സാക്ഷാല്‍ ദൈവത്തില്‍ പങ്കുകാരായി കല്‌പിക്കുന്ന ആരാധ്യരെല്ലാം ഭക്തന്മാര്‍ക്കു വേണ്ടി ദൈവത്തിന്റെയടുക്കല്‍ ശിപാര്‍ശ ചെയ്യുമെന്നാണ് ബഹുദൈവാരാധകര്‍ വിശ്വസിക്കുന്നത്. എക്കാലത്തും ഈ വിശ്വാസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബഹുദൈവ വിശ്വാസികള്‍ കഴിഞ്ഞുപോരുന്നത്. യഥാര്‍ഥ ദൈവത്തിന്റെ കാരുണ്യത്തെക്കുറിച്ച ബോധമില്ലായ്‌മയും ദൈവകാരുണ്യത്തിലുള്ള നിരാശയും ഒരുപോലെ ഇതിനു കാരണമായിട്ടുണ്ട്. മുഹമ്മദ് നബി പ്രബോധനം ചെയ്‌തിരുന്ന മക്കയിലെ ബഹുദൈവാരാധകര്‍ വെച്ചുപുലര്‍ത്തിയിരുന്ന വിശ്വാസം വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പരിചയപ്പെടുത്തുന്നു: ``അല്ലാഹുവിന് പുറമെ അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശിപാര്‍ശകരാണ് എന്ന് പറയുകയും ചെയ്യുന്നു'' (10:18). ഇത്തരം ശിപാര്‍ശകരെ ഇടയാളന്മാരായി ആരാധിക്കാന്‍ വേണ്ടി അല്ലാഹു നിശ്ചയിച്ചിട്ടില്ലെന്ന് തുടര്‍ന്ന് പറയുന്നു: ``നബിയേ പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന് അറിയിച്ചുകൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.'' (10:18)
ബഹുദൈവാരാധന സൃഷ്‌ടിക്കുന്ന ഏറ്റവും വലിയ അപചയങ്ങളില്‍ ഒന്നാണ് ശുപാര്‍ശകരിലുള്ള അബദ്ധവിശ്വാസം. യഥാര്‍ഥ ദൈവത്തിന്റെയടുക്കല്‍ രക്ഷകിട്ടാത്ത പല കാര്യങ്ങളും ഇഹത്തിലും പരത്തിലും ഈ ശുപാര്‍ശകര്‍ ഭക്തര്‍ക്കു വേണ്ടി നേടിക്കൊടുക്കുമെന്നാണ് ഈ വിശ്വാസത്തിന്റെ താല്‌പര്യം. ഇത്, മനുഷ്യജീവിതത്തില്‍ നിന്ന് തിന്മകള്‍ തടയുന്നതിന് തടസ്സമായി നില്‍ക്കുന്നു. ദൈവത്തിന് ഇഷ്‌ടപ്പെടാത്ത ഏത് തിന്മകളും ശുപാര്‍ശകരില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ഭക്തന്മാര്‍ ചെയ്‌തുകൂട്ടുന്നു. പ്രപഞ്ചനാഥനായ ദൈവത്തെ സ്വാധീനങ്ങള്‍ക്ക് വശംവദനാകുന്ന ദുനിയാവിലെ രാജാവിനോട് സാദൃശ്യപ്പെടുത്തുന്ന ഈ വിശ്വാസം മറ്റു പല തെറ്റായ സങ്കല്‌പങ്ങളിലേക്കും മനുഷ്യനെ എത്തിക്കുന്നു. ഇഹത്തില്‍ പല കാര്യങ്ങളും നേട്ടങ്ങളും പെട്ടെന്ന് നേടിത്തരാന്‍ ശുപാര്‍ശകര്‍ക്കാവുമെന്ന് വിശ്വസിക്കുന്നതിനാല്‍ ദൈവത്തെ പൂര്‍ണമായും വിസ്‌മരിച്ച് ശിപാര്‍ശകരെ മാത്രം ആരാധനയും പ്രാര്‍ഥനയും നേര്‍ച്ചയും കാണിക്കകളും വഴി സ്വാധീനിക്കാന്‍ ഭക്തന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവയ്‌ക്ക് സമര്‍പ്പിക്കുന്ന നേര്‍ച്ച കാഴ്‌ചകളും ദ്രവ്യങ്ങളുമെല്ലാം ഒരര്‍ഥത്തില്‍ ദൈവത്തിനുള്ള കോഴയായി മാറുന്നു. ഇത് ദൈവത്തിന്റെ എല്ലാ മഹത്വവും ഇടിച്ചുതാഴ്‌ത്തുന്നതാണ്.
ഹൈന്ദവ പുരാണങ്ങളില്‍ ഇങ്ങനെ സ്വാധീനത്തിന് വശംവദരായി കാര്യങ്ങള്‍ നേടിക്കൊടുക്കുകയും ശത്രുവിനെ നിഗ്രഹിക്കുകയും മിത്രത്തെ സംരക്ഷിക്കുകയും ചെയ്യുന്ന കഥകള്‍ സുലഭമാണ്. ക്രൈസ്‌തവസമൂഹം പുണ്യാളന്മാരെയും കാലാകാലങ്ങളില്‍ വാഴ്‌ത്തപ്പെട്ടവരെയും ശുപാര്‍ശകരായി സ്വീകരിക്കുകയും തങ്ങളുടെ പാപങ്ങളും കുറ്റങ്ങളും ഇവരോട് ഏറ്റുപറഞ്ഞ് പരിഹരിക്കപ്പെടുമെന്ന് കരുതുകയും ചെയ്യുന്നു. പുരോഹിതന്മാരുടെ മുമ്പിലുള്ള കുമ്പസാരവും ദൈവത്തിന്റെ അടുക്കലേക്കുള്ള ശുപാര്‍ശ തന്നെ. ഇതിനെല്ലാം പുറമെ യേശുവിനെക്കുറിച്ച വിശ്വാസവും തിന്മകളില്‍ നിന്ന് മാറിനില്‍ക്കുന്നതിന് തടസ്സമായി മാറുന്നുണ്ട്. പാപപരിഹാരാര്‍ഥം ക്രിസ്‌തു കുരിശുമരണം വരിച്ചതോടെ അദ്ദേഹത്തില്‍ വിശ്വസിക്കുന്നവരെല്ലാം രക്ഷപ്പെട്ടുവെന്നതാണ് ഇവരുടെ വിശ്വാസം. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്‌ദുല്‍ഖാദിര്‍ ജീലാനിയെക്കുറിച്ച് മുസ്‌ലിം സമൂഹം വെച്ചുപുലര്‍ത്തുന്ന വിശ്വാസവും ഇങ്ങനെ തന്നെ. പാപങ്ങള്‍ എത്ര ചെയ്‌താലും ഇഹത്തിലും പരത്തിലും അദ്ദേഹം തുണയായി വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശൈഖ് അവര്‍കളെക്കുറിച്ച് പാടുന്ന കാവ്യത്തിലെ വരികള്‍ നോക്കുക.
എന്റെ മുരീദാരും നരകത്തിലില്ലെന്ന്
നരകത്തെ കാക്കും മലക്ക് പറഞ്ഞോവര്‍
ശൈഖിന്റെ ഭക്തന്മാര്‍ നരകത്തില്‍ ഇല്ലെന്ന് വരുന്നത് അവരുടെ സുകൃതം കൊണ്ടല്ല, പ്രത്യുത ശൈഖിന്റെ മുരീദ് (ഭക്തന്‍) ആയതുകൊണ്ട്, അദ്ദേഹത്തിന്റെ മഹത്വവും നന്മയും കൊണ്ട് അവര്‍ രക്ഷപ്പെടുകയാണെന്നാണ് തുടര്‍ന്നുള്ള വരികളിലുള്ളത്.
എന്റെ മുരീദാരും നല്ലവരല്ലെങ്കില്‍
എപ്പോഴും നല്ലവന്‍ ഞാനെന്ന് ചൊന്നോവര്‍
ഇത്തരമൊരു ശുപാര്‍ശാവിശ്വാസം ജീവിതത്തില്‍ എന്തുതരം പ്രതികരണമാണുണ്ടാക്കുകയെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് അല്ലാഹു ജനങ്ങളോട് ആവശ്യപ്പെടുമ്പോള്‍, അതിനു കാരണമായി, ജീവിതത്തില്‍ ഭക്തിയും ധര്‍മനിഷ്‌ഠയുമുണ്ടാകാന്‍ വേണ്ടി എന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നത്. ``ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷി(ച്ച് ജീവി)ക്കാന്‍ വേണ്ടിയത്രെ അത്.'' (വി.ഖു 2:21) ഇഹലോകത്ത് മാത്രമല്ല പരലോകജീവിതത്തിലും ഈ ശുപാര്‍ശകര്‍ ഒരു ഉപകാരവും ചെയ്യില്ല. അത്തരമൊരു വിശ്വാസത്തിന് മാത്രമേ ജീവിതത്തെ വിമലീകരിക്കാനാവുകയുള്ളൂ. ബഹുദൈവാരാധനയുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക: ``തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചു കൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇത് (ദിവ്യബോധനം) മുഖേന നീ താക്കീത് നല്‌കുക. അവന് പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്‌മത പാലിക്കുന്നവരായേക്കാം.'' (6:51)
തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തം തനിക്കു തന്നെയാണെന്ന വിശ്വാസത്തിനു മാത്രമേ മനുഷ്യനെ നന്നാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. ശുപാര്‍ശകരും രക്ഷകരുമായി മറ്റുപലരെയും കണ്ടുവെക്കുന്നവര്‍ക്ക് അവിഹിതമായത് ചെയ്യാന്‍ പ്രയാസമുണ്ടാവുകയില്ല. അതിനാല്‍ ബഹുദൈവാരാധകരുടെ ഇത്തരം ധാരണകളെ ഇസ്‌ലാം തിരുത്തുന്നു. സ്വന്തം ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് അവനവന്റെ കര്‍മങ്ങളാണെന്ന് വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു (17:13). ഒരണുത്തൂക്കം നന്മ ചെയ്‌താല്‍ അതിന്റെ പ്രതിഫലവും ഒരണുത്തൂക്കം തിന്മയാണ് ചെയ്‌തതെങ്കില്‍ അതിന്റെ ശിക്ഷയും ഓരോരുത്തരും അനുഭവിക്കേണ്ടിവരുമെന്നതാണ് ഇസ്‌ലാമിന്റെ തത്വം (99:7,8). സാക്ഷാല്‍ ദൈവത്തിനു പുറമെ രക്ഷകരെയും ശുപാര്‍ശകരെയും സ്വീകരിച്ച് വണങ്ങുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ ജീവിതരംഗത്ത് ദൈവഭയത്താല്‍ സൂക്ഷ്‌മത പുലര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നില്ല. പ്രത്യുത, ദൈവത്തോട് ധിക്കാരം കാണിച്ചാലും ശുപാര്‍ശകര്‍ രക്ഷപ്പെടുത്തുമെന്ന് വിശ്വസിച്ച് സമാധാനമടയുന്നു.
ബുദ്ധിശൂന്യം
ബഹുദൈവവിശ്വാസം ബുദ്ധിപരമായ ഒരു നിലപാടല്ല. തികച്ചും ബുദ്ധിശൂന്യവും അര്‍ഥരഹിതവുമായ ഒരു കാര്യം മാത്രം. ഒരു വിജ്ഞാനത്തിന്റെയോ അന്വേഷണത്തിന്റെയോ ഫലവുമല്ല. ഈ പ്രപഞ്ചം ഏകനായ ഒരു സ്രഷ്‌ടാവിന്റെ പ്രവര്‍ത്തനമാണെന്നത് ലളിതമായ ഒരു ചിന്തയുടെയും ബുദ്ധിയുടെയും താല്‌പര്യം മാത്രമാണ്. പ്രപഞ്ചത്തിനു പിന്നിലെ താളപ്പൊരുത്തവും ഐക്യവും ഇത് മനസ്സിലാക്കിത്തരുന്നു. സൃഷ്‌ടിപ്രപഞ്ചത്തിനു പിന്നില്‍ ഒന്നിലേറെ സ്രഷ്‌ടാക്കളെയോ നിയന്താക്കളെയോ സങ്കല്‌പിക്കുക എന്നത് മനുഷ്യബുദ്ധി അംഗീകരിക്കുന്ന കാര്യമല്ല. പ്രപഞ്ച സംവിധാനത്തോടും ഘടനയോടും യോജിക്കുന്ന കാര്യവുമല്ല. വിശുദ്ധ ഖുര്‍ആന്റെ ഒരു ചോദ്യം വളരെ പ്രസക്തമാണ്: ``ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്‌ടികര്‍ത്താവായ അല്ലാഹുവിന്റെ കാര്യത്തില്‍ സംശയമോ?'' (14:10). ബഹുദൈവാരാധകര്‍ പോലും ഏകദൈവവിശ്വാസം അവകാശപ്പെടുന്നവരാണ്. അവര്‍ അംഗീകരിക്കുന്ന ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണ് അവരെ ഏകദൈവാരാധനയിലേക്ക് ഖുര്‍ആന്‍ ക്ഷണിക്കുന്നത്. സാക്ഷാല്‍ ദൈവത്തിനു പുറമെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരോട് ഖുര്‍ആന്‍ ചോദിക്കുന്നത് നോക്കുക: ``ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്കാഹാരം നല്‍കുന്നതാരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്‌ചയും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ ചോദിക്കുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്‌മത പാലിക്കുന്നില്ലേ? (വി.ഖു 10:31) പ്രപഞ്ചത്തിന്റെ സൃഷ്‌ടി-സ്ഥിതി കാര്യങ്ങളെല്ലാം ഏകനായ ദൈവത്തിന്റെ മാത്രം പ്രവര്‍ത്തനങ്ങളാണെന്ന് ഇതര ദൈവങ്ങളെ പൂജിക്കുന്നവരും സമ്മതിക്കുന്നുവെന്നാണ് ഇവിടെ പറയുന്നത്.
മനുഷ്യ പ്രകൃതിക്കും ബുദ്ധിക്കും ഈ ഏകദൈവത്വം പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുവെന്നത് ഒരു വസ്‌തുതയാണ്. അതുകൊണ്ടാണ്, പ്രവാചകനായ യൂസുഫ്(അ) തന്റെ കൂടെ ജയിലില്‍ കഴിച്ചുകൂട്ടിയ രണ്ട് കൂട്ടുകാരോട് ഇങ്ങനെ ചോദിക്കുന്നത്: ``വ്യത്യസ്‌ത രക്ഷാധികാരികളാണോ ഉത്തമം. അതല്ല, ഏകനും സര്‍വാധികാരിയുമായ അല്ലാഹുവാണോ?'' (12:39) ഇതിനെ തുടര്‍ന്ന് അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ നിരര്‍ഥകത അദ്ദേഹം അവരെ ബോധ്യപ്പെടുത്തുന്നു: ``അവന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്‌തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല.'' (12:40)
ഒന്നിലേറെ ദൈവങ്ങളുണ്ടെങ്കില്‍ അവര്‍ പരസ്‌പരം കിടമത്സരവും അധികാരമേല്‍ക്കോയ്‌മയും കാണിക്കാന്‍ ഇടയുണ്ടെന്ന് വ്യക്തം. ഹൈന്ദവപുരാണങ്ങളില്‍ ഇത്തരം ദേവലോക കഥകള്‍ സുലഭമാണ്. ബ്രഹ്‌മാവും വിഷ്‌ണുവും ശിവനുമെല്ലാം പരസ്‌പരം വഴക്കും സംഘട്ടനവുമുണ്ടാക്കിയതായി പുരാണങ്ങളില്‍ കാണാം. പ്രസിദ്ധമായ ത്രിശങ്കു സ്വര്‍ഗത്തിന്റെ കഥയും ഇത്തരത്തിലൊന്നുതന്നെ, ഇതിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക: ``അല്ലാഹുവോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്‌ടിച്ചതുമായി പോയ്‌ക്കളയും. അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!'' (23:91)
ഒന്നിലേറെ ദൈവങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടായാല്‍ ഈ പ്രപഞ്ചത്തിന്റെ കാര്യമെല്ലാം അവതാളത്തിലാവുകയും പ്രപഞ്ചത്തിന്റെ നാശത്തിനു തന്നെ അതു കാരണമാവുകയും ചെയ്യും. അല്ലാഹു പറയുന്നത് നോക്കുക: ``ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍, സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാകുന്നു!''(21:22). അധികാരപ്രശ്‌നം ദൈവങ്ങള്‍ക്കിടയില്‍ സംഘട്ടനത്തിന് അവസരമുണ്ടാക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ 17:42ല്‍ സൂചിപ്പിക്കുന്നു.
കര്‍മങ്ങള്‍ നിഷ്‌ഫലം
കര്‍മനിരതമായ ഒരു ജീവിതമാണ് ഇസ്‌ലാം മനുഷ്യന് വിഭാവനം ചെയ്യുന്നത്. ഐഹികജീവിതം കര്‍മങ്ങളുടെ ലോകവും പാരത്രികജീവിതം പ്രതിഫലം അനുഭവിക്കുന്ന ലോകവുമാണ്. ഇഹലോക ജീവിതത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്, ``നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടി'' (67:2) എന്നാണ്. അപ്പോള്‍, ജീവിതവിജയത്തിന് നിദാനം ഐഹികജീവിതത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയെന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം മരണാനന്തര ജീവിതത്തില്‍ മനുഷ്യന് ഉപകാരപ്പെടണമെങ്കില്‍ അത് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുകൊണ്ടു മാത്രമായിരിക്കണമെന്നത് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന കാര്യമാണ്. ലൗകികമോ ഭൗതികമോ ആയ താല്‌പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഫലശൂന്യമായിരിക്കുമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രതിഫലം നല്‍കുന്നവന്‍ പ്രപഞ്ചനാഥനായതു കൊണ്ട് അവന്റെ തൃപ്‌തി മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ള കര്‍മങ്ങള്‍ക്ക് മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂവെന്ന് വ്യക്തം. ബഹുദൈവാരാധന എന്നത്, സാക്ഷാല്‍ ദൈവത്തിനു മാത്രം സമര്‍പ്പിക്കേണ്ട കാര്യങ്ങള്‍ ദൈവേതരന്മാര്‍ക്ക് സമര്‍പ്പിക്കുക എന്നതാണല്ലോ. അതുകൊണ്ടു തന്നെ അവരുടെ എല്ലാ കര്‍മങ്ങളും തീര്‍ത്തും നിഷ്‌ഫലമായിരിക്കും. ദൈവദൂതനായ മുഹമ്മദ് നബിയെ തന്നെ സംബോധന ചെയ്‌തുകൊണ്ട് അല്ലാഹു പറയുന്നത് ശ്രദ്ധേയമാണ്: ``(അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്‌ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്‌ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'' (39:65). മുഹമ്മദ് നബിക്ക് മുമ്പ് വന്നുപോയ പ്രവാചകന്മാരോടും ഇതുപോലെ കര്‍മങ്ങള്‍ നിഷ്‌ഫലമാകുമെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്. (6:88)
സാമൂഹിക സേവനപ്രവര്‍ത്തനങ്ങളും മനുഷ്യോപകാര പ്രദമായ പ്രവര്‍ത്തനങ്ങളും നിരന്തരം ചെയ്‌തുകൊണ്ടിരിക്കുന്ന ധാരാളം ആളുകളുണ്ട്. അവരുടെ കര്‍മങ്ങളെല്ലാം മരണാനന്തര ജീവിതത്തില്‍ പ്രതിഫലാര്‍ഹമായി മാറണമെങ്കില്‍ അവര്‍ ഏകദൈവ വിശ്വാസികളും ഏകദൈവാരാധകരുമായിരിക്കണമെന്നത് കണിശതയുള്ള കാര്യമാണ്. ഇസ്‌ലാമിന് മുമ്പുണ്ടായിരുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു അബ്‌ദുല്ലാഹിബ്‌നു ജുദ്‌ആന്‍. ഇദ്ദേഹം കുടുംബബന്ധം ചേര്‍ക്കുകയും പാവപ്പെട്ടവരെ ഊട്ടുകയുമെല്ലാം ചെയ്‌തിരുന്നു. ഇത് അദ്ദേഹത്തിന് മരണാനന്തരം ഉപകരിക്കുമോ എന്ന് ചോദിച്ച പ്രവാചകപത്‌നി ആഇശ(റ)യോട് തിരുദൂതര്‍ പറഞ്ഞത്: ``ഇല്ല, അദ്ദേഹമൊരിക്കലും അല്ലാഹുവോട് പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരണമേ എന്ന് പ്രാര്‍ഥിച്ചിട്ടില്ല'' (മുസ്‌ലിം) എന്നാണ്. അപ്പോള്‍ മുഴുവന്‍ കര്‍മങ്ങളും നിഷ്‌ഫലമാക്കിക്കളയുന്ന അതീവ ഗുരുതരമായ പാപമായി ബഹുദൈവാരാധനയെ ഇസ്‌ലാം കാണുന്നു. ബഹുദൈവാരാധനയുടെ അടിത്തറയില്‍ സ്ഥാപിതമായിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും തുടങ്ങി മനുഷ്യന് ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം ദൈവത്തിങ്കല്‍ സ്വീകാര്യമല്ലാത്തവയാണ് എന്നത് എന്തുമാത്രം ദു:ഖകരമായ കാര്യമാണ്!
ദൈവത്തിന് പിതൃപുത്ര ബന്ധങ്ങളാരോപിച്ചോ ആരാധനയില്‍ മറ്റുള്ളവര്‍ക്ക് പങ്കുനല്‍കിയോ അസ്‌തിത്വത്തിലോ വിശേഷണങ്ങളിലോ പങ്കുചേര്‍ത്തോ ഏത് വിധത്തിലായിരുന്നാലും ശരി ബഹുദൈവത്വം ഏറ്റവും വലിയ അക്രമം തന്നെയാണ്. ഇത്തരം അക്രമം ചെയ്യുന്ന ആളുകളുടെ വാസസ്ഥലം നരകമായിരിക്കുമെന്ന് അല്ലാഹു അറിയിക്കുന്നു (5:72). ഇവര്‍ക്ക് സ്വര്‍ഗവാസം നിഷിദ്ധവുമായിരിക്കും. മറ്റേതൊരു പാപവും അല്ലാഹു പൊറുത്തുകൊടുക്കാന്‍ ഇടയുണ്ട്. അത് അവന്റെ ഹിതത്തിന് വിധേയമാണ്. എന്നാല്‍, ബഹുദൈവാരാധകന്‍ അതില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങാതെ മരിച്ചുപോയാല്‍ പിന്നീട് അവനത് പൊറുത്തുകൊടുക്കുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ലെന്ന് അല്ലാഹു അറിയിക്കുന്നു. കാരണം, ദൈവത്തെക്കുറിച്ച ഏറ്റവും വലിയ ദുരാരോപണമാണ് അവന്‍ ഉന്നയിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ``തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.'' (4:48)
by സി മുഹമ്മദ്‌സലീം സുല്ലമി @ SHABAB
(സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ,)ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 1 ഫാത്തിഹ 6,7]
Popular Posts
-
ഏതാനും ദിവസം മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവയ്ക്കട്ടെ. വീട്ടാവശ്യത്തിന് ഇറക്കിയ മണലില്‍ നിന്ന് അയല്‍വാസിക്ക് അല്പം വായ്പയായി വേണം. അത...
-
കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മമായും ഇസ്‌ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള ...
-
ശംസുദ്ദീന്‍ പാലക്കോട് വിശുദ്ധ ഖുര്‍ആനിന് ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്തിമ വേദഗ്രന്ഥത്ത...
-
തൊഴിലിനെക്കുറിച്ച് ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു...
-
മുഹമ്മദ്നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ...
-
ശൈശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്...
-
ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാ...
-
കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ ...
-
അബ്ദുര്‍റഹ്മാന്‍ മങ്ങാട് പ്രവാചകപത്‌നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കിയ വാര്‍ത്തയുമായി ഒരു ദൂതന് വ...
-
അന്‍വര്‍ അഹ്മദ് മതമൈത്രിക്ക് പേര് കേട്ട ദേശമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ...