കലണ്ടറുകള്‍ പുതുക്കുമ്പോള്‍ ഖല്‍ബ് പിടയ്ക്കണം

ലോകത്തിലെ ജനങ്ങള്‍ എല്ലാ അര്‍ഥത്തിലും വ്യത്യസ്തരും വൈവിധ്യമുള്ളവരുമാണ്. ജീവിത സാഹചര്യങ്ങളിലും സാമ്പത്തികാവസ്ഥയിലും ആരോഗ്യത്തിലുമെല്ലാം ഏറ്റക്കുറച്ചിലുകളുണ്ട്. എന്നിരിക്കെ, അവയൊന്നും അനീതിയോടെയല്ല വിന്യസിക്കപ്പെട്ടിരിക്കുന്നത് (10:44). ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും സൂക്ഷ്മാര്‍ഥത്തില്‍പോലും ഏറ്റക്കുറച്ചിലില്ലാതെ അല്ലാഹു നല്‍കിയ അമൂല്യ നിധിയാണ് സമയം. എല്ലാവര്‍ക്കും ഒരു ദിവസം 24 മണിക്കൂര്‍ മാത്രം. സമയം സക്രിയമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പ്രസ്തുത സമയം ഏറെ മതിയായതാണെന്നതുകൊണ്ടാണ് ഒരു ദിനം 24 മണിക്കൂറായി ക്രമീകരിച്ചിരിക്കുന്നത്. ഈ വിശ്വാസം വഴി അല്ലാഹുവിന്റെ നിശ്ചയവും വ്യവസ്ഥയും പരിപൂര്‍ണമാണെന്ന് നമുക്ക് ബോധ്യപ്പെടും.

വര്‍ത്തമാനകാലത്തെ present എന്ന് പരിചയപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ ഓരോ നിമിഷങ്ങളും അവ ലഭ്യമാവുമ്പോള്‍ മാത്രമേ നമ്മുടെ ആയുസ്സിനോട് ചേരുന്നുള്ളൂ. അതിനാല്‍ ഓരോ നാനോ നിമിഷങ്ങളും നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്റെ മഹോന്നത സമ്മാനം(പ്രസന്റ്) ആണ്. തിരിച്ചുപിടിക്കാനോ പുന:സൃഷ്ടിക്കാനോ കഴിയാത്ത ഈ പ്രപഞ്ചത്തിലെ അമൂല്യ വസ്തുവാണ് സമയം. എന്നാല്‍ ഈ അമൂല്യാവസ്ഥ നമുക്ക് ബോധ്യപ്പടുന്നത് അവസാന മണിക്കൂറുകളില്‍ മാത്രം. ജീവിതത്തിലേക്ക് തിരിച്ചുനടക്കാനാവില്ലെന്ന് ബോധ്യപ്പെടുമ്പോഴാണ് ലഭ്യമായ സമയത്തെക്കുറിച്ച ആശങ്കയും അല്പംകൂടി ആയുസ്സിലേക്ക് ചേര്‍ന്നെങ്കിലെന്ന പ്രതീക്ഷയും സജീവമാകുന്നത്. പക്ഷേ, എല്ലാ ചിന്തയും ഫലശൂന്യമായവ മാത്രം.

കലണ്ടറുകള്‍ ഒട്ടും ആശങ്കയില്ലാതെ നാം പുതുക്കുന്നു. ഡയരികളില്‍ പേജുകള്‍ നിസ്സങ്കോചം മറിച്ചിടുന്നു. ആയുസ്സില്‍നിന്നും നഷ്ടപ്പെട്ടതും കര്‍മതലത്തിലേക്ക് ചേര്‍ത്തുവെച്ചതും എത്രയെന്ന് ഓരോ പേജും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. സമയത്തെ ഓഡിറ്റിന് വിധേയമാക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അന്ന് കാര്യങ്ങളടെ ആധിക്യവും ജീവിതവിഭവങ്ങളുടെ പരിമിതികള്‍ തീര്‍ത്ത പരിക്കുകളും ശക്തമായിട്ടും പൂര്‍വീക പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളും സമയത്തെ എത്ര ക്രിയാത്മകമായാണ് ഉപയോഗപ്പെടുത്തിയത്. ബൃഹദ്ഗ്രന്ഥങ്ങള്‍ രചിച്ചും നവോത്ഥാന ഭൂമികയില്‍ കേരളത്തെ വ്യതിരിക്തമാക്കാന്‍ കഠിനാധ്വാനം ചെയ്തും ആയുസ്സിനെ സഫലമാക്കിയ യുഗുപുരുഷന്മാര്‍-സൗകര്യങ്ങളുടെ ആധി ക്യം പക്ഷേ നമ്മെ അലോസരമാക്കുന്നുണ്ടോ?

സമയത്തെ ആസൂത്രണം ചെയ്ത് ഫലപ്രദമയി വിനിയോഗിക്കുന്നതിന് കൃത്യവും ചിട്ടയാര്‍ന്നതുമായ ക്രമീകരണങ്ങള്‍ ഉണ്ടാവണം. യോഗങ്ങളുടെ ശാസ്ത്രീയതയും പ്രായോഗികതയും വ്യവസ്ഥാപിതമാക്കണം. അതുവഴി ധാരാളം പേരുടെ സമയനഷ്ടം കുറക്കാനും വിഭവവിനിയോഗം ക്രിയാത്മകമാക്കാനും കഴിയണം. ദഅ്‌വ, സംഘടനാ രംഗത്ത് സമയം വിനിയോഗിക്കുന്നവരുടെ ദൗത്യങ്ങളെ മഹോന്നതമായി പരിഗണിക്കണം. പണം വീണ്ടും വീണ്ടെടുക്കാം. സമയ മോ? അപരന്റെ സമയത്തിന് വില കല്പിക്കണം. സമയനഷ്ടം അപരാധമായി തിരിച്ചറിയണം. ആയുസ്സിനെ സ്വയം കൊല്ലുന്നതും സമയം വെറുതെ നശിപ്പിക്കുന്നതും സമാനഗൗരവത്തില്‍ കാണണം.

ലഭ്യമാവാന്‍ സാധ്യതയുള്ള സമയവും ദൗത്യത്തിന്റെ വൈവിധ്യ കാര്യങ്ങളും കണ്ടെത്തി സംഘടനയില്‍ 'സമയബജറ്റ്' സിസ്റ്റം കൊണ്ടുവരണം. നിര്‍ദിഷ്ട സമയത്തുതന്നെ ഫലപ്രദമായി കര്‍മതലം ലക്ഷ്യപ്രാപ്തി കൈവരിക്കുംവിധം ഉപയോഗപ്പെടുത്തണം. സമയത്തിന്റെ സദ്‌വിനിയോഗത്തിന് 'മോണിറ്ററിംഗ്' ഉണ്ടാവണം. പ്രപഞ്ചസംവിധാനങ്ങളും ആരാധനാനുഷ്ഠാനവും സമയനിഷ്ഠയില്‍ കണിശത പുലര്‍ത്തുമ്പോള്‍, അവയുടെ പ്രബോധനം എങ്ങിനെയെങ്കിലും തീര്‍ക്കാവുന്ന വഴിപാടുകളാവരുതല്ലോ.

'സമയമില്ലെന്ന്' പരാതിപ്പെടുമ്പോള്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങളിലാണ് ഒരാള്‍ ചോദ്യം ഉന്നയിക്കുന്നത്. എനിക്ക് ആവശ്യമുള്ളത്ര സമയം സ്രഷ്ടാവ് പ്രദാനം ചെയ്തില്ലെന്നാണ് ഓരോ പരാതിയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്ന് നാം ചിന്തിക്കാറുണ്ടോ?

ഒരു സംഘടനാ പ്രവര്‍ത്തകന്/പ്രബോധകന് നിര്‍വഹിക്കേണ്ട ദൗത്യങ്ങള്‍ കൃത്യമായും അല്ലാഹുവിന്റെ നിശ്ചയവും തീരുമാനവുമാണ്(22:78). എങ്കില്‍ അവയുടെ ഫലപ്രദമായ നിര്‍വഹണത്തിനാവശ്യമായ സൂക്ഷ്മമായ സമയവും സാഹചര്യവും അല്ലാഹു നല്കുകയില്ലെന്നെങ്ങനെ വിശ്വസിക്കാനാവും?! മറിച്ച്, സമയത്തെ കൃത്യവും കണിശവുമായി ഉപയോഗപ്പെടുത്തുന്നതില്‍ നമ്മളാണ് പരാജയപ്പെട്ടിട്ടുള്ളത് എന്നതല്ലേ ശരി?

ഒരു വസ്തുവിന്റെയും വ്യവസ്ഥയുടെയും 'മൂല്യം' സാമ്പത്തിക മാനദണ്ഡങ്ങളിലാണ് നാം നിജപ്പെടുത്തുന്നത്. ആയിരങ്ങള്‍ സംഭാവന നല്കിയാല്‍ നല്ലകാര്യം ആയിരം മിനുട്ട് ചെലവഴിച്ചാലോ? നൂറ് രൂപ നഷ്ടപ്പെട്ടാല്‍ മനസ്സ് വിഷമിക്കുന്നു. നൂറ് മിനുട്ട് നഷ്ടമായാല്‍? സമയത്തിന്റെ മൂല്യം ബോധ്യപ്പെടുകയാണ്, സമയാസൂത്രണത്തിന്റെ ഫലപ്രാപ്തിക്ക് ആദ്യമായി വേണ്ടത്. മിനുട്ടുകള്‍ സൂക്ഷിക്കുക. മണിക്കൂര്‍ സ്വയമേവ സുരക്ഷിതമായിത്തീരും.

അന്ത്യനാളില്‍, അപരാധികള്‍ തങ്ങള്‍ അല്‍പം സമയം മാത്രമേ ഭൂമിയില്‍ കഴിച്ചുകൂട്ടിയിട്ടുള്ളുവെന്ന് പറയുമെന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. സമയ ത്തിന്റെ അനുഭവതലം പരലോകവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്രമേല്‍ ചെറുതായിരിക്കും- കണ്ണ് ചിമ്മി തുറക്കുന്ന നിമിഷങ്ങള്‍ മാത്രം. നമ്മുടെ ദൗത്യനിര്‍വഹണങ്ങള്‍ക്കായി നിശ്ചയിച്ച് നിജപ്പെടുത്തിയ അതിനിസ്സാരമായ നിമിഷാര്‍ദ്ധങ്ങള്‍ അലസമായി കഴിച്ചുകൂട്ടുമ്പോള്‍ തിരിച്ചെടുക്കാനാവാത്ത നഷ്ടമാണ് ഇഹ-പര ലോകത്ത് അനുഭവിക്കാനുള്ളതെന്ന് ഗ്രഹിക്കണം.

'എവിടുന്നാ ഇതിനൊക്കെ സമയം' എന്ന് പരാതിപ്പെടുന്നവര്‍ക്ക് ധാരാളം ഒഴിവുസമയം ഉണ്ടായിരിക്കും. തിരക്കുപിടിച്ച് ജോലികളില്‍ മുഴുകുന്നവര്‍ക്കും എല്ലാ കാര്യങ്ങള്‍ക്കും സമയം കാണും. ഒരാള്‍ ഒട്ടും ആസൂത്രമണമില്ലാത്തവനും മറ്റൊരാള്‍ ടൈം മാനേജ്‌മെന്റ് രംഗത്ത് ശ്രദ്ധിക്കുന്നവനുമാണ്. mission statement കൃത്യമായി നിര്‍വഹിച്ച് Long /Short term ലക്ഷ്യങ്ങള്‍ക്കായി പദ്ധതികള്‍ കാണുകയും കൃത്യമായ മൂല്യനിര്‍ണയ സംവിധാനങ്ങളിലൂടെ സമയത്തിന്റെ സാഹസം ഓരോ പ്രവര്‍ത്തക നും പഠിച്ച് പരിശീലിച്ചേ പറ്റൂ. പുതിയകാലത്തെ നവോത്ഥാന സരണിയില്‍ 'ഉടായിപ്പുകള്‍' ഫലപ്പെടില്ലെന്ന് തിരിച്ചറിഞ്ഞേ പറ്റൂ.

പരലോക വിചാരണയില്‍ സമയം കണിശമായി പരിശോധിക്കുന്നുണ്ട്. യുവതയുടെ സമയ വിനിയോഗം പ്രത്യേകിച്ചും. ദയാലുവായ സ്രഷ്ടാവിന്റെ മഹാദാനമായ സമയം, കണ്ണും കാതും ജാഗ്രതയോടെ തുറന്നുവെച്ച് ഫലപ്രദമായി വിനിയോഗിക്കാത്തവര്‍ക്ക് കാലം മാപ്പ് നല്കില്ല. ദൗത്യത്തിന്റെ വിപുലത കാരണം സ്വയം പകുത്ത് നല്കാനാവാതെ സാഹസപ്പെടുന്നവന്റെ മുന്നില്‍, നാം ഉറങ്ങിയും ഗൗരവമായി സമീപിക്കാതെയും 'സമയത്തെ' (exess) അധികമായി തോന്നുന്നുവെങ്കില്‍, ആദ്യത്തെ വ്യക്തി മര്‍ദിതന് സമാനമാണ്. അവന്റെ പ്രാര്‍ഥനയെ നാം ഭയപ്പെടുക.

By ജാബിര്‍ അമാനി

ധര്‍മസരണിയില്‍ ഐക്യത്തോടെ

അന്തിമ പ്രവാചകനായ മുഹമ്മദ്(സ) നബിയുടെയും അനുചരന്‍മാരുടെയും സവിശേഷത വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചതിങ്ങനെയാണ്: ''മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ശനമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു" (48:20), സ്വഭാവത്തിലെ പാരുഷ്യമല്ല, ആദര്‍ശത്തിലെ നിഷ്‌കര്‍ഷയാണിവിടെ ഉദ്ദേശ്യം. വരാനിരിക്കുന്ന ഈ സമൂഹത്തെ പറ്റി മുന്‍ വേദഗ്രന്ഥങ്ങളായ തൗറാത്തിലും ഇന്‍ജീലിലും വന്ന ഉദാഹരണങ്ങളും വിശുദ്ധ ഖുര്‍ആന്‍ തുടര്‍ന്നറിയിച്ചിട്ടുണ്ട്.

ഈ സമൂഹത്തെപ്പറ്റി തൗറാത്തില്‍ ഉപമിച്ചത് ഇപ്രകാരമാണ്: ''അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളങ്ങള്‍ അവരുടെ മുഖങ്ങളിലുണ്ട്." (48:29) ഇന്‍ജീലില്‍ അവരെപ്പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു. "ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത്  കര്‍ഷകര്‍ക്ക് കൗതുകം തോന്നുംവിധം അതിന്റെ കാണ്ഡത്തിനുമേല്‍ നിവര്‍ന്നു നിന്നു. അവര്‍മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കുവാന്‍ വേണ്ടിയത്രേ ഇത്" (48:29)

അതിമനോഹരമായ ഉപമയാണിത്. മൂന്ന് ദിവ്യഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ട മാതൃകാസമൂഹം ഏതെന്നു ചോദിച്ചാല്‍ കിട്ടുന്ന ഏക ഉത്തരം 'മുഹമ്മദ് നബിയും സ്വഹാബികളും' എന്നതു മാത്രം. എന്തുകൊണ്ട് സ്വഹാബികള്‍ ഇങ്ങനെ ആയിത്തീര്‍ന്നു എന്നതാണ് നമുക്ക് പാഠമായിത്തീരേണ്ടത്. ലോക സമൂഹങ്ങളില്‍ ഒരു പ്രത്യേക ജനുസ്സിനെ തെരഞ്ഞെടുത്ത് അവരില്‍ ഒരു പ്രത്യയശാസ്ത്രം പരീക്ഷണാര്‍ഥം നടപ്പാക്കുകയായിരുന്നില്ല പ്രവാചകന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 'മുന്തിയ തരം' മനുഷ്യരെ മാത്രം തെരഞ്ഞെടുത്ത് മദീനയില്‍ കൊണ്ടുവന്ന് ഒരു 'ഗ്രാമം' ഉണ്ടാക്കുകയുമല്ല മുഹമ്മദ് നബി ചെയ്തത്. നന്മകളും തിന്മകളും സമ്മിശ്രമായി സമ്മേളിച്ച, പ്രഗത്ഭരും സാധാരണക്കാരും ഇടകലര്‍ന്ന ഒരു സാധാരണ സമൂഹത്തിലാണ് പ്രവാചകന്‍ തന്റെ ദൗത്യം നിര്‍വഹിച്ചത്. എ ഡി ആറാം നൂറ്റാണ്ടില്‍ മക്കയിലും മദീനയിലും പരിസരങ്ങളിലും ജീവിക്കുന്ന നാടോടി സമൂഹങ്ങളെക്കാള്‍ നാഗരികത കൈവരിച്ച സമൂഹങ്ങള്‍ അക്കാലത്ത് ലോകത്ത് വേറെ ഉണ്ടായിരുന്നുതാനും. എന്നിട്ടുമെങ്ങനെ മുഹമ്മദ് നബിക്ക് ഇത് സാധിച്ചു എന്നത് ചിന്താര്‍ഹമാണ്.

'അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ (അല്ലാഹു). അവന്റെ ദൃഷ്ടാന്തങ്ങള്‍ ദൂതന്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കുവേണ്ടി വേദഗ്രന്ഥവും തത്വജ്ഞാനവും പഠിക്കുകയും ചെയ്യാന്‍ വേണ്ടിയത്രെ ആ നിയോഗം. തീര്‍ച്ചയായും ആ സമൂഹം മുന്‍പ് വ്യക്തമായ വഴികേടിലായിരുന്നു.' (62:2) ഉത്തമ സമൂഹ സൃഷ്ടിക്ക് ഇതുമാത്രമാണ് വഴി. മനുഷ്യന്‍ എന്ന സാകല്യം മഹാ അത്ഭുതമാണ്.  അവനില്‍ കുടികൊള്ളുന്ന ദുഷ്ടതകളെ നിയന്ത്രിക്കുകയും അവനില്‍ കുടികൊള്ളുന്ന നന്മകളെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതോടെ അയാള്‍ ഉത്തമനായിത്തീരുന്നു. പ്രവാചകന്‍ കാണിച്ചുകൊടുത്ത ധര്‍മസരണിയില്‍ ഐക്യത്തോടെ മുന്നേറിയപ്പോള്‍ സ്വഹാബികള്‍ ലോകോത്തര സമൂഹമായി മാറി. അവര്‍ക്ക് ചിന്താപരമായി ലോകത്തിന്റെ മുന്നില്‍ നടക്കാന്‍ കഴിഞ്ഞു. ആ സമൂഹമാണ് യൂറോപ്പിനെ വിളിച്ചുണര്‍ത്തിയത്. ധൈഷണിക വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. അതിനുള്ള ചാലകശക്തി വിശുദ്ധ ഖുര്‍ആനായിരുന്നു.

'ഈ സമുദായത്തിന്റെ ആരംഭദശയിലുണ്ടായിട്ടുള്ള ഉണര്‍വിനു നിദാനമായ ഇസ്‌ലാഹ് കൊണ്ടുമാത്രമേ പില്ക്കാലത്തും ഉണര്‍വും ഉയര്‍ച്ചയും ഉണ്ടാവൂ' എന്ന തിരിച്ചറിവാണ് ഓരോ കാലഘട്ടത്തിലുമുള്ള സമുദായപരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകരും വിശുദ്ധ ഖുര്‍ആന്‍കൊണ്ട് സമുദായോദ്ധാരണത്തിനിറങ്ങിത്തിരിക്കാന്‍ കാരണം. ഇരുപതാം നൂറ്റാണ്ടില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന നവോത്ഥാനം ഇതിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു. 'അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചുപോകരുത്. ഖുര്‍ആന്‍കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക' (25:52) എന്ന അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരള മുസ്‌ലിംകളുടെ മുന്നില്‍ നവോത്ഥാന നേതാക്കള്‍ നടന്നത്. 'വലിയപ്രയത്‌നം' എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച അതേപദം സ്വീകരിച്ചുകൊണ്ടാണ് 'മുജാഹിദുകള്‍' എന്ന പേര് സ്വീകരിച്ചതും. അര നൂറ്റാണ്ടുകൊണ്ട് വലിയ നേട്ടം ഉണ്ടാക്കുവാനും ഈ പ്രസ്ഥാനത്തിനു കഴിഞ്ഞു. നേട്ടമുണ്ടായത് സമൂഹത്തിന് ഒന്നടങ്കമാണ്.

സുഭദ്രമായ കോട്ടപോലെ ഒന്നിച്ച (61:4) ആദ്യകാല സമൂഹത്തെപ്പോലെ നിലനില്ക്കാന്‍ സാധിച്ച ഇസ്‌ലാഹീ പ്രസ്ഥാനത്തിന് ഇടക്കാലത്തുവന്ന ഭിന്നിപ്പിന്റെ കാര്യത്തിലും ആദ്യകാല സമൂഹവുമായി സമാനതകള്‍ കാണാം. പ്രവാചകവിയോഗാനന്തരം പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്നവര്‍ക്കിടയില്‍ തല്പരകക്ഷികള്‍ ഭിന്നിപ്പിന്റെ വിത്തിട്ടത് ഉപജാപങ്ങളുടെ രൂപത്തിലായിരുന്നു. അത് തിരിച്ചറിയാന്‍ വൈകിയപ്പോഴേക്ക് അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍(റ) വധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. മനുഷ്യമനസ്സുകളെ അടുപ്പിക്കുവാനും ഈമാന്‍കൊണ്ട് ഉറപ്പിക്കുവാനും പ്രവാചകന്‍ ശ്രമിച്ചു. എന്നാല്‍ മനസ്സുകളെ അകറ്റുവാനും ഊഹങ്ങളുടെ മറവില്‍ ഛിദ്രിപ്പിക്കുവാനും പിശാച് പണിയെടുത്തു. ഇത് കാലാകാലവും നടക്കും. ഇക്കാര്യം വിശുദ്ധ വചനങ്ങളിലൂടെ അല്ലാഹു താക്കീതു നല്കുന്നു. 'ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍നിന്ന് പുറത്താക്കിയതുപോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ' (7:27)

'പിശാച് നമ്മെ ഭിന്നിപ്പിച്ചു; അല്ലാഹു നമ്മെ ഒന്നിപ്പിച്ചു എന്ന് ഓരോ ഇസ്‌ലാഹീ പ്രവര്‍ത്തകനും തിരിച്ചറിയുക. ഐക്യത്തിന്റെ പാതയില്‍ പുനക്രമീകരണത്തിന്റെ ശ്രമത്തിലാണ് പ്രസ്ഥാനം. ഈ ധര്‍മസരണിയില്‍ നമുക്ക് ഐക്യത്തോടെ മുന്നേറാം. സര്‍വശക്തന്‍ തുണയ്ക്കട്ടെ.

from എഡിറ്റോറിയൽ - ശബാബ് വാരിക
2016 ഡിസ. 23 വെള്ളി

ആഘോഷങ്ങളില്‍ ആശംസ കൈമാറാമോ?

മുസ്ലിംകളും ക്രിസ്ത്യാനികളും ഇടകലര്‍ന്ന് ജീവിക്കുമ്പോള്‍, ആ സാഹചര്യം അനിവാര്യമാക്കുന്ന പല തരത്തിലുള്ള ബന്ധങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാകും. അയല്‍വാസം, ജോലി സ്ഥലത്തെ സഹപ്രവര്‍ത്തനം, പഠന കാലഘട്ടത്തിലെ സൌഹൃദം തുടങ്ങിയവ ഉദാഹരണം. ഒരു മുസ്ലിം അമുസ്ലിമിന്റെ സഹായം അനുഭവിക്കുന്ന സവിശേഷ സന്ദര്‍ഭങ്ങളും ഉണ്ടാവാം. ആത്മാര്‍ഥമായി ഒരു മുസ്ലിം വിദ്യാര്‍ഥിയുടെ മേല്‍നോട്ടം വഹിക്കുന്ന പ്രഫസര്‍, നിഷ്കളങ്കമായി മുസ്ലിം രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ മുതലായവര്‍ ഉദാഹരണം. അത്തരം ഘട്ടങ്ങളില്‍ അവര്‍ക്കിടയില്‍ അഗാധമായൊരു ബന്ധം രൂപപ്പെടാന്‍ ഇടയുണ്ട്. കവി പറഞ്ഞതുപോലെ: "നീ ജനങ്ങളോട് നല്ല നിലയില്‍ പെരുമാറുക. എങ്കില്‍ അവരുടെ ഹൃദയങ്ങള്‍ നിനക്ക് കീഴ്പ്പെടുത്താം. സല്‍പെരുമാറ്റം എത്രയാണ് ആളുകളെ കീഴ്പ്പെടുത്തിയിട്ടുള്ളത്."

മുസ്ലിംകളോട് യാതൊരു വിധ ശത്രുതയും പുലര്‍ത്താതെ, തീര്‍ത്തും സൌഹൃദത്തോടെ പെരുമാറുന്ന അമുസ്ലിംകളോട് ഒരു മുസ്ലിമിന്റെ നിലപാട് എന്തായിരിക്കണം? മുസ്ലിംകളും അല്ലാത്തവരും തമ്മിലുണ്ടാവേണ്ട ബന്ധത്തിന്റെ രീതിശാസ്ത്രം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (സൂറത്തുല്‍ മുംതഹിന). ബിംബാരാധകരായ മുശ്രിക്കുകളെ കുറിച്ച് അതില്‍ അല്ലാഹു പറയുന്നു: മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളെ വീടുകളില്‍ നിന്ന് ആട്ടിയോടിച്ചിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുകയില്ല. നിശ്ചയം നീതിമാന്മാരെ അല്ലാഹു സ്നേഹിക്കുന്നു. മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളെ സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയോടിക്കുകയും ആട്ടിയോടിക്കുന്നതില്‍ സഹായിക്കുകയും ചെയ്ത ജനത്തോട് മൈത്രി പുലര്‍ത്തുന്നതില്‍ നിന്ന് മാത്രമാണ് അല്ലാഹു നിങ്ങളെ വിലക്കുന്നത്. അത്തരക്കാരോട് മൈത്രി പുലര്‍ത്തുന്നവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു (അല്‍മുംതഹിന: 8,9).

ഈ രണ്ട് സൂക്തങ്ങള്‍ മുസ്ലിംകളോട് സൌഹൃദം കാത്തുസൂക്ഷിക്കുന്നവരെയും ശത്രുത പുലര്‍ത്തുന്നവരെയും വേര്‍തിരിച്ച് കാണിക്കുന്നു. ഒന്നാമത്തെ വിഭാഗത്തോട് (സൌഹാര്‍ദത്തിന്റെ വക്താക്കളോട്) നീതി പാലിക്കാനും അതിലപ്പുറം ഔദാര്യവും സല്‍പെരുമാറ്റവും കാഴ്ചവെക്കാനും ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. അവകാശങ്ങള്‍ നേടിയെടുക്കലും ഒരു വ്യക്തിയുടെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ച് കൊടുക്കലും നീതിയുടെ താല്‍പര്യമാണ്. നമ്മുടെ ചില അവകാശങ്ങള്‍ വിട്ടുകൊടുത്ത് കൊണ്ട് മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടതിനേക്കാള്‍ കൂടുതല്‍ വകവെച്ച് കൊടുക്കുക എന്നത് കൂടിയാണ് ബിര്‍റിന്റെ വിവക്ഷ.

എന്നാല്‍, ഖുറൈശികളും മക്കാ മുശ്രിക്കുകളും ചെയ്തതുപോലെ, ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ മുസ്ലിംകളോട് ശത്രുത പ്രകടിപ്പിക്കുകയും യുദ്ധം ചെയ്യുകയും അന്യായമായി നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന ആളുകളോട് ഉപരിസൂചിത നിലപാട് സ്വീകരിക്കുന്നതിനെ ഖുര്‍ആന്‍ വിലക്കുകയും ചെയ്യുന്നു.

മുസ്ലിംകളോട് സൌഹൃദത്തില്‍ വര്‍ത്തിക്കുന്നവരോടുള്ള പെരുമാറ്റത്തെ കുറിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ചത് ബിര്‍റ് എന്ന പദമാണ്. അതാകട്ടെ, അല്ലാഹുവിനോടുള്ള ബാധ്യത കഴിഞ്ഞാല്‍ ഒരു മനുഷ്യന്റെ മേലുള്ള ഏറ്റവും മഹത്തായ ബാധ്യതയെ (ബിര്‍റുല്‍ വാലിദൈന്‍) കുറിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ച പദമാണ്.

അസ്മാ(റ)യില്‍ നിന്ന് നിവേദനം. അവര്‍ പ്രവാചകസന്നിധിയിലെത്തി ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് എന്റെ അടുത്തേക്ക് വന്നിരിക്കുന്നു. അവരാകട്ടെ ബഹുദൈവാരാധകയാണ്. അവരും ഞാനും തമ്മില്‍ ഊഷ്മള ബന്ധം നിലനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഞാന്‍ അപ്രകാരം ബന്ധം പുലര്‍ത്തട്ടെയോ? പ്രവാചകന്‍ പറഞ്ഞു: നീ നിന്റെ മാതാവുമായി ഊഷ്മള ബന്ധം പുലര്‍ത്തുക. (ബുഖാരി, മുസ്ലിം)

ഒരു ബഹുദൈവവിശ്വാസിനിയോടുള്ള സമീപനമാണിത്. വേദക്കാരോടുള്ള ഇസ്ലാമിന്റെ സമീപനം മുശ്രിക്കുകളോടുള്ള സമീപനത്തേക്കാള്‍ മൃദുലമാണെന്നത് സുവിദിതമാണല്ലോ. അവര്‍ അറുത്തത് ഭക്ഷിക്കുന്നതും അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതുമെല്ലാം ഖുര്‍ആന്‍ അനുവദനീയമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: വേദക്കാരുടെ ഭക്ഷണം നിങ്ങള്‍ക്കും നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാകുന്നു. സത്യവിശ്വാസിനികളായ ചാരിത്രവതികളും, നിങ്ങള്‍ക്കുമുമ്പ് വേദം ലഭിച്ചവരില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കന്നു (അല്‍ മാഇദ 5). വിവാഹത്തിന്റെ അനിവാര്യതയും അതിന്റെ ഫലവുമാണ് ദമ്പതികള്‍ക്കിടയിലുള്ള സ്നേഹം. അല്ലാഹു പറയുന്നു: അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നു തന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും - അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ - നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു (അര്‍റൂം 21).

തന്റെ ഇണയും ഗൃഹനായികയും ജീവിത പങ്കാളിയും മക്കളുടെ മാതാവുമായവളെ ഒരാള്‍ എങ്ങനെ സ്നേഹിക്കാതിരിക്കും? ദമ്പതികള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു (അല്‍ബഖറ 187). ഈ വിവാഹത്തിന്റെ മറ്റൊരു അനിവാര്യതയും ഫലവുമാണ് ഇരുകുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം. മനുഷ്യര്‍ക്കിടയിലെ അടിസ്ഥാനപരവും പ്രകൃതിപരവുമായ ബന്ധങ്ങളിലൊന്നാണത്. അല്ലാഹു പറയുന്നു: ജലത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവന്‍ തന്നെയാകുന്നു. എന്നിട്ട് അവനില്‍ വംശപാരമ്പര്യത്തിന്റെയും വിവാഹത്തിന്റെയും രണ്ട് വ്യത്യസ്ത ബന്ധങ്ങളും ഉണ്ടാക്കി (അല്‍ഫുര്‍ഖാന്‍ 54).

അതുപോലെ, അതിന്റെ ഭാഗമാണ് മാതൃത്വവും ഇസ്ലാം മാതാവിന് നല്‍കുന്ന അവകാശങ്ങളും. വേദക്കാരിയായ മാതാവിനെ സംബന്ധിച്ചേടത്തോളം സുപ്രധാനമായൊരു ആഘോഷം കടന്നുവരികയും എന്നിട്ട് അവര്‍ക്ക് ആശംസ നല്‍കാതിരിക്കുകയും ചെയ്യുക എന്നത് ഇസ്ലാം വിഭാവന ചെയ്യുന്ന സല്‍പെരുമാറ്റത്തിന്റെയും ബിര്‍റിന്റെയും ഭാഗമാണോ? അതുപോലെ മാതാവിന്റെ ബന്ധുക്കളോടുള്ള നമ്മുടെ സമീപനം എന്തായിരിക്കണം? കുടുംബ ബന്ധത്തിന്റേതായ അവകാശങ്ങള്‍ അവര്‍ക്കുണ്ടല്ലോ. ഖുര്‍ആന്‍ പറയുന്നു: "..... എന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് കുടുംബബന്ധുക്കള്‍ സാധാരണ വിശ്വാസികളെയും മുഹാജിറുകളെയും അപേക്ഷിച്ച് പരസ്പരം കൂടുതല്‍ അവകാശമുള്ളവരത്രെ (അല്‍അഹ്സാബ് 6), നിശ്ചയം അല്ലാഹു നീതിയും നന്മയും പ്രവര്‍ത്തിക്കാനും കുടുംബ ബന്ധങ്ങള്‍ പുലര്‍ത്താനും അനുശാസിക്കുന്നു (അന്നഹ്ല്‍ 90).

ഇസ്ലാം പഠിപ്പിക്കുന്ന വിശിഷ്ട സ്വഭാവവും ഹൃദയ വിശാലതയും പ്രകടമാവുന്ന രൂപത്തിലുള്ള ബന്ധം ഒരു മുസ്ലിമിന് മാതാവിനോടും കുടുംബക്കാരോടും ഉണ്ടാവണമെന്ന് അവരോടുള്ള അവകാശം താല്‍പര്യപ്പെടുന്നുവെങ്കില്‍ മറ്റു അവകാശങ്ങള്‍ ഒരു സല്‍സ്വഭാവിയായ മനുഷ്യനായി പ്രത്യക്ഷപ്പെടാന്‍ ഒരു മുസ്ലിമിനെ ബാധ്യസ്ഥനാക്കുന്നു. ഒരിക്കല്‍ അബൂദര്‍റി(റ)നെ ഉപദേശിച്ചുകൊണ്ട് പ്രവാചകന്‍ പറഞ്ഞു: നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിക്കുക. തിന്മയെ തുടര്‍ന്ന് നന്മ ചെയ്യുക. ആ നന്മ തിന്മയെ മായ്ച്ചുകൊള്ളും. ജനങ്ങളോട് ഉദാത്തമായ സ്വഭാവത്തോടെ പെരുമാറുകയും ചെയ്യുക. (തിര്‍മിദി, അഹ്മദ്). ഇവിടെ മുസ്ലിംകളോട് മാത്രം എന്നല്ല മറിച്ച് ജനങ്ങളോട് നല്ല നിലയില്‍ പെരുമാറുക എന്നാണ് പറഞ്ഞിട്ടുള്ളത്. അതുപോലെ പ്രവാചകന്‍ സൌമ്യമായി പെരുമാറാന്‍ പ്രോത്സാഹിപ്പിക്കുകയും തീവ്രതയെയും പരുഷതയെയും കുറിച്ച് ജാഗ്രത പാലിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

പ്രവാചക സന്നിധിയില്‍ ഏതാനും ജൂതന്മാര്‍ വന്ന് അസ്സാമു അലൈക എന്ന് അഭിവാദ്യം ചെയ്തു. (നാശം മരണം എന്നൊക്കെയാണ് അസ്സാം എന്നതിന്റെ അര്‍ഥം). ഇത് കേട്ട ആഇശ(റ) ഇങ്ങനെ പ്രതികരിച്ചു: അല്ലാഹുവിന്റെ ശത്രുക്കളേ, നിങ്ങള്‍ക്കും നാശവും ശാപവും ഉണ്ടാവട്ടെ. എന്നാല്‍, അതിന്റെ പേരില്‍ പ്രവാചകന്‍ ആഇശയെ ആക്ഷേപിക്കുകയാണുണ്ടായത്. അപ്പോള്‍ ആഇശ ചോദിച്ചു: അവര്‍ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ? പ്രവാചകന്‍ പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ കേട്ടു. വഅലൈകും എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു (നിങ്ങള്‍ പറഞ്ഞ പ്രകാരം നിങ്ങള്‍ക്കും സംഭവിക്കട്ടെ എന്ന് സാരം). ശേഷം പ്രവാചകന്‍ പറഞ്ഞു: എല്ലാ കാര്യത്തിലും അല്ലാഹു സൌമ്യത ഇഷ്ടപ്പെടുന്നു (ബുഖാരി, മുസ്ലിം).

ഇസ്ലാമിക ആഘോഷവേളകളില്‍ മുസ്ലിംകള്‍ക്ക് ആശംസ നേരാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് അവരുടെ ആഘോഷവേളകളില്‍ ആശംസകള്‍ നേരുക എന്നത് തീര്‍ച്ചയായും ഇസ്ലാം അംഗീകരിക്കുന്ന കാര്യമാണ്. നന്മക്ക് പകരം നന്മ ചെയ്യാനും അഭിവാദ്യങ്ങള്‍ക്ക് കൂടുതല്‍ ഉചിതമായ രീതിയിലോ നന്നേ ചുരുങ്ങിയത് തത്തുല്യമായോ പ്രത്യഭിവാദ്യം ചെയ്യാനും നാം കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: മാന്യമായി അഭിവാദനം ചെയ്യപ്പെട്ടാല്‍ അതിലും ഭംഗിയായി അല്ലെങ്കില്‍ ചുരുങ്ങിയത് അതുപോലെയെങ്കിലും നിങ്ങള്‍ പ്രത്യഭിവാദനം ചെയ്യണം (അന്നിസാഅ് 86).

ആദരവിന്റെയും മറ്റു ഉല്‍കൃഷ്ട സ്വഭാവങ്ങളുടെയും കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ പിന്നില്‍ നില്‍ക്കുക ഒരു മുസ്ലിമിന് ഭൂഷണമല്ല. മാത്രമല്ല, അക്കാര്യത്തില്‍ മറ്റെല്ലാവരേക്കാളും മുന്‍പന്തിയില്‍ നില്‍ക്കേണ്ടവനാണ് മുസ്ലിം. പ്രവാചകന്‍ പറഞ്ഞു: വിശ്വാസികളില്‍ ഈമാന്‍ ഏറ്റവും പൂര്‍ണമായവന്‍ അവരില്‍ ഏറ്റവും ഉത്കൃഷ്ട സ്വഭാവമുള്ളവനാകുന്നു. (അഹ്മദ്, അബൂദാവൂദ്). മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ശ്രേഷ്ഠ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. (ബുഖാരി/അല്‍ അദബുല്‍ മുഫ്റദ്).

അഗ്നിയാരാധകനായ ഒരാള്‍ ഇബ്നു അബ്ബാസിനോട് 'അസ്സലാമു അലൈകും' എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം 'വ അലൈകുമുസ്സലാം വ റഹ്മത്തുല്ലാഹി' എന്ന് മറുപടി പറഞ്ഞു. അന്നേരം ചില ആളുകള്‍ പറഞ്ഞു: അയാള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുകയോ? ഇബ്നു അബ്ബാസ് പറഞ്ഞു: അല്ലാഹുവിന്റെ കാരുണ്യത്തിലല്ലേ അയാള്‍ ജീവിക്കുന്നത്?

അമുസ്ലിംകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും ഇസ്ലാമുമായി അവരെ അടുപ്പിക്കാനും വിശ്വാസികളെ അവര്‍ക്ക് പ്രിയപ്പെട്ടവരാക്കാനും നാം ഉദ്ദേശിക്കുന്നുവെങ്കില്‍ അത് പരസ്പരമുള്ള അകല്‍ച്ചയിലൂടെ സാധ്യമാവില്ല എന്ന് ഇത് ഊന്നിപ്പറയുന്നു.

തന്നെയും അനുയായികളെയും പീഡിപ്പിച്ചുകൊണ്ടിരിക്കെ, മക്കാ ജീവിത കാലത്തുടനീളം ഖുറൈശികളിലെ മുശ്രിക്കുകളോട് വളരെ ആദരണീയവും ഉല്‍കൃഷ്ടവുമായ രീതിയിലായിരുന്നു പ്രവാചകന്‍ പെരുമാറിയിരുന്നത്. എത്രത്തോളമെന്നാല്‍, തങ്ങളുടെ വസ്തുക്കള്‍ സൂക്ഷിക്കാന്‍ പ്രവാചകനെയാണ് അവര്‍ ഏല്‍പിച്ചിരുന്നത്. മദീനയിലേക്ക് ഹിജ്റ പോയപ്പോള്‍ അവയെല്ലാം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കാന്‍ നബി(സ) അലി(റ)യെ ചുമതലപ്പെടുത്തുകയുണ്ടായി.

അതിനാല്‍, ആഘോഷവേളകളില്‍ ഒരു മുസ്ലിം വ്യക്തിപരമായോ, അല്ലെങ്കില്‍ ഒരു ഇസ്ലാമിക സ്ഥാപനമോ സംഘമോ വേദക്കാര്‍ക്ക് വാക്കാലോ, ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ കുരിശ് പോലുള്ള ചിഹ്നങ്ങളോ പ്രസ്താവനകളോ ഇല്ലാത്ത കാര്‍ഡുകളിലൂടെയോ ആശംസ നേരുന്നതില്‍ തെറ്റില്ല. അത്തരം സന്ദര്‍ഭങ്ങളിലുള്ള സാമ്പ്രദായിക ആശംസാ വാചകങ്ങളില്‍ അവരുടെ മതത്തെ അംഗീകരിക്കുകയോ അതിനെ തൃപ്തിപ്പെടുകയോ ചെയ്യുന്ന ഒന്നുമില്ല. ജനങ്ങള്‍ ശീലമാക്കിയ ചില ഭംഗി വാക്കുകള്‍ മാത്രമാണവ.

അതുപോലെ അവരില്‍ നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിക്കുന്നതിലും തെറ്റില്ല. ഈജിപ്തിലെ മുഖൌഖിസ് രാജാവ് പോലുള്ളവരില്‍ നിന്ന് പ്രവാചകന്‍ പാരിതോഷികങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം അവ മുസ്ലിമിന് നിഷിദ്ധമായ വസ്തുക്കളാകരുത്. ഇബ്നു തൈമിയ്യയെ പോലുള്ള ചില പണ്ഡിതന്മാര്‍ വേദക്കാരുടെയും മുശ്രിക്കുകളുടെയും ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇഖ്തിദാഉ സ്സ്വിറാത്തില്‍ മുസ്തഖീം എന്ന ഗ്രന്ഥത്തില്‍ അത് കാണാം.

മുസ്ലിംകള്‍ വേദക്കാരുടെയും മുശ്രിക്കുകളുടെയും ആഘോഷങ്ങള്‍ കൊണ്ടാടുക എന്ന വിഷയത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീക്ഷണക്കാരനാണ്. ചില മുസ്ലിംകള്‍ ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും പോലെ- ചിലപ്പോള്‍ ഒരു പടികൂടി മുന്നോട്ട് പോയി- ക്രിസ്മസും ആഘോഷിക്കുന്നത് കാണാം. ഇതൊരിക്കലും അനുവദനീയമല്ല. നമുക്ക് നമ്മുടെ ആഘോഷങ്ങളുണ്ട്. അവര്‍ക്ക് അവരുടേതും. അതേസമയം മറ്റു മതസ്ഥരുമായി കുടുംബബന്ധമോ അയല്‍പക്ക ബന്ധമോ സൌഹൃദമോ, സ്നേഹവും സല്‍പെരുമാറ്റവും ആവശ്യമായതും സര്‍വാംഗീകൃതവുമായ മറ്റു സാമൂഹിക ബന്ധങ്ങളോ ഉള്ളവര്‍ അവരുടെ ആഘോഷവേളകളില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതില്‍ കുഴപ്പമുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല.

ഇബ്നു തൈമിയ്യ തന്റെ സമകാലിക അവസ്ഥകള്‍ മുന്നില്‍ വെച്ചാണ് ഈ വിഷയത്തില്‍ ഫത്വ നല്‍കിയിട്ടുള്ളത്. അദ്ദേഹം ആധുനിക ലോകത്ത് ജീവിക്കുകയും ആളുകള്‍ പരസ്പരമുള്ള ബന്ധങ്ങളുടെ അടുപ്പവും ലോകം ഒരു ചെറിയ ഗ്രാമമായി ചുരുങ്ങിയതും മറ്റു മതസ്ഥരുമായുള്ള മുസ്ലിംകളുടെ സഹവര്‍ത്തിത്വത്തിന്റെ ആവശ്യകതയും - ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, നിരവധി വിജ്ഞാനീയങ്ങളിലും വ്യവസായങ്ങളിലും അവരാണ് മുസ്ലിംകളുടെ ഗുരുക്കള്‍- ഇതര മതവിഭാഗങ്ങളോട് അടുത്തിടപഴകുക എന്ന ഇസ്ലാമിക പ്രബോധനത്തിന്റെ താല്‍പര്യവും, ഒരു മുസ്ലിം ഇതര മതങ്ങളില്‍ പെട്ട അയല്‍വാസിക്കോ സുഹൃത്തിനോ അധ്യാപകനോ അവരുടെ ആഘോഷവേളകളില്‍ ആശംസ നേരുമ്പോള്‍ അത് അവരുടെ ആദര്‍ശമോ വിശ്വാസമോ അംഗീകരിച്ചുകൊണ്ടോ തൃപ്തിപ്പെട്ടു കൊണ്ടോ അല്ലെന്നും ബോധ്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍- പൊതുവായി ക്രിസ്മസിന്റെയെല്ലാം മതകീയ മുഖം നഷ്ടപ്പെടുകയും അത് കേവലം തിന്നാനും കുടിക്കാനും അവധി ദിനങ്ങള്‍ ആസ്വദിക്കാനുമുള്ള സന്ദര്‍ഭമായി കാണുമ്പോള്‍ വിശേഷിച്ചും- അദ്ദേഹം തന്റെ നിലപാട് മാറ്റുകയോ അല്ലെങ്കില്‍ ലഘൂകരിക്കുകയോ ചെയ്യുമായിരുന്നു. കാലം, ദേശം, സാഹചര്യം എന്നിവയെല്ലാം തന്റെ ഫത്വകളില്‍ പരിഗണിച്ചിരുന്നയാളാണ് അദ്ദേഹം.

മതപരമായ ആഘോഷങ്ങളുടെ കാര്യമാണ് ഇതുവരെ വിശദീകരിച്ചത്. എന്നാല്‍, സ്വാതന്ത്യ്രദിനം, റിപ്പബ്ളിക് ദിനം പോലുള്ള ദേശീയ ആഘോഷങ്ങളിലും, മാതൃദിനം, ശിശുദിനം, തൊഴിലാളി ദിനം പോലുള്ള സാമൂഹിക ആഘോഷങ്ങളിലും ആശംസകള്‍ അര്‍പ്പിക്കാനും പൌരനെന്ന നിലയില്‍ ആ ആഘോഷങ്ങളില്‍ പങ്കെടുക്കാനും മുസ്ലിമിന് തടസങ്ങളില്ല. അത്തരം വേളകളിലുണ്ടായേക്കാവുന്ന നിഷിദ്ധതകളില്‍ പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നുമാത്രം.

By ഡോ. യൂസുഫുല്‍ ഖറദാവി
വിവ: അബൂദര്‍റ് എടയൂര്‍
©Prabhodhanam Weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts