നബിയെ സ്‌നേഹിക്കുക; നബിചര്യ പിന്തുടരുക

ദശലക്ഷക്കണക്കിന്‌ ജീവജാലങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്‌ടനായ മനുഷ്യന്‍ ഊഴിയും ആഴിയും ആകാശവും കീഴടക്കി ജീവിക്കുന്നു. ദൈവം നല്‍കിയ അനുഗ്രഹമത്രെ ഇത്‌. (ഖു 17:70) ഈ ഭൂമിയില്‍ സോദ്ദേശ്യം സൃഷ്‌ടിക്കപ്പെട്ട മനുഷ്യന്ന്‌ ജീവിതസന്ധാരണത്തിനുള്ള ശേഷിയും സൗകര്യങ്ങളും അല്ലാഹു നല്‌കി(2:36) ?പരിശ്രമം ചെയ്യുകിലെന്തിനേയും വശത്താക്കാന്‍ കഴിവുള്ളവണ്ണമാണ്‌ മനുഷ്യപ്രകൃതിയെങ്കിലും സന്‍മാര്‍ഗദര്‍ശനം

ദൈവികമായി ലഭിക്കേണ്ടതുണ്ട്‌. ഇത്‌ മനുഷ്യര്‍ക്ക്‌ സ്വന്തമായി ആര്‍ജിക്കാന്‍ കഴിയില്ല. (2:38) അതിനാല്‍ മനുഷ്യന്റെ വികാസ പരിണാമഘട്ടങ്ങളില്‍ എല്ലാ സന്ദര്‍ഭത്തിലും ദൈവദൂതന്മാരെ അയച്ചുകൊണ്ട്‌ അല്ലാഹു ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ മാര്‍ഗം വ്യതിരിക്തമായി കാണിച്ചുകൊടുത്തു. ഇങ്ങനെ ദൈവദൂതന്‍മാരായ പ്രവാചകന്‍മാര്‍ വരാത്ത ഒരു സമൂഹവും കഴിഞ്ഞുപോയിട്ടില്ല (35:24)

പ്രവാചകന്മാരായി ഓരോ സമൂഹത്തിലും അല്ലാഹു നിയോഗിച്ചത്‌ ആ സമൂഹത്തിലെ മാതൃകായോഗ്യരായ വ്യക്തികളെതന്നെയാണ്‌. അതാതു സമൂഹങ്ങളുടെ നാഡിമിടിപ്പറിയുന്ന, വേദനയും വ്യഥകളുമറിയുന്ന ഒരാളെ (മനുഷ്യനെ) തെരഞ്ഞെടുക്കുകയും ദിവ്യബോധനം(വഹ്‌യ്‌) നല്‍കി സന്മാര്‍ഗ ദര്‍ശന ദൗത്യം ഏല്‌പിക്കുകയും ചെയ്യുകയാണ്‌ പതിവ്‌. ആദ്‌ സമൂഹത്തിലേക്ക്‌ തങ്ങളുടെ സഹോദരന്‍ ഹൂദിനെയും സമൂദിലേക്ക്‌ അവരുടെ സഹോദരന്‍ സ്വാലിഹിനെയും മദ്‌യനിലേക്ക്‌ അവരുടെ സഹോദരന്‍ ശുഅയ്‌ബിനെയും ബനൂ ഇസ്‌റാഈലിലേക്ക്‌ അവരില്‍ നിന്നു തന്നെയുള്ള പ്രവാചകരെയും അല്ലാഹു നിയോഗിച്ചു. (7:65,73, 85;11 :50,61,84)

ഓരോ സമൂഹത്തിലേക്കും പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളേയും അയക്കുക എന്ന സമ്പ്രദായത്തിന്‌ മുഹമ്മദ്‌ നബിയിലൂടെ അല്ലാഹു പരിസമാപ്‌തി കുറിച്ചു. മുഹമ്മദ്‌ നബി(സ)യെ അന്തിമ പ്രവാചകനാക്കി. (33:40) അദ്ദേഹത്തിന്റെ ദൗത്യം ലോകത്തുള്ള സകല മനുഷ്യര്‍ക്കും ബാധകമാകുന്നു(21:107) മുഹമ്മദ്‌ നബി(സ)യിലൂടെ ലോകത്തിന്റെ മുന്നില്‍ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥം (ഖുര്‍ആന്‍) അന്തിമ ഗ്രന്ഥമാകുന്നു. അത്‌ ലോകാവസാനം വരെ യാതൊരു വ്യത്യാസവും കൂടാതെ ദൈവത്താല്‍ സംരക്ഷിക്കപ്പെട്ടുപോരുകയും ചെയ്യുന്നു.(15:9) ഈ പ്രവാചകന്മാര്‍ മുഴുവനും ലോകത്ത്‌ പ്രചരിപ്പിച്ചത്‌ ?ഇസ്‌ലാം? ആയിരുന്നു. ഇസ്‌ലാമെന്നാല്‍ സര്‍വലോക രക്ഷിതാവിന്റെ മുന്നില്‍ സകലതും സമര്‍പ്പിക്കാന്‍ സന്നദ്ധമാവുക എന്നതാണ്‌. മനുഷ്യന്‍ ഭൗതിക ലോകത്ത്‌ ദൈവികാനുഗ്രഹങ്ങള്‍ ആസ്വദിച്ച്‌ ജീവിക്കുമ്പോള്‍ സ്രഷ്‌ടാവിന്റെ താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ ചരിക്കേണ്ടതുണ്ട്‌. അത്തരക്കാര്‍ക്ക്‌ മാത്രമേ മരണാനന്തരമുള്ള അനശ്വര ലോകത്ത്‌ സൗഖ്യം(സ്വര്‍ഗപ്രവേശം) ലഭിക്കൂ. അതാണ്‌ മനുഷ്യന്റെ ആത്യന്തിക വിജയവും.

മതമായി മനുഷ്യര്‍ക്ക്‌ അല്ലാഹു തൃപ്‌തിപ്പെട്ട്‌ നല്‌കിയ ഇസ്‌ലാം മുഹമ്മദ്‌ നബിയിലൂടെ പരിപൂര്‍ണമായി.(5 :3) അതില്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതല്ല. ഖുര്‍ആന്‍ പറയുന്നു: `മുന്‍ വേദങ്ങളിലും ഈ വേദത്തിലും അല്ലാഹു നിങ്ങള്‍ക്ക്‌ ?മുസ്‌ലിംകള്‍? എന്ന പേര്‍ നല്‌കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും വേണ്ടി.' (22:78)

മുഹമ്മദ്‌ നബി മതസ്ഥാപകനല്ല. പുരോഹിതനല്ല. അല്ലാഹുവിന്റെ നിയമങ്ങളുടെ പ്രയോക്താവായിരുന്നു. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. ഓരോ രംഗത്തും മാതൃകാ പുരുഷനായി. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകയുണ്ട്‌.'' (33:21) ഈ മാതൃക- പ്രവാചക ചര്യ- പിന്‍പറ്റി ജീവിക്കുകയാണ്‌ അല്ലാഹുവിന്റെ ഇഷ്‌ടം നേടാനുള്ള ഏകമാര്‍ഗം. ദൈവപ്രീതിയും പരലോക മോക്ഷവുമാണല്ലോ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം. ?നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും.?? (3:31)

പ്രവാചകന്റെ വിധികളും തീരുമാനങ്ങളും തൃപ്‌തിപ്പെടാത്തവന്‍ വിശ്വാസിയാവുകയില്ല. (4:56) എന്ന്‌ ഖുര്‍ആന്‍ പറയുന്നു.സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റു മനുഷ്യരെക്കാളും ഒരാള്‍ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ ഞാനാകുന്നതുവരെ അയാള്‍ വിശ്വാസിയാകുകയില്ല എന്ന്‌ നബി(സ) പറഞ്ഞതും ഇക്കാര്യം തന്നെയാണ്‌. ഒരാളെ ഇഷ്‌ടപ്പെടുക എന്നുവെച്ചാല്‍ അദ്ദേഹത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ മാനിക്കുക, അദ്ദേഹത്തെ പിന്‍പറ്റുക എന്നൊക്കെയാണല്ലോ. പ്രവാചകനെ സ്‌നേഹിക്കാത്തവന്‍ മുസ്‌ലിമല്ല എന്നര്‍ഥം.

പ്രവാചകന്റെ അനുചരന്മാര്‍ (സ്വഹാബിമാര്‍) ഓരോരുത്തരും തന്നെക്കാള്‍ പ്രവാചകനെ സ്‌നേഹിച്ചിരുന്നു. `ബി അബീ അന്‍ത വ ഉമ്മീ'?(എന്റെ മാതാവും പിതാവും അങ്ങേക്ക്‌ പ്രായശ്ചിത്തമാണ്‌) എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സ്വഹാബികള്‍ നബിയെ സംബോധന ചെയ്‌തിരുന്നത്‌. രണാങ്കണത്തില്‍ സ്വന്തം ഭര്‍ത്താവും മക്കളും കൊല്ലപ്പെട്ടു എന്നറിഞ്ഞിട്ടും യുദ്ധക്കളത്തിലേക്കോടി, പ്രവാചകന്‍ സുരക്ഷിതനാണ്‌ എന്നറിഞ്ഞപ്പോള്‍ മനസ്സമാധാനത്തോടെ തിരിച്ചുപോന്ന സ്വഹാബി വനിതയുടെ വാക്കുകള്‍, ?അങ്ങേയ്‌ക്ക്‌ ശേഷം മറ്റേത്‌ പ്രയാസങ്ങളും നിസ്സാരമാണ്‌? എന്നായിരുന്നു.

ഈയൊരു സ്‌നേഹം കേവലപ്രകടനങ്ങളായിരുന്നില്ല; ആത്മാര്‍ഥമായിരുന്നു. മരണാനന്തരം നബിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയാല്‍ കരയുന്ന സ്വഹാബികളെ ചരിത്രം വരച്ചുകാണിക്കുന്നു. നബി(സ)യെ കടിക്കാന്‍ സര്‍പ്പം വരാന്‍ സാധ്യതയുള്ള മാളം സ്വന്തം കാല്‍വിരല്‍കൊണ്ട്‌ അടച്ചുവെക്കുകയും സര്‍പ്പദംശനമേല്‍ക്കുകയും ചെയ്‌ത അബൂബക്കര്‍(റ), യുദ്ധക്കളത്തില്‍ നബിക്കു നേരെ വന്ന നിരവധി അമ്പുകള്‍ സ്വന്തം ദേഹംകൊണ്ട്‌ തടുത്ത്‌ മുറിവുകള്‍ക്കുമേല്‍ മുറിവുകള്‍ പറ്റിയ ത്വല്‍ഹ(റ). സ്‌നേഹാതിരേകത്തിന്റെ ഈ മകുടോദാഹരണങ്ങള്‍ ലോക ചരിത്രത്തില്‍ ഒരു നേതാവിനും ലഭിച്ചിട്ടില്ല.

എന്നാല്‍ ഭൗതിക ഭരണാധികാരികളെപ്പോലെയോ മതപുരോഹിതന്മാരെപ്പോലെയോ, തന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ അനര്‍ഹമായത്‌ നല്‌കുന്ന സമ്പ്രദായം നബിക്കുണ്ടായിരുന്നില്ല. തനിക്ക്‌ നബി(സ)യോടൊത്ത്‌ സ്വര്‍ഗജീവിതം വേണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച റബീഅ(റ)യോട്‌ നബി പറഞ്ഞത്‌, ധാരാളം നമസ്‌കാരം നിര്‍വഹിച്ചുകൊണ്ട്‌ എന്നെ നീ സഹായിക്കുക എന്നാണ്‌. അഥവാ കര്‍മഫലം മാത്രമാണ്‌ മോക്ഷത്തിന്നാധാരം എന്നര്‍ഥം. സ്‌തുതിപാഠകരെ നബിക്കിഷ്‌ടമായിരുന്നില്ല. നബി(സ) സ്വന്തം കരള്‍ കഷ്‌ണം എന്നു വിശേഷിപ്പിച്ച മകള്‍ ഫാത്വിമ(റ)യോട്‌ പറഞ്ഞ ഹൃദയസ്‌പൃക്കായ വാക്കുകള്‍ ലോകത്തിനെന്നും മാതൃകയാണ്‌. ``മകളേ, നരകത്തില്‍ നിന്ന്‌ നിന്നെ നീ തന്നെ കാത്തുകൊള്ളുക. ഉപ്പാക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല.'' ``എന്റെ ചര്യയെ ആരെങ്കിലും ഇഷ്‌ടപ്പെട്ടുവോ അവന്‍ എന്നെ ഇഷ്‌ടപ്പെട്ടു. എന്നെ ആരെങ്കിലും ഇഷ്‌ടപ്പെട്ടുവോ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലാണ്‌' എന്ന പ്രവാചക വചനം പ്രവാചക സ്‌നേഹം എങ്ങനെ എന്ന്‌ പഠിപ്പിക്കുന്നു. ഒരായുഷ്‌കാലം മുഴുവന്‍ ഒരു സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞുകൂടിയ മുഹമ്മദ്‌ നബി(സ) 23 വര്‍ഷം ദൈവദൂതനായിട്ടാണ്‌ ജീവിച്ചത്‌. അന്ത്യപ്രവാചകന്റെ ദൗത്യം അഥവാ ലോകാന്ത്യം വരെയുള്ള മനുഷ്യര്‍ക്ക്‌ മാതൃകയായുള്ള ജീവിതം പൂര്‍ത്തിയാക്കി വിടപറയും മുമ്പ്‌ അദ്ദേഹം ലോകത്തോട്‌ പ്രഖ്യാപിച്ചു. ``ഞാന്‍ നിങ്ങളില്‍ വിട്ടേച്ചുപോകുന്ന രണ്ടുകാര്യങ്ങള്‍ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും(ഖുര്‍ആന്‍), അവന്റെ ദൂതന്റെ ചര്യ (സുന്നത്ത്‌)യുമത്രെ അത്‌.''

പ്രവാചകന്റെ അന്ത്യത്തോടെ സന്മാര്‍ഗം അസ്‌തമിക്കുന്നില്ല. ലോകം നിലനില്‍ക്കുന്നേടത്തോളം ദിവ്യഗ്രന്ഥവും നബിചര്യയും നിലനില്‍ക്കും. പില്‍ക്കാലക്കാരായ ആളുകള്‍ ആ ചര്യ പിന്‍പറ്റി ജീവിക്കുക എന്നതാണ്‌ ഏറ്റവും വലിയ പ്രവാചക സ്‌നേഹം. പ്രവാചകന്റെ തേജസ്സിന്‌ നേരെ വരുന്ന കൂരമ്പുകള്‍ പ്രതിരോധിച്ചുകൊണ്ട്‌ നാവും പേനയും ഉപയോഗിച്ച്‌ ജിഹാദ്‌ ചെയ്യുക. സ്വഹാബികളുടെ ജീവിതത്തെ മാതൃകയാക്കുക. ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കാന്‍ ആവുന്നത്‌ ചെയ്യുക. ഇതാണ്‌ ഈ രംഗത്ത്‌ നമുക്ക്‌ ചെയ്യുവാനുള്ളത്‌.

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത്‌ പ്രവാചകസ്‌നേഹം എന്നപേരില്‍ നിരവധി അനാചാരങ്ങള്‍ കടന്നുകൂടി. ഇതര മതവിശ്വാസികള്‍ തങ്ങളുടെ ആചാര്യന്മാരോട്‌ കാണിക്കുന്ന തരത്തിലുള്ള നിലപാടുകള്‍, പുരോഹിതപ്രധാനമായ ആചാരങ്ങള്‍, സ്‌തുതികീര്‍ത്തനങ്ങള്‍, പ്രവാചകന്റെ ജന്മദിനാചരണം തുടങ്ങി പല നൂതന സമ്പ്രദായങ്ങളും കടന്നുകൂടി. യഥാര്‍ഥത്തില്‍ പ്രവാചകന്‍ കാണിച്ചുതന്നതല്ലാത്ത ആചാരങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ അനുഷ്‌ഠിച്ചുകൂടാ. ``ദീന്‍ കാര്യത്തില്‍ നമ്മുടെ നിര്‍ദേശമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും ഉണ്ടാക്കിയാല്‍ അത്‌ തള്ളപ്പെടണം'' എന്ന്‌ പ്രവാചകന്‍(സ) കണിശമായി നിര്‍ദേശിച്ചിട്ടുണ്ട്‌.

സ്വന്തം ആത്മാവിനെക്കാള്‍ നബി(സ)യെ സ്‌നേഹിച്ച സ്വഹാബികള്‍ ചെയ്യാത്ത ഒരു കാര്യം `നബിസ്‌നേഹ'മെന്ന പേരില്‍ നമുക്ക്‌ ചെയ്‌തുകൂടാ. ശ്രീകൃഷ്‌ണ ജയന്തിയും ഗാന്ധിജയന്തിയും ക്രിസ്‌തു ജയന്തിയും കണ്ടു ശീലിച്ച ആളുകള്‍ `നബിജയന്തി' വലിയ ആഘോഷമായി ഇന്ന്‌ കൊണ്ടാടുന്നു. മുഹമ്മദ്‌നബി(സ) പഠിപ്പിച്ച മതത്തില്‍ ഇല്ലാത്ത ഒരു കാര്യം എത്ര ആകര്‍ഷകമായി തോന്നിയാലും എത്ര വലിയ ആളുകള്‍ ചെയ്‌താലും അതിന്‌ ഭൂരിപക്ഷപിന്തുണയുണ്ടെങ്കിലും അനുകരണീയമല്ല. ആദ്യകാലത്ത്‌ പ്രവാചക തൃപ്‌തി നേടുവാന്‍ സ്വഹാബികള്‍ എന്തു ചെയ്‌തുവോ അതു തന്നെയാണ്‌ പില്‍ക്കാലത്തും ചെയ്യാനുള്ളത്‌.

പ്രവാചകചര്യയോ ചരിത്രമോ മനസ്സിലാക്കുകപോലും ചെയ്യാത്ത ആളുകള്‍ അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുന്നതില്‍ മാത്രം സായൂജ്യം കണ്ടെത്തുന്നത്‌ ഇതര മതസ്ഥരെ അനുകരിക്കലല്ലാതെ മറ്റൊന്നുമല്ല. തന്റെയോ മുന്‍ പ്രവാചകരുടെയോ അനുചരന്മാരുടെയോ സ്വന്തം മക്കളുടെയോ ജന്മദിനം പ്രത്യേകം പരിഗണിക്കുകപോലും ചെയ്യാത്ത പ്രവാചകന്റെ ജന്മദിനം സാഘോഷം കൊണ്ടാടുന്നത്‌ പ്രവാചക നിന്ദയാണ്‌. മാത്രമല്ല, ജീവിതത്തിലുടനീളമുണ്ടാവേണ്ട പ്രവാചക സ്‌നേഹം ആണ്ടില്‍ ഒരു ദിനമായി ചുരുക്കുകയുമാവുമതിന്റെ ഫലം.

നബിദിനം ന്യായീകരിക്കപ്പെടുന്നു

നബിദിനത്തിന്‌ പിന്തുണ നല്‌കാന്‍ അധികാരമോഹികളായ മുസ്‌ലിം ഭരണാധികാരികളും സ്വാര്‍ഥംഭരികളായ പുരോഹിതന്മാരും ധര്‍മബോധം അവ്യക്തമായ മുസ്‌ലിം ബഹുജനവും മാത്രമായിരുന്നില്ല രംഗത്തുണ്ടായിരുന്നത്‌. പ്രത്യുത, കാലത്തിനനുസരിച്ച്‌ ഇസ്‌ലാമിനെയും പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്ന്‌ വാദിച്ച `മുസ്‌ലിം' ബുദ്ധിജീവികളും സൈദ്ധാന്തികന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മഹാനായ പ്രവാചകന്റെ ജന്മദിനം ആഘോഷമാക്കാതിരിക്കുക വഴി അദ്ദേഹത്തോട്‌ വിവേചനവും അനീതിയുമാണ്‌ കാണിക്കുന്നതെന്നു വിശ്വസിച്ച കുറേ പാവം മതേതരവാദികളും ലോകത്തുണ്ടായിരുന്നു- ഇന്ത്യയില്‍ നബിദിനം പൊതു അവധി ദിനമാക്കിയ വി പി സിംഗിനെ ഇതിലുള്‍പ്പെടുത്താം.

ഈ രണ്ടാം വിഭാഗത്തിനെ നാം കുറ്റപ്പെടുത്തുന്നില്ല. അവര്‍ പ്രശ്‌നങ്ങളെ ഭൗതികലോകത്തിന്റെ നാഡിമിടിപ്പുകള്‍ക്കനുസൃതമായി സമീപിക്കുന്നവരാണ്‌. ഇസ്‌ലാമിന്റെ ദാര്‍ശനിക വ്യതിരിക്തതകളോ ഒരു മതമെന്ന നിലയില്‍ ലോകത്തുള്ള മറ്റെല്ലാ മതങ്ങളില്‍ നിന്നും അതിനെ പ്രത്യേകമാക്കുന്ന വിശ്വാസാനുഷ്‌ഠാനങ്ങളുടെ കൃത്യതയാര്‍ന്ന ക്രമീകരണങ്ങളോ ഒന്നും അറിയാത്തവരാണിവര്‍.

എന്നാല്‍ ഇവര്‍ക്കു മുന്നെ പരാമര്‍ശിച്ച മുസ്‌ലിം ബുദ്ധിജീവികളുടെയും നവസൈദ്ധാന്തികരുടെയും അവസ്ഥ ഖേദകരമായിപ്പോയി. ഇസ്‌ലാമിനെ കൃത്യമായറിയാത്ത ഇവര്‍ ഇസ്‌ലാമിനെ ആധുനികവത്‌കരിക്കാനുള്ള തത്രപ്പാടില്‍, ഇസ്‌ലാമിന്റെ അഭ്യുന്നതിക്കായുള്ള അഭിവാഞ്‌ഛക്കിടയില്‍ അതിന്റെ സുന്ദരരൂപത്തെ അറിഞ്ഞ്‌ വികൃതമാക്കുകയായിരുന്നു. ഇന്നും പടച്ചവന്റെ പ്രത്യേക കൂലിയും മോഹിച്ച്‌ പ്രവാചകസ്‌നേഹം പ്രകടിപ്പിക്കാനിറങ്ങുന്ന ഭൂരിപക്ഷ യാഥാസ്ഥിതികര്‍ക്കൊപ്പം തങ്ങളുടേതായ ക്യാമ്പയ്‌നുകളും സെമിനാറുകളുമൊക്കെയായി മത്സരിച്ച്‌ കുതിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ കുറ്റിയറ്റ്‌ പോയിട്ടൊന്നുമില്ല.

നബിദിനം ആഘോഷമാക്കപ്പെടുമ്പോള്‍ ചില സാമാന്യ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. മുഹമ്മദ്‌ ജനിച്ച ദിനമാണോ ആഘോഷിക്കേണ്ടത്‌, അതല്ല മുഹമ്മദ്‌ നബിയായി ജനിച്ച, അഥവാ ഹിറാഗുഹയില്‍ നിന്ന്‌ തന്റെ നാല്‌പതാം വയസ്സില്‍ ജിബ്‌രീല്‍ മാലാഖയിലൂടെ ആദ്യമായി ദിവ്യബോധനം ലഭിച്ച ആ ദിവസമോ? നബിയുടെ ജന്മദിനം എന്നു പറഞ്ഞാല്‍ സത്യത്തില്‍ ഈ ദിനമാണല്ലോ ആഘോഷിക്കേണ്ടത്‌. അത്‌ തിയ്യതി ഏതെന്നതില്‍ തര്‍ക്കിച്ചാലും റമദാന്‍ മാസത്തിലായിരുന്നു എന്നത്‌ അവിതര്‍ക്കിതമാണ്‌.

ഇവിടെ രണ്ടു പ്രശ്‌നങ്ങളുണ്ട്‌. കഥയില്‍ ചോദ്യമില്ലെന്നതാണൊന്ന്‌. അത്‌ ശരിയുമാണ്‌. പ്രമാണങ്ങളില്ലാത്ത കാല-ദേശങ്ങള്‍ക്കനുസരിച്ച്‌ വികസിക്കുകയും രൂപാന്തരം സംഭവിക്കുകയുമൊക്കെ ചെയ്യുന്ന ഒരു അമീബ അനുഷ്‌ഠാനത്തെ ഇങ്ങനെ ചോദ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല.

രണ്ടാമത്തേത്‌, ലോകത്ത്‌ നടപ്പുള്ളത്‌- ഈ `നടപ്പി'ന്റെ അടിസ്ഥാനത്തിലാണല്ലോ ഈ ആചാരം ഉണ്ടാവുന്നതും- എല്ലാ മഹത്തുക്കളും ഭൂമിയിലേക്ക്‌ പിറന്നുവീണ ദിവസത്തെയാണ്‌ ജന്മദിനമായി ആഘോഷിക്കാറുള്ളത്‌ എന്നതാണ്‌. അതിനാല്‍ തന്നെ ഈ ചോദ്യകര്‍ത്താക്കള്‍ വിഢ്‌ഢികളായി മനസ്സിലാക്കപ്പെടാതിരിക്കണമെങ്കില്‍ വായടച്ചേ പറ്റൂ!

എന്നാല്‍, മഹാന്മാര്‍ മഹത്തുക്കളാക്കപ്പെട്ട ഒരു കൃത്യതിയ്യതി പറയുക അസാധ്യമാണെന്നും എന്നാല്‍ മുഹമ്മദ്‌ നബിയുടെ `പ്രവാചകത്വം' അത്തരം അനിര്‍ണിതമായ മഹത്വവിശേഷണപ്പട്ടികയില്‍ പെടില്ലെന്നുമുള്ള ഒരു യാഥാര്‍ഥ്യമുണ്ടല്ലോ. അതിനാല്‍ നബിദിനാഘോഷം കൂടുതല്‍ മിഴിവും തികവുമുള്ളതാക്കാന്‍ ബദ്ധശ്രദ്ധരായ സംഘടനകളും പുരോഹിതന്മാരും ആലോചിച്ച്‌ ഉത്തരം നല്‌കേണ്ടതുതന്നെയാണീ ചോദ്യം.

നബിദിനം ആഘോഷിച്ചുകൂടാ എന്നു വാദിക്കുന്നവര്‍ക്ക്‌ ഇനിയും ഒട്ടൊരുപാട്‌ സംഗതികള്‍ സമര്‍പ്പിക്കാനുണ്ട്‌. നബിദിനാഘോഷം സ്വര്‍ഗം പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യമാണെന്നാണല്ലോ വിശ്വാസം. എങ്കില്‍, സ്വര്‍ഗത്തോടടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ എല്ലാം ഞാന്‍ പഠിപ്പിച്ചുതന്നിരിക്കുന്നു എന്ന പ്രവാചകവചനത്തിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ കൊണ്ടോ ഹദീസുകൊണ്ടോ ഇതിന്റെ പ്രമാണികത തെളിയിക്കാമോ?

മതത്തില്‍ ഒരു വിശ്വാസമോ അനുഷ്‌ഠാനമോ രൂപപ്പെടണമെങ്കില്‍ അതിന്റെ അടിസ്ഥാനം ഖുര്‍ആനും നബിചര്യയുമാണ്‌. ഒന്നുകൂടി വിശദീകരിച്ചാല്‍ ഇവ അടിസ്ഥാനമാക്കിയ പണ്ഡിതേകോപനവും (ഇജ്‌മാഅ്‌) അനുരൂപതാ നിയമവു (ഖിയാസ്‌)മാണ്‌. ഇവയെ അവലംബിച്ച്‌ ഈ ആചാരത്തെ വിശദീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ `എന്റെ കല്‌പനയില്ലാത്ത കാര്യങ്ങള്‍ തള്ളപ്പെടേണ്ടതാണ്‌' എന്ന നബിവചനത്തിന്റെ വെളിച്ചത്തില്‍ ഇതിന്‌ മതത്തില്‍ നിലനില്‌പില്ലല്ലോ?

ഭൂരിപക്ഷം ചെയ്യുന്നു എന്നത്‌ തെളിവാണെങ്കില്‍, ലോക മുസ്‌ലിംകളില്‍ ഭൂരിപക്ഷമുള്ള ഹനഫി മദ്‌ഹബിന്റെ വിശ്വാസാചാരങ്ങള്‍ ശാഫിഈകളെന്നു പറയുന്ന കേരള ഭൂരിപക്ഷം അഗീകരിക്കാത്തതെന്താണ്‌? അതുമല്ല, മതത്തില്‍ ഇങ്ങനെ ഒരു പ്രമാണമുണ്ടോ?

ഇതൊരു മതാനുഷ്‌ഠാനമാണെങ്കില്‍ ഫിഖ്‌ഹിന്റെ ഏതു ഗ്രന്ഥത്തിലാണ്‌ ഇതിന്റെ ശര്‍ത്വ്‌-ഫര്‍ദുകളും മറ്റും വിശദീകരിക്കുന്നത്‌? ഇതിന്റെ രൂപമെന്താ ഓരോ നാട്ടിലും ഓരോന്നായത്‌? ഇസ്‌ലാമിന്റെ മറ്റു കര്‍മാനുഷ്‌ഠാനങ്ങളുടെ നിര്‍വഹണത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിവിധ രൂപങ്ങള്‍ പ്രചാരത്തിലുള്ളത്‌ ഇതിനെ ന്യായീകരിക്കില്ലല്ലോ. കാരണം മറ്റു മതാനുഷ്‌ഠാനങ്ങളുടെ രൂപഭേദങ്ങള്‍ വ്യക്തമായ ഹദീസുകളുടെയും മറ്റും അടിസ്ഥാനത്തില്‍ ഉണ്ടായതാണ്‌, അല്ലാത്തവ തെറ്റിദ്ധാരണകളിലൂടെയും. ഇതിന്‌ അങ്ങനെ പറയാന്‍ പറ്റുമോ?

ലക്ഷ്യം പാവനമാണ്‌- അഥവാ മുസ്‌ലിംകളെ മതോന്മേഷമുള്ളവരും പ്രവാചകാനുയായികളുമാക്കുക- എന്ന ന്യായത്താല്‍ ഈ കാര്യത്തെ നല്ല ബിദ്‌അത്തെന്ന്‌ ലളിതവത്‌കരിക്കാമോ? ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നത്‌ ഇസ്‌ലാമിക ചിന്തയല്ലല്ലോ.

ഇസ്‌ലാമിക പ്രബോധനത്തിന്‌ പ്രവാചകന്റെ കാലത്തില്ലാത്ത നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്‌ തെറ്റാവുകയില്ലെങ്കില്‍ നബിദിനാഘോഷവും ബിദ്‌അത്തിന്റെ പട്ടികയിലുള്‍പ്പെടുത്തി കുറ്റകരമാക്കുന്നത്‌ ശരിയല്ലെന്നു പറഞ്ഞ്‌ ലഘൂകരിക്കാവുന്നതാണോ ഇത്‌? രണ്ടു കാരണങ്ങളാല്‍ ഈ ന്യായം നിലനില്‌ക്കത്തക്കതല്ല.

ഒന്ന്‌, പ്രബോധനത്തിന്‌ ആധുനിക സൗകര്യങ്ങളും സങ്കേതങ്ങളും ഉപയോഗിക്കുന്നത്‌ പ്രത്യേക പുണ്യമെന്ന നിലയിലല്ല. അതൊരു ആരാധനാ ചടങ്ങായി കാണുന്നില്ലെന്നര്‍ഥം. പ്രത്യുത ഇസ്‌ലാമിക പ്രബോധനം കൂടുതല്‍ ഫലപ്രദവും സുഗമവുമാക്കാന്‍ മാത്രമാണ്‌ ഈ ശൈലിയും സങ്കേതങ്ങളും ഉപയോഗിക്കുന്നത്‌.

രണ്ട്‌, ആചാരത്തിന്റെ നിര്‍വഹണത്തിന്‌ ചെലവഴിക്കുന്ന അധ്വാനവും പണവും മനുഷ്യശേഷിയുമെല്ലാം ഇതു നല്‌കുന്ന ഫലം വെച്ചു നോക്കുമ്പോള്‍ ദുര്‍വ്യയമാണ്‌. ഈ ശേഷികള്‍ മറ്റു അനുവദനീയ രൂപങ്ങളിലൂടെ പ്രവാചകസ്‌നേഹപ്രകടനത്തിന്‌ ഉപയോഗിച്ചാല്‍ അത്‌ കൂടുതല്‍ ഉപകാരപ്പെടും. അവസാനമായി, നബിദിനാഘോഷം ഏതുതരം വളച്ചുകെട്ടുകള്‍ക്കും മിനുക്കുപണികള്‍ക്കും വിധേയമാക്കിയാലും ശരി നിഷിദ്ധമായ നൂതനാചാരം (ബിദ്‌അത്ത്‌) എന്ന പട്ടികയില്‍ നിന്ന്‌ അതിനെ വെട്ടിമാറ്റുക സാധ്യമല്ല തന്നെ.

by അന്‍വര്‍ അഹ്‌മദ്‌ @ ശബാബ്

ശരീഅത്തും മതപരിവര്‍ത്തനവും

2008ല്‍ ഒറീസയിലെ സംഘപരിവാര്‍ ശക്തികള്‍ ഗ്രഹാം സ്റ്റെയിന്‍ എന്ന വിദേശ മിഷനറി പ്രവര്‍ത്തകനെ വധിക്കുകയുണ്ടായി. തുടര്‍ന്ന്‌ ബി ജെ പി ഭരിക്കുന്ന ഗുജറാത്തില്‍ ഹൈന്ദവ ഫാസിസ്റ്റുകള്‍ ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ ആക്രമിച്ചു തകര്‍ത്തു. അതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഗുജറാത്ത്‌ സന്ദര്‍ശിച്ച്‌ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി മതപരിവര്‍ത്തനത്തെക്കുറിച്ച്‌ ദേശീയ സംവാദം നടത്തണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. ഫാസിസ്റ്റ്‌ വിളയാട്ടങ്ങളെ ഒട്ടും അപലപിക്കാതെയാണ്‌ വാജ്‌പേയി ദേശീയ സംവാദത്തെക്കുറിച്ച്‌ വാചാലനായത്‌.

മതപരിവര്‍ത്തനം ഇന്ത്യന്‍ ഫാസിസത്തിന്റെ എക്കാലത്തെയും ഒരു ആയുധമാകുന്നു. അവര്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയും ഈ ആരോപണം ഉന്നയിക്കാറുണ്ട്‌. ഇസ്‌ലാം അമുസ്‌ലിംകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കുന്നു എന്നാണവരുന്നയിക്കുന്ന ആരോപണം. ഇന്ത്യന്‍ മണ്ണില്‍ മുസ്‌ലിം ഭരണകാലത്ത്‌ അമുസ്‌ലിംകളെ വാള്‍മുന കാണിച്ച്‌ മതപരിവര്‍ത്തനം നടത്തിയെന്നാണ്‌ ഫാസിസ്റ്റു പ്രചാരണം.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts