അവധിക്കാല പ്രവര്‍ത്തനങ്ങള്‍


മനുഷ്യസമൂഹത്തിലെ ഏറ്റവും ജീവസ്സുറ്റ വിഭാഗമാണ്‌ ബാല്യകൗമാര പ്രായത്തിലുള്ളവര്‍ അഥവാ നമ്മുടെ കുട്ടികള്‍. കേരളത്തിലെങ്കിലും കുട്ടികളെല്ലാം വിദ്യാര്‍ഥികളാണ്‌. സാങ്കേതികമായി മാത്രമല്ല, ഔപചാരികമായിത്തന്നെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിക്കുന്ന പഠിതാക്കള്‍. നമ്മുടെ നാട്ടിലെ രീതിയനുസരിച്ച്‌ പ്രൈമറി തലത്തിലെ മുസ്‌ലിം സ്‌കൂളുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാവര്‍ക്കും ഏപ്രില്‍, മെയ്‌ മാസങ്ങള്‍ അവധിക്കാലമാണ്‌. അഥവാ കുട്ടികള്‍ ഒരു മാസത്തെ അവധി ആസ്വദിച്ചുകഴിഞ്ഞു എന്നര്‍ഥം. മുസ്‌ലിം സ്‌കൂളുകള്‍ അത്‌ നേരത്തെ അനുഭവിച്ചുകഴിഞ്ഞതാണ്‌.


 എന്താണീ അവധി? എന്തിനാണീ അവധിക്കാലം?
നിരന്തരം പ്രവര്‍ത്തിക്കുന്ന ഏതിനും -യന്ത്രങ്ങള്‍ക്കുപോലും- വിശ്രമവും കൃത്യമായ ഇടവേളകളും ആവശ്യമാണ്‌. പ്രകൃതിയെ അല്ലാഹു സംവിധാനിച്ചതു തന്നെ അങ്ങനെയാണ്‌. പകലും രാത്രിയും, കര്‍മവും നിദ്രയും സ്രഷ്‌ടാവ്‌ നിശ്ചയിച്ച സന്തുലിതത്വവ്യവസ്ഥയാണ്‌. ഖുര്‍ആന്‍ അക്കാര്യം ചിന്തോദ്ദീപകമായി ചൂണ്ടിക്കാണിക്കുന്നതിങ്ങനെ: ``നിങ്ങളുടെ ഉറക്ക്‌ നാം നിങ്ങള്‍ക്ക്‌ ഒരു വിശ്രമമാക്കുകയും ചെയ്‌തിരിക്കുന്നു. രാത്രിയെ നിങ്ങള്‍ക്ക്‌ നാം ഒരു വസ്‌ത്രവും ആക്കിമാറ്റുന്നു. പകലിനെ നാം ജീവിതസന്ധാരണ വേളയും ആക്കിയിരിക്കുന്നു'' (78:9-11). ക്ഷീണത്തിനു കാരണമാകുന്ന കഠിനാധ്വാനം ചെയ്‌ത്‌ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ മാറിനിന്ന്‌, പൂര്‍ണ വിശ്രമത്തിനായി നിദ്രയിലാണ്ട മനുഷ്യന്‍ പുത്തന്‍ ഉന്മേഷത്തോടെ അടുത്ത പ്രഭാതത്തില്‍ എങ്ങും ജീവിതത്തിലേക്കു പ്രവേശിക്കുന്നു.



ജോലി ചെയ്യുന്നവരൊക്കെ വിശ്രമിക്കുന്നു. അവധിയെടുക്കുന്നു. ദിവസത്തില്‍ ചില മണിക്കൂറുകള്‍, ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം, ഇങ്ങനെ അവധി നിശ്ചയിക്കപ്പെട്ടത്‌ കര്‍മരംഗം സജീവമാകാന്‍ വേണ്ടിയാണ്‌. വിദ്യാര്‍ഥികള്‍ക്ക്‌ ഓരോ ദിവസവും ചില പിരീഡുകളും ആഴ്‌ചയില്‍ രണ്ടു ദിവസവും വര്‍ഷത്തില്‍ പൂര്‍ണമായ രണ്ടു മാസവും അവധിയായി നിര്‍ണയിച്ചത്‌ പഠന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തീരാന്‍ വേണ്ടിയാണ്‌. എന്നാല്‍ വിശ്രമമാണോ? അതാവാന്‍ വഴിയില്ല. കാരണം അങ്ങനെ അടങ്ങിയിരിക്കാന്‍ മനുഷ്യര്‍ക്കാവില്ല; പ്രത്യേകിച്ചും കുട്ടികള്‍ക്ക്‌.


വാര്‍ഷികപ്പരീക്ഷയുടെ അവസാന നാള്‍ വൈകുന്നേരം കൈവിട്ട പുസ്‌തകക്കെട്ടുകള്‍ പുതുവര്‍ഷപ്പുലരിയില്‍ വീണ്ടുമെടുക്കുന്ന രീതിയും അത്തരത്തിലുള്ള അവധി സങ്കല്‌പങ്ങളും മാറിക്കഴിഞ്ഞു. വര്‍ഷാവസാന പ്രവൃത്തി ദിവസം വിദ്യാലയ കവാടങ്ങളില്‍ വിദ്യാര്‍ഥികളെ കാത്തുനില്‌ക്കുന്നത്‌ വൈവിധ്യമാര്‍ന്ന ഓഫറുകള്‍ നിറഞ്ഞ ഡസന്‍ കണക്കിന്‌ പരസ്യക്കടലാസുകളാണ്‌. അവധിക്കാല സ്‌പെഷല്‍ കോഴ്‌സുകള്‍, ഇന്റന്‍സീവ്‌ കോച്ചിംഗുകള്‍, ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ മുതലായവയുടെ നടത്തിപ്പുകാരാണ്‌ ഇവയുടെ വിതരണക്കാര്‍. മെഡിക്കല്‍, എന്‍ജിനീയറിംഗ,്‌ സിവില്‍ സര്‍വീസ്‌ തുടങ്ങിയ ഉപരിവര്‍ഗ കോഴ്‌സുകള്‍ക്കു പുറമെയാണിത്‌. ഇവയില്‍ തന്റെ കുട്ടിക്ക്‌ ഏതാണ്‌ വേണ്ടതെന്ന്‌ തെരഞ്ഞെടുക്കാന്‍ രക്ഷിതാവിന്‌ കഴിവില്ലെങ്കില്‍ അതിനാവശ്യമായ ഗൈഡന്‍സ്‌ ക്ലാസുകളും നടന്നുവരുന്നുണ്ട്‌. ഇപ്പറഞ്ഞതെല്ലാം വിദ്യാഭ്യാസ രംഗത്തു വന്ന ക്രിയാത്മകമായ മാറ്റങ്ങളും സമൂഹത്തിന്റെ പുരോഗതിയുടെ ഘടകങ്ങളുമാണെന്നതില്‍ സംശയമില്ല. 


മനുഷ്യന്റെ ആവശ്യങ്ങളെല്ലാം കച്ചവടവല്‍കരിക്കപ്പെട്ടതില്‍ ഈ രംഗത്തുള്ള ബിസിനസ്‌ മത്സരങ്ങള്‍ സ്വാഭാവികമാണെന്നു പറയേണ്ടതില്ല.
കൊയ്‌തൊഴിഞ്ഞ പാടങ്ങള്‍ - അവയ്‌ക്ക്‌ വംശനാശ ഭീഷണിയുണ്ടെങ്കിലും - കളിക്കളങ്ങളാക്കി അവധിക്കാല സായാഹ്നങ്ങളെ സജീവമാക്കുന്നതിലൂടെ ശാരീരിക -മാനസിക വ്യായാമങ്ങള്‍ നേടുന്നവരുണ്ട്‌. സൂര്യാഘാതം പോലും ഭയക്കേണ്ട ഈ വേനലില്‍ ഉദയം മുതല്‍ അസ്‌തമയം വരെ ക്രിക്കറ്റു കളിച്ച്‌ വിലപ്പെട്ട സമയത്തെ ക്രൂരമായി കൊന്നുകളയുന്ന നിഷേധാത്മക പ്രവണതയും നമുക്കിടയിലുണ്ട്‌. അടുത്ത പത്തു മാസത്തെ പഠനത്തിന്‌ സഹായകമായിത്തീരുമാറ്‌ ഹ്രസ്വകാല ജോലികളില്‍ ഏര്‍പ്പെട്ട്‌ ദാരിദ്ര്യത്തെ നേരിടുന്നവര്‍ നമുക്കിടയിലുണ്ടെന്ന്‌ മറക്കരുത്‌. ലോകത്ത്‌ എന്തു സംഭവിച്ചാലും ഒരു കൂസലുമില്ലാത്ത മട്ടില്‍ മുഴുവന്‍ സമയവും മിനി സ്‌ക്രീനിനു മുന്നില്‍ കഴിച്ചുകൂട്ടുകയും കടയില്‍ കയറി ആഹാരം കഴിക്കുകയും ചെയ്യുന്നവരും വിരളമല്ല.


മാറിവരുന്ന സാംസ്‌കാരികപ്പകര്‍ച്ചകള്‍ക്കിടയില്‍ പലരും വിസ്‌മരിച്ചുപോകുന്നതും സത്യവിശ്വാസികള്‍ ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതുമായ ഒരു കാര്യമുണ്ട്‌. ധാര്‍മിക സദാചാര മൂല്യങ്ങള്‍ പുതിയ തലമുറയിലേക്ക്‌ പകര്‍ന്നുകൊടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നതാണത്‌. വകതിരിവെത്തുന്നതിനു മുമ്പുള്ള പ്രായത്തില്‍ ഏതാനും മതാനുഷ്‌ഠാനങ്ങള്‍ പഠിച്ചുവച്ച നമ്മുടെ മക്കള്‍ അത്‌ ജീവിതത്തില്‍ കാണുന്ന പ്രായത്തില്‍ `പിടുത്തം വിടാതെ' ഈ ലോകത്തും പരലോകത്തും നേട്ടം കൈവരിക്കാനാവശ്യമായ മാര്‍ഗത്തില്‍ ഈ അവധിക്കാലത്ത്‌ എന്തു ചെയ്യാനാകും എന്ന ചിന്ത നമ്മെ അലട്ടേണ്ടതാണ്‌. സജീവമായ ചിന്തയും ആലോചനയും കര്‍മപഥത്തെ സജീവമാക്കുന്നു. മോറല്‍ സ്‌കൂളുകള്‍, റിലീജ്യസ്‌ ക്ലാസുകള്‍, സ്റ്റഡി ക്യാമ്പുകള്‍ തുടങ്ങിയ ചില സംരംഭങ്ങള്‍ നടന്നുവരുന്നത്‌ വളരെ ശ്ലാഖനീയമാണ്‌. എന്നാല്‍ ധര്‍മച്യുതിയുടെയും ജീര്‍ണതകളുടെ വളര്‍ച്ചയും വ്യാപനവും വച്ചു നോക്കുമ്പോള്‍ അവ അപര്യാപ്‌തങ്ങളാണെന്നു ബോധ്യപ്പെടും. മേല്‍പറഞ്ഞ ക്ലാസുകള്‍ക്കും ക്യാമ്പുകള്‍ക്കും പുറമെ സാമൂഹിക കൂട്ടായ്‌മയിലധിഷ്‌ഠിതമായ പ്രവര്‍ത്തനങ്ങള്‍ കൂടി ആവശ്യമാണ്‌. നൈതികതയും പഴമയും ആധുനികതയുടെ പുതുമയും സമന്വയിപ്പിച്ച്‌ ആകര്‍ഷകമായ പദ്ധതികള്‍ ആസൂത്രണം ചെയ്‌തെങ്കിലേ തലമുറകള്‍ തമ്മിലുള്ള വിടവ്‌ ഇല്ലാതാക്കാന്‍ കഴിയൂ.


ഇസ്‌ലാമിക മൂല്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതും വിശുദ്ധ ഖുര്‍ആനും നബിചര്യയും ഊന്നിപ്പറഞ്ഞതുമായ ഒരു കാര്യമാണ്‌ കുടുംബബന്ധം ചേര്‍ക്കുക എന്നത്‌. ഇന്ന്‌ കുറഞ്ഞുവരികയും ഇല്ലാതായിത്തീരുകയും ചെയ്യുന്ന ഒരു കാര്യം കൂടിയാണിത്‌. അവധിക്കാല പ്രവര്‍ത്തനങ്ങളുടെ അജണ്ടയില്‍ വിരുന്നുപോകലിനും വിരുന്നു സല്‍ക്കാരങ്ങള്‍ക്കും അതുവഴി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ആവശ്യമായ പ്രോഗ്രാമുകള്‍ ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ സത്യവിശ്വാസികളെ ഓര്‍മപ്പെടുത്തട്ടെ. അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കല്‍ അനിവാര്യമാണെന്ന്‌ പറയേണ്ടതില്ല. മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും തടവറയില്‍ കനത്ത ചുറ്റുമതില്‍ തീര്‍ത്ത്‌ അവനവന്റെ ആഡംബരത്തിന്റെ ആലസ്യത്തില്‍ കഴിഞ്ഞുകൂടുന്ന ഫ്‌ളാറ്റു സംസ്‌കാരം പതുക്കെ കടന്നുവരുമ്പോള്‍, ഗ്രാമങ്ങള്‍ നഗരവല്‍കരിക്കപ്പെടുമ്പോള്‍ നഷ്‌ടപ്പെട്ടുപോകുന്ന ഒന്നാണ്‌ ബന്ധങ്ങള്‍. `അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കപ്പെടുന്നവന്‍ ബന്ധങ്ങള്‍ ചേര്‍ക്കട്ടെ, അയല്‍വാസിയെ ആദരിക്കട്ടെ, അതിഥിയെ മാനിക്കട്ടെ' എന്ന പ്രവാചക ശാസന ഗൗരവപൂര്‍വം കണക്കിലെടുക്കുകയും അവധിക്കാലത്തെങ്കിലും ഈ ബന്ധങ്ങള്‍ സക്രിയമാക്കാന്‍ മക്കളെ പ്രേരിപ്പിക്കുകയും ചെയ്യാവുന്നതാണ്‌.


പഠന പ്രക്രിയകളുടെ വൈരസ്യത്തില്‍ നിന്ന്‌ `വിദ്വേഷ'ത്തോടെ പടിയിറങ്ങി അവധിയുടെ വിഹായസ്സിലേക്ക്‌ പറക്കാന്‍ വെമ്പുന്ന കൗമാരക്കാരോടൊരു വാക്ക്‌: പ്രിയപ്പെട്ട കുട്ടികളേ, നിങ്ങള്‍ വീടൊന്നു ശ്രദ്ധിക്കുക. മാതാപിതാക്കളുടെ അധ്വാനഭാരത്തില്‍ ഒരു കൈ സഹായിക്കുക. വീട്ടുകാര്യങ്ങള്‍ എന്തെന്ന്‌ തിരിച്ചറിയുക. പെണ്‍കുട്ടികളെങ്കിലും പാചകത്തില്‍ ഉമ്മയെ സഹായിക്കുക. സ്വന്തം ഭാവിക്കുതകുന്ന ഈ കാര്യങ്ങള്‍ മനസ്സിന്‌ ആശ്വാസം പകരുന്ന വഴി കൂടിയാണ്‌. അവധിക്കാലത്ത്‌ സദ്യയൊരുക്കി വീട്ടിലെല്ലാവരും ഒന്നിച്ചിരുന്ന്‌ ആഹരിക്കാന്‍ അവസരമൊരുക്കുക. അവധി ആസ്വദിക്കാന്‍ ഒരിക്കലും ഫാസ്റ്റ്‌ഫുഡ്‌ കേന്ദ്രങ്ങളില്‍ അഭയം തേടാതിരിക്കുക. ഇതെല്ലാം ചെറിയ കാര്യങ്ങളായി അവഗണിക്കാതിരിക്കുക.


വിദ്യാര്‍ഥികളില്‍ നിന്നും നിരവധി നല്ല മാതൃകകള്‍ മീഡിയ ഉയര്‍ത്തിക്കാണിക്കാറുണ്ട്‌. `കൃഷി ഒരു സംസ്‌കാരമായി കാണാതിരിക്കുക' എന്നത്‌ ഇഷ്യൂ ബെയ്‌സ്‌ഡ്‌ കരിക്കുലത്തില്‍ ഒരു `പ്രശ്‌ന'മായി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്‌ ശ്രദ്ധേയമാണ്‌. ഒരു ചെറിയ അടുക്കളത്തോട്ടമെങ്കിലും ശ്രദ്ധിക്കുന്ന കുട്ടികള്‍ക്ക്‌ അനാവശ്യങ്ങള്‍ക്ക്‌ ഏറെ നേരമുണ്ടാവില്ല. `സ്വന്തം കൈകൊണ്ടധ്വാനിച്ചു തിന്നവരായിരുന്നു പ്രവാചകന്മാര്‍' എന്ന നബി(സ)യുടെ അധ്യാപനം ഒരു ഉന്നത സംസ്‌കാരത്തിന്റെ ബാലപാഠമാണ്‌. അവധിക്കാല പ്രവര്‍ത്തനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കര്‍മചേതനയെ രചനാത്മകമാക്കുക എന്നത്‌ സമൂഹ താല്‌പര്യമാണ്‌. കൃത്യമായ അജണ്ടയില്ലാതിരിക്കുകയും ദിശാബോധം നഷ്‌ടപ്പെടുകയും ചുറ്റും കാണുന്ന ആഡംബരങ്ങളില്‍ കണ്ണു മഞ്ഞളിക്കുകയും ചെയ്യുമ്പോള്‍ യുവത്വത്തിന്റെ കര്‍മചേതന വഴിതെറ്റുന്നു. അതാണ്‌ ജീര്‍ണതയിലേക്കും സമൂഹ ദ്രോഹ പ്രവര്‍ത്തനങ്ങളിലേക്കും എത്തിച്ചേരുന്നത്‌.


അവധിക്കാലത്ത്‌ ചെയ്യാവുന്ന മറ്റൊരു കാര്യമാണ്‌ വായന. വിവരസാങ്കേതിക വിദ്യ എത്ര ഉയര്‍ന്നാലും വായന എന്നത്‌ അനുഭൂതിദായകവും വിജ്ഞാനവര്‍ധകവും മനോവിശാലത നല്‌കുന്നതുമാണ്‌. വായനയില്‍ ഏറ്റവും പ്രധാനം അല്ലാഹുവിന്റെ വചനങ്ങള്‍ വായിക്കുക, പഠിക്കുക, മനനം ചെയ്യുക എന്നതാണെന്നതില്‍ തര്‍ക്കമില്ല. മനുഷ്യരാശിക്ക്‌ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആന്‍ അവതരണം ആരംഭിച്ചത്‌, `നീ നയിക്കുക' (96:1) എന്നു പറഞ്ഞുകൊണ്ടാണെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.


ഒരു ഹദീസ്‌ നോക്കൂ: ``രണ്ടു വലിയ അനുഗ്രഹങ്ങള്‍. അധിക മനുഷ്യരും അതില്‍ നഷ്‌ടം പറ്റിയവരാണ്‌. ആരോഗ്യവും ഒഴിവു സമയവുമാണത്‌.'' ആരോഗ്യവും ഒഴിവും ഒത്തിണങ്ങിയവര്‍ അത്‌ നിഷേധാത്മകമായി വിനിയോഗിക്കുന്നതാണ്‌ ഇന്ന്‌ സമൂഹത്തെ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്ന്‌. ഒരിക്കലും തിരിച്ചുവരാത്ത അതിഥിയാണ്‌ സമയം എന്നോര്‍ത്തുകൊണ്ട്‌ മുന്നോട്ടു നീങ്ങിയാല്‍ വിജയം സുനിശ്ചിതം. ഒരു വര്‍ഷം കിട്ടിയ അവധിക്കാലം ദുര്‍വിനിയോഗം ചെയ്‌താല്‍ അതിന്‌ പകരം (compensation) ഇല്ല എന്ന സത്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്‌.


വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നിനക്ക്‌ ഒഴിവ്‌ കിട്ടിയാല്‍ നീ അധ്വാനിച്ചുകൊള്ളുക'' (94:7). ഒഴിവ്‌ വെറുതെ കളയാനല്ല; വിനിയോഗിക്കാനുള്ളതാണ്‌. ഒരു കര്‍മത്തില്‍ നിന്നൊഴിഞ്ഞാല്‍ മറ്റൊന്നില്‍ വ്യാപൃതരാവുക. അതു തന്നെയാണ്‌ യഥാര്‍ഥ വിശ്രമം. 


from SHABAB

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts