ആള്‍ദൈവങ്ങള്‍ അരങ്ങുതകര്‍ക്കുന്നു

മതവിശ്വാസത്തിന്റെയും ദൈവിക ദര്‍ശനത്തിന്റെയും മറവില്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ `ആള്‍ദൈവങ്ങള്‍' വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്നത്‌ തിരിച്ചറിയേണ്ടതാണ്‌. അദൃശ്യശക്തിയായ പ്രപഞ്ച നാഥനോടുള്ള സഹായാര്‍ഥനകളും സമര്‍പ്പണവും പ്രാര്‍ഥനയിലൂടെയാണ്‌ സൃഷ്‌ടികളായ മനുഷ്യവര്‍ഗം നിര്‍വഹിച്ചുപോന്നിട്ടുള്ളത്‌. ഈ പ്രാര്‍ഥനയ്‌ക്ക്‌ പ്രപഞ്ചോല്‍പത്തിയോളം പഴക്കമുണ്ട്‌. മനുഷ്യമനസ്സിനു പതര്‍ച്ചയുണ്ടാവുമ്പോള്‍, അവന്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍, രോഗം കൊണ്ടും ഭയംകൊണ്ടും പൊറുതി മുട്ടുമ്പോള്‍ പ്രാര്‍ഥനയില്‍ കൂടുതലായി മുഴുകുന്നത്‌ സ്വാഭാവികമാണ്‌.

അതിനു പുണ്യാത്മാക്കളുടെ സാമീപ്യമാണ്‌ അധികം ഭക്തരും സ്വീകരിച്ചുവരുന്നത്‌. അതിനു ജാതി മത വര്‍ഗ ഭേദങ്ങളില്ല. ദൈവത്തോട്‌ സാമീപ്യം കൂടുതല്‍ ഉണ്ടെന്ന്‌ അവകാശപ്പെടുന്നവരായ മഹത്തുക്കളുടെ നാമത്തില്‍ ബലിയര്‍പ്പിച്ചും മറ്റും അവര്‍ കാര്യസാധ്യത്തിനായി പണിയെടുക്കുന്നു. മ്യൂസിക്‌തെറാപ്പി പോലെ പ്രാര്‍ഥനാ തെറാപ്പിയും ശാസ്‌ത്രലോകം പരീക്ഷിച്ചുവരുന്നു. എന്നാല്‍ ഈ പ്രാര്‍ഥനയില്‍ ഉരുവിടുന്ന മന്ത്രങ്ങളത്രയും മനുഷ്യദൈവങ്ങളോടാണ്‌ നടത്തുന്നതെന്ന തിരിച്ചറിവ്‌ ഒരു പുനര്‍വിചിന്തനത്തിന്‌ പ്രേരകമാവേണ്ടതാണ്‌. ഹൈന്ദവ ദര്‍ശനത്തിന്റെ മൗലികതയില്‍ ഊന്നിക്കൊണ്ടുള്ള ഒരു പ്രാര്‍ഥനാരീതി അവലംബിക്കുന്ന മാതാ അമൃതാനന്ദമയി ജനലക്ഷങ്ങളെ തന്റെ മാസ്‌മരിക ലഹരിയില്‍ അണിചേര്‍ത്തിരിക്കുന്നത്‌ ഒരു ഉദാഹരണം മാത്രമാണ്‌.

പുരുഷായുസ്സ്‌ മുഴുവനും അപഥ സഞ്ചാരത്തില്‍ ആപതിച്ച്‌ ലക്ഷ്യമില്ലാതെ അലഞ്ഞ്‌ നടന്ന യുവതീയുവാക്കളും ബഹുജനങ്ങളും ഇത്തരം കപട ആത്മീയതയില്‍ ചെന്നെത്തുക സ്വാഭാവികമാണ്‌. കരഞ്ഞുകൊണ്ടും മാനസിക വിഭ്രാന്തി കാണിച്ചും ഭക്തര്‍ അമ്മയുടെ കാല്‍ക്കല്‍ വീണുകിടക്കുന്നു. ജീവിതത്തില്‍ ദിശാബോധം നഷ്‌ടപ്പെട്ട ഇക്കൂട്ടര്‍ക്ക്‌ മാനസികമായ സ്വസ്ഥത ലഭിക്കാനാണ്‌ അവര്‍ സന്യാസിമഠങ്ങളില്‍ അഭയംതേടുന്നത്‌. പക്ഷേ, അവരുടെ ``അമ്മേ...! ഞാന്‍ എന്റെ സര്‍വസ്വവും എന്റെ ജീവിതം തന്നെയും അവിടുത്തെ സമക്ഷത്തിങ്കല്‍ സമര്‍പ്പിക്കുന്നു, എന്റെ ആത്മാവിന്റെ ആനന്ദവും സുരക്ഷയും അമ്മയുടെ കൈകളിലാണ്‌'' എന്നിങ്ങനെയുള്ള പ്രാര്‍ഥനകള്‍ ദുര്‍ബലമായ ശക്തികളോടുള്ള സഹായാഭ്യര്‍ഥനയാണ്‌. ഒരു പണ്ഡിതന്‍ തന്റെ ഗുരുവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തെ വര്‍ണിച്ച്‌ പ്രസംഗിച്ചത്‌ ഇപ്രകാരമാണ്‌: ``ഈ സ്റ്റേജില്‍ ഉപവിഷ്‌ടനായിരിക്കുന്നത്‌ അല്ലാഹുവിന്റെ ഔലിയാക്കളില്‍ പ്രമുഖനും രഹസ്യങ്ങളുടെ ഉറവിടം അറിയുന്നവനുമാണ്‌. എന്റെ ആത്മാവ്‌ തന്നെ സാക്ഷാല്‍ അദ്ദേഹത്തിന്റെ കരങ്ങളിലാണ്‌.''

വാസ്‌തവത്തില്‍ അമൃതചിന്തയും ഔലിയാചിന്തയും തമ്മിലെ സാദൃശ്യം ഒന്നുതന്നെ. ഒന്ന്‌, സംസ്‌കൃതവും മറ്റൊന്ന്‌ അറബിയും എന്ന വ്യത്യാസം മാത്രം. പ്രകൃതിവിരുദ്ധമായ ഇത്തരം ഉപമകളും വിശ്വാസാചാരങ്ങളും ഉന്മൂലനംചെയ്യാന്‍ എന്താണ്‌ മാര്‍ഗം എന്ന ചോദ്യമാണ്‌ നമ്മെ അലട്ടുന്നത്‌. വൈദ്യുതിയുടെ കണ്ടുപിടുത്തം ഭയവും അന്ധവിശ്വാസവും കുറച്ചു എന്നത്‌ ശരിയാണ്‌. എന്നാല്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമെല്ലാം അന്ധവിശ്വാസത്തെ വര്‍ധിപ്പിച്ചു എന്നതാവും ശരി. ജാതകം കമ്പ്യൂട്ടറിലാണ്‌ നോക്കുന്നത്‌. വന്‍ പരസ്യങ്ങള്‍ നല്‌കി മാന്ത്രിക ഏലസ്സുകള്‍ വിറ്റഴിക്കപ്പെടുന്നു. അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ``നബി(സ) പറഞ്ഞു: ദൗസിലെ സ്‌ത്രീകള്‍ ദുല്‍ഖുലൈസ്വത്തിന്‌ ചുറ്റും പ്രദക്ഷിണം ചെയ്യുന്നതു വരെ അന്ത്യദിനം സംഭവിക്കുകയില്ല.'' ദുല്‍ഖുലൈസ്വ എന്നാല്‍ കിരാതയുഗത്തില്‍ ആരാധിച്ചിരുന്ന വിഗ്രഹമാണ്‌.

മുസ്‌ലിംകള്‍ വിശ്വാസത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ വിഗ്രഹത്തെ പോലും ആരാധിക്കുമെന്നാണ്‌ നബി(സ) പ്രവചിക്കുന്നത്‌. ആള്‍ദൈവങ്ങളുടെ പ്രലോഭനങ്ങളില്‍ കുടുങ്ങി മുസ്‌ലിംകളും വചന പ്രഘോഷണ സദസ്സുകളില്‍ സന്നിഹിതരാവുന്നു. യൂറോപ്യരായ യുവതീയുവാക്കള്‍ മനസ്സമാധാനത്തിനു വേണ്ടിയാണ്‌ ഇത്തരം വേദികളില്‍ എത്തിച്ചേരുന്നത്‌. അവരാകട്ടെ അധാര്‍മികതയുടെ നീര്‍ച്ചുഴിയില്‍ അകപ്പെട്ട്‌ കാലംകഴിച്ച ഹതഭാഗ്യരും! യാതൊരു വിധ ധാര്‍മിക ദര്‍ശനവും ലഭിക്കാത്തവര്‍ ഒരു പ്രഘോഷണസദസ്സില്‍ എത്തുമ്പോഴുണ്ടാവുന്ന അനുഭൂതിയാണിവിടെ കാണുന്നത്‌.

നൂഹ്‌നബി(അ)യുടെ ജനതയും വദ്ദ്‌, സുവാഅ്‌, യഊഖ്‌, യഗൗഥ്‌, നസ്വ്‌ര്‍ എന്നീ ആള്‍ദൈവങ്ങളെ ആരാധിച്ചിരുന്നു. അല്ലാഹുവിനെ കൂടാതെ പരദൈവങ്ങളെ വിളിച്ച്‌ പ്രാര്‍ഥിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ സാധിക്കുകയുള്ളൂ എന്ന വിശ്വാസമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. കഅ്‌ബയില്‍ പ്രതിഷ്‌ഠിക്കപ്പെട്ടിരുന്ന ലാത്ത, മനാത്ത, ഉസ്സാ തുടങ്ങിയ വിഗ്രഹങ്ങളും സംശുദ്ധമായ വിശ്വാസത്തിന്റെ പ്രതീകങ്ങളായിരുന്നു ചിലരുടെ ദൃഷ്‌ടിയില്‍. ഹൈന്ദവ-ക്രിസ്‌ത്യന്‍ ദര്‍ശനങ്ങളുടെ പുനരാവിഷ്‌കാരമാണ്‌ ഇസ്‌ലാമിക സമൂഹത്തിലും കണ്ടുവരുന്നത്‌. മൂവാറ്റുപുഴയിലെ `സിദ്ധന്‍ റഹീം' തന്റെ പേരില്‍ തന്നെ ദിക്‌റ്‌ ഏര്‍പ്പെടുത്തി. `യാ റഹീം, യാ റഹീം' എന്നായിരുന്നു മന്ത്രധ്വനി. ഉലമാക്കളും ഉമറാക്കളും ചുറ്റും കൂടി. ആത്മീയ പരിവേഷം അേദ്ദഹത്തിന്റെ മേല്‍ അടിച്ചേല്‌പിച്ചു. ഗുരുവിനു സര്‍വസ്വവും അടിയറ വെച്ചുകൊണ്ടുള്ള സുവിശേഷ സദസ്സുകളാണ്‌ അവിടെ നടമാടിയിരുന്നത്‌. അവസാനം റെയ്‌ഡ്‌ നടത്തിയപ്പോള്‍ സത്യസായി ബാബയുടെ ശോഭയാര്‍ന്ന വിഗ്രഹമാണ്‌ ഗുരുകേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്തത്‌.

സൃഷ്‌ടി-സ്ഥിതി-സംഹാരം

ഹൈന്ദവ ദര്‍ശ നത്തിലെ കാതലായ വിശ്വാസമാണിത്‌. ഈ മൂന്നു കാര്യങ്ങള്‍ക്കും വെവ്വേറെ ദൈവങ്ങളാണ്‌ ഹൈന്ദവ വിശ്വാസം വിഭാവനം ചെയ്യുന്നത്‌. ഇതുപോലുള്ള ദൈവസങ്കല്‌പമാണ്‌ ക്രിസ്‌തുമത വിശ്വാസികളും വെച്ചുപുലര്‍ത്തുന്നത്‌. പിതാവ്‌-പുത്രന്‍-പരിശുദ്ധാത്മാവ്‌ എന്ന വിഭജനമാണ്‌ അവര്‍ ദൈവത്തിന്റെ പേരില്‍ നടത്തുന്നത്‌. സാക്ഷാല്‍ ദൈവത്തിനു മൂന്നു രൂപങ്ങള്‍ ചിത്രീകരിച്ചുകൊണ്ട്‌ മതത്തിന്റെ പേരില്‍ അക്രമം പ്രവര്‍ത്തിക്കുന്നു ഇവര്‍. `അദൈ്വത' സിദ്ധാന്തത്തിന്റെ വകഭേദങ്ങളാണ്‌ ഇപ്പറഞ്ഞ വിശ്വാസങ്ങളെല്ലാം. സ്രഷ്‌ടാവിനെയും സൃഷ്‌ടിയെയും വേര്‍തിരിച്ചറിയാന്‍ അജയ്യമായ ദര്‍ശനം ഇസ്‌ലാം മുന്നോട്ടുവെക്കുന്നു. അത്‌ അന്യൂനവുമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു:

``അല്ലാഹു, അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്‌. അവന്റെ അനുവാദമില്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താന്‍ ആരുണ്ട്‌? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന്‌ അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്ക്‌ സൂക്ഷ്‌മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികള്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.''(2:255)

മശ്‌രിഖിനും മഗ്‌രിബിനും ഇടയിലുള്ള സകല കാര്യങ്ങളും എനിക്കറിയാമെന്ന അവകാശവാദവുമായി ഒരു സുല്‍ത്താന്‍, നോട്ടീസുമായി രംഗപ്രവേശം ചെയ്‌തിരിക്കുന്നു. ഇദ്ദേഹം നടത്തുന്ന `രോഗശാന്തി ശുശ്രൂഷയിലും' `ദിക്‌റ്‌ ഹല്‍ഖ'കളിലും പാമര ജനങ്ങള്‍ അഭയം തേടുന്നത്‌ കണ്ടില്ലെന്നു നടിക്കുന്ന മത നേതൃത്വം ഭാവിയില്‍ വന്‍ വില നല്‌കേണ്ടി വരും. അദൈ്വത സിദ്ധാന്തത്തിലേക്കാണ്‌ അവര്‍ മുസ്‌ലിംകളെ ക്ഷണിക്കുന്നതെന്ന്‌ ഉല്‌പതിഷ്‌ണുക്കള്‍ ഉണര്‍ത്തിയാല്‍ അവരെ പുത്തന്‍വാദികളെന്നു മുദ്രയടിച്ച്‌ ആട്ടിയോടിക്കും. ആരാധനയിലെ നൂതനമായ കണ്ടുപിടുത്തങ്ങളാണ്‌ എവിടെയും നടക്കുന്നത്‌. ജനങ്ങളെ ആകര്‍ഷിക്കാന്‍ പുതിയ പുതിയ ആരാധനാക്രമങ്ങള്‍ പടച്ചുണ്ടാക്കുന്നു. ഇതര മതവിശ്വാസികളില്‍ നിന്നും നാം മാതൃകയായി `സുവിശേഷ ധ്യാനങ്ങള്‍' കടമെടുക്കുന്നു. ആത്മീയതയുടെ ആള്‍രൂപങ്ങള്‍ പ്രവാചകന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ വരെ വില്‌പനച്ചരക്കാക്കാനുള്ള ഭഗീരഥ പ്രയത്‌നങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്‌.

അന്ത്യപ്രവാചകന്‍ മുഹമ്മദ്‌നബി(സ)യുടെ രോമം സൂക്ഷിക്കാനെന്ന വ്യാജേന ഒരു പള്ളിക്ക്‌ രൂപകല്‌പന ചെയ്‌തിരിക്കുകയാണ്‌. ഇത്രയും നാള്‍ ലഭ്യമല്ലാതിരുന്ന ഒരു `കേശം' ലഭിക്കാന്‍ ആയിരത്തിനാനൂറ്‌ വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു എന്നതാണ്‌ ആശ്ചര്യം. പ്രവാചകന്‍ ജനിച്ചുവീണ നാട്ടിലോ റസൂല്‍(സ) ജൈത്രയാത്ര നടത്തിയ നാടുകളിലോ കാണപ്പെടാത്ത ഈ അപൂര്‍വവസ്‌തു, കേരളക്കരയില്‍ ഒരു പ്രത്യേക കേന്ദ്രത്തില്‍ മാത്രം പ്രത്യക്ഷപ്പെടുക എന്നത്‌ വിസ്‌മയാവഹമാണ്‌. നുബുവ്വത്തിനു സാക്ഷികളായ ഖലീഫമാര്‍ക്ക്‌ അജ്ഞാതമായ തിരുകേശ വൃത്താന്തം ഒരു മുസ്‌ലിയാര്‍ക്ക്‌ ലഭിച്ചിരിക്കുന്നുവെന്നത്‌ ലോക മുസ്‌ലിംകളെ വിഡ്‌ഢികളാക്കലാണ്‌. ഇത്രമാത്രം പോരിശയുള്ള `തിരുകേശം' (അതിന്റെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ലാത്തതും സംശയമുണര്‍ത്തുന്നതുമാണ്‌.) ഒന്നാമത്തെ ഖലീഫയുടെ ശ്രദ്ധയില്‍ പെടാതിരുന്നതെന്ത്‌'?

ഖലീഫ അബൂബക്കര്‍(റ) തിരുനബിയുടെ ഭൗതികാവശിഷ്‌ടങ്ങളെ സംരക്ഷിക്കാന്‍ എന്തുകൊണ്ട്‌ ജാഗ്രത കാണിച്ചില്ല? സക്കാത്ത്‌ നിഷേധികളെ കാഫിറുകളായി കണ്ട ഖലീഫ അവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ജനങ്ങളുടെ വിശ്വാസ വ്യതിയാനമായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്ന പ്രശ്‌നം. കേശം നബി(സ)യുടേത്‌ തന്നെ എന്ന്‌ സങ്കല്‌പിച്ചാല്‍ തന്നെ അതൊരു പ്രത്യേക കേന്ദ്രത്തില്‍ സൂക്ഷിച്ചാല്‍ അത്‌ പ്രദക്ഷിണം ചെയ്യപ്പെടുന്ന വസ്‌തുവായി മാറുന്നതാണ്‌. ക്രമേണ ആരാധനാസ്വഭാവം അതിന്‌ കൈവരികയും ആരാധിക്കപ്പെടുന്ന ഒരു ബിംബമായി അത്‌ മാറുകയും ചെയ്യും. എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു ബിംബമാക്കരുതേ എന്ന നബി(സ)യുടെ ആഗ്രഹത്തിനെതിരുമായിരുന്നു.

ഇതര മതങ്ങളില്‍ നിന്നും വ്യതിരിക്തത പുലര്‍ത്തുന്ന മതമെന്ന നിലയില്‍ ഇസ്‌ലാമിന്‌ സ്വന്തമായ ഒരു ഇസ്സത്തുണ്ട്‌. ബഹുദൈവാരാധനയുടെ വേരറുക്കുന്ന ഇസ്‌ലാമിക ദര്‍ശനം ഇബ്‌റാഹീമീ മില്ലത്തിന്റെ തുടര്‍ച്ചയാണ്‌. വ്യക്തിപൂജയിലും ആള്‍ദൈവസങ്കല്‌പത്തിലും അള്ളിപ്പിടിച്ച സമൂഹത്തെ ഏകദൈവ സിദ്ധാന്തത്തിന്റെ അടിത്തറയില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ്‌ പ്രവാചകന്‍മാര്‍ ചെയ്‌തത്‌. കപട ആത്മീയവാദികള്‍ മുമ്പും മതത്തെ വികൃതമാക്കിയിട്ടുണ്ട്‌. കുട്ടികളില്ലാത്ത ഹതഭാഗ്യര്‍, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍, ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ സമ്മേളിച്ച്‌ അതിനെ ആശ്ലേഷിച്ചും തൊട്ടുമുത്തിയും തങ്ങളുടെ ആവലാതികള്‍ താണുകേണപേക്ഷിച്ചും കാലം കഴിച്ചിരുന്നു. മക്കയിലെ ജനങ്ങള്‍ ഇത്‌ ചെയ്‌തു എന്നു പറഞ്ഞു നാം തെളിവ്‌ നിരത്തിയാല്‍ അത്‌ സാധുവാകുമോ? അന്ധവിശ്വാസത്തിന്റെ ആ വടവൃക്ഷം പിഴുതെറിയാന്‍ മുഹമ്മദ്‌ ബിന്‍ അബ്‌ദില്‍വഹ്‌ഹാബ്‌ എന്ന ചെറുപ്പക്കാരന്‍ വേണ്ടി വന്നു. ആരാധനയില്‍ നൂതനമായ ഒന്ന്‌ കൊണ്ടുവരുന്നതിലൂടെ തങ്ങള്‍ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയാണ്‌ ആത്മീയവഴികളെ നയിക്കുന്നത്‌.

ഭാവിയിലെ ദേവന്മാരും ദേവിമാരുമാകാനുള്ള മത്സരമാണ്‌ ഇത്തരം `അവതാരങ്ങള്‍' നടത്തുന്നത്‌. ജാള്യത മറക്കാന്‍ ജനകീയ യാത്രകള്‍ വരെ നടത്തുന്ന കപടസന്യാസികള്‍ക്കും മതവേഷധാരികള്‍ക്കുമെതിരെ ശക്തമായ ബോധവല്‍ക്കരണം അനിവാര്യമായിരിക്കുന്നു.

ക്രിമിനല്‍ അച്ചുതണ്ട്‌

ഭൗതികനേട്ടങ്ങള്‍ക്ക്‌ മതത്തെ ദുരുപയോഗം ചെയ്‌തുകൊണ്ടുള്ള ഒരു തട്ടിപ്പാണ്‌ ആള്‍ദൈവങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. സൂക്ഷ്‌മപരിശോധനയില്‍ ഇവരുടെ ക്രിമിനല്‍ സ്വഭാവം പുറത്തുവരുന്നതാണ്‌. കൃഷിയില്‍ കളകള്‍ കയറി വളര്‍ന്നാല്‍ പിന്നെ കൃഷിയേതാണെന്ന്‌ തിരിച്ചറിയാന്‍ കഴിയില്ല. കളയാവും മുമ്പില്‍. വിശ്വാസത്തിന്റെ സ്വഭാവവും ഇതാണ്‌. അവിശ്വാസവും അന്ധവിശ്വാസവും സാക്ഷാല്‍ വിശ്വാസ സംഹിതയെ കാര്‍ന്നുതിന്നുന്നത്‌ നാം കാണുന്നു. കാലക്രമേണ മനുഷ്യനിര്‍മിത ആരാധനകള്‍ പള്ളികളിലും സ്ഥാനം പിടിക്കും. ഇതിനെ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക്‌ ഭ്രഷ്‌ട്‌ കല്‌പിക്കാന്‍ പുരോഹിതവൃന്ദം മുന്നിലുണ്ടാവുകയും ചെയ്യും. ഈ അപചയം ഒരു വന്‍ ഭീഷണിയാണെന്നു പണ്ഡിതരില്‍ ചിലരെങ്കിലും മനസ്സിലാക്കിവരുന്നതില്‍ ചെറിയൊരു പ്രതീക്ഷയുണ്ട്‌. അധാര്‍മികതക്കെതിരെ കൂട്ടായ്‌മ വേണം എന്ന ആശയത്തിലേക്ക്‌ കാര്യങ്ങളെത്തി. റസൂല്‍(സ)യുടെ പേരില്‍ വരെ പൊതു ജനത്തിനിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിച്ച്‌ മതത്തിന്റെ നേതൃത്വം കയ്യടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം, സര്‍വമാന സാങ്കേതിക വിദ്യയുടെയും പിന്തുണയോടെ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹു ആരുടെയും കുത്തകയോ ഏതെങ്കിലും വംശത്തിന്റെ മാത്രം ദൈവമോ അല്ല. അവനിലേക്ക്‌ ഒരു ചാണ്‍ അടുത്താല്‍ അവന്‍ ഒരു മുഴം അടുക്കും. ഈ സാമീപ്യത്തിനായിരിക്കണം സൃഷ്‌ടികള്‍ ശ്രമിക്കേണ്ടത്‌. അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാന്‍ പ്രവാചകന്‍(സ) തന്റെ ജീവിതത്തിലൂടെ നമുക്ക്‌ മാതൃക കാണിച്ചുതന്നു. ആള്‍ദൈവങ്ങളും ആള്‍ദൈവങ്ങളാകാന്‍ വെമ്പല്‍കൊള്ളുന്നവരും അന്ത്യപ്രവാചകന്‍ മുഹമ്മദ്‌(സ)യുടെ വിടവാങ്ങല്‍ പ്രസംഗത്തിലെ ഉപദേശം ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും.

പ്രവാചകന്‍ പറഞ്ഞു: ``രണ്ട്‌ കാര്യങ്ങള്‍ ഞാന്‍ നിങ്ങളുടെ മുമ്പാകെ ഇട്ടേച്ചുപോകുന്നു. അല്ലാഹുവിന്റെ ഗ്രന്ഥവും (ഖുര്‍ആന്‍) അവന്റെ ദൂതന്റെ ചര്യയുമാണിത്‌. അവ രണ്ടും മുറുകെ പിടിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുകയില്ല.''

by മുഹമ്മദ്‌ വാളറ @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts