അനശ്വര ത്യാഗത്തിന്റെ ഓര്‍മപ്പെരുന്നാള്‍

മാനവതയുടെ മഹാനായകന്‍ ഇബ്‌റാഹീം നബി(അ)യുടെ അഭൂതപൂര്‍വമായ ത്യാഗത്തിന്റെ ഓര്‍മപ്പെരുന്നാള്‍ സമാഗതമാകുന്നു. സത്യവിശ്വാസികളുടെ ജീവിതത്തില്‍ ഭക്തിയുടെയും ആനന്ദത്തിന്റെയും നിറവ്‌ അനുഭവപ്പെടുന്ന ഒരു അസുലാഭവസരമത്രെ ഈദുല്‍ അദ്വ്‌ഹാ അഥവാ ബലിപെരുന്നാള്‍.

പരിശുദ്ധഭൂമിയില്‍ അവരുടെ പ്രതിനിധികള്‍ ഇബ്‌റാഹീം (അ) പഠിപ്പിച്ച ഹജ്ജ്‌ കര്‍മങ്ങളില്‍ ഭക്തിപുരസ്സരം മുഴുകുമ്പോള്‍ സ്വദേശങ്ങളില്‍ അവര്‍ അറഫാനോമ്പും തക്‌ബീര്‍ ധ്വനികളുമായി ഈദ്‌ ആചരിക്കുന്നു. ആ പ്രവാചക ശ്രേഷ്‌ഠനെ മാതൃകയാക്കി ബലിയര്‍പ്പിക്കുന്നു.

മുസ്‌ലിംകളും ക്രൈസ്‌തവരും യഹൂദരും ഉള്‍പ്പെടെ ശതകോടിക്കണക്കില്‍ മനുഷ്യര്‍ ആദരപൂര്‍വം അനുസ്‌മരിക്കുന്ന ഒരു അനിതര വ്യക്തിത്വമാണ്‌, അല്ലാഹുവിന്റെ മിത്രമെന്നും മാനവതയുടെ നായകനെന്നും വിശുദ്ധഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ട ഇബ്‌റാഹീം നബി(അ). അദ്ദേഹത്തിന്റെ വിശ്വാസവും ധര്‍മനിഷ്‌ഠയും ത്യാഗസന്നദ്ധതയും സകല പരീക്ഷണങ്ങളെയും അതിജീവിച്ചു എന്നതാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു സവിശേഷത. യാതൊരു വിധ പ്രകോപനത്തിനും പ്രേലാഭനത്തിനും അദ്ദേഹത്തെ ആദര്‍ശത്തില്‍ നിന്ന്‌ ഒട്ടും വ്യതിചലിപ്പിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ആദര്‍ശദാര്‍ഢ്യം പരീക്ഷിക്കപ്പെട്ട ഒട്ടേറെ സന്ദര്‍ഭങ്ങള്‍ വിശുദ്ധഖുര്‍ആന്‍ നമുക്ക്‌ കാണിച്ചുതരുന്നു. ഓരോ സന്ദര്‍ഭത്തിലും അദ്ദേഹം അക്ഷോഭ്യനായി, അചഞ്ചലനായി നിലകൊണ്ടു. ആരൊക്കെ കൈയൊഴിച്ചാലും ആരൊക്കെ എതിര്‍ത്താലും അല്ലാഹുവിന്റെ സഹായവും പിന്തുണയും കൊണ്ടുമാത്രം അതീജീവിക്കാമെന്ന പ്രതീക്ഷയാണ്‌ അദ്ദേഹത്തിന്‌ താങ്ങും തണലുമായത്‌.

പരമകാരുണികനായ അല്ലാഹുവെ മാത്രം ആരാധിക്കാനും പിശാചിന്റെ മാര്‍ഗമായ ബഹുദൈവാരാധന വര്‍ജിക്കാനും സ്വന്തം പിതാവിനെ അദ്ദേഹം സ്‌നേഹപുരസ്സരം ഉപദേശിച്ചപ്പോള്‍ പിതാവിന്റെ പ്രതികരണം വളരെ കടുത്തതായിരുന്നു. ``അയാള്‍ പറഞ്ഞു: ഹേ, ഇബ്‌റാഹീം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്നു വെക്കുകയാണോ? (ഇതില്‍ നിന്ന്‌) നീ വിരമിക്കുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും.'' (19:46) ഇത്‌ കേട്ടപ്പോള്‍ ക്രുദ്ധനായ ഒരു പ്രക്ഷോഭകാരിയെപ്പോലെ അദ്ദേഹം പിതാവിന്റെ നേരെ തട്ടിക്കയറിയില്ല. പിതാവ്‌ വെറുത്താല്‍, കുടുംബത്തില്‍ നിന്ന്‌ ഒറ്റപ്പെട്ടാല്‍ ജീവിതം വഴിമുട്ടിപ്പോകുമെന്ന ആശങ്കനിമിത്തം സാമ്പ്രദായിക മതവുമായി രാജിയാകാമെന്ന്‌ ആലോചിച്ചതുമില്ല. ശാന്തസ്വരത്തില്‍ തന്നെ പിതാവിനോട്‌ തനിക്കുള്ള കടപ്പാടും തന്റെ ആദര്‍ശ പ്രതിബദ്ധതയും വ്യക്തമാക്കിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞ വാക്കുകള്‍ വിശുദ്ധഖുര്‍ആന്‍ ഉദ്ധരിക്കുന്നു:

``അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക്‌ ശാന്തിയുണ്ടായിരിക്കട്ടെ. താങ്കള്‍ക്കുവേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട്‌ പാപമോചനം തേടാം. തീര്‍ച്ചയായും അവന്‍ എന്നോട്‌ ദയയുള്ളവനാകുന്നു. നിങ്ങളെയും അല്ലാഹുവിനു പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട്‌ ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ രക്ഷിതാവിനോട്‌ പ്രാര്‍ഥിക്കുന്നതുമൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.'' (19:47,48) അല്ലാഹുവല്ലാത്ത ആരോടും പ്രാര്‍ഥിക്കാതിരിക്കുകയും അല്ലാഹുവോട്‌ നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്യുന്ന യഥാര്‍ഥ വിശ്വാസി എപ്പോഴും യഥാര്‍ഥ സൗഭാഗ്യത്തിന്‌ അവകാശിയായിരിക്കുമെന്നതിന്‌ ഇബ്‌റാഹീം നബി(അ)യുടെ തുടര്‍ന്നുള്ള ജീവിതം സാക്ഷ്യം വഹിക്കുന്നു.

തന്റെ നാട്ടിലെ സ്വേച്ഛാധിപതിയായ ഭരണാധികാരിയോട്‌ ഇബ്‌റാഹീം നബി(അ) സംവാദം നടത്തിയ സന്ദര്‍ഭവും വിശുദ്ധഖുര്‍ആനില്‍ അനുസ്‌മരിക്കുന്നുണ്ട്‌. ``ഇബ്‌റാഹീമിനോട്‌ അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീ അറിഞ്ഞില്ലേ? അല്ലാഹു അവന്‌ ആധിപത്യം നല്‌കിയതിനാലാണ്‌ (അവനതിന്ന്‌ മുതിര്‍ന്നത്‌.) എന്റെ നാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്‌. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്ന്‌ കൊണ്ടുവരുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന്‌ കൊണ്ടുവരിക. അപ്പോള്‍ ആ സത്യനിഷേധിക്ക്‌ ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.'' (2:258) സര്‍വ ജീവജാലങ്ങളെയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന പ്രപഞ്ചനാഥനെ മാത്രം രക്ഷാധികാരിയായി സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ച ഇബ്‌റാഹീമി(അ)നോട്‌ രാജാവിന്റെ പ്രതികരണം ധാര്‍ഷ്‌ട്യം കലര്‍ന്നതായിരുന്നു. തന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട പ്രതികളില്‍ ചിലരെ താന്‍ വിട്ടയക്കുകയും ചിലര്‍ക്ക്‌ വധശിക്ഷ നല്‌കുകയും ചെയ്യുന്നതിനാല്‍ താനും ജനിമൃതികളുടെ അധിപനായ തമ്പുരാനാണെന്ന്‌ സമര്‍ഥിക്കാനുള്ള രാജാവിന്റെ ഉദ്യമത്തെ ഇബ്‌റാഹീം നബി(അ) അക്ഷോഭ്യനായി നേരിട്ടു. കുതര്‍ക്കത്തിന്‌ സാധ്യതയില്ലാത്ത ഒരു പ്രശ്‌നം- സൂര്യന്റെ ഉദയവും അസ്‌തമനവും ആര്‌ നിയന്ത്രിക്കുന്നു എന്ന പ്രശ്‌നം- ഇബ്‌റാഹീം (അ) ഉന്നയിച്ചപ്പോള്‍ രാജാവ്‌ സ്‌തബ്‌ധനായിപ്പോയി. തനിക്ക്‌ ആരെയും കൊല്ലാന്‍ അധികാരമുണ്ടെന്ന്‌ രാജാവ്‌ വ്യക്തമാക്കിയിട്ടും ഇബ്‌റാഹീം (അ) പതറിയില്ല, ചഞ്ചല ചിത്തനായില്ല.

പ്രാര്‍ഥനയ്‌ക്ക്‌ ഉത്തരം നല്‌കാനോ ഉപകാരമോ ഉപദ്രവമോ ചെയ്യാനോ വിഗ്രഹങ്ങള്‍ക്ക്‌ കഴിവില്ലെന്ന്‌ സ്ഥാപിക്കാന്‍ ഇബ്‌റാഹീം തെരെഞ്ഞടുത്ത മാര്‍ഗം- വിഗ്രഹഭഞ്‌ജനം- അദ്ദേഹത്തിന്റെ ആദര്‍ശധീരതയുടെ പ്രകടമായ തെളിവാകുന്നു. പിതാവും നാട്ടുകാരും രാജാവുമെല്ലാം വിഗ്രഹാരാധനയുടെ വക്താക്കളായിട്ടും ഭവിഷ്യത്ത്‌ ഭയപ്പെടാതെ വ്യാജദൈവങ്ങളുടെ നിസ്സഹായത അദ്ദേഹം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചു. അദ്ദേഹത്തെ അഗ്നികുണ്ഡത്തിലെറിഞ്ഞ്‌ ഒരു പിടി ചാരമാക്കി മാറ്റാന്‍ എല്ലാവരും കൂടി തീരുമാനിച്ചത്‌ ഈ വിഗ്രഹഭഞ്‌ജനത്തെ തുടര്‍ന്നായിരുന്നു. എന്തും നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പലാക്കി മാറ്റാന്‍ പാകത്തില്‍ തീജ്വാലകള്‍ ഉയര്‍ന്നുപൊങ്ങുന്ന അഗ്‌നികുണ്ഡത്തിലേക്ക്‌ എറിയപ്പെട്ടാല്‍ തനിക്കൊരു ഹാനിയും സംഭവിക്കുകയില്ലെന്ന്‌ അദ്ദേഹം നേരത്തെ മനസ്സിലാക്കിയിരുന്നില്ല. അല്ലാഹുവിന്റെ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അത്‌ ഏത്‌ വിധത്തില്‍ വരുമെന്ന്‌ മുന്‍കൂട്ടി അറിയാതിരുന്നതിനാല്‍ സ്വാഭാവികമായ ആശങ്ക അദ്ദേഹത്തിന്റെ മനസ്സിലൂടെയും കടന്നുപോയിട്ടുണ്ടാകും. എന്നാല്‍ എല്ലാ ആശങ്കകളെയും അതിവര്‍ത്തിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശധീരത. വിശുദ്ധഖുര്‍ആന്‍ ആ സംഭവം ഇപ്രകാരം വിവരിക്കുന്നു:

``അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചുകളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക: നാം പറഞ്ഞു. തീയേ, നീ ഇബ്‌റാഹീമിന്‌ തണുപ്പും സമാധാനവും ആയിരിക്കുക, അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്‌ടം പറ്റിയവരാക്കുകയാണ്‌ നാം ചെയ്‌തത്‌.'' (21:68-70) തന്റെ മാര്‍ഗത്തില്‍ അഗ്നിപരീക്ഷ നേരിടാന്‍ നിര്‍ഭയം തയ്യാറായ ഇബ്‌റാഹീമി(അ)നെ അല്ലാഹു അത്ഭുതകരമാം വിധം രക്ഷപ്പെടുത്തുകയും സത്യമതപ്രബോധനാര്‍ഥം കൂടുതല്‍ ത്യാഗങ്ങള്‍ വരിക്കാന്‍ അദ്ദേഹത്തിന്‌ അവസരം നല്‌കുകയും ചെയ്‌തു.

ആ ത്യാഗങ്ങള്‍ക്കെല്ലാം മകുടം ചാര്‍ത്തുന്നതായിരുന്നു അല്ലാഹുവിന്റെ ആജ്ഞ ശിരസ്സാവഹിച്ചുകൊണ്ട്‌ പ്രിയപുത്രനെ ബലിയര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധനായ സന്ദര്‍ഭം. ഏറ്റവും അമൂല്യവും ഏറ്റവും പ്രിയങ്കരവുമായ എന്തും അല്ലാഹുവിനുവേണ്ടി ത്യജിക്കാനുള്ള സന്നദ്ധത അദ്ദേഹം സംശയാതീതമായി തെളിയിച്ചതോടെ അല്ലാഹു അദ്ദേഹത്തെ അറിയിച്ചു; മകനുപകരം ഒരു ബലിമൃഗത്തെ അറുത്താല്‍ മതിയെന്ന്‌. അങ്ങനെ അദ്ദേഹം നടത്തിയ ബലിയുടെ ഓര്‍മപ്പെരുന്നാളാണ്‌ ഈദുല്‍അദ്വ്‌ഹ. ഈ സുദിനത്തില്‍ ലോകമെങ്ങും ലക്ഷക്കണക്കില്‍ മുസ്‌ലിംകള്‍ മൃഗബലി നടത്തിക്കൊണ്ടിരിക്കുന്നു. മൃഗബലി ഒരു പ്രതീകമാണ്‌. രക്തമൊഴുക്കലോ മാംസം വിതരണംചെയ്യലോ അതിന്റെ ആത്യന്തികമായ ലക്ഷ്യമല്ല. കണിശമായ ഏകദൈവവിശ്വാസത്തില്‍ അചഞ്ചലമായി ഉറച്ചു നില്‌ക്കുകയും ആ ആദര്‍ശം ആര്‍ജവത്തോടെ പ്രബോധനം നടത്തുകയും ചെയ്യുന്ന വിഷയത്തില്‍ എന്തും ഏതും ത്യജിക്കാനുള്ള സന്നദ്ധതയാണ്‌ ബലിയിലൂടെ സാക്ഷാത്‌കരിക്കപ്പെടേണ്ടത്‌.

``അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്‌ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‌കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു. (നബിയേ) സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.'' (22:37)

from SHABAB

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts