സ്‌നേഹപ്രകടനം വഴിതിരിയുമ്പോള്‍

"സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു" എന്ന വാക്യം ഒരു യാഥാര്‍ഥ്യമാണ്‌. പരസ്‌പര സ്‌നേഹമാണ്‌ ലോകത്തിന്റെ പ്രത്യേകിച്ചും ജന്തുലോകത്തിന്റെ, നിലനില്‌പ്‌. കുഞ്ഞിനെ സ്‌നേഹിക്കാത്ത ഒരമ്മയും ജന്തുലോകത്തില്ല. മനുഷ്യന്റെ കാര്യത്തിലാവുമ്പോള്‍ ഈ സ്‌നേഹം കേവലം മൃഗതൃഷ്‌ണ എന്നതിലുപരി വിശാലവും വിചാരപരവും ആയിത്തീരുന്നു. പറക്കമുറ്റിയാല്‍ കുഞ്ഞിനെ തിരിഞ്ഞുനോക്കാത്ത `അമ്മ ജന്തു'വില്‍ നിന്ന്‌ ആജീവനാന്തവും മരണാനന്തരവും സ്‌നേഹിക്കുന്ന തലത്തിലേക്ക്‌ മനുഷ്യന്‍ ഉയരുന്നു. ഉത്‌കൃഷ്‌ട സൃഷ്‌ടിയും നിയമങ്ങള്‍ക്ക്‌ വിധേയനുമായ മനുഷ്യന്‌ ആദര്‍ശമെന്ന നിലയില്‍ തന്നെ സ്‌നേഹമെന്ന വികാരം പരിഗണിക്കേണ്ടതുണ്ട്‌. ദൈവികമതം -ഇസ്‌ലാം സ്‌നേഹമെന്ന വികാരം വിശ്വാസത്തിന്റെ ഭാഗമായി കാണുന്നു. മാതാപിതാക്കളെ, ഇണകളെ, മക്കളെ, കുടുംബങ്ങളെ, അയല്‍ക്കാരെ, സുഹൃത്തുക്കളെ, ആദര്‍ശബന്ധുക്കളെ, ഇതര മനുഷ്യരെ മുഴുവനും സ്‌നേഹിക്കേണ്ടവനാണ്‌ വിശ്വാസി. ജന്തുക്കളെയും ഈ പ്രകൃതിയെപ്പോലും സ്‌നേഹിക്കേണ്ടതുണ്ട്‌. സ്‌നേഹം മനസ്സിലുള്ള വികാരമാണ്‌. അത്‌ പ്രവര്‍ത്തനങ്ങളിലേക്ക്‌ വഴിഞ്ഞൊഴുകും. ഈ സ്‌നേഹപ്രകടനം ഓരോരുത്തരോടും ഓരോ തരത്തിലാണ്‌ കാണിക്കേണ്ടത്‌. സ്‌നേഹം തീരെ പ്രകടിപ്പിക്കാതെ മനസ്സില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ പോരാ.


ഒരു ഗ്രാമീണ അറബി നബി(സ)യുടെ സദസ്സില്‍ കയറിവന്നു. അപ്പോള്‍ നബി(സ) തന്റെ പേരമകന്‍ ഹസന്‍ എന്ന കുഞ്ഞിനെ ചുംബിക്കുന്നു. ആഗതന്‍ പറഞ്ഞു: താങ്കള്‍ ഈ കുഞ്ഞിനെ ചുംബിക്കുകയോ? എനിക്ക്‌ പത്ത്‌ മക്കളുണ്ട്‌. അവരില്‍ ഒരാളെയും ഞാന്‍ ഉമ്മവെച്ചിട്ടില്ല. പ്രവാചകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: കരുണചെയ്യാത്തവനോട്‌ ആരും കരുണ കാണിക്കില്ല (മുസ്‌ലിം). ഈ സ്‌നേഹപ്രകടനം ശിശുക്കളുടെ വ്യക്തിത്വവികാസത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നു എന്ന്‌ ആധുനിക മനശ്ശാസ്‌ത്രം പറയുന്നു. സ്‌നേഹമെന്ന വികാരവും സ്‌നേഹപ്രകടനവും മനുഷ്യസഹജമാണ്‌ എന്നതോടൊപ്പം ഇസ്‌ലാം അത്‌ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌ എന്നാണ്‌ പറഞ്ഞതിന്റെ ചുരുക്കം.

വിശ്വാസികള്‍ എന്ന നിലയില്‍ നാം ഈ പ്രശ്‌നം വിലയിരുത്തേണ്ടതുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``അല്ലാഹുവിന്ന്‌ പുറമെയുള്ളവരെ അവന്ന്‌ സമന്മാരാക്കുന്ന ചിലരുണ്ട്‌. അല്ലാഹുവെ സ്‌നേഹിക്കുന്നതു പോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്‌നേഹമുള്ളവരത്രേ'' (2:165). ഉള്ളറിഞ്ഞ്‌ സ്‌നേഹിക്കേണ്ടതും ഇഷ്‌ടപ്പെടേണ്ടതും നമുക്ക്‌ അസ്‌തിത്വം നല്‍കിയ സ്രഷ്‌ടാവിനോടാണ്‌. അതുവഴി അവന്റെ സ്‌നേഹം കരസ്ഥമാക്കുക എന്നതാണ്‌ മുഅ്‌മിന്റെ ലക്ഷ്യം. യഥാര്‍ഥ വിശ്വാസികള്‍ അല്ലാഹു തൃപ്‌തിപ്പെട്ടവരും അല്ലാഹുവിനെ തൃപ്‌തിപ്പെട്ടവരുമാണെന്നും (98:8) ഖുര്‍ആന്‍ പറയുന്നു. സ്രഷ്‌ടാവിനെ സ്‌നേഹിക്കുന്നതിന്റെ കൂടെ വിശ്വാസി ഏറ്റവുമധികം കടപ്പെട്ടത്‌ ആ സ്രഷ്‌ടാവിന്റെ ദൂതനായ മുഹമ്മദ്‌ നബി(സ)യോടാണ്‌ എന്നും അല്ലാഹു വ്യക്താക്കുന്നു. പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹത്തെക്കാറും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു (33:6). നബി(സ) സ്വന്തം വാക്കുകളില്‍ ഇത്‌ ഒന്നുകൂടി വ്യക്തമാക്കുന്നു: ``തന്റെ മാതാപിതാക്കള്‍, മക്കള്‍ എന്നുവേണ്ട സകല മനുഷ്യരെക്കാളും ഒരാള്‍ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ ഞാന്‍ ആകുന്നതു വരെ അയാള്‍ വിശ്വാസി ആയിത്തീരുകയില്ല.''

ഇതാണ്‌ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്നതിന്റെ മര്‍മം. എന്നാല്‍ വിശ്വാസി തന്റെ മനസ്സിലുള്ള ഈ സ്‌നേഹം എങ്ങനെയാണ്‌ പ്രകടിപ്പിക്കേണ്ടത്‌ എന്നുകൂടി നോക്കണം. അല്ലാഹുവിന്റെ പ്രീതിക്ക്‌ വിധേയരാകുന്നവര്‍ ആരെന്നും അല്ലാഹു ഇഷ്‌ടപ്പെടാത്തവര്‍ ആരെന്നും വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. ചില ഉദാഹരണങ്ങള്‍ നോക്കുക: അല്ലാഹു ഇഷ്‌ടപ്പെടുന്നവര്‍ സത്‌കര്‍മികള്‍ (2:195), പശ്ചാത്തപിക്കുന്നവര്‍, ശുചിത്വം പാലിക്കുന്നവര്‍ (2:222), ഭയഭക്തി പുലര്‍ത്തുന്നവര്‍ (3:72), സഹനശീലര്‍ (3:146), അല്ലാഹുവില്‍ ഭരമേല്‌പിക്കുന്നവര്‍ (3:159), നീതി പുലര്‍ത്തുന്നവര്‍. അല്ലാഹു ഇഷ്‌ടപ്പെടാത്തവരെപ്പറ്റിയും ഖുര്‍ആനില്‍ നിരവധി പരാമര്‍ശങ്ങളുണ്ട്‌. സത്യനിഷേധികള്‍ (3:32), അതിക്രമികള്‍ (2:90), കുഴപ്പമുണ്ടാക്കുന്നവര്‍ (5:64), ദുര്‍വ്യയം ചെയ്യുന്നവര്‍ (6:141), വഞ്ചന നടത്തുന്നവര്‍ (8:58), അഹങ്കരിക്കുന്നവര്‍ (16:23), അക്രമികള്‍ (3:57), ദുരഭിമാനികള്‍ (4:36), പാപികള്‍ (3:176).

ചുരുക്കത്തില്‍ അല്ലാഹുവിനിഷ്‌ടമുള്ള കാര്യങ്ങള്‍ ചെയ്യുകയും അവനിഷ്‌ടമില്ലാത്ത കാര്യങ്ങള്‍ വെടിയുകയും ചെയ്യുക. ഇതാണ്‌ ദൈവപ്രീതി നേടാനുള്ള മാര്‍ഗം. ഇതിനുവേണ്ടി വിശ്വാസി അവലംബിക്കേണ്ട വഴികള്‍ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ``നബിയേ, ജനങ്ങളോട്‌ പറഞ്ഞേക്കുക. നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. അല്ലാഹു നിങ്ങളെ ഇഷ്‌ടപ്പെടുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും'' (3:31). ``ആരെങ്കിലും ദൈവദൂതനെ അനുസരിക്കുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു'' (4:80). എന്തിനാണ്‌ ദൂതനെ അഥവാ മുഹമ്മദ്‌ നബിയെ അനുസരിക്കുന്നത്‌ എന്നും അല്ലാഹു വ്യക്തമാക്കുന്നു. ``അല്ലാഹുവിന്റെ പ്രീതിയും അന്ത്യനാളും പ്രതീക്ഷിക്കുകയും ധാരാളമായി ദൈവസ്‌മരണ നടത്തുകയും ചെയ്യുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌'' (33:21). ഇത്രയും വ്യക്തമാക്കിയതില്‍ നിന്ന്‌ അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുക എന്ന ഇസ്‌ലാമികാദര്‍ശത്തിന്റെ മര്‍മം നാം മനസ്സിലാക്കി.

ഈ ആദര്‍ശം അക്ഷരാര്‍ഥത്തില്‍ ജീവിതത്തില്‍ കൊണ്ടുനടന്നവരായിരുന്നു നബി(സ)യുടെ അനുചരന്മാര്‍ (സ്വഹാബികള്‍). നബി(സ) അവര്‍ക്കിടയില്‍ ജീവിച്ചിരുന്നപ്പോള്‍ പ്രവാചകന്റെ സഹവാസം അവര്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ കല്‌പനാ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചു. സ്വന്തം താല്‌പര്യങ്ങള്‍ പ്രവാചക താല്‌പര്യത്തിനു മുന്നില്‍ പരിത്യജിച്ചു. എന്റെ മാതാപിതാക്കളെ പോലും താങ്കള്‍ക്കുവേണ്ടി ത്യജിക്കാന്‍ തയ്യാറാണ്‌ എന്ന ആശയത്തില്‍ ബിഅബീ അന്‍ത വഉമ്മീ യാ റസൂലുല്ലാഹ്‌ എന്നാണവരില്‍ പലരും നബിയെ സംബോധന ചെയ്‌തിരുന്നത്‌. ഇതൊന്നും പ്രവാചകനെന്ന മനുഷ്യന്റെ വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നില്ല. അദ്ദേഹത്തിന്റെ കല്‌പനകള്‍ ദൈവനിശ്ചയമായിരുന്നു എന്ന ദൃഢബോധ്യമായിരുന്നു അതിനു കാരണം. ഹുദയ്‌ബിയയില്‍ വച്ച്‌ പ്രസിദ്ധമായ ഉടമ്പടിയിലേക്ക്‌ നയിച്ച സന്ദര്‍ഭത്തില്‍ പ്രവാചകന്റെ അനുചരന്മാര്‍ അദ്ദേഹത്തോട്‌ കാണിച്ച സ്‌നേഹപ്രകടനങ്ങള്‍ കണ്ടുനിന്ന ഖുറൈശി പ്രതിനിധി ഖുറൈശികള്‍ക്ക്‌ നല്‍കിയ റിപ്പോര്‍ട്ട്‌ വളരെ പ്രസിദ്ധമാണ്‌: ``സീസര്‍ ചക്രവര്‍ത്തിമാരെയും കിസ്‌റാ ചക്രവര്‍ത്തിമാരെയും അവരുടെ സമൂഹം ആദരിക്കുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. എന്നാല്‍ മുഹമ്മദിനെ അദ്ദേഹത്തിന്റെ അനുചരന്മാര്‍ സ്‌നേഹിക്കുന്നതിനു തുല്യമായി ഒരു സ്‌നേഹപ്രകടനവും ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. നിങ്ങള്‍ക്കൊരിക്കലും മുഹമ്മദിനെ ഒറ്റപ്പെടുത്താന്‍ കഴിയില്ല.''

യുദ്ധവേളയില്‍ നബിക്കുനേരെ ചീറിവന്ന വസ്‌ത്രങ്ങള്‍ സ്വന്തം ശരീരം കൊണ്ടു തടുത്ത സ്വഹാബികള്‍ തന്റെ ജീവശ്വാസം നിലച്ച ശേഷമല്ലാതെ ശത്രുക്കള്‍ക്ക്‌ പ്രവാചകനെ സ്‌പര്‍ശിക്കാന്‍ കഴിയില്ല എന്ന സന്ദേശമാണ്‌ ലോകത്തിനു നല്‍കിയത്‌. പ്രവാചകന്റെ ദൗത്യനിര്‍വഹണം പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സൂചന ലഭിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ സ്വഹാബികള്‍ പ്രവാചകന്‍ മരണപ്പെട്ടു എന്ന സത്യം ഉള്‍ക്കൊള്ളാനാവാതെ നിലകൊണ്ട നിമിഷങ്ങള്‍ ചരിത്രത്തില്‍ വായിച്ചവര്‍ പോലും പൊട്ടിക്കരഞ്ഞുപോകും. ആ പ്രവാചകന്റെ അന്ത്യോപദേശം പാലിക്കുക എന്നാണ്‌ പില്‍ക്കാലക്കാര്‍ക്ക്‌ കരണീയമായ മാര്‍ഗം. കാരണം സ്വഹാബിമാരുടെ സ്‌നേഹപ്രകടനങ്ങള്‍ നമുക്ക്‌ ചെയ്യാന്‍ കഴിയില്ല. പ്രവാചകന്‍ ജീവിച്ചിരിപ്പില്ലല്ലോ. എന്നാല്‍ അദ്ദേഹം ഇവിടെ നമുക്കുവേണ്ടി ബാക്കിവെച്ച വിശുദ്ധ ഖുര്‍ആനും നബിചര്യയും മുറുകെപിടിച്ചു ജീവിച്ചുകൊണ്ടാണ്‌ അല്ലാഹുവിന്റെ പ്രീതി നേടേണ്ടത്‌. പ്രവാചകനെ പ്രതിരോധിക്കാന്‍ കഴിയാത്ത നമുക്ക്‌ പ്രവാചകന്റെ ചര്യയെ സംരക്ഷിക്കാനും പ്രവാചകന്റെ വിമര്‍ശകരെ നേരിട്ടുകൊണ്ട്‌ സുന്നത്തിനെ പ്രതിരോധിക്കാനും സാധിക്കും.

അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുക എന്ന ആദര്‍ശം എക്കാലത്തും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. എന്നാല്‍ പ്രവാചകനോടുള്ള സ്‌നേഹപ്രകടനങ്ങള്‍ വഴിവിട്ടുപോകുകയും ഇതരമതസ്ഥരെ അനുകരിച്ചുകൊണ്ട്‌ പ്രവാചകസ്‌നേഹത്തിന്റെ പേരില്‍ മതത്തില്‍ പുതിയ ആചാരങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ നാടെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്‌. നബി(സ)യുടെ അപദാനങ്ങല്‍ വാഴ്‌ത്തുക എന്ന പേരില്‍ അതിശയോക്തികളും ഭാവനയില്‍ മെനഞ്ഞെടുത്ത സിദ്ധാന്തങ്ങളും ഉള്‍പ്പെട്ട കീര്‍ത്തനങ്ങള്‍ ദിനചര്യയെന്നോണം പാടുക, നബി(സ)യുടെ ജയന്തി ആഘോഷിക്കുക, നബിജനിച്ച മാസമെന്ന നിലയില്‍ റബീഉല്‍ അവ്വലിന്‌ പുണ്യംകല്‌പിച്ച്‌ ആഘോഷിക്കുക, നബിയുടെ പേരില്‍ ജാഥകളും ഘോഷയാത്രകളും സംഘടിപ്പിക്കുക, പള്ളികളും മദ്‌റസകളും അലങ്കരിക്കുക തുടങ്ങിയ ജാടകളാണ്‌ പ്രവാചക സ്‌നേഹപ്രകടനങ്ങള്‍ എന്ന പേരില്‍ മുസ്‌ലിംകളില്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കാത്ത, പ്രവാചകന്‍ പഠിപ്പിക്കാത്ത, സ്വഹാബികള്‍ക്ക്‌ പരിചയമില്ലാത്ത, ആദ്യകാല മഹാന്മാര്‍ (സലഫുകള്‍) ആലോചിക്കാത്ത, മദ്‌ഹബിന്റെ ഇമാമുകള്‍ എന്നറിയപ്പെടുന്ന പണ്ഡിതന്മാര്‍ മനസ്സിലാക്കിയിട്ടില്ലാത്ത തികച്ചും നൂതനമായ സമ്പ്രദായങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ ഇന്ന്‌ ആചാരമായി നടമാടുന്നു. ഇത്‌ സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം ഗുരുതരമായ ആപത്താണ്‌. അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുക എന്ന അടിസ്ഥാനാശയത്തില്‍ നിന്നു മാറി, ശരിയായ നിലയില്‍ ജീവിക്കാന്‍ പോലും തയ്യാറാകാത്ത ആളുകള്‍ റബീഉല്‍ അവ്വല്‍ ആഘോഷിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നതില്‍ വിശ്വാസപരമായ വലിയ അപകടമുണ്ട്‌. മുസ്‌ലിംകള്‍ ഇക്കാര്യം ഉള്‍ക്കൊണ്ട്‌ ബിദ്‌അത്തുകളില്‍ നിന്ന്‌ പിന്മാറുകയും സുന്നത്തിന്റെ ശരിയായ പാതയിലേക്ക്‌ നീങ്ങുകയും ചെയ്യണമെന്നുണര്‍ത്തട്ടെ.

`നബിമാസാചരണ'ത്തിലെ അപകടങ്ങള്‍ എത്ര ഗുരുതരമാണെന്നറിയാമോ? ഒന്ന്‌) ജന്മദിനാഘോഷം (ബര്‍ത്ത്‌ഡെ ആചരണം) നബി(സ) പഠിപ്പിച്ചതല്ല. രണ്ട്‌) നബിയെ ജീവനു തുല്യം സ്‌നേഹിച്ച സ്വഹാബികള്‍ അങ്ങനെ ചെയ്‌തിട്ടില്ല, മൂന്ന്‌) ഉത്തമ നൂറ്റാണ്ടുകളെന്ന്‌ പ്രവാചകന്‍ വിശേഷിപ്പിച്ച ഹിജ്‌റ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകാര്‍ക്ക്‌ പരിചയമില്ലാത്ത പുതിയ സമ്പ്രദായങ്ങള്‍ ദീനിന്റെ പേരില്‍ കടന്നുവരുന്നു. (നാല്‌) `ഈസാ നബിയെ നസാറാക്കള്‍ പുകഴ്‌ത്തിയതു പോലെ എന്നെ നിങ്ങള്‍ പുകഴ്‌ത്തിപ്പറയരുത്‌' എന്ന നബിയുടെ താക്കീത്‌ അവഗണിച്ചുകൊണ്ട്‌ ക്രൈസ്‌തവ സംസ്‌കാരം നാം പിന്‍പറ്റുന്നു. അഞ്ച്‌) ആചാര്യന്മാരുടെ ജനിമൃതികള്‍ ആഘോഷിക്കുക എന്ന ഇതരമതങ്ങളിലെ ആചാരങ്ങള്‍ നാം സ്വായത്തമാക്കുന്നു. ആറ്‌) ഇതിനൊക്കെ പുറമെ നബിചര്യ ജീവിതത്തില്‍ പകര്‍ത്തുന്നതിനു പകരം ചില ജാട പ്രകടനങ്ങള്‍ കൊണ്ട്‌ മോക്ഷം നേടാമെന്ന തെറ്റായ `മെസ്സേജ്‌' പാമരസമൂഹത്തിലേക്ക്‌ നല്‌കുന്നു.

from SHABAB

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts