അല്‍ഖുര്‍ആന്‍ വായനയുടെ അദ്വിതീയത

"മാനവര്‍ക്ക്‌ മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാണിക്കുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു വ്യക്തമാക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും `അല്‍ഖുര്‍ആന്‍' അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍.

അതുകൊണ്ട്‌ നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്‌ഠിക്കേണ്ടതാണ്‌". (വി.ഖു 2:185)

അല്‍ഖുര്‍ആന്‍ എന്നുപേരുള്ള ഒരേയൊരു ഗ്രന്ഥമേ അറബി ഭാഷയിലുള്ളൂ. വായന എന്നും വായിക്കാനുള്ളത്‌ എന്നുമാണ്‌ ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ഥം. ഇംഗ്ലീഷിലെ the എന്ന പദത്തിന്റെ സ്ഥാനമാണ്‌ അറബിയിലെ `അല്‍' എന്ന അവ്യയത്തിനുള്ളത്‌. ഇംഗ്ലീഷില്‍ the reading എന്ന പേരില്‍ വല്ല ഗ്രന്ഥവുമുണ്ടോ എന്ന്‌ ഈ ലേഖകനറിയില്ല. ഉണ്ടെങ്കില്‍ പോലും സ്ഥലകാലങ്ങള്‍ക്ക്‌ അതീതമായി വായനക്കാരെ സ്വാധീനിച്ച ഒന്ന്‌ ആ പേരില്‍ ഇല്ലെന്നുറപ്പാണ്‌. വായന എന്ന പേരില്‍ മലയാളത്തിലും ആ വിധത്തിലൊരു ഗ്രന്ഥമില്ല.

മാനവര്‍ക്കാകെ മാര്‍ഗദര്‍ശനമാണിത്‌ എന്ന്‌ ഏതെങ്കിലും ഗ്രന്ഥത്തെ സംബന്ധിച്ച്‌ അതിന്റെ കര്‍ത്താവ്‌ അവകാശപ്പെട്ടതായി അറിയില്ല. അങ്ങനെ വല്ലവരും അവകാശപ്പെട്ടാലും ആത്യന്തികമായ അര്‍ഥത്തില്‍ അത്‌ ശരിയാകാനിടയില്ല. ശാരീരികം, മാനസികം, ആത്മീയം, വ്യക്തിപരം, കുടുംബപരം, സാമൂഹികം, രാഷ്‌ട്രീയം, സാമ്പത്തികം, ഐഹികം, പാരത്രികം എന്നീ തലങ്ങളിലേക്കെല്ലാം സ്ഥലകാലങ്ങള്‍ക്ക്‌ അതീതമായ മാര്‍ഗദര്‍ശനം നല്‍കുക എന്നത്‌ യാതൊരു മനുഷ്യന്റെയും കഴിവില്‍ പെട്ടതല്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ മാര്‍ഗദര്‍ശനം സര്‍വതല സ്‌പര്‍ശിയാകുന്നു. ചില ഉദാഹരണങ്ങള്‍.

അനുവദനീയവും വിശിഷ്‌ടവുമായ ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്നും, തിന്നുന്നതും കുടിക്കുന്നതും അമിതമാകാന്‍ പാടില്ലെന്നുമുള്ള വിശുദ്ധ ഖുര്‍ആനിലെ (2:168, 5:88, 16:114, 7:31) അനുശാസനം എക്കാലത്തുമുള്ള മനുഷ്യരെയും ആത്മശുദ്ധിയിലേക്കും ശാരീരിക സൗഖ്യത്തിലേക്കും നയിക്കുന്നതത്രെ. ``അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌'' (13:28) എന്ന ഖുര്‍ആന്‍ വാക്യം സകല മാനവര്‍ക്കും മനസ്സമാധാനത്തിന്റെ മാര്‍ഗം വ്യക്തമാക്കിക്കൊടുക്കുന്നു. മനസ്സ്‌ എന്ന മഹാവിസ്‌മയം സംവിധാനിച്ചൊരുക്കിയ പരമകാരുണികനായ നാഥന്റെ മഹത്വവും അനുഗ്രഹങ്ങളും യഥോചിതം അനുസ്‌മരിക്കുന്നതിനെക്കാളുപരിയായി മനസ്സിനെ ശാന്തിയിലേക്ക്‌ നയിക്കുന്ന മറ്റൊരു കാര്യവുമില്ല. സകല നന്മകള്‍ക്കും മനുഷ്യരെ പ്രേരിപ്പിക്കുകയും സകല തിന്മകളില്‍ നിന്നും അവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്ന അനേകം ഖുര്‍ആന്‍ സൂക്തങ്ങള്‍ അവരെ ആത്മീയ ഉല്‍ക്കര്‍ഷത്തിന്റെ സോപാനങ്ങളിലേക്ക്‌ നയിക്കുന്നു.

സകലദുര്‍വൃത്തികളും കര്‍ശനമായി വിലക്കുന്ന അനേകം ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തി ജീവിതത്തെ കളങ്കങ്ങളില്‍ നിന്ന്‌ കാത്തുസൂക്ഷിക്കുകയും പതനങ്ങളില്‍ നിന്ന്‌ രക്ഷിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍, മക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, സഹോദരീ സഹോദരന്മാര്‍ എന്നിവര്‍ക്കെല്ലാം കുടുംബമെന്ന മഹാസ്ഥാപനത്തിലുള്ള അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച്‌ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ട്‌. ``പുണ്യത്തിലും ധര്‍മനിഷ്‌ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌'' എന്ന ഖുര്‍ആനിക അധ്യാപനം (5:2) സാമൂഹ്യഭദ്രതയ്‌ക്കു വേണ്ടിയുള്ള ഒട്ടേറെ ഖുര്‍ആനിക നിര്‍ദേശങ്ങളുടെ രത്‌നച്ചുരുക്കമത്രെ. ആദര്‍ശസാഹോദര്യവും മാനവിക സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം ഉള്‍ക്കൊള്ളിച്ചിട്ടുള്ളതത്രെ വിശുദ്ധ ഖുര്‍ആനിലെ അല്‍ഹുജുറാത്ത്‌ (49) എന്ന അധ്യായം. പരിഹാസവും കുത്തുവാക്കുകളും പരദൂഷണവും രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കലും തെറ്റുധാരണകളും ഒഴിവാക്കി സാമൂഹ്യബന്ധങ്ങളെ സ്‌നിഗ്‌ധോദാരമാക്കാന്‍ ഈ അധ്യായത്തിലെ 10,11,12 സൂക്തങ്ങളില്‍ കല്‍പിച്ചിരിക്കുന്നു.

``എന്നാല്‍ നീ തീര്‍പ്പ്‌ കല്‍പ്പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വം തീര്‍പ്പ്‌ കല്‌പിക്കുക. നീതി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്‌നേഹിക്കുന്നു'' (5:42). ``അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചതനുസരിച്ച്‌ വിധി കല്‌പിക്കുക. നിനക്ക്‌ വന്നുകിട്ടിയ സത്യത്തെ വിട്ട്‌ നീ അവരുടെ തന്നിഷ്‌ടങ്ങളെ പിന്‍പറ്റിപ്പോകരുത്‌'' (5:48). ``അവരുടെ കാര്യം തീരുമാനിക്കേണ്ടത്‌ അവര്‍ക്കിടയില്‍ കൂടിയാലോചന നടത്തിയിട്ടാകുന്നു'' (42:38) എന്നീ വാക്യങ്ങള്‍ രാഷ്‌ട്രീയത്തില്‍ ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. ``തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു. തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും'' (92:12,13) എന്നീ സൂക്തങ്ങള്‍ ഖുര്‍ആനിക മാര്‍ഗദര്‍ശനം മനുഷ്യര്‍ക്ക്‌ ഇഹലോകക്ഷേമവും പരലോകമോക്ഷവും ഒരുപോലെ ലഭിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന്‌ സൂചിപ്പിക്കുന്നു. മനുഷ്യരുടെ അറിവും കഴിവും സ്ഥലകാല പരിമിതികള്‍ക്ക്‌ വിധേയമാകുന്നു. ഈ ലോകത്തും പരലോകത്തും ഒരുപോലെ പ്രയോജനകരമാകുന്ന വാഗ്‌വിചാരകര്‍മങ്ങളും ജീവിതക്രമങ്ങളും ഏതൊക്കെയെന്ന്‌ തിരിച്ചറിയാന്‍ മനുഷ്യരുടെ പരിമിതമായ ജ്ഞാനം പര്യാപ്‌തമാവുകയില്ല. മനുഷ്യജീവിതത്തിന്റെ സര്‍വതലങ്ങളെയും സംബന്ധിച്ച്‌ സൂക്ഷ്‌മജ്ഞാനമുള്ള ലോകരക്ഷിതാവിന്‌ മാത്രമേ ഇരുലോകത്തേക്കും വേണ്ട അന്യൂനമായ മാര്‍ഗദര്‍ശനം നല്‍കാന്‍ കഴിയൂ.

നൂറുകണക്കില്‍ ഭാഷകളിലായി കോടിക്കണക്കില്‍ ഗ്രന്ഥങ്ങള്‍ ഇക്കാലത്ത്‌ മനുഷ്യരാശിയുടെ മുമ്പാകെയുണ്ട്‌. ലൗകിക വിജ്ഞാനീയങ്ങളുടെ വിവിധ ശാഖകളിലും വിവിധ സാഹിത്യവിഭാഗങ്ങളിലുമായി വളരെയേറെ വിവരങ്ങള്‍ അവ വായനക്കാര്‍ക്ക്‌ നല്‍കുന്നു. എന്നാല്‍ സത്യവും അസത്യവും ധര്‍മവും അധര്‍മവും സംബന്ധിച്ച്‌ മാനവര്‍ക്ക്‌ പൂര്‍ണമായ തിരിച്ചറിവ്‌ നല്‍കാന്‍ അവയൊന്നും പര്യാപ്‌തമല്ല. വേദഗ്രന്ഥങ്ങളിലും അവയെ വിശദീകരിച്ചുകൊണ്ട്‌ സത്യപ്രബോധകര്‍ രചിച്ച ഗ്രന്ഥങ്ങളിലുമാണ്‌ ധര്‍മാധര്‍മങ്ങളെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നത്‌.

എക്കാലത്തുമുള്ള മനുഷ്യര്‍ക്ക്‌ നന്മ തിന്മകളെയും ധര്‍മാധര്‍മങ്ങളെയും സംബന്ധിച്ച്‌ അന്യൂനമായ അറിവ്‌ നല്‍കുന്ന ഒരു മാര്‍ഗദര്‍ശക ഗ്രന്ഥത്തിന്റെ അവതരണം ചരിത്രത്തിലെ മഹാസംഭവമത്രെ. വിശുദ്ധ ഖുര്‍ആനിനുശേഷം അത്തരമൊരു ഗ്രന്ഥം മാനവരാശിക്ക്‌ ലഭിച്ചിട്ടില്ല. കേവലം ഉപരിപ്ലവമായ വായനയ്‌ക്ക്‌ വേണ്ടിയുള്ള ഗ്രന്ഥമല്ല, ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക്‌ സത്യസന്മാര്‍ഗം വിവരിച്ചുകൊടുക്കുന്ന ദൈവികഗ്രന്ഥം. ആഴത്തിലുള്ള പഠനവും മനോനിയന്ത്രണത്തോടു കൂടിയുള്ള അനുധാവനവുമാണ്‌ അത്‌ ആവശ്യപ്പെടുന്നത്‌. ക്ഷണികമായ വികാരാവേശത്താല്‍ മനുഷ്യര്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ ന്യായമോ നീതിയോ ധര്‍മമോ ആവില്ല. മനോനിയന്ത്രണവും ആത്മസംയമനവും ഉള്ളവര്‍ക്കേ നീതിയില്‍ നിന്നും ധര്‍മത്തില്‍ നിന്നും വ്യതിചലിക്കാതെ സ്വയം സൂക്ഷിക്കാന്‍ കഴിയൂ. അന്തിമവേദഗ്രന്ഥത്തിന്റെ അവതരണം ആരംഭിച്ച റമദാന്‍ മാസത്തില്‍ വ്രതമനുഷ്‌ഠിക്കാന്‍ ആജ്ഞാപിച്ചതിന്റെ പ്രസക്തി ഇതില്‍ നിന്ന്‌ വ്യക്തമാകുന്നു. ആത്മസംയമനം ശീലിച്ചവര്‍ക്കേ ഖുര്‍ആനിക അധ്യാപനങ്ങളുടെ മൗലികത ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ. അതുല്യമായ മാര്‍ഗദര്‍ശകഗ്രന്ഥം എന്ന നിലയില്‍ അന്തിമവേദത്തെ വിലയിരുത്തുന്നവരേ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതിനെ പൂര്‍ണമായി അനുധാവനം ചെയ്യാന്‍ പ്രചോദിതരാകൂ.

വിശുദ്ധ ഖുര്‍ആന്‍ മാനവരാശിക്ക്‌ മുമ്പില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്‌ എഴുതിപ്പൂര്‍ത്തിയാക്കിയതോ അച്ചടിച്ചതോ ആയ ഒരു ഗ്രന്ഥമായിട്ടല്ല. മുഹമ്മദ്‌ നബി(സ)ക്ക്‌ പ്രവാചകത്വം ലഭിച്ച നാല്‌പതാം വയസ്സ്‌ മുതല്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞ അറുപത്തി മൂന്നാം വയസ്സ്‌ വരെയുള്ള ഇരുപത്തിമൂന്ന്‌ വര്‍ഷക്കാലത്തിനിടയില്‍ വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ ജിബ്‌രീല്‍ എന്ന മലക്ക്‌ മുഖേന അല്ലാഹു മുഹമ്മദ്‌ നബി(സ)ക്ക്‌ അറിയിച്ചു കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങള്‍ അദ്ദേഹവും ശിഷ്യന്മാരില്‍ പലരും ഹൃദിസ്ഥമാക്കുകയും ചില ശിഷ്യന്മാര്‍ പലയിടങ്ങളിലായി എഴുതിവെക്കുകയുമാണുണ്ടായത്‌. നബി(സ)യുടെ നിര്യാണത്തെ തുടര്‍ന്നാണ്‌ ഇന്ന്‌ കാണുന്ന രൂപത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടത്‌. എന്നാല്‍ ഈ ക്രോഡീകരണത്തിന്‌ മുമ്പു തന്നെ ഖുര്‍ആനിലെ വിധിവിലക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തിയ വിശ്വാസി സമൂഹം നിലവില്‍ വന്നിരുന്നു. ഇത്തരമൊരവസ്ഥ മറ്റൊരു ഗ്രന്ഥത്തിനുമുണ്ടായിട്ടില്ല. ഖുര്‍ആന്‍ സൂക്തങ്ങള്‍ ലോകരെ കേള്‍പ്പിച്ച മുഹമ്മദ്‌ നബി അതോടൊപ്പം തന്നെ ഇത്‌ തന്റെ വാക്കുകളല്ലെന്നും ലോകരക്ഷിതാവിന്റെ മാത്രം വചനങ്ങളാണെന്നും തനിക്ക്‌ അതില്‍ യാതൊരു മാറ്റവും വരുത്താന്‍ അവകാശമില്ലന്നും വ്യക്തമാക്കുകയുണ്ടായി. ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ) സ്വന്തമായി എഴുതിയുണ്ടാക്കിയതാണെന്ന വിമര്‍ശകരുടെ വാദം ശരിയാണെങ്കില്‍ ആ മികച്ച സാഹിത്യകൃതി തന്റേതാണെന്ന്‌ അദ്ദേഹത്തിന്‌ അഭിമാനപൂര്‍വം അവകാശപ്പെടാമായിരുന്നു. അദ്ദേഹത്തിന്‌ മുമ്പും ശേഷവുമുള്ള ഗ്രന്ഥകര്‍ത്താക്കളെല്ലാം അങ്ങനെയാണല്ലോ ചെയ്‌തത്‌. ഈ ഗ്രന്ഥം ലോകരക്ഷിതാവ്‌ അവതരിപ്പിച്ചതാണെന്നും അതിന്‌ തുല്യമായ ഒരു ഗ്രന്ഥമോ ഒരു അധ്യായമോ രചിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമുള്ള അവകാശവാദം അതിലെ സൂക്തങ്ങളില്‍ തന്നെയുണ്ട്‌. അറബി ഭാഷ അറിയാവുന്ന ആയിരക്കണക്കില്‍ അമുസ്‌ലിം സാഹിത്യകാരന്മാര്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജീവിച്ചിട്ടുണ്ട്‌. എന്നാല്‍ രൂപഭാവങ്ങളിലും ഉള്ളടക്കത്തിലും ഖുര്‍ആനിന്‌ സമാനമെന്ന്‌ പറയാവുന്ന ഒരു മാര്‍ഗദര്‍ശക ഗ്രന്ഥം ആരും ഇതുവരെ രചിച്ചിട്ടില്ല. ഖുര്‍ആനല്ലാത്ത യാതൊരു ഗ്രന്ഥവും ഈ വിധത്തില്‍ അനനുകരണീയത അവകാശപ്പെട്ടിട്ടില്ല. ഒരു ഗ്രന്ഥത്തിന്റെ അവതരണം മഹത്തായ ദൈവിക അനുഗ്രമായിക്കണ്ട്‌ അതിന്റെ പേരില്‍ ജനകോടികള്‍ ഒരു മാസം നോമ്പനുഷ്‌ഠിച്ചുകൊണ്ടിരിക്കുക എന്നതും ഖുര്‍ആനല്ലാത്ത യാതൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനില്ലാത്ത സവിശേഷതാകുന്നു.

by ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌ @ ശബാബ് വാരിക

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts