പ്രാര്‍ഥന അല്ലാഹുവോട്‌ മാത്രം


പ്രപഞ്ചത്തിലെ പല കോടി സൃഷ്‌ടിജാലങ്ങളില്‍ പലതുകൊണ്ടും ദുര്‍ബലനാണ്‌ മനുഷ്യന്‍. മറ്റ്‌ പല ജന്തുക്കളും മനുഷ്യനെക്കാള്‍ ഇന്ദ്രിയ ശക്തിയുള്ളവയാണ്‌. കായിക ശേഷിയിലും അതുതന്നെയാണ്‌ അവസ്ഥ. കാണാനും കേള്‍ക്കാനും മണക്കാനുമുള്ള അവയുടെ ശേഷി പലപ്പോഴും അമ്പരപ്പിക്കുന്നതാണ്‌. നീലത്തിമിംഗലവും ആനയുമെല്ലാം കരുത്തിലും ജഡത്തിലും മനുഷ്യനെക്കാള്‍ എത്രയോ മുന്നിലാണ്‌. എന്നാല്‍ ഈ ജീവിവര്‍ഗങ്ങള്‍ക്കൊന്നും എത്തിപ്പിടിക്കാനോ തോല്‍പിക്കാനോ കഴിയാത്ത ഒരു ശക്തിയുണ്ട്‌ മനുഷ്യന്‌; വിശേഷ ബുദ്ധി. ഈ സവിശേഷ സിദ്ധി അവനെ ജന്തുലോകത്ത്‌ വ്യതിരിക്തനാക്കുന്നു. എപ്പോഴും ദൈവ കീര്‍ത്തനങ്ങളും സ്‌തോത്രങ്ങളുമായി ജീവിക്കുന്ന മലക്കുകളടക്കമുള്ള സകല സൃഷ്‌ടിജാലങ്ങള്‍ക്കും മേല്‍ ഭൂമിയിലെ ഖിലാഫത്ത്‌ (അധികാര പ്രാതിനിധ്യം) മനുഷ്യന്‌ കൈവന്നത്‌ ഈ അനന്യശേഷികൊണ്ടാണ്‌.

സത്യാസത്യവിവേചന ശേഷിയോടു കൂടി മനുഷ്യന്‍ ഭൂമിയില്‍ അയക്കപ്പെട്ടതിന്റെ ലക്ഷ്യം സ്രഷ്‌ടാവിനെ മാത്രം ആരാധിക്കുക എന്നതാണ്‌. തന്റെ സ്രഷ്‌ടാവും പരിപാലകനുമായ ദൈവത്തെ ആരാധിക്കുക എന്നത്‌ മനുഷ്യന്റെ പ്രകൃതിയാണ്‌. മനുഷ്യരല്ലാത്ത ജന്തുക്കളെല്ലാം ഈ പ്രകൃതി നിയമത്തിന്‌ വിധേയമായി സ്രഷ്‌ടാവിനെ വണങ്ങുന്നുണ്ട്‌. ``അല്ലാഹുവിനാണ്‌ ആകാശങ്ങളിലും ഭൂമിയിലും ഉള്ളവയെല്ലാം പ്രണാമം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും പ്രഭാതങ്ങളിലും സായാഹ്‌നങ്ങളിലും അവരുടെ നിഴലുകളും (അവന്‌ പ്രണാമം ചെയ്യുന്നു)'' (വി.ഖു 13:15)


എന്നാല്‍, നന്മയും തിന്മയും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യരില്‍ മിക്കപേരും ആരാധ്യനായി അല്ലാഹുവിനെ തെരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെടുന്നു. നന്മയുടെ എല്ലാ വഴികളില്‍ നിന്നും മനുഷ്യനെ തെറ്റിച്ചുനടത്താന്‍ പ്രതിജ്ഞയെടുത്തിറങ്ങിയ പിശാച്‌ വന്‍വിജയം നേടുന്നത്‌ വിശ്വാസരംഗത്താണ്‌. അടിയുറച്ച ഏകദൈവ വിശ്വാസിയെ മറ്റ്‌ നന്മകളില്‍ നിന്ന്‌ പിന്‍തിരിപ്പിക്കാനും തിന്മകളുടെ പ്രണേതാവാക്കാനും ഏറെ പ്രയാസമാണ്‌. അതുമാത്രമല്ല, സ്രഷ്‌ടാവിന്റെ കടുത്ത കോപത്തിനും നിത്യ ശിക്ഷയ്‌ക്കും മനുഷ്യനെ വിധേയമാക്കാന്‍ ശിര്‍ക്ക്‌ അഥവാ ബഹുദൈവാരാധന കാരണമാകുകയും ചെയ്യും. സാക്ഷാല്‍ ദൈവത്തില്‍ നിന്ന്‌ വഴിതെറ്റിക്കാനും അവനുള്ള ആരാധനകളില്‍ മായം ചേര്‍ക്കാനുമാണ്‌ പിശാച്‌ പ്രധാനമായും അധ്വാനിക്കുന്നത്‌.

ആദ്യമനുഷ്യനും പ്രവാചകനുമായ ആദമിന്റെ(അ) മക്കള്‍ അല്ലാഹുവിനെ മാത്രം ആരാധിച്ചവരായിരുന്നു. എന്നാല്‍ കുറഞ്ഞ കാലംകൊണ്ട്‌ അവര്‍ പിശാചിന്‌ വിധേയരായി. നൂഹ്‌ നബി(അ) മെസപ്പെട്ടോമിയയില്‍ ജനിക്കുന്ന കാലത്ത്‌ ആ ജനത ബഹുദൈവാരാധകരായി മാറിയിട്ടുണ്ടായിരുന്നു. അവര്‍ ചെയ്‌ത ശിര്‍ക്ക്‌ എന്തായിരുന്നു എന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്‌. വദ്ദ്‌, സുവാഅ്‌, യഗൂസ്‌, യഊഖ്‌, നസ്‌റ്‌ തുടങ്ങിയ മണ്‍മറഞ്ഞുപോയ പുണ്യാത്മാക്കളെ വിളിച്ച്‌ പ്രാര്‍ഥന നടത്തുന്നവരായിരുന്നു അവര്‍! 950 വര്‍ഷം നൂഹ്‌ നബി(അ) രാപ്പകലില്ലാതെ തന്റെ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചത്‌ ആ അന്ധവിശ്വാസത്തില്‍ നിന്നും അവരെ പിന്‍തിരിപ്പിക്കാനായിരുന്നു. എന്നാല്‍ പിശാചിന്‌ കീഴ്‌പ്പെട്ട ആ ജനത നൂഹ്‌നബി(അ)യെ ധിക്കരിച്ചു. അവസാനം പടച്ചവന്റെ പ്രകൃതിനിയമം നടപ്പിലായി. നൂഹ്‌നബി(അ)യില്‍ വിശ്വസിച്ചവരല്ലാത്ത സകല അക്രമികളും ഒരു പ്രളയത്തില്‍ മുങ്ങി നശിച്ചു. വിശ്വാസികള്‍ മാത്രം രക്ഷപ്പെട്ടു.

അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി(സ) വരെ ഭൂമിയില്‍ നിയുക്തരായ ആയിരക്കണക്കിന്‌ പ്രവാചകന്മാരുടെ അടിസ്ഥാന ദൗത്യം അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, അഥവാ ആരാധനയുടെ സകല രൂപങ്ങളും ഭാവങ്ങളും അല്ലാഹുവിന്‌ മാത്രമേ സമര്‍പ്പിക്കാവൂ എന്ന്‌ പ്രബോധിപ്പിക്കലായിരുന്നു. ``ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന്‌ ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (21:25) എന്ന്‌ അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്‌.

ദൈവത്തെ ആരാധിക്കണം എന്ന വിഷയത്തില്‍ ലോകചരിത്രത്തില്‍ മനുഷ്യര്‍ക്കിടയില്‍ കാര്യമായ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. സ്രഷ്‌ടാവും സര്‍വശക്തനുമായ ദൈവം ഏകനാണ്‌ എന്ന കാര്യത്തില്‍ ദൈവ വിശ്വാസികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. മക്കയിലെ ബഹുദൈവാരാധകരെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌ കാണുക: ``ആകാശങ്ങളും ഭൂമിയും സൃഷ്‌ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പ്പെടുത്തുകയും ചെയ്‌തത്‌ ആരാണെന്ന്‌ നീ അവരോട്‌ (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌.'' (19:61)

എല്ലാ വസ്‌തുക്കളുടെയും പൂര്‍ണ ഉടമസ്ഥതയെക്കുറിച്ചല്ല ബഹുദൈവവിശ്വാസികള്‍ തര്‍ക്കിച്ചത്‌. മറിച്ച്‌ ദൈവത്തിന്റേതു മാത്രമായ ചില വിശേഷണങ്ങളില്‍ മറ്റു ചിലരെ ഉള്‍ക്കൊള്ളിച്ചതും ദൈവത്തിനുണ്ടാകേണ്ട ഗുണങ്ങള്‍ അവരുടെ ആരാധ്യന്മാര്‍ക്ക്‌ വകവെച്ചുകൊടുത്തതും പ്രവാചകന്മാര്‍ എതിര്‍ത്തതാണ്‌ പ്രശ്‌നമായത്‌. അല്ലാഹുവിനെ സര്‍വേശ്വരനായി കാണുകയും അവനോട്‌ പ്രാര്‍ഥിക്കുകയും അവനു വേണ്ടി നേര്‍ച്ച വഴിപാടുകള്‍ നടത്തുകയും ചെയ്‌തവര്‍ തന്നെയാണ്‌ ബഹുദൈവത്വത്തിലേക്ക്‌ വഴി തെറ്റിയത്‌. മുഴുവന്‍ പ്രവാചകന്മാരും അയക്കപ്പെട്ട സമൂഹങ്ങളിലെ ബഹുദൈവ വിശ്വാസികള്‍ ഇങ്ങനെയുള്ളവരായിരുന്നു. പ്രത്യക്ഷത്തില്‍ വേദക്കാര്‍ എന്നു പരിഗണിക്കപ്പെടാത്ത ഇന്ത്യയിലെ ബഹുദൈവാരാധകന്മാര്‍ വരെ പരബ്രഹ്‌മം, ജഗദീശ്വരന്‍ എന്ന ഏകദൈവത്തെ വിശ്വസിച്ച്‌ ആരാധിക്കുന്നുണ്ടല്ലോ.

അപ്പോള്‍, ബഹുദൈവവിശ്വാസം (ശിര്‍ക്ക്‌) എന്നാല്‍ സര്‍വശക്തനും സര്‍വനിയന്താവുമായി ഒന്നിലേറെ ദൈവങ്ങള്‍ ഉണ്ടെന്ന വിശ്വാസം മാത്രമല്ല. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി, അഭൗതികമായ മാര്‍ഗത്തിലൂടെ അല്ലാഹു അല്ലാത്ത ആരില്‍ നിന്ന്‌ സഹായം പ്രതീക്ഷിക്കുന്നതും ബഹുദൈവാരാധനയാണ്‌. ഇത്‌ മരണപ്പെട്ടതോ ജീവിച്ചിരിക്കുന്നതോ ആയ മനുഷ്യരായാലും മറ്റേതെങ്കിലും ജന്തുക്കളോ വസ്‌തുക്കളോ ആയാലും അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിര്‍ക്ക്‌ തന്നെയാണ്‌. ഇവിടെ മഹത്തുക്കളെന്നോ അല്ലാത്തവരെന്നോ അല്ലാഹു ആദരിച്ചതെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ല.

സൃഷ്‌ടികള്‍ സ്രഷ്‌ടാവിനോട്‌ ചെയ്യുന്ന ഏറ്റവും വലിയ നന്ദികേടല്ലേ ഇത്‌! സ്രഷ്‌ടാവിന്‌ മാത്രം സാധിക്കുന്നതും അവന്‍ മാത്രം നിറവേറ്റുന്നതുമായ കാര്യങ്ങള്‍ക്കായി അവനെ ആശ്രയിക്കുന്ന അവന്റെ സൃഷ്‌ടികളെ സമീപിക്കുക എന്നത്‌ എന്തുമാത്രം പാപമാണ്‌? ശിര്‍ക്കിന്റെ ഗൗരവം അല്ലാഹു മുഹമ്മദ്‌ നബി(സ)യെ തെര്യപ്പെടുത്തുന്നുണ്ട്‌: ``തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത്‌ ഇതത്രെ: അല്ലാഹുവിന്‌ നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്‌ഫലമായി പോകുകയും തീര്‍ച്ചയായും നീ നഷ്‌ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും. അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.'' (39: 65, 66) കരുണാമയനായ റബ്ബിന്‌ ഏറ്റവും കോപമുണ്ടാക്കുന്നതും എല്ലാം പൊറുക്കുന്ന അവന്‍ ഒരിക്കലും മാപ്പാക്കാത്തതും അവന്റെ പുണ്യസമ്മാനമായ സ്വര്‍ഗം എന്നെന്നേക്കുമായി നിഷിദ്ധമാക്കുന്നതും ശിര്‍ക്ക്‌ അഥവാ ബഹുദൈവാരാധനയാണ്‌.

അല്ലാഹുവിന്റെ അന്ത്യവേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനും അവന്റെ റസൂല്‍ മുഹമ്മദ്‌ നബി (സ)യുടെ സുന്നത്തുമാണ്‌ നമ്മുടെ ജീവിതപ്രമാണം. ഇവ മാത്രമാണ്‌ പൂര്‍ണമായും സ്വീകരിക്കാന്‍ നമുക്ക്‌ ബാധ്യതയുള്ളത്‌. ഏത്‌ വലിയ ഇമാമും പണ്ഡിതനും ഇവര്‍ക്ക്‌ പിന്നിലാണ്‌. ഖുര്‍ആനിനും സുന്നത്തിനും അനുയോജ്യമായത്‌ മാത്രമേ ഇവരില്‍ നിന്ന്‌ സ്വീകരിക്കാവൂ. തെറ്റുപറ്റാന്‍ സാധ്യതയുള്ള മനുഷ്യര്‍ മാത്രമാണിവര്‍. നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക്‌ നാളെ അല്ലാഹുവിന്റെ മഹ്‌ശര്‍ വിചാരണക്കോടതിയില്‍ തെളിവായി അംഗീകരിക്കപ്പെടുന്നത്‌ ഖുര്‍ആന്‍ മാത്രമായിരിക്കും.

പിശാച്‌ തെറ്റുകള്‍ ചെയ്യിക്കുന്നത്‌ കുറ്റമാണെന്ന്‌ പറഞ്ഞുകൊണ്ടല്ല. ആദം(അ)യെ സ്വര്‍ഗത്തില്‍ നിന്ന്‌ പുറത്താക്കാന്‍ അവന്‍ മെനഞ്ഞ തന്ത്രം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്‌. അല്ലാഹു നിഷിദ്ധമാക്കിയ മരത്തിന്റെ ഫലം ഭക്ഷിച്ചാല്‍ സ്വര്‍ഗീയ സുഖം ശാശ്വതമായി ലഭിക്കുമെന്ന്‌ വ്യാമോഹിപ്പിക്കുകയാണവന്‍ ചെയ്‌തത്‌. തിന്മകളെ നന്മകളാക്കി അലങ്കരിക്കുകയാണവന്‍ ചെയ്യുന്നത്‌. ശിര്‍ക്കിനെ തൗഹീദാക്കുന്നതില്‍ പിശാച്‌ ജയിച്ചതും ഇങ്ങനെ തന്നെയാണ്‌. അല്ലാഹുവിനെ മാത്രം വിളിച്ച്‌ പ്രാര്‍ഥിക്കുക എന്ന ലളിതവും സുഗ്രാഹ്യവും ഋജുവുമായ തൗഹീദില്‍ നിന്ന്‌ തെറ്റിച്ച്‌ കാര്യസാധ്യത്തിനും പ്രാര്‍ഥനയ്‌ക്കുമായി ഇടത്തട്ട്‌ കേന്ദ്രങ്ങളിലേക്ക്‌ ആനയിക്കുകയാണ്‌ പിശാചിന്റെ കുതന്ത്രം.

മനുഷ്യപ്പിശാചുകള്‍ പുരോഹിത വേഷം കെട്ടി, യഥാര്‍ഥ തൗഹീദില്‍ നിന്ന്‌ ദൈവവിശ്വാസികളെ അകറ്റാന്‍ പല പേരില്‍ രംഗത്തിറങ്ങി. മരിച്ചവരുടെ ഖബ്‌റുകള്‍ കെട്ടിപ്പൊക്കി അവിടേക്ക്‌ സിയാറത്ത്‌ സംഘടിപ്പിച്ച്‌ ഖബറാളികളോട്‌ ഇസ്‌തിഗാസ നടത്താന്‍ പഠിപ്പിച്ചു. ഇസ്‌ലാമില്‍ ഇല്ലാത്ത ആരാധനാരൂപങ്ങളും പ്രാര്‍ഥനാ വചനങ്ങളുമുണ്ടാക്കി മുഹമ്മദ്‌ നബി(സ)യും ബദ്‌രീങ്ങളും അബ്‌ദുല്‍ഖാദിര്‍ ജീലാനി(റ)യും അടങ്ങുന്ന അന്‍ബിയാക്കളോടും ഔലിയാക്കളോടും പ്രാര്‍ഥന നടത്തി. ഇപ്പോഴിതാ, അല്ലാഹുവിന്റെ റസൂല്‍ മുഹമ്മദ്‌ നബി(സ)യുടെ മേല്‍ റസൂലോ സഹാബത്തോ അറിയാത്തതും പറയാത്തതുമായ പോരിശകള്‍ കെട്ടിച്ചമച്ച്‌ പുണ്യറസൂലിന്റെ കേശസൂക്ഷിപ്പ്‌ കേന്ദ്രം എന്ന പേരില്‍ കോടികളുടെ വ്യാപാര സമുച്ചയം പണിതുയര്‍ത്താന്‍ ഒരുങ്ങന്നു. ഇതിനും പുറമെയാണ്‌ തീയില്‍ ഉറുമ്പരിക്കുക എന്ന പോലെ തൗഹീദിന്റെ പേരില്‍ രൂപം കൊണ്ട ഒരു പ്രസ്ഥാനത്തിന്റെ പേരില്‍ ചിലര്‍ ജിന്ന്‌ പിശാചുകള്‍ക്ക്‌ മനുഷ്യനെ ശാരീരികമായി ഉപദ്രവിക്കാനും സഹായിക്കാനും കഴിയുമെന്നും അതിന്‌ അവരോട്‌ തേടുന്നത്‌ ശിര്‍ക്കാകില്ലെന്നുമുള്ള വാദവുമായി പ്രാര്‍ഥനയ്‌ക്ക്‌ പുതിയ അര്‍ഥം കണ്ടെത്തുന്നു.

പ്രാര്‍ഥനയുള്ളതെല്ലാം ആരാധനയാണ്‌. അഭൗതിക മാര്‍ഗത്തിലൂടെ ഗുണം പ്രതീക്ഷിക്കുന്നതെല്ലാം പ്രാര്‍ഥന ഉള്‍ക്കൊള്ളുന്നുണ്ട്‌. രോഗം മാറാനും കുഞ്ഞിനെ ലഭിക്കാനും വൈദ്യസഹായം തേടുന്നത്‌ ആരാധനയാകുന്നില്ല. കാരണം ഇവിടെ അല്ലാഹു ഭൂമിയില്‍ സംവിധാനിച്ച ചില ക്രമങ്ങള്‍ ഉപയോഗപ്പെടുത്തി ഭൗതികമായ കാര്യകാരണ ബന്ധത്തിലൂടെ ഗുണം പ്രതീക്ഷിക്കുക മാത്രമാണ്‌. എന്നാല്‍ രോഗശമനത്തിനായി അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുന്നതും ഔലിയാക്കളെ സമീപിക്കുന്നതും പിശാച്‌ സേവ നടത്തുന്നതും ഒരുപോലെ ആരാധനയാണ്‌. അല്ലാഹുവിനോടുള്ള പ്രാര്‍ഥന തൗഹീദാകുമ്പോള്‍ ബാക്കി രണ്ടും ശിര്‍ക്കാണ്‌. കാരണം ഇവിടെ രോഗശമനം എന്ന ഗുണം പ്രതീക്ഷിക്കുന്നത്‌ മറഞ്ഞ മാര്‍ഗത്തിലൂടെയാണ്‌. അല്ലാഹുവും ഔലിയാക്കളും പിശാചും അദൃശ്യമാര്‍ഗത്തിലൂടെ നമ്മുടെ രോഗം ഭേദമാക്കുമെന്ന വിശ്വാസമാണ്‌ ഇവിടെ പ്രാര്‍ഥനയും ആരാധനയുമാകുന്നത്‌.
ഈ പ്രാര്‍ഥന അല്ലാഹുവിനോട്‌ മാത്രമേ പാടുള്ളു. ``അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ചു പ്രാര്‍ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല'' (വി.ഖു 28:88). ``ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചു പ്രാര്‍ഥിക്കരുത്‌. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും'' (വി.ഖു 26: 213). ``നബിയേ, പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു തേടുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല'' (വി.ഖു 72:20). ``പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്‌.'' (വി.ഖു 72:18)

അല്ലാഹു അല്ലാത്തവരോട്‌ പ്രാര്‍ഥന നടത്തരുത്‌ എന്ന്‌ വ്യക്തമായി വിശദീകരിക്കുന്ന ഈ ഖുര്‍ആനിക വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കാനാണ്‌ പുരോഹിതന്മാര്‍ ശ്രമിക്കുന്നത്‌. വേറെ ദൈവങ്ങളെ (ഇലാഹുകളെ) ആരാധിക്കരുതെന്നാണ്‌ ഖുര്‍ആനിലുള്ളത്‌. നാം തേടുന്നത്‌ മറ്റ്‌ സ്വതന്ത്ര ദൈവങ്ങളോടല്ല, അന്‍ബിയാക്കളും ശുഹദാക്കളും പോലുള്ള മഹാന്മാരോടാണ്‌. ഇവരോട്‌ ദുആ നടത്തുകയല്ല, ഇസ്‌തിഗാസയാണ്‌ (സഹായതേട്ടം) നടത്തുന്നത്‌. ഇത്‌ ഖുര്‍ആന്‍ വിരോധിക്കുന്ന ദുആ അല്ല എന്നിങ്ങനെയാണിവരുടെ വാദം. ഇതില്‍ എത്രത്തോളം വസ്‌തുതയുണ്ട്‌?

അല്ലാഹുവിനെപ്പോലെ രൂപവും ഭാവവും കര്‍മവും വിശേഷണങ്ങളുമുള്ള വേറെ ഒരു ദൈവമുണ്ടെന്ന്‌ ഇന്നുവരെ ലോകത്താരും വാദിച്ചിട്ടില്ല. എന്നാല്‍ ഇലാഹുകള്‍ എന്ന്‌ അവര്‍ വിശ്വസിച്ചത്‌ ദൈവഭക്തന്മാരെന്ന്‌ കരുതപ്പെട്ട കുറേ മനുഷ്യരും അവരെ പ്രതിനിധാനം ചെയ്യുന്ന വിഗ്രഹപ്രതിഷ്‌ഠകളും മറ്റുമായിരുന്നു. നൂഹ്‌ നബി(അ)യുടെ കാലത്തെ വദ്ദ്‌, സുവാഉമാരും മുഹമ്മദ്‌ നബി(സ)യുടെ കാലത്ത്‌ പ്രതിഷ്‌ഠിക്കപ്പെട്ടിരുന്ന ഇബ്‌റാഹിം(അ), ലാത്ത തുടങ്ങിവരുടെ വിഗ്രഹങ്ങളും ഇങ്ങനെയുള്ള `ഇലാഹുകളാണ്‌'. ഇവരോടുള്ള മുശ്‌രിക്കുകളുടെ ബന്ധം എങ്ങനെയായിരുന്നു എന്നും ഖുര്‍ആന്‍ വിശദീകിരിക്കുന്നുണ്ട്‌: ``അറിയുക: അല്ലാഹുവിന്ന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴവണക്കം. അവന്‌ പുറമെ ഔലിയാക്കളെ (രക്ഷാധികാരികളെ) സ്വീകരിച്ചവര്‍ (പറയുന്നു) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌'' (വി.ഖു 39:3). ``അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശിപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു. (നബിയേ) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന്‌ അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.'' (വി.ഖു 10:18)

എന്തിനെയാണ്‌ ഖുര്‍ആന്‍ ശിര്‍ക്കെന്ന്‌ വിശേഷിപ്പിച്ചത്‌, മുശ്‌രിക്കുകള്‍ ഏതര്‍ഥത്തിലാണ്‌ ഇലാഹുകളെ കണ്ടത്‌ എന്നെല്ലാം ഈ വിശുദ്ധ വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. അവര്‍ ഇബ്‌റാഹിം നബിയെ(അ) വിളിച്ചതും ലാത്തയോട്‌ സഹായം തേടിയതുമെല്ലാം അവര്‍ തങ്ങളെ അല്ലാഹുവിലേക്ക്‌ അടുപ്പിക്കുമെന്ന്‌ കരുതിയാണ്‌. പ്രധാനമന്ത്രിയില്‍ നിന്ന്‌ കാര്യം നേടാന്‍ നാട്ടിലെ എം പിയെ സമീപിക്കുന്നതു പോലെയാണ്‌ ഔലിയാക്കളിലൂടെ അല്ലാഹുവിലേക്കടുക്കുന്നത്‌ എന്നാണ്‌ പുരോഹിതന്മാര്‍ ന്യായീകരിക്കുന്നത്‌. സാദാ ബള്‍ബ്‌ ട്രാന്‍സ്‌ഫോര്‍മറില്ലാതെ നൂറ്റി പത്ത്‌ കെ വി ലൈനിലിട്ടാല്‍ ഫ്യൂസായിപോകുന്നതു പോലെ ഇടയാളന്മാരില്ലാതെ അല്ലാഹുവോട്‌ പ്രാര്‍ഥിച്ചാല്‍ നിഷ്‌ഫലമാകുമെന്നാണ്‌ വാദം! ഇതേ വിശ്വാസമല്ലേ മക്കാമുശ്‌രിക്കുകളുടേതും! പടച്ചവന്റെ അടുക്കല്‍ ശിപാര്‍ശ ചെയ്യാനാണ്‌ ബദ്‌രീങ്ങളെയും മുഹ്‌യിദ്ദീന്‍ ശൈഖിനെയും സഹായത്തിന്‌ വിളിക്കുന്നതെങ്കില്‍ ഇത്‌ തന്നെയല്ലേ മുന്‍കാല മുശ്‌രിക്കുകളും ചെയ്‌തത്‌. അല്ലാഹുവിന്‌ തന്റെ അടിമകളിലേക്ക്‌ നേരിട്ട്‌ ചെല്ലാന്‍ പ്രപ്‌തിയില്ല എന്നല്ലേ ഇതിനര്‍ഥം?

ഖുര്‍ആന്‍ വിമര്‍ശിച്ച മുശ്‌രിക്കുകള്‍ ചെയ്‌തത്‌ ദുആയാണെന്നും മുസ്‌ലിംകള്‍ ഔലിയാക്കളോടും അന്‍ബിയാക്കളോടും ദുആ നടത്തുകയല്ല, ഇസ്‌തിഗാസ (സഹായ തേട്ടം) മാത്രമാണ്‌ നടത്തുന്നതെന്നും പുരോഹിതന്മാര്‍ വിശദീകരിക്കാറുണ്ട്‌. ഈ രണ്ട്‌ പദങ്ങളും ഖുര്‍ആന്‍ ഒരേ അര്‍ഥത്തില്‍ ഉപയോഗിച്ചത്‌ വിശുദ്ധ ഖുര്‍ആന്‍ 8:9ല്‍ കാണാവുന്നതാണ്‌. ഇനി ഔലിയാക്കള്‍ക്കും ശുഹദാക്കള്‍ക്കുമൊക്കെ അല്ലാഹു കൊടുത്ത കഴിവില്‍ നിന്നാണ്‌ ഞങ്ങള്‍ ചോദിക്കുന്നത്‌ എന്നാണ്‌ വിശദീകരണമെങ്കില്‍ മുശ്‌രിക്കുകളും ഇത്‌ തന്നെയാണ്‌ പറഞ്ഞത്‌. അവര്‍ നടത്തിയ ഹജ്ജില്‍ ചൊല്ലാറുണ്ടായിരുന്ന തല്‍ബിയത്ത്‌ ഇത്‌ വ്യക്തമാക്കുന്നുണ്ട്‌: ``അല്ലാഹുവേ, നീ നിശ്ചയിച്ച ചില പങ്കുകാര്‍ നിനക്കുണ്ട്‌. അവരുടെ ഉടമസ്ഥതയിലുള്ളതെല്ലാം നിന്റേതാണ്‌'' എന്നാണവര്‍ ചൊല്ലാറുണ്ടായിരുന്നത്‌. ഈ തല്‍ബിയത്ത്‌ ശിര്‍ക്കായതിനാല്‍ നബി(സ) അതില്‍ മാറ്റങ്ങള്‍ വരുത്തി.

ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ കാണുന്ന ഖബറാളികളോടുള്ള ഇസ്‌തിഗാസയും ഔലിയാക്കളുടെ പേരില്‍ നടത്തുന്ന നേര്‍ച്ചകളും വഴിപാടുകളുമെല്ലാം ഇസ്‌ലാം പഠിപ്പിച്ച പ്രാര്‍ഥന അല്ലാഹുവിന്‌ മാത്രം എന്ന അടിസ്ഥാന തത്വത്തിന്‌ വിരുദ്ധമാണ്‌. അതോടൊപ്പം ഇതെല്ലാം നിഷ്‌ഫലമാണെന്നും ഇസ്‌ലാം വിശദീകരിക്കുന്നു. ഇവര്‍ക്കാര്‍ക്കും നമ്മുടെ പ്രാര്‍ഥന കേള്‍ക്കാനോ കേട്ടാല്‍ തന്നെ ഉത്തരം നല്‍കാനോ കഴിയില്ല. 
``നിങ്ങള്‍ അവരോട്‌ പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും ഉത്തരം നല്‍കുകയില്ല. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌.'' (വി.ഖു 35:14) 

ഒന്നിച്ചുകൂടിയിരുന്നാല്‍ ഒരു ഈച്ചയെ പോലും സൃഷ്‌ടിക്കാന്‍ കഴിയാത്തവര്‍, തന്നില്‍ നിന്ന്‌ ഈച്ച തട്ടിയെടുക്കുന്ന നിസ്സാര വസ്‌തു പോലും തിരിച്ചുപിടിക്കാന്‍ കഴിയാത്തവര്‍, തങ്ങള്‍ക്ക്‌ വേണ്ടി മറ്റുള്ളവര്‍ ചെയ്യുന്നതൊന്നും അറിയാത്തവര്‍, സ്വന്തമായി യാതൊരു ഉപകാരവും ഉടമപ്പെടുത്താത്തവര്‍, ഒരു ഉപദ്രവവും നീക്കാന്‍ കഴിയാത്തവര്‍, അല്ലാഹു ഉദ്ദേശിച്ചതൊന്നും തടുക്കാന്‍ കഴിയാത്തവര്‍, അല്ലാഹു നിഷേധിച്ചതൊന്നും നല്‌കാന്‍ കഴിയാത്തവര്‍, അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനത്തിന്റെ പേരില്‍ പോലും അല്ലാഹുവിനോട്‌ ശിപാര്‍ശ നടത്താന്‍ സ്വതന്ത്ര അവകാശം ലഭിക്കാത്തവര്‍ -അല്ലാഹുവിനു പുറമെ പ്രാര്‍ഥിക്കപ്പെടുന്നവരുടെ അവസ്ഥയെക്കുറിച്ച്‌ ഖുര്‍ആന്‍ വിശദീകരിക്കുന്നത്‌ ഇങ്ങനെയാണ്‌. (വി.ഖു 16:20,21, 7:197, 17:56, 22:73, 46:5,6 തുടങ്ങിയ വചനങ്ങള്‍ ശ്രദ്ധിക്കുക.)

ശിര്‍ക്ക്‌ അല്ലാഹുവിനോട്‌ ചെയ്യുന്ന ഏറ്റവും വലിയ അക്രമമാണ്‌. നിഷ്‌ഫലവും കുറ്റകരവുമായ ഈ പ്രവര്‍ത്തനത്തിന്‌ പകരം കാരുണ്യവാനായ റബ്ബിന്റെ ``തന്റെ ദാസന്‌ അല്ലാഹു മതിയായവനല്ലേ'' (39:30) എന്ന ചോദ്യത്തിന്‌ ``എനിക്ക്‌ അല്ലാഹു മതി'' (39:38) എന്ന്‌ ഉത്തരം പറയാന്‍ സാധിക്കണം.

by മുര്‍ശിദ്‌ പാലത്ത്‌ @ ശബാബ് 

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts