റമദാന്‍: വിശുദ്ധിയുടെ രാജപാത

അഹ്‌നഫുബ്‌നു ഖൈസ്‌(റ) വാര്‍ധക്യത്തിലും നോമ്പെടുക്കാറുണ്ടായിരുന്നു. ഇതേപ്പറ്റി ആരോ ചോദിച്ചപ്പോള്‍, ഇങ്ങനെയായിരുന്നു മറുപടി: ``ദീര്‍ഘമായൊരു യാത്രക്കൊരുങ്ങുകയാണ്‌ ഞാന്‍; എന്റെ നാഥനിലേക്കുള്ളതാണ്‌ ആ യാത്ര. ആ നാഥന്റെ കല്‌പനകള്‍ അനുസരിക്കുന്നതിലെ പ്രയാസം എനിക്കിഷ്‌ടമാണ്‌. അവന്റെ ശിക്ഷകള്‍ സഹിക്കുന്നതിലേറെ എളുപ്പമാണിത്‌.'' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1:236)

വടക്കുനോക്കിയന്ത്രം വടക്കിലേക്കേ ദിശ കാണിക്കൂ. സത്യത്തിലേക്കേ മനസ്സാക്ഷി ദിശ നല്‌കൂ. പാപങ്ങളുടെ പേരില്‍ ഹൃദയത്തില്‍ നോവുണ്ടാക്കുന്നത്‌ മനസ്സാക്ഷിയാണ്‌. ശ്വേതരക്താണു പോലെ, അവിശ്രമം നമ്മില്‍ പ്രവര്‍ത്തിക്കുന്ന ഘടകമാണിത്‌. കുറ്റപ്പെടുത്തുന്ന ആത്മാവ്‌ (അല്‍ഖിയാമ 2) എന്ന്‌ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്‌ ഇതാവാം. കലങ്ങിമറിഞ്ഞും കലങ്ങിത്തെളിഞ്ഞുമാണ്‌ മനുഷ്യന്റെ ഉള്ളം. ഈ രണ്ടു സാധ്യതകളെയും സൂക്ഷ്‌മമായി ചികിത്സിക്കുന്ന പദ്ധതിയാണ്‌ അല്ലാഹുവിന്റേത്‌. മനുഷ്യന്റെ അകവും പുറവും തമ്മിലൊരു സാമ്യതയുണ്ട്‌. എപ്പോഴും ഒരേ അവസ്ഥയിലല്ല അകത്തെ മനസ്സ്‌. എപ്പോഴും ഒരേ അവസ്ഥയിലല്ല പുറത്തെ ചുറ്റുപാടും. നന്മയിലേക്കും തിന്മയിലേക്കും ചാഞ്ഞും ചെരിഞ്ഞുമാണ്‌ ഈ സഞ്ചാരം.

ഇളകിപ്പോകുന്ന വസ്‌തു, ഇളകാതിരിക്കാന്‍ അതിനെ വല്ലതുമായി ബന്ധിപ്പിക്കുകയാണല്ലോ ചെയ്യാറുള്ളത്‌. ഖല്‍ബ്‌ ഇളകുന്നതാണ്‌. ആ പദത്തിന്റെ അര്‍ഥസൂചന പോലും അതാണ്‌. നബി(സ) പറഞ്ഞിട്ടുണ്ട്‌: ``ഹൃദയത്തിന്റെ ഇളകിമറിയല്‍ കൊണ്ടാണ്‌ അതിന്‌ ഖല്‍ബ്‌ എന്നു പേര്‌ കിട്ടിയത്‌. മരത്തില്‍ കെട്ടിത്തൂക്കിയ പക്ഷിത്തൂവല്‍ പോലെയാണ്‌ ഹൃദയം. കാറ്റ്‌ നിരന്തരമായി അതിനെ കീഴ്‌മേല്‍ മറിക്കുന്നു.''(അഹ്‌മദ്‌ 4:408)

ആദര്‍ശത്തിനും വിശ്വാസത്തിനും അഖീദ എന്നാണ്‌ പറയാറുള്ളത്‌. അഖദ എന്നാല്‍ ബന്ധിക്കുക എന്നര്‍ഥം. `അല്ലാഹുവുമായുള്ള ബന്ധം' ആയതിനാലാവാം ആ പദം വന്നത്‌. അപ്പോള്‍, ഇളകുന്ന ഖല്‍ബിനെ അല്ലാഹുവുമായി ചേര്‍ത്തുകെട്ടുന്ന വെള്ളിനൂലാണ്‌ ഈമാന്‍. സാഹചര്യങ്ങള്‍ക്കൊത്ത്‌ മാറിപ്പോകാന്‍ സാധ്യതയുള്ള ഹൃദയത്തെ, മാറാത്ത ആദര്‍ശത്തിലാണ്‌ ബന്ധിക്കുന്നത്‌. ആരാധനകളുടെ പിന്നിലെ പ്രേരകം ഇതായിരിക്കണം.

തിളക്കവും ചൈതന്യവും നഷ്‌ടപ്പെട്ടേക്കാവുന്നതാണ്‌ ഈമാനും. ചുറ്റുപാടിലെ മാലിന്യങ്ങള്‍ സത്യവിശ്വാസത്തിലും കലരാം. കലര്‍ന്ന കളങ്കങ്ങളെ കഴുകാനാണ്‌ ഇബാദത്തുകള്‍. ആരാധനകള്‍ നിര്‍വഹിക്കുന്ന അല്‌പനേരത്തേക്കല്ല, നിര്‍വഹിച്ച ശേഷമുള്ള ദീര്‍ഘ നേരത്തേക്കാണ്‌ ആരാധനകളുടെ ചൈതന്യം നിലനില്‌ക്കേണ്ടത്‌. നോമ്പിന്റെ ലക്ഷ്യമായി തിരുനബി(സ) ഒരിക്കല്‍ പറഞ്ഞത്‌, `ആരാധനയ്‌ക്കു വേണ്ടി ശക്തി സംഭരിക്കാന്‍' എന്നാണ്‌ (അഹ്‌മദ്‌ 2:524)

``കാരുണ്യവും പാപവിമുക്തിയും നരകമോചന'വുമാണ്‌ റമദാന്‍ വ്രതത്തിന്റെ ലക്ഷ്യം'' (ഇബ്‌നുഖുസൈമ 1887). ഇതുതന്നെയാണ്‌ സത്യവിശ്വാസിയുടെ പരമ ലക്ഷ്യങ്ങളും. തെറ്റുകളിലേക്കുള്ള സഞ്ചാരമാണ്‌ ആത്മവിശുദ്ധിയെ തകര്‍ക്കുന്നത്‌. തിന്മകളില്‍ നിന്ന്‌ അകലാനും തിന്മകളോട്‌ പോരാടാനുമുള്ള കര്‍മവീര്യമാണ്‌ വ്രതം പ്രദാനം ചെയ്യുന്നത്‌. അല്ലാഹുവിനും നമുക്കുമിടയിലെ വേലികെട്ടുകളാണ്‌ നാം ചെയ്‌തുവെച്ച തെറ്റുകുറ്റങ്ങള്‍. കരുണാവാരിധിയുമായുള്ള നല്ല ബന്ധത്തിന്‌ തടസ്സമാകുന്നത്‌ അതാണ്‌. ആ വേലിക്കെട്ടിനെ തകര്‍ത്ത്‌, അല്ലാഹുവിലേക്ക്‌ ഓടിയടുക്കാനുള്ള പരിഹാരമാണ്‌ നോമ്പ്‌.

വെയിലില്‍ വെന്തുകിടക്കുന്ന മരുഭൂമിയിലേക്ക്‌ അപ്രതീക്ഷിതമായി വന്നിറങ്ങുന്ന മഴയെക്കുറിച്ച്‌ റമദ്‌ എന്ന്‌ അറബികള്‍ പറയാറുണ്ട്‌. റമദാനും ഒരു പുതുമഴയാണ്‌. വരണ്ടുണങ്ങിയ മനസ്സില്‍ പെയ്യുന്ന പുളകത്തിന്റെ കുളിര്‍മഴയാണത്‌. മഴ പെയ്‌താല്‍ കുഴികളെല്ലാം നിറഞ്ഞുകവിയുന്നതു പോലെ, ഹൃദയങ്ങളായ ഹൃദയങ്ങളിലെല്ലാം അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം നിറഞ്ഞുകവിയുന്ന തെളിര്‍മഴയാണ്‌ റമദാന്‍. രാവിലും പകലിലും ഇടമുറിയാതെ അത്‌ പെയ്യുന്നു!

ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തിരമായതെല്ലാം നോമ്പില്‍ നാം ഉപേക്ഷിക്കുന്നു. ഭക്ഷണം, വെള്ളം എന്നിവ പോലും! നോമ്പല്ലാത്ത കാലത്ത്‌ നിഷിദ്ധമല്ലാത്തതാണ്‌ അതൊക്കെ. ഹലാലുകള്‍ പോലും ത്യജിക്കാന്‍ പഠിപ്പിക്കുന്നതെന്തിനായിരിക്കും? നോമ്പിനു ശേഷം ഹറാമുകളെ ത്യജിക്കാനല്ലേ? അത്യാവശ്യമായ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നവന്‍, ഒട്ടും അത്യാവശ്യമില്ലാത്ത പലതും നോമ്പില്‍ ഉപേക്ഷിക്കാതിരിക്കുന്നു! അനാവശ്യ സംസാരവും പ്രവര്‍ത്തനങ്ങളും ഒട്ടും അത്യാവശ്യമില്ലാത്തതാണല്ലോ!

അതീവ സ്വകാര്യമാണ്‌ നോമ്പ്‌. ഒരാളുടെ നോമ്പ്‌ മറ്റൊരാള്‍ക്ക്‌ അറിയാന്‍ മാര്‍ഗമില്ല. മറ്റൊരു ആരാധനയും ഇങ്ങനെയില്ല. ഇതെന്തിനായിരിക്കും? സ്വന്തവും സ്വകാര്യവുമായ ജീവിത സന്ദര്‍ഭങ്ങളിലും ഭക്തി ശീലിക്കാനാകാം അത്‌. പുറം ഏറെ വര്‍ണാഭമാവുകയും അകം ഏറെ ദുഷിക്കുകയും ചെയ്‌ത നമ്മുടെ കാലത്ത്‌ ഈ ആശയത്തിനാണ്‌ കൂടുതല്‍ പ്രസക്തി. ദീര്‍ഘയാത്ര പല വിഷമങ്ങളും സൃഷ്‌ടിക്കുന്നു. പതിനൊന്നു മാസത്തെ അലച്ചിലും യാത്രയും കഴിഞ്ഞെത്തിയവരാണ്‌ നാം. ഇനിയൊന്നു കഴുകി വൃത്തിയാകണം; പുതിയ ഊര്‍ജവും ഉന്മേഷവും കൈവരണം. അതനാണീ വ്രതം. മരുഭൂമിയില്‍ നഷ്‌ടപ്പെട്ട ഒട്ടകത്തെ തിരിച്ചുകിട്ടുമ്പോള്‍ യാത്രികനുണ്ടാവുന്ന ആനന്ദത്തിലേറെ, നാം പശ്ചാത്തപിച്ച്‌ തിരിച്ചെത്തുമ്പോള്‍ അല്ലാഹുവിനുണ്ടെന്നു തിരുനബി(സ) പറഞ്ഞു. യജമാനനായ അല്ലാഹുവില്‍ നിന്ന്‌ ശത്രുവായ പിശാചിലേക്ക്‌ വഴിതെറ്റിപ്പോയ ഒട്ടകങ്ങളായിരുന്നു നാം. ആ ഒട്ടകക്കൂട്ടങ്ങളെല്ലാമിതാ, കണ്ണീരണിഞ്ഞ്‌ കാരുണ്യവാനിലേക്ക്‌ തിരിച്ചെത്തുകയാണ്‌.


തഖ്‌വയുടെ ഊര്‍ജകേന്ദ്രം

പ്രലോഭനങ്ങളാല്‍ തകരാത്ത മനുഷ്യശക്തിയാണ്‌ ഏറ്റവും സമ്പന്നമായ സൗഭാഗ്യം. അതിനോളം വരില്ല മറ്റൊന്നും. മനസ്സിന്റെ ബലവും തിന്മകള്‍ക്കെതിരിലുള്ള പ്രതിരോധവുമാണ്‌ വ്യക്തിയിലും സമൂഹത്തിലും നഷ്‌ടമായിക്കൊണ്ടിരിക്കുന്ന സൗഭാഗ്യവും. ഉന്നതവും ഉല്‍കൃഷ്‌ടവുമായ മനസ്സ്‌ വളര്‍ത്തിയെടുക്കാനാണ്‌ റമദാന്‍. ശരീരത്തിന്റെ ആവശ്യങ്ങളും മനസ്സിന്റെ മോഹങ്ങളും നിയന്ത്രിച്ച്‌, അല്ലാഹുവിന്റെ പ്രീതിക്കായി നടത്തുന്ന ആത്മശിക്ഷണമാണ്‌ വ്രതം. `നന്മ ചെയ്യുക, തിന്മ തടുക്കുക എന്നതാണ്‌ ഇസ്‌ലാമികാശയങ്ങളുടെ സംഗ്രഹം. തിന്മ ഉപേക്ഷിക്കുന്നതിനെക്കാള്‍ എളുപ്പമാണ്‌ നന്മ ചെയ്യല്‍. ആരാധനകള്‍, ദാനം ചെയ്യല്‍, രോഗി യെ സന്ദര്‍ശിക്കല്‍, ഖുര്‍ആന്‍ പാരായണം എന്നിവയൊക്കെ എളുപ്പമാണ്‌. എന്നാല്‍ അതേപോലെ എളുപ്പമല്ല നാവിനെ നിയന്ത്രിക്കലും കോപം അടക്കലും കണ്ണിനെ സൂക്ഷിക്കലുമൊക്കെ. കൂടുതല്‍ ക്ഷമയും അധ്വാനവും ആവശ്യമുണ്ടിതിന്‌. ``വലിയ തിന്മകള്‍ ഉപേക്ഷിച്ചാല്‍ മറ്റെല്ലാം പൊറുത്തു തരുമെന്നും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും'' (അന്നിസാഅ്‌ 31) ഖുര്‍ആന്‍ പറയുന്നുണ്ട്‌. സല്‍കര്‍മങ്ങളുടെ മുന്നുപാധിയാണ്‌ പാപത്തില്‍ നിന്ന്‌ അകന്നുനില്‌ക്കല്‍. ക്ഷമയും മനസ്ഥൈര്യവും രണ്ടിനും വേണം. ഇവയാണ്‌ വ്രതത്തിന്റെ പ്രാഥമിക ലക്ഷ്യം; ഇതുതന്നെയാണ്‌ തഖ്‌വ.

സായുധ ജിഹാദും റമദാന്‍ വ്രതവും അനുശാസിക്കപ്പെട്ടത്‌ ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ്‌. ഇത്‌ രണ്ടും ഒന്നിച്ച്‌ കല്‌പിക്കപ്പെട്ടത്‌ യാദൃച്ഛികമാകാന്‍ സാധ്യതയില്ല. യുദ്ധവും നോമ്പും തമ്മില്‍ ബന്ധമുണ്ട്‌. ദേഹേച്ഛകളോടുള്ള കടുത്ത യുദ്ധം തന്നെയല്ലേ നോമ്പ്‌? യഥോചിതം നോമ്പ്‌ അനുഷ്‌ഠിക്കണമെങ്കില്‍, ദേഹേച്ഛകളുടെ മേല്‍ വ്യക്തമായ വിജയം അനിവാര്യമാണ്‌. ഭൗതിക താല്‌പര്യങ്ങളെ അതിജീവിക്കാനുള്ള പാഠവും പരിശീലനവും അതുവഴി ലഭിക്കുകയും ചെയ്യും. ത്വാലൂത്തിന്റെ സൈന്യത്തെ അല്ലാഹു പരീക്ഷിച്ചത്‌ നോക്കൂ. ത്വാലൂത്ത്‌ സൈന്യത്തോടു പറഞ്ഞു: ``അല്ലാഹു നിങ്ങളെ ഒരു നദിയില്‍ വെച്ച്‌ പരീക്ഷിക്കും. അതില്‍ നിന്ന്‌ വെള്ളം കുടിക്കുന്നവന്‍ എന്റെ അനുയായി ആയിരിക്കില്ല. ആര്‍ അതില്‍ നിന്ന്‌ ദാഹം അകറ്റാതിരിക്കുന്നോ അവന്‍ മാത്രമായിരിക്കും എന്റെ അനുയായി. ഒരു കൈക്കുമ്പിള്‍ മാത്രം വല്ലവനും കുടിക്കുന്നുവെങ്കില്‍ ആകാം.'' (2:249)

ത്വാലൂത്തിന്റെ സൈന്യമൊന്നടങ്കം ഇറങ്ങിക്കുടിച്ചാലും നദി വറ്റിപ്പോകുമായിരുന്നില്ല. മറിച്ച്‌, അവര്‍ക്ക്‌ അനുസരണയും ക്ഷമയുമുണ്ടോ എന്ന്‌ പരീക്ഷിക്കുകയായിരുന്നു. ദാഹം നിയന്ത്രിക്കാനാവാത്ത ഒരാള്‍ക്ക്‌ യുദ്ധം വിജയിക്കാനാവില്ലല്ലോ! പക്ഷേ, ആ പരീക്ഷണത്തില്‍ ഭൂരിഭാഗം സൈനികരും പരാജയപ്പെട്ടു.

വയറിന്റെ ആഗ്രഹങ്ങള്‍ക്ക്‌ അടിപ്പെട്ടുപോയ സൈനികര്‍, `ശത്രുപ്പടയെ വെല്ലാന്‍ ഞങ്ങള്‍ക്കാവില്ല' എന്ന്‌ പറഞ്ഞ്‌ പിന്തിരിഞ്ഞോടി. അനുസരണവും അച്ചടക്കവുമുള്ള ചെറിയൊരു സംഘം, ``വന്‍ സംഘങ്ങളെ എത്രയെത്ര ചെറുസംഘങ്ങള്‍ കീഴ്‌പ്പെടുത്തിയിട്ടുണ്ട്‌'' എന്ന്‌ ഉദ്‌ഘോഷിച്ച്‌, രണാങ്കണത്തിലേക്ക്‌ മുന്നേറി. ദാഹം നിയന്ത്രിക്കാനും, ഇഷ്‌ടങ്ങളെ ത്യജിക്കാനും ആജ്ഞകളെ അനുസരിക്കാനും കെല്‌പുള്ളവര്‍ക്ക്‌, എന്തിലും പതറാത്ത ഉള്‍ക്കരുത്ത്‌ കൈവരുമെന്നാണ്‌ ഈ പാഠം. ഈ മനോദാര്‍ഢ്യവും അച്ചടക്കവും നോമ്പിന്റെ സുപ്രധാന ഉന്നമാണ്‌.

ഈ സല്‍ഗുണങ്ങളുടെയെല്ലാം ചുരുക്കെഴുത്താണ്‌ തഖ്‌വ. തഖ്‌വ എന്ന ആശയം ഖുര്‍ആനില്‍ വിഭിന്ന തരത്തില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ജാഗ്രതയുള്ള ജീവിത വീക്ഷണം, ദോഷങ്ങളെ സൂക്ഷിക്കുന്ന ജീവിതശീലം, അല്ലാഹുവിനെയും അവന്റെ ശിക്ഷയെയും വിചാരണയെയും പറ്റിയുള്ള ഭയം, പ്രതിഫലത്തോടുള്ള മോഹം ഇവയെല്ലാം ഒത്തുചേരുമ്പോഴുള്ള ഉന്നതമായ മനസ്ഥിതിയാണ്‌ തഖ്‌വ. അല്ലാഹുവിന്റെ ആജ്ഞകള്‍ പൂര്‍ണമായും പാലിക്കല്‍, സ്വന്തം ഇഷ്‌ടങ്ങള്‍ക്കുപരി അല്ലാഹുവിന്റെ ഇഷ്‌ടങ്ങള്‍ക്ക്‌ വില കല്‌പിക്കല്‍... ഇവ്വിധമെല്ലാം തഖ്‌വ വിവരിക്കപ്പെടുന്നുണ്ട്‌. മനുഷ്യരില്‍ ശ്രേഷ്‌ഠര്‍ തഖ്‌വയുള്ളവരാണെന്ന്‌ ഖുര്‍ആന്‍ (49:13) പറയുന്നു. മനുഷ്യര്‍ക്ക്‌ പരസ്‌പരം അറിയാന്‍ കഴിയാത്തതാണ്‌ ഈ ശ്രേഷ്‌ഠത. തഖ്‌വ പരസ്യമായ, രഹസ്യമാണ്‌. രഹസ്യം സ്രഷ്‌ടാവിനേ അറിയൂ, അത്‌ഖാ എന്ന പദവി മനുഷ്യരില്‍ ശ്രേഷ്‌ഠതയാണ്‌. ഈ പദവിയിലേക്കുള്ള വളര്‍ച്ചയായിരിക്കണം നോമ്പ്‌ അടക്കമുള്ള എല്ലാ ആരാധനകളുടെയും സദ്‌ഫലം.

``അല്ലാഹുവിന്റെ അപ്രീതിയെ സൂക്ഷിക്കുക എന്നതാണ്‌ (തഖ്‌വ) പുണ്യം. നിങ്ങള്‍ അല്ലാഹുവിന്‌ തഖ്‌വയുള്ളവരാകുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചേക്കാം'' (2:190-194). ``അല്ലാഹു തഖ്‌വയുള്ളവരോടൊപ്പമാണ്‌'' (2:193). ഹജ്ജ്‌ നിയമങ്ങള്‍ വിവരിച്ചിടങ്ങളില്‍ തഖ്‌വയെപ്പറ്റി പറയുന്നു (2:196, 2:203). ദാമ്പത്യ നിയമങ്ങള്‍ പറയുന്നിടത്തും തഖ്‌വ നിര്‍ദേശിക്കപ്പെടുന്നു. (2:223). വിവാഹമോചനം, മുലയൂട്ടല്‍ എന്നിവ സംബന്ധിച്ച്‌ വിവരിക്കുന്നിടത്തും (2:231,233), വിവാഹമുക്തകള്‍ക്ക്‌ മതാഅ്‌ നിര്‍ദേശിക്കുമ്പോഴും (2:241) യുദ്ധകാര്യം പറയുമ്പോഴും (2:194) പലിശ വര്‍ജിക്കാന്‍ ആജ്ഞാപിക്കുമ്പോഴും (2:278) സാമ്പത്തിക ഇടപാടുകള്‍ എഴുതി വെക്കാന്‍ നിര്‍ദേശിക്കുമ്പോഴും (2:282) തഖ്‌വ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. രഹസ്യഭാഷണങ്ങള്‍ പോലും തഖ്‌വ ലക്ഷ്യം വെച്ചാവണമെന്നും (58:9) നിര്‍ദേശിക്കുന്നു. വിവാഹമോചന നിയമങ്ങള്‍ പറയുന്നിടത്ത്‌ മൂന്നുതവണ തഖ്‌വയുടെ ബഹുമുഖ ഫലങ്ങളെ ഉണര്‍ത്തുന്നുണ്ട്‌ (അത്വലാഖ്‌)

പ്രത്യേകം ചില അനുഷ്‌ഠാനങ്ങളല്ല, തഖ്‌വ എന്നാണിതിന്റെ സൂചന. സവിസ്‌തരമായ പ്രപഞ്ച വീക്ഷണവും ജീവിത ശൈലിയുമാണ്‌ തഖ്‌വ. നിഖില വഴികളിലും പുലര്‍ന്നു കാണേണ്ട സൂക്ഷ്‌മതാബോധമാണത്‌. പലതിലും പെട്ട്‌ പലതും സംഭവിക്കാവുന്ന തഖ്‌വയെ ആദിമ വിശുദ്ധിയിലേക്ക്‌ തിരികെ കൊണ്ടുവരാനാണ്‌ ഇബാദത്തുകള്‍. മണിക്കൂറുകളെ നമസ്‌കാരം കൊണ്ടും ദിവസങ്ങളെ ജുമുഅ കൊണ്ടും മാസങ്ങളെ റമദാന്‍ കൊണ്ടും വര്‍ഷങ്ങളെ ഹജ്ജുകൊണ്ടും സമ്പത്തിനെ സകാത്തുകൊണ്ടും ശുദ്ധീകരിക്കുന്നു. അനവദ്യസുന്ദരമായ പരിവര്‍ത്തനത്തിലേക്ക്‌ ഇവയിലൂടെ നാം പരിണമിക്കുന്നു. വ്യക്തിയുടെ അതിസൂക്ഷ്‌മമായ ജീവിതത്തില്‍ പോലും ഇടപെട്ട്‌ ശുദ്ധീകരണത്തിന്റെ പുതുമഴ ചൊരിയുകയാണ്‌ അല്ലാഹു ചെയ്യുന്നത്‌. അല്ലാഹു വഴികാണിക്കുന്നു; മനുഷ്യന്‍ വഴിമറക്കുന്നു. ഈ മറവിയെയാണ്‌ ഇബാദത്തുകള്‍ കൊണ്ട്‌ ചികിത്സിക്കുന്നത്‌. ഓരോന്നിനും വളരാന്‍ ഓരോ സീസണുണ്ട്‌. തഖ്‌വയുടെ സീസണാണ്‌ റമദാന്‍.


റമദാന്‍ ഹദീസുകളില്‍

സഹ്‌ലുബ്‌നു സഅ്‌ദ്‌(റ) പറയുന്നു: തിരുനബി(സ) പറഞ്ഞു: ``സ്വര്‍ഗത്തില്‍ റയ്യാന്‍ എന്നു പേരുള്ള ഒരു കവാടമുണ്ട്‌. അന്ത്യനാളില്‍ നോമ്പുകാര്‍ ആ കവാടത്തിലൂടെ കടന്നുപോവും. അവരല്ലാതെ മറ്റാരും അതിലൂടെ കടന്നുപോവുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ അടയ്‌ക്കപ്പെടും. പിന്നീട്‌ മറ്റാരും അതിലൂടെ കടക്കുകയില്ല.'' (ബുഖാരി 18967)

``ഇസ്‌ലാമിന്റെ കൈസ്വത്തും ദീനിന്റെ അടിത്തറയും മൂന്നു കാര്യങ്ങളാകുന്നു. അവയുടെ മുകളിലാണ്‌ ഇസ്‌ലാം സ്ഥാപിക്കപ്പെട്ടത്‌. അവയില്‍ ഏതെങ്കിലുമൊന്ന്‌ വല്ലവനുമുപേക്ഷിച്ചാല്‍ അവന്‍ അതിന്റെ നിഷേധിയുമായിത്തീരും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സാക്ഷ്യം വഹിക്കല്‍, നിര്‍ബന്ധ നമസ്‌കാരങ്ങള്‍, റമദാനിലെ വ്രതം എന്നിവയാണത്‌.'' (ഹൈഥമി: മജ്‌മൂഉസ്സവാഇദ്‌: 47)

``അല്ലാഹു അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തിലല്ലാതെ റമദാനില്‍ ആരെങ്കിലും ഒരു ദിവസത്തെ നോമ്പ്‌ ഉപേക്ഷിച്ചാല്‍, പിന്നീട്‌ ഏഴു വര്‍ഷം മുഴുവന്‍ നോമ്പനുഷ്‌ഠിച്ചാലും അതിന്‌ പകരമാവുകയില്ല.''(ബൈഹഖി, ശുഅബു ഈമാന്‍ 3654)

``നോമ്പുകാരന്‌ നോമ്പുതുറക്കുന്ന സന്ദര്‍ഭത്തില്‍ സ്വീകരിക്കപ്പെടുന്ന ഒരു പ്രാര്‍ഥനയുണ്ട്‌.'' (ഇബ്‌നുമാജ 1753)

``റമദാനിലെ രാത്രി നമസ്‌കാരത്തിന്‌ നബി(സ) ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു; നിര്‍ബന്ധിച്ചിരുന്നില്ല. അവിടുന്ന്‌ പറയും: വിശ്വാസത്തോടും പ്രതിഫലമോഹത്തോടും കൂടെ ഒരാള്‍ രാത്രി നമസ്‌കാരം നിര്‍വഹിച്ചാല്‍ അവന്റെ സംഭവിച്ചുപോയ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്‌'' (നസാഈ 4:129)

രോഗവും ഉപവാസവും

വ്രതം സാര്‍വത്രികമായ ചികിത്സാരീതിയാണ്‌. രോഗങ്ങളില്‍ പലതിനുമുള്ള ചികിത്സയാണ്‌ ഭക്ഷണനിയന്ത്രണം. കാലാവസ്ഥയും തൊഴിലും പ്രായവും പരിഗണിച്ച്‌ ആഹാരരീതി ക്രമീകരിക്കേണ്ടതുണ്ട്‌. വ്യായാമമില്ലാതെ, അമിത ഭക്ഷണം ശീലിക്കുന്നവര്‍ക്കാണ്‌ വേഗത്തില്‍ രോഗങ്ങള്‍ പിടിപെടുന്നതെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഇങ്ങനെയുള്ളവരുടെ ആമാശയത്തിന്റെയും കുടലുകളുടെയും പ്രവര്‍ത്തനം പെട്ടെന്ന്‌ മന്ദീഭവിക്കുന്നു. ഉദരത്തിലും വിസര്‍ജനേന്ദ്രിയ വ്യൂഹത്തിലും അമിതഭാരം അനുഭവപ്പെടുന്നു.

സുപ്രധാന അവയവമാണ്‌ ആമാശയം. കുഴല്‍ പോലെയുള്ള ഇത്‌, ആഹാരം ചെല്ലുന്നതിനനുസരിച്ച്‌ സഞ്ചിപോലെ വീര്‍ത്ത്‌ നിറയും. ആമാശയത്തിനു മാത്രം 35,00,000 ഗ്രന്ഥികളുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ഓരോ ഗ്രന്ഥിയും മൂന്ന്‌ കോശങ്ങള്‍ (Mucus cells, Peptic cells, Oxyntic cells) വീതമുണ്ട്‌. ആമാശയ ഗ്രന്ഥികള്‍ തലച്ചോറിനെയും നാഡീവ്യൂഹങ്ങളെയും സ്വാധീനിച്ചിരിക്കുന്നു. രണ്ടോ മൂന്നോ മണിക്കൂര്‍ ആഹാരം സംഭരിച്ചുവെച്ച്‌ പചനപ്രക്രിയകള്‍ക്ക്‌ വിധേയമാക്കുക എന്നതാണ്‌ ആമാശയത്തിന്റെ പ്രധാന ധര്‍മം. മാംസം ഉള്‍പ്പെടെ വേവ്‌ കുറഞ്ഞ പദാര്‍ഥങ്ങളും കൊഴുപ്പ്‌ കൂടിയ ആഹാരവും ആമാശയത്തിന്‌ അധ്വാനഭാരം ഇരട്ടിപ്പിക്കുന്നു.

ദഹനേന്ദ്രിയങ്ങള്‍ മന്ദീഭവിക്കുകയും വിരേചനശക്തി കുറയുകയും ചെയ്യുമ്പോള്‍ രോഗങ്ങള്‍ ഒന്നൊന്നായി പിടിപെടും. ക്യാന്‍സര്‍, ഹൃദ്‌രോഗങ്ങള്‍, പ്രമേഹം, ഉദരരോഗം, രക്തസമ്മര്‍ദം, ആസ്‌തമ, അള്‍സര്‍ എന്നിവയൊക്കെ ഇവയുടെ ഫലമായി സംഭവിക്കാം. കാപ്പിയും സിഗരറ്റും സാന്‍വിച്ചും ഒഴിവാക്കി ആഴ്‌ചയിലൊരു വട്ടം ഉപവാസം അനുഷ്‌ഠിച്ച്‌ എയ്‌ഡ്‌സിനെ അതിജീവിച്ച റോജര്‍ എന്നയാളെക്കുറിച്ച്‌ Rogers Recovery AIDS എന്ന ഗ്രന്ഥത്തില്‍ Bob Omen ഉദ്ധരിക്കുന്നുണ്ട്‌.

വ്രതത്തിലൂടെയും അകൃത്രിമ ജീവിതത്തിലൂടെയും രോഗങ്ങളെ അതിജീവിക്കാം. ഉപവാസം ആയുസ്സ്‌ വര്‍ധിപ്പിക്കുമെന്നും ചില പഠനങ്ങളിലുണ്ട്‌. ജര്‍മനിയിലെ ഹാനോവറിലുള്ള മാക്‌സ്‌ പ്ലാങ്ക്‌ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച്‌ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ്‌ മോളിക്യുലാര്‍ ബയോളജി (CCMB) നടത്തിയ പരീക്ഷണങ്ങളിലാണ്‌ ഇത്‌ കാണുന്നത്‌. ഉപവാസമനുഷ്‌ഠിക്കുമ്പോള്‍ മറ്റു പലതിനുമായി ഉപയോഗിക്കപ്പെടേണ്ട ഊര്‍ജം മനുഷ്യശരീരത്തില്‍ ശേഖരിക്കപ്പെടുമെന്നും ഇത്‌ ശരീരത്തെ കൂടുതല്‍ ഭദ്രമാക്കുമെന്നും അതുവഴി ആരോഗ്യപൂര്‍ണമായ ജീവിതം ദീര്‍ഘകാലം ലഭിക്കുമെന്നുമാണ്‌ പഠനം.

നിരാഹാരവേളയില്‍ കോശങ്ങളുടെ മരണം ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ആ കോശങ്ങള്‍ പോഷകാംശങ്ങള്‍ സ്വീകരിക്കാന്‍ കൂടുതല്‍ കരുത്ത്‌ കാട്ടുന്നതായും പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടു. ഒരാള്‍ക്ക്‌ എത്രത്തോളം ഉപവസിക്കാന്‍ കഴിയുമെന്നത്‌ പല ഘടകങ്ങളെ ആശ്രയിക്കുന്നു. കോശങ്ങള്‍ നിര്‍ജീവമാകുന്നത്‌ പൂര്‍ണമായും തടയാന്‍ കഴിയുന്ന ഉപവാസം മാസത്തില്‍ രണ്ടു ദിവസം അനുഷ്‌ഠിക്കണമെന്നും CCMBയുടെ ഡയറക്‌ടര്‍ ഡോ. പി ഡി ഗുപ്‌ത നിര്‍ദേശിക്കുന്നു.

മണിക്കൂറുകളോളം ഭക്ഷണം കഴിച്ചില്ലെങ്കിലും മുമ്പ്‌ സ്വരൂപിച്ച ഊര്‍ജത്തിന്റെ വിനിയോഗത്തിലൂടെ ശരീരത്തിന്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ മിക്കപ്പോഴും സ്ഥിരമാക്കാന്‍ കഴിയും. ഭക്ഷണം ദുര്‍ലഭമാകുന്ന അവസ്ഥയിലും ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്താനാണ്‌ കാരുണ്യവാനായ സ്രഷ്‌ടാവ്‌ ഇതൊരുക്കിയത്‌. ഉദരഭാഗത്തും മുതുകിലും പൃഷ്‌ടഭാഗത്തും മിച്ചമുള്ള ഊര്‍ജം സംഭരിക്കപ്പെടുന്നു. ഗ്ലൈക്കോജന്റെയും കൊഴുപ്പുകളുടെയും രൂപത്തില്‍ ഭക്ഷണം ലഭ്യമല്ലാതെ വരുമ്പോള്‍ ഈ സംവിധാനം വഴി ഗ്ലൈക്കോജനും കൊഴുപ്പും ഗ്ലൂക്കോസായും കൊഴുപ്പമ്‌ളമായും മാറ്റിയെടുത്ത്‌ ഉപയോഗിക്കുന്നു.

അവികസിത രാജ്യങ്ങളിലെ പട്ടിണി മാറ്റാന്‍ വേണ്ടതിലധികം പണം, സമ്പന്ന രാഷ്‌ട്രങ്ങളിലെ പൊണ്ണത്തടി മാറ്റാന്‍ ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത്‌, ഉപവാസവും കൃത്യമായ വ്യായാമവുമാണ്‌ മികച്ച പരിഹാരമെന്ന്‌ നിര്‍ദേശിക്കപ്പെടുന്നു. റമദാനില്‍ നിര്‍ബന്ധമായും മറ്റുള്ളപ്പോള്‍ ഐച്ഛികമായും വ്രതം നിര്‍ദേശിക്കുന്ന ഇസ്‌ലാം, ആത്മാവിന്റെയും മനസ്ഥിതിയുടെയും നിര്‍മലീകരണമാണ്‌ ഒരേ സമയം ഉന്നംവെക്കുന്നത്‌.

രാത്രിയല്ല, പകലിലാണ്‌ വ്രതം അനുഷ്‌ഠിക്കേണ്ടത്‌. പോഷണത്തിന്നാവശ്യമായ ചയാപചയം ഉണര്‍ന്നിരിക്കുമ്പോഴും, ശരീരം പ്രവര്‍ത്തനനിരതമാകുമ്പോഴുമാണ്‌ നടക്കുന്നത്‌. നോമ്പനുഷ്‌ഠിച്ച്‌ പകലില്‍ ഉറങ്ങുകയാണെങ്കിലും ശരീരപരമായ പ്രയോജനങ്ങള്‍ ലഭിക്കില്ല. സുഖഭോഗങ്ങളിലെല്ലാം നിയന്ത്രണം പാലിച്ചാല്‍ മാത്രമേ മനുഷ്യന്‌ ഭൗതികവും ആത്മീയവുമായ സൗഖ്യം കൈവരൂ. കൊഴുപ്പും മധുരവും ചിട്ടയില്ലാതെ ശരീരത്തിലെത്തുന്നതോടെ അകത്തുള്ള അനേകം വ്യവസ്ഥകള്‍ അപകടത്തിലാവും. വിശപ്പില്ലാതെ നിരന്തരം ഭക്ഷണം അകത്തെത്തിയാല്‍ നേരത്തെ സംഭരിച്ച ഊര്‍ജം വിനിയോഗിക്കപ്പെടാതെ, ശരീരവ്യവസ്ഥകള്‍ നിഷ്‌ക്രിയമാവുന്നു. അനേകം രോഗങ്ങളിലേക്കെത്തിക്കുന്ന പൊണ്ണത്തടി ആരംഭിക്കുന്നതിങ്ങനെയാണ്‌.

by പി എം എ ഗഫൂര്‍ @ ശബാബ് വാരിക

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts