യൗവ്വനത്തിന്റെ കരുത്തില്‍ സര്‍വരെയും ധിക്കരിക്കുകയും സകല ദുര്‍വൃത്തികളിലും മുഴുകുകയും അവിഹിതമാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുകയും ചെയ്‌ത ആളുകള്‍ പോലും മധ്യവയസ്സിലെത്തുമ്പോള്‍ ആത്മാര്‍ഥമായി തന്നെ ആഗ്രഹിക്കാറുണ്ട്; തങ്ങളുടെ മക്കള്‍ അനുസരണശീലമുള്ളവരും സദ്‌വൃത്തരും ആയിക്കാണണമെന്ന്, അവര്‍ കള്ളന്മാരോ പിടിച്ചുപറിക്കാരോ ആയിക്കാണരുതെന്നും. പക്ഷേ, അവരില്‍ പലരുടെയും ആഗ്രഹം സഫലമാകാറില്ല. ആധുനിക യുഗത്തില്‍ വിശേഷിച്ചും. പുതിയ തലമുറയില്‍ ഗണ്യമായ ഒരു ഭാഗം കൂടുതല്‍ കടുത്ത ധിക്കാരത്തിലേക്കും നിഷേധത്തിലേക്കും വഴുതിപ്പോയിക്കൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്‌കാരം വിലക്കപ്പെട്ട കനികള്‍ മുഴുക്കെ വാരിവിഴുങ്ങലാണെന്നത്രെ അവരുടെ ജീവിതവീക്ഷണം. അവരില്‍ പലരും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി മാറുന്നു. ചിലരെങ്കിലും എച്ച് ഐ വിയുടെ വാഹകരുമാകുന്നു. ലഹരിദ്രവ്യത്തിന് പണമുണ്ടാക്കാന്‍ വേണ്ടി ചിലര്‍ പോക്കറ്റടിയും ഭവനഭേദനവും പിടിച്ചുപറിയുമൊക്കെ പരീക്ഷിക്കുന്നു. അഡിക്‌ഷന്‍ അവരെ അതിന് നിര്‍ബന്ധിതരാക്കുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. കുറ്റകൃത്യങ്ങളിലേക്ക് കുതിച്ചുചാടാന്‍ മനസ്സ് സമ്മതിക്കാത്തവര്‍ കുടുംബത്തില്‍ നിന്ന് കിട്ടുന്നതൊക്കെ വിറ്റു തുലയ്‌ക്കുകയോ ചൂതാട്ടത്തിന്റെ വഴി തെരഞ്ഞെടുക്കുകയോ ചെയ്യുന്നു.
അടിപൊളി ജീവിതത്തിന്റെ ആകര്‍ഷണവലയത്തിലാണ് ഒട്ടേറെ ചെറുപ്പക്കാര്‍ ചെന്നുപെടുന്നത്. ഏറ്റവും വിലകൂടിയതും ഏറ്റവും മോടിയുള്ളതുമൊക്കെ അനുഭവിക്കുന്നതും ശേഖരിക്കുന്നതും ഒരു ലഹരിയായി മാറിയാല്‍ അവരും അവിഹിതമാര്‍ഗങ്ങള്‍ പലതും പരീക്ഷിക്കാന്‍ നിര്‍ബന്ധിതരായിത്തീരും. അഴിമതിയും കോഴയും കൃത്രിമങ്ങളും ഉള്‍പ്പെടെ പണമുണ്ടാക്കാന്‍ പലപല വഴികള്‍ അവര്‍ തേടും. ലക്ഷങ്ങളുടെയും കോടികളുടെയും വെട്ടിപ്പുകളും തട്ടിപ്പുകളും നടത്തി ഭോഗാസക്തിയുടെ തീരങ്ങള്‍ തേടി അവര്‍ നടക്കുന്നു. പെണ്‍വാണിഭങ്ങളും പ്രകൃതിവിരുദ്ധ റാഞ്ചലുകളുമൊക്കെ സംഘടിപ്പിക്കുന്നതില്‍ ഇവര്‍ മുഖ്യ പങ്കുവഹിക്കുന്നു. ഇവരില്‍ ചിലര്‍ പോലീസിലും രാഷ്‌ട്രീയത്തിലുമൊക്കെ സ്വാധീനം നേടി തിളങ്ങാന്‍ തുടങ്ങുമ്പോള്‍ ചില ചെറുപ്പക്കാര്‍ അവരെ വീരനായകന്മാരായി മനസ്സാ വരിക്കുന്ന അവസ്ഥ വരുന്നു. ഒരു നിലയില്‍ മദ്യ-മയക്ക് ആസക്തിയെക്കാള്‍ അപകടകരവും സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതുമത്രെ ഇത്.
മറ്റൊരു വിഭാഗം ചെറുപ്പക്കാര്‍ ജീവിതത്തെ തന്നെ വെറുക്കുന്നു. അവര്‍ യാതൊന്നിലും ആകൃഷ്‌ടരാകുന്നില്ല. എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്യാന്‍ അവരുടെ മനസ്സ് വെമ്പല്‍ കൊള്ളുന്നു. അകാരണമായി അവര്‍ അക്രമാസക്തരാവുകയും കൈയേറ്റങ്ങളിലും കൊലപാതകങ്ങളിലും ഏര്‍പ്പെടുകയും ചെയ്യുന്നു. ചില നാടുകളില്‍ അഞ്ചും ആറും വയസ്സായ കുട്ടികളില്‍ പോലും അക്രമാസക്തി പ്രകടമാകുന്നു. യാതൊരു പ്രകോപനവും കൂടാതെയോ തികച്ചും നിസ്സാരമായ കാരണങ്ങളുടെ പേരിലോ അവര്‍ സഹപാഠികളെയും തങ്ങളെക്കാള്‍ പ്രായംകുറഞ്ഞ കുട്ടികളെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നു. എല്ലാവരെയും വെറുക്കുന്നുവെങ്കിലും ആക്രമിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ സ്വയം നശിപ്പിക്കാന്‍ തീരുമാനിക്കുന്നവരുമുണ്ട്. കഠിനമായി വെറുക്കുന്നവര്‍ക്കിടയില്‍ ജീവിക്കുന്നതിനേക്കാള്‍ അവര്‍ ഇഷ്‌ടപ്പെടുന്നത് സ്വയം രംഗം വിടാനാണ്.
ആധുനിക യുഗത്തിന്റെ സങ്കീര്‍ണതകള്‍ ഒട്ടേറെ ചെറുപ്പക്കാരുടെ മാനസിക സന്തുലനം നഷ്‌ടപ്പെടാനും കാരണമായിത്തീരുന്നു. കുടുംബവും സമൂഹവുമായി പൊരുത്തപ്പെട്ടുപോകാന്‍ കഴിയാതെ, ജീവിതപ്രശ്‌നങ്ങളെ ശുഭാപ്‌തി വിശ്വാസത്തോടെ നേരിടാന്‍ സാധിക്കാതെ ഉന്മാദത്തിലേക്കോ വിഷാദത്തിലേക്കോ വഴുതിപ്പോകുന്ന ചെറുപ്പക്കാരുടെ എണ്ണം അനുസ്യൂതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാകുന്നു. ഉന്മാദത്താല്‍ സമചിത്തത നഷ്‌ടപ്പെടുന്ന ചിലര്‍ അക്രമാസക്തരായിത്തീരുന്നു. വിഷാദത്തിന്റെ മൂര്‍ധന്യത്തില്‍ പലരും ആത്മഹത്യയെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായി കാണുന്നു.
മധ്യവയസ്സിലോ വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കലോ എത്തുമ്പോള്‍ ഇന്നത്തെ യുവതലമുറയും മാറിച്ചിന്തിക്കാനും തങ്ങളുടെ സന്തതികളുടെ അപഥസഞ്ചാരത്തെക്കുറിച്ച് ഉല്‍കണ്‌ഠപ്പെടാനും സാധ്യതയുണ്ട്. പക്ഷേ, അതുകൊണ്ട് കാര്യമായ ഫലമൊന്നും ഉണ്ടാവില്ല. ഈ സാമൂഹികാവസ്ഥയെ അപഗ്രഥന വിധേയമാക്കുന്ന സാമൂഹിക ശാസ്‌ത്രജ്ഞരും മനഃശാസ്‌ത്രജ്ഞരും ഒട്ടേറെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചേക്കും. അതൊക്കെ വിശകലനം ചെയ്യാന്‍ ഈ കുറിപ്പിന്റെ പരിമിതി അനുവദിക്കുകയില്ല.
വ്യക്തിത്വ വികാസത്തെ രചനാത്മകമായി സ്വാധീനിക്കേണ്ട ഒട്ടേറെ ഘടകങ്ങളുടെ അപൂര്‍ണതയോ അഭാവമോ ആണ് യുവതലമുറയില്‍ പ്രകടമാകുന്ന ഒട്ടേറെ വ്യക്തിത്വവിലക്ഷണതകള്‍ക്ക് മുഖ്യ കാരണമെന്ന് ചുരുക്കിപ്പറയാം. മുതിര്‍ന്ന തലമുറയുടെ കാരുണ്യവും വാത്സല്യവും പിന്തുണയും അന്യൂനമായ മാര്‍ഗദര്‍ശനവും ഉചിതമായ അളവില്‍ ലഭിച്ചാലേ പുതിയ തലമുറയുടെ വ്യക്തിത്വം സന്തുലിതമായി വികസിക്കുകയുള്ളൂ. ഇതൊക്കെ ക്ലാസ്സെടുത്തോ നോട്ട് കൊടുത്തോ സൃഷ്‌ടിച്ചെടുക്കാവുന്ന കാര്യമല്ല. മാതാപിതാക്കളും കുടുംബത്തിലെ മുതിര്‍ന്നവരും ഗുരുനാഥന്മാരും സമൂഹസാരഥികളും ഭരണകര്‍ത്താക്കളും ഉല്‍കൃഷ്‌ട ഗുണങ്ങളുടെ വിളനിലങ്ങളായാല്‍ ജീവിതമാതൃകകള്‍ ഉറ്റുനോക്കുന്നതില്‍ അതീവ ജിജ്ഞാസ കാണിക്കുന്ന പുതിയ തലമുറ ആവശ്യമായതൊക്കെ പഠിക്കുകയും പകര്‍ത്തുകയും ചെയ്‌തുകൊള്ളും. എന്നാല്‍ മുതിര്‍ന്നവരുടെ ക്ലാസുകളും പ്രസംഗങ്ങളും ആഹ്വാനങ്ങളും കേമമാകുകയും അവരുടെ കര്‍മ മാതൃക വിചിത്രവും അപഹാസ്യവുമായിരിക്കുകയും ചെയ്യുന്നപക്ഷം ഇളംതലമുറ ആശയക്കുഴപ്പത്തിലാവുകയും മാതൃകാപുരുഷന്മാരായി കരുതപ്പെടുന്നവരില്‍ അവര്‍ക്ക് വിശ്വാസമില്ലാതാവുകയും കുടുംബത്തെയും സമൂഹത്തെയും കാപട്യത്തിന്റെയും ഇരട്ടത്താപ്പിന്റെയും പ്രതീകങ്ങളായി അവര്‍ വിലയിരുത്താന്‍ ഇടവരുകയും ചെയ്യും. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.
കൗമാരത്തിന്റെ കണ്ണുകള്‍ ഉത്തമ മാതൃകകള്‍ കണ്ടെത്താന്‍ വേണ്ടി കാരണവന്മാരെയും ഗുരുജനങ്ങളെയും സാംസ്‌കാരിക നായകന്മാരെയും മറ്റും ഉറ്റുനോക്കുമ്പോള്‍ അവരുടെ ദൃഷ്‌ടിയില്‍ പതിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം. വ്യക്തിത്വ വികസനത്തില്‍ കുടുംബമെന്ന മഹാസ്ഥാപനത്തിന് വഹിക്കാനുള്ള പങ്ക് നിസ്‌തുലമാണെന്ന് ചിന്താശീലരൊക്കെ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈയിടെ ചില വനിതാ സംഘടനകളുടെ നേതാക്കള്‍ ചൂണ്ടിക്കാണിച്ചത് തങ്ങളുടെ മുതിര്‍ന്ന പെണ്‍മക്കളെ എപ്പോഴും കൂടെ കൊണ്ടുനടക്കേണ്ടിവരുന്നുവെന്നാണ്. അവരുടെ ചാരിത്ര്യത്തിന്റെ കാര്യത്തില്‍ പിതാക്കളെ വിശ്വസിക്കാന്‍ പറ്റുന്നില്ലത്രെ. മാതാവിന് പിതാവിനെപ്പറ്റി ഇത്ര മോശമായ അഭിപ്രായമാണുള്ളതെന്ന് യൗവനത്തിലേക്ക് കാലൂന്നുന്ന പെണ്‍കുട്ടി മനസ്സിലാക്കാന്‍ ഇടവന്നാല്‍ അതവളുടെ വ്യക്തിത്വത്തെ എത്ര ദോഷകരമായി ബാധിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണ്. മാതാവിനെയും പിതാവിനെയും സംബന്ധിച്ച് മതിപ്പ് നഷ്‌ടപ്പെടുന്ന കൗമാരപ്രായക്കാര്‍ പിന്നെ ചെന്ന് പെടുന്നത് കപടസ്‌നേഹം നടിച്ച് ചൂഷണത്തിനും പീഡനത്തിനും വഴിതേടുന്നവരുടെ കെണിയിലായിരിക്കും. സ്വന്തം പിതാവ് തന്നെ ഒരു പെണ്‍കുട്ടിയെ പിഴപ്പിക്കുക എന്നത് അപചയത്തിന്റെ പാരമ്യമാണ്. അത് അപൂര്‍വമായി മാത്രം നടക്കുന്ന ലൈംഗിക വൈകൃതമാണ്. എന്നാല്‍ കൂടെ താമസിക്കുന്നവരും വിരുന്നുവരുന്നവരുമായ മറ്റു ബന്ധുക്കളാല്‍ പിഴപ്പിക്കപ്പെടുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംഖ്യ വളരെ കൂടുതലാണെന്നത്രെ ജേര്‍ണലിസ്റ്റുകളും സാമൂഹ്യ പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തില്‍ ആദരപൂര്‍വം വീക്ഷിക്കപ്പെടുന്ന പലരും സ്വകാര്യജീവിതത്തില്‍ അറുവഷളാണെന്ന് കണ്ടെത്തുന്ന പുതിയ തലമുറയുടെ ചിന്ത ഏതൊക്കെ വഴിക്ക് നീങ്ങുമെന്ന് ഊഹിക്കുകപോലും പ്രയാസമായിരിക്കും.
കുടുംബാംഗങ്ങള്‍ കഴിഞ്ഞാല്‍ ഗുരുജനങ്ങളെയാണ് വളരുന്ന തലമുറ മാതൃകയ്‌ക്ക് വേണ്ടി ഉറ്റുനോക്കുന്നത്. നേതൃഗുണങ്ങള്‍ ഒത്തിണങ്ങിയവരും ഉത്തമ മാര്‍ഗദര്‍ശികളുമായ ഗുരുനാഥന്മാര്‍ തലമുറകളുടെ വ്യക്തിത്വ വികാസത്തില്‍ എക്കാലത്തും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. യൗവനാരംഭത്തില്‍ അധ്യാപക ജോലി ലഭിക്കുന്ന ചിലര്‍ ചിലപ്പോള്‍ ചില ചാപല്യങ്ങള്‍ കാണിക്കാറുണ്ടായിരുന്നെങ്കിലും അതൊരു ഗുരുതരമായ പ്രശ്‌നമായി വളര്‍ന്നിരുന്നില്ല. ഈയിടെ മധ്യവയസ്‌കരായ രണ്ടു ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ഥിനിയെ വ്യാമോഹിപ്പിച്ച് കെണിയില്‍ കുടുക്കിയ വാര്‍ത്ത വായിച്ചപ്പോഴാണ് അപചയത്തിന്റെ ആഴം വ്യക്തമായത്. ആശ്രമങ്ങളില്‍ ഉന്നതമായ ആത്മീയ ശിക്ഷണം നല്‌കുന്നവരെന്ന് വിലയിരുത്തപ്പെടുന്ന ചില ആചാര്യന്മാരുടെ അവസ്ഥയും വ്യത്യസ്‌തമല്ലെന്ന് ഇടയ്‌ക്കിടെ വരുന്ന പത്രറിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.
ആദരണീയരും ഗുരുസ്ഥാനീയരും ആയിട്ടുള്ള പലരും സ്വാര്‍ഥികളും അപഥസഞ്ചാരികളും ദുര്‍വൃത്തികളില്‍ മുങ്ങിക്കുളിച്ചവരുമാണെന്ന്, അവരെയൊക്കെ മാതൃകയ്‌ക്കായി ഉറ്റുനോക്കുന്ന പുതുതലമുറയ്‌ക്ക് ബോധ്യംവരുന്നതാണ് അവര്‍ ആത്മനാശത്തിന്റെ വഴികളിലേക്ക് തിരിയുന്നതിന്റെ ഒരു പ്രധാന കാരണം. മാര്‍ഗദര്‍ശികളാകാന്‍ ബാധ്യസ്ഥരായ എല്ലാവരും സ്വജീവിതം മാതൃകായോഗ്യമാക്കാന്‍ പരമാവധി ശ്രമിച്ചെങ്കില്‍ മാത്രമേ കൗമാരത്തിലും യൗവനാരംഭത്തിലും പാപത്തിന്റെ പരീക്ഷണശാലകളില്‍ ചേക്കേറുന്നവരെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.
from shabab weekly