പറന്നുനടക്കുന്ന പൈശാചികത

2012 ഫെബ്രുവരി 8ന്‌ കര്‍ണാടക സംസ്ഥാനത്തെ മൂന്ന്‌ മന്ത്രിമാര്‍ രാജിവെച്ചു. രാഷ്‌ട്രീയമോ സാങ്കേതികമോ ആയ കാര്യങ്ങളാലല്ല മന്ത്രിമാരുടെ രാജി. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു പറയാവുന്ന സംസ്ഥാന നിയമസഭയിലിരുന്നുകൊണ്ട്‌ മൊബൈല്‍ സ്‌ക്രീനില്‍ പച്ചയായ ലൈംഗികവൈകൃതങ്ങളുടെ അശ്ലീല കാഴ്‌ചകള്‍ നോക്കിക്കൊണ്ടിരുന്നു എന്നതാണ്‌ മൂന്ന്‌ മന്ത്രിമാരുടെ രാജിയില്‍ കലാശിച്ചത്‌. ഏതാനും ആഴ്‌ചകള്‍ പിന്നിട്ടപ്പോഴേക്കും ഗുജറാത്ത്‌ നിയമസഭയിലും ഇതാവര്‍ത്തിച്ചതായി വാര്‍ത്ത വന്നു. ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ്‌ ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. ഏതെങ്കിലും ഒറ്റപ്പെട്ട ഒരു സംഭവം സാമാന്യവത്‌കരിക്കുകയോ പര്‍വതീകരിച്ചു കാണിക്കുകയോ അല്ല. നമ്മുടെ തലയ്‌ക്കുമീതെ പറന്നുനടന്ന്‌ പൈശാചിക നൃത്തം ചവിട്ടുന്ന കുത്തഴിഞ്ഞ ലൈംഗികതയും അശ്ലീലതയും പിടിച്ചുകെട്ടാന്‍ കഴിയാത്തവിധം പടരുകയാണ്‌.

 പണ്ട്‌ കാബറെ എന്ന ഒരു നിശാനൃത്ത പരിപാടിയുണ്ടായിരുന്നു. അത്‌ അക്ഷരാര്‍ഥത്തില്‍ ആണും പെണ്ണും അഴിച്ചിട്ടാടുകയായിരുന്നു. കൂട്ടിനു മദ്യവും. എന്നാല്‍ അത്‌ രഹസ്യകേന്ദ്രങ്ങളില്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ആയിരുന്നു നടന്നിരുന്നത്‌. മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ആളുകളില്‍ - അവര്‍ ചെറിയ ന്യൂനപക്ഷമാണുതാനും- മാത്രമേ എത്തിച്ചേര്‍ന്നിരുന്നുള്ളൂ. നിയമത്തിന്റെ വിലക്ക്‌ പേടിക്കേണ്ടതുമുണ്ടായിരുന്നു. അശ്ലീലം മാത്രം എഴുതിവിടുന്ന ചില മഞ്ഞപ്പത്രങ്ങള്‍ ഉണ്ടായിരുന്നു. അവയ്‌ക്കും രഹസ്യമായി ഉപഭോക്താക്കളുണ്ടായിരുന്നു. അശ്ലീല സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. മുതിര്‍ന്നവര്‍ക്കു മാത്രം എന്ന്‌ സൂചകമായി അവയില്‍ `എ' മാര്‍ക്ക്‌ നല്‍കി ആളുകളുടെ കണ്ണില്‍ പൊടിയിടുകയെങ്കിലും ചെയ്‌തിരുന്നു. എന്നാല്‍ ആധുനിക ടെക്‌നോളജിയുടെ പിന്നാമ്പുറത്ത്‌ നടക്കുന്ന തോന്ന്യാസങ്ങള്‍ക്കും അശ്ലീലങ്ങള്‍ക്കും ഒരു മറയുമില്ലാത്ത അവസ്ഥയാണിന്ന്‌ കാണുന്നത്‌. സാധാരണ വീടുകളിലെ ദശലക്ഷക്കണക്കിന്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനായാസം സ്വതന്ത്രമായി സ്വസ്ഥമായി രതിവൈകൃതങ്ങളുടെ അശ്ലീലങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍.


ശാന്തമായൊഴുകുകയാണെന്ന്‌ തോന്നിക്കുന്ന സമൂഹത്തിന്റെ മുകള്‍പ്പരപ്പാണ്‌ നാം കാണുന്നത്‌. എന്നാല്‍ ജീര്‍ണതയുടെ ശക്തമായ അടിയൊഴുക്കുകളിലും അപകടകരമായ ചുഴികളിലും പെട്ട്‌ ഉഴറുകയാണ്‌ ഒരു വലിയ വിഭാഗം മനുഷ്യര്‍. ചെറുപ്പക്കാരും വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും മാത്രമല്ല, മധ്യവയസ്‌കരും ദാമ്പത്യജീവിതം നയിക്കുന്ന വീട്ടമ്മമാരും സമൂഹത്തിന്റെ ഉന്നതസ്ഥാനത്തിരിക്കുന്നവരും ഈ പൈശാചിക പ്രവണതയില്‍ നിന്നൊഴിവല്ല. തങ്ങള്‍ക്കറിയാത്ത ഒരത്ഭുതലോകത്തേക്ക്‌ ആശങ്കയോടെ, നെഞ്ചിടിപ്പോടെ കയറിച്ചെല്ലാന്‍ അവസരം ലഭിക്കുന്ന കൗമാരപ്രായക്കാരെ ഈ ഇന്റര്‍നെറ്റ്‌ തോന്ന്യാസം തെല്ലൊന്നുമല്ല കുഴക്കുന്നത്‌. എട്ടുംപൊട്ടും തിരിയാത്ത കുരുന്നുകള്‍ പോലും ഈ രംഗത്ത്‌ കഥയറിയാതെ ആട്ടം കാണേണ്ടിവരുന്നുണ്ട്‌ എന്നത്‌ വിവേകമതികളെ ഭീതിപ്പെടുത്തുന്നു.

 ഇന്റര്‍നെറ്റിലൂടെ പറന്നു കളിക്കുന്ന അശ്ലീലത (pornography) ഏതെങ്കിലും കുബുദ്ധികള്‍ ചെയ്‌തുകൂട്ടുന്ന ഒറ്റപ്പെട്ട വികൃതികളാണെന്ന്‌ ധരിച്ചവര്‍ക്ക്‌ തെറ്റി. അഡല്‍ട്ട്‌ എന്റര്‍ടെയ്‌ന്‍മെന്റിന്‌ ഇന്‍ഡസ്‌ട്രി, പോണ്‍ഇന്‍ഡസ്‌ട്രി എന്നൊക്കെ പേരു നല്‍കി അശ്ലീല വ്യവസായങ്ങള്‍ തന്നെ നടത്തുന്ന അമേരിക്കപോലുള്ള പാശ്ചാത്യ നാടുകളിലെ സ്ഥിതിഗതികള്‍ നമ്മുടെ ഭാവനയ്‌ക്കപ്പുറമാണ്‌. ഈ വ്യവസായത്തിലെ മുഖ്യകണ്ണികള്‍ തുണിയുരിഞ്ഞാടുക എന്നത്‌ ജീവിതവ്രതമാക്കിയ സിനിമാനടികളും മോഡലുകളുമാണ്‌. സണ്ണി ലിയോണി (sunny leone) നെപ്പോലെയുള്ള അശ്ലീല താരങ്ങള്‍ (porn stars) ലോകത്ത്‌ തിമിര്‍ത്താടുകയാണ്‌. പാശ്ചാത്യ നാടുകളിലെപ്പോലെ ലൈംഗികാരാജകത്വവും പരസ്യമായ നഗ്നതാ പ്രകടനവും വ്യാപകമായിട്ടില്ലാത്ത ഇന്ത്യ പോലുള്ള നാടുകളില്‍ ഈ വിഷപ്പുക വ്യാപരിക്കുന്നതില്‍ ഇന്ത്യന്‍ പശ്ചാത്തലം കൂടിയുള്ള സണ്ണിലിയോണിന്റെ അരങ്ങേറ്റം ത്വരിതപ്പെടുത്തുന്നു എന്ന്‌ ഇന്ത്യാടുഡെ നിരീക്ഷിക്കുന്നു.

പല മീഡിയയും നടത്തിയ വ്യത്യസ്‌ത പഠനങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന വിവരമനുസരിച്ച്‌ വലിയൊരു ശതമാനം വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും മദ്യ മയക്കുമരുന്നുകള്‍ പോലെ പോണോഗ്രാഫിയുടെയും അഡിക്‌റ്റുകളായിത്തീര്‍ന്നിട്ടുണ്ട്‌. ഇന്ത്യയില്‍ നിന്ന്‌ അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുത്ത്‌ വളര്‍ത്തിയ പ്രിയ അഞ്‌ജലി റായി ഇന്നൊരു വലിയ അശ്ലീല വ്യവസായ ശൃംഖലയുടെ വക്താവാണ്‌. തനിക്ക്‌ ലക്ഷക്കണക്കിന്‌ ആരാധകര്‍ (ഫാന്‍സ്‌) ഉണ്ടെന്ന്‌ ഈ സ്‌ത്രീ ഉളുപ്പില്ലാതെ വിളിച്ചുപറയുന്നു.

 ത്രീജീ സ്‌മാര്‍ട്ട്‌ ഫോണുകള്‍ രംഗത്തെത്തിയതോടെ ഓരോരുത്തരുടെയും കൈക്കുമ്പിളില്‍ അശ്ലീലം ലഭ്യമാകുന്ന സ്ഥിതിവിശേഷത്തിലേക്കാണ്‌ സമൂഹം എത്തിച്ചേര്‍ന്നത്‌. കുപ്രസിദ്ധരായ നിരവധി സെക്‌സ്‌ മോഡലുകള്‍ രംഗത്തു നിറഞ്ഞുനില്‌ക്കുന്നു. പ്രിന്റ്‌ മീഡിയ ഇവരില്‍ ചിലരുടെയും പൂര്‍ണകായ നഗ്‌നചിത്രങ്ങള്‍ വര്‍ണക്കടലാസില്‍ അച്ചടിച്ച്‌ കാശാക്കുന്നു. ജസീക്ക സിംപ്‌സണ്‍ എന്ന നടിയുടെ നഗ്നചിത്രം മുഖചിത്രമായി ഒരമേരിക്കന്‍ മാസിക പുറത്തിറക്കിയത്‌ ഇയടുത്ത ദിവസങ്ങളിലാണ്‌. ഇന്ത്യാ രാജ്യം നടുങ്ങിയ അശ്ലീല സെക്‌സ്‌ സംഭവങ്ങള്‍ നിരവധിയാണ്‌.

നിയമസഭയിലിരുന്ന്‌ നഗ്നചിത്രം കണ്ടാസ്വദിച്ച്‌ മന്ത്രിപ്പണി പോയവര്‍ (2012), രാജ്‌ഭവനില്‍ സ്‌ത്രീകളുമായുള്ള അവിഹിതബന്ധത്തിന്റെ പേരില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെക്കേണ്ടി വന്നവര്‍ (2009 ആന്ധ്ര), സെക്‌സ്‌ യൂനിയനിലൂടെ മോക്ഷം തേടിയ സ്വാമി നിത്യാനന്ദ (2010) തുടങ്ങിയവ ഉദാഹരണങ്ങള്‍. മദ്യത്തിന്റയും മയക്കുമരുന്നിന്റെയും അടിമകളായിക്കൊണ്ടിരിക്കുന്ന യുവതലമുറയെ സൈബര്‍ സെക്‌സിന്റെ വേട്ടയാടല്‍ കൂടിയായാല്‍ നമ്മുടെ നാടിന്റെ ഭാവി തലമുറ എന്തായിത്തീരുമെന്ന്‌ നാം ഭയപ്പെടുന്നു. കുടുംബശൈഥില്യം, ദാമ്പത്യത്തില്‍ താല്‌പര്യമില്ലായ്‌മ, മാനസിക ടെന്‍ഷന്‍, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടിവരുന്നതിന്റെ കാരണങ്ങളില്‍ ഒന്ന്‌ ഇതു തന്നെയാണ്‌. ഗോവിന്ദച്ചാമിമാരെ സൃഷ്‌ടിക്കുന്നതും പീഡനപര്‍വം വര്‍ധിക്കുന്നതും തീവണ്ടിയിലും ബസ്സിലും വിമാനത്തില്‍ പോലും സഹയാത്രികരെ പീഡിപ്പിക്കുന്ന പ്രവണതയും ബാത്ത്‌റൂമില്‍ ഒളിക്യാമറ വെക്കുന്നതും മേല്‍പറഞ്ഞ ജീര്‍ണതയുടെ ബഹിര്‍സ്‌ഫുരണങ്ങളല്ലാതെ മറ്റെന്താണ്‌? ഡോസ്‌ കുറഞ്ഞ മരുന്ന്‌ ഫലിക്കാത്തത്ര മരവിച്ച മനസ്സിന്റെ ഉടമകളായിത്തീരുകയാണ്‌ നാമറിയാതെ. ആരോഗ്യമാസികയ്‌ക്കും കവര്‍ചിത്രം നഗ്‌നയായ പെണ്ണ്‌! പാതി സാരിയഴിച്ച്‌ നഗ്നയായി മലര്‍ന്നുകിടക്കുന്ന പെണ്ണ്‌ സാരിവ്യാപാരകേന്ദ്രത്തിന്റെ പരസ്യത്തില്‍! സിനിമാനടിയുടെ നിറഞ്ഞ മാറിനടുത്ത്‌ നാല്‌ ചെരിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്ന ചെരുപ്പുകമ്പനിയുടെ പരസ്യങ്ങള്‍! ഇത്‌ ഉദാഹരണങ്ങള്‍ മാത്രം.

 സ്‌ത്രീശരീരം ഇത്രമാത്രം ദുരുപയോഗപ്പെടുത്തപ്പെട്ടിട്ടും അതിന്നെതിരെ ഒരക്ഷരം ഉരിയാടാത്ത `പെണ്‍പോരിമ'ക്കാര്‍ പെണ്ണ്‌ ശരീരം മറച്ച്‌ മാന്യമായവേഷം ധരിക്കണമെന്ന്‌ പറയുന്നവരെ ഭര്‍ത്സിക്കുന്നു. ജനങ്ങളെ നന്മയിലേക്ക്‌ നയിക്കുകയുംം ചൂഷണത്തിനെതിരെ ബോധവത്‌കരിക്കുകയും ചെയ്യേണ്ട മീഡിയ നഗ്നതാ ചൂഷണത്തിന്‌ ചൂട്ടുപിടിക്കുന്നു. വിവസ്‌ത്രമായ പെണ്‍മേനിയില്ലാത്ത പരസ്യങ്ങള്‍ ചില ചാനലുകളില്‍ കാണാനില്ല. വാര്‍ത്താചാനല്‍പോലും സദാചാര ബോധമുള്ളവര്‍ക്ക്‌ കാണാന്‍ കഴിയാത്ത സ്ഥിതിയാണ്‌ ഇന്നുള്ളത്‌. പെണ്‍കുട്ടികള്‍ക്ക്‌ ശരീരം മറയ്‌ക്കാവുന്ന ഒരു വസ്‌ത്രംപോലും മാര്‍ക്കറ്റില്‍ ഇന്ന്‌ ലഭ്യമല്ല എന്ന വസ്‌തുത ആരെങ്കിലും ചിന്തിച്ചുവോ? നാമറിയാതെ എത്തിപ്പെട്ട ഒരു ദുസ്ഥിതി!

 ഇവിടെയാണ്‌ മതങ്ങളുടെ പൊതുവിലും ഇസ്‌ലാമിന്റെ വിശേഷിച്ചും പ്രാധാന്യം ശ്രദ്ധേയമാകുന്നത്‌. നഗ്നത മറയ്‌ക്കുക എന്നത്‌ മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്‌. നഗ്നത മറയ്‌ക്കലും ലൈംഗിക വിശുദ്ധി സൂക്ഷിക്കലുമാണ്‌ നാം പൊതുവില്‍ സദാചാരമെന്ന്‌ പറയുന്നത്‌. സദാചാരം പഴങ്കഥയായി മാറിപ്പോകാതിരിക്കാന്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്‌. ജനങ്ങളെ പ്രത്യേകിച്ചും കൗമാരക്കാരെ കൃത്യമായ ബോധവത്‌കരണം നടത്തേണ്ടതുണ്ട്‌. കുടുംബങ്ങളില്‍ നിന്ന്‌ ഇത്‌ തുടങ്ങണം. മനുഷ്യന്റെ പ്രകൃതി സ്വതന്ത്ര ലൈംഗികതയല്ല. ദാമ്പത്യത്തിലൂന്നിയ കുടുംബജീവിതമാണ്‌. നഗ്നത മറയ്‌ക്കുക എന്നത്‌ മനുഷ്യന്റെ പ്രത്യേകതയാണ്‌. മൃഗങ്ങള്‍ക്ക്‌ പ്രത്യുത്‌പാദനലക്ഷ്യത്തിനപ്പുറം ലൈംഗികതയില്ല. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ ലൈംഗിക രോഗങ്ങളോ ഗോവിന്ദച്ചാമിമാരോ ഇല്ല. മനുഷ്യന്‍ നന്നായി ജീവിച്ചാല്‍ വിശുദ്ധനാകാം. വഴിപിഴച്ചാല്‍ പിശാചായിത്തീരാം. പിശാചിന്റെ പ്രത്യേക വിഹാരരംഗമാണ്‌ ലൈംഗികത.

 വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നു: ``ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ (ആദമും ഇണയും) ആ തോട്ടത്തില്‍ നിന്ന്‌ പുറത്താക്കിയതുപോലെ പിശാച്‌ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക്‌ കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന്‌ അവരുടെ വസ്‌ത്രം എടുത്ത്‌ നീക്കുകയായിരുന്നു.'' (7:27) സമൂഹത്തിന്റെ അടിയൊഴുക്ക്‌ മനസ്സിലാക്കി ഇത്തരം കാര്യങ്ങളില്‍ ബോധം സൃഷ്‌ടിക്കാനാവശ്യമായ കൗണ്‍സലിംഗുകളും മോറല്‍ ക്ലാസുകളും കുടുംബസംഗമങ്ങളും സംഘടിപ്പിക്കുന്നതില്‍ വീഴ്‌ച വരുത്തുകയും പെണ്ണ്‌ മുഖം മറയ്‌ക്കണമോ വേണ്ടയോ എന്നതില്‍ ചര്‍ച്ച ഒതുക്കുകയും ചെയ്യുന്നതിലെ അസാംഗത്യം നാം മുഖവിലക്കെടുക്കാതിരിക്കരുത്‌ എന്നുകൂടി ഉണര്‍ത്തട്ടെ.

from SHABAB weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts