സംതൃപ്തമായ ജീവിതത്തിന് ഭീമമായ പണം ചെലവഴിച്ച് പരിശീലനത്തിന് പോകുന്നത് നാം പലരിലും കാണുന്നു. മനസ്സംഘര്‍ഷങ്ങളില്ലാതെ ജീവിക്കാനുള്ള ഒറ്റമൂലി പരസ്യങ്ങള്‍, വിവിധ കോഴ്‌സുകളും പാക്കേജുകളും. പരസ്പരമുള്ള സംസാരങ്ങളില്‍ മിക്കതും അസന്തുലിത മനസ്സിന്റെ നൊമ്പരങ്ങളാണ്. ജീവിത പരീക്ഷണങ്ങളില്‍ ചൈതന്യം ചോര്‍ന്നുപോയവര്‍. ശാരീരികാരോഗ്യം ശക്തമാണെങ്കിലും തകര്‍ന്ന മനസ്സുകളുടെ ഉടമകളായി ജീവിക്കുന്നു.
ജീവിതത്തില്‍ ഭൗതികാഭിവൃദ്ധിയും 'ഐശ്വര്യ മാനദണ്ഡങ്ങളും' ധാരാളമുണ്ടെങ്കിലും കൊച്ചു കൊച്ചു തിക്താനുഭവങ്ങളില്‍ അസ്വസ്ഥരാകുന്ന മനുഷ്യര്‍. ദൈവവിശ്വാസം വഴി ലഭ്യമാവേണ്ട നിര്‍ഭയത്വം നഷ്ടപ്പെട്ട് കണ്ണുനീര്‍ വാര്‍ത്ത് കഴിയുന്നവര്‍. എല്ലാവരും വിധിയോട് വിരോധം തീര്‍ത്തും പഴിച്ചും കാലചക്രം മുന്നോട്ട് തിരിക്കുകയാണ്.
കഴിഞ്ഞ മാസം കൂടുതല്‍ സമയവും ചെലവഴിക്കേണ്ടി വന്നത് രോഗം, ആശുപത്രി തുടങ്ങിയ മേഖലകളിലായിരുന്നു. അപൂര്‍വം ആളുകള്‍ മാത്രമാണ് തികഞ്ഞ മനസ്സമാധാനം അനുഭവിക്കുന്നവരായിട്ടുള്ളത്. പരിവേദനങ്ങളും പരാതികളുമാണ് കൂടുതല്‍. പരമദയാലുവായ സ്രഷ്ടാവിന്റെ പരിപക്വമായ നിശ്ചയങ്ങളോട് പുഞ്ചിരിക്കാന്‍ മനശ്ശക്തിയുള്ളവര്‍ തുലോം പരിമിതം. 'എന്തിന് എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നു' വെന്നാണ് മുഖങ്ങള്‍ അധികവും വിളിച്ചുപറയുന്നത്.
നാഥനെ തിരിച്ചറിയുകയാണ് മനസ്സമാധാനത്തിന്റെ മുഖ്യഘടകം. ജീവിതത്തിലെ പരീക്ഷണങ്ങളിലാണ് സമാധാനത്തിന് പകിട്ട് കുറയുന്നത്. അത് കൊണ്ടുതന്നെ പരീക്ഷണങ്ങള്‍ എന്തുകൊണ്ട്? എന്ന് ബോധ്യപ്പെടേണ്ടത് അനിവാര്യമാണ്. സ്രഷ്ടാവിനെ ശരിയായി ഗ്രഹിക്കുകയല്ലാത്ത മറ്റു 'ഒറ്റമൂലി'കളെല്ലാം സ്ഥായിയായ പരിഹാര മാര്‍ഗങ്ങളല്ല.
ഇമാം ഗസ്സാലി(റ) ഇഹ്‌യാ ഉലുമുദ്ദീനില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. 'അല്ലാഹുവിനെ അറിയുക' മുസ്‌ലിമിന്റെ ബാധ്യതയാണ്. പക്ഷേ, അവന്‍ അറിയാതെ പോകുന്ന അല്ലാഹുവിന്റെ അതിപ്രധാന നാമവിശേഷമാണ് 'റബ്ബ്' എന്നത്. 'റബ്ബി'ന്റെ അകംപൊരുള്‍ ശരിയായി ഗ്രഹിക്കുന്നതോടെ അസന്തുഷ്ടി അകറ്റാന്‍ സാധിക്കും.''
~ഒരു മനുഷ്യനെ ഘട്ടം ഘട്ടമായി വളര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ് 'തര്‍ബിയത്ത്'. മനുഷ്യന് ആവശ്യമാകുന്നതും തിരസ്‌ക്കരിക്കേണ്ടതും എന്താണെന്ന ആത്യന്തിക ജ്ഞാനം സ്രഷ്ടാവിന് മാത്രമേയുള്ളൂ. ആ തീരുമാനം പക്ഷെ, മനുഷ്യന് അടിസ്ഥാനപരമായി അപാകമോ അപകടമോ അനീതിയോ വരുത്തുന്നതുമല്ല (4:40, 10:44, 16:118, 29:40). പരമ പരിപൂര്‍ണമായ നടപടിക്രമങ്ങളേ പരമകാരുണികനില്‍ നിന്ന് ഉണ്ടാവുകയുള്ളൂ. ന്യൂനത അണു അളവ് നാഥന്റെ സംവിധാനങ്ങളിലോ തീരുമാനങ്ങളിലോ കാണുകയില്ല. (27:88, 67:3)
അസന്തുഷ്ടിയോ അസ്വസ്ഥതയോ പകരാത്ത നിശ്ചയങ്ങളാണ് മനുഷ്യജീവിതത്തില്‍ 'വിധി'യായി അനുഭവിക്കാനുള്ളത്. മനുഷ്യനെ അസന്തുലിതനാക്കി കഷ്ടനഷ്ടങ്ങളിലും കഠിന പ്രയാസങ്ങളിലും ആനന്ദം അനുഭവിക്കുന്ന 'സാഡിസ്റ്റ്' സമീപനമാണ് കരുണാവാരിധിയായ സ്രഷ്ടാവില്‍ നിന്ന് ഉണ്ടാവുന്നത് എന്ന് എങ്ങനെയാണ് ഒരു ദൈവവിശ്വാസിക്ക് ഓര്‍ക്കാന്‍ പോലും കഴിയുക?!
ലഭ്യതയിലും തിരസ്‌കാരത്തിലും ദൈവകാരുണ്യ സ്പര്‍ശം കൃത്യമാണ്. അതുകൊണ്ടുതന്നെ മനുഷ്യന് അസ്വസ്ഥത ആവശ്യമില്ല. ജീവിതപരീക്ഷണങ്ങള്‍ക്ക് പരിഹാരമാണ് തേടേണ്ടത്. മനുഷ്യന് നല്‍കേണ്ടത് നല്‍കിയും നിഷേധിക്കേണ്ടത് തടഞ്ഞും ഘട്ടം ഘട്ടമായി വളര്‍ത്തി വികസിപ്പിച്ച് മരണവും പുനര്‍ജീവനവും വിചാരണം ക്രമപ്പെടുത്തി സ്വര്‍ഗാവകാശിയാക്കി മാറ്റുകയെന്ന അതി മഹത്തായ ധര്‍മമാണ് 'റബ്ബില്‍' നിന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
പ്രസ്തുത സ്വര്‍ഗപ്രവേശന വഴികള്‍ ഒട്ടും ക്ലേശങ്ങളില്ലാത്ത സഞ്ചാരപാതയാവുകയില്ല. ഭൗതിക ക്ലേശങ്ങള്‍ താല്‍ക്കാലികമാണ്. ആത്യന്തികവും ശാശ്വതവുമായ ക്ലേശജീവിതത്തിലേക്ക് 'ഇഷ്ടദാസന്' വിലക്കേര്‍പ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് നാം ഈ ലോകത്ത് അനുഭവിക്കുന്ന പരീക്ഷണങ്ങള്‍. ജീവിത വിപത്തുകള്‍ പ്രദാനം ചെയ്യുന്ന നന്മകളുടെ സദ്‌വഴി തിരിച്ചറിയുന്നത് വിശ്വാസി മാത്രമായിരിക്കും. കിടുകിടാ വിറപ്പിക്കപ്പെടാവുന്ന സന്ദര്‍ഭങ്ങളില്‍ പോലും ദൈവിക തീരുമാനത്തില്‍ തികഞ്ഞ സംതൃപ്തിയോടെ ക്ഷമയവലംബിക്കുക വഴി, തിന്മകള്‍ കഴുകിയെടുക്കാനും നന്മകള്‍ നട്ടുവളര്‍ത്താനും സാധിക്കുന്ന അത്ഭുതവിദ്യയാണ് വിശ്വാസിയില്‍ രൂപപ്പെടുന്നത്.
'വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. എല്ലാ കാര്യവും അവന് (ഗുണപ്രദമായി) നന്മയാണ്. സന്തോഷ കാര്യങ്ങളില്‍ നാഥനോട് കൃതാര്‍ഥതയും സന്താപനങ്ങളില്‍ സംതൃപ്തിയോടെ ക്ഷമിച്ചും അവനത് നേടിയെടുക്കുന്നു.'' ഒരു മുള്ള് തറയ്ക്കുന്നത് പോലും (ഇപ്രകാരം ഗുണപ്രദമാക്കാം) ഇത് വിശ്വാസിക്ക് മാത്രമേ നേടിയെടുക്കാനാവൂ. (ഹദീസ്)
ഒരു വ്യക്തിയോട് പരമമായ സ്‌നേഹവും പരിഗണനയും ഉള്ള ഒരാള്‍ക്ക് മാത്രമേ അപരന്റെ ഉയര്‍ച്ചക്കും ഗുണത്തിനും വേണ്ടി അധ്വാനിക്കാനാവൂ. അടിമകളോട് അതിരറ്റ വാത്സല്യവാനായ സ്രഷ്ടാവ് എങ്ങനെയാണ് ഒരാളെ ജീവിതത്തിന്റെ മഹാ കയങ്ങളിലേക്ക് തള്ളിവിടുന്നത് (2:143, 207, 3:130, 16:7, 47). എന്നാല്‍ തന്റെ അടിമയുടെ വിശ്വാസദാര്‍ഢ്യതയും ജീവിത വിശുദ്ധിയുടെ താല്പര്യവും പരിശോധിക്കുന്നതിന് (47:31) പരീക്ഷണങ്ങള്‍ ഉണ്ടായിരിക്കും.
ഏറ്റവും കൂടുതല്‍ ആലോചനയും കൃത്യതയും ഉപയോഗിക്കുമാറുള്ള കണക്കുകള്‍ നല്‍കി, ഒരധ്യാപകന്‍ തന്റെ ഇഷ്ടപ്പെട്ട വിദ്യാര്‍ഥിയെ 'പരീക്ഷിക്കുന്നത്' അവനോടുള്ള വിരോധം കൊണ്ടായിരിക്കുമോ? അതോ വളര്‍ച്ചയുടെ പടവുകള്‍ ധൈഷണിക മികവോടെ എത്തിപ്പിടിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടോ? ശക്തമായ പേമാരി വര്‍ഷിക്കുന്നിന് മുന്‍പ് പ്രകമ്പനം കൊള്ളുന്ന ഇടിമിന്നലുകളും ഇടിനാദവും ആവശ്യമില്ലേ? പേറ്റുനോവനുഭവിക്കുന്നത് ഒരു സൃഷ്ടിപ്പിന്റെ സല്‍വൃത്താന്തമല്ലേ? ഇരുമ്പ് ചുട്ടുപഴുക്കുമ്പോഴാണല്ലോ പുതിയ രൂപത്തിലേക്ക് അതിനെ സുഗമമായി ക്രമപ്പെടുത്താനാവുന്നത്?
പരീക്ഷണങ്ങള്‍ വിധിയുടെ ക്രൂരവിരനോദങ്ങളല്ല. പകിട്ടാര്‍ന്ന വിജയത്തിലേക്ക് ഇഷ്ടദാസനെ പടിപടിയായി വളര്‍ത്തിയെടുക്കാനുള്ള അനുഗ്രഹങ്ങളാണ്. മതബന്ധം ശക്തമാവുന്നതിനനുസൃതമായി പരീക്ഷണങ്ങള്‍ വര്‍ധിക്കാം. പ്രവാചകന്‍ കഠിനമായി പരീക്ഷിക്കപ്പെട്ടത് ദൈവഭക്തി കുറഞ്ഞതുകൊണ്ടായിരുന്നില്ലല്ലോ. 'അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെടുമ്പോള്‍ അവരില്‍ പരീക്ഷണങ്ങള്‍ നല്‍കാതിരിക്കില്ല'(ഹദീസ്) എന്ന് തിരുവചനം പഠിപ്പിക്കുന്നു. താല്‍ക്കാലിക ഭൗതിക ജീവിതത്തിലെ തിക്താനുഭവങ്ങളാണ് അനശ്വര ജീവിതത്തിലേക്ക് ഒരാളെ അനുഗ്രഹീതനാക്കുന്നത്. ശാശ്വതമായതിലാണല്ലോ മനുഷ്യന്‍ അസ്വസ്ഥനാവേണ്ടത്! (32:21)
പരീക്ഷണങ്ങളോട് പുഞ്ചിരിക്കാനും രോഗങ്ങളെ ആത്യന്തികമായി അനുഗ്രഹങ്ങളാക്കി കാണാനുമുള്ള, വിശ്വാസം വഴിയുള്ള സദ്‌വിചാരമാണ് ഒരു വിശ്വാസിയുടെ ജീവിതത്തിന് കരുത്തേകുന്നത്. റബ്ബിന്റെ തീരുമാനങ്ങളെ നിറഞ്ഞനുഭവിക്കാനുള്ള സന്തുലിത മനസ്സാണ് ജീവിതത്തെ സമാധാന ഭരിതമാക്കുന്നത്.
By ജാബിർ അമാനി