അവധിക്കാലം: ചില കുടുംബകാര്യങ്ങള്‍

കേരളത്തില്‍ മധ്യവേനല്‍ അവധിക്കാലമാണിപ്പോള്‍. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍, അവധിക്കാലത്തിന്റെ വിനിയോഗത്തിലുള്ള കാഴ്‌ചപ്പാടിലും സമീപനത്തിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നു.

അവധിക്കാലം ഉത്സവകാലമാക്കി അവതരിപ്പിച്ചു, അതിനെ ചൂഷണം ചെയ്യാന്‍ ടൂറിസ്റ്റ്‌പാക്കേജുകാര്‍ ഒരു ഭാഗത്ത്‌ ശ്രമിക്കുന്നു. ബുദ്ധിവളര്‍ച്ച, നേതൃപരിശീലനം, വ്യക്തിത്വപോഷണം തുടങ്ങിയ പാക്കേജുമായി മറ്റു പലരും മാര്‍ക്കറ്റില്‍ മത്സരിക്കുന്നു.

നിരന്തരം ജോലിയില്‍ ഏര്‍പ്പെട്ട ഒരാള്‍ക്ക്‌ വിശ്രമം കൂടിയേതീരൂ. ശാരീരികമായ ക്ഷീണം തീര്‍ക്കാനും മാനസിക ഉത്തേജനത്തിനും വിശ്രമം ആവശ്യമാണ്‌. വിശ്രമമില്ലാത്ത ജോലികള്‍ മനുഷ്യനെ തളര്‍ത്തും. ഒന്നോ രണ്ടോ മാസം അവധികിട്ടുന്നത്‌ കേവലം ചെറിയ ശതമാനം ആളുകള്‍ക്ക്‌ മാത്രം. ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പഠിതാക്കള്‍ക്ക്‌. സമൂഹത്തിന്റെ ഏറെ ജീവസുറ്റ ഭാഗം എന്ന നിലയില്‍ അവരുടെ ഒഴിവ്‌ പൊതുവെ ഒഴിവായി ഗണിക്കപ്പെടുന്നു. പരിഗണന നല്ലതു തന്നെ.

ജോലിയും ഒഴിവും സമ്മിശ്രമായിട്ടാണ്‌ വരേണ്ടത്‌. മതിയായ വിശ്രമം കിട്ടാത്തവരും ജീവിതത്തില്‍ വിശ്രമമെന്തെന്നറിയാത്തവരും സമൂഹത്തിലുണ്ട്‌. ഒഴിവും വിശ്രമവും മാത്രം കൈമുതലാക്കിയ നിഷ്‌ക്രിയത്വത്തിന്റെ പ്രതീകങ്ങളും നമുക്കിടയിലുണ്ട്‌. ജോലിയില്‍ നിയമനം കിട്ടിയിട്ടുവേണം ഒരു ലീവെടുക്കാന്‍ എന്നു ചിന്തിക്കുന്ന ഒരു തലമുറ ഇവിടെ ഇല്ലെന്നു പറഞ്ഞുകൂടാ!

പടച്ചവന്‍ പ്രപഞ്ചം സംവിധാനിച്ചതുതന്നെ ഈ കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ്‌. സൂറഃ അന്നബഇല്‍ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ക്ക്‌ ഉറക്കത്തെ വിശ്രമവും രാവിനെ ഉടുവസ്‌ത്രവും പകലിനെ ജീവിതസന്ധാരണവേളയും ആക്കിത്തന്നില്ലയോ?'' (78:9-11) സൂര്യന്റെയും ഭൂമിയുടെയും ആകാശങ്ങളുടെയും സൃഷ്‌ടിപ്പിനെപ്പറ്റി ചിന്തിക്കാന്‍ ആഹ്വാനം ചെയ്‌ത ഉടനെയാണീ പരാമര്‍ശം. അതായത്‌ ജോലിയും വിശ്രമവും ഇടവിട്ട്‌ അനുഭവിക്കാവുന്ന തരത്തിലാണ്‌ പ്രപഞ്ചസംവിധാനം പോലും.

മനുഷ്യജീവിതത്തില്‍ സമയം ഒരു വിലപ്പെട്ട ഘടകം തന്നെയാണ്‌. കൈവിട്ടുപോയാല്‍ ഒരിക്കലും തിരിച്ചുപിടിക്കാന്‍ സാധിക്കാത്തതാണ്‌ കാലവും സമയവും. അതുകൊണ്ട്‌ തന്നെയാവാം ഖുര്‍ആന്‍ ഇക്കാര്യം ഇടക്കിടെ ഉണര്‍ത്തുന്നത്‌. അപ്പോള്‍ സത്യവിശ്വാസി എന്ന നിലയില്‍ സമയത്തിനു വിലകല്‌പിക്കുകയും അത്‌ പാഴായിപ്പോകുന്നത്‌ സൂക്ഷിക്കുകയും വേണം.

`കാലം' എന്ന പേരില്‍ ഒരധ്യായം തന്നെ ഖുര്‍ആനിലുണ്ട്‌. മാത്രമല്ല കാലത്തിലൂടെ കടന്നുപോന്ന, യുഗാന്തരങ്ങള്‍ പിന്നിട്ട മനുഷ്യ സമൂഹങ്ങളുടെ ചരിത്രപാഠങ്ങള്‍ സമകാലിക സമൂഹത്തിന്നുമുന്നില്‍ ഖുര്‍ആന്‍ വരച്ചുകാണിക്കുന്നു. ചരിത്രവും കാലവും ഒരര്‍ഥത്തില്‍ ഒന്നുതന്നെയാണല്ലോ. കാലത്തെ മുന്‍നിര്‍ത്തി സത്യം ചെയ്‌തുകൊണ്ട്‌ ഖുര്‍ആന്‍ പറഞ്ഞത്‌ മനുഷ്യന്റെ ആത്യന്തികമായ നഷ്‌ടത്തെപ്പറ്റിയാണ്‌ എന്നതും ഏറെ ശ്രദ്ധേയമാണ്‌. (103:1, 2)

കാലത്തെ വര്‍ഷം, മാസം, ആഴ്‌ച, ദിവസം, മണിക്കൂര്‍ എന്നിങ്ങനെ വിഭജിക്കുകയും ആധുനിക ടെക്‌നോളജിക്കനുസൃതമായി ഒരു സെക്കന്‍ഡിന്റെ ആയിരത്തിലൊരംശം പോലും അളക്കാന്‍ മാത്രം മനുഷ്യന്‍ അറിവുനേടുകയും അതനുസരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഇത്‌ യാദൃച്ഛികമല്ല. പടച്ചവന്‍ പറയുന്നതുനോക്കൂ. ``ആകാശഭൂമികള്‍ സംവിധാനിച്ചതുമുതല്‍ തന്നെ അല്ലാഹുവിങ്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടത്രെ.'' (9:36) മനുഷ്യന്‍ അതിനെ വിപുലപ്പെടുത്തിയെന്നേയുള്ളൂ. സൂര്യചന്ദ്രഭൗമ ചലനങ്ങള്‍ക്കനുസൃതമാണല്ലോ ഋതുക്കളും മാസങ്ങളും കണക്കാക്കപ്പെടുന്നത്‌.

ഉപയോഗശാസ്‌ത്രത്തില്‍ ഏറ്റവും മിതത്വം പാലിച്ച ഇസ്‌ലാം സമയത്തിന്റെ കാര്യത്തിലും ഇത്‌ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. ഒരു നിമിഷവും മനുഷ്യന്‌ പാഴാക്കാനില്ല. ഏതു വിഷയത്തിലും പ്ലാനിംഗ്‌ ആകാം. എന്നാല്‍ ആയുസ്സ്‌ മാത്രം പ്ലാന്‍ ചെയ്യാന്‍ പാടില്ല. മരണം എപ്പോള്‍ എന്നത്‌ ആര്‍ക്കും അറിയാത്തത്‌ തന്നെകാരണം. ഖുര്‍ആന്‍ (31:34) ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്‌.

ഒന്നിനും സമയം തികയുന്നില്ല എന്ന്‌ പരാതിപ്പെടുന്നവര്‍. എങ്ങനെയെങ്കിലും സമയത്തെ കൊന്നുകളയുന്നവര്‍. എല്ലാവര്‍ക്കും ദിവസം ഇരുപത്തിനാലു മണിക്കൂര്‍ തന്നെ. എന്തുചെയ്യും? ഇവിടെയാണ്‌ `ടൈം മാനേജ്‌മെന്റി'ന്റെ പ്രസക്തി. വിശ്രമമില്ലാത്ത അധ്വാനം പോലെ തന്നെ അധ്വാനമില്ലാത്ത വിശ്രമവും അപകടകരമാണ്‌. ജോലിയില്ലാത്ത ചെറുപ്പക്കാര്‍ ടൈംപാസിനുവേണ്ടി പല കാര്യങ്ങള്‍ ചെയ്യാറുണ്ട്‌. ഈ സമയം രചനാത്മകമായി വിനിയോഗിച്ചാല്‍ നാടിനും സമൂഹത്തിനും വലിയ മുതല്‍ക്കൂട്ടാക്കാനും ആശാവഹമായ വിപ്ലവങ്ങള്‍ സൃഷ്‌ടിക്കാനും കഴിയും. അതേ സമയം `വെറുതെകിടക്കുന്ന' ഈ സമയം ദുരുപയോഗപ്പെടുത്തിക്കൊണ്ടാണ്‌ സമൂഹത്തില്‍ സംഹാരാത്മകവും നിഷേധാത്മകവുമായ പല പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നത്‌.

നബി(സ) ഇക്കാര്യത്തെക്കുറിച്ച്‌ നല്‌കുന്ന മുന്നറിയിപ്പ്‌ എത്ര ചിന്തോദ്ദീപകമാണ്‌. ``അധികമനുഷ്യര്‍ക്കും നഷ്‌ടംപറ്റുന്ന രണ്ട്‌ അനുഗ്രഹങ്ങളുണ്ട്‌. ആരോഗ്യവും ഒഴിവുസമയവുമത്രെ അത്‌.'' കൈയിലാകുമ്പോള്‍ അവയുടെ വിലയറിയില്ല. നഷ്‌ടപ്പെട്ടാല്‍ തിരിച്ചുകിട്ടുകയുമില്ല. പ്രവാചകന്‌ (സ) പ്രബോധനരംഗത്ത്‌ സ്ഥൈര്യം നല്‌കുന്നതിനായി വിശുദ്ധഖുര്‍ആന്‍ പല കാര്യങ്ങളും ഓര്‍മിപ്പിച്ച കൂട്ടത്തില്‍ ഒരു പ്രധാന കാര്യം സമയം വിനിയോഗിക്കുന്നതിനെപ്പറ്റിയാണ്‌. ``നീ ഒരു കാര്യത്തില്‍ നിന്നുവിരമിച്ചാല്‍ മറ്റൊന്നില്‍ ഏര്‍പ്പെടുക.'' (94:7,8) ഒരു കാര്യം നിര്‍വഹിച്ചുകഴിഞ്ഞാല്‍ വിശ്രമവേള മറ്റൊന്നിനുവേണ്ടി വിനിയോഗിക്കുക. അവധിവേളയെന്നാല്‍ നിഷ്‌ക്രിയത്വത്തിന്റെതോ നിഷേധാത്മകതയുടെതോ അല്ല.

സ്‌കൂള്‍ഫൈനല്‍ പരീക്ഷയോ വാര്‍ഷിക പരീക്ഷയോ കഴിഞ്ഞിറങ്ങുന്ന കുട്ടികളുടെ മനസ്ഥിതി പഠനഭാരത്തിന്റെ മാറാപ്പുകെട്ടുകള്‍ മൂലക്കെറിഞ്ഞുകൊണ്ട്‌ സര്‍വത്ര സ്വതന്ത്രനായിരിക്കണമെന്നാണ്‌. അത്തരത്തില്‍ തന്നെ മീഡിയ അതിന്‌ പ്രോപഗണ്ടയും നല്‌കുന്നു.

യഥാര്‍ഥത്തില്‍ പഠനകാലത്ത്‌ പഠിതാവ്‌ അസ്വതന്ത്രനാണോ? അവന്‍ നിത്യവും കളിക്കുന്നു. ആഴ്‌ചയില്‍ രണ്ടുദിവസം അവധി ആസ്വദിക്കുന്നു. പഠനാനുബന്ധമായി കായിക വിനോദങ്ങളും കലാമത്സരവേളകളും ഈ രംഗത്തെ മഹാമേളകളും നടക്കുന്നു. സ്‌കൗട്ടും എന്‍ സി സിയും എന്‍ എസ്‌ എസും ഒക്കെ കുട്ടികള്‍ക്കു ശാരീരികവും മാനസികവും സാമൂഹികവുമായ ആശ്വാസങ്ങളല്ലേ? `പഠനമുഷിപ്പില്‍' നിന്നുള്ള വ്യതിരിക്തതയുമല്ലേ? ഇതൊന്നും കാണാതെ വെക്കേഷന്‍ ആസ്വദിക്കാന്‍ വേണ്ടിമാത്രമാണെന്ന്‌ ധരിക്കുന്നതു ശരിയല്ല.

അതിരാവിലെ പുസ്‌തകക്കെട്ടും പൊതിച്ചോറുമായി പടിയിറങ്ങുകയും വൈകിട്ട്‌ തിരിച്ചെത്തുകയും ചെയ്യുന്ന കുട്ടികള്‍, യാത്രാദുരിതവും `കിളിശല്യവും' മറ്റുപ്രയാസങ്ങളുമായി നീങ്ങുന്ന കുട്ടികള്‍ അല്‍പം വൈകിപ്പോയാല്‍ വേവലാതിയിലകപ്പെടുന്ന രക്ഷിതാക്കള്‍. ഇതൊരു തുടര്‍ക്കഥയാകുമ്പോള്‍ ഇവര്‍ക്കും അവധി ആനന്ദദായകമായിത്തീരണം. ഏറെ ചുരുങ്ങിയത്‌ വീടിന്റെ അകത്തളങ്ങളില്‍ ഒന്നിച്ചിരുന്ന്‌ വര്‍ത്തമാനം പറയാനും ഒന്നിച്ചാഹാരം കഴിക്കാനും സമയം കണ്ടെത്തണം. കാരണം ഈ പ്രക്രിയയിലൂടെ സ്‌നേഹവും ആശ്വാസവും അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള ഉത്തേജനവും ലഭിക്കും തീര്‍ച്ച.

സമൂഹത്തില്‍ നിന്ന്‌ തീരെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്‌ കുടുംബബന്ധം. ബന്ധം ചേര്‍ക്കലിന്റെ കാലമായി അവധിയെ കാണാവുന്നതാണ്‌. വിരുന്നുപോവുക, വിരുന്നിനു വിളിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മാനസിക വികാസവും കുടുംബബന്ധവും ഉറപ്പാക്കാന്‍ കഴിയും. മറ്റുള്ളവരുടെ ക്ഷേമാന്വേഷണത്തോടൊപ്പം തങ്ങളിലേക്ക്‌, സ്വയം തോടിനുള്ളിലേക്ക്‌ ചുരുങ്ങിപ്പോകുന്ന ആധുനിക സമൂഹത്തിന്റെ പ്രവണതയില്‍ നിന്ന്‌ രക്ഷപ്പെടാനും സഹായിക്കും.

മതവിദ്യാഭ്യാസവും ധാര്‍മിക സദാചാരചിന്തയും സമൂഹത്തില്‍ കുറഞ്ഞുവരികയാണ്‌. രണ്ടുവര്‍ഷത്തെ പ്രാഥമിക പഠനത്തില്‍ മതം ഒതുങ്ങി നില്‌ക്കുകയാണിന്ന്‌. ഒഴിവുകാലങ്ങള്‍ ഇത്തരം കുട്ടികള്‍ക്ക്‌ മതബോധത്തില്‍ വളരാവുന്ന സാംസ്‌കാരിക പരിപാടികളും വിരസമാകാത്ത, വൈവിധ്യമാര്‍ന്ന, തുടര്‍പഠനത്തിന്ന നുകൂലമാകുന്ന റിലീജ്യസ്‌ സ്‌കൂളുകളും ആകാവുന്നതാണ്‌. തങ്ങളുടെ അവധി കവര്‍ന്നെടുക്കുന്നു എന്ന തോന്നലുളവാക്കാത്ത വിധം ക്രമീകരിച്ചാല്‍ വിജയകരമാകും. ഓരോ നാട്ടിലും സാമൂഹ്യകൂട്ടായ്‌മയിലൂടെ ഇതൊക്കെ സംഘടിപ്പിക്കാവുന്നതാണ്‌.

ജീവിക്കുന്ന വീടിന്റെ ഒരു ഭാഗമാണ്‌ തങ്ങള്‍ എന്ന തോന്നലും ഉത്തരവാദിത്വ ബോധവും കുട്ടികള്‍ക്ക്‌ അവധിക്കാലത്തെങ്കിലും ഉണ്ടാകണമല്ലോ. കാലാകാലവും മാതാപിതാക്കളോടൊത്ത്‌ അധ്വാനിച്ച്‌ ജീവിതം വിരസമായിത്തീരുന്നവരും അക്കാരണത്താല്‍ തന്നെ പഠനത്തില്‍ പിന്നാക്കം ആയിത്തീരുന്നവരുമായ ഒരു വലിയ സമൂഹം നമുക്ക്‌ മുന്നിലുണ്ട്‌. നാലും അഞ്ചും മക്കള്‍ വീട്ടിലുണ്ടായിട്ടും മീന്‍ വാങ്ങാന്‍ വൃദ്ധമാതാവ്‌ തന്നെ പോകണം എന്ന അവസ്ഥയും നിലനില്‌ക്കുന്നു. ഇതു രണ്ടിന്നും മധ്യേയുള്ള ഒരു ജീവിതവീക്ഷണം യുവതലമുറക്ക്‌ നല്‌കപ്പെടണം.

നിത്യവും കളിക്കുന്നു. ആഴ്‌ചയിലൊരിക്കല്‍ ഏറെ കളിക്കുന്നു. അവധിക്കാലത്ത്‌ കളി മാത്രമാക്കുന്നു. ഇതിനൊക്കെ പുറമെ മിനിസ്‌ക്രീനില്‍ ലോകത്ത്‌ നടക്കുന്ന മുഴുവന്‍ കളികളും ദിവസങ്ങളോളും ചടഞ്ഞിരുന്ന്‌ കാണുകയും ചെയ്യുന്നു. കളിഭ്രാന്ത്‌ (അഡിക്ഷന്‍) ഏതായാലും കുറച്ചേപറ്റൂ. വീടും ബന്ധവും ഒരു ചിന്തയും തീണ്ടാത്ത കളിയിലെ മതിഭ്രമം ഉളവാക്കുന്ന പ്രവണത ജീവസ്സുറ്റ ഒരു സമൂഹത്തിന്‌ ഏതായാലും നന്നല്ല.

കുടുംബത്തിനകത്ത്‌ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ചില മാറ്റങ്ങള്‍ക്ക്‌ തുടക്കമിടാനും നല്ല ശീലങ്ങള്‍ ആരംഭിക്കാനും `കുടുംബം' എന്ന സദ്‌വികാരം ശക്തിപ്പെടുത്താനും അവധിക്കാലം ബോധപൂര്‍വം പ്രയോജനപ്പെടുത്താം. ജീവിത, പഠനത്തിരക്കുകളില്‍ പുലര്‍കാലത്തോടെ നാലു ദിക്കുകളിലേക്ക്‌ പോകുന്ന വീട്ടംഗങ്ങള്‍ക്ക്‌, അവധിക്കാലത്തെങ്കിലും കുറെ നാളുകള്‍ ഒന്നിച്ചിരിക്കാനും ഒന്നിച്ചുനടക്കാനും ഒന്നായി യാത്രചെയ്യാനും അങ്ങനെ `ഒന്നായി'ത്തീരാനുമാകട്ടെ!

by Anwar Ahamad @ SHABAB WEEKLY

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts