അത്വാഅ്‌ബ്‌നു അബീറബാഹ്‌ (റ) : അടിമത്വത്തില്‍ നിന്ന്‌ പാണ്ഡിത്യത്തിലേക്ക്‌

ഹിജ്‌റ 97-ാമാണ്ട്‌ ദുല്‍ഹിജ്ജ അവസാനത്തെ പത്ത്‌. അതിപുരാതന ദൈവിക ഗേഹമായ കഅ്‌ബയിലേക്ക്‌ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വാഹനങ്ങളിലും കാല്‍നടയായും തീര്‍ഥാടകര്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ വൃദ്ധരും യുവാക്കളും കറുത്തവരും വെളുത്തവരും അറബികളും അനറബികളും നേതാക്കളും അനുയായികളും ഉണ്ട്‌. രാജാധിരാജന്റെ മുമ്പില്‍ ഭക്ത്യാദരവോടെ പ്രാര്‍ഥനാനിരതരായി ദൈവികപ്രീതി കാംക്ഷിച്ചുകൊണ്ടാണ്‌ എല്ലാവരുടെയും വരവ്‌.

മുസ്‌ലിം ഖലീഫ സുലൈമാനുബ്‌നു അബ്‌ദില്‍മലിക്‌ ഇഹ്‌റാം വേഷമായ ഒരു മുണ്ടും മേല്‍തട്ടവും മാത്രം ധരിച്ച്‌ തല തുറന്നിട്ട്‌ നഗ്നപാദനായി കഅ്‌ബ പ്രദക്ഷിണം ചെയ്‌തുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ട്‌ ആണ്‍കുട്ടികളും കൂടെയുണ്ട്‌.


ത്വവാഫില്‍ നിന്ന്‌ വിരമിച്ച പാടെ അദ്ദേഹം പരിചാരകനോട്‌ ചോദിച്ചു: ``നിങ്ങളുടെ സുഹൃത്തെവിടെ?''

``അദ്ദേഹം അവിടെ നമസകരിച്ചുകൊണ്ടിരിക്കുന്നു'' -പരിചാരകന്‍ മസ്‌ജിദുല്‍ഹറാമിന്റെ പടിഞ്ഞാറെ മൂലയിലേക്ക്‌ ചൂണ്ടി.

വഴി ശരിപ്പെടുത്തുന്നതിനും തിരക്ക്‌ ഒഴിവാക്കുന്നതിനുമായി കാവല്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അത്‌ തടഞ്ഞുകൊണ്ട്‌ ഖലീഫ പറഞ്ഞു: ``അത്‌ വേണ്ട. ഇവിടെ രാജാക്കന്മാരും പ്രജകളും തുല്യരാണ്‌. ഭയഭക്തിയും സ്വീകാര്യതയും കൊണ്ടല്ലാതെ ആര്‍ക്കും പ്രത്യേക ശ്രേഷ്‌ഠതയൊന്നുമില്ല.''

``ജടപിടിച്ച മുടിയും മണ്ണുപുരണ്ട ശരീരവുമായി ദൈവത്തെ സമീപിക്കുന്ന എത്രയോ പേരുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയും രാജാക്കന്മാര്‍ അസ്വീകാര്യരായി മാറുകയും ചെയ്യുന്ന അനുഭവങ്ങളെത്രയാണ്‌'' -ഖലീഫ തുടര്‍ന്നു.

അനന്തരം സുലൈമാന്‍ അദ്ദേഹത്തിനു നേരെ തിരിഞ്ഞുനടന്നു. അയാള്‍ നമസ്‌കാരത്തില്‍ നിമഗ്നനാണ്‌. ജനം ചുറ്റുപാടും കൂട്ടം കൂടിയിരിക്കുന്നു. സദസ്സിനു പിന്നിലായി ഖലീഫ ഇരുന്നു. കൂടെ മക്കളും.

അമീറുല്‍ മുഅ്‌മിനീന്‍ സാധാരണക്കാരോടൊപ്പം നമസ്‌കാരം കഴിയുന്നതു വരെ കാത്തിരിക്കുന്ന ആ വ്യക്തി ആരാണ്‌? കറുത്ത തൊലിയുള്ള ചുരുണ്ടമുടി കെട്ടിപ്പിണഞ്ഞു കിടക്കുന്ന, മൂക്ക്‌ ചമ്മിയ, കാക്കയെപ്പോലെ കറുത്ത ആ വൃദ്ധന്‍ ആരായിരിക്കും. ഖലീഫയുടെ മക്കളായ ഖുറൈശി പയ്യന്മാര്‍ ആലോചിച്ചുകൊണ്ടിരുന്നു.

നമസ്‌കാരം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഖലീഫ ഇരിക്കുന്ന ഭാഗത്തേക്ക്‌ തിരിഞ്ഞിരുന്നു. അപ്പോള്‍ ഖലീഫ സുലൈമാന്‍ അഭിവാദ്യം ചെയ്‌തു. അദ്ദേഹം പ്രത്യഭിവാദ്യവും ചെയ്‌തു. തുടര്‍ന്ന്‌ ഖലീഫ ഹജ്ജ്‌ കര്‍മങ്ങളെക്കുറിച്ച്‌ ഓരോരോ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിനെല്ലാം അദ്ദേഹം വിശദമായി മറുപടി നല്‍കുകയും ചെയ്‌തു. ഓരോന്നിനും ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ടുള്ള മറുപടി. ചോദ്യോത്തരം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു വേണ്ടി നന്മയ്‌ക്കായി പ്രാര്‍ഥിച്ച ഖലീഫ പോകാന്‍ എഴുന്നേറ്റു. മൂന്നുപേരും മസ്‌ആയിലേക്ക്‌ (സഅ്‌യ്‌ ചെയ്യുന്ന സ്ഥലം) നടന്നു. അവര്‍ സ്വഫാ മര്‍വക്കിടയിലേക്ക്‌ നടക്കുമ്പോള്‍ ഒരാള്‍ ഇങ്ങനെ വിളിച്ച്‌ പറയുന്നത്‌ ഖലീഫയുടെ പുത്രന്മാര്‍ കേട്ടു:

``മുസ്‌ലിം സമൂഹമേ, ഇവിടെ വെച്ച്‌ അത്വാഉബ്‌ന്‍ അബീറബാഹ്‌ മാത്രമേ ഫത്‌വ നല്‍കുകയുള്ളൂ. അദ്ദേഹമില്ലെങ്കില്‍ അബ്‌ദുല്ലാഹിബ്‌നു അബീനജീഹ്‌ ഫത്‌വ നല്‍കുന്നതാണ്‌.''

പിതാവിന്റെ നേരെ തിരിഞ്ഞു ഒരു മകന്‍ ചോദിച്ചു: ``അത്വാഅ്‌ ബിന്‍ അബീറബാഹിനോടും അയാളുടെ സുഹൃത്തിനോടുമല്ലാതെ മറ്റാരോടും മതവിധി തേടരുതെന്ന്‌ എങ്ങനെയാണ്‌ ഒരു സര്‍ക്കാറുദ്യോഗസ്ഥന്‍ വിളംബരംചെയ്യുക. എന്നിട്ട്‌ നമ്മളിവിടെ വന്ന്‌ ഖലീഫയെ വേണ്ടത്ര ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത ഒരാളോട്‌ ഫത്‌വ ചോദിച്ചല്ലോ -ഇതെങ്ങനെയാണ്‌ ശരിയാവൂക?''

സുലൈമാന്‍ പറഞ്ഞു: ``മക്കളേ, നമ്മള്‍ നേരത്തെ സംസാരിച്ച മനുഷ്യനാണ്‌ അത്വാഅ്‌. മസ്‌ജിദുല്‍ ഹറാമില്‍ ഫത്‌വ നല്‍കാന്‍ അര്‍ഹതയുള്ള വ്യക്തി. ഇബ്‌നുഅബ്ബാസിന്റെ(റ) പിന്‍ഗാമി.''

അദ്ദേഹം തുടര്‍ന്നു: ``മക്കളേ, അറിവ്‌ നേടിക്കൊള്ളുക. നിസ്സാരനെ ഉന്നതനാക്കുന്നതും അപ്രശസ്‌തന്‌ പ്രശസ്‌തി നേടിക്കൊടുക്കുന്നതും രാജാക്കന്മാരെക്കാള്‍ ഉയര്‍ന്ന പദവി പ്രജകള്‍ക്ക്‌ നേടിക്കൊടുക്കുന്നതും വിദ്യയാണ്‌.

വിദ്യയുടെ കാര്യത്തില്‍ സുലൈമാനുബ്‌നു അബ്‌ദില്‍മലിക്‌ പറഞ്ഞ കാര്യത്തില്‍ അതിശയോക്തി ഒന്നുമില്ല. ചെറുപ്പത്തില്‍ മക്കയിലെ ഒരു സാധാരണ സ്‌ത്രീയുടെ അടിമയായിരുന്നു അത്വാഅ്‌. എങ്കിലും ബാല്യം മുതല്‍ തന്നെ വിദ്യയുടെ മാര്‍ഗത്തില്‍ പാദമൂന്നാനുള്ള ഭാഗ്യം ആ കറുത്ത ബാലനു ലഭിച്ചു. തന്റെ സമയം അവന്‍ മൂന്നായി ഭാഗിച്ചു. ഒരു ഭാഗത്ത്‌ തന്റെ യജമാനത്തിക്ക്‌ പരമാവധി ആത്മാര്‍ഥമായി സേവനം ചെയ്‌തു. മറ്റൊരു ഭാഗത്ത്‌ തന്റെ റബ്ബിന്‌ നിഷ്‌കളങ്ക മനസ്സോടെ ആത്മാര്‍ഥമായി ആരാധനയില്‍ ഏര്‍പ്പെട്ടു. മൂന്നാമത്തെ ഭാഗം പഠനത്തിന്‌ നീക്കിവെച്ചു. ജീവിച്ചിരിപ്പുള്ള സ്വഹാബാപ്രമുഖരെ ഓരോരുത്തരെയും സന്ദര്‍ശിച്ചു. അവരില്‍ നിന്ന്‌ ലഭിക്കാവുന്നത്രയും അറിവ്‌ സ്വായത്തമാക്കി. അബൂഹുറയ്‌റ, അബ്‌ദുല്ലാഹിബ്‌നു ഉമര്‍, അബ്‌ദുല്ലാഹിബ്‌നു അബ്ബാസ്‌, അബ്‌ദുല്ലാഹിബ്‌നു സുബൈര്‍(റ) തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

തന്റെ ഭൃത്യന്‍ സ്വശരീരത്തെ അല്ലാഹുവിനു അര്‍പ്പിക്കുകയും വിദ്യാന്വേഷണത്തിനായി ജീവിതം മാറ്റിവെക്കുകയും ചെയ്‌തതായി മക്കയിലെ ആ മഹതി മനസ്സിലാക്കിയപ്പോള്‍ അവനെ അടിമത്വത്തില്‍ നിന്ന്‌ മോചിപ്പിച്ചു. അന്നു മുതല്‍ അത്വാഇന്റെ കേന്ദ്രം മസ്‌ജിദുല്‍ഹറാമായിത്തീര്‍ന്നു. താന്‍ അന്തിയുറങ്ങുന്ന വീടും വിദ്യനുകരുന്ന പാഠശാലയും അല്ലാഹുവോട്‌ അടുക്കുന്ന പള്ളിയും എല്ലാം ഹറം തന്നെ. ഇരുപത്‌ വര്‍ഷത്തോളം അത്വാഇന്റെ കേന്ദ്രം മസ്‌ജിദുല്‍ഹറാമായിരുന്നുവെന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. സമകാലികരില്‍ വളരെക്കുറച്ചു പേര്‍ക്കു മാത്രം നേടിയെടുക്കാന്‍ കഴിഞ്ഞ ഉയരങ്ങളിലേക്ക്‌ അദ്ദേഹം ഉയര്‍ന്നു. എല്ലാ ആദരവും അദ്ദേഹത്തിനു കരഗതമായി. ഒരിക്കല്‍ അബ്‌ദുല്ലാഹിബ്‌നു ഉമര്‍ മക്കയിലെത്തിയപ്പോള്‍ ജനങ്ങള്‍ ചോദ്യങ്ങളുമായി അദ്ദേഹത്തെ പൊതിഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ``മക്കക്കാരേ, എനിക്കത്ഭുതം തോന്നുന്നു; അത്വാഉബ്‌ന്‌ അബീറബാഹ്‌ നിങ്ങളിലുണ്ടായിരിക്കെ നിങ്ങള്‍ എന്നോട്‌ ചോദിക്കുന്നതെന്തിന്‌?!''

അത്വാഅ്‌ മതത്തിലും അറിവിലും ഈ പദവികള്‍ നേടിയെടുത്തത്‌ രണ്ട്‌ കാര്യങ്ങളാലാണ്‌. ഒന്ന്‌, ആത്മനിയന്ത്രണം. മനസ്സിനെയും ശരീരത്തെയും അനാവശ്യ മേഖലകളില്‍ അലയാന്‍ വിട്ടില്ല. രണ്ട്‌, സമയനിയന്ത്രണം. അനാവശ്യ കര്‍മത്തിലോ സംസാരത്തിലോ അത്‌ പാഴാക്കിയില്ല.

മുഹമ്മദുബ്‌നു സൂഖ ഒരിക്കല്‍ സന്ദര്‍ശകരോട്‌ പറഞ്ഞു: ``എനിക്ക്‌ ഉപകാരപ്പെട്ടതു പോലെ നിങ്ങള്‍ക്കും പ്രയോജനപ്പെടുമെന്ന വിശ്വാസത്തോടെ ഒരു കാര്യം ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. അത്വാഅ്‌(റ) ഒരിക്കല്‍ എന്നോട്‌ പറഞ്ഞു: സഹോദരപുത്രാ! നമ്മുടെ മുന്‍ഗാമികളാരും അനാവശ്യ സംസാരം ഇഷ്‌ടപ്പെട്ടിരുന്നില്ല. ഞാന്‍ ചോദിച്ചു: എന്താണ്‌ അനാവശ്യ സംസാരം? വിശുദ്ധ ഖുര്‍ആന്‍ പഠനം, പാരായണം, ഹദീസ്‌ റിപ്പോര്‍ട്ടിംഗ്‌, പഠനം, നന്മകൊണ്ട്‌ കല്‌പിക്കുക, തിന്മ വെടിയുക, വിജ്ഞാനം ആര്‍ജിക്കുക, ജീവിതവുമായി ബന്ധപ്പെട്ട മറ്റ്‌ അത്യാവശ്യ സംസാരം -ഇവയല്ലാത്തതെല്ലാം അനാവശ്യ സംസാരമായി അവര്‍ ഗണിച്ചിരുന്നു. പിന്നെ എന്റെ നേരേ തിരിഞ്ഞ്‌ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളെ നിരീക്ഷിച്ചുകൊണ്ട്‌ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന ആദരീണയരായ മലക്കുകളുണ്ട്‌.'' (അല്‍ഇന്‍ഫിത്വാര്‍ 10,11)

ഇടത്തും വലത്തും ഇരുപ്പുറപ്പിച്ച മലക്കുകള്‍. അവന്‍ ഏതൊരുവാക്ക്‌ ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത്‌ തയ്യാറായി നില്‍ക്കുന്ന നിരീക്ഷകരായ മലക്കുകള്‍ ഉണ്ടാവാതിരിക്കില്ല (ഖാഫ്‌ 17,18). ഈ ആയത്തുകള്‍ നീ നിഷേധിക്കുമോ? നമ്മുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തിയ ഏടുകള്‍ നിവര്‍ത്തപ്പെടുമ്പോള്‍ അതിലുള്ളവയധികവും ദീനുമായോ ദുന്‍യാവുമായോ ബന്ധപ്പെട്ടതല്ലാത്ത അനാവശ്യ കാര്യങ്ങളാകുമ്പോള്‍ നാം ലജ്ജിക്കേണ്ടിവരില്ലേ?

വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അതിപ്രഗത്ഭരായ പലരും അദ്ദേഹത്തിന്റെ അറിവിന്റെ ആഴം മനസ്സിലാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

ഇമാം അബൂഹനീഫ(റ) ഒരു സംഭവം ഉദ്ധരിക്കുന്നത്‌ ഇങ്ങനെ: മക്കയിലെ ഹജ്ജ്‌ കര്‍മവേളയില്‍ എനിക്ക്‌ ചില തെറ്റുകള്‍ സംഭവിച്ചു. അവ തിരുത്തിത്തന്നത്‌ ഒരു ക്ഷുരകനാണ്‌. ഇഹ്‌റാമില്‍ നിന്ന്‌ ഒഴിവാകുന്നതിനു തല മുണ്ഡനം ചെയ്യുന്നതിനു വേണ്ടി ഞാന്‍ ഒരു ക്ഷുരകനെ സമീപിച്ചു. തല മുണ്ഡനം ചെയ്യുന്നതിന്‌ എന്താണ്‌ ചാര്‍ജ്‌? -ഞാന്‍ ചോദിച്ചു.

താങ്കള്‍ക്കല്ലാഹു നേര്‍വഴി കാണിക്കട്ടെ. ആരാധനാ കാര്യങ്ങളില്‍ വിലപേശാന്‍ പാടില്ല. താങ്കള്‍ക്കിഷ്‌ടപ്പെടുന്ന കൂലി തന്നേക്കൂ -ക്ഷുരകന്‍ പറഞ്ഞു.

എനിക്ക്‌ ലജ്ജ തോന്നി. ഞാന്‍ ക്ഷുരകന്റെ മുമ്പില്‍ ഇരുന്നു. ഖിബ്‌ലയില്‍ നിന്ന്‌ മാറിയാണ്‌ ഞാനിരുന്നത്‌. അപ്പോള്‍ ഖിബ്‌ലയുടെ നേരെ തിരിഞ്ഞിരിക്കാന്‍ അദ്ദേഹം ആംഗ്യം കാണിച്ചു. ഞാനൊന്നു കൂടി നാണിച്ചു.

മുണ്ഡനം ചെയ്യുന്നതിന്‌ ഞാന്‍ ഇടതുഭാഗം കാണിച്ചുകൊടുത്തു.

``വലതുഭാഗം കാണിക്കൂ'' -ക്ഷുരകന്‍ പറഞ്ഞു.

എന്റെ തലമുടി കളയാന്‍ തുടങ്ങിയപ്പോള്‍ അത്ഭുതത്തോടെ ഞാനയാളെ നോക്കി നിശ്ശബ്‌ദനായിരുന്നു.

``എന്താ, താങ്കളിങ്ങനെ നിശ്ശബ്‌ദനായിരിക്കുന്നത്‌? തക്‌ബീര്‍ ചൊല്ലിക്കോളൂ'' -അയാള്‍ പറഞ്ഞു. അങ്ങനെ തക്‌ബീര്‍ ചൊല്ലി. തല മുണ്ഡനം കഴിഞ്ഞപ്പോള്‍ ഞാന്‍ പോകാന്‍ എഴുന്നേറ്റു. അപ്പോള്‍ അയാള്‍ ചോദിച്ചു:

``എങ്ങോട്ടാ?''

``വാഹനത്തിനരികിലേക്ക്‌''

എന്നാല്‍ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കരിച്ച്‌ ഇഷ്‌ടമുള്ള സ്ഥലത്തേക്ക്‌ പോയിക്കൊള്ളുക -അയാള്‍ പറഞ്ഞു.

നമസ്‌കാരം കഴിഞ്ഞപ്പോള്‍ ഞാന്‍ സ്വയം വിചാരിച്ചു. വിവരമുള്ള ആളില്‍ നിന്നല്ലാതെ ഇങ്ങനെയൊരു സമീപനമുണ്ടാവില്ലല്ലോ. അയാളോട്‌ ഞാന്‍ ചോദിച്ചു: നിങ്ങളെന്നോട്‌ കല്‌പിച്ച ഹജ്ജ്‌ കര്‍മ വിധികള്‍ എവിടെ നിന്നാണ്‌ നിങ്ങള്‍ മനസ്സിലാക്കിയത്‌.

അതോ? അത്വാഅ്‌ ബിന്‍ അബീറബാഹ്‌ അങ്ങനെ ചെയ്യുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അത്‌ ഞാന്‍ പഠിക്കുകയും ജനങ്ങളെ അദ്ദേഹത്തിന്നരികിലേക്ക്‌ തിരിച്ചുവിടുകയും ചെയ്യുന്നു -ക്ഷുരകന്‍ മറുപടി പറഞ്ഞു.

ഐഹിക സുഖസൗകര്യങ്ങള്‍ എമ്പാടും അദ്ദേഹത്തിന്നരികെ കുമിഞ്ഞുകൂടിയപ്പോള്‍ പൂര്‍ണമായും അതില്‍ നിന്ന്‌ അദ്ദേഹം പിന്തിരിഞ്ഞു. ശക്തമായി അവ നിരസിച്ചു. അഞ്ച്‌ ദിര്‍ഹമിനെക്കാള്‍ വില കൂടാത്ത വസ്‌ത്രമാണ്‌ ജീവിതകാലമത്രയും അദ്ദേഹം ധരിച്ചത്‌. തന്റെ സാമീപ്യം പല ഖലീഫമാരും ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹമത്‌ അംഗീകരിച്ചില്ല. മുസ്‌ലിംകള്‍ക്ക്‌ എന്തെങ്കിലും പ്രയോജനമോ ഇസ്‌ലാമിന്‌ നന്മയോ ഉണ്ടാകുന്ന കാര്യങ്ങളാകുമ്പോള്‍ ഖലീഫമാരെ സമീപിക്കുന്നതില്‍ അദ്ദേഹം വിമുഖതയും കാണിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ഉസ്‌മാനുബ്‌നു അത്വാഇല്‍ ഖുറാസാനി ഉദ്ധരിച്ച ഒരു സംഭവം ഇങ്ങിനെയാണ്‌:

ഞാന്‍ എന്റെ പിതാവിന്റെ കൂടെ ഖലീഫ ഹിശാമുബ്‌നു അബ്‌ദില്‍മലികിനെ കാണാന്‍ പുറപ്പെട്ടു. ദിമശ്‌ഖിനടുത്ത്‌ (ഡമസ്‌കസ്‌) എത്തിയപ്പോള്‍ കറുത്ത കഴുതപ്പുറത്ത്‌ പരുക്കന്‍ കമ്പിളി വസ്‌ത്രവും ജീര്‍ണിച്ച ജുബ്ബയും തലയോട്‌ ഒട്ടിനില്‌ക്കുന്ന തൊപ്പിയും മരത്തിന്റെ പാദരക്ഷയും ധരിച്ച ഒരു വൃദ്ധന്‍ വരുന്നത്‌ കണ്ടു. അറിയാതെ ചിരിച്ചുപോയ ഞാന്‍ ഉപ്പയോട്‌ ചോദിച്ചു: ആരാണത്‌?

``ഒച്ച വെയ്‌ക്കാതെ, ഹിജാസിലെ കര്‍മശാസ്‌ത്ര വിശാരദന്മാരുടെ തലവന്‍ അത്വാഅ്‌ബ്‌നു അബീറബാഹാണത്‌'' -അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ അരികിലെത്തിയപ്പോള്‍ പിതാവ്‌ കോവര്‍ കഴുതപ്പറത്തു നിന്നിറങ്ങി. അദ്ദേഹവും താഴെയിറങ്ങി. രണ്ടുപേരും ആലിംഗനം ചെയ്‌തു പരസ്‌പരം കുശലാന്വേഷണങ്ങള്‍ നടത്തി. പിന്നെ വാഹനപ്പുറത്ത്‌ കയറി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അങ്ങനെ ഹിശാമുബ്‌നു അബ്‌ദില്‍മലികിന്റെ കൊട്ടാര കവാടത്തിലെത്തി. അല്‌പസമയം അവിടെ ഇരുന്നപ്പോഴേക്കും കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ രണ്ടുപേര്‍ക്കും അനുമതി ലഭിച്ചു. ഉപ്പ തിരിച്ചു പുറത്തിറങ്ങിയപ്പോള്‍ നടന്ന കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു:

അത്വാഅ്‌ബിനു അബീറബാഹ്‌ കവാടത്തില്‍ എത്തിയിട്ടുണ്ടെന്ന വിവരം ഹിശാം അറിഞ്ഞപ്പോള്‍ ധൃതിയില്‍ പുറത്തുവന്ന്‌ പ്രവേശിക്കാന്‍ അനുവാദം നല്‍കി. അല്ലാഹുവാണ്‌ സത്യം. അദ്ദേഹമുള്ളതു കൊണ്ട്‌ മാത്രമാണ്‌ എനിക്ക്‌ പ്രവേശനാനുമതി ലഭിച്ചത്‌.

`സ്വാഗതം, സ്വാഗതം' -അദ്ദേഹത്തെ കണ്ടപാടെ ഹിശാം പറഞ്ഞു. ഇങ്ങോട്ട്‌ വരൂ. ഇങ്ങോട്ട്‌ വരൂ. ഹിശാം പറഞ്ഞുകൊണ്ടിരുന്നു. അവസാനം തന്റെ കട്ടിലില്‍ പരസ്‌പരം കാല്‍മുട്ടുകള്‍ ചേര്‍ത്തു അദ്ദേഹത്തെ ഇരുത്തി. സദസ്സിലുള്ള പ്രമുഖരെല്ലാം പെട്ടെന്ന്‌ നിശ്ശബ്‌ദരായി. പിന്നെ ഹിശാം അദ്ദേഹത്തോട്‌ ചോദിച്ചു:

`അബൂ മുഹമ്മദ്‌, അങ്ങയുടെ ആവശ്യമെന്താണ്‌?'

അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്‌മിനീന്‍, ഇരു ഹറമിലുമുള്ളവര്‍ അല്ലാഹുവിന്റെ ആളുകളും പ്രവാചകന്റെ അയല്‍വാസികളുമാണ്‌. അതുകൊണ്ട്‌ അവര്‍ക്ക്‌ മതിയാവോളം ഭക്ഷണങ്ങളും മറ്റു വിഭവങ്ങളും വീതിച്ചുനല്‍കണം.

അതെ -ഖലീഫ പറഞ്ഞു.

അബൂ മുഹമ്മദ്‌ ഇതല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? -ഖലീഫ തുടര്‍ന്നു ചോദിച്ചു.

അതെ, അമീറുല്‍മുഅ്‌മിനീന്‍. ഹിജാസുകാരും നജ്‌ദുകാരും അറബികളുടെ അടിത്തറയും ഇസ്‌ലാമിലെ നേതാക്കളുമാണ്‌. അവരുടെ സ്വദഖയുടെ മിച്ചം അവര്‍ക്ക്‌ തന്നെ തിരിച്ചുനല്‌കണം.

അതെ, അങ്ങനെ ചെയ്യാം -ഖലീഫ പ്രത്യുത്തരം നല്‍കി.

ഇനി വല്ല ആവശ്യങ്ങളുമുണ്ടോ അബൂ മുഹമ്മദ്‌?

ഉണ്ട്‌, അതിര്‍ത്തി സുരക്ഷാ ഭടന്മാര്‍ ശത്രുക്കള്‍ക്കെതിരെ അണിനിരന്നവരും മുസ്‌ലിംകളെ ആക്രമിക്കാന്‍ കരുതിയവരോട്‌ യുദ്ധം ചെയ്യുന്നവരുമാണ്‌. അവരുടെ ഭക്ഷണം അവിടെയെത്തിച്ചു നല്‌കണം. അവര്‍ക്ക്‌ നാശം സംഭവിച്ചാല്‍ അതിര്‍ത്തികള്‍ നഷ്‌ടപ്പെടും.

അതും ചെയ്യാം -ഖലീഫ മറുപടി പറയുകയും ഉത്തരവിറക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഇനി മറ്റെന്തെങ്കിലും പറയാനുണ്ടോ? -ഖലീഫ ചോദിച്ചു.

ഉണ്ട്‌, നമ്മുടെ സംരക്ഷിത പ്രജകളായ അമുസ്‌ലിംകളോട്‌ അവര്‍ക്ക്‌ കഴിയാത്ത കാര്യങ്ങള്‍ കല്‌പിക്കരുത്‌. അവരില്‍ നിന്ന്‌ ശേഖരിക്കുന്ന ധനമാണ്‌ നിങ്ങള്‍ ശത്രുക്കള്‍ക്കെതിരെ വിനിയോഗിക്കുന്നത്‌.

അതും അനുസരിച്ചു; മറ്റെന്തങ്കിലും ആവശ്യമുണ്ടോ? -ഖലീഫയുടെ ചോദ്യം.

അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്‌മിനീന്‍. നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: താങ്കള്‍ തനിച്ചാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌. തനിച്ചു തന്നെയാണ്‌ മരണപ്പെടുന്നതും. ഒറ്റയ്‌ക്കു തന്നെ വിചാരണയും നേരിടേണ്ടിവരും. ഇത്‌ കാണാന്‍ മറ്റൊരാളും ഉണ്ടാവുകയില്ല.

ഹിശാം നിലത്ത്‌ കുത്തിയിരുന്ന്‌ കരഞ്ഞുകൊണ്ടിരുന്നു. ഉടന്‍ അത്വാഅ്‌ എഴുന്നേറ്റ്‌ നടന്നു. കൂടെ ഞാനും. ഞങ്ങള്‍ കവാടത്തിന്നരികിലെത്തിയപ്പോള്‍ ഒരാള്‍ ഒരു സഞ്ചിയുമായി അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു. അതിലെന്താണെന്ന്‌ എനിക്കറിയില്ല. അയാള്‍ പറഞ്ഞു:

ഇത്‌ അമീറുല്‍മുഅ്‌മിനീന്‍ തന്നയച്ചതാണ്‌.

വേണ്ട, ഞാന്‍ പാരിതോഷികം സ്വീകരിക്കില്ല. എനിക്ക്‌ നിങ്ങളുടെ ഒരു പ്രതിഫലവും വേണ്ട. എനിക്കുള്ള പ്രതിഫലം സര്‍വലോക രക്ഷിതാവിന്റെ പക്കലാണ്‌. (ശുഅറാഅ്‌ 109)

അദ്ദേഹം ഖലീഫയുടെ അരികില്‍ പ്രവേശിച്ച്‌ തിരിച്ചുവരുന്നതിനിടയില്‍ ഒരു തുള്ളിവെള്ളം പോലും കുടിച്ചിരുന്നില്ല.

അദ്ദേഹം നൂറ്‌ വര്‍ഷം ജീവിച്ചു. എഴുപത്‌ ഹജ്ജ്‌ നിര്‍വഹിച്ചു. വിജ്ഞാനവും കര്‍മവും കൊണ്ട്‌ ലോകം നിറച്ചു. ഭയഭക്തിയും ഗുണകാംക്ഷയും കൂടപ്പിറപ്പായിരുന്നു. അദ്ദേഹം ഭൗതിക വിഭവങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറുകയും അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിക്കുകയും ചെയ്‌തു.

by അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌ @ shabab weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts