ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ ജപ്പാനില്‍ മാര്‍ച്ച് പതിനൊന്നിനുണ്ടായ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും ഇനിയുമുണ്ടാകാന്‍ സാധ്യതയുള്ള അനന്തര സംഭവവികാസങ്ങളിലും നടുങ്ങി നില്‍ക്കുകയാണ് ലോകം. ഭൂകമ്പങ്ങളുടെയും അഗ്നിപര്‍വതങ്ങളുടെയും നാട് എന്നറിയപ്പെടുന്ന ജപ്പാന്‍ പക്ഷേ,
കഴിഞ്ഞ 100 വര്‍ഷങ്ങള്‍ക്കുള്ളിലുണ്ടായ ഏറ്റവും വലിയ ഭൂമികുലുക്കത്തില്‍ വന്‍ നാശനഷ്‌ടങ്ങള്‍ക്ക് വിധേയമായി. റിക്‌ടര്‍ സ്‌കെയിലില്‍ ഒന്‍പത് രേഖപ്പെടുത്തിയ ഭൂമികുലുക്കത്തിലും തുടര്‍ന്നുണ്ടായ സുനാമിത്തിരമാലയിലും പതിനായിരങ്ങള്‍ മരണപ്പെട്ടു. നാല്‌പത് ലക്ഷം വീടുകള്‍ നാമാവശേഷമായി. നഷ്‌ടമെത്ര കോടിയാണെന്ന് കണക്കാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഉണ്ടായ നാശനഷ്‌ടങ്ങള്‍ പൂര്‍വസ്ഥിതി പ്രാപിക്കണമെങ്കില്‍ പത്ത് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് വിദഗ്‌ധ മതം. സംഭവിച്ചുകഴിഞ്ഞ ഭൂമികുലുക്കത്തേക്കാള്‍ ജപ്പാനും ലോകം മുഴുവനും ഭയക്കുന്നത്, ലോകത്തില്‍ ഏറ്റവും മികച്ച ആറ്റം റിയാക്‌ടറുകളിലൊന്നായ ഫുക്കുഷിമ ആണവകേന്ദ്രത്തിലെ റിയാക്‌ടറുകള്‍ ഇനിയും പൊട്ടിത്തെറിക്കുമോ എന്ന കാര്യത്തിലാണ്. കൂനിന്‍മേല്‍ കുരുവെന്നോണം ജപ്പാനിലെ ഷിന്‍മൊഡാകെ അഗ്നിപര്‍വതവും പൊട്ടിത്തെറിച്ച് നാശം വിതച്ചുകൊണ്ടിരിക്കുന്നു!
വലുപ്പംകൊണ്ട് ലോകത്തിലെ ചെറിയ രാജ്യങ്ങളിലൊന്നായ ജപ്പാന്‍ യഥാര്‍ഥത്തില്‍ കടലിന്‍നടുവിലുള്ള ഒരു ദ്വീപ്‌സമൂഹമാണ്. അര്‍പ്പണബോധത്തിലും കര്‍മകുശലതയിലും ആത്മവിശ്വാസത്തിലും ആത്മാര്‍ഥതയിലും മികച്ചുനില്‍ക്കുന്ന ഒരു സമൂഹമാണ് ജപ്പാന്‍ ജനത. ഒന്നാം ലോകമഹായുദ്ധത്തിന്റെ ക്ഷീണം മാറുന്നതിനു മുന്‍പേ വന്നുപെട്ട രണ്ടാംലോകമഹായുദ്ധത്തിലും ജപ്പാന്‍ നിര്‍ണായക കക്ഷിയായിരുന്നു. യുദ്ധമുഖത്ത് `അടിച്ചുകയറിയ' ജപ്പാനെ തളയ്‌ക്കാന്‍ അമേരിക്ക ലോകചരിത്രത്തിലെ ഏറ്റവും വലിയ കടുംകൈ ചെയ്‌തു. 1945 ആഗസ്‌തില്‍ അടുത്തടുത്ത ദിവസങ്ങളിലായി ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. നിലംപരിശായ ജപ്പാന്‍ യുദ്ധമുഖത്ത് നിന്ന് പിന്‍മാറി. രണ്ടുലക്ഷത്തിലേറെ മനുഷ്യജീവന്‍ വെന്തുമരിച്ച ആ ദുരന്തഭൂമിയിലെ അണുവികിരണം അടുത്ത തലമുറകളിലേക്കു പോലും നീണ്ടുചെന്നു. പതിനായിരക്കണക്കിന് വികലാംഗരായ മക്കള്‍ പിന്നീട് ജനിച്ചുവെന്നതാണ് നേര്. തകര്‍ന്നടിഞ്ഞ ഈ ചാരക്കൂമ്പാരത്തില്‍ നിന്ന് `ഐതിഹ്യത്തിലെ ഫീനിസ്‌ക്‌സ് പക്ഷി'യെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ജപ്പാന്‍ അഞ്ചാറു പതിറ്റാണ്ടുകള്‍ കൊണ്ട് ലോകത്തിന്റെ നെറുകയില്‍ വികസനമികവുമായി എഴുന്നേറ്റുനില്‍ക്കാന്‍ പ്രാപ്‌തമായത് ആ ജനതയുടെ നിശ്ചയ ദാര്‍ഢ്യവും അവരെ നയിച്ചവരുടെ ദീര്‍ഘവീക്ഷണവും കൊണ്ടാണ്. ഇക്കാര്യത്തില്‍ ജപ്പാന്‍ ലോകത്തിനു മാതൃകയാണെന്നതു പോലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലും തങ്ങള്‍ മുന്‍പന്തിയിലാണെന്ന് അവര്‍ ഇപ്പോഴത്തെ സംഭവത്തിലും തെളിയിച്ചിരിക്കുകയാണ്.
`ഹിരോഷിമ'യില്‍ ബാഹ്യശക്തികള്‍ ആറ്റം ബോംബ് വര്‍ഷിപ്പിച്ചതായിരുന്നുവെങ്കില്‍ ഫുക്കുഷിമയില്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത അതിശക്തമായ ആണവോര്‍ജ റിയാക്‌ടറുകളുടെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ്. ഇതെഴുതുമ്പോള്‍ ഫുക്കുഷിമയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.
ഭൂകമ്പങ്ങളുടെയും സുനാമികളുടെയും മറ്റു `പ്രകൃതിക്ഷോഭ'ങ്ങളുടെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനോഗതി എന്താണ് എന്നാലോചിക്കേണ്ടതല്ലേ? അത് അവിടെയല്ലേ? നമ്മെ അത് നേരിട്ടു ബാധിക്കില്ലല്ലോ എന്ന നിസ്സംഗത ചിലരിലെങ്കിലും കണ്ടേക്കാം. എന്നാല്‍ അത്യാധുനിക ശാസ്‌ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ഈ ഭൂകമ്പം ജപ്പാനിന്റെ മാത്രം പ്രശ്‌നമായി ഒതുങ്ങുന്നില്ല. നിരന്തരമായി ചലിച്ചുകൊണ്ടിരിക്കുന്ന നാല് ഭൂഫലകങ്ങളുടെ മുകളിലാണ് ജപ്പാന്‍ ഉള്‍ക്കൊള്ളുന്ന ഭൗമഖണ്ഡം നിലകൊള്ളുന്നത്. ആയതിനാല്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണിത്. ഇപ്പോള്‍ സംഭവിച്ച ഭൂകമ്പത്താല്‍ ഭൂമി അതിന്റെ അച്ചുതണ്ടില്‍ നിന്ന് പത്ത് സെന്റിമീറ്റര്‍ വ്യതിചലിച്ചു എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. അച്ചുതണ്ട് ഒരു മൂര്‍ത്തമായ സാധനമല്ല; സാങ്കല്‌പികമാണ്.
എന്നാല്‍ ഭൂമിയുടെ സ്ഥാനം യഥാര്‍ഥമാണ്. ജപ്പാന്‍ ദ്വീപ്‌സമൂഹത്തിന്റെ പ്രധാനദ്വീപിന് എട്ടടിയോളം സ്ഥാനചലനം സംഭവിച്ചു എന്നും ശാസ്‌ത്രലോകം സ്ഥിരീകരിക്കുന്നു. ഇതിന്നര്‍ഥമെന്താണ്? സംഭവിച്ചത് നിരീക്ഷിച്ചറിയാന്‍ സാധിക്കുമെന്നല്ലാതെ ഇതൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. പ്രപഞ്ച ചംക്രമണത്തിലോ സംഭവവികാസങ്ങളിലോ മനുഷ്യന് യാതൊരു പങ്കുമില്ല. സൃഷ്‌ടികളില്‍ അത്യുന്നതനും അതിശക്തനുമായ മനുഷ്യന്‍ സാക്ഷാല്‍ സ്രഷ്‌ടാവായ ദൈവത്തിന്റെ മുന്നില്‍ തികച്ചും നിസ്സാരനും നിസ്സഹായനുമാണ്.
`പ്രകൃതിക്ഷോഭം' എന്നു നാം വിളിക്കുന്ന ഇത്തരം പ്രതിഭാസങ്ങളെപ്പറ്റി ഒരു സത്യവിശ്വാസി എന്ന നിലയില്‍ നമ്മുടെ മനോഭാവമെന്തായിരിക്കണം എന്നതും ചിന്താവിഷയമാണ്. പ്രപഞ്ചത്തെയാകമാനം സംവിധാനിച്ച് പരിപാലിച്ചുപോരുന്ന സ്രഷ്‌ടാവായ അല്ലാഹുവിന് ഇതെല്ലാം നിമിഷനേരം കൊണ്ട് മാറ്റിമറിക്കാനും പ്രയാസമില്ല. ഇവിടെ സ്വസ്ഥമായും സുഖമായും ജീവിക്കാന്‍ സൗകര്യപ്പെട്ടു എന്നതിന് നാം അല്ലാഹുവിനെ സ്‌തുതിക്കണം. കുന്നും മലയും കരയും കടലും ചതുപ്പും മരുഭൂമിയും കാടും പുഴയും ചേര്‍ന്ന ഭൂമി. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ക്ഷീരപഥങ്ങളും ചേര്‍ന്ന നമുക്കറിയാത്ത കണ്ണെത്താ ദൂരത്തുള്ള ആകാശം. ഭൂമിയില്‍ മാത്രം ജീവന്‍. ദശലക്ഷക്കണക്കിന് ജന്തുജാലങ്ങള്‍. അവയിലൊന്നായ മനുഷ്യന്‍. എന്നാല്‍ മനുഷ്യന്‍ മാത്രം മറ്റെല്ലാത്തിനും ഉപരി, എല്ലാറ്റിനെയും നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്തുന്നു. വിശേഷബുദ്ധിയാണതിനു കാരണം. അതുകൊണ്ടു തന്നെ അവന്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കേണ്ടവനാണ്. ചോദ്യം ചെയ്യപ്പെടുന്നവനും. നിന്നും ഇരുന്നും കിടന്നും ദൈവത്തിന്റെ മഹത്വത്തെപ്പറ്റി ഓര്‍ക്കുന്നവനാണ് യഥാര്‍ഥ ബുദ്ധിമാന്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു. (3:191)
വെള്ളം, വായു, മണ്ണ് ഇതെല്ലാം മനുഷ്യന്റെ ജീവിതത്തിന് അത്യാവശ്യമാണ്. ഇവയുടെ ആധിക്യമോ ദൗര്‍ലഭ്യമോ മനുഷ്യന് സഹിക്കാന്‍ കഴിയില്ല. വെള്ളം, വായു, മണ്ണ് എന്നീ അടിസ്ഥാന ആവശ്യങ്ങളുടെ അതിരുകവിഞ്ഞ രൂപമല്ലേ പ്രളയം, കൊടുങ്കാറ്റ്, ഭൂമികുലുക്കം എന്നിവ! സത്യനിഷേധത്തിന്റെ മൂര്‍ത്തീഭാവമായ മുന്‍കാല സമൂഹങ്ങളില്‍ ചിലതിനെ അല്ലാഹു നശിപ്പിച്ചത് ഈ വക പ്രകൃതി പ്രതിഭാസങ്ങള്‍ കൊണ്ടായിരുന്നുവല്ലോ. അന്തരീക്ഷത്തിലുറഞ്ഞു കൂടുന്ന ഇടിയും മിന്നലും മനുഷ്യജീവിതത്തിന് അനിവാര്യമായ ഘടകങ്ങള്‍ ഉല്‌പാദിപ്പിക്കാന്‍ ഭൂമിക്കാവശ്യമാണ്. അതേ ഇടിനാദം ശിക്ഷയായി ഇറക്കപ്പെട്ടതായി ഖുര്‍ആന്‍ (41:13,17) ചൂണ്ടിക്കാണിക്കുന്നു.
വാനഭൗമ പ്രതിഭാസങ്ങള്‍ക്ക് ശാസ്‌ത്രീയമായി കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത കാലത്ത് പ്രവാചകന്‍(സ) കാറ്റടിച്ചുവീശുമ്പോഴും ഗ്രഹണം സംഭവിക്കുമ്പോഴും ഇടിമിന്ന് വെട്ടിത്തിളങ്ങുമ്പോഴുമൊക്കെ അല്ലാഹുവോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ ഈ കാറ്റിലടങ്ങിയ നന്മയും അതെന്തിന് നിയോഗിക്കപ്പെട്ടുവോ അതിലുള്ള നന്മയും ഞാന്‍ നിന്നോട് തേടുന്നു. അല്ലാഹുവേ, ഈ കാറ്റിലടങ്ങിയ തിന്മയില്‍ നിന്നും അതെന്തിന് നിയോഗിക്കപ്പെട്ടുവോ അതിലുള്ള തിന്മയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. (മുസ്‌ലിം, തിര്‍മിദി)
സയന്‍സിന്റെയും ടെക്‌നോളജിയുടെയും നെറുകയില്‍ നില്‍ക്കുന്ന ഇന്നും നമുക്ക് അതിലപ്പുറം എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ചിന്തിക്കുക. വിനയാന്വിതരാവുക, പ്രാര്‍ഥിക്കുക. ഓരോ സംഭവങ്ങളും നമുക്ക് പാഠമായിത്തീരട്ടെ. അന്താരാഷ്‌ട്ര തലത്തില്‍ ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കട്ടെ. മനുഷ്യസഹോദരങ്ങള്‍ എന്ന നിലയില്‍ നമുക്ക് അവരുടെ വിഷമത്തില്‍ പങ്കുചേരാം.
from shabab editorial
(സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ,)ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 1 ഫാത്തിഹ 6,7]
Popular Posts
-
ഏതാനും ദിവസം മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവയ്ക്കട്ടെ. വീട്ടാവശ്യത്തിന് ഇറക്കിയ മണലില്‍ നിന്ന് അയല്‍വാസിക്ക് അല്പം വായ്പയായി വേണം. അത...
-
കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മമായും ഇസ്ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള ...
-
ശംസുദ്ദീന്‍ പാലക്കോട് വിശുദ്ധ ഖുര്‍ആനിന് ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്തിമ വേദഗ്രന്ഥത്ത...
-
തൊഴിലിനെക്കുറിച്ച് ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു...
-
മുഹമ്മദ്നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ...
-
ശൈശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്...
-
ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാ...
-
കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ ...
-
അബ്ദുര്‍റഹ്മാന്‍ മങ്ങാട് പ്രവാചകപത്നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കിയ വാര്‍ത്തയുമായി ഒരു ദൂതന് വ...
-
അന്‍വര്‍ അഹ്മദ് മതമൈത്രിക്ക് പേര് കേട്ട ദേശമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ...