വിശ്വാസവും ഭക്തിയും ചിന്തയുടെ സദ്‌ഫലങ്ങള്‍


നുഷ്യജീവിതത്തിന്‌ ദിശ കാണിക്കുന്നത്‌ ചിന്തയും മനോഭാവങ്ങളുമാണ്‌. മനുഷ്യ മനസ്സില്‍ മുളപൊട്ടുന്ന ചിന്തകള്‍ അവന്റെ വ്യവഹാരങ്ങളില്‍ നിഴലിച്ചു കാണാം. മുന്നോട്ടുള്ള പാതയൊരുക്കുന്നതും ജീവിതവഴിയിലെ വെളിച്ചമായി നിലകൊള്ളുന്നതും ചിന്തയാണ്‌.ചിന്തിക്കാനുള്ള ശേഷിയാണ്‌ മനുഷ്യനെ ഇതരജീവികളില്‍ നിന്ന്‌ വ്യത്യസ്‌തനാക്കുന്നത്‌. മതം ചിന്തയുടെ ചിതയാണെന്ന്‌ പഠിപ്പിച്ചതും പ്രചരിപ്പിച്ചതും ഭൗതികവാദികളാണ്‌.

`വായിക്കുക' എന്ന ആഹ്വാനത്തോടെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിലെ ഒന്നാമത്തെ വചനം തന്നെ ചിന്തയിലേക്ക്‌ മനുഷ്യനെ വഴിനടത്തുന്നതാണ്‌. ലോകരക്ഷിതാവായ അല്ലാഹുവിന്റെ അജയ്യതയെ അംഗീകരിക്കാനും വിനയമുള്ള ജീവിതം നയിക്കാനുമാണ്‌ പഠനവും ചിന്തയും ആവശ്യപ്പെടുന്നത്‌. മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ അറിയാനും മനുഷ്യാസ്‌തിത്വത്തിന്റെ മഹനീയത മനസ്സിലാക്കാനും നമ്മുടെ ചിന്ത സഹായകമാവണം.

മനുഷ്യശരീരത്തിന്റെ സങ്കീര്‍ണമായ അവസ്ഥകളെക്കുറിച്ചുള്ള പഠനവും ചിന്തയും മനുഷ്യനെ ലോകരക്ഷിതാവിലേക്കടുപ്പിക്കുന്നു. എന്നാല്‍ ചിന്തിക്കാതെ കാലം കഴിക്കുന്നവര്‍ക്ക്‌ തങ്ങളുടെ ജീവിതദൗത്യം തിരിച്ചറിയാന്‍ സാധ്യമല്ല. നേരായ ചിന്തയുടെ വെളിച്ചം ജീവിതവഴിയില്‍ പ്രസരിപ്പിക്കാന്‍ സാധിച്ചവന്‌ മാത്രമേ വിശ്വാസത്തിന്റെ ഊക്കും ഊര്‍ജവും ആവാഹിക്കാനാവുകയുള്ളൂ. നമ്മുടെ സൃഷ്‌ടിപ്പിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം ചിന്തിക്കാന്‍ ബാധ്യസ്ഥരാണ്‌ ഓരോ വിശ്വാസിയും. ചിന്തിക്കാനും ആലോചിക്കാനും തയ്യാറില്ലാത്തവന്‍ വഴികേടിലൂടെ സഞ്ചരിക്കേണ്ടിവരികയും പരാജയം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്യും.

മനുഷ്യന്‌ മാത്രമാണ്‌ ധിഷണാശേഷിയുള്ളത്‌. ആന്തരികമായി വസ്‌തുതകള്‍ വിലയിരുത്താനും വ്യവച്ഛേദിച്ചറിയാനും ലോകത്ത്‌ മനുഷ്യന്‌ മാത്രമേ കഴിയൂ. എന്നാല്‍ ഈ കഴിവിനെ തിരിച്ചറിഞ്ഞവര്‍ വളരെ കുറച്ചാണ്‌. ഞാന്‍ ചിന്തിക്കുന്നുവെന്ന്‌ തിരിച്ചറിയാന്‍ പോലും സാധിക്കാതെ ജീവിച്ചുതീര്‍ക്കുന്നവരാണ്‌ ഏറിയ പങ്കും. ഈ ലോകത്തെ മാറ്റിത്തീര്‍ക്കാനും, പുരോഗതിയുടെ പുതിയ ഭൂമിക സ്ഥാപിക്കാനും മനുഷ്യന്‌ ഊര്‍ജമേകിയ `ചിന്താശേഷി' തങ്ങളുടെ ജീവിതത്തിന്റെ നവീകരണത്തിനും പുനര്‍നിര്‍മിതിക്കും ഉപയോഗപ്പെടുത്താന്‍ മനുഷ്യരില്‍ അധികപേരും ശ്രദ്ധിക്കാതെ പോകുന്നു. ഉപയോഗിക്കപ്പെടാതെ പോവുന്ന മനുഷ്യചിന്ത ചിതലരിച്ചുപോവും. വിശ്വാസത്തിന്റെയും ചിന്തയുടെയും മൂര്‍ച്ചകൂട്ടാനും ജീവിതത്തെ സംസ്‌കരിച്ചെടുക്കാനും മനുഷ്യന്‌ സാധിക്കണം. തുറന്ന മനസ്സോടെ ചിന്തയുടെ വാതായനങ്ങള്‍ തുറന്നിടാന്‍ തയ്യാറാവുന്നവര്‍ക്ക്‌ സത്യത്തിന്റെ ആകാശം അകലെയല്ല എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. (വി.ഖു 50:37)

ചിന്തിക്കുന്നതിലൂടെയാണ്‌ മനുഷ്യന്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത്‌. കാര്യങ്ങള്‍ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ തുറന്ന മനസ്സുള്ളവരായിരിക്കും. ഒരു വിശ്വാസി സത്യാന്വേഷിയും ചിന്താശീലനുമായിരിക്കും. സത്യത്തെ ഉള്‍ക്കൊള്ളാനും കാര്യങ്ങളെ അടുത്തറിയാനും മനസ്സുകാണിക്കുന്നവനേ വിശ്വാസിയാവാന്‍ കഴിയൂ. ചിന്തയെ നിഷേധിക്കുന്നവന്‍ സത്യനിഷേധിയാണ്‌. മുഹമ്മദ്‌ നബി സത്യവിചാരങ്ങള്‍ ജനങ്ങള്‍ക്ക്‌ കൈമാറിയപ്പോള്‍ അതിന്റെ മേല്‍ അസത്യത്തിന്റെയും നിഷേധത്തിന്റെയും കരിമ്പടം പുതപ്പിക്കാനായിരുന്നു അവിശ്വാസികള്‍ ശ്രമിച്ചിരുന്നത്‌. അവര്‍ ചിന്തയുടെ വാതില്‍ കൊട്ടിയടച്ചതായി കാണാം. എന്നാല്‍ ആലോചനയുടെ അകത്തേക്ക്‌ കടക്കാന്‍ തയ്യാറാവാത്ത, ചിന്തയുടെ കാറ്റ്‌ മനസ്സിലേക്ക്‌ പ്രവേശിക്കാന്‍ അനുമതി നല്‍കാത്തവരുടെ ചിന്ത തുറപ്പിക്കുന്ന ഒരു നാള്‍ വരാനിരിക്കുന്നുവെന്ന്‌ ഖുര്‍ആന്‍ പറയുന്നു: ``അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും നിന്റെ രക്ഷിതാവും അണിയണിയായി മലക്കുകളും വരുകയും അന്ന്‌ നരകം കൊണ്ടുവരപ്പെടുകയും ചെയ്‌താല്‍ അന്നേ ദിവസം മനുഷ്യന്‌ ഓര്‍മ വരുന്നതാണ്‌. എവിടെ നിന്നാണവന്‌ ഓര്‍മ വരുന്നത്‌?'' (വി.ഖു 89:21-23)

വിശ്വാസിയുടെ ജീവിതം പൂര്‍ണമാവുന്നത്‌ വിശ്വാസം, അനുഷ്‌ഠാനങ്ങള്‍, സ്വഭാവ ഗുണങ്ങള്‍, ജീവിതശീലങ്ങള്‍ തുടങ്ങിയവ ശരിയായ അര്‍ഥത്തില്‍ ജീവിതത്തില്‍ ഉള്‍ച്ചേരുമ്പോള്‍ മാത്രമാണ്‌. യഥാര്‍ഥ വിശ്വാസം തേടുന്നത്‌ കളങ്കമില്ലാത്ത ജീവിതമാണ്‌. നിരന്തരം നവീകരിക്കപ്പെടുകയും, സ്‌ഫുടം ചെയ്യപ്പെടുകയും ചെയ്യുന്ന മനുഷ്യന്‍ വിശുദ്ധി നേടുന്നു. എന്നാല്‍ സംസ്‌കരിക്കപ്പെടാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ വിശുദ്ധി നേടാതെ പോവുന്നു. വിശ്വാസികള്‍ക്ക്‌ നിശ്ചയിക്കപ്പെട്ടിട്ടുള്ള ആരാധനാകര്‍മങ്ങളും ഉന്നംവയ്‌ക്കുന്നത്‌ വ്യക്തിസംസ്‌കരണമാണ്‌. ഒരാള്‍ സംസ്‌കരിക്കപ്പെടണമെങ്കില്‍ ഒന്നാമതായി അയാളുടെ ചിന്ത സംസ്‌കരിക്കപ്പെടണം. ചിന്തയുടെ ഉറവിടമെന്ന നിലക്ക്‌ മനസ്സിനെ ശുദ്ധീകരിക്കുന്നതിലൂടെ മനുഷ്യനും ശുദ്ധീകരിക്കപ്പെടുന്നു. അവര്‍ തന്നെയാണ്‌ വിജയികള്‍. (വി.ഖു 87:14)

ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിഞ്ഞാലും മനസ്സിനെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ മനുഷ്യജീവിതം കലാശിക്കുക പരാജയത്തിലായിരിക്കും. അതുകൊണ്ടാണ്‌ നേരായ ചിന്തകള്‍ ഉടലെടുക്കാന്‍ മാത്രം പാകപ്പെടുത്തിയ മനസ്സുണ്ടാവണമെന്ന്‌ മതം പഠിപ്പിക്കുന്നത്‌. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ വ്യതിയാനം സംഭവിക്കാനും സത്യമാര്‍ഗം വിട്ടകലാനും ഏറെ സാധ്യതയുള്ളതാണ്‌ മനുഷ്യമനസ്സ്‌. തെറ്റായ ചിന്തകള്‍ മനുഷ്യനെ അപകടപ്പെടുത്തുന്നു. ചീത്തചിന്തകളെ ചീന്തിയെറിയാന്‍ വിശ്വാസികള്‍ക്ക്‌ സാധിക്കണം. ഇതിന്‌ ഹൃദയാന്തരാളങ്ങളിലുള്ളതിനെക്കുറിച്ചറിയാന്‍ സാധിക്കുന്ന ദൈവത്തെക്കുറിച്ച്‌ കൃത്യമായ അറിവ്‌ വേണം. മനുഷ്യചിന്തകള്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളായും കോട്ടങ്ങളായും അനുഭവപ്പെടാറുണ്ട്‌. ലോകത്തെ നശിപ്പിക്കാന്‍ മാത്രം നശീകരണശേഷിയുള്ള ബോംബുകള്‍ ഉല്‌പാദിപ്പിക്കപ്പെടുന്നത്‌ മനുഷ്യമനസ്സുകളിലാണ്‌. മനുഷ്യമക്കളെ സേവിക്കുന്നതിലേക്ക്‌ വഴിനടത്തുന്നതും മനുഷ്യചിന്ത തന്നെയാണ്‌. വിമലമായ വിശ്വാസം മനുഷ്യചിന്തയില്‍ നന്മ വിരിയിക്കുന്നു. അടിയുറച്ച ദൈവബോധം ഇളക്കംതട്ടാത്ത ആത്മബോധത്തിലേക്കും മനുഷ്യനെ നയിക്കുന്നു. നന്മ മാത്രം വിചാരിക്കുകയും നന്മ മാത്രം കാംക്ഷിക്കുകയും ചെയ്യുക എന്നതാണ്‌ നേരായ ചിന്തയ്‌ക്ക്‌ അനിവാര്യമായിട്ടുള്ളത്‌.

നമ്മുടെ ചിന്തകളുടെ മേല്‍ വിശ്വാസത്തിനും സാഹചര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്‌, ദുര്‍ബലവിശ്വാസികളുടെ ചിന്തയില്‍ ഭയം, ഉത്‌കണ്‌ഠ, പ്രതീക്ഷയില്ലായ്‌മ മുതലായവ ഉണ്ടാക്കിവെക്കുന്ന വലിയ മുറിവുകള്‍ വിശ്വാസിയുടെ ഹൃദയത്തില്‍ ഉണ്ടാവാത്തതിന്റെ കാരണമിതാണ്‌. അടിയുറച്ച ദൈവവിശ്വാസം മനുഷ്യമനസ്സിന്‌ കരുത്തായിത്തീരുന്നത്‌ വിശ്വാസം മനുഷ്യചിന്തയെ സ്വാധീനിക്കുന്നതു കൊണ്ടാണ്‌. മോശം ചുറ്റുപാടുകള്‍ മോശം ചിന്തകള്‍ ഉത്‌പാദിപ്പിക്കുന്നതും ഇതുകൊണ്ടാണ്‌. സാഹചര്യങ്ങള്‍ക്ക്‌ മനുഷ്യന്റെ മേലുള്ള ഇത്തരം സ്വാധീനശക്തിയെ മുന്നില്‍ കണ്ടുകൊണ്ടാണ്‌ വിശുദ്ധ ഖുര്‍ആന്‍ വ്യഭിചാരത്തോട്‌ അടുത്തുപോവരുത്‌ എന്ന്‌ താക്കീത്‌ ചെയ്‌തത്‌.

ഭക്ഷിക്കുന്ന ഇലകളുടെ നിറം ചില പ്രാണികള്‍ക്ക്‌ ലഭിക്കാറുണ്ട്‌. അതുപോലെ നമ്മുടെ ചിന്തക്കനുസരിച്ചായിരിക്കും നമ്മുടെ സ്വഭാവം. ഉത്തമസ്വഭാവങ്ങളാണ്‌ നല്ല മനുഷ്യന്റെ ജീവിതത്തെ അടയാളപ്പെടുത്തേണ്ടത്‌. മാനുഷികഭാവങ്ങള്‍ കൈമോശം വരാത്തവര്‍ക്ക്‌ മാത്രമേ മാനുഷികതയോടെ ജീവിക്കാനാവൂ. സത്യം, സഹിഷ്‌ണുത, കരുണ, വിനയം, സഹാനുഭൂതി മുതലായവ മനുഷ്യന്റെ സവിശേഷ ഗുണങ്ങളാണ്‌. ഈ ഗുണങ്ങള്‍ക്ക്‌ പരിക്കേല്‌ക്കുമ്പോള്‍ മനുഷ്യജീവിതം അര്‍ഥശൂന്യമായിത്തീരുന്നു. തെറ്റായ ചിന്തകള്‍ മാനുഷിക ഭാവത്തെ തളര്‍ത്തുന്നു. ഇതോടെ മനുഷ്യനില്‍ ദൈവിക, പൈശാചിക, മൃഗീയ ഭാവങ്ങള്‍ ഉടലെടുക്കും. ചില മനുഷ്യരില്‍ മാനുഷിക ഭാവത്തെക്കാള്‍ മികച്ചുനില്‌ക്കുന്നത്‌ ദൈവികഭാവമായിരിക്കും. ദൈവിക ഭാവമെന്നത്‌ ദൈവത്തിന്‌ മാത്രം യോജിക്കുന്നതും സൃഷ്‌ടികള്‍ക്ക്‌ ഒട്ടും യോജിക്കാത്തതുമാണ്‌. അഹങ്കാരം, പൊങ്ങച്ചം, പ്രശംസയും പ്രകീര്‍ത്തനവും ഇഷ്‌ടപ്പെടല്‍, അധികാരമോഹം, പ്രതാപഭാവം മുതലായവ ദൈവികഭാവങ്ങളുടെ അടയാളങ്ങളാണ്‌. ഇതൊരിക്കലും മനുഷ്യന്‍ എടുത്തണിയാന്‍ പാടില്ല.

എന്നാല്‍ ഇത്‌ മനുഷ്യന്‍ എടുത്തണിയുമ്പോള്‍ അവനില്‍ അഹങ്കാരത്തെപ്പോലെ, മേല്‍ സൂചിപ്പിച്ച സ്വഭാവങ്ങള്‍ ഉടലെടുക്കുന്നു. ഇത്‌ മാനുഷിക ഭാവത്തെ തകര്‍ത്തുകളയുന്നു. ഖുദ്‌സിയായ ഒരു ഹദീസില്‍ പറഞ്ഞപോലെ അല്ലാഹു പറയുന്നു: ``പ്രതാപം എന്റെ ഉടുമുണ്ടാണ്‌. അഹങ്കാരം എന്റെ ശിരോവസ്‌ത്രമാണ്‌. ഇവ രണ്ടിലും ആരെങ്കിലുമെന്നോട്‌ മത്സരിച്ചാല്‍ അവനെ നാം നശിപ്പിക്കുക തന്നെ ചെയ്യും.'' ഇക്കാര്യം ഖുര്‍ആനിലും പറഞ്ഞിട്ടുണ്ട്‌. (31:18, 38:74). അപ്പോള്‍ ദൈവികഭാവം മാനുഷിക ഭാവത്തോട്‌ ഒട്ടും ചേരുകയില്ലെന്ന്‌ വ്യക്തം.

രണ്ടാമത്തെ ഭാവം പൈശാചിക ഭാവമാണ്‌. ഇത്‌ പിശാചിന്‌ മാത്രം യോജിക്കുന്നതും മനുഷ്യനൊട്ടും യോജിക്കാത്തതുമാണ്‌. സകല ചീത്ത സ്വഭാവങ്ങളുടെയും കേന്ദ്രമായി നമ്മള്‍ മനസ്സിലാക്കുന്ന പിശാചിന്റെ ജീവിതഭാവങ്ങള്‍ നമ്മുടെ ജീവിതത്തിലേക്കെടുത്തണിയുമ്പോള്‍ മാനുഷിക ഭാവങ്ങള്‍ക്ക്‌ കളങ്കമേല്‌ക്കുന്നു. അസൂയ, പക, വിദ്വേഷം, ചതി, വഞ്ചന മുതലായവ ഇതില്‍ പെട്ടതാണ്‌. ഇത്തരം സ്വഭാവങ്ങള്‍ നമ്മളില്‍ വളരാന്‍ അനുവദിച്ചാല്‍ നമ്മുടെ മാനുഷിക ഭാവത്തിനത്‌ മുറിവേല്‌പിക്കും. മനുഷ്യ ജീവിതത്തിന്റെ തകര്‍ച്ചക്കുള്ള ഒന്നാമത്തെ കാരണം പൈശാചികഭാവങ്ങള്‍ ജീവിതത്തിലേക്ക്‌ ചേര്‍ത്തുവെച്ചതാണെന്ന്‌ കാണാന്‍ കഴിയും.

മൂന്നാമത്തെ ഭാവമാണ്‌ മൃഗീയഭാവം. കോപം, എടുത്തുചാട്ടം, കടന്നാക്രമണം മുതലായവ മൃഗീയ ഭാവത്തില്‍ പെട്ടതാണ്‌. തിന്നുക, കുടിക്കുക, ഭോഗിക്കുക തുടങ്ങി ചുരുങ്ങിയ ചുറ്റളവില്‍ ജീവിതം കറക്കുന്നവരായിരിക്കും അവര്‍. ജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ അവര്‍ തയ്യാറില്ല. കേവലം ജനനേന്ദ്രിയത്തിന്റെയും ആമാശയത്തിന്റെയും ആഗ്രഹ പൂരണത്തിന്‌ വേണ്ടി മാത്രം ജീവിക്കുന്ന അവര്‍ മൃഗതുല്യരാണെന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ``ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നരകത്തിന്നായി നാം സൃഷ്‌ടിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക്‌ കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക്‌ കാതുകളുണ്ട്‌. അവയുപയോഗിച്ചവര്‍ കേട്ടുമനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍.''(7:179)

നമ്മുടെ ചിന്തകളെ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്റെ വ്യവഹാരങ്ങളും, സമീപനങ്ങളുമെല്ലാം അവന്റെ ചിന്തയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ചിന്തകളെ നാം തേച്ചുമിനുക്കുകയും അത്‌ നമ്മുടെ വിശ്വാസത്തോട്‌ യോജിച്ചുപോവുന്നുവെന്ന്‌ ഉറപ്പുവരുത്തുകയും വേണം. നമ്മുടെ വിചാരങ്ങള്‍ വിശ്വാസവുമായി കോര്‍ത്തുകെട്ടണം. ``എന്റെ ഉല്‍ബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‌പിച്ചുകൊണ്ടുവരുന്നതുമാണ്‌.'' (വി.ഖു. 20:124)


by ജംഷിദ്‌ നരിക്കുനി @ ശബാബ് വാരിക

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts