‌) അതിന്റെ പാരമ്യത്തിലെത്തുന്നു. ഒരു അടിമ തന്റെ നാഥനായ ദൈവവുമായി ഏറ്റവുമധികം അടുക്കുന്നത്‌ സുജൂദിലാണെന്ന്‌ പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്‌. ഇങ്ങനെ, സത്യവിശ്വാസിയെ ഭൂമിയില്‍ നിന്നും ദൈവസന്നിധിയിലേക്കുയര്‍ത്തുന്ന അതുല്യവും അത്യുന്നതവുമായ ഒരു ആത്മീയാനുഭൂതിയാണ്‌ നമസ്‌കാരം. അതുകൊണ്ട്‌ സത്യവിശ്വാസിയുടെ മിഅ്‌റാജ്‌ (ആകാശാരോഹണം) എന്ന്‌ അത്‌ വിശേഷിപ്പിക്കപ്പെടുന്നു.

ഭൗതികബന്ധങ്ങളില്‍ നിന്നെല്ലാം മുക്തനായി പ്രാര്‍ഥനയിലൂടെയും ദൈവസ്‌മരണയിലൂടെയും ദൈവസന്നിധാനത്തിലേക്കുയര്‍ത്തപ്പെടുമ്പോഴും അവന്‍ സ്വയം മറന്നു `പരമാത്മാവില്‍ ലയിച്ച്‌' ഇല്ലാതാകുന്നില്ല. അല്ലാഹുവുമായി മുനാജാത്ത്‌ (രഹസ്യഭാഷണം) നടത്തുമ്പോഴും അവന്‍ തന്റെ ഭൗതിക ചുറ്റുപാടുകളെക്കുറിച്ചും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ബോധവാനായിരിക്കും. ആത്മീയതയെയും ഭൗതികതയെയും സമഞ്‌ജസമായി സമ്മേളിപ്പിക്കുന്ന ഇസ്‌ലാമിന്റെ ജീവിതവീക്ഷണത്തെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതാണ്‌ നമസ്‌കാരമടക്കമുള്ള അതിലെ ആരാധനകള്‍. നമസ്‌കരിക്കുമ്പോള്‍ കണ്ണുകള്‍ ആകാശത്തിലേക്കുയര്‍ത്തുകയല്ല, ഭൂമിയില്‍ ദൃഷ്‌ടികളൂന്നുകയാണ്‌ വേണ്ടതെന്ന പ്രവാചകന്റെ(സ) നിര്‍ദേശം ഈ ആശയത്തിന്റെ പ്രതീകാത്മകമായ വിവരണമായി കണക്കാക്കാം.

ഇങ്ങനെ, ധ്യാനത്തിന്റെ നിശ്ചലതയും കര്‍മത്തിന്റെ ചലനാത്മകതയും ഒരുപോലെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അനുപമമായ ഒരു ആരാധനയാണ്‌ നമസ്‌കാരം. യോഗയുടെയും ധ്യാനത്തിന്റെയും ജീവിതകലയുടെയും ദിക്‌റ്‌ ഹല്‍ഖകളുടെയും എല്ലാ നല്ല ഗുണങ്ങളും അതോടൊപ്പം അതിനപ്പുറം നിരവധി ആത്മീയ ഭൗതിക നന്മകളും ഉള്‍ക്കൊള്ളുന്ന നമസ്‌കാരം കൃത്യമായും ഭയഭക്തിയോടെയും ആചരിക്കുന്ന ഒരു മുസ്‌ലിം ശാരീരികവും മാനസികവുമായ സൗഖ്യവും ശാന്തിയും തേടിക്കൊണ്ട്‌ ഈ പറഞ്ഞ `ആത്മീയ അഭ്യാസങ്ങള്‍ക്കു' പിന്നാലെ പോകേണ്ടതില്ല.

സംഘനമസ്‌കാരത്തിന്റെ മഹത്വം

ഒറ്റക്ക്‌ നമസ്‌കരിക്കുന്നത്‌ അനുവദനീയമാണെങ്കിലും അത്‌ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്‌, മുസ്‌ലിംകള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി സംഘമായി (ജമാഅത്തായി) നമസ്‌കരിക്കണമെന്നാണ്‌ അനുശാസിക്കപ്പെട്ടിട്ടുള്ളത്‌. ലോകമുസ്‌ലിംകളുടെ ആത്മീയകേന്ദ്രമായ മക്കയിലെ കഅ്‌ബയുടെ ദിശയിലേക്ക്‌ (ഖിബ്‌ല) തിരിഞ്ഞുകൊണ്ട്‌ കൃത്യമായി അണികളൊപ്പിച്ച്‌ ഒട്ടും വിടവില്ലാതെ പരസ്‌പരം ചേര്‍ന്നുനിന്നു, ഏകമനസ്സോടും ഏകലക്ഷ്യത്തോടും കൂടി തങ്ങളുടെ നാഥന്റെ മുമ്പില്‍, നിന്നും ഇരുന്നും നമിച്ചും കൊണ്ട്‌ അവര്‍ ഒന്നിച്ചുനമസ്‌കരിക്കുമ്പോള്‍ എന്തെല്ലാം അര്‍ഥതലങ്ങളാണ്‌ അതിന്‌ കൈവരുന്നതെന്നും എന്തെല്ലാം പ്രയോജനങ്ങളും സദ്‌ഫലങ്ങളുമാണ്‌ അതില്‍നിന്ന്‌ ഉത്ഭൂതമാകുന്നതെന്നും എന്തെല്ലാം ദൈവികാനുഗ്രഹങ്ങളാണ്‌ അവരുടെ മേല്‍ വര്‍ഷിക്കുന്നതെന്നും വിവരിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല.

മുസ്‌ലിംകളുടെ മാനസികമായ ഏകീഭാവം, സാമൂഹ്യമായ ഐക്യവും കെട്ടുറപ്പും സമത്വബോധവും, ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകൃതമായ ദിശാബോധം, ആദര്‍ശപരമായ ഒരുമ, സാര്‍വലൗകിക സാഹോദര്യം, ഭിന്നിപ്പിന്റെയും ശൈഥില്യത്തിന്റെയും പ്രവണതകള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധം, പ്രവാചകന്മാരെല്ലാം പ്രബോധനംചെയ്‌ത തൗഹീദിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള സാഹോദര്യത്തിന്റെയും ചരിത്രത്തിലൂടെയുള്ള നൈരന്തര്യത്തിന്റെ പ്രഘോഷണം. പരസ്‌പരമുള്ള ആശയവിനിമയങ്ങള്‍ക്കും പ്രശ്‌നപരിഹാരങ്ങള്‍ക്കുമുള്ള അവസരലഭ്യത, കൂട്ടായ പ്രാര്‍ഥനയിലൂടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാനുള്ള സാധ്യത, അവരുടെ നന്മയ്‌ക്കുവേണ്ടിയുള്ള മലക്കുകളുടെ പ്രാര്‍ഥന.... എന്നിങ്ങനെ പലതും.

ആള്‍ക്കൂട്ടത്തിന്നിടയിലും സ്വന്തമായ ഏകാന്ത പ്രാര്‍ഥന, ഏകാന്ത പ്രാര്‍ഥനയ്‌ക്കിടയിലും താനുള്‍പ്പെടുന്ന സമൂഹത്തെ കുറിച്ചുള്ള ബോധവും ശ്രദ്ധയും -ഈ രണ്ട്‌ അവസ്ഥകളെയും സമഞ്‌ജസമായി സമ്മേളിപ്പിക്കുന്ന അതുല്യവും മനോഹരവുമായ ഒരു കര്‍മമാണ്‌ ജമാഅത്ത്‌ നമസ്‌കാരം.'

ആരോഗ്യപരമായ സദ്‌ഫലങ്ങള്‍

നമസ്‌കാരത്തില്‍ നിന്ന്‌ ആരോഗ്യപരവും വൈദ്യശാസ്‌ത്രപരവുമായ ചില പ്രയോജനങ്ങളും ലഭ്യമാകുന്നുണ്ട്‌. മുന്‍പറഞ്ഞതുപോലെ നമസ്‌കാരത്തിലൂടെ ലഭ്യമാകുന്ന മനശ്ശാന്തിയുടെ ഫലമായി മാനസികാരോഗ്യം വര്‍ധിക്കുകയും അതിലൂടെ ശാരീരികമായ സൗഖ്യവും സുസ്ഥിതിയും ഉണ്ടാവുകയും ചെയ്യുന്നു. മിതവും സ്ഥിരവുമായ ഒരു വ്യായാമം അത്‌ ശരീരത്തിനു പ്രദാനംചെയ്യുന്നു. ഹൃദ്‌രോഗം, രക്തസമ്മര്‍ദം, ആസ്‌ത്‌മ പോലുള്ള ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, കരള്‍രോഗം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, മസ്‌തിഷ്‌ക സ്രാവം തുടങ്ങിയ ചില രോഗങ്ങളുടെ ശമനത്തിന്‌ നമസ്‌കാരം സഹായകമാണ്‌. രക്തചംക്രമണത്തിന്റെ ക്രമീകരണത്തിലൂടെ ശരീരാവയവങ്ങളുടെ ആരോഗ്യസംരക്ഷണം, ഹോര്‍മോണുകളുടെ ഉല്‌പാദനത്തിന്റെയും അളവിന്റെയും ക്രമീകരണം, പേശീ-നാഡീ വ്യവസ്ഥകളുടെ പ്രവര്‍ത്തനക്ഷമത, ചര്‍മസംരക്ഷണം, സൂക്ഷ്‌മമായ ഇന്ദ്രിയ സംവേദനത്വം, ബുദ്ധിയുടെയും ഓര്‍മശക്തിയുടെയും തെളിമ... തുടങ്ങിയ ധാരാളം പ്രയോജനങ്ങള്‍ നമസ്‌കാരം കൊണ്ട്‌ ലഭിക്കുമെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ വിശദീകരിച്ചിട്ടുണ്ട്‌.

വയ്‌ലുന്‍ ലില്‍ മുസ്വല്ലീന്‍

നമസ്‌കാരത്തിന്റെ മഹത്തായ അര്‍ഥങ്ങളുള്‍ക്കൊള്ളാനും പ്രയോജനങ്ങള്‍ നേടാനും നമസ്‌കരിക്കുന്ന എല്ലാ മുസ്‌ലിംകള്‍ക്കും കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്‌. തീര്‍ച്ചയായും ആത്മാര്‍ഥതയോടും ഭക്തിയോടും കൃത്യനിഷ്‌ഠയോടും കൂടി നമസ്‌കാരം നിര്‍വഹിക്കുന്ന വിശ്വാസികള്‍ക്ക്‌ അതിനു കഴിയുന്നുണ്ട്‌. ഇതൊരു അനുഭവസത്യമാണ്‌. എന്നാല്‍ നമസ്‌കരിക്കുന്നവരില്‍ എല്ലാവര്‍ക്കും അത്‌ കഴിയുന്നില്ല. കാരണം, പലരും അലസമായും അശ്രദ്ധമായും ആത്മാര്‍ഥതയില്ലാതെയും നമസ്‌കരിക്കുന്നവരാണ്‌. അവര്‍ക്ക്‌ നമസ്‌കാരത്തിന്റെ ഉദാത്തമായ അര്‍ഥങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അനുഭവവേദ്യമാകുന്നില്ല. അവരെക്കുറിച്ചാണ്‌ അല്ലാഹു ഇങ്ങനെ പറയുന്നത്‌: ``....തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച്‌ അശ്രദ്ധരും (മറ്റുള്ളവരെ) കാണിക്കാനായി (അത്‌) നിര്‍വഹിക്കുന്നവരും പരോപകാരവസ്‌തുക്കള്‍ (ആവശ്യക്കാര്‍ക്ക്‌ കൊടുക്കാതെ) തടഞ്ഞുവെക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക്‌ നാശം!'' (അല്‍മാഊന്‍ 4-7)

ഈ ദൈവവചനങ്ങള്‍ അശ്രദ്ധമായും ആത്മാര്‍ഥതയില്ലാതെയും നമസ്‌കരിക്കുന്നവരെ കാത്തിരിക്കുന്ന കഠിനശിക്ഷയെക്കുറിച്ച്‌ താക്കീത്‌ ചെയ്യുക മാത്രമല്ല, ആത്മാര്‍ഥവും ഭക്തിപൂര്‍ണവുമായ നമസ്‌കാരം അത്‌ അനുഷ്‌ഠിക്കുന്നവരില്‍ മനുഷ്യസ്‌നേഹവും സാമൂഹ്യബോധവും പരോപകാരതല്‌പരതയും വളര്‍ത്തുമെന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു. അതും നമസ്‌കാരത്തിന്റെ സൂക്ഷ്‌മാര്‍ഥങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. അത്തരത്തില്‍ നമസ്‌കാരം അനുഷ്‌ഠിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാനാകട്ടെ നമ്മുടെ ശ്രമം.

by ഡോ. ഇ കെ അഹ്‌മദ്‌കുട്ടി @ ശബാബ് വാരിക

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts