വിശുദ്ധ ജീവിതത്തിന്റെ മതതാല്‍പര്യങ്ങള്‍

വിശുദ്ധജീവിതം നയിക്കാനാണ്‌ മതം കല്‍പിക്കുന്നത്‌. ഒരു വിശ്വാസി തന്റെ ആരാധനകര്‍മങ്ങളിലൂടെ ജീവിതത്തില്‍ സംഭവിക്കുന്ന തിന്മകളെ വിമലീകരിക്കുകയാണ്‌ ചെയ്യുന്നത്‌. കള്ളത്തരങ്ങളെയും വൈകൃതങ്ങളെയും ശുദ്ധീകരിച്ച്‌ ജീവിതത്തെ പുനക്രമീകരിക്കേണ്ടവനാണ്‌ സത്യവിശ്വാസി. ഈ പ്രക്രിയയെ ഇസ്വ്‌ലാഹ്‌ എന്ന്‌ വിളിക്കാം. ഇസ്വ്‌ലാഹ്‌ ആദ്യം നടത്തേണ്ടത്‌ മനസ്സുകളിലാണ്‌. മനസ്സുകള്‍ ശുദ്ധീകരിക്കപ്പെടുമ്പോള്‍ കുടുംബങ്ങള്‍ നന്നാകും. കുടുംബങ്ങള്‍ നന്നാവുമ്പോള്‍ സമൂഹവും നന്നാകും. നന്മ വളര്‍ത്തുകയും തിന്മകളെ ജാഗ്രതയോടെ നേരിടുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ഇസ്‌ലാഹി പ്രവര്‍ത്തനം. ഇത്തരക്കാര്‍ക്കുള്ള പ്രതിഫലത്തെക്കുറിച്ച്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌: ``സുകൃതം ചെയ്‌തവര്‍ക്ക്‌ ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്‌. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.'' (വി.ഖു. 10:26)

സമൂഹത്തെ നന്നാക്കുക എന്നത്‌ വിശിഷ്‌ട കര്‍മമായിട്ടാണ്‌ മതം പഠിപ്പിക്കുന്നത്‌. പരസ്‌പരം നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നതാണ്‌ നല്ല സമൂഹത്തിന്റെ പ്രത്യേകത. സ്‌ത്രീപുരുഷന്മാര്‍, ചെറിയവര്‍, മുതിര്‍ന്നവര്‍, ഭരണാധികാരികള്‍, ഭരണീയര്‍ തുടങ്ങി എല്ലാവരും നന്മകള്‍ക്ക്‌ വേണ്ടി നിലകൊള്ളുകയും തിന്മകളെ പ്രതിരോധിക്കുകയും ചെയ്‌താല്‍ തിന്മയും നിന്ദ്യതയും ജീവിതത്തില്‍ നിന്നകലുകയും നന്മകള്‍ ജീവിതത്തിന്‌ സൗന്ദര്യം പ്രദാനം ചെയ്യുകയും ചെയ്യും. ഇതുവഴി വ്യക്തി-കുടുംബം-സമൂഹം തുടങ്ങി എല്ലാ രംഗങ്ങളിലും നന്മയുടെ വെളിച്ചം പരക്കും.

സ്രഷ്‌ടാവായ അല്ലാഹു തിന്മകളെ അത്യധികം വെറുക്കുന്നവനാണ്‌. സത്യവിശ്വാസികളും തിന്മകളെ വെറുക്കുന്നവരാണ്‌. എന്നാല്‍ മനുഷ്യന്റെ ജീവിതത്തില്‍ തിന്മകള്‍ സ്ഥാനം പിടിക്കാറുണ്ട്‌. പല വിധത്തിലും രൂപത്തിലുമാണ്‌ തിന്മകള്‍ മനുഷ്യരെ വരിഞ്ഞുമുറുക്കാറുള്ളത്‌. മനസ്സിന്റെ ഇച്ഛകള്‍ക്കനുസൃതമായി ജീവിക്കുന്ന മനുഷ്യന്‍ തിന്മകള്‍ക്ക്‌ മുമ്പില്‍ പതറിപ്പോവുന്നു. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും ഭയഭക്തിയും വിശ്വാസിയുടെ രക്ഷക്കെത്തുന്നു. വിശ്വാസികള്‍ക്ക്‌ മാത്രമാണ്‌ ഇത്തരമൊരു രക്ഷയും ഭാഗ്യവുമുള്ളത്‌. ``നീ ഉദ്‌ബോധിപ്പിക്കുക, തീര്‍ച്ചയായും ഉദ്‌ബോധനം സത്യവിശ്വാസികള്‍ക്ക്‌ പ്രയോജനം ചെയ്യും.'' (വി.ഖു. 51:55)

പാപത്തിലേക്ക്‌ മനുഷ്യനെ വലിച്ചിഴക്കുന്ന ഒരുപാട്‌ കാരണങ്ങളും പ്രേരകങ്ങളും ഇവിടെയുണ്ട്‌. അവയെ കൃത്യമായി തിരിച്ചറിയുക എന്നതാണ്‌ പാപങ്ങളില്‍ ചെന്ന്‌ വീഴാതിരിക്കാനുള്ള ഒന്നാമത്തെ മാര്‍ഗം. നമ്മുടെ മനസ്സിന്റെ തെറ്റായ ആഗ്രഹങ്ങള്‍ പോലെത്തന്നെ നമ്മുടെ കൂട്ടുകെട്ടുകള്‍ക്കും ഇക്കാര്യത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. അല്ലാഹുവിനെക്കുറിച്ച്‌ ഒട്ടും സ്‌മരിക്കാത്തതും തിന്മയിലേക്കെത്തിക്കുന്നതുമായ ഇരിപ്പിടങ്ങളെ നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ട്‌. അല്ലാഹുവിനെക്കുറിച്ച്‌ സ്‌മരിക്കാത്ത സദസ്സില്‍ ഇരുന്ന മനുഷ്യന്‌ നിന്ദ്യതയുണ്ടായിരിക്കുമെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അല്ലാഹു നിഷിദ്ധമായി വിവരിച്ചിട്ടുള്ള സദസ്സുകളെ സൂക്ഷിക്കേണ്ടവനാണ്‌ സത്യവിശ്വാസി. അല്ലാഹു പറയുന്നു: ``അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നതുവരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്നപക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ അവതരിപ്പിച്ചുതന്നിട്ടുണ്ടല്ലോ.'' (വി.ഖു. 4:140). ലുഖ്‌മാന്‍(അ) തന്റെ മകന്‌ നല്‌കുന്ന ഉപദേശങ്ങളില്‍ ഒന്ന്‌ ഇപ്രകാരമാണ്‌: ഒരു സുഹൃത്തിന്റെ ഇരിപ്പിടത്തിലേക്ക്‌ നീ പോയാല്‍ അവരെന്താണ്‌ പറയുന്നത്‌ എന്ന്‌ നീ കേള്‍ക്കുക. നന്മയാണ്‌ അവര്‍ പറയുന്നതെങ്കില്‍ അവിടെ നീ ഇരിക്കുക. അങ്ങനെയല്ലെങ്കില്‍ അവിടെ നിന്നും പോവുക. എന്തൊക്കെ മാര്‍ഗം ഉപയോഗിച്ച്‌ തിന്മയെ തടുത്തു നിര്‍ത്താന്‍ സാധിക്കുമോ അത്രയും അവയെ പ്രതിരോധിക്കണമെന്നാണ്‌ ഖുര്‍ആനികാധ്യാപനം. അതുകൊണ്ടാണ്‌ പ്രതിക്രിയയില്‍ നിങ്ങള്‍ക്ക്‌ നന്മയുണ്ടെന്ന്‌ അല്ലാഹു പറഞ്ഞത്‌ (വി. ഖു. 2:179). മനുഷ്യര്‍ക്ക്‌ പരസ്‌പരമുള്ള അഭിമാനത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌ വ്യഭിചാരത്തെ അല്ലാഹു നിരോധിച്ചത്‌. ധനത്തിന്റെ സംരക്ഷണത്തിനുവേണ്ടി മോഷണത്തെയും ബുദ്ധിയുടെ സംരക്ഷണത്തിനു വേണ്ടി ലഹരിയെയും അല്ലാഹു നിഷിദ്ധമാക്കി.

സത്യവിശ്വാസിയുടെ ജീവിതം നന്മയിലായിരിക്കണം. പുഞ്ചിരിക്കുന്ന വദനത്തോടെ തന്റെ സഹോദരനെ എതിരേല്‌ക്കുന്നത്‌ പോലും നന്മയാണെന്നാണ്‌ മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചത്‌. ഒരു ചീത്ത കാര്യം കേട്ടാല്‍ അത്‌ പ്രചരിപ്പിക്കാതിരിക്കുക. ``തീര്‍ച്ചയായും മനുഷ്യന്‍ നഷ്‌ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്‌തവരൊഴികെ'' (വി.ഖു. 103:2,3). വിശ്വസിക്കുകയും സര്‍കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ഗൗരവത്തോടെ പരിഗണിക്കേണ്ട ഒന്നാണ്‌ സത്യംകൊണ്ടും ക്ഷമകൊണ്ടും പരസ്‌പരം ഉപദേശം നടത്തുക എന്നത്‌.

മതം ഗുണകാംക്ഷയാണെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്‌. അചഞ്ചലമായ ദൈവവിശ്വാസം, പ്രവര്‍ത്തനങ്ങളിലുള്ള ആത്മാര്‍ഥത, സത്യസന്ധത മുതലായവ ഗുണകാംക്ഷയുടെ ഭാഗങ്ങളാണ്‌. ഇഹപര വിജയത്തിനുവേണ്ടി മനുഷ്യനെ സഹായിക്കുന്നവയാണ്‌ ഗുണകാംക്ഷയുടെ പരിധിയില്‍ പെടുന്നത്‌. അപ്പോള്‍ മതമെന്നത്‌ പരലോക ജീവിതവിജയത്തെ മാത്രം ലക്ഷ്യംവെക്കുന്ന ജീവിതരീതിയല്ല. മറിച്ച്‌ ഇഹലോക ജീവിതത്തിന്റെ നന്മയും പുരോഗതിയും ശ്രേയസ്സും മതത്തിന്റെ താല്‌പര്യം തന്നെയാണ്‌. മനുഷ്യര്‍ പരസ്‌പരം നടത്തുന്ന ഉപദേശ നിര്‍ദേശങ്ങള്‍ നന്മയും പുരോഗതിയും നേടിത്തരുന്നതായിരിക്കണം. തിന്മക്ക്‌ പ്രേരിപ്പിക്കുന്നതോ തിന്മയിലേക്ക്‌ വഴിനടത്തുന്നതോ ആവരുത്‌.

ഓരോ മനുഷ്യനും ജനിക്കുന്നത്‌ ശുദ്ധപ്രകൃതിയിലാണ്‌. തിന്മയായിട്ട്‌ യാതൊന്നും അവനിലില്ല. നിഷ്‌കളങ്ക ഹൃദയത്തിനുടമയാണവന്‍. പിന്നീടാണ്‌ മനുഷ്യര്‍ വളരുന്നതിനനുസരിച്ച്‌ അവന്റെ ശുദ്ധപ്രകൃതിക്ക്‌ കോട്ടം തട്ടുന്നത്‌. ``ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല'' (വി.ഖു. 30:30). വക്രതയില്ലാത്ത മതമവനോട്‌ ആഹ്വാനം ചെയ്യുന്നത്‌ ജീവിതത്തില്‍ വൈകൃതമുണ്ടാകുന്ന സകല തിന്മകളെയും കയ്യൊഴിഞ്ഞ്‌ ഏറ്റവും ശുദ്ധമായ ജീവിതത്തിലേക്ക്‌ വളരാനാണ്‌. പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നും ഭൗതിക ജീവിതാലങ്കാരങ്ങളുടെ പ്രലോഭനങ്ങളില്‍ നിന്നും ഏറ്റവും ഉയര്‍ന്നതും ഉന്നതവുമായ വിശുദ്ധ ജീവിതത്തിന്റെ വെളിച്ചം സ്വീകരിക്കാനാണ്‌ മതം താല്‌പര്യപ്പെടുന്നത്‌.

നന്മ കല്‌പിക്കുന്ന പോലെത്തന്നെ പ്രധാനമാണ്‌ അത്‌ സ്വയം പ്രവര്‍ത്തിക്കുക എന്നതും. നന്മ കല്‌പിക്കുകയും സ്വന്തം ജീവിതത്തില്‍ അതൊട്ടുമില്ലാതിരിക്കുകയും ചെയ്യുന്നത്‌ മനുഷ്യന്റെ നാശത്തിന്‌ കാരണമായിത്തീരുമെന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്‌. ``നിങ്ങള്‍ ചെയ്യാത്തത്‌ നിങ്ങള്‍ പറയുക എന്നത്‌ അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന്‌ കാരണമായിരിക്കുന്നു'' (വി.ഖു. 61:3). നന്മ ജനങ്ങളോട്‌ കല്‌പിക്കുകയും എന്നാലത്‌ സ്വന്തം ജീവിതത്തില്‍ പാലിക്കാതിരിക്കുകയും ചെയ്‌തവനോട്‌ നരകവാസികള്‍ ചോദിക്കുമത്രെ: ഹേ, മനുഷ്യാ! നീ ഞങ്ങളോട്‌ നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്‌തിരുന്നുവല്ലോ? അദ്ദേഹം പറയും: അതെ ഞാന്‍ നന്മ കല്‌പിച്ചിരുന്നു. ചെയ്‌തിരുന്നില്ല. തിന്മ വിരോധിച്ചിരുന്നു. ഞാനത്‌ ചെയ്‌തിരുന്നു.'' നാശനഷ്‌ടത്തിന്‌ മാത്രം കാരണമാകുന്ന ഇത്തരം ജീവിത ശൈലികളില്‍ നിന്നും വിട്ടുനിന്ന്‌ സ്വയം ശുദ്ധീകരണത്തിന്റെ തെളിഞ്ഞ പാതയിലൂടെ മുന്നോട്ട്‌ പോവേണ്ടവനാണ്‌ സത്യവിശ്വാസി.

വിശുദ്ധ ജീവിതവഴിയില്‍ നിന്നും തെന്നിമാറി തന്നിഷ്‌ടപ്രകാരം ജീവിച്ചവര്‍ക്കും അധര്‍മത്തില്‍ കഴിഞ്ഞുപോന്നവര്‍ക്കും നാളെ പരലോകത്ത്‌ ശിക്ഷയാണ്‌ വരാനിരിക്കുന്നത്‌. ``ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ സ്വദേഹങ്ങള്‍ക്കും തങ്ങളുടെ ആളുകള്‍ക്കും നഷ്‌ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായും നഷ്‌ടക്കാര്‍. അതുതന്നെയാണ്‌ വ്യക്തമായ നഷ്‌ടം.'' (വി.ഖു 39:15). മറ്റുള്ള ജനങ്ങള്‍ക്ക്‌ അനുകരിക്കപ്പെടാവുന്ന വിധത്തില്‍ മാതൃകാജീവിതത്തിന്റെ ഉടമകളായിത്തീരാന്‍ സത്യവിശ്വാസികള്‍ക്ക്‌ കഴിയണം. ജീവിതത്തിലെ എല്ലാ മേഖലകളിലും സത്യവിശ്വാസി മാതൃകായോഗ്യനായിരിക്കണം. ഇത്‌ നമ്മുടെ ചുറ്റിലുമുള്ളവര്‍ക്ക്‌ അനുഭവിച്ചറിയാന്‍ സാധിക്കണം. സത്യവിശ്വാസികളായ നമ്മള്‍ പരസ്‌പരം കാരുണ്യവും സ്‌നേഹവും സമ്മാനവും ആദരവും പകരുന്നവരായിരിക്കണം. തമ്മിലടിക്കുന്നതും കുഴപ്പങ്ങളിലേര്‍പ്പെടുന്നതും സത്യവിശ്വാസത്തോട്‌ ചേര്‍ന്ന പ്രവര്‍ത്തനങ്ങളല്ല. അല്ലാഹു പറയുന്നു: ``സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‌കുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട്‌ അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌ (വി.ഖു 9:71). നന്മയുടെ സന്ദേശവാഹകരും തിന്മകളുടെ തിരുത്തല്‍ ശക്തികളുമായി വിശുദ്ധ ജീവിതം നയിക്കുന്നവരാണ്‌ സത്യവിശ്വാസികള്‍. ``നിങ്ങളാരെങ്കിലും തിന്മ കണ്ടാല്‍ അതിനെ കൈകൊണ്ട്‌ മാറ്റുക. അതിന്‌ കഴിയില്ലെങ്കില്‍ നാവുകൊണ്ട്‌. അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും. ഇത്‌ ഈമാനിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാകുന്നു.'' നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക നിമിത്തം ഏറ്റവും ഉത്തമ സമൂഹമായി മാറാന്‍ നമുക്ക്‌ കഴിയുന്നു. ``മനുഷ്യവംശത്തിനുവേണ്ടി രംഗത്തുകൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‌പിക്കുകയും ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു (വി.ഖു 3:110). നന്മ കല്‌പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ പരസ്‌പര ബഹുമാനത്തോടെയും കാരുണ്യത്തോടെയും സമൂഹത്തെ നോക്കിക്കാണുക കൂടി വേണം. ഊഷരമായ ഹൃദയത്തില്‍ നിന്നും പുറത്തുവരുന്ന വാക്കുകളെക്കാള്‍ നനവും കരുണയുമുള്ള ഉപദേശങ്ങളായിരിക്കും സമൂഹത്തെ സ്വാധീനിക്കാന്‍ ഉപകരിക്കുക. അലിവും അനുകമ്പയും ഒട്ടുമില്ലാത്ത മതപ്രബോധകര്‍ ബാധ്യതയായിത്തീരുന്നതും അതുകൊണ്ടാണ്‌. പ്രവാചകന്‍(സ) തന്റെ സമൂഹത്തോട്‌ സംവദിച്ച ശൈലി എത്രമാത്രം ഉദാത്തമായിരുന്നു. അനുതാപ മനസ്ഥിതി എല്ലായ്‌പ്പോഴും കാത്തുസൂക്ഷിച്ചതുകൊണ്ടായിരുന്നു മുഹമ്മദ്‌ നബി(സ)യുടെ വാക്കുകള്‍ ആളുകള്‍ കേള്‍ക്കാന്‍ തയ്യാറായത്‌. ഖുര്‍ആന്‍ തന്നെ അക്കാര്യം വെളിപ്പെടുത്തുന്നു. ``അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു (വി.ഖു 3:159). ഈയൊരു തത്വം ജീവിതത്തില്‍ മുഴുവന്‍ ബാധകമായ കാര്യമാണ്‌. നമ്മുടെ വാക്കുകളേക്കാള്‍ സ്വാധീനം സമീപനങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കുമുണ്ടെന്ന്‌ സാരം.

ചെറുതും വലുതുമായ പാപ കൃത്യങ്ങള്‍ മനുഷ്യന്റെ വിശുദ്ധിക്ക്‌ പോറലേല്‌പിക്കുന്നു. പാപത്തിന്റെ പടുകുഴിയില്‍ മനുഷ്യന്‍ എത്തിപ്പെടുന്നതിന്റെ കാരണങ്ങള്‍ വിഭിന്നങ്ങളാണ്‌. ജീവിതം ആസ്വദിക്കുവാന്‍ വേണ്ടി മനുഷ്യന്‍ തിന്മ ചെയ്യുന്നു. ഇതിനുവേണ്ടി അന്യായമായി സമ്പാദിക്കുന്നു. വ്യഭിചാരത്തിലേര്‍പ്പെടുന്നു. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നു. വിചാരിക്കുന്നതെല്ലാം അനുഭവിക്കണമെന്ന മനുഷ്യന്റെ ആഗ്രഹം പലപ്പോഴും നന്മതിന്മകളെ പരിഗണിക്കാന്‍ കൂട്ടാക്കുന്നില്ല. അങ്ങനെ തിന്മയില്‍ അകപ്പെട്ട്‌ ജീവിത വിശുദ്ധി നഷ്‌ടമാകുന്ന അവസ്ഥയുണ്ടാവുന്നു. ഐഹിക ജീവിതത്തിന്റെ സുഖാസ്വാദനങ്ങള്‍ക്ക്‌ പിന്നാലെ അലഞ്ഞുനടക്കുന്നവര്‍ക്കുള്ള ശിക്ഷയെപ്പറ്റി ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്‌ (വി.ഖു 46:20). അറ്റമില്ലാത്ത ആഗ്രഹങ്ങളും മനുഷ്യനെ തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഭൗതിക ജീവിതത്തിന്റെ തിളക്കത്തില്‍ കണ്ണ്‌ മഞ്ഞളിച്ചുപോയവര്‍ക്കും നാളെ നഷ്‌ടമാണ്‌ കാത്തിരിക്കുന്നത്‌.'' നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാവുകയും ചെയ്‌തുകൊള്ളട്ടെ (പിന്നീട്‌) അവര്‍ മനസ്സിലാക്കിക്കൊള്ളും (വി.ഖു 15:3). ഭൗതിക പ്രലോഭനങ്ങളില്‍ കുടുങ്ങി ജീവിക്കുന്ന ഇത്തരം മനുഷ്യരെ അപകടത്തില്‍ പെടുത്തുവാന്‍ പിശാച്‌ ശ്രമിക്കുമെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌. (വി.ഖു. 14:22)

അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ അറിവുകൊണ്ടും അവനിലുള്ള ദൃഢമായ വിശ്വാസം കൊണ്ടും മാത്രമേ തിന്മകളോട്‌ പടപൊരുതാനും ജീവിതത്തെ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുവാനും മനുഷ്യര്‍ക്ക്‌ സാധിക്കുകയുള്ളൂ. അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ ധാരണയും അവന്റെ ശിക്ഷയെത്തൊട്ടുള്ള ഭയവും അവന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും മനുഷ്യ മനസ്സുകളില്‍ പച്ചയായി നിലനിന്നാല്‍ അവന്റെ ജീവിതം തെളിഞ്ഞ്‌ തന്നെ നിലകൊള്ളും. ഇങ്ങനെയുള്ള സത്യവിശ്വാസികളുടെ ജീവിതത്തെ അല്ലാഹു പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌. ``തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും, തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കു ചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക്‌ തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന്‌ മനസ്സില്‍ ഭയമുള്ളതോടുകൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യന്നവരും ആരോ അവരത്രെ നന്മകളില്‍ ധൃതിപ്പെട്ടു മുന്നേറുന്നവര്‍, അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും (വി.ഖു. 23:57-61). മനുഷ്യാസ്‌തിത്വത്തിന്റെ വിശുദ്ധാവസ്ഥയെ കാത്തുവെച്ചവന്‍ വിജയിക്കുകയും അല്ലാത്തവരെല്ലാം പരാജിതരായിത്തീരുകയും ചെയ്യും (വി.ഖു 91:9,10)

ഒരു വ്യക്തി നന്മ ചെയ്യുമ്പോള്‍ അത്‌ സമൂഹത്തിന്‌ നന്മയായി ഭവിക്കും. തിന്മയാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കില്‍ സമൂഹം അതിന്റെ ദോഷം അനുഭവിക്കുകയും ചെയ്യും. വ്യക്തികളുടെ ചെയ്‌തികള്‍ സമൂഹത്തില്‍ ചെറുതോ വലുതോ ആയ പ്രതികരണങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. ഈയൊരു തത്വത്തെ സാധൂകരിക്കും വിധമാണ്‌ അല്ലാഹു മനുഷ്യര്‍ക്കുവേണ്ട മുഴുവന്‍ നിയമങ്ങളും അവതരിപ്പിച്ചിട്ടുള്ളത്‌. സത്യവിശ്വാസിയുടെ ജീവിതം മനുഷ്യര്‍ക്കോ, മറ്റു ജീവികള്‍ക്കോ പ്രകൃതിയിലെ മറ്റു വസ്‌തുക്കള്‍ക്കോ ഒരിക്കലും ഭീഷണി സൃഷ്‌ടിക്കുന്നില്ല. എന്നാല്‍ മനുഷ്യന്‍ സ്വന്തത്തോടോ സമൂഹത്തോടോ അതിക്രമം പ്രവര്‍ത്തിക്കുമ്പോള്‍ അവന്റെ ജീവിത വിശുദ്ധിയെ അത്‌ കളങ്കപ്പെടുത്തുന്നു. ഇരുട്ടിനെ വെളുപ്പിക്കുന്ന ധാര്‍മിക പോരാട്ടങ്ങളുടെ അവിരാമമായ പ്രകാശത്തിലെ കണികകളാവണം നമ്മള്‍. പാപക്കറയുടെ പാപത്തറയില്‍ നിന്നും വിശുദ്ധിയുടെ വിഹായസ്സിലേക്കുയരേണ്ടവരാണ്‌ സത്യവിശ്വാസികള്‍. അവരാണ്‌ വിജയികള്‍.

by ജംഷിദ്‌ നരിക്കുനി @ SHABAB weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts