മിതവ്യയത്തിലൂടെ സന്തുലിത ജീവിതം

ഇസ്‌ലാമിലെ മുഴുവന്‍ നിയമങ്ങളും മനുഷ്യ പുരോഗതിക്കും ജീവിത വളര്‍ച്ചക്കും സഹായകമാവുന്ന വിധത്തിലാണുള്ളത്‌. തീവ്രമായ ശൈലിയുടെയും, നിസ്സംഗമായ നിശ്ചലാവസ്ഥയുടെയും മധ്യേയാണ്‌ ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന മുഴുവന്‍ ജീവിത രീതികളും. ധനത്തിന്റെ കാര്യത്തിലും ഇസ്‌ലാം മുന്നോട്ട്‌ വെക്കുന്ന ഈ മധ്യമ നിലപാട്‌ നമുക്ക്‌

മനസ്സിലാക്കാന്‍ കഴിയും. ഇസ്‌ലാം മതത്തിന്റെ അനിവാര്യമായ താല്‌പര്യമാണ്‌ മനുഷ്യനെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നത്‌. മനുഷ്യന്‌ കഴിയാത്തത്‌ അവനോടൊരിക്കലും കല്‌പിക്കാത്തവനാകുന്നു ജഗനിയന്താവായ അല്ലാഹു. ജീവിതത്തിലുടനീളം ഏത്‌ കാര്യത്തിലും മധ്യമ നിലപാട്‌ കാത്തുസൂക്ഷിക്കാനാണ്‌ അല്ലാഹു പഠിപ്പിക്കുന്നത്‌. ഇത്തരമൊരു മതമാണ്‌ (ജീവിത രീതിയാണ്‌) അല്ലാഹു നമുക്കുവേണ്ടി തൃപ്‌തിപ്പെട്ട്‌ തന്നിരിക്കുന്നത്‌. അല്ലാഹു പറയുന്നു. ``ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്‌തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്‌തിപ്പെട്ട്‌ തന്നിരിക്കുന്നു'' (വി.ഖു 5:3). ഒരു മധ്യമ സമൂഹമായിട്ടാണ്‌ മുസ്‌ലിം സമുദായത്തെ അല്ലാഹു വിലയിരുത്തുന്നത്‌. ഖുര്‍ആന്‍ പറയുന്നത്‌ കാണുക. ``അപ്രകാരം നാം നിങ്ങളെ ഒരു മധ്യമ സമൂഹമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷികളായിരിക്കുവാനും, റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി'' (വി.ഖു 2:143). ഒരു മധ്യമ സമൂഹത്തിന്റെ മുഴുവന്‍ അടയാളങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കണം മുസ്‌ലിമിന്റെ ജീവിതം. അമിത വ്യയത്തിന്റെയോ ധൂര്‍ത്തിന്റെയോ പൊങ്ങച്ചത്തിന്റെയോ രൂപങ്ങള്‍ ഒരു മധ്യമ സമൂഹത്തില്‍ ഒരിക്കലും കാണാന്‍ പാടില്ല. ഈ മധ്യമ സമൂഹത്തില്‍ അംഗമായിട്ടുള്ള ഓരോരുത്തരുടെയും ജീവിതത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്ന സന്തുലിതാവസ്ഥയുണ്ടായിരിക്കണമെന്ന്‌ സാരം.

ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സത്യവിശ്വാസി മുറുകെ പിടിക്കേണ്ട ഗുണമായിട്ടാണ്‌ മധ്യമനിലപാടിനെ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുള്ളത്‌. ധനം ചെലവഴിക്കുന്ന കാര്യത്തിലും ഈ മധ്യമ നിലപാട്‌ ലംഘിക്കാതിരിക്കാന്‍ സത്യവിശ്വാസി സദാ ശ്രദ്ധിക്കേണ്ടതുണ്ട്‌. ജീവിതം പരമാവധി ആസ്വദിക്കുവാന്‍ വേണ്ടി സമ്പത്ത്‌ അമിതവ്യയം ചെയ്യുന്നത്‌ തീര്‍ച്ചയായും തെറ്റാകുന്നു. ഈ ജീവിതം ആസ്വദിച്ച്‌ തീര്‍ക്കാനുള്ളതാണ്‌ എന്ന ചിന്ത വിശ്വാസികള്‍ക്ക്‌ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്‌. ഇസ്‌ലാമിലെ മുഴുവന്‍ നിയമങ്ങളും മധ്യമനിലപാടിനെ മാനിക്കുന്നതും അതിനെ പരിരക്ഷിക്കുന്ന വിധത്തിലുള്ളതുമാകുന്നു. ആരാധനയിലാവട്ടെ, ആഘോഷങ്ങളുടെ കാര്യത്തിലാവട്ടെ, എല്ലാറ്റിലും മിതവും ഹിതവും സന്തുലിതവുമായ രീതിയും ശൈലിയുമായിരിക്കണം വിശ്വാസിയില്‍ നിന്നും ഉണ്ടാവേണ്ടത്‌.

ധനം (സമ്പത്ത്‌) ചെലവഴിക്കുന്നതിനെപ്പറ്റിയും അത്‌ സമ്പാദിക്കുന്നതിനെപ്പറ്റിയുമെല്ലാം ഇസ്‌ലാമില്‍ കൃത്യമായ നിയമ നിര്‍ദേശങ്ങളുണ്ട്‌. ധനം കണക്കില്ലാതെ ധൂര്‍ത്തടിച്ചുകളയുന്നതിനെ വിരോധിക്കുന്ന മതം സമ്പത്ത്‌ അടച്ചുപൂട്ടി കെട്ടിവെക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഇഫ്‌റാത്തും (ധനം അമിതമായി ചെലവഴിക്കല്‍) തഫ്‌രീത്തും (ധനം ഒട്ടും ചെലവഴിക്കാതിരിക്കല്‍) ഇസ്‌ലാം നിരുത്സാഹപ്പെടുത്തിയതായി കാണാം.

മനുഷ്യനെ മത്തുപിടിപ്പിക്കുന്ന ഒന്നായി സമ്പത്ത്‌ ഇന്ന്‌ മാറിക്കഴിഞ്ഞിട്ടുണ്ട്‌. പൂര്‍വകാലത്തും ധനത്തിന്റെ അതുല്യ ശേഖരങ്ങളുമായി കഴിഞ്ഞുപോന്നവരുണ്ടായിരുന്നു. പണത്തോടുള്ള പ്രണയം പുതിയതല്ല. ഒരുപാട്‌ പഴക്കമുണ്ടതിന്‌. വലിയ സമ്പത്ത്‌ മനുഷ്യരില്‍ ചിലരെയെങ്കിലും അഹങ്കാരികളോ, പൊങ്ങച്ചക്കാരോ ആക്കി മാറ്റുന്നുവെന്നത്‌ ഒരു വസ്‌തുതയാണ്‌. അമിതവ്യയം, ഭൂമിയില്‍ കുഴപ്പം സൃഷ്‌ടിക്കല്‍, അഹന്ത, ജനങ്ങളെ നിസ്സാരരായി കാണല്‍, ദുരഭിമാനം, സത്യനിഷേധം, ദൈവാനുഗ്രഹങ്ങളെ മറന്നുപോവല്‍, നന്ദികേടിലേര്‍പ്പെടല്‍, അത്യാഗ്രഹം, വെറുപ്പ്‌, അസൂയ മുതലായ ചീത്ത ഗുണങ്ങള്‍ക്കും സമ്പത്ത്‌ പല പ്പോഴും കാരണമായിത്തീരാറുണ്ട്‌. ഐഹിക ജീവിതത്തെ അനശ്വര ജീവിതാവസരമായി കാണാനും പരമാവധി ആസ്വദിക്കുവാനും ഇക്കൂട്ടര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. സമ്പത്ത്‌ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിരന്തര മത്സരങ്ങളിലേര്‍പ്പെടുകയും ഈ മാര്‍ഗത്തില്‍ ചതിയും വഞ്ചനയും നടത്താന്‍ ഒരുമ്പെടുകയും ചെയ്യും. അവസാനം അനുഗ്രഹ ദാതാവായ അല്ലാഹുവിനെ മറന്നുകൊണ്ട്‌ ജീവിക്കുകയും ഈ ഐഹിക ജീവിതത്തില്‍ മാത്രം തന്റെ ലക്ഷ്യങ്ങളെയും സ്വപ്‌നങ്ങളെയും കേന്ദ്രീകരിക്കുകയും ന്യൂനീകരിക്കുകയും ചെയ്യുന്ന മനുഷ്യസ്വഭാവത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്‌ - ``അവര്‍ പറഞ്ഞിരുന്നു ഞങ്ങളുടെ ഐഹിക ജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‌പിക്കപ്പെടുന്നവരുമല്ല എന്ന്‌.'' (വി.ഖു 6:29)

ഐഹിക ജീവിതാലങ്കാരങ്ങളില്‍ മതിമറന്നുപോയവര്‍ പറയുന്നത്‌ ഖുര്‍ആന്‍ വരച്ചുകാട്ടുന്നതിങ്ങനെയാണ്‌. അവര്‍ പറഞ്ഞു: ``ജീവിതമെന്നാല്‍ നമ്മുടെ ഐഹിക ജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത്‌ കാലം മാത്രമാകുന്നു. (വാസ്‌തവത്തില്‍) അവര്‍ക്ക്‌ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.'' (വി.ഖു 45:24)

യഥാര്‍ഥത്തില്‍ സമ്പത്ത്‌ എന്നത്‌ ഒരു പരീക്ഷണം മാത്രമാണ്‌. അല്ലാഹു ചിലര്‍ക്കത്‌ കൂടുതല്‍ നല്‌കി പരീക്ഷിക്കുന്നു. ചിലര്‍ക്കത്‌ കുറച്ചു മാത്രം നല്‌കി പരീക്ഷിക്കുന്നു. സമ്പത്തുകൊണ്ടും സന്താനങ്ങള്‍ കൊണ്ടും അധികാരം കൊണ്ടും മതിമറന്നുപോയ അഹങ്കാരികളെപ്പറ്റി ഖുര്‍ആനില്‍ പ്രതിപാദനങ്ങളുണ്ട്‌. ഫിര്‍ഔനും ഖാറൂനും അബൂജഹലും അബുലഹബും ഉബയ്യ്‌ബ്‌നു ഖലഫുമെല്ലാം സമ്പത്തിന്റെയും അധികാരത്തിന്റെയും അടിമകളായി അതിക്രമം പ്രവര്‍ത്തിച്ചവരായിരുന്നു. അതുപോലെത്തന്നെ ഇബ്‌റാഹീം, ഹൂദ്‌, സ്വാലിഹ്‌, ലൂത്വ്‌, ശുഐബ്‌ തുടങ്ങിയ പ്രവാചകന്മാരുടെ സമൂഹങ്ങളുടെ ചരിത്രവും മറ്റൊന്നല്ല നമ്മെ പഠിപ്പിക്കുന്നത്‌. ഇഹലോക നേട്ടങ്ങള്‍ക്കു വേണ്ടി സത്യം മറച്ചുപിടിക്കുകയും അമിതവ്യയം നടത്തുകയും ചെയ്യുന്നവരോടുള്ള ഖുര്‍ആന്റെ മറുപടി ഇങ്ങനെയാണ്‌. ``ഈ ഐഹിക ജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ്‌ യഥാര്‍ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍.'' (വി.ഖു 29:64)

ധാരാളം സമ്പത്ത്‌ നല്‌കിക്കൊണ്ടും ഒരുപാട്‌ അനുഗ്രഹങ്ങള്‍ നല്‌കിക്കൊണ്ടും പൂര്‍വ സമൂഹങ്ങ ളെ അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്‌. അതുപോലെത്തന്നെ അനുഗ്രഹങ്ങള്‍ തടഞ്ഞുവെച്ചും ദാരിദ്ര്യം നല്‌കിയും പരീക്ഷിച്ചിട്ടുണ്ട്‌. മൂന്ന്‌ തരത്തിലാണത്‌ ഖുര്‍ആന്‍ നമുക്ക്‌ വിശദീകരിച്ചുതരുന്നത്‌. ഒന്നാമത്തെ വിഭാഗത്തിന്‌ ധാരാളം നന്മകളും വിശാലമായ സമ്പത്തും നല്‌കി. അവര്‍ സമ്പത്തും അനുഗ്രഹങ്ങളും നേരായ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്തുകയും, പരീക്ഷണത്തില്‍ വിജയിക്കുകയും ചെയ്‌തു. സമ്പത്തോ അധികാരമോ പദവികളോ സ്ഥാനമാനങ്ങളോ അതിക്രമം പ്രവര്‍ത്തിക്കാനോ അഹങ്കാരം പ്രദര്‍ശിപ്പിക്കാനോ അവര്‍ ഉപയോഗിച്ചില്ലെന്ന്‌ മാത്രമല്ല, അല്ലാഹുവിന്‌ കീഴ്‌പ്പെട്ട്‌ ജീവിക്കുകയും ചെയ്‌തു. യൂസുഫ്‌ നബി(അ), ആസ്യാബീവി, സുലൈമാന്‍ നബി(അ), ദുല്‍ഖര്‍നൈന്‍ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്‌. ആസ്യാബീവി(റ)ക്ക്‌, രാജാവായ ഫിര്‍ഔന്റെ ഭാര്യയായി സസുഖം വാഴുവാനുള്ള അവസരം അവിടെ ഉണ്ടായിരുന്നു. പക്ഷെ, അവര്‍ ആ അവസരം വേണ്ടെന്ന്‌ വെക്കുകയും സത്യത്തിന്റെ പാത തെരഞ്ഞെടുക്കുകയും ചെയ്‌തു. അതുപോലെത്തന്നെ വിപുലമായ ഭരണഅധികാര-ശക്തികളെല്ലാം കൂടെയുണ്ടായിട്ടും അതിക്രമം കാട്ടാതെ മുന്നോട്ട്‌ പോയവരായിരുന്നു അവരൊക്കെയും. രണ്ടാമത്തെ വിഭാഗത്തെ അല്ലാഹു പരീക്ഷിച്ചത്‌ തിന്മ കൊണ്ടും ദാരിദ്ര്യം കൊണ്ടുമായിരുന്നു. എന്നാലവര്‍ ഈ പരീക്ഷണത്തില്‍ വിജയിക്കുകയാണുണ്ടായത്‌. ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെട്ട്‌ മൂസാ(അ)യില്‍ വിശ്വസിച്ചവര്‍ക്ക്‌ വലിയ പരീക്ഷണങ്ങള്‍ നേരിട്ടുവെങ്കിലും ഒടുവിലവര്‍ വിജയിക്കുകയാണുണ്ടായത്‌. മൂന്നാമത്തെ വിഭാഗം അല്ലാഹുവില്‍ നിന്ന്‌ വലിയ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരാണ്‌. അവരതിന്‌ നന്ദി കാണിക്കുകയും ചെയ്യുന്നു. പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമ്പോഴും അവര്‍ ക്ഷമിക്കുകയും അല്ലാഹുവില്‍ ഭരമേല്‌പിക്കുകയും ചെയ്യുന്നു. സ്വത്തും സമ്പാദ്യവുമെല്ലാം അല്ലാഹുവിന്റെ പരീക്ഷണം മാത്രമാണെന്ന്‌ തിരിച്ചറിവുള്ളവരാകുന്നു അവര്‍.'' നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ്‌ മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക (ഖു. 8:28)

ഐഹിക ജീവിതത്തില്‍ സുഖവും ക്ഷേമവും ഐശ്വര്യവും ഉണ്ടാകുന്നതിന്‌ മതം എതിരല്ല. എന്നാല്‍ എല്ലാറ്റിലും ഒരു നിയന്ത്രണവും അടുക്കും ചിട്ടയും ഉണ്ടാവേണ്ടതുണ്ട്‌. മനുഷ്യനെ വഴിപിഴപ്പിക്കുന്ന ഐഹിക വിഭവങ്ങളില്‍ ഒന്ന്‌ സമ്പത്താണെന്നത്‌ ഒരു യാഥാര്‍ഥ്യമാണ്‌. ദാരിദ്രാവസ്ഥയിലുള്ളതിനേക്കാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാമ്പത്തിക വളര്‍ച്ച പലരെയും പ്രേരിപ്പിക്കാറുണ്ട്‌. അതുകൊണ്ട്‌ തന്നെയാണ്‌ സമ്പത്തിനെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ ഫിത്‌ന എന്ന്‌ പ്രയോഗിച്ചിട്ടുള്ളത്‌. പ്രവാചകന്‍ പറഞ്ഞതിപ്രകാരമാണ്‌. ``എല്ലാ സമുദായത്തിലും ഫിത്‌നയുണ്ട്‌. എന്റെ സമുദായത്തിലെ ഫിത്‌ന സമ്പത്താകുന്നു.'' (തിര്‍മിദി)

അമിതമായി ധനം ചെലവഴിക്കുന്നതുപോലെത്തന്നെ വിരോധിക്കപ്പെട്ടതാണ്‌ തഫ്‌രീത്തും. (ചെലവഴിക്കാതിരിക്കല്‍) ധനം ഒട്ടും ചെലവഴിക്കാതെ കെട്ടിപ്പൂട്ടലും പിശുക്കിവെക്കലും തഫ്‌രീത്തിന്റെ പരിധിയില്‍ പെടുന്നതാണ്‌. എല്ലാവിധ കുഴപ്പത്തിന്റെയും അടിസ്ഥാനം `ധന'മാണ്‌ എന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ പൂര്‍വിക മുസ്‌ലിംകളില്‍ ചിലര്‍ സമ്പത്തിനെ പേടിക്കുകയും സാമ്പത്തികമായ കാര്യത്തിലൊന്നും ശ്രദ്ധ കൊടുക്കാതെ പ്രാര്‍ഥനയിലും ആരാധനയിലും മാത്രമായി ചടഞ്ഞുകൂടുയും ചെയ്‌ തിരുന്ന സാഹചര്യം ഇവിടെയുണ്ടായിരുന്നു. ഉള്ള ധനം മുഴുവന്‍ നന്മയുടെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ വേണ്ടി പ്രവാചകനോട്‌ സമ്മതം ചോദിച്ചവര്‍ പോലും മുന്‍കാലത്ത്‌ കഴിഞ്ഞുപോയിട്ടുണ്ട്‌. അതേപോലെത്തന്നെ ഭൗതിക ജീവിതാലങ്കാരങ്ങളില്‍ നിന്നെല്ലാം വിട്ട്‌ നില്‌ക്കാന്‍ തീരുമാനിച്ചുറപ്പിച്ച നബിയുടെ സ്വഹാബികളുടെ ചരിത്രവും ഹദീസില്‍ വന്നിട്ടുണ്ട്‌. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഐഹിക ജീവിതാലങ്കാരങ്ങള്‍ ജീവിതത്തെ നശിപ്പിക്കുമെന്നും പാരത്രിക വിജയം നേടുന്നതില്‍ നിന്ന്‌ അത്‌ തടയുമെന്നുമുള്ള വിശ്വാസക്കാരും ഇവിടെ ജീവിച്ചിരുന്നുവെന്നതാണ്‌.

ഭൗതിക ജീവിതത്തില്‍ നിന്നും പുറംതിരിഞ്ഞുനില്‌ക്കുന്ന ഈ രീതിയെ ഇസ്‌ലാം കടുത്ത ഭാഷയില്‍ എതിര്‍ക്കുകയാണുണ്ടായത്‌. എല്ലാ കാര്യത്തിലും ഒരു മധ്യമ നിലപാട്‌ സ്വീകരിക്കാനാണ്‌ മതം മനുഷ്യനോട്‌ ഉണര്‍ത്തുന്നത്‌. പ്രത്യേകിച്ചും ധനം ചെലവുചെയ്യുന്ന കാര്യത്തില്‍. അല്ലാഹു നല്‌കിയ അനുഗ്രഹമാകുന്ന എല്ലാം നിയന്ത്രണത്തോടും ഫലവത്തായും ഉപയോഗപ്പെടുത്തേണ്ടവനാണ്‌ സത്യവിശ്വാസി. അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളെ നിഷിദ്ധമാക്കുന്നവരെപ്പറ്റി ഖുര്‍ആന്‍ പരാമര്‍ശിച്ചതിങ്ങനെയാണ്‌: ``(നബിയേ) പറയുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്കുവേണ്ടി ഉല്‌പാദിപ്പിച്ചിട്ടുള്ള അലങ്കാരവസ്‌തുക്കളും വിശിഷ്‌ടമായ ആഹാര പദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ അവര്‍ക്ക്‌ മാത്രമുള്ളതുമാണ്‌. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (വി.ഖു 7:32)

ആധുനിക ലോകം അമിതവ്യയത്തിന്റേതായിത്തീര്‍ന്നിരിക്കുന്നു. പണമുള്ളവരും പരമദരിദ്രരുമെല്ലാം ജീവിതത്തില്‍ ആര്‍ഭാടം വേണമെന്ന്‌ ശഠിക്കുന്നു. ഇതിനുവേണ്ടി അമിതമായി പണം ചെലവഴിക്കുന്നു. കടം വാങ്ങിയിട്ടായാലും പുതിയ വാഹനവും വീടും സ്വന്തമായി കെട്ടിപ്പൊക്കണമെന്നാണ്‌ അധികപേരുടെയും ഉള്ളിലിരിപ്പ്‌. അനാവശ്യമായത്‌ പോലും അതാവശ്യമായി കൊണ്ടുനടക്കുന്ന ലോകം. എത്രയേറെ സമ്പത്തുണ്ടായിട്ടും അമിതമായി ഒരു പൈസപോലും നഷ്‌ടപ്പെടുത്താത്തവനും പരമ ദരിദ്രാവസ്ഥയിലും അന്യന്റേത്‌ ആഗ്രഹിക്കാതെ ഉള്ളതില്‍ തൃപ്‌തിപ്പെട്ട്‌ ജീവിക്കുന്നവരും ഈ ലോകത്ത്‌ വളരെ കുറഞ്ഞുവരുന്നുവെന്നതാണ്‌ സത്യം. എന്നാല്‍ പൂര്‍വ കാലത്ത്‌, വലിയ ധനശേഖരത്തിന്റെ ഉടമസ്ഥരായിരുന്നവര്‍ പോലും മിതവ്യയത്തിന്റെയും വിരക്തിയുടെയും മാതൃകാ നക്ഷത്രങ്ങളായി തിളങ്ങിയവരായിരുന്നുവെന്ന്‌ ചരിത്രം പഠിപ്പിക്കുന്നു. ഹസന്‍ ബിന്‍ ആലി(റ), അബ്‌ദുല്ലാഹിബ്‌നു മുബാറക്‌, ലൈസുബ്‌നു സഅദ്‌, സുഫ്‌യാന്‍ മുതലായവര്‍ ധനികരായ ഐഹിക വിരക്തരായിരുന്നു. ``ദുന്‍യാവിന്‌ വേണ്ടി നീ അധ്വാനിക്കുക, എന്നെന്നും നീയിവിടെ ജീവിക്കുമെന്ന നിലയില്‍. പരലോകത്തിന്‌ വേണ്ടി നീ പണിയെടുക്കുക. നീ നാളെത്തന്നെ മരണപ്പെട്ടുപോകുമെന്ന നിലയി ല്‍''. ഈ തത്വം ഉള്‍ക്കൊള്ളുന്ന വിധത്തിലായിരുന്നു മുന്‍ഗാമികളുടെ ജീവിതമെന്ന്‌ ചുരുക്കം. അല്ലാഹുവാണ്‌ സമ്പത്തിന്റെ യഥാര്‍ഥ ഉടമസ്ഥനെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടും ധനത്തിന്റെ കൈവശാവകാശം മാത്രമാണ്‌ നമുക്കുള്ളതെന്ന്‌ ഓര്‍മിച്ചുകൊണ്ടും സമ്പത്തിനെ സമീപിക്കാനാണ്‌ ഇസ്‌ലാം ഉണര്‍ത്തുന്നത്‌.

അമിതവ്യയം നടത്തി ഭൂമിയില്‍ നെഗളിച്ച്‌ ജീവിക്കുന്നവരെപ്പറ്റി നാമൊരിക്കലും അസ്വസ്ഥരാകേണ്ടതില്ല എന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. അവരുടെ ആര്‍ഭാട ജീവിതത്തിന്റെ ആയുസ്സ്‌ വളരെ കുറവ്‌ മാത്രമാകുന്നു. നാളെ പരലോകത്ത്‌ ധനം എവിടെനിന്ന്‌ സമ്പാദിച്ചുവെന്നതിനെപ്പറ്റിയും അതേത്‌ രൂപത്തില്‍ ചെലവഴിച്ചുവെന്നതിന്റെയും ഉത്തരം ബോധിപ്പിച്ചാലല്ലാതെ നമ്മുടെയൊന്നും കാലെടുത്ത്‌ മുന്നോട്ട്‌ വെക്കാനാവില്ലെന്ന്‌ മുഹമ്മദ്‌ നബി(സ) താക്കീത്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹു പറയുന്നത്‌ ഇപ്രകാരമാകുന്നു: ``നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌. അതിനാല്‍ നിങ്ങള്‍ക്ക്‌ സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക്‌ തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന്‌ കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍ (വി.ഖു 64:15,16)

ധനം ചെലവഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസിക്ക്‌ ഒട്ടും അലംഭാവത്തിന്‌ അവസരമില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള അമാനത്തായി ധനം വിനിയോഗിക്കാന്‍ കഴിയണം. പരമകരുണികന്റെ നല്ലവരായ അടിമകളുടെ സ്വഭാവമായി അല്ലാഹു അടയാളപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌. ``ചെലവ്‌ ചെയ്യുകയാണെങ്കില്‍ അമിത്യവയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു അവര്‍.'' (വി.ഖു 25:67)

അമിതമായി ധനം ചെലവഴിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ മിതവ്യയത്തിന്റെ സുന്ദര ശീലങ്ങള്‍ മുറുകെപിടിച്ച്‌ സന്തുലിത ജീവിതത്തിന്റെ മാതൃകകളായി തലയുയര്‍ത്തി നില്‌ക്കാന്‍ നമ്മിലെത്ര പേര്‍ക്ക്‌ കഴിയും?

by ജംഷിദ്‌ നരിക്കുനി @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts