പ്രവാചകനിന്ദയും പ്രവാചകസ്‌നേഹവും

അനുപമായ പ്രവാചക വ്യക്തിത്വത്തെയും ദൈവവചനങ്ങളായ വിശുദ്ധ ഖുര്‍ആനിനെയും അവമതിച്ചുകൊണ്ട്‌ ഒന്നുരണ്ട്‌ പതിറ്റാണ്ടു മുമ്പ്‌ ഒരു മലയാളി യുക്തിവാദി ഒരു വിമര്‍ശനപഠനം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. മലയാളക്കരയിലെ മുസ്‌ലിംകള്‍ അതിനെ ധൈഷണികമായി നേരിട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മുസ്‌ലിം നാമധാരി വിശുദ്ധ ഖുര്‍ആനിനെയും പ്രവാചക വചനങ്ങളെയും `ചെകുത്താന്റെ വാക്കുകള്‍' ആയി ചിത്രീകരിച്ചുകൊണ്ട്‌ രചന നടത്തി. തീവ്രവാദിയായ ഒരു ഭരണാധികാരി അദ്ദേഹത്തെ വധാര്‍ഹനായി പ്രഖ്യാപിച്ചതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം ആ നാലാംകിട സാഹിത്യം വിശ്വോത്തരമായിത്തീര്‍ന്നു! ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രവാചക വ്യക്തിത്വത്തെ തേജോഹത്യ ചെയ്യാന്‍ വേണ്ടി ഡെന്മാര്‍ക്കിലെ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ക്കെതിരെ ലോകത്താകമാനം പ്രതിഷേധം അടിച്ചുവീശി. ഈയിടെ ഒരു കോളെജധ്യാപകന്‍ `പഠനപ്രവര്‍ത്തന'ത്തിനുള്ള മാധ്യമമായി പ്രവാചകനിന്ദ ഉപയോഗിച്ചതും അനന്തരപ്രശ്‌നങ്ങളും നമ്മുടെ മുന്നിലുണ്ട്‌.

അല്ലാഹുവിന്റെ സന്ദേശത്തെയും സന്ദേശവാഹകനെയും (റസൂല്‍) ആയപരമായി നേരിടാന്‍ കഴിയാതെ വരുമ്പോള്‍ എതിരാളികള്‍ ഏതു കാലത്തും ചെയ്‌തുപോന്നതാണ്‌ പ്രവാചകനിന്ദ എന്നത്‌. നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‌ക്കുന്നു. സമകാല സംഭവങ്ങളായ ചിലത്‌ സൂചിപ്പിച്ചുവെന്നു മാത്രമേയുള്ളൂ. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത്‌ ഒന്നുകില്‍ ഇതര മതവിശ്വാസികളായ തീവ്രവാദികളോ അല്ലെങ്കില്‍ മതനിഷേധികളായ യുക്തിവാദികളോ ആണ്‌. ഏതെങ്കിലും തരത്തില്‍ പെട്ട ഒരാള്‍ മുഹമ്മദ്‌ നബി(സ)യെ ഇകഴ്‌ത്താന്‍ ശ്രമിക്കുന്നത്‌ ഒരു സത്യവിശ്വാസിക്ക്‌ സഹിക്കാനാവില്ല. വിശ്വാസികള്‍ക്ക്‌ പ്രവാചകനുമായി അത്രമാത്രം ആത്മബന്ധമുണ്ട്‌ എന്നതാണതിനു കാരണം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാള്‍ അടുത്ത ആളാകുന്നു.

അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളാകുന്നു'' (35:6). എങ്ങനെയാണ്‌ ഈ അടുപ്പവും കടപ്പാടും പാലിക്കപ്പെടേണ്ടത്‌ എന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി സ്‌മരിക്കുകയും ചെയ്യുന്നവര്‍ക്ക്‌'' (35:21). ``നിങ്ങള്‍ക്ക്‌ റസൂല്‍ നല്‌കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. ഏതൊന്നില്‍ നിന്ന്‌ റസൂല്‍ നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ വിട്ടുനില്‌ക്കുകയും ചെയ്യുക'' (59:7). അഥവാ സത്യവിശ്വാസി തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നത്‌ പ്രവാചകന്റെ ജീവിത മാതൃകയനുസരിച്ചാണ്‌ എന്നര്‍ഥം.
ഈ ദൗത്യം വളരെ കൃത്യമായി പാലിച്ചവരായിരുന്നു റസൂലിന്റെ അനുചരന്മാര്‍ അഥവാ സ്വഹാബികള്‍. അവര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഒപ്പിയെടുത്തു സ്വാംശീകരിച്ചു. തങ്ങളുടെ ജീവനെക്കാള്‍ അവര്‍ പ്രവാചകനെ സ്‌നേഹിച്ചു; ആദരിച്ചു. അദ്ദേഹത്തിനെതിരെ വന്ന ആക്ഷേപ ശരങ്ങള്‍ക്ക്‌ മറുപടി പറയുക മാത്രമല്ല, അദ്ദേഹത്തിനു നേരെ വന്ന അസ്‌ത്രങ്ങള്‍ സ്വദേഹം കൊണ്ട്‌ തടുത്തു. പിന്മുറക്കാരായ നമ്മുടെ മുന്നില്‍ പ്രവാചകന്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹം കാണിച്ചുതന്ന ജീവിതമാതൃക (സുന്നത്ത്‌) അനശ്വരമായി നിലനില്‌ക്കുന്നു. അത്‌ പിന്‍പറ്റുകയും അതിന്റെ മഹത്വങ്ങള്‍ ലോകത്തിനു കാണിച്ചുകൊടുക്കുകയും ആ അനുപമ വ്യക്തിത്വത്തിനു നേരെ വരുന്ന നിന്ദാ ശരങ്ങള്‍ സമചിത്തത കൈവിടാതെ നേരിടുകയും വേണം.

നിര്‍ഭാഗ്യവശാല്‍ ജാജ്ജ്വലമായ ആ ജീവിതസരണിയിലൂടെ മുന്നോട്ടുനീങ്ങാന്‍ പ്രവാചകന്റെ അനുയായികള്‍ക്കു തന്നെ സാധിക്കുന്നില്ല. ഇസ്‌ലാം എന്നത്‌ പാരമ്പര്യവും നാട്ടുനടപ്പുമാണ്‌ എന്ന്‌ തെറ്റിദ്ധരിപ്പിച്ച മുസ്‌ലിം ഭൂരിപക്ഷത്തിന്‌ നബിചര്യ എന്താണെന്ന്‌ അജ്ഞാതമാണ്‌. എന്നാല്‍ ഏതെങ്കിലും ഭാഗത്തുനിന്ന്‌ പ്രവാചകനിന്ദ ഉണ്ടായി എന്നു കേട്ടാല്‍ വൈകാരികമായി പ്രതികരിക്കാന്‍ അവര്‍ മുന്നോട്ടുവരുന്നു. ഇത്‌ വലിയ വിരോധാഭാസമാണ്‌.

പ്രവാചകനെ സ്‌നേഹിക്കുക എന്നാല്‍ അദ്ദേഹത്തെ ശരിയാംവണ്ണം പിന്‍പറ്റലാണ്‌ എന്ന സത്യം മനസ്സിലാക്കാതെ ഇതര മതക്കാരും മറ്റു ചില പ്രസ്ഥാനക്കാരും തങ്ങളുടെ ആചാര്യന്മാരോടു പുലര്‍ത്തുന്ന ബന്ധമാണ്‌ അന്ത്യപ്രവാചകനോട്‌ ചില മുസ്‌ലിംകള്‍ പുലര്‍ത്തുന്നത്‌. ഭാഗ്യന്തരേണ ഈ നിലപാട്‌ പ്രവാചക സ്‌നേഹത്തിനുപകരം പ്രവാചക നിന്ദയായിത്തീരുകയാണെന്ന വസ്‌തുത അവരറിയാതെ പോകുന്നു.

അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ റബീഉല്‍ അവ്വല്‍ മാസത്തില്‍ മുസ്‌ലിം സമൂഹത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രവാചക ജയന്തി ആഘോഷം. മുഹമ്മദ്‌ നബി(സ) ജീവിതത്തിലൊരിക്കലും തന്റെ ബെര്‍ത്ത്‌ഡേ ആഘോഷിച്ചിട്ടില്ല. പ്രവാചകനെ ജീവനെക്കാള്‍ സ്‌നേഹിച്ച ഖലീഫമാരോ സ്വഹാബികളോ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനം ആചരിച്ചില്ല. സ്വഹാബിമാരില്‍ നിന്ന്‌ നേരിട്ട്‌ ദീന്‍ പഠിച്ച സച്ചരിതരായ മുന്‍ഗാമികള്‍ (സലഫുസ്സ്വാലിഹ്‌) ജന്മദിനാഘോഷം എന്തെന്നറിഞ്ഞിട്ടില്ല. രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ മുസ്‌ലിം സമൂഹത്തെ വൈജ്ഞാനികമായി നയിച്ചവരും പില്‍ക്കാലത്ത്‌ മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെട്ടവരുമായ മഹാന്മാരോ അവരുടെ ശിഷ്യരോ ഈ നൂതനകര്‍മം ചെയ്‌തിട്ടില്ല.

പ്രവാചക വിയോഗം കഴിഞ്ഞ്‌ നൂറ്റാണ്ടുകള്‍ക്കു ശേഷം ഉണ്ടായ നബിദിനാഘോഷം എന്ന നൂതനാചാരം പുണ്യകരമായ മത കര്‍മമാണെന്ന രീതിയില്‍ ചിലര്‍ അനുഷ്‌ഠിക്കുന്നത്‌ ഖേദകരമാണ്‌. ഇത്തരം പുതിയ മതാചാരങ്ങള്‍ക്കാണ്‌ ബിദ്‌അത്ത്‌ എന്ന്‌ സാങ്കേതികമായി പറയപ്പെടുന്നത്‌. ബിദ്‌അത്തുകള്‍ വഴികേടിലാണ്‌ എന്നാണ്‌ പ്രവാചകന്റെ മുന്നറിയിപ്പ്‌. സമൂഹത്തില്‍ കാണുന്നത്‌ വിവേചനമില്ലാതെ വാരിപ്പുണരുന്ന മുസ്‌ലിം സമുദായത്തോട്‌ ഇക്കാര്യത്തില്‍ സ്‌നേഹബുധ്യാ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ്‌ പ്രബോധകന്മാരുടെ ബാധ്യത.

from SHABAB editorial

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts