ആശൂറാഅ്‌ നോമ്പും നഹ്‌സ്‌ വിശ്വാസവും

മുസ്‌ലിം സമുദായത്തില്‍ കണ്ടുവരുന്ന ഒട്ടേറെ ആചാരങ്ങളും സമ്പ്രദായങ്ങളും ഇസ്‌ലാമുമായി ബന്ധമുള്ളതല്ല. പല കാലങ്ങളിലായി പല സമൂഹങ്ങളില്‍ നിന്നും പകര്‍ന്ന ആചാരങ്ങള്‍ അവയിലുണ്ട്‌. ഒരു സമൂഹം ഒന്നടങ്കം ഇസ്‌ലാമിലേക്കു വരികയും എന്നാല്‍ ഇസ്‌ലാം എന്തെന്ന്‌ കൂടുതല്‍ പഠിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവരില്‍ അവശേഷിക്കുന്ന ആചാരങ്ങള്‍ മുസ്‌ലിംകളായ ശേഷവും കൊണ്ടുനടക്കാറുമുണ്ട്‌. യഥാര്‍ഥത്തിലുള്ള വിശ്വാസാചാരങ്ങളെ വികലമായി പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നവരുമുണ്ട്‌. ഇവയില്‍ പലതും മതാചാരങ്ങളാണെന്ന ധാരണയില്‍ അറിവില്ലാത്ത ജനത അനുഷ്‌ഠിക്കുകയാണ്‌. മുഹര്‍റം മാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുടെ സ്ഥിതിയും ഇങ്ങനെ തന്നെ.

ഹിജ്‌റ വര്‍ഷത്തിലെ ഒന്നാമത്തെ മാസമായ മുഹര്‍റം ആദരണീയമായി അല്ലാഹു നിശ്ചയിച്ചതാണ്‌. ആകാശഭൂമികള്‍ സംവിധാനിച്ചതു മുതല്‍ മാസങ്ങള്‍ പന്ത്രണ്ടായി അല്ലാഹു നിശ്ചയിച്ചത്‌ പ്രകൃതിയിലെ ഒരു അന്യൂന വ്യവസ്ഥയാണ്‌. അവയില്‍ നാലെണ്ണം ആദരണീയ മാസങ്ങളാണ്‌ എന്ന്‌ അല്ലാഹു നമ്മെ അറിയിക്കുന്നു. (വി.ഖു. 36) അല്ലാഹുവിന്റെ മാസം (ശഹ്‌റുല്ലാഹ്‌) എന്നാണ്‌ മുഹര്‍റത്തിന്‌ നബി(സ) നല്‌കിയ വിശേഷണം (ബുഖാരി). ആദരണീയമാസത്തില്‍ അതിക്രമങ്ങളോ യുദ്ധമോ ചെയ്യുന്നത്‌ നിഷിദ്ധമാണ്‌.

നാലു മാസങ്ങള്‍ ഏതൊക്കെയെന്ന്‌ നബി(സ) വിശദീകരിച്ചു. ഹജ്ജും അതിനു വേണ്ടിയുള്ള യാത്രകളും മറ്റുമായി ബന്ധപ്പെട്ട ദുല്‍ഖഅ്‌ദ്‌, ദുല്‍ഹിജ്ജ, മുഹര്‍റം എന്നീ തുടര്‍ച്ചയായ മൂന്നു മാസങ്ങളും റജബ്‌ എന്ന മറ്റൊരു മാസവുമാണ്‌ ഈ പവിത്ര മാസങ്ങള്‍. ഈ മാസങ്ങളുടെ ആദരണീയത നിലനിര്‍ത്തുന്നവരായിരുന്നു പ്രവാചകന്‌ മുമ്പുണ്ടായിരുന്ന ജാഹിലിയ്യ കാലത്തെ അറബികളും. അല്ലാഹു ആദരിച്ച `ചിഹ്നങ്ങളെ' ആദരിക്കുന്നത്‌ ഭക്തിയുടെ ഭാഗമാണെന്ന്‌ (22:32) ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

മുഹര്‍റം മാസത്തിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. ഈ മാസം പത്താം ദിനം `ആശൂറാഅ്‌' എന്നറിയപ്പെടുന്നു. ആ ദിനത്തില്‍ വ്രതമെടുക്കല്‍ പ്രവാചകചര്യയില്‍ പെട്ടതാണ്‌. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. ജാഹിലിയ്യ കാലത്ത്‌ ഖുറൈശികള്‍ ആശൂറാഅ്‌ വ്രതമെടുത്തിരുന്നു. മുഹമ്മദ്‌ നബിയും (പ്രവാചകത്വത്തിനു മുമ്പ്‌) ഈ നോമ്പ്‌ അനുഷ്‌ഠിച്ചിരുന്നു. മദീനയിലെ യഹൂദികളും ഈ നോമ്പെടുത്തിരുന്നു. മുഹമ്മദ്‌ നബി(സ) ഇസ്‌ലാം പ്രബോധനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ആശൂറാഅ്‌ വ്രതം അനുഷ്‌ഠിക്കുകയും അനുയായികള്‍ക്ക്‌ വ്രതം നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഇസ്‌ലാമിന്റെ അടിസ്ഥാന അനുഷ്‌ഠാനമായ റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ്‌ ഐച്‌ഛികമായി പരിഗണിച്ചു. (ബുഖാരി)

ഫറോവയുടെ മര്‍ദനത്തില്‍ നിന്നും പീഡനത്തില്‍ നിന്നും എന്നെന്നേക്കുമായി മൂസാ(അ)യെയും വിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തിയത്‌ മുഹര്‍റം പത്തിനായിരുന്നു എന്ന്‌ ഹദീസില്‍ കാണാം. മുഹര്‍റം ഒന്‍പതിനും താന്‍ നോമ്പ്‌ അനുഷ്‌ഠിക്കുമെന്ന്‌ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്രയും കാര്യങ്ങള്‍ മുഹര്‍റവുമായി ബന്ധപ്പെട്ട്‌ ഇസ്‌ലാം നിര്‍ദേശിക്കുന്ന കാര്യങ്ങളാണ്‌.

എന്നാല്‍ മുസ്‌ലിം സമുദായത്തില്‍ `മുഹര്‍റം' സംബന്ധിച്ച ധാരണകളും ആചാരങ്ങളും ഇതില്‍ നിന്നും തികച്ചും വ്യത്യസ്‌തവും പ്രമാണവിരുദ്ധവുമാണ്‌. അല്ലാഹു ആദരിച്ച വര്‍ഷാദ്യമാസത്തെ വരവേല്‍ക്കുന്നതിനു പകരം മ്ലാനവദനരായി ഒരു ദുശ്ശകുനത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വൈരുധ്യമാണ്‌ കാണുന്നത്‌. മുഹര്‍റത്തിലെ ആദ്യ പത്തു ദിവസം `നഹ്‌സ്‌' അഥവാ ദുശ്ശകുനമായി ചില മുസ്‌ലിംകള്‍ കണക്കാക്കുന്നു! ജീവിതത്തിലെ പ്രധാനപ്പെട്ട ഏതെങ്കിലും നല്ല കാര്യങ്ങളിലേക്കു കാല്‍വെയ്‌പ്‌ ഈ ദിവസത്തില്‍ നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു! വിവാഹം, തൊഴില്‍, കച്ചവടം, വീടുവെക്കല്‍, വീട്ടില്‍ താമസം തുടങ്ങല്‍ തുടങ്ങിയ ഒരു കാര്യവും ചെയ്യാന്‍ പറ്റാത്ത അശുഭമുഹൂര്‍ത്തമായി മുസ്‌ലിം സമുദായം ഈ പത്തുദിവസങ്ങളെ കണക്കാക്കുന്നു! ഇസ്‌ലാമിക പ്രമാണങ്ങളുമായി ബന്ധമില്ലാത്ത ഒരു വിശ്വാസമാണിത്‌. അല്ലാഹു ആദരിച്ച ദിവസങ്ങള്‍ നമ്മള്‍ ദുശ്ശകുനമായി കണക്കാക്കുകയോ? ഏടിലുള്ളത്‌ എന്താണെന്നറിയാത്ത എത്രയെത്ര നാട്ടുനടപ്പുകള്‍! ഇസ്‌ലാമില്‍ ജാഹിലിയ്യത്തിനു സ്ഥാനമില്ല.

മുഹമ്മദ്‌ നബിയുടെ പ്രവാചകത്വത്തിനു മുമ്പ്‌ ആ സമൂഹത്തില്‍ നടന്നിരുന്ന ചില കാര്യങ്ങള്‍ ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടു. ചില കര്‍മങ്ങള്‍ കുറ്റമറ്റതാക്കി. ഉദാഹരണത്തിന്‌ ആശൂറാഅ്‌ നോമ്പുതന്നെ. ഹജ്ജ്‌ ഖുറൈശികള്‍ ചെയ്‌തിരുന്നു. അതിലുള്ള ബഹുദൈവാരാധനാപരമായ തല്‍ബിയത്തും നഗ്നപ്രദക്ഷിണം പോലുള്ള തോന്നിവാസങ്ങളും ഇഫാദത്തിലെ വി ഐ പി പരിഗണന പോലുള്ള ആഢ്യത്വവും ഒഴിവാക്കുകയുണ്ടായി.

ജാഹിലിയ്യാകാലത്തുണ്ടായിരുന്ന അനേകം ആചാരങ്ങള്‍ നബി(സ) നിരാകരിക്കുകയും നിഷിദ്ധമാക്കുകയും ചെയ്‌തു. ശകുനം നോക്കലും ലക്ഷണം നോക്കലും സ്വഫര്‍ മാസത്തിന്‌ നഹ്‌സ്‌ കല്‌പിക്കലും മറ്റും അതില്‍ പെട്ടതാണ്‌. നബി(സ) അക്കാര്യം അര്‍ഥശങ്കയ്‌ക്കിടമില്ലാത്തവിധം പ്രഖ്യാപിച്ചു: `ലക്ഷണം നോക്കലോ സ്വഫര്‍ നഹ്‌സോ സാംക്രമികരോഗം ഭയന്നോടലോ പാടില്ല.' ഇവ്വിഷയകമായി നിരവധി ഹദീസുകള്‍ കാണാം.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നബി(സ) നിഷിദ്ധമാക്കിയതും മുസ്‌ലിംകള്‍ക്കിടയില്‍ ആചാരമായി മാറി! എന്നാല്‍ ഇത്‌ സ്വഹാബികള്‍ മുഖേനയോ താബിഉകള്‍ മുഖേനയോ വന്നുകിട്ടിയതല്ല. പില്‌ക്കാലത്ത്‌ മറ്റു പലരില്‍ നിന്നും കടന്നുകൂടുകയും അക്കാലത്തെ പണ്ഡിതന്മാര്‍ അതു വിലക്കാതിരിക്കുകയും ചെയ്‌തു. പ്രമാണനിബദ്ധമായ വിവേചനത്തിനു കഴിയാത്ത സാധാരണക്കാര്‍ വേണ്ടതും വേണ്ടാത്തതും ആചാരമാക്കി. ഇരുട്ടില്‍ വിറകുകെട്ടിയവന്‍ പാമ്പിനെയും കൂട്ടിക്കെട്ടി തലയിലെടുത്തുവെച്ചതു പോലെ!

പ്രവാചകനു ശേഷം മുസ്‌ലിം സമുദായത്തിലുണ്ടായ ചില അന്തഃഛിദ്രങ്ങള്‍ അന്ധവിശ്വാസങ്ങള്‍ കടന്നുകൂടുന്നതില്‍ പങ്കുവഹിച്ചു. അലി(റ)യുടെ പേരില്‍ വ്യാജമായി സംഘടിക്കപ്പെട്ട ശീഅ വിഭാഗത്തിന്‌ ഇതില്‍ വലിയ പങ്കുണ്ട്‌. ശീഅ എന്ന ഒരു വിഭാഗം ഉടലെടുക്കാന്‍ കാരണക്കാരായ അമവികളില്‍ ചിലര്‍ക്കും ഉത്തരവാദിത്വത്തില്‍നിന്നു മാറാന്‍ കഴിയില്ല. മുഹര്‍റത്തിലെ ദുശ്ശകുന ചിന്തയുമായി ഇതിനെന്തുബന്ധം എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്‌.

മൂന്നാം ഖലീഫ ഉസ്‌മാനി(റ)ന്റെ ഭരണകാലത്ത്‌ മുസ്‌ലിംകള്‍ക്കിടയിലുണ്ടായ രാഷ്‌ട്രീയ ധ്രുവീകരണം, ഖലീഫാവധം, അലി(റ), മുആവിയ(റ) എന്നിവരുടെ ഇരട്ട ഖിലാഫത്ത്‌, മുസ്‌ലിംകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍, മധ്യസ്ഥത, വഞ്ചനയിലൂടെ അധികാരമുറപ്പിക്കല്‍, നാലാം ഖലീഫയുടെ വധം തുടങ്ങി ഒരുപാട്‌ അരുതായ്‌മകള്‍ ഒന്നാം നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിംകള്‍ക്കിടയിലുണ്ടായി. അമവീ ഖലീഫമാര്‍ തങ്ങളുടെ ആസ്ഥാനം മദീനയില്‍ നിന്ന്‌ ദിമശ്‌ഖി(ഡമസ്‌ കസ്‌)ലേക്കു മാറ്റി. മുആവിയയ്‌ക്ക്‌ ശേഷം മകന്‍ യസീദ്‌ അധികാരമേറ്റു. കുടുംബാധിപത്യത്തില്‍ എതിര്‍പ്പുണ്ടായി. അലി(റ)യുടെ മകന്‍ ഹുസൈന്‍(റ)പോലുള്ള ചില പ്രമുഖര്‍ ഖിലാഫത്തിലെ ദുഷ്‌പ്രവണതകളെ എതിര്‍ത്തു. കൂഫക്കാര്‍ ഹുസൈനെ(റ) അങ്ങോട്ടു ക്ഷണിച്ചു. മുതിര്‍ന്ന സ്വഹാബികളുടെ വിലക്കുകള്‍ പരിഗണിക്കാതെ അദ്ദേഹം കൂഫയിലേക്കു പുറപ്പെട്ടു. യസീദിന്റെ കൂഫയിലെ ഗവര്‍ണര്‍ ഉബൈദുല്ലാഹിബ്‌നു സിയാദിന്റെ പട്ടാളം കര്‍ബലയില്‍ വെച്ച്‌ ഹുസൈനെ(റ) തടഞ്ഞു. ന്യായമായ ആവശ്യങ്ങളോ സന്ധിവ്യവസ്ഥകളോ അംഗീകരിക്കാതെ പ്രവാചകന്റെ പേരമകന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അത്‌ ഒരു മുഹര്‍റം പത്തിനായിരുന്നു. ഹിജ്‌റ വര്‍ഷം 61ല്‍. അഥവാ പ്രവാചകന്റെ മരണത്തിനു ശേഷം അരനൂറ്റാണ്ടുകഴിഞ്ഞിട്ട്‌.

ഇപ്പറഞ്ഞത്‌ ചരിത്രം. ചരിത്രത്തിലെ അപ്രിയസത്യം. ഈ സംഭവത്തോെടയാണ്‌ യഥാര്‍ഥത്തില്‍ ശീഅ ഒരു കക്ഷിയായി രംഗത്തുവരുന്നത്‌. ഹുസൈന്‍(റ) വധിക്കപ്പെട്ട ദിവസം അവര്‍ `കരിദിന'മായി കണക്കാക്കിയെങ്കില്‍ അത്‌ സ്വാഭാവികം. എന്നാല്‍ മതത്തില്‍ അത്‌ ആചാരമായിക്കൂടാ. ശീഅകള്‍ ഇന്നും മുഹര്‍റം ആചരിക്കുന്നത്‌ `രക്തപങ്കില'മായിട്ടാണ്‌. `സ്വയംപീഡനം' നടത്തി കോമരം പോലെ ദേഹത്തു നിന്ന്‌ ചോരയൊലിപ്പിക്കുന്നത്‌ ഇസ്‌ലാമികമല്ല. ശീഅകള്‍ നടത്തുന്ന ആ ദുഃഖാചരണമായിരിക്കാം പ്രസ്‌തുത പത്തുദിവസം ദുശ്ശകുനമായി കണക്കാക്കാന്‍ കാരണം. നിര്‍ഭാഗ്യമെന്നു പറയട്ടെ മറ്റു മുസ്‌ലിംകളും ഇക്കാര്യം സ്വന്തം ആചാരമായി കാണുന്നു! കതിരേത്‌, പതിരേത്‌ എന്നു തിരിച്ചറിയാത്ത കുഞ്ഞാടുകളും അവരെ സ്വന്തം താല്‌പര്യത്തിനനുസരിച്ച്‌ മേയ്‌ക്കുന്ന പൗരോഹി ത്യവും മുസ്‌ലിം സമൂഹത്തിലും കടന്നുവരികയാണെന്നു തോന്നുന്നു!

ജാഹിലിയ്യത്തിലെ ശകുന- ദുശ്ശകുന വീക്ഷണം ശീആ അടിത്തറയോടു കൂടി കടന്നുവന്നിട്ട്‌ നൂറ്റാണ്ടുകള്‍ പഴക്കം ചെന്നപ്പോള്‍ ഒഴിവാക്കാനാവാത്ത ആചാരമായി മാറിയത്‌ മുസ്‌ലിം സമുദായത്തില്‍! ഇതെത്ര മാത്രം വേദനാജനകമാണ്‌! കക്ഷി-സംഘടനാ വിഭാഗീയതകള്‍ക്കതീതമായി സമുദായത്തിലെ സാധാരണക്കാരെ ബോധ്യപ്പെടുത്തേണ്ട ഒരു സംഗതിയാണിത്‌.

``നബിയേ, പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്‌ടകരമായി തീര്‍ന്നവരെ സംബന്ധിച്ച്‌ നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിച്ചുകൊണ്ടിരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.'' (16:103,104) വിശുദ്ധഖുര്‍ആനിന്റെ മുന്നറിയിപ്പ്‌ മറക്കാതിരിക്കുക.

by സാജ് @ ശബാബ് വാരിക

ഖാദിയാനിസത്തെ മനസ്സിലാക്കാന്‍ ഒരെളുപ്പവഴി

മുഹമ്മദ്‌നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള 'ഇജ ്മാഉം' നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുഹമ്മദ് നബി(സ്വ) പ്രവാചകപരമ്പരയിലെ അവസാനകണ്ണിയാണെന്നത് മുസ്‌ലിംകളുടെ വിശ്വാസപൂര്‍ണതയുടെ ഭാഗവും സമുദായഭദ്രതയുടെ ആണിക്കല്ലുമാണ്. ഇതിനെ തകര്‍ക്കുന്ന ഒന്നിനോടും രാജിയാകുവാന്‍ മുസ്‌ലിംകള്‍ക്ക് കഴിയില്ല. ഇനി വാദത്തിനുവേണ്ടി പ്രവാചകപരമ്പര സമാപിച്ചിട്ടില്ലെന്ന് സങ്കല്‍പിച്ച് സംസാരിച്ചാല്‍പോലും ഗുലാം അഹമ്മദ് ഖാദിയാനിയെപ്പോലുള്ള ഒരു വ്യക്തിക്ക് 'നബി'യെന്ന പദവി നല്‍കാന്‍ പറ്റുമോയെന്ന് നമുക്ക് ചിന്തിക്കാം.

ഇതിലേക്കായി ഞാന്‍ നിങ്ങളുടെ മുമ്പില്‍ നാല് അടിസ്ഥാനതത്വങ്ങള്‍ വിവരിക്കാം. ആ നാലു കാര്യങ്ങളില്‍ മനസ്സിരുത്തി ചിന്തിച്ചാല്‍ ഗുലാം അഹ്മദ് ഖാദിയാനി ആരാണെന്ന് നമുക്ക് മനസ്സിലാകും. അതിലൂടെ അദ്ദേഹം സ്ഥാപിച്ച 'അഹ്മദീ മുസ്‌ലിം ജമാഅത്ത്' എന്തെന്നും ഗ്രഹിക്കാന്‍ കഴിയും.

ഒന്ന്: പ്രവാചകന്മാരെല്ലാവരും ഒരേ ആദര്‍ശകുടുംബത്തിലെ അംഗങ്ങളാണെന്നിരിക്കേ, ഏതൊരു സത്യപ്രവാചകനും തനിക്കു മുമ്പുവന്ന മുഴുവന്‍ പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാതിരിക്കില്ല. തങ്ങളുടെ പ്രബോധനത്തിലും പ്രവര്‍ത്തനങ്ങളിലും ആളുകള്‍ക്ക് ആ മുന്‍ഗാമികളായ പ്രവാചകന്മാരോടു മതിപ്പും ആദരവും ബഹുമാനവും ജനിപ്പിക്കും. കാരണം സമസ്ത പ്രവാചകന്മാരും അല്ലാഹുവിന്റെ സന്ദേശവാഹകരായ അവന്റെ ഇഷ്ടദൂതന്മാരാണ്. പ്രവാചകന്മാരില്‍ ഒരാളെപ്പോലും അവഗണിക്കാനോ അവഹേളിക്കാനോ അല്പമെങ്കിലും ഈമാനുള്ള ഒരു സാധാരണക്കാരനു പോലും സാധ്യമല്ല. എങ്കില്‍ പിന്നെ ഒരു പ്രവാചകനെന്ന് പറയുന്ന വ്യക്തിക്ക് അതിന് കഴിയുമോ? ഇല്ലെന്ന് ഇസ്‌ലാമിക വിശ്വാസസംഹിതയും ഓരോ മനുഷ്യന്റെ ശുദ്ധപ്രകൃതിയും നമ്മളെ പഠിപ്പിക്കുന്നു. എന്നാല്‍ നോക്കൂ: 'ഉലുല്‍അസ്മ'(നിശ്ചയദാര്‍ഢ്യമുള്ളവര്‍) എന്ന് വി ഖുര്‍ആന്‍ വിശേഷിപ്പിച്ച പ്രവാചകരില്‍പ്പെട്ട ആദരണീയനായ ഈസബ്‌നുമര്‍യം(അ)മിനെക്കുറിച്ചും അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ നിരവധി സൂക്തങ്ങളിലൂടെ അപദാനം നടത്തിയ ആ പ്രവാചകന്റെ മാതാവിനെക്കുറിച്ചും വളരെ നിന്ദ്യവും നീചവും നികൃഷ്ടവുമായ രീതിയിലാണ് ഗുലാം അഹമ്മദ് ഖാദിയാനി തന്റെ 'ദാഫിഉല്‍ബലാഇ' ന്റെ അവസാനപേജില്‍ എഴുതിയിരിക്കുന്നത്. 'സമീമയേ അന്‍ജാമെആഥം' എന്ന കൃതിയുടെ ഏഴാം പേജിലും അതുണ്ട്. 'ഫത്ഹുല്‍ മുബീന്‍'(പേ:48) 'ചശ്മയേ മസീഹി'(പേ:9) 'മക്തൂബാതെ അഹ്മദയ്യ'(ഭാഗം:3 പേജ്:49) തുടങ്ങിയ സ്ഥലങ്ങളിലും മറ്റു ധാരാളം പേജുകളിലും ഇതാവര്‍ത്തിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജൂതന്മാര്‍പോലും ഇത്ര വൃത്തികെട്ട രീതിയില്‍ ഈസാനബിയെ(അ)യും മാതാവിനെയും കുറിച്ചു പറയാന്‍ മടിച്ച കാര്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഗുലാം അഹ്മദ് ഖാദിയാനി എഴുതിവിട്ടത്. അതിനെക്കുറിച്ച് അനുയായികളുടെ വിശദീകരണം ഇസ്‌ലാമിന്റെ ശത്രുക്കളായ പാതിരിമാരെ ഉത്തരംമുട്ടിക്കാന്‍ പറഞ്ഞതാണെന്നാണ്. 1400 വര്‍ഷമായി വിശുദ്ധ ഖുര്‍ആന്‍ മാനവരാശിയോട് ഈസാനബിയുടെ 'നുബുവ്വ'ത്തും അദ്ദേഹത്തിന്റെ മാതാവിന്റെ പാതിവ്രത്യവും തുറന്നു പ്രഖ്യാപിക്കുന്നു. അതു മനസ്സിലാക്കി ഇസ്‌ലാമിലേക്കു കടന്നുവന്ന ക്രിസ്ത്യാനികളായിരുന്നു സഹാബികള്‍ തൊട്ട് ഇന്നുവരെയുള്ള കോടിക്കണക്കിന് മുസ്‌ലിംകള്‍. മനുഷ്യരാശിയില്‍ ഈ നീണ്ട കാലത്തിനിടയ്ക്ക് ജൂതന്മാരും ഗുലാം അഹ്മദ് ഖാദിയാനിയുമല്ലാതെ ആരും മഹാനായ ഈസാനബിയെ(അ)ക്കുറിച്ച് ഇപ്രകാരം അസഭ്യവും ദുരാരോപണവും നടത്തിയിട്ടില്ല. ഈസാനബി(അ)യെ ഇകഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സഭ്യേതരമായ വരികള്‍ തുടങ്ങുന്നതിങ്ങനെയാണ്: 'മസീഹിന്റെ സത്യസന്ധത അദ്ദേഹത്തിന്റെ കാലത്തെ മറ്റു സത്യസന്ധരേക്കാള്‍ കൂടുതലായിട്ടൊന്നും അറിയപ്പെട്ടിരുന്നില്ല. മറിച്ച് യഹ്‌യാ നബിക്ക് മസീഹിനേക്കാള്‍ ചില ശ്രേഷ്ഠതകളൊക്കെയുണ്ടായിരുന്നു. കാരണം അദ്ദേഹം മദ്യപിച്ചിരുന്നില്ല............................................അദ്ദേഹത്തെ ഏതെങ്കിലും ഒരു ചെറുപ്പക്കാരി പരിചരിച്ചതും അറിയില്ല. ഇക്കാരണത്താലാണ് അല്ലാഹു യഹ്‌യാനബിക്ക് ഖുര്‍ആനില്‍ 'ഹസ്വൂര്‍'(ആത്മനിയന്ത്രണമുള്ളവന്‍-വി ഖു: 3/39) എന്ന പ്രശംസാനാമം നല്‍കിയത്. മസീഹിനു (ഈസാനബി) അത് നല്‍കാതിരുന്നതും.'

(ദാഫിഉല്‍ ബലാഅ്-പുറം:36, സമീമെ അന്‍ജാമെ ആഥം-പു: 6-7)

ഹൈഫനിട്ട ഭാഗം ബോധപൂര്‍വം വിട്ടുകളഞ്ഞതാണ്. കാരണം സംസ്‌കാരശൂന്യമായ വാക്കുകള്‍. എന്താണതെന്ന് അറിയണമെന്നുള്ളവര്‍ ഗുലാം അഹ്മദ് ഖാദിയാനിയുടെ ഉപരിസൂചിത ഗ്രന്ഥങ്ങള്‍ നോക്കുക.

വിശുദ്ധ ഖുര്‍ആനില്‍ നിരവധി അധ്യായങ്ങളില്‍, ശതക്കണക്കിനു പേജുകളില്‍ നന്മയുടെയും ത്യാഗത്തിന്റെയും മൂര്‍ത്തിമത് ഭാവമായി അല്ലാഹു വാനോളം വാഴ്ത്തിയ ഒരു പ്രവാചകപ്രവരനെയാണ് ഈ മനുഷ്യന്‍ ഇങ്ങനെ പരദൂഷണം പറഞ്ഞത്. അയാളാണ് 'നബി'യാണെന്ന് വാദിക്കുന്നതും. അക്കാലത്തെ ക്രിസ്ത്യന്‍ പാതിരിമാരുടെ ഇസ്‌ലാമിനെതിരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാനാണ് ഇങ്ങനെ എഴുതിയതെന്നാണ് ഖാദിയാനികള്‍ ഇതിന് 'ശറഹെ'ഴുതുന്നത്. പക്ഷേ, അങ്ങനെയായിരുന്നെങ്കില്‍ അല്ലാഹുവിനെയും വിശുദ്ധ ഖുര്‍ആനിനെയും ഇതിലേക്കു വലിച്ചിഴക്കുമായിരുന്നോ? യഹ്‌യാനബിയെ അല്ലാഹു 'ഹസ്വൂറെ' ന്ന് വാഴ്ത്തിയതും ഈസാനബി(അ)നെ അങ്ങനെ വാഴ്ത്താതിരുന്നതും ദുര്‍നടപ്പ് കൊണ്ടായിരുന്നു എന്നു പറയുന്നതെന്തിന്? അതിന്റെ 'ശറഹ്' കൂടി പറയേണ്ടതല്ലേ? ഇനി വിവരംകെട്ട ചില ക്രിസ്ത്യാനി പാതിരിമാര്‍ മുഹമ്മദ് നബി(സ)യെയും ഇസ്‌ലാമിനെയും സഭ്യേതരമായി ആക്രമിച്ചാല്‍ ഒരു മുസ്‌ലിമിന് ഈസാനബി(അ)യെ അസഭ്യം പറയാമെന്നോ? ഇതാരു പറഞ്ഞു? അത്തരത്തിലുള്ളയാളെ ഒരു മുസ്‌ലിമായിട്ടുതന്നെ പരിഗണിക്കില്ല. എന്നിട്ടല്ലേ ഒരു വിവേകശാലിയായ പണ്ഡിതന്‍!! പിന്നെയല്ലേ അയാള്‍ ഒരു നബി!!!

രണ്ട്: അടുത്ത അടിസ്ഥാന തത്വമായി ഞാന്‍ കാണുന്നത് ഒരു പ്രവാചകനും തന്റെ മഹത്വത്തിന്റെയും വാദത്തിന്റെയും സത്യസന്ധത തെളിയിക്കാന്‍ ഒരിക്കലും കളവു പറയില്ല. എന്നാല്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി യാതൊരു ലജ്ജയും മടിയുമില്ലാതെ നൂറുകണക്കിന് കളവുകള്‍ പറഞ്ഞിട്ടുണ്ട്. അതദ്ദേഹത്തിന്റെ വരമൊഴിയായി ഇന്നും കിടപ്പുണ്ട്. ഇനിയും അതിവിടെയുണ്ടാകും.(ഇങ്ങനെയുണ്ടോയെന്ന് നേരിട്ട് മനസ്സിലാക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ കൃതികള്‍ ചോദിക്കുന്നവരോട് അതിപ്പോള്‍ കിട്ടാനില്ല, പാകിസ്താനിലെ 'റബ്‌വ'യില്‍ മാത്രമേ ലഭിക്കുകയുള്ളൂ, സ്മഗളിംഗ് ആയി കൊണ്ടുവരാന്‍ പറ്റില്ലല്ലോ എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. അല്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്ലാത്ത ഏതെങ്കിലും ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പകരം കൊടുക്കലുകൊണ്ടുമായില്ല.)

അദ്ദേഹം പറഞ്ഞ കളവുകള്‍ മുഴുവനും ഞാനിവിടെ രേഖപ്പെടുത്തുന്നില്ല. അങ്ങനെ മറ്റുള്ളവരുടെ കുറവുകളും തെറ്റുകളും തെരഞ്ഞുനടക്കുന്ന പ്രകൃതവും എനിക്കില്ല. മറിച്ച് ഇതെല്ലാം ഇവിടെ പറയേണ്ടിവരുന്നത് ഇത്തരത്തിലുള്ള ഒരു വ്യക്തിയെ പ്രവാചകനാണെന്ന് ഞാനും നിങ്ങളും വിശ്വസിക്കണമെന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും പറയുമ്പോള്‍ മാത്രമാണ്.

അദ്ദേഹം എഴുതിയിരിക്കുന്ന ഒന്നുരണ്ടു കളവുകള്‍ ഉദാഹരണത്തിനുമാത്രം ഇവിടെ രേഖപ്പെടുത്താം: 'മൗലവി ദസ്തഗീ ഖുസൂരിയും മൗലവി ഇസ്മാഈല്‍ അലിഗഡിയും എന്നെ സംബന്ധിച്ച് ഇങ്ങനെ എഴുതി: 'ഞാന്‍ കള്ളവാദിയാണെങ്കില്‍ അവര്‍ക്കുമുമ്പ് മരിച്ചുപോകും. തീര്‍ച്ചയായും മരിക്കുകതന്നെ ചെയ്യും. കാരണം അവന്‍ കള്ളനാണ്.' പക്ഷേ, ഈ കൃതി പുറത്തിറങ്ങി ഭൂമുഖത്ത് പരന്നതോടെ എത്രയും പെട്ടെന്നു അവര്‍ രണ്ടുപേരും മരിച്ചുപോയി.' 'അല്‍അര്‍ബഈന്‍ നമ്പര്‍3 പു:11'

ഈ രണ്ടു മഹാന്മാരും തങ്ങളുടെ കൃതികളിലെവിടെയും ഇങ്ങനെ എഴുതിയിട്ടില്ല. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ഗുലാംഅഹ്മദ് സാഹിബ് ജീവിച്ചിരുന്ന കാലത്ത് ഇതു കാണിച്ചുതരാന്‍ വെല്ലുവിളിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം അനുയായികളോടും. പക്ഷേ, ഇന്നുവരെ അതിനു മറുപടിയുണ്ടായിട്ടില്ല. അടുത്ത ഉദാഹരണം വ്യക്തികളെക്കുറിച്ചുള്ള വിഷയമല്ല. അതിനേക്കാള്‍ എളുപ്പത്തില്‍ ആര്‍ക്കും എക്കാലത്തും മനസ്സിലാകുന്ന ഒന്നാണത്. അദ്ദേഹം എഴുതുന്നു: 'തീര്‍ച്ചയായും ഖുര്‍ആന്‍ ശരീഫിലും ഹദീസിലും പറയപ്പെട്ട പ്രവചനങ്ങള്‍ പൂര്‍ണമായും പുലരുക തന്നെ ചെയ്യും. അതായത് 'മസീഹ് മൗഊദ്' വെളിപ്പെടുമ്പോള്‍ മുസ്‌ലിം പണ്ഡിതന്മാരുടെ കരങ്ങളാല്‍ അദ്ദേഹം നിരവധി പീഡനങ്ങള്‍ക്ക് വിധേയനാകും. അദ്ദേഹം അവരില്‍നിന്ന് അനേകം ദു:ഖങ്ങളും കഷ്ടപ്പാടുകളും ഏറ്റുവാങ്ങും. അവര്‍ അദ്ദേഹത്തെ 'കാഫിറെ'ന്ന് മുദ്രകുത്തും. വധിക്കാന്‍ 'ഫത്‌വ' നല്‍കും. അതിശക്തമായ ഭാഷയില്‍ നിന്ദിക്കും. അവര്‍ അദ്ദേഹത്തെ ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്താക്കും. അദ്ദേഹത്തെക്കുറിച്ച് 'ദീന്‍' നശിപ്പിക്കാന്‍ വന്നതാണെന്ന് വിചാരിക്കും.'(അല്‍അര്‍ബഈന്‍-നമ്പര്‍ 3 പുറം:21) വിശുദ്ധ ഖുര്‍ആന്‍ എല്ലാ ഭവനങ്ങളിലുമുണ്ട്. ഹദീസും നമ്മുടെ കൈവശമുണ്ട്. അതു രണ്ടിലും ഒരിടത്തും ഇത്തരം ഒരു കാര്യം പറഞ്ഞിട്ടില്ല. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം.

മൂന്ന്: മറ്റൊരു അടിസ്ഥാനതത്വം അദ്ദേഹം നടത്തിയ ശതക്കണക്കിന് പ്രവചനങ്ങളാണ്. ആളുകള്‍ക്ക് താന്‍ സത്യവാനാണോ അസത്യവാദിയാണോ എന്ന് തിരിച്ചറിയാന്‍ വേണ്ടി അദ്ദേഹം തന്നെ നടത്തിയ പ്രവചനങ്ങളാണവ.

അല്ലാഹു അല്ലാതെ ഒരു തിരു'ഇലാഹ്'(ആരാധ്യന്‍) ഇല്ലെന്നും മുഹമ്മദ്‌നബി(സ) പ്രവാചകപരമ്പരയിലെ അവസാന കണ്ണി(ഖാതമുന്നബിയ്യീന്‍)യാണെന്നും വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മനസ്സിലാക്കി വിശ്വസിച്ച് ജീവിക്കുന്ന ഒരാള്‍ക്ക് 'ദജ്ജാല്‍' എന്ത് അത്ഭുതങ്ങള്‍ കാണിച്ചാലും, വ്യാജപ്രവാചകന്മാര്‍ ഏതു പ്രവചനം നടത്തി പുലര്‍ത്തിയാലും അവരുടെ വിശ്വാസത്തിനു ഒരു ഇളക്കവും ഉണ്ടാകില്ല. എന്റെ ശേഷം നിരവധി വ്യാജപ്രവാചകന്മാര്‍ വരും; 'നബി'യും 'റസൂലു'മാണെന്ന് അവരെല്ലാവരും വാദിക്കും എന്ന് മുഹമ്മദ് നബി(സ) പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനം ഇവിടെ പുലര്‍ന്നിട്ടുമുണ്ട്. പ്രവാചക കാലം തൊട്ട് മുസൈലിമ, അസ്‌വദുല്‍അന്‍സി, തുലൈഹ:മുതല്‍ ഈ അടുത്ത് മൗറീഷ്യസില്‍ രംഗത്തുവന്ന ഹസ്രത്ത് മുഹ്‌യുദ്ദീന്‍ മുനീര്‍ അഹ്മദ് എന്ന പുതിയ ഖാദിയാനി വരെ 'നബി'ത്വം വാദിച്ചത് മുഹമ്മദ് നബി(സ)യുടെ പ്രവചനം സാക്ഷാത്കരിച്ചു എന്നതിനു തെളിവാണ്. പ്രവാചക കുലത്തില്‍ എന്റെ ശേഷം ഒരു നബിയും ജനിക്കാനില്ല; ഞാനാണ് ആ കുലത്തില്‍ അവസാനം ജനിച്ചവന്‍ - എന്നു സുവ്യക്തമായി മുസ്‌ലിംകള്‍ പഠിപ്പിക്കപ്പെട്ടതുകൊണ്ട് ഒരാള്‍ പ്രവാചകത്വം വാദിച്ചുവന്നാല്‍ അതിനു പ്രവചനമായി തെളിവെന്തെന്ന് തെരയേണ്ട ആവശ്യമില്ല. പക്ഷേ, നാമിവിടെ ഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രവചനങ്ങള്‍ പരിശോധിക്കുന്നത് സത്യദൂതന്മാര്‍ നടത്തിയ പ്രവചനങ്ങള്‍ എല്ലാം പുലര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ വ്യാജദൂതന്മാരുടേതു മാത്രമേ പുലരാതിരുന്നിട്ടുള്ളൂ എന്നും കാണിക്കാനാണ്.

ചിലപ്പോള്‍ ജ്യോത്സ്യന്മാരും ഗണിതക്കാരും മഷിനോട്ടക്കാരുമെല്ലാം പറയുന്ന പ്രവചനങ്ങള്‍പോലും യാദൃശ്ചികമായി ഒത്തുവരാറുണ്ടെന്ന് പലരും പറയാറുണ്ട്. അദ്ദേഹം നടത്തിയ നിരവധി പ്രവചന കുതൂഹലങ്ങളില്‍ ഒന്നുമാത്രം ഇവിടെ വളരെ ചുരുക്കി വിവരിക്കാം. അത് പരിശോധനക്ക് വിധേയമാക്കാം:

ഗുലാം അഹ്മദ് ഖാദിയാനി സാഹിബിന്റെ ഒരു അകന്ന ബന്ധുവായിരുന്നു അഹ്മദ്‌ബേഗ്. അദ്ദേഹത്തിന്ഒരു പെണ്‍കുട്ടി വിവാഹപ്രായമെത്തി; മുഹമ്മദീബീഗം. ഗുലാം അഹ്മദ് സാഹിബിന് ഈ കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം ജനിച്ചു. പക്ഷേ, കുട്ടിയുടെ രക്ഷിതാക്കളും കുടുംബവും അതിനെതിരാണെന്ന് അദ്ദേഹം മനസ്സിലാക്കി. സാധാരണ ഒരു മാന്യനായ മനുഷ്യനാണെങ്കില്‍ പ്രശ്‌നത്തിന് അവിടെ പൂര്‍ണവിരാമമിടേണ്ടതായിരുന്നു. എന്നാല്‍ സങ്കീര്‍ണമായ സംഭവപരമ്പരയ്ക്ക് തുടക്കമിടുന്നത് ഇനിയാണ്. ഈ പ്രശ്‌നത്തിന്റെപേരില്‍ ഇവിടന്നങ്ങോട്ടു നടക്കുന്ന കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ തനിനിറം ലോകത്തിനു കാണാന്‍ സഹായകമായ നിരവധി പ്രശ്‌നങ്ങളില്‍ ഒന്നും. വിവാഹത്തിന് എല്ലാവരും എതിരാണെന്നു വന്നപ്പോള്‍ അദ്ദേഹം ഇത് ദൈവത്തിന്റെ കല്പനയാണെന്ന് കുടുംബത്തെ അറിയിച്ചു. എന്നിട്ടും നടക്കില്ലെന്നു കണ്ടപ്പോള്‍ 1891 ല്‍ അദ്ദേഹം പറഞ്ഞു: മുഹമ്മദീ ബീഗത്തെ തനിക്ക് ആകാശത്ത് വെച്ച് അല്ലാഹു'നിക്കാഹ്' ചെയ്തു തന്നിരിക്കുന്നു. ഇനി ഈ പെണ്‍കുട്ടിയെ എനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തുകൊടുത്താല്‍ വരന്‍ രണ്ടരവര്‍ഷത്തിനുള്ളില്‍ മരിക്കും. ആറുമാസത്തിനുശേഷം കുട്ടിയുടെ പിതാവ് അഹ്മദുബേഗും മരിക്കും. അനന്തരം അവള്‍ എന്റെ വധുവായിത്തീരും. പിതാവിന്റെ മരണം വരന്റെ ശേഷമാക്കി ആറുമാസം നീട്ടിക്കൊടുത്തതെന്തിന്? മകളെ തനിക്കു വിവാഹം ചെയ്തുതരാത്തതില്‍ കുറ്റബോധമുണ്ടെങ്കില്‍ പശ്ചാത്തപിച്ച് അവളുടെ ദീക്ഷ കാലം കഴിയുമ്പോള്‍ മിര്‍സാ ഗുലാമിന് വിവാഹം ചെയ്തുകൊടുക്കാനും അങ്ങനെ അദ്ദേഹത്തെ മരണത്തില്‍നിന്ന് മോചിപ്പിക്കാനുമായിരുന്നു.

പിന്നീടെന്തുണ്ടായി? 1892 ഏപ്രില്‍ 7 ന് ലാഹോറിലെ പട്ടി ജില്ലയിലെ സുല്‍ത്താന്‍ മുഹമ്മദ് എന്ന ഒരു പട്ടാളക്കാരന്‍ ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. എന്നാല്‍ തന്റെ പ്രവചനത്തെ അട്ടിമറിച്ചുകൊണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ വധുവിന്റെ പിതാവ് പ്രവചനത്തില്‍ പറയപ്പെട്ട രണ്ടരവര്‍ഷം മുമ്പ് - മരിച്ചു. വരന്‍ സുല്‍ത്താന്‍ മുഹമ്മദാകട്ടെ പട്ടാളത്തിലെ വെടിയുണ്ടകള്‍ക്കിടയിലൂടെ മുഹമ്മദീബീഗത്തോടൊത്ത് ശാന്തമായ കുടുംബജീവിതം നയിച്ചു. ഇതിനിടയില്‍ ഗുലാം അഹ്മദ് ഖാദിയാനി സാഹിബ് തൊട്ടതിനും പിടിച്ചതിനുമെല്ലാം എതിരാളിയുടെ മരണംകൊണ്ട് പ്രവചനക്കളി നടത്തുന്നതിനാല്‍ പല പ്രശ്‌നങ്ങളുമുണ്ടായി. അങ്ങനെ 1901 ല്‍ കോടതിയില്‍വെച്ച് ജഡ്ജിയോടും ഇക്കാര്യം വ്യക്തമാക്കി. 'അഹ്മദ് ബേഗിന്റെ മകളുമായി നടക്കേണ്ട വിവാഹപ്രവചനം പരസ്യമാണ്... ആ സ്ത്രീയുടെ വിവാഹം ഞാനുമായി നടന്നിട്ടില്ല.(ആകാശത്തുവെച്ച് അല്ലാഹു നികാഹ് ചെയ്തുകൊടുത്തു എന്ന കാര്യം കോടതിയില്‍ പറഞ്ഞില്ല). പക്ഷേ, ഞാനുമായി അവളുടെ 'നികാഹ്' ഒരുനാള്‍ നടക്കും. പ്രതീക്ഷയല്ല, പൂര്‍ണ ഉറപ്പാണ്. ഇത് ദൈവത്തിന്റെ തീരുമാനമായതിനാല്‍ മാറ്റമില്ല. സംഭവിക്കുകതന്നെ ചെയ്യും.' അവസാനം 1908 മെയ് 26 ന് ഗുലാം അഹ്മദ് സാഹിബ് ഈ ലോകത്തോടു വിടപറഞ്ഞു. അപ്പോഴും സുല്‍ത്താന്‍ മുഹമ്മദും നമ്മുടെ കഥയിലെ വീരവനിത മുഹമ്മദീബീഗവും സുഖമായി ജീവിക്കുകയായിരുന്നു. ആരെയും കൊല്ലാനും ജീവിപ്പിക്കാനും ശക്തിയുള്ള ബ്രിട്ടീഷുസാമ്രാജ്യത്തിന്റെ ഓമനപുത്രന്റെ പ്രവചനത്തിന് അവരെ കൊല്ലാന്‍ കഴിഞ്ഞില്ല. ഗുലാംസാഹിബിന്റെ മരണശേഷം 30 വര്‍ഷത്തിലധികം സുല്‍ത്താന്‍ മുഹമ്മദും 58 വര്‍ഷം മുഹമ്മദീബീഗവും കഴിഞ്ഞുകൂടി. 1966 നവംബര്‍ 19 നായിരുന്നു ബീഗത്തിന്റെ മരണം. ഈ നീണ്ടകാലമത്രയും ഗുലാം അഹ്മദ് എന്ന വ്യാജപ്രവാചകന്റെ വ്യാജപ്രവചനത്തിന്റെ ജീവിക്കുന്ന സാക്ഷിയായി അവര്‍ കഴിഞ്ഞുകൂടി. ഗുലാം അഹ്മദ് ഖാദിയാനി തന്റെ പ്രവചനത്തിലൂടെ ഭീഷണിപ്പെടുത്തി വശത്താക്കാന്‍ നോക്കിയ ആ പെണ്‍കുട്ടി 90 വയസ്സിലേറെ ജീവിച്ചു. കരുണാമയനായ അല്ലാഹു അവര്‍ക്ക് മരിക്കുന്നത് വരെ നല്ല ആരോഗ്യവും സമ്പത്തും സന്താനങ്ങളും നല്‍കി. മരണസമയത്ത് വസ്വിയ്യത്തില്‍ തന്റെ 'മയ്യിത്' കാണാന്‍ ഒരു ഖാദിയാനിയേയും അനുവദിക്കരുതെന്ന് അവര്‍ എഴുതിവെച്ചു.

(മുഹമ്മദീ ബീഗവുമായി നടന്ന ആകാശ വിവാഹക്കഥ-'തതിമ്മയേ ഹഖീഖത്തുല്‍ വഹ്‌യ്, പുറം: 132, ആയിനയേകമാലാതെ ഇസ്‌ലാം പു: 573, ശഹാദതുല്‍ ഖുര്‍ആന്‍ പു:80, സമീമെ അന്‍ജാമെആദം(ഹാശിയ) പു:31 തബ്‌ലീഗേരിസാലത്-വാ:1 പു: 115 തുടങ്ങിയ ഗുലാം അഹ്മദിന്റെ കൃതികളിലുണ്ട്. അല്‍ഹകം-ഖാദിയാന്‍ 1905 ജൂണ്‍ 30 അല്‍ ഇഅ് തിസ്വാം 1967 ഏപ്രില്‍ 7-ലാഹോര്‍')

നാല്: പരിശോധനക്കു പറ്റിയ മറ്റൊരു അടിസ്ഥാനപരമായ അളവുകോല്‍ ഗുലാം അഹ്മദ് ഖാദിയാനിയും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള ബന്ധമാണ്. 'കുഫ്‌റു', ധര്‍മനിഷേധം, അക്രമം, അധര്‍മവാഴ്ച തുടങ്ങിയ ഗുണങ്ങളുള്ള ഭരണകൂടങ്ങളുടെ സ്തുതിപാഠകരായ ഈ ലോകത്തു ഒരു പ്രവാചകനും വന്നിട്ടില്ല. പ്രവാചകന്‍ പോയിട്ട് ശുദ്ധപ്രകൃതിയുള്ള ഒരു സാധാരണക്കാരന്‍ പോലും അധര്‍മകാരികളും അക്രമികളുമായ ഭരണാധികാരികളെ വാഴ്താനോ പുകഴ്ത്താനോ അതിലൂടെ അവരില്‍ നിന്ന് ആനുകൂല്യം പറ്റാനോ തയ്യാറാവുകയില്ല. എന്നാല്‍ ബ്രിട്ടീഷ് ഭരണകൂടവും ഇംഗ്ലിഷുകാരും പറങ്കികളും ലോകത്തിന്റെ പല ഭാഗത്തും കാട്ടിക്കൂട്ടിയ അക്രമങ്ങളും അഴിച്ചുവിട്ട ധര്‍മച്യുതിയും ആര്‍ക്കും പറഞ്ഞറിയിക്കേണ്ടതില്ല. ബ്രിട്ടീഷുസാമ്രാജ്യത്തിന്റെ ക്രൂരഹസ്തങ്ങളില്‍ നിന്ന് മോചനം നേടി സ്വതന്ത്രരായി ജീവിക്കാന്‍ വേണ്ടിയാണ് ഇവിടെ നടന്ന സ്വാതന്ത്ര്യസമരങ്ങള്‍ നടന്നത്. കച്ചവടാവശ്യാര്‍ഥം ഇന്ത്യയില്‍ വന്ന് ക്രമേണ ഈ നാട്ടിലെ മനുഷ്യരെ മുഴുവനും തമ്മില്‍തല്ലിച്ച് പരസ്പരം ഭിന്നിപ്പിച്ച് ഭരണചെങ്കോല്‍ ഏറ്റെടുത്തവരാണ് ഇംഗ്ലിഷുകാര്‍. ഭരിക്കുന്നതാരാകട്ടെ, ഈ രാജ്യം കൊള്ളയടിക്കാതെ, ഇവിടത്തെ വിഭവങ്ങള്‍ ഇവിടെയുള്ളവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും ചെലവാക്കുകയും ബഹുസ്വരസമൂഹത്തില്‍ സത്യവും നീതിയും നടപ്പാക്കുകയും ചെയ്തിരുന്നെങ്കില്‍ ബ്രിട്ടീഷുകാരെ ഇവിടെനിന്നു പുറത്താക്കാന്‍ സകല ജാതിമതസ്ഥരും ഒരുമിച്ചു പടക്കളത്തിലിറങ്ങുമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഇവിടെനിന്നും പോകരുത്. അവരുടെ ഭരണത്തിന് സമാനമായ ഭരണം ഭൂമുഖത്തെവിടെയുമില്ല എന്നുവേണമെങ്കില്‍ ഒരാള്‍ക്ക് അന്ന് സ്വന്തം അഭിപ്രായം പറയാം. അങ്ങനെ പറഞ്ഞ നിരവധി ആളുകള്‍ എല്ലാ വിഭാഗത്തിലുമുണ്ടായിരുന്നു. ഇങ്ങനെയായിരുന്നെങ്കില്‍ അതയാളുടെ രാഷ്ട്രീയ വീക്ഷണമായിട്ടേ ഗണിക്കുകയുള്ളൂ. അതു പിന്നീട് മാറാം മാറാതിരിക്കാം. പക്ഷേ, ഇക്കാര്യം എനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് 'വഹ്‌യ്'(ദിവ്യബോധനം) ലഭിക്കുന്നു എന്നു പറഞ്ഞത് മിര്‍സാം ഗുലാം അഹ്മദ് ഖാദിയാനി മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന ഈ 'വഹ്‌യി'നെ അവഗണിച്ചുകൊണ്ട് അവര്‍ക്കെതിരില്‍ 'ജിഹാദ്' പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രബോധനം. ഗുലാം അഹ്മദ് സാഹിബ് ആദ്യം പാതിരിമാരോട് വാദപ്രതിവാദനാടകം നടത്തിയതും പിന്നീടങ്ങോട്ട് 'മുജദ്ദിദ്', 'മുഹദ്ദഥ്', വസീഹ്, അവസാനബിയുമെല്ലാം ആയി. ഇടക്ക് അദ്ദേഹം ഇങ്ങനെയും എഴുതി:
'ഇന്ത്യാരാജ്യത്ത് കൃഷ്ണന്‍ എന്ന നാമത്തില്‍ ഒരു പ്രവാചകന്‍ കഴിഞ്ഞുപോയിട്ടുണ്ട്. രുദ്രഗോപാലന്‍ എന്നും അദ്ദേഹത്തിനു പേരുണ്ടായിരുന്നു. ആ നാമവും എനിക്കു നല്‍കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ആര്യവിഭാഗക്കാര്‍ ഇന്ന് കാത്തുകൊണ്ടിരിക്കുന്ന കൃഷ്ണനും ഞാന്‍ തന്നെയാണ്....' അന്ത്യകാലത്ത് പ്രത്യക്ഷപ്പെടാനിരിക്കുന്ന ആര്യവംശ രാജാവ് നീ തന്നെയാണെന്നും പല പ്രാവശ്യം അല്ലാഹു എനിക്കു ബോധനം നല്‍കി.' (തതിമ്മയേഹഖീഖത്തുല്‍ വഹ്‌യ്. പേജ്:85) ഈ പദവിയെല്ലാമുള്ള ഒരാളുടെ പ്രധാന ദൗത്യം എന്ത്? മുസ്‌ലിംകളോട് 'നബി'യുടെ പദവി ഉപയോഗിച്ച് ഹിന്ദുക്കളോട് കൃഷ്ണന്റെ പദവി ഉപയോഗിച്ചും ഗുലാംസാഹിബിന് പറയാനുള്ള കാര്യമെന്ത്? അദ്ദേഹത്തിന്റെ മുഴുവന്‍ കൃതികളിലും ആ കാര്യം ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു സ്ഥലത്തല്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് വ്യംഗ്യമായോ വ്യക്തമായോ അദ്ദേഹം വ്യക്തമാക്കി. തന്റെ 'ശഹാദത്തുല്‍ ഖുര്‍ആന്‍' എന്ന കൃതിയുടെ കൂടെ പ്രസിദ്ധീകരിച്ച 'ഗവര്‍മെന്റിന്റെ ശ്രദ്ധയ്ക്ക്' എന്ന ലേഖനത്തിന്റെ ഒരു ഭാഗം ഇവിടെ കൊടുക്കാം:
'എന്റെ പിതാവിന് ഈ ഗവണ്‍മെന്റിനോട് എത്രകണ്ട് കൂറും ഗുണകാംക്ഷയും ആത്മാര്‍ഥതയുമുണ്ടായിരുന്നത് പോലെ എനിക്കുമുണ്ടായിരിക്കുമെന്ന് ഞാനിതാ ഉറപ്പുതരുന്നു. എല്ലാ വിധ നാശത്തില്‍നിന്നും ശത്രുക്കളുടെ ഉപദ്രവത്തില്‍നിന്നും ഈ ഗവണ്‍മെന്റിനെ രക്ഷിക്കേണമേയെന്ന് പ്രാര്‍ഥിക്കുകയല്ലാതെ എന്തുചെയ്യും? ദൈവത്തോട് എങ്ങനെ നന്ദി കാട്ടണമെന്നോ അവന്‍ കല്പിച്ചത് അതേ അളവില്‍ നന്മചെയ്യുന്ന ഗവണ്‍മെന്റിനോടും നന്ദി കാട്ടണമെന്നാണ് അവന്റെ കല്പന. ഈ ജനോപകാരം ചെയ്യുന്ന ഭരണകൂടത്തോട് ഒരാള്‍ കൂറുകാട്ടുന്നില്ലെങ്കില്‍, അല്ലെങ്കില്‍ അതിന്നെതിരില്‍ എന്തെങ്കിലും തിന്മ മനസ്സില്‍ വിചാരിക്കണമെങ്കില്‍ അവന്‍ ദൈവത്തോടും നന്ദിയില്ലാത്തവനാണ്. കാരണം ദൈവത്തിന്റെ അനുഗ്രഹം ഏതു ഭരണകൂടത്തിലൂടെയാണോ ലഭിക്കുന്നത് ആ ഭരണകൂടത്തിനുള്ള നന്ദിയും ദൈവത്തിനുള്ള നന്ദിയും ഒന്നുതന്നെയാണ്. അത് പരസ്പരപൂരകമാണ്. ഒന്നില്ലെങ്കില്‍ മറ്റേതുമില്ല. ഈ ഗവണ്‍മെന്റിനെതിരില്‍ 'ജിഹാദു' പറ്റുമോയെന്ന് വിഡ്ഢികളും വിവരദോഷികളുമായ ചിലര്‍ ചോദിക്കുന്നു. മനസ്സിലാക്കുക: ഈ ചോദ്യം അവന്റെ അഗാധമായ അജ്ഞതയെയാണ് സൂചിപ്പിക്കുന്നത്. കാരണം നന്മക്കു പകരം നന്ദി ഓരോ വ്യക്തിക്കും നിര്‍ബന്ധമാണ്. അപ്പോള്‍ നന്മക്കും പുണ്യത്തിനുമെതിരില്‍ എന്തു ജിഹാദ്? ഞാന്‍ പറയട്ടെ: നന്മ ചെയ്യുന്നവനോടും നന്ദികേടു കാണിക്കല്‍ തനി തെമ്മാടിയുടെയും 'ഹറാമി'യുടെ ജോലിയാണ്. എന്റെ മതമായ ഇസ്‌ലാമിന് രണ്ടു ഭാഗമുണ്ട്. ഒന്ന്: അല്ലാഹുവിനുള്ള അനുസരണം, രണ്ട്: അക്രമികളെ അടിച്ചമര്‍ത്തി സമാധാനവും ശാന്തിയും നല്‍കുന്ന ബ്രിട്ടീഷുഗവണ്‍മെന്റിനുള്ള അനുസരണം'.(പേജ്-3)
മുന്നൂറു വര്‍ഷത്തോളം രാജ്യത്തിന്റെ സമ്പത്ത് മുഴുവനും കൊള്ളയടിക്കുകയും തദ്ദേശീയരായ ജനങ്ങളെ പട്ടിണിക്കിടുകയും അവരുടെ ജന്മനാട്ടില്‍ അവരെ അടിമകളാക്കി വെക്കുകയും ചെയ്യുന്ന ഭരണകൂടം ഒരു വശത്ത് അതിനെതിരില്‍ മോചനം നേടി സ്വതന്ത്രരായി ജീവിക്കാനും അഭിമാനത്തോടെ കഴിഞ്ഞുകൂടാനും പടപൊരുതുന്ന ഒരു ജനത മറുവശത്ത്. അപ്പോഴാണ് ദൈവത്തിന്റെ ദൂതനാണ് താനെന്നു പറഞ്ഞുകൊണ്ട് ഒരു വ്യക്തി പ്രത്യക്ഷപ്പെടുന്നത്. ആ വ്യക്തി ധര്‍മസമരം ചെയ്യുന്ന യോദ്ധാക്കളെ നന്ദികെട്ടവരും 'ഹറാമി'കളുമാക്കുന്നു. അക്രമത്തിന്റെയും അധര്‍മത്തിന്റെയും പ്രതീകമായ ഗവര്‍മെന്റിനെ നന്മയുടെ നടുക്കഷ്ണവുമാകുന്നു. ഈ വ്യക്തിയെക്കുറിച്ച് ബുദ്ധിയുള്ളവരെന്തുപറയും.

അപ്പോള്‍ നാം പറഞ്ഞുവെന്നതിന്റെ ചുരുക്കമിതാണ്: മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുഹമ്മദ്‌നബി(സ) പ്രവാചകപരമ്പരയിലെ അവസാനകണ്ണിയാണെന്നതിനും അദ്ദേഹത്തിന്റെ ശേഷം പ്രവാചകകുലത്തില്‍ ഇനി ആരും ജനിക്കാനില്ലെന്നതിനും തെളിവായി വിശുദ്ധ ഖുര്‍ആനും നബിതിരുമേനി(സ്വ)യുടെ തിരുവചനങ്ങളും മതി. എന്നാല്‍ അതിലൊന്നും വിശ്വാസമില്ലാത്തവര്‍ക്ക് വേണ്ടി പറയുന്നു: ഒരു പ്രവാചകനുണ്ടാകണമെന്ന് നാം കാണുന്ന ചില അടിസ്ഥാനമൂല്യങ്ങളുണ്ട്. ആ മൂല്യങ്ങള്‍കൊണ്ട് അത്തരക്കാരെ അളന്നുനോക്കണം. അതില്‍ പ്രധാനപ്പെട്ട നാലു കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കപ്പെട്ടത്.

ഒന്ന് : ഏതൊരു പ്രവാചകനും മറ്റൊരു പ്രവാചകനെ അവമതിക്കുകയോ സഭ്യേതരമായി സംസാരിക്കുകയോ ഇല്ല.

രണ്ട് : പ്രവാചകന്‍ തന്റെ വാദങ്ങള്‍ സ്ഥാപിക്കാനും തന്റെ വ്യക്തിപ്രഭാവ പ്രകടനത്തിനും കളവു പറയുകയില്ല.

മൂന്ന് : പ്രവാചകന്‍ നടത്തുന്ന പ്രവചനങ്ങള്‍ പുലരുകതന്നെ ചെയ്യും.

നാല്: അക്രമവും അധര്‍മവും നടമാടുന്ന ഒരു ഭരണകൂടത്തിന്റെ പ്രചാരകനും പാദസേവകനുമായി ഒരു കാലത്തും പ്രവാചകന്‍ വരില്ല.

ഈ നാല് അടിസ്ഥാനമൂല്യങ്ങളുടെ അളവുകോല്‍ കൊണ്ടു അല്ലെന്നാലും മിര്‍സാ ഗുലാം അഹ്മദ് തന്റെ വാദത്തില്‍ വ്യാജനാണെന്ന് സൂര്യപ്രകാശംപോലെ സുവ്യക്തമാകും.

[വിഖ്യാതപണ്ഡിതനും റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമിയയുലെ അംഗവും നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായിരുന്ന അല്ലാമ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി എഴുതിയ 'ഖാദിയാനിയത് പര്‍ ഗൗര്‍കര്‍നേകാ സീദാ രാസ്ത' (ഖാദിയാനിസത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരെളുപ്പമാര്‍ഗം) എന്ന കൃതിയോടു കടപ്പാട്]

by എം എം നദ്‌വി @ വര്‍ത്തമാനം

പന്നിമാംസ നിരോധം : ദൈവികനിയമങ്ങളുടെ യുക്തിഭദ്രത

മനുഷ്യനിലെ വ്യത്യസ്‌തവും എന്നാല്‍ പരസ്‌പര ബന്ധിതവുമായ ശരീരം, ആത്മാവ്‌, മനസ്സ്‌ എന്നിവയുടെ സമ്പൂര്‍ണ വികാസത്തെ ഉള്‍ക്കൊള്ളുന്ന ജീവിത ദര്‍ശനമാണ്‌ ഇസ്‌ലാം. സ്രഷ്‌ടാവിനെ ആരാധിക്കാന്‍ വേണ്ടിയാണ്‌ മനുഷ്യനെ സൃഷ്‌ടിച്ചത്‌ (51:56). എന്നാല്‍ അല്ലാഹു മനുഷ്യനെ ഒരു അരക്ഷിത ലോകത്തേക്ക്‌ തള്ളിവിടുന്നില്ല. ഇഹപര വിജയത്തിന്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന വിശുദ്ധ ഖുര്‍ആന്‍ അവന്‍ മനുഷ്യന്‌ നല്‍കിയിരിക്കുന്നു. സ്രഷ്‌ടാവിന്റെ നിയമങ്ങളുടെ അനുസരണത്തിലൂടെ മാത്രമേ വിജയം വരിക്കാനാവൂ എന്ന്‌ വിശുദ്ധ ഖുര്‍ആനും പ്രവാചകന്മാരുടെ ജീവിതവും നമ്മെ പഠിപ്പിക്കുന്നു.

അല്ലാഹുവിനുള്ള ആരാധനയിലൂടെയും അവന്റെ നിയമങ്ങളുടെ അനുസരണത്തിലൂടെയുമാണ്‌ ഒരു മുസ്‌ലിം തന്റെ ജീവിതം ക്രമപ്പെടുത്തുന്നത്‌. ഒരു മുസ്‌ലിം നിര്‍ബന്ധമായും അനുസരിക്കേണ്ട ഒരു നിയമമാണ്‌ പന്നിമാംസ നിരോധം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണമായ പന്നിമാംസം കഴിക്കുന്നതില്‍ എന്ത്‌ അപകടം എന്ന്‌ ചിലരെങ്കിലും ചിന്തിച്ചേക്കാം. പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്ന പരാന്നജീവികള്‍ മനുഷ്യശരീരത്തിന്‌ ദോഷം ചെയ്യുന്നു എന്ന വസ്‌തുത അത്‌ വര്‍ജിക്കാനുള്ള ന്യായമായ കാരണമാണ്‌. എന്നാല്‍ ഒരു മുസ്‌ലിം എന്തുകൊണ്ട്‌ പന്നിമാംസം വര്‍ജിക്കുന്നു എന്നതിനുള്ള കാരണങ്ങളില്‍ ഈ വസ്‌തുതക്ക്‌ രണ്ടാംസ്ഥാനം മാത്രമാണുള്ളത്‌. അല്ലാഹു അത്‌ നിഷിദ്ധമാക്കിയിരിക്കുന്നു എന്ന വിശദീകരണമാണ്‌ ഒരു മുസ്‌ലിമിനെ സംബന്ധിച്ച്‌ പരമപ്രധാനം. ``ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ.'' (2:173)

അല്ലാഹു ഒരു കാര്യത്തെ അനുവദിച്ചതിലും മറ്റൊരു കാര്യത്തെ വിരോധിച്ചതിലുമുള്ള യുക്തി എല്ലായ്‌പ്പോഴും മനുഷ്യബുദ്ധിക്ക്‌ മനസ്സിലായെന്ന്‌ വരില്ല. പന്നിമാംസത്തിന്റെ കാര്യത്തില്‍, അത്‌ മ്ലേച്ഛമാണ്‌ (6:145) എന്ന്‌ പ്രസ്‌താവിക്കുന്നതിനപ്പുറം കൂടുതല്‍ വിശദീകരണങ്ങള്‍ നല്‌കുന്നില്ല. ഒരു മുസ്‌ലിമിന്‌ കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യവുമില്ല. കാരണം അവന്‍ ദൈവികനിയമങ്ങള്‍ക്ക്‌ സ്വയം കീഴ്‌പ്പെട്ടവനാണ്‌. കാര്യങ്ങളെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്‌ ഒരു വിശ്വാസിയുടെ സവിശേഷ ഗുണമാണ്‌. ``ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്‌തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും അവര്‍. അവര്‍ തന്നെയാണ്‌ വിജയം നേടിയവര്‍.'' (24:51). ``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ സ്‌ത്രീയ്‌ക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴികേടിലാകുന്നു.''(33:36)

അല്ലാഹു യുക്തിമാനും നീതിമാനുമാണെന്ന്‌ ഒരു വിശ്വാസി മനസ്സിലാക്കുന്നു. അതുകൊണ്ട്‌ അല്ലാഹുവിന്റെ നിയമങ്ങള്‍ നമ്മുടെ ശാരീരികവും മാനസികവും ആത്മീയവുമായ ദൈനംദിന ആവശ്യങ്ങള്‍ക്ക്‌ അനുഗുണവുമാണ്‌. തന്റെ സൃഷ്‌ടികള്‍ക്ക്‌ ഈ ലോകത്ത്‌ ഏറ്റവും നല്ല മാര്‍ഗമേതെന്ന്‌ അറിയിച്ചുകൊണ്ടാണ്‌ സ്രഷ്‌ടാവ്‌ അവരെ അടുത്ത ലോകത്തേക്ക്‌ തയ്യാറാക്കുന്നത്‌. അത്യന്തം നിര്‍ബന്ധിത സാഹചര്യത്തില്‍ ഒഴികെ, ഒരു മുസ്‌ലിം പന്നിമാംസം തീര്‍ത്തും വര്‍ജിക്കേണ്ടതാണ്‌. നിര്‍ബന്ധിത സാഹചര്യത്തില്‍ ചില നിഷിദ്ധ കാര്യങ്ങളെ അല്ലാഹു അനുവദിക്കുന്നുണ്ട്‌. നിയമാനുസൃതമായ എല്ലാറ്റിനെയും ആസ്വദിക്കാന്‍ അല്ലാഹു അനുവാദം നല്‌കുന്നു. അതോടൊപ്പം, നമ്മുടെ വിശ്വാസത്തിനും ശരീരത്തിനും വികാസത്തിനും ധാര്‍മികതക്കും ദോഷം വരുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും വിലക്കുകയും ചെയ്യുന്നു. അതിനാല്‍, നിഷിദ്ധമായവ ഭക്ഷിക്കുന്നതിലെ അപകടത്തെ കുറിച്ച്‌ മുസ്‌ലിംകള്‍ ബോധവാന്മാരാണ്‌. അല്‌പം ബുദ്ധിമുട്ടിയാലും, അനുവദിച്ച ഭക്ഷണം തേടിപ്പോകാന്‍ ഇത്‌ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അറിവില്ലായ്‌മ മൂലമോ അബദ്ധമായോ പന്നിമാംസം കഴിക്കുന്നത്‌ പാപമല്ല. അല്ലാഹു ഒരാളെയും അയാളുടെ അറിവില്ലായ്‌മ, അബദ്ധം, മറവി എന്നീ കാരണങ്ങളാല്‍ ശിക്ഷിക്കുന്നതല്ല. എന്നാല്‍ അറിഞ്ഞുകൊണ്ട്‌ പന്നിമാംസമോ പന്നിമാംസം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, പാനീയങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയോ ഉപയോഗിക്കുന്നത്‌ അനുവദനീയമല്ല. വല്ല ഉല്‍പന്നങ്ങളിലും സംശയം തോന്നിയാല്‍ അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെ പറ്റി അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്‌. ചേരുവകളെപ്പറ്റിയും നിര്‍മാണ പ്രക്രിയകളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇക്കാലത്ത്‌ ലഭ്യമാണ്‌. പന്നിമാംസത്തിന്റെ അളവ്‌ എത്ര ചെറുതായിരുന്നാല്‍ പോലും അത്‌ നിഷിദ്ധമാണ്‌.

പന്നിമാംസത്തിലെ അശുദ്ധിയെ ഒഴിച്ചുനിര്‍ത്തിയാല്‍ അതുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങള്‍ ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്‌. ഭക്ഷണത്തിനും മരുന്നിനും വേണ്ടി രൂപം മാറ്റപ്പെടുമ്പോള്‍ അത്‌ മറ്റൊരു പദാര്‍ഥമായി മാറുന്നതിനാല്‍ അത്‌ അനുവദിക്കപ്പെട്ടതാണ്‌ എന്ന അഭിപ്രായമാണ്‌ വൈദ്യശാസ്‌ത്ര രംഗത്തെ ഇസ്‌ലാമിക സംഘടന (Islamic Organisation for Medical Sciences) അഭിപ്രായപ്പെടുന്നത്‌. എന്നാല്‍ പന്നിയില്‍ നിന്നും വരുന്ന ഉണക്കിയതടക്കമുള്ള ഏത്‌ തരത്തിലുള്ള മാംസവും നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.

അടുത്ത കാലത്ത്‌ മെക്‌സിക്കോയിലും അമേരിക്കയിലുമുണ്ടായ പന്നിപ്പനിയുടെ (Swine flue) പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ പന്നികള്‍ കൂട്ടമായി കശാപ്പു ചെയ്യപ്പെടുകയുണ്ടായി. പന്നികള്‍ മനുഷ്യന്‌ ഹാനികരമായ പരാന്നജീവികളുടെ വാഹകരും പകര്‍ച്ചപ്പനി പരത്തുന്നവയുമാണ്‌ എന്നത്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതാണ്‌. പകര്‍ച്ചപ്പനിയുടെ കാരണമായ വൈറസ്‌ വളര്‍ന്നുവരാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌ പന്നിയുടെ ശരീരം എന്ന വസ്‌തുത വൈറസ്‌ ശാസ്‌ത്രജ്ഞര്‍ (virologists) സ്ഥിരീകരിച്ചിട്ടുണ്ട്‌. ഗ്രഹാം ബര്‍ഗസ്‌ പറയുന്നു: ``സാധാരണ കോഴികളില്‍ കാണപ്പെടുന്ന വൈറസ്‌ പന്നികളില്‍ എളുപ്പത്തില്‍ വളരുന്നു. അതുപോലെ മനുഷ്യനിലെ വൈറസുകളും പന്നികളില്‍ വളരാന്‍ സാധ്യതയേറെയുണ്ട്‌. അതുകൊണ്ടു തന്നെ, പന്നി വൈറസ്‌ നിറഞ്ഞ ഒരു പാത്രമായാണ്‌ കണക്കാക്കപ്പെടുന്നത്‌.''

പരാന്ന ജീവികള്‍, ബാക്‌ടീരിയ, വൈറസുകള്‍ എന്നിവയുടെ അഭയകേന്ദ്രമാണ്‌ പന്നിയുടെ ശരീരം. പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്ന നാടവിരയുടെ (Taenia solium) പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ഒരു അണുബാധയാണ്‌ സിസ്റ്റിസാര്‍ക്കോസിസ്‌ (cysticercosis). പന്നിമാംസത്തിലെ നാടവിരകളുടെ ലാര്‍വ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ്‌ അണുബാധ ഉണ്ടാകുന്നത്‌. സിസ്റ്റിസര്‍സായ്‌ (cysticerci) അണുക്കള്‍ തലച്ചോറില്‍ കാണപ്പെടുന്ന അവസ്ഥക്ക്‌ ന്യൂറോ സിസ്റ്റി സര്‍ക്കോസിസ്‌ (neuro cysticercosis) എന്ന്‌ പറയപ്പെടുന്നു. പന്നികളിലെ നാടവിരകള്‍ ഒരു ആഗോള പ്രതിഭാസമാണ്‌. എന്നാല്‍ അത്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌ പന്നികള്‍ മനുഷ്യരുമായി ഇടപഴകി ജീവിക്കുന്ന വികസ്വര രാജ്യങ്ങളിലാണ്‌. വികസിതരാജ്യങ്ങളിലും ഇത്തരം അസുഖങ്ങള്‍ കാണപ്പെടുന്നു. പക്ഷെ, പന്നിമാംസം നിഷിദ്ധമാക്കിയ മുസ്‌ലിം രാജ്യങ്ങളില്‍ വളരെ അപൂര്‍വമായി മാത്രമാണ്‌ ഇത്‌ കാണപ്പെടുന്നതെന്ന്‌ അമേരിക്കന്‍ രോഗനിവാരണ കേന്ദ്രം (Centre for disease control and prevention - CDC) റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

വേവിക്കാത്ത ചില മാംസങ്ങള്‍ കഴിക്കുന്നതു മൂലമുണ്ടാകുന്ന ഒരു അസുഖമാണ്‌ ട്രിക്കിനോസിസ്‌ (trichinosis). മാംസത്തിലെ ട്രിക്കിനെല്ല (Trichinella) എന്നറിയപ്പെടുന്ന നാടവിരയുടെ ലാര്‍വയാണ്‌ രോഗകാരണം. മിശ്രഭുക്കുകളായ കാട്ടുമൃഗങ്ങളില്‍ കാണപ്പെടുന്ന ഈ അണുബാധ വളര്‍ത്തുപന്നികളിലും സംഭവിക്കാന്‍ ഇടയുണ്ട്‌. അണുബാധയുള്ള മാംസം കഴിക്കുന്നവരുടെ ആമാശയ സഞ്ചിയുടെ ആവരണം നശിപ്പിക്കപ്പെടാന്‍ കാരണമായേക്കാം എന്ന്‌ അമേരിക്കന്‍ രോഗ നിവാരണകേന്ദ്രം മുന്നറിയിപ്പ്‌ നല്‌കുന്നു.

ട്രിക്കിനെല്ല വിരകള്‍ ഒന്ന്‌ രണ്ട്‌ ദിവസത്തിനകം ചെറുകുടലില്‍ പ്രവേശിച്ചു ശക്തി പ്രാപിക്കുന്നു. സ്‌ത്രീവിരകള്‍ മുട്ടയിട്ടു വിരിയിക്കുന്ന കുഞ്ഞുവിരകള്‍ രക്തധമനികളിലൂടെ പേശികളിലേക്ക്‌ നീക്കപ്പെടുന്നു. പേശികളില്‍ ഇവ ഉരുണ്ടുകൂടുന്നു. മാംസത്തില്‍ ഉരുണ്ടുകൂടിയ ഇവയെ ഭക്ഷിക്കുമ്പോള്‍ അണുബാധയുണ്ടാകുന്നു. പന്നിമാംസം കഴിക്കുന്നതിനെ കുറിച്ചുള്ള ബോധവല്‍കരണത്തിന്റെ ഫലമായി ട്രിക്കിനോസിസ്‌ അണുബാധ കുറഞ്ഞുവരുന്നുണ്ട്‌.

ഏറ്റവും വൃത്തിഹീനമായ ഭക്ഷണങ്ങള്‍ പോലും കഴിക്കുന്ന മിശ്രഭുക്കാണ്‌ പന്നി. പന്നികളിലെ വിയര്‍പ്പ്‌ ഗ്രന്ഥികളുടെ അളവ്‌ കുറവായതിനാല്‍ ശരീരത്തിലെ വിഷാംശങ്ങള്‍ മുഴുവനായി പുറംതള്ളാന്‍ അവയ്‌ക്ക്‌ കഴിയുന്നില്ല. പന്നികളുടെ പരിപാലനം നടത്തുന്നവരില്‍ ബാക്‌ടീരിയയുടെ അണുബാധ കൂടുതലായി കാണപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ഇടുങ്ങിയതും വൃത്തിഹീനവുമായ സ്ഥലങ്ങളിലാണ്‌ മിക്കവാറും പന്നികള്‍ ജീവിക്കുന്നത്‌. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്‌ടീരിയകള്‍ വരെ പന്നികളില്‍ കാണപ്പെട്ടിട്ടുണ്ട്‌. ഈ ബാക്‌ടീരിയ ഭക്ഷണ വസ്‌തുക്കളിലൂടെ പകരുന്നതായും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. അമേരിക്കയില്‍ അടുത്തകാലത്ത്‌ നടന്ന ചില പഠനങ്ങള്‍ നല്‌കുന്ന സൂചനകള്‍ അപടകരമാണ്‌: 49 ശതമാനം പന്നികളും 45 ശതമാനം പന്നികളുമായി ഇടപഴകി ജീവിക്കുന്ന തൊഴിലാളികളും ഇത്തരത്തിലുള്ള ബാക്‌ടീരിയ ബാധിച്ചവരാണ്‌. ഇതിന്റെ ഫലമായി ഓരോ വര്‍ഷവും പതിനെട്ടായിരം ആളുകള്‍ അമേരിക്കയില്‍ മരണത്തിന്‌ കീഴ്‌പ്പെടുന്നു!

മുസ്‌ലിംകള്‍ പന്നിമാംസത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങളില്‍ നിന്നും വിട്ടുനില്‌ക്കുന്നു, കാരണം അത്‌ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. പന്നിയുടെ ശരീരഘടനയെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചുമുള്ള പഠനം തീര്‍ച്ചയായും അത്‌ വൃത്തിഹീനമായ ഒരു മൃഗമാണെന്ന കാര്യമാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌. അതുകൊണ്ടു തന്നെ ആരോഗ്യപ്രദവും ശുദ്ധവുമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും, പന്നിമാംസവും അതുമായി ബന്ധപ്പെട്ട ഉല്‌പന്നങ്ങളും വര്‍ജിക്കേണ്ടതാണ്‌.

By ആയിശ സ്റ്റെയ്‌സി @ ശബാബ് [വിവ. സി പി ശഫീഖ്‌]

അനശ്വര ത്യാഗത്തിന്റെ ഓര്‍മപ്പെരുന്നാള്‍

മാനവതയുടെ മഹാനായകന്‍ ഇബ്‌റാഹീം നബി(അ)യുടെ അഭൂതപൂര്‍വമായ ത്യാഗത്തിന്റെ ഓര്‍മപ്പെരുന്നാള്‍ സമാഗതമാകുന്നു. സത്യവിശ്വാസികളുടെ ജീവിതത്തില്‍ ഭക്തിയുടെയും ആനന്ദത്തിന്റെയും നിറവ്‌ അനുഭവപ്പെടുന്ന ഒരു അസുലാഭവസരമത്രെ ഈദുല്‍ അദ്വ്‌ഹാ അഥവാ ബലിപെരുന്നാള്‍.

പരിശുദ്ധഭൂമിയില്‍ അവരുടെ പ്രതിനിധികള്‍ ഇബ്‌റാഹീം (അ) പഠിപ്പിച്ച ഹജ്ജ്‌ കര്‍മങ്ങളില്‍ ഭക്തിപുരസ്സരം മുഴുകുമ്പോള്‍ സ്വദേശങ്ങളില്‍ അവര്‍ അറഫാനോമ്പും തക്‌ബീര്‍ ധ്വനികളുമായി ഈദ്‌ ആചരിക്കുന്നു. ആ പ്രവാചക ശ്രേഷ്‌ഠനെ മാതൃകയാക്കി ബലിയര്‍പ്പിക്കുന്നു.

മുസ്‌ലിംകളും ക്രൈസ്‌തവരും യഹൂദരും ഉള്‍പ്പെടെ ശതകോടിക്കണക്കില്‍ മനുഷ്യര്‍ ആദരപൂര്‍വം അനുസ്‌മരിക്കുന്ന ഒരു അനിതര വ്യക്തിത്വമാണ്‌, അല്ലാഹുവിന്റെ മിത്രമെന്നും മാനവതയുടെ നായകനെന്നും വിശുദ്ധഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ട ഇബ്‌റാഹീം നബി(അ). അദ്ദേഹത്തിന്റെ വിശ്വാസവും ധര്‍മനിഷ്‌ഠയും ത്യാഗസന്നദ്ധതയും സകല പരീക്ഷണങ്ങളെയും അതിജീവിച്ചു എന്നതാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത. യാതൊരു വിധ പ്രകോപനത്തിനും പ്രേലാഭനത്തിനും അദ്ദേഹത്തെ ആദര്‍ശത്തില്‍ നിന്ന്‌ ഒട്ടും വ്യതിചലിപ്പിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ആദര്‍ശദാര്‍ഢ്യം പരീക്ഷിക്കപ്പെട്ട ഒട്ടേറെ സന്ദര്‍ഭങ്ങള്‍ വിശുദ്ധഖുര്‍ആന്‍ നമുക്ക്‌ കാണിച്ചുതരുന്നു. ഓരോ സന്ദര്‍ഭത്തിലും അദ്ദേഹം അക്ഷോഭ്യനായി, അചഞ്ചലനായി നിലകൊണ്ടു. ആരൊക്കെ കൈയൊഴിച്ചാലും ആരൊക്കെ എതിര്‍ത്താലും അല്ലാഹുവിന്റെ സഹായവും പിന്തുണയും കൊണ്ടുമാത്രം അതീജീവിക്കാമെന്ന പ്രതീക്ഷയാണ്‌ അദ്ദേഹത്തിന്‌ താങ്ങും തണലുമായത്‌.

പരമകാരുണികനായ അല്ലാഹുവെ മാത്രം ആരാധിക്കാനും പിശാചിന്റെ മാര്‍ഗമായ ബഹുദൈവാരാധന വര്‍ജിക്കാനും സ്വന്തം പിതാവിനെ അദ്ദേഹം സ്‌നേഹപുരസ്സരം ഉപദേശിച്ചപ്പോള്‍ പിതാവിന്റെ പ്രതികരണം വളരെ കടുത്തതായിരുന്നു. ``അയാള്‍ പറഞ്ഞു: ഹേ, ഇബ്‌റാഹീം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്നു വെക്കുകയാണോ? (ഇതില്‍ നിന്ന്‌) നീ വിരമിക്കുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും.'' (19:46) ഇത്‌ കേട്ടപ്പോള്‍ ക്രുദ്ധനായ ഒരു പ്രക്ഷോഭകാരിയെപ്പോലെ അദ്ദേഹം പിതാവിന്റെ നേരെ തട്ടിക്കയറിയില്ല. പിതാവ്‌ വെറുത്താല്‍, കുടുംബത്തില്‍ നിന്ന്‌ ഒറ്റപ്പെട്ടാല്‍ ജീവിതം വഴിമുട്ടിപ്പോകുമെന്ന ആശങ്കനിമിത്തം സാമ്പ്രദായിക മതവുമായി രാജിയാകാമെന്ന്‌ ആലോചിച്ചതുമില്ല. ശാന്തസ്വരത്തില്‍ തന്നെ പിതാവിനോട്‌ തനിക്കുള്ള കടപ്പാടും തന്റെ ആദര്‍ശ പ്രതിബദ്ധതയും വ്യക്തമാക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വിശുദ്ധഖുര്‍ആന്‍ ഉദ്ധരിക്കുന്നു:

``അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക്‌ ശാന്തിയുണ്ടായിരിക്കട്ടെ. താങ്കള്‍ക്കുവേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട്‌ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ എന്നോട്‌ ദയയുള്ളവനാകുന്നു. നിങ്ങളെയും അല്ലാഹുവിനു പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട്‌ ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട്‌ പ്രാര്‍ഥിക്കുന്നതുമൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.'' (19:47,48) അല്ലാഹുവല്ലാത്ത ആരോടും പ്രാര്‍ഥിക്കാതിരിക്കുകയും അല്ലാഹുവോട്‌ നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്യുന്ന യഥാര്‍ഥ വിശ്വാസി എപ്പോഴും യഥാര്‍ഥ സൗഭാഗ്യത്തിന്‌ അവകാശിയായിരിക്കുമെന്നതിന്‌ ഇബ്‌റാഹീം നബി(അ)യുടെ തുടര്‍ന്നുള്ള ജീവിതം സാക്ഷ്യം വഹിക്കുന്നു.

തന്റെ നാട്ടിലെ സ്വേച്ഛാധിപതിയായ ഭരണാധികാരിയോട്‌ ഇബ്‌റാഹീം നബി(അ) സംവാദം നടത്തിയ സന്ദര്‍ഭവും വിശുദ്ധഖുര്‍ആനില്‍ അനുസ്‌മരിക്കുന്നുണ്ട്‌. ``ഇബ്‌റാഹീമിനോട്‌ അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീ അറിഞ്ഞില്ലേ? അല്ലാഹു അവന്‌ ആധിപത്യം നല്‌കിയതിനാലാണ്‌ (അവനതിന്ന്‌ മുതിര്‍ന്നത്‌.) എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്‌. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്ന്‌ കൊണ്ടുവരുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന്‌ കൊണ്ടുവരിക. അപ്പോള്‍ ആ സത്യനിഷേധിക്ക്‌ ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.'' (2:258) സര്‍വ ജീവജാലങ്ങളെയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന പ്രപഞ്ചനാഥനെ മാത്രം രക്ഷാധികാരിയായി സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ച ഇബ്‌റാഹീമി(അ)നോട്‌ രാജാവിന്റെ പ്രതികരണം ധാര്‍ഷ്‌ട്യം കലര്‍ന്നതായിരുന്നു. തന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട പ്രതികളില്‍ ചിലരെ താന്‍ വിട്ടയക്കുകയും ചിലര്‍ക്ക്‌ വധശിക്ഷ നല്‌കുകയും ചെയ്യുന്നതിനാല്‍ താനും ജനിമൃതികളുടെ അധിപനായ തമ്പുരാനാണെന്ന്‌ സമര്‍ഥിക്കാനുള്ള രാജാവിന്റെ ഉദ്യമത്തെ ഇബ്‌റാഹീം നബി(അ) അക്ഷോഭ്യനായി നേരിട്ടു. കുതര്‍ക്കത്തിന്‌ സാധ്യതയില്ലാത്ത ഒരു പ്രശ്‌നം- സൂര്യന്റെ ഉദയവും അസ്‌തമനവും ആര്‌ നിയന്ത്രിക്കുന്നു എന്ന പ്രശ്‌നം- ഇബ്‌റാഹീം (അ) ഉന്നയിച്ചപ്പോള്‍ രാജാവ്‌ സ്‌തബ്‌ധനായിപ്പോയി. തനിക്ക്‌ ആരെയും കൊല്ലാന്‍ അധികാരമുണ്ടെന്ന്‌ രാജാവ്‌ വ്യക്തമാക്കിയിട്ടും ഇബ്‌റാഹീം (അ) പതറിയില്ല, ചഞ്ചല ചിത്തനായില്ല.

പ്രാര്‍ഥനയ്‌ക്ക്‌ ഉത്തരം നല്‌കാനോ ഉപകാരമോ ഉപദ്രവമോ ചെയ്യാനോ വിഗ്രഹങ്ങള്‍ക്ക്‌ കഴിവില്ലെന്ന്‌ സ്ഥാപിക്കാന്‍ ഇബ്‌റാഹീം തെരെഞ്ഞടുത്ത മാര്‍ഗം- വിഗ്രഹഭഞ്‌ജനം- അദ്ദേഹത്തിന്റെ ആദര്‍ശധീരതയുടെ പ്രകടമായ തെളിവാകുന്നു. പിതാവും നാട്ടുകാരും രാജാവുമെല്ലാം വിഗ്രഹാരാധനയുടെ വക്താക്കളായിട്ടും ഭവിഷ്യത്ത്‌ ഭയപ്പെടാതെ വ്യാജദൈവങ്ങളുടെ നിസ്സഹായത അദ്ദേഹം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചു. അദ്ദേഹത്തെ അഗ്നികുണ്ഡത്തിലെറിഞ്ഞ്‌ ഒരു പിടി ചാരമാക്കി മാറ്റാന്‍ എല്ലാവരും കൂടി തീരുമാനിച്ചത്‌ ഈ വിഗ്രഹഭഞ്‌ജനത്തെ തുടര്‍ന്നായിരുന്നു. എന്തും നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പലാക്കി മാറ്റാന്‍ പാകത്തില്‍ തീജ്വാലകള്‍ ഉയര്‍ന്നുപൊങ്ങുന്ന അഗ്‌നികുണ്ഡത്തിലേക്ക്‌ എറിയപ്പെട്ടാല്‍ തനിക്കൊരു ഹാനിയും സംഭവിക്കുകയില്ലെന്ന്‌ അദ്ദേഹം നേരത്തെ മനസ്സിലാക്കിയിരുന്നില്ല. അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അത്‌ ഏത്‌ വിധത്തില്‍ വരുമെന്ന്‌ മുന്‍കൂട്ടി അറിയാതിരുന്നതിനാല്‍ സ്വാഭാവികമായ ആശങ്ക അദ്ദേഹത്തിന്റെ മനസ്സിലൂടെയും കടന്നുപോയിട്ടുണ്ടാകും. എന്നാല്‍ എല്ലാ ആശങ്കകളെയും അതിവര്‍ത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശധീരത. വിശുദ്ധഖുര്‍ആന്‍ ആ സംഭവം ഇപ്രകാരം വിവരിക്കുന്നു:

``അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചുകളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക: നാം പറഞ്ഞു. തീയേ, നീ ഇബ്‌റാഹീമിന്‌ തണുപ്പും സമാധാനവും ആയിരിക്കുക, അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്‌ടം പറ്റിയവരാക്കുകയാണ്‌ നാം ചെയ്‌തത്‌.'' (21:68-70) തന്റെ മാര്‍ഗത്തില്‍ അഗ്നിപരീക്ഷ നേരിടാന്‍ നിര്‍ഭയം തയ്യാറായ ഇബ്‌റാഹീമി(അ)നെ അല്ലാഹു അത്ഭുതകരമാം വിധം രക്ഷപ്പെടുത്തുകയും സത്യമതപ്രബോധനാര്‍ഥം കൂടുതല്‍ ത്യാഗങ്ങള്‍ വരിക്കാന്‍ അദ്ദേഹത്തിന്‌ അവസരം നല്‌കുകയും ചെയ്‌തു.

ആ ത്യാഗങ്ങള്‍ക്കെല്ലാം മകുടം ചാര്‍ത്തുന്നതായിരുന്നു അല്ലാഹുവിന്റെ ആജ്ഞ ശിരസ്സാവഹിച്ചുകൊണ്ട്‌ പ്രിയപുത്രനെ ബലിയര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധനായ സന്ദര്‍ഭം. ഏറ്റവും അമൂല്യവും ഏറ്റവും പ്രിയങ്കരവുമായ എന്തും അല്ലാഹുവിനുവേണ്ടി ത്യജിക്കാനുള്ള സന്നദ്ധത അദ്ദേഹം സംശയാതീതമായി തെളിയിച്ചതോടെ അല്ലാഹു അദ്ദേഹത്തെ അറിയിച്ചു; മകനുപകരം ഒരു ബലിമൃഗത്തെ അറുത്താല്‍ മതിയെന്ന്‌. അങ്ങനെ അദ്ദേഹം നടത്തിയ ബലിയുടെ ഓര്‍മപ്പെരുന്നാളാണ്‌ ഈദുല്‍അദ്വ്‌ഹ. ഈ സുദിനത്തില്‍ ലോകമെങ്ങും ലക്ഷക്കണക്കില്‍ മുസ്‌ലിംകള്‍ മൃഗബലി നടത്തിക്കൊണ്ടിരിക്കുന്നു. മൃഗബലി ഒരു പ്രതീകമാണ്‌. രക്തമൊഴുക്കലോ മാംസം വിതരണംചെയ്യലോ അതിന്റെ ആത്യന്തികമായ ലക്ഷ്യമല്ല. കണിശമായ ഏകദൈവവിശ്വാസത്തില്‍ അചഞ്ചലമായി ഉറച്ചു നില്‌ക്കുകയും ആ ആദര്‍ശം ആര്‍ജവത്തോടെ പ്രബോധനം നടത്തുകയും ചെയ്യുന്ന വിഷയത്തില്‍ എന്തും ഏതും ത്യജിക്കാനുള്ള സന്നദ്ധതയാണ്‌ ബലിയിലൂടെ സാക്ഷാത്‌കരിക്കപ്പെടേണ്ടത്‌.

``അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്‌ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‌കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു. (നബിയേ) സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.'' (22:37)

from SHABAB

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts