ഭൂകമ്പങ്ങളും സുനാമികളും ഉണ്ടാകുമ്പോള്‍

ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ ജപ്പാനില്‍ മാര്‍ച്ച്‌ പതിനൊന്നിനുണ്ടായ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും ഇനിയുമുണ്ടാകാന്‍ സാധ്യതയുള്ള അനന്തര സംഭവവികാസങ്ങളിലും നടുങ്ങി നില്‍ക്കുകയാണ്‌ ലോകം. ഭൂകമ്പങ്ങളുടെയും അഗ്നിപര്‍വതങ്ങളുടെയും നാട്‌ എന്നറിയപ്പെടുന്ന ജപ്പാന്‍ പക്ഷേ,

കഴിഞ്ഞ 100 വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടായ ഏറ്റവും വലിയ ഭൂമികുലുക്കത്തില്‍ വന്‍ നാശനഷ്‌ടങ്ങള്‍ക്ക്‌ വിധേയമായി. റിക്‌ടര്‍ സ്‌കെയിലില്‍ ഒന്‍പത്‌ രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിലും തുടര്‍ന്നുണ്ടായ സുനാമിത്തിരമാലയിലും പതിനായിരങ്ങള്‍ മരണപ്പെട്ടു. നാല്‌പത്‌ ലക്ഷം വീടുകള്‍ നാമാവശേഷമായി. നഷ്‌ടമെത്ര കോടിയാണെന്ന്‌ കണക്കാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഉണ്ടായ നാശനഷ്‌ടങ്ങള്‍ പൂര്‍വസ്ഥിതി പ്രാപിക്കണമെങ്കില്‍ പത്ത്‌ വര്‍ഷമെങ്കിലുമെടുക്കുമെന്നാണ്‌ വിദഗ്‌ധ മതം. സംഭവിച്ചുകഴിഞ്ഞ ഭൂമികുലുക്കത്തേക്കാള്‍ ജപ്പാനും ലോകം മുഴുവനും ഭയക്കുന്നത്‌, ലോകത്തില്‍ ഏറ്റവും മികച്ച ആറ്റം റിയാക്‌ടറുകളിലൊന്നായ ഫുക്കുഷിമ ആണവകേന്ദ്രത്തിലെ റിയാക്‌ടറുകള്‍ ഇനിയും പൊട്ടിത്തെറിക്കുമോ എന്ന കാര്യത്തിലാണ്‌. കൂനിന്‍മേല്‍ കുരുവെന്നോണം ജപ്പാനിലെ ഷിന്‍മൊഡാകെ അഗ്നിപര്‍വതവും പൊട്ടിത്തെറിച്ച്‌ നാശം വിതച്ചുകൊണ്ടിരിക്കുന്നു!

വലുപ്പംകൊണ്ട്‌ ലോകത്തിലെ ചെറിയ രാജ്യങ്ങളിലൊന്നായ ജപ്പാന്‍ യഥാര്‍ഥത്തില്‍ കടലിന്‍നടുവിലുള്ള ഒരു ദ്വീപ്‌സമൂഹമാണ്‌. അര്‍പ്പണബോധത്തിലും കര്‍മകുശലതയിലും ആത്മവിശ്വാസത്തിലും ആത്മാര്‍ഥതയിലും മികച്ചുനില്‍ക്കുന്ന ഒരു സമൂഹമാണ്‌ ജപ്പാന്‍ ജനത. ഒന്നാം ലോകമഹായുദ്ധത്തിന്റെ ക്ഷീണം മാറുന്നതിനു മുന്‍പേ വന്നുപെട്ട രണ്ടാംലോകമഹായുദ്ധത്തിലും ജപ്പാന്‍ നിര്‍ണായക കക്ഷിയായിരുന്നു. യുദ്ധമുഖത്ത്‌ `അടിച്ചുകയറിയ' ജപ്പാനെ തളയ്‌ക്കാന്‍ അമേരിക്ക ലോകചരിത്രത്തിലെ ഏറ്റവും വലിയ കടുംകൈ ചെയ്‌തു. 1945 ആഗസ്‌തില്‍ അടുത്തടുത്ത ദിവസങ്ങളിലായി ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ്‌ വര്‍ഷിച്ചു. നിലംപരിശായ ജപ്പാന്‍ യുദ്ധമുഖത്ത്‌ നിന്ന്‌ പിന്‍മാറി. രണ്ടുലക്ഷത്തിലേറെ മനുഷ്യജീവന്‍ വെന്തുമരിച്ച ആ ദുരന്തഭൂമിയിലെ അണുവികിരണം അടുത്ത തലമുറകളിലേക്കു പോലും നീണ്ടുചെന്നു. പതിനായിരക്കണക്കിന്‌ വികലാംഗരായ മക്കള്‍ പിന്നീട്‌ ജനിച്ചുവെന്നതാണ്‌ നേര്‌. തകര്‍ന്നടിഞ്ഞ ഈ ചാരക്കൂമ്പാരത്തില്‍ നിന്ന്‌ `ഐതിഹ്യത്തിലെ ഫീനിസ്‌ക്‌സ്‌ പക്ഷി'യെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ജപ്പാന്‍ അഞ്ചാറു പതിറ്റാണ്ടുകള്‍ കൊണ്ട്‌ ലോകത്തിന്റെ നെറുകയില്‍ വികസനമികവുമായി എഴുന്നേറ്റുനില്‍ക്കാന്‍ പ്രാപ്‌തമായത്‌ ആ ജനതയുടെ നിശ്ചയ ദാര്‍ഢ്യവും അവരെ നയിച്ചവരുടെ ദീര്‍ഘവീക്ഷണവും കൊണ്ടാണ്‌. ഇക്കാര്യത്തില്‍ ജപ്പാന്‍ ലോകത്തിനു മാതൃകയാണെന്നതു പോലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലും തങ്ങള്‍ മുന്‍പന്തിയിലാണെന്ന്‌ അവര്‍ ഇപ്പോഴത്തെ സംഭവത്തിലും തെളിയിച്ചിരിക്കുകയാണ്‌.

`ഹിരോഷിമ'യില്‍ ബാഹ്യശക്തികള്‍ ആറ്റം ബോംബ്‌ വര്‍ഷിപ്പിച്ചതായിരുന്നുവെങ്കില്‍ ഫുക്കുഷിമയില്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത അതിശക്തമായ ആണവോര്‍ജ റിയാക്‌ടറുകളുടെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ്‌. ഇതെഴുതുമ്പോള്‍ ഫുക്കുഷിമയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു എന്ന വാര്‍ത്തയാണ്‌ കേള്‍ക്കുന്നത്‌.

ഭൂകമ്പങ്ങളുടെയും സുനാമികളുടെയും മറ്റു `പ്രകൃതിക്ഷോഭ'ങ്ങളുടെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനോഗതി എന്താണ്‌ എന്നാലോചിക്കേണ്ടതല്ലേ? അത്‌ അവിടെയല്ലേ? നമ്മെ അത്‌ നേരിട്ടു ബാധിക്കില്ലല്ലോ എന്ന നിസ്സംഗത ചിലരിലെങ്കിലും കണ്ടേക്കാം. എന്നാല്‍ അത്യാധുനിക ശാസ്‌ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ഈ ഭൂകമ്പം ജപ്പാനിന്റെ മാത്രം പ്രശ്‌നമായി ഒതുങ്ങുന്നില്ല. നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്ന നാല്‌ ഭൂഫലകങ്ങളുടെ മുകളിലാണ്‌ ജപ്പാന്‍ ഉള്‍ക്കൊള്ളുന്ന ഭൗമഖണ്ഡം നിലകൊള്ളുന്നത്‌. ആയതിനാല്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണിത്‌. ഇപ്പോള്‍ സംഭവിച്ച ഭൂകമ്പത്താല്‍ ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്ന്‌ പത്ത്‌ സെന്റിമീറ്റര്‍ വ്യതിചലിച്ചു എന്നാണ്‌ വാര്‍ത്തകളില്‍ കാണുന്നത്‌. അച്ചുതണ്ട്‌ ഒരു മൂര്‍ത്തമായ സാധനമല്ല; സാങ്കല്‌പികമാണ്‌.

എന്നാല്‍ ഭൂമിയുടെ സ്ഥാനം യഥാര്‍ഥമാണ്‌. ജപ്പാന്‍ ദ്വീപ്‌സമൂഹത്തിന്റെ പ്രധാനദ്വീപിന്‌ എട്ടടിയോളം സ്ഥാനചലനം സംഭവിച്ചു എന്നും ശാസ്‌ത്രലോകം സ്ഥിരീകരിക്കുന്നു. ഇതിന്നര്‍ഥമെന്താണ്‌? സംഭവിച്ചത്‌ നിരീക്ഷിച്ചറിയാന്‍ സാധിക്കുമെന്നല്ലാതെ ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. പ്രപഞ്ച ചംക്രമണത്തിലോ സംഭവവികാസങ്ങളിലോ മനുഷ്യന്‌ യാതൊരു പങ്കുമില്ല. സൃഷ്‌ടികളില്‍ അത്യുന്നതനും അതിശക്തനുമായ മനുഷ്യന്‍ സാക്ഷാല്‍ സ്രഷ്‌ടാവായ ദൈവത്തിന്റെ മുന്നില്‍ തികച്ചും നിസ്സാരനും നിസ്സഹായനുമാണ്‌.

`പ്രകൃതിക്ഷോഭം' എന്നു നാം വിളിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെപ്പറ്റി ഒരു സത്യവിശ്വാസി എന്ന നിലയില്‍ നമ്മുടെ മനോഭാവമെന്തായിരിക്കണം എന്നതും ചിന്താവിഷയമാണ്‌. പ്രപഞ്ചത്തെയാകമാനം സംവിധാനിച്ച്‌ പരിപാലിച്ചുപോരുന്ന സ്രഷ്‌ടാവായ അല്ലാഹുവിന്‌ ഇതെല്ലാം നിമിഷനേരം കൊണ്ട്‌ മാറ്റിമറിക്കാനും പ്രയാസമില്ല. ഇവിടെ സ്വസ്ഥമായും സുഖമായും ജീവിക്കാന്‍ സൗകര്യപ്പെട്ടു എന്നതിന്‌ നാം അല്ലാഹുവിനെ സ്‌തുതിക്കണം. കുന്നും മലയും കരയും കടലും ചതുപ്പും മരുഭൂമിയും കാടും പുഴയും ചേര്‍ന്ന ഭൂമി. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ക്ഷീരപഥങ്ങളും ചേര്‍ന്ന നമുക്കറിയാത്ത കണ്ണെത്താ ദൂരത്തുള്ള ആകാശം. ഭൂമിയില്‍ മാത്രം ജീവന്‍. ദശലക്ഷക്കണക്കിന്‌ ജന്തുജാലങ്ങള്‍. അവയിലൊന്നായ മനുഷ്യന്‍. എന്നാല്‍ മനുഷ്യന്‍ മാത്രം മറ്റെല്ലാത്തിനും ഉപരി, എല്ലാറ്റിനെയും നിയന്ത്രിച്ച്‌ വരുതിയില്‍ നിര്‍ത്തുന്നു. വിശേഷബുദ്ധിയാണതിനു കാരണം. അതുകൊണ്ടു തന്നെ അവന്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടവനാണ്‌. ചോദ്യം ചെയ്യപ്പെടുന്നവനും. നിന്നും ഇരുന്നും കിടന്നും ദൈവത്തിന്റെ മഹത്വത്തെപ്പറ്റി ഓര്‍ക്കുന്നവനാണ്‌ യഥാര്‍ഥ ബുദ്ധിമാന്‍ എന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. (3:191)

വെള്ളം, വായു, മണ്ണ്‌ ഇതെല്ലാം മനുഷ്യന്റെ ജീവിതത്തിന്‌ അത്യാവശ്യമാണ്‌. ഇവയുടെ ആധിക്യമോ ദൗര്‍ലഭ്യമോ മനുഷ്യന്‌ സഹിക്കാന്‍ കഴിയില്ല. വെള്ളം, വായു, മണ്ണ്‌ എന്നീ അടിസ്ഥാന ആവശ്യങ്ങളുടെ അതിരുകവിഞ്ഞ രൂപമല്ലേ പ്രളയം, കൊടുങ്കാറ്റ്‌, ഭൂമികുലുക്കം എന്നിവ! സത്യനിഷേധത്തിന്റെ മൂര്‍ത്തീഭാവമായ മുന്‍കാല സമൂഹങ്ങളില്‍ ചിലതിനെ അല്ലാഹു നശിപ്പിച്ചത്‌ ഈ വക പ്രകൃതി പ്രതിഭാസങ്ങള്‍ കൊണ്ടായിരുന്നുവല്ലോ. അന്തരീക്ഷത്തിലുറഞ്ഞു കൂടുന്ന ഇടിയും മിന്നലും മനുഷ്യജീവിതത്തിന്‌ അനിവാര്യമായ ഘടകങ്ങള്‍ ഉല്‌പാദിപ്പിക്കാന്‍ ഭൂമിക്കാവശ്യമാണ്‌. അതേ ഇടിനാദം ശിക്ഷയായി ഇറക്കപ്പെട്ടതായി ഖുര്‍ആന്‍ (41:13,17) ചൂണ്ടിക്കാണിക്കുന്നു.

വാനഭൗമ പ്രതിഭാസങ്ങള്‍ക്ക്‌ ശാസ്‌ത്രീയമായി കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത കാലത്ത്‌ പ്രവാചകന്‍(സ) കാറ്റടിച്ചുവീശുമ്പോഴും ഗ്രഹണം സംഭവിക്കുമ്പോഴും ഇടിമിന്ന്‌ വെട്ടിത്തിളങ്ങുമ്പോഴുമൊക്കെ അല്ലാഹുവോട്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ ഈ കാറ്റിലടങ്ങിയ നന്മയും അതെന്തിന്‌ നിയോഗിക്കപ്പെട്ടുവോ അതിലുള്ള നന്മയും ഞാന്‍ നിന്നോട്‌ തേടുന്നു. അല്ലാഹുവേ, ഈ കാറ്റിലടങ്ങിയ തിന്മയില്‍ നിന്നും അതെന്തിന്‌ നിയോഗിക്കപ്പെട്ടുവോ അതിലുള്ള തിന്മയില്‍ നിന്നും ഞാന്‍ നിന്നോട്‌ രക്ഷതേടുന്നു. (മുസ്‌ലിം, തിര്‍മിദി)

സയന്‍സിന്റെയും ടെക്‌നോളജിയുടെയും നെറുകയില്‍ നില്‍ക്കുന്ന ഇന്നും നമുക്ക്‌ അതിലപ്പുറം എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ചിന്തിക്കുക. വിനയാന്വിതരാവുക, പ്രാര്‍ഥിക്കുക. ഓരോ സംഭവങ്ങളും നമുക്ക്‌ പാഠമായിത്തീരട്ടെ. അന്താരാഷ്‌ട്ര തലത്തില്‍ ദുരന്തബാധിതര്‍ക്ക്‌ സഹായമെത്തിക്കട്ടെ. മനുഷ്യസഹോദരങ്ങള്‍ എന്ന നിലയില്‍ നമുക്ക്‌ അവരുടെ വിഷമത്തില്‍ പങ്കുചേരാം.

from shabab editorial

ശിപാര്‍ശകര്‍ രക്ഷിക്കുമെന്ന പ്രതീക്ഷ

സാക്ഷാല്‍ ദൈവത്തില്‍ പങ്കുകാരായി കല്‌പിക്കുന്ന ആരാധ്യരെല്ലാം ഭക്തന്മാര്‍ക്കു വേണ്ടി ദൈവത്തിന്റെയടുക്കല്‍ ശിപാര്‍ശ ചെയ്യുമെന്നാണ്‌ ബഹുദൈവാരാധകര്‍ വിശ്വസിക്കുന്നത്‌. എക്കാലത്തും ഈ വിശ്വാസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ ബഹുദൈവ വിശ്വാസികള്‍ കഴിഞ്ഞുപോരുന്നത്‌. യഥാര്‍ഥ ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ച ബോധമില്ലായ്‌മയും ദൈവകാരുണ്യത്തിലുള്ള നിരാശയും ഒരുപോലെ ഇതിനു കാരണമായിട്ടുണ്ട്‌. മുഹമ്മദ്‌ നബി പ്രബോധനം ചെയ്‌തിരുന്ന മക്കയിലെ ബഹുദൈവാരാധകര്‍ വെച്ചുപുലര്‍ത്തിയിരുന്ന വിശ്വാസം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പരിചയപ്പെടുത്തുന്നു: ``അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശിപാര്‍ശകരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു'' (10:18). ഇത്തരം ശിപാര്‍ശകരെ ഇടയാളന്മാരായി ആരാധിക്കാന്‍ വേണ്ടി അല്ലാഹു നിശ്ചയിച്ചിട്ടില്ലെന്ന്‌ തുടര്‍ന്ന്‌ പറയുന്നു: ``നബിയേ പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്‌ അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.'' (10:18)

ബഹുദൈവാരാധന സൃഷ്‌ടിക്കുന്ന ഏറ്റവും വലിയ അപചയങ്ങളില്‍ ഒന്നാണ്‌ ശുപാര്‍ശകരിലുള്ള അബദ്ധവിശ്വാസം. യഥാര്‍ഥ ദൈവത്തിന്റെയടുക്കല്‍ രക്ഷകിട്ടാത്ത പല കാര്യങ്ങളും ഇഹത്തിലും പരത്തിലും ഈ ശുപാര്‍ശകര്‍ ഭക്തര്‍ക്കു വേണ്ടി നേടിക്കൊടുക്കുമെന്നാണ്‌ ഈ വിശ്വാസത്തിന്റെ താല്‌പര്യം. ഇത്‌, മനുഷ്യജീവിതത്തില്‍ നിന്ന്‌ തിന്മകള്‍ തടയുന്നതിന്‌ തടസ്സമായി നില്‍ക്കുന്നു. ദൈവത്തിന്‌ ഇഷ്‌ടപ്പെടാത്ത ഏത്‌ തിന്മകളും ശുപാര്‍ശകരില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്‌ ഭക്തന്മാര്‍ ചെയ്‌തുകൂട്ടുന്നു. പ്രപഞ്ചനാഥനായ ദൈവത്തെ സ്വാധീനങ്ങള്‍ക്ക്‌ വശംവദനാകുന്ന ദുനിയാവിലെ രാജാവിനോട്‌ സാദൃശ്യപ്പെടുത്തുന്ന ഈ വിശ്വാസം മറ്റു പല തെറ്റായ സങ്കല്‌പങ്ങളിലേക്കും മനുഷ്യനെ എത്തിക്കുന്നു. ഇഹത്തില്‍ പല കാര്യങ്ങളും നേട്ടങ്ങളും പെട്ടെന്ന്‌ നേടിത്തരാന്‍ ശുപാര്‍ശകര്‍ക്കാവുമെന്ന്‌ വിശ്വസിക്കുന്നതിനാല്‍ ദൈവത്തെ പൂര്‍ണമായും വിസ്‌മരിച്ച്‌ ശിപാര്‍ശകരെ മാത്രം ആരാധനയും പ്രാര്‍ഥനയും നേര്‍ച്ചയും കാണിക്കകളും വഴി സ്വാധീനിക്കാന്‍ ഭക്തന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവയ്‌ക്ക്‌ സമര്‍പ്പിക്കുന്ന നേര്‍ച്ച കാഴ്‌ചകളും ദ്രവ്യങ്ങളുമെല്ലാം ഒരര്‍ഥത്തില്‍ ദൈവത്തിനുള്ള കോഴയായി മാറുന്നു. ഇത്‌ ദൈവത്തിന്റെ എല്ലാ മഹത്വവും ഇടിച്ചുതാഴ്‌ത്തുന്നതാണ്‌.

ഹൈന്ദവ പുരാണങ്ങളില്‍ ഇങ്ങനെ സ്വാധീനത്തിന്‌ വശംവദരായി കാര്യങ്ങള്‍ നേടിക്കൊടുക്കുകയും ശത്രുവിനെ നിഗ്രഹിക്കുകയും മിത്രത്തെ സംരക്ഷിക്കുകയും ചെയ്യുന്ന കഥകള്‍ സുലഭമാണ്‌. ക്രൈസ്‌തവസമൂഹം പുണ്യാളന്മാരെയും കാലാകാലങ്ങളില്‍ വാഴ്‌ത്തപ്പെട്ടവരെയും ശുപാര്‍ശകരായി സ്വീകരിക്കുകയും തങ്ങളുടെ പാപങ്ങളും കുറ്റങ്ങളും ഇവരോട്‌ ഏറ്റുപറഞ്ഞ്‌ പരിഹരിക്കപ്പെടുമെന്ന്‌ കരുതുകയും ചെയ്യുന്നു. പുരോഹിതന്മാരുടെ മുമ്പിലുള്ള കുമ്പസാരവും ദൈവത്തിന്റെ അടുക്കലേക്കുള്ള ശുപാര്‍ശ തന്നെ. ഇതിനെല്ലാം പുറമെ യേശുവിനെക്കുറിച്ച വിശ്വാസവും തിന്മകളില്‍ നിന്ന്‌ മാറിനില്‍ക്കുന്നതിന്‌ തടസ്സമായി മാറുന്നുണ്ട്‌. പാപപരിഹാരാര്‍ഥം ക്രിസ്‌തു കുരിശുമരണം വരിച്ചതോടെ അദ്ദേഹത്തില്‍ വിശ്വസിക്കുന്നവരെല്ലാം രക്ഷപ്പെട്ടുവെന്നതാണ്‌ ഇവരുടെ വിശ്വാസം. ശൈഖ്‌ മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനിയെക്കുറിച്ച്‌ മുസ്‌ലിം സമൂഹം വെച്ചുപുലര്‍ത്തുന്ന വിശ്വാസവും ഇങ്ങനെ തന്നെ. പാപങ്ങള്‍ എത്ര ചെയ്‌താലും ഇഹത്തിലും പരത്തിലും അദ്ദേഹം തുണയായി വരുമെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. ശൈഖ്‌ അവര്‍കളെക്കുറിച്ച്‌ പാടുന്ന കാവ്യത്തിലെ വരികള്‍ നോക്കുക.

എന്റെ മുരീദാരും നരകത്തിലില്ലെന്ന്‌
നരകത്തെ കാക്കും മലക്ക്‌ പറഞ്ഞോവര്‍

ശൈഖിന്റെ ഭക്തന്മാര്‍ നരകത്തില്‍ ഇല്ലെന്ന്‌ വരുന്നത്‌ അവരുടെ സുകൃതം കൊണ്ടല്ല, പ്രത്യുത ശൈഖിന്റെ മുരീദ്‌ (ഭക്തന്‍) ആയതുകൊണ്ട്‌, അദ്ദേഹത്തിന്റെ മഹത്വവും നന്മയും കൊണ്ട്‌ അവര്‍ രക്ഷപ്പെടുകയാണെന്നാണ്‌ തുടര്‍ന്നുള്ള വരികളിലുള്ളത്‌.

എന്റെ മുരീദാരും നല്ലവരല്ലെങ്കില്‍
എപ്പോഴും നല്ലവന്‍ ഞാനെന്ന്‌ ചൊന്നോവര്‍

ഇത്തരമൊരു ശുപാര്‍ശാവിശ്വാസം ജീവിതത്തില്‍ എന്തുതരം പ്രതികരണമാണുണ്ടാക്കുകയെന്ന്‌ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ്‌ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന്‌ അല്ലാഹു ജനങ്ങളോട്‌ ആവശ്യപ്പെടുമ്പോള്‍, അതിനു കാരണമായി, ജീവിതത്തില്‍ ഭക്തിയും ധര്‍മനിഷ്‌ഠയുമുണ്ടാകാന്‍ വേണ്ടി എന്ന്‌ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നത്‌. ``ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷി(ച്ച്‌ ജീവി)ക്കാന്‍ വേണ്ടിയത്രെ അത്‌.'' (വി.ഖു 2:21) ഇഹലോകത്ത്‌ മാത്രമല്ല പരലോകജീവിതത്തിലും ഈ ശുപാര്‍ശകര്‍ ഒരു ഉപകാരവും ചെയ്യില്ല. അത്തരമൊരു വിശ്വാസത്തിന്‌ മാത്രമേ ജീവിതത്തെ വിമലീകരിക്കാനാവുകയുള്ളൂ. ബഹുദൈവാരാധനയുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളിലേക്ക്‌ വിരല്‍ചൂണ്ടിക്കൊണ്ട്‌ ഖുര്‍ആന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: ``തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ ഒരുമിച്ചു കൂട്ടപ്പെടുമെന്ന്‌ ഭയപ്പെടുന്നവര്‍ക്ക്‌ ഇത്‌ (ദിവ്യബോധനം) മുഖേന നീ താക്കീത്‌ നല്‌കുക. അവന്‌ പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്‌മത പാലിക്കുന്നവരായേക്കാം.'' (6:51)

തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തം തനിക്കു തന്നെയാണെന്ന വിശ്വാസത്തിനു മാത്രമേ മനുഷ്യനെ നന്നാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ശുപാര്‍ശകരും രക്ഷകരുമായി മറ്റുപലരെയും കണ്ടുവെക്കുന്നവര്‍ക്ക്‌ അവിഹിതമായത്‌ ചെയ്യാന്‍ പ്രയാസമുണ്ടാവുകയില്ല. അതിനാല്‍ ബഹുദൈവാരാധകരുടെ ഇത്തരം ധാരണകളെ ഇസ്‌ലാം തിരുത്തുന്നു. സ്വന്തം ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്‌ അവനവന്റെ കര്‍മങ്ങളാണെന്ന്‌ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു (17:13). ഒരണുത്തൂക്കം നന്മ ചെയ്‌താല്‍ അതിന്റെ പ്രതിഫലവും ഒരണുത്തൂക്കം തിന്മയാണ്‌ ചെയ്‌തതെങ്കില്‍ അതിന്റെ ശിക്ഷയും ഓരോരുത്തരും അനുഭവിക്കേണ്ടിവരുമെന്നതാണ്‌ ഇസ്‌ലാമിന്റെ തത്വം (99:7,8). സാക്ഷാല്‍ ദൈവത്തിനു പുറമെ രക്ഷകരെയും ശുപാര്‍ശകരെയും സ്വീകരിച്ച്‌ വണങ്ങുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ ജീവിതരംഗത്ത്‌ ദൈവഭയത്താല്‍ സൂക്ഷ്‌മത പുലര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നില്ല. പ്രത്യുത, ദൈവത്തോട്‌ ധിക്കാരം കാണിച്ചാലും ശുപാര്‍ശകര്‍ രക്ഷപ്പെടുത്തുമെന്ന്‌ വിശ്വസിച്ച്‌ സമാധാനമടയുന്നു.

ബുദ്ധിശൂന്യം

ബഹുദൈവവിശ്വാസം ബുദ്ധിപരമായ ഒരു നിലപാടല്ല. തികച്ചും ബുദ്ധിശൂന്യവും അര്‍ഥരഹിതവുമായ ഒരു കാര്യം മാത്രം. ഒരു വിജ്ഞാനത്തിന്റെയോ അന്വേഷണത്തിന്റെയോ ഫലവുമല്ല. ഈ പ്രപഞ്ചം ഏകനായ ഒരു സ്രഷ്‌ടാവിന്റെ പ്രവര്‍ത്തനമാണെന്നത്‌ ലളിതമായ ഒരു ചിന്തയുടെയും ബുദ്ധിയുടെയും താല്‌പര്യം മാത്രമാണ്‌. പ്രപഞ്ചത്തിനു പിന്നിലെ താളപ്പൊരുത്തവും ഐക്യവും ഇത്‌ മനസ്സിലാക്കിത്തരുന്നു. സൃഷ്‌ടിപ്രപഞ്ചത്തിനു പിന്നില്‍ ഒന്നിലേറെ സ്രഷ്‌ടാക്കളെയോ നിയന്താക്കളെയോ സങ്കല്‌പിക്കുക എന്നത്‌ മനുഷ്യബുദ്ധി അംഗീകരിക്കുന്ന കാര്യമല്ല. പ്രപഞ്ച സംവിധാനത്തോടും ഘടനയോടും യോജിക്കുന്ന കാര്യവുമല്ല. വിശുദ്ധ ഖുര്‍ആന്റെ ഒരു ചോദ്യം വളരെ പ്രസക്തമാണ്‌: ``ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്‌ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തില്‍ സംശയമോ?'' (14:10). ബഹുദൈവാരാധകര്‍ പോലും ഏകദൈവവിശ്വാസം അവകാശപ്പെടുന്നവരാണ്‌. അവര്‍ അംഗീകരിക്കുന്ന ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ്‌ അവരെ ഏകദൈവാരാധനയിലേക്ക്‌ ഖുര്‍ആന്‍ ക്ഷണിക്കുന്നത്‌. സാക്ഷാല്‍ ദൈവത്തിനു പുറമെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരോട്‌ ഖുര്‍ആന്‍ ചോദിക്കുന്നത്‌ നോക്കുക: ``ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്കാഹാരം നല്‍കുന്നതാരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്‌ചയും അധീനപ്പെടുത്തുന്നത്‌ ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന്‌ ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന്‌ ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ ചോദിക്കുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്‌മത പാലിക്കുന്നില്ലേ? (വി.ഖു 10:31) പ്രപഞ്ചത്തിന്റെ സൃഷ്‌ടി-സ്ഥിതി കാര്യങ്ങളെല്ലാം ഏകനായ ദൈവത്തിന്റെ മാത്രം പ്രവര്‍ത്തനങ്ങളാണെന്ന്‌ ഇതര ദൈവങ്ങളെ പൂജിക്കുന്നവരും സമ്മതിക്കുന്നുവെന്നാണ്‌ ഇവിടെ പറയുന്നത്‌.

മനുഷ്യ പ്രകൃതിക്കും ബുദ്ധിക്കും ഈ ഏകദൈവത്വം പെട്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌. അതുകൊണ്ടാണ്‌, പ്രവാചകനായ യൂസുഫ്‌(അ) തന്റെ കൂടെ ജയിലില്‍ കഴിച്ചുകൂട്ടിയ രണ്ട്‌ കൂട്ടുകാരോട്‌ ഇങ്ങനെ ചോദിക്കുന്നത്‌: ``വ്യത്യസ്‌ത രക്ഷാധികാരികളാണോ ഉത്തമം. അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ?'' (12:39) ഇതിനെ തുടര്‍ന്ന്‌ അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ നിരര്‍ഥകത അദ്ദേഹം അവരെ ബോധ്യപ്പെടുത്തുന്നു: ``അവന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്‌തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല.'' (12:40)

ഒന്നിലേറെ ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ പരസ്‌പരം കിടമത്സരവും അധികാരമേല്‍ക്കോയ്‌മയും കാണിക്കാന്‍ ഇടയുണ്ടെന്ന്‌ വ്യക്തം. ഹൈന്ദവപുരാണങ്ങളില്‍ ഇത്തരം ദേവലോക കഥകള്‍ സുലഭമാണ്‌. ബ്രഹ്‌മാവും വിഷ്‌ണുവും ശിവനുമെല്ലാം പരസ്‌പരം വഴക്കും സംഘട്ടനവുമുണ്ടാക്കിയതായി പുരാണങ്ങളില്‍ കാണാം. പ്രസിദ്ധമായ ത്രിശങ്കു സ്വര്‍ഗത്തിന്റെ കഥയും ഇത്തരത്തിലൊന്നുതന്നെ, ഇതിലേക്ക്‌ വിരല്‍ചൂണ്ടിക്കൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നോക്കുക: ``അല്ലാഹുവോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്‌ടിച്ചതുമായി പോയ്‌ക്കളയും. അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!'' (23:91)

ഒന്നിലേറെ ദൈവങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടായാല്‍ ഈ പ്രപഞ്ചത്തിന്റെ കാര്യമെല്ലാം അവതാളത്തിലാവുകയും പ്രപഞ്ചത്തിന്റെ നാശത്തിനു തന്നെ അതു കാരണമാവുകയും ചെയ്യും. അല്ലാഹു പറയുന്നത്‌ നോക്കുക: ``ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത്‌ രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍, സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാകുന്നു!''(21:22). അധികാരപ്രശ്‌നം ദൈവങ്ങള്‍ക്കിടയില്‍ സംഘട്ടനത്തിന്‌ അവസരമുണ്ടാക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ 17:42ല്‍ സൂചിപ്പിക്കുന്നു.

കര്‍മങ്ങള്‍ നിഷ്‌ഫലം

കര്‍മനിരതമായ ഒരു ജീവിതമാണ്‌ ഇസ്‌ലാം മനുഷ്യന്‌ വിഭാവനം ചെയ്യുന്നത്‌. ഐഹികജീവിതം കര്‍മങ്ങളുടെ ലോകവും പാരത്രികജീവിതം പ്രതിഫലം അനുഭവിക്കുന്ന ലോകവുമാണ്‌. ഇഹലോക ജീവിതത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌, ``നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന്‌ പരീക്ഷിക്കാന്‍ വേണ്ടി'' (67:2) എന്നാണ്‌. അപ്പോള്‍, ജീവിതവിജയത്തിന്‌ നിദാനം ഐഹികജീവിതത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയെന്നതാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം മരണാനന്തര ജീവിതത്തില്‍ മനുഷ്യന്‌ ഉപകാരപ്പെടണമെങ്കില്‍ അത്‌ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ടു മാത്രമായിരിക്കണമെന്നത്‌ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന കാര്യമാണ്‌. ലൗകികമോ ഭൗതികമോ ആയ താല്‌പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യമായിരിക്കുമെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രതിഫലം നല്‍കുന്നവന്‍ പ്രപഞ്ചനാഥനായതു കൊണ്ട്‌ അവന്റെ തൃപ്‌തി മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള കര്‍മങ്ങള്‍ക്ക്‌ മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂവെന്ന്‌ വ്യക്തം. ബഹുദൈവാരാധന എന്നത്‌, സാക്ഷാല്‍ ദൈവത്തിനു മാത്രം സമര്‍പ്പിക്കേണ്ട കാര്യങ്ങള്‍ ദൈവേതരന്മാര്‍ക്ക്‌ സമര്‍പ്പിക്കുക എന്നതാണല്ലോ. അതുകൊണ്ടു തന്നെ അവരുടെ എല്ലാ കര്‍മങ്ങളും തീര്‍ത്തും നിഷ്‌ഫലമായിരിക്കും. ദൈവദൂതനായ മുഹമ്മദ്‌ നബിയെ തന്നെ സംബോധന ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുന്നത്‌ ശ്രദ്ധേയമാണ്‌: ``(അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്‌ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്‌ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (39:65). മുഹമ്മദ്‌ നബിക്ക്‌ മുമ്പ്‌ വന്നുപോയ പ്രവാചകന്മാരോടും ഇതുപോലെ കര്‍മങ്ങള്‍ നിഷ്‌ഫലമാകുമെന്ന്‌ അല്ലാഹു അറിയിച്ചിട്ടുണ്ട്‌. (6:88)

സാമൂഹിക സേവനപ്രവര്‍ത്തനങ്ങളും മനുഷ്യോപകാര പ്രദമായ പ്രവര്‍ത്തനങ്ങളും നിരന്തരം ചെയ്‌തുകൊണ്ടിരിക്കുന്ന ധാരാളം ആളുകളുണ്ട്‌. അവരുടെ കര്‍മങ്ങളെല്ലാം മരണാനന്തര ജീവിതത്തില്‍ പ്രതിഫലാര്‍ഹമായി മാറണമെങ്കില്‍ അവര്‍ ഏകദൈവ വിശ്വാസികളും ഏകദൈവാരാധകരുമായിരിക്കണമെന്നത്‌ കണിശതയുള്ള കാര്യമാണ്‌. ഇസ്‌ലാമിന്‌ മുമ്പുണ്ടായിരുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു അബ്‌ദുല്ലാഹിബ്‌നു ജുദ്‌ആന്‍. ഇദ്ദേഹം കുടുംബബന്ധം ചേര്‍ക്കുകയും പാവപ്പെട്ടവരെ ഊട്ടുകയുമെല്ലാം ചെയ്‌തിരുന്നു. ഇത്‌ അദ്ദേഹത്തിന്‌ മരണാനന്തരം ഉപകരിക്കുമോ എന്ന്‌ ചോദിച്ച പ്രവാചകപത്‌നി ആഇശ(റ)യോട്‌ തിരുദൂതര്‍ പറഞ്ഞത്‌: ``ഇല്ല, അദ്ദേഹമൊരിക്കലും അല്ലാഹുവോട്‌ പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരണമേ എന്ന്‌ പ്രാര്‍ഥിച്ചിട്ടില്ല'' (മുസ്‌ലിം) എന്നാണ്‌. അപ്പോള്‍ മുഴുവന്‍ കര്‍മങ്ങളും നിഷ്‌ഫലമാക്കിക്കളയുന്ന അതീവ ഗുരുതരമായ പാപമായി ബഹുദൈവാരാധനയെ ഇസ്‌ലാം കാണുന്നു. ബഹുദൈവാരാധനയുടെ അടിത്തറയില്‍ സ്ഥാപിതമായിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും തുടങ്ങി മനുഷ്യന്‌ ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ദൈവത്തിങ്കല്‍ സ്വീകാര്യമല്ലാത്തവയാണ്‌ എന്നത്‌ എന്തുമാത്രം ദു:ഖകരമായ കാര്യമാണ്‌!

ദൈവത്തിന്‌ പിതൃപുത്ര ബന്ധങ്ങളാരോപിച്ചോ ആരാധനയില്‍ മറ്റുള്ളവര്‍ക്ക്‌ പങ്കുനല്‍കിയോ അസ്‌തിത്വത്തിലോ വിശേഷണങ്ങളിലോ പങ്കുചേര്‍ത്തോ ഏത്‌ വിധത്തിലായിരുന്നാലും ശരി ബഹുദൈവത്വം ഏറ്റവും വലിയ അക്രമം തന്നെയാണ്‌. ഇത്തരം അക്രമം ചെയ്യുന്ന ആളുകളുടെ വാസസ്ഥലം നരകമായിരിക്കുമെന്ന്‌ അല്ലാഹു അറിയിക്കുന്നു (5:72). ഇവര്‍ക്ക്‌ സ്വര്‍ഗവാസം നിഷിദ്ധവുമായിരിക്കും. മറ്റേതൊരു പാപവും അല്ലാഹു പൊറുത്തുകൊടുക്കാന്‍ ഇടയുണ്ട്‌. അത്‌ അവന്റെ ഹിതത്തിന്‌ വിധേയമാണ്‌. എന്നാല്‍, ബഹുദൈവാരാധകന്‍ അതില്‍ നിന്ന്‌ പശ്ചാത്തപിച്ച്‌ മടങ്ങാതെ മരിച്ചുപോയാല്‍ പിന്നീട്‌ അവനത്‌ പൊറുത്തുകൊടുക്കുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ലെന്ന്‌ അല്ലാഹു അറിയിക്കുന്നു. കാരണം, ദൈവത്തെക്കുറിച്ച ഏറ്റവും വലിയ ദുരാരോപണമാണ്‌ അവന്‍ ഉന്നയിച്ചിരിക്കുന്നത്‌. അല്ലാഹുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ``തന്നോട്‌ പങ്കുചേര്‍ക്കപ്പെടുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ കുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.'' (4:48)

by സി മുഹമ്മദ്‌സലീം സുല്ലമി @ SHABAB

പുണ്യപാപങ്ങളുടെ മാനദണ്ഡം

മാലാഖമാരില്‍ നിന്നും തിര്യക്കുകളില്‍ നിന്നും വ്യത്യസ്‌തമായി മനുഷ്യന്‍ അസ്‌തിത്വ സ്വാതന്ത്ര്യമുള്ള സൃഷ്‌ടിയാണ്‌. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ നല്ലതും തിയ്യതും ഉണ്ടാവും. പുണ്യവും പാപവും ഉണ്ടാവും. നന്മതിന്മകളുടെയും പുണ്യപാപങ്ങളുടെയും വേര്‍തിരിവുകളുടെ അതിര്‍വരമ്പുകളും മതനിയമങ്ങളില്‍ നിന്നും ധര്‍മചിന്തയില്‍ നിന്നും

മാത്രമേ കാണൂ. കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന കാര്യം ഇന്നമാതിരിയാണെന്ന്‌ കണ്ടെത്തുകയല്ലാതെ അതിലെ നന്മതിന്മകള്‍ വ്യവഛേദിക്കാന്‍ ശാസ്‌ത്രത്തിനു കഴിയില്ല. മതനിരാസം മുഖമുദ്രയാക്കിയവര്‍ ധാര്‍മികരംഗത്ത്‌ ഇരുട്ടില്‍ തപ്പാന്‍ കാരണമിതാണ്‌.

നന്മതിന്മകള്‍ ദൈവപ്രോക്തമാണ്‌. മതങ്ങള്‍ ദൈവിക സന്ദേശമാണല്ലോ. നിര്‍ഭാഗ്യവശാല്‍ പല മതങ്ങളും അവയുടെ അടിസ്ഥാന സിദ്ധാന്തങ്ങളുള്‍പ്പെടെ മായം കലര്‍ത്തപ്പെടാതെ തനിരൂപത്തില്‍ ഇന്നു ലഭ്യമല്ല. വിശ്വാസികളില്‍ വന്നുപെട്ട സ്ഥാപിത താല്‌പര്യങ്ങളും പൗരോഹിത്യവും ചേര്‍ന്നുകൊണ്ടാണ്‌ ഈ അവസ്ഥയിലെത്തിച്ചത്‌. എന്നാല്‍ ഇസ്‌ലാം അതിന്റെ തനിമയാര്‍ന്ന സ്വരൂപത്തില്‍ -ദൈവിക വചനങ്ങളും പ്രവാചകചര്യയും- ഇന്നും നിലനില്‌ക്കുന്നു. അത്‌ ലോകാവസാനം വരെ നലനില്‌ക്കുകയും ചെയ്യും. അതേസമയം പ്രമാണങ്ങള്‍ ചൈതന്യവത്തായി നിലനില്‍ക്കെ തന്നെ അനുഗാമികള്‍ വഴിതെറ്റി സഞ്ചരിക്കുന്ന വിരോധാഭാസത്തില്‍ നിന്ന്‌ മുസ്‌ലിംകളും ഒഴിവല്ല.

പുണ്യപാപങ്ങള്‍ ദൈവപ്രോക്തമാണെന്നു പറഞ്ഞുവല്ലോ. വിശ്വാസി ഒരു കാര്യം നല്ലതെന്നോ ചീത്തയെന്നോ നിശ്ചയിക്കുന്നത്‌ മതപ്രമാണങ്ങളില്‍ മാറ്റുരച്ചുകൊണ്ടായിരിക്കും. അതുപോലെത്തന്നെ പുണ്യവാന്മാര്‍ ആരെല്ലാം, പുണ്യസ്ഥലങ്ങള്‍ എവിടെയെല്ലാം, പുണ്യസമയങ്ങള്‍ ഏതെല്ലാം എന്ന്‌ നിശ്ചയിക്കേണ്ടതും വിശുദ്ധ ഖുര്‍ആനും നബിചര്യയും അനുസരിച്ചു തന്നെയാണ്‌. ചില മനുഷ്യരില്‍ ദിവ്യത്വം ആരോപിക്കുകയും ആള്‍ദൈവങ്ങളെ സങ്കല്‌പിക്കുകയും ചെയ്യുക എന്നത്‌ സത്യവിശ്വാസത്തില്‍ പെട്ടതല്ല. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ദൈവദൂതന്മാര്‍ (നബിമാര്‍) മനുഷ്യരായിരിക്കെത്തന്നെ പുണ്യപുരുഷന്മാരും പാപസുരക്ഷിതരുമാണ്‌. പ്രവാചകന്മാരുടെ സന്തത സഹചാരികള്‍, രക്തസാക്ഷികള്‍, പ്രവാചകദൗത്യം സാര്‍ഥകമാക്കി ജീവിച്ചവര്‍ എന്നിവര്‍ക്കും മഹത്വമുണ്ടെന്നു ഖുര്‍ആന്‍ പറയുന്നു: ``ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍, അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!'' (4:69)

ഈ നല്ല കൂട്ടുകാര്‍ സ്വര്‍ഗസ്ഥരാണ്‌ എന്നല്ലാതെ മറ്റു മനുഷ്യരുടെ ജീവിതവുമായോ കര്‍മങ്ങളുമായോ മാനുഷികതയ്‌ക്കപ്പുറം ബന്ധമുള്ളവരോ അവര്‍ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുത്തവരോ അല്ല. ``ആര്‍ സുകൃതം ചെയ്‌തുവോ അതിന്റെ ഫലം അവന്‍ കാണും. ആര്‍ തിന്മ ചെയ്‌തുവോ അതിന്റെ ഫലം അവനും കാണും'' (വി.ഖു 99:7,8) എന്നതാണ്‌ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വം. അല്ലാഹുവോ റസൂലോ പറയാത്ത ഒരാളെയും പുണ്യപുരുഷനായി കണക്കാക്കാനോ പുണ്യവാളനായി പ്രഖ്യാപിക്കാനോ മനുഷ്യര്‍ക്കാര്‍ക്കും അവകാശമില്ല.

വ്യക്തികളെപ്പോലെത്തന്നെ ചില സ്ഥലങ്ങള്‍ക്ക്‌ പുണ്യമുണ്ടെന്ന്‌ അല്ലാഹു പറയുന്നു. അല്ലാഹുവിനെ ആരാധിക്കാനുള്ള മസ്‌ജിദുകള്‍ പുണ്യസ്ഥലങ്ങളാണ്‌. അവയില്‍ മൂന്നെണ്ണം പ്രത്യേകം പുണ്യം അര്‍ഹിക്കുന്നു. മസ്‌ജിത്തുല്‍ ഹറം (മക്ക), മസ്‌ജിദുന്നബവി (മദീന), മസ്‌ജിദുല്‍ അഖ്‌സ്വാ (ജറൂസലം) എന്നിവയാണത്‌. ഈ മൂന്നു പള്ളികളിലേക്കു മാത്രമേ ഒരു മുസ്‌ലിം പുണ്യംതേടി യാത്ര പോകാവൂ എന്ന്‌ നബി(സ) വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്‌. ഈ മൂന്നു കേന്ദ്രങ്ങളിലേക്കല്ലാതെ തീര്‍ഥാടനമില്ല. അതില്‍ തന്നെ മസ്‌ജിദുല്‍ ഹറമിലല്ലാതെ (ഹജ്ജും ഉംറയും) മറ്റു രണ്ടിടത്തും പ്രത്യേകിച്ച്‌ ഒരു കര്‍മവും ചെയ്യാനില്ല. നമസ്‌കാരം, ദിക്‌റ്‌, ദുആ, ഖുര്‍ആന്‍ പാരായണം മുതലായവ മാത്രം. ലോകത്തുള്ള മറ്റെല്ലാ പള്ളികള്‍ക്കും തുല്യപദവി മാത്രം. ഹജ്ജുമായി ബന്ധപ്പെട്ട സ്വഫാ, മര്‍വ, മിനാ, മുസ്‌ദലിഫ തുടങ്ങിയ സ്ഥലങ്ങളും പുണ്യകേന്ദ്രങ്ങള്‍ തന്നെ. അവിടങ്ങളിലും ഹജ്ജോ ഉംറയോ അല്ലാതെ പ്രത്യേക കര്‍മങ്ങളില്ല താനും.

വ്യക്തികളും സ്ഥലങ്ങളും എന്ന പോലെ ചില സമയങ്ങള്‍ക്കും അല്ലാഹു പുണ്യം കല്‌പിച്ചിരിക്കുന്നു. ഒരു വര്‍ഷം പന്ത്രണ്ടു മാസമാണെന്നും അവയില്‍ നാലുമാസങ്ങള്‍ ആദരണീയമായവയാണെന്നും ഖുര്‍ആന്‍ (9:36) വ്യക്തമാക്കി. ആ നാലു മാസങ്ങള്‍ മുഹര്‍റം, റജബ്‌, ദുല്‍ഖഅദ്‌, ദുല്‍ഹിജ്ജ എന്നിവയാണെന്ന്‌ നബി(സ) വിശദീകരിച്ചു. വിശുദ്ധഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ റമദാന്‍ മാസം പുണ്യകരമാണെന്നും ആ മാസത്തില്‍ വ്രതമനുഷ്‌ഠിക്കണമെന്നും ഖുര്‍ആന്‍ കല്‌പിച്ചു (2:185). അതില്‍ തന്നെ ആ പ്രത്യേക രാത്രി ആയിരം മാസത്തെക്കാള്‍ ശ്രേഷ്‌ഠമാണെന്ന്‌ പ്രത്യേകം പറഞ്ഞു (97:3). ആ രാത്രി നിര്‍ണയിക്കപ്പെട്ടതെങ്കിലും നമുക്ക്‌ അറിയിക്കപ്പെട്ടിട്ടില്ല. റമദാനിലെ അവസാനത്തെ പത്തിലാണെന്ന്‌ നബി(സ) വിശദീകരിച്ചു. ആഴ്‌ചയില്‍ ഏറ്റവും നല്ല ദിനം വെള്ളിയാഴ്‌ചയാണെന്ന്‌ നബി(സ) പഠിപ്പിച്ചു. അതില്‍ തന്നെ കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത ഒരു സമയം പ്രാര്‍ഥനയ്‌ക്കുത്തരം ലഭിക്കാന്‍ ഏറെ പര്യാപ്‌തമാണെന്ന്‌ നബി(സ) അറിയിച്ചു. ഹജ്ജും പെരുന്നാളുകളും സുന്നത്ത്‌ നോമ്പുകളും നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്‌.

പുണ്യപാപങ്ങളെല്ലാം നിഷ്‌കൃഷ്‌ടമായി നിര്‍ദേശിച്ച്‌ തന്റെ ദൗത്യപൂര്‍ത്തീകരണത്തിനു ശേഷം പ്രവാചകന്‍ ലോകത്തോട്‌ വിടവാങ്ങി. അദ്ദേഹം വിടവാങ്ങുന്നതിനു മുന്‍പായി അല്ലാഹു പറഞ്ഞു: ``നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു'' (5:3). പ്രവാചകന്‍ പ്രഖ്യാപിച്ചു: ``അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയും വിട്ടേച്ചുകൊണ്ട്‌ ഞാന്‍ പോകുന്നു'' (ബുഖാരി). അദ്ദേഹത്തിന്റെ താക്കീത്‌: ``നമ്മുടെ കല്‌പനയില്ലാത്ത ഏതെങ്കിലും കാര്യം ആരെങ്കിലും പുതുതായി മതത്തില്‍ ഉണ്ടാക്കിയാല്‍ അത്‌ തള്ളേണ്ടതാകുന്നു.''

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാല മുസ്‌ലിം സമുദായം ഈ തത്വങ്ങളില്‍ നിന്ന്‌ വ്യതിചലിച്ചു. ദിവ്യന്മാരെയും പുണ്യാത്മാക്കളെയും സങ്കല്‌പിച്ചു. വ്യത്യസ്‌ത തീര്‍ഥാടന കേന്ദ്രങ്ങള്‍ -അതും മഖ്‌ബറകള്‍- സൃഷ്‌ടിച്ചു. കല്‌പിക്കപ്പെട്ടതിനപ്പുറം ദിനങ്ങള്‍ക്കും മാസങ്ങള്‍ക്കും പുണ്യം കല്‌പിച്ചു. ആഘോഷങ്ങളും ആചാരങ്ങളും പുതുതായി സൃഷ്‌ടിക്കപ്പെട്ടു. ഈയൊരു നിലപാടുതറയില്‍ നിന്നുകൊണ്ടുവേണം നൂതനാചാരമായ റബീഉല്‍ അവ്വലിനെയും നബിജയന്തിയാഘോഷത്തെയും കാണേണ്ടത്‌. ബറാത്ത്‌ രാവും മിഅ്‌റാജ്‌ രാവും വിലയിരുത്തേണ്ടത്‌.

വിശുദ്ധ ഖുര്‍ആനിലേക്കും നബിചര്യയിലേക്കും മുസ്‌ലിംകള്‍ തിരിച്ചുവരിക എന്നതു മാത്രമാണ്‌ പരിഹാരമായി നിര്‍ദേശിക്കാനുള്ളത്‌.

from SHABAB editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts