മദ്യം ഉയര്‍ത്തുന്ന സാമൂഹ്യവിപത്തുകള്‍

മദ്യമൊഴുകുന്ന നാടായി മാറിയിരിക്കുന്നു നമ്മുടെ കൊച്ചുകേരളം. ആഘോഷങ്ങള്‍ക്കും ആഹ്ലാദാരവങ്ങള്‍ക്കും മദ്യം അവിഭാജ്യഘടകമായിരിക്കുന്നു. മദ്യലഹരി പുതിയ ദുരന്തങ്ങളാണ്‌ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്‌. മലപ്പുറം ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തം ഇതില്‍ അവസാനത്തേതാണ്‌.

മദ്യസംസ്‌കാരത്തിന്‌ മനുഷ്യനാഗരികതയുടെ പിറവിയോളം പഴക്കമുണ്ട്‌. സുഖാസ്വാദനങ്ങളുടെ മേച്ചില്‍പുറങ്ങളില്‍ വിഹരിക്കാനുള്ള മനുഷ്യന്റെ അതിമോഹങ്ങളാണ്‌ മദ്യപാനത്തിന്റെ ചളിക്കുണ്ടിലേക്കവനെ എടുത്തെറിയുന്നത്‌. ജീവിതസംഘര്‍ഷങ്ങളില്‍ നിന്ന്‌ ഒളിച്ചോടാന്‍ വേണ്ടിയും പരിഷ്‌കാരത്തിന്റെ പേരിലും മനുഷ്യര്‍ മദ്യത്തിലഭയം തേടാറുണ്ട്‌. നിമിഷങ്ങളുടെ സുഖത്തിനു വേണ്ടി തുടങ്ങുന്ന മദ്യപാനം ജീവിതത്തെ മുഴുവനായും കാര്‍ന്നുതിന്നുന്നു. ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളിലേക്കാണ്‌ ലഹരി നുരയുന്ന ഈ വിഷദ്രാവകം മനുഷ്യനെ തള്ളിവിടുന്നത്‌.

സാമൂഹ്യപ്രശ്‌നങ്ങള്‍

ലോട്ടറി മാഫിയ, മണല്‍ മാഫിയ, സ്‌പിരിറ്റ്‌ മാഫിയ, ഭൂമാഫിയ മുതലായ പദങ്ങള്‍ ഇന്ന്‌ സുപരിചിതമാണ്‌. ഇത്തരം മാഫിയാ വിഭാഗങ്ങള്‍ക്ക്‌ അധികാരിവര്‍ഗവുമായി ഉറ്റ ബന്ധമാണുള്ളത്‌. ഭരണ സിരാകേന്ദ്രത്തില്‍ സ്വാധീനമുള്ള ഇത്തരം മാഫിയക്കൂട്ടങ്ങള്‍ ഭരണത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ വരെ പങ്കുവഹിക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതാവട്ടെ ഇവിടത്തെ സാധാരണ ജനങ്ങളും. രാഷ്‌ട്രീയ കക്ഷികളും ഉദ്യോഗസ്ഥവൃന്ദവും ഇവര്‍ക്ക്‌ കുടപിടിക്കുമ്പോള്‍ മാഫിയ രാജാക്കന്മാര്‍ ജനങ്ങള്‍ക്കു മേല്‍ വലിയ വലക്കണ്ണികള്‍ തീര്‍ക്കുന്നു.

മദ്യദുരന്തങ്ങളുടെ നഷ്‌ടങ്ങള്‍ ഏറ്റുവാങ്ങിയവര്‍ നിരവധിയാണ്‌. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സ്‌പിരിറ്റ്‌ ലോറികള്‍ ഉദ്യോഗസ്ഥന്മാരുടെ മൗനാനുവാദത്തോടെ ചെക്‌പോസ്റ്റുകള്‍ കടക്കുമ്പോള്‍ ദുരന്തങ്ങള്‍ എങ്ങനെയാണ്‌ തുടര്‍ക്കഥകളാവാതിരിക്കുക? ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം കണ്ണു തുറക്കുന്ന ഭരണാധികാരികള്‍ നിശ്ശബ്‌ദവേളയില്‍ മാഫിയകളുടെ സഹായികളായി വര്‍ത്തിക്കുന്നു. മദ്യം വിഷമാണെന്ന പാഠം മനസ്സിലാക്കി മദ്യത്തെ നിരോധിക്കാന്‍ നിയമം കൊണ്ടുവരണം. മദ്യം സമൂഹത്തില്‍ വരുത്തിവയ്‌ക്കുന്ന വിനകള്‍ വളരെ വലുതാണ്‌. ഒരു ജനസമൂഹത്തിന്റെ നട്ടെല്ലൊടിക്കുന്ന സാമൂഹികമായ ദുരന്തങ്ങള്‍ സമ്മാനിക്കുന്ന മദ്യവിപണനത്തെ ചെറുത്തുതോല്‌പിക്കാതിരിന്നുകൂടാ. മദ്യസംസ്‌കാരം പരിഷ്‌കാരിമായി മാറുകയും മാന്യതയുടെ മൂടുപടമണിയുന്ന ഭരണാധികാരികള്‍ അതിന്‌ മൗനാനുവാദം നല്‌കുകയും ചെയ്യുമ്പോള്‍ ഇനിയും ദുരന്തങ്ങള്‍ അകലെയല്ല. റവന്യൂ വരുമാനത്തിന്റെയും, തൊഴിലാളികളുടെയും പേരു പറഞ്ഞ്‌ മദ്യനിരോധനത്തോട്‌ വൈമുഖ്യം കാണിച്ചാല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

ശാരീരിക രോഗങ്ങള്‍ക്കു പുറമെ മാനസിക രോഗങ്ങളും ഇന്ന്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. അഭിനവ ലോകം ഇന്ന്‌ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്‌ മാനസിക വിഭ്രാന്തി നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ്‌. ബഹുഭൂരിഭാഗം മാനസിക പ്രശ്‌നങ്ങള്‍ക്കും കുടുംബ കലഹങ്ങള്‍ക്കും മുഖ്യകാരണം ലഹരി ഉപയോഗമാണെന്നാണ്‌ വൈദ്യശാസ്‌ത്ര വിശാരദര്‍ പറയുന്നത്‌. സാമൂഹ്യവും സാംസ്‌കാരികവുമായ വൈകല്യങ്ങളിലേക്കും മാനസികവും ശാരീരരിവുമായ തകര്‍ച്ചകളിലേക്കും മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും മത-രാഷ്‌ട്രീയ പണ്ഡിതരും ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ശാരീരികമായി മാത്രമല്ല മാനസികമായും സാമൂഹ്യമായും മുരടിച്ച ഒരു സമൂഹമായിരിക്കും വളര്‍ന്നുവരികയെന്ന യാഥാര്‍ഥ്യം എല്ലാവരും അറിയണം.

ലോകത്ത്‌ കടന്നുവന്നിട്ടുള്ള മുഴുവന്‍ മതങ്ങളും ലഹരി ഉപയോഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. മനുഷ്യബുദ്ധിയെ തകര്‍ക്കുകയും ഞരമ്പുകളെ തളര്‍ത്തുകയും ചെയ്യുന്ന ലഹരി ഉപയോഗത്തെ മതദര്‍ശനങ്ങള്‍ മുളയിലേ നുള്ളിക്കളയുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ആധുനിക സമൂഹം മദ്യപാനത്തെ ഒരു വിശിഷ്‌ടകര്‍മമായി കൊണ്ടാടുന്നു. ലഹരിയുടെ വിനകള്‍ മനസ്സിലാക്കി വിവിധ ഭാഗങ്ങളില്‍ മദ്യവര്‍ജന സമിതികള്‍ രൂപപ്പെട്ടുവരുന്നതും മദ്യനിരോധന സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും ആശ്വാസത്തിന്‌ വക നല്‌കുന്നുണ്ട്‌. ലഹരി വിഷയകമായി പരുശുദ്ധ ഖുര്‍ആന്‍ മുന്നോട്ട്‌ വെയ്‌ക്കുന്ന രീതിശാസ്‌ത്രം തികച്ചും യുക്തിഭദ്രവും മനുഷ്യനന്മയുമാണെന്ന്‌ കാണാന്‍ കഴിയും.

ഖുര്‍ആന്‍ മദ്യത്തിനെതിരെ

മനുഷ്യസമൂഹത്തിന്റെ തകര്‍ച്ചയും പുരോഗമനത്തിന്റെ തളര്‍ച്ചയുമാണ്‌ ലഹരി ഉപയോഗം അടയാളപ്പെടുത്തുന്നത്‌. പ്രകൃതിമതമായ ഇസ്‌ലാമും അതുതന്നെയാണ്‌ പറയുന്നത്‌. അല്ലാഹു പറയുന്നു: ``സത്യവിശ്വാസികളേ, നിശ്ചയമായും കള്ളും ചൂതാട്ടവും ബലിപീഠങ്ങളും അമ്പുകോലങ്ങളും പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ട മ്ലേച്ഛം മാത്രമാകുന്നു. അതിനാല്‍ നിങ്ങളത്‌ വര്‍ജിക്കുവിന്‍. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.'' (വി.ഖു 5:93)

മദ്യ വിപണനത്തിലൂടെയും ചൂതാട്ടത്തിലൂടെയുമെല്ലാം ഭൗതികമായി ചില്ലറ ലാഭങ്ങള്‍ നേടിയെടുക്കാമെങ്കിലും ആത്യന്തികമായി അതെല്ലാം നഷ്‌ടത്തിലേക്കാണ്‌ മനുഷ്യനെ എത്തിക്കുകയെന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. മദ്യപാനം ഉപേക്ഷിക്കുന്നത്‌ എപ്പോഴാണോ അപ്പോള്‍ മാത്രമേ ജീവിതം പുരോഗതിപ്പെടൂ എന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. സത്യവിശ്വാസത്തോട്‌ ലഹരി ഉപയോഗം രാജിയാവുകയില്ലെന്നും സമൂഹത്തില്‍ ശത്രുതയും വിദ്വേഷവും പകയും സൃഷ്‌ടിക്കുക മാത്രമാണ്‌ അത്‌ ചെയ്യുകയെന്നുമാണ്‌ ഖുര്‍ആനിക പാഠം. ലഹരി ദൈവബോധത്തില്‍ നിന്ന്‌ മനുഷ്യനെ തടയുകയും ധാര്‍മിക-സദാചാര ചിന്തകളെ ചീന്തിയെറിയുകയും ചെയ്യും. ``നിശ്ചയമായും പിശാച്‌ ഉദ്ദേശിക്കുക തന്നെ ചെയ്യുന്നു. കള്ളിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കാനും അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയാനും. ആകയാല്‍ നിങ്ങള്‍ വിരമിക്കുന്നവരാണോ? (വിരമിക്കുവാന്‍ തയ്യാറുണ്ടോ?)'' (വി.ഖു 5:94) എല്ലാ മനുഷ്യബന്ധങ്ങള്‍ക്കിടയിലും അകലങ്ങള്‍ ഉണ്ടാകുക മാത്രമാണ്‌ ലഹരി ചെയ്യുന്നത്‌. എന്നാല്‍ ഖുര്‍ആന്‍ ആഗ്രഹിക്കുന്നത്‌ സമൂഹനന്മയും പരപ്‌സര സ്‌നേഹബന്ധവുമാണ്‌.

അപരിഷ്‌കൃതരായ അറബികളെ പൂര്‍ണമായി മദ്യവിമുക്തരാക്കിയ ചരിത്രമാണ്‌ ഇസ്‌ലാമിന്റേത്‌. 1919ല്‍ അമേരിക്കയില്‍ മദ്യവര്‍ജനം നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും അത്‌ പൂര്‍ണ പരാജയമായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ മദ്യവര്‍ജനത്തിന്‌ വേണ്ടി ആഹ്വാനംചെയ്‌തപ്പോള്‍ അത്‌ അപ്പടി സ്വീകരിക്കപ്പെടുകയുണ്ടായി. മദ്യപാനവും വ്യഭിചാരവും ചൂതാട്ടവുമെല്ലാം ജാഹിലിയ്യാ ജീവിതത്തിന്റെ പ്രതീകങ്ങളായിരുന്നു. എന്നാല്‍ യഥാര്‍ഥ വിശ്വാസത്തിലേക്ക്‌ അവര്‍ കടന്നുവന്നപ്പോള്‍ മുമ്പുണ്ടായിരുന്ന ശീലങ്ങളെ വേണ്ടെന്നു വയ്‌ക്കാന്‍ അവര്‍ക്കായി. രൂഢമൂലമായ ഈ വിശ്വാസം അല്ലാഹുവിന്റെ നിയമങ്ങളെ പാലിക്കുന്നതിലേക്കും അവന്റെ വിധികളെ മാനിക്കുന്നതിലേക്കും അവരെ നയിച്ചു. ദൈവബോധവും പരലോക വിചാരവുമായിരുന്നു അവരെ നേരോടെ നിലകൊള്ളാന്‍ പ്രേരണ നല്‍കിയിരുന്നത്‌. ആഇശ(റ)യെ ഉദ്ധരിച്ചുകൊണ്ട്‌ ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു: ``ആദ്യമായി അറബികളോട്‌ കുടിക്കരുതെന്നും ചൂതാട്ടം നടത്തരുതെന്നും, വ്യഭിചരിക്കരുതെന്നും ഖുര്‍ആന്‍ ഉണര്‍ത്തിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ഇല്ല, അനുസരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. എന്നാല്‍ ഖുര്‍ആന്‍ അവരുടെ ഹൃദയത്തില്‍ ദൈവത്തോടുള്ള ഭയവും സ്‌നേഹവും ഉണ്ടാക്കി. മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള ചിന്ത, സ്വര്‍ഗനരകങ്ങളെപ്പറ്റിയുള്ള വിചാരം തുടങ്ങിയവ അവരുടെ ഹൃദയത്തെ മൃദുലമാക്കി. പിന്നീടവരോട്‌ മദ്യപാനവും ചൂതാട്ടവും വ്യഭിചാരവും നിര്‍ത്താനാവശ്യപ്പെട്ടു. അതവര്‍ അനുസരിക്കുകയും ചെയ്‌തു.''

പടിപടിയായുള്ള മദ്യനിരോധനമാണ്‌ ഇസ്‌ലാം നടപ്പിലാക്കിയത്‌. പെട്ടെന്നുള്ള നടപടിയായിരുന്നില്ല. മൂന്ന്‌ വര്‍ഷം കൊണ്ടായിരുന്നു ഇത്‌ സാധിച്ചെടുത്തത്‌. മദ്യത്തെപ്പറ്റിയുള്ള ഖുര്‍ആന്റെ ആ പരാമര്‍ശം ഇതായിരുന്നു: ``ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്ക്‌ നാം പാനീയം നല്‍കുന്നു.) അതില്‍ നിന്ന്‌ ലഹരിപദാര്‍ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്നവര്‍ക്ക്‌ അതില്‍ ദൃഷ്‌ടാന്തമുണ്ട്‌.'' (വി.ഖു 16:17)

ഈന്തപ്പഴവും മുന്തിരയും നല്‍കുന്ന ആരോഗ്യകരമായ ഫലങ്ങളെപ്പറ്റി ഈ സൂക്തം പഠിപ്പിക്കുന്നു. എന്നാല്‍ പിന്നീട്‌ ജനസമൂഹം പുരോഗതിപ്പെട്ടപ്പോള്‍ മദ്യം ഒരു ചര്‍ച്ചാവിഷയമായി. അറബികളുടെ ചോദ്യത്തിനുള്ള മറുപടിയെന്ന നിലയ്‌ക്കാണ്‌ രണ്ടാമത്തെ ഖുര്‍ആനിക പരാമര്‍ശം ഉണ്ടാവുന്നത്‌: ``നബിയേ, നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ്‌ പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്‌.'' (വി.ഖു 2:219). ഈ സൂക്തത്തെ അംഗീകരിച്ചുകൊണ്ട്‌ വിശ്വാസികള്‍ മദ്യപാനത്തില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ ചിലരെങ്കിലും ഇത്‌ തുടര്‍ന്നുവന്നു. ഏറ്റവും ഒടുവിലാണ്‌ മദ്യം പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള സൂറതു 93-ാം വചനം അവതരിക്കുന്നത്‌: ``സത്യവിശ്വാസികളേ, ലഹരി ബാധിച്ച നിലയില്‍ നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്‌. നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ ബോധമുണ്ടാകുന്നതുവരെ.'' (വി.ഖു 4:43)

ഈ സൂക്തത്തിന്റെ അവതരണത്തോടെ മദ്യപാനിക്ക്‌ നമസ്‌കരിക്കാന്‍ പള്ളിയില്‍ വരാന്‍ കഴിയാതെയായി. നമസ്‌കാരത്തില്‍ പങ്കെടുക്കാനുള്ള അവന്റെ അദമ്യമായ ആഗ്രഹം മദ്യത്തെ വേണ്ടെന്ന്‌ വെക്കാന്‍ അവനെ പ്രേരിപ്പിച്ചു. ഇങ്ങനെ മദ്യവര്‍ജനത്തിലൂടെ ഉത്തമ ഗുണസ്വഭാവങ്ങളുള്ള മാതൃകാസമൂഹമായി അവര്‍ വളര്‍ന്നുവന്നു. അപരിഷ്‌കൃതരായ അറബികളെ നന്മയുടെ പ്രചാരകരാക്കിമാറ്റിയത്‌ ഖുര്‍ആന്റെ യുക്തിഭദ്രമായ ഇടപെടല്‍ കൊണ്ടായിരുന്നുവെന്ന്‌ കാണാം. നിങ്ങള്‍ വിരമിക്കുന്നില്ലയോ എന്ന ഖുര്‍ആന്റെ ചോദ്യത്തിന്‌ മുമ്പില്‍ ``ദൈവമേ ഞങ്ങളിതാ വിരമിച്ചിരിക്കുന്നു!'' എന്നായിരുന്നു പ്രതികരണം. മദ്യത്തോട്‌ അത്യധികം പ്രിയം നിലനിന്നിരുന്ന ഘട്ടത്തിലാണ്‌ മദ്യനിരോധനത്തിന്റെ ഖുര്‍ആന്റെ കല്‌പന ഉണ്ടാവുന്നത്‌. എന്നിട്ടും അവരത്‌ ശിരസ്സാവഹിച്ചുവെന്നത്‌ അതുല്യമായ ഒരു സംഭവമായിരുന്നു.

പ്രവാചക പാഠങ്ങള്‍

പ്രവാചകന്റെ ജീവിതത്തില്‍ നിന്നും മദ്യവര്‍ജനത്തിന്റെ നിരന്തരമായ താക്കീതുകളും വര്‍ത്തമാനങ്ങളും കാണാന്‍ കഴിയും. യമന്‍ നിവാസികള്‍ തേന്‍ ചേര്‍ത്ത മധുരപാനീയം കഴിക്കുന്ന സംഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ ലഹരിയുണ്ടാക്കുന്ന മുഴുവന്‍ വസ്‌തുക്കളും നിഷിദ്ധമാണെന്നാണ്‌ നബി(സ) മറുപടി നല്‍കിയത്‌. മദ്യവുമായി ബന്ധപ്പെട്ട എല്ലാ പാനീയങ്ങളും ഇസ്‌ലാം നിഷിദ്ധമാക്കി. നബി(സ) മദ്യത്തിന്റെ കാര്യത്തില്‍ പത്ത്‌ വിഭാഗത്തെ ശപിച്ചു. അത്‌ നിര്‍മിക്കുന്നവന്‍, നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നവന്‍, കുടിക്കുന്നവന്‍, ചുമക്കുന്നവന്‍, ചുമക്കാന്‍ ആവശ്യപ്പെടുന്നവന്‍, കുടിപ്പിക്കുന്നവന്‍, വില്‍ക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, വാങ്ങുന്നവന്‍, വരുത്തികുടിക്കുന്നവന്‍ എന്നിവരാണവര്‍. (തിര്‍മിദി).
``അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ മദ്യം വിളമ്പുന്ന തീന്‍മേശയില്‍ ഇരിക്കാതിരിക്കട്ടെ'' (അഹ്‌മദ്‌). ലഹരിയുണ്ടാക്കുന്ന ഏത്‌ വസ്‌തുവാകട്ടെ, അതിനെ മറ്റെന്തെങ്കിലും പേരിട്ടുവിളിച്ചാലും അത്‌ നിഷിദ്ധമാവാതിരിക്കുന്നില്ല. നബി(സ)യുടെ കാലത്ത്‌ മദ്യം ചികിത്സക്ക്‌ വേണ്ടി ഉപയോഗിച്ചിരുന്നു. നബി(സ) അവരോട്‌ പറഞ്ഞത്‌ ഇപ്രകാരമാണ്‌: ``നിശ്ചയം അത്‌ മരുന്നല്ല, പ്രത്യുത, അത്‌ രോഗമാണ്‌'' (മുസ്‌ലിം). ലഹരിപദാര്‍ഥങ്ങളുമായുള്ള വിദൂരബന്ധങ്ങള്‍ പോലും പാടില്ലായെന്നതാണ്‌ വിശുദ്ധ ഖുര്‍ആനും ഹദീസുകളും നമ്മെ പഠിപ്പിക്കുന്നത്‌.

by ജംഷിദ്‌ നരിക്കുനി @ SHABAB weekly

പുകവലി ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍

ലോകം ഇന്ന്‌ അഭിമുഖീകരിക്കുന്ന മാരകമായ ഒരു ഭീഷണിയാണ്‌ വര്‍ധിച്ച്‌ വരുന്ന പുകയില ഉപയോഗം. ലോകാരോഗ്യ സംഘടനയുടെ 2008ലെ പുകയില ഉപയോഗ പഠനറിപ്പോര്‍ട്ട്‌ പ്രകാരം പുകയില ഉപയോഗം ഇരുപതാം നൂറ്റാണ്ടില്‍ 100 ദശലക്ഷം ജനങ്ങളുടെ മരണത്തിനു കാരണമായതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതുമൂലം പ്രതിവര്‍ഷം 5.4 ദശലക്ഷം മനുഷ്യര്‍ മരണമടയുന്നുണ്ട്‌. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2030ഓടെ മരണസംഖ്യ പ്രതിവര്‍ഷം 8 ദശലക്ഷം ആയി ഉയരുമെന്നും അതില്‍ തന്നെ 80 ശതമാനം ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കുന്നു. ലോകാരോഗ്യ സംഘടനയുടെ തന്നെ 2009ലെ റിപ്പോര്‍ട്ട്‌ പറയുന്നത്‌ പുകവലി പ്രതിവര്‍ഷം 6 ലക്ഷം പേരുടെ ജീവന്‍ അപഹരിക്കുന്നു എന്നാണ്‌. ആഗോളതലത്തില്‍ മുന്നില്‍ ഒരു ഭാഗം സ്ഥിരമായി പുകവലിയുടെ ഇരകളാകുന്നു എന്നും റിപ്പോര്‍ട്ട്‌ ഉണര്‍ത്തിക്കുന്നു. ഈ രണ്ടു റിപ്പോര്‍ട്ടുകളും വിരല്‍ ചൂണ്ടുന്നത്‌ പുകയില ലോകജനതയ്‌ക്ക്‌ നല്‍കുന്ന ദൂഷ്യഫലങ്ങളുടെ വ്യാപ്‌തിയിലേക്കാണ്‌.

പുകയില ഉപയോഗം ശ്വാസകോശാര്‍ബുദം, സ്‌തനാര്‍ബുദം, രക്താര്‍ബുദം, ശ്വസനനാളി, ആമാശയം, മൂത്രസഞ്ചി, സെര്‍പിക്‌സ്‌, അന്നനാളി തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സര്‍ എന്നിവയ്‌ക്കും മസ്‌തിഷ്‌കാഘാതം, അന്ധത, തിമിരം, ഹൃദയരോഗങ്ങള്‍, ആസ്‌തമ, ന്യുമോണിയ, വന്ധ്യത, കുട്ടികളില്‍ ഭാരക്കുറവ്‌ എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നു. നിഷ്‌ക്രിയ ധൂമപാനം തലച്ചോറിലെ കാന്‍സര്‍, മസ്‌തിഷ്‌കാഘാതം, വന്ധ്യത, സഡന്‍ ഇന്‍ഫാന്റൈല്‍ ഡെത്ത്‌ സിന്‍ഡ്രം എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ പുകയില ഉപയോഗം ധാരാളം സാമ്പത്തിക, പാരിസ്ഥിക ജൈവിക പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ്‌ ഓഫ്‌ ഇന്ത്യന്‍ എകണോമിയുടെ 2004 റിപ്പോര്‍ട്ട്‌ പ്രകാരം 2001-2002 കാലയളവില്‍ മാത്രം സിഗരറ്റ്‌ കമ്പനികള്‍ ഇന്ത്യയില്‍ 99381.4 ദശലക്ഷം രൂപയുടെ വ്യാപാരം നടത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ പുകയില വിപണിയില്‍ 81 ശതമാനവും കൈയടക്കിയിട്ടുള്ളത്‌ ബീഡി, ഗുട്ട്‌ക എന്നിങ്ങനെയുള്ള സിഗരറ്റല്ലാത്ത പുകയില വസ്‌തുക്കളാണെന്നതിന്‌ റിപ്പോര്‍ട്ട്‌ നിലവിലുണ്ട്‌. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌ ഇന്ത്യയില്‍ പുകയില ഉപയോഗത്തിന്റെ തീവ്രതയാണ്‌.

ഇസ്‌ലാമിക കാഴ്‌ചപ്പാട്‌

ഒട്ടുമിക്ക മതങ്ങളും പുകയില ഉപയോഗത്തിനെതിരെ ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്നതായി കാണാം. ഇതു മനസ്സിലാക്കിയ ലോകാരോഗ്യ സംഘടന 1999 മെയ്‌ 3ന്‌ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ പുകയിലയും മതവും എന്ന പേരില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കുകയും വ്യത്യസ്‌ത മതപണ്ഡിതര്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്‌തു. പുകയില ഉപയോഗത്തിനെതിരെയുള്ള ഇസ്‌ലാമിക കാഴ്‌പ്പാട്‌ വളരെ ശ്രദ്ധേയമാണ്‌.

ഇസ്‌ലാമിക നിയമരൂപീകരണം ഉപകാരപ്രദമായ കാര്യങ്ങളെ അനുവദിക്കുന്നതിലും ഉപദ്രവകരമായ കാര്യങ്ങളെ നിരോധിക്കുന്നതിനും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഉപകാരവും ഉപദ്രവവുമുള്ള ഒരു വസ്‌തുവില്‍ ഉപദ്രവ സ്വഭാവമാണ്‌ അധികമെങ്കില്‍ ഇസ്‌ലാം അതിനെ നിരോധിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഖുര്‍ആന്‍ പറയുന്നു: ``മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും വിധി എന്തെന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നുവല്ലോ. പറയുക: അവ രണ്ടിലും വലുതായ തിന്മകളാണുള്ളത്‌. ആളുകള്‍ക്ക്‌ അല്‍പം പ്രയോജനമുണ്ടെങ്കിലും. എന്നാല്‍ പ്രയോജനത്തേക്കാള്‍ വളരെ വലുതാകുന്നു അവയുടെ തിന്മ.''(അല്‍ബഖറ 219-220)

ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ പുകയില ഉപയോഗം ഇസ്‌ലാമിക ലോകത്തിന്‌ പരിചിതമായ ഒന്നായിരുന്നില്ല. പിന്നീട്‌ ചുരുങ്ങിയ കാലയളവ്‌ കൊണ്ട്‌ പുകയില ഇസ്‌ലാമികലോകത്ത്‌ വ്യാപിക്കുകയും അതൊരു സാധാരണ കാഴ്‌ചയായി മാറുകയും ചെയ്‌തു. ഖുര്‍ആനില്‍ ഹദീസിലും പുകയിലയെ പേരെടുത്ത്‌ പരാമര്‍ശിക്കാത്തത്‌ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ക്ക്‌ കളമൊരുക്കി.

ഹനഫി പണ്ഡിതന്‍മാരായിരുന്ന ശൈഖ്‌ അബ്‌ദുല്‍ ഗനി അല്‍നബുല്‍സി, ശൈഖ്‌ മുഹമ്മദ്‌ അമീന്‍ ഇബ്‌നു ആബ്‌ദീന്‍, ശൈഖ്‌ മുഹമ്മദ്‌ അല്‍ അബ്ബാസി അല്‍ മഹദി, മാലിക്കി പണ്ഡിതനായിരുന്ന ശൈഖ്‌ അലി അല്‍ അജൗറി, ശാഫീ പണ്‌ഡിതനായിരുന്ന ശൈഖ്‌ അല്‍ ശര്‍വാനി, ഹന്‍ബലി പണ്ഡിതനായിരുന്ന ശൈഖ്‌ മാരി അല്‍ കര്‍മി എന്നിവര്‍ പുകയില ഉപയോഗം അനുവദനീയമാണെന്ന്‌ വിധിയെഴുതി. ഇതിനു അവര്‍ നിരത്തിയ കാരണങ്ങള്‍ പുകയില ആരോഗ്യത്തിന്‌ അപകടം ജനിപ്പിക്കുമെന്നതിന്‌ വ്യക്തമായ തെളിവുകളില്ല എന്നു മാത്രമല്ല അവ പല രോഗങ്ങള്‍ക്കും ശമനമാണ്‌ എന്നാണ്‌.

ഹനഫി പണ്ഡിതനായിരുന്ന ശൈഖ്‌ അല്‍ ഇമാദി, മാലിക്കി പണ്ഡിതനായിരുന്ന ശൈഖ്‌ മുഹമ്മദ്‌ ഇലായിഷ്‌, ശാഫി പണ്ഡിതനായിരുന്ന അബ്‌ദുല്ല അല്‍ശര്‍ഖാവി, ഹന്‍ബലി പണ്ഡിതന്മാരായിരുന്ന ശൈഖ്‌ മുസ്‌തഫ അല്‍ റഹിബാനി, ശൈഖ്‌ മന്‍സൂര്‍ അല്‍ബഹൂത്തി എന്നിവര്‍ പുകയില ഉപയോഗം കറാഹത്താണ്‌ എന്നു വിധിയെഴുതി. ഇതിന്‌ അവര്‍ നിരത്തിയ കാരണങ്ങള്‍ പുകയില ഉപയോഗം ഉള്ളി, വെളുത്തുള്ളി എന്നിവ പോലെ ദുര്‍ഗന്ധത്തിന്‌ കാരണമാകുന്നു, ശുദ്ധ വ്യക്തിത്വത്തിന്‌ ഭംഗം ഏല്‌പിക്കും, പ്രാര്‍ഥനയ്‌ക്ക്‌ തടസ്സമാകും, ധൂര്‍ത്തിന്‌ വഴിയൊരുക്കും എന്നൊക്കെയാണ്‌.

ഹനഫി പണ്ഡിതനായിരുന്ന ശൈഖ്‌ ശിര്‍നിബലി, ശൈഖ്‌ അല്‍ മിസൈലി ശൈഖ്‌ അല്‍ ഇമാദി, അലാ അല്‍ ദീന്‍ അല്‍ അസ്‌ഖാഫി, മാലിഖി പണ്ഡിതനായിരുന്ന ശൈഖ്‌ ഇബ്‌റാഹിം അല്‍ ലക്കാനി, ശൈഖ്‌ സലീം അല്‍ സന്‍ഹൗരി, ശാഫി പണ്ഡിതന്മാരായിരുന്ന ശൈഖ്‌ ശിഹാബ്‌ അല്‍ ദീന്‍ അല്‍ ഖല്‍യൂബി, ശൈഖ്‌ അല്‍ നദ്‌മ്‌ അല്‍ ഖാസി, സുലൈമാന്‍ അല്‍ ബുജൈറാമി, ഹന്‍ബലി പണ്ഡിതനായിരുന്ന ശൈഖ്‌ മുസ്‌തഫ അല്‍ റഹിബാനി എന്നിവര്‍ പുകയില ഉപയോഗം തീര്‍ത്തും ഹറാമാണെന്നു വിധിയെഴുതി. പുകയില ആലസ്യമുണ്ടാക്കുമെന്നും, ശരീരത്തിന്‌ ആലസ്യവും നാശവും ഉണ്ടാക്കുന്ന എന്തും റസൂല്‍ (സ) നിരോധിച്ചിട്ടുണ്ടെന്നും പുകയില ഉപയോഗം ധൂര്‍ത്താണെന്നും, ധൂര്‍ത്ത്‌ അനിസ്‌ലാമികമാണെന്നും അവര്‍ വാദിച്ചു.

പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിലാണ്‌ മേല്‍പറഞ്ഞ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ക്കിടയില്‍ രൂപപ്പെട്ടത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഈ കാലയളവുകളില്‍ പുകയില ആരോഗ്യത്തിന്‌ ഗുണകരമാണെന്നും രോഗശമനത്തിനു വരെ സഹായിക്കുമെന്നുമുള്ള തെറ്റിദ്ധാരണകള്‍ നിലനിന്നിരുന്നു. ചില പഠന റിപ്പോര്‍ട്ടുകള്‍ പുകയിലയുടെ അനാരോഗ്യവശം പുറത്തുവിട്ടു എങ്കിലും പുകയില കമ്പനികള്‍ അതിനെ എതിര്‍ക്കുകയും അവര്‍ തന്നെ നടത്തിയ ചില പഠനങ്ങള്‍ അവ യാതൊരു വിധ രോഗങ്ങള്‍ക്കും വഴി തെളിയിക്കുന്നില്ല എന്നും റിപ്പോര്‍ട്ട്‌ ചെയ്‌തു. പുകയില ആരോഗ്യത്തിന്‌ ഹാനികരമല്ലെന്നും രോഗശമനത്തിന്‌ ഉപകരിക്കുമെന്നും കരുതിയ പണ്ഡിതര്‍ അത്‌ ഹലാലാണെന്നും, ആരോഗ്യത്തിന്‌ ഹാനികരവും ധൂര്‍ത്തുമാണ്‌ എന്നു കരുതിയ പണ്ഡിതര്‍ അത്‌ ഹറാമാണെന്നും ഇവ രണ്ടിനും ഇടയില്‍ ചിന്തിച്ച പണ്ഡിതര്‍ അത്‌ കറാഹത്താണ്‌ എന്നും വിധിയെഴുതി.

പുകയില ഒരു മാരക രോഗകാരിയാണെന്നും അത്‌ പുകവലിക്കുന്നവനെ മാത്രമല്ല അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പിന്നീട്‌ നടന്ന പഠനങ്ങളില്‍ സംശയഭേദമന്യേ തെളിയിക്കപ്പെടുകയുണ്ടായി. ഭരണാധികാരികളുടെ നിര്‍ദേശാനുസരണം പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച്‌ പുകയില ഉല്‍പന്നങ്ങളില്‍ മുന്നറിയിപ്പ്‌ നല്‍കാന്‍ ഉല്‍പാദകര്‍ നിര്‍ബന്ധിതരാവുകയും ചെയ്‌തു.

ആധുനിക പണ്ഡിതന്മാരുടെ കാഴ്‌ചപ്പാട്‌

ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ വിഭാഗം പുകയിലയുടെ ഇസ്‌ലാമിക സമീപനത്തെ കുറിച്ച്‌ സമകാലിക പണ്ഡിതന്മാരായ ഡോ. നാസര്‍ ഫരീദ്‌ വാസില്‍, ഡോ. ഹാമിദ്‌ ജാമി, മുസ്‌തഫ മുഹമ്മദ്‌ അല്‍ഹദീദി അല്‍ തയ്യര്‍, യൂസുഫല്‍ ഖര്‍ദാവി എന്നിവരോട്‌ ആരായുകയുണ്ടായി. പുകയിലയുടെ ഉപയോഗം ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന ഇവരുടെ കാഴ്‌ചപ്പാട്‌ ഇസ്‌ലാമിക്‌ റൂളിംഗ്‌ ഓണ്‍ സ്‌മോക്കിംഗ്‌ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ പണ്ഡിതന്മാരുടെ കാഴ്‌ചപ്പാടില്‍ പുകയില ഇസ്‌ലാമില്‍ നിഷിദ്ധമാകുന്നത്‌ താഴെ വിവരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌.

1). പുകയില ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരവും മരണത്തിന്‌ തന്നെ കാരണമാവുകയും ചെയ്യുന്നു. ഇത്‌ പുകവലിക്കുന്നവന്റെയും അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇസ്‌ലാം സ്വയം നശിക്കുന്നതിനെയും മറ്റുള്ളവരെ അപായപ്പെടുത്തുന്നതിനെയും നിരോധിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ സ്വയം കൊല്ലരുത്‌, അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാണ്‌ എന്ന്‌ അറിയുവിന്‍.'' (അന്നിസാഅ്‌ 29). ``സ്വന്തം കരങ്ങളാല്‍ തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍'' (അല്‍ബഖറ 195).

2). പുകയിലയുടെ ഉപയോഗം തീര്‍ച്ചയായും ദുര്‍വ്യയമാണ്‌. ഇസ്‌ലാം ശക്തമായി നിരോധിച്ച കാര്യമാണ്‌ ദുര്‍വ്യയം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ദുര്‍വ്യയം അരുത്‌. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്‍മാരുടെ സഹോദരങ്ങളാകുന്നു'' (ബനീഇസ്‌റാഈല്‍ 26,27), ``ധൂര്‍ത്തടിക്കാതിരിക്കുവിന്‍, ധൂര്‍ത്തന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.'' (അല്‍അഅ്‌റാഫ്‌ 31). റസൂല്‍(സ) പറഞ്ഞു:�``ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല.'' (ബുഖാരി മുസ്‌ലിം)

3). പുകയില ലഹരിയും മനുഷ്യ ശരീരത്തെ ദുഷിപ്പിക്കുന്നതുമാണ്‌. അല്ലാഹു അത്തരം വസ്‌തുക്കളെ നിഷിദ്ധമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``അവന്‍ അവര്‍ക്കായി ശുദ്ധ വസ്‌തുക്കള്‍ അനുവദിച്ചു കൊടുക്കുന്നു. അശുദ്ധ വസ്‌തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.'' (അല്‍അഅ്‌റാഫ്‌ 157). ഉമ്മുസല്‍മ(റ)യില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ റസൂല്‍(സ) ലഹരിയുണ്ടാക്കുന്നതും ആലസ്യമുണ്ടാക്കുന്നതുമായ വസ്‌തുക്കളെ നിരോധിച്ചതായി പരാമര്‍ശമുണ്ട്‌.

4). ഇസ്‌ലാം നല്ല വാസനയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്‌. പുകവലി ദുര്‍ഗന്ധമുണ്ടാക്കുന്നതും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതുമാണ്‌. റസൂല്‍(സ) പറഞ്ഞു: ``ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ ഭക്ഷിച്ചാല്‍ നമ്മില്‍ നിന്നും അല്ലെങ്കില്‍ നമ്മുടെ പള്ളിയില്‍ നിന്നും അകന്നു നില്‍ക്കട്ടെ. അവന്‍ തന്റെ വീട്ടില്‍ തന്നെ ഇരുന്നുകൊള്ളട്ടെ.'' (മുസ്‌ലിം)

ഈ പണ്ഡിതന്മാരുടെ കാഴ്‌ചപ്പാടിനെ പല ഇസ്‌ലാമിക സംഘടനകളുടെയും സമ്മേളനങ്ങളുടെയും തീരുമാനങ്ങള്‍ ബലപ്പെടുത്തുന്നു. പാകിസ്‌താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ്‌ ഇസ്‌ലാമിക്‌ ഐഡിയോളജി ഓഫ്‌ പാകിസ്‌താന്‍ പുകയില ഉപയോഗം അനിസ്‌ലാമികമാണെന്ന്‌ വിധിയെഴുതി. ഈജിപ്‌തിലെ മതതീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഔദ്യോഗിക സംഘടനയായ ദാറുല്‍ ഇഫ്‌ത പുകയില ഉപയോഗം പൂര്‍ണമായും നിരോധിച്ചു കൊണ്ടുള്ള വിധി പ്രഖ്യാപിച്ചു. ഈജിപ്‌തിലെ തന്നെ അല്‍അസ്‌ഹര്‍ ഫത്‌വാ കമ്മിറ്റി പുകയിലയുടെ ഇറക്കുമതി, കയറ്റുമതി, കച്ചവടം, ഉപയോഗം എന്നിവ തടഞ്ഞുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടു. ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ പോരാടുന്നതിനുള്ള അന്താരാഷ്‌ട്ര ഇസ്‌ലാമിക സമ്മേളനം പുകയിലയുടെ ഉല്‍പാദനം, ഉപയോഗം, കച്ചവടം എന്നിവ ഹറാമാണെന്ന്‌ വിധി എഴുതുകയുണ്ടായി.

പുനശ്ചിന്ത അനിവാര്യം

ഇസ്‌ലാം മദ്യം നിരോധിച്ചപ്പോള്‍ മദ്യം കുടിക്കുന്നതോടൊപ്പം ഉല്‍പാദിപ്പിക്കുന്നതും, കൊടുക്കുന്നതും, വില്‍ക്കുന്നതും നിരോധിച്ചതായി കാണാം. അങ്ങനെ നോക്കുകയാണെങ്കില്‍ പുകവലിക്കുന്നതു പോലെ തന്നെ പുകയില വില്‍ക്കുന്നതും, വാങ്ങുന്നതും ഉല്‌പാദിപ്പിക്കുന്നതും വില്‍പനയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നതുമെല്ലാം ഇസ്‌ലാമില്‍ അനുവദനീയമല്ലാതെ വരും. ഇങ്ങനെ നേടുന്ന സമ്പത്ത്‌ ഹജ്ജ്‌ കര്‍മ്മത്തിനു പോലും ഉപകരിക്കാവതല്ല.

പുകയില ഏതു രൂപത്തിലാണെങ്കിലും മനുഷ്യനെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു. മുസ്‌ലിംകള്‍ പുകയില ഉപയോഗത്തിന്റെ ഇസ്‌ലാമിക വശം മനസ്സിലാക്കുകയും നമ്മുടെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും, സമൂഹത്തിന്റെയും ആരോഗ്യം കണക്കിലെടുത്ത്‌ പുകയിലയുടെ ഉപയോഗം, കച്ചവടം എന്നിവ വെടിയേണ്ടതുമാണ്‌. എല്ലാ ഇസ്‌ലാമിക സംഘടനകളും പുകയിലയുടെ ദൂഷ്യഫലത്തെ കുറിച്ചും അതിന്റെ ഇസ്‌ലാമിക വശത്തെ കുറിച്ചും സമൂഹത്തെ ബോധവല്‍കരിക്കേണ്ടതുണ്ട്‌.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നന്മയിലേക്ക്‌ ക്ഷണിക്കുകയും ധര്‍മം കല്‌പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത്‌ അനിവാര്യമാകുന്നു. ഈ ദൗത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍'' (ആലു ഇംറാന്‍ 104). �സത്യവിശ്വാസികളും വിശ്വാസിനികളും പരസ്‌പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മ്മം കല്‍പിക്കുന്നു. അധര്‍മ്മം നിരോധിക്കുന്നു. റസൂല്‍ (സ) പറഞ്ഞു:�``ഇസ്‌ലാമില്‍ ഒരാള്‍ നല്ല ചര്യക്ക്‌ മാതൃക കാണിച്ചാല്‍ അവന്‌ അതിന്റെ പ്രതിഫലവും അദ്ദേഹത്തിനു ശേഷം അത്‌ ചെയ്യുന്നവരുടെ പ്രതിഫലവും ലഭിക്കും (അവരുടേത്‌ ഒട്ടും കുറയാതെ തന്നെ). ഒരാള്‍ ഒരു ചീത്ത കാര്യത്തിന്‌ മാതൃക കാണിച്ചാല്‍ ആ ചെയ്‌തതിന്റെ കുറ്റവും ശേഷം അത്‌ ചെയ്യുന്നവരുടെ കുറ്റവും ഉണ്ടാകും. ചെയ്യുന്നവരുടെ കുറ്റത്തിന്‌ യാതൊരു കുറവുമില്ലാതെ തന്നെ'' (മുസ്‌ലിം).�ഒരാള്‍ വെറുക്കപ്പെടുന്ന ഒരു കാര്യം കണ്ടാല്‍ അതിനെ അവന്റെ കൈകൊണ്ട്‌ തടയട്ടെ. അതിന്‌ സാധ്യമല്ലെങ്കില്‍ അവന്റെ നാവുകൊണ്ട്‌ തടയട്ടെ, അതിനും സാധ്യമല്ലെങ്കില്‍ അവന്റെ ഹൃദയം കൊണ്ട്‌ വെറുക്കട്ടെ. അത്‌ ഈമാനില്‍ നിന്നും ഏറ്റവും ബലഹീനമായതാകുന്നു.

By സി അനീസുര്‍റഹ്‌മാന്‍ @ SHABAB WEEKLY

(ദല്‍ഹി ഹംദര്‍ദ്‌ യൂനിവേഴ്‌സിറ്റിയില്‍ എം ഫാം വിദ്യാര്‍ഥിയാണ്‌ ലേഖകന്‍)

സത്യവിശ്വാസവും സദ്‌കര്‍മവും ജീവിതവിജയത്തിന്റെ നീക്കിവെപ്പ്‌

ഈലോകത്തുള്ള മുഴുവന്‍ ജീവിവര്‍ഗവും അധ്വാനശീലരാണ്‌. ഏതെങ്കിലും രീതിയില്‍ അധ്വാനിക്കാത്തവരായി ആരുമില്ല. എന്നാല്‍ മനുഷ്യന്റെ അധ്വാനങ്ങള്‍ മറ്റേതു വര്‍ഗത്തെക്കാളും വിശാലവും ഒരുപാട്‌ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ളതുമാണ്‌. ഇതര ജീവികളുടെ പരിശ്രമങ്ങള്‍ ചുരുങ്ങിയ ആവശ്യപൂര്‍ത്തീകരണത്തിനു വേണ്ടിയുള്ളതാണ്‌. എന്നാല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഇഹലോകത്തു മാത്രമല്ല പരലോകത്തും വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ മാത്രം വിശാലമാണ്‌.

മനുഷ്യരെല്ലാം വ്യത്യസ്‌തരാണെന്ന പോലെ അവരുടെ കഴിവുകളും പരിശ്രമങ്ങളും വ്യത്യസ്‌തമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്നരൂപത്തിലുള്ളതാകുന്നു'' (92:4). ഇഹപര ജീവിതത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വലിയ പങ്കുണ്ട്‌. ഒരു പ്രവര്‍ത്തി ചെയ്യാന്‍ നമ്മെ പ്രേരിപ്പിച്ച ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ്‌ പ്രതിഫലം ലഭിക്കുക. ഒരുപാട്‌ നന്മകള്‍ ചെയ്യുന്ന മനുഷ്യന്റെ നിയ്യത്ത്‌ മോശമാണെങ്കില്‍ ആ പ്രവര്‍ത്തനങ്ങള്‍ അസ്വീകാര്യമായിരിക്കുമെന്നാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. ജനങ്ങള്‍ക്കിടയില്‍ പണക്കാരനായി അറിയപ്പെടാന്‍ ധനം ചെലവഴിച്ചവനും പണ്ഡിതനായി അറിയപ്പെടാന്‍ പാണ്ഡിത്യത്തെ ദുരുപയോഗം ചെയ്‌തവനും ധീരനായി വിലയിരുത്തപ്പെടാന്‍ യുദ്ധം ചെയ്‌ത്‌ ജീവാര്‍പ്പണം നടത്തിയവനും നരകത്തിലെറിയപ്പെടുമെന്ന്‌ പ്രവാചകന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്‌തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക്‌ നാശം.'' (107:4-7)

ഒരു കര്‍മം നിര്‍വഹിക്കുമ്പോള്‍ ഉദ്ദേശ്യങ്ങളില്‍ കലര്‍പ്പ്‌ വന്നാല്‍ ആ കര്‍മം വിഫലമാകും. പ്രവാചകന്‍ അരുളി: ``തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ്‌. ആരെങ്കിലും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും പലായനം ചെയ്‌താല്‍ അവന്റെ പലായനം അതിനു വേണ്ടിയാണ്‌. എന്നാല്‍ ദുന്‍യാവിന്‌ വേണ്ടിയും ഒരു സ്‌ത്രീയെ വിവാഹം കഴിക്കാനുമാണ്‌ പലായനമെങ്കില്‍ അവന്റെ പലായനം അതിനുവേണ്ടിയുമാണ്‌'' (ബുഖാരി). നമ്മുടെ സല്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൂര്‍ണമായ പ്രതിഫലം പരലോകത്ത്‌ വെച്ചാണ്‌ ലഭിക്കുക. നന്മകള്‍ക്ക്‌ തക്കതായ പ്രതിഫലമോ തിന്മകള്‍ക്ക്‌ അതിനു യോജിച്ച ശിക്ഷയോ നല്‍കാന്‍ ഈ ലോകത്ത്‌ സാധ്യമല്ല. ഒരു വിശ്വാസക്ക്‌ തന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ പരലോകത്ത്‌ കൂട്ടായുണ്ടാകും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട്‌ അതിനു വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.'' (17:19)

പരീക്ഷയില്‍ വിജയിക്കാന്‍ വിദ്യാര്‍ഥി കഠിനമായി പ്രയത്‌നിക്കുന്നു. എന്നാല്‍ ഇതിനെക്കാള്‍ വലിയ ലക്ഷ്യമായ സ്വര്‍ഗം നേടാന്‍ നാം എത്രമാത്രം അധ്വാനിക്കേണ്ടിവരും! ചെയ്യുന്ന കര്‍മങ്ങള്‍ കലര്‍പ്പറ്റതും നിഷ്‌കളങ്കവുമായിരിക്കണം. സല്‍ക്കര്‍മങ്ങള്‍ നിര്‍വഹിക്കാതെ സ്വര്‍ഗപ്രവേശം ആഗ്രഹിക്കരുതെന്ന്‌ അല്ലാഹു പറയുന്നു: ``സത്യവിശ്വാസികളെ, വേദനാജനകമായ ശിക്ഷയില്‍ നിന്ന്‌ നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചു തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും സമരം നടത്തുകയും വേണം. അതാണ്‌ നിങ്ങള്‍ക്ക്‌ ഗുണകരമായിട്ടുള്ളത്‌.'' (വി.ഖു. 61:10,11). ഖുര്‍ആന്‍ ഇക്കാര്യം മറ്റു സ്ഥലങ്ങളിലും പറയുന്നുണ്ട്‌. ``അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്‌തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല.'' (വി.ഖു.)

അല്ലാഹു നമുക്ക്‌ നല്‍കിയിട്ടുള്ള മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ്‌ ആയുസ്സ്‌. വിശ്വാസികള്‍ ഇത്‌ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവരായിരിക്കും. ജീവിതത്തിലെ ഓരോ നിമിഷവും പരലോകരക്ഷയ്‌ക്കു വേണ്ടി അധ്വാനിക്കേണ്ടവനാണവന്‍. സല്‍ക്കര്‍മങ്ങളൊന്നുമില്ലാതെ പരലോകത്തെത്തുന്നവര്‍ക്ക്‌ സമ്പത്തോ സന്താനങ്ങളോ ഒന്നും ഉപകാരപ്പെടുകയില്ല. മരണശേഷം ഒരാള്‍ക്ക്‌ തന്റെ സല്‍ക്കര്‍മങ്ങള്‍ മാത്രമായിരിക്കും കൂട്ടിനുണ്ടാവുക. ശുദ്ധമനസ്സോടെ ചെയ്‌ത സല്‍ക്കര്‍മങ്ങളില്‍ നിന്ന്‌ അല്ലാഹു യാതൊന്നും കുറവുവരുത്തുകയില്ല. ``അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മഫലങ്ങളില്‍ നിന്ന്‌ യാതൊന്നും അവന്‍ കുറവ്‌ വരുത്തുന്നതല്ല'' (വി.ഖു. 49:14). ഭൗതിക ജീവിതത്തിന്റെ ലാഭനഷ്‌ടങ്ങള്‍ വിലയിരുത്താതെ, പരലോകചിന്തയില്ലാതെ അലസമായി ജീവിച്ചാല്‍ നഷ്‌ടമായിരിക്കും അനന്തരഫലം.

ധാരാളം പ്രവര്‍ത്തിക്കുകയും അക്ഷീണയത്‌നം നടത്തുകയും ചെയ്‌ത്‌ പരലോകത്തെത്തുന്നവരെക്കുറിച്ച്‌ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌. നിയ്യത്ത്‌ തെറ്റിപ്പോയതിന്റെ ഫലമായി എല്ലാം നഷ്‌ടപ്പെട്ടവരാണവര്‍. ``നബിയേ, ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ? അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്‌മ കാണിക്കുകയും പണിയെടുത്ത്‌ ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിപ്പിക്കുന്നതാണ്‌. ചുട്ടുതിളയ്‌ക്കുന്ന ഉറവയില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിപ്പിക്കപ്പെടുന്നതാണ്‌. ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല. അത്‌ പോഷണം നല്‍കുകയില്ല. വിശപ്പിന്‌ ശമനമുണ്ടാവുകയുമില്ല.'' (വി.ഖു 88:1-8)

പ്രവര്‍ത്തനങ്ങളെ വിഫലമാക്കിക്കളയുന്ന പ്രകടനപരത വരുത്തിവെക്കുന്ന അവസ്ഥയാണ്‌ ഖുര്‍ആന്‍ ചിത്രീകരിച്ചത്‌. ഭൗതിക ജീവിതത്തിന്റെ ഉയര്‍ച്ചയ്‌ക്ക്‌ വേണ്ടി മാത്രം ചിന്തകളെയും പഠനങ്ങളെയും ഉപയോഗിച്ചവരും, ഇഹലോക ജീവിതാഭിവൃദ്ധിക്ക്‌ വേണ്ടി മാത്രം സമയവും സമ്പത്തും ചെലവഴിച്ചവരും അനുഭവിക്കാനുള്ളത്‌ നാശനഷ്‌ടങ്ങള്‍ മാത്രമായിരിക്കും. ``ക്ഷണികമായതിനെ (ഇഹലോകത്തെ)യാണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക്‌ അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം ഉദ്ദേശിക്കുന്നത്‌ ഇവിടെവെച്ച്‌ തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്‌ നല്‍കുന്നത്‌ നരകമായിരിക്കും. അപമാനിതനും പുറംതള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌'' (വി.ഖു 17:18). ഭൗതിക ജീവിതാലങ്കാരങ്ങള്‍ക്ക്‌ പിറകെയോടി അനശ്വര ജീവിതസൗഭാഗ്യങ്ങളെ നഷ്‌ടപ്പെടുത്തിക്കളയുന്നത്‌ എന്തുമാത്രം ദയനീയമാണ്‌. ഭൗതികജീവിതത്തില്‍ ലഭിച്ച നേട്ടങ്ങള്‍ക്ക്‌ അല്ലാഹുവിനോട്‌ നന്ദി കാണിച്ച്‌ വിനീതരായി ജീവിക്കാനുള്ള പാഠങ്ങളാണ്‌ ഖുര്‍ആന്‍ നല്‍കുന്നത്‌. എന്നാല്‍ അഹങ്കാരവും പൊങ്ങച്ചവും പ്രകടനപരതയും ലോകമാന്യവും മനുഷ്യനെ നഷ്‌ടത്തിലേക്ക്‌ വഴിനടത്തൂ. നമ്മുടെ ഉദ്ദേശ്യങ്ങളും താല്‍പര്യങ്ങളും ഈ ചെറിയ ലോകത്ത്‌ ചുറ്റിത്തിരിയാതെ അല്ലാഹുവിന്റെ സ്വര്‍ഗീയഭവനം കരസ്ഥമാക്കുന്നതിലേക്ക്‌ വിസ്‌തൃതപ്പെടേണ്ടതുണ്ട്‌. ഭൗതികജീവിതത്തിലെ പളപളപ്പുകള്‍ നമ്മുടെ കണ്ണുകളെ ആനന്ദിപ്പിക്കുകയും ഹൃദയത്തെ മത്തുപിടിപ്പിക്കുകയും ആഗ്രഹങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ അല്ലാഹു നിശ്ചയിച്ച അതിരുകള്‍ സൂക്ഷിച്ചാല്‍ സൗഭാഗ്യത്തിന്റെ ഭവനം പകരമായി കിട്ടും. ഭൗതികജീവിതം കേവല നിരീക്ഷണം മാത്രമാണ്‌. ഖുര്‍ആന്‍ പറയുന്നു: ``സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ്‌ നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.'' (വി.ഖു 18:46)

ഐഹികജീവിതത്തിന്റെ ഉപമ ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെയാണ്‌: ``നാം ആകാശത്തു നിന്ന്‌ വെള്ളം ഇറക്കിയിട്ട്‌ അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത്‌ അഴകാര്‍ന്നതാകുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുമാറായെന്ന്‌ അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്‌തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‌പന അതിന്‌ വന്നെത്തുകയും തലേ ദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (വി.ഖു 10:24)

പാരത്രിക ജീവിതത്തെ ലക്ഷ്യമാക്കി ജീവിക്കുന്നവരുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പെയ്‌തിറങ്ങും. ``വല്ലവനും പരലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അവന്റെ കൃഷിയില്‍ നാം അവന്‌ വര്‍ധന നല്‍കുന്നതാണ്‌. വല്ലവനും ഇഹലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന്‌ അതില്‍നിന്ന്‌ നല്‍കുന്നതാണ്‌. അവന്‌ പരലോകത്ത്‌ യാതൊരു വിഹിതവും ഉണ്ടായിരിക്കുകയില്ല.'' (വി.ഖു 42:20). ഇന്ന്‌ വിതയ്‌ക്കുന്ന വിത്തുകളാണ്‌ നാളെ കൊയ്‌തൊടുക്കാവുന്ന ഫലങ്ങളായി മാറുന്നത്‌. അന്ത്യദിനം വന്നെത്തുമ്പോള്‍ കയ്യിലൊരു ചെടിയുണ്ടെങ്കില്‍ അത്‌ നട്ടുപിടിപ്പിക്കണമെന്ന്‌ നബി(സ) കല്‌പിച്ചത്‌ നന്മകള്‍ ചെയ്യാനുള്ള പ്രേരണ മനസ്സുകളില്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ്‌. പ്രസന്നവദനത്തോടെ തന്റെ സഹോദരങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പോലും പുണ്യമുണ്ടെന്ന്‌ അവിടുന്ന്‌ ഉണര്‍ത്തി. ജീവിതവേളയിലെ ഓരോ നിമിഷവും ചോദ്യം ചെയ്യപ്പെടുമെന്ന്‌ തിരുമേനി മുന്നറിയിപ്പ്‌ തന്നു. അന്ത്യനാളില്‍ ഒരിടമയുടെ കാല്‍പാദങ്ങള്‍ മുന്നോട്ട്‌ വെക്കണമെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക്‌ കൃത്യമായി ഉത്തരം ബോധിപ്പിക്കേണ്ടിവരും. ആയുസ്സിനെക്കുറിച്ചും നേടിയ അറിവിനെക്കുറിച്ചും അതുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമ്പാദിച്ച ധനത്തിന്റെ ഉറവിടത്തെപ്പറ്റിയും അത്‌ എന്തിനുവേണ്ടി ചെലവഴിച്ചു എന്നതിനെപ്പറ്റിയും ആരോഗ്യം എന്തിനുവേണ്ടി വിനിയോഗിച്ചുവെന്നതിനെക്കുറിച്ചും ചോദിക്കപ്പെടുമെന്ന്‌ തിരുമേനി ഉണര്‍ത്തി. (തിര്‍മിദി)

സംതൃപ്‌തമായ പരലോകജീവിതത്തിനു വേണ്ടി നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും ക്രമീകരിക്കേണ്ടതുണ്ട്‌. ``ഏതൊരാളുടെ തുലാസ്സുകള്‍ ഘനം തൂങ്ങിയോ അവന്‍ സംതൃപ്‌തായ ജീവിതത്തിലായിരിക്കും. ഏതൊരാളുടെ തുലാസ്സുകള്‍ തൂക്കം കുറഞ്ഞുവോ അവന്റെ സങ്കേതം `ഹാവിയ' ആയിരിക്കും. ഹാവിയ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ? ചൂടേറിയ നരകാഗ്നിയത്രെ അത്‌.'' (വി.ഖു 100:6-11) ആരോരും ഉപകാരപ്പെടാത്ത അന്ത്യനാളില്‍ നമുക്ക്‌ സഹായകമാവുന്നത്‌ സല്‍കര്‍മ്മങ്ങള്‍ മാത്രമായിരിക്കും. ശുദ്ധവിചാരത്തോടെ നിര്‍വഹിക്കുന്ന സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഒട്ടും നഷ്‌ടപ്പെടാതെ ബാക്കിയുണ്ടാവൂ. അത്‌ മാത്രമാണ്‌ നഷ്‌ടമാകാത്ത വിയര്‍പ്പുതുള്ളികള്‍.

from shabab

ഭക്തിയും ആസക്തിയും

``എന്നാല്‍ തന്റെ ദൈവത്തെ തന്റെ തന്നിഷ്‌ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞുകൊണ്ടു തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും അവന്റെ കണ്ണിന്മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്‌തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിനു പുറമെ ആരാണ്‌ അവനെ നേര്‍വഴിയിലാക്കാനുള്ളത്‌?'' (വി.ഖു. 45:23)

തോന്നിയതിനെല്ലാം ദിവ്യത്വം കല്‍പിച്ച്‌ തന്നിഷ്‌ടപ്രകാരം ആരാധന നടത്തുന്നവരുടെ കാര്യത്തിലാണ്‌ വിശുദ്ധഖുര്‍ആനിലെ ഈ വചനം അവതരിച്ചത്‌. ഈ പ്രപഞ്ചത്തിലെ ഉത്‌കൃഷ്‌ട സൃഷ്‌ടിയും പ്രപഞ്ചത്തെ ഭരിക്കാന്‍ മാത്രം കഴിവുകള്‍ നല്‍കപ്പെട്ടവനുമാണ്‌ മനുഷ്യന്‍. നിഗൂഢവും സങ്കീര്‍ണവുമായ പ്രപഞ്ചരഹസ്യങ്ങളിലേക്ക്‌ തന്റെ ബുദ്ധിശക്തി കൊണ്ട്‌ ആഴ്‌ന്നിറങ്ങുകയും കണ്ടുപിടുത്തങ്ങളും കണ്ടെത്തലുകളും കൊണ്ട്‌ മനുഷ്യജീവിതം സൗകര്യപ്രദമാക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ്‌ മനുഷ്യര്‍.

എന്നാല്‍ തന്റെയും പ്രപഞ്ചത്തിന്റെയും സ്രഷ്‌ടാവിനെ കണ്ടെത്തുന്നതിലും അവന്റെ മുന്നില്‍ വണങ്ങുന്ന കാര്യത്തിലും ഈ മഹാമനുഷ്യന്‍ ഇരുട്ടില്‍ തപ്പുകയാണ്‌. ആരാണ്‌ ദൈവം, ദൈവവുമായി നമ്മുടെ ബന്ധമെന്ത്‌, നാം ദൈവത്തോട്‌ എങ്ങനെ കടപ്പെട്ടിരിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ മനുഷ്യന്‌ എന്നും തെറ്റുകള്‍ പറ്റിയിട്ടുണ്ട്‌. തനിക്കു തോന്നിയതിനെയെല്ലാം വണങ്ങുക, പൂജാവിഗ്രഹങ്ങള്‍ യഥേഷ്‌ടം മാറ്റി വേറൊന്നു സ്വീകരിക്കുക തുടങ്ങിയ പ്രവണതയ്‌ക്ക്‌ മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്‌. ഉപരിസൂചിത ഖുര്‍ആന്‍ വാക്യത്തിന്റെ സൂചനയും ഇതുതന്നെ.

ഭൗതിക പുരോഗതിയുടെ ഉത്തുംഗതയില്‍ നില്‌ക്കുന്ന ഇക്കാലത്തും ഈ സ്ഥിതിക്ക്‌ വലിയ മാറ്റമൊന്നുമില്ല. `മുള്ളുമുരട്‌ മൂര്‍ഖന്‍ പാമ്പ്‌ മുതല്‍ കല്ല്‌ കരട്‌ കാഞ്ഞിരക്കുറ്റിവരെ' ആരാധ്യവസ്‌തുക്കളാക്കി മാറ്റുന്ന ബുദ്ധിശൂന്യതയ്‌ക്ക്‌ ഭൗതിക വിജ്ഞാനങ്ങളൊന്നും പരിഹാരമാകുന്നില്ല എന്നതാണ്‌ അനുഭവം. അചേതന വസ്‌തുക്കളായ കല്ല്‌, മരം, മല തുടങ്ങിയവയും എലി, പരുന്ത്‌, പശു മുതലായ ജന്തുക്കളും മാത്രമല്ല, തന്നെപ്പോലെയോ തന്നെക്കാള്‍ `താഴ്‌ന്ന' നിലവാരത്തിലുള്ളതോ ആയ മനുഷ്യരും ആരാധ്യപുരുഷന്മാരാണിന്ന്‌. ഇന്ത്യയില്‍ മാത്രം ജീവിച്ചിരിക്കുന്ന അഞ്ഞൂറിലധികം ആള്‍ദൈവങ്ങളുണ്ടത്രെ. അവരില്‍ ഒരാള്‍ ഈയടുത്ത ദിവസം മരിച്ചു; സായിബാബ.

ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിക്കാരന്‍ സത്യനാരായണന്‍ രാജു എന്ന വ്യക്തിയെപ്പറ്റി നമുക്കൊന്നും പറയാനില്ല. എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ ദൈവമോ ദൈവാവതാരമോ ആയി കാണുന്ന `വിശ്വാസ മേലങ്കി'യില്‍ കഴിയുന്ന സായിബാബ എന്ന ആള്‍ദൈവത്തെപ്പറ്റി ആദര്‍ശവിചാരം നടത്താന്‍ നമുക്കവകാശമുണ്ട്‌. ജഡകുത്തിയ മുടിയും കാവി ളോഹയും മുഖത്ത്‌ ചെറുപുഞ്ചിരിയുമായി മന്ദം മന്ദം അടിവച്ച്‌ നടന്ന്‌ `ഭക്തര്‍ക്ക്‌ ദര്‍ശനം' നല്‌കുന്ന ചിത്രമാണ്‌ സായിബാബ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലോടിയെത്തുന്നത്‌. ഇദ്ദേഹമാരായിരുന്നു? ദൈവമോ, ദൈവാവതാരമോ, ദൈവദൂതനോ അതോ മനുഷ്യരുടെ വിശ്വാസം ചൂഷണം ചെയ്‌ത്‌ ഭൗതികജീവിതം നയിക്കുന്ന ആള്‍ദൈവമോ?!

മാനവ ചരിത്രത്തിലേക്ക്‌ കണ്ണോടിക്കാം. എത്രയെത്ര മഹാമനീഷികള്‍ കഴിഞ്ഞുപോയി! കാലഗണനയുടെ മധ്യബിന്ദുവായി കണക്കാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്‌തു (ഈസാനബി), ക്രിസ്‌തുവിനു മുമ്പുള്ള ഋഷികളും മുനികളും പ്രാചീന ഹൈന്ദവ ദര്‍ശനങ്ങളും ഇതിഹാസങ്ങളും, ബുദ്ധന്‍, ജൈനന്‍ തുടങ്ങിയ ആചാര്യന്മാര്‍, മുഹമ്മദ്‌ നബി(സ) എന്ന ദൈവദൂതന്‍, മനുഷ്യസമൂഹത്തെ ആത്മീയമായി പ്രബുദ്ധമാക്കിയ നിരവധി വ്യക്തിത്വങ്ങള്‍. (ഇവരെല്ലാം ഒരുപോലെയാണെന്നല്ല, ധാര്‍മികരംഗത്ത്‌ വെളിച്ചം കാണിച്ചവര്‍.) ചരിത്രകാലത്ത്‌ ലോകം കണ്ട തത്വശാസ്‌ത്രകാരന്മാര്‍, ശാസ്‌ത്രജ്ഞര്‍, രാഷ്‌ട്രമീമാംസകര്‍, ലോകോത്തര പണ്ഡിതന്മാര്‍, അവരൊക്കെ ലോകത്തിന്‌ നല്‌കിയ സംഭാവനകള്‍... ചരിത്രം വിളിച്ചോതുന്ന യാഥാര്‍ഥ്യങ്ങള്‍. ഇന്ത്യ കണ്ട മഹാ മനുഷ്യരെത്ര? ആര്യഭടന്‍, രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധി, രാഷ്‌ട്രത്തിന്റെ പ്രഥമ പൗരനായി അഞ്ചുവര്‍ഷം വിരാജിച്ച അതുല്യപ്രതിഭ, വിശ്വവ്യക്തിത്വം എ പി ജെ അബ്‌ദുല്‍കലാം... ഇവരാരും പൂജിക്കപ്പെട്ടില്ല. അവരുടെ ജീവിതം സുതാര്യം. നിഗൂഢതകളില്ല. അവര്‍ക്കാര്‍ക്കും സഹസ്രകോടികളുടെ ആസ്‌തിയില്ല. അവരുടെ ആദര്‍ശങ്ങള്‍ ലോകം ചര്‍ച്ചചെയ്യുന്നു. അവരുടെ നേട്ടങ്ങള്‍ ലോകം ആസ്വദിക്കുന്നു.

ഈ മഹത്തുക്കളുടെ ഗണത്തില്‍ സായിബാബയുടെ സ്ഥാനമെന്ത്‌ എന്ന്‌ ചിന്തിക്കാന്‍ വേണ്ടിയെങ്കിലും വിലയിരുത്തരുതോ? വിവരമുള്ള വലിയ മനുഷ്യര്‍ പലരും പൂജനീയനായി കണക്കാക്കി ഭക്ത്യാദര പുരസ്സരം പഞ്ചപുച്ഛമടക്കി ഓച്ചാനിച്ചുനില്‌ക്കുന്ന സായിബാബ ലോകത്തിനു വേണ്ടിയോ ലോകര്‍ക്കു വേണ്ടിയോ നല്‌കിയ സന്ദേശമെന്ത്‌? സംഭാവനയെന്ത്‌? എന്തിന്റെ പേരിലാണ്‌ ഒരു വ്യക്തി പൂജ്യനായിത്തീരുന്നത്‌? ഇത്രയും ചിന്തിക്കാന്‍ ഒരു സാമാന്യബുദ്ധിക്കവകാശമുണ്ടല്ലോ. പതിറ്റാണ്ടുകള്‍ തന്നെ ദിവ്യശക്തിയായി ഭക്തലക്ഷങ്ങള്‍ ദര്‍ശിച്ചുപോന്ന മകരജ്യോതി `മനുഷ്യസൃഷ്‌ടി'യാണെന്ന്‌ ദേവസ്വംബോര്‍ഡ്‌ തന്നെ വെളിപ്പെടുത്തിയ ഒരു പശ്ചാത്തലവും ഈ ചിന്തയ്‌ക്ക്‌ സാംഗത്യം നല്‌കുന്നു.

സായിബാബയുടെ പേരിലുള്ള ട്രസ്റ്റിന്റെ കീഴില്‍ നടത്തപ്പെടുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശിഷ്യാ ആതുരാലയങ്ങള്‍ എടുത്തുപറയാവുന്ന ഒരു കാര്യമാണ്‌. ആതുര സേവനത്തിന്റെ പേരില്‍ പൂജിക്കപ്പെടുകയാണെങ്കില്‍ ആള്‍ദൈവങ്ങളുടെ എണ്ണം കൂടും. ടാറ്റയും ബിര്‍ളയും പോലുള്ള കോടീശ്വരന്മാര്‍ കുറെ സാമൂഹ്യക്ഷേമ കാര്യങ്ങളും ചെയ്യുന്നു. കാന്‍സര്‍ ചികിത്സ വ്യാപകവും ഫലപ്രദവും ആയിത്തീരുന്നതിനു മുമ്പായി കോഴിക്കോട്‌ മെഡിക്കല്‍ കോളെജിന്‌ സംഭാവനയായി ബിര്‍ള ഗ്രൂപ്പ്‌ നല്‌കിയ `സാവിത്രി സാബു വാര്‍ഡ്‌' അറിയാത്തവര്‍ കേരളത്തിലുണ്ടാവില്ല. സാവിത്രിയോ ബിര്‍ളയോ പൂജിക്കപ്പെടുന്നില്ല. മധ്യേന്ത്യയിലും ഉത്തരപൂര്‍വേന്ത്യയിലും പിടിമുറുക്കിയ നക്‌സലുകള്‍ രാഷ്‌ട്രത്തിന്‌ അപകടമാണെങ്കിലും തദ്ദേശീയര്‍ക്ക്‌ `അവതാരങ്ങളാ'യിരുന്നു. പാവങ്ങള്‍ക്ക്‌ ലഭിക്കുന്ന സേവനം തന്നെ കാരണം. നക്‌സലുകളുടെ `വിജയ'ത്തിന്റെ രാസത്വരകം ഈ നാട്ടുകാരാണ്‌. പേരുപോലും ഭീതിയോടെ ശ്രവിക്കുന്ന വീരപ്പന്‍ രാജ്യത്തിന്റെ കണ്ണിലെ കരട്‌, നാട്ടുകാര്‍ക്കോ കണ്‍കണ്ട ദൈവം! ഇത്രയും സൂചിപ്പിച്ചത്‌ സമൂഹക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്‌, വ്യക്തിയായാലും ട്രസ്റ്റായാലും ദിവ്യത്വമുണ്ട്‌ എന്നതിന്‌ നിദാനമല്ല എന്നു കാണിക്കാനാണ്‌.

അന്തരീക്ഷത്തില്‍ നിന്ന്‌ വിഭൂതിയും റിസ്റ്റ്‌വാച്ചും സ്വര്‍ണചെയിനും എടുത്തുകാണിക്കുന്നതാണ്‌ ആള്‍ദൈവത്തിന്റെ ശക്തിയെങ്കില്‍ തെരുവുമാജിക്കുകാര്‍ മുതല്‍ ആര്‍ കെ മലയത്തും മുതുകാടും വരെ ആള്‍ദൈവങ്ങളുടെ പട്ടിക നീളും. ഒരു രാജ്യത്തിന്റെ കാര്‍ഷിക ബജറ്റിന്റെ അത്രയും വലിയ ആസ്‌തിയുള്ള ഒരാളെപ്പറ്റി ആദായനികുതി വകുപ്പിനു പോലും ഒരു പരാതിയും ഇല്ല. ഇത്‌ ദിവ്യത്വമോ അവതാരമോ അല്ല; മറിച്ച്‌ അഭ്യസ്‌തവിദ്യര്‍ ബാബയെ മറയാക്കി നടത്തുന്ന വിശ്വാസചൂഷണവും ആത്മീയതട്ടിപ്പുമാണെന്ന്‌ ഉറക്കെപ്പറയാന്‍ നാം ആര്‍ജവം കാണിക്കണം.

നിര്‍ഭാഗ്യമെന്നു പറയട്ടെ, ആത്മീയ ചൂഷണങ്ങളെപ്പറ്റി പറയാന്‍ ഇവിടെ ആരുണ്ട്‌? വിശ്വാസവും ആദര്‍ശവും കൊണ്ട്‌ ചൂഷണത്തിനെതിരെ നിലകൊള്ളേണ്ട മുസ്‌ലിം സമൂഹം തന്നെ വിശ്വാസത്തട്ടിപ്പിന്റെ പതിനെട്ടടവും പയറ്റുകയാണ്‌. ആള്‍ദൈവ സങ്കല്‌പത്തിന്റെ മുസ്‌ലിം വേര്‍ഷനുകള്‍! അത്ഭുതസിദ്ധിയും രോഗശമനവും തന്നെയാണ്‌ ഇവരുടെയും തുരുപ്പിശീട്ട്‌. ഒരു മുടിയുപയോഗിച്ച്‌ ഒരു മാസം കൊണ്ട്‌ നാല്‌പതു കോടി നേടിയവര്‍ക്ക്‌ അറുപതു വര്‍ഷം കൊണ്ട്‌ നാലായിരം കോടി ആസ്‌തിയുണ്ടാക്കിയതിനെപ്പറ്റി പറയാന്‍ ധാര്‍മികമായി അവകാശം നഷ്‌ടപ്പെടുകയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ഇസ്‌ലാഹി പ്രസ്ഥാനം മനുഷ്യസമൂഹത്തോട്‌ പറയുന്നത്‌: ആസ്‌തിയുണ്ടാക്കാനുള്ള മാര്‍ഗമല്ല ഭക്തി. പ്രപഞ്ചനാഥനെ മനസ്സിലാക്കി വണങ്ങുകയും അതുമൂലം വിനയവും സ്വഭാവ ശുദ്ധിയും തല്‌ഫലമായി മരണാനന്തര സൗഖ്യവും (സ്വര്‍ഗപ്രവേശം) നേടുക എന്നതാണ്‌ ഭക്തി അഥവാ തഖ്‌വാ.

from shabab editorial

പരിസര മലിനീകരണവും വിശ്വാസികളും

കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. ഇന്ന്‌ ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ പലതും പലതരം കൃത്രിമങ്ങള്‍ക്ക്‌ വിധേയമായിട്ടുള്ളതാണ്‌. മില്ലുകളില്‍ നെല്ല്‌ പുഴുങ്ങുന്നത്‌ അമോണിയ ചേര്‍ത്ത വെള്ളത്തിലാണെന്ന്‌ ചില ആരോഗ്യ പ്രസിദ്ധീകരണങ്ങളില്‍ കാണുന്നു. പല അരികളും നിറത്തിനും മിനുസത്തിനുംവേണ്ടി

പോളിഷ്‌ ചെയ്യുന്നു. ഗോഡൗണുകളില്‍ അരിച്ചാക്കുകള്‍ക്കിടയില്‍ കീടനാശിനികള്‍ വിതറുന്നു. കൃത്യവലുപ്പത്തിലുള്ള കല്ലുകള്‍ അരിയില്‍ കലര്‍ത്തല്‍ ഒരു വ്യവസായമാക്കിയിട്ടുള്ളവര്‍ ഉണ്ടത്രെ. ധാരാളം കല്ലുള്ള അരിച്ചാക്കിന്മേല്‍ `സ്റ്റോണ്‍ലെസ്‌' എന്ന്‌ വലിയ അക്ഷരത്തില്‍ എഴുതിയതും നമുക്ക്‌ കാണാന്‍ കഴിയും. പയര്‍വര്‍ഗങ്ങളിലെ കൃത്രിമങ്ങളുടെ കാര്യവും ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമല്ല. അരോഗദൃഢഗാത്രരായ ചെറുപ്പക്കാരെ ഇതൊന്നും വളരെ ഗുരുതരമായി ബാധിച്ചില്ലെന്ന്‌ വരാം. എന്നാല്‍ കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും രോഗികള്‍ക്കും ഇതൊക്കെ ഗുരുതരമായ പ്രശ്‌നങ്ങള്‍ വരുത്തിവെക്കുക തന്നെ ചെയ്യും.

റെഡിമെയ്‌ഡ്‌ ഭക്ഷ്യവസ്‌തുക്കളുടെ നില ഇതിനേക്കാള്‍ പരിതാപകരമാണ്‌. അവയില്‍ ചേര്‍ക്കുന്ന കൃത്രിമ രുചിദായിനികളും കൃത്രിമ നിറങ്ങളും അഴുകാതിരിക്കാന്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളും വിഷമയമാണെന്ന കാര്യം ഇന്ന്‌ പരക്കെ അറിയപ്പെട്ടതാണ്‌. പാചകത്തിന്‌ ഉപയോഗിക്കുന്ന എണ്ണകളില്‍ പലതും രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ `റിഫൈന്‍' ചെയ്‌തവയാണ്‌. പലതിലും വന്‍തോതില്‍ മായം ചേര്‍ക്കുന്നുമുണ്ട്‌. പാചകത്തിന്‌ ഒരിക്കല്‍ ഉപയോഗിച്ച എണ്ണ ഒഴിവാക്കാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ വഴിവെക്കുന്നു. ഹോട്ടലുകളിലാകട്ടെ `അജിനാമോട്ട' എന്ന വിഷ പദാര്‍ഥം ചേര്‍ത്ത്‌ ഭക്ഷണങ്ങളുടെ രുചി വര്‍ധിപ്പിക്കുന്നത്‌ പതിവ്‌ പരിപാടിയായിട്ടുണ്ട്‌.

പച്ചക്കറികളും പഴങ്ങളുമാണ്‌ താരതമ്യേന സുരക്ഷിതമായ ഭക്ഷണമെന്ന്‌ പലരും കരുതുന്നു. ഒരളവോളം അത്‌ ശരിയുമാണ്‌. എന്നാല്‍ രാസവസ്‌തുക്കളുടെയും കീടനാശിനികളുടെയും സാന്നിധ്യം അവയ്‌ക്കും ഏറെ അപചയം വരുത്തിയിട്ടുണ്ട്‌. ഇതിന്റെയൊന്നും അംശം ഉള്‍പ്പെട്ടിട്ടില്ലാത്ത വിഭവങ്ങള്‍ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നതാണ്‌ ഇന്നത്തെ അവസ്ഥ. കായ്‌കനികളില്‍ നേരിട്ട്‌ കീടനാശിനി പ്രയോഗിക്കാതിരിക്കാന്‍ ചുരുക്കം ചില കര്‍ഷകര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും `വ്യാവസായിക' കര്‍ഷകരില്‍ ഭൂരിഭാഗവും അങ്ങനെയല്ല. വിത്തിറക്കുന്നതിന്റെ മുമ്പ്‌ മണ്ണില്‍ തുടങ്ങുന്ന കീടനാശിനി പ്രയോഗം വിളവെടുപ്പിന്റെ ഏതാനും ദിവസം മുമ്പുവരെ അവര്‍ തുടരുന്നു. കൃഷിയിടങ്ങളുടെ പരിസരത്തുള്ളവരുടെ ജലസ്രോതസ്സുകള്‍ പോലും അവര്‍ വിഷലിപ്‌തമാക്കുന്നു. ചില പഴങ്ങളില്‍ `ഭംഗിയായി' പഴുപ്പിക്കാന്‍ കര്‍ഷകരും വ്യാപാരികളും ഉപയോഗിക്കുന്നത്‌ ഒരു ഉഗ്രവിഷപദാര്‍ഥമാണെന്നതും ഏറെ ആശങ്ക സൃഷ്‌ടിക്കുന്നു.

വ്യവസായശാലകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങിയവ വായുവും വെള്ളവും മണ്ണും മലിനമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. വ്യാവസായശാലകള്‍ പുറത്തുവിടുന്ന മാലിന്യങ്ങളുടെ കൂട്ടത്തില്‍ ജീവിവര്‍ഗങ്ങളെ അത്യന്തം ഗുരുതരമായി ബാധിക്കുന്ന പലതരം വിഷാംശങ്ങള്‍ ഉള്‍പ്പെടുന്നു. നദികളിലേക്കും കടലിലേക്കും മാലിന്യങ്ങള്‍ പുറംതള്ളാന്‍ തങ്ങള്‍ക്ക്‌ അനിഷേധ്യമായ അവകാശമുണ്ടെന്ന ഭാവമാണ്‌ പല വ്യവസായ ഉടമകള്‍ക്കും. പലതരം വിഷപദാര്‍ഥങ്ങളും മണ്ണില്‍ ലയിച്ചുചേരാത്ത പ്ലാസ്റ്റിക്‌ പോലുള്ള വസ്‌തുക്കളും നദീ തീരങ്ങള്‍ക്കടുത്തുള്ള ജലസ്രോതസ്സുകളില്‍ എത്തിച്ചേരുകയും ലക്ഷക്കണക്കിലാളുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ചുരുക്കം ചില സ്വകാര്യ വ്യവസായശാലകള്‍ നടത്തുന്ന മലിനീകരണത്തിന്നെതിരില്‍ ജനകീയ സമരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പല വന്‍കിട വ്യവസായ ശാലകളുടെയും ഭീമമായ അളവിലുള്ള ഉച്ചിഷ്‌ടങ്ങള്‍ നദികളിലേക്കും കടലിലേക്കും ഒഴുക്കിവിടുന്ന ഏര്‍പ്പാട്‌ നിര്‍ബാധം തുടരുകയാണ്‌. ആശുപത്രികള്‍ ഒരു ഭാഗത്ത്‌ ആളുകളെ ആരോഗ്യത്തിലേക്ക്‌ നയിക്കുമ്പോള്‍ അവയിലെ ജൈവ- അജൈവ ഉച്ചിഷ്‌ടങ്ങള്‍ കുറെ പേരുടെ കുടിനീര്‍ വിഷമയമാക്കുന്നുണ്ട്‌. മെഡിക്കല്‍ കോളെജിലെയും ചില വന്‍കിട ആശുപത്രികളിലെയും ഉച്ചിഷ്‌ടങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌. പുകനിയന്ത്രണത്തിനുള്ള നിയമങ്ങള്‍ നിലവിലുണ്ടായിട്ടും പെരുകുന്ന വാഹനങ്ങള്‍ പുറത്തുവിടുന്ന വിഷവാതകങ്ങളുടെ അളവ്‌ അനുസ്യൂതം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്‌. വായുവും വെള്ളവും മണ്ണും വിഷലിപ്‌തമാക്കിക്കൊണ്ടേയിരിക്കുന്ന ജീവിതവ്യവഹാരങ്ങള്‍ അനുസ്യൂതം തുടരുകയാണെങ്കില്‍ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഭൂമിയുടെ പല ഭാഗങ്ങളും മനുഷ്യവാസയോഗ്യമല്ലാതായിത്തിരുമെന്നാണ്‌ ചില പരിസ്ഥിതി ശാസ്‌ത്രജ്ഞര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്‌.

ഈ പ്രശ്‌നങ്ങളുടെ നേരെ ഏറ്റവും ശരിയായ നിലപാട്‌ പുലര്‍ത്താന്‍ ബാധ്യസ്ഥരാണ്‌ മുസ്‌ലിംകള്‍. കാരണം, അവര്‍ ജീവിതത്തിന്റെ എല്ലാ തലങ്ങളും ശുദ്ധീകരിക്കേണ്ടവരാണ്‌. താന്‍ കഴിക്കുന്ന ഭക്ഷണം മാലിന്യവും വിഷാംശവും ഇല്ലാത്തതാണെന്ന്‌ ഉറപ്പുവരുത്തുന്നത്‌ പോലെ താന്‍ മറ്റുള്ളവര്‍ക്ക്‌ നല്‌കുന്ന ഭക്ഷ്യവസ്‌തുക്കളും സംശുദ്ധമാണെന്ന്‌ ഓരോ സത്യവിശ്വാസിയും ഉറപ്പുവരുത്തേണ്ടതാണ്‌. ഈമാനിന്റെ അനിവാര്യതാല്‌പര്യമാണ്‌ അമാനത്ത്‌ അഥവാ വിശ്വസ്‌തത. ഒരാള്‍ തന്റെ ബന്ധുമിത്രാദികളെ വിവാഹത്തിനോ വിരുന്നിനോ ക്ഷണിച്ചിട്ട്‌ അവര്‍ക്കയാള്‍ നല്‌കുന്നത്‌ വിഷമയമായ കൃത്രിമ വര്‍ണങ്ങളോ അജിനാമോട്ട എന്ന ടേസ്റ്റിംഗ്‌ പൗഡറോ ചേര്‍ത്ത ഭക്ഷണമാണെങ്കില്‍ ആ സല്‍ക്കാരം വിശ്വാസത്തിനും വിശ്വസ്‌തതയ്‌ക്കും നിരയ്‌ക്കാത്തതാണ്‌. യഥാര്‍ഥ വിശ്വാസികളെന്ന്‌ സ്വയം കരുതുന്ന ഹോട്ടലുകാരും ബേക്കറിക്കാരും സൂക്ഷ്‌മമായിത്തന്നെ ആത്മപരിശോധന നടത്തേണ്ടതുണ്ട്‌; തങ്ങള്‍ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങള്‍ വിശ്വാസത്തിനും വിശ്വസ്‌തതയ്‌ക്കും നിരയ്‌ക്കുന്നത്‌ തന്നെയാണോ എന്ന്‌.

ചില ഹോട്ടലുടമകള്‍ തങ്ങള്‍ക്കുള്ള ഭക്ഷണം വീട്ടില്‍ നിന്ന്‌ ഹോട്ടലിലേക്ക്‌ വരുത്തുകയാണ്‌ പതിവ്‌. ഹോട്ടല്‍ ഭക്ഷണം ആമാശയത്തിലെത്തിയാല്‍ ഉണ്ടാകാനിടയുള്ള അനര്‍ഥങ്ങളെ സംബന്ധിച്ച ആശങ്ക നിമിത്തമാണിത്‌. പക്ഷേ, മറ്റുള്ളവരുടെ ആമാശയത്തെ സംബന്ധിച്ച്‌ അവര്‍ക്ക്‌ യാതൊരു ഉത്‌കണ്‌ഠയുമില്ല. ചില പച്ചക്കറി കര്‍ഷകര്‍ സ്വന്തം ആവശ്യത്തിന്‌ രാസവളവും കീടനാശിനിയും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നു. വില്‌ക്കാനുള്ളതാകട്ടെ അത്‌ രണ്ടും ഉപയോഗിച്ചും. വിഷാംശങ്ങള്‍ തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന്‌ അവര്‍ക്ക്‌ വ്യക്തമായ ധാരണയുണ്ട്‌. എന്നാല്‍ ഉപഭോക്താക്കളുടെ ആരോഗ്യം അവര്‍ക്കൊരു പ്രശ്‌നമല്ല. പൊതുസ്ഥലങ്ങളില്‍ വിസര്‍ജ്യങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന പലരും സ്വന്തം വീടും പരിസരവും വൃത്തിയുള്ളതായിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നു. പരിസരമലിനീകരണത്തില്‍ റിക്കാര്‍ഡ്‌ ഭേദിക്കുന്ന വ്യവസായികള്‍ അവരുടെ മണിമന്ദിരങ്ങള്‍ പഞ്ചനക്ഷത്ര നിലവാരത്തില്‍ വൃത്തിയായും ഭംഗിയായും പരിരക്ഷിക്കുന്നു. സ്വന്തം താല്‌പര്യത്തിന്‌ സര്‍വത്ര മുന്‍ഗണന നല്‌കുന്ന ആളുകള്‍ ഇങ്ങനെയൊക്കെ ആകുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ തനിക്ക്‌ ശുദ്ധവായുവും ശുദ്ധജലവും വൃത്തിയുള്ള പരിസരവും ഇഷ്‌ടപ്പെടുന്നതുപോലെ മറ്റുള്ളവര്‍ക്കും അതൊക്കെ ലഭ്യമായിരിക്കണമെന്ന്‌ ആഗ്രഹിക്കാന്‍ ആദര്‍ശപരമായ ബാധ്യതയുള്ള സത്യവിശ്വാസികളും ആ സ്വാര്‍ഥികളെപ്പോലെ ആവുകയാണെങ്കില്‍ പിന്നെ എന്താണ്‌ വിശ്വാസത്തിന്റെ വ്യതിരിക്തത? വിശുദ്ധിയും വിശ്വസ്‌തതയും വേണ്ടെന്ന്‌ വെച്ചാലും വിശ്വാസം അന്യൂനമായി നിലനില്‌ക്കുമെന്നാണ്‌ നാം കരുതുന്നതെങ്കില്‍ അത്‌ വ്യാമോഹമാകാനാണ്‌ സാധ്യത.

from Shabab Editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts