ഭക്തിയും അതിഭക്തിയും

ഭക്തിയെ പല രൂപത്തിലാണ് സമൂഹം വിഭാവന ചെയ്യുന്നത്. കുടുംബവും സമൂഹവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു വനവാസം വരിക്കുന്നത് ഭക്തിയായി കരുതപ്പെടാം. പ്രണയവും ദാമ്പത്യവും ത്യജിക്കുന്നതും ഭക്തന്മാരുടെ ലക്ഷണമായി കരുതപ്പെടുന്നുണ്ട്. മുറിപ്പെടുത്തിയും ലോഹം തുളച്ചുകയറ്റിയും ചാട്ടവാര്‍ കൊണ്ട് ഭേദിച്ചും ശരീരത്തെ പീഡിപ്പിച്ചുകൊണ്ടുള്ള ഭക്തിപ്രകടനങ്ങളും പ്രചാരത്തിലുണ്ട്. എന്നാല്‍, ശരീരത്തെയും മനസ്സിനെയും പീഡിപ്പിച്ചുകൊണ്ടുള്ള കഠിനമായ അനുഷ്ഠാനങ്ങളെ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. മനുഷ്യപ്രകൃതിക്ക് അസാധ്യമായ നിലക്കുള്ള ആരാധനാരീതികള്‍ ഇസ്‌ലാമിലില്ല.

'മതം എളുപ്പമാണ്' എന്ന തത്ത്വം ആത്മീയ കാര്യങ്ങളിലും കര്‍ശനമായി പാലിക്കണമെന്ന് പ്രവാചകന്‍ അനുശാസിച്ചിട്ടുണ്ട്. ഒരിക്കല്‍ പ്രവാചകന്റെ അനുചരന്മാരില്‍ മൂന്നുപേര്‍ ദൈവഭക്തി തീവ്രമാക്കാന്‍ തീരുമാനിച്ചു. ഞാന്‍ അന്തിയുറക്കം ത്യജിച്ചു രാവുനീളെ നമസ്‌കരിക്കുമെന്ന് ഒരാള്‍ പ്രതിജ്ഞ ചെയ്തു. രാപ്പകല്‍ ഭേദമില്ലാതെ നോമ്പെടുക്കുമെന്ന് രണ്ടാമന്‍. അവിവാഹിതനായി ദൈവധ്യാനത്തില്‍ ജീവിതം കഴിക്കുമെന്ന് മൂന്നാമന്‍. ഈ തീവ്രഭക്തരെ കുറിച്ച് കേട്ടപ്പോള്‍ പ്രവാചകന്‍ അവരെ തിരുത്തി. അവിടുന്ന് പറഞ്ഞു: നിങ്ങളില്‍ ഏറ്റവുമേറെ ദൈവത്തെ ഭയക്കുന്നവനാണ് ഞാന്‍. ഞാന്‍ നോമ്പെടുക്കും, ഉപേക്ഷിക്കും. രാത്രി ഉറങ്ങും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. എന്റെ ചര്യ നിരാകരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.

പ്രായോഗികവും മധ്യമവുമാണ് പ്രവാചകചര്യ. തീവ്രതയെ അദ്ദേഹം എതിര്‍ത്തു. അമിത സൂക്ഷ്മതയുടെ പേരില്‍ ദൈവം അനുവദിച്ചത് നിഷിദ്ധമാക്കുന്നതും അദ്ദേഹം ചോദ്യം ചെയ്തു. മതം കര്‍ക്കശവും വിരൂപവുമാണെന്ന ധാരണ വളര്‍ത്തുന്ന അതിവാദങ്ങള്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ജീവിതത്തിന്റെ സൗന്ദര്യാനുഭവങ്ങളെ കെടുത്തുന്ന കടുംപിടിത്തമല്ല ഭക്തിയുടെ മുഖം. മറിച്ച് മയമുള്ളതും മാനുഷികവുമാണ്. നബി തിരുമേനി പറഞ്ഞു: നിങ്ങളുടെ മതത്തില്‍ പാരുഷ്യമുണ്ടാകുന്നത് ഞാന്‍ വെറുക്കുന്നു (ബൈഹകി).

by മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ @ madhyamam

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts