അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോത്ഥാന മുന്നേറ്റം 


കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ മതപരമായ ജാഗരണവും വൈജ്ഞാനിക മുന്നേറ്റവും രാഷ്ട്രീയ ഉണര്‍വും ഇവയിലൂടെ സാമൂഹിക നവോത്ഥാനവും ഭൗതിക പുരോഗതിയും സാധിച്ചെടുത്തത് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ദശാബ്ദങ്ങള്‍ നീണ്ട നിസ്തുല സേവനങ്ങളിലൂടെയായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാഹീ പ്രസ്ഥാനം ചെയ്തത് മതനവീകരണമോ മത പരിഷ്‌ക്കരണങ്ങളോ ആയിരുന്നില്ല. വികലമാക്കപ്പെട്ട വിശ്വാസവും വിവരക്കേടുകൊണ്ടുണ്ടായ ആചാര വൈകൃതങ്ങളും വിശുദ്ധ ഖുര്‍ആനിന്റെയും പ്രാമാണികമായ നബിചര്യയുടെയും ഉരക്കല്ലില്‍ മാറ്റുനോക്കി ശുദ്ധീകരിക്കുകയായിരുന്നു. മതത്തില്‍ പുതുതായി ഒന്നും കൊണ്ടുവരികയല്ല പുതുതായി ചേര്‍ക്കപ്പെട്ടത് എടുത്തുമാറ്റുകയായിരുന്നു.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മുസ്‌ലിം സമൂഹത്തില്‍ പൂണ്ടുപിടിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അനുഷ്ഠാനവൈകൃതങ്ങളും ഇല്ലായ്മ ചെയ്ത് ശരിയായ വിശ്വാസവും പ്രവാചക മാതൃകയുള്ള അനുഷ്ഠാനങ്ങളും ഇസ്‌ലാമിക സംസ്‌കാരത്തിനൊത്ത ആചാരങ്ങളും നിലനിര്‍ത്തുകയായിരുന്നു പ്രസ്ഥാനം ചെയ്തത്. ആഴത്തില്‍ വേരൂന്നിയ വികല വിശ്വാസങ്ങളും മൂടുറച്ച അനാചാരങ്ങളും പിഴുതെറിയുക ദുഷ്‌കരമാണ്. മതം ചൂഷണോപാധിയാക്കിയ പൗരോഹിത്യം അവയ്ക്കു കൂട്ടുനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

എന്നിരുന്നാലും പതിറ്റാണ്ടുകള്‍ നീണ്ട നിരന്തര ബോധവത്ക്കരണം നടത്തിക്കൊണ്ട്, ഏതു പ്രതികൂല സാഹചര്യങ്ങളെയും വിശുദ്ധ ഖുര്‍ആനിന്റെ ദിവ്യപ്രകാശം കൊണ്ട് നേരിട്ട്, നിഷ്‌കാമകര്‍മയോഗികളായ പണ്ഡിതന്മാരും നിഷ്‌കളങ്കരായ പ്രവര്‍ത്തകരും ചെയ്ത മഹാത്യാഗത്തിന്റെ (ജിഹാദ്) ഫലമായി അന്ധവിശ്വാസങ്ങള്‍ തിരിച്ചറിഞ്ഞ് കൈയൊഴിക്കാനും അത്യാചാരങ്ങള്‍ സ്വമേധയാ മാറ്റിവയ്ക്കാനും ജനങ്ങള്‍ തയ്യാറായി. കേരള മുസ്‌ലിംകളുടെ സാമൂഹിക നവോത്ഥാനത്തിന്റെ സത്ഫലമായിരുന്നു അത്.
എന്നാല്‍ അതേ ലക്ഷ്യവുമായി, 'അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോത്ഥാന മുന്നേറ്റം' എന്ന പ്രമേയവുമായി, ഈ കാലഘട്ടത്തില്‍ ഒരു കാംപയ്ന്‍ പ്രഖ്യാപിച്ച് മുന്നോട്ടു നീങ്ങാന്‍ കാരണമെന്തെന്ന സംശയം സ്വാഭാവികമാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വിവരക്കേടു കൊണ്ട് ദീനിന്റെ ശരിയായ മുഖം കാണാന്‍ കഴിയാതെ ഇരുട്ടിലകപ്പെട്ട പൊതുജനം തുറന്ന മനസ്സോടെ ഇസ്‌ലാമിന്റെ മഹിതാശയങ്ങള്‍ കേട്ടപ്പോള്‍, തല്ലാനോങ്ങിയ കൈകള്‍ ഈ ആദര്‍ശത്തെ തലോടിത്തുടങ്ങി. അവരറിയാതെ പൗരോഹിത്യത്തെ കൈവിട്ടു.

എന്നാല്‍ ഇന്ന് പൗരോഹിത്യം സംഘടിതമായി. അന്ധവിശ്വാസങ്ങള്‍ സ്ഥാപനവത്ക്കരിക്കപ്പെട്ടു. പൗരോഹിത്യത്തിന്റെ വിവിധ ഗ്രൂപ്പുകള്‍ അനാചാരങ്ങളിലും ബിദ്അത്തുകളിലും മത്സരിച്ചു. മുന്‍കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ശാസ്ത്രീയ പുരോഗതിയും ഭൗതിക വിദ്യാഭ്യാസവും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ചിന്തിക്കാന്‍ പ്രേരണ നല്കിയിരുന്നു. എന്നാല്‍ ഇന്ന് അന്ധവിശ്വാസങ്ങള്‍ ശാസ്ത്രീയമായി നിലനിര്‍ത്തിപ്പോരാന്‍ അഭിനവ പൗരോഹിത്യം ശ്രമിക്കുന്നു. അഭിപ്രായ വ്യത്യാസമില്ലാത്ത ചരിത്ര വസ്തുതകളെപ്പോലും  സ്ഥാപിത താല്പര്യങ്ങള്‍ മുന്നില്‍ വച്ചുകൊണ്ട് പുനര്‍വായിക്കുന്നു. ദുര്‍വ്യാഖ്യാനങ്ങളും ദുര്‍ന്യായങ്ങളും പുതുതായി അവതരിപ്പിക്കപ്പെടുന്നു. സംഘടനാവത്കരിക്കപ്പെട്ട സമുദായം, സത്യം മനസ്സിലായാലും അന്ധതയുടെ സംഘടിത ശക്തിക്കു മുന്നില്‍ നിസ്സഹായരാവുന്നു. അതിനു പുറമെ വിശുദ്ധ ഖുര്‍ആനും നബിചര്യയും അക്ഷര വായനയിലൂടെ വികലമായി മനസ്സിലാക്കി നവോത്ഥാനത്തില്‍ നിന്ന് തിരിഞ്ഞുനടന്ന ചിലരും അന്ധവിശ്വാസങ്ങള്‍ക്കു വളമേകി. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരില്‍ ഒരു ന്യൂനപക്ഷമെങ്കിലും അന്ധവിശ്വാസത്തിന്റെ വഴികളില്‍ ചേക്കേറിയ ദുരവസ്ഥയും നാം കാണുന്നു. അതിനൊക്കെ പുറമെ വിവര സാങ്കേതികത ആവോളം ആവാഹിച്ച നവതലമുറയില്‍ നിന്ന് പലരും അന്ധവിശ്വാസത്തിന്റെ ഇരകളായി പണവും സമയവും കളയുന്നു. ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ഇസ്‌ലാഹീ പ്രസ്ഥാനം അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോത്ഥാന മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ സമൂഹബോധവത്ക്കരണ സന്ദേശവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

വിശ്വാസവും അന്ധവിശ്വാസവും
ലോക ജനസംഖ്യയില്‍ ഏതുകാലത്തും ബഹുഭൂരിപക്ഷവും വിശ്വാസികളായിരുന്നു. അതായത് ഏതെങ്കിലും മതാത്മകമായ ചിന്താധാരയെ പിന്‍പറ്റുന്നവര്‍ എന്നര്‍ഥം. മതങ്ങളുടെ മര്‍മം വിശ്വാസം തന്നെയാണ്. എങ്കില്‍ ഏതാണ് വിശ്വാസം? ഏതാണ് അന്ധവിശ്വാസം? ആലോചിക്കേണ്ടതുണ്ട്. 'മതമെന്നു പറയുന്നത് തന്നെ അന്ധവിശ്വാസമാണ്' എന്നതാണ് യുക്തിവാദം. അതു പക്ഷേ യുക്തിഭദ്രമായ വാദമല്ല. മതനിരാസത്തില്‍ മാനവികത അന്യം നിന്നു പോവുകയേയുള്ളൂ. അതുപോലെ ഓരോ മതത്തിന്റെ അനുയായികളും ഇതര മതങ്ങളിലുള്ള വിശ്വാസങ്ങളെയും സങ്കല്പങ്ങളെയുമെല്ലാം അന്ധവിശ്വാസമായി കണ്ടേക്കാം. വിഗ്രഹാരാധന മുഖമുദ്രയായ മതങ്ങളുണ്ട്. എന്നാല്‍ വിഗ്രഹാരാധന വിശ്വാസ വികലതയായി ഇസ്‌ലാം കാണുന്നു. ഇത്തരം ഭിന്നവീക്ഷണങ്ങളില്‍ താന്താങ്ങളുടേത് കുറ്റമറ്റതായി ഓരോ വിഭാഗവും കാണുന്നു. അതേ സമയം ഒരു പൊതു സമൂഹത്തിലിരുന്ന് ചിന്തിക്കുമ്പോള്‍ അന്ധവിശ്വാസം നിര്‍വചിക്കപ്പെടേണ്ടിയിരിക്കുന്നു.

അപ്പോള്‍, ഓരോ മതത്തിന്റെയും പ്രമാണങ്ങളിലില്ലാത്തതോ അവയുടെ ആചാര്യന്‍മാരാല്‍ പഠിപ്പിക്കപ്പെടാത്തതോ ആയ വിശ്വാസങ്ങള്‍ അന്ധവിശ്വാസമാണെന്ന് സാമാന്യമായി പറയാം. ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം പ്രമാണങ്ങളില്‍ (ഖുര്‍ആനും നബിചര്യയും) ഇല്ലാത്തത് ആരു പഠിപ്പിച്ചാലും അത് മതമല്ല. പ്രമാണബദ്ധമായി മാത്രം മതാചാരം നടത്തപ്പെടാത്ത മതവിഭാഗങ്ങളുമുണ്ട്. എന്നാല്‍ വ്യാജനും ചൂഷണവും തിരിച്ചറിയാന്‍ കഴിയാത്തവിധം ദിനേന മുളച്ചു പൊങ്ങുന്ന ആള്‍ദൈവങ്ങളും മറ്റും യഥാര്‍ഥ മതമല്ല എന്നു പറയാന്‍ അതാതു മതാനുയായികള്‍ ചങ്കൂറ്റം കാണിക്കണം. വെളുപ്പിന് ക്ഷേത്രത്തില്‍ പോയി തൊഴുതുവരുന്ന ഹിന്ദുമത വിശ്വാസി തന്റെ മനോവ്യഥ ഇറക്കിവയ്ക്കാനും ആത്മനിര്‍വൃതിക്കും വേണ്ടിയാണത് ചെയ്യുന്നത്. (ആദര്‍ശപരമായ ന്യായാന്യായം വേറെ ചര്‍ച്ച ചെയ്യാം). എന്നാല്‍ നിധി കിട്ടാന്‍ വേണ്ടി സ്വര്‍ണാഭരണങ്ങള്‍ ഈടുവച്ച് പൂജ നടത്തിത്തരാം എന്നു പറയുന്നത് മതവിശ്വാസമല്ല; അന്ധവിശ്വാസമാണ്. കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയിലെ പുളിക്കലിനടുത്ത് ഒരു വീട്ടമ്മയെ പൂജാരി കൊലചെയ്തത് കേരളം ചര്‍ച്ച ചെയ്തതാണ്. മതത്തില്‍ ചൂഷണമില്ല. മാനവികതയെ പിച്ചിച്ചീന്തുന്ന പീഡനമില്ല. വിശ്വാസം മനുഷ്യവര്‍ഗത്തിന് ജീവന്‍ നല്കുമ്പോള്‍ അന്ധവിശ്വാസം മനുഷ്യന്റെ സമയവും പണവും പലപ്പോഴും മാനവും ചിലപ്പോള്‍ വിലപ്പെട്ട ജീവന്‍പോലും അപഹരിക്കുന്നു. കഴിഞ്ഞമാസം നാദാപുരത്ത് ഒരു സ്ത്രീക്ക് പുനര്‍വിവാഹത്തിനുവേണ്ടി വേറൊരു സ്ത്രീ നടത്തിയ ഹോമകര്‍മത്തില്‍ ആ സ്ത്രീയുടെ ജീവന്‍ നഷ്ടമായി. ശരീരം അഗ്നിയില്‍ വെന്തുരുകി. ഇത് മതമല്ല; അന്ധവിശ്വാസമാണ്. ആ രണ്ടുപേരും മുസ്‌ലിം സമുദായത്തില്‍പെട്ടവരായിരുന്നു. പ്രമാണങ്ങള്‍ക്കപ്പുറം അന്ധവിശ്വാസം തേടിപ്പോവുകയും അത് ചൂഷണം ചെയ്യപ്പെടുകയുമാണുണ്ടായത്. അന്ധവിശ്വാസത്തിന് ജാതിയും മതവുമില്ല.

ഉത്തരേന്ത്യയില്‍ ഒരു സ്വാമി സ്വപ്നം കണ്ടത് കണക്കിലെടുത്ത് വന്‍ നിധിശേഖരത്തിനായി ഉന്നാവ എന്ന പ്രദേശത്ത് ഖനനം ചെയ്യാന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചത് സര്‍ക്കാറാണ്. ഇന്ത്യാ ഗവണ്‍മെന്റ് മതനിരപേക്ഷമാണ്. പക്ഷേ, അന്ധവിശ്വാസത്തിന് പണം ചെലവഴിക്കുന്നു!

മനുഷ്യ മനസ്സിന് സ്വസ്ഥത ലഭിക്കാനും ആത്മനിര്‍വൃതിക്കും താങ്ങാനാവാത്ത ദു:ഖഭാരങ്ങള്‍ക്ക് അത്താണിയാവാനും ശുഭപ്രതീക്ഷയില്‍ ജീവിതം മുന്നോട്ട് നയിക്കാനും മതവിശ്വാസം പ്രേരകമാവുന്നു. എന്നാല്‍ കവലകള്‍തോറും മുളച്ചുപൊങ്ങുന്ന തട്ടിപ്പുകേന്ദ്രങ്ങള്‍ വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നു. ആത്മീയതയുടെ മൂടുപടം പുതച്ച കപടന്മാര്‍ കോടീശ്വര കോര്‍പറേറ്റുകളായി മാറുന്നു. അന്ധവിശ്വാസികളായ പാവം ഇരകളെ പിഴിഞ്ഞ് രക്തം ഊറ്റിക്കുടിച്ച് ചണ്ടിയാക്കി ജഡം വലിച്ചെറിയുന്നു. ചോദിക്കാനാളില്ല. നിധി കിട്ടാനും ബാധ ഒഴിയാനുമൊക്കെ സ്വന്തം മക്കളെയോ തട്ടിയെടുത്ത ആരാന്റെ മക്കളെയോ 'കുരുതി'കൊടുത്ത റിപ്പോര്‍ട്ടുകള്‍ ഐ ടി യുഗത്തിലാണെന്നോര്‍ക്കണം. ഈ പശ്ചാത്തലത്തിലാണ് അന്ധവിശ്വാസങ്ങള്‍ നിയമംമൂലം നിരോധിക്കണമെന്ന ആവശ്യം ഉയരുന്നത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പടപൊരുതിയ ഒരു യുക്തിവാദി എഴുത്തുകാരനെ (നരേന്ദ്ര ധബോല്‍ക്കര്‍) അന്ധവിശ്വാസത്തിന്റെ വൈതാളികന്മാര്‍ കൊലപ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്ധവിശ്വാസ നിര്‍മൂലനത്തിനായി നിയമം നിര്‍മിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വൈകിയാണെങ്കിലും മഹാരാഷ്ട്ര സംസ്ഥാനത്ത് അന്ധവിശ്വാസ നിര്‍മൂലന നിയമം കൊണ്ടുവന്നു. കേരളത്തിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അതിനുള്ള നീക്കം നടത്തിയിരുന്നു. ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അത് പൂര്‍ത്തീകരിക്കുമെന്ന് കരുതുന്നു.

ഇസ്‌ലാമും അന്ധവിശ്വാസവും
ദൈവപ്രോക്തമായ വേദഗ്രന്ഥം വിശുദ്ധ ഖുര്‍ആനും ദൈവദൂതന്‍ മുഹമ്മദ് നബി(സ)യുടെ ചര്യയും അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിക്കുന്ന ഇസ്‌ലാമില്‍ അന്ധവിശ്വാസത്തിന് ഒട്ടും സ്ഥാനമില്ല. മതത്തിന്റെ പേരില്‍ മനുഷ്യന്റെ ചുമലില്‍ അടിച്ചേല്പിക്കപ്പെട്ട സകല ഭാരങ്ങളെയും ഇറക്കിവയ്ക്കുകയും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകള്‍ അഴിച്ചുവെക്കുകയും ചെയ്തുകൊണ്ടാണ് മുഹമ്മദ് നബി നിയുക്തനായത് (വി.ഖു 7:157). ഈ പ്രഖ്യാപനത്തിന്റെ ഗുണഫലം അനുഭവിച്ചറിഞ്ഞവരാണ് സ്വഹാബികള്‍. ആത്മാവിന് സുഖവും മനസ്സിന് സംതൃപ്തിയുമുള്ള ജീവിതം നയിക്കാന്‍ അവര്‍ക്കായി. അല്ലാഹുവിനെയല്ലാതെ മറ്റൊരു അഭൗതിക ശക്തിയെയും ഭയപ്പെടേണ്ടതില്ലാത്ത ആ സമൂഹത്തിന് വിശ്വാസത്തിന്റെ (ഈമാനിന്റെ) നിര്‍ഭയത്വം (അംന്) ആസ്വദിക്കാന്‍ കഴിഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.'' (6:82). വിശ്വാസത്തില്‍ കലര്‍ത്തപ്പെടുന്ന അന്യായങ്ങളാണ് (ദ്വുല്‍മ്) അന്ധവിശ്വാസങ്ങള്‍.

വിശ്വാസമാണ് മതത്തിന്റെ അടിത്തറ. ഈമാന്‍ കാര്യങ്ങള്‍ എന്ന് സാധാരണ പറയപ്പെടാറുള്ള ആറു കാര്യങ്ങളില്‍ വിശ്വാസവിഷയങ്ങള്‍ നബി(സ) സംഗ്രഹിച്ചതായി കാണാം. ഒരിക്കല്‍ ജിബ്‌രീല്‍(അ) മനുഷ്യരൂപത്തില്‍ പ്രവാചക സദസ്സിലേക്ക് കടന്നുവന്നു നബിക്കഭിമുഖമായി ചേര്‍ന്നിരുന്നു. എന്നിട്ട് ജിബ്‌രീല്‍(അ) ചോദിക്കുകയും റസൂല്‍(സ) മറുപടി പറയുകയും ചെയ്യുന്ന രീതിയില്‍ സ്വഹാബികളെ ദീന്‍ പഠിപ്പിച്ച ഒരു സംഭവം ഉമര്‍(റ) വിശദീകരിക്കുന്നതായി ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതില്‍ ഈമാന്‍ വിശദീകരിച്ചതിങ്ങനെ: അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, ദൈവദൂതന്മാര്‍, അന്ത്യദിനം, വിധി എന്നീ കാര്യങ്ങളില്‍ വിശ്വസിക്കുക എന്നതാണ് ഈമാന്‍. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അനുഭവിച്ചറിയാവുന്നതോ ബുദ്ധികൊണ്ട് ഗവേഷണം നടത്തി കണ്ടെത്താവുന്നതോ ആയ കാര്യങ്ങള്‍ക്ക് ഈമാന്‍ എന്ന് പറയുകയില്ല. അവയ്ക്കപ്പുറത്ത് ദിവ്യവെളിപാടിലൂടെ (വഹ്‌യ്) പ്രവാചകന്‍ പഠിപ്പിക്കുന്നവയാണ് വിശ്വാസകാര്യങ്ങള്‍. അതുകൊണ്ടുതന്നെ ശാസ്ത്രത്തിനോ യുക്തിക്കോ ഈമാന്‍ കാര്യത്തില്‍ പങ്കില്ല. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിശുദ്ധ ഖുര്‍ആനിലോ സുന്നത്തിലോ പറയാത്ത വിശ്വാസ കാര്യങ്ങള്‍ അന്ധവിശ്വാസമായിരിക്കും. ചില ഉദാഹരണങ്ങള്‍ നോക്കാം:

പ്രപഞ്ച സ്രഷ്ടാവിലുള്ള വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ ഒന്നാമത്തേത്. അല്ലാഹു ഉണ്ട് എന്ന വിശ്വാസം മാത്രം പോരാ. അല്ലാഹുവിന്റെ സത്തയിലോ വിശേഷണങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെന്ന ധാരണ മഹാപാതകമായ ശിര്‍ക്കാണ്. ''അല്ലാഹുവല്ലാതെ ആകാശങ്ങളിലും ഭൂമിയിലുമുള്ളവരാരും അദൃശ്യകാര്യങ്ങള്‍ (ഗൈബ്) അറിയുകയില്ല'' (27:65). അദൃശ്യജ്ഞാനമുണ്ടെന്ന തെറ്റായ ധാരണയിലാണ് പാമരജനങ്ങള്‍ സിദ്ധന്‍, ജ്യോത്സ്യന്‍, തങ്ങള്‍, ബീവി, കോമരം, ഔലിയ മുതലായവരെ പല കാര്യങ്ങള്‍ക്കുവേണ്ടിയും സമീപിക്കുന്നത്. ഇതെല്ലാം അന്ധവിശ്വാസമാണ്; കാരണം പ്രമാണ വിരുദ്ധമാണ്. ഈ അന്ധവിശ്വാസത്തിന്റെ മറവിലാണ് പല തട്ടിപ്പുകളും നടക്കുന്നത്.

അന്ധവിശ്വാസത്തെ ചൂഷണം ചെയ്യുകയാണ് പൗരോഹിത്യം. ഇത് എക്കാലത്തുമുണ്ട്. നബി(സ) ഇത് വളരെ വ്യക്തമായി വിരോധിച്ചിട്ടുണ്ട്. ''ആരെങ്കിലും കണക്കുനോട്ടക്കാരന്റെയോ ജ്യോത്സ്യന്റെയോ അടുത്തുചെന്ന് ഒരുകാര്യം ചോദിക്കുകയും അയാള്‍ പറയുന്നത് അംഗീകരിക്കുകയും ചെയ്താല്‍ അയാളുടെ നമസ്‌കാരം പോലും സ്വീകരിക്കപ്പെടില്ല'' (മുസ്‌ലിം). ഈ അന്ധവിശ്വാസത്തില്‍ നിന്നാണ് സകലമാന ആള്‍ദൈവങ്ങളും പൊങ്ങിവരുന്നത്.

കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറത്ത് (അഭൗതികമായി) അല്ലാഹുവിനെ മാത്രമേ ഭയപ്പെടാവൂ എന്ന ഏകദൈവ സിദ്ധാന്തം (തൗഹീദ്) ഉള്‍ക്കൊണ്ട ഒരാളില്‍ അന്ധവിശ്വാസം കടന്നുവരില്ല. ഇതാണ് നബി(സ) സ്വഹാബികളെ പഠിപ്പിച്ചത്. ഇത് തന്നെയാണ് ഇസ്‌ലാഹീ പ്രസ്ഥാനം ജനങ്ങളെ  പഠിപ്പിച്ചതും. ഗൈബ് അല്ലാഹുവിനു മാത്രമേ അറിയൂ എന്ന അടിസ്ഥാന വിശ്വാസത്തില്‍ നിന്ന് മുസ്‌ലിംകള്‍ അകന്നുപോയതാണ് മുസ്‌ലിംകള്‍ക്കിടയില്‍ അന്ധവിശ്വാസം പടര്‍ന്നുപിടിക്കാനുള്ള പ്രധാന കാരണം. ഈ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു ഇസ്‌ലാഹീ പ്രസ്ഥാനം. കാംപയ്ന്‍ ലക്ഷ്യം വെക്കുന്നതും അതുതന്നെ.

വിശ്വാസ കാര്യങ്ങളില്‍ രണ്ടാമത്തേതാണ് മലക്കുകളിലുള്ള വിശ്വാസം. മലക്കുകള്‍ അദൃശ്യലോകത്തെ സൃഷ്ടികളാണ്. അല്ലാഹു അറിയിച്ചുതരുന്ന വിവരം മാത്രമേ അവരെ ചുറ്റിപ്പറ്റി മനുഷ്യര്‍ക്കുള്ളൂ. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നായിരുന്നു ജാഹിലിയ്യാ അറബികളുടെ വിശ്വാസം. അത് ഖുര്‍ആന്‍ നിരാകരിച്ചു. അവരെപ്പറ്റി ഖുര്‍ആനിലും ഹദീസിലും പറഞ്ഞതുമാത്രം വിശ്വസിക്കുക എന്നതാണ് മുസ്‌ലിമിന് കരണീയം. എന്നാല്‍ ഹൈന്ദവസമൂഹങ്ങള്‍ക്കിടയിലുള്ള ദൈവസങ്കല്പംപോലെ, മലക്കുകളുടെ നിര്‍ണിത ചുമതലകളില്‍ ചില ശൈഖുമാര്‍ കൈ കടത്തിയതായി ചില മാലപ്പാട്ടുകളിലൂടെ സമുദായത്തിന്നിടയില്‍ അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസ കാര്യങ്ങളില്‍ പ്രവാചകന്‍(സ) എണ്ണിപ്പറഞ്ഞിട്ടില്ലെങ്കിലും അദൃശ്യസൃഷ്ടികളില്‍ പെട്ട ജിന്നുകളെപ്പറ്റി ഏറെ തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും സമൂഹത്തിനിടയിലുണ്ട്.

ജിന്നുകള്‍ ഭൗതികലോകത്തുള്ള സൃഷ്ടികളല്ല. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ ചിന്താശക്തിക്കോ കണ്ടെത്താവുന്നതോ ഗവേഷണം നടത്തി കണ്ടുപിടിക്കാവുന്നതോ അല്ല ജിന്നുകളുടെ കാര്യം. ജിന്നുകളെ മനുഷ്യര്‍ക്ക് കാണാന്‍ കഴിയില്ല. കേള്‍ക്കാന്‍ കഴിയില്ല. സാന്നിധ്യമറിയാന്‍ കഴിയില്ല. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ മാത്രമേ നമുക്കറിയൂ. അവര്‍ മനുഷ്യരെപ്പോലെ നിയമങ്ങള്‍ ബാധകമായ മറ്റൊരുതരം സൃഷ്ടിയാണെന്നുമാത്രം.മനുഷ്യരും ജിന്നുകളുമായി ഭൗതികമായോ അഭൗതികമായോ ബന്ധപ്പെടുന്ന ഒരു രംഗവുമില്ല. എന്നാല്‍ സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു നല്കിയ മുഅ്ജിസത്തുകളില്‍ ഒന്നായി ജിന്നുകളെ കീഴ്‌പ്പെടുത്തിക്കൊടുത്തു എന്ന് അല്ലാഹു പറയുന്നു. മറ്റു മനുഷ്യര്‍ക്ക് ലഭിക്കാവുന്ന കാര്യങ്ങള്‍ മുഅ്ജിസത്തായി നല്കപ്പെടില്ല എന്നത് സാമാന്യയുക്തി കൂടിയാണെന്നോര്‍ക്കണം.

എന്നാല്‍ ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങളില്‍ ജിന്നിന് വലിയ സ്ഥാനമുണ്ട്. 'ജിന്ന് രോഗമുണ്ടാക്കും, ജിന്ന് മനുഷ്യശരീരത്തില്‍ കടന്നുകൂടും. കാഫിര്‍ ജിന്ന് കയറിയാല്‍ അപകടമാണ്. ജിന്ന് മനുഷ്യശരീരത്തില്‍ കയറിയാല്‍ അടിച്ചിറക്കണം. അതിന് ചില പ്രത്യേക തന്ത്രമന്ത്രങ്ങളൊക്കെയുണ്ട് എന്നിത്യാദി അന്ധവിശ്വാസവും അത് ചൂഷണം ചെയ്യാന്‍ ജിന്നിറക്കല്‍ ചികിത്സകരും സമൂഹത്തിലുണ്ട്. ജിന്ന് കേറി രോഗിയാവുന്നതിന്റെ നേര്‍വിപരീതവുമുണ്ട്. അതായത് ജിന്ന് കയറിക്കൂടി അതീന്ദ്രിയശക്തിയും അദൃശ്യജ്ഞാനവും ഉണ്ടെന്നു പറയപ്പെടുന്നവര്‍ ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരം ഒരു ജിന്നു ചികിത്സകനാണ് കഴിഞ്ഞ വര്‍ഷം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ഒരു പെണ്ണിനെ അടിച്ചടിച്ച് ഉള്ളം കലക്കി അതിനിഷ്ഠൂരമായി കൊന്നത്. ഇത്തരം ഒരു ജിന്നുമ്മയാണ് കഴിഞ്ഞമാസം നാദാപുരത്ത് ഒരു പെണ്ണിനെ ചുട്ടുകൊന്നത്!

ഇത്ര ക്രൂരമായ കൊലപാതകം നടന്നിട്ടു അരുതെന്നു പറയാന്‍ ആരും മുന്നോട്ടു വന്നിരുന്നില്ല. ബന്ധുക്കള്‍ 'ജിന്നി'നെ ഭയക്കുന്നു. സമുദായ നേതൃത്വം പൗരോഹിത്യത്തിന്റെ പിന്തുണ നഷ്ടപ്പെടുമോ എന്നു ഭയക്കുന്നു. ഇതര മതക്കാര്‍ മതസ്പര്‍ധ ഭയക്കുന്നു. സര്‍ക്കാര്‍ മതവികാരം വ്രണപ്പെടുമോ എന്ന് ആശങ്കിക്കുന്നു. രാഷ്ട്രീയക്കാര്‍ വോട്ടുപോകുമോ എന്നു പേടിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും അറിയാം ഇത് ശുദ്ധ തട്ടിപ്പാണെന്ന്.  സമൂഹത്തിന്റെ അക്ഷന്തവ്യമായ മൗനത്തില്‍ വിശ്വാസ ചൂഷണം വിലസുന്നു. കേരളത്തിലെ ഒരു ന്യൂനപക്ഷ മുജാഹിദ് പ്രസ്ഥാനം മാത്രമാണ് യുക്തിയുടെ പിന്‍ബലത്തോടെ ഈ തട്ടിപ്പിനെതിരെ ശബ്ദമുയര്‍ത്തിയുള്ളത്. മതനിരാസം മതമാക്കിയ യുക്തിവാദികളാണ് ഈ വിശ്വാസ ചൂഷണത്തിനെതിരെ ശബ്ദിച്ച മറ്റൊരു കൂട്ടര്‍. ഇതിനര്‍ഥമെന്താണ്? ബഹുഭൂരിപക്ഷം മതവിശ്വാസികളും അന്ധവിശ്വാസങ്ങളെ താലോലിക്കുന്നു. മതവിശ്വാസികളധികവും വിശ്വാസ തട്ടിപ്പിന് മൗനമായി അനുവാദം നല്കുന്നു. ഇവിടെയാണ് ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രസക്തി.

പ്രവാചകന്‍മാരിലുള്ള വിശ്വാസം ഇസ്‌ലാമിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. മനുഷ്യരില്‍ നിന്ന് അല്ലാഹു തെരഞ്ഞെടുക്കുന്നവരാണ് നബിമാര്‍. അവര്‍ക്ക് ദിവ്യബോധനമെന്ന പ്രത്യേകതയുണ്ട്. എന്നാല്‍ മാനവികതയില്‍ തികച്ചും മനുഷ്യരാണവര്‍. ഇത് ഖുര്‍ആന്‍ അസന്നിഗ്ധമായി പറഞ്ഞു. ''ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണെന്ന് പറയുക (നബിയേ). നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്കപ്പെടുന്നു'' (18:110). പ്രവാചകന്‍മാരെ ദിവ്യത്വം കല്പിച്ചാദരിക്കുകയും ആരാധിക്കുകയും ചെയ്ത സമൂഹങ്ങളുണ്ടായിരുന്നു. ഇത് അന്ധവിശ്വാസമാണ്. ഇത് പഠിപ്പിച്ച മുഹമ്മദ് നബിയുടെ പേരില്‍ വ്യാജമായി ശേഖരിച്ച മുടി അദ്ദേഹത്തിന്റേതാണെന്നാരോപിച്ച് പണം പിടുങ്ങുന്നത് അന്ധവിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പാണ്. അതിന്റെ പേരില്‍ കോടികള്‍ പിരിച്ചെടുത്തത് വിശ്വാസ ചൂഷണമാണ്. ഇവിടെ ഇസ്‌ലാമിന്റെ പേരില്‍ അന്ധവിശ്വാസം കോര്‍പ്പറേറ്റ് വല്ക്കരിക്കപ്പെടുന്നു. ഇത് ഒരിക്കലും സത്യവിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല.

നന്മതിന്മകള്‍ അല്ലാഹുവിന്റെ പക്കല്‍ നിന്നാണെന്ന വിധി വിശ്വാസം കുറഞ്ഞുവരികയാണ്. ആഗ്രഹ സാഫല്യങ്ങള്‍ക്കുവേണ്ടിയും ദോഷദൂരീകരണത്തിനുവേണ്ടിയും മറ്റു പലരെയും സമീപിക്കുന്നവര്‍ മുസ്‌ലിംകളില്‍ ഏറെയുണ്ട്. നന്മകള്‍ അനുഗ്രഹമായും ആപത്തുകള്‍ പരീക്ഷണമായും കണക്കിലെടുക്കണമെന്നാണ് വിശ്വാസി നിഷ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ സമ്പദ് സമൃദ്ധി, ഐശ്വര്യം, സന്താനസൗഭാഗ്യം, ബിസിനസില്‍ ലാഭം തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി ബറക്കത്തിനായി സിദ്ധന്മാരെയും തങ്ങന്‍മാരെയും ബീവിമാരെയും തേടിപ്പോകുന്നവര്‍ മുസ്‌ലിംകളിലുണ്ട്. ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ അതിന്റെ മാനേജരായി എം ബി എക്കാരനെയോ ബിസിനസ് എക്‌സ്പര്‍ട്ടിനെയോ വയ്ക്കുന്നത് ഭൗതികമായ മുന്നൊരുക്കം. അവിചാരിത നഷ്ടം സംഭവിക്കാതെ ലാഭകരമാക്കിത്തീര്‍ക്കണേ എന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നത് ഇസ്‌ലാം പഠിപ്പിച്ച നിഷ്ഠ. എന്നാല്‍ ഉദ്ഘാടന വേളയിലോ മറ്റോ ഒരു തങ്ങളില്‍ നിന്നോ സിദ്ധനില്‍ നിന്നോ 'കൈനീട്ടം' കിട്ടിയ നാണയം കാലാകാലവും മേശവലിപ്പില്‍ സൂക്ഷിച്ചാല്‍ ബറകത്ത് ലഭിക്കുമെന്ന് ധരിക്കുന്നത് അന്ധവിശ്വാസം. സംഗതി മനസ്സിലാക്കാന്‍ വളരെ ലളിതമാണ്. ഇങ്ങനെ അന്ധവിശ്വാസങ്ങള്‍ കടന്നുവരുന്ന വഴികള്‍ വ്യത്യസ്തമാണ്.

'സ്ഥാനം നോക്കലും സമയം നോക്കലും' ഇസ്‌ലാമിക ദൃഷ്ട്യാ അന്ധവിശ്വാസമാണ്. വീടിനോ കെട്ടിടത്തിനോ അനുയോജ്യമായ സ്ഥലം പരിശോധിക്കല്‍ ഭൗതികമാണ്, ശാസ്ത്രീയമാണ്. തങ്ങള്‍ സ്ഥാനം നോക്കി കുറ്റിയടിക്കുന്നതും ആശാരി 'വാസ്തുവിദ്യ' യനുസരിച്ച് കുറ്റിയടിക്കുന്നതും അന്ധവിശ്വാസമാണ്. ശാസ്ത്ര തത്വമോ മാനുഷിക  യുക്തിയോ മതനിര്‍ദേശങ്ങളോ ഇല്ലാത്ത ആചാരങ്ങള്‍ അന്ധവിശ്വാസത്തിന്റെ ഭാഗമാണ്. ഇതുമൂലം പുരോഹിതന്മാര്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്നു. അന്ധവിശ്വാസിക്ക് പണ നഷ്ടം വരുന്നു. പണനഷ്ടത്തേക്കാള്‍ മനസ്സമാധാനം നഷ്ടപ്പെടുന്നു. തേരുപോക്ക്, കന്നിമൂല ദോഷം തുടങ്ങിയ കാര്യങ്ങള്‍ കേട്ടു പേടിച്ച്, തന്റെ കുഞ്ഞിന് പനി വന്നാല്‍ പോലും വാസ്തുദോഷമാണെന്ന് ധരിച്ച് സ്വാസ്ഥ്യം നഷ്ടപ്പെടുന്നു. അതിന് 'മാറ്റ് ചെയ്യാന്‍' പുരോഹിതനെ കാണുന്നു. പണവും സമയവും സമാധാനവും നഷ്ടപ്പെടുന്നു. അന്ധവിശ്വാസം മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നു.

ആരാധനകള്‍ക്കും മറ്റും നിര്‍ണിതമായ സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭൗതികമായ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാനും മറ്റും തങ്ങന്‍മാരും പണിക്കന്‍മാരും നല്ല നേരം നോക്കുന്നത് അന്ധവിശ്വാസമാണ്. കാരണം ഇസ്‌ലാമില്‍ ഇങ്ങനെ നിശ്ചയമില്ല. നാളും തിഥിയും മുഹൂര്‍ത്തവും നോക്കല്‍ ഹൈന്ദവാചാരമാണ്. ദൗര്‍ഭാഗ്യവശാല്‍ മുസ്‌ലിംകളില്‍ ചിലര്‍ ചില ദിവസങ്ങള്‍ക്കും നേരങ്ങള്‍ക്കും ദുശ്ശകുനം (നഹ്‌സ്) കല്പിക്കുന്നു. ഇത് വ്യക്തമായ അന്ധവിശ്വാസമാണ്. മുഹര്‍റം ഒന്നുമുതല്‍ പത്തുവരെ നഹ്‌സായി കല്പിക്കപ്പെടുന്നു. ചൊവ്വാഴ്ച നല്ല ദിവസമല്ലത്രേ! വിശുദ്ധ  സമയമാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ച റമദാനില്‍ പോലും ദുശ്ശകുന നേരമുണ്ടെന്ന് കലണ്ടറുകളില്‍ എഴുതി പിടിപ്പിച്ചത് മുസ്‌ലിം പൗരോഹിത്യമാണ്. ജാഹിലിയ്യ അറബികളില്‍ സ്വഫര്‍ മാസത്തിന് നഹ്‌സ് കല്പിച്ചിരുന്നു. നബി(സ) കര്‍ക്കശമായി അത് നിരോധിച്ചു. മാത്രമല്ല, പക്ഷിലക്ഷണം, ചില പക്ഷികള്‍ തന്നെ ദുശ്ശകുനം ആയി കണക്കാക്കല്‍ മുതലായവ പാടെ നിഷിദ്ധമാക്കി (ബുഖാരി). ഇത്തരം അന്ധവിശ്വാസങ്ങള്‍ വ്യാപകമാണ്. മതനിരപേക്ഷ ഭാരതത്തില്‍ സര്‍ക്കാറുകള്‍ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കാന്‍ ചൊവ്വാഴ്ച ഒഴിവാക്കിയതും ശാസ്ത്ര ഭാരതത്തിന്റെ അഭിമാനമായ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ വിവരദോഷിയായ പണിക്കര്‍ നേരം പറഞ്ഞുകൊടുത്തതും പതിമൂന്നാം  നമ്പറിനു ദുശ്ശകുനം കല്പിച്ച് കോടതിയില്‍ പോലും ആ നമ്പറില്‍ മുറിയില്ലാത്തതുമെല്ലാം വാര്‍ത്തയായത് പ്രബുദ്ധ കേരളത്തിലാണ്. ഇതര മതസ്ഥരില്‍ നിന്ന് വിശ്വാസം കടം കൊള്ളേണ്ടവരല്ല മുസ്‌ലിംകള്‍. പക്ഷേ, അവരുമായി ഇസ്‌ലാം അനുവദിച്ച ഭൗതിക ഇടപാടുകള്‍ നടത്താന്‍ പാടുണ്ടോ എന്ന് സംശയിക്കുന്നവന്‍ പോലും വിശ്വാസപ്പകര്‍ച്ചയില്‍ അലോസരപ്പെടുന്നില്ല.

By അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts