ഉര്‍വതുബ്‌നു സുബൈര്‍ : പരീക്ഷണപഥങ്ങളില്‍ പുഞ്ചിരിയോടെ

സായാഹ്‌ന സൂര്യന്റെ പൊന്‍കിരണങ്ങളേറ്റ്‌ വിശുദ്ധ കഅ്‌ബാലയം വെട്ടിത്തിളങ്ങുന്നു. കഅ്‌ബയുടെ പരിശുദ്ധമായ പരിസരം മന്ദമാരുതന്റെ തലോടലേറ്റ്‌ ആനന്ദം കൊള്ളുകയാണ്‌. റസൂലിന്റെ(സ) സഹാബികളില്‍ ജീവിച്ചിരിപ്പുള്ളവരും പ്രമുഖ താബിഉകളും കഅ്‌ബ ത്വവാഫ്‌ ചെയ്‌തുകൊണ്ടിരിക്കുന്നു. തക്‌ബീര്‍, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവ അന്തരീക്ഷത്തില്‍ അലയടിച്ചുകൊണ്ടിരിക്കുന്നു.

കഅ്‌ബയുടെ തിരുമുറ്റത്ത്‌ കൂട്ടം കൂട്ടമായി ജനങ്ങള്‍ വട്ടമിട്ടിരിക്കുന്നു. അതിന്റെ ഉന്നതമായ ഗാംഭീര്യത്തില്‍ ലയിച്ച്‌ അവരുടെ ദൃഷ്‌ടികള്‍ പുളകം കൊള്ളുന്നു. അനാവശ്യമോ പാപമോ അല്ലാത്ത ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണവര്‍.

റുക്‌നുല്‍ യമാനിയുടെ ഭാഗത്ത്‌ നാല്‌ ചെറുപ്പക്കാര്‍ വട്ടമിട്ടിരിക്കുന്നു. അബ്‌ദുല്ലാഹിബ്‌നു സുബൈര്‍, മുസ്‌അബ്‌ ബിന്‍ സുബൈര്‍, സഹോദരന്‍ ഉര്‍വതുബ്‌നു സുബൈര്‍, അബ്‌ദുല്‍ മലിക്‌ബ്‌നു മര്‍വാന്‍ എന്നിവരാണവര്‍.

വളരെ ശാന്തരും സൗമ്യരുമായി അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. പെട്ടെന്ന്‌ ഒരാള്‍ പറഞ്ഞു: ``നമ്മള്‍ ഭാവിയില്‍ ആരാകണമെന്ന സങ്കല്‌പം നമുക്ക്‌ ഇവിടെ വെച്ച്‌ പരസ്‌പരം പങ്കുവെക്കാം!''

അതോടെ അദൃശ്യലോകത്ത്‌ അവരുടെ മോഹങ്ങള്‍ വട്ടമിട്ട്‌ പറക്കാന്‍ തുടങ്ങി. അവരുടെ സ്വപ്‌നങ്ങള്‍ പച്ചപിടിച്ച മോഹങ്ങളില്‍ ചുറ്റിക്കറങ്ങി.

അനന്തരം അബ്‌ദുല്ലാഹിബ്‌നുസ്സുബൈര്‍ പറഞ്ഞു: ``ഹിജാസ്‌ അധീനപ്പെടുത്തി ഖിലാഫത്ത്‌ സ്ഥാപിക്കണമെന്നാണ്‌ എന്റെ ആഗ്രഹം''

``കൂഫയും ബസ്വറയും കീഴ്‌പ്പെടുത്തണം. എന്നോട്‌ എതിര്‍ക്കുന്ന ഒരു ശക്തിയും അവിടെ ഉണ്ടാവരുതെന്നാണ്‌ എന്റെ മോഹം'' -മുസ്‌അബ്‌ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

``നിങ്ങള്‍ രണ്ടുപേരും അതില്‍ സംതൃപ്‌തരാണല്ലോ? എന്നാല്‍ എനിക്ക്‌ സംതൃപ്‌തി കൈവരണമെങ്കില്‍ ലോകം മുഴുവന്‍ എന്റെ കീഴില്‍ വരണം. മുആവിയയുടെ ശേഷം ഖിലാഫത്ത്‌ പദവി എനിക്കു ലഭിക്കുകയും വേണം'' -മര്‍വാന്‍ തന്റെ ആഗ്രഹം വെട്ടിത്തുറന്നു പറഞ്ഞു

ഉര്‍വ നിശബ്‌ദനായി ഇരുന്നു. ഒന്നും സംസാരിച്ചില്ല. ഉര്‍വയുടെ നേരെ തിരിഞ്ഞ്‌ അവര്‍ ചോദിച്ചു: ``ഉര്‍വ, നീ അഭിപ്രായം പറഞ്ഞില്ലല്ലോ? നിന്റെ ആഗ്രഹം ആരാകണമെന്നാണെന്ന്‌ വ്യക്തമായി പറയൂ.''

``ഭൗതിക ജീവിതത്തില്‍ നിങ്ങള്‍ പ്രകടിപ്പിച്ച ആഗ്രഹങ്ങളില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ കാരുണ്യം ചൊരിയട്ടെ. എന്നാല്‍ എന്റെ ആഗ്രഹം ഞാന്‍ പറയാം: റബ്ബിന്റെ കിതാബും തിരുനബിയുടെ സുന്നത്തും മതവിധികളും ജനങ്ങള്‍ എന്നില്‍ നിന്നു മനസ്സിലാക്കുന്ന കര്‍മനിരതനായ ഒരു പണ്ഡിതനായിത്തീരണമെന്നാണ്‌ എന്റെ താല്‌പര്യം.''

കാലം കറങ്ങിക്കൊണ്ടിരുന്നു. യസീദ്‌ ബിന്‍ മുആവിയയുടെ മരണശേഷം അബ്‌ദുല്ലാഹിബ്‌നു സുബൈര്‍ ഖലീഫയായി ബൈഅത്ത്‌ ചെയ്യപ്പെട്ടു. ഹിജാസ്‌, ഈജിപ്‌ത്‌, യമന്‍, ഇറാഖ്‌ എന്നീ പ്രദേശങ്ങളില്‍ ഭരണം നടത്തി. പണ്ട്‌ മോഹങ്ങള്‍ അയവിറക്കിയ കഅ്‌ബയുടെ പരിസരത്ത്‌ നിന്ന്‌ ഏതാനും വാര അകലെ വെച്ച്‌ അദ്ദേഹം വധിക്കപ്പെടുകയും ചെയ്‌തു.

മുസ്‌അബ്‌ ബിന്‍ സുബൈര്‍ സഹോദരന്‍ അബ്‌ദുല്ലയുടെ പ്രതിനിധിയായി ഇറാഖില്‍ ഭരണം നടത്തി. അതിന്റെ പ്രതിരോധ മാര്‍ഗത്തില്‍ അദ്ദേഹവും വധിക്കപ്പെട്ടു.

പിതാവിന്റെ മരണശേഷം ഭരണം അബ്‌ദുല്‍ മാലിക്‌ ബിന്‍ മര്‍വാനില്‍ ചെന്നുചേര്‍ന്നു. അബ്‌ദുല്ലാഹിബ്‌നു സുബൈറിനെയും സഹോദരന്‍ മുസ്‌അബ്‌ ബിന്‍ സുബൈറിനെയും വധിച്ച ശേഷം മുസ്‌ലിംകളില്‍ ഐക്യം നിലവില്‍ വന്നു. തന്റെ കാലത്തെ ഏറ്റവും വിസ്‌തൃതമായ ഒരു പ്രദേശത്തിന്റെ ശക്തനായ ഭരണകര്‍ത്താവായിത്തീര്‍ന്നു അദ്ദേഹം.

അപ്പോള്‍, ഉര്‍വയുടെ കാര്യം എന്തായി? നമുക്ക്‌ ഉര്‍വയുടെ പൂര്‍വകാലത്തു നിന്നുതന്നെ തുടങ്ങാം.


ഉമര്‍ ഫാറൂഖിന്റെ ഭരണത്തിന്‌ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ മുസ്‌ലിംകളിലെ ഏറ്റവും ഉന്നതമായ കുടുംബത്തിലായിരുന്നു ഉര്‍വയുടെ ജനനം. തിരുനബി(സ) സ്വര്‍ഗം കൊണ്ട്‌ വാഗ്‌ദാനം നല്‌കിയ പത്തു പേരില്‍ ഒരാള്‍, ഇസ്‌ലാമിനു വേണ്ടി ആദ്യമായി വാള്‍ ഉറയില്‍ നിന്ന്‌ ഊരിയ വ്യക്തി, തിരുനബിയുടെ ഏറ്റവും അടുത്ത അനുയായി എന്നീ നിലകളില്‍ പ്രശസ്‌തനായ സുബൈര്‍ ബിന്‍ അവ്വാമാണ്‌ പിതാവ്‌. ഇരട്ടപ്പട്ടക്കാരി എന്ന സ്ഥാനപ്പേരുള്ള അബൂബക്കര്‍ സിദ്ദീഖിന്റെ പുത്രി അസ്‌മയാണ്‌ മാതാവ്‌. നബി(സ)യുടെ അമ്മായി സ്വഫിയ്യ ബിന്‍ത്‌ അബ്‌ദില്‍ മുത്തലിബ്‌ പിതാമഹിയും ഉമ്മുല്‍ മുഅ്‌മിനീന്‍ ആഇശ(സ) എളേമയുമാണ്‌. അവരുടെ ഖബറില്‍ ഇറങ്ങി മയ്യിത്ത്‌ മറമാടിയതും മൂട്‌ കല്ലുവെച്ചതുമെല്ലാം ഉര്‍വയായിരുന്നു. ഇതിനെക്കാള്‍ വലിയ മഹത്വവും ശ്രേഷ്‌ഠതയും മറ്റെന്താണ്‌?

കഅ്‌ബയുടെ സമീപത്തു വെച്ച്‌ വെളിപ്പെടുത്തിയ മോഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായിരുന്നു ഉര്‍വയുടെ ശ്രമം. വിജ്ഞാന സമ്പാദനത്തിനു വേണ്ടി എല്ലാവിധ ശ്രമങ്ങളും അദ്ദേഹം നടത്തി. തിരുനബിയുടെ അനുയായികളില്‍ ജീവിച്ചിരിക്കുന്നവരെയെല്ലാം കണ്ട്‌ അറിവ്‌ നേടി. അവരുടെ വീടുകളില്‍ നിത്യസന്ദര്‍ശകനായി. പിറകില്‍ നിന്നു നമസ്‌കരിച്ചു, അവരുടെ സദസ്സുകളില്‍ പങ്കെടുത്തു. അലിയ്യുബ്‌നു അബൂത്വാലിബ്‌, അബ്‌ദുര്‍റഹ്‌മാനി ബിന്‍ ഔഫ്‌, സൈദ്‌ ബിന്‍ സ്വാബിത്‌, അബു അയ്യൂബല്‍ അന്‍സാരി, ഉസാമത്‌ ബിന്‍ സൈദ്‌, സഈദ്‌ ബിന്‍ സൈദ്‌, അബൂഹുറയ്‌റ, ഇബ്‌നുഅബ്ബാസ്‌, നുഅ്‌മാന്‍ ബിന്‍ ബശീര്‍(റ) തുടങ്ങിയവരില്‍ നിന്നെല്ലാം ഹദീസ്‌ റിപ്പോര്‍ട്ടു ചെയ്‌തു.

മാതൃസഹോദരി ആഇശ(റ)യില്‍ നിന്ന്‌ ധാരാളം പഠിച്ചു. അങ്ങനെ മുസ്‌ലിംകള്‍ തങ്ങളുടെ മതകീയ പ്രശ്‌നങ്ങളില്‍ അവലംബിക്കുന്ന മദീനയിലെ ഏഴു പ്രമുഖ കര്‍മശാസ്‌ത്ര വിശാരദരില്‍ ഒരാളായിത്തീര്‍ന്നു അദ്ദേഹം. സദ്‌വൃത്തരായ ഭരണാധികാരികള്‍ അവരെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ അദ്ദേഹത്തോട്‌ ഉപദേശം നേടി. അതില്‍ പെട്ട ഒരു സംഭവം ഇങ്ങനെയാണ്‌:

ഖലീഫ വലീദ്‌ അബ്‌ദുല്‍ മലികിന്റെ പ്രതിനിധിയായി ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസ്‌ മദീന ഗവര്‍ണറായി ചുമതലയേറ്റു. ദുഹര്‍ നമസ്‌കാരാനന്തരം മദീനയിലെ പത്ത്‌ കര്‍മശാസ്‌ത്ര പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തി. അവരുടെ തലപ്പത്ത്‌ ഉര്‍വത്‌ബിന്‍ സുബൈര്‍ ആയിരുന്നു. അവര്‍ ആഗതരായപ്പോള്‍ ഗവര്‍ണര്‍ അവരെ സ്വാഗതം ചെയ്യുകയും എല്ലാവിധ ആദരവും ബഹുമാനവും നല്‌കുകയും ചെയ്‌തു. അല്ലാഹുവിനെ സ്‌തുതിച്ചുകൊണ്ട്‌ അദ്ദേഹം തുടര്‍ന്നു: ``നിങ്ങള്‍ക്കു പ്രതിഫലം ലഭിക്കുന്നതിനും എന്റെ സഹായികളാകുന്നതിനുമാണ്‌ ഞാന്‍ നിങ്ങളെ ക്ഷണിച്ചുവരുത്തിയത്‌. നിങ്ങളുടെ അഭിപ്രായം കൂടാതെ ഒരു കാര്യത്തിലും ഞാന്‍ തീരുമാനമെടുക്കുകയില്ല. ഒരാള്‍ മറ്റൊരാളോട്‌ അന്യായമായി വര്‍ത്തിക്കുകയോ എന്റെ ഉദ്യോഗസ്ഥന്മാര്‍ ആരെങ്കിലും അക്രമം കാണിക്കുകയോ ചെയ്‌താല്‍ ആ വിവരം നിങ്ങള്‍ എനിക്കു എത്തിച്ചു തരണമെന്ന്‌ അല്ലാഹുവിന്റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുന്നു. പിന്നീട്‌ ഉര്‍വ(റ) അദ്ദേഹത്തിനു വേണ്ടി നന്മകൊണ്ട്‌ പ്രാര്‍ഥിച്ചു.

വിജ്ഞാനത്തോടൊപ്പം കര്‍മവും സമ്മേളിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. അത്യുഷ്‌ണമുള്ള പകലുകളില്‍ പോലും നോമ്പനുഷ്‌ഠിച്ചും പാതിരാവുകളില്‍ നിന്നു നമസ്‌കരിച്ചും ദൈവിക പ്രകീര്‍ത്തനങ്ങളാല്‍ നാവുകള്‍ സജീവമാക്കിയും അദ്ദേഹം ദിവസങ്ങള്‍ കഴിച്ചു.

ഉര്‍വ മനസ്സംതൃപ്‌തി കണ്ടെത്തിയത്‌ നമസ്‌കാരത്തിലായിരുന്നു. ഭൂമിയിലെ സ്വര്‍ഗവും ആത്മാവിന്റെ ആനന്ദവും അതില്‍ അദ്ദേഹം കണ്ടെത്തി. സര്‍വവിധ ഭംഗിയും സൂക്ഷ്‌മതയും ഭക്തിയും സമന്വയിപ്പിച്ചതായിരുന്നു ആ നമസ്‌കാരം.

ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ഒരാള്‍ വളരെ പെട്ടെന്ന്‌ നമസ്‌കാരം കഴിഞ്ഞുപോകുന്നത്‌ കണ്ടപ്പോള്‍ ഉര്‍വ ചോദിച്ചു: `മോനേ! നിനക്കു നിന്റെ റബ്ബിനോട്‌ ഒരാവശ്യവും ചോദിക്കാനില്ലേ? അല്ലാഹുവാണ്‌ സത്യം, ഞാന്‍ എന്റെ നമസ്‌കാരത്തില്‍ എല്ലാ കാര്യങ്ങളും അല്ലാഹുവിനോട്‌ ചോദിക്കുന്നു; ഉപ്പു വരെ.''

ഉര്‍വയുടെ ദാനധര്‍മങ്ങള്‍ അപാരമായിരുന്നു. അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന, വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന, കുലച്ചുനില്‌ക്കുന്ന ഈത്തപ്പനകളുള്ള ഒരു തോട്ടമുണ്ടായിരുന്നു അദ്ദേഹത്തിനു മദീനയില്‍. നാല്‌ക്കാലികളുടെ കടന്നുകയറ്റത്തില്‍ നിന്നും, കുട്ടികളുടെ കുസൃതിത്തരങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി അദ്ദേഹം മതില്‍ കെട്ടിത്തിരിക്കാറുണ്ട്‌. പക്ഷെ, പഴങ്ങള്‍ പാകമായിക്കഴിയുമ്പോള്‍ മതിലുകള്‍ അദ്ദേഹം തകര്‍ക്കും. ജനങ്ങള്‍ക്കു തോട്ടത്തില്‍ പ്രവേശിച്ച്‌ ഇഷ്‌ടംപോലെ പഴം തിന്നാന്‍ വേണ്ടി. അങ്ങനെ ജനം കൂട്ടത്തോടെ തോട്ടത്തില്‍ പ്രവേശിച്ച്‌ ആവശ്യമുള്ള പഴങ്ങള്‍ തിന്നുകയും, ആവശ്യമുള്ളവ പറിച്ചു കൊണ്ടുപോവുകയും ചെയ്യും. തോട്ടത്തില്‍ പ്രവേശിക്കുമ്പോള്‍ ഖുര്‍ആനിലെ ഈ വചനങ്ങള്‍ അദ്ദേഹം ആവര്‍ത്തിക്കും: ``നീ നിന്റെ തോട്ടത്തില്‍ കടന്ന സമയത്ത്‌ `ഇത്‌ അല്ലാഹു ഉദ്ദേശിച്ചതെത്ര. അല്ലാഹുവെ കൊണ്ടല്ലാതെ യാതൊരു ശക്തിയുമില്ല' എന്നു നിനക്ക്‌ പറഞ്ഞുകൂടായിരുന്നോ?''(അല്‍കഹ്‌ഫ്‌ 39)

ഖുര്‍ആന്‍ പഠനവും പാരായണവും പ്രബോധനവും അദ്ദേഹത്തിന്റെ ജീവിതചര്യയായി. ഓരോ പകലിലും വിശുദ്ധ ഖുര്‍ആനിന്റെ നാലിലൊരു ഭാഗം മുസ്‌ഹഫ്‌ നോക്കിയും അത്രയും ഭാഗം രാത്രി നിന്ന്‌ നമസ്‌കരിക്കുമ്പോള്‍ മനപ്പാഠമാക്കിയും അദ്ദേഹം പാരായണം ചെയ്‌തു. കൗമാരദശ ആരംഭിച്ചതു മുതല്‍ മരണം വരെയുള്ള കാലയളവില്‍ ഒരിക്കല്‍ മാത്രമാണ്‌ ഈ രീതിക്ക്‌ മാറ്റം സംഭവിച്ചത്‌.

വലീദ്‌ബിന്‍ അബ്‌ദില്‍ മലികിന്റെ ഭരണകാലത്ത്‌ ഒരിക്കല്‍ ഉര്‍വ അതിതീക്ഷ്‌ണമായ ഒരു ദൈവീക പരീക്ഷണത്തിനു വിധേയനായി. വിശ്വാസവും നിശ്ചയ ദാര്‍ഢ്യവും നിറഞ്ഞ ഒരു ഹൃദയത്തിനല്ലാതെ അത്തരമൊരു പരീക്ഷണം അതിജീവിക്കാന്‍ സാധ്യമല്ല.

ഖലീഫ വലീദിന്റെ ക്ഷണപ്രകാരം മൂത്ത പുത്രന്റെ കൂടെ ഉര്‍വ ഡമസ്‌കസിലെത്തി. ഖലീഫ അവരെ ഭക്ത്യാദരപൂര്‍വം സ്വീകരിക്കുകയും അങ്ങേയറ്റം ആദരിക്കുകയും ചെയ്‌തു. അവിടെ മുതല്‍ അദ്ദേഹത്തിന്റെ പരീക്ഷണവും ആരംഭിച്ചു.

മേത്തരം കുതിരകളെ കണ്ട്‌ രസിക്കുന്നതിനായി ഉര്‍വയുടെ പുത്രന്‍ ഖലീഫയുടെ കുരിതപ്പന്തിയില്‍ പ്രവേശിച്ചു. നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ ഒരു കുതിര കുളമ്പുകൊണ്ട്‌ കുട്ടിയെ ചവിട്ടുകയും കുട്ടി തല്‍ക്ഷണം മരണപ്പെടുകയും ചെയ്‌തു. ദു:ഖിതനായ പിതാവ്‌ മകന്റെ സംസ്‌കാരം കഴിഞ്ഞ്‌ കയ്യിലെ മണ്ണ്‌ തട്ടിത്തീര്‍ന്നില്ല. അപ്പോഴേക്കും മറ്റൊരു ദുരന്തം അദ്ദേഹത്തിനു വന്നുഭവിച്ചു. ഒരു കാലിന്‌ പഴുപ്പ്‌ ബാധിച്ചു. വീക്കവും പഴുപ്പും നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. വിശിഷ്‌ടാതിഥിയെ ചികിത്സിക്കുന്നതിന്‌ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്‌തരായ ഭിഷഗ്വരന്മാരെ കൊട്ടാരത്തിലേക്കു ക്ഷണിച്ചുവരുത്തി. ഏത്‌ രീതിയിലെങ്കിലും അദ്ദേഹത്തിന്‌ ഉടന്‍ ചികിത്സ നടത്തി രോഗം ഭേദമാക്കണമെന്ന്‌ നിര്‍ദേശം നല്‌കി. രോഗം പടര്‍ന്നു ശരീരമാസകലം വ്യാപിച്ച്‌ മരണം സംഭവിക്കാന്‍ ഇടയുള്ളതിനാല്‍ കാല്‍ എത്രയും പെട്ടെന്ന്‌ മുറിച്ചു മാറ്റുകയാണ്‌ പ്രതിവിധിയെന്നു ഡോക്‌ടര്‍മാര്‍ വിധിയെഴുതി. അതിനു വഴങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല.

കാലു മുറിക്കാന്‍ വജ്രങ്ങളും കത്തികളുമായി ശസ്‌ത്രക്രിയാ വിദഗ്‌ധരെത്തി. ഡോക്‌ടര്‍ ഉര്‍വയോട്‌ പറഞ്ഞു: ``ശസ്‌ത്രക്രിയയുടെ അസഹ്യവേദന അനുഭവപ്പെടാതിരിക്കാന്‍ ഒരു കപ്പ്‌ ലഹരി പദാര്‍ഥം നല്‍കാം. അത്‌ കഴിക്കണം.''

``സാധ്യമല്ല, ഹറാം കൊണ്ടുള്ള ആശ്വാസം എനിക്കു വേണ്ട'' -ഉര്‍വ പറഞ്ഞു.

``എങ്കില്‍ മരവിപ്പിക്കാന്‍ മരുന്നു തരാം.''

``വേദന അറിയാതെ എന്റെ ശരീരത്തിലെ ഒരു അവയവം നീക്കം ചെയ്യുന്നത്‌ എനിക്ക്‌ ഇഷ്‌ടമല്ല. വേദന സഹിച്ചാല്‍ അല്ലാഹു അതിനു പ്രതിഫലം നല്‌കുമെന്നു ഞാന്‍ വിചാരിക്കുന്നു.''

ശസ്‌ത്രക്രിയാ വിദഗ്‌ധന്‍ കാല്‍ മുറിച്ചു മാറ്റാന്‍ തയ്യാറായപ്പോള്‍ ഒരു സംഘം ആളുകള്‍ അദ്ദേഹത്തിനടുത്തേക്ക്‌ വന്നു.

``ഇവര്‍ ആരാണ്‌?'' -ഉര്‍വ ചോദിച്ചു.

``അവര്‍ വന്നത്‌ നിങ്ങളെ പിടിച്ചുവെക്കാനാണ്‌. വേദനയുടെ കാഠിന്യം കൊണ്ട്‌ താങ്കള്‍ കാലു വലിച്ചാല്‍ അതുകൂടുതല്‍ പ്രയാസം സൃഷ്‌ടിക്കും'' -ഭിഷഗ്വരന്‍ വിശദീകരിച്ചു.

``അവരെ തിരിച്ചയക്കൂ'' -ഉര്‍വയുടെ പ്രതികരണം.

``അവരുടെ ആവശ്യം എനിക്കില്ല. ദിക്‌റ്‌, തസ്‌ബീഹ്‌ എന്നിവ കൊണ്ട്‌ ഞാനത്‌ പരഹരിച്ചുകൊള്ളാം.''

അനന്തരം ശസ്‌ത്രക്രിയ ആരംഭിച്ചു. ഭിഷഗ്വരന്‍ വജ്രം കൊണ്ട്‌ മാംസം അറുത്തുമാറ്റി. എല്ലു പ്രത്യക്ഷമായപ്പോള്‍ വാള്‍ കൊണ്ട്‌ അത്‌ മുറിച്ചുമാറ്റി. ഉര്‍വ `ലാഇലാഹ ഇല്ലല്ലാഹ്‌, അല്ലാഹു അക്‌ബര്‍' എന്ന്‌ ഉരുവിട്ടുകൊണ്ടിരുന്നു.

തുടര്‍ന്ന്‌ ഇരുമ്പ്‌ പാത്രത്തില്‍ എണ്ണ തിളപ്പിച്ചു മുറിച്ച ഭാഗത്ത്‌ ഒഴിച്ചു. രക്തപ്രവാഹം നില്‍ക്കാനും മുറിവ്‌ ഉണങ്ങാനും അങ്ങനെ ചെയ്യുന്ന പതിവുണ്ടായിരുന്നു. ദീര്‍ഘനേരം അദ്ദേഹം ബോധരഹിതനായി കിടന്നു. പതിവ്‌ ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. യൗവനമാരംഭിച്ച ശേഷം അദ്ദേഹത്തിനു ഖുര്‍ആന്‍ പാരായണം നഷ്‌ടപ്പെട്ട ഏക അവസരമാണിത്‌.

ബോധം തെളിഞ്ഞപ്പോള്‍ മുറിച്ചു മാറ്റിയ കാല്‍ എടുത്ത്‌ തിരിച്ചും മറിച്ചും നോക്കി അദ്ദേഹം പറഞ്ഞു: ``നിശയുടെ അന്ധകാരത്തില്‍ എന്നെ പള്ളിയിലേക്കു കൊണ്ടുപോയ ഈ കാലിനു അറിയാം, ഇതുകൊണ്ട്‌ ഞാന്‍ ഹറാമായ ഒരു പ്രവര്‍ത്തനത്തിനും നടന്നുപോയിട്ടില്ലെന്ന്‌.''

തന്റെ വിശിഷ്‌ടാതിഥിക്ക്‌ സംഭവിച്ച ദുരന്തത്തില്‍ ഖലീഫക്ക്‌ വളരെയധികം പ്രയാസമുണ്ടായി. പുത്രന്‍ നഷ്‌ടപ്പെട്ട ഏതാനും നാളുകള്‍ക്കുള്ളില്‍ സ്വന്തം കാലും നഷ്‌ടപ്പെട്ടു. അദ്ദേഹത്തെ സാന്ത്വനിപ്പിക്കാന്‍ ഖലീഫ മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ടിരുന്നു.

ആയിടക്ക്‌ ബനൂ അബ്‌സില്‍ പെട്ട ഒരു സംഘം ഖിലാഫത്ത്‌ ആസ്ഥാനത്ത്‌ യാദൃച്ഛികമായി എത്തിപ്പെട്ടു. അവരില്‍ ഒരു അന്ധനുമുണ്ടായിരുന്നു. അയാളോട്‌ കാഴ്‌ച നഷ്‌ടപ്പെട്ടതിനെക്കുറിച്ച്‌ ഖലീഫ ആരാഞ്ഞു.

അന്ധന്‍ തന്റെ കഥ വിവരിച്ചു: ``അമീറുല്‍ മുഅ്‌മിനീന്‍, ബനൂ അബ്‌സ്‌ ഗോത്രത്തില്‍ എന്നെപ്പോലെ സാമ്പത്തികാഭിവൃദ്ധിയും, സന്താനങ്ങളുടെയും കുടുംബത്തിന്റെയും പിന്‍ബലവുമുള്ള മറ്റൊരാളും ഉണ്ടായിരുന്നു. ഒരു താഴ്‌വരയിലായിരുന്നു ഞങ്ങളുടെ താമസം. പെട്ടെന്ന്‌ ഒരു മലവെള്ളപ്പാച്ചില്‍ ഉണ്ടായി. അതുപോലെ മുമ്പൊന്നും എനിക്ക്‌ അനുഭവപ്പെട്ടിട്ടില്ല. എന്റെ എല്ലാം നശിച്ചു. സമ്പത്തും സമ്പാദ്യങ്ങളും സന്തതികളുമെല്ലാം. ഒരു ഒട്ടകവും ഒരു പൈതലും മാത്രം ബാക്കിയായി. ഒട്ടകത്തിനു അല്‌പം കുസൃതിയുണ്ട്‌. അത്‌ വിറളിയെടുത്ത്‌ ഓടി. കുട്ടിയെ നിലത്ത്‌ കിടത്തി ഞാന്‍ ഒട്ടകത്തിന്റെ പിന്നാലെ ഓടി. കുറച്ചുനേരം ഓടിയപ്പോള്‍ കുട്ടിയുടെ ദയനീയമായ കരച്ചില്‍ കേട്ടു. ഉടന്‍ ഞാന്‍ തിരിച്ചുപോന്നു. അപ്പോള്‍ കുഞ്ഞിന്റെ തല ഒരു ചെന്നായയുടെ വായില്‍ ആയിക്കഴിഞ്ഞിരുന്നു. ഞാന്‍ ഓടിച്ചെന്നു. അപ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. ഒരു നിലക്കും കുഞ്ഞിനെ രക്ഷിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

പിന്നെയും ഞാന്‍ ഒട്ടകത്തെ പിന്തുടര്‍ന്നു. അതിനെ പിടിക്കാന്‍ അടുത്തെത്തിയപ്പോള്‍ പിന്‍കാലു കൊണ്ട്‌ എന്റെ മുഖത്ത്‌ ചവിട്ടി. എന്റെ നെറ്റിത്തടം തകര്‍ന്നു. കണ്ണുപൊട്ടി. അങ്ങനെ ഒറ്റ രാത്രി കൊണ്ട്‌ എനിക്ക്‌ കുടുംബവും കുട്ടിയും സമ്പത്തും കാഴ്‌ചയും എല്ലാം നഷ്‌ടപ്പെട്ടു.''

അപ്പോള്‍ ഖലീഫ പാറാവുകാരനോട്‌ പറഞ്ഞു: ``ഇദ്ദേഹത്തെ നമ്മുടെ അതിഥി ഉര്‍വയുടെ അരികിലേക്കു കൊണ്ടുപോകൂ. തന്നേക്കാള്‍ കൂടുതല്‍ പീഡനമനുഭവിക്കുന്നവര്‍ സമൂഹത്തിലുണ്ടെന്ന്‌ അദ്ദേഹം അറിയട്ടെ.''

അനന്തരം ഉര്‍വ മദീനയില്‍ തിരിച്ചെത്തി കുടുംബത്തില്‍ പ്രവേശിച്ച്‌ അവരോട്‌ പറഞ്ഞു: ``അല്ലാഹു എനിക്ക്‌ നാലു ആണ്‍മക്കളെ തന്നു, പിന്നെ അവരില്‍ നിന്ന്‌ ഒരാളെ തിരിച്ചെടുത്തു. മൂന്നുപേരെ ബാക്കിവെച്ചു. അവന്‌ സ്‌തുതി.''

``അവന്‍ എനിക്ക്‌ നാല്‌ കൈകാലുകള്‍ തന്നു. പിന്നെ അതില്‍ നിന്നു ഒന്ന്‌ അവന്‍ എടുത്തു. മൂന്നെണ്ണം ബാക്കിയായി. അവന്‌ സ്‌തുതി. അല്ലാഹുവാണ്‌ സത്യം. അവന്‍ എന്നില്‍ നിന്നു അല്‌പം എടുത്തെങ്കില്‍ അധികം എനിക്ക്‌ ബാക്കിവെച്ചിട്ടുണ്ട്‌. ഒരു പ്രാവശ്യം അവന്‍ എന്തോ പരീക്ഷിച്ചുവെങ്കില്‍ പല പ്രാവശ്യം അവന്‍ എനിക്ക്‌ സൗഖ്യം നല്‌കിയിട്ടുണ്ട്‌.''

തങ്ങളുടെ ഇമാമും പണ്ഡിതനുമായ ഉര്‍വ മദീനയില്‍ തിരിച്ചെത്തിയ വിവരമറിഞ്ഞപ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനുമായി മദീനാ നിവാസികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.

ഇബ്‌റാഹീമുബ്‌നു മുഹമ്മദിന്റെ ആശ്വാസവാക്കുകള്‍ ഇങ്ങനെയായിരുന്നു: ```അബൂഅബ്‌ദില്ല, നിങ്ങള്‍ സന്തോഷിക്കൂ. നിങ്ങളുടെ ഒരു അവയവും ഒരു കുട്ടിയും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗത്തില്‍ എത്തിക്കഴിച്ചു. ഒന്ന്‌ മറ്റൊന്നിനോട്‌ ചേരുമെന്നാണല്ലോ വിശ്വാസം. നിങ്ങളില്‍ നിന്ന്‌ ജനങ്ങള്‍ക്ക്‌ ആവശ്യമുള്ളത്‌ നിങ്ങളുടെ അറിവും പാണ്ഡിത്യവും അഭിപ്രായ സുബദ്ധതയുമാണ്‌. അത്‌ അല്ലാഹു ബാക്കിയാക്കി നിര്‍ത്തിയിട്ടുണ്ട്‌. അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.''

ജീവിതകാലമത്രയും നന്മയിലേക്കുള്ള പ്രബോധകനും വിജയത്തിന്റെ വഴികാട്ടിയും സന്മാര്‍ഗത്തിന്റെ വഴിവിളക്കുമായിരുന്നു അദ്ദേഹം. തന്റെ സന്താനങ്ങളെ പ്രത്യേകമായും മറ്റു മുസ്‌ലിം കുട്ടികളെ പൊതുവായും ശിക്ഷണം നല്‌കുന്നതില്‍ അദ്ദേഹം കാര്യമായി ശ്രദ്ധിച്ചു. അവര്‍ക്ക്‌ ഉത്‌ബോധനം നല്‌കാനുള്ള ഒരു സന്ദര്‍ഭവും അദ്ദേഹം പാഴാക്കിയില്ല. ഉപദേശം നല്‌കാനുള്ള അവസരങ്ങളൊന്നും നഷ്‌ടപ്പെടുത്തിയില്ല.

മക്കള്‍ വിദ്യാഭ്യാസം നേടുന്നതിന്‌ അദ്ദേഹം നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം പറയുമായിരുന്നു: ``നിങ്ങള്‍ വിദ്യ നേടുക. സമൂഹത്തിലെ വളരെ താഴ്‌ന്ന പദവിയിലാണെങ്കിലും വിദ്യ നിങ്ങളെ മഹാന്മാരാക്കും. വിവരമില്ലാത്ത വൃദ്ധനെക്കാള്‍ മോശമായി ഈ ലോകത്ത്‌ മറ്റെന്താണുള്ളത്‌

നന്മയെ പ്രോത്സാഹിപ്പിച്ചും തിന്മക്കെതിരെ താക്കീതു നല്‌കിയും അദ്ദേഹം ജീവിച്ചു. സൗഹാര്‍ദത്തോടെയുള്ള പെരുമാറ്റം, നല്ല സംസാരം, പ്രസന്നതയുള്ള മുഖം, ലളിത ജീവിതം ഇവ അദ്ദേഹം ഏറെ ഇഷ്‌ടപ്പെട്ടു. നാല്‌പതുനാള്‍ നബി തിരുമേനിയുടെ വീട്ടില്‍ തീ കത്തിച്ചിട്ടില്ലെന്ന ഉമ്മുല്‍ മുഅ്‌മിനീന്‍ ആഇശയുടെ വാക്ക്‌ ഉര്‍വ എപ്പോഴും ഓര്‍മപ്പെടുത്തും.

ത്യാഗനിര്‍ഭരവും നന്മയിലധിഷ്‌ഠിതവും ഭക്തിസാന്ദ്രവുമായ എഴുപത്തി ഒന്ന്‌ വര്‍ഷക്കാലം അദ്ദേഹം ജീവിച്ചു. നോമ്പനുഷ്‌ഠിച്ചുകൊണ്ടാണു മരണം. നോമ്പ്‌ ഒഴിവാക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഹൗളുല്‍ കൗസര്‍ കുടിച്ചുകൊണ്ടു ഞാന്‍ നോമ്പ്‌ മുറിച്ചുകൊള്ളാം എന്നായിരുന്നു ഉര്‍വയുടെ പ്രതികരണം.

by അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌ @ SHABAB WEEKLY

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts