ഈദിന്റെ സന്ദേശം


ലോകത്തെങ്ങും മുസ്‌ലിം വിശ്വാസികള്‍ ഈദുല്‍ഫിത്വ്‌ര്‍ ആഘോഷത്തിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ്‌. റമദാന്‍ വിടപറഞ്ഞ വേദനയും ശവ്വാലിന്റെ ആഗമനത്തിലുള്ള ആമോദവും കൂടിക്കലര്‍ന്ന ഒരു അസുലഭ സന്ദര്‍ഭമാണിത്‌.ഒരു മാസം നീണ്ടുനില്‌ക്കുന്ന ഒരു ആത്മീയോത്സവത്തെ എത്ര ആവേശത്തോടെയാണ്‌ വിശ്വാസികള്‍ വരവേറ്റത്‌. പക്ഷേ, നോമ്പിന്റെ ആത്മീയ സൗന്ദര്യം ആസ്വദിച്ച്‌ കൊതിതീരും മുമ്പേ അത്‌ പറന്നകന്നു. ഈ ജീവിതത്തിന്റെ അവസ്ഥ ഇങ്ങനെ തന്നെയാണ്‌. മോഹങ്ങളുടെ പുഷ്‌പവഞ്ചികയിലേറി ആനന്ദാനുഭൂതിയില്‍ ലയിച്ച്‌ സഞ്ചരിക്കുന്നതിനിടക്ക്‌ പെട്ടെന്ന്‌ യാത്ര അവസാനിക്കുന്നു. പിന്നെ പോയ നാളുകളെയോര്‍ത്തുള്ള വിലാപമായി. ജീവിതത്തിന്റെ അവധി നീട്ടിക്കിട്ടാന്‍ കൊതിക്കാത്ത മനുഷ്യരുണ്ടാകുമോ? ഇബ്‌നുകസീര്‍ പാടിയത്‌ എത്ര അര്‍ഥസമ്പുഷ്‌ടമാണ്‌:

``കാലം നമ്മെയും കൊണ്ട്‌ നിരന്തരം
പാഞ്ഞുകൊണ്ടിരിക്കുന്നു.
നാം കാണ്‍കെത്തന്നെ നമ്മെ
അവധിയിലേക്ക്‌
തെളിച്ചുകൊണ്ടുപോവുകയാണ്‌
കടന്നുപോയ യുവത്വം ഇനി
തിരിച്ചുവരികയില്ല.
നിറം മങ്ങിയ ഈ നര ഇനി
നീങ്ങിപ്പോവുകയുമില്ല.''

റമദാനിന്റെ നാളുകള്‍ എത്ര ആനന്ദപൂര്‍ണങ്ങളായിരുന്നു. അവ ആസ്വദിക്കാന്‍ കഴിഞ്ഞത്‌ അല്ലാഹു നല്‌കിയ മഹത്തായ അനുഗ്രഹം തന്നെ. ഇത്‌ ചിലര്‍ക്കെങ്കിലും ജീവിതത്തിലെ അവസാനത്തെ റമദാന്‍ ആയിരിക്കും. ആ ചിലരില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന്‌ അല്ലാഹുവിന്‌ മാത്രം അറിയാം. പാപങ്ങള്‍ കഴുകിക്കളഞ്ഞ്‌ സ്വത്വത്തെ ശുദ്ധീകരിക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴായിപ്പോയെങ്കില്‍ അതൊരു വലിയ നഷ്‌ടം തന്നെയാണ്‌.

ഈദുല്‍ ഫിത്വ്‌ര്‍ ദിനത്തില്‍ വിശ്വാസികള്‍ `അല്ലാഹു അക്‌ബര്‍' എന്ന ധ്വനി അത്യുച്ചത്തില്‍ ആഹ്ലാദപൂര്‍വം മുഴക്കുകയാണ്‌. ഇതിന്‌ വലിയ അര്‍ഥതലങ്ങളുണ്ട്‌. മനുഷ്യന്‌ അല്ലാഹു എണ്ണിയാല്‍ കണക്കാക്കാന്‍ കഴിയാത്ത അത്ര ഗ്രന്ഥങ്ങള്‍ നല്‌കിയിട്ടുണ്ട്‌. എന്നാല്‍ അവയില്‍ ഏറ്റവും മഹത്തരമായതത്രെ ഖുര്‍ആന്റെ അവതരണം. കാരണം അത്‌ മുഖേനയാണ്‌ മനുഷ്യന്‍ സ്വര്‍ഗപാത കണ്ടെത്തിയത്‌; സത്യവും അസത്യവും, ഇരുട്ടും വെളിച്ചവും വേര്‍തിരിച്ചറിഞ്ഞത്‌. ഈ ഖുര്‍ആന്റെ അവതരണം ആരംഭിച്ച ദിനത്തിന്റെ പേരില്‍ നിശ്ചയിക്കപ്പെട്ട ഒരു മാസത്തെ ആഘോഷമത്രെ നോമ്പ്‌. ഈ പുണ്യകര്‍മമാകട്ടെ മനുഷ്യന്‌ സംശുദ്ധവും സുകൃതങ്ങള്‍ കൊണ്ട്‌ സജീവവുമായ ഒരു ജീവിതം നയിക്കാനുള്ള പരിശീലനവും.

ഇത്‌ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും, ഈ അനുഗ്രഹങ്ങളെല്ലാം നല്‌കിയ അല്ലാഹുവിനുള്ള നന്ദിയുമാണ്‌ തക്‌ബീര്‍ ധ്വനിയിലൂടെ വിശ്വാസികള്‍ പ്രകടിപ്പിക്കുന്നത്‌. സന്തോഷം നിറഞ്ഞ പെരുന്നാള്‍ സുദിനം എത്ര സുന്ദരമാണ്‌. ഇന്ന്‌ വിശ്വാസികള്‍ പരസ്‌പരം ആശംസകള്‍ കൈമാറുന്നു. എന്നാല്‍ ഇതിനേക്കാള്‍ വലിയ ഒരു സന്തോഷദിനത്തെപ്പറ്റിയുള്ള ചിന്ത ഈ സന്ദര്‍ഭത്തില്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്‌.

ഈ ഭൗതികജീവിതത്തില്‍ നോമ്പ്‌ അടക്കമുള്ള എല്ലാ ആരാധനകളും മുറപോലെ നിര്‍വഹിക്കുകയും സ്വത്വത്തെ പൂര്‍ണമായും അല്ലാഹുവിന്‌ അര്‍പ്പിക്കുകയും ചെയ്‌ത സദ്‌വൃത്തന്മാര്‍ സ്വര്‍ഗകവാടത്തില്‍ ഇങ്ങനെ സ്വാഗതം ചെയ്യപ്പെടുന്നു: ``അവര്‍ക്ക്‌ ലഭിക്കുന്ന അഭിവാദ്യം സലാം ആയിരിക്കും.'' അവരോട്‌ ഇങ്ങനെ പറയപ്പെടും: ``നിങ്ങള്‍ക്കിന്ന്‌ സന്തോഷം! താഴ്‌ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗാരാമങ്ങള്‍. നിങ്ങള്‍ അവയില്‍ ശാശ്വതനിവാസികളാകും. അതത്രെ മഹത്തായ വിജയം.'' ``കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി സുഖമായി തിന്നുകയും കുടിക്കുകയും ചെയ്യുക.''

ഈദുല്‍ ഫിത്വ്‌ര്‍ അല്ലാഹു മനുഷ്യന്‌ നല്‌കിയ ഒരു ഉപഹാരമാണ്‌. റസൂല്‍(സ) പറയുന്നു: പെരുന്നാള്‍ ദിവസം മലക്കുകള്‍ വഴിയോരങ്ങളില്‍ നിന്ന്‌ ഇങ്ങനെ വിളിച്ചുപറയും: ``മുസ്‌ലിംകളേ, നിങ്ങള്‍ അല്ലാഹുവിന്റെ അടുത്തേക്ക്‌ പോവുക. അവന്‍ നിങ്ങള്‍ക്ക്‌ നന്മ നേടാനുള്ള ഒരു മാര്‍ഗം നിര്‍ദേശിച്ചു. പിന്നെ അതിന്‌ മഹത്തായ പ്രതിഫലവും നല്‌കി. രാത്രി എഴുന്നേറ്റു നമസ്‌കരിക്കാന്‍ നിങ്ങളോട്‌ കല്‌പിച്ചു. നിങ്ങള്‍ അപ്രകാരം ചെയ്‌തു. പകല്‍ നോമ്പനുഷ്‌ഠിച്ചു. നിങ്ങള്‍ നിങ്ങളുടെ നാഥന്റെ കല്‌പന അനുസരിച്ചു. അതിനാല്‍ നിങ്ങളുടെ ഉപഹാരം സ്വീകരിക്കുക. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞാല്‍ മലക്ക്‌ ഇങ്ങനെ വിളിച്ചുപറയും. അറിയുക, നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക്‌ മാപ്പ്‌ നല്‍കിയിരിക്കുന്നു. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചവരായി വീടുകളിലേക്ക്‌ തിരിച്ചുപോവുക. ഇന്ന്‌ ഉപഹാരദിനമാണ്‌. ഈ ദിനത്തിന്‌ ആകാശത്തും ഉപഹാരദിനം എന്നുതന്നെയാണ്‌ പറയുക.'' (ത്വബ്‌റാനി)

നോമ്പ്‌ വ്യക്തിനിഷ്‌ഠമായ ആരാധനയാണെങ്കിലും പെരുന്നാള്‍ ആഘോഷം സാമൂഹ്യാരാധനയാണ്‌. അതുകൊണ്ടാണ്‌ പെരുന്നാള്‍ പ്രാര്‍ഥനാസ്ഥലത്ത്‌ നമസ്‌കരിക്കാന്‍ പാടില്ലാത്ത സ്‌ത്രീകള്‍ പോലും പങ്കെടുക്കാന്‍ നബി കല്‌പിച്ചത്‌. പെരുന്നാള്‍ ദിവസം പരസ്‌പരം കണ്ടുമുട്ടുമ്പോള്‍ തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്നിങ്ങനെ പരസ്‌പരം ആശംസിക്കാന്‍ നബി കല്‌പിക്കുന്നു.

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ബോധമാണ്‌ ഈ ദിനം നല്‍കുന്ന സന്ദേശം. മനുഷ്യര്‍ തമ്മിലുള്ള ബന്ധം ഇത്രമാത്രം തകരാറിലായ ഒരു കാലഘട്ടം മുമ്പ്‌ ഉണ്ടായിട്ടുണ്ടോ? ഒരേ സംഘടനയില്‍ ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പോലും മാനുഷിക ദൗര്‍ബല്യങ്ങള്‍ക്കടിപ്പെട്ട്‌ പരസ്‌പരം ശത്രുക്കളെപ്പോലെ പെരുമാറുന്നത്‌ കാണുന്നില്ലേ? അതിനാല്‍ മുസ്‌ലിംകളോട്‌ മാത്രമല്ല, അമുസ്‌ലിംകളോടും ബന്ധം സുദൃഡമാക്കാനും സ്‌നേഹത്തിന്റെ പൊട്ടിയ സ്വര്‍ണക്കമ്പികള്‍ വിളക്കിച്ചേര്‍ക്കാനും ഈ ദിനം ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌. നബിയുടെ കാലത്ത്‌ നടന്ന ഈ സംഭവം മനുഷ്യര്‍ക്ക്‌ എന്നും പാഠമായിരിക്കട്ടെ.
ഒരു മനുഷ്യന്‍ ഇങ്ങനെ പരാതിപ്പെട്ടു: ``ഞാന്‍ കുടുംബബന്ധമുള്ളവരോട്‌ ബന്ധം ചേര്‍ക്കുന്നു. അവരാകട്ടെ എന്നോട്‌ ബന്ധം മുറിക്കുന്നു. ഞാന്‍ അവര്‍ക്ക്‌ ഉപകാരം ചെയ്യുന്നു. അവരാകട്ടെ എനിക്ക്‌ ഉപദ്രവമാണ്‌ ചെയ്യുന്നത്‌. ഞാന്‍ അവരില്‍ നിന്ന്‌ എല്ലാം സഹിക്കുന്നു. അവരാകട്ടെ എന്നോട്‌ അതിക്രമമാണ്‌ കാണിക്കുന്നത്‌. നബി അയാളോട്‌ അയാള്‍ സ്വീകരിച്ച അതേ നിലപാട്‌ തന്നെ തുടരാന്‍ നിര്‍ദേശിച്ചുകൊണ്ട്‌ പറഞ്ഞു: താങ്കള്‍ ആ നിലപാട്‌ സ്വീകരിക്കുന്നേടത്തോളം കാലം താങ്കള്‍ക്ക്‌ ദൈവസഹായമുണ്ടാകും''.
ഇന്ന്‌ മനുഷ്യരുടെ ഉള്ളില്‍ പ്രതികാരത്തിന്റെ ചിന്തയാണ്‌ പതഞ്ഞുകൊണ്ടിരിക്കുന്നത്‌. ഒരു സമുദായത്തിലെ ഏതെങ്കിലും വ്യക്തി അവിവേകം കാണിച്ചാല്‍ പക അവന്റെ സമുദായത്തോടൊട്ടാകെ. നിയമം കൈയ്യിലെടുക്കുന്നതിനെ ചിലര്‍ മഹാപുണ്യമായി കാണുന്നു. സമകാലിക സംഭവങ്ങള്‍ നിരൂപണവിധേയമാക്കി അതില്‍ നിന്ന്‌ പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്‌. ഒരു വ്യക്തി പ്രവാചകനിന്ദ എന്ന ക്രൂരകൃത്യത്തിന്‌ മുതിരുന്നു; അപ്പോള്‍ മറ്റു ചില വ്യക്തികള്‍ ചേര്‍ന്ന്‌ അയാളുടെ കൈ വെട്ടിമാറ്റുക എന്ന അതിക്രൂരമായ കൃത്യം ചെയ്യുന്നു. മഅ്‌ദനി അനുഭവിക്കുന്ന പീഡനങ്ങള്‍ സമൂഹത്തിന്‌ ഒരു പാഠമായിത്തീരേണ്ടതുണ്ട്‌. ലക്ഷ്യവും മാര്‍ഗവും രണ്ടും പിഴക്കാതെ സൂക്ഷിച്ചിട്ടില്ലെങ്കില്‍ സംഭവിക്കുന്ന ദുരന്തത്തിന്‌ ഇത്‌ ഒരു ഉദാഹരണം. രണ്ട്‌ വ്യത്യസ്‌ത സമുദായങ്ങളുമായുള്ള പ്രശ്‌നങ്ങളില്‍ സായുധ ചെറുത്തുനില്‌പിന്റെയല്ല, സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാത സ്വീകരിക്കാന്‍ ഈദുല്‍ഫിത്വ്‌ര്‍ വെളിച്ചമേകട്ടെ.

ലോകത്തുടനീളം ഇസ്‌ലാമും മുസ്‌ലിംകളും ആക്രമിക്കപ്പെടുകയാണ്‌. ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, ശത്രുക്കള്‍ക്ക്‌ വടികൊടുത്ത്‌ അടി വാങ്ങുന്ന ഒരു സമീപനമാണ്‌ ഒരു വിഭാഗം വിശ്വാസികള്‍ സ്വീകരിക്കുന്നത്‌. അക്രമപ്രവര്‍ത്തനങ്ങള്‍ക്ക്‌ ജിഹാദ്‌ എന്ന പേര്‌ നല്‍കി അതിലൂടെ സാമ്രാജ്യത്വ ശക്തികളെയും മുസ്‌ലിം വിരുദ്ധ പ്രവണതകളെയും ചെറുക്കുന്ന പ്രവണതയുടെ അപകടം മുസ്‌ലിം സമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.

വിരോധമുള്ളവരുമായി അകലം കൂട്ടുന്നതിനു പകരം അടുപ്പം ശക്തിപ്പെടുത്തുന്ന ഒരു പുതിയ സംസ്‌കാരം ലോകത്ത്‌ പിറവിയെടുത്തിരിക്കുന്നു. സമീപനമാറ്റത്തിലൂടെ ശിരോവസ്‌ത്ര-പര്‍ദാ നിരോധശക്തികള്‍ക്ക്‌ മനംമാറ്റമുണ്ടാക്കാന്‍ കഴിയും. ഹമാസിന്റെ മാര്‍ഗത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി സമാധാനചര്‍ച്ചകളിലൂടെ ഫലസ്‌തീനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന പ്രായാഗിക ചിന്തക്കാണ്‌ ഇന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തില്‍ കൂടുതല്‍ പ്രാമുഖ്യം.

ഈദുല്‍ഫിത്വ്‌ര്‍ മുസ്‌ലിം സമൂഹത്തില്‍ കൂരിരുള്‍ നീക്കി ഒരു പുതിയ പ്രഭാതത്തിന്റെ ഉദയത്തെപ്പറ്റിയുള്ള ശുഭപ്രതീക്ഷയുണര്‍ത്തുന്നു. കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ട്‌ നീങ്ങാന്‍ കരുത്തേകുന്നു. ആഘോഷങ്ങള്‍ തളര്‍ന്ന ശക്തിക്ക്‌ പുനര്‍ജീവന്‍ നല്‍കി നവോന്മേഷം പ്രദാനം ചെയ്യും. നോമ്പ്‌ വ്യക്തിയില്‍ വല്ല മാറ്റവും സൃഷ്‌ടിച്ചിട്ടുണ്ടോ? അതോ അന്ന്‌ പ്രകടമായിരുന്ന ഭക്തിയും കര്‍മാവേശവും ആവര്‍ത്തിക്കപ്പെടുന്ന വെറുമൊരു ചടങ്ങ്‌ മാത്രമായിരുന്നുവോ? തുടര്‍ന്നുള്ള ജീവിതമാണ്‌ നോമ്പിന്റെ ഗുണഫലവും സ്വാധീനതയും തെളിയിക്കേണ്ടത്‌.

ഭക്തിയും സ്‌നേഹവും ഐക്യവും നിറഞ്ഞ പ്രസന്നമായ ജീവിതം -ഇതായിരിക്കട്ടെ ഈദിന്റെ സന്ദേശം.

by പി മുഹമ്മദ്‌ കുട്ടശ്ശേരി @ SHABAB

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts