ഇസ്‌ലാം മനുഷ്യന് ആഗ്രഹിക്കുന്നത് ശാശ്വതമായ പാരത്രിക വിജയമാണ്. അതിലെ വിശ്വാസങ്ങളും ആരാധനകളും ആചാരങ്ങളും സ്വഭാവഗുണങ്ങളും ക്രമീകരിച്ചിരിക്കുന്നത് ഈ ലക്ഷ്യം കൈവരിക്കാനാണ്. ഇത് ജീവിതശൈലിയായി സ്വീകരിക്കുന്ന വ്യക്തിക്ക് അതിന്റെ സദ്‌ഫലങ്ങള്‍ ഈ ലോകത്ത് തന്നെയും അനുഭവിക്കാനാവുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. സമാധാനവും സന്തുഷ്‌ടിയും നിറഞ്ഞ ജീവിതവും ആരോഗ്യമുള്ള
ശരീരവും മനസ്സും ഇത്തരം സദ്‌ഫലങ്ങളാണ്. ജീവിക്കുന്ന സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും ഇതിന്റെ ഭാഗമാണെന്ന് മുഹമ്മദ് നബി(സ) പഠിപ്പിക്കുന്നു. ഖുദുസിയായ ഒരു ഹദീസില്‍ വന്നിരിക്കുന്നത് ഇപ്രകാരമാണ്:
``അല്ലാഹു തന്റെ അടിമയെ ഇഷ്‌ടപ്പെട്ടുകഴിഞ്ഞാല്‍ ജിബ്‌രീലിനോട് വിളിച്ചുപറയും: ഇന്ന വ്യക്തിയെ ഞാന്‍ ഇഷ്‌ടപ്പെടുന്നു. താങ്കളും അയാളെ ഇഷ്‌ടപ്പെടുക. അപ്പോള്‍ ജിബ്‌രീലും അയാളെ സ്‌നേഹിക്കുന്നു. തുടര്‍ന്ന് ജിബ്‌രീല്‍ ആകാശത്തെ മുഴുവന്‍ മാലാഖമാരേയും വിളിച്ച് പറയും: ഇന്ന വ്യക്തിയെ അല്ലാഹു ഇഷ്‌ടപ്പെട്ടിരിക്കുന്നു. നിങ്ങളും അദ്ദേഹത്തെ ഇഷ്‌ടപ്പെടുക. അതോടുകൂടി അവരെല്ലാവരും ആ വ്യക്തിയെ സ്‌നേഹിക്കാനും ആദരിക്കാനും തുടങ്ങുന്നു. തുടര്‍ന്ന് അയാള്‍ക്ക് ഭൂമിയില്‍ സര്‍വസ്വീകാര്യത നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു.''
മലക്കുകള്‍ മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടാറുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. സദ്‌വൃത്തരായ ആളുകളുടെ പാപമോചനത്തിനും സ്വര്‍ഗപ്രവേശത്തിനും അവര്‍ നിരന്തരം അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നുണ്ട്. ഇബാദുന്‍ മുക്‌റമൂന്‍ (ആദരണീയരായ ദാസന്മാര്‍) എന്നാണ് മലക്കുകള്‍ക്ക് ഖുര്‍ആന്‍ ബഹുമതി നല്‌കുന്നത്. ഇവരുടെ പ്രാര്‍ഥന സത്യവിശ്വാസിക്ക് ലഭിക്കുകയെന്നതു തന്നെ വലിയ നേട്ടമാണ്. അതിലും മഹത്തായ നേട്ടമാണ് ഈ ഹദീസിലൂടെ നബി(സ) പഠിപ്പിക്കുന്നത്.
ജനങ്ങള്‍ സ്വീകരിച്ചാലും കയ്യൊഴിച്ചാലും ഇകഴ്‌ത്തിയാലും പുകഴ്‌ത്തിയാലും ഒരു കുറവും സംഭവിക്കാത്ത വിശിഷ്‌ട വ്യക്തിത്വമായി നിലകൊള്ളാന്‍ സാധിക്കുന്ന ഉന്നതമായ അവസ്ഥയാണ് ഹദീസില്‍ പറഞ്ഞ, ഭൂമിയില്‍ ലഭിക്കുന്ന സ്വീകാര്യത. ഇത് നേടാന്‍ ഒരേയൊരു യോഗ്യത മാത്രമേ ആവശ്യമുള്ളൂ. സകല കാര്യങ്ങളിലും അല്ലാഹുവിന്റെ പ്രീതിയും ഇഷ്‌ടവും കരസ്ഥമാക്കുക. ഇത് വളരെ എളുപ്പവുമാണ്. എപ്പോഴും തന്റെ കൂടെ അല്ലാഹു ഉണ്ടെന്നും താന്‍ അവന്റെ കൂടെയാണെന്നും ഉറപ്പുവരുത്തിയാല്‍ മതി. അവന്‍ നമുക്ക് ഇഷ്‌ടപ്പെട്ടുനല്‌കിയ ഈമാന്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും വേണം.
അല്ലാഹു ഇഷ്‌ടപ്പെടുന്നതും ഇഷ്‌ടപ്പെടാത്തതുമായ കാര്യങ്ങളുടെ ഒരു നിര തന്നെ ഖുര്‍ആനില്‍ കാണാം. നന്മ, പുണ്യം, ശാരീരികവും മാനസികവുമായ വിശുദ്ധി, പശ്ചാത്താപ ചിന്ത, നീതിബോധം, വിട്ടുവീഴ്‌ച, ക്ഷമ, ഭയഭക്തി, തവക്കുല്‍, ധര്‍മസമരം തുടങ്ങിയവയെല്ലാം അവനിഷ്‌ടമാണ്. അഹങ്കാരം, സത്യനിഷേധം, നന്ദികേട്, കുറ്റകൃത്യങ്ങള്‍, അനീതി, വഞ്ചന, അക്രമം, അമിതവ്യയം, ദുരഭിമാനം, നശീകരണചിന്ത, അനുസരണക്കേട് തുടങ്ങിയവയെല്ലാം അവന്‍ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളുമാകുന്നു.
നമുക്ക് ലഭ്യമായ ഭൗതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി എത്ര അധ്വാനിച്ചാലും സേവനം ചെയ്‌താലും ഒരു ഗ്രാമത്തിലെ ആളുകളുടെ സ്വീകാര്യതപോലും നമുക്ക് എന്നുമുണ്ടാകും എന്നുറപ്പിക്കാനാവില്ല. നമ്മുടെ ആത്മാര്‍ഥതയും ഉദ്ദേശ്യശുദ്ധിയും പൂര്‍ണമായി വിലയിരുത്താന്‍ അവര്‍ക്ക് കഴിയില്ലെന്നതാണിതിന് കാരണം. ആയുഷ്‌കാലം മുഴുവന്‍ സേവനം ചെയ്‌തിട്ടും പരിഹാസവും ആക്ഷേപങ്ങളും വിമര്‍ശനങ്ങളും മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരും സമൂഹത്തിലുണ്ട്. ജനങ്ങള്‍ നല്‌കിയിരിക്കുന്ന സ്ഥാനമാനങ്ങളും പദവികളും ഈ ഭൂമുഖത്ത് ലഭിക്കുന്ന സ്വീകാര്യതയുടെ അടയാളമല്ല. ആ സ്ഥാനമാനങ്ങള്‍ നഷ്‌ടപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും അല്ലാഹു നല്‌കുന്ന സ്വീകാര്യത നഷ്‌ടമാവാന്‍ കാരണമാകും. ഭൂമിയിലുള്ളവരുടെ മുഴുവന്‍ ആദരവ് നേടിയിരുന്നാലും ആകാശത്തുള്ളവരുടെ സ്‌നേഹാദരവുകള്‍ നേടാന്‍ കഴിയണമെന്നില്ല. ആകാശത്തുള്ളവരുടേത് നേടിയെടുത്താല്‍ അത് ഭൂമിയിലെവിടെയും പ്രതിഫലിക്കുകയും ചെയ്യും.
ഈ ഭൂമിയില്‍ കഴിഞ്ഞുപോയവരും ജീവിക്കുന്നവരും ഇനി വരാനിരിക്കുന്നവരുമായി എത്ര പേരുണ്ടോ, അതിന്റെ എത്രയോ ഇരട്ടിയാണ് അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകള്‍. ഇവരുടെ സ്‌നേഹാദരവുകള്‍ ഒരു വ്യക്തിക്ക് പിടിച്ചുപറ്റാന്‍ കഴിയുകയെന്നത് മഹത്തായ ഭാഗ്യമാണ്. ഇത്തരം ഭാഗ്യശാലികള്‍ക്ക് മാത്രമേ സമൂഹത്തിന്റെ അവജ്ഞയും അവഗണനയും അതിജീവിച്ച് സര്‍വ സ്വീകാര്യതയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ജനങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് മുമ്പില്‍ എങ്ങനെ പിടിച്ചുനില്‍ക്കാമെന്ന് ചിന്തിക്കുന്നതിനെക്കാള്‍ അല്ലാഹുവിന്റെ വിചാരണ എങ്ങനെ നേരിടാമെന്ന ചിന്തയുണ്ടെങ്കില്‍ അവന്റെയും മലക്കുകളുടേയും സ്‌നേഹാദരവുകള്‍ സമ്പാദിക്കുക എളുപ്പമാണ്.
by അബ്‌ദുല്‍ഹലീം @ ശബാബ്
(സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ,)ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 1 ഫാത്തിഹ 6,7]
Popular Posts
-
ഏതാനും ദിവസം മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവയ്ക്കട്ടെ. വീട്ടാവശ്യത്തിന് ഇറക്കിയ മണലില്‍ നിന്ന് അയല്‍വാസിക്ക് അല്പം വായ്പയായി വേണം. അത...
-
കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മമായും ഇസ്‌ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള ...
-
ശംസുദ്ദീന്‍ പാലക്കോട് വിശുദ്ധ ഖുര്‍ആനിന് ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്തിമ വേദഗ്രന്ഥത്ത...
-
തൊഴിലിനെക്കുറിച്ച് ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു...
-
മുഹമ്മദ്നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ...
-
ശൈശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്...
-
ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാ...
-
കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ ...
-
അബ്ദുര്‍റഹ്മാന്‍ മങ്ങാട് പ്രവാചകപത്നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കിയ വാര്‍ത്തയുമായി ഒരു ദൂതന് വ...
-
അന്‍വര്‍ അഹ്മദ് മതമൈത്രിക്ക് പേര് കേട്ട ദേശമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ...