നിരവധി ആള്‍ദൈവങ്ങളും വ്യാജസിദ്ധന്മാരും കള്ളപുരോഹിതന്മാരും വിലസുന്ന ഈ നാട്ടില്‍ പുതിയൊരു മുടി ദൈവത്തെക്കൂടി പ്രതിഷ്‌ഠിക്കാനുള്ള തയ്യാറെടുപ്പിലാണ് കാന്തപുരവും കൂട്ടരും. എന്നാല്‍ ഇ കെ സുന്നികളടക്കം പലരും വാദിക്കുന്നത്, കാന്തപുരത്തിന്റെ കൈവശമുള്ളത് നബി(സ)യുടെ മുടിയല്ല, ആണെന്ന് വാദമുണ്ടെങ്കില്‍ സ്വഹീഹായ പരമ്പരകള്‍ കൊണ്ട് തെളിയിക്കണം എന്നാണ്. അത് തെളിഞ്ഞാല്‍ ഇന്ന് മുടിയുടെ പേരില്‍ കാന്തപുരം കാണിക്കുന്ന അനാചാരങ്ങള്‍ സാധുവാകും. ഇതേ വാദം തന്നെയാണ് ഈ അടുത്ത കാലത്ത് രംഗപ്രവേശം ചെയ്യുകയും മുജാഹിദ് പ്രസ്ഥാനത്തിന്റെ ലേബലില്‍ കടുത്ത ഖുറാഫാത്തുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന നവയാഥാസ്ഥിതികരുടേതും.
അവരുടെ ഈയിടെയിറങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇത് വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത് കാന്തപുരം കൈവശം വെച്ചുകൊണ്ടിരിക്കുന്ന അര മീറ്ററില്‍ അധികം നീളമുള്ള ചെമ്പിച്ച മുടി നബിയുടേത് തന്നെയാണോ മറ്റാരുടെതോ എന്നല്ല. മറിച്ച്, പ്രസ്‌തുത മുടി നബി(സ)യുടേത് ആണെങ്കില്‍ പോലും അതുകൊണ്ട് ബര്‍കത്തെടുക്കാം എന്ന് ഖുര്‍ആനിലോ സ്വഹീഹായ ഹദീസുകളിലോ വന്നിട്ടുണ്ടോ എന്നതാണ്.
എന്താണ് ബര്‍കത്തെടുക്കല്‍? മലയാള ഭാഷയില്‍ അതിന്റെ അര്‍ഥം `അനുഗ്രഹം തേടല്‍' എന്നാണ്. അഥവാ `ഒരു വ്യക്തിയില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ അദൃശ്യമായ നിലയില്‍ ഉപകാരം കരസ്ഥമാക്കുക' എന്നതാണ് ബര്‍കത്തെടുക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ചിന്തിക്കുന്ന ആളുകള്‍ക്ക് അത് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. നബി(സ)യുടെ തിരുശേഷിപ്പുകളായ മലം, മൂത്രം, നഖം, വിയര്‍പ്പ്, മുടി, വസ്‌ത്രം തുടങ്ങിയ നബി(സ) കഴുകിക്കളയുകയോ ഒഴിവാക്കുകയോ ചെയ്‌തിട്ടുള്ള വസ്‌തുക്കള്‍ക്ക് മറ്റുള്ളവര്‍ക്ക് ബര്‍കത്ത് (അനുഗ്രഹം) നല്‍കുകയെന്നത് സാധാരണ നിലയില്‍ സാധ്യമല്ല. മറിച്ച്, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത് ഒരു വസ്‌തുതയാണ്.
അദൃശ്യമായ നിലയില്‍ ബര്‍കത്ത് നല്‍കുന്നവന്‍ അല്ലാഹുവാണ്. `നബി(സ)ക്കു പോലും സ്വന്തം ശരീരത്തിന് ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ സാധ്യമല്ല' എന്നാണ് സൂറത്ത് അഅ്‌റാഫ് 188-ാം വചനത്തിലും സൂറതുല്‍ ജിന്ന് 21-ാം വചനത്തിലും ജനങ്ങളോട് പറയാന്‍ അല്ലാഹു നബി(സ)യോട് കല്‌പിക്കുന്നത്. പിന്നെയെങ്ങനെയാണ് അവിടുത്തെ നിര്‍ജീവങ്ങളായ ശേഷിപ്പുകള്‍ക്ക് ബര്‍കത്ത് നല്‍കാന്‍ സാധിക്കുക?!
നബി(സ)യുടെ തിരുശേഷിപ്പുകള്‍ കൊണ്ട് ബര്‍കത്തെടുക്കാം എന്ന് സ്ഥാപിക്കാറുള്ളത് അവിടുത്തെ മുഅ്‌ജിസാതുകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്. യഥാര്‍ഥത്തില്‍ മുഅ്‌ജിസാത്തുകള്‍ എന്നത് പ്രവാചകന്മാരുടെ കഴിവില്‍പെട്ടതോ അവര്‍ ഉദ്ദേശിക്കുമ്പോള്‍ നടപ്പില്‍ വരുത്താവുന്ന കാര്യങ്ങളോ അല്ല. മറിച്ച്, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ പ്രവാചകന്മാര്‍ക്ക് അത് വെളിപ്പെടുത്താന്‍ സാധിക്കൂ. ഇത് വിശുദ്ധ ഖുര്‍ആനില്‍ പരന്നു കിടക്കുന്ന വസ്‌തുതയാണ്. ഉദാഹരണം: ബദ്‌ര്‍യുദ്ധ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍(അ) നബി(സ)യുടെ അടുക്കല്‍ വന്ന് ഇപ്രകാരം കല്‌പിക്കുന്നു: `ഒരുപിടി മണ്ണെടുത്ത് മുശ്‌രിക്കുകളായ ശത്രുക്കളിലേക്ക് എറിയുക' നബി(സ) അപ്രകാരം എറിയുകയും യുദ്ധരംഗത്തുള്ള മുഴുവന്‍ ശത്രുക്കള്‍ക്കും കണ്ണ് കാണാത്ത അവസ്ഥയുണ്ടാകുകയും പലവഴിക്കും ഓടുകയും ചെയ്‌തു. എന്നാല്‍ ഈ ഏറിനെപ്പറ്റി അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: ``നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്' (അന്‍ഫാല്‍ 17).
അഥവാ നബി(സ)യുടെ കഴിവുകൊണ്ടോ കയ്യിന്റെ ശക്തികൊണ്ടോ അല്ല എറിയാന്‍ കഴിഞ്ഞത്. മറിച്ച്, അല്ലാഹുവിന്റെ കഴിവുകൊണ്ടാണ് എന്ന് ബോധ്യപ്പെടുത്തുകയാണ്. ഇക്കാര്യം അല്ലാഹു മുഅ്‌ജിസാത്തുകള്‍ നല്‍കി അനുഗ്രഹിച്ച മുഴുവന്‍ പ്രവാചകന്മാരെക്കൊണ്ടും അവന്‍ പറയിപ്പിച്ചിട്ടുമുണ്ട്. സൂറത്ത് ഇബ്‌റാഹീമിലെ പ്രവാചകന്മാരുടെ പ്രസ്‌താവന അപ്രകാരമാണ്: ``അല്ലാഹുവിന്റെ സമ്മതം കൂടാതെ നിങ്ങള്‍ക്ക് യാതൊരുവിധ ദൃഷ്‌ടാന്തവും കൊണ്ട് വന്നുതരാന്‍ ഞങ്ങളാല്‍ സാധ്യമല്ല'' (ഇബ്‌റാഹീം 11). അപ്പോള്‍ പ്രവാചകന്റെ തിരുശേഷിപ്പുകള്‍ക്ക് ബര്‍കത്തുണ്ട് എന്ന് സ്ഥാപിക്കാന്‍ മുഅ്‌ജിസാത്തുകളെ ദുരുപയോഗം ചെയ്യല്‍ വിവരക്കേടും മുഅ്‌ജിസാതുകളെ നിസ്സാരപ്പെടുത്തലുമാണ്.
നബി(സ)യുടെ സ്ഥാനവും വ്യക്തിത്വവും നിലകൊള്ളുന്നത് അവിടുത്തെ തിരുശേഷിപ്പുകളായ മലം, മൂത്രം, വിയര്‍പ്പ്, വസ്‌ത്രം, മുടി, നഖം എന്നിവയിലൊന്നുമല്ല. മറിച്ച്, നുബുവ്വത്തിലും രിസാലത്തിലുമാണ്. പ്രവാചകന്റെ പ്രത്യേകതകള്‍ ആത്മീയങ്ങളാണ്. മുഅ്‌ജിസത്ത്, വഹ്‌യ്, ഇസ്വ്‌മത്ത്, നുബുവ്വത്ത്, വേദഗ്രന്ഥം എന്നിവകളൊക്കെയാണത്. നബി(സ) സമുദായത്തിനു വേണ്ടി ഉപേക്ഷിച്ചുപോയത് മലവും മൂത്രവും മുടിയും വിയര്‍പ്പുമല്ല. മറിച്ച്, ഖുര്‍ആനും സുന്നത്തുമാണ്. അവകള്‍ മുറുകെ പിടിക്കാനാണ് നമ്മോടുള്ള കല്‍പന: ``രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ശേഷിപ്പായി വെച്ചിരിക്കുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴച്ചുപോകുന്നതല്ല. അല്ലാഹുവിന്റെ കിതാബും അവന്റെ ദൂതന്റെ ചര്യയുമാണവ.'' (മാലിക്)
നബി(സ)യുടെ ഭൗതികാവസ്ഥ നമ്മെ പോലെതന്നെയാണ്. അവിടുത്തെ ഭൗതികമായ ശരീരത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നതോ, കഴുകിക്കളയുന്നതോ ആയിട്ടുള്ള വസ്‌തുക്കള്‍ക്ക് ബര്‍ക്കത്തുണ്ട് എന്ന് ജല്‍പിക്കുന്നവര്‍ താഴെ വരുന്ന വചനത്തിന് എന്ത് സ്ഥാനമാണ് കൊടുക്കുക. അല്ലാഹു നബി(സ)യോട് പറയാന്‍ കല്‌പിക്കുന്നത് ഇപ്രകാരമാണ്: ``നബിയേ പറയുക. ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു'' (അല്‍കഹ്‌ഫ് 110). മേല്‍വചനത്തെ ഇമാം റാസി വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ``അല്ലാഹു എനിക്ക് അവനല്ലാതെ ആരാധ്യനില്ല എന്ന ബോധനം നല്‍കി എന്നതൊഴിച്ചാല്‍ യാതൊരുവിധ വിശേഷണ ഗുണങ്ങളിലും എന്റെയും നിങ്ങളുടെയും ഇടയില്‍ യാതൊരു വ്യത്യാസവുമില്ല.'' (തഫ്‌സീറുല്‍കബീര്‍ 11/159).
മാത്രമല്ല, ഞാനൊരു മനുഷ്യന്‍ മാത്രമാണ്, ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ് എന്ന നിലയിലും ധാരാളം സ്വഹീഹായ നബിവചനങ്ങള്‍ വന്നിട്ടുണ്ട്. ഇനി നബി(സ) തന്റെ വിയര്‍പ്പെടുക്കാന്‍ അനുവദിച്ചതും മുടിവിതരണം പറഞ്ഞതും അവകള്‍ ബര്‍കത്ത് നല്‍കും എന്ന നിലയിലല്ല. അപ്രകാരം എന്റെ മുടിക്കും വിയര്‍പ്പിനും ബര്‍ക്കത്തുണ്ടെന്ന് അവിടുന്ന് പറഞ്ഞിട്ടുമില്ല. മറിച്ച്, പ്രവാചകസ്‌നേഹവും, ചില വസ്‌തുക്കള്‍ നജസല്ല എന്ന് പഠിപ്പിക്കാനുമാണ് നബി(സ) അപ്രകാരം അനുവദിച്ചതും കല്‌പിച്ചതും. അതും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ്.
ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പല റിപ്പോര്‍ട്ടുകളും നിര്‍മ്മിതമോ ദുര്‍ബലമോ ആയിട്ടുള്ളതാണ്. നബി(സ)യുടെ തിരുശേഷിപ്പുകള്‍ കൊണ്ട് ബര്‍കത്തെടുക്കാം എന്ന് പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് വാദമെങ്കില്‍ അത്തരം വാദങ്ങള്‍ അടിസ്ഥാനരഹിതങ്ങളാണ്. കാരണം ഖുര്‍ആനിനും സുന്നത്തിനും എതിരില്‍ വിവിധ കാലഘട്ടങ്ങളില്‍ പല പണ്ഡിതന്മാരും പലതും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതൊന്നും നാം അംഗീകരിക്കാറില്ലല്ലോ. ഉദാഹരണത്തിന് ഫത്‌ഹുല്‍മുഈന്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം കാണാം: ``അഹ്‌മദുബ്‌നു ഹന്‍ബലിന്റെ അഭിപ്രായപ്രകാരം മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രം മറച്ചു നമസ്‌കരിച്ചാല്‍ നമസ്‌കാരം സ്വഹീഹാകും. ഔറത്ത് എന്ന് പറയുന്നത് മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രമാണ്.'' (ഫത്‌ഹുല്‍ മുഈന്‍, പേ 343). മേല്‍ രേഖപ്പെടുത്തിയത് നാം അംഗീകരിക്കാത്തത് ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായതുകൊണ്ടാണ്.
അതുപോലെ കോടിക്കണക്കില്‍ വരുമാനം ലഭിക്കുന്ന റബ്ബര്‍ പോലുള്ള പല നാണ്യവിളകള്‍ക്കും ഹനഫീ മദ്‌ഹബ് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മൂന്ന് മദ്‌ഹബുകളിലും സകാത്തില്ല (ഫിഖ്‌ഹുസ്സുന്ന). ഖുര്‍ആനില്‍ ആദായത്തിനു വേണ്ടി ഉല്‍പാദിപ്പിക്കപ്പെടുന്ന എല്ലാ വസ്‌തുക്കള്‍ക്കും സകാത്ത് നിര്‍ബന്ധമാണ്. (അല്‍ബഖറ 267, അന്‍ആം 141) ഇതുപോലെ നിരവധി പണ്ഡിതാഭിപ്രായങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി വന്നിട്ടുണ്ട്. ഒരഭിപ്രായം ഖുര്‍ആനിനും സമുന്നത്തിനും എതിരാണെങ്കില്‍ അത് നബി(സ)യുടെ, സ്വഹാബിയുടെ അഭിപ്രായമായിരുന്നാല്‍ പോലും ശരി അത് സ്വീകാര്യമല്ലെന്ന് ശറഹുമുസ്‌ലിം 155ലും, അല്‍മുസ്‌ത്വസ്വ്‌ഫാ 1262ലും ജംഉല്‍ ജവാമിഅ് 2/370ലും കാണാം. മേല്‍പറഞ്ഞ മൂന്ന് ഗ്രന്ഥങ്ങളും ശാഫിഈ മദ്‌ഹബ് അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ളവയാണ്.
നാല് ഖലീഫമാരുള്‍പ്പെടെ പ്രമുഖരായ സ്വഹാബികളാരും തന്നെ നബി(സ)യുടെ മുടി, വിയര്‍പ്പ് എന്നിവകള്‍ കൊണ്ട് ബര്‍കത്തെടുത്തതായി രേഖയില്ല. നബി(സ) ബര്‍കത്തെടുക്കാന്‍ കല്‍പിച്ചതായും രേഖയില്ല. പിന്നെ എന്തിനാണ് നബി(സ) ഹജ്ജതുല്‍ വിദാഇല്‍ തന്റെ മുടി വിതരണം ചെയ്യാന്‍ അബൂത്വല്‍ഹത്(റ)വിനോട് കല്‍പിച്ചത്. മേല്‍ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തുന്നു: ``മനുഷ്യന്റെ മുടി ശുദ്ധമാണ് എന്നതാണ് ഈ ഹദീസില്‍ നിന്നും ലഭിക്കുന്നത്. അല്ലാ എന്നുണ്ടെങ്കില്‍ അവരത് സൂക്ഷിച്ചുവെക്കുമായിരുന്നില്ല'' (ഫത്‌ഹുല്‍ബാരി 1/510). അദ്ദേഹം വീണ്ടും രേഖപ്പെടുത്തുന്നു: ``ഈ ഹദീസില്‍ മനുഷ്യന്റെ മുടി ശുദ്ധമാണ് എന്ന് തെളിവുണ്ട്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അപ്രകാരം പ്രസ്‌താവിച്ചിരിക്കുന്നു. നാം അംഗീകരിച്ചിട്ടുള്ളതും അപ്രകാരം തന്നെ'' (ഫത്‌ഹുല്‍ബാരി 1/511).
നബി(സ) തന്റെ മുടി വിതരണം ചെയ്യാന്‍ കല്‌പിച്ചതിന്റെ മറ്റൊരു കാരണവുംകൂടി അദ്ദേഹം രേഖപ്പെടുത്തുന്നു: ``ഏതൊരു നേതാവിനെയാണ് ജനങ്ങള്‍ ഇപ്രകാരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന് ശത്രുക്കള്‍ക്ക് തോന്നാന്‍ വേണ്ടിയാണ് നബി(സ) തന്റെ മുടി വിതരണം ചെയ്യാന്‍ കല്‌പിച്ചത്. (ഫത്‌ഹുല്‍ബാരി 7/231). ചുരുക്കത്തില്‍ നബി(സ) തന്റെ മുടി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത് മനുഷ്യമുടി നജസല്ല, ശുദ്ധമാണ് എന്ന് സ്വഹാബത്തിനെ പഠിപ്പിക്കാനും നബി(സ)യോടുള്ള മതിപ്പും സ്‌നേഹവും വര്‍ധിപ്പിക്കാനുമായിരുന്നു. നബി(സ)യെ സ്‌നേഹിച്ചാല്‍ ബര്‍ക്കത്ത് ലഭിക്കുന്നത് പരലോകത്ത് വെച്ചാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
by പി കെ മൊയ്‌തീന്‍ സുല്ലമി @ ശബാബ്
(സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ,)ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 1 ഫാത്തിഹ 6,7]
Popular Posts
-
ഏതാനും ദിവസം മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവയ്ക്കട്ടെ. വീട്ടാവശ്യത്തിന് ഇറക്കിയ മണലില്‍ നിന്ന് അയല്‍വാസിക്ക് അല്പം വായ്പയായി വേണം. അത...
-
കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മമായും ഇസ്ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള ...
-
ശംസുദ്ദീന്‍ പാലക്കോട് വിശുദ്ധ ഖുര്‍ആനിന് ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്തിമ വേദഗ്രന്ഥത്ത...
-
തൊഴിലിനെക്കുറിച്ച് ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു...
-
മുഹമ്മദ്നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ...
-
ശൈശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്...
-
ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാ...
-
കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ ...
-
അബ്ദുര്‍റഹ്മാന്‍ മങ്ങാട് പ്രവാചകപത്നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കിയ വാര്‍ത്തയുമായി ഒരു ദൂതന് വ...
-
അന്‍വര്‍ അഹ്മദ് മതമൈത്രിക്ക് പേര് കേട്ട ദേശമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ...