മനുഷ്യനെ മനുഷ്യനാക്കുന്നതില്‍ വലിയൊരു ഘടകം മനസ്സാക്ഷിയാണ്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാള്‍ക്കു പോലും കാലം കുറെ കഴിഞ്ഞിട്ടെങ്കിലും കുറ്റബോധം ഉണ്ടാവാറുണ്ട്. തന്നെ ആക്ഷേപിക്കുന്ന തന്റെ മനസ്സിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ (75:2) സൂചിപ്പിക്കുന്നുണ്ട്. ആധുനിക മനശ്ശാസ്‌ത്രവും മനസ്സിന്റെ വിവിധ ധര്‍മങ്ങളിലൊന്നായി ഇതിനെ കണക്കാക്കിയിട്ടുണ്ട്.
എന്നാല്‍ ഏതെങ്കിലും കാരണങ്ങളാല്‍ മനസ്സാക്ഷി മരവിച്ചു കഴിഞ്ഞാല്‍ ഈ കുറ്റബോധമോ പ്രതികരണ മനോഭാവമോ ഇല്ലാതാകും. എത്ര ഭീകരമായ കാര്യങ്ങളിലും നിസ്സംഗത പുലര്‍ത്തുന്നവര്‍ മനസ്സാക്ഷി മരവിച്ചവരായിരിക്കും. പ്രബുദ്ധ കേരളം -ഉയര്‍ന്ന സാക്ഷര നിമിത്തമാണോ എന്നറിയില്ല- മനസ്സാക്ഷി മരവിപ്പിലേക്ക് നീങ്ങുകയാണ്. നിത്യവും കാണുന്ന, കേള്‍ക്കുന്ന, വായിക്കുന്ന വാര്‍ത്തകള്‍ ഈ ദിശയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഈയടുത്ത ഏതാനും ആഴ്‌ചകളിലായി നാം കേട്ടുകൊണ്ടിരിക്കുന്ന ബലാല്‍സംഗ-കൊലപാതക വാര്‍ത്തകളാണ് ഇങ്ങനെ ആലോചിക്കാന്‍ കാരണം. പെണ്‍വാണിഭവും സ്‌ത്രീപീഡനവും ഇന്ന് വാര്‍ത്തയല്ല. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളും ചില പ്രത്യേക സാഹചര്യങ്ങളുമെല്ലാം മനുഷ്യനെ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചു എന്നുവരാം. ലോകത്തുള്ള എല്ലാ മതങ്ങളും ലൈംഗിക സദാചാരത്തെ ഉന്നത മൂല്യമായി കാണുന്നു. അതിന്റെ ഏറ്റവും വലിയ പരിഹാരമാണ് വിവാഹവും ദാമ്പത്യ കുടുംബജീവിതവും. അപഥസഞ്ചാരം പാപമായി കാണാത്ത ഒരു സാമൂഹവും നിലവിലില്ല. മതകീയവും മതേതരവും ഒരു വേള മതവിരുദ്ധവും ആയ എല്ലാ ഇസങ്ങളും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്. എന്നിട്ടുമെന്തേ ഇങ്ങനെ?
മനുഷ്യേതര ജന്തുക്കള്‍ക്ക് ലൈംഗികതയ്‌ക്ക് ഒരു നിയന്ത്രണവുമില്ല. എന്നാല്‍ അവ പ്രത്യുല്‌പാദനപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം ഇണയെ പ്രാപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത മൃഗങ്ങള്‍ ഇണചേരില്ല. ഗര്‍ഭിണിയായ മൃഗത്തെയും അടയിരിക്കുന്ന പക്ഷിയെയും ഇണകള്‍ പ്രാപിക്കില്ല. ജന്തുലോകത്ത് ബലാല്‍സംഗങ്ങളില്ല, അതിന്റെ പേരില്‍ കൊലപാതകം നടക്കുന്നില്ല. എന്നാല്‍ ബുദ്ധിയും വിവേകവും ചിന്താശേഷിയുമുള്ള മനുഷ്യര്‍ ഇപ്പറഞ്ഞതെല്ലാം ചെയ്യുന്നു. അപ്പോള്‍ ഇന്നു കേള്‍ക്കുന്ന ഈദൃശ സംഭവങ്ങള്‍ മൃഗീയമെന്ന് വിശേഷിപ്പിച്ചാല്‍ മൃഗങ്ങള്‍ പോലും ലജ്ജിക്കും. പൈശാചികമെന്നു വേണമെങ്കില്‍ പറയാം.
ഐസ്‌ക്രീമും കിളിരൂരും ഭരണപ്രതിപക്ഷ കക്ഷികളുടെ ബ്രാന്റ് പീഡനക്കേസുകളായി അധപ്പതിക്കുകയും സദാചാരബോധത്തെ തട്ടിക്കളിക്കുകയും ചെയ്യുന്ന ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ മേല്‍പറഞ്ഞ പൈശാചികതക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, മീഡിയ അതിന്റെ ചാലകശക്തിയായി വര്‍ത്തിക്കുക കൂടി ചെയ്യുന്നു. താരതമ്യേന അപ്രസക്തമായ കാര്യങ്ങളില്‍ വലിയ വിവാദം സൃഷ്‌ടിക്കുന്ന `സാംസ്‌കാരിക നായകന്മാര്‍' ഇത്തരം കേസുകള്‍ അറിഞ്ഞിട്ടേയില്ല. പീഡകരില്‍ നിന്ന് പാവങ്ങളെ രക്ഷിക്കേണ്ട പോലീസ് പലപ്പോഴും പീഡകരായിത്തന്നെ രംഗത്തുവരുന്നു. ലൈംഗികാരാജകത്വത്തിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും അത് വ്യാഖ്യാനിക്കുന്ന കോടതികളും കുറ്റകൃത്യം പെരുകുന്നതില്‍ രാസത്വരകമായി വര്‍ത്തിക്കുന്നു. സര്‍ക്കാര്‍ എല്ലാം നിസ്സംഗമായി നോക്കിക്കാണുന്നു. നിയമസഭയില്‍ `ഉടുത്തതഴിച്ച്' ആടുന്ന സാമാജികരിലാരെങ്കിലും രാഷ്‌ട്രീയത്തിന്നതീതമായി ഹൃദയഭേദക പീഡനങ്ങള്‍ക്കെതിരെ `നടുത്തള'ത്തിലിറങ്ങിയതായി കേട്ടിട്ടില്ല.
പറവൂര്‍ പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി നരാധമന്മാരുടെ കാമപൂര്‍ത്തിക്കായി എത്തിച്ചുകൊടുത്തു കൊണ്ടിരുന്നത് സ്വന്തം പിതാവു തന്നെ ആയിരുന്നു എന്നത് എന്തുമാത്രം ഭയാനകമാണ്! പത്താം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പിച്ചിച്ചീന്തിയ കോതമംഗലം പീഡനക്കേസിലെ ഒന്നാം പ്രതി `ബിലോ ഫിഫ്‌റ്റീന്‍' ആണ്. പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയാണല്ലോ ഹൈസ്‌കൂള്‍ പ്രായം. പത്തൊന്‍പതു പേര്‍ പിടിയിലായി.
മിക്കതും മുസ്‌ലിം നാമധാരികള്‍! അതിലും ഭയങ്കരമാണ് അടുത്തത്. പതിമൂന്നു വയസ്സുകാരനാണ് ഒരു കൊച്ചുകുഞ്ഞിനെ ബലാല്‍സംഗത്തിന് ശ്രമിച്ച്, കഴുത്തുഞെരിച്ചു കൊന്ന്, മരപ്പൊത്തിലിട്ട് മറച്ചുവെച്ചത്!! അല്‌പമെങ്കിലും മനസ്സാക്ഷി അവശേഷിക്കുന്ന ഒരാള്‍ക്കും കണ്ണുതള്ളിപ്പോകാതെ വായിച്ചുതള്ളാന്‍ കഴിയാത്ത വാര്‍ത്ത! പത്തുവയസ്സുകാരന്‍ നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കുളത്തില്‍ വീണ് കുഞ്ഞ് മരിച്ചു! ലൈംഗികത എന്താണെന്നു പോലും അറിയാത്ത കുട്ടിയെ അതിനു പ്രേരിപ്പിച്ചത് തന്റെ വീട്ടുകാര്‍ പതിവായി കാണുന്ന സിഡി ദൃശ്യങ്ങളായിരുന്നു എന്നാണ് വാര്‍ത്തയുടെ ബാക്കി. ശസ്‌ത്രക്രിയ കഴിഞ്ഞ് ആശുപത്രിക്കിടക്കയില്‍ കഴിയുന്ന പെണ്‍രൂപത്തെ മയക്കുമരുന്ന് കുത്തിവെച്ച് പീഡിപ്പിച്ച സ്റ്റാഫ് നഴ്‌സിനെയും കണ്ട കേരളത്തിന്റെ മനസ്സാക്ഷി മരവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
പീഡനക്കഥകള്‍ നിരത്താനല്ല ഇക്കാര്യങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിച്ചത്. ഓരോ സംഭവം കഴിയുമ്പോഴും അത് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നത് നേര്. എന്നാല്‍ സമൂഹത്തെ ഈ അധപ്പതനത്തിലേക്ക് നയിക്കുന്ന കാരണമെന്തെന്ന് തേടുകയും ആ കാരണങ്ങളെ `ചികിത്സി'ക്കുകയുമാണ് വേണ്ടത്. വ്യഭിചാരം ഏത് കാലത്തും നടന്നിട്ടുണ്ട്. അരമനകളിലും അള്‍ത്താരകളിലും പണിശാലകളിലും വയലേലകളിലും അതുണ്ടായിട്ടുണ്ട്. എന്നാല്‍ പൈശാചികതയുടെ രൗദ്രഭാവം പൂണ്ട ക്രിമിനലുകള്‍ വ്യാപിച്ച ഈ ആധുനിക സമൂഹത്തിന്റെ ദുഷ്‌ചെയ്‌തികള്‍ക്ക് ചരിത്രത്തില്‍ തുല്യത കാണുന്നില്ല.
അനിയന്ത്രിതമായ നഗ്നത പ്രദര്‍ശനമാണ് ഇതിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. വളര്‍ന്നുവരുന്ന ബാലമനസ്സില്‍ നിന്ന് ലജ്ജ എന്ന ഗുണം നഷ്‌ടപ്പെടുത്തുന്ന വിധത്തിലാണ് പത്രങ്ങളും മാസികകളും പരസ്യങ്ങളും ടിവി സീരിയലുകളും സിനിമയും സിനിമാ പോസ്റ്ററുകളും. ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുന്ന ഈ കാരണത്തിന്നെതിരെ ഒരിക്കലും ഇവിടുത്തെ മീഡിയ പ്രതികരിക്കില്ല. നഗ്നത പ്രദര്‍ശനത്തിലാണ് മീഡിയയുടെ ജീവിതം. കാറിന്റെ ബാറ്ററിപ്പരസ്യത്തിനു പോലും ഉടുക്കാത്ത പെണ്ണിന്റെ കവാത്ത് കാണിക്കണം! കടകളില്‍ പരസ്യമായി തൂക്കിയിട്ടിരിക്കുന്ന ആനുകാലികങ്ങള്‍ പോലും മക്കള്‍ക്കൊപ്പം മാതാപിതാക്കള്‍ക്ക് കാണാന്‍ കഴിയാത്തത്ര മോശമാണ്. പിന്നെ അതിന്റെ സമാന്തരമായി അധോലോകത്ത് വിഹരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങളുടെ `ധര്‍മ'മെന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂണുപോലെ മുളച്ചുപൊന്തിയ `സീഡിക്കട'കളിലെ നീലച്ചിത്രങ്ങളെയും അവയുടെ `കാര്യര്‍'മാരായി വര്‍ത്തിക്കുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെയും പറ്റി നിരവധി ഫീച്ചറുകള്‍ പുറത്തുവന്നു കഴിഞ്ഞു. ഇത്തരം സീഡിയാണല്ലോ പത്തു വയസ്സുകാരനെ വഴിതെറ്റിച്ചത്.
പ്രേമനാടകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും ക്ലോസപ്പുകള്‍ കാണിക്കുന്ന ചലച്ചിത്രലോകം മനുഷ്യനെ ദുര്‍നടപ്പിലേക്ക് നയിക്കുന്ന കാരണങ്ങളിലൊന്നാണ്. കഥകളും നോവലുകളുമെല്ലാം ഇതിവൃത്തമാക്കുന്നതും ലൈംഗികതയും ക്രൈംത്രില്ലറുകളുമാണ്. മനുഷ്യമനസ്സിന് നന്മയുടെ പാതയിലേക്ക് നീങ്ങാന്‍ സാഹചര്യങ്ങള്‍ നന്നേ കുറവാണ്. വിവരസാങ്കേതികതയുടെ ഉത്‌പന്നമായ മൊബൈല്‍ ഫോണിന്റെ അനിയന്ത്രിതമായ ഉപയോഗമാണ് പാതാളപാതയിലേക്കുള്ള ഒരു കവാടം. മറ്റുള്ളവരുടെ നഗ്നതയിലേക്ക് `ഒളിക്യാമറ'വയ്‌ക്കാന്‍ മാത്രം ദുഷ്‌ടമായിപ്പോയി യുവതലമുറയുടെ മനസ്സ്! മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതോപയോഗവും ലഭ്യതയുമാണ് മറ്റൊരു പ്രധാന കാരണം. എന്തും ചെയ്യാന്‍ മനുഷ്യനെ ധൃഷ്‌ടനാക്കുന്നതാണല്ലോ മദ്യവീര്യം. തിന്മകളുടെ താക്കോലാണ് മദ്യമെന്ന് പറഞ്ഞ പ്രവാചകനെ ആര് ശ്രദ്ധിക്കാന്‍! ഇപ്പറഞ്ഞ ശോചനീയാവസ്ഥകള്‍ക്ക് ദിനംപ്രതി ആക്കംകൂടുന്നതായിട്ടാണ് കാണുന്നത്.
ധാര്‍മികതയില്‍ താല്‍പര്യമുള്ള ഒരു ന്യൂനപക്ഷം എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലുമുണ്ട് എന്ന സത്യം ഓര്‍ക്കുക. ഇത്തരം സമാനചിന്താഗതിക്കാരുടെ കൂട്ടായ്‌മ ഈ രംഗത്ത് ആവശ്യമാണ്. ഒരു മതമെന്ന നിലയില്‍ ഇസ്‌ലാം മുന്നോട്ടുവയ്‌ക്കുന്ന സമൂഹജീവിതം യഥാര്‍ഥ മനുഷ്യത്വത്തെ ഉള്‍ക്കൊള്ളുന്നതാണ്. ആണും പെണ്ണും സമൂഹത്തിന്റെ അനുപൂരകപാതികളാണ്. കുടുംബത്തിലെ സഹകാരികളാണ്. കുട്ടികളുടെ മാതാപിതാക്കളാണ്. അന്യ സ്‌ത്രീപുരുഷന്മാര്‍ അത്യാവശ്യങ്ങള്‍ക്കായി മാന്യമായി ഇടപഴകുന്നതില്‍ തെറ്റില്ല. എന്നാല്‍ ആവശ്യമായ അകലം പാലിച്ചുകൊണ്ടാരിക്കണം. മഹ്‌റം ഇല്ലാതെ സ്‌ത്രീ ദീര്‍ഘ യാത്ര ചെയ്യരുത് എന്ന് പറഞ്ഞത് പിന്തിരിപ്പനായി കാണേണ്ടതില്ല. അന്യ സ്‌ത്രീയും പുരുഷനും ഒറ്റയ്‌ക്ക് ഒരിടക്ക് ആയിത്തീരുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കണം. ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ സ്‌ത്രീപുരുഷന്മാര്‍ മാന്യമായി വസ്‌ത്രം ധരിക്കണം. നഗ്നത പരസ്‌പരം കാണരുത്; കാണിക്കരുത്. സ്‌ത്രീ സൗന്ദര്യം ഒട്ടും പ്രദര്‍ശിപ്പിച്ചു കൂടാ. കൗമാരത്തോടടുക്കുമ്പോള്‍ തന്നെ ആണ്‍മക്കളെയും പെണ്‍മക്കളെയും ഉറക്കറകളില്‍ വേറിട്ടു കിടത്തണമെന്ന് നിര്‍ദേശിച്ച പ്രവാചകന്റെ ദീര്‍ഘദര്‍ശിത്വവും മാനുഷികമൂല്യങ്ങളോടുള്ള പ്രതിബദ്ധതയും എത്ര പേര്‍ക്കറിയാം! സ്‌ത്രീ പുരുഷന്മാര്‍ അനാവശ്യമായി പരസ്‌പരം നോക്കുകപോലുമരുത്. പ്രായപൂര്‍ത്തി ആയാല്‍ വിവാഹജീവിതം നയിക്കാന്‍ പ്രേരിപ്പിക്കണം. ഇങ്ങനെയുള്ള നിഷ്‌കര്‍ഷയുടെ പാരമ്യമാണ് വ്യഭിചാരത്തിനുള്ള അതികഠിനമായ ശിക്ഷ (24:2). സ്‌ത്രീകളെ അപമാനിക്കുന്നവര്‍ക്കു പോലും കടുത്ത ശിക്ഷ ഇസ്‌ലാം നിര്‍ദേശിക്കുന്നുണ്ട് (24:4). പഴുതടയ്‌ക്കുക, അതിരുകവിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കുക.
സാമ്പത്തികരംഗത്ത് ഇസ്‌ലാമിക് ബാങ്കിംഗ് ലോകത്ത് ചര്‍ച്ചയായതുപോലെ സദാചാരരംഗത്ത് ഇസ്‌ലാമിന്റെ നിഷ്‌കര്‍ഷ വ്യാപകമായി ചര്‍ച്ചയ്‌ക്കു വയ്‌ക്കേണ്ട സന്ദര്‍ഭമാണിത്.
from SHABAB editorial
(സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ,)ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 1 ഫാത്തിഹ 6,7]
Popular Posts
-
ഏതാനും ദിവസം മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവയ്ക്കട്ടെ. വീട്ടാവശ്യത്തിന് ഇറക്കിയ മണലില്‍ നിന്ന് അയല്‍വാസിക്ക് അല്പം വായ്പയായി വേണം. അത...
-
കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മമായും ഇസ്‌ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള ...
-
ശംസുദ്ദീന്‍ പാലക്കോട് വിശുദ്ധ ഖുര്‍ആനിന് ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്തിമ വേദഗ്രന്ഥത്ത...
-
തൊഴിലിനെക്കുറിച്ച് ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു...
-
മുഹമ്മദ്നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ...
-
ശൈശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്...
-
ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാ...
-
കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ ...
-
അബ്ദുര്‍റഹ്മാന്‍ മങ്ങാട് പ്രവാചകപത്നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കിയ വാര്‍ത്തയുമായി ഒരു ദൂതന് വ...
-
അന്‍വര്‍ അഹ്മദ് മതമൈത്രിക്ക് പേര്‍ കേട്ട ദേശമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ...