നമസ്‌കാരത്തിന്റെ സൂക്ഷ്‌മാര്‍ഥങ്ങള്‍

ദൈവസാമീപ്യവും ദൈവപ്രീതിയും നേടി ഇഹപരവിജയങ്ങള്‍ കൈവരിക്കാന്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക്‌ നിയമമാക്കിയ ആരാധനകളുടെ (ഇബാദത്ത്‌) കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ നമസ്‌കാരം. അത്‌ ഇസ്‌ലാമിക ജീവിതത്തിന്റെ മുഖ്യസ്‌തംഭവും മുസ്‌ലിമിന്റെ സത്വപ്രകാശനവുമാണ്‌. ഒരു മനുഷ്യനും ശിര്‍ക്കിനുമിടയില്‍ (മറ്റൊരു റിപ്പോര്‍ട്ടില്‍ കുഫ്‌റിനുമിടയില്‍) നമസ്‌കാരമുപേക്ഷിക്കല്‍ മാത്രമേയുള്ളൂ എന്ന പ്രവാചകവചനം അതിന്റെ അനിവാര്യതയും സര്‍വ പ്രാധാന്യവും വ്യക്തമാക്കുന്നു. ഇത്രയും മഹത്തായ ഈ ഇബാദത്ത്‌ വെറും ചടങ്ങും ഔപചാരികമായ അനുഷ്‌ഠാനവും അല്ല; ആയിക്കൂടാ. അതില്‍ ഭൗതികവും ആത്മീയവും വ്യക്തിപരവും സാമൂഹികവും പ്രത്യക്ഷവും പരോക്ഷവുമായ നിരവധി അര്‍ഥതലങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അന്തര്‍ലീനമായിരിക്കുന്നു.

 ലക്ഷ്യം 

 നമസ്‌കാരത്തിന്റെ പരമലക്ഷ്യം എന്താണ്‌? അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ പറയുന്നു: ``....എന്നെ ഓര്‍മിക്കാന്‍ വേണ്ടി നീ നമസ്‌കാരം നിലനിര്‍ത്തുക.'' (ത്വാഹാ 14) നമസ്‌കാരത്തിന്റെ ഉദ്ദിഷ്‌ടലക്ഷ്യം ദൈവസ്‌മരണയും അതിലൂടെ അല്ലാഹുവുമായുള്ള നിരന്തരമായ ബന്ധവും നിലനിര്‍ത്തലായതിനാല്‍, അത്‌ ഒരു മുസ്‌ലിം തന്റെ ജീവിതത്തില്‍ നിര്‍വഹിക്കുന്ന ഏറ്റവും പുണ്യകരവും ശ്രേഷ്‌ഠവുമായ കര്‍മമായിത്തീരുന്നു. കാരണം, ജീവിതത്തിലെ മറ്റെല്ലാറ്റിനേക്കാളും വലിയ, ഏറ്റവും മഹത്തായ കാര്യം അല്ലാഹുവിനെ ഓര്‍മിക്കുക എന്നതാണെന്ന്‌ അവന്‍ നമ്മെ അറിയിച്ചിട്ടുണ്ട്‌. (അന്‍കബൂത്ത്‌ 45) അതുകൊണ്ട്‌ ഒരു സത്യവിശ്വാസിയുടെ ജീവിതവിജയത്തിന്റെ മുഖ്യനിദാനം നമസ്‌കാരത്തിന്റെ ഭക്തിപൂര്‍ണവും ആത്മാര്‍ഥവുമായ നിര്‍വഹണമാണ്‌. ``തങ്ങളുടെ നമസ്‌കാരത്തില്‍ ഭയഭക്തിയുള്ള സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു...''(മുഅ്‌മിനൂന്‍ 12) ഈ ആശയം ഖുര്‍ആനില്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌.

 ചൈതന്യം 

 എല്ലാ ഇബാദത്തുകളുടെയും ചൈതന്യമായിരിക്കേണ്ടത്‌ ഇഹ്‌സാന്‍ ആണ്‌. അതിനെ നബി(സ) ഒരു ഹദീസില്‍ ഇങ്ങനെ നിര്‍വചിക്കുന്നു: ``ഇഹ്‌സാന്‍ എന്നാല്‍ അല്ലാഹുവിനെ നീ കാണുന്നുവെന്ന പോലെ അവനെ നീ ആരാധിക്കുകയെന്നതാണ്‌. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടല്ലോ.'' അതായത്‌, സദാസമയവും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ്‌ നാം എന്ന ദൃഢമായ ബോധം. ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഈ ഗുണം ഏറ്റവുമധികം പ്രകടമാകുന്നത്‌ നമസ്‌കാരത്തിലാണ്‌. അതുകൊണ്ട്‌, തന്റെ കണ്‍മുമ്പിലുണ്ട്‌ എന്ന മാനസിക ഭാവത്തോടെ ഭയഭക്തിയോടെ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യവിശ്വാസി സ്വാഭാവികമായും അല്ലാഹു ഇഷ്‌ടപ്പെടാത്ത പാപകൃത്യങ്ങളില്‍ നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും വിട്ടുനിന്നു വിശുദ്ധമായ ഒരു ജീവിതം നയിക്കാന്‍ പരമാവധി ശ്രമിക്കാതിരിക്കില്ല. അതാണ്‌ അല്ലാഹു പറയുന്നത്‌: ``....നിശ്ചയം, നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത്‌ ഏറ്റവും മഹത്തായത്‌ തന്നെയാകുന്നു...'' (അന്‍കബൂത്ത്‌ 45). നമസ്‌കാരത്തിന്റെ ലക്ഷ്യവും ചൈതന്യവും എന്താണെന്ന്‌ ഈ വചനം ചുരുങ്ങിയ വാക്കുകളിലൂടെ നമുക്ക്‌ വ്യക്തമാക്കിത്തരുന്നു. ഒരാള്‍ തന്റെ വീട്ടിന്റെ മുമ്പിലൂടെ ഒഴുകുന്ന ഒരു നദിയില്‍ നിന്ന്‌ എല്ലാ ദിവസവും അഞ്ചുനേരം കുളിക്കുകയാണെങ്കില്‍ അയാളുടെ ശരീരം എത്രമാത്രം വൃത്തിയുള്ളതായിരിക്കുമോ, അതുപോലെ അഞ്ചുനേരം നമസ്‌കരിക്കുന്ന മനുഷ്യന്‍ പാപമാലിന്യങ്ങളില്‍ നിന്ന്‌ ശുദ്ധനായിരിക്കും എന്ന പ്രസിദ്ധമായ നബിവചനവും ഇവിടെ ഓര്‍ക്കുക.

 മനസ്സിന്റെ ശാന്തിക്ക്‌ 

നമസ്‌കാരത്തില്‍ നിന്നുളവാകുന്ന മറ്റൊരു മഹത്തായ നേട്ടം, അത്‌ വിശ്വാസിയുടെ മനസ്സിനെ ശാന്തവും ശക്തവും ദൃഢവുമാക്കി മാറ്റുന്നു എന്നതാണ്‌. കാരണം, നമസ്‌കാരം ഏറ്റവും ഉദാത്തവും ചിരസ്ഥായിയുമായ ദൈവസ്‌മരണയാണ്‌. ദൈവസ്‌മരണ മനസ്സിനെ ശാന്തവും സ്വസ്ഥവുമാക്കാന്‍ പര്യാപ്‌തമാണ്‌. അല്ലാഹു പറയുന്നു: ``....അറിയുക, അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടാണ്‌ ഹൃദയങ്ങള്‍ ശാന്തമാകുന്നത്‌.'' (റഅ്‌ദ്‌ 28) നമസ്‌കാരം കൊണ്ട്‌ ലഭ്യമാകുന്ന ഈ മനശ്ശാന്തി സത്യവിശ്വാസിയില്‍ മാനസിക സന്തുലിതത്വവും വൈകാരിക പക്വതയും വളര്‍ത്തുന്നു. പൊതുവെ മനുഷ്യരില്‍ കാണപ്പെടുന്ന ഉത്‌കണ്‌ഠകളെയും അസ്വസ്ഥതകളെയും അരക്ഷിതത്വബോധത്തെയും സ്വാര്‍ഥതയെയും സങ്കുചിതത്വത്തെയും അതിജയിക്കാന്‍ അത്‌ അവനെ പ്രാപ്‌തനാക്കുന്നു. അതാണ്‌ ഈ ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നത്‌: ``നിശ്ചയം, മനുഷ്യന്‍ അത്യധികം അക്ഷമനായി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. തിന്മ ബാധിച്ചാല്‍ അവന്‍ പരിഭ്രാന്തനും നന്മ കൈവന്നാല്‍ (അത്‌ സ്വന്തമാക്കി മറ്റുള്ളവരില്‍ നിന്നും) തടഞ്ഞുവെക്കുന്നവനും ആകുന്നു- തങ്ങളുടെ നമസ്‌കാരത്തില്‍ സ്ഥിരനിഷ്‌ഠയുള്ളവരായ നമസ്‌കാരക്കാരൊഴികെ......'' (മആരിജ്‌ 19-22)

 ശക്തിയുടെ സ്രോതസ്സ്‌ 

നമസ്‌കാരം ജീവിതത്തില്‍ എപ്പോഴെങ്കിലും നിര്‍വഹിക്കേണ്ട ഒരു കര്‍മമല്ല; ഒരു മുസ്‌ലിം പ്രായപൂര്‍ത്തി എത്തിയതു മുതല്‍ മരണംവരെ ജീവിതത്തിലുടനീളം ഓരോ ദിവസവും നിശ്ചിത സമയങ്ങളില്‍ നിര്‍വഹിക്കേണ്ട ഒരു ഇബാദത്താണ്‌. ``നിശ്ചയം, നമസ്‌കാരം സത്യവിശ്വാസികള്‍ക്ക്‌ സമയം നിര്‍ണയിക്കപ്പെട്ട ഒരു ബാധ്യതയാകുന്നു'' (നിസാഅ്‌ 103). നമസ്‌കാര നിര്‍വഹണത്തില്‍ പാലിക്കേണ്ട ഈ നൈരന്തര്യവും സ്ഥിരനിഷ്‌ഠയും സത്യവിശ്വാസിയില്‍ ക്ഷമയുടെയും സഹനത്തിന്റെയും മനസ്ഥൈര്യത്തിന്റെയും ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ജീവിതത്തിലെ ഏത്‌ പ്രതിസന്ധികളെയും ശാന്തതയോടെയും ധീരതയോടെയും ആത്മസംയമനത്തോടുംകൂടി അഭിമുഖീകരിക്കാന്‍ അത്‌ അവനെ പ്രാപ്‌തനാക്കുന്നു. അല്ലാഹു പറയുന്നു: ``നിങ്ങള്‍ സഹനവും നമസ്‌കാരവും കൊണ്ട്‌ (അല്ലാഹുവിന്റെ) സഹായംതേടുക...''(ബഖറ 45) ഓരോ ദിവസവും നിശ്ചിതമായ അഞ്ചു സമയങ്ങളില്‍ -സമയചംക്രമണത്തിന്റെ അഞ്ച്‌ സംക്രമണഘട്ടങ്ങളില്‍ -കൃത്യമായി നമസ്‌കരിക്കുന്ന ഒരു മുസ്‌ലിം പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും താളക്രമത്തിനൊപ്പം തന്റെ ജീവിതത്തെ ക്രമീകരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌, ജീവിതത്തില്‍ കൃത്യനിഷ്‌ഠയുടെയും അച്ചടക്കത്തിന്റെയും ക്രമത്തിന്റെയും വ്യവസ്ഥയുടെയും നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അവനെ സഹായിക്കുന്നു.

 ആത്മീയാനുഭൂതി 

നമസ്‌കാരം ശാരീരികമായ ഒരു ആരാധനാകര്‍മമാണെങ്കിലും അതില്‍ ശരീരം മാത്രമല്ല, നമസ്‌കരിക്കുന്നവന്റെ ആത്മാവും മനസ്സും ബുദ്ധിയുമെല്ലാം ഒരുമിച്ചു ഭാഗഭാക്കാവുന്നു. എല്ലാ ലൗകിക ചിന്തകളില്‍ നിന്നും സ്വത്വത്തെ വിച്ഛേദിച്ചുകൊണ്ട്‌ പൂര്‍ണമായ ജാഗ്രതയോടും മനസ്സാന്നിധ്യത്തോടും ദൈവഭയത്തോടും കൂടി നിര്‍ദിഷ്‌ടമായ പ്രാര്‍ഥനകളിലൂടെയും ദൈവസ്‌മരണാ വചനങ്ങളിലൂടെയും മാറിമാറിവരുന്ന ചലനങ്ങളിലൂടെയും തന്റെ നമസ്‌കാരത്തില്‍ സത്യവിശ്വാസി അല്ലാഹുവുമായി കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു. നമസ്‌കാരത്തിലെ ഓരോ പ്രവര്‍ത്തനത്തിലൂടെയും പ്രാര്‍ഥനോച്ചാരണത്തിലൂടെയും ചിന്തയിലൂടെയും ദൈവത്തോടുള്ള പരമമായ വിധേയത്വവും കീഴ്‌വണക്കവും ഭയഭക്തികളും അവന്‍ പ്രഖ്യാപിക്കുന്നു. ഈ ദൈവവിധേയത്വവും സാമീപ്യവും സാഷ്‌ടാംഗ പ്രണാമത്തില്‍ (സുജൂദ്‌) അതിന്റെ പാരമ്യത്തിലെത്തുന്നു. ഒരു അടിമ തന്റെ നാഥനായ ദൈവവുമായി ഏറ്റവുമധികം അടുക്കുന്നത്‌ സുജൂദിലാണെന്ന്‌ പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്‌. ഇങ്ങനെ, സത്യവിശ്വാസിയെ ഭൂമിയില്‍ നിന്നും ദൈവസന്നിധിയിലേക്കുയര്‍ത്തുന്ന അതുല്യവും അത്യുന്നതവുമായ ഒരു ആത്മീയാനുഭൂതിയാണ്‌ നമസ്‌കാരം. അതുകൊണ്ട്‌ സത്യവിശ്വാസിയുടെ മിഅ്‌റാജ്‌ (ആകാശാരോഹണം) എന്ന്‌ അത്‌ വിശേഷിപ്പിക്കപ്പെടുന്നു. 

ഭൗതികബന്ധങ്ങളില്‍ നിന്നെല്ലാം മുക്തനായി പ്രാര്‍ഥനയിലൂടെയും ദൈവസ്‌മരണയിലൂടെയും ദൈവസന്നിധാനത്തിലേക്കുയര്‍ത്തപ്പെടുമ്പോഴും അവന്‍ സ്വയം മറന്നു `പരമാത്മാവില്‍ ലയിച്ച്‌' ഇല്ലാതാകുന്നില്ല. അല്ലാഹുവുമായി മുനാജാത്ത്‌ (രഹസ്യഭാഷണം) നടത്തുമ്പോഴും അവന്‍ തന്റെ ഭൗതിക ചുറ്റുപാടുകളെക്കുറിച്ചും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ബോധവാനായിരിക്കും. ആത്മീയതയെയും ഭൗതികതയെയും സമഞ്‌ജസമായി സമ്മേളിപ്പിക്കുന്ന ഇസ്‌ലാമിന്റെ ജീവിതവീക്ഷണത്തെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതാണ്‌ നമസ്‌കാരമടക്കമുള്ള അതിലെ ആരാധനകള്‍. നമസ്‌കരിക്കുമ്പോള്‍ കണ്ണുകള്‍ ആകാശത്തിലേക്കുയര്‍ത്തുകയല്ല, ഭൂമിയില്‍ ദൃഷ്‌ടികളൂന്നുകയാണ്‌ വേണ്ടതെന്ന പ്രവാചകന്റെ(സ) നിര്‍ദേശം ഈ ആശയത്തിന്റെ പ്രതീകാത്മകമായ വിവരണമായി കണക്കാക്കാം. ഇങ്ങനെ, ധ്യാനത്തിന്റെ നിശ്ചലതയും കര്‍മത്തിന്റെ ചലനാത്മകതയും ഒരുപോലെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അനുപമമായ ഒരു ആരാധനയാണ്‌ നമസ്‌കാരം. യോഗയുടെയും ധ്യാനത്തിന്റെയും ജീവിതകലയുടെയും ദിക്‌റ്‌ ഹല്‍ഖകളുടെയും എല്ലാ നല്ല ഗുണങ്ങളും അതോടൊപ്പം അതിനപ്പുറം നിരവധി ആത്മീയ ഭൗതിക നന്മകളും ഉള്‍ക്കൊള്ളുന്ന നമസ്‌കാരം കൃത്യമായും ഭയഭക്തിയോടെയും ആചരിക്കുന്ന ഒരു മുസ്‌ലിം ശാരീരികവും മാനസികവുമായ സൗഖ്യവും ശാന്തിയും തേടിക്കൊണ്ട്‌ ഈ പറഞ്ഞ `ആത്മീയ അഭ്യാസങ്ങള്‍ക്കു' പിന്നാലെ പോകേണ്ടതില്ല.

 സംഘനമസ്‌കാരത്തിന്റെ മഹത്വം 

 ഒറ്റക്ക്‌ നമസ്‌കരിക്കുന്നത്‌ അനുവദനീയമാണെങ്കിലും അത്‌ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്‌, മുസ്‌ലിംകള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി സംഘമായി (ജമാഅത്തായി) നമസ്‌കരിക്കണമെന്നാണ്‌ അനുശാസിക്കപ്പെട്ടിട്ടുള്ളത്‌. ലോകമുസ്‌ലിംകളുടെ ആത്മീയകേന്ദ്രമായ മക്കയിലെ കഅ്‌ബയുടെ ദിശയിലേക്ക്‌ (ഖിബ്‌ല) തിരിഞ്ഞുകൊണ്ട്‌ കൃത്യമായി അണികളൊപ്പിച്ച്‌ ഒട്ടും വിടവില്ലാതെ പരസ്‌പരം ചേര്‍ന്നുനിന്നു, ഏകമനസ്സോടും ഏകലക്ഷ്യത്തോടും കൂടി തങ്ങളുടെ നാഥന്റെ മുമ്പില്‍, നിന്നും ഇരുന്നും നമിച്ചും കൊണ്ട്‌ അവര്‍ ഒന്നിച്ചുനമസ്‌കരിക്കുമ്പോള്‍ എന്തെല്ലാം അര്‍ഥതലങ്ങളാണ്‌ അതിന്‌ കൈവരുന്നതെന്നും എന്തെല്ലാം പ്രയോജനങ്ങളും സദ്‌ഫലങ്ങളുമാണ്‌ അതില്‍നിന്ന്‌ ഉത്ഭൂതമാകുന്നതെന്നും എന്തെല്ലാം ദൈവികാനുഗ്രഹങ്ങളാണ്‌ അവരുടെ മേല്‍ വര്‍ഷിക്കുന്നതെന്നും വിവരിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. മുസ്‌ലിംകളുടെ മാനസികമായ ഏകീഭാവം, സാമൂഹ്യമായ ഐക്യവും കെട്ടുറപ്പും സമത്വബോധവും, ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകൃതമായ ദിശാബോധം, ആദര്‍ശപരമായ ഒരുമ, സാര്‍വലൗകിക സാഹോദര്യം, ഭിന്നിപ്പിന്റെയും ശൈഥില്യത്തിന്റെയും പ്രവണതകള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധം, പ്രവാചകന്മാരെല്ലാം പ്രബോധനംചെയ്‌ത തൗഹീദിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള സാഹോദര്യത്തിന്റെയും ചരിത്രത്തിലൂടെയുള്ള നൈരന്തര്യത്തിന്റെ പ്രഘോഷണം. പരസ്‌പരമുള്ള ആശയവിനിമയങ്ങള്‍ക്കും പ്രശ്‌നപരിഹാരങ്ങള്‍ക്കുമുള്ള അവസരലഭ്യത, കൂട്ടായ പ്രാര്‍ഥനയിലൂടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാനുള്ള സാധ്യത, അവരുടെ നന്മയ്‌ക്കുവേണ്ടിയുള്ള മലക്കുകളുടെ പ്രാര്‍ഥന.... എന്നിങ്ങനെ പലതും. ആള്‍ക്കൂട്ടത്തിന്നിടയിലും സ്വന്തമായ ഏകാന്ത പ്രാര്‍ഥന, ഏകാന്ത പ്രാര്‍ഥനയ്‌ക്കിടയിലും താനുള്‍പ്പെടുന്ന സമൂഹത്തെ കുറിച്ചുള്ള ബോധവും ശ്രദ്ധയും -ഈ രണ്ട്‌ അവസ്ഥകളെയും സമഞ്‌ജസമായി സമ്മേളിപ്പിക്കുന്ന അതുല്യവും മനോഹരവുമായ ഒരു കര്‍മമാണ്‌ ജമാഅത്ത്‌ നമസ്‌കാരം.'

 ആരോഗ്യപരമായ സദ്‌ഫലങ്ങള്‍ 

 നമസ്‌കാരത്തില്‍ നിന്ന്‌ ആരോഗ്യപരവും വൈദ്യശാസ്‌ത്രപരവുമായ ചില പ്രയോജനങ്ങളും ലഭ്യമാകുന്നുണ്ട്‌. മുന്‍പറഞ്ഞതുപോലെ നമസ്‌കാരത്തിലൂടെ ലഭ്യമാകുന്ന മനശ്ശാന്തിയുടെ ഫലമായി മാനസികാരോഗ്യം വര്‍ധിക്കുകയും അതിലൂടെ ശാരീരികമായ സൗഖ്യവും സുസ്ഥിതിയും ഉണ്ടാവുകയും ചെയ്യുന്നു. മിതവും സ്ഥിരവുമായ ഒരു വ്യായാമം അത്‌ ശരീരത്തിനു പ്രദാനംചെയ്യുന്നു. ഹൃദ്‌രോഗം, രക്തസമ്മര്‍ദം, ആസ്‌ത്‌മ പോലുള്ള ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, കരള്‍രോഗം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, മസ്‌തിഷ്‌ക സ്രാവം തുടങ്ങിയ ചില രോഗങ്ങളുടെ ശമനത്തിന്‌ നമസ്‌കാരം സഹായകമാണ്‌. രക്തചംക്രമണത്തിന്റെ ക്രമീകരണത്തിലൂടെ ശരീരാവയവങ്ങളുടെ ആരോഗ്യസംരക്ഷണം, ഹോര്‍മോണുകളുടെ ഉല്‌പാദനത്തിന്റെയും അളവിന്റെയും ക്രമീകരണം, പേശീ-നാഡീ വ്യവസ്ഥകളുടെ പ്രവര്‍ത്തനക്ഷമത, ചര്‍മസംരക്ഷണം, സൂക്ഷ്‌മമായ ഇന്ദ്രിയ സംവേദനത്വം, ബുദ്ധിയുടെയും ഓര്‍മശക്തിയുടെയും തെളിമ... തുടങ്ങിയ ധാരാളം പ്രയോജനങ്ങള്‍ നമസ്‌കാരം കൊണ്ട്‌ ലഭിക്കുമെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ വിശദീകരിച്ചിട്ടുണ്ട്‌.

 വയ്‌ലുന്‍ ലില്‍ മുസ്വല്ലീന്‍ 

നമസ്‌കാരത്തിന്റെ മഹത്തായ അര്‍ഥങ്ങളുള്‍ക്കൊള്ളാനും പ്രയോജനങ്ങള്‍ നേടാനും നമസ്‌കരിക്കുന്ന എല്ലാ മുസ്‌ലിംകള്‍ക്കും കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്‌. തീര്‍ച്ചയായും ആത്മാര്‍ഥതയോടും ഭക്തിയോടും കൃത്യനിഷ്‌ഠയോടും കൂടി നമസ്‌കാരം നിര്‍വഹിക്കുന്ന വിശ്വാസികള്‍ക്ക്‌ അതിനു കഴിയുന്നുണ്ട്‌. ഇതൊരു അനുഭവസത്യമാണ്‌. എന്നാല്‍ നമസ്‌കരിക്കുന്നവരില്‍ എല്ലാവര്‍ക്കും അത്‌ കഴിയുന്നില്ല. കാരണം, പലരും അലസമായും അശ്രദ്ധമായും ആത്മാര്‍ഥതയില്ലാതെയും നമസ്‌കരിക്കുന്നവരാണ്‌. അവര്‍ക്ക്‌ നമസ്‌കാരത്തിന്റെ ഉദാത്തമായ അര്‍ഥങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അനുഭവവേദ്യമാകുന്നില്ല. അവരെക്കുറിച്ചാണ്‌ അല്ലാഹു ഇങ്ങനെ പറയുന്നത്‌: ``....തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച്‌ അശ്രദ്ധരും (മറ്റുള്ളവരെ) കാണിക്കാനായി (അത്‌) നിര്‍വഹിക്കുന്നവരും പരോപകാരവസ്‌തുക്കള്‍ (ആവശ്യക്കാര്‍ക്ക്‌ കൊടുക്കാതെ) തടഞ്ഞുവെക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക്‌ നാശം!'' (അല്‍മാഊന്‍ 4-7) ഈ ദൈവവചനങ്ങള്‍ അശ്രദ്ധമായും ആത്മാര്‍ഥതയില്ലാതെയും നമസ്‌കരിക്കുന്നവരെ കാത്തിരിക്കുന്ന കഠിനശിക്ഷയെക്കുറിച്ച്‌ താക്കീത്‌ ചെയ്യുക മാത്രമല്ല, ആത്മാര്‍ഥവും ഭക്തിപൂര്‍ണവുമായ നമസ്‌കാരം അത്‌ അനുഷ്‌ഠിക്കുന്നവരില്‍ മനുഷ്യസ്‌നേഹവും സാമൂഹ്യബോധവും പരോപകാരതല്‌പരതയും വളര്‍ത്തുമെന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു. അതും നമസ്‌കാരത്തിന്റെ സൂക്ഷ്‌മാര്‍ഥങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. അത്തരത്തില്‍ നമസ്‌കാരം അനുഷ്‌ഠിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാനാകട്ടെ നമ്മുടെ ശ്രമം.

BY  ഡോ. ഇ കെ അഹ്‌മദ്‌കുട്ടി 

ഹജ്‌ജിന്‌ പോകുന്നവരോട്‌

അതിമഹത്തായൊരു ആരാധനാകര്‍മമെന്ന നിലയില്‍ ഹജ്ജ്‌ ചെയ്യാനുദ്ദേശിക്കുന്നവര്‍ കാത്തുസൂക്ഷിക്കേണ്ടതായ ചില നിയമങ്ങളുണ്ട്‌. അതൊന്നും പാലിക്കാതെയുള്ള ഹജ്ജ്‌ ലക്ഷ്യപ്രാപ്‌തി കൈവരിക്കില്ല. ഒരാള്‍ ഭൂമിയില്‍ പിറന്നുവീഴുമ്പോള്‍ എത്രമാത്രം ശുദ്ധപ്രകൃതനായിരുന്നുവോ അതുപോലെ വീണ്ടും വിശുദ്ധമായ ഒരു സൃഷ്‌ടിപ്പിനെ അനുസ്‌മരിപ്പിക്കും വിധം പരിവര്‍ത്തിപ്പിക്കപ്പെടാന്‍ വേണ്ടിയാണ്‌ ഹജ്ജ്‌ നിശ്ചയിച്ചിട്ടുള്ളതെന്ന്‌ പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്‌. ഇസ്‌ലാം മതത്തിന്റെ ചിഹ്നങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള മതചിഹ്നങ്ങളുടെയടുക്കല്‍ ചെന്ന്‌ വിശ്വാസങ്ങളുടെയും കര്‍മചൈതന്യങ്ങളുടെ വിതാനത്തെ സ്വയം അളന്നെടുക്കാന്‍ വിശ്വാസിക്ക്‌ അവസരം നല്‌കുന്ന ഏറ്റവും നല്ലൊരു സുവര്‍ണാവസരമാണ്‌ ഹജ്ജിലൂടെ സംജാതമാവുന്നത്‌. പ്രതിഫലം ആഗ്രഹിച്ച്‌ യാത്രക്കൊരുങ്ങിപ്പുറപ്പെടാന്‍ ഇസ്‌ലാം അനുമതി നല്‌കിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ മൂന്ന്‌ പള്ളികളാണ്‌; മസ്‌ജിദുല്‍ ഹറാം, മസ്‌ജിദുന്നബവി, മസ്‌ജിദുല്‍ അഖ്‌സാ. ഈ മസ്‌ജിദുകളും അവയുടെ പരിസരങ്ങളും ഒട്ടനേകം ദൃഷ്‌ടാന്തങ്ങളും മതചിഹ്നങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്‌. പ്രവാചകന്മാരുടെ പാദസ്‌പര്‍ശമേറ്റ പുണ്യഭൂമിയാണിവിടം. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച സ്ഥലങ്ങളും അനുഗ്രഹീതവുമാണാ പ്രദേശങ്ങള്‍. പക്ഷെ, ചരിത്രസ്‌മരണകള്‍ അയവിറക്കുന്നതിലുപരിയായി പ്രവാചകസന്ദേശങ്ങളുടെ സമുന്നതമായ ലക്ഷ്യവും ദൗത്യവും പ്രാപിക്കുകയെന്നതായിരിക്കണം തീര്‍ഥാടകന്റെ ലക്ഷ്യം. ഇവിടെ വെച്ച്‌ നമസ്‌കാരം നിര്‍വഹിച്ചാല്‍ ലഭ്യമാകുന്ന പ്രതിഫലങ്ങളെ പ്രവാചകന്‍(സ) വിശദമാക്കിയിട്ടുണ്ട്‌. അതില്‍ ഒന്നാം സ്ഥാനം മസ്‌ജിദുല്‍ ഹറാമിനും രണ്ടാം സ്ഥാനം മദീനാ പള്ളിക്കും മൂന്നാം സ്ഥാനം മസ്‌ജിദുല്‍ അഖ്‌സക്കുമാണ്‌. ആരാധനകളുടെ സ്വീകാര്യതക്കും അവയിലെ ആത്മീയതയുടെ വര്‍ധനവിനും അനുപേക്ഷ്യമായിട്ടുള്ള നിയ്യത്ത്‌, ഇഖ്‌ലാസ്‌, തഖ്‌വ, ഇഹ്‌തിസാബ്‌ എന്നിവ പ്രത്യേകം കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്‌. സര്‍വോപരി ഇസ്‌ലാമിക ശരീഅത്തിന്റെ പൂര്‍ത്തീകരണം സംഭവിച്ചിട്ടുള്ള മുഹമ്മദ്‌ നബി(സ)യിലൂടെ അറിയിക്കപ്പെട്ട ചര്യകളും അധ്യാപനങ്ങളും പാലിക്കപ്പെടുകയും വേണം.

ആരാധനകളുടെ ലക്ഷ്യം ലോകപ്രശസ്‌തിയും കച്ചവടക്കണ്ണുമാവാന്‍ പാടില്ല. തീര്‍ഥാടനമുദ്ദേശിച്ചുപോകാന്‍ മതം നിശ്ചയിച്ച പള്ളികള്‍ മൂന്നെണ്ണമാണെങ്കിലും ഹജ്ജ്‌ കര്‍മം മസ്‌ജിദുല്‍ ഹറാമിന്റെയും അതിന്റെ പരിസരങ്ങളിലും വെച്ചാണ്‌ നിര്‍വഹിക്കേണ്ടത്‌. അഥവാ, ഹജ്ജ്‌ കര്‍മങ്ങളില്‍ ഒന്നും തന്നെ മദീനയിലോ ബൈത്തുല്‍ മുഖദ്ദസിലോ പോയി നിര്‍വഹിക്കാനില്ലെന്ന്‌ സാരം. മക്കയിലും മദീനയിലും അവിടുത്തെ മറ്റു ചില പ്രദേശങ്ങളിലും മറമാടപ്പെട്ട പുണ്യപുരുഷന്മാരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തില്‍ അവിടേക്ക്‌ ഒരുങ്ങിപ്പുറപ്പെടുന്ന ധാരാളം പേരുണ്ട്‌. അത്തരക്കാരില്‍ ചിലര്‍ പോകുന്നതിനു മുമ്പായി നാട്ടിലെ ചില മഖാമുകള്‍ സന്ദര്‍ശിക്കുകയും സുഖമായി മടങ്ങിയെത്തിയാല്‍ മറ്റു ചില മഖാമുകളും ദര്‍ഗ്ഗകളും സന്ദര്‍ശിച്ചുകൊള്ളാമെന്ന്‌ നേര്‍ച്ച ചെയ്യുകയും ചെയ്യുന്നവരാണ്‌. നബിതിരുമേനിയുടെ ഖബറിടവും റൗളാശരീഫും ദര്‍ശിക്കുകയെന്നത്‌ മാത്രം ലക്ഷ്യമാക്കി ഹജ്ജിനുപോകുന്നവരുമുണ്ട്‌. മരണപ്പെട്ടുപോയ മഹാന്മാരുടെ ഖബറുകള്‍ സന്ദര്‍ശിക്കുകയെന്നത്‌ ഹജ്ജ്‌ കര്‍മങ്ങളില്‍ പെട്ടതല്ല. മൂന്നു പള്ളികളിലേക്കല്ലാതെ തീര്‍ഥാടനമുദ്ദേശിച്ചു ഒരുങ്ങിപ്പുറപ്പെടാവതല്ലെന്ന നബിതിരുമേനിയുടെ കല്‌പനയില്‍ നിന്നും ഈ വസ്‌തുത ബോധ്യമാവും. ഹജ്ജിനായി തീരുമാനിച്ചയാള്‍ അതിനുള്ള ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിനു മുമ്പായി മഹാന്മാരുടെ ഖബറിടങ്ങളില്‍ ദര്‍ശനം നടത്തല്‍ അനിവാര്യമായ കാര്യമാണെന്ന്‌ വിശ്വസിക്കുന്ന ചിലരുണ്ട്‌. ഇത്തരക്കാരെ ചൂഷണം ചെയ്‌തു മുതലെടുപ്പു നടത്തുന്ന ചില ഏജന്‍സികളും നമ്മുടെ നാടുകളിലുണ്ട്‌.

 `ഇഹ്‌റാമില്‍' പ്രവേശിച്ചു കഴിഞ്ഞാല്‍ ജമാഅത്തായി അത്യുച്ചത്തില്‍ ഒരാള്‍ ചൊല്ലിത്തരുന്ന `തല്‍ബിയത്ത്‌' ഏറ്റുപറയുന്ന രീതിയും ശൈലിയും ഭൂഷണമല്ല. `ഇഹ്‌റാമി'നുള്ള വസ്‌ത്രം ധരിച്ചിട്ടുണ്ടെങ്കില്‍ നിശ്ചയിക്കപ്പെട്ട `മീക്കാത്തി'ല്‍ എത്തുന്നതിനു മുമ്പായി ഇഹ്‌റാമില്‍ പ്രവേശിക്കാവതുമല്ല. അറിവില്ലാത്ത ചിലര്‍ സ്വന്തം നാട്ടില്‍ നിന്ന്‌ വാഹനത്തില്‍ കയറുമ്പോള്‍ തന്നെ ഇഹ്‌റാമില്‍ പ്രവേശിച്ചതായി പ്രഖ്യാപിക്കാറുണ്ട്‌. ഇതൊരിക്കലും ശരിയല്ല. ചില ഗ്രാമങ്ങളില്‍ നിന്നും ഹജ്ജിന്‌ പുറപ്പെടുന്നവരെ അവരുടെ നാടിന്റെ അതിര്‍ത്തിയില്‍ കൊണ്ടുപോയി അവിടെവെച്ച്‌ യാത്ര അയയ്‌ക്കുന്ന ആളുകളെല്ലാവരും കൂടി ഒന്നിച്ച്‌ കൂട്ടബാങ്ക്‌ കൊടുത്തശേഷം വാഹനത്തില്‍ കയറ്റുന്നതായി കാണാറുണ്ട്‌. കുറേയാളുകള്‍ ഒന്നിച്ച്‌ കൂട്ടബാങ്ക്‌ കൊടുക്കുകയെന്നതു തന്നെ മതം നിര്‍ദേശിച്ചിട്ടില്ല. നബി(സ)യും സഹാബത്തും കൂടി ഹജ്ജിനായി പുറപ്പെട്ട സന്ദര്‍ഭത്തിലൊന്നും ഇത്തരമൊരു കൂട്ടബാങ്ക്‌ രീതി ഉദ്ധരിക്കപ്പെട്ടിട്ടില്ല. തല്‍ബിയത്ത്‌ ചൊല്ലുന്നതിനു പകരമായി തല്‍സ്ഥാനത്ത്‌ അല്‍ഹംദുലില്ലാഹ്‌, അല്ലാഹു അക്‌ബര്‍, സുബ്‌ഹാനല്ലാഹ്‌ എന്നീ വചനങ്ങളും ചൊല്ലാവതല്ല. തല്‍ബിയത്ത്‌ ശബ്‌ദമുയര്‍ത്തി ചൊല്ലേണ്ട സന്ദര്‍ഭത്തില്‍ മൗനമവലംബിച്ച്‌ മനസ്സില്‍ മാത്രം കരുതുന്നത്‌ തല്‍ബിയത്ത്‌ ചൊല്ലലായി ഗണിക്കപ്പെടുന്നതല്ല. തല്‍ബിയത്ത്‌ കഅ്‌ബാലയം കാണുന്നതു വരെ തുടരേണ്ടതാണ്‌. ഇഹ്‌റാമിന്റെ വസ്‌ത്രങ്ങളില്‍ നിന്ന്‌ പുതക്കാനുള്ള തുണിയുടെ മധ്യഭാഗം വലത്തെ കക്ഷത്തിലൂടെ തുണിയുടെ ഇരുതല ഭാഗവും ഇടത്തെ ചുമലിലേക്ക്‌ വരത്തക്കവിധം ഇടുന്ന `ഇള്‌ത്വിബാഅ്‌' എന്ന രീതി ആദ്യത്തെ ത്വവാഫിലൂള്ള മൂന്ന്‌ ത്വവാഫില്‍ മാത്രം മതിയാകും. ബാക്കിയുള്ള ത്വവാഫുകളിലോ ത്വവാഫ്‌ തുടങ്ങുന്നതിനു മുമ്പോ അങ്ങനെ ധരിക്കേണ്ടതില്ല. ചിലയാളുകള്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങുമ്പോള്‍ തന്നെ അങ്ങനെ ധരിക്കുകയും ഹജ്ജ്‌ കഴിയും വരെ അത്‌ തുടരുകയും ചെയ്യാറുണ്ട്‌. അത്‌ വേണ്ടതില്ല.

ഹജറുല്‍ അസ്‌വദിനെ ചുംബിക്കാന്‍ വേണ്ടി തിക്കും തിരക്കും ഉണ്ടാക്കുന്നതും അവിടെവെച്ച്‌ നടക്കുന്ന ഫര്‍ള്‌ നമസ്‌കാരത്തില്‍ പങ്കെടുക്കുന്ന മഅ്‌മൂം ഇമാം സലാം വീട്ടുന്നതിനു മുമ്പായി സ്വയം സലാം വീട്ടിക്കൊണ്ട്‌ ഹജറുല്‍ അസ്‌വദ്‌ ചുംബിക്കാന്‍ വേണ്ടി ചാടിയെഴുന്നേല്‌ക്കുന്നതും പാടില്ലാത്തതാണ്‌. ചിലര്‍ ഖബറുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭക്തിയുടെ പാരമ്യത പ്രകടിപ്പിച്ചും ഖിബ്‌ലയിലേക്ക്‌ തിരിഞ്ഞും അത്‌ ചെയ്യാറുണ്ട്‌. കൂടാതെ ഖബറാളികളെ മധ്യസ്ഥന്മാരാക്കി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാറുമുണ്ട്‌. ഇത്തരം ചെയ്‌തികളും ഖബറുകള്‍ക്കു ചുറ്റും നടന്നുകൊണ്ട്‌ ഖുര്‍ആന്‍ ഓതുന്നതും ഓരോ നമസ്‌കാരശേഷവും നബി(സ)യുടെ ഖബറിടം ഉദ്ദേശിച്ച്‌ പോകലും അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്‌ എന്ന്‌ അത്യുച്ചത്തില്‍ ഓരോ നമസ്‌കാരശേഷവും പറയുന്നതും മദീനാപള്ളിയുടെ സമീപത്തുള്ള മഖ്‌ബറയായ `ബഖീഅ്‌' എല്ലാ ദിവസവും സന്ദര്‍ശിക്കുന്നതും വ്യാഴാഴ്‌ച ദിവസം പ്രത്യേകം തെരഞ്ഞെടുത്ത്‌ ഉഹ്‌ദിലെ രക്തസാക്ഷികളുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നതും അത്യാവശ്യമായ കാര്യങ്ങളല്ലെന്ന്‌ മാത്രമല്ല മതം നിര്‍ദേശിച്ചിട്ടില്ലാത്തതുമാണ്‌. തന്റെ മരണശേഷം കഫന്‍ ചെയ്യാനുള്ള വസ്‌ത്രം `സംസം' ജലത്തില്‍ മുക്കിയ ശേഷം അത്‌ ഉണക്കി സൂക്ഷിച്ചുവെക്കുന്ന ചിലരുണ്ട്‌. മറ്റു ചിലര്‍ ജനിച്ചയുടനെയുള്ള ചെറിയ കുട്ടിക്കും മരണാസന്ന നിലയില്‍ കിടക്കുന്ന രോഗിക്കും സംസം വെള്ളം ബര്‍ക്കത്ത്‌ വിചാരിച്ച്‌ തൊട്ടുകൊടുക്കാറുണ്ട്‌. അത്തരം ബര്‍ക്കത്ത്‌ കരുതി സംസം ജലം ഉപയോഗിക്കുന്നത്‌ നബിയുടെ അധ്യാപനങ്ങളിലില്ലാത്തതാണ്‌. ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ പെറുക്കിയെടുത്ത്‌ കഴുകിത്തുടച്ച്‌ ഭക്തിയോടെ ഭംഗിയുള്ള ഒരു ഉറയില്‍ സൂക്ഷിച്ചുവെക്കുന്ന ചിലരെയും അവിടെ കാണാം. അറഫ, മിനാ, മുസ്‌ദലിഫ എന്നിവിടങ്ങളിലുള്ള കല്ലും മണ്ണും ദിവ്യത്വം കരുതി എടുത്തുകൊണ്ട്‌ നാട്ടിലേക്ക്‌ കൊണ്ടുവരുന്ന തീര്‍ഥാടകരുമുണ്ട്‌. ഇതെല്ലാം അറിവില്ലായ്‌മ കൊണ്ട്‌ ചെയ്യുന്നതാണ്‌.

 ജംറകളില്‍ ചെറിയ മണിക്കല്ലുകള്‍ കൊണ്ട്‌ എറിയുന്നതിനു പകരം വടിയും കുടയും ചെരിപ്പുകളും എറിയാന്‍ ഉപയോഗിക്കുന്ന ചിലരുണ്ട്‌. കൂടാതെ താന്‍ അവിടുത്തെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന്‌ അതുവഴി വരുന്നവരെയറിയിക്കാന്‍ വേണ്ടി അവിടങ്ങളിലെല്ലാം ചോക്കുകൊണ്ടോ കരിക്കട്ടകൊണ്ടോ പേരെഴുതി വെക്കുന്നവരുമുണ്ട്‌. വേറെ ചിലര്‍ ഇഹ്‌റാമിന്റെ വസ്‌ത്രത്തില്‍ നിന്നെടുത്ത നൂല്‌ അവിടത്തെ തൂണുകളിലും ജനവാതിലുകളിലും കെട്ടിവെക്കുന്നതും കാണാം. ഈ രൂപത്തിലുള്ള ഒട്ടേറെ അനാവശ്യകാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ ഹജ്ജിന്റെ മഹത്വത്തിനു നിരക്കുന്നതല്ല. യഥാര്‍ഥത്തില്‍ ഹൃദയവിശുദ്ധി, ദൃഢവിശ്വാസം, സഹനശീലം, ക്ലേശങ്ങള്‍ സഹിക്കാനുള്ള കഴിവ്‌, പാപമോചനം, സാഹോദര്യം ശക്തിപ്പെടുത്തല്‍, ദൈവത്തോടുള്ള കരാര്‍ പുതുക്കല്‍, അല്ലാഹുവിന്റെ സന്നിധിയിലാണ്‌ താന്‍ എത്തിനില്‌ക്കുന്നതെന്ന ബോധം എന്നിവ നേടിയെടുക്കാനാണ്‌ ഹജ്ജ്‌ നിയമമാക്കിയിട്ടുള്ളത്‌. കൂടാതെ, പിശാചുക്കളെ നിസ്സാരമാക്കി തള്ളിക്കളയാനും, ഐഹിക ജീവിതത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാനും, മരണവും മരണാനന്തര ജീവിതവും ഓര്‍ക്കാനും, ഞാന്‍ എന്ന ഗര്‍വും അഹന്തയും ഇല്ലാതാക്കാനും, ദൈവ സ്‌മരണകൊണ്ട്‌ തന്റെ മനസ്സിനെ കുളിര്‍മയുള്ളതാക്കാനുമെല്ലാം വേണ്ടിയുള്ളതാണത്‌.

ആയതിനാല്‍ ഹജ്ജിന്‌ പോകുന്നവന്‍ കഅ്‌ബാലയത്തിന്റെ ഭംഗിയും ഗാംഭീര്യവും ഉള്‍ക്കൊള്ളാതെയും മാതൃത്വത്തിന്റെ നിലയും വിലയും മനസ്സിലാക്കാതെയും തന്റെ മനസ്സില്‍ കുടിയിരുത്തപ്പെട്ട പൈശാചിക ചിന്തകളെ എറിഞ്ഞാട്ടതെയുമാണ്‌ മടങ്ങിവരുന്നതെങ്കില്‍ അത്തരക്കാരുടെ ഹജ്ജിന്റെ സ്വീകാര്യത സംശയാസ്‌പദമാണ്‌. ചിലയിടങ്ങളില്‍ വലിയ സദ്യയുണ്ടാക്കി ധാരാളം പേരെ ക്ഷണിച്ചുവരുത്തി യാത്ര ചോദിക്കുന്നതും പണം വിതരണം നടത്തുന്നതും കാണുന്നുണ്ട്‌. മിനയിലും അറഫയിലും തമ്പുകളില്‍ വെച്ച്‌ `ഖുത്ത്‌ബിയ്യത്തും' കുത്താറാത്തീബും മന്‍കൂസ്‌ മൗലീദും ഓതാനാണ്‌ ആരെങ്കിലും ഹജ്ജ്‌ ഗ്രൂപ്പ്‌ കൊണ്ടുപോകുന്നതെങ്കില്‍ അവരുടെ കാര്യം മഹാ കഷ്‌ടം.

by അബ്ദുൽ അലി മദനി 

ഭൗതികത മതരംഗത്ത്‌

ആധുനിക ജീവിതത്തെ ആമൂലാഗ്രം ഗ്രസിച്ചുകളഞ്ഞ കാര്യമാണ്‌ ഭൗതികത. ജീവിതത്തിന്റെ എല്ലാ തലങ്ങളും ഒരു തരത്തിലുള്ള ഭൗതികവത്‌കരണത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നു. ബാഹ്യവും ഭൗതികവുമായ സുഖ-സൗകര്യങ്ങള്‍ക്ക്‌ ആധുനിക ജീവിതത്തില്‍ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുന്നു. ശരീര പ്രധാനമായ സംസ്‌കരണ പ്രക്രിയകള്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ മനുഷ്യരെല്ലാം നടത്തിക്കൊണ്ടിരിക്കുന്നു. ആത്മീയവും മാനസികവുമായ സംസ്‌കരണത്തിന്‌ താരതമ്യേന പ്രാധാന്യം കുറഞ്ഞുവരുന്നു. ജീവിതത്തിന്റെ എല്ലാ തലങ്ങളിലുമെന്ന പോലെ മതരംഗത്തും ഒരു തരത്തിലുള്ള ഭൗതികതയുടെ അധിനിവേശം നടന്നുകൊണ്ടിരിക്കുന്നു. മതം ആത്മീയപ്രധാനവും പാരത്രികമോക്ഷത്തിന്‌ സര്‍വ പ്രാധാന്യവും നല്‌കുന്നതുമാണ്‌. ഐഹിക സുഖങ്ങളും സൗകര്യങ്ങളും കേവലമായ ഒരാവശ്യം മാത്രമായിട്ടാണ്‌ മതം കാണുന്നത്‌. ലൗകികവും ഭൗതികവുമായ ആവശ്യങ്ങള്‍ മുഖ്യ ലക്ഷ്യമായി മതം കാണുന്നില്ല. ലൗകികമായ നേട്ട-കോട്ടങ്ങള്‍ ആത്യന്തികമായി നേട്ടമായോ കോട്ടമായോ മതം വിലയിരുത്തുന്നില്ല. ദുനിയാവ്‌, മുറിച്ചെവിയനായ ഒരു ചത്ത ആടിന്റെ വിലപോലും കല്‌പിക്കപ്പെടാന്‍ മാത്രം പ്രാധാന്യമില്ലാത്തതായി അല്ലാഹു കാണുന്നു. പാരത്രിക ജീവിതമാകട്ടെ, അത്‌ യഥാര്‍ഥ ജീവിതമായി കാണുകയും ചെയ്യുന്നു. (വി.ഖു 29:64)

 വിശ്വാസികള്‍ പോലും, അവരുടെ മതപ്രവര്‍ത്തനങ്ങളിലും മതാചരണത്തിലും ആത്മീയതയെക്കാളേറെ ഭൗതികതക്ക്‌ പ്രാധാന്യവും ഊന്നലും നല്‍കിവരുന്നു. കരഞ്ഞു പ്രാര്‍ഥിക്കുന്ന വിശ്വാസികളിലധികവും കരഞ്ഞുകൊണ്ട്‌ അല്ലാഹുവോട്‌ തേടുന്നത്‌ ഇഹലോകജീവിതത്തിലെ ഏതെങ്കിലും കാര്യങ്ങളായിരിക്കും. രോഗവിമുക്തിയോ സാമ്പത്തിക പ്രയാസത്തില്‍ നിന്നുള്ള മോചനമോ ആവശ്യപ്പെട്ടുകൊണ്ട്‌ നിരന്തരം കരഞ്ഞുതേടുന്ന വിശ്വാസിയുടെ പ്രാര്‍ഥനയില്‍ അപൂര്‍വമായി മാത്രമാണ്‌ പരലോകത്തെ രക്ഷയും നരകവിമുക്തിയും കടന്നുവരുന്നത്‌! എന്നാല്‍ അല്ലാഹുവും റസൂലും കരഞ്ഞുപ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടത്‌ പാരത്രിക രക്ഷയുടെ കാര്യത്തിലാണ്‌ (17:107-109). ഏഴു വിഭാഗമാളുകള്‍ക്ക്‌ പരലോകത്ത്‌ അല്ലാഹു തണലിട്ടു കൊടുക്കുമെന്ന്‌ പറഞ്ഞതില്‍ ഒരു വിഭാഗം. `ഒറ്റക്കിരുന്ന്‌ അല്ലാഹുവിനെ ഓര്‍ത്ത്‌ കരയുന്നവന്‍' ആണെന്ന്‌ തിരുദൂതര്‍ പഠിപ്പിക്കുന്നു. അല്ലാഹുവിനെ ഓര്‍ത്ത്‌ കരയുന്ന മനുഷ്യന്‍ നരകത്തില്‍ പ്രവേശിക്കുകയില്ലെന്ന്‌ തിരുദൂതര്‍ മറ്റൊരിക്കല്‍ പറയുകയുണ്ടായി (തിര്‍മിദി).

മുസ്‌ലിമായി ജീവിച്ചു മരിക്കുകയും പരലോകത്ത്‌ സദ്‌വൃത്തരോടൊന്നിച്ച്‌ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്യുക എന്നതാണ്‌ ജീവിതത്തിന്റെ ഏറ്റവും വലിയ വിജയം. യൂസുഫ്‌ നബി(അ) അല്ലാഹുവിന്റെ മുമ്പില്‍ നടത്തുന്ന പ്രാര്‍ഥന ഇത്തരമൊരു കാര്യം മുന്നില്‍ വെച്ചുകൊണ്ടാണ്‌. അല്ലാഹു നല്‌കിയ എല്ലാ അനുഗ്രഹങ്ങളും എടുത്തുപറഞ്ഞും നന്ദിപൂര്‍വം സ്‌മരിച്ചും അദ്ദേഹം നടത്തുന്ന പ്രാര്‍ഥന ഏറെ ഹൃദയസ്‌പര്‍ശിയാണ്‌. പരലോകരക്ഷ തന്നെയാണ്‌ അതിലെ വിഷയം. ``എന്റെ രക്ഷിതാവേ, നീ എനിക്ക്‌ ഭരണാധികാരത്തില്‍ നിന്ന്‌ (ഒരംശം) നല്‌കുകയും പഠിപ്പിച്ചുതരികയും ചെയ്‌തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്‌ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയായിരിക്കുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.'' (വി.ഖു 12:101) 

വിശ്വാസികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നേര്‍ച്ചകളും വഴിപാടുകളും ജാറങ്ങളിലും പ്രതിഷ്‌ഠകളിലും വിഗ്രഹങ്ങളിലും മറ്റും സമര്‍പ്പിക്കുന്ന കാണിക്കകളും കാഴ്‌ചകളും പാരത്രിക ജീവിതത്തില്‍ വിജയം വരിക്കാന്‍ വേണ്ടി സമര്‍പ്പിക്കപ്പെടുന്നവയല്ല. ഐഹിക ജീവിതത്തില്‍ ഉപകാരം നേടാനും ഉപദ്രവം തടുക്കാനും ഏതെങ്കിലും ദേവന്മാരുടെയോ ദേവിമാരുടെയോ ശാപകോപങ്ങളില്‍ നിന്ന്‌ രക്ഷ നേടാനും വേണ്ടിയാണ്‌. മതപരമായ വലിയ ഒരു ആചാരമെന്ന നിലക്ക്‌ ഇന്ന്‌ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ്‌ കൈകളിലും ഭുജങ്ങളിലും കെട്ടുന്ന നൂലുകള്‍. പ്രത്യേക ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഈ നൂലുകളും ചരടുകളും മന്ത്രിച്ചൂതുന്നതോടു കൂടി മാന്ത്രികച്ചരടുകളായി മാറുകയാണ്‌. ഇവയൊന്നും തന്നെ ആത്മീയ വിശുദ്ധി നേടാനോ മരണാനന്തര ജീവിതത്തില്‍ മോക്ഷം നേടാനോ വേണ്ടിയുള്ളവയല്ല. പ്രത്യുത, ഐഹിക ജീവിതത്തില്‍ പലരെയും മുന്‍കടന്ന്‌ വിജയം വരിക്കാനും ശത്രുദോഷം തടുക്കാനും കരുത്തക്കേടുകളും പൊരുത്തക്കേടുകളും പറ്റാതിരിക്കുന്നതിനും വേണ്ടിയാണ്‌. എല്ലാം ദുനിയാവിന്‌ വേണ്ടിത്തന്നെ! വലിയ ഒരു മതകാര്യമെന്ന നിലക്ക്‌ ഇന്ന്‌ പ്രചരിപ്പിക്കപ്പെടുന്ന `തിരുമുടി'യുടെ കാര്യവും ഇങ്ങനെത്തന്നെ. മനാസില്‍ എന്നും മഫാസ്‌ എന്നും അറിയപ്പെടുന്ന പുസ്‌തകത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം തന്നെ ഐഹിക ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണമാണ്‌. പാരത്രിക ജീവിതത്തിന്റെ നേട്ടത്തിന്‌ പാരായണം ചെയ്യാന്‍ ഒരു വരി പോലും അതിലില്ല! ഹൈന്ദവര്‍ക്കിടയില്‍ അത്ഭുത പ്രവര്‍ത്തനങ്ങള്‍ എന്ന നിലയ്‌ക്ക്‌ നടത്തുന്ന തീയില്‍ നടക്കല്‍, ശരീരത്തില്‍ ഇരുമ്പു കമ്പികള്‍ കുത്തിക്കയറ്റല്‍ തുടങ്ങിയ ശാരീരിക പീഡകളടങ്ങിയ മതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുന്നത്‌ ദുനിയാവ്‌ സമ്പാദിക്കാന്‍ തന്നെയാണ്‌. ജോത്സ്യവും മാന്ത്രികവും ക്ഷേത്രങ്ങളിലും അമ്പലങ്ങളിലും സമര്‍പ്പിക്കുന്ന വിലപിടിപ്പുള്ള ആടയാഭരണങ്ങളും അമൂല്യങ്ങളായ നിധിശേഖരങ്ങളുമെല്ലാം എന്തിനു വേണ്ടിയാണെന്നാലോചിച്ചാല്‍ കേവല ലൗകികമായ നേട്ടങ്ങളും ഗുണങ്ങളും മുന്നില്‍ കണ്ടുമാത്രമാണെന്ന്‌ മനസ്സിലാകും.

 ഇങ്ങനെ മതമെന്നത്‌ ഇഹലോകം നേടാനുള്ള ഒരേര്‍പ്പാടായി മാറിക്കഴിഞ്ഞിരിക്കുന്നു. കോടികളുടെ സമ്പാദ്യവുമായി മതപുരോഹിതന്മാരും മേലധ്യക്ഷന്മാരും അങ്കിയും ളോഹയുമണിഞ്ഞു നില്‌ക്കുമ്പോള്‍ ലൗകിക താല്‌പര്യങ്ങള്‍ മതത്തെ എത്രത്തോളം കീഴ്‌പ്പെടുത്തിയിരിക്കുന്നുവെന്ന്‌ ബോധ്യമാകും. ഭൗതിക പരിത്യാഗികളായ യോഗിമാരും സന്യാസിമാരും പരശ്ശതം കോടികളുടെ അധിപന്മാരായി മാറുന്നത്‌ ഒരു നാണക്കേടായിപ്പോലും തോന്നാത്ത വിധം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു! ചെവി മുറിഞ്ഞ ആട്ടിന്‍ കുട്ടിയുടെ ശവശരീരത്തിന്റെ വിലപോലും കല്‌പിക്കപ്പെടാന്‍ അര്‍ഹതയില്ലാത്ത ലൗകിക സൗകര്യങ്ങള്‍ക്ക്‌ വേണ്ടി മതമാചരിക്കുന്ന വിശ്വാസികള്‍, മതം യഥാര്‍ഥഏത്തില്‍ എന്ത്‌ ലക്ഷ്യം വെക്കുന്നുവെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. ഒരാത്മപരിശോധനയ്‌ക്ക്‌ വിശ്വാസികളെ ഇത്‌ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌.

By അബൂമാജിദ 

അറിവ്‌ ആര്‍ജിക്കുന്നവന്‍ അതീവ സൗഭാഗ്യവാന്‍

നബി(സ) പറഞ്ഞു: അറിവ്‌ ആഗ്രഹിച്ച്‌ ആരെങ്കിലും ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അതുവഴി അല്ലാഹു സ്വര്‍ഗത്തിലേക്കുള്ള അയാളുടെ വഴി എളുപ്പമാക്കിക്കൊടുക്കും. വിദ്യാര്‍ഥിക്ക്‌ അവന്റെ പരിശ്രമത്തിന്റെ സംതൃപ്‌തിയാല്‍ മലക്കുകള്‍ അവരുടെ ചിറകുകള്‍ വിരിച്ചുകൊടുക്കും. വെള്ളത്തിലെ മത്സ്യമുള്‍പ്പെടെ ആകാശഭൂമികളിലുള്ള സകലതും അറിവുള്ളവന്റെ പാപമോചനത്തിനായി പ്രാര്‍ഥിക്കും. ചന്ദ്രന്‌ ഇതര നക്ഷത്രങ്ങള്‍ക്കിടയില്‍ ശ്രേഷ്‌ഠതയുള്ളതു പോലെ അറിവുള്ളവന്‌ (അറിവില്ലാത്ത) ആരാധകനെക്കാള്‍ ശ്രേഷ്‌ഠതയുണ്ട്‌. തീര്‍ച്ചയായും പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്‌. ദൈവദൂതന്മാര്‍ ദിര്‍ഹമും ദീനാറും അനന്തരം നല്‌കിയിട്ടില്ല. അറിവ്‌ മാത്രമാണവര്‍ അനന്തരമായി വിട്ടേച്ച്‌ പോയത്‌. അതിനാല്‍ അറിവ്‌ ആര്‍ജിക്കുന്നവന്‍ അതീവ സൗഭാഗ്യവാന്‍.'' (അബൂദാവൂദ്‌, തിര്‍മിദി)

 അറിവ്‌ സമ്പാദിക്കാനായി ഒരാള്‍ ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അല്ലാഹു അവന്‌ എളുപ്പമാക്കിക്കൊടുക്കുമെന്നാണ്‌ തിരുമേനി പറയുന്നത്‌. `അറിവുള്ളവരും അറിവില്ലാത്തവരും സമമാവുമോ? ബുദ്ധിമാന്മാര്‍ മാത്രമേ കാര്യങ്ങള്‍ വേണ്ട വിധം മനസ്സിലാക്കുകയുള്ളൂ'വെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്‌ (വി.ഖു 39:9). അറിവ്‌ സമ്പാദിക്കുന്നതോടു കൂടി അവന്‍ അല്ലാഹുവിനെ കണ്ടെത്തുകയും അങ്ങനെ സ്വര്‍ഗപ്രവേശം നേടുകയും ചെയ്യുന്നു. അറിവിന്റെ ആത്യന്തികമായ ലക്ഷ്യവും അതാണല്ലോ. ദൈവത്തെ കണ്ടെത്തുക, അവനെ അറിയുക -അവിടെയാണ്‌ അറിവ്‌ പൂര്‍ണമാവുന്നത്‌. അല്ലാത്തവന്റെ വിജ്ഞാനം പൂര്‍ണമല്ല; അവനെന്തൊക്കെ അവകാശവാദങ്ങളുന്നയിച്ചാലും ശരി. ആരെങ്കിലും അറിവ്‌ നേടാന്‍ ഇറങ്ങിത്തിരിച്ചാല്‍ തിരിച്ചു വരുന്നതുവരെ അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണെന്നാണ്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളത്‌. (തിര്‍മിദി)

 വിദ്യാര്‍ഥിയുടെ എല്ലാ പരിശ്രമങ്ങള്‍ക്കും അല്ലാഹുവിന്റെ സഹായം തീര്‍ച്ചയായും ലഭിച്ചുകൊണ്ടിരിക്കും. അവന്റെ ഉദ്ദേശശുദ്ധിയനുസരിച്ച്‌ അവന്‌ അറിവ്‌ സമ്പാദിക്കാനാവശ്യമായ എല്ലാ ചുറ്റുപാടും അല്ലാഹു ഒരുക്കിക്കൊടുക്കും. അറിവ്‌ സമ്പാദിക്കാനായി ഇറങ്ങിത്തിരിച്ചവരാരും നിരാശരായിട്ടില്ല. അവര്‍ വിജയം കണ്ടെത്തുകതന്നെ ചെയ്യും. അറിവിനായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യാന്‍ മെനക്കെടാത്തവന്‍ അറിവ്‌ കണ്ടെത്തുകയോ അതുവഴി അല്ലാഹുവിനെ യഥാവിധം അടുത്തറിയുകയോ ചെയ്യില്ല. അറിവിന്നായി പ്രയത്‌നിക്കുന്നവന്‌ മലക്കുകളുടെ പ്രാര്‍ഥനയും അല്ലാഹു നിശ്ചയിക്കപ്പെട്ട രീതിയില്‍ മലക്കുകളുടെ ശ്രദ്ധയുമുണ്ടാവുമെന്നതാണ്‌ വിദ്യാര്‍ഥിക്ക്‌ അവന്റെ പരിശ്രമത്തെ സംബന്ധിച്ച സംതൃപ്‌തിയാല്‍ മലക്കുകള്‍ അവരുടെ ചിറകുകള്‍ താഴ്‌ത്തിക്കൊടുക്കുമെന്ന തിരുവാക്യത്തില്‍ നിന്നും മനസ്സിലാകുന്നത്‌. അതെങ്ങനെയെന്ന്‌ മനസ്സിലാക്കാന്‍ തെളിവുകളില്ല. അറിവിന്റെ പൂര്‍ണത അല്ലാഹുവിന്റെ പക്കല്‍ മാത്രമാണല്ലോ. അറിവ്‌ അവന്ന്‌ സംതൃപ്‌തിയും സമാധാനവും മനശ്ശാന്തിയും നല്‌കുന്നുവെന്നും ഇതില്‍നിന്ന്‌ മനസ്സിലാക്കാം. അത്‌ അനുഭവവുമാണല്ലോ.

 അറിവുള്ളവന്‌ അല്ലാഹു ഉന്നതമായ സ്ഥാനമാണ്‌ നല്‌കുന്നത്‌. അറിവുള്ളവന്‌ വേണ്ടി അല്ലാഹുവിന്റെ സകല സൃഷ്‌ടികളും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു, അവന്റെ പാപമോചനത്തിന്നായി സദാ അല്ലാഹുവോട്‌ കേണുകൊണ്ടിരിക്കുന്നു. ഇതിലും വലിയ സൗഭാഗ്യം മറ്റെന്തുണ്ട്‌? ഇത്‌ ഉത്തമനായ തന്റെ ദാസന്‌ അല്ലാഹു നല്‌കുന്ന അംഗീകാരവും പ്രതിഫലവുമാണ്‌. അറിവ്‌ വര്‍ധിക്കുന്തോറും വിനയാന്വിതനായിത്തീരുന്ന സാത്വികനായ പണ്ഡിതന്‌ മാത്രമേ ഈ അനുഗ്രഹം ലഭിക്കുകയുള്ളൂ എന്നതില്‍ സംശയത്തിന്‌ പഴുതില്ല. ചെറിയ ചില കാര്യങ്ങള്‍ ഗ്രഹിച്ചു തുടങ്ങുമ്പോഴേക്കും താന്‍ വലിയ പണ്ഡിതനായി എന്നഹങ്കരിക്കുന്നവന്‌ ഭയാനകമായ നാശം മാത്രമേ ലഭിക്കൂ. ``പക്വമായ പാണ്ഡിത്യം പ്രാപിച്ചവന്‍ പറയും: `ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ളതാണ്‌'. ബുദ്ധിയുള്ളവരല്ലാതെ ചിന്തിക്കുകയില്ല.'' (വി.ഖു 3: 7)

 പ്രാര്‍ഥനയും ആരാധനയുമായി മുഴുവന്‍ സമയം ചെലവഴിക്കുന്നവനേക്കാള്‍ ശ്രേഷ്‌ഠത അറിവുള്ളവന്‌ അല്ലാഹു നല്‌കുന്നു. നക്ഷത്രങ്ങള്‍ക്കിടയില്‍ ചന്ദ്രനുള്ള ശ്രേഷ്‌ഠത പോലെയെന്നാണ്‌ തിരുമേനി ഉപമിച്ചിരിക്കുന്നത്‌. എത്ര നല്ല ഉപമ! അറിവുള്ളവന്റെയും അറിവില്ലാത്തവന്റെയും കര്‍മങ്ങള്‍ തമ്മിലുള്ള അന്തരമാണിവിടെ വ്യക്തമാവുന്നത്‌. അറിഞ്ഞ്‌ചെയ്യുന്നതും അറിയാതെ ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരിക്കും. അറിവിന്റെ അടിസ്ഥാനത്തില്‍ കര്‍മമനുഷ്‌ഠിക്കുന്നവന്‌ നബി(സ) ഭാവുകം നേരുന്നു. ഒരൊറ്റ പണ്ഡിതന്‍ ആയിരം ആരാധകരെക്കാള്‍ പിശാചിന്‌ പ്രയാസകരമാണെന്ന്‌ പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്‌ (ബുഖാരി, മുസ്‌ലിം). അറിവില്ലാത്തവനെ പിശാചിന്‌ വളരെ വേഗത്തില്‍ ആശയക്കുഴപ്പത്തിലാക്കാനും വഴി തെറ്റിക്കാനും കഴിയും. എന്നാല്‍ അറിവുള്ളവനെ ആശയക്കുഴപ്പത്തിലാക്കാനും വഴിതെറ്റിക്കാനും വളരെയേറെ പ്രയാസപ്പെടേണ്ടി വരും. ആശയക്കുഴപ്പത്തിലാക്കിയവരെയും വഴിപിഴച്ചവരെയും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ച്‌ നേര്‍മാര്‍ഗത്തിലേക്ക്‌ കൊണ്ടുവരാന്‍ അറിവുള്ളവന്നേ കഴിയൂ. പ്രവാചകന്മാരുടെ അനന്തരാവകാശികളായിട്ടാണ്‌ പണ്ഡിതന്മാരെ തിരുമേനി(സ) പരിചയപ്പെടുത്തുന്നത്‌. ഇതിലും വലിയ ഭാഗ്യം മറ്റെന്തുണ്ട്‌? അറിവുള്ളവന്‌ ഇസ്‌ലാം നല്‌കുന്ന അംഗീകാരവും ബഹുമതിയും എത്ര മഹോന്നതം! ദിര്‍ഹമും ദീനാറും മറ്റു ഭൗതിക വിഭവങ്ങളും ഇഹലോക സുഖസൗഖ്യങ്ങളും നഷ്‌ടപ്പെട്ടാലും ആത്യന്തികമായ വിജയവും സമ്പത്തും സുഖാഡംബരങ്ങളും പണ്ഡിതനെ കാത്തിരിക്കുന്നു.

വിജ്ഞാനം മാത്രം അനന്തരമായി വിട്ടേച്ചു പോവുന്ന പ്രവാചകന്‍മാരുടെ അനന്തരാവകാശികളായിത്തീരാനുള്ള കഠിന പരിശ്രമങ്ങളിലേര്‍പ്പെടുന്നതിലൂടെ അതീവ സൗഭാഗ്യവാന്മാരായിത്തീരാനാണ്‌ റസൂല്‍(സ) വിശ്വാസികളോടാവശ്യപ്പെടുന്നത്‌. ``നബി(സ) പറയുന്നു: എന്നിലൂടെ അല്ലാഹു അവതരിപ്പിച്ച അറിവിന്റെയും സന്മാര്‍ഗത്തിന്റെയും ഉദാഹരണം ഭൂമിയില്‍ പതിക്കുന്ന മഴ പോലെയാണ്‌. അതിലെ ചില ഭാഗങ്ങള്‍ നല്ലതായിരിക്കും. അവ വെള്ളം വലിച്ചെടുക്കുകയും അങ്ങനെ ധാരാളമായി പുല്ലും പച്ചപ്പും ഉണ്ടാക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ ചെടി മുളക്കാത്ത സ്ഥലങ്ങളും അതിലുണ്ട്‌. അത്‌ വെള്ളം ശേഖരിച്ചുവെക്കുകയും ആ വെള്ളം ജനങ്ങള്‍ക്ക്‌ കുടിക്കാനും കുടിപ്പിക്കാനും നനയ്‌ക്കാനും ഉപകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ മഴ പതിക്കുന്ന വേറെ ചില സ്ഥലങ്ങള്‍ മരുപ്രദേശങ്ങളാണ്‌. അവ വെള്ളം ശേഖരിക്കുകയോ ചെടി മുളപ്പിക്കുകയോ ഇല്ല. അല്ലാഹുവിന്റെ മതവിജ്‌ഞാനം നേടുകയും ഞാന്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്‌തവന്റെയും അതുവഴി ഔന്നത്യം പ്രാപിക്കാനും എന്നിലൂടെ അവതീര്‍ണമായ ദൈവിക സന്ദേശം സ്വീകരിക്കാനും സാധിക്കാത്തവന്റെയും ഉദാഹരണമാണിത്‌.'' (ബുഖാരി, മുസ്‌ലിം) ``നാഥാ, നീ എനിക്ക്‌ അറിവ്‌ അധികരിപ്പിച്ച്‌ തരണേ എന്ന്‌ നീ പ്രാര്‍ഥിക്കുക.'' (വി.ഖു 20:114)

By  അബൂനശ്വ 

വാര്‍ധക്യത്തിന്റെ വ്യഥകളും സമൂഹത്തിന്റെ നിസ്സംഗതയും

 എന്താണ്‌ വൃദ്ധസദനം? വൃദ്ധജനങ്ങളെ സംരക്ഷിക്കാനാളില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരും സന്നദ്ധ സംഘങ്ങളും മറ്റും പൊതുസേവനമെന്ന നിലയില്‍ അനാഥശാല പോലെ, അഗതി മന്ദിരം പോലെ, കൗമാരക്കാര്‍ക്കുള്ള ദുര്‍ഗുണപാഠശാല പോലെ, റസ്‌ക്യൂ ഹോം പോലെ വൃദ്ധര്‍ക്കായി ഒരുക്കി വെക്കുന്ന താമസസ്ഥലം. അതാണ്‌ വൃദ്ധമന്ദിരങ്ങള്‍. ഫീസ്‌ വാങ്ങി അന്തേവാസികളെ നോക്കുന്നവരുണ്ട്‌. സേവനമെന്ന നിലയില്‍ പാവപ്പെട്ടവരെ പരിചരിക്കുന്നവരുമുണ്ട്‌.

 ഏതാണീ വൃദ്ധജനങ്ങള്‍? നമ്മുടെയൊക്കെ പിതാവോ പിതാമഹനോ മാതാവോ തന്നെ. വാര്‍ധക്യത്തിന്റെ വ്യഥകള്‍ പേറി സമൂഹത്തില്‍ നിന്നകന്ന്‌ ഒറ്റപ്പെട്ട ഒരു കേന്ദ്രത്തില്‍ തുല്യദു:ഖിതര്‍ക്കൊപ്പം ശിഷ്‌ടജീവിതം കഴിച്ചുകൂട്ടുന്ന ഈ വയോധികര്‍ക്ക്‌ മക്കളും പേരമക്കളുമില്ലേ? ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയ അപൂര്‍വം ചിലര്‍ സമൂഹത്തിന്റെ കാരുണ്യം കാത്തുകഴിയുന്നവരുണ്ടെന്നത്‌ നേരാണ്‌. എന്നാല്‍ ബന്ധപ്പെട്ട ആളുകളും സാമ്പത്തിക ശേഷിയും ഉള്ളവര്‍ തന്നെയാണ്‌ പാര്‍ശ്വവല്‍കരിക്കപ്പെട്ട ഈ വൃദ്ധ സമൂഹം. പൗരന്മാര്‍ എന്ന നിലയില്‍ ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്‌ എന്നത്‌ വാസ്‌തവമാണ്‌. എന്നാല്‍ മാനവിക മൂല്യങ്ങള്‍ കാത്തുപോരുന്ന ഒരു സമൂഹത്തിന്‌ ഈ പ്രശ്‌നത്തെ നിസ്സംഗതയോടെ കാണാനൊക്കുമോ? ഭൂമി വികസിക്കുന്നില്ല. ജനം പെരുകിയാല്‍ അപകടമാണ്‌. അതിനാല്‍ ഇനിയാരും ജനിച്ചുകൂടാ. ജന്മം നല്‍കിയവര്‍ പിഴയൊടുക്കേണ്ടി വരും എന്ന തരത്തില്‍ നിയമമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും എല്ലാം ഭൗതികമായും കമ്പോളക്കണ്ണോടെയും കാണുന്നവര്‍ക്കും, ഒരു പ്രയോജനവും ഇനി പ്രതീക്ഷിക്കാനില്ലാത്ത ഈ വൃദ്ധസമൂഹത്തെ പറ്റി `ഡിസ്‌പോസിബ്‌ള്‍ തിയറി' ആയിരിക്കും അവതരിപ്പിക്കാനുണ്ടാവുക. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന ആധുനിക കാഴ്‌ചപ്പാട്‌ മാനവികതയെപ്പോലും ഡിസ്‌പോസിബ്‌ള്‍ ആക്കിത്തീര്‍ക്കുമോ എന്ന്‌ നാം ഭയക്കണം.

ഇവിടെയാണ്‌ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, ധര്‍മചിന്ത കൈമുതലാക്കിയ മതവിശ്വാസികളുടെ ബാധ്യത. ജന്തുക്കളെപ്പോലെയോ ഉരുപ്പടികള്‍ പോലെയോ അല്ല മനുഷ്യനെ കൈകാര്യം ചെയ്യേണ്ടത്‌ എന്നാണ്‌ മതങ്ങള്‍ പഠിപ്പിക്കുന്നത്‌; ഇസ്‌ലാം വിശേഷിച്ചും. ഇസ്‌ലാം മാനവികതയുടെ മതമാണ്‌. മനുഷ്യത്വത്തിന്റെ സകലമാന മാതൃകകളും ഇസ്‌ലാമികാധ്യാപനങ്ങളില്‍ കാണാം. അത്‌ ഔപചാരികമല്ല. യാഥാര്‍ഥ്യവും പ്രായോഗികതയും ഉള്‍ക്കൊള്ളുന്നതാണ്‌. ഇതര ജന്തുക്കളില്‍ നിന്ന്‌ മനുഷ്യനെ വ്യതിരിക്തനാക്കുന്ന ഒരു പ്രധാന ഘടകം മനുഷ്യബന്ധങ്ങളാണ്‌. ഭൗതികരായ ചിലര്‍ പറയാറുള്ളതു പോലെ കേവല യാദൃച്ഛികതയല്ല മനുഷ്യജന്മം. മുട്ടത്തോടും പക്ഷിക്കുഞ്ഞും തമ്മിലുള്ള ബന്ധമല്ല അമ്മയും മക്കളും തമ്മിലുള്ളത്‌. അത്‌ ആജീവനാന്തമാണ്‌; മരണാനന്തരവും നിലനില്‌ക്കുന്ന ബന്ധമാണ്‌. മനുഷ്യന്റെ പ്രത്യേകതയും ഉത്തരവാദിത്വവും ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്‌. മനുഷ്യന്റെ പ്രത്യേകതയും ദൗത്യവും വിവരിച്ചിട്ടുണ്ട്‌. മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക്‌ ഇസ്‌ലാം വളരെയേറെ വില കല്‌പിക്കുന്നുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ വിലയിരുത്തുന്നു: ``അല്ലാഹു നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക്‌ മക്കളെയും പേരമക്കളെയും ഉണ്ടാക്കിത്തരികയും വിശിഷ്‌ട വസ്‌തുക്കളില്‍ നിന്ന്‌ അവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‌കുകയും ചെയ്‌തിരിക്കുന്നു''(16:72).

 മനുഷ്യന്‍ ഒറ്റയാനല്ല. മൃഗങ്ങളെപ്പോലെ തന്‍കാര്യം മാത്രം നോക്കുന്നവനല്ല. തേനീച്ച പോലുള്ള കൂട്ടമല്ല. ഒരാള്‍, അയാള്‍ക്ക്‌ ഒരിണ, ആജീവനാന്ത ഇണ, ഇണകളിലൂടെ മക്കള്‍...! മക്കള്‍ക്ക്‌ ഇവര്‍ മാതാപിതാക്കള്‍. മക്കള്‍ക്ക്‌ വീണ്ടും മക്കള്‍. പേരക്കുട്ടിയും പിതാമഹനും. ഒരേസമയം ചുരുങ്ങിയത്‌ മൂന്ന്‌ തലമുറ. മരിച്ചാലും ബന്ധുക്കള്‍ക്ക്‌ മരണമില്ല. ഈ വിശിഷ്‌ടബന്ധങ്ങളുടെ ബലിഷ്‌ഠകവചമാണ്‌ മനുഷ്യസമൂഹത്തിന്റെ യഥാര്‍ഥ ശക്തി. മനുഷ്യന്റെ ജീവിതവും മരണവും അവന്റെ നിയന്ത്രണത്തിലല്ല. സ്രഷ്‌ടാവിന്റെ ഇച്ഛയ്‌ക്കൊത്ത്‌ മാത്രമേ അത്‌ നടപ്പിലാവൂ. എല്ലാവര്‍ക്കും ഒരേ ആയുസ്സല്ല. എല്ലാവരുടെയും ജീവിതപ്രക്രിയ ഒരുപോലെയല്ല. മനുഷ്യന്റെ ജന്മവും ശൈശവവും പക്ഷിമൃഗാദികളെക്കാള്‍ ദുര്‍ബലമാണ്‌. അല്ലാഹു പറയുന്നു: ``നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌ നിങ്ങളെ യാതൊന്നും അറിഞ്ഞു കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങള്‍ക്ക്‌ അവന്‍ കേള്‍വിയും കാഴ്‌ചയും ഹൃദയങ്ങളും നല്‍കുകയും ചെയ്‌തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി'' (16:78).

ദുര്‍ബലനായി ജനിച്ച മനുഷ്യന്‍ പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ഉപയോഗിച്ച്‌ ലോകത്തിന്റെ അധിപനായി. ഭൂമിയിലെ ഖലീഫ എന്നാണ്‌ അല്ലാഹു മനുഷ്യനെ വിശേഷിപ്പിച്ചത്‌. ശക്തിമാനായ ഈ മനുഷ്യന്‍ ദുര്‍ബലതയിലേക്ക്‌ മടങ്ങുന്ന പ്രകൃതിയുടെ പ്രതിഭാസത്തിലേക്ക്‌ ഖുര്‍ആന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു: ``അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്‌ടിച്ചത്‌. പിന്നീട്‌ അവന്‍ നിങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു. പലതും അറിഞ്ഞതിനു ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്ക വിധം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു'' (16:70). അവശതയനുഭവിക്കുന്ന വൃദ്ധജനങ്ങളെ എന്തു ചെയ്യണം? ശേഷിയും കഴിവുമുള്ള മനുഷ്യനോട്‌ അല്ലാഹു കല്‌പിക്കുന്നു: ``തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. മാതാപിതാക്കളില്‍ ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ `ഛെ' എന്നു പോലും പറയരുത്‌; അവരോട്‌ കയര്‍ക്കുകയും അരുത്‌. അവരോട്‌ നീ മാന്യമായ വാക്കുപറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്‌ത്തിക്കൊടുക്കുക. അവര്‍ക്കു വേണ്ടി നീ ഇങ്ങനെ പ്രാര്‍ഥിക്കുക: രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതു പോലെ ഇവരോട്‌ നീ കരുണ കാണിക്കേണമേ.'' (17:24,25)

ഇവിടെ ചിത്രം പൂര്‍ത്തിയാകുന്നു. പിഞ്ചുകുഞ്ഞിനെ ലാളിച്ചുവളര്‍ത്തുന്നു. വൃദ്ധമാതാപിതാക്കളെ കാരുണ്യത്തോടെ സംരക്ഷിക്കുന്നു. ഈ സുഭദ്രമായ സമൂഹത്തില്‍ വൃദ്ധസദനങ്ങള്‍ക്ക്‌ സ്ഥാനമെവിടെ? ഓരോ വീടും വൃദ്ധസദനങ്ങളാകട്ടെ. തങ്ങളുടെ മാതാപിതാക്കള്‍ക്കു വേണ്ടി പ്രായാധിക്യത്തിന്റെ അവശതയനുഭവിക്കുന്നവരെ കഴിവതും സംരക്ഷിച്ചുപോരുന്ന മനുഷ്യന്‍ സ്വന്തം കാര്യത്തില്‍ ഇങ്ങനെ പ്രാര്‍ഥിക്കണമെന്ന്‌ നബി മാതൃക കാണിച്ചു: അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അന്‍ഉറദ്ദ ഇലാ അര്‍ദലില്‍ ഉമൂര്‍ (അല്ലാഹുവേ, വാര്‍ധക്യത്തിന്റെ അവശതയിലേക്ക്‌ തള്ളിവിടപ്പെടുന്നതില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ രക്ഷ തേടുന്നു). തികഞ്ഞ കാഴ്‌ചപ്പാടും വ്യക്തമായ നിലപാടുമുള്ള ഒരു സമൂഹം ഇങ്ങനെ ചെയ്യുന്നതെന്തിന്‌?

ദൈവപ്രീതിക്കു വേണ്ടി മാത്രം കുടുംബസമേതം അനന്തമായ യാത്രയിലാണ്‌ നമ്മള്‍ എന്നോര്‍ക്കുക. അതിഭൗതികതയില്‍ കഴിഞ്ഞുകൂടുന്ന ഒരു ജനതക്ക്‌ ഇങ്ങനെ ചിന്തിക്കാനാവില്ല. കമ്പോളവത്‌കൃത സമൂഹത്തിലാകട്ടെ ഈ അവധാനതയ്‌ക്ക്‌ നേരമില്ല. വലിയുപ്പയുടെയും വലിയുമ്മയുടെയും സാന്നിധ്യമുള്ള വീടിന്റെ ആന്തരികമായ ഐശ്വര്യം ആസ്വദിക്കാന്‍ നമുക്ക്‌ കഴിയുന്നില്ല. ഉദാത്തമായ മാനവിക മാതൃകയും ഉന്നതമായ മാനുഷിക ബന്ധങ്ങളും കാഴ്‌ച വച്ച ഇസ്‌ലാമിന്റെ അനുയായികള്‍ തന്നെ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത ദുരവസ്ഥയിലേക്ക്‌ കാലം കൂപ്പുകുത്തുമ്പോള്‍ പ്രവാചകന്റെ തിരുവചനങ്ങള്‍ നമുക്ക്‌ വഴിവിളക്കായി മാറട്ടെ. `സ്വര്‍ഗം മാതൃപാദത്തിനടിയിലാണ്‌. അല്ലാഹുവിന്റെ തൃപ്‌തി മാതാപിതാക്കളുടെ തൃപ്‌തിയിലാണ്‌'. എങ്കില്‍ വൃദ്ധസദനമോ വൃദ്ധദിനമോ പ്രസക്തമാകുന്നില്ല.

 From ശബാബ് എഡിറ്റോറിയൽ

കൃഷി ഒരു പുണ്യകര്‍മമാണ്‌

 കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്‌കര്‍മമായും ഇസ്‌ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള കൃഷിയില്‍ ഒന്നാണെന്ന തിരിച്ചറിവ്‌ ഇസ്‌ലാം വിശ്വാസികള്‍ക്ക്‌ നല്‌കുന്നുണ്ട്‌. ``ഒരാള്‍ ഒരു ചെടി നട്ടുവളര്‍ത്തി. അതിലുണ്ടായ കായ്‌കനികള്‍ മൃഗങ്ങളോ പക്ഷികളോ തിന്നാല്‍ പോലും അത്‌ നട്ടുവളര്‍ത്തിയവന്‌ പ്രതിഫലം കിട്ടിക്കൊണ്ടേയിരിക്കും'' എന്ന നബിവചനം കൃഷിയുടെ ആത്മീയഭാവം വ്യക്തമാക്കുന്നു. ഒരു വൃക്ഷത്തൈ നടാന്‍ പോവുമ്പോഴാണ്‌ പ്രപഞ്ചത്തിന്റെ അന്ത്യം സംഭവിക്കുന്നതെങ്കില്‍ പോലും, തൈ നട്ടിരിക്കണമെന്ന പ്രവാചകന്റെ ആഹ്വാനം എത്ര ശ്രദ്ധേയമാണ്‌? ഭൂമിയിലെ ഭക്ഷ്യലഭ്യത നിലനിര്‍ത്താനും ഭൂമിയെ ഹരിതാഭമാക്കാനും ഓരോരുത്തരും കടപ്പെട്ടവരാണെന്ന്‌ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നു. മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഉല്‌പാദിപ്പിക്കാനുള്ള ശേഷി അല്ലാഹു ഭൂമിക്ക്‌ നല്‌കിയിട്ടുണ്ട്‌. എല്ലാവര്‍ക്കും അന്നം നല്‌കുക എന്നത്‌ അല്ലാഹു ഏറ്റെടുത്ത ബാധ്യതയുമാണ്‌.

അല്ലാഹു പറയുന്നു: ``ഭൂമിയില്‍ യാതൊരു ജീവിയും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെയില്ല; അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്‌പഷ്‌ടമായ ഒരു രേഖയിലുണ്ട്‌.'' (വി.ഖു 11:6) എന്നാല്‍ അലസനായി ഒരിടത്തിരുന്നാല്‍ അന്നം അവനെ തേടിവരികയില്ല. തന്റെ കഴിവും ആരോഗ്യവും ഉപയോഗിച്ച്‌ ഭൂമിയില്‍ അവന്‍ അധ്വാനിക്കണം. നിലമുഴുത്‌ വിത്തിറക്കുക, വെള്ളവും വളവും നല്‌കി സംരക്ഷിക്കുക തുടങ്ങി പ്രാഥമികമായ എല്ലാ പ്രവൃത്തികളും മനുഷ്യന്‍ ആസൂത്രിതമായും ശാസ്‌ത്രീയമായും നിര്‍വഹിക്കണം. തന്റെ നിയന്ത്രണത്തില്‍പ്പെടാത്ത കാര്യങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ശരിയായ ഫലപ്രാപ്‌തിക്ക്‌ വേണ്ടി പ്രാര്‍ഥിച്ച്‌ കൊണ്ടിരിക്കുകയും വേണ്ടതുണ്ട്‌. മനുഷ്യന്‍ മണ്ണില്‍ പണിയെടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. കൃഷിക്കാവശ്യമായ വെള്ളം അല്ലാഹുവാണ്‌ ഇറക്കിത്തരുന്നത്‌. വിത്തുകള്‍ മുളപ്പിക്കുന്നതും ഭൂമി പിളര്‍ത്തി അവയെ പുറത്ത്‌ കൊണ്ടുവരുന്നതും അവന്‍ തന്നെ. അവയെ വളര്‍ത്തി പൂവും കായും നല്‌കി, പൂര്‍ണതയിലെത്തിക്കുന്നതിലും മനുഷ്യന്‌ കാര്യമായ പങ്കില്ല. അവയുടെ നാശത്തെ തടഞ്ഞുനിര്‍ത്താനും ഒരു പരിധി വരെ മാത്രമേ മനുഷ്യനാവൂ. ഇതെല്ലാം ഉള്‍ക്കൊണ്ട്‌ കൊണ്ടായിരിക്കണം ഒരു കര്‍ഷകന്‍ പ്രവര്‍ത്തിക്കേണ്ടത്‌ എന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു.

അല്ലാഹു പറയുന്നു: ``ധാന്യങ്ങളും വിത്തുകളും പിളര്‍ത്തി മുള പുറത്തുകൊണ്ടുവരുന്നവനാകുന്നു അല്ലാഹു; നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെയും ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്തുകൊണ്ടുവരുന്നു'' (വി.ഖു 6:95). ``നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തന്ന, ആകാശത്ത്‌ നിന്നു വെള്ളമിറക്കി, അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കാനുള്ള കായ്‌കനികള്‍ ഉല്‌പാദിപ്പിച്ച്‌ തരികയും ചെയ്‌ത നാഥനെ (നിങ്ങള്‍ ആരാധിക്കുക). ഇതെല്ലാം അറിഞ്ഞുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്മാരെ ഉണ്ടാക്കരുത്‌'' (വി.ഖു 2:22). ``നിങ്ങള്‍ അശേഷം ചിന്തിച്ചിട്ടില്ലയോ? നിങ്ങള്‍ വിതയ്‌ക്കുന്ന വിത്ത്‌; അതില്‍ നിന്ന്‌ വിള മുളപ്പിക്കുന്നത്‌ നിങ്ങളാണോ, അതോ നാമാണോ മുളപ്പിക്കുന്നത്‌? നാം വിചാരിക്കുകയാണെങ്കില്‍ ഈ വിളകളെ ഉണങ്ങിയ താളുകളാക്കുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. നമ്മുടെ മേല്‍ കടം കേറിയല്ലോ, അല്ല നാം ഭാഗ്യഹീനരായിപ്പോയല്ലോ എന്നിങ്ങനെ.'' (അല്‍വാഖിഅ 63-67)

 ഇസ്‌ലാമിന്റെ കാര്‍ഷിക സംസ്‌കാരം 

 പ്രാര്‍ഥനാപൂര്‍വം വിത്തിറക്കുക, ക്ഷമയോടെ പരിചരിക്കുക, പ്രതീക്ഷാപൂര്‍വം കാത്തിരിക്കുക, വിളവുണ്ടായാല്‍ നിശ്ചിത ശതമാനം സകാത്ത്‌ നല്‌കുക, പ്രാര്‍ഥനാപൂര്‍വം ഭക്ഷിക്കുക, വിളവ്‌ കുറയുകയോ നശിക്കുകയോ ചെയ്‌താല്‍ അല്ലാഹുവിന്റെ വിധിയില്‍ ക്ഷമിക്കുക, വീണ്ടും പ്രാര്‍ഥനയോടെയും പ്രതീക്ഷയോടെയും കൃഷിചെയ്യുക തുടങ്ങിയവ ഇസ്‌ലാം പഠിപ്പിക്കുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണ്‌. കാര്‍ഷിക പ്രവൃത്തിയോട്‌ തികഞ്ഞ ആത്മാര്‍ഥതയും ഗുണകാംക്ഷയും പുലര്‍ത്തുക, കുതന്ത്രം പ്രയോഗിച്ചോ മറ്റോ അന്യായമായി കൈവശപ്പെടുത്തിയ ഭൂമിയില്‍ കൃഷി ചെയ്യാതിരിക്കുക, അല്ലാഹു ഹറാമാക്കിയ വിഭവങ്ങള്‍ക്കു വേണ്ടി കൃഷി നടത്താതിരിക്കുക, മറ്റുള്ളവര്‍ക്ക്‌ ദ്രോഹമുണ്ടാക്കാതിരിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇസ്‌ലാം കൃഷിയുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുന്നുണ്ട്‌. തന്റെ കൃഷിയും തോട്ടവും തനിക്ക്‌ ലഭിച്ച വിളവും തന്റെ അധ്വാനത്തിന്റെ ഫലം മാത്രമല്ലെന്നും അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഫലമാണെന്നുമുള്ള തിരിച്ചറിവ്‌ കര്‍ഷകനുണ്ടാവണം. അഹങ്കാരത്തോടെ തന്റെ തോട്ടത്തില്‍ വന്ന്‌ സ്വത്തിനെക്കുറിച്ച്‌ വീമ്പ്‌ പറഞ്ഞ ഒരാളുടെ തോട്ടം അല്ലാഹു നശിപ്പിച്ച സംഭവം ഖുര്‍ആന്‍ സൂറതുല്‍ കഹ്‌ഫില്‍ (32 മുതല്‍ 44 വരെയുള്ള വചനങ്ങളില്‍) വിവരിക്കുന്നു.

 സമൃദ്ധമായ വിളവ്‌ തരാന്‍ കഴിവുള്ള രക്ഷിതാവിന്‌ ഏത്‌ നിമിഷവും അവ ഇല്ലായ്‌മ ചെയ്യാനും കഴിയും എന്ന ബോധവും വിനയവും കര്‍ഷകനുണ്ടായിരിക്കണം. അല്ലാഹു പറയുന്നു: ``ഐഹിക ജീവിതത്തിന്റെ ഉപമ ഇങ്ങനെയാണ്‌. ആകാശത്തു നിന്ന്‌ നാം മഴ വര്‍ഷിപ്പിച്ചിട്ട്‌ മനുഷ്യരും കന്നുകാലികളും ഭക്ഷിക്കുന്ന പലതരം സസ്യങ്ങള്‍ അതുകൊണ്ട്‌ ഭൂമിയില്‍ ഇടകലര്‍ന്നുണ്ടായി. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിഞ്ഞു. അത്‌ ഭംഗിയായി നില്‌ക്കുകയും അത്‌ കരസ്ഥമാക്കാന്‍ സാധിച്ചുവെന്ന്‌ അതിന്റെ ഉടമസ്ഥര്‍ക്ക്‌ തോന്നുകയും ചെയ്‌തപ്പോള്‍, പെട്ടെന്ന്‌ രാത്രിയോ പകലോ ആ കൃഷിഭൂമിക്ക്‌ നമ്മുടെ കല്‌പന എത്തുകയും തലേ ദിവസം അവിടെ അങ്ങനെ ഒരു കൃഷിയില്ലാതിരുന്ന മട്ടില്‍ അതിനെ ഉന്മൂലനാശം വരുത്തുകയും ചെയ്‌തു. ചിന്തിക്കുന്നവര്‍ക്ക്‌ ഇപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (വി.ഖു 10:24) ``അവന്റെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു; അപ്പോള്‍ അതില്‍ ചെലവിറക്കിയതിനെക്കുറിച്ച്‌ ദു:ഖിച്ച്‌ അവന്‍ രണ്ട്‌ കൈകളം മലര്‍ത്തുന്നു; തോട്ടങ്ങളാകട്ടെ അവയുടെ പന്തലുകളോടു കൂടി വീണടിഞ്ഞ്‌ കിടക്കുകയാണ്‌. എന്റെ നാഥനോട്‌ മറ്റാരെയും ഞാന്‍ പങ്ക്‌ ചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നവന്‍ വിലപിക്കുന്നു.'' (വി.ഖു 18:42) ശൈഖുല്‍ അസ്‌ഹര്‍ അലി ത്വന്‍ത്വാവി പറയുന്നു: ``സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌, കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ദൈവഭക്തി കൂടിയവരാവും എന്നാണ്‌. അവര്‍ കൂടുതല്‍ ദൈവത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കും. കാരണം നിലമുഴുത്‌, വിത്തിറക്കി, പരിചരിച്ച്‌, ഫലം പ്രതീക്ഷിച്ചിരിക്കുന്ന സ്വഭാവം അവരെ കൂടുതല്‍ അല്ലാഹുവിലേക്ക്‌ അടുപ്പിച്ചുകൊണ്ടിരിക്കും.'' (ഹദീസുല്‍ ഖുര്‍ആനിവസുന്ന: അനിസ്സിറാഅ:) 

തൊഴിലെടുത്ത്‌ ജീവിക്കുന്നതിനെ ഇസ്‌ലാം അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു. അനുവദനീയമായ ജീവിതവഹകള്‍ കണ്ടെത്തേണ്ടതിനായി പരിശ്രമിക്കേണ്ടത്‌ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ കടമയാണെന്ന്‌ നബി(സ) ഉണര്‍ത്തുന്നുണ്ട്‌. പ്രവാചകന്റെ കാലത്ത്‌ മദീനയില്‍ ധാരാളമായി കൃഷിയുണ്ടായിരുന്നു. മക്കയില്‍ നിന്നും ഹിജ്‌റ വന്ന മുഹാജിറുകളെ, അന്‍സാറുകള്‍ തങ്ങളുടെ കൃഷിയില്‍ പങ്കാളികളാക്കിയ ചരിത്രം നമുക്കു കാണാം. പകലിനെ ജീവിതവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള സമയമായി നിശ്ചയിച്ച്‌ തന്നത്‌ ഒരനുഗ്രഹമായി അല്ലാഹു എടുത്തുപറയുന്നു (അന്നബഅ്‌ 11). സഞ്ചരിക്കാനും കാര്‍ഷിക വൃത്തിക്കും അനുഗുണമാം വിധം ഭൂമിയെ സൃഷ്‌ടിച്ചതും അല്ലാഹു ഓര്‍മപ്പെടുത്തുന്നു. ``അവനാണ്‌ നിങ്ങള്‍ക്ക്‌ ഭൂമിയെ വശപ്പെടുത്തിത്തന്നത്‌. അതിന്റെ മാറിലൂടെ നടന്നുകൊള്ളുവിന്‍, ദൈവത്തിന്റെ വിഭവം ഭുജിച്ചുകൊള്ളുവിന്‍, അവനിലേക്ക്‌ നിങ്ങള്‍ തിരിച്ച്‌ ചെല്ലേണ്ടതുമുണ്ട്‌.'' (മുല്‍ക്ക്‌ 15)

 ഖുര്‍ആനില്‍ വചനങ്ങളില്‍ 

സസ്യശാസ്‌ത്ര ശാഖയുമായി ബന്ധപ്പെട്ട വചനങ്ങള്‍ ഖുര്‍ആനില്‍ നൂറിലേറെ സ്ഥലങ്ങളില്‍ കാണാം. സര്‍അ്‌ (കൃഷി) എന്ന പദവും അതില്‍ നിന്ന്‌ ഉത്ഭൂതമാകുന്ന രൂപങ്ങളും പതിനാല്‌ സ്ഥലങ്ങളിലുണ്ട്‌. പഴങ്ങള്‍, കായ്‌കനികള്‍ എന്നിവയെക്കുറിച്ച്‌ അറുപത്തി നാല്‌ സ്ഥലങ്ങളിലും മരത്തെക്കുറിച്ച്‌ ഇരുപത്തഞ്ച്‌ സ്ഥലങ്ങളിലും പരാമര്‍ശം കാണാം. ധാന്യങ്ങളെക്കുറിച്ച്‌ പന്ത്രണ്ട്‌ സ്ഥലത്തും ഇലകളെക്കുറിച്ച്‌ മൂന്ന്‌ സ്ഥലത്തും പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇരുപത്തഞ്ചില്‍ പരം സസ്യങ്ങളുടെ പേര്‌ പരാമര്‍ശിച്ച ഖുര്‍ആന്‍ പച്ചക്കറികള്‍, കാലിത്തീറ്റ എന്നിവയെയും പരാമര്‍ശിക്കുന്നുണ്ട്‌. സസ്യങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കാര്‍ഷിക വിളകള്‍, കാലിത്തീറ്റ, ഇലകള്‍, പഴങ്ങള്‍, മരങ്ങള്‍, ഫലവര്‍ഗങ്ങള്‍ എന്നിവക്ക്‌ പുറമെ ഇരുപത്തഞ്ചോളം സസ്യങ്ങളുടെ പേരുകളും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ഈത്തപ്പന, ഒലീവ്‌, മുന്തിരി, മാതളം, അത്തി, ഇലന്ത, മന്ന, കാറ്റാടി, ഹംത്വ്‌ കര്‍പ്പൂരം, ഇഞ്ചി, പയര്‍, ഉള്ളി, വെളുത്തുള്ളി, കക്കരി, വാഴ, ചുരയ്‌ക്ക, കടുക്‌, തുളസി, സഖൂം, ളരീഅ്‌, തുബാ എന്നീ സസ്യങ്ങളെ ഖുര്‍ആന്‍ പ്രത്യേകം പേരെടുത്ത്‌ പറയുന്നുണ്ട്‌. 

അല്ലാഹുവിന്റെ ഏകത്വവും കൃഷിയും

 സ്രഷ്‌ടാവിന്റെ ഏകത്വവും മഹത്വവും ബോധ്യപ്പെടാന്‍ ഉപകരിക്കുന്ന ഒരു പ്രവര്‍ത്തനമായി ഖുര്‍ആന്‍ കൃഷിയെ പരിചയപ്പെടുത്തുന്നത്‌ കാണാം. വരണ്ടുണങ്ങിയ മണ്ണില്‍ മഴ വര്‍ഷിപ്പിക്കുന്നതും അവിടെ സസ്യലതാദികള്‍ വളര്‍ത്തി മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും ലഭ്യമാക്കുന്നതും സ്രഷ്‌ടാവല്ലാതെ മറ്റാരെങ്കിലുമാണോ എന്ന്‌ ഖുര്‍ആന്‍ ചോദിക്കുന്നു. ``കരയിലെയും കടലിലെയും അന്ധകാരത്തില്‍ നിങ്ങള്‍ക്ക്‌ വഴികാണിക്കുന്നതാരാകുന്നു? തന്റെ മഴയാകുന്ന അനുഗ്രഹത്തിന്റെ മുന്നില്‍ കാറ്റുകളെ സുവാര്‍ത്തയായി അയക്കുന്നവന്‍ ആരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം ഇതിനുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അത്യുന്നതനത്രെ അല്ലാഹു.'' ``സൃഷ്‌ടി ആരംഭിക്കുന്നവനും പിന്നീടതാവര്‍ത്തിക്കുന്നവനും ആരാകുന്നു? വിണ്ണില്‍ നിന്നും മണ്ണില്‍ നിന്നും നിങ്ങള്‍ക്ക്‌ അന്നം തരുന്നവനാരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം ഉണ്ടോ? പറയൂ: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ തെളിവ്‌ കൊണ്ടുവരൂ'' (വി.ഖു 27:63,64) ``എന്നാല്‍ നിങ്ങള്‍ കൃഷിചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത്‌ മുളപ്പിച്ച്‌ വളര്‍ത്തുന്നത്‌? അതോ നാമാണോ ഉല്‌പാദിപ്പിക്കുന്നത്‌?'' (വി.ഖു 56:63-64)

 ഒരു ദൈവികദൃഷ്‌ടാന്തം

 ഒരേ മണ്ണില്‍ ഒരേ വെള്ളവും വളവും സ്വീകരിച്ച്‌ വളരുന്ന വ്യത്യസ്‌ത സസ്യങ്ങള്‍ രുചിഭേദങ്ങളിലും ഗുണങ്ങളിലും വര്‍ണങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നത്‌ മനുഷ്യനെ ചിന്തിപ്പിക്കേണ്ടതാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ``ഭൂമിയില്‍ തൊട്ടു തൊട്ടുകിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന്‌ പല ശാഖകളായി വളരുന്നതും വേറെ വേറെ മുരടുകളില്‍ നിന്ന്‌ വളരുന്നതുമായ ഈത്തപ്പനകളുണ്ട്‌. ഒരേ വെള്ളം കൊണ്ടാണ്‌ അത്‌ നനയ്‌ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനേക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌.'' (വി.ഖു 13:4)

 മഹത്തായ അനുഗ്രഹം 

മാനവ സമൂഹത്തിന്‌ അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ട ഒന്നായി കൃഷിയെ അല്ലാഹു എടുത്തുപറയുന്നു. മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും ജീവിതവും നിലനില്‌പും ഭൂമിയില്‍ അവന്‍ നടത്തുന്ന കൃഷിയുമായി ബന്ധപ്പെട്ടത്‌ കൂടിയാണ്‌. പഴവര്‍ഗങ്ങളും ധാന്യങ്ങളും ഇതര കായ്‌കനികളും മനുഷ്യജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളില്‍ പെട്ടതാണല്ലോ. അല്ലാഹു പറയുന്നു: ``മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്ന്‌ ചിന്തിച്ചുനോക്കട്ടെ, നാം ശക്തിയായി വെള്ളം ചൊരിഞ്ഞ്‌ കൊടുത്തു; പിന്നീട്‌ നാം ഭൂമിയെ പിളര്‍ത്തിക്കൊടുത്തു, എന്നിട്ടതില്‍ ധാന്യവും മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതൂര്‍ന്നു നില്‌ക്കുന്ന തോട്ടങ്ങളും പഴവര്‍ഗങ്ങളും പുല്ലും നാം മുളപ്പിച്ചു; നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.'' (വി.ഖു 80:24-32) ``അങ്ങനെ ആ വെള്ളം കൊണ്ട്‌ നാം നിങ്ങള്‍ക്ക്‌ ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അവയില്‍ നിങ്ങള്‍ക്ക്‌ ധാരാളം പഴങ്ങളുണ്ട്‌. അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.'' (വി.ഖു 23:19)

 ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‌ 

ഏതൊരു രാജ്യവും ഭക്ഷ്യസുരക്ഷ കൈവരിക്കാനും ദാരിദ്ര്യത്തില്‍ നിന്ന്‌ കരകയറാനും ആ രാജ്യത്തെ ഭൂമി ഉല്‌പാദനക്ഷമമായിരിക്കേണ്ടതുണ്ട്‌. നാട്ടില്‍ സമൃദ്ധി നിറയ്‌ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളിലൊന്നാണ്‌ കൃഷി. ഭക്ഷ്യധാന്യങ്ങളുടെ ഉല്‌പാദനവും സൂക്ഷിപ്പും ഏതൊരു രാജ്യവും പ്രോത്സാഹിപ്പിക്കും. യൂസുഫ്‌ നബി(അ)യുടെ കാലത്ത്‌ ഈജിപ്‌തിനെ കടുത്ത ഭക്ഷ്യക്ഷാമത്തില്‍ നിന്നും രക്ഷിച്ചത്‌ ആസൂത്രണത്തോടെയുള്ള കൃഷിയും ധാന്യങ്ങളുടെ സൂക്ഷിപ്പുമായിരുന്നുവെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ഫലസ്‌തീനടക്കമുള്ള സമീപരാജ്യങ്ങള്‍ കടുത്ത ക്ഷാമത്തിനും ദാരിദ്ര്യത്തിനും വിധേയമായപ്പോള്‍ ഈജിപ്‌ത്‌ പിടിച്ചുനിന്നത്‌ യൂസുഫ്‌(അ) നിര്‍ദേശിച്ച പ്രകാരമുള്ള കൃഷി മുഖേനയായിരുന്നു. ഏഴ്‌ മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്ത ഏഴ്‌ പശുക്കളെ തിന്നുന്നതും ഏഴ്‌ പച്ചക്കതിരുകളും ഉണങ്ങിയ കതിരുകളും രാജാവ്‌ സ്വപ്‌നം കണ്ടു; ഇതിനെ വ്യാഖ്യാനിച്ച്‌ യൂസുഫ്‌(അ) പറഞ്ഞു: ``നിങ്ങള്‍ ഏഴു കൊല്ലം തുടര്‍ച്ചയായി കൃഷിചെയ്യുക; എന്നിട്ട്‌ നിങ്ങള്‍ കൊയ്‌തെടുത്തതില്‍ നിന്ന്‌ ഭക്ഷിക്കേണ്ടതൊഴിച്ച്‌ ബാക്കിയുള്ളത്‌ അവയുടെ കതിരില്‍ തന്നെ സൂക്ഷിക്കുക. പിന്നീടതിന്‌ ശേഷം പ്രയാസകരമായ ഏഴ്‌ വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ചുവെച്ചിട്ടുള്ളതിനെയെല്ലാം തിന്ന്‌ തീര്‍ക്കുന്നതാണ്‌, നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന്‌ അല്‌പമൊഴികെ.'' (വി.ഖു 12:47,48)

 കൃഷിയും മനുഷ്യപ്രകൃതിയും 

കാര്‍ഷിക വിളകളോടുള്ള മനുഷ്യന്റെ അദമ്യമായ താല്‌പര്യം അവന്റെ പ്രകൃതിയില്‍ നിക്ഷിപ്‌തമാണെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. കൃഷി, കാലിവളര്‍ത്തല്‍ എന്നിവ പുരാതന കാലം മുതല്‍ വരുമാനത്തിനുള്ള മാര്‍ഗമായി കണ്ടതു പോലെ ആനന്ദത്തിന്റെയും ആത്മനിര്‍വൃതിയുടെയും വഴിയായും സ്വീകരിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു: ``ഭാര്യമാര്‍, മക്കള്‍, കുന്നുകൂട്ടിയ സ്വര്‍ണവും വെള്ളിയും, മേത്തരം കുതിരകള്‍, നാല്‌ക്കാലികള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്‌ടപ്പെട്ട വസ്‌തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോക ജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു മനുഷ്യര്‍ക്ക്‌ ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.'' (വി.ഖു 3:14) 

ഉപമകളിലൂടെ

 ഉപമകളും ഉദാഹരണങ്ങളും പറഞ്ഞാണ്‌ ഖുര്‍ആന്‍ ഒട്ടേറെ കാര്യങ്ങള്‍ വിവരിക്കുന്നത്‌. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഉദാഹരണങ്ങളാണ്‌ സഹായിക്കുക. കൃഷിയുമായി ബന്ധമുള്ള ധാരാളം ഉപമകള്‍ ഖുര്‍ആനില്‍ നിറഞ്ഞുനില്‌ക്കുന്നുണ്ട്‌. നന്മയുടെ വഴിയില്‍ ധനം ചെലവഴിക്കുന്നതിനെ ഖുര്‍ആന്‍ ഉപമിക്കുന്നത്‌ കാണുക: ``അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത്‌ ഒരു ധാന്യമണിയോടാകുന്നു. അത്‌ ഏഴ്‌ കതിരുകള്‍ ഉല്‌പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്‌ ധാന്യമണികളും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക്‌ ഇരട്ടിയായി നല്‌കുന്നു. അല്ലാഹു ഏറെ കഴിവും അറിവും ഉള്ളവനാണ്‌.'' (വി.ഖു 2:261) സദ്‌വൃത്തരായ സത്യവിശ്വാസികളെ ഉപമിച്ചുകൊണ്ട്‌ അല്ലാഹു പറയുന്നു: ``അതാണ്‌ തൗറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ; ഇഞ്ചീലില്‍ അവരുടെ ഉപമ ഇങ്ങനെയാകുന്നു: ഒരു വിള അത്‌ അതിന്റെ കൂമ്പ്‌ പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്‌ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൗതുകം തോന്നിച്ചുകൊണ്ട്‌ അതിന്റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നു നിന്നു.'' (വി.ഖു 48:29) ഏകദൈവവിശ്വാസത്തെയും സത്യവിശ്വാസത്തെയും അല്ലാഹു നല്ല ഫലവൃക്ഷത്തോടുപമിക്കുമ്പോള്‍ ശിര്‍ക്കിനെയും സത്യനിഷേധിയെയും ദുര്‍ബലവും ഫലശൂന്യവുമായ മരത്തോടാണ്‌ ഉപമിക്കുന്നത്‌. ``അല്ലാഹു നല്ല വചനത്തിന്‌ എങ്ങനെയാണ്‌ ഉപമ നല്‌കിയിരിക്കുന്നത്‌ എന്ന്‌ നീ കണ്ടില്ലേ? അത്‌ ഒരു നല്ല മരം പോലെയാകുന്നു; അതിന്റെ മുരട്‌ ഉറച്ചുനില്‌ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച്‌ അത്‌ എല്ലാ കാലത്തും ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക്‌ ആലോചിച്ച്‌ മനസ്സിലാക്കാനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു; ഭൂതലത്തില്‍ നിന്ന്‌ അത്‌ പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്‌ യാതൊരു നിലനില്‌പുമില്ല. (ഖു 14:24-26) 

ഭൗതിക ജീവിതത്തിന്റെ ക്ഷണികത ബോധ്യപ്പെടുത്താന്‍ സസ്യങ്ങളെയാണ്‌ അല്ലാഹു ഉദാഹരിക്കുന്നത്‌. ഒരു മഴ പെയ്യുമ്പോഴേക്ക്‌ മുളച്ചുപൊങ്ങി വളര്‍ന്ന്‌ ഏതാനും ദിവസം വെയിലേല്‌ക്കുമ്പോള്‍ ഉണങ്ങിപ്പോകുന്ന സസ്യങ്ങളെപ്പോലെ കുറഞ്ഞകാലം മാത്രമാണ്‌ ഐഹിക ജീവിതം. അല്ലാഹു പറയുന്നു: ``നബിയേ നീ അവര്‍ക്ക്‌ ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക; ആകാശത്ത്‌ നിന്ന്‌ നാം വെള്ളമിറക്കി; അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടതൂര്‍ന്ന്‌ വളരുന്നു; താമസിയാതെ അത്‌ കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു. (വി.ഖു 18:50)

 ആഹാര സ്രോതസ്സ്‌ 

ഭൂമിയില്‍ വൈവിധ്യമാര്‍ന്ന സസ്യങ്ങളും ഫലവര്‍ഗങ്ങളും അല്ലാഹു ഉല്‌പാദിപ്പിച്ചത്‌ തന്റെ അടിമകളുടെ അന്നത്തിന്‌ വേണ്ടിയാണെന്ന്‌ അല്ലാഹു അറിയിക്കുന്നു. മനുഷ്യരുടെ മാത്രമല്ല, പക്ഷിമൃഗാദികളുടെ ഭക്ഷണവും കൂടി കണക്കിലെടുത്താണ്‌ അല്ലാഹു വിവിധ വസ്‌തുക്കള്‍ ഭൂമിയില്‍ ഉണ്ടാക്കുന്നത്‌. അല്ലാഹു പറയുന്നു: ``ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഉത്തമമായ ഭക്ഷണവും ലഹരിയും ഉണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്‌ടാന്തമുണ്ട്‌ (നഹ്‌ല്‍ 67). ``പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും ഈത്തപ്പനകളും വിവിധ തരം കനികളുള്ള കൃഷികളും പരസ്‌പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്‌ടിച്ചുണ്ടാക്കിയതവനാകുന്നു. അവയോരോന്നും കായ്‌ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതിന്റെ വിളവെടുപ്പു ദിവസം അതിന്റെ ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കില്ല (6:141). ``വരണ്ട ഭൂമിയിലേക്ക്‌ നാം വെള്ളം കൊണ്ടുചെല്ലുകയും അതുമൂലം ഇവരുടെ കാലികള്‍ക്കും ഇവര്‍ക്കുതന്നെയും തിന്നാനുള്ള കൃഷി നാം ഉല്‌പാദിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ ഇവര്‍ കണ്ടില്ലേ? അവര്‍ എന്നിട്ടും കണ്ടറിയുന്നില്ലേ? (വി.ഖു 32:27) 

സ്വര്‍ഗത്തിലും നരകത്തിലും 

 സ്വര്‍ഗനിവാസികള്‍ക്ക്‌ ലഭിക്കുന്ന സ്വാദിഷ്‌ടമായ ഭക്ഷണത്തെക്കുറിച്ചും നരകക്കാരുടെ കഠിനമായ ശിക്ഷയെ കുറിച്ചും പരാമര്‍ശിക്കുന്നിടത്ത്‌ മരങ്ങളും വിശിഷ്ടമായ പഴവര്‍ഗങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നു. ആദം നബി(അ)യെയും ഹവ്വാബീവിയെയും സ്വര്‍ഗത്തില്‍ താമസിപ്പിച്ചപ്പോള്‍ ഒരു മരത്തിന്റെ ഫലമൊഴികെ മറ്റേത്‌ പഴവും കായ്‌കനികളും തിന്നാന്‍ അനുവാദം നല്‌കിയിരുന്നു: ``നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്ത്‌ നിന്ന്‌ സുഭിക്ഷമായി തിന്നുകൊള്ളുക; എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌.'' (വി.ഖു 2:35) സ്വര്‍ഗക്കാര്‍ക്ക്‌ ലഭിക്കുന്ന പരസ്‌പര സാദൃശ്യമുള്ളതും രുചിവൈവിധ്യങ്ങള്‍ നിറഞ്ഞതുമായ പഴങ്ങളെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നു: ``അതിലെ ഓരോ കനിയും ഭക്ഷിക്കുവാനായി നല്‌കപ്പെടുമ്പോള്‍ `ഇതിനു മുമ്പ്‌ തങ്ങള്‍ക്ക്‌ നല്‌കപ്പെട്ടത്‌ തന്നെയാണല്ലോ ഇതും' എന്നായിരിക്കും അവര്‍ പറയുക. വാസ്‌തവത്തില്‍ പരസ്‌പരം സാദൃശ്യമുള്ള നിലയില്‍ അവര്‍ക്കത്‌ നല്‌കപ്പെടുകയാണുണ്ടായത്‌. (വി.ഖു 2:25)

 അതേസമയം നരകവാസികള്‍ക്ക്‌ ലഭിക്കുന്ന ശിക്ഷയുടെ ഭാഗമായി സഖൂം വൃക്ഷത്തെയും ളരീഅ്‌ ചെടിയേയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ``അതാണോ വിശിഷ്‌ടമായ സല്‍ക്കാരം? അതല്ല സഖൂം വൃക്ഷമാണോ? തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്കു ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നരകത്തിന്റെ അടിയില്‍ മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌. അതിന്റെ കുല പിശാചുകളുടെ തലപോലിരിക്കും. തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറയ്‌ക്കുന്നതായിരിക്കും (വി.ഖു 37:62-66). ``ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല; അത്‌ പോഷണം നല്‌കുന്നതോ വിശപ്പടക്കുന്നതോ അല്ല''(വി.ഖു 88:6,7). വളരെ കൈപ്പുള്ള ഒരു ചെടിയാണ്‌ ളരീഅ്‌. 

വെട്ടിനിരത്തലും കൊലപാതകവും വിളകള്‍ നശിപ്പിക്കുന്നതിനെ 

വിളകള്‍ നശിപ്പിക്കുന്നതിനെയും മനുഷ്യരെ കൊല്ലുന്നതിനെയും ഒരേ വചനത്തിലാണ്‌ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്‌. ചില അധികാരികള്‍ ഭൂമിയില്‍ സൃഷ്‌ടിക്കുന്ന കുഴപ്പങ്ങളുടെ ഭാഗമായാണ്‌ ഖുര്‍ആന്‍ വിളനശീകരണവും കൊലപാതകവും ഒന്നിച്ച്‌ പറയുന്നത്‌. ഇത്‌ കൃഷി നശിപ്പിക്കുന്നതിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു: ``അവന്‌ അധികാരം കിട്ടിയാല്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്നതിന്‌ വേണ്ടിയും അതിലെ വിളവുകളെയും മനുഷ്യവംശത്തെയും നശിപ്പിക്കാന്‍ വേണ്ടിയും അവന്‍ ഓടിനടക്കുന്നതാണ്‌. നശീകരണമാകട്ടെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല'' (വി.ഖു 2:205). യുദ്ധസമയത്ത്‌ പോലും ശത്രുക്കളുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കരുതെന്ന്‌ നബി(സ) യോദ്ധാക്കള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‌കിയിരുന്നു. 

പുനരുത്ഥാനം ഒരു സത്യം 

 മരിച്ച്‌ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന മുഴുവന്‍ മനുഷ്യരെയും ഒരു നാള്‍ അല്ലാഹു പുനര്‍ജീവിപ്പിക്കുന്നതാണ്‌. ഖുര്‍ആന്‍ ഊന്നിപ്പറയുന്ന ഈ യാഥാര്‍ഥ്യം വ്യക്തമാവാന്‍, ഊഷരഭൂമിയില്‍ മഴവെള്ളമെത്തിയാല്‍ മുളച്ചുപൊങ്ങുന്ന സസ്യങ്ങളെ കുറിച്ച്‌ ആലോചിച്ചാല്‍ തന്നെ മതി. അല്ലാഹു പറയുന്നു: ``നിശ്ചയമായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു. അവര്‍ക്കൊരു ദൃഷ്‌ടാന്തമുണ്ട്‌. നിര്‍ജീവമായ ഭൂമി, അതിന്‌ നാം ജീവന്‍ നല്‌കുകയും അതില്‍ നിന്ന്‌ നാം ധാന്യം ഉല്‌പാദിപ്പിക്കുകയും ചെയ്‌തു. എന്നിട്ട്‌ അതില്‍ നിന്നാണവര്‍ ഭക്ഷിക്കുന്നത്‌.'' (വി.ഖു 36:32,33)

 കാര്‍ഷിക വിളകളും സക്കാത്തും 

കാര്‍ഷിക വിളകള്‍ക്ക്‌ വിളവെടുപ്പ്‌ സമയത്ത്‌ തന്നെ സകാത്ത്‌ നല്‌കണമെന്ന്‌ ഖുര്‍ആന്‍ പറയുന്നു: ``അവയോരോന്നും കായ്‌ക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ഫലങ്ങള്‍ തിന്ന്‌ കൊള്ളുക; വിളവെടുപ്പ്‌ ദിവസം അതിന്റെ ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്‌ടപ്പെടുകയേ ഇല്ല'' (വി.ഖു 6:141) പച്ചപിടിച്ചുനില്‌ക്കുന്ന കൃഷിയും തോട്ടങ്ങളും മനുഷ്യരുടെ മനസ്സിനെ കുളിരണിയിക്കുന്നതും കണ്ണുകള്‍ക്ക്‌ കുളിര്‍മ നല്‌കുന്നതുമാണ്‌. സസ്യങ്ങളെയും ചെടികളെയും ഇഷ്‌ടപ്പെടുക മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ ഖുര്‍ആന്‍ കൃഷിയെയും കാര്‍ഷിക വൃത്തിയെയും കര്‍ഷകനെയും വളരെയധികം പരാമര്‍ശിക്കുന്നത്‌. എല്ലാം സ്രഷ്‌ടാവിനെ മനസ്സിലാക്കാനും അവന്‌ നന്ദി കാണിക്കാനും ഉപകരിക്കണമെന്നാണ്‌ ഖുര്‍ആനിന്റെ താല്‌പര്യം.

By  പി അബ്‌ദു സലഫി

ജീര്‍ണതയുടെ അടിയൊഴുക്ക്‌

മീഡിയകള്‍ വിളമ്പിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ജീര്‍ണതയുടെ പര്യായമായിക്കൊണ്ട്‌ ആവര്‍ത്തിക്കപ്പെടുന്ന വന്‍ പാപങ്ങളില്‍ മുസ്‌ലിം സമുദായാംഗങ്ങളുടെ സാന്നിധ്യം കൂടിവരികയാണെന്നു തോന്നുന്നു. എന്തൊക്കെ പോരായ്‌മകളുണ്ടെങ്കിലും മദ്യപാനം, ഭവനഭേദനം, കളവ്‌, കൊടുംചതി, വ്യഭിചാരം, കൊലപാതകം തുടങ്ങിയ വന്‍ പാപങ്ങളില്‍ നിന്ന്‌ മുസ്‌ലിം സമൂഹം താരതമ്യേന അകലം പാലിച്ചു നില്‌ക്കുന്നു. എന്നാല്‍ ഈ സമാശ്വാസം നഷ്‌ടപ്പെടുമോ എന്നു തോന്നുമാറ്‌ ഭീതിതമായിക്കൊണ്ടിരിക്കുകയാണ്‌ ലഭ്യമാകുന്ന വര്‍ത്തമാനങ്ങള്‍. സമൂഹത്തില്‍ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന തിന്മകളില്‍ പ്രധാനമാണ്‌ മയക്കുമരുന്ന്‌ കച്ചവടം, കള്ളപ്പണ വ്യവഹാരം, പിടിച്ചുപറി തുടങ്ങിയവ. ലഹരിക്കടിമപ്പെടുക എന്ന വലിയ അപരാധം മാത്രമല്ല, ലഹരിമരുന്നിന്റെ വാഹകരോ ഏജന്റുമാരോ ആയിത്തീരുന്ന പ്രവണതയാണ്‌ യുവതലമുറക്കിടയില്‍ നാം കണ്ടുവരുന്നത്‌. യുവതയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. മയക്കുമരുന്നിന്റെയും സ്‌ത്രീപീഡനത്തിന്റെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളില്‍ നിരവധി മധ്യവയസ്‌കരും പ്രതികളാണ്‌. പ്രതികളെല്ലാം കുറ്റക്കാരല്ല പൊതു ന്യായത്തിനപ്പുറം പിടിക്കപ്പെടുന്നവരില്‍ മിക്കയാളുകളും അനേകം കുറ്റത്തിന്‌ നിരവധി തവണ ശിക്ഷയനുഭവിച്ച `കേഡി'കളാണ്‌.

ഈ പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നത്‌ സമുദായത്തിനകത്ത്‌ ജീര്‍ണത പെരുകുന്നു എന്ന്‌ വിളിച്ചുപറയാനോ ഒറ്റപ്പെട്ട സംഭവങ്ങള്‍ സാമാന്യവല്‍കരിച്ച്‌ പെരുപ്പിച്ച്‌ കാണിക്കാനോ അല്ല. മറിച്ച്‌ ചെറുപാപങ്ങളില്‍ നിന്നുപോലും അകന്നു നില്‌ക്കാന്‍ നിരന്തരം ഉപദേശിക്കപ്പെടുന്ന മുസ്‌ലിം സമൂഹത്തിനിടയിലും -ഒറ്റപ്പെട്ടതെങ്കിലും-വന്‍ പാപങ്ങള്‍ കടന്നുവരുന്നു എന്ന ആശങ്കകള്‍ പങ്കുവെയ്‌ക്കാനും അതിന്‌ പരിഹാരമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന്‌ ചിന്തിക്കാനും വേണ്ടിയാണ്‌. ജീവിതത്തിന്റെ ലക്ഷ്യബോധം നഷ്‌ടപ്പെടുമ്പോള്‍ ഭൗതിക ജീവിതസുഖം പരമലക്ഷ്യമായി കാണുന്നു. ഈ ലോകജീവിതം കഴിയുന്നേടത്തോളം `സുഖ സമൃദ്ധ'മായി കഴിഞ്ഞുകൂടണമെന്ന നിലപാടു മൂലമാണ്‌ പലരും ജീര്‍ണതകളുടെ മാര്‍ഗം അവലംബിക്കുന്നത്‌. എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്നതാണ്‌ ഈ നിലപാടിന്റെ മുഖമുദ്ര. ഫലത്തില്‍ ഇത്‌ പിശാചിന്റെ മാര്‍ഗത്തിലേക്കുള്ള കൂപ്പുകുത്തലാണെന്ന്‌ തിരിച്ചറിയുമ്പോഴേക്ക്‌ നേരം ഏറെ വൈകിയിരിക്കും. മനുഷ്യസമൂഹത്തെ വിളിച്ചുകൊണ്ട്‌ സ്രഷ്‌ടാവായ അല്ലാഹു ഓര്‍മപ്പെടുത്തുന്നു: ``മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. പിതാവ്‌ തന്റെ സന്തതിക്കോ സന്തതികള്‍ പിതാവിനോ ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു. അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ.'' (31:33)

 ലോകത്ത്‌ മുസ്‌ലിംകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. പ്രശ്‌ന സങ്കീര്‍ണമാണെങ്കിലും ഇന്ത്യയില്‍ മുസ്‌ലിംകളുടെ പൊതുസ്ഥിതി ഭിന്നമാണ്‌. അതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി ഒട്ടൊക്കെ നല്ല നില കൈവരിക്കാന്‍ സാധിച്ച കേരള മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്‌ ആഭ്യന്തര ജീര്‍ണതകളാണ്‌. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന്‌ ഈയടുത്ത കാലത്തായി പിടിക്കപ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ മുസ്‌ലിം സമുദായത്തില്‍ പിറന്നവര്‍ ധാരാളമായി അകപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത്‌ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്‌. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വിദ്യ തേടുന്നതിനിടയിലാണ്‌ പലരും അധോലോക ബന്ധത്തിലേക്കും അതുവഴി മയക്കുമരുന്നു `ക്യാരിയര്‍' തൊഴിലിലേക്കും നീങ്ങുന്നത്‌. അതിന്റെ ഫലം താല്‍ക്കാലിക പണലബ്‌ധി എന്നതിനേക്കാള്‍ ആത്യന്തിക ജീവിത നഷ്‌ടമാണ്‌. കോടിക്കണക്കിന്‌ രൂപ വിലവരുന്ന മയക്കുമരുന്നുകള്‍ ദേശീയപാതയുടെ ഓരങ്ങളില്‍ നിന്ന്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി നിത്യവും പിടിക്കപ്പെടുന്നു. ആകര്‍ഷകമായ സമ്പാദ്യം, ദുര്‍ബലമായ നിയമവ്യവസ്ഥ, അഴിമതി നിറഞ്ഞ നിയമ പാലക സംവിധാനം, അപര്യാപ്‌തമായ ശിക്ഷാ നിയമം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയ്‌ക്ക്‌ വളമേകുന്നു. കള്ളക്കടത്തുകള്‍ ഒരുകാലത്ത്‌ കേരളത്തില്‍, വിശിഷ്യാ തീരദേശങ്ങളില്‍ വ്യാപകമായിരുന്നു. സ്വര്‍ണമുള്‍പ്പെടെ എന്തും സ്വതന്ത്രമായി കൈകാര്യം ചെയ്യാവുന്ന വിപണിയുടെ അവസ്ഥാമാറ്റം കള്ളക്കടത്തിന്‌ പ്രസക്തി നഷ്‌ടപ്പെടുത്തിയെങ്കിലും കുഴല്‍ പണം അരങ്ങുതകര്‍ത്താടുകയാണ്‌. നിരവധി ഏജന്റുമാര്‍, നാടുനീളെ കാരിയര്‍മാര്‍, സംരക്ഷണത്തിന്‌ ഗുണ്ടകള്‍, തെറ്റിയാല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍. നീളുന്ന മുറുകുന്ന നെറ്റ്‌ വര്‍ക്കുകള്‍. ലാഭം കൊതിക്കുന്ന ചെറുപ്പക്കാര്‍ അതിവേഗം കണ്ണികളാകുന്നു. കരിയര്‍മാരില്‍ നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. അതിനു ചോദ്യമില്ല. കേസ്‌ കൊടുക്കാന്‍ മാര്‍ഗവുമില്ല. കടുവായെ പിടിക്കുന്ന കിടുവകള്‍. പിന്നെ ശരണം ക്വട്ടേഷന്‍. നോക്കുകുത്തിയാകുന്ന നിയമവ്യവസ്ഥ. കൂട്ടപ്രതികളായി ചേര്‍ത്തുവെക്കാവുന്ന നിയമപാലകവൃന്ദം. ഫലം അധോലോകം തടിച്ചുകൊഴുക്കുന്നു. ബൈക്കിലെത്തി വഴിയേ പോകുന്ന പെണ്ണിന്റെ കഴുത്തിലെ മാല പിടിച്ചുപറിച്ച്‌ രക്ഷപ്പെടുന്നത്‌ ത്രില്‍ ആയി കാണുന്ന കൗമരക്കാര്‍. ഏറ്റവും റിസ്‌ക്‌ കുറഞ്ഞ പരിപാടി!

 ഈ മൂന്നു മാര്‍ഗങ്ങളിലൂടെയും പണം സമ്പാദിക്കുന്നത്‌ ജീവിതത്തിന്റെ അടിസ്ഥാനാവാശ്യങ്ങള്‍ക്കുവേണ്ടിയല്ല. ആഡംബരപൂര്‍ണമായ `അടിച്ചുപൊളിക്കു' വേണ്ടിയാണ്‌ എന്തു കിട്ടിയാലും മതിവരാത്ത സുഖലോലുപതയിലേക്കാണ്‌ ഇതു മനുഷ്യനെ നയിക്കുക. സമൂഹത്തിന്റെ ഒന്നാകെയുള്ള നാശമായിരിക്കും ഫലം. പൗരാണിക സമൂഹങ്ങള്‍ കൂട്ടനാശത്തിന്‌ ഹേതുവായ സാഹചര്യം ഖുര്‍ആന്‍ വിവരിക്കുന്നു: ``ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്മാര്‍ക്ക്‌ നാം ആജ്ഞകള്‍ നല്‌കും. എന്നാല്‍ അത്‌ വകവയ്‌ക്കാതെ അവര്‍ അവിടെ താന്തോന്നിത്തം നടത്തും. ശിക്ഷയെപ്പറ്റിയുള്ള വാക്ക്‌ അങ്ങനെ ആ രാജ്യത്തിന്റെ കാര്യത്തില്‍ സ്ഥിരപ്പെടുകയും നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്‌.'' (17:16) അകവും പുറവും ബന്ധമില്ലാത്ത ഒരു മുഖം കൂടിയുണ്ട്‌ സമുദായത്തിന്‌. കേരള മുസ്‌ലിംകള്‍ സംഘടനാ ബന്ധിതങ്ങളാണ്‌. മതസംഘടനകള്‍ നിരവധി. ആദര്‍ശ വൈജാത്യം ശക്തമായിത്തന്നെ പ്രകടിപ്പിക്കുന്നവര്‍. ഓരോരുത്തര്‍ക്കും പദ്ധതികളും പരിപാടികളുമുണ്ട്‌. അവയിലേറെയും സമൂഹനന്മയ്‌ക്കു വേണ്ടിയാണ്‌. എന്നാല്‍ ഇതൊന്നും ബാധകമാവാത്ത ഒരു വലിയ വിഭാഗം തോന്നിയ പോലെ ജീവിതം നയിക്കുന്നു. മതനിഷേധികളല്ല; മതകീയ ജീവിതം ഉള്‍ക്കൊള്ളുന്നവര്‍ തന്നെ. എന്നാല്‍ അവരുടെ വിവാഹം, വ്യവഹാരം, തൊഴില്‍, സമ്പാദനം, വിനിമയം തുടങ്ങിയ ഒരു കാര്യത്തിലും സ്വന്തം താല്‌പര്യങ്ങള്‍ക്കപ്പുറം ആലോചന പോകാറില്ല.

 മുസ്‌ലിം സമൂഹത്തിന്റെ സമഗ്രോന്നമനം ആഗ്രഹിക്കുന്നവരെ മഥിക്കുന്ന ചിന്തകള്‍ പങ്കുവെച്ചതാണിവിടെ. നമുക്ക്‌ എന്തു ചെയ്യാന്‍ പറ്റും! കൂട്ടായി ആലോചിക്കാം. നിയമങ്ങള്‍ക്കോ അധികാര കൈകള്‍ക്കോ കല്‍ത്തുറുങ്കുകള്‍ക്കോ ചെയ്യാന്‍ കഴിയാത്തത്‌ സ്‌നേഹ സഹവാസങ്ങള്‍ക്ക്‌ ചിലപ്പോള്‍ കഴിഞ്ഞേക്കാം. മുസ്‌ലിം സമുദായങ്ങള്‍ക്ക്‌ ലക്ഷ്യബോധം (പരലോക വിശ്വാസം) നല്‌കുക എന്നതാണ്‌ ആദ്യപടി. ലക്ഷ്യത്തിലൂന്നിയ ജീവിത വീക്ഷണം തകര്‍ന്നടിയാത്ത കുടുംബബന്ധങ്ങള്‍. മഹല്ലടിസ്ഥാനത്തില്‍ ആത്മാവുണര്‍ത്തുന്ന ആത്മാര്‍ഥ ബോധവത്‌കരണം. സാമൂഹിക കൂട്ടായ്‌മ. ഇത്യാദി കാര്യങ്ങളിലൂടെ ഒരളവോളം പിടിച്ചുനിര്‍ത്താനാവുന്നതാണ്‌ ഈ വ്യാധി. മേല്‍പറഞ്ഞ ശ്രമങ്ങള്‍ സംഘടനാപരമായ വീക്ഷണ വൈജാത്യങ്ങള്‍ക്കപ്പുറം സമാനതയുള്ളതാണ്‌. തിക്തഫലം -ഏറ്റക്കുറവു കാണാമെങ്കിലും- എല്ലാവര്‍ക്കുമുള്ളതാണ്‌. അതുകൊണ്ടു തന്നെ പരിഹാരമാര്‍ഗത്തിലും അഭിപ്രായൈക്യം അസാധ്യമാകേണ്ടതില്ല. ഓരോ നാട്ടിലും വിവിധ മുസ്‌ലിം സംഘടനകള്‍ ജീര്‍ണതകള്‍ക്കെതിരില്‍ പൊതുവായും വന്‍ പാപങ്ങള്‍ വ്യാപിക്കാനിടയാകുന്ന സാഹചര്യങ്ങള്‍ക്കെതിരില്‍ പ്രത്യേകിച്ചും കൂട്ടായ്‌മകള്‍ ഉണ്ടാക്കുകയും തിന്മക്കെതിരെ സക്രിയമായി ഇടപെടുകയും ചെയ്‌താല്‍ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കാനാവുമെന്നതില്‍ തര്‍ക്കമില്ല. നന്മയില്‍ പരസ്‌പരം സഹകരിക്കല്‍ (വി.ഖു 5:2) എല്ലാവരുടെയും ബാധ്യതയാണല്ലോ.

From ശബാബ് Editorial 

സന്താന നിയന്ത്രണവും പ്രപഞ്ചത്തിന്റെ സന്തുലനവും

 അത്യത്ഭുതകരമാണ്‌ പ്രപഞ്ചത്തിന്റെ ഘടനയും സംവിധാനങ്ങളും. അന്യൂനമായ സൃഷ്‌ടിപ്പ്‌. ഏറ്റക്കുറച്ചിലുകളോ താളഭംഗമോ ഇല്ല. കണിശവും വ്യവസ്ഥാപിതവുമായ ക്രമീകരണം. സൃഷ്‌ടികളെ വിന്യസിക്കുന്നതിലും സൃഷ്‌ടിക്കുന്നതിലും മാത്രമല്ല, അവയുടെ ധര്‍മനിര്‍വഹണ രീതികള്‍, ജൈവികപ്രവര്‍ത്തനങ്ങള്‍, പരസ്‌പരാശ്രിതത്വം തുടങ്ങി ഉപജീവനം വരെയുള്ള ക്രമീകരണങ്ങള്‍ അദ്വിദീയമാണ്‌. ദൈവനിഷേധികളും ധിക്കാരികളുമല്ലാതെ ഒരാളുംപ്രപഞ്ചത്തിലെ ഈ അന്യൂന സംവിധാനങ്ങളില്‍ വിസ്‌മയിക്കാതിരിക്കില്ല. ``പരമകാരുണികന്റെ സൃഷ്‌ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നില്‍ നീ ദൃഷ്‌ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?''(വി.ഖു 67:3). ``എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു'' (27:88). ``അങ്ങനെ നാം എല്ലാം നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍'' (77:23). ``അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക. സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌ത (രക്ഷിതാവിന്റെ) വ്യവസ്ഥ നിര്‍ണയിച്ച്‌ മാര്‍ഗദര്‍ശനം നല്‍കിയവനുമായ (രക്ഷിതാവ്‌.'' (വി.ഖു 87:1-3)

 അന്യൂനമായ പ്രാപഞ്ചിക ക്രമീകരണത്തിന്റെ ഭാഗമാണ്‌ ഭൂമിയിലെ സന്തുലിതാവസ്ഥ. വ്യത്യസ്‌തമായ സന്തുലന സംവിധാനങ്ങള്‍ സ്രഷ്‌ടാവ്‌ തയ്യാറാക്കിയിട്ടുണ്ട്‌. മനുഷ്യരുടെ മാത്രമല്ല, എല്ലാ ജൈവവസ്‌തുക്കളുടെയും സുരക്ഷിതത്വത്തിനും സുഗമമായ വളര്‍ച്ചയ്‌ക്കും ഉപോല്‍പലകമാകുന്ന ക്രമീകരണങ്ങള്‍. ജീവികളുടെ വലുപ്പവ്യത്യാസങ്ങള്‍, ശക്തി വ്യത്യാസങ്ങള്‍ എന്നിവ മറ്റു ജീവികളുടെ ജീവന്‌ ഭീഷണിയല്ല. വലിയ മൃഗത്തിന്റെ ഭക്ഷണം ഇര തേടിപ്പിടിക്കുന്ന ചെറിയ ജീവികളാവാം എന്നിരിക്കിലും അത്തരം ജീവികള്‍ അതുവഴി വംശനാശത്തിന്‌ കാരണമായിട്ടില്ല. മനുഷ്യനൊഴികെ മറ്റു പല ജീവികളുടെയും ഭക്ഷണം ഇര തേടിപ്പിടിക്കുന്ന ചെറുജീവികളാണ്‌. ഇത്‌ പക്ഷേ പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ ഭാഗമാണ്‌. പ്രപഞ്ചത്തിന്റെ നിയതമായ താളത്തിനോ വളര്‍ച്ചയ്‌ക്കോ ഇവ തടസ്സമല്ലെന്ന്‌ മാത്രമല്ല, സന്തുലിതാവസ്ഥക്ക്‌ അനിവാര്യവുമാണ്‌. സസ്യങ്ങള്‍, മാംസം എന്നിവ മനുഷ്യന്റെ മുഖ്യ ഭക്ഷണങ്ങളാണ്‌. അഹിതവും അഹിതവുമായ വിഭവചൂഷണം മനുഷ്യന്‌ ഏറെ ഭീഷണിയും ഭീതിയും പ്രദാനം ചെയ്‌തിട്ടുണ്ട്‌. സ്രഷ്‌ടാവ്‌ ഏര്‍പ്പെടുത്തിയ `സന്തുലിതാവസ്ഥയില്‍', `വികസനം'(?) ലക്ഷ്യംവെച്ച്‌ മനുഷ്യന്‍ ചെയ്‌ത കടന്നാക്രമണമാണ്‌ ഇതിന്‌ പ്രധാന കാരണം.

ഭൂമിയിലെ ഒരു ജീവിയുടെ ജനനവും മറ്റൊരു ജീവിക്ക്‌ ഭീഷണിയല്ല. പ്രത്യുല്‍പാദനത്തില്‍ പോലും സന്തുലിതാവസ്ഥ ദൈവം ക്രമീകരിച്ചിട്ടുണ്ട്‌. `പന്നിപ്പേറും ആനപ്പേറും' തമ്മിലെ വ്യത്യാസം നോക്കൂ. വലിയ സമയവ്യത്യാസങ്ങള്‍ അവയുടെ പ്രത്യുല്‍പാദനത്തില്‍ ഉണ്ട്‌. ഒരു ശതാബ്‌ദത്തില്‍ ഒരിക്കല്‍പോലും ആന പ്രസവിക്കണമെന്നില്ല. (12 വര്‍ഷത്തില്‍ ഒരു തവണ -ശരാശരി കണക്ക്‌). ഉഗ്രവിഷമുള്ള പാമ്പുകളുടെ കാര്യവും തഥൈവ. ചില ജീവികളുടെ കുഞ്ഞുങ്ങള്‍ അപൂര്‍വമായി മാത്രമേ അതിജീവനശേഷി നേടുകയുള്ളൂ. ഗര്‍ഭകാലദൈര്‍ഘ്യം വര്‍ധിപ്പിച്ചും രണ്ട്‌ പ്രസവങ്ങള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചും സ്രഷ്‌ടാവ്‌ പ്രപഞ്ചത്തില്‍ സന്തുലിതാവസ്ഥ ക്രമീകരിച്ചിട്ടുണ്ട്‌. ശാക്തിക സന്തുലിതാവസ്ഥ പ്രപഞ്ചത്തില്‍ ദൃശ്യമാണ്‌. ചെറുജീവികള്‍ക്ക്‌ ശക്തികൊണ്ടല്ല, മറ്റേതെങ്കിലും സവിശേഷ ഉപായങ്ങള്‍ കൊണ്ടാണ്‌ സംരക്ഷണം നല്‍കുന്നത്‌. മാനവ ചരിത്രത്തില്‍ പോലും ശാക്തിക സന്തുലിതാവസ്ഥയുണ്ട്‌. പ്രപഞ്ചത്തില്‍ ഈ സന്തുലിതാവസ്ഥ നിലനില്‍ക്കാതെ വരുന്നത്‌ സംസ്‌കാരങ്ങളുടെയും അനുബന്ധ ആരാധനാകേന്ദ്രങ്ങളുടെയും നാശത്തിന്‌ കളമൊരുക്കുമെന്ന്‌ ചരിത്രത്തെ സാക്ഷി നിര്‍ത്തി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്‌. (22:40, 2:251) ``മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസി മഠങ്ങളും ക്രിസ്‌തീയ ദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.''

ഭൂമിയിലെ ജൈവസമ്പത്ത്‌ അത്യന്തം ബൃഹത്തായതാണ്‌. അസംഖ്യം ജീവജാതികള്‍, അതിലേറെ അവയുടെ എണ്ണവും. കണ്ടെത്തിയതും കണ്ടെത്താത്തതും എത്രയെത്രെ! നശിച്ച്‌ മണ്ണായി മാറിയതും ജീവിക്കുന്നവയും ജീവിക്കാനുള്ളവയും ഈ കൊച്ചുഗോളത്തില്‍ തന്നെ; മുക്കാല്‍ ഭാഗത്തിലധികം വെള്ളമുള്ള ഈ ജലഗോളത്തില്‍. അവയുടെ എല്ലാ നിയോഗങ്ങളും പ്രവര്‍ത്തനവും വിഹാരവും ഇവിടെതന്നെ. അതിനെല്ലാം പാകപ്പെടുത്തിയതാണ്‌ ഭൂമി. ഭൂമിയുടെ അടിസ്ഥാന ഭാഗങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കേടുവരുത്താത്തിടത്തോളം കാലം പ്രപഞ്ചം ഈ ധര്‍മം നിര്‍വഹിക്കുക തന്നെ ചെയ്യും. ജീവിച്ചവരെയും മരിച്ചവരെയും ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ്‌ ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ചിട്ടുള്ളതെന്ന്‌ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഭൂമിയുടെ ഈ ദൗത്യനിര്‍വഹണത്തിന്‌ ജീവികളുടെ എണ്ണത്തിലോ ഇനങ്ങളിലോ നിയന്ത്രണമേല്‍പ്പെടുത്തിയിട്ടില്ല. ഒരു ധര്‍മദര്‍ശനത്തിലും ഏതെങ്കിലും ഒരു ജീവിവര്‍ഗത്തിന്റെ എണ്ണം ഇത്രയേ പാടുള്ളൂവെന്ന നിര്‍ദേശം നമുക്ക്‌ കാണാന്‍ സാധ്യമല്ല. മനുഷ്യന്‍ അവന്റെ ചൂഷണ മനസ്ഥിതികൊണ്ട്‌ സ്വയമേവ പ്രഖ്യാപിച്ചതല്ലാതെ. മനുഷ്യരെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഈ പ്രപഞ്ചത്തിന്‌ സാധ്യമാവില്ലെന്ന വിഡ്‌ഢിത്വത്തെ ചോദ്യം ചെയ്യുന്നു, ഖുര്‍ആന്‍. ``ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ? മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും. അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ നാം വെക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്ക്‌ നാം സ്വഛജലം കുടിക്കാന്‍ തരികയും ചെയ്‌തിരിക്കുന്നു. അന്നേ ദിവസം നിഷേധിച്ച്‌ തള്ളിയവര്‍ക്കാകുന്നു നാശം.'' (വി.ഖു 77:25-27)

 ഭക്ഷണം സ്രഷ്‌ടാവിന്റെ ബാധ്യത 

 പ്രപഞ്ചത്തില്‍ പിറവിയെടുക്കുന്ന ഏതൊരു ജീവിക്കും രണ്ട്‌ കാര്യങ്ങള്‍ തന്റെ ബാധ്യതയായി സ്രഷ്‌ടാവ്‌ ഏറ്റിരിക്കുന്നു. ഒന്ന്‌, ജീവന്‍ നശിക്കുന്നതു വരെയുള്ള അവയുടെ പ്രവര്‍ത്തനം. മതവ്യത്യാസമില്ലാതെ മനുഷ്യര്‍ക്ക്‌ അവരവരുടെ ശാരീരിക ധര്‍മങ്ങള്‍ വ്യവസ്ഥാപിതമായി നിര്‍വഹിക്കാന്‍ സാധിക്കുന്നത്‌ അതുകൊണ്ടാണ്‌. ദഹനവ്യവസ്ഥ, പ്രത്യുല്‌പാദന വ്യവസ്ഥ പേശീ-നാഡീ സംവിധാനങ്ങള്‍ തുടങ്ങി അത്യത്ഭുതകരമായ ശരീരത്തിലെ സംവിധാനങ്ങള്‍ ക്രമതടസ്സം കൂടാതെ നിര്‍വഹിച്ചുതരികയെന്നത്‌ സ്രഷ്‌ടാവ്‌ സ്വയം ഏറ്റെടുത്ത ബാധ്യതയും നമുക്ക്‌ നല്‍കുന്ന അനുഗ്രഹവുമാണ്‌. നമ്മുടെ നിര്‍വഹണത്തില്‍ സംഭവിക്കുന്ന അപാകതകള്‍ വഴിയല്ലാതെ അവയ്‌ക്ക്‌ ഒരു തടസ്സവും സംഭവിക്കുകയില്ല തന്നെ. രണ്ട്‌, ജീവിക്കാനാവശ്യമായ ഉപജീവനോപാധികള്‍. സ്രഷ്‌ടാവിന്റെ നാമവിശേഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ റബ്ബ്‌ (ഘട്ടംഘട്ടമായി വളര്‍ത്തിയെടുക്കുന്നവന്‍), റാസിഖ്‌ (ഉപജീവനം നല്‍കുന്നവന്‍), ഖബീര്‍, ബസ്വീര്‍ (ജാഗ്രതയോടെ നിരീക്ഷിക്കുകയും സൂക്ഷ്‌മമായി അറിയുകയും ചെയ്യുന്നവന്‍) തുടങ്ങിയവ. ഖുര്‍ആന്‍ പറയുന്നു: ``ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പു സ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്‌പഷ്‌ടമായ ഒരു രേഖയില്‍ ഉണ്ട്‌.''(11:6) ``സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്‌. അല്ലാഹുവാണ്‌ അവയ്‌ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവനാണ്‌ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.'' (29:60) ഈ ഉപജീവനം എല്ലാ ജീവികള്‍ക്കും ഒരേ തരത്തിലോ സ്വഭാവത്തിലോ അല്ല നല്‍കിയിരിക്കുന്നത്‌. ജീവികളുടെ കഴിവുകള്‍, രീതികള്‍ വ്യത്യസ്‌തമാണല്ലോ. എല്ലാവര്‍ക്കും ഒരേപോലെ എല്ലാം നല്‍കുകയെന്നതല്ല നീതി. ആവശ്യമുള്ളത്‌ ആവശ്യമായ സമയത്തും അളവിലും നല്‍കുകയാണ്‌. അതത്രെ സന്തുലിതമായ സംവിധാനവും. സന്താനങ്ങളുടെ ഏറ്റക്കുറച്ചില്‍ ഈ സന്തുലിതാവസ്ഥയെ തകര്‍ക്കുകയില്ല. ഉപഭോഗത്തിന്റെ ധാരാളിത്വം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. ചരിത്രം അതിന്‌ സാക്ഷിയാണ്‌.

ദാരിദ്ര്യമല്ല ഐശ്വര്യവും സമ്പല്‍സമൃദ്ധിയുമാണ്‌ മാനവചരിത്രത്തില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടുള്ളത്‌. സ്വജനപക്ഷപാതിത്വവും അഴിമതിയും കൊള്ളയും ദാരിദ്ര്യത്തിന്റെ സൃഷ്‌ടിയല്ല; സമൃദ്ധിയുടേതാണ്‌. ``അല്ലാഹു തന്റെ ദാസന്മാര്‍ക്ക്‌ ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ അവന്‍ ഒരു കണക്കനുസരിച്ച്‌ താന്‍ ഉദ്ദേശിക്കുന്നത്‌ ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനും കണ്ടറിയുന്നവനും ആകുന്നു'' (42:27). ``അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്കുവെച്ചുകൊടുക്കുന്നത്‌? നാമാണ്‌ ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ച്‌ കൊടുക്കുന്നത്‌.''(43:32) പ്രഥമ വീക്ഷണത്തില്‍ ഉപജീവനത്തിലെ വ്യത്യസ്‌തതകളുടെ ലക്ഷ്യം കണ്ടെത്താനാവില്ല. എന്നാല്‍ സ്ഥിതി സമത്വവും സാമൂഹിക സുരക്ഷിതത്വവും പരസ്‌പരാശ്രിതത്വവും പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയും ഈ വ്യത്യസ്‌തതയിലും വൈവിധ്യങ്ങളിലുമാണ്‌ കുടികൊള്ളുന്നത്‌. ആഹാരവസ്‌തുക്കളുടെ ഉപയോഗക്രമത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അമിതാഹാരവും അഹിതാഹാരവും നിഷിദ്ധമാക്കുകയും ചെയ്‌തിട്ടുള്ള സ്രഷ്‌ടാവ്‌, പക്ഷേ ഭക്ഷ്യ വിഭവങ്ങളുടെ പേരിലുള്ള ആശങ്ക ആവശ്യമില്ലെന്ന്‌ ഖണ്ഡിതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.

ആദ്യാഹാരമായ മുലപ്പാല്‍ തന്നെ നോക്കാം. അത്‌ രണ്ട്‌ കുട്ടികളില്‍ പരിമിതമല്ലല്ലോ, ആവശ്യാനുസരണം മാതാവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. മനുഷ്യേതര ജീവിവര്‍ഗങ്ങളിലും രണ്ടിലധികം സന്താനങ്ങളില്ലേ, അവകള്‍ക്കിടയില്‍ ഉപജീവനരംഗത്ത്‌ വല്ല അസന്തുലിതാവസ്ഥയും കണ്ടെത്തിയിട്ടുണ്ടോ? പ്രപഞ്ചത്തില്‍ വിഭവനഷ്‌ടം സംഭവിക്കുമെന്ന്‌ പേടിച്ചും അസംഖ്യം സൃഷ്‌ടികള്‍ക്ക്‌ ഉപജീവനം തടസ്സപ്പെടുമെന്ന്‌ കരുതിയും സന്താനനിയന്ത്രണത്തിന്‌ ആഹ്വാനം ചെയ്യുന്നവര്‍ തിരിച്ചറിയാതെ പോകുന്നത്‌ ഭൂമിയുടെ പ്രകൃതമാണത്‌. സ്രഷ്‌ടാവിന്‌ സൃഷ്‌ടികളുടെ എണ്ണവണ്ണങ്ങളുടെ പേരില്‍ ഉപജീവനത്തിലോ വിഭവ വിന്യാസത്തിലോ ആശങ്കയില്ലെന്നിരിക്കെ, സൃഷ്‌ടികള്‍ ആശങ്കാകുലരാകുന്നത്‌ എന്തുമാത്രം അല്‍പത്തമാണ്‌! ഉപജീവനത്തിന്റെ മാര്‍ഗം തേടുന്നവര്‍ക്ക്‌ ദൈവം അത്‌ തടയാറില്ല. അലസതയും അഹങ്കാരവും നിഷേധവും വഴി പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ലഭ്യമാവാതിരിക്കുന്നതിന്‌ ഇനിമേല്‍ ജനിക്കേണ്ടതില്ലെന്ന തിട്ടൂരം ലളിതമായി പറഞ്ഞാല്‍ ശുദ്ധ ഭോഷ്‌കാണ്‌! പ്രഭാതത്തില്‍ കൂടുവിടുന്ന പറവകള്‍ക്ക്‌ സമൃദ്ധമായി ഭക്ഷണം ലഭ്യമാകുന്നത്‌ അധ്വാനത്തിലൂടെയും അന്വേഷണത്തിലൂടെയുമാണ്‌. എന്നാല്‍ ജൈവദൗത്യം നിര്‍വഹിക്കാന്‍ കിലോമീറ്ററുകള്‍, ദിനങ്ങളോളം ആകാശ വിഹായസ്സില്‍ സഞ്ചരിക്കുന്ന ദേശാടനപക്ഷികള്‍ക്ക്‌ ശരീരം തളരാതെ ആവശ്യമായ ഊര്‍ജം പ്രദാനംചെയ്യുന്നതും സ്രഷ്‌ടാവ്‌ തന്നെ. 1965ല്‍ ലോക ഭക്ഷ്യകൃഷി സംഘടനയുടെ (FAO) ഡയറക്‌ടര്‍ ജനറല്‍ ഡോക്‌ടര്‍ ബി ആര്‍ സെന്‍, രണ്ടാം ലോക ജനസംഖ്യാ സമ്മേളനത്തില്‍ ചെയ്‌ത പ്രസംഗം ശ്രദ്ധേയമാണ്‌: ``ഉല്‌പാദനം വര്‍ധിപ്പിക്കുന്നതിലും വ്യവസ്ഥപ്പെടുത്തുന്നതിലും മനുഷ്യര്‍ കാണിച്ച അലസതയും അമാന്തവും ആസൂത്രണമില്ലായ്‌മയുമാണ്‌ ഭക്ഷ്യപ്രശ്‌നങ്ങളുടെ മൂലകാരണം. ഇവയുടെ പരിഹാരമാണ്‌ ആദ്യം കാണേണ്ടത്‌. ജനസംഖ്യാ വര്‍ധനവിന്റെ പരിഹാരമല്ല.''

 സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുന്ന രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളോട്‌ കിടമാത്സര്യം നടത്താ നും വിഭവങ്ങള്‍ കൊള്ളയടിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. വികസ്വര രാഷ്‌ട്രങ്ങളിലെ സുഖിയന്മാര്‍ തീന്‍മേശയില്‍ അലങ്കാരത്തിന്‌ വെക്കുന്ന ഭക്ഷണ വിഭവങ്ങള്‍ മാത്രം മതിയാവും പല രാജ്യങ്ങളിലെയും പട്ടിണിക്ക്‌ പരിഹാരമേകാന്‍. ലോകം ഉപയോഗിക്കാതെ നശിപ്പിച്ചുകളയുന്ന `അധികഭക്ഷണം' കൊണ്ട്‌ മാത്രം ദരിദ്ര രാജ്യങ്ങളുടെ ഭക്ഷ്യക്കമ്മി പരിഹരിക്കാവുന്നതേയുള്ളൂ. ഖുര്‍ആന്റെ ഒരു പ്രഖ്യാപനം ഇങ്ങനെ: ``നിങ്ങള്‍ക്ക്‌ അല്ലാഹു നല്‌കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവഴിക്കുവീന്‍ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍, അവിശ്വാസികള്‍ വിശ്വാസികളോട്‌ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‌കുമായിരുന്ന ആളുകള്‍ക്ക്‌ ഞങ്ങള്‍ ഭക്ഷണം നല്‌കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാവുന്നു.'' (36:47) ഭൂമിയില്‍ ദൈവസൃഷ്‌ടിയാവാനുള്ള മഹാസൗഭാഗ്യം ചെറുതല്ല. മഹത്തായ സൗഭാഗ്യമാണ്‌ സന്താനസൗഭാഗ്യം എന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. സന്താന സൗഭാഗ്യം മുഖേന ദമ്പതികളിലും കുടുംബങ്ങളിലുമുണ്ടാകുന്ന വിഷമതകള്‍ ഈ സൗഭാഗ്യത്തിന്റെ ആഴവും അര്‍ഥവും വര്‍ധിപ്പിക്കുന്നു. ഭിന്ന ശേഷികളും സാധ്യതകളുമുള്ള മനുഷ്യവംശത്തിന്റെ തുടര്‍ച്ച പ്രജനന സംവിധാനത്തില്‍ നിക്ഷിപ്‌തമാണ്‌. മകനോ മകളോ ആകാനുള്ള അതിമഹത്തായ ദൈവകാരുണ്യം ലഭ്യമായവര്‍, മാതാവും പിതാവുമാകാനുള്ള മറ്റുള്ളവരുടെ അവകാശത്തെ വെല്ലുവിളിക്കുന്നത്‌ എന്തുമാത്രം ധിക്കാരമാണ്‌. പ്രപഞ്ചം വിശാലമാണെന്നിരിക്കെ മനുഷ്യന്‍ കൂടുതല്‍ സ്വാര്‍ഥനാവുകയാണ്‌.

 സന്താന നിയന്ത്രണം? 

 ഇസ്‌ലാം ഈ വിഷയം അതീവ ഗൗരവത്തോടെ കാണുന്നു. ദാരിദ്ര്യം ഭയന്ന്‌, വിഭവനഷ്‌ടം മുന്നില്‍ കണ്ട്‌ മനുഷ്യജന്മത്തിന്‌ തടസ്സങ്ങളുന്നയിക്കുന്നത്‌ മഹാപാതകമായി ഖുര്‍ആന്‍ പരിഗണിക്കുന്നു. ജീവിച്ചിരിക്കുന്ന സന്താനങ്ങളെയോ ജീവിക്കാനിരിക്കുന്നവരെയോ ഒരു തരത്തിലുമുള്ള `കൊല'ക്ക്‌ വിധേയമാക്കരുതെന്ന്‌ ശക്തമായി താക്കീത്‌ നല്‌കുകയാണ്‌ ഇസ്‌ലാം. ``ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‌കുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ (യുദ്ധം പ്രതിക്രിയാശിക്ഷ പോലുള്ള സന്ദര്‍ഭങ്ങള്‍) നിങ്ങള്‍ ഹനിച്ച്‌ കളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി, അവന്‍ നിങ്ങള്‍ക്ക്‌ നല്‌കിയ ഉപദേശമാണത്‌ (6:151) ഈ വചനത്തിലെ മിന്‍ ഇംലാക്വ്‌ എന്ന പദപ്രയോഗം നിലവിലുള്ള ദാരിദ്ര്യ ഭീഷണി നിമിത്തം കൊല്ലരുത്‌ എന്ന സൂചനയും മറ്റൊരു വചനത്തില്‍ (17:31) ദാരിദ്ര്യമുണ്ടാകുമെന്ന ഭയത്താല്‍ കൊല്ലരുത്‌ (ഖശ്‌യത്തി ഇംലാക്വിന്‍) എന്ന താക്കീതും നല്‍കുന്നു. ``ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‌കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31) പിറക്കാനിരിക്കുന്ന കുഞ്ഞി ന്റെ ജന്മാവകാശം നിഷേധിച്ച്‌ സ്വന്തം ജീവിതം സുഖകരമാക്കണമെന്ന ദുര്‍മോഹമാണ്‌ സന്താനഹത്യയിലും നിയന്ത്രണത്തിലുമുള്ളത്‌. പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ വഴി ഭാവിയില്‍ വരാനുള്ള ബാധ്യതകളില്‍ ആശങ്കപ്പെട്ട്‌ ഭ്രൂണഹത്യ യില്‍ അഭയം തേടുന്നവര്‍ ഉറ്റാലോചിക്കേണ്ട വചനമാണിത്‌. പിറക്കാനുള്ളവരുടെ ജനനം തടസ്സപ്പെടുത്തിയാല്‍ ജനിച്ചവര്‍ക്ക്‌ പ്രശ്‌നങ്ങള്‍ വരില്ലെന്ന്‌ ആരാണ്‌ ഉറപ്പുനല്‌കിയത്‌? സന്താനങ്ങള്‍ വഴി വന്നുചേരുമെന്ന്‌ ആശങ്കിക്കുന്ന `ഭാരിച്ച ബാധ്യതകള്‍' അവരുടെ അസാന്നിധ്യത്തിലും നല്‌കാന്‍ സര്‍വശക്തന്‌ സാധ്യമല്ലെന്ന്‌ നിനച്ചിരിക്കുകയാണോ?

 ഇബ്‌നുമസ്‌ഊദ്‌(റ) പറയുന്നു: പാപങ്ങളില്‍ വെച്ച്‌ ഏറ്റവും വമ്പിച്ചത്‌ ഏതാണെന്ന്‌ ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: നിന്നെ സൃഷ്‌ടിച്ചത്‌ അല്ലാഹുവായിരിക്കെ, നീ അവന്ന്‌ സമന്മാരെ ഏര്‍പ്പെടുത്തലാണ്‌. പിന്നെ ഏതാണെന്ന്‌ ഞാന്‍ ചോദിച്ചു. നിന്റെ സന്താനം നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന്‌ നീ അതിനെ കൊല ചെയ്യലാണ്‌.''(ബുഖാരി, മുസ്‌ലിം) സന്താന നിയന്ത്രണത്തിന്‌ നിയമപരിരക്ഷ ഉറപ്പാക്കുകയും ഗര്‍ഭഛിദ്രം ഉദാരമാക്കുകയും ചെയ്യുക വഴി പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയില്‍ മനുഷ്യര്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ലോകത്ത്‌ സന്താന നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മാനവ വിഭവശേഷിയുടെ മാന്ദ്യംമൂലം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബ സംവിധാനങ്ങളെ തകര്‍ത്തെറിയുക വഴി വന്നുചേര്‍ന്ന മഹാദുരന്തങ്ങള്‍ക്കും സ്‌ത്രീ-പുരുഷ അനുപാത വ്യത്യാസം വരുത്തിയ അപരിഹാര്യമായ അസന്തുലിതാവസ്ഥയ്‌ക്കുമൊക്കെ മനുഷ്യനിര്‍മി ത നിയമങ്ങള്‍ തന്നെയാണ്‌ കാരണക്കാരന്‍. വിഭവ നഷ്‌ടമോ ഉപജീവനത്തെ കുറിച്ച ആശങ്കയോ നിമിത്തം വിവാഹബന്ധത്തില്‍ നിന്ന്‌ പിന്മാറുന്ന സമീപനവും ഇസ്‌ലാം പ്രോത്സാഹപ്പിക്കുന്നില്ല. ധര്‍മനിഷ്‌ഠയില്‍ കുടംബജീവിതം നയിക്കുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ മഹാ ഔദാര്യത്തിന്റെ ഭാഗമായി ഐശ്വര്യം പ്രദാനംചെയ്യുമെന്ന്‌ മതം പഠിപ്പിക്കുന്നു. ഭാര്യയുടെ അനാരോഗ്യം പോലുള്ള കാരണങ്ങളാല്‍ സന്താനനിയന്ത്രണം അനിവാര്യമാണെന്ന്‌ വരുന്ന ഘട്ടത്തില്‍ അത്‌ ചെയ്യുന്നതിന്‌ മതം എതിരല്ല. മറിച്ച്‌ അനാവശ്യമായ ആശങ്കയുടെ നൂലിഴകളില്‍ ജനന നിയന്ത്രണം `ആസൂത്രണം' ചെയ്യുന്നതാണ്‌ ഇസ്‌ലാം വിലക്കുന്നത്‌.

 പ്രപഞ്ചത്തിലെ സംവിധാനങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‌പിനും വളര്‍ച്ചക്കും ഉപയോഗപ്പെടുത്താനാണ്‌. അവയെ വ്യവസ്ഥപ്പെടുത്തി ഉപയോഗക്ഷമമാക്കേണ്ട ബാധ്യത മനുഷ്യനില്‍ നിക്ഷിപ്‌തമാണ്‌. ഈ ദൗത്യനിര്‍വഹണത്തില്‍ നിന്ന്‌ പിന്‍മാറുകയും കൃഷിയോഗ്യ ഭൂമിയെ ചതുപ്പു നിലങ്ങളും കോണ്‍ക്രീറ്റ്‌ കാടുകളുമാക്കി വരുംതലമുറക്ക്‌ മരണക്കെണിയൊരുക്കുകയും ചെയ്യുന്നതിനെ ഖുര്‍ആന്‍ ഗൗരവത്തോടെ താക്കീത്‌ നല്‌കുന്നു. ഒരുവേള, ധാര്‍മിക ബോധം നഷ്‌ടമായ അധികാര കേന്ദ്രങ്ങള്‍ ഭൂമിയില്‍ ഇത്തരം നാശങ്ങള്‍ക്ക്‌ പ്രേരണയേകുമെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌. ``ചില ആളുകളുണ്ട്‌. ഐഹിക ജീവിതത്തില്‍ അവരുടെ സംസാരം നിനക്ക്‌ കൗതുകം തോന്നിക്കും അവരുടെ ഹൃദയശുദ്ധിക്ക്‌ അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്‌തവത്തില്‍ അവര്‍ സത്യത്തിന്റെ കഠിന വൈരികളത്രെ. അവര്‍ക്ക്‌ അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിളയും ജീവനും നശിപ്പിക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്‌ടപ്പെടുന്നതല്ല.'' (വി.ഖു 2:204-205)

By ജാബിര്‍ അമാനി 

വിശുദ്ധ ഹജ്‌ജ്‌ ചില പ്രായോഗിക പ്രശ്‌നങ്ങള്‍

ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ അഞ്ച്‌ തൂണുകളിലൊന്നാണത്‌. കേവലം ഒരു ചടങ്ങ്‌ എന്ന നിലയില്‍ അതിനെ കണ്ടുകൂടാ. ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരധ്യായം. തൗഹീദ്‌ പ്രബോധനത്തിന്റെ പരിച്ഛേദം. പ്രവാചകപിതാവ്‌, അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഇബ്‌റാഹീം(അ) പില്‍ക്കാലക്കാര്‍ക്കു വേണ്ടി ചര്യയാക്കിയ കര്‍മാനുഷ്‌ഠാനം. മുഹമ്മദ്‌ നബി(സ) പരിപൂര്‍ണമാക്കി കാണിച്ചുതന്ന ആഗോള ഒത്തുചേരല്‍. ചെയ്‌തവന്‌ പ്രതിഫലം സ്വര്‍ഗം മാത്രം. വിശ്വാസപരവും ചരിത്രപരവും സാമൂഹികപരവുമായ ഒട്ടേറെ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഹജ്ജ്‌ കര്‍മത്തെ ആ അളവില്‍ പരിഗണിക്കുകയും അതിന്റെ അന്തസ്സാരം ഉള്‍ക്കൊള്ളുകയും അതേ `സ്‌പിരിറ്റി'ല്‍ അത്‌ നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കൂ. നമ്മുടെ ചുറ്റുപാടില്‍ ഹജ്ജിനു പോകുന്ന ആളുകള്‍ എല്ലാവരും ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്മാര്‍ അല്ലെന്നതാണ്‌ നേര്‌.

 പഴയ കാലത്ത്‌ പ്രതാപത്തിന്റെ പ്രതീകമായിരുന്നു ഹജ്ജ്‌. നാട്ടിലെ പ്രമാണിയും പ്രഥമഗണനീയനുമായിരുന്നു ഹാജിയാര്‍. എഴുപതില്‍ തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുത്തൊഴുക്കോടെ എല്ലാവരും ഹാജിമാരായിത്തീര്‍ന്നു. എന്നിരുന്നാലും ഇപ്പോഴും `ഹാജി' എന്ന പട്ടം പേരിനൊപ്പം പെരുമക്കു വേണ്ടി ചേര്‍ക്കുന്ന ആളുകളുണ്ട്‌. പ്രവാചകനോ സ്വഹാബികളോ ഖലീഫമാരോ ഇസ്‌ലാമിക പണ്ഡിതന്മാരോ ചെയ്യാത്ത ഒരു മാതൃകയാണത്‌. നമസ്‌കാരം, നോമ്പ്‌, സകാത്ത്‌ പോലുള്ള ഒരു നിര്‍ബന്ധ കടമയത്രെ ഹജ്ജ്‌. അത്‌ നിര്‍വഹിച്ചവര്‍ അത്‌ വിളിച്ചുപറഞ്ഞു നടക്കുന്നതും എഴുതിതൂക്കുന്നതും ഒട്ടും ശരിയല്ല. അഭംഗിയാണ്‌. ``മാര്‍ഗം സൗകര്യപ്പെടുന്നവര്‍ അല്ലാഹുവിന്‌ വേണ്ടി ഹജ്ജ്‌ നിര്‍വഹിക്കണം'' (3:97) എന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്‌. അഥവാ മറ്റു അനുഷ്‌ഠാനങ്ങളെപ്പോലെയല്ല എന്നര്‍ഥം.

നമസ്‌കാരം എല്ലാവര്‍ക്കും ഏതു പരിതസ്ഥിതിയിലും നിര്‍ബന്ധം. ഏത്‌ പ്രതിസന്ധിഘട്ടത്തിലും നമസ്‌കാരം നിര്‍വഹിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ചില സൗകര്യങ്ങളും സൗജന്യങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ട്‌ എന്നുമാത്രം. നോമ്പാകട്ടെ ആരോഗ്യമുള്ളവനും നാട്ടില്‍ നില്‍ക്കുന്നവരും നിര്‍വഹിക്കുക. രോഗികളും യാത്രക്കാരും ശാരീരിക ശുദ്ധിയില്ലാത്ത സ്‌ത്രീകളും പിന്നീട്‌ നിര്‍വഹിക്കുക. സകാത്ത്‌ സാമ്പത്തിക ശേഷിയുള്ളവര്‍ക്കാണ്‌ നിര്‍ബന്ധം. ഹജ്ജാകട്ടെ ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യങ്ങള്‍ ഒത്തുചേരണം. വളരെ ദൂരെ, മറ്റൊരു രാജ്യത്ത്‌ നിശ്ചിത ദിവസങ്ങളില്‍ പോയിവരാന്‍ സൗകര്യം വേണമെന്നര്‍ഥം. ``ഇസ്‌ലാം സ്ഥാപിച്ചിരിക്കുന്നത്‌ അഞ്ച്‌ പ്രധാന കാര്യങ്ങളിലാണ്‌. അല്ലാഹുവല്ലാതെ ആരാധനക്ക്‌ അര്‍ഹമായി ഒന്നുമില്ല, മുഹമ്മദ്‌(സ) അല്ലാഹുവിന്റെ ദൂതനാണ്‌ എന്നീ സാക്ഷ്യവചനങ്ങള്‍, നമസ്‌കാരം മുറപോലെ നിര്‍വഹിക്കല്‍, സകാത്ത്‌ കൊടുക്കല്‍, റമദാനില്‍ വ്രതമെടുക്കല്‍, മാര്‍ഗം സൗകര്യപ്പെട്ടവര്‍ കഅ്‌ബയില്‍ ചെന്ന്‌ ഹജ്ജ്‌ ചെയ്യല്‍ (എന്നിവയത്രെ അത്‌)'' (ബുഖാരി) ഹജ്ജിനെപ്പറ്റി പറഞ്ഞപ്പോള്‍ മനിസ്‌തത്വാഅ ഇലൈഹി സബീലന്‍ എന്ന പരാമര്‍ശം ശ്രദ്ധേയം. ആരോഗ്യം, സാമ്പത്തികശേഷി, ദേശാന്തഗമന സൗകര്യം എല്ലാം ഒത്തിണങ്ങിയവനു മാത്രമേ ഹജ്ജ്‌ ചെയ്യേണ്ടതുളളൂ. സമ്പത്തുണ്ട്‌ ആരോഗ്യമില്ല, അതല്ലെങ്കില്‍ സമ്പത്തും ആരോഗ്യവുമുണ്ട്‌ രാഷ്‌ട്രത്തിന്റെ അനുമതിയില്ല. അതുമല്ലെങ്കില്‍ വേണ്ടത്ര ആരോഗ്യശേഷിയില്ല. ഇത്തരക്കാര്‍ക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമില്ല. സമ്പത്തില്ലാത്തവന്‍ സകാത്ത്‌ നല്‍കാന്‍ ബാധ്യസ്ഥനല്ലാത്തതു പോലെ മേല്‍പറഞ്ഞ സൗകര്യങ്ങള്‍ ഒത്തിണങ്ങാത്തവന്‌ ഹജ്ജും ബാധ്യതയില്ല. ഇതിന്റെ വെളിച്ചത്തില്‍ പ്രായോഗികരംഗത്തെ ചില കാര്യങ്ങള്‍ ഓര്‍ത്തുപോവുകയാണ്‌. മേല്‍പറഞ്ഞ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു സുഹൃത്തിനോട്‌ മുമ്പൊരിക്കല്‍ ഹജ്ജിനെപ്പറ്റി പറഞ്ഞപ്പോള്‍ `നാല്‌പത്‌ വയസ്സെങ്കിലുമാകട്ടെ' എന്ന മറുപടി കേട്ട്‌ അത്ഭുതപ്പെട്ടു. വികലമായ ഒരു ധാരണയാണിത്‌. വയസ്സായിട്ട്‌ ഹജ്ജ്‌ ചെയ്‌ത്‌ നല്ലവനായിത്തീരാം. അതുവരെ ഇങ്ങനെയൊക്കെ അങ്ങ്‌ പോകട്ടെ എന്ന ഒരു ലാഘവത്വം ഈ ചിന്താഗതിയിലുണ്ട്‌. ഇത്തരം ചിന്താഗതി ഒടുവില്‍ എത്തിച്ചേരുന്നത്‌ വാര്‍ധക്യത്തിന്റെ പ്രയാസങ്ങളോടെ കഷ്‌ടപ്പെട്ട്‌ ഹജ്ജ്‌ യാത്ര ചെയ്യുന്നതിലാണ്‌.

തന്റെ ശാരീരിക പ്രയാസങ്ങള്‍ക്കിടയില്‍ എങ്ങനെയെങ്കിലും `കര്‍മം കഴിച്ചുകൂട്ടുക' എന്ന രീതിയില്‍ അത്‌ പര്യവസാനിക്കുന്നു, ചൈതന്യം നഷ്‌ടപ്പെട്ട ഹജ്ജായി മാറുന്നു. ഇപ്പറഞ്ഞതിനര്‍ഥം പ്രായമായവര്‍ക്ക്‌ ഹജ്ജിന്‌ പോകാന്‍ പാടില്ല എന്നല്ല. മറിച്ച്‌ ശരീരവും മനസ്സും ആരോഗ്യത്തോടെയിരിക്കുമ്പോള്‍ ഹജ്ജ്‌ നിര്‍വഹിക്കണം എന്നാണ്‌. വാര്‍ധക്യത്തിന്റെയോ മാറാരോഗങ്ങളുടെയോ പിടിയില്‍പെട്ട ശേഷമാണ്‌ മറ്റു സൗകര്യങ്ങള്‍ ഒത്തിണങ്ങിയത്‌ എന്നിരിക്കട്ടെ; അയാള്‍ക്ക്‌ ഹജ്ജ്‌ ബാധ്യതയില്ല എന്നു മനസ്സിലാക്കണം. പുരയിടം വിറ്റ്‌ ഹജ്ജിന്‌ പോകുന്നവരുണ്ട്‌. തന്റെ പിന്‍ഗാമിക്ക്‌ ദാരിദ്ര്യം ബാക്കിവെച്ചുകൊണ്ട്‌ ഹജ്ജ്‌ നിര്‍വഹിച്ച്‌ ഹാജിയായിത്തീരാന്‍ ഇസ്‌ലാം കല്‌പിക്കുന്നില്ല. എങ്ങനെയെങ്കിലും കഷ്‌ടെപ്പട്ട്‌ ഹജ്ജിന്റെ `പൂതി' തീര്‍ക്കുന്ന ഏര്‍പ്പാടല്ല ഇസ്‌ലാം കാര്യങ്ങളില്‍ ഉള്‍പ്പെട്ട ഹജ്ജ്‌. ഹജ്ജിന്‌ പോകാനുള്ള ആഗ്രഹം സഫലമാകാന്‍ സംഭാവന ചോദിക്കുന്ന വിരുതന്മാരും കൂട്ടത്തിലുണ്ട്‌. ഒരു സംഭവം: ഒരിക്കല്‍ ചെയ്‌ത ഹജ്ജിനിടയില്‍ അയാള്‍ക്ക്‌ സംഗതിവശാല്‍ മദീനയില്‍ പോകാന്‍ കഴിഞ്ഞില്ല. ഏറെ വൈകാതെ പറമ്പ്‌ വിറ്റ്‌ വീണ്ടും ഹജ്ജിന്‌ പോയി. ഇതില്‍ രണ്ടു പ്രശ്‌നങ്ങള്‍, മദീനയില്‍ പോകലും മസ്‌ജിദുന്നബവിയില്‍ നമസ്‌കരിക്കലും പുണ്യകരമാണ്‌ എന്നല്ലാതെ ഹജ്ജിന്റെ ഭാഗമല്ല. ഈ തിരിച്ചറിവ്‌ നഷ്‌ടപ്പെടുമ്പോള്‍ സ്വയം ദാരിദ്ര്യത്തിലേക്ക്‌ നീങ്ങിക്കൊണ്ടെങ്കിലും `കടം'വീട്ടുന്നു. ആവശ്യത്തിലേറെ വരുമാനമുണ്ടായിട്ടും ആഡംബരങ്ങള്‍ക്കും ധൂര്‍ത്തിനും വേണ്ടി പണം തുലച്ചുകളഞ്ഞ്‌, സകാത്തും ഹജ്ജും നിര്‍വഹിക്കാനാകാത്ത ഹതഭാഗ്യരും സമൂഹത്തിലുണ്ട്‌. അല്ലാഹുവിന്റെ അനുഗ്രഹത്തിന്‌ നന്ദി ചെയ്യാന്‍ സാധിക്കാത്തവന്‌ ദൈവകോപം ഏറ്റുവാങ്ങേണ്ടിവരും. `ശരിയായി ഹജ്ജ്‌ നിര്‍വഹിച്ച മനുഷ്യന്‍ നവജാത ശിശുവിനെപ്പോലെ നിര്‍മലമാണ്‌' എന്ന പ്രവാചക വചനം ഒരു മുസ്‌ലിമില്‍ എത്ര സ്വാധീനം ചെലുത്തണം. എന്നാല്‍ നാട്ടില്‍, ചട്ടമ്പികളായി നടക്കുന്ന, നമസ്‌കരിക്കാത്തെ, മുസ്‌ലിം സമൂഹത്തിന്‌ ഭാരമായി നടക്കുന്ന ചില ഹാജിമാരെങ്കിലുമുണ്ട്‌. നന്നെ ചുരുങ്ങിയത്‌ അവരെ ഹാജിയെന്ന്‌ വിളിക്കാതിരിക്കാനെങ്കിലും സമൂഹം ഉണരണം. നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജും മനുഷ്യന്റെ മനസ്സ്‌ മാലിന്യമുക്തമാക്കാനുള്ളതാണ്‌. ഫലം സ്വര്‍ഗപ്രാപ്‌തിയും. അതിലൂടെ ഭൗതികവും ഐഹികവുമായ ഒട്ടേറെ ഗുണങ്ങളും ഇസ്‌ലാം വാഗ്‌ദാനം ചെയ്യുന്നു. ഈ വസ്‌തുതകള്‍ ഉള്‍ക്കൊണ്ടുവേണം ഹജ്ജിനെ സമീപിക്കാന്‍; ഹജ്ജ്‌ ചെയ്‌തവരും ഈ വര്‍ഷം ചെയ്യുന്നവരും ഹജ്ജ്‌ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവരും.

By മുഹമ്മദ്‌ അമീന്‍

സ്‌നേഹിക്കുക; നോവിക്കുന്നവരെയും

ബദ്‌റിലേറ്റ ദയനീയ പരാജയത്തിന്‌ പ്രതികാരം ചെയ്യാന്‍ സര്‍വസന്നാഹങ്ങളോടെ ഖുറൈശിപ്പട പുറപ്പെട്ടു. മൂവായിരം വരുന്ന നിഷേധിക്കൂട്ടത്തെ പ്രതിരോധിക്കാന്‍ ആയിരത്തോളം വരുന്ന സ്വഹാബികളുമായി തിരുമേനിയും ഉഹ്‌ദ്‌ ലക്ഷ്യമാക്കി നീങ്ങി. ബദ്‌ര്‍ വിജയം നല്‌കിയ ആവേശം ഒട്ടും നഷ്‌ടപ്പെടാതെ തക്‌ബീറും തസ്‌ബീഹുമായി നീങ്ങുന്ന മുസ്‌ലിം സൈന്യം വഴിമധ്യെ കൂടിയാലോചനയ്‌ക്കും വിശ്രമത്തിനുമായി അല്‌പസമയം തങ്ങി. അവിടെവെച്ചാണ്‌ അബ്‌ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍ എന്ന കപടവിശ്വാസിയുടെ മനസ്സില്‍ പിശാച്‌ കുടിയേറിയത്‌. ഏതാനും ചെറുപ്പക്കാരുടെ അഭിപ്രായം മാത്രം സ്വീകരിച്ച്‌ നമ്മെ അവഗണിക്കുന്ന മുഹമ്മദിനോടൊപ്പം യുദ്ധം ചെയ്യാന്‍ നാമെന്തിന്‌ പോകണം?അയാളുടെ ദുര്‍ബോധനം സൈന്യത്തില്‍ ആശങ്ക പരത്തി. ഒടുവില്‍ തന്റെ വലയില്‍ കുടുങ്ങിയ മുന്നൂറുപേരുമായി അയാള്‍ മദീനയിലേക്ക്‌ മടങ്ങുകയും ചെയ്‌തു. കൊടുംചതിയിലൂടെ മുസ്‌ലിംകളെ പരാജയപ്പെടുത്തുക എന്ന ഗൂഢലക്ഷ്യമായിരുന്നു അയാള്‍ക്കുണ്ടായിരുന്നത്‌.

 മറ്റൊരിക്കല്‍ ബനുല്‍മുസ്‌ത്വലഖ്‌ യുദ്ധം കഴിഞ്ഞ്‌ മുസ്‌ലിം സൈന്യം മടങ്ങുന്നു. മദീനയിലെത്തിയ സൈന്യത്തില്‍ പ്രവാചകപത്‌നി ആഇശയെ കാണാനില്ല. അല്‌പസമയത്തിനു ശേഷം, വഴിയില്‍ ഒറ്റപ്പെട്ടുപോയ ആഇശ(റ)യെയും കൂട്ടി സ്വഫ്‌വാന്‍(റ) മദീനയിലെത്തുന്നു. ഇക്കാര്യമറിഞ്ഞ അബ്‌ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍ ആഇശ(റ)യെയും സ്വഫ്‌വാനെ(റ)യും ചേര്‍ത്ത്‌ അപവാദം പറഞ്ഞുപരത്തുന്നു. വിശ്വാസികളുടെ മാതാവിനെതിരിലുള്ള ഈ ആരോപണം സ്വഹാബികളെയും പ്രത്യേകിച്ച്‌ നബി(സ)യെയും അത്യധികം വേദനിപ്പിച്ചു. ആഇശ(റ)യെ ദിവസങ്ങളോളം കരയിക്കുകയും ചെയ്‌തു. ഇബ്‌നു സുലൂല്‍ എന്ന കപടവിശ്വാസിയുടെ നാവ്‌ ഇങ്ങനെ നിരവധി തവണ നബി(സ)യെയും സ്വഹാബികളെയും മുറിപ്പെടുത്തിക്കൊണ്ടേയിരുന്നു.

 ഒടുവില്‍ ഇബ്‌നുസുലൂല്‍ മരിച്ചു. വിവരമറിഞ്ഞ റസൂല്‍(സ) ജനാസ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. ഇബ്‌നു സുലൂലിന്റെ വിശ്വാസിയായ മകന്‍, പിതാവിനെ കഫന്‍ ചെയ്യാനായി നബി(സ)യുടെ വസ്‌ത്രം ആവശ്യപ്പെട്ടു. സന്തോഷപൂര്‍വം അവിടുന്ന്‌ തന്റെ വസ്‌ത്രം അഴിച്ചുകൊടുത്തു. ശേഷം മകന്റെ ആവശ്യ പ്രകാരം അയാള്‍ക്കു വേണ്ടി നമസ്‌കരിക്കുകയും ചെയ്‌തു. എന്നാല്‍ നമസ്‌കരിച്ചതിനെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നു: ``അവരുടെ കൂട്ടത്തില്‍നിന്ന്‌ മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്‌കരിക്കരുത്‌. അവന്റെ ഖബ്‌റിന്നരികില്‍ നില്‌ക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിക്കുകയും ധിക്കാരികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്‌തിരിക്കുന്നു.'' (തൗബ: 84). 

നമസ്‌കാരം ഖുര്‍ആന്‍ വിലക്കുന്നു. പക്ഷേ മയ്യിത്ത്‌ കാണാനും കഫന്‍പുടവയായി സ്വന്തം വസ്‌ത്രം അഴിച്ചുകൊടുക്കാനും സന്നദ്ധനാവുന്ന അവിടുത്തെ ഹൃദയവിശാലത എത്ര മഹത്തരമാണ്‌. യുദ്ധമുഖത്തു വെച്ചു പോലും മുസ്‌ലിംകളെ വഞ്ചിച്ച, സ്വപത്‌നിക്കെതിരെ അപവാദമാരോപിച്ച്‌ തന്നെ വേദനിപ്പിച്ച, അഇശ(റ)യെ കണ്ണീരുകുടിപ്പിച്ച കുടിലമനസ്സിന്റെ ഉടമ മരിച്ചുകിടക്കുമ്പോള്‍ അയാള്‍ക്കു നേരെ കനിവിന്റെയും അനുകമ്പയുടെയും സഹായഹസ്‌തം നീട്ടാന്‍ നബി (സ)ക്കെങ്ങനെ കഴിഞ്ഞു എന്നത്‌ അത്ഭുതമായി അവശേഷിക്കുന്നു. അവിടുത്തെ വ്യക്തിത്വം ഏവര്‍ക്കും മീതെ ഉയര്‍ന്നുനില്‌ക്കുന്നതും മറ്റൊന്നും കൊണ്ടല്ലല്ലോ. നോവിക്കുന്നവരോടും വഞ്ചിക്കുന്നവരോടും പോലും സ്‌നേഹവും ഹൃദയവിശാലതയും കാണിക്കുന്ന തിരുനബി(സ) വിദ്വേഷവും പകയും തീണ്ടാത്ത മനസ്സിന്റെ ഉജ്വല മാതൃക തീര്‍ക്കുകയായിരുന്നു.

By അബൂസന 

അക്ഷരജാലകം തുറന്നപ്പോള്‍

പി എം എ ഗഫൂര്‍ 

 അറബി മലയാളത്തില്‍ സജീവമായിത്തുടങ്ങിയ കേരളത്തിലെ മുസ്‌ലിംസാഹിത്യം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മലയാള ഭാഷയിലേക്ക്‌ കാല്‍വെച്ചു. സയ്യിദ്‌ സനാഉല്ലാഹ്‌ മക്തി തങ്ങളുടെ കാലം തൊട്ട്‌ മലയാളത്തില്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നെങ്കിലും വക്കം മൗലവിയാണ്‌ ആദ്യമായി ഒരു പ്രസാധനാലയം തുടങ്ങിയത്‌. മുസ്‌ലിംകള്‍ക്കിടയില്‍ പല സംരംഭങ്ങളുടെയും ആരംഭം വക്കം മൗലവിയില്‍ നിന്നാണ്‌. 1917ല്‍ തിരുവനന്തപുരം ജില്ലയിലെ വക്കത്ത്‌ ഇസ്‌ലാമിയ്യാ പബ്ലിഷിംഗ്‌ ഹൗസ്‌ വക്കം മൗലവി സ്ഥാപിച്ചു. മൗലവിയുടെ ദീപിക മാസികയുടെ പ്രസാധനത്തോടെയായിരുന്നു തുടക്കം. ദീപികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഖുര്‍ആന്‍ പംക്തിയും The New World of Islam എന്ന ലൂത്‌റോപ്‌ സ്റ്റൊഡാര്‍ഡിന്റെ കൃതിയും ഇസ്‌ലാമിയ്യാ പബ്ലിഷിംഗ്‌ ഹൗസ്‌ പുസ്‌തമാക്കി. അഭിനവ ഇസ്‌ലാംലോകം എന്നായിരുന്നു പരിഭാഷാ ഗ്രന്ഥത്തിന്റെ പേര്‌. സയ്യിദ്‌ സുലൈമാന്‍ നദ്‌വിയുടെ അഹ്‌ലുസ്സുന്നവല്‍ ജമാഅ എന്ന ഗ്രന്ഥവും അവിടെ പ്രസിദ്ധീകരിച്ചു. വക്കം മൗലവിക്കു ശേഷം ആ പ്രസാധനാലയം മുന്നോട്ടുപോയില്ല. ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പ്രസാധനത്തിന്‌ മുന്‍കൈയെടുത്ത മറ്റൊരാള്‍ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബാണ്‌. അദ്ദേഹത്തിന്റെ വരവോടെയാണ്‌ മലബാറില്‍ പ്രസാധനരംഗം സജീവമായതെന്ന്‌ പറയാം. 1924ല്‍ അദ്ദേഹം കോഴിക്കോട്ട്‌ സ്ഥാപിച്ച അല്‍അമീന്‍ പ്രസ്സ്‌ മലയാള ഭാഷയില്‍ അനേകം ഗ്രന്ഥങ്ങളും പുറത്തിറക്കി. കണിയാപുരം അബ്‌ദുല്ല തമിഴില്‍ നിന്ന്‌ മൊഴിമാറ്റിയ ഹദ്‌റത്ത്‌ ബിലാല്‍ ജീവചരിത്രം, ആനിബസന്റ്‌ രചിച്ച ഇസ്‌ലാം മത മഹാത്മ്യം, പി അബ്‌ദുല്‍ഖാദിര്‍ മൗലവിയുടെ ഖുര്‍ആനും ഖാദിയാനികളും, ഇ മൊയ്‌തുമൗലവിയുടെ വിശുദ്ധ നബി, കെ മൂസാന്‍കുട്ടി മൗലവി വിവര്‍ത്തനം ചെയ്‌ത തുഹ്‌ഫതുല്‍ മുജാഹിദീന്‍ എന്നിവ അല്‍അമീന്‍ പ്രസ്സിലാണ്‌ അച്ചടിച്ചത്‌.

1932ല്‍ രൂപമെടുത്ത മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയാണ്‌ മറ്റൊരു സംരംഭം. കെ എം മൗലവി, പി കെ മൂസാ മൗലവി, എം സി സി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി എന്നിവര്‍ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷയുടെ ആദ്യഭാഗങ്ങള്‍ സൊസൈറ്റിയാണ്‌ പ്രസിദ്ധീകരിച്ചത്‌. പരോപകാരി, മുസ്‌ലിം സഹകാരി, ഹിദായത്‌, യുവലോകം, ഇഖ്‌ബാല്‍, ടാഗോര്‍ ഗ്രന്ഥാവലി, പൗരശക്തി, മാപ്പിള റിവ്യൂ എന്നിവയും മലയാളത്തില്‍ പുറത്തിറങ്ങി. വ്യക്തികളും സംഘങ്ങളും പുസ്‌തകങ്ങള്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്ന രീതി പതുക്കെ അവസാനിച്ച്‌ പ്രസാധനാലയങ്ങള്‍ രംഗം കൈയ്യടക്കിയത്‌ മലയാള ലിപിയുടെ വ്യാപനത്തോടെയാണ്‌. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ മാര്‍ഗങ്ങള്‍ അന്വേഷിച്ചവര്‍ക്കുള്ള നല്ല ഉപായങ്ങളിലൊന്നായിരുന്നു പുസ്‌തക പ്രസാധനം.

1945ല്‍ മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്ത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന സമിതിക്കു കീഴില്‍ വി പി മുഹമ്മദലി ഹാജി സ്ഥാപിച്ച ഇസ്‌ലാമിക്‌ പബ്‌ളിഷിംഗ്‌ ഹൗസ്‌ ശ്രദ്ധേയമായ സംരംഭമാണ്‌. ജമാഅത്ത്‌ സ്ഥാപകന്‍ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ രിസാലേ ദീനിയ്യാത്തിന്റെ മലയാള ഭാഷാന്തരം ഇസ്‌ലാംമതം എന്ന പേരില്‍ പ്രസിദ്ധീകരിച്ചായിരുന്നു ഐ പി എച്ചിന്റെ ആരംഭം. രക്ഷാസരണി, ഖുത്വ്‌ബാത്ത്‌, സത്യസാക്ഷ്യം, തഫ്‌ഹീമുല്‍ ഖുര്‍ആന്‍ തുടങ്ങിയവയാണ്‌ പിന്നീട്‌ പുറത്തിക്കിയത്‌. ഐ പി എച്ച്‌ കൃതികളുടെ വ്യാപനത്തിന്റെ തോത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കൂടി വ്യാപനമായിരുന്നു. അറുപതിലേറെ വര്‍ഷത്തിനിടയില്‍ അഞ്ഞൂറോളം ഗ്രന്ഥങ്ങള്‍ ഐ പി എച്ച്‌ പുറത്തിറക്കി. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍, ഇസ്‌ലാമിക വിജ്ഞാനകോശം, ഹദീസ്‌ പരിഭാഷകള്‍, നിരൂപണം, ബാലസാഹിത്യം, കര്‍മശാസ്‌ത്രം, ഗവേഷണ പഠനങ്ങള്‍, ചരിത്രം തുടങ്ങിവയില്‍ ഈടുറ്റ ഗ്രന്ഥങ്ങള്‍ ഐ പി എച്ചിന്റേതായുണ്ട്‌. ഖുര്‍ആന്‍ ബോധനം, അമൃതവാണി, ഖുര്‍ആന്‍ ലളിതസാരം, ഫിഖ്‌ഹുസ്സുന്ന, ഖറദാവിയുടെ ഫത്‌വകള്‍, പ്രശ്‌നങ്ങള്‍ വീക്ഷണങ്ങള്‍, ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, മക്കയിലേക്കുള്ള പാത, ഇസ്‌ലാം രാജമാര്‍ഗം, ഇസ്‌ലാമിലെ സാമൂഹ്യനീതി, വിധിവിലക്കുകള്‍, ഫാറൂഖ്‌ ഉമര്‍, ഇസ്‌ലാം-പ്രബോധവും പ്രചാരണവും, ഇബാദത്ത്‌ ഒരു സമഗ്രപഠനം, അല്ലാഹു ഖുര്‍ആനില്‍, വിശ്വാസവും ജീവിതവും, ഖിലാഫത്തും രാജവാഴ്‌ചയും, മലബാര്‍ സമരം: എം പി നാരായണ മേനോനും സഹപ്രവര്‍ത്തരും, തെറ്റിദ്ധരിക്കപ്പെട്ട മതം, പരലോകം ഖുര്‍ആനില്‍, യുക്തിവാദികളും ഇസ്‌ലാമും തുടങ്ങിയ ഐ പി എച്ചിന്റെ ശ്രദ്ധേയ സംരംഭങ്ങളാണ്‌.

 1948ല്‍ കെ ബി അബൂബക്കര്‍ തൃശൂരിലെ വിയ്യൂരില്‍ സ്ഥാപിച്ച ആമിന ബുക്ക്‌സ്റ്റാള്‍ അനേകം കൃതികള്‍ പുറത്തിറക്കി. ബദ്‌ര്‍ വിജയം ആണ്‌ ആദ്യകൃതി. സി എച്ച്‌ മുഹമ്മദ്‌ കോയയും അബൂസ്സ്വിദ്ദീഖ്‌ എന്ന അബ്‌ദുര്‍റഹിമാനും 1950ല്‍ സ്ഥാപിച്ച പുസ്‌തകാലയമാണ്‌ കോഴിക്കോട്ടെ ഗ്രീന്‍ഹൗസ്‌. എം അലവിക്കുട്ടി രചിച്ച മൂന്ന്‌ മുസ്‌ലിംലീഗ്‌ നേതാക്കള്‍ കെ കെ മുഹമ്മദ്‌ മദനിയുടെ പ്രവാചകന്മാര്‍, അബുസ്സ്വിദ്ദീഖിന്റെ മുസ്‌ലിംലീഗ്‌: ഭൂതം ഭാവി വര്‍ത്തമാനം, സി എച്ചിന്റെ ഹജ്ജ്‌ യാത്ര, ലണ്ടന്‍- കൈറോ ലോകം ചുറ്റിക്കണ്ടു, കെ എം പന്നിക്കോട്ടൂരിന്റെ നബിയുടെ ഭാര്യമാര്‍ തുടങ്ങി ഒട്ടേറെ കൃതികള്‍ ഗ്രീന്‍ഹൗസിന്റേതായുണ്ട്‌. എറണാകുളത്ത്‌ സ്ഥാപിക്കപ്പെട്ട മുജാഹിദ്‌ പബ്ലിഷിംഗ്‌ ഹൗസാണ്‌ മറ്റൊന്ന്‌. 1944 ല്‍ പി എം നൈനാര്‍ കുട്ടി മുജാഹിദ്‌ എന്ന വാരിക ആരംഭിച്ചുവെങ്കിലും ആറു മാസത്തിലധികം അതിന്‌ ആയുസ്സുണ്ടായിരുന്നില്ല. പിന്നീട്‌ അതേ പേരില്‍ അദ്ദേഹം സ്ഥാപിച്ച പ്രസാധനാലയമാണ്‌ മുജാഹിദ്‌ പബ്ലിഷിംഗ്‌ ഹൗസ്‌. കര്‍ബലാ രക്തക്കളം, മലപ്പുറം രക്തസാക്ഷികള്‍, ഹിറ്റ്‌ലറെ വഞ്ചിച്ച ഹൃദയേശ്വരി എന്നീ കൃതികള്‍ പുറത്തിറക്കി. പുനലൂരില്‍ ക്രസന്റ്‌ പബ്ലിഷിംഗ്‌ എന്ന പേരില്‍ മറ്റൊരു പ്രസാധനാലയവുമുണ്ടായിരുന്നു. വക്കം മൗലവിയുടെ പുത്രന്‍ എം അബ്‌ദുല്‍ഹഖ്‌ രചിച്ച മുസ്‌ലിം ഇന്ത്യയുടെ ഉദ്ധാരകന്മാര്‍ രണ്ടു വാള്യങ്ങളിലായി 1947ല്‍ ക്രസന്റിലൂടെ പുറത്തിറങ്ങി. ഇന്ത്യയിലെ ഇസ്‌ലാമിക പ്രചാരണ ചരിത്രം ആഴത്തില്‍ വിലയിരുത്തപ്പെടുന്ന ഗ്രന്ഥമാണിത്‌. ദക്ഷിണ കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക പ്രചാരണത്തിന്‌ മികച്ച സേവനമര്‍പ്പിച്ച സ്ഥാപനമാണ്‌ ആലുവയിലെ ഇസ്‌ലാമിയ്യാ ബുക്‌സ്റ്റാള്‍. ലേഖനം, കഥ, കവിത, നാടകം തുടങ്ങിയ വിഷയങ്ങളില്‍ അനേകം ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിയ്യ പുറത്തിറക്കി. പെരുമ്പാവൂരിലെ ഭാരതചന്ദ്രിക പ്രസ്സാണ്‌ മറ്റൊന്ന്‌. അബ്‌ദുല്‍മജീദ്‌ മരക്കാരാണ്‌ സ്ഥാപകന്‍. സി എന്‍ അഹ്‌മദ്‌ മൗലവിയുടെ ഒരു ഖുര്‍ആന്‍ പരിഭാഷയായിരുന്നു ഭാരതചന്ദ്രികയുടെ പ്രധാന പദ്ധതി. കെ മുഹമ്മദലി വിവര്‍ത്തനം ചെയ്‌ത 700 ഹദീസുകള്‍ അല്‍ഹദീസ്‌ എന്ന പേരില്‍ ഭാരതചന്ദ്രിക പുറത്തിറക്കി. പി മുഹമ്മദ്‌ മൈതീന്റെ വിശുദ്ധ ഖുര്‍ആനിലെ ദുആകള്‍, വക്കം അബ്‌ദുല്‍ ഖാദിറിന്റെ ഇസ്‌ലാമിലെ ചിന്താപ്രസ്ഥാനങ്ങള്‍, എസ്‌ മുഹമ്മദ്‌ അബ്‌ദു, എം അബ്‌ദുല്‍ വഹ്‌ഹാബ്‌ എന്നിവര്‍ വിവര്‍ത്തനം ചെയ്‌ത ഇസ്‌ലാം ചരിത്രത്തിലെ സുവര്‍ണ സംഭവങ്ങള്‍ എം അബ്‌ദുല്‍ ഖാദിര്‍ മൗലവിയുടെ ഹൃദയകൗമുദി തുടങ്ങി അനേകം നല്ല ഗ്രന്ഥങ്ങള്‍ ഭാരതചന്ദ്രിക പുറത്തിറക്കി. തിരുവനന്തപുരത്തെ കരമനയില്‍ അല്‍ഇസ്‌ലാം പബ്ലിഷിംഗ്‌ ഹൗസ്‌ നിരവധി ഗ്രന്ഥങ്ങള്‍ പുറത്തിറക്കി. കരമനയിലെ എ മുഹമ്മദ്‌ സാഹിബാണ്‌ സ്ഥാപകന്‍. അഅ്‌ളംഗഢിലെ ദാറുല്‍ മുസ്വന്നിഫീന്‍ പുറത്തിറക്കിയ കൃതികള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യാനുള്ള അംഗീകാരം നേടിടെയെടുത്ത അല്‍ഇസ്‌ലാം അതുവഴി ഒട്ടേറെ മികച്ച ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നു. മുഹമ്മദ്‌ നബി, ഖുലഫായേ റാശിദീന്‍, അല്‍ഗസ്സാലി, ചാര്‍ ദര്‍വേശ്‌, സല്‍മ, നമസ്‌കാര ക്രമം, ഏഴു മുസ്‌ലിം നേതാക്കള്‍, മിഅ്‌റാജുന്നബി എന്നിവ അവയില്‍ പെട്ടതാണ്‌.

1951ല്‍ പരപ്പനങ്ങാടിയില്‍ ടി കെ അബ്‌ദുല്ലാ മൗലവി സ്ഥാപിച്ച ബയാനിയ്യാ ബുക്‌സ്റ്റാള്‍ നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഖുര്‍ആന്‍ പരിഭാഷ, കീമിയായെ സആദ, ഇസ്‌ലാം ചരിത്ര സംഭവം, സ്വഹാബിവര്യന്മാര്‍, ടിപ്പുസുല്‍ത്താന്‍, ഹജ്ജാജി മാര്‍ഗദര്‍ശകന്‍ എന്നിവ അതില്‍പ്പെടുന്നു. 1952 ല്‍ ഉബൈദിയ്യാ പബ്ലിഷിംഗ്‌ ഹൗസ്‌ തിരൂരങ്ങാടിയില്‍ സ്ഥാപിതമായി. കെ കെ ജമാലുദ്ദീന്‍ മൗലവിയുടെ ഖുത്വ്‌ബയുടെ വിധികള്‍, ഖിദ്‌ര്‍ നബിയെ കണ്ട നഫീസ, സൈനബ്‌ എന്നീ നോവലുകളും ഉബൈദിയ്യാ ഹൗസ്‌ പുറത്തിറക്കി. 

1960ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കെ എന്‍ എം പബ്ലിഷിംഗ്‌ ഹൗസ്‌ സ്ഥാപിക്കപ്പെട്ടു. മുഹമ്മദ്‌ അമാനി മൗലവിയുടെ നാലു വാള്യങ്ങളുള്ള വിശുദ്ധ ഖുര്‍ആന്‍ വിവരണമാണ്‌ പ്രധാന കൃതി. കെ പി മുഹമ്മദ്‌ ബിന്‍ അഹ്‌മദിന്റെ ഇബാദത്തും ഇത്വാഅതും, പി എം അബ്‌ദുര്‍റഹീം മൗലവിയുടെ ജുമുഅ ഖുത്വ്‌ബ മാതൃഭാഷയില്‍, കെ കുഞ്ഞീതു മദനിയുടെ ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ്‌, പി മുഹമ്മദ്‌ കുട്ടശ്ശേരിയുടെ ഇതാണ്‌ ഇസ്‌ലാം, എ അബ്‌ദുസ്സലാം സുല്ലമിയുടെ ഹദീസ്‌ രണ്ടാം പ്രമാണമോ? എന്നിവ പ്രധാനകൃതികളാണ്‌.

 ഐ എസ്‌ എം സംസ്ഥാന സമിതിയുടെ കീഴില്‍ 1987ല്‍ ആരംഭിച്ച യുവത ബുക്‌ഹൗസ്‌ പേരിലും കൃതികളുടെ വൈവിധ്യത്തിലും വേറിട്ടുനിന്നു. ഇസ്വ്‌ലാഹീ ആദര്‍ശ പ്രചാരണത്തിലും നവോത്ഥാന സംരംഭങ്ങളിലും യൗവന തീക്ഷ്‌ണമായ പ്രസരിപ്പ്‌ പുലര്‍ത്തിയ `യുവത' കുറഞ്ഞ കാലം കൊണ്ട്‌ മുന്നൂറിലേറെ മികച്ച ഗ്രന്ഥങ്ങള്‍ പുറത്തിറക്കി. മൗലിക പ്രതിഭകളുടെ ഉത്‌കൃഷ്‌ട രചനകള്‍ കൊണ്ട്‌, വിവര്‍ത്തനകൃതികളെ അധികം ആശ്രയിക്കാതെ മികച്ചുനിന്നുവെന്നത്‌ യുവതയുടെ പ്രത്യേകതയാണ്‌. ഇസ്‌ലാമിക ആദര്‍ശത്തെയും അനുഷ്‌ഠാനങ്ങളെയും സംസ്‌കൃതിയെയും ചരിത്രത്തെയും ബൗദ്ധികമായി സമര്‍ഥിക്കുന്ന ഇസ്‌ലാം അഞ്ചു വാള്യങ്ങള്‍ യുവതയുടെ സമുന്നത ഗ്രന്ഥപരമ്പരയാണ്‌. ഖുര്‍ആന്‍ ഹദീസ്‌ പരിഭാഷകള്‍, കര്‍മശാസ്‌ത്രഗ്രന്ഥങ്ങള്‍, ചരിത്രം, സാഹിത്യം, സ്വഭാവശാസ്‌ത്രം, ബാലസാഹിത്യം, ശാസ്‌ത്രകൃതികള്‍, കഥ, കവിത, നോവല്‍, ഐ ടി, മതാന്തര സംവാദം തുടങ്ങി ഭിന്നവിഷയങ്ങളില്‍ ഒട്ടേറെ രചനകള്‍ ഇതിനകം പുറത്തിറങ്ങി. ഇസ്‌ലാം വെല്ലുവിളിക്കുന്നു, കെ എം മൗലവിയുടെ ഫത്‌വകള്‍, മതമൈത്രിയും ഇസ്‌ലാമിന്റെ മാനുഷികമുഖവും, മുഹമ്മദ്‌ നബി ലോകവേദങ്ങളില്‍, ഖുര്‍ആന്‍ സത്യാന്വേഷിയുടെ മുന്നില്‍, ഖാദിയാനിസം, വിപ്ലവത്തിന്റെ പ്രവാചകന്‍, ദൈവാസ്‌തിക്യത്തിന്റെ അടയാളങ്ങള്‍, ഇസ്‌ലാമികചിന്ത ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ദൈവം മതം വേദം പ്രവാചകന്‍, ഇബാദത്ത്‌ വീക്ഷണങ്ങളുടെ താരതമ്യം, പ്രകാശത്തിനു മേല്‍ പ്രകാശം, സ്ഥലകാല സങ്കല്‌പം ഖുര്‍ആനില്‍, ദൈവവിശ്വാസവും ബുദ്ധിയുടെ വിധിയും, മതവും യുക്തിവാദവും, മുഹമ്മദ്‌ നബി ജീവചരിത്ര സംഗ്രഹം, മുസ്‌ലിം ചിന്താപ്രസ്ഥാനങ്ങള്‍, ദൈവിക നിയമത്തിന്റെ ശാസ്‌ത്ര വിസ്‌മയങ്ങള്‍, ദിവ്യദീപ്‌തി ഖുര്‍ആന്‍ കാവ്യാവിഷ്‌കാരം, വികസിക്കുന്ന പ്രപഞ്ചം, പദാര്‍ഥത്തിന്റെ പൊരുള്‍, ഖുര്‍ആനും പ്രപഞ്ച ശാസ്‌ത്രവും, ഹദീസ്‌ നിഷേധികള്‍ക്ക്‌ മറുപടി, ഖുര്‍ആനും പാലിയന്തോളജിയും, മുഅ്‌ജിസത്തും കറാമത്തും, മതം-രാഷ്‌ട്രീയം- ഇസ്‌ലാഹീ പ്രസ്ഥാനം, ധിഷണയും വെളിപാടും, തീവ്രവാദം-ഭീകരവാദം-ജിഹാദ്‌, ദഅ്‌വത്ത്‌ ചിന്തകള്‍- അഞ്ചു വാള്യം, അന്ധവിശ്വാസങ്ങളുടെ ലോകം, മുസ്‌ലിംകളിലെ അനാചാരങ്ങള്‍, കെ എം മൗലവിയുടെ ജീവചരിത്രം, കെ എം മൗലവിയുടെ ഫത്‌വകള്‍, സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം നായകര്‍, വര്‍ഗീയത-മതനിരപേക്ഷത-സംസ്‌കാരം, ആഗോളവത്‌കരണത്തിന്റെ അനന്തര ഫലങ്ങള്‍, ഇസ്‌ലാമില്‍ സ്‌ത്രീയുടെ പദവി, ഹദീസ്‌ സമാഹാരങ്ങള്‍ എന്നിവ യുവതയുടെ പ്രസിദ്ധീകരണങ്ങള്‍ ചിലതാണ്‌. 1977ല്‍ കോഴിക്കോട്ട്‌ തുടങ്ങിയ പ്രതിഭാ ബുക്‌സ്‌ ശ്രദ്ധേയമായ അനേകം കൃതികള്‍ ഭാഷയ്‌ക്ക്‌ നല്‍കി. വക്കം അബ്‌ദുല്‍ഖാദിറിന്റെ അതുലനായ മനുഷ്യന്‍, ഗിദ്വാനിയുടെ ടിപ്പുവിന്റെ കരവാള്‍, മുഹമ്മദ്‌ ഹുസൈന്‍ ഹൈകലിന്റെ അബൂബക്‌ര്‍ എന്നിവ അതില്‍ പെടുന്നു. മാഹിന്‍ അലി സാഹിബ്‌ തലശ്ശേരിയില്‍ ആരംഭിച്ച ജിന്നാ ബുക്‌സ്‌ മികച്ച ഗ്രന്ഥങ്ങളുടെ വിതരണക്കാരുമായിരുന്നു.

1949ല്‍ വി അബ്‌ദുല്‍ഖയ്യും കോഴിക്കോട്‌ എരഞ്ഞിപ്പാലത്ത്‌ സ്ഥാപിച്ച ബുശ്‌റാ പബ്ലിഷിംഗ്‌ഹൗസും നല്ല കൃതികളുടെ പ്രസാധകരായി. മൗലാനാ ശംസുദ്ദീന്‍ ഖാദിരിയുടെ പ്രാചീന മലബാര്‍, തുര്‍ക്കി വിപ്ലവം, ഒ അബുവിന്റെ ദീനുല്‍ ഇസ്‌ലാമിന്റെ ദിവ്യസംഭാവന, ഇഖ്‌ബാലിന്റെ കത്തുകള്‍ എന്നിവ ബുശ്‌റയുടെ പ്രസിദ്ധീകരണങ്ങളാണ്‌. ഡോ. എം വി മുഹമ്മദ്‌ തലശ്ശേരിയില്‍ സ്ഥാപിച്ച അനീസ്‌ പബ്ലിക്കേഴ്‌സ്‌, സി എന്‍ അഹ്‌മദ്‌ മൗലവിയുടെ അന്‍സ്വാരി ബുക്‌ ഡിപ്പോ, ആയഞ്ചേരിയിലെ നാസ്വിര്‍ ബുക്‌സ്റ്റാള്‍, വളാഞ്ചേരിയിലെ മുഹമ്മദിയ്യാ ബുക്‌സ്റ്റാള്‍, ചെമ്മാട്‌ സ്ഥാപിതമായ സുന്നി പബ്ലിക്കേഷന്‍ സെന്റര്‍, സമസ്‌ത വിദ്യാര്‍ഥി വിഭാഗത്തിന്റെ ഇസ പബ്ലിക്കേഷന്‍സ്‌, മഞ്ചേരിയിലെ ഹാദി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്ടെ കലിമ ബുക്‌സ്‌, 1962ല്‍ തിരൂരങ്ങാടിയില്‍ തുടങ്ങിയ കെ മുഹമ്മദ്‌കുട്ടി സണ്‍സ്‌, വൈലത്തൂരിലെ അല്‍ഹിന്ദ്‌ ബുക്‌സ്റ്റാള്‍ എന്നിവയും നിരവധി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 1980ല്‍ തിരൂരിലെ പൊന്മുണ്ടം സ്വദേശി കെ ഹംസ സ്ഥാപിച്ച അല്‍ഹുദാ ബുക്‌സ്റ്റാള്‍ കുറേ നല്ല ഗ്രന്ഥങ്ങളുടെ പ്രസാധകരാണ്‌. ഹദീസ്‌ ഗ്രന്ഥങ്ങളുടെ പരിഭാഷ, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, പി എ സൈത്‌ മുഹമ്മദിന്റെ കേരള മുസ്‌ലിം ചരിത്രം, പി കെ ബാലകൃഷ്‌ണന്റെ ടിപ്പുസുല്‍ത്താന്‍, ഉര്‍ദു-മലയാളം നിഘണ്ടു, ഇ മൊയ്‌തു മൗലവിയുടെ ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യസമര പ്രസ്ഥാനവും എന്നിവ അല്‍ഹുദായുടെ സംഭാവനയാണ്‌. വൈലത്തൂരിലെ അല്‍അമാന്‍ കിതാബ്‌ ഭവന്‍ 1977ല്‍ എം ആലിക്കുട്ടി ഹാജി സ്ഥാപിച്ച അയ്യൂബി ബുക്‌ഹൗസ്‌, ഡോ. സി കെ കരീം സ്ഥാപിച്ച ചരിത്രം പബ്ലിക്കേഷന്‍സ്‌-തിരുവനന്തപുരം എന്നിവയും ഏറെ ശ്രദ്ധേയ രചനകള്‍ പുറത്തിറക്കി. ഇന്ത്യാ ചരിത്രത്തിന്‌ ഒരുമുഖവുര, ചരിത്രത്തിലെ ഗുണപാഠങ്ങള്‍, ഇബ്‌നുബതൂതയുടെ കള്ളക്കഥകള്‍, മുഹമ്മദ്‌ തുഗ്ലക്ക്‌ ഒരു പഠനം, ഡോ. സി കെ കരീമിന്റെ ചരിത്രപഠനങ്ങള്‍, കേരള മുസ്‌ലിം ചരിത്രം: സ്ഥിതിവിവരക്കണക്ക്‌ ഡയറക്‌ടറി (മൂന്ന്‌ വാള്യങ്ങള്‍) എന്നിവ ചരിത്രം പബ്ലിക്കേഷന്‍സിന്റെ പ്രധാന കൃതികളാണ്‌.

 ശഹീദ്‌ സയ്യിദ്‌ ഖുത്വ്‌ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍ വിവര്‍ത്തനം ലക്ഷ്യമാക്കി സ്ഥാപിതമായ ആലുവയിലെ മനാസ്‌ ഫൗണ്ടേഷന്‍ (1991) ഖുര്‍ആന്റെ തണലില്‍ എന്ന പ്രസ്‌തുത വിവര്‍ത്തനത്തിനു പുറമെ ഖുര്‍ആന്‍ മലയാളസാരം, കുടുംബവിജ്ഞാനകോശം, മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ എന്നിവയും പുറത്തിറക്കി. 1986ല്‍ സ്ഥാപിക്കപ്പെട്ട തിരൂരങ്ങാടി ബുക്‌സ്റ്റാള്‍, 1992ല്‍ ആരംഭിച്ച അശ്‌റഫി ബുക്‌സ്റ്റാള്‍, 1999ല്‍ തുടങ്ങിയ വചനം, ദഅ്‌വ ബുക്‌സ്‌, മഹിമ പബ്ലിക്കേഷന്‍, അല്‍ ഇര്‍ശാദ്‌ ബുക്‌സ്‌, പൂങ്കാവനം, പബ്ലിക്കേഷന്‍സ്‌, ഇസ്‌ലാം പബ്ലിഷിംഗ്‌ ബ്യൂറോ, മക്‌തബ അന്‍സ്വാറുല്‍ ഇസ്‌ലാം, അരീക്കോട്ടെ ഇസ്‌ലാമിക്‌ ഫൗണ്ടേഷന്‍, അദര്‍ ബുക്‌സ്‌ കോഴിക്കോട്‌, സമന്വയം ബുക്‌സ്‌-കോഴിക്കോട്‌ തുടങ്ങി അനേകം പ്രസാധനാലയങ്ങള്‍ വഴി നിരവധി രചനകള്‍ മുസ്‌ലിം സാഹിത്യത്തെ സമ്പന്നമാക്കി.

വിവാഹവും തട്ടിപ്പിന്റെ മാര്‍ഗമോ?

`കളിയല്ല കല്യാണം' എന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. എന്നാല്‍ വര്‍ത്തമാനകാല സംഭവവികാസങ്ങളിലേക്ക്‌ കണ്ണോടിച്ചാല്‍ `തട്ടിപ്പല്ല കല്യാണം' എന്ന മൊഴിമാറ്റം ആവശ്യമാണെന്നു തോന്നുന്നു. നിത്യവും പ്രഭാതത്തില്‍ നമ്മുടെ മുന്നിലെത്തുന്ന വാര്‍ത്തകളില്‍ പ്രധാന ഇനമായി വിവാഹത്തട്ടിപ്പും അനുബന്ധ കഥകളും മാറിയിരിക്കുന്നു. തട്ടിപ്പു നടത്തുന്നതും തട്ടിപ്പിന്നു വിധേയരാകുന്നതും അധികവും മുസ്‌ലിംകളാണ്‌. മറ്റുള്ളവരുടെ പണം അവിഹിതമായി കൈക്കലാക്കാനുള്ള മാര്‍ഗമാണല്ലോ തട്ടിപ്പ്‌. വിവാഹമെങ്ങനെ തട്ടിപ്പുവീരന്മാര്‍ക്ക്‌ വിലസാനുള്ള രംഗമായി മാറി എന്നതും ചിന്താവിഷയമാണ്‌.

 യഥാര്‍ഥത്തില്‍ എന്താണ്‌ വിവാഹം? ലോകത്തുള്ള ജന്തുജാലങ്ങളില്‍ മനുഷ്യന്‍ വ്യതിരിക്തനാകുന്ന നിരവധി ഘടകങ്ങളുണ്ട്‌. അവയിലൊന്നാണ്‌ വിവാഹം. പ്രായപൂര്‍ത്തിയെത്തിയാല്‍ ഇണചേരുകയും പ്രത്യുല്‌പാദനം നടത്തുകയും ചെയ്യുക എന്നത്‌ ജന്തുക്കള്‍ക്ക്‌ അല്ലാഹു നല്‌കിയ പ്രകൃതിയാണ്‌. ഒരു ജീവിവര്‍ഗം എന്ന നിലയില്‍ മനുഷ്യനും ഇത്‌ ബാധകമാണ്‌. എന്നാല്‍ വിശേഷബുദ്ധിയുള്ള മനുഷ്യന്‍ ഈ രംഗത്ത്‌ ഏറെ വ്യതിരിക്തനാണ്‌. പ്രായപൂര്‍ത്തി എത്തുകയും കാര്യപ്രാപ്‌തി നേടുകയും ചെയ്‌താല്‍ സ്‌ത്രീപുരുഷന്മാര്‍ വിവാഹിതരാകുന്നു. അഥവാ ആജീവനാന്തം ഒരിണയെ തെരഞ്ഞെടുക്കുന്നു. പ്രജനനത്തിനുവേണ്ടി ഇണ ചേരുക എന്ന ജന്തുതൃഷ്‌ണയ്‌ക്കപ്പുറം മനുഷ്യന്‍ തന്റെ ഇണയോടൊത്ത്‌ ജീവിതം നയിക്കുകയാണ്‌; മരണംവരെ. ഈ തെരഞ്ഞെടുപ്പാണ്‌ വിവാഹം. ഈ `ഇണയെ കണ്ടെത്തല്‍' പ്രക്രിയ കുറ്റമറ്റ രീതിയില്‍ ഇസ്‌ലാം വരച്ചുവെച്ചിട്ടുണ്ട്‌. ഇത്‌ മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്‌. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഉണര്‍ത്തുന്നു: ``മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്‌ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്‌ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്‌ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്‌തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍'' (4:1).

ഇത്‌ മനുഷ്യ വര്‍ഗത്തിന്റെ പൊതുപ്രകൃതിയാണ്‌. ഓരോ വ്യക്തിയുടെയും വിവാഹജീവിതം ഖുര്‍ആന്‍ വിശദീകരിക്കുന്നു: ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ്‌'' (30:21). ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ അഥവാ വിവാഹം നടത്തുമ്പോള്‍ പുരുഷന്‍ തന്റെ കഴിവനുസരിച്ച്‌ വിവാഹമൂല്യം നല്‌കി ഇണയെ (ഭാര്യയെ) അവളുടെ രക്ഷിതാവില്‍ നിന്ന്‌ സ്വീകരിക്കുന്നു (4:4). സാമ്പത്തിക ബാധ്യതയും കുടുംബച്ചെലവും പുരുഷനില്‍ നിക്ഷിപ്‌തം. എന്നാല്‍ രണ്ടുപേരും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍പോലെ ജീവിക്കുക; ആ ജീവിതത്തിന്നിടയില്‍ മക്കള്‍, മാതാപിതാക്കള്‍, പേരമക്കള്‍, പിതാമഹന്‍മാര്‍ തുടങ്ങിയ ബന്ധങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു (16:72). വിവാഹം അതീവലളിതവും സുതാര്യവും ചെലവുകുറഞ്ഞതുമായ ഒരു നടപടിയായിട്ടാണ്‌ ഇസ്‌ലാം നിശ്ചയിച്ചത്‌. വിശുദ്ധമായ ഈ ബന്ധമെങ്ങനെ തട്ടിപ്പിന്റെ മാര്‍ഗമായി എന്ന്‌ ചിന്തിക്കേണ്ടതല്ലേ?

ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. എറണാകുളത്തുകാരനായ ജോണ്‍സന്‍ എന്ന യുവാവ്‌ ജമാല്‍ എന്ന മുസ്‌ലിം പേര്‌ സ്വീകരിച്ചുകൊണ്ട്‌ മുസ്‌ലിം കേന്ദ്രമായ മലപ്പുറം ജില്ലയില്‍ നിന്ന്‌ നിരവധി വിവാഹങ്ങള്‍ നടത്തി. തിരുവനന്തപുരം സ്വദേശി ഷറഫുദ്ദീന്‍ പത്രപരസ്യങ്ങള്‍ ദുരുപയോഗപ്പെടുത്തി അനവധി വിവാഹങ്ങള്‍ കഴിച്ചു. നിലമ്പൂര്‍ കരുളായി സ്വദേശി കരീം ഏഴു വിവാഹം കഴിച്ചു. തോന്നിയ പോലെ വിവാഹം ചെയ്യുക, പൊന്നും പണവും മാനവും കവര്‍ന്ന്‌ തടിതപ്പുക, അടുത്ത ഇരയെ തേടുക. ഇത്‌ പതിവാക്കിയവരുടെ ഏറ്റവും പുതിയ ചില പ്രതീകങ്ങള്‍ മാത്രമാണ്‌ ഇയ്യിടെ അറസ്റ്റ്‌ ചെയ്യപ്പെട്ട മേല്‍പറഞ്ഞവര്‍. ഇത്തരക്കാരുടെ ഈ `വിവാഹയാത്ര'യില്‍ സംഭവിക്കുന്നതെന്താണ്‌? നിരവധി പതിവ്രതകളുടെ സ്‌ത്രീത്വം അപഹരിക്കപ്പെടുന്നു. ഇരയായ സ്‌ത്രീകളും അവരുടെ കുടുംബങ്ങളും കണ്ണീരും ദുരിതവും മാനഹാനിയുമായി കഴിഞ്ഞുകൂടുന്നു. അതിന്നിടയില്‍ ജനിച്ച നിരപരാധികളായ കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥകളായി വളരുന്നു. തിരിച്ചറിവു നേടുമ്പോള്‍ തന്റെ പിതാവ്‌ ഒരു വിവാഹതട്ടിപ്പുകാരനായിരുന്നു എന്ന `സത്യം' തിരിച്ചറിയുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ അചിന്ത്യമാണ്‌. ആ തലമുറ എങ്ങനെയാണ്‌ സമൂഹത്തിന്‌ ഗുണകരമായി വളര്‍ന്നുവരിക!

എല്ലാറ്റിനും പുറമെ മുസ്‌ലിം സമുദായം അവമതിക്കപ്പെടുന്നു. ലോകോത്തരനിയമം കയ്യില്‍വച്ചുകൊണ്ട്‌ ലോകത്തിനു മുന്നില്‍ പരിഹാസ്യരാവുന്നു! ഉദാത്തമായ വിവാഹ സമ്പ്രദായം തട്ടിപ്പുവീരന്മാര്‍ക്ക്‌ വിലസാനുള്ള വിഹാരരംഗമായി മാറിയതെന്തുകൊണ്ട്‌ എന്ന്‌ ചിന്തിക്കേണ്ടതാണ്‌. പണമുണ്ടാക്കാനുള്ള മാര്‍ഗമായി വിവാഹം അധപ്പതിച്ചു. ഭാരിച്ച തുക (ലക്ഷങ്ങള്‍) സ്‌ത്രീധനമായും അതിലേറെ തുകയ്‌ക്കുള്ള സ്വര്‍ണം ആഭരണ വകയിലും വരന്‍ വധൂപിതാവില്‍ നിന്ന്‌ കൈപ്പറ്റുന്നു; ഇത്‌ ഇസ്‌ലാമിന്റെ വഴിയല്ല. ഈ തലതിരിഞ്ഞ സമ്പ്രദായം സമുദായത്തിന്റെ `സംസ്‌കാരമായി' മാറിയപ്പോള്‍ പെണ്‍മക്കള്‍ ഭാരമായിത്തീര്‍ന്നു. എങ്ങനെയെങ്കിലും `കെട്ടിച്ചയക്കുക' എന്ന മിനിമം പരിപാടിയില്‍ രക്ഷിതാവ്‌ എല്ലാം മറക്കുന്നു. സാമാന്യം കുറഞ്ഞ `റെയ്‌റ്റിന്‌' കിട്ടുന്ന വരന്മാര്‍ക്ക്‌ മകളെ പിടിച്ചു കൊടുക്കുന്നു. `മൈസൂര്‍ വിവാഹവും അറബിക്കല്യാണവും' അരങ്ങുതകര്‍ത്തിരുന്നതും ഇപ്പോള്‍ തട്ടിപ്പുവീരന്മാര്‍ നിര്‍ബാധം വിലസുന്നതും ഈ ദൗര്‍ബല്യം ചൂഷണം ചെയ്‌തുകൊണ്ടാണ്‌. കൈനിറയെ പണവും പീഡനമെന്ന ആക്ഷേപമില്ലാതെ ലൈംഗികാസ്വാദനവും! ആര്‍ത്തിപൂണ്ട മനുഷ്യാധമന്മാര്‍ക്ക്‌ ഇതിലപ്പുറം എന്തുവേണം? സമുദായ നേതൃത്വത്തിനും മഹല്ലുകള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഈ പാതകത്തില്‍ പങ്കുണ്ട്‌. മതിയായ അന്വേഷണമില്ലാതെ, പണത്തിന്‌ രേഖകളില്ലാതെ നടത്തപ്പെടുന്ന ഏര്‍പ്പാട്‌ ഇസ്‌ലാമികമല്ലെന്ന്‌ മാത്രമല്ല, ഒരു നീതിശാസ്‌ത്രവും അംഗീകരിക്കുന്നതുമല്ല.

തട്ടിപ്പിന്‌ വിധേയരായവര്‍ അതു തുറന്നുപറയുന്നില്ല എന്നത്‌ തട്ടിപ്പ്‌ വ്യാപിക്കാനുള്ള കാരണങ്ങളിലൊന്നാണെന്ന്‌ മറക്കരുത്‌. മുസ്‌ലിം സമൂഹത്തില്‍ മാത്രമാണ്‌ ഈ തട്ടിപ്പുകളെല്ലാം എന്ന്‌ ഇപ്പറഞ്ഞതിന്നര്‍ഥമില്ല. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയിലെ ജീര്‍ണതകളില്‍ നാം ഏറെ ആശങ്കപ്പെടുന്നതുകൊണ്ടാണ്‌ സമുദായത്തെ ഇത്‌ തെര്യപ്പെടുത്തുന്നത്‌. ഈ ദുരവസ്ഥയ്‌ക്ക്‌ എന്തുണ്ട്‌ പരിഹാരം എന്നുകൂടി ആലോചിക്കണമല്ലോ. വിവാഹം മഹത്തരമായ ഒരു ബന്ധമാണെന്നും അതിലൂടെ ഉത്തരവാദിത്തമാണ്‌ ഏറ്റെടുക്കേണ്ടത്‌ എന്നും ബോധവത്‌കരണം നടത്തുക എന്നാണ്‌ ഒന്നാമത്തെതും അതിപ്രധാനമായതുമായ പരിഹാരമാര്‍ഗം. സാമ്പത്തിക സ്രോതസ്സായി വിവാഹത്തെ കാണാതെ വിവാഹകര്‍മവും രീതിയും ഇസ്‌ലാമികമാക്കുക എന്നതാണ്‌ അടുത്തപടി. മക്കള്‍ ഭാരമല്ലെന്ന ബോധം രക്ഷിതാക്കള്‍ക്കുണ്ടാവണം. നിസ്സാഹായത ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാന്‍ പെണ്‍മക്കള്‍ക്ക്‌ ധൈര്യം പകരണം. വനിതാ സംഘടനകള്‍ക്കും സ്‌ത്രീ കൂട്ടായ്‌മകള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാനാകും. വനിതാസമ്മേളനങ്ങളില്‍ ഇത്തരം ബോധവത്‌കരണങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതാണ്‌. മഹല്ലുകമ്മിറ്റിയും `നിക്കാഹ്‌ നടത്തുന്ന' ഖാദിമാരും വേണ്ടത്ര അന്വേഷണം നടത്താന്‍ ശ്രമിച്ചാല്‍ തന്നെ ഒരു പരിധി വരെ തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയും. സമുദായത്തിന്റെ എല്ലാ തലങ്ങളിലും ജാഗ്രത പാലിക്കുന്നു എന്നറിഞ്ഞാല്‍ കള്ളനാണയങ്ങള്‍ ഏറെ വിലപ്പോവില്ല. തട്ടിപ്പു വീരന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നത്‌ പ്രശ്‌നം വ്യാപകമാകാതിരിക്കാന്‍ പര്യാപ്‌തമാണ്‌. മാനഹാനി ഭയന്ന്‌ ഇരകള്‍ മിണ്ടാതിരുന്നാല്‍ ഇരകളുടെ എണ്ണം കൂടുക മാത്രമായിരിക്കും ഫലം. തട്ടിപ്പിന്‌ വിധേയരായവര്‍ക്ക്‌ നിയമത്തിന്റെ കൈത്താങ്ങ്‌ ലഭിക്കാന്‍ പൗരസമിതികളും മതസംഘടനകളും അധികൃതരും ആത്മാര്‍ഥമായി ശ്രമിക്കേണ്ടതുണ്ട്‌. ഈ സാമൂഹിക തിന്മയില്‍ കൂട്ടുപ്രതി ആകാതിരിക്കാനെങ്കിലും നമുക്ക്‌ ബാധ്യതയുണ്ട്‌.

From ശബാബ് എഡിറ്റോരിയൽ 

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts