(സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ,)ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 1 ഫാത്തിഹ 6,7]
ആദര്‍ശജീവിതത്തിന് ദൈവികവെളിച്ചം
സ്രഷ്ടാവിലേക്ക് സഞ്ചരിക്കാനുള്ള രാജപാതയാണ് ഖുര്‍ആന്‍. ഉന്നതനായ ആ കാരുണ്യവാനെ അറിയാനും അവനോട് അടുക്കാനുമുളള ഏകവഴിയാണ് ഖുര്‍ആന്‍. അസത്യങ്ങളില്‍ കലരാതെ സത്യത്തെ തിരിച്ചറിയുന്ന അനിതരമായ സൂക്തങ്ങളാണ് ഖുര്‍ആന്‍. കാലം കണ്ട അനവദ്യസുന്ദരമായ ജീവിതാദര്‍ശത്തിലേക്ക് കൈ പിടിക്കുന്ന ആയത്തുകള്‍. കഥ പറഞ്ഞും ഉപമകള്‍ കാണിച്ചും ഉദാഹരണങ്ങള്‍ ഉപയോഗിച്ചും സംഭവങ്ങള്‍ നിരത്തിയും ചരിത്രവും ശാസ്ത്രവും നിയമങ്ങളും നിര്‍ദേശങ്ങളുമാണ് ഈ മഹാഗ്രന്ഥം. യുക്തിയും സത്യവും മുക്തിയും കൊണ്ട് അലങ്കരിക്കപ്പെട്ട അപൂര്‍വ ശേഖരമാണിത്. എന്താണീ ഖുര്‍ആന്‍? പൂര്‍വ സമുദായങ്ങളുടെ ചരിത്രമുണ്ടതില്‍; പക്ഷേ, അതൊരു ചരിത്രപുസ്തകമല്ല. വിജ്ഞാനവും ശാസ്ത്രവുമുണ്ടതില്‍; അതൊരു ശാസ്ത്രഗ്രന്ഥമല്ല. ചിത്രീകരണങ്ങളുണ്ടതില്‍; നോവലോ കവിതയോ അല്ല. പ്രാര്‍ഥനാ കീര്‍ത്തനങ്ങളുണ്ട്; പ്രാര്‍ഥനാഗ്രന്ഥമല്ല. സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ ധാരാളമുണ്ടതില്‍; നിയമഗ്രന്ഥവുമല്ല. മനുഷ്യനാണ് ഖുര്‍ആനിന്റെ കേന്ദ്രവിഷയം. ആ മനുഷ്യന്റെ മോചനമാണ് പ്രതിപാദനം.
ഖുര്‍ആന്‍ മാനുഷികമല്ല എന്നതിന് ഖുര്‍ആന്‍ തന്നെയാണ് തെളിവ്.
l. നിരക്ഷരനെന്ന് ഇസ്ലാമിന്റെ വിമര്‍ശകര്‍ പോലും സമ്മതിക്കുന്ന മുഹമ്മദ് നബി ഒരു ഗ്രന്ഥം രചിക്കാന്‍ സാധ്യതയേയില്ല. ``ഈ ഖുര്‍ആനു മുമ്പ് നീ ഏതെങ്കിലും ഗ്രന്ഥം വായിക്കുകയോ വലംകൈ കൊണ്ട് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അസത്യവാദികള്‍ക്ക് സംശയത്തിന് സാധ്യതയുണ്ടായിരുന്നു'' (വി.ഖു. 29:48)
2. ഒറ്റ ഗ്രന്ഥത്തിലല്ല ഖുര്‍ആന്റെ അവതരണം; അങ്ങനെ കൊണ്ടുവരാന്‍ ശത്രുക്കള്‍ വെല്ലുവിളി ഉയര്‍ത്തിയിട്ടും. പകരം 23 വര്‍ഷത്തെ വിഭിന്ന സന്ദര്‍ഭങ്ങളിലൂടെയാണ് അവതരണമുണ്ടായത്. മനുഷ്യസൃഷ്ടിയായിരുന്നെങ്കില്‍ വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ ഇതു തന്നെ മതിയായിരുന്നു. ``ഈ ഗ്രന്ഥം അല്ലാഹുവില്‍ നിന്നുള്ളതല്ലായിരുന്നെങ്കില് അവരിതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നു.'' (4:82)
3. ഭാഷയിലും ഭാവനയിലും ശൈലിയിലും സാഹിത്യത്തിലും ഇതുപോലൊന്നില്ല. ഉണ്ടാക്കാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചിട്ടും സാധ്യമായില്ല. മുഹമ്മദ് നബിയെക്കാള്‍ ഭാഷയും സാഹിത്യവുമറിയുന്ന ഏറെപ്പേര്‍ അക്കാലത്തുതന്നെയുണ്ടായിരുന്നു; എന്നിട്ടും! ``നാം നമ്മുടെ അടിമക്ക് അവതരിപ്പിച്ചതില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അതിനു തുല്യമായ ഒരധ്യായമെങ്കിലും നിങ്ങള്‍ ഹാജറാക്കുക. അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്കുള്ള സാക്ഷികളെയും വിളിച്ചോളൂ. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍!'' (2:23)
4. മുഹമ്മദ് നബിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഖുര്‍ആനിലുണ്ട്. അന്ധനായ അനുചരനെ അവഗണിച്ചപ്പോള്‍ (80:1-10), യുദ്ധത്തടവുകാരുടെ കാര്യത്തില്‍ തീരുമാനമെടുത്തപ്പോള്‍ (8:67), സൈനബിന്റെ വിവാഹക്കാര്യത്തില്‍ ആശങ്കയുണ്ടായപ്പോള്‍, മുസ്ലിം സൈന്യം യുദ്ധത്തിന് പുറപ്പെട്ടപ്പോള്‍, വ്യാജകാരണങ്ങള്‍ പറഞ്ഞ് പിന്മാറിയ കപടവിശ്വാസികള്‍ക്ക് അനുമതി നല്കിയപ്പോള് (9:43). ഖുര്‍ആന്‍ രചിച്ചത് മുഹമ്മദ് നബിയായിരുെന്നങ്കില് സ്വയം വിമര്‍ശനങ്ങള്‍ വരാതിരിക്കാനല്ലേ ശ്രദ്ധിക്കുക?
5. പ്രവാചകജീവിതത്തിലെ ഒട്ടുമിക്ക ചലനങ്ങളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നിര്‍ദേശങ്ങളും ഉപദേശങ്ങളും അടങ്ങിയ ഹദീസുകള്‍ ആണിത്. ഭാഷയിലും ശൈലിയിലുമെല്ലാം ഖുര്‍ആനില്‍ നിന്ന് വ്യത്യസ്തമാണ് ഹദീസുകള്‍. കാരണം ഹദീസുകള്‍ നബിവചനങ്ങളാണ്; ഖുര്‍ആന്‍ ദൈവവചനങ്ങളും!
6. ഖുര്‍ആന്‍ അറേബ്യയില്‍ മാത്രം വിപ്ലവമുണ്ടാക്കിയ ഗ്രന്ഥമല്ല. സര്‍വതലങ്ങളിലും സര്‍വ രാജ്യങ്ങളിലും വിപ്ലവത്തിന്റെ വിത്തുപാകിയ വീരേതിഹാസമാണ് വിശുദ്ധ ഖുര്‍ആന്‍. അനറബികളിലും അതു പടര്‍ന്നു. അക്ഷരജ്ഞാനമില്ലാത്ത മുഹമ്മദ് നബിയുടെ സൃഷ്ടിയുടെ വിജയമാണിതെന്ന് പറയുമെങ്കില്‍ അത്ഭുതം തന്നെ ആ വാക്ക്!
7. ഖുര്‍ആന്‍ നബിയുടെ വാക്കുകളാണെന്ന് വാദിക്കാന്‍ വിമര്‍ശകര്‍ ഉദ്ധരിക്കുന്ന ആയത്തുകള്‍ സംശയാസ്പദമാണെങ്കില്‍ നബിക്ക് അവ എടുത്തുമാറ്റാമായിരുന്നു. അതല്ലെങ്കില്‍ ആദ്യമേ അത്തരം ആയത്തുകള്‍ ഖുര്‍ആനില്‍ വരില്ലായിരുന്നു.
അമൂല്യ നിധികളുടെ സമാഹാരമാണ് ഖുര്‍ആന്‍. അക്ഷരങ്ങളുടെ പിറകിലൊളിപ്പിച്ച ആശയക്കടലാണ് ഖുര്‍ആന്‍. പാരായണത്തിന്റെ പുറംവാതിലിലൂടെ കടന്നുപോകുന്നവര്‍ക്ക് ആ നിധികള്‍ ശേഖരിക്കാനാവില്ല. അതിതീവ്രമായ ആര്‍ത്തിയോടെ അന്വേഷിച്ചെത്തുന്നവര്‍ക്ക് ഖുര്‍ആന്‍ വാതിലുകള്‍ തുറന്നിടും. വായിക്കുകയും പിന്നെയും വായിക്കുകയും പേജുകളില്‍ നിന്ന് പേജുകളിലേക്ക് കുതിക്കുകയും ചെയ്യുമ്പോഴും ഈ നിധികളിലേക്ക് പലര്‍ക്കും പടരാന്‍ കഴിയുന്നില്ല.
``.....ഖുര്‍ആന്‍ എത്ര അരികിലായിരുന്നാലും പലരും അതിലേക്ക് ശ്രദ്ധിക്കാറില്ല. പലരും അതിന്റെ കവാടങ്ങളില്‍ നിന്ന് പിന്തിരിയും. ചിലര്‍ നിത്യവും അത് ഓതുന്നവരായിരിക്കും. പക്ഷേ, ഒഴിഞ്ഞ കൈയോടെ മടങ്ങിപ്പോരും. എന്നാല്‍ മുമ്പൊന്നും അത് പാരായണം ചെയ്തിട്ടില്ലാത്തവര്‍ സത്യത്തില്‍ ഈ ലോകത്തേക്ക് കടക്കും. ചിലര്‍ കണ്ടെത്തില്ല. ചിലര്‍ നഷ്ടത്തിലാകും. അല്ലാഹുവിന്റെ വചനങ്ങളില്‍ നിന്ന് അല്ലാഹുവിനെ കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെടും. പകരം, സ്വന്തം ശബ്ദങ്ങളും അല്ലാഹുവിന്റേതല്ലാത്ത മറ്റുള്ളവരുടെ ശബ്ദങ്ങളുമാണവര്‍ കേള്‍ക്കുക. നിങ്ങള്‍ ഖുര്‍ആനിലേക്ക് പ്രവേശിച്ചശേഷം-ആത്മാവ് സ്പര്ശിക്കപ്പെടാതെ, ഹൃദയം ചലിക്കപ്പെടാതെ, മാറ്റമില്ലാത്ത ജീവിതവുമായി മടങ്ങിയാല്‍ അത് അത്യന്തം ദുഃഖകരവും നിര്‍ഭാഗ്യകരവുമാണ്...'' (Way to Quran, ഖുര്‍റം ജാമുറാദ്, പേജ് 31)
ഖുര്‍ആന്‍ പാരായണത്തെ കുറിക്കാന്‍ ഖുര്‍ആന്‍ തന്നെ ഉപയോഗിച്ച പദം തിലാവഃ എന്നാണ്. `അനുധാവനം ചെയ്യുക' എന്നാണ് ഇതിന്റെ സാക്ഷാല്‍ അര്‍ഥം. `വായിക്കുക' എന്ന ആശയം രണ്ടാമതാണ്. `ചന്ദ്രന് സൂര്യനെ പിന്തുടരുമ്പോള്' (93:2) എന്ന വചനത്തില്‍ `പിന്തുടരല്' എന്നതിന് തലാ എന്നാണല്ലോ പ്രയോഗിച്ചത്. തിലാവത് ആണത്. ഒരു വാക്കിനെ മറ്റൊരു വാക്ക് പിന്തുടരുകയാണല്ലോ വായനയില്‍ സംഭവിക്കുന്നത്. ആ വാക്കുകളിലൂടെ പകര്‍ന്നുകിട്ടുന്ന ആശയങ്ങളെ പിന്തുടരാനാണ് നാം ഖുര്‍ആനിനെ തിലാവത് ചെയ്യേണ്ടത്. അത്യഗാധമായി സ്വാധീനിക്കുന്ന സൗന്ദര്യമാണ് ഖുര്‍ആനിന്റേത്. അക്ഷരങ്ങളിലൂടെ കയറിച്ചെന്ന് ഖുര്‍ആനിന്റെ അകത്തേക്ക്, പ്രവേശിക്കുമ്പോള്‍ മാറ്റത്തിന്റെ മഹാവിസ്മയങ്ങളിലേക്കായിരിക്കും ആ പ്രവേശനം. മധുരംകൊണ്ട് ദൈവരൂപങ്ങളുണ്ടാക്കുകയും അവയെ ആരാധിക്കുകയും വിശക്കുമ്പോള്‍ അവയെത്തന്നെ ഭക്ഷിക്കുകയും ചെയ്തിരുന്ന ഉമറുബ്നുല്‍ ഖത്വാബ് ഖുര്‍ആനിലേക്ക് പ്രവേശിച്ചപ്പോള്‍ സംഭവിച്ചത് അതായിരുന്നില്ലേ? തിരുനബി(സ) അറിയിക്കുന്നു: ``ഖുര്‍ആനിന്റെ സഹചാരിയോട് ഇങ്ങനെ പറയും: നീ പാരായണം ചെയ്യുക, കയറിപ്പോവുക. പ്രയാസങ്ങളില്ലാതെ ഖുര്‍ആന്‍ പാരായണം ചെയ്തതുപോലെ, പ്രയാസങ്ങളില്ലാതെ കയറിപ്പോവുക. നീ പാരായണം ചെയ്യുന്ന അവസാന സൂക്തത്തോടൊപ്പം നീ എത്തുന്നതെവിടെയോ, അവിടമാണ് നിന്റെ അന്തിമ വാസസ്ഥലം.'' (തിര്‍മിദി)
ഓരോ അക്ഷരത്തിലും അനിതരമാണ് ഖുര്‍ആന്‍. സാമ്യത കല്പിക്കാന് പോലും മറ്റൊന്നില്ല. അതിസൂക്ഷ്മമായ ഘടനാവൈഭവവും ആശയവൈപുല്യവും ഓരോ ആയത്തിലും ആഴത്തില്‍ അളന്നുവെച്ചിട്ടുണ്ട്. ഉപരിലോകത്തു നിന്ന് ആദ്യമായി ഇറങ്ങിയ ഇഖ്റഅ് എന്ന ഒറ്റപ്പദം പോലും ഇന്നും ചര്‍ച്ചതീരാതെ ബാക്കിയാണ്. ഓരോ അണുവിലും അര്‍ഥങ്ങളുടെ അലയൊലിയുണ്ട്. ഓരോ സൂക്തത്തിലും സാരങ്ങളുടെ സാഗരമുണ്ട്. ഓരോ മൗനത്തിനും മഴവില്ലിന്റെ വര്‍ണങ്ങളുണ്ട്. ഖുര്‍ആന്‍ ഒന്നു മിണ്ടാതിരിക്കുമ്പോള്‍ പോലും അതിലൊരു മുഴക്കമുണ്ട്.
ശീര്‍ഷകങ്ങളില്‍ പോലുമുണ്ട് ഈ അതിശയം. സൂക്തങ്ങളുടെ വലുപ്പത്തിലും എണ്ണത്തിലും ശൈലിയിലും അവതരണ പശ്ചാത്തലത്തിലും അകക്കാമ്പിലുമെല്ലാം ഓരോ അധ്യായവും വ്യത്യസ്തമാണ്. വ്യക്തിയോ ജീവിയോ വസ്തുവോ വര്‍ഗമോ സംഭവമോ ഒക്കെ ഖുര്‍ആനിലെ അധ്യായങ്ങളുടെ പേരുകളാണ്. ആന, പശു, കാലികള്‍, ഉറമ്പ്, തേനീച്ച, എട്ടുകാലി, സൂര്യന്, ചന്ദ്രന്, നക്ഷത്രം, ഇരുമ്പ്, ഇടി, ഗുഹ, പ്രഭാതം, ഉഷസ്സ്, രാത്രി, പകല്‍, കാലം, പേന, നൂഹ്, ഇബ്റാഹീം, ഹൂദ്, യൂസുഫ്, മുഹമ്മദ്, പ്രവാചകന്മാര്.... ഇവയൊക്കെ അധ്യായ ശീര്‍ഷകങ്ങളാണ്.
`വായന'യെ പ്രപഞ്ചത്തോളം വികസിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. `ഖുര്‍ആന്‍' എന്ന പദത്തിന്റെ അര്‍ഥം `വായിക്കപ്പെടേണ്ടത്' എന്നു ചുരുക്കുന്നതില്‍ അസാംഗത്യമുണ്ട്. കാരണം എല്ലാ ഗ്രന്ഥങ്ങളും വായിക്കപ്പെടാനുള്ളതാണ്. കൂടുതല്‍ വായിക്കപ്പെടുന്നത്, എപ്പോഴും വായിക്കപ്പെടുന്നത്, എന്നൊക്കെയുള്ള വിശദീകരണങ്ങളും പൂര്‍ണമല്ല; അതൊക്കെ മറ്റു ഗ്രന്ഥങ്ങള്‍ക്കും ആകാം. പിന്നെയെന്താണ് ഖുര്‍ആന്‍? ഇബ്നുഅബ്ബാസ്(റ) പറഞ്ഞതുപോലെ, `ഖുര്‍ആനിന്റെ ഏറ്റവും നല്ല വ്യാഖ്യാനം കാലമാണ്! കേവലമായ പാരായണമല്ല ഖുര്‍ആനിന്റെ ലക്ഷ്യം. നമസ്കരിക്കാന്‍ ആജ്ഞാപിച്ചപ്പോള്‍ നബി(സ) നമസ്കരിച്ചിട്ടുണ്ട്. നോമ്പ് നിര്‍ദേശിച്ചപ്പോള്‍ നോമ്പ് അനുഷ്ഠിച്ചിട്ടുണ്ട്. `വായിക്കുക' യെന്ന് കല്പിച്ചപ്പോള് വായിക്കാന്‍ പഠിച്ചില്ല! മലര്‍ന്നുകിടക്കുന്ന അക്ഷരങ്ങളെയല്ല, മറഞ്ഞുകിടക്കുന്ന ആശയങ്ങളെയാണ് വായിക്കാന്‍ പറഞ്ഞത്. കണ്ണുകൊണ്ട് എന്നതിലുപരി, ഹൃദയംകൊണ്ടാണ് ആ വായന. ``സമുല്‍കൃഷ്ട വചനങ്ങളത്രെ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. ഘടകങ്ങളൊക്കെ പരസ്പരം ചേര്‍ന്നതും വിഷയങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടതുമായ വേദം. അത് കേള്‍ക്കുമ്പോള്‍ റബ്ബിനെ ഭയപ്പെടുന്നവര്‍ക്ക് രോമാഞ്ചമുണ്ടാകുന്നു. അനന്തരം അവരുടെ ശരീരങ്ങളും മനസ്സുകളും തരളിതമായി ദൈവസ്മരണയിലേക്ക് ഉന്മുഖമാകുന്നു'' (അസ്സുമര്‍ 23)
``ഇത് കേള്‍പിക്കപ്പെടുന്നതായാല്‍ അവര്‍ മുഖംകുത്തി സാഷ്ടാംഗ പ്രണാമത്തില്‍ വീണുപോകും. അവര്‍ പ്രാര്‍ഥിക്കുകയും ചെയ്യും; പരിശുദ്ധനത്രെ ഞങ്ങളുടെ നാഥന്! അവന്റെ വാഗ്ദാനം സാക്ഷാത്കരിക്കപ്പെടുന്നതു തന്നെ. അവര്‍ കരഞ്ഞുകൊണ്ട് മുഖംകുത്തി വീഴുന്നു. അതുകേട്ട് അവരുടെ ഭക്തി വര്‍ധിക്കുകയും ചെയ്യും.'' (അല്‍ഇസ്റാഅ് 107-109)
``കരുണാവാരിധിയായ അല്ലാഹുവിന്റെ സൂക്തങ്ങള്‍ കേള്‍പിക്കപ്പെടുമ്പോള്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗം വീഴും എന്നതായിരുന്നു ഇവരുടെ അവസ്ഥ'' (മര്‍യം 58). ``ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണിണകളില്‍ നിന്ന് കണ്ണീരു കവിഞ്ഞൊഴുകുന്നത് താങ്കള്‍ക്ക് കാണാം. അവര്‍ പറയുന്നു: നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ കൂട്ടത്തില്‍ രേഖപ്പെടുത്തേണമേ...'' (അല്‍മാഇദ 83)
ഖുര്‍ആനില്‍ നിന്ന് വായിച്ചെടുക്കുന്നതെന്തും ഹൃദയത്തില്‍ പതിയുകയും ജീവിതമേഖലകളിലേക്കെല്ലാം പുതുവഴിയായിത്തീരുകയും വേണം. ആരാധനാഭാവം, പുകഴ്ത്തല്‍, ആദരം, കൃതജ്ഞത, അന്ധാളിപ്പ്, സ്നേഹം, അഭിലാഷം, വിശ്വാസം, സഹനം, പ്രതീക്ഷ, ഭീതി, സന്തോഷം, സന്താപം, ചിന്ത, ഓര്മ, വിധേയത്വം, കീഴടങ്ങല്‍.... ഇതെല്ലാം ഖുര്‍ആന്‍ വായനയിലെ അവസ്ഥകളാണ്. ഇവയിലൂടെയെല്ലാം ഹൃദയം കടന്നുപോകണം. അതല്ലെങ്കില്‍ ചുണ്ടും നാവും കണ്ണും മാത്രം പങ്കെടുക്കുന്ന പ്രവര്‍ത്തനമായി അതുതീരും. ഖുര്‍ആന്‍ നമ്മോടെന്തോ പറയാനുണ്ട്. അത് കേള്‍ക്കാന്‍ കഴിയുന്നതായിരിക്കണം വായന.
മുഹമ്മദ് നബി(സ)ക്ക് നാല്പതാമത്തെ വയസ്സില്‍, ഹിറാഗുഹയില്‍ വെച്ച് ജിബ്രീല്‍ ആദ്യമായി ഖുര്‍ആന്‍ വചനങ്ങള്‍ കേള്‍പ്പിച്ചു. അറുപത്തി മൂന്നാമത്തെ വയസ്സില്‍ നബിയുടെ വിയോഗത്തിനു ഒമ്പത് ദിവസം മുമ്പ് അവസാനത്തെ സൂക്തവും അവതരിച്ചു. ഏകദേശം 23 വര്‍ഷത്തിന്നിടയില്‍ വിവിധ സന്ദര്‍ഭങ്ങളിലും പശ്ചാത്തലങ്ങളിലുമായി അല്ലാഹുവില്‍ നിന്ന് അവതരിച്ച സൂക്തങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. 114 അധ്യായങ്ങളും ആറായിരത്തിലേറെ വചനങ്ങളും എഴുപത്തി ഏഴായിരിത്തിലധികം പദങ്ങളും മൂന്നു ലക്ഷത്തി ഇരുപതിനായിരത്തിലേറെ അക്ഷരങ്ങളും കൊണ്ട് ഖുര്‍ആന്‍ വിപ്ലവം നയിച്ചു. കാലം കണ്ടതില്‍ വെച്ചേറ്റവും വലിയ വിപ്ലവം. വ്യക്തിയുടെ ഉള്ളിലും പുറത്തും അസാമാന്യമായ ജാഗരണമാണ് ഖുര്‍ആന്‍ വരുത്തിയത്. അന്നോളമുള്ള സര്‍വ സമവാക്യങ്ങളെയും ഖുര്‍ആന്‍, കൂടുതല്‍ മികവുറ്റ മറ്റൊന്നിലേക്ക് പരിവര്‍ത്തിപ്പിച്ചു. നീതിയും നിയമവുമില്ലാതിരുന്ന കാട്ടറബിയെ നിയമം പാലിക്കുന്ന ഖലീഫയാക്കി മാറ്റി. ആശകളുടെ അഴുക്കിലൂടെ ജീവിച്ചവരെ ആദര്‍ശത്തിന്റെ അച്ചുതണ്ടില്‍ സംയോജിപ്പിച്ചു. പത്തുനേരം മദ്യപിച്ചിരുന്നവരെ അഞ്ചുനേരം നമസ്കരിക്കുന്നവരാക്കി മാറ്റി. വിഷവും വൈരവും നിറഞ്ഞ മനസ്സുകളില്‍ അലിവും കനിവും നട്ടുവളര്‍ത്തി. ഖുര്‍ആനിനു മുമ്പും ഖുര്‍ആനിനു ശേഷവും എന്ന് ലോകം രണ്ടായി മാറി.
നന്മയെന്ന് ഖുര്‍ആന്‍ നിര്‍ദേശിച്ചതെല്ലാം എക്കാലവും നന്മതന്നെ. തിന്മകളെല്ലാം എക്കാലവും എവിടെയും തിന്മകള് തന്നെ. `ഖുര്‍ആനിക നന്മയും' `ഖുര്‍ആനിക തിന്മയും' ഇല്ല; പ്രകൃതിയിലെ നന്മ തന്നെയാണ് ഖുര്‍ആനിലെ നന്മ, തിന്മയും അങ്ങനെ തന്നെ. സമുല്‍കൃഷ്ടമാണ് ഖുര്‍ആനിന്റെ ജീവിതവീക്ഷണം. ഭൂമിയിലെ മനുഷ്യജീവിതത്തിന് ഉപരിലോകത്തു നിന്നുള്ള മാര്‍ഗദര്‍ശനമാണിത്.
അര്‍ഹരായ ആരെയും ഖുര്‍ആന്‍ ശ്രദ്ധിക്കാതെ പോയില്ല. അടിച്ചമര്‍ത്തപ്പെട്ടവരും ആട്ടിയകറ്റപ്പെട്ടവരും ഖുര്‍ആനിന്റെ തണലില്‍ തലചായ്ച്ചു. അഗതിയും അനാഥയും അടിമയും അശരണനും അവശനും ഖുര്‍ആനിന്റെ വിഷയമാണ്. നാവറുക്കപ്പെട്ടവന്റെ നാവായും ആട്ടിയകറ്റപ്പെട്ടവന്റെ അഭയമായും ഖുര്‍ആന്‍ ജ്വലിച്ചു. അനീതിയെ അനീതിയെന്നു വിളിച്ചു. സര്‍വരെയും സര്‍വഭയങ്ങളില്‍ നിന്നും മോചിപ്പിച്ച് ഒരേയൊരുവനെ ഭയക്കാന്‍ പഠിപ്പിച്ചു. ഖുര്‍ആന്‍ ഉയര്‍ത്തുന്ന വിമോചനമൂല്യങ്ങള്‍, വിശ്വോത്തരമായ മാനവികത വളര്‍ത്തുന്നു. കുലമോ കുടുംബമോ അല്ല, ഭക്തിയുടെ ശക്തിയാണ് മഹത്വത്തിന്റെ മാനദണ്ഡമെന്ന് അറബികളോടും അനറബികളോടും ഖുര്‍ആന്‍ ഉദ്ഘോഷിച്ചു. ജന്മവും ജാതകവും വര്‍ഗവും വര്‍ണവുമൊക്കെ മഹിമയുടെ മാര്‍ഗമെന്ന് പറഞ്ഞവരോടാണ് ഖുര്‍ആന്‍ ആദ്യമിത് പറഞ്ഞത്.
അടിമയെ മോചിപ്പിക്കല്‍ ദുഷ്കരമായ മലമ്പാതയാണെന്ന് പറഞ്ഞു. ആ മലമ്പാത കയറുന്നവര്‍ വിജയിച്ചു. പട്ടിണിയും ദാരിദ്ര്യവും എടുത്തുപറഞ്ഞ് പിന്നെയും പിന്നെയും നമ്മെ അസ്വസ്ഥരാക്കി. ചെയ്യാവുന്നതൊക്കെ ചെയ്യാന്‍ പ്രേരണയായി. അഗതിയെ പരിഗണിക്കാത്ത നമസ്കാരക്കാരെ പരിഹസിച്ചു. ഏറ്റവും വലിയ മഹാപാപമാണ് ശിര്‍ക്ക്. പക്ഷേ, ശിര്‍ക്ക് ചെയ്താല്‍ ഈ ലോകത്ത് ശിക്ഷയില്ല. എന്നാല്‍, കട്ടവന്റെ കൈ മുറിക്കണം, കൊന്നവനെ ജീവിക്കാന്‍ വിടരുത്, ആരോപണം ഉന്നയിച്ച് സാക്ഷികളെ കൊണ്ടുവരാത്തവനും ശിക്ഷയുണ്ട്! മനുഷ്യന്റെ അഭിമാനത്തിനും സ്വത്തിനും ജീവനും വിലകല്പിച്ചു. നമസ്കാരത്തിന്റെ വിശദാംശങ്ങള്‍ പറഞ്ഞില്ല; സകാത്തിന്റെ അവകാശികളെ എണ്ണിപ്പറഞ്ഞു.
കണ്ണ് ചിമ്മിയോ, കണ്ണു പൊത്തിയോ സൂര്യനെ കാണുന്നില്ലെന്ന് ആര്‍ക്കും പറയാം. പക്ഷേ, സൂര്യന്റെ പ്രകാശത്തെ നിഷേധിക്കാനാവില്ല. കത്തിജ്വലിക്കുന്ന സൂര്യനാണ് ഖുര്‍ആന്‍. എത്ര കണ്ണുപൊത്തിയാലും ആ വെളിച്ചം പ്രോജ്വലിക്കും. ഖുര്‍ആനിലേക്ക് നടന്നടുക്കുന്നവരാണ് വിജയികള്‍. കണ്ണുപൊത്തുന്നവര്‍ക്ക് കാലിടറും. ഖുര്‍ആന്‍ പഠിക്കാത്ത വ്യക്തി ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെയാണെന്ന് തിരുനബി(സ) പറഞ്ഞു. അവിടെ തേളുകളും ഇഴജന്തുക്കളും വളരും, പെരുകും. തിന്മകളും ദുര്‍നടപ്പും ശീലമാകും.
വളരെ പ്രിയപ്പെട്ടവരുടെ കത്തുകളും സന്ദേശങ്ങളും എത്ര ആനന്ദത്തോടെയാണ് നാം വായിക്കാറുള്ളത്! അത്രയും ആനന്ദത്തോടെയാണ് ഖുര്‍ആന്‍ വായിക്കേണ്ടത്. ഓരോ വാക്കും വരിയും പഠിക്കാനും പകര്‍ത്താനുമുള്ള ആര്‍ത്തിയായിരിക്കണം ആ വായന. അല്ലാഹുവിന്റെ സൃഷ്ടികളായ പൂക്കളെയും പൂമ്പാറ്റകളെയും ആസ്വദിക്കുന്ന മനുഷ്യന്, പ്രപഞ്ചത്തിലെ ഓരോ അണുവിനെപ്പറ്റിയും ഇഴപിരിച്ച് പഠിക്കുന്ന മനുഷ്യന് പക്ഷേ, തന്റെ വഴിവിളക്ക് കാണാതെ പോകുന്നത് എത്രമേല്‍ സങ്കടകരമാണ്! ഉറപ്പുള്ള വീടിനു വേണ്ടത് അലങ്കാരങ്ങളല്ല; നല്ല സിമന്റും കമ്പിയുമാണ്. മനക്കരുത്തുള്ള വ്യക്തികളെ വാര്‍ത്തെടുക്കുന്ന ബലവത്തായ അടിത്തറയാണ് ആദര്‍ശം. ആദര്‍ശത്തെ വളര്‍ത്തിയെടുക്കുന്ന വെള്ളവും വളവുമാണ് വിശുദ്ധ ഖുര്‍ആന്‍. അസത്യങ്ങളില്‍ നിന്ന് സത്യത്തെ വേര്‍തിരിക്കുക മാത്രമല്ല, സത്യമെന്ന് തോന്നിപ്പിക്കുന്നവയില്‍ നിന്ന് യാഥാര്‍ഥ്യത്തെ പുറത്തെടുക്കുകയാണ് ഖുര്‍ആന്‍. അങ്ങനെയാണ് ഖുര്‍ആന്‍ `ഫുര്‍ഖാന്‍' ആയത്.
ഹൃദയത്തെയാണ് ഖുര്‍ആന്‍ ചൂണ്ടുന്നതും ചികിത്സിക്കുന്നതും. മനുഷ്യശരീരത്തിലെ കേവലമൊരു മാംസഭാഗം എന്ന വിധത്തിലല്ല ഹൃദയത്തെ ഖുര്‍ആന്‍ വിവരിക്കുന്നത്. സര്‍വ വികാരങ്ങളുടെയും താല്പര്യങ്ങളുടെയും തോന്നലുകളുടെയും പ്രചോദനങ്ങളുടെയും കേന്ദ്രമാണത്. കഠിനമായ കല്ലുപോലെയാവുന്നതും (അല്‍ബഖറ 74), തരളിതമാവുന്നതും (അസ്സുമര്‍ 23), യുക്തിപൂര്‍വം ഗ്രഹിക്കാനാവുന്നതും (അല്‍അഅ്റാഫ് 179, ഹജ്ജ് 46, ഖാഫ് 37), അന്ധത ബാധിക്കുന്നതും (ഹജ്ജ് 46), ബാഹ്യരോഗങ്ങളുടെയെല്ലാം വേരുകള്‍ പാര്‍ക്കുന്നതും (അല്‍മാഇദ 52), ആന്തരിക രോഗങ്ങളുടെ സ്വസ്ഥാനവും (അല്‍ബഖറ 10), വിശ്വാസത്തിന്റെ ആവാസ സ്ഥാനവും (അല്‍മാഇദ 41), കാപട്യം കുടിയിരുത്തപ്പെട്ടതുമെല്ലാം (അത്തൗബ 77) ഹൃദയം തന്നെയാണ്. ഭിന്നസാധ്യതകളുള്ള ഹൃദയത്തെ ഏക ശിലയില്‍ കേന്ദ്രീകരിക്കുകയും നിരന്തരം ശുദ്ധീകരിക്കുകയും ചെയ്യുന്നതിനാണ് ഖുര്‍ആന്‍.
വ്യക്തിയുടെ സൂക്ഷ്മതലങ്ങളെയും, ആ വ്യക്തിയുടെ കുടുംബ-സാമൂഹിക രംഗങ്ങളെയും ഒരുപോലെ പരിവര്‍ത്തിപ്പിച്ച് പരിശുദ്ധമാക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങളിലൂടെയാണ് ഈ സംസ്കരണ പ്രക്രിയ നടത്തുന്നത്.
കൈയിലൊരു വെളിച്ചമുണ്ടെങ്കില്‍ അതുപ്രകാശിക്കണം. സ്വന്തത്തിലും ചുറ്റിലുമുള്ള ഇരുട്ടുകളെ കീറിമുറിക്കണം. ആപത്തിന്റെ ആഴങ്ങളിലേക്ക് സ്വയം നടക്കാതെയും ആരെയും നടത്താതെയുമുള്ള ജീവിതമാണ് ഖുര്‍ആനില്‍ നിന്ന് പഠിക്കുന്നത്. പര്‍വതത്തെ പോലും പൊട്ടിത്തകര്‍ക്കാന്‍ കെല്പുള്ള വാക്കുകളാണ് ഖുര്‍ആനിന്റേത്. എന്നിട്ടുമെന്തേ നമ്മിലൊരു പൊട്ടിത്തെറിയുമില്ലാത്തത്?
by PMA Gafoor @ SHABAB weekly
ഭക്തിയും അതിഭക്തിയും
'മതം എളുപ്പമാണ്' എന്ന തത്ത്വം ആത്മീയ കാര്യങ്ങളിലും കര്‍ശനമായി പാലിക്കണമെന്ന് പ്രവാചകന് അനുശാസിച്ചിട്ടുണ്ട്. ഒരിക്കല്‍ പ്രവാചകന്റെ അനുചരന്മാരില് മൂന്നുപേര്‍ ദൈവഭക്തി തീവ്രമാക്കാന്‍ തീരുമാനിച്ചു. ഞാന്‍ അന്തിയുറക്കം ത്യജിച്ചു രാവുനീളെ നമസ്കരിക്കുമെന്ന് ഒരാള്‍ പ്രതിജ്ഞ ചെയ്തു. രാപ്പകല്‍ ഭേദമില്ലാതെ നോമ്പെടുക്കുമെന്ന് രണ്ടാമന്. അവിവാഹിതനായി ദൈവധ്യാനത്തില്‍ ജീവിതം കഴിക്കുമെന്ന് മൂന്നാമന്. ഈ തീവ്രഭക്തരെ കുറിച്ച് കേട്ടപ്പോള്‍ പ്രവാചകന് അവരെ തിരുത്തി. അവിടുന്ന് പറഞ്ഞു: നിങ്ങളില്‍ ഏറ്റവുമേറെ ദൈവത്തെ ഭയക്കുന്നവനാണ് ഞാന്‍. ഞാന്‍ നോമ്പെടുക്കും, ഉപേക്ഷിക്കും. രാത്രി ഉറങ്ങും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും. എന്റെ ചര്യ നിരാകരിക്കുന്നവന് നമ്മില്‍ പെട്ടവനല്ല.
പ്രായോഗികവും മധ്യമവുമാണ് പ്രവാചകചര്യ. തീവ്രതയെ അദ്ദേഹം എതിര്‍ത്തു. അമിത സൂക്ഷ്മതയുടെ പേരില്‍ ദൈവം അനുവദിച്ചത് നിഷിദ്ധമാക്കുന്നതും അദ്ദേഹം ചോദ്യം ചെയ്തു. മതം കര്‍ക്കശവും വിരൂപവുമാണെന്ന ധാരണ വളര്‍ത്തുന്ന അതിവാദങ്ങള്‍ ഇസ്ലാം അംഗീകരിക്കുന്നില്ല. ജീവിതത്തിന്റെ സൗന്ദര്യാനുഭവങ്ങളെ കെടുത്തുന്ന കടുംപിടിത്തമല്ല ഭക്തിയുടെ മുഖം. മറിച്ച് മയമുള്ളതും മാനുഷികവുമാണ്. നബി തിരുമേനി പറഞ്ഞു: നിങ്ങളുടെ മതത്തില്‍ പാരുഷ്യമുണ്ടാകുന്നത് ഞാന്‍ വെറുക്കുന്നു (ബൈഹകി).
by മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ @ madhyamam
അല്‍ഖുര്‍ആന്‍ വായനയുടെ അദ്വിതീയത
അതുകൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്". (വി.ഖു 2:185)
അല്‍ഖുര്‍ആന്‍ എന്നുപേരുള്ള ഒരേയൊരു ഗ്രന്ഥമേ അറബി ഭാഷയിലുള്ളൂ. വായന എന്നും വായിക്കാനുള്ളത് എന്നുമാണ് ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ഥം. ഇംഗ്ലീഷിലെ the എന്ന പദത്തിന്റെ സ്ഥാനമാണ് അറബിയിലെ `അല്‍' എന്ന അവ്യയത്തിനുള്ളത്. ഇംഗ്ലീഷില്‍ the reading എന്ന പേരില്‍ വല്ല ഗ്രന്ഥവുമുണ്ടോ എന്ന് ഈ ലേഖകനറിയില്ല. ഉണ്ടെങ്കില്‍ പോലും സ്ഥലകാലങ്ങള്‍ക്ക് അതീതമായി വായനക്കാരെ സ്വാധീനിച്ച ഒന്ന് ആ പേരില്‍ ഇല്ലെന്നുറപ്പാണ്. വായന എന്ന പേരില്‍ മലയാളത്തിലും ആ വിധത്തിലൊരു ഗ്രന്ഥമില്ല.
മാനവര്‍ക്കാകെ മാര്‍ഗദര്‍ശനമാണിത് എന്ന് ഏതെങ്കിലും ഗ്രന്ഥത്തെ സംബന്ധിച്ച് അതിന്റെ കര്‍ത്താവ് അവകാശപ്പെട്ടതായി അറിയില്ല. അങ്ങനെ വല്ലവരും അവകാശപ്പെട്ടാലും ആത്യന്തികമായ അര്‍ഥത്തില്‍ അത് ശരിയാകാനിടയില്ല. ശാരീരികം, മാനസികം, ആത്മീയം, വ്യക്തിപരം, കുടുംബപരം, സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, ഐഹികം, പാരത്രികം എന്നീ തലങ്ങളിലേക്കെല്ലാം സ്ഥലകാലങ്ങള്‍ക്ക് അതീതമായ മാര്‍ഗദര്‍ശനം നല്‍കുക എന്നത് യാതൊരു മനുഷ്യന്റെയും കഴിവില്‍ പെട്ടതല്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ മാര്‍ഗദര്‍ശനം സര്‍വതല സ്പര്‍ശിയാകുന്നു. ചില ഉദാഹരണങ്ങള്‍.
അനുവദനീയവും വിശിഷ്ടവുമായ ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂവെന്നും, തിന്നുന്നതും കുടിക്കുന്നതും അമിതമാകാന്‍ പാടില്ലെന്നുമുള്ള വിശുദ്ധ ഖുര്‍ആനിലെ (2:168, 5:88, 16:114, 7:31) അനുശാസനം എക്കാലത്തുമുള്ള മനുഷ്യരെയും ആത്മശുദ്ധിയിലേക്കും ശാരീരിക സൗഖ്യത്തിലേക്കും നയിക്കുന്നതത്രെ. ``അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്'' (13:28) എന്ന ഖുര്‍ആന്‍ വാക്യം സകല മാനവര്‍ക്കും മനസ്സമാധാനത്തിന്റെ മാര്‍ഗം വ്യക്തമാക്കിക്കൊടുക്കുന്നു. മനസ്സ് എന്ന മഹാവിസ്മയം സംവിധാനിച്ചൊരുക്കിയ പരമകാരുണികനായ നാഥന്റെ മഹത്വവും അനുഗ്രഹങ്ങളും യഥോചിതം അനുസ്മരിക്കുന്നതിനെക്കാളുപരിയായി മനസ്സിനെ ശാന്തിയിലേക്ക് നയിക്കുന്ന മറ്റൊരു കാര്യവുമില്ല. സകല നന്മകള്ക്കും മനുഷ്യരെ പ്രേരിപ്പിക്കുകയും സകല തിന്മകളില് നിന്നും അവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്ന അനേകം ഖുര്‍ആന്‍ സൂക്തങ്ങള്‍ അവരെ ആത്മീയ ഉല്‍ക്കര്‍ഷത്തിന്റെ സോപാനങ്ങളിലേക്ക് നയിക്കുന്നു.
സകലദുര്വൃത്തികളും കര്‍ശനമായി വിലക്കുന്ന അനേകം ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തി ജീവിതത്തെ കളങ്കങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുകയും പതനങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍, മക്കള്‍, ഭാര്യാഭര്ത്താക്കന്മാര്, സഹോദരീ സഹോദരന്മാര് എന്നിവര്‍ക്കെല്ലാം കുടുംബമെന്ന മഹാസ്ഥാപനത്തിലുള്ള അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച് ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ``പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്'' എന്ന ഖുര്‍ആനിക അധ്യാപനം (5:2) സാമൂഹ്യഭദ്രതയ്ക്കു വേണ്ടിയുള്ള ഒട്ടേറെ ഖുര്‍ആനിക നിര്‍ദേശങ്ങളുടെ രത്നച്ചുരുക്കമത്രെ. ആദര്ശസാഹോദര്യവും മാനവിക സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം ഉള്ക്കൊള്ളിച്ചിട്ടുള്ളതത്രെ വിശുദ്ധ ഖുര്‍ആനിലെ അല്‍ഹുജുറാത്ത് (49) എന്ന അധ്യായം. പരിഹാസവും കുത്തുവാക്കുകളും പരദൂഷണവും രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കലും തെറ്റുധാരണകളും ഒഴിവാക്കി സാമൂഹ്യബന്ധങ്ങളെ സ്നിഗ്ധോദാരമാക്കാന് ഈ അധ്യായത്തിലെ 10,11,12 സൂക്തങ്ങളില്‍ കല്പിച്ചിരിക്കുന്നു.
``എന്നാല്‍ നീ തീര്‍പ്പ് കല്പ്പിക്കുകയാണെങ്കില് അവര്‍ക്കിടയില്‍ നീതിപൂര്‍വം തീര്‍പ്പ് കല്പിക്കുക. നീതി പാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു'' (5:42). ``അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ചതനുസരിച്ച് വിധി കല്പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപ്പോകരുത്'' (5:48). ``അവരുടെ കാര്യം തീരുമാനിക്കേണ്ടത് അവര്‍ക്കിടയില്‍ കൂടിയാലോചന നടത്തിയിട്ടാകുന്നു'' (42:38) എന്നീ വാക്യങ്ങള്‍ രാഷ്ട്രീയത്തില്‍ ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു. ``തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു. തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും'' (92:12,13) എന്നീ സൂക്തങ്ങള്‍ ഖുര്‍ആനിക മാര്‍ഗദര്‍ശനം മനുഷ്യര്‍ക്ക് ഇഹലോകക്ഷേമവും പരലോകമോക്ഷവും ഒരുപോലെ ലഭിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന് സൂചിപ്പിക്കുന്നു. മനുഷ്യരുടെ അറിവും കഴിവും സ്ഥലകാല പരിമിതികള്‍ക്ക് വിധേയമാകുന്നു. ഈ ലോകത്തും പരലോകത്തും ഒരുപോലെ പ്രയോജനകരമാകുന്ന വാഗ്വിചാരകര്മങ്ങളും ജീവിതക്രമങ്ങളും ഏതൊക്കെയെന്ന് തിരിച്ചറിയാന്‍ മനുഷ്യരുടെ പരിമിതമായ ജ്ഞാനം പര്യാപ്തമാവുകയില്ല. മനുഷ്യജീവിതത്തിന്റെ സര്‍വതലങ്ങളെയും സംബന്ധിച്ച് സൂക്ഷ്മജ്ഞാനമുള്ള ലോകരക്ഷിതാവിന് മാത്രമേ ഇരുലോകത്തേക്കും വേണ്ട അന്യൂനമായ മാര്‍ഗദര്‍ശനം നല്കാന് കഴിയൂ.
നൂറുകണക്കില്‍ ഭാഷകളിലായി കോടിക്കണക്കില്‍ ഗ്രന്ഥങ്ങള്‍ ഇക്കാലത്ത് മനുഷ്യരാശിയുടെ മുമ്പാകെയുണ്ട്. ലൗകിക വിജ്ഞാനീയങ്ങളുടെ വിവിധ ശാഖകളിലും വിവിധ സാഹിത്യവിഭാഗങ്ങളിലുമായി വളരെയേറെ വിവരങ്ങള്‍ അവ വായനക്കാര്‍ക്ക് നല്കുന്നു. എന്നാല്‍ സത്യവും അസത്യവും ധര്‍മവും അധര്‍മവും സംബന്ധിച്ച് മാനവര്‍ക്ക് പൂര്‍ണമായ തിരിച്ചറിവ് നല്കാന് അവയൊന്നും പര്യാപ്തമല്ല. വേദഗ്രന്ഥങ്ങളിലും അവയെ വിശദീകരിച്ചുകൊണ്ട് സത്യപ്രബോധകര്‍ രചിച്ച ഗ്രന്ഥങ്ങളിലുമാണ് ധര്‍മാധര്‍മങ്ങളെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നത്.
എക്കാലത്തുമുള്ള മനുഷ്യര്‍ക്ക് നന്മ തിന്മകളെയും ധര്‍മാധര്‍മങ്ങളെയും സംബന്ധിച്ച് അന്യൂനമായ അറിവ് നല്കുന്ന ഒരു മാര്‍ഗദര്‍ശക ഗ്രന്ഥത്തിന്റെ അവതരണം ചരിത്രത്തിലെ മഹാസംഭവമത്രെ. വിശുദ്ധ ഖുര്‍ആനിനുശേഷം അത്തരമൊരു ഗ്രന്ഥം മാനവരാശിക്ക് ലഭിച്ചിട്ടില്ല. കേവലം ഉപരിപ്ലവമായ വായനയ്ക്ക് വേണ്ടിയുള്ള ഗ്രന്ഥമല്ല, ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് സത്യസന്മാര്‍ഗം വിവരിച്ചുകൊടുക്കുന്ന ദൈവികഗ്രന്ഥം. ആഴത്തിലുള്ള പഠനവും മനോനിയന്ത്രണത്തോടു കൂടിയുള്ള അനുധാവനവുമാണ് അത് ആവശ്യപ്പെടുന്നത്. ക്ഷണികമായ വികാരാവേശത്താല്‍ മനുഷ്യര്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന കാര്യങ്ങള്‍ ന്യായമോ നീതിയോ ധര്‍മമോ ആവില്ല. മനോനിയന്ത്രണവും ആത്മസംയമനവും ഉള്ളവര്‍ക്കേ നീതിയില്‍ നിന്നും ധര്മത്തില് നിന്നും വ്യതിചലിക്കാതെ സ്വയം സൂക്ഷിക്കാന്‍ കഴിയൂ. അന്തിമവേദഗ്രന്ഥത്തിന്റെ അവതരണം ആരംഭിച്ച റമദാന് മാസത്തില്‍ വ്രതമനുഷ്ഠിക്കാന്‍ ആജ്ഞാപിച്ചതിന്റെ പ്രസക്തി ഇതില്‍ നിന്ന് വ്യക്തമാകുന്നു. ആത്മസംയമനം ശീലിച്ചവര്‍ക്കേ ഖുര്‍ആനിക അധ്യാപനങ്ങളുടെ മൗലികത ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ. അതുല്യമായ മാര്ഗദര്ശകഗ്രന്ഥം എന്ന നിലയില്‍ അന്തിമവേദത്തെ വിലയിരുത്തുന്നവരേ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതിനെ പൂര്‍ണമായി അനുധാവനം ചെയ്യാന്‍ പ്രചോദിതരാകൂ.
വിശുദ്ധ ഖുര്‍ആന്‍ മാനവരാശിക്ക് മുമ്പില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് എഴുതിപ്പൂര്ത്തിയാക്കിയതോ അച്ചടിച്ചതോ ആയ ഒരു ഗ്രന്ഥമായിട്ടല്ല. മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിച്ച നാല്പതാം വയസ്സ് മുതല്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞ അറുപത്തി മൂന്നാം വയസ്സ് വരെയുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തിനിടയില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ജിബ്രീല്‍ എന്ന മലക്ക് മുഖേന അല്ലാഹു മുഹമ്മദ് നബി(സ)ക്ക് അറിയിച്ചു കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങള്‍ അദ്ദേഹവും ശിഷ്യന്മാരില് പലരും ഹൃദിസ്ഥമാക്കുകയും ചില ശിഷ്യന്മാര് പലയിടങ്ങളിലായി എഴുതിവെക്കുകയുമാണുണ്ടായത്. നബി(സ)യുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇന്ന് കാണുന്ന രൂപത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടത്. എന്നാല്‍ ഈ ക്രോഡീകരണത്തിന് മുമ്പു തന്നെ ഖുര്‍ആനിലെ വിധിവിലക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തിയ വിശ്വാസി സമൂഹം നിലവില്‍ വന്നിരുന്നു. ഇത്തരമൊരവസ്ഥ മറ്റൊരു ഗ്രന്ഥത്തിനുമുണ്ടായിട്ടില്ല. ഖുര്‍ആന്‍ സൂക്തങ്ങള്‍ ലോകരെ കേള്‍പ്പിച്ച മുഹമ്മദ് നബി അതോടൊപ്പം തന്നെ ഇത് തന്റെ വാക്കുകളല്ലെന്നും ലോകരക്ഷിതാവിന്റെ മാത്രം വചനങ്ങളാണെന്നും തനിക്ക് അതില്‍ യാതൊരു മാറ്റവും വരുത്താന്‍ അവകാശമില്ലന്നും വ്യക്തമാക്കുകയുണ്ടായി. ഖുര്‍ആന്‍ മുഹമ്മദ് നബി(സ) സ്വന്തമായി എഴുതിയുണ്ടാക്കിയതാണെന്ന വിമര്‍ശകരുടെ വാദം ശരിയാണെങ്കില്‍ ആ മികച്ച സാഹിത്യകൃതി തന്റേതാണെന്ന് അദ്ദേഹത്തിന് അഭിമാനപൂര്‍വം അവകാശപ്പെടാമായിരുന്നു. അദ്ദേഹത്തിന് മുമ്പും ശേഷവുമുള്ള ഗ്രന്ഥകര്‍ത്താക്കളെല്ലാം അങ്ങനെയാണല്ലോ ചെയ്തത്. ഈ ഗ്രന്ഥം ലോകരക്ഷിതാവ് അവതരിപ്പിച്ചതാണെന്നും അതിന് തുല്യമായ ഒരു ഗ്രന്ഥമോ ഒരു അധ്യായമോ രചിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നുമുള്ള അവകാശവാദം അതിലെ സൂക്തങ്ങളില്‍ തന്നെയുണ്ട്. അറബി ഭാഷ അറിയാവുന്ന ആയിരക്കണക്കില്‍ അമുസ്ലിം സാഹിത്യകാരന്മാര് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജീവിച്ചിട്ടുണ്ട്. എന്നാല്‍ രൂപഭാവങ്ങളിലും ഉള്ളടക്കത്തിലും ഖുര്‍ആനിന് സമാനമെന്ന് പറയാവുന്ന ഒരു മാര്‍ഗദര്‍ശക ഗ്രന്ഥം ആരും ഇതുവരെ രചിച്ചിട്ടില്ല. ഖുര്‍ആനല്ലാത്ത യാതൊരു ഗ്രന്ഥവും ഈ വിധത്തില്‍ അനനുകരണീയത അവകാശപ്പെട്ടിട്ടില്ല. ഒരു ഗ്രന്ഥത്തിന്റെ അവതരണം മഹത്തായ ദൈവിക അനുഗ്രമായിക്കണ്ട് അതിന്റെ പേരില്‍ ജനകോടികള്‍ ഒരു മാസം നോമ്പനുഷ്ഠിച്ചുകൊണ്ടിരിക്കുക എന്നതും ഖുര്‍ആനല്ലാത്ത യാതൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനില്ലാത്ത സവിശേഷതാകുന്നു.
by ചെറിയമുണ്ടം അബ്ദുല്‍ഹമീദ് @ ശബാബ് വാരിക
വിശ്വാസവും ഭക്തിയും ചിന്തയുടെ സദ്ഫലങ്ങള്‍
മനുഷ്യജീവിതത്തിന് ദിശ കാണിക്കുന്നത് ചിന്തയും മനോഭാവങ്ങളുമാണ്. മനുഷ്യ മനസ്സില്‍ മുളപൊട്ടുന്ന ചിന്തകള്‍ അവന്റെ വ്യവഹാരങ്ങളില്‍ നിഴലിച്ചു കാണാം. മുന്നോട്ടുള്ള പാതയൊരുക്കുന്നതും ജീവിതവഴിയിലെ വെളിച്ചമായി നിലകൊള്ളുന്നതും ചിന്തയാണ്.ചിന്തിക്കാനുള്ള ശേഷിയാണ് മനുഷ്യനെ ഇതരജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മതം ചിന്തയുടെ ചിതയാണെന്ന് പഠിപ്പിച്ചതും പ്രചരിപ്പിച്ചതും ഭൗതികവാദികളാണ്.
`വായിക്കുക' എന്ന ആഹ്വാനത്തോടെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിലെ ഒന്നാമത്തെ വചനം തന്നെ ചിന്തയിലേക്ക് മനുഷ്യനെ വഴിനടത്തുന്നതാണ്. ലോകരക്ഷിതാവായ അല്ലാഹുവിന്റെ അജയ്യതയെ അംഗീകരിക്കാനും വിനയമുള്ള ജീവിതം നയിക്കാനുമാണ് പഠനവും ചിന്തയും ആവശ്യപ്പെടുന്നത്. മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ അറിയാനും മനുഷ്യാസ്തിത്വത്തിന്റെ മഹനീയത മനസ്സിലാക്കാനും നമ്മുടെ ചിന്ത സഹായകമാവണം.
മനുഷ്യശരീരത്തിന്റെ സങ്കീര്‍ണമായ അവസ്ഥകളെക്കുറിച്ചുള്ള പഠനവും ചിന്തയും മനുഷ്യനെ ലോകരക്ഷിതാവിലേക്കടുപ്പിക്കുന്നു. എന്നാല്‍ ചിന്തിക്കാതെ കാലം കഴിക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതദൗത്യം തിരിച്ചറിയാന്‍ സാധ്യമല്ല. നേരായ ചിന്തയുടെ വെളിച്ചം ജീവിതവഴിയില്‍ പ്രസരിപ്പിക്കാന്‍ സാധിച്ചവന് മാത്രമേ വിശ്വാസത്തിന്റെ ഊക്കും ഊര്‍ജവും ആവാഹിക്കാനാവുകയുള്ളൂ. നമ്മുടെ സൃഷ്ടിപ്പിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം ചിന്തിക്കാന്‍ ബാധ്യസ്ഥരാണ് ഓരോ വിശ്വാസിയും. ചിന്തിക്കാനും ആലോചിക്കാനും തയ്യാറില്ലാത്തവന് വഴികേടിലൂടെ സഞ്ചരിക്കേണ്ടിവരികയും പരാജയം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്യും.
മനുഷ്യന് മാത്രമാണ് ധിഷണാശേഷിയുള്ളത്. ആന്തരികമായി വസ്തുതകള്‍ വിലയിരുത്താനും വ്യവച്ഛേദിച്ചറിയാനും ലോകത്ത് മനുഷ്യന് മാത്രമേ കഴിയൂ. എന്നാല്‍ ഈ കഴിവിനെ തിരിച്ചറിഞ്ഞവര്‍ വളരെ കുറച്ചാണ്. ഞാന്‍ ചിന്തിക്കുന്നുവെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാതെ ജീവിച്ചുതീര്‍ക്കുന്നവരാണ് ഏറിയ പങ്കും. ഈ ലോകത്തെ മാറ്റിത്തീര്‍ക്കാനും, പുരോഗതിയുടെ പുതിയ ഭൂമിക സ്ഥാപിക്കാനും മനുഷ്യന് ഊര്‍ജമേകിയ `ചിന്താശേഷി' തങ്ങളുടെ ജീവിതത്തിന്റെ നവീകരണത്തിനും പുനര്‍നിര്‍മിതിക്കും ഉപയോഗപ്പെടുത്താന്‍ മനുഷ്യരില്‍ അധികപേരും ശ്രദ്ധിക്കാതെ പോകുന്നു. ഉപയോഗിക്കപ്പെടാതെ പോവുന്ന മനുഷ്യചിന്ത ചിതലരിച്ചുപോവും. വിശ്വാസത്തിന്റെയും ചിന്തയുടെയും മൂര്‍ച്ചകൂട്ടാനും ജീവിതത്തെ സംസ്കരിച്ചെടുക്കാനും മനുഷ്യന് സാധിക്കണം. തുറന്ന മനസ്സോടെ ചിന്തയുടെ വാതായനങ്ങള്‍ തുറന്നിടാന്‍ തയ്യാറാവുന്നവര്‍ക്ക് സത്യത്തിന്റെ ആകാശം അകലെയല്ല എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. (വി.ഖു 50:37)
ചിന്തിക്കുന്നതിലൂടെയാണ് മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ തുറന്ന മനസ്സുള്ളവരായിരിക്കും. ഒരു വിശ്വാസി സത്യാന്വേഷിയും ചിന്താശീലനുമായിരിക്കും. സത്യത്തെ ഉള്‍ക്കൊള്ളാനും കാര്യങ്ങളെ അടുത്തറിയാനും മനസ്സുകാണിക്കുന്നവനേ വിശ്വാസിയാവാന്‍ കഴിയൂ. ചിന്തയെ നിഷേധിക്കുന്നവന് സത്യനിഷേധിയാണ്. മുഹമ്മദ് നബി സത്യവിചാരങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറിയപ്പോള്‍ അതിന്റെ മേല്‍ അസത്യത്തിന്റെയും നിഷേധത്തിന്റെയും കരിമ്പടം പുതപ്പിക്കാനായിരുന്നു അവിശ്വാസികള്‍ ശ്രമിച്ചിരുന്നത്. അവര്‍ ചിന്തയുടെ വാതില്‍ കൊട്ടിയടച്ചതായി കാണാം. എന്നാല്‍ ആലോചനയുടെ അകത്തേക്ക് കടക്കാന്‍ തയ്യാറാവാത്ത, ചിന്തയുടെ കാറ്റ് മനസ്സിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്കാത്തവരുടെ ചിന്ത തുറപ്പിക്കുന്ന ഒരു നാള് വരാനിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു: ``അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും നിന്റെ രക്ഷിതാവും അണിയണിയായി മലക്കുകളും വരുകയും അന്ന് നരകം കൊണ്ടുവരപ്പെടുകയും ചെയ്താല്‍ അന്നേ ദിവസം മനുഷ്യന് ഓര്മ വരുന്നതാണ്. എവിടെ നിന്നാണവന് ഓര്മ വരുന്നത്?'' (വി.ഖു 89:21-23)
വിശ്വാസിയുടെ ജീവിതം പൂര്‍ണമാവുന്നത് വിശ്വാസം, അനുഷ്ഠാനങ്ങള്‍, സ്വഭാവ ഗുണങ്ങള്‍, ജീവിതശീലങ്ങള്‍ തുടങ്ങിയവ ശരിയായ അര്‍ഥത്തില്‍ ജീവിതത്തില്‍ ഉള്‍ച്ചേരുമ്പോള്‍ മാത്രമാണ്. യഥാര്‍ഥ വിശ്വാസം തേടുന്നത് കളങ്കമില്ലാത്ത ജീവിതമാണ്. നിരന്തരം നവീകരിക്കപ്പെടുകയും, സ്ഫുടം ചെയ്യപ്പെടുകയും ചെയ്യുന്ന മനുഷ്യന് വിശുദ്ധി നേടുന്നു. എന്നാല്‍ സംസ്കരിക്കപ്പെടാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ വിശുദ്ധി നേടാതെ പോവുന്നു. വിശ്വാസികള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ആരാധനാകര്‍മങ്ങളും ഉന്നംവയ്ക്കുന്നത് വ്യക്തിസംസ്കരണമാണ്. ഒരാള്‍ സംസ്കരിക്കപ്പെടണമെങ്കില്‍ ഒന്നാമതായി അയാളുടെ ചിന്ത സംസ്കരിക്കപ്പെടണം. ചിന്തയുടെ ഉറവിടമെന്ന നിലക്ക് മനസ്സിനെ ശുദ്ധീകരിക്കുന്നതിലൂടെ മനുഷ്യനും ശുദ്ധീകരിക്കപ്പെടുന്നു. അവര്‍ തന്നെയാണ് വിജയികള്‍. (വി.ഖു 87:14)
ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ നേടാന്‍ കഴിഞ്ഞാലും മനസ്സിനെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ മനുഷ്യജീവിതം കലാശിക്കുക പരാജയത്തിലായിരിക്കും. അതുകൊണ്ടാണ് നേരായ ചിന്തകള്‍ ഉടലെടുക്കാന്‍ മാത്രം പാകപ്പെടുത്തിയ മനസ്സുണ്ടാവണമെന്ന് മതം പഠിപ്പിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ വ്യതിയാനം സംഭവിക്കാനും സത്യമാര്‍ഗം വിട്ടകലാനും ഏറെ സാധ്യതയുള്ളതാണ് മനുഷ്യമനസ്സ്. തെറ്റായ ചിന്തകള്‍ മനുഷ്യനെ അപകടപ്പെടുത്തുന്നു. ചീത്തചിന്തകളെ ചീന്തിയെറിയാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. ഇതിന് ഹൃദയാന്തരാളങ്ങളിലുള്ളതിനെക്കുറിച്ചറിയാന് സാധിക്കുന്ന ദൈവത്തെക്കുറിച്ച് കൃത്യമായ അറിവ് വേണം. മനുഷ്യചിന്തകള്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങളായും കോട്ടങ്ങളായും അനുഭവപ്പെടാറുണ്ട്. ലോകത്തെ നശിപ്പിക്കാന്‍ മാത്രം നശീകരണശേഷിയുള്ള ബോംബുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നത് മനുഷ്യമനസ്സുകളിലാണ്. മനുഷ്യമക്കളെ സേവിക്കുന്നതിലേക്ക് വഴിനടത്തുന്നതും മനുഷ്യചിന്ത തന്നെയാണ്. വിമലമായ വിശ്വാസം മനുഷ്യചിന്തയില്‍ നന്മ വിരിയിക്കുന്നു. അടിയുറച്ച ദൈവബോധം ഇളക്കംതട്ടാത്ത ആത്മബോധത്തിലേക്കും മനുഷ്യനെ നയിക്കുന്നു. നന്മ മാത്രം വിചാരിക്കുകയും നന്മ മാത്രം കാംക്ഷിക്കുകയും ചെയ്യുക എന്നതാണ് നേരായ ചിന്തയ്ക്ക് അനിവാര്യമായിട്ടുള്ളത്.
നമ്മുടെ ചിന്തകളുടെ മേല്‍ വിശ്വാസത്തിനും സാഹചര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്, ദുര്ബലവിശ്വാസികളുടെ ചിന്തയില്‍ ഭയം, ഉത്കണ്ഠ, പ്രതീക്ഷയില്ലായ്മ മുതലായവ ഉണ്ടാക്കിവെക്കുന്ന വലിയ മുറിവുകള്‍ വിശ്വാസിയുടെ ഹൃദയത്തില്‍ ഉണ്ടാവാത്തതിന്റെ കാരണമിതാണ്. അടിയുറച്ച ദൈവവിശ്വാസം മനുഷ്യമനസ്സിന് കരുത്തായിത്തീരുന്നത് വിശ്വാസം മനുഷ്യചിന്തയെ സ്വാധീനിക്കുന്നതു കൊണ്ടാണ്. മോശം ചുറ്റുപാടുകള്‍ മോശം ചിന്തകള്‍ ഉത്പാദിപ്പിക്കുന്നതും ഇതുകൊണ്ടാണ്. സാഹചര്യങ്ങള്‍ക്ക് മനുഷ്യന്റെ മേലുള്ള ഇത്തരം സ്വാധീനശക്തിയെ മുന്നില്‍ കണ്ടുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ വ്യഭിചാരത്തോട് അടുത്തുപോവരുത് എന്ന് താക്കീത് ചെയ്തത്.
ഭക്ഷിക്കുന്ന ഇലകളുടെ നിറം ചില പ്രാണികള്‍ക്ക് ലഭിക്കാറുണ്ട്. അതുപോലെ നമ്മുടെ ചിന്തക്കനുസരിച്ചായിരിക്കും നമ്മുടെ സ്വഭാവം. ഉത്തമസ്വഭാവങ്ങളാണ് നല്ല മനുഷ്യന്റെ ജീവിതത്തെ അടയാളപ്പെടുത്തേണ്ടത്. മാനുഷികഭാവങ്ങള്‍ കൈമോശം വരാത്തവര്‍ക്ക് മാത്രമേ മാനുഷികതയോടെ ജീവിക്കാനാവൂ. സത്യം, സഹിഷ്ണുത, കരുണ, വിനയം, സഹാനുഭൂതി മുതലായവ മനുഷ്യന്റെ സവിശേഷ ഗുണങ്ങളാണ്. ഈ ഗുണങ്ങള്‍ക്ക് പരിക്കേല്ക്കുമ്പോള് മനുഷ്യജീവിതം അര്‍ഥശൂന്യമായിത്തീരുന്നു. തെറ്റായ ചിന്തകള്‍ മാനുഷിക ഭാവത്തെ തളര്‍ത്തുന്നു. ഇതോടെ മനുഷ്യനില്‍ ദൈവിക, പൈശാചിക, മൃഗീയ ഭാവങ്ങള്‍ ഉടലെടുക്കും. ചില മനുഷ്യരില്‍ മാനുഷിക ഭാവത്തെക്കാള്‍ മികച്ചുനില്ക്കുന്നത് ദൈവികഭാവമായിരിക്കും. ദൈവിക ഭാവമെന്നത് ദൈവത്തിന് മാത്രം യോജിക്കുന്നതും സൃഷ്ടികള്‍ക്ക് ഒട്ടും യോജിക്കാത്തതുമാണ്. അഹങ്കാരം, പൊങ്ങച്ചം, പ്രശംസയും പ്രകീര്‍ത്തനവും ഇഷ്ടപ്പെടല്‍, അധികാരമോഹം, പ്രതാപഭാവം മുതലായവ ദൈവികഭാവങ്ങളുടെ അടയാളങ്ങളാണ്. ഇതൊരിക്കലും മനുഷ്യന് എടുത്തണിയാന്‍ പാടില്ല.
എന്നാല്‍ ഇത് മനുഷ്യന് എടുത്തണിയുമ്പോള്‍ അവനില്‍ അഹങ്കാരത്തെപ്പോലെ, മേല്‍ സൂചിപ്പിച്ച സ്വഭാവങ്ങള്‍ ഉടലെടുക്കുന്നു. ഇത് മാനുഷിക ഭാവത്തെ തകര്‍ത്തുകളയുന്നു. ഖുദ്സിയായ ഒരു ഹദീസില്‍ പറഞ്ഞപോലെ അല്ലാഹു പറയുന്നു: ``പ്രതാപം എന്റെ ഉടുമുണ്ടാണ്. അഹങ്കാരം എന്റെ ശിരോവസ്ത്രമാണ്. ഇവ രണ്ടിലും ആരെങ്കിലുമെന്നോട് മത്സരിച്ചാല്‍ അവനെ നാം നശിപ്പിക്കുക തന്നെ ചെയ്യും.'' ഇക്കാര്യം ഖുര്‍ആനിലും പറഞ്ഞിട്ടുണ്ട്. (31:18, 38:74). അപ്പോള്‍ ദൈവികഭാവം മാനുഷിക ഭാവത്തോട് ഒട്ടും ചേരുകയില്ലെന്ന് വ്യക്തം.
രണ്ടാമത്തെ ഭാവം പൈശാചിക ഭാവമാണ്. ഇത് പിശാചിന് മാത്രം യോജിക്കുന്നതും മനുഷ്യനൊട്ടും യോജിക്കാത്തതുമാണ്. സകല ചീത്ത സ്വഭാവങ്ങളുടെയും കേന്ദ്രമായി നമ്മള് മനസ്സിലാക്കുന്ന പിശാചിന്റെ ജീവിതഭാവങ്ങള്‍ നമ്മുടെ ജീവിതത്തിലേക്കെടുത്തണിയുമ്പോള് മാനുഷിക ഭാവങ്ങള്‍ക്ക് കളങ്കമേല്ക്കുന്നു. അസൂയ, പക, വിദ്വേഷം, ചതി, വഞ്ചന മുതലായവ ഇതില്‍ പെട്ടതാണ്. ഇത്തരം സ്വഭാവങ്ങള്‍ നമ്മളില്‍ വളരാന്‍ അനുവദിച്ചാല്‍ നമ്മുടെ മാനുഷിക ഭാവത്തിനത് മുറിവേല്പിക്കും. മനുഷ്യ ജീവിതത്തിന്റെ തകര്‍ച്ചക്കുള്ള ഒന്നാമത്തെ കാരണം പൈശാചികഭാവങ്ങള്‍ ജീവിതത്തിലേക്ക് ചേര്‍ത്തുവെച്ചതാണെന്ന് കാണാന്‍ കഴിയും.
മൂന്നാമത്തെ ഭാവമാണ് മൃഗീയഭാവം. കോപം, എടുത്തുചാട്ടം, കടന്നാക്രമണം മുതലായവ മൃഗീയ ഭാവത്തില്‍ പെട്ടതാണ്. തിന്നുക, കുടിക്കുക, ഭോഗിക്കുക തുടങ്ങി ചുരുങ്ങിയ ചുറ്റളവില്‍ ജീവിതം കറക്കുന്നവരായിരിക്കും അവര്‍. ജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ അവര്‍ തയ്യാറില്ല. കേവലം ജനനേന്ദ്രിയത്തിന്റെയും ആമാശയത്തിന്റെയും ആഗ്രഹ പൂരണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന അവര്‍ മൃഗതുല്യരാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ``ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നരകത്തിന്നായി നാം സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അവയുപയോഗിച്ചവര് കേട്ടുമനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.''(7:179)
നമ്മുടെ ചിന്തകളെ നമുക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യന്റെ വ്യവഹാരങ്ങളും, സമീപനങ്ങളുമെല്ലാം അവന്റെ ചിന്തയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ചിന്തകളെ നാം തേച്ചുമിനുക്കുകയും അത് നമ്മുടെ വിശ്വാസത്തോട് യോജിച്ചുപോവുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. നമ്മുടെ വിചാരങ്ങള്‍ വിശ്വാസവുമായി കോര്‍ത്തുകെട്ടണം. ``എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടാവുക. ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്പിച്ചുകൊണ്ടുവരുന്നതുമാണ്.'' (വി.ഖു. 20:124)
by ജംഷിദ് നരിക്കുനി @ ശബാബ് വാരിക
റമദാനിന്റെ സംസ്കരണ മൂല്യങ്ങള്‍
പതിനൊന്ന് മാസത്തെ ഇടവേളക്കു ശേഷം റമദാന് വീണ്ടും വന്നണഞ്ഞിരിക്കുകയാണ്. ആത്മാവിനും മനസ്സിനും ശരീരത്തിനും ശുദ്ധീകരണവും സംസ്കരണവും ഉറപ്പുനല്‍കുന്ന റമദാന് വിശ്വാസിയുടെ ജീവിതത്തിലെ വസന്തകാലമാണ്. നന്മകളും പുണ്യങ്ങളും പുഷ്പിച്ചു നില്ക്കുന്ന കാലമാണിത്. അതിന്റെ സൗരഭ്യവും പരിമളവും ഇഹപര ജീവിതത്തില്‍ അവന് അനുഭവിക്കാന്‍ കഴിയും.
ആദരണീയനായ അതിഥിയെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഭാവമായിരിക്കണം റമദാന് വരുമ്പോള്‍ മുസ്ലിമിന് ഉണ്ടാകേണ്ടത്. അലസതയും വിരസതയും നിസ്സംഗഭാവവും മാറ്റിവെക്കണം. സാങ്കേതികഭാഷയില്‍ ഈ തയ്യാറെടുപ്പിന് നിയ്യത്ത് എന്ന് പറയാം. ഒരു മുസ്ലിമിന്റെ പ്രവര്‍ത്തനത്തെക്കാള്‍ പ്രസക്തമാകുന്നത് അവന്റെ നിയ്യത്തായിരിക്കുമെന്ന് ഹദീസുകളില്‍ കാണാം. ആരാധനകളുടെ പരിപൂര്‍ണതയും അതിനുള്ള താല്പര്യവും സൂക്ഷിക്കാന്‍ ഇത്തരം നിയ്യത്ത് അനിവാര്യമാണ്.
വ്രതാനുഷ്ഠാനവും സംസ്കരണവും
മൂന്ന് തരം നോമ്പുകാരാണ് സമൂഹത്തില്‍ ഉള്ളത്. പാരമ്പര്യമായി നോമ്പിനെ കാണുന്നവര്‍. നിലകൊള്ളുന്ന സമൂഹത്തിന്റെ മാനസികാവസ്ഥക്കനുസൃതമായി നോമ്പെടുക്കുന്നവര്‍. ശഅ്ബാനും ശവ്വാലും പോലെ തന്നെയാണ് അവര്‍ക്ക് റമദാന്. ഈ നോമ്പിന് ചൈതന്യമുണ്ടാകുകയില്ല. കാലത്തിന്റെ കറക്കത്തില്‍ യാന്ത്രികമായി ചെയ്യുന്നുവെന്ന് മാത്രം. വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ കാലമായി റമദാനിനെ കാണുന്നവരുമുണ്ട്. പകല്‍ പട്ടിണി കിടക്കുന്നത് നോമ്പ് തുറക്കുന്നതിന്റെ ആനന്ദം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കും. ഇവിടെയും നോമ്പിന്റെ ദൗത്യം പൂര്‍ണമായി നിര്‍വഹിക്കപ്പെടുന്നില്ല. വിശ്വാസത്തിന്റെയും പ്രതിഫല മോഹത്തിന്റെയും അടിസ്ഥാനത്തില്‍ നോമ്പെടുക്കുന്നവരാണ് മൂന്നാം വിഭാഗം. നോമ്പ് സ്വീകരിക്കപ്പെടുന്നതും അതിലൂടെ ആജീവനാന്ത ഗുണഫലങ്ങള്‍ നേടാന്‍ കഴിയുന്നതും ഇവര്‍ക്ക് മാത്രമാണ്. ``വിശ്വാസത്തോടെയും പ്രതിഫലമാഗ്രഹിച്ചും നോമ്പെടുക്കുന്നവന് മുന്‍പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്'' (ബുഖാരി, മുസ്ലിം) എന്ന നബിവചനം വ്രതാനുഷ്ഠാനത്തിന്റെ ഈ അതുല്യനേട്ടങ്ങളാണ് എടുത്തുകാണിക്കുന്നത്.
വ്രതാനുഷ്ഠാനത്തിന്റെ സംസ്കരണമാനങ്ങളും ഇവിടെയാണ് കേന്ദ്രീകരിച്ച് നില്‍ക്കുന്നത്. വിശ്വാസിയുടെ ജീവിതം ആദ്യാവസാനം സംസ്കരണ പ്രാധാന്യമുള്ളതാണ്. അവന് സ്വീകരിച്ചിരിക്കുന്ന ഏകദൈവവിശ്വാസവും അനുബന്ധ ആരാധനകളും ആത്മാവിനെയും ശരീരത്തെയും നിരന്തരമായി സംസ്കരണ വിധേയമാക്കാന്‍ കഴിയുംവിധമാണ് മതം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. ഖുര്‍ആനില്‍ സംസ്കരണത്തെ പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. കൊടിയ പാപമായ ശിര്‍ക്കിന്റെ ഗൗരവം വിവരിച്ച ശേഷമാണ് ഖുര്‍ആന്‍ 4:49 ല്‍ സംസ്കരണം പരാമര്‍ശിക്കുന്നത്. 24:21ല്‍ സദാചാര രഹിത പ്രവര്‍ത്തനങ്ങളുടെയും സംസാരങ്ങളുടെയും അനുബന്ധമായിട്ടാണ് സംസ്കരണമുണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നത്. പിശാചിന്റെ കാല്പാടുകള് പിന്‍പറ്റുമ്പോള്‍ മനുഷ്യന് നിഷിദ്ധങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും തെന്നിവീഴുന്നുവെന്നും ദൈവാനുഗ്രഹത്തിന്റെ അഭാവത്തില്‍ ഒരാള്‍ക്കും സംസ്കരണം നേടാന്‍ കഴിയുകയില്ലെന്നുമാണ് ഈ വചനങ്ങളില്‍ (സൂറതുന്നൂര്‍) അല്ലാഹു വ്യക്തമാക്കുന്നത്.
പാപഭാരം സ്വയം വഹിക്കേണ്ടിവരുന്ന സന്ദര്‍ഭത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ഖുര്‍ആന്‍ 35:18ല്‍ (ഫാത്വിര്) സംസ്കരണത്തിന്റെ പ്രാധാന്യം വീണ്ടും പരാമര്‍ശിക്കുന്നത്. അദൃശ്യരൂപത്തില്‍ അല്ലാഹുവിനെ ഭയപ്പെടുകയും നമസ്കാരനിര്വഹണബോധം നിരന്തരം സൂക്ഷിക്കുകയും ചെയ്യുകയാണ് സംസ്കാരലഭ്യതയ്ക്കുള്ള അനിവാര്യ പ്രവര്‍ത്തനങ്ങളായി ഇവിടെ വ്യക്തമാക്കുന്നത്. 53:32ല്‍ (നജ്മ്) കുറുക്കുവഴികളിലൂടെ സംസ്കരണം നേടിയെന്ന് അവകാശപ്പെടുന്നവരെ ഖുര്‍ആന്‍ കുറ്റപ്പെടുത്തുന്നു. ഭയഭക്തിയാണ് സംസ്കരണത്തിന്നാവശ്യം എന്നാണ് ഇവിടെ അല്ലാഹു പറയുന്നത്. 87:15,16 വചനങ്ങളില്‍ സംസ്കരണത്തെ വിജയത്തിന്റെ നിദാനമായി പരിചയപ്പെടുത്തുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും നമസ്കാര കൃത്യനിഷ്ഠയും ഐഹിക വിരക്തിയുമാണ് സംസ്കരണ ലഭ്യതക്ക് അനിവാര്യഘടകങ്ങളായി എടുത്തുപറയുന്നത്.
സംസ്കരണ മൂല്യങ്ങള്‍ക്ക് ഖുര്‍ആന്‍ നല്കിയ പ്രാധാന്യവും അവയുടെ രീതിശാസ്ത്രവുമാണ് മുകളില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം റമദാനിലെ സംസ്കരണ സന്ദര്‍ഭങ്ങളെ പഠിക്കേണ്ടത്. ദൈവവിശ്വാസവും ഭയഭക്തിയും പൈശാചിക പ്രവര്‍ത്തനങ്ങളോടുള്ള അറപ്പും വെറുപ്പും ആജീവനാന്തം നിലനിര്‍ത്താന്‍ വിശ്വാസിയെ പാകപ്പെടുത്തുകയാണ് റമദാനിന്റെ മുഖ്യ ദൗത്യം. റമദാനിനും വ്രതാനുഷ്ഠാനത്തിനും ബാഹ്യമായുള്ളതിനേക്കാള്‍ കൂടുതല്‍ അര്‍ഥതലങ്ങള്‍ മതം നല്‍കുന്നത് ഈ സംസ്കരണം മുന്‍നിര്‍ത്തിയാണ്. ഭക്ഷണം വെടിയുക, ആരാധനകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ബാഹ്യകര്‍മങ്ങള്‍ ആത്മാവിന് കൂടുതല്‍ ചൈതന്യം പകരുന്നു. ശരീരത്തിലെ ഭക്ഷണവര്ജനമാണ് ആത്മാവിന്റെ ഭക്ഷണം. ആരാധനകള്‍ കൂടിയാകുമ്പോള്‍ അതിന് കൂടുതല്‍ പോഷണം കിട്ടുന്നു.
റമദാനിനെ വിശദീകരിച്ചുകൊണ്ട് നബി(സ) പറഞ്ഞിരിക്കുന്ന പദപ്രയോഗങ്ങളും അതിന്റെ സംസ്കരണമാനങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്: ``നോമ്പ് ഒരു പരിചയാണ്. അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയെപ്പോലെയാണത്.'' (ഇമാം അഹ്മദ്) ``നോമ്പിന്റെ നാളുകളില്‍ അനാവശ്യം പറയുകയോ കോലാഹലമുണ്ടാക്കുകയോ അരുത്. ആ രൂപത്തില്‍ ആരെങ്കിലും സമീപിച്ചാല്‍, താന്‍ നോമ്പുകാരനാണെന്ന് അവനോട് പറയുക'' (ബുഖാരി, മുസ്ലിം). ``കള്ളവാക്കുകളും അത്തരം പ്രവൃത്തികളും ഉപേക്ഷിക്കാത്തവന് ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട് അല്ലാഹുവിന് ഒരു കാര്യവുമില്ല.'' (ബുഖാരി)
വ്രതാനുഷ്ഠാനം നല്കുന്ന സംസ്കരണം പ്രാവര്‍ത്തികമാകേണ്ട മേഖലകളാണ് മേല്‍ നബിവചനങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിശ്വാസിയുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളുമാണ് ഇങ്ങനെ സംസ്കൃതമാകുന്ന മേഖലകള്‍. അനുബന്ധമായി വൈകാരികതകളും സമീപനങ്ങളും ഇടപെടലുകളും കുറ്റമറ്റതാക്കാനും അവന് കഴിയുന്നു. വ്യക്തിത്വത്തെ സമൂലമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ സംസ്കരണ പ്രക്രിയക്ക് മങ്ങലേല്ക്കുമ്പോള് അത് ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് വര്‍ഷത്തില്‍ ഒരിക്കല്‍ റമദാന് സമാഗതമാകുന്നത്.
വ്രതാനുഷ്ഠാനത്തിന്റെ മാധുര്യം
ആത്മാവിന് ലഭിക്കുന്ന നവചൈതന്യം പട്ടിണി ദിനങ്ങള്‍ക്ക് ആനന്ദം പകരുന്നു. നോമ്പുകാരന് രണ്ട് ആനന്ദങ്ങള്‍ അനുഭവിക്കാന്‍ കഴിയുമെന്നാണ് മുഹമ്മദ് നബി(സ) പറയുന്നത്. നോമ്പു തുറക്കുമ്പോഴുള്ള ആനന്ദമാണ് അതില്‍ ഒന്ന്. പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ ആണ് രണ്ടാമത്തേത്. നോമ്പിലൂടെ ലഭിക്കുന്ന അതുല്യമായ സൗഭാഗ്യമാണിത്. ദീര്‍ഘനേരം പട്ടിണി കിടന്നതിനു ശേഷം ഭക്ഷണം കഴിക്കുന്ന ആര്‍ക്കും ആദ്യത്തെ ആനന്ദം അനുഭവിക്കാം. അതിന് പ്രത്യേകമായ വിശ്വാസമോ സംസ്കരണമോ ആവശ്യമില്ല. സ്വയം ശുദ്ധീകരണത്തിന് സഹായകമാകാത്ത നോമ്പ്, ഭക്ഷണം കഴിക്കുന്നതോടെ അതിന്റെ പ്രതിഫലവും പൂര്‍ത്തിയായി.
നോമ്പിലൂടെ സംസ്കൃത മനസ്സിന് ലഭിക്കേണ്ട വിശിഷ്ട ഗുണങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അല്‍ബഖറ 183-187 വചനങ്ങളാണ് വ്രതാനുഷ്ഠാന പരാമര്‍ശങ്ങള്‍. ഇവയെല്ലാം അവസാനിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. ഭയഭക്തിയുള്ളവരാകാന്‍, കൃതജ്ഞതാ ബോധം ഉള്ളവരാകാന്‍, വിവേകമുള്ളവരാകാന്‍ തുടങ്ങിയ സമാപന വാക്യങ്ങള്‍ സൂചിപ്പിക്കുന്ന ഗുണങ്ങള്‍ റമദാന് സംസ്കരണത്തിന്റെ പ്രതിഫലനമാണ്. ഭക്തി, കൃതജ്ഞത, വിവേകം എന്നിവയുടെ വിശദീകരണങ്ങളോ ഉപോല്പന്നങ്ങളോ ആയിരിക്കും മറ്റു ഗുണങ്ങളെല്ലാം.
റമദാന്: വിശുദ്ധിയുടെ രാജപാത
വടക്കുനോക്കിയന്ത്രം വടക്കിലേക്കേ ദിശ കാണിക്കൂ. സത്യത്തിലേക്കേ മനസ്സാക്ഷി ദിശ നല്‍കൂ. പാപങ്ങളുടെ പേരില്‍ ഹൃദയത്തില്‍ നോവുണ്ടാക്കുന്നത് മനസ്സാക്ഷിയാണ്. ശ്വേതരക്താണു പോലെ, അവിശ്രമം നമ്മില്‍ പ്രവര്‍ത്തിക്കുന്ന ഘടകമാണിത്. കുറ്റപ്പെടുത്തുന്ന ആത്മാവ് (അല്‍ഖിയാമ 2) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ഇതാവാം. കലങ്ങിമറിഞ്ഞും കലങ്ങിത്തെളിഞ്ഞുമാണ് മനുഷ്യന്റെ ഉള്ളം. ഈ രണ്ടു സാധ്യതകളെയും സൂക്ഷ്മമായി ചികിത്സിക്കുന്ന പദ്ധതിയാണ് അല്ലാഹുവിന്റേത്. മനുഷ്യന്റെ അകവും പുറവും തമ്മിലൊരു സാമ്യതയുണ്ട്. എപ്പോഴും ഒരേ അവസ്ഥയിലല്ല അകത്തെ മനസ്സ്. എപ്പോഴും ഒരേ അവസ്ഥയിലല്ല പുറത്തെ ചുറ്റുപാടും. നന്മയിലേക്കും തിന്മയിലേക്കും ചാഞ്ഞും ചെരിഞ്ഞുമാണ് ഈ സഞ്ചാരം.
ഇളകിപ്പോകുന്ന വസ്തു, ഇളകാതിരിക്കാന്‍ അതിനെ വല്ലതുമായി ബന്ധിപ്പിക്കുകയാണല്ലോ ചെയ്യാറുള്ളത്. ഖല്‍ബ് ഇളകുന്നതാണ്. ആ പദത്തിന്റെ അര്‍ഥസൂചന പോലും അതാണ്. നബി(സ) പറഞ്ഞിട്ടുണ്ട്: ``ഹൃദയത്തിന്റെ ഇളകിമറിയല്‍ കൊണ്ടാണ് അതിന് ഖല്‍ബ് എന്നു പേര് കിട്ടിയത്. മരത്തില്‍ കെട്ടിത്തൂക്കിയ പക്ഷിത്തൂവല്‍ പോലെയാണ് ഹൃദയം. കാറ്റ് നിരന്തരമായി അതിനെ കീഴ്മേല്‍ മറിക്കുന്നു.''(അഹ്മദ് 4:408)
ആദര്‍ശത്തിനും വിശ്വാസത്തിനും അഖീദ എന്നാണ് പറയാറുള്ളത്. അഖദ എന്നാല്‍ ബന്ധിക്കുക എന്നര്‍ഥം. `അല്ലാഹുവുമായുള്ള ബന്ധം' ആയതിനാലാവാം ആ പദം വന്നത്. അപ്പോള്‍, ഇളകുന്ന ഖല്ബിനെ അല്ലാഹുവുമായി ചേര്‍ത്തുകെട്ടുന്ന വെള്ളിനൂലാണ് ഈമാന്‍. സാഹചര്യങ്ങള്‍ക്കൊത്ത് മാറിപ്പോകാന്‍ സാധ്യതയുള്ള ഹൃദയത്തെ, മാറാത്ത ആദര്‍ശത്തിലാണ് ബന്ധിക്കുന്നത്. ആരാധനകളുടെ പിന്നിലെ പ്രേരകം ഇതായിരിക്കണം.
തിളക്കവും ചൈതന്യവും നഷ്ടപ്പെട്ടേക്കാവുന്നതാണ് ഈമാനും. ചുറ്റുപാടിലെ മാലിന്യങ്ങള്‍ സത്യവിശ്വാസത്തിലും കലരാം. കലര്‍ന്ന കളങ്കങ്ങളെ കഴുകാനാണ് ഇബാദത്തുകള്‍. ആരാധനകള്‍ നിര്‍വഹിക്കുന്ന അല്പനേരത്തേക്കല്ല, നിര്‍വഹിച്ച ശേഷമുള്ള ദീര്‍ഘ നേരത്തേക്കാണ് ആരാധനകളുടെ ചൈതന്യം നിലനില്‍ക്കേണ്ടത്. നോമ്പിന്റെ ലക്ഷ്യമായി തിരുനബി(സ) ഒരിക്കല്‍ പറഞ്ഞത്, `ആരാധനയ്ക്കു വേണ്ടി ശക്തി സംഭരിക്കാന്‍' എന്നാണ് (അഹ്മദ് 2:524)
``കാരുണ്യവും പാപവിമുക്തിയും നരകമോചന'വുമാണ് റമദാന് വ്രതത്തിന്റെ ലക്ഷ്യം'' (ഇബ്നുഖുസൈമ 1887). ഇതുതന്നെയാണ് സത്യവിശ്വാസിയുടെ പരമ ലക്ഷ്യങ്ങളും. തെറ്റുകളിലേക്കുള്ള സഞ്ചാരമാണ് ആത്മവിശുദ്ധിയെ തകര്‍ക്കുന്നത്. തിന്മകളില് നിന്ന് അകലാനും തിന്മകളോട് പോരാടാനുമുള്ള കര്‍മവീര്യമാണ് വ്രതം പ്രദാനം ചെയ്യുന്നത്. അല്ലാഹുവിനും നമുക്കുമിടയിലെ വേലികെട്ടുകളാണ് നാം ചെയ്തുവെച്ച തെറ്റുകുറ്റങ്ങള്‍. കരുണാവാരിധിയുമായുള്ള നല്ല ബന്ധത്തിന് തടസ്സമാകുന്നത് അതാണ്. ആ വേലിക്കെട്ടിനെ തകര്‍ത്ത്, അല്ലാഹുവിലേക്ക് ഓടിയടുക്കാനുള്ള പരിഹാരമാണ് നോമ്പ്.
വെയിലില്‍ വെന്തുകിടക്കുന്ന മരുഭൂമിയിലേക്ക് അപ്രതീക്ഷിതമായി വന്നിറങ്ങുന്ന മഴയെക്കുറിച്ച് റമദ് എന്ന് അറബികള്‍ പറയാറുണ്ട്. റമദാനും ഒരു പുതുമഴയാണ്. വരണ്ടുണങ്ങിയ മനസ്സില്‍ പെയ്യുന്ന പുളകത്തിന്റെ കുളിര്‍മഴയാണത്. മഴ പെയ്താല്‍ കുഴികളെല്ലാം നിറഞ്ഞുകവിയുന്നതു പോലെ, ഹൃദയങ്ങളായ ഹൃദയങ്ങളിലെല്ലാം അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം നിറഞ്ഞുകവിയുന്ന തെളിര്‍മഴയാണ് റമദാന്. രാവിലും പകലിലും ഇടമുറിയാതെ അത് പെയ്യുന്നു!
ജീവന് നിലനിര്‍ത്താന്‍ അടിയന്തിരമായതെല്ലാം നോമ്പില്‍ നാം ഉപേക്ഷിക്കുന്നു. ഭക്ഷണം, വെള്ളം എന്നിവ പോലും! നോമ്പല്ലാത്ത കാലത്ത് നിഷിദ്ധമല്ലാത്തതാണ് അതൊക്കെ. ഹലാലുകള്‍ പോലും ത്യജിക്കാന്‍ പഠിപ്പിക്കുന്നതെന്തിനായിരിക്കും? നോമ്പിനു ശേഷം ഹറാമുകളെ ത്യജിക്കാനല്ലേ? അത്യാവശ്യമായ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നവന്, ഒട്ടും അത്യാവശ്യമില്ലാത്ത പലതും നോമ്പില്‍ ഉപേക്ഷിക്കാതിരിക്കുന്നു! അനാവശ്യ സംസാരവും പ്രവര്‍ത്തനങ്ങളും ഒട്ടും അത്യാവശ്യമില്ലാത്തതാണല്ലോ!
അതീവ സ്വകാര്യമാണ് നോമ്പ്. ഒരാളുടെ നോമ്പ് മറ്റൊരാള്‍ക്ക് അറിയാന്‍ മാര്‍ഗമില്ല. മറ്റൊരു ആരാധനയും ഇങ്ങനെയില്ല. ഇതെന്തിനായിരിക്കും? സ്വന്തവും സ്വകാര്യവുമായ ജീവിത സന്ദര്‍ഭങ്ങളിലും ഭക്തി ശീലിക്കാനാകാം അത്. പുറം ഏറെ വര്‍ണാഭമാവുകയും അകം ഏറെ ദുഷിക്കുകയും ചെയ്ത നമ്മുടെ കാലത്ത് ഈ ആശയത്തിനാണ് കൂടുതല്‍ പ്രസക്തി. ദീര്‍ഘയാത്ര പല വിഷമങ്ങളും സൃഷ്ടിക്കുന്നു. പതിനൊന്നു മാസത്തെ അലച്ചിലും യാത്രയും കഴിഞ്ഞെത്തിയവരാണ് നാം. ഇനിയൊന്നു കഴുകി വൃത്തിയാകണം; പുതിയ ഊര്‍ജവും ഉന്മേഷവും കൈവരണം. അതനാണീ വ്രതം. മരുഭൂമിയില്‍ നഷ്ടപ്പെട്ട ഒട്ടകത്തെ തിരിച്ചുകിട്ടുമ്പോള്‍ യാത്രികനുണ്ടാവുന്ന ആനന്ദത്തിലേറെ, നാം പശ്ചാത്തപിച്ച് തിരിച്ചെത്തുമ്പോള്‍ അല്ലാഹുവിനുണ്ടെന്നു തിരുനബി(സ) പറഞ്ഞു. യജമാനനായ അല്ലാഹുവില്‍ നിന്ന് ശത്രുവായ പിശാചിലേക്ക് വഴിതെറ്റിപ്പോയ ഒട്ടകങ്ങളായിരുന്നു നാം. ആ ഒട്ടകക്കൂട്ടങ്ങളെല്ലാമിതാ, കണ്ണീരണിഞ്ഞ് കാരുണ്യവാനിലേക്ക് തിരിച്ചെത്തുകയാണ്.
തഖ്വയുടെ ഊര്‍ജകേന്ദ്രം
പ്രലോഭനങ്ങളാല്‍ തകരാത്ത മനുഷ്യശക്തിയാണ് ഏറ്റവും സമ്പന്നമായ സൗഭാഗ്യം. അതിനോളം വരില്ല മറ്റൊന്നും. മനസ്സിന്റെ ബലവും തിന്മകള്‍ക്കെതിരിലുള്ള പ്രതിരോധവുമാണ് വ്യക്തിയിലും സമൂഹത്തിലും നഷ്ടമായിക്കൊണ്ടിരിക്കുന്ന സൗഭാഗ്യവും. ഉന്നതവും ഉല്‍കൃഷ്ടവുമായ മനസ്സ് വളര്‍ത്തിയെടുക്കാനാണ് റമദാന്. ശരീരത്തിന്റെ ആവശ്യങ്ങളും മനസ്സിന്റെ മോഹങ്ങളും നിയന്ത്രിച്ച്, അല്ലാഹുവിന്റെ പ്രീതിക്കായി നടത്തുന്ന ആത്മശിക്ഷണമാണ് വ്രതം. `നന്മ ചെയ്യുക, തിന്മ തടുക്കുക എന്നതാണ് ഇസ്ലാമികാശയങ്ങളുടെ സംഗ്രഹം. തിന്മ ഉപേക്ഷിക്കുന്നതിനെക്കാള്‍ എളുപ്പമാണ് നന്മ ചെയ്യല്‍. ആരാധനകള്‍, ദാനം ചെയ്യല്‍, രോഗി യെ സന്ദര്‍ശിക്കല്‍, ഖുര്‍ആന്‍ പാരായണം എന്നിവയൊക്കെ എളുപ്പമാണ്. എന്നാല്‍ അതേപോലെ എളുപ്പമല്ല നാവിനെ നിയന്ത്രിക്കലും കോപം അടക്കലും കണ്ണിനെ സൂക്ഷിക്കലുമൊക്കെ. കൂടുതല്‍ ക്ഷമയും അധ്വാനവും ആവശ്യമുണ്ടിതിന്. ``വലിയ തിന്മകള് ഉപേക്ഷിച്ചാല്‍ മറ്റെല്ലാം പൊറുത്തു തരുമെന്നും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും'' (അന്നിസാഅ് 31) ഖുര്‍ആന്‍ പറയുന്നുണ്ട്. സല്‍കര്‍മങ്ങളുടെ മുന്നുപാധിയാണ് പാപത്തില്‍ നിന്ന് അകന്നുനില്ക്കല്. ക്ഷമയും മനസ്ഥൈര്യവും രണ്ടിനും വേണം. ഇവയാണ് വ്രതത്തിന്റെ പ്രാഥമിക ലക്ഷ്യം; ഇതുതന്നെയാണ് തഖ്വ.
സായുധ ജിഹാദും റമദാന് വ്രതവും അനുശാസിക്കപ്പെട്ടത് ഹിജ്റ രണ്ടാം വര്‍ഷത്തിലാണ്. ഇത് രണ്ടും ഒന്നിച്ച് കല്പിക്കപ്പെട്ടത് യാദൃച്ഛികമാകാന്‍ സാധ്യതയില്ല. യുദ്ധവും നോമ്പും തമ്മില്‍ ബന്ധമുണ്ട്. ദേഹേച്ഛകളോടുള്ള കടുത്ത യുദ്ധം തന്നെയല്ലേ നോമ്പ്? യഥോചിതം നോമ്പ് അനുഷ്ഠിക്കണമെങ്കില്‍, ദേഹേച്ഛകളുടെ മേല്‍ വ്യക്തമായ വിജയം അനിവാര്യമാണ്. ഭൗതിക താല്പര്യങ്ങളെ അതിജീവിക്കാനുള്ള പാഠവും പരിശീലനവും അതുവഴി ലഭിക്കുകയും ചെയ്യും. ത്വാലൂത്തിന്റെ സൈന്യത്തെ അല്ലാഹു പരീക്ഷിച്ചത് നോക്കൂ. ത്വാലൂത്ത് സൈന്യത്തോടു പറഞ്ഞു: ``അല്ലാഹു നിങ്ങളെ ഒരു നദിയില്‍ വെച്ച് പരീക്ഷിക്കും. അതില്‍ നിന്ന് വെള്ളം കുടിക്കുന്നവന് എന്റെ അനുയായി ആയിരിക്കില്ല. ആര് അതില്‍ നിന്ന് ദാഹം അകറ്റാതിരിക്കുന്നോ അവന് മാത്രമായിരിക്കും എന്റെ അനുയായി. ഒരു കൈക്കുമ്പിള്‍ മാത്രം വല്ലവനും കുടിക്കുന്നുവെങ്കില്‍ ആകാം.'' (2:249)
ത്വാലൂത്തിന്റെ സൈന്യമൊന്നടങ്കം ഇറങ്ങിക്കുടിച്ചാലും നദി വറ്റിപ്പോകുമായിരുന്നില്ല. മറിച്ച്, അവര്‍ക്ക് അനുസരണയും ക്ഷമയുമുണ്ടോ എന്ന് പരീക്ഷിക്കുകയായിരുന്നു. ദാഹം നിയന്ത്രിക്കാനാവാത്ത ഒരാള്‍ക്ക് യുദ്ധം വിജയിക്കാനാവില്ലല്ലോ! പക്ഷേ, ആ പരീക്ഷണത്തില്‍ ഭൂരിഭാഗം സൈനികരും പരാജയപ്പെട്ടു.
വയറിന്റെ ആഗ്രഹങ്ങള്‍ക്ക് അടിപ്പെട്ടുപോയ സൈനികര്‍, `ശത്രുപ്പടയെ വെല്ലാന്‍ ഞങ്ങള്‍ക്കാവില്ല' എന്ന് പറഞ്ഞ് പിന്തിരിഞ്ഞോടി. അനുസരണവും അച്ചടക്കവുമുള്ള ചെറിയൊരു സംഘം, ``വന്‍ സംഘങ്ങളെ എത്രയെത്ര ചെറുസംഘങ്ങള്‍ കീഴ്പ്പെടുത്തിയിട്ടുണ്ട്'' എന്ന് ഉദ്ഘോഷിച്ച്, രണാങ്കണത്തിലേക്ക് മുന്നേറി. ദാഹം നിയന്ത്രിക്കാനും, ഇഷ്ടങ്ങളെ ത്യജിക്കാനും ആജ്ഞകളെ അനുസരിക്കാനും കെല്പുള്ളവര്ക്ക്, എന്തിലും പതറാത്ത ഉള്‍ക്കരുത്ത് കൈവരുമെന്നാണ് ഈ പാഠം. ഈ മനോദാര്‍ഢ്യവും അച്ചടക്കവും നോമ്പിന്റെ സുപ്രധാന ഉന്നമാണ്.
ഈ സല്‍ഗുണങ്ങളുടെയെല്ലാം ചുരുക്കെഴുത്താണ് തഖ്വ. തഖ്വ എന്ന ആശയം ഖുര്‍ആനില്‍ വിഭിന്ന തരത്തില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുണ്ട്. ജാഗ്രതയുള്ള ജീവിത വീക്ഷണം, ദോഷങ്ങളെ സൂക്ഷിക്കുന്ന ജീവിതശീലം, അല്ലാഹുവിനെയും അവന്റെ ശിക്ഷയെയും വിചാരണയെയും പറ്റിയുള്ള ഭയം, പ്രതിഫലത്തോടുള്ള മോഹം ഇവയെല്ലാം ഒത്തുചേരുമ്പോഴുള്ള ഉന്നതമായ മനസ്ഥിതിയാണ് തഖ്വ. അല്ലാഹുവിന്റെ ആജ്ഞകള്‍ പൂര്‍ണമായും പാലിക്കല്‍, സ്വന്തം ഇഷ്ടങ്ങള്‍ക്കുപരി അല്ലാഹുവിന്റെ ഇഷ്ടങ്ങള്‍ക്ക് വില കല്പിക്കല്... ഇവ്വിധമെല്ലാം തഖ്വ വിവരിക്കപ്പെടുന്നുണ്ട്. മനുഷ്യരില്‍ ശ്രേഷ്ഠര്‍ തഖ്വയുള്ളവരാണെന്ന് ഖുര്‍ആന്‍ (49:13) പറയുന്നു. മനുഷ്യര്‍ക്ക് പരസ്പരം അറിയാന്‍ കഴിയാത്തതാണ് ഈ ശ്രേഷ്ഠത. തഖ്വ പരസ്യമായ, രഹസ്യമാണ്. രഹസ്യം സ്രഷ്ടാവിനേ അറിയൂ, അത്ഖാ എന്ന പദവി മനുഷ്യരില്‍ ശ്രേഷ്ഠതയാണ്. ഈ പദവിയിലേക്കുള്ള വളര്‍ച്ചയായിരിക്കണം നോമ്പ് അടക്കമുള്ള എല്ലാ ആരാധനകളുടെയും സദ്ഫലം.
``അല്ലാഹുവിന്റെ അപ്രീതിയെ സൂക്ഷിക്കുക എന്നതാണ് (തഖ്വ) പുണ്യം. നിങ്ങള്‍ അല്ലാഹുവിന് തഖ്വയുള്ളവരാകുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചേക്കാം'' (2:190-194). ``അല്ലാഹു തഖ്വയുള്ളവരോടൊപ്പമാണ്'' (2:193). ഹജ്ജ് നിയമങ്ങള്‍ വിവരിച്ചിടങ്ങളില് തഖ്വയെപ്പറ്റി പറയുന്നു (2:196, 2:203). ദാമ്പത്യ നിയമങ്ങള്‍ പറയുന്നിടത്തും തഖ്വ നിര്‍ദേശിക്കപ്പെടുന്നു. (2:223). വിവാഹമോചനം, മുലയൂട്ടല്‍ എന്നിവ സംബന്ധിച്ച് വിവരിക്കുന്നിടത്തും (2:231,233), വിവാഹമുക്തകള്‍ക്ക് മതാഅ് നിര്‍ദേശിക്കുമ്പോഴും (2:241) യുദ്ധകാര്യം പറയുമ്പോഴും (2:194) പലിശ വര്ജിക്കാന് ആജ്ഞാപിക്കുമ്പോഴും (2:278) സാമ്പത്തിക ഇടപാടുകള്‍ എഴുതി വെക്കാന്‍ നിര്‍ദേശിക്കുമ്പോഴും (2:282) തഖ്വ പരാമര്‍ശിക്കപ്പെടുന്നുണ്ട്. രഹസ്യഭാഷണങ്ങള്‍ പോലും തഖ്വ ലക്ഷ്യം വെച്ചാവണമെന്നും (58:9) നിര്‍ദേശിക്കുന്നു. വിവാഹമോചന നിയമങ്ങള്‍ പറയുന്നിടത്ത് മൂന്നുതവണ തഖ്വയുടെ ബഹുമുഖ ഫലങ്ങളെ ഉണര്‍ത്തുന്നുണ്ട് (അത്വലാഖ്)
പ്രത്യേകം ചില അനുഷ്ഠാനങ്ങളല്ല, തഖ്വ എന്നാണിതിന്റെ സൂചന. സവിസ്തരമായ പ്രപഞ്ച വീക്ഷണവും ജീവിത ശൈലിയുമാണ് തഖ്വ. നിഖില വഴികളിലും പുലര്‍ന്നു കാണേണ്ട സൂക്ഷ്മതാബോധമാണത്. പലതിലും പെട്ട് പലതും സംഭവിക്കാവുന്ന തഖ്വയെ ആദിമ വിശുദ്ധിയിലേക്ക് തിരികെ കൊണ്ടുവരാനാണ് ഇബാദത്തുകള്‍. മണിക്കൂറുകളെ നമസ്കാരം കൊണ്ടും ദിവസങ്ങളെ ജുമുഅ കൊണ്ടും മാസങ്ങളെ റമദാന് കൊണ്ടും വര്‍ഷങ്ങളെ ഹജ്ജുകൊണ്ടും സമ്പത്തിനെ സകാത്തുകൊണ്ടും ശുദ്ധീകരിക്കുന്നു. അനവദ്യസുന്ദരമായ പരിവര്‍ത്തനത്തിലേക്ക് ഇവയിലൂടെ നാം പരിണമിക്കുന്നു. വ്യക്തിയുടെ അതിസൂക്ഷ്മമായ ജീവിതത്തില്‍ പോലും ഇടപെട്ട് ശുദ്ധീകരണത്തിന്റെ പുതുമഴ ചൊരിയുകയാണ് അല്ലാഹു ചെയ്യുന്നത്. അല്ലാഹു വഴികാണിക്കുന്നു; മനുഷ്യന് വഴിമറക്കുന്നു. ഈ മറവിയെയാണ് ഇബാദത്തുകള്‍ കൊണ്ട് ചികിത്സിക്കുന്നത്. ഓരോന്നിനും വളരാന്‍ ഓരോ സീസണുണ്ട്. തഖ്വയുടെ സീസണാണ് റമദാന്.
റമദാന് ഹദീസുകളില്‍
സഹ്ലുബ്നു സഅ്ദ്(റ) പറയുന്നു: തിരുനബി(സ) പറഞ്ഞു: ``സ്വര്‍ഗത്തില്‍ റയ്യാന്‍ എന്നു പേരുള്ള ഒരു കവാടമുണ്ട്. അന്ത്യനാളില്‍ നോമ്പുകാര്‍ ആ കവാടത്തിലൂടെ കടന്നുപോവും. അവരല്ലാതെ മറ്റാരും അതിലൂടെ കടന്നുപോവുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വാതില്‍ അടയ്ക്കപ്പെടും. പിന്നീട് മറ്റാരും അതിലൂടെ കടക്കുകയില്ല.'' (ബുഖാരി 18967)
``ഇസ്ലാമിന്റെ കൈസ്വത്തും ദീനിന്റെ അടിത്തറയും മൂന്നു കാര്യങ്ങളാകുന്നു. അവയുടെ മുകളിലാണ് ഇസ്ലാം സ്ഥാപിക്കപ്പെട്ടത്. അവയില്‍ ഏതെങ്കിലുമൊന്ന് വല്ലവനുമുപേക്ഷിച്ചാല് അവന് അതിന്റെ നിഷേധിയുമായിത്തീരും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സാക്ഷ്യം വഹിക്കല്‍, നിര്‍ബന്ധ നമസ്കാരങ്ങള്‍, റമദാനിലെ വ്രതം എന്നിവയാണത്.'' (ഹൈഥമി: മജ്മൂഉസ്സവാഇദ്: 47)
``അല്ലാഹു അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തിലല്ലാതെ റമദാനില്‍ ആരെങ്കിലും ഒരു ദിവസത്തെ നോമ്പ് ഉപേക്ഷിച്ചാല്‍, പിന്നീട് ഏഴു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചാലും അതിന് പകരമാവുകയില്ല.''(ബൈഹഖി, ശുഅബു ഈമാന്‍ 3654)
``നോമ്പുകാരന് നോമ്പുതുറക്കുന്ന സന്ദര്‍ഭത്തില്‍ സ്വീകരിക്കപ്പെടുന്ന ഒരു പ്രാര്‍ഥനയുണ്ട്.'' (ഇബ്നുമാജ 1753)
``റമദാനിലെ രാത്രി നമസ്കാരത്തിന് നബി(സ) ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു; നിര്‍ബന്ധിച്ചിരുന്നില്ല. അവിടുന്ന് പറയും: വിശ്വാസത്തോടും പ്രതിഫലമോഹത്തോടും കൂടെ ഒരാള്‍ രാത്രി നമസ്കാരം നിര്‍വഹിച്ചാല്‍ അവന്റെ സംഭവിച്ചുപോയ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്'' (നസാഈ 4:129)
രോഗവും ഉപവാസവും
വ്രതം സാര്‍വത്രികമായ ചികിത്സാരീതിയാണ്. രോഗങ്ങളില്‍ പലതിനുമുള്ള ചികിത്സയാണ് ഭക്ഷണനിയന്ത്രണം. കാലാവസ്ഥയും തൊഴിലും പ്രായവും പരിഗണിച്ച് ആഹാരരീതി ക്രമീകരിക്കേണ്ടതുണ്ട്. വ്യായാമമില്ലാതെ, അമിത ഭക്ഷണം ശീലിക്കുന്നവര്ക്കാണ് വേഗത്തില്‍ രോഗങ്ങള്‍ പിടിപെടുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ളവരുടെ ആമാശയത്തിന്റെയും കുടലുകളുടെയും പ്രവര്‍ത്തനം പെട്ടെന്ന് മന്ദീഭവിക്കുന്നു. ഉദരത്തിലും വിസര്‍ജനേന്ദ്രിയ വ്യൂഹത്തിലും അമിതഭാരം അനുഭവപ്പെടുന്നു.
സുപ്രധാന അവയവമാണ് ആമാശയം. കുഴല്‍ പോലെയുള്ള ഇത്, ആഹാരം ചെല്ലുന്നതിനനുസരിച്ച് സഞ്ചിപോലെ വീര്‍ത്ത് നിറയും. ആമാശയത്തിനു മാത്രം 35,00,000 ഗ്രന്ഥികളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഓരോ ഗ്രന്ഥിയും മൂന്ന് കോശങ്ങള്‍ (Mucus cells, Peptic cells, Oxyntic cells) വീതമുണ്ട്. ആമാശയ ഗ്രന്ഥികള്‍ തലച്ചോറിനെയും നാഡീവ്യൂഹങ്ങളെയും സ്വാധീനിച്ചിരിക്കുന്നു. രണ്ടോ മൂന്നോ മണിക്കൂര്‍ ആഹാരം സംഭരിച്ചുവെച്ച് പചനപ്രക്രിയകള്ക്ക് വിധേയമാക്കുക എന്നതാണ് ആമാശയത്തിന്റെ പ്രധാന ധര്‍മം. മാംസം ഉള്‍പ്പെടെ വേവ് കുറഞ്ഞ പദാര്‍ഥങ്ങളും കൊഴുപ്പ് കൂടിയ ആഹാരവും ആമാശയത്തിന് അധ്വാനഭാരം ഇരട്ടിപ്പിക്കുന്നു.
ദഹനേന്ദ്രിയങ്ങള്‍ മന്ദീഭവിക്കുകയും വിരേചനശക്തി കുറയുകയും ചെയ്യുമ്പോള്‍ രോഗങ്ങള്‍ ഒന്നൊന്നായി പിടിപെടും. ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, ഉദരരോഗം, രക്തസമ്മര്‍ദം, ആസ്തമ, അള്‍സര്‍ എന്നിവയൊക്കെ ഇവയുടെ ഫലമായി സംഭവിക്കാം. കാപ്പിയും സിഗരറ്റും സാന്‍വിച്ചും ഒഴിവാക്കി ആഴ്ചയിലൊരു വട്ടം ഉപവാസം അനുഷ്ഠിച്ച് എയ്ഡ്സിനെ അതിജീവിച്ച റോജര്‍ എന്നയാളെക്കുറിച്ച് Rogers Recovery AIDS എന്ന ഗ്രന്ഥത്തില്‍ Bob Omen ഉദ്ധരിക്കുന്നുണ്ട്.
വ്രതത്തിലൂടെയും അകൃത്രിമ ജീവിതത്തിലൂടെയും രോഗങ്ങളെ അതിജീവിക്കാം. ഉപവാസം ആയുസ്സ് വര്‍ധിപ്പിക്കുമെന്നും ചില പഠനങ്ങളിലുണ്ട്. ജര്‍മനിയിലെ ഹാനോവറിലുള്ള മാക്സ് പ്ലാങ്ക് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി (CCMB) നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് കാണുന്നത്. ഉപവാസമനുഷ്ഠിക്കുമ്പോള്‍ മറ്റു പലതിനുമായി ഉപയോഗിക്കപ്പെടേണ്ട ഊര്‍ജം മനുഷ്യശരീരത്തില്‍ ശേഖരിക്കപ്പെടുമെന്നും ഇത് ശരീരത്തെ കൂടുതല്‍ ഭദ്രമാക്കുമെന്നും അതുവഴി ആരോഗ്യപൂര്‍ണമായ ജീവിതം ദീര്‍ഘകാലം ലഭിക്കുമെന്നുമാണ് പഠനം.
നിരാഹാരവേളയില്‍ കോശങ്ങളുടെ മരണം ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ആ കോശങ്ങള്‍ പോഷകാംശങ്ങള്‍ സ്വീകരിക്കാന്‍ കൂടുതല്‍ കരുത്ത് കാട്ടുന്നതായും പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടു. ഒരാള്‍ക്ക് എത്രത്തോളം ഉപവസിക്കാന്‍ കഴിയുമെന്നത് പല ഘടകങ്ങളെ ആശ്രയിക്കുന്നു. കോശങ്ങള്‍ നിര്‍ജീവമാകുന്നത് പൂര്‍ണമായും തടയാന്‍ കഴിയുന്ന ഉപവാസം മാസത്തില്‍ രണ്ടു ദിവസം അനുഷ്ഠിക്കണമെന്നും CCMBയുടെ ഡയറക്ടര്‍ ഡോ. പി ഡി ഗുപ്ത നിര്‍ദേശിക്കുന്നു.
മണിക്കൂറുകളോളം ഭക്ഷണം കഴിച്ചില്ലെങ്കിലും മുമ്പ് സ്വരൂപിച്ച ഊര്‍ജത്തിന്റെ വിനിയോഗത്തിലൂടെ ശരീരത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് മിക്കപ്പോഴും സ്ഥിരമാക്കാന്‍ കഴിയും. ഭക്ഷണം ദുര്‍ലഭമാകുന്ന അവസ്ഥയിലും ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്താനാണ് കാരുണ്യവാനായ സ്രഷ്ടാവ് ഇതൊരുക്കിയത്. ഉദരഭാഗത്തും മുതുകിലും പൃഷ്ടഭാഗത്തും മിച്ചമുള്ള ഊര്‍ജം സംഭരിക്കപ്പെടുന്നു. ഗ്ലൈക്കോജന്റെയും കൊഴുപ്പുകളുടെയും രൂപത്തില്‍ ഭക്ഷണം ലഭ്യമല്ലാതെ വരുമ്പോള്‍ ഈ സംവിധാനം വഴി ഗ്ലൈക്കോജനും കൊഴുപ്പും ഗ്ലൂക്കോസായും കൊഴുപ്പമ്ളമായും മാറ്റിയെടുത്ത് ഉപയോഗിക്കുന്നു.
അവികസിത രാജ്യങ്ങളിലെ പട്ടിണി മാറ്റാന്‍ വേണ്ടതിലധികം പണം, സമ്പന്ന രാഷ്ട്രങ്ങളിലെ പൊണ്ണത്തടി മാറ്റാന്‍ ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത്, ഉപവാസവും കൃത്യമായ വ്യായാമവുമാണ് മികച്ച പരിഹാരമെന്ന് നിര്‍ദേശിക്കപ്പെടുന്നു. റമദാനില്‍ നിര്‍ബന്ധമായും മറ്റുള്ളപ്പോള്‍ ഐച്ഛികമായും വ്രതം നിര്‍ദേശിക്കുന്ന ഇസ്ലാം, ആത്മാവിന്റെയും മനസ്ഥിതിയുടെയും നിര്മലീകരണമാണ് ഒരേ സമയം ഉന്നംവെക്കുന്നത്.
രാത്രിയല്ല, പകലിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. പോഷണത്തിന്നാവശ്യമായ ചയാപചയം ഉണര്‍ന്നിരിക്കുമ്പോഴും, ശരീരം പ്രവര്ത്തനനിരതമാകുമ്പോഴുമാണ് നടക്കുന്നത്. നോമ്പനുഷ്ഠിച്ച് പകലില്‍ ഉറങ്ങുകയാണെങ്കിലും ശരീരപരമായ പ്രയോജനങ്ങള്‍ ലഭിക്കില്ല. സുഖഭോഗങ്ങളിലെല്ലാം നിയന്ത്രണം പാലിച്ചാല്‍ മാത്രമേ മനുഷ്യന് ഭൗതികവും ആത്മീയവുമായ സൗഖ്യം കൈവരൂ. കൊഴുപ്പും മധുരവും ചിട്ടയില്ലാതെ ശരീരത്തിലെത്തുന്നതോടെ അകത്തുള്ള അനേകം വ്യവസ്ഥകള്‍ അപകടത്തിലാവും. വിശപ്പില്ലാതെ നിരന്തരം ഭക്ഷണം അകത്തെത്തിയാല്‍ നേരത്തെ സംഭരിച്ച ഊര്‍ജം വിനിയോഗിക്കപ്പെടാതെ, ശരീരവ്യവസ്ഥകള്‍ നിഷ്ക്രിയമാവുന്നു. അനേകം രോഗങ്ങളിലേക്കെത്തിക്കുന്ന പൊണ്ണത്തടി ആരംഭിക്കുന്നതിങ്ങനെയാണ്.
by പി എം എ ഗഫൂര്‍ @ ശബാബ് വാരിക
വ്രതത്തിന്റെ അകപ്പെരുമ
മറ്റു ഇബാദത്തുകളെ അപേക്ഷിച്ച് ശരീരത്തിന് കൂടുതല്‍ ക്ലേശമുണ്ടാക്കുന്നതാണ് നോമ്പ്. അതിന് കാരണം മനുഷ്യമനസ്സിനെ സംസ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുകയെന്നുള്ള അതിന്റെ ജോലി ഏറെ പ്രയാസകരമാണെന്നതാണ്. മനുഷ്യന്റെ ഏറ്റവും ശക്തമായ ആസക്തികളായ വിശപ്പ്, ലൈംഗികതൃഷ്ണ എന്നിവയെയാണ് അതിന് നിയന്ത്രിക്കാനും മെരുക്കാനുമുള്ളത്. അതുകൊണ്ട് തന്നെ അത് കഠിനവും പരുഷവുമാവുക സ്വാഭാവികം.
ദേഹേച്ഛകളുടെ സമ്മര്‍ദത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിച്ചെടുക്കുക എന്നതാണ് നോമ്പിന്റെ ഏറ്റവും വലിയ ധര്‍മം. ദേഹേച്ഛകളെ പുല്കുക എന്ന മനുഷ്യമനസ്സിന്റെ പ്രവണതയെ ദുര്‍ബലപ്പെടുത്തി, സന്തുലിതമായ ഒരവസ്ഥയില്‍ അതിനെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇസ്ലാം നോമ്പ് നിര്‍ബന്ധമാക്കിയത്. മനസ്സിനെ നിയന്ത്രിച്ച് ദൈവത്തിന്റെ നിയമപരിധികള്‍ക്ക് വിധേയമാക്കാന്‍ മനുഷ്യന്റെ ഇച്ഛാശക്തിക്ക് ശക്തി പകരുകയെന്നതും അതിന്റെ ലക്ഷ്യമാണ്. ഈ ഇരട്ടധര്മം നിര്വഹിക്കാനുള്ളതുകൊണ്ടു തന്നെ നോമ്പിന് വലിയ പ്രാധാന്യമാണുള്ളത്. നോമ്പിന്റെ അനുഗ്രഹങ്ങള്‍ക്കാകട്ടെ കയ്യും കണക്കുമില്ല.
ദേഹേച്ഛകളെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളുടെ മേല്‍ നോമ്പ് നിയന്ത്രണമേര്‍പ്പെടുത്തുന്നു. നോമ്പനുഷ്ഠിക്കുമ്പോള്‍ മനുഷ്യന്റെ തീറ്റയും കുടിയും ഉറക്കവുമെല്ലാം കുറയുന്നു. മറ്റുള്ള സുഖാസ്വാദനങ്ങള്‍ക്കു പോലും നിയന്ത്രണങ്ങള്‍ കൈവരുന്നു. ഇങ്ങനെയൊരു സവിശേഷത നോമ്പിനുള്ളതുകൊണ്ടാണ് അത് തനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം പറഞ്ഞത്. നോമ്പനുഷ്ഠിക്കുന്നവര്ക്ക് പ്രത്യേകമായ പ്രതിഫലവും അല്ലാഹു വാഗ്ദാനംചെയ്തിട്ടുണ്ട്. ഇസ്ലാമിലെ എല്ലാ അനുഷ്ഠാനങ്ങളും അല്ലാഹുവിന്നുള്ളതാണ്. എന്നാല്‍ വ്രതാനുഷ്ഠാനത്തിന് ചില പ്രത്യേകതകളുണ്ട്. ഭൗതികമായ എല്ലാ സുഖഭോഗങ്ങളും ത്യജിച്ച് അല്ലാഹുവോട് അടുക്കാനുള്ള പരിശ്രമമാണ് അതില്‍ നടത്തപ്പെടുന്നത്. ഇതിനുവേണ്ടി വളരെയധികം കഷ്ടപ്പാട് അവന് സഹിക്കുന്നുണ്ട്. ഇത്ര ക്ലേശം മറ്റൊരനുഷ്ഠാനത്തിനുമില്ല. ദാരിദ്ര്യം, വിരക്തി, നിസ്സംഗത, ഭൗതികപരിത്യാഗം, ദൈവത്തിലേക്കുള്ള ആഭിമുഖ്യം മുതലായ ഗുണങ്ങള്‍ മറ്റൊരനുഷ്ഠാനത്തിലും ഇത്രയധികം പ്രകടമാകുന്നില്ല. ഭൗതികലോകത്തിന്റെ സുഖലോലുപതകളില്‍ നിന്ന് മോചനംനേടി, ദൈവസാമീപ്യം ലഭിക്കണമെന്ന താല്പര്യത്തോടെ ഒരാള്‍ വ്രതാനുഷ്ഠാനത്തിന്റെ ക്ലേശങ്ങളത്രയും സഹിക്കുകയാണെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേകമായ സാമീപ്യത്തിനും നോമ്പിന്റെ പ്രതിഫലം അല്ലാഹുവില്‍ നിന്ന് പ്രത്യേകമായി ലഭിക്കുന്നതിനും അയാള്‍ അര്‍ഹനായിത്തീരും.
``അബൂഹുറയ്റ(റ) പറയുന്നു: നബി(സ) പറഞ്ഞു: അല്ലാഹു അരുള്‍ചെയ്തിട്ടുണ്ട്: മനുഷ്യന്റെ എല്ലാ കര്‍മങ്ങളും അവന് തന്നെയുള്ളതാണ്. എന്നാല്‍ നോമ്പ് എനിക്കുള്ളതാകുന്നു. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. നോമ്പ് ഒരു പരിചയാകുന്നു. നോമ്പനുഷ്ഠിച്ചവന് അശ്ലീലം പറയരുത്. വല്ലവരും വഴക്കിന് വന്നാല്‍ അവനോട്, ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളണം. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാളും സുഗന്ധമേറിയതാണ്. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് നോമ്പ് തുറക്കുമ്പോള്‍ അവന് ലഭിക്കും. രണ്ടാമത്തേത് അവന് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴും.''
മറ്റൊരു ഹദീസില്‍ കുറച്ചുകൂടി വിശദമായി പ്രതിപാദിക്കുന്നുണ്ട്: ``അല്ലാഹു പറഞ്ഞു: മനുഷ്യന് എനിക്കു വേണ്ടിയാണ് അന്നപാനീയങ്ങളും ലൈംഗികമോഹങ്ങളും ത്യജിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത്. നന്മകള്‍ക്ക് പത്തിരട്ടി പ്രതിഫലമുണ്ടാകും (മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍ നന്മകള്‍ക്ക് പത്തുമുതല്‍ എഴുനൂറ് വരെ ഇരട്ടിയെന്നാണുള്ളത്). മനുഷ്യന് അവന്റെ ഭക്ഷണവും പാനീയങ്ങളും ലൈംഗികമോഹങ്ങളും എനിക്കു വേണ്ടിയാണ് ഉപേക്ഷിക്കുന്നത്.''
നോമ്പ് തനിക്കുള്ളതാണെന്ന് അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞത്, അവന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനു വേണ്ടി മനുഷ്യന് തന്റെ വികാരങ്ങളെയും ആസക്തികളെയും പരിത്യജിക്കുന്നതുകൊണ്ടാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുകൊണ്ട് ഭൗതിക സുഖാനുഭൂതികളെ ത്യജിക്കുന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. നോമ്പിന് താന്‍ തന്നെയാണ് പ്രതിഫലം നല്‍കുന്നതെന്ന് അല്ലാഹു പറഞ്ഞതിന്റെ വിവക്ഷയിതാണ്: നന്മയ്ക്ക് പ്രതിഫലം നല്‍കുക എന്നത് അല്ലാഹു അവന്റെ ദാസന്മാര്ക്കു നല്കിയ കരാറും വ്യവസ്ഥയുമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പത്തുമുതല്‍ എഴുനൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുമെന്ന് അവന് അറിയിക്കുന്നുണ്ട്. എന്നാല്‍ വ്രതാനുഷ്ഠാനത്തെ അല്ലാഹു ഈ മാനദണ്ഡത്തിലല്ല ഉള്‍പ്പെടുത്തിയിട്ടുള്ളത്. അല്ലാഹുവിന് മാത്രം നിശ്ചയമുള്ള മറ്റേതോ മാനദണ്ഡമാണ് അവനതിന് വെച്ചിട്ടുള്ളത്. അല്ലാഹുവിന്റെ പ്രതിഫലം കൈപ്പറ്റുമ്പോള്‍ ഒരു നോമ്പുകാരന് ലഭിക്കുന്ന സംതൃപ്തിയാണ് ഉപരിസൂചിത ഹദീസുകളില്‍ സൂചിപ്പിച്ച നോമ്പുകാരന്റെ രണ്ടാമത്തെ സന്തോഷം.
തിന്മയെ തടയുന്നു
തിന്മകളെ നിയന്ത്രിക്കുന്നു എന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ മറ്റൊരു സവിശേഷത. ഹദീസുകളില്‍ പരാമര്‍ശിച്ചതനുസരിച്ച് തിന്മകളിലേക്ക് വഴിതുറക്കുന്ന രണ്ട് പ്രധാന കവാടങ്ങളാണ് വയറും ഗുഹ്യാവയവങ്ങളും. ഇവ മനുഷ്യരെ എന്തെല്ലാം അപകടങ്ങളിലാണ് കൊണ്ടെത്തിക്കുന്നത്. ഈ രണ്ട് വഴികളിലൂടെയാണ് പിശാച് മുഖ്യമായും മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. അവയെ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ നരകശിക്ഷയില്‍ നിന്ന് രക്ഷപ്പെടാം. പ്രവാചകന് പറയുന്നത് നോക്കൂ: ``സഅ്ലുബ്നു സഅ്ദ് (റ) പറയുന്നു: രണ്ട് താടിയെല്ലുകള്‍ക്കും രണ്ട് തുടകള്‍ക്കും ഇടയിലുള്ള അവയവങ്ങളെ സൂക്ഷിക്കാമെന്ന് ഉറപ്പുതരുന്നവര്‍ക്ക് സ്വര്‍ഗം ഞാന്‍ വാഗ്ദാനം ചെയ്യുന്നു.'' (ബുഖാരി, മുസ്ലിം)
ലൈംഗികബന്ധം മാത്രമല്ല ഇവിടെ നിഷിദ്ധമാകുന്നത്. മറിച്ച് ലൈംഗികശമനം നല്കുന്ന മറ്റു പ്രവൃത്തികളില്‍ നിന്നും അവയെ ഉദ്ദീപിപ്പിക്കുന്ന പ്രവൃത്തികളില്‍ നിന്നും നോമ്പുകാരന് വിട്ടുനില്ക്കേണ്ടതാണ്. കലഹം, കളവുപറയല്‍, പരദൂഷണം, ഏഷണി, അനാവശ്യ സംസാരം തുടങ്ങിയവയും നോമ്പിന്റെ വിശുദ്ധി നഷ്ടപ്പെടുത്തും. തഖ്വയോടെ നോമ്പനുഷ്ഠിക്കുന്നവന്റെ മുമ്പില്‍ പിശാച് നിസ്സഹായനായിരിക്കും. അവനെ യാതൊരു നിലയ്ക്കും സ്വാധീനിക്കാന്‍ പിശാചിന് സാധിക്കുകയില്ല. ``അബൂഹുറയ്റ(റ) പറയുന്നു: പ്രവാചകന് അരുള്‍ചെയ്തു: റമദാന് ആഗതമായാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയും പിശാച് ചങ്ങലക്കിടപ്പെടുകയും ചെയ്യുന്നതാണ്.'' (ബുഖാരി, മുസ്ലിം)
മനുഷ്യന് വിശപ്പും ദാഹവുമുണ്ടാകുമ്പോള്‍ കോപം വര്‍ധിക്കുക സ്വാഭാവികമാണ്. നിസ്സാരമായ പ്രകോപനങ്ങള്‍ക്ക് വരെ പെട്ടെന്ന് ചൂടാകും. ക്ഷിപ്രകോപികളായ ഇത്തരം ആളുകള്‍ക്ക് നോമ്പിലൂടെ തങ്ങളുടെ സ്വഭാവം മാറ്റിയെടുക്കാന്‍ സാധിക്കണം. കോപമുണ്ടാകുമ്പോഴും മറ്റുള്ളവര്‍ പ്രകോപനങ്ങളുണ്ടാക്കുമ്പോഴും `ഞാന്‍ നോമ്പുകാരനാണ്' എന്നു പറയുക. വികാരവിക്ഷുബ്ധനാകുന്നത് നോമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകും. എന്നാല്‍ പലരും നോമ്പിനെ പരിചയാക്കുന്നില്ല, മറിച്ച് വാളായി ഉപയോഗിക്കുകയാണവര്‍. നോമ്പ് അവര്‍ക്ക് ആത്മനിയന്ത്രണത്തിനുള്ള മാര്‍ഗമാകുന്നില്ല, പകരം മനസ്സിന്റെ വിക്ഷോഭങ്ങള്‍ക്കുള്ള ഒഴികഴിവാകുകയാണ്. ഭാര്യയോടും മക്കളോടും കയര്‍ക്കുകയും തട്ടിക്കയറുകയും ചെയ്തതിനുശേഷം, എന്തുചെയ്യാനാണ്, നോമ്പല്ലേ എന്ന് പറഞ്ഞ് `രക്ഷപ്പെടാനാണ്' ശ്രമിക്കുക. പ്രകോപനങ്ങളെ നോമ്പിന്റെ പരിചകൊണ്ട് തടയണം.
നോമ്പിനോടുള്ള ബഹുമാനം ശക്തമായി നില്ക്കുമ്പോള് ഏത് പ്രകോപനത്തെയും നേരിടാന്‍ നോമ്പുകാരന് സാധിക്കും. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ വരുമ്പോള്‍, ഞാന്‍ പിശാചിനു മേല്‍ വിജയം നേടിയിരിക്കുകയാണ് എന്ന ചിന്ത അയാള്‍ക്കുണ്ടാവണം. വിജയത്തെക്കുറിച്ച ഈ വിചാരം കോപത്തെ ആശ്വാസവും സമാധാനവുമാക്കി മാറ്റാന്‍ അയാള്‍ക്ക് പ്രേരണനല്കും.
നോമ്പ് മനുഷ്യമനസ്സില്‍ പരോപകാരചിന്ത വളര്‍ത്തും. ദരിദ്രരും പട്ടിണിക്കാരും മര്‍ദിതരുമായ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളെയും ദുഖങ്ങളെയും കുറിച്ച് ആലോചിക്കാന്‍ നോമ്പ് അവന് അവസരംനല്കും. വിശപ്പും ദാഹവും സഹിക്കുക വഴി അയാള്‍ പട്ടിണിക്കാരോട് ഏറെ അടുക്കുന്നു. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുന്നു. അവര്‍ക്കു വേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്ന ചിന്ത അയാളില്‍ അങ്കുരിക്കുന്നു. നോമ്പിന്റെ ഈ സദ്ഫലം ഓരോരുത്തരിലും അവരുടെ കഴിവിനും ശേഷിക്കുമനുസരിച്ചാണ് ഉടലെടുക്കുക. ചിലരില്‍ കൂടുതല്‍, ചിലരില്‍ അല്പം. എന്തായാലും യഥാര്‍ഥ ഗുണചൈതന്യത്തോടെ നോമ്പനുഷ്ഠിച്ചവനില്‍ ഈ സദ്ഫലമുണ്ടാവാതിരിക്കില്ല. തിരുനബി(സ) എല്ലാ കാലത്തും ദാനധര്‍മങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ റമദാനില്‍ അദ്ദേഹം ദാനധര്‍മങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ഇബ്നുഅബ്ബാസ് പറയുന്നു: ``നബി(സ) സാധാരണ കാലങ്ങളില്‍ അങ്ങേയറ്റം ഉദാരശീലനായിരുന്നു. എന്നാല്‍ റമദാനില്‍ അദ്ദേഹം അടിമുടി ഔദാര്യവാനാകുമായിരുന്നു.'' (ബുഖാരി, മുസ്ലിം)
ആത്മ വിശുദ്ധിക്ക്
തഖ്വയാണ് വ്രതത്തിന്റെ പരമമായ ലക്ഷ്യം. റമദാനിന്റെ രാപ്പകലുകളില്‍ തഖ്വ നിലനിര്‍ത്താനായില്ലെങ്കില്‍ വ്രതം പാഴായി എന്നാണര്‍ഥം. വ്രതം മനുഷ്യന്റെ ഇച്ഛാശക്തിക്ക് മികച്ച പരിശീലനം നല്കുന്നു. ദുര്‍ബലമായ ഇച്ഛാശക്തിയുള്ളവര്‍ പലപ്പോഴും പതറിപ്പോകും. കോപം വന്നാല്‍ നിയന്ത്രിക്കാനാവാതിരിക്കുക, വല്ല വസ്തുവാലും ആകര്‍ഷിക്കപ്പെട്ടാല്‍ അതില്‍ പ്രലോഭിതരാകുക, നിരുത്സാഹപ്പെടുത്തുന്ന വല്ലതും കേട്ടാല്‍ പെട്ടെന്ന് നിരാശരാകുക ഇങ്ങനെ ദുര്‍ബലമായ ഇച്ഛാശക്തിയുള്ളവര്‍ ധാരാളമുണ്ട്. അതിനിസ്സാരമായ കാര്യങ്ങള്‍ പോലും അവര്‍ക്ക് ദുഷ്കരമായിരിക്കും. നല്ല ക്ഷമ ആവശ്യമായതും തിന്മകളില് നിന്ന് തടയുന്നതുമായ മതാധ്യാപനങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് പ്രയാസമേറെയായിരിക്കും. ഈ ക്ഷമയാണ് നോമ്പ് പരിശീലിപ്പിക്കുന്നത്. ഈ ക്ഷമയില്‍ നിന്നു തന്നെയാണ് നോമ്പിന്റെ അടിസ്ഥാനലക്ഷ്യമായ തഖ്വ ഉത്ഭൂതമാകുന്നതും. ``വിശ്വസിച്ചവരേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നിര്ബന്ധമാക്കിയിരുന്നതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്വയുള്ളവരാകാന്‍ വേണ്ടി.'' (വി.ഖു. 2:183)
അല്ലാഹു വിലക്കിയ കാര്യങ്ങള്‍ വര്‍ജിക്കുകയും കല്പിച്ചത് അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ജീവിതത്തെ കാത്തുസൂക്ഷിക്കുന്നതാണല്ലോ തഖ്വ. നമസ്കാരം ജീവിതത്തില്‍ വരുത്തുന്ന പരിവര്‍ത്തനത്തെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത്, അത് മനുഷ്യനെ മ്ലേച്ഛവും ദുഷ്ടവുമായ പ്രവൃത്തികളില്‍ നിന്ന് വിലക്കുമെന്നാണ്. വ്രതമനുഷ്ഠിക്കാന്‍ ആജ്ഞാപിക്കുന്ന ഖുര്‍ആന്‍ വചനത്തിലും തഖ്വയുടെ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സമൂഹത്തില്‍ മതഭക്തി വര്ധിച്ചുവരുന്നുവെന്നത് ആര്‍ക്കും ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയും. ബഹുഭൂരിപക്ഷം നമസ്കരിക്കുന്നു. പതിവായി നമസ്കരിക്കാത്തവര്‍ തന്നെ മിക്കവരും ജുമുഅകളില് പങ്കെടുക്കുന്നു. തീരെ നിഷ്ഠ കുറഞ്ഞവര്‍ പോലും റമദാനിലെ ജുമുഅകള്‍ പാഴാക്കുന്നില്ല. നോമ്പിന്റെ കാര്യത്തിലും സമൂഹം സജീവ താല്പര്യം കാണിക്കുന്നു. റമദാനില്‍ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുന്ന മുസ്ലിംകളുടെ എണ്ണത്തിലും കുറവുണ്ട്. എന്നാല്‍ തഖ്വയുടെ വിഷയത്തില്‍ സമൂഹം ഇപ്പോഴും വളരെ പിറകിലാണ്.
ജീവിതരംഗങ്ങളില്‍ ദുഷിച്ച വാക്കുകളും പ്രവൃത്തികളും വര്‍ജിക്കാനുള്ള സന്നദ്ധത നമസ്കാരത്തിലൂടെയും നോമ്പിലൂടെയും വിശ്വാസികള്‍ കൈവരിക്കണം. അല്ലാത്തപക്ഷം അവരുടെ അനുഷ്ഠാനങ്ങള്‍ സഫലമാകുകയില്ലെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മദ്യപാനവും വ്യഭിചാരവുമുള്പ്പെടെ ചെറുതും വലുതുമായ നിരവധി പാപങ്ങള്‍ ചെയ്യുന്ന ധാരാളം പേര് മുസ്ലിം സമുദായത്തിലുണ്ട്. ശീലങ്ങളെയും സ്വഭാവങ്ങളെയും സ്വാധീനിക്കാത്ത, യാന്ത്രികമായ അനുഷ്ഠാനങ്ങള്‍ തങ്ങളെ മോക്ഷത്തിലേക്ക് നയിക്കുമെന്നിവര് കരുതുന്നു. ചിലര്‍ മദ്യം, വ്യഭിചാരം തുടങ്ങിയവയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ആരാധനകള്‍ കൃത്യമായി നിര്‍വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ പരദൂഷണം, അപവാദം, ഏഷണി, വാഗ്ദാനലംഘനം, ഇടപാടുകളിലെ കൃത്രിമങ്ങള്‍ തുടങ്ങിയ പാപങ്ങളില്‍ യാതൊരു കുറ്റബോധവുമില്ലാതെ മുഴുകുകയും ചെയ്യുന്നു. വ്യാജമായ വാക്കും തദനുസൃതമായ പ്രവൃത്തികളും ഒഴിവാക്കാന്‍ സന്നദ്ധതയില്ലാത്ത വ്യക്തി ആഹാരപാനീയങ്ങള്‍ ഉപേക്ഷിച്ച് നോമ്പെടുക്കണമെന്ന് അല്ലാഹുവിന് യാതൊരാവശ്യവുമില്ല എന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. സത്യസന്ധമല്ലാത്ത സംസാരക്കാരെയും സത്യവിരുദ്ധമായ വ്യവഹാരക്കാരെയും സംബന്ധിച്ചാണീ പരാമര്‍ശം.
നോമ്പനുഷ്ഠിച്ചുകൊണ്ടു തന്നെ കള്ളംപറയുകയും കള്ളക്കച്ചവടം നടത്തുകയും ചെയ്യുന്ന നിരവധി പേര് നമുക്കിടയിലുണ്ട്. നോമ്പ് മുറിയുന്ന കാര്യത്തില്‍ അവര്‍ക്ക് ശ്രദ്ധയുണ്ടായിരിക്കുമെങ്കിലും ധര്‍മനിഷ്ഠ പാലിക്കാന്‍ അവര്‍ തയ്യാറാകാറില്ല. തിന്മകളില് നിന്ന് പിന്മാറാന് പ്രചോദനമരുളാത്ത നോമ്പ് ജീവനില്ലാത്ത ഒരു ആചാരം മാത്രമായിരിക്കും എന്ന് ഇത്തരക്കാര്‍ മറന്നുപോകുന്നു. നോമ്പ് മുറിയുമെന്ന് കരുതി പുകവലി ഉപേക്ഷിക്കുന്നവര്‍ നോമ്പ് തുറന്ന ഉടനെ തന്നെ സിഗരറ്റ് കത്തിച്ചുവലിക്കുന്നു. ദുശ്ശീലങ്ങളില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കാന് ഈ നോമ്പ് പര്യാപ്തമായില്ല എന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ദുശ്ശീലങ്ങളും ദുഷ്ചെയ്തികളും വെടിയാത്തവന്റെ നോമ്പ് സഫലമാകുകയില്ല. നീചവൃത്തികളില്‍ നിന്നും അനാവശ്യ സംസാരങ്ങളില്‍ നിന്നും നോമ്പുകാരന് പിന്മാറണം. വ്രതദിനരാത്രങ്ങള് പുണ്യങ്ങള്‍ കൊണ്ട് പൂത്തുലയണം. ഓരോ പുണ്യത്തിനും അനേകം മടങ്ങ് പ്രതിഫലമാണ് റമദാനില്‍ നല്കപ്പെടുക.
ആത്മസംസ്കരണത്തിലൂന്നിയായിരുന്നു പ്രവാചകന്റെ പ്രബോധനം. ഏതൊരു കാര്യത്തെയും അവിടുന്ന് സമീപിച്ചത് തുറന്ന ഹൃദയത്തോടെയായിരുന്നു. തന്റെ ചുറ്റും കൂടിയവര്‍ക്കത് ബോധ്യമായതോടെ ക്രമേണ അവര്‍ അദ്ദേഹത്തില്‍ ആകൃഷ്ടരായി. നിര്‍ബന്ധിക്കാതെയും അടിച്ചേല്പിക്കാതെയും സ്വയം സന്നദ്ധരായ ഒരു തലമുറ അവിടെ ജന്മം കൊണ്ടു. ലോകം പിന്നീടൊരിക്കലും കണ്ടിട്ടില്ലാത്ത, ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്ത വിശുദ്ധിയുടെ ഒരു തലമുറ! ആത്മവിശുദ്ധിയില്‍ എല്ലാം സ്വച്ഛമാക്കിത്തീര്ത്ത അനുയായികള്‍. ലക്ഷണമൊത്തൊരു ജനത. വ്രതപരീക്ഷയില് അവര്‍ സര്‍വവും നേടി. നോമ്പനുഷ്ഠിച്ചാണവര് ബദ്റിലേക്ക് പോയത്. ലോകം കണ്ടതിലേറ്റവും അത്ഭുതകരമായ വിജയവുമായവര് തിരിച്ചുവന്നു. അത്തരം അനേകം പരീക്ഷണങ്ങള്‍ക്കവര്‍ വിശുദ്ധറമദാനില്‍ വിധേയരായി. ഒന്നിലും അവര്‍ തോറ്റുകൊടുത്തില്ല. വ്രതവിശുദ്ധിയില്‍ ആത്മസംസ്കരണമവര് നേടി. ഇതില്പരം മാതൃക വേറെ വേണ്ടതില്ല.
പാപമോചനവും വന്‍ പ്രതിഫലവും വിശ്വാസികള്‍ക്ക് ദൈവത്തിന്റെ വാഗ്ദാനമാണല്ലോ. ആത്മവിശുദ്ധിയിലൂടെ അത് നേടിയെടുക്കണം. അര്‍പ്പണം, വിശ്വാസം, ഭക്തി, സത്യസന്ധത, ക്ഷമ, വിനയം, ദാനധര്‍മം, വിരക്തി, ലൈംഗികവിശുദ്ധി, ദൈവസ്മരണ എന്നീ ഗുണങ്ങള്‍ സമഞ്ജസമായി സമ്മേളിച്ച നോമ്പുപോലൊരു കര്‍മം ഇസ്ലാമില്‍ വേറെയില്ല. ``എല്ലാം അല്ലാഹുവിലര്‍പ്പിച്ച സ്ത്രീപുരുഷന്മാര്, നിഷ്കളങ്ക വിശ്വാസികളായ സ്ത്രീ പുരുഷന്മാര്, ഭക്തിയുള്ളവരായ സ്ത്രീപുരുഷന്മാര്, സത്യസന്ധരായ സ്ത്രീപുരുഷന്മാര്, സഹനശീലരായ സ്ത്രീപുരുഷന്മാര്, വിനയാന്വിതരായ സ്ത്രീ പുരുഷന്മാര്, ധര്‍മനിഷ്ഠരായ സ്ത്രീ പുരുഷന്മാര്, വ്രതാനുഷ്ഠാനികളായ സ്ത്രീപുരുഷന്മാര്, ലൈംഗികവിശുദ്ധരായ സ്ത്രീപുരുഷന്മാര്, നിരന്തര ദൈവസ്മരണയില്‍ മുഴുകിയ സ്ത്രീ പുരുഷന്മാര് തീര്‍ച്ചയായും അവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തരമായ പ്രതിഫലവും സജ്ജമാക്കിയിരിക്കുന്നു'' (വി.ഖു. 33:35). വിശുദ്ധഖുര്‍ആനും കുറ്റമറ്റ പ്രവാചകവചനങ്ങളും വ്രതാനുഷ്ഠാനത്തിന്റെ ബാഹ്യവും ആന്തരികവുമായ ചൈതന്യങ്ങളെക്കുറിച്ച് വിവരിച്ചതെല്ലാം മേല്പറഞ്ഞ പത്തുകാര്യങ്ങളില്‍ ഉള്‍ക്കൊണ്ടതായി വ്യക്തമാകുന്നു.
ഖല്‍ബുന്‍ സലീം
വ്രതം നിര്‍ബന്ധമാക്കിയ ആയത്തില്‍ (2:183-185) ശ്രദ്ധേയമായ രണ്ടു പരാമര്‍ശങ്ങളുണ്ട്. `നിങ്ങള്‍ ധര്‍മജീവിതം നയിക്കുന്നവരാകാന്‍' എന്നതാണ് ഒന്നാമത്തേത്. ദോഷബാധയെ സൂക്ഷിക്കുക എന്നാണിതിന്റെ വിവക്ഷ. നോമ്പനുഷ്ഠിച്ചവന് പാപത്തിലകപ്പെടില്ല. തിരുനബി(സ) അരുളി: ``ഒരു റമദാന് മറ്റൊരു റമദാന് വരെയുള്ള പാപങ്ങള്‍ക്ക് (വന്‍പാപങ്ങള്‍ ചെയ്യാത്തിടത്തോളം) പ്രായശ്ചിത്തമത്രെ'' (അഹ്മദ്, ബൈഹഖി). ആത്മസംസ്കരണം നേടിയവനു മാത്രമെ പാപം ചെയ്യാതിരിക്കാന്‍ കഴിയൂ. വ്രതാനുഷ്ഠാനം കൊണ്ട് ബാഹ്യവും ആന്തരികവുമായ അഴുക്കുകള്‍ കഴുകപ്പെടണമെന്നാണ് അല്ലാഹു അനുശാസിക്കുന്നത്.
185ാം വചനത്തില്‍ പറയുന്ന ``നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാനും വേണ്ടിയാണ് ഇങ്ങനെ കല്പിച്ചിട്ടുള്ളത്'' എന്നതാണ് രണ്ടാമത്തെ പരാമര്‍ശം. അല്ലാഹുവിന്റെ ബര്കത്തുകളാല് അനുഗൃഹീതനാണ് മനുഷ്യന്. ജീവിതകാലം മുഴുവന്‍ നന്ദികാണിച്ചാലും തീരാത്തത്ര അനുഗ്രഹങ്ങള്‍ സദാ അവന് ആസ്വദിക്കുന്നു. വായുവും വെള്ളവും അന്നവും തുടങ്ങി എണ്ണമറ്റ അനുഗ്രഹങ്ങള്‍! അനുഗ്രഹങ്ങള്‍ക്കു നന്ദി കാണിക്കാന്‍ തയ്യാറുള്ള ഹൃദയത്തെയാണ് ഖല്‍ബുന്‍സലീം (നിര്‍മലഹൃദയം) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഖല്ബുന്സലീമില്ലാതെ വിചാരണ നാളില്‍ രക്ഷയില്ല. അതുള്ളവന്റെ സമ്പത്തിനും സന്തതികള്‍ക്കും മാത്രമേ പരലോകത്ത് എന്തെങ്കിലും ഫലം പ്രദാനം ചെയ്യൂ (വി.ഖു. 26:88, 89) എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഒരു നോമ്പുകാരന് വ്രതത്തിലൂടെ ഖല്‍ബുന്‍സലീം ഉണ്ടാക്കണമെന്നു നിഷ്കര്‍ഷിക്കുന്നു. അതുണ്ടായാല്‍ അവന് നന്ദിയുള്ള യഥാര്‍ഥ ദൈവദാസനായിത്തീരും.
by അബ്ദുല്‍ഹാദി @ shabab weekly
Popular Posts
-
ഏതാനും ദിവസം മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവയ്ക്കട്ടെ. വീട്ടാവശ്യത്തിന് ഇറക്കിയ മണലില്‍ നിന്ന് അയല്‍വാസിക്ക് അല്പം വായ്പയായി വേണം. അത...
-
കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മമായും ഇസ്ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള ...
-
ശംസുദ്ദീന്‍ പാലക്കോട് വിശുദ്ധ ഖുര്‍ആനിന് ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്തിമ വേദഗ്രന്ഥത്ത...
-
തൊഴിലിനെക്കുറിച്ച് ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു...
-
മുഹമ്മദ്നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ...
-
ശൈശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്...
-
ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാ...
-
കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ ...
-
അബ്ദുര്‍റഹ്മാന്‍ മങ്ങാട് പ്രവാചകപത്നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കിയ വാര്‍ത്തയുമായി ഒരു ദൂതന് വ...
-
അന്‍വര്‍ അഹ്മദ് മതമൈത്രിക്ക് പേര് കേട്ട ദേശമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ...